സിമിയുടെ ബ്ലോഗ്

10/20/2007

പ്രണയം, ബസ് സ്റ്റോപ്പില്‍

ചില ആള്‍കാര്‍ സന്തോഷത്തോടെ ജീവിച്ച്, സന്തോഷത്തോടെ മരിക്കും. വേറെ ചില ആള്‍ക്കാര്‍ ഒരുപാട് കഷ്ടപ്പെട്ട്, നരകിച്ച്, ഒന്നു വിങ്ങി മരിക്കും. അത് ഓരോ ആള്‍ക്കാരുടെയും സ്വഭാവം നോക്കിയാല്‍ വളരെ നേരത്തേതന്നെ അറിയാം. ജന്മസ്വഭാവത്തിന്റെ കാമ്പ് പട്ടീടെ വാലുപോലെയാണ്. ചത്താലും മാറൂല്ല.
ഉദാഹരണത്തിന് എന്റെ കാര്യം തന്നെ എടുക്കാം. കടുപ്പിച്ച് ഒരു തീരുമാനം എടുക്കാന്‍ അറിഞ്ഞുകൂടാ. മനസ്സ് മെഴുകുപോലെ ആണ്. എങ്ങോട്ടുവേണമെങ്കിലും വളയും. ഉറപ്പിച്ച് സിഗരറ്റുവലിക്കൂല്ലാ എന്നെടുക്കുന്ന തീരുമാനത്തിന്റെ ആയുസ്സ് അടുത്ത ബീഡിക്കട വരെയേ ഉള്ളൂ. എന്റെ അടുത്ത അഞ്ചുവര്‍ഷം (ഞാന്‍ ദാ ആ മരച്ചുവട്ടില്‍ വെറുതേ ഇരിക്കുന്നു) പത്തുവര്‍ഷം (ഭാര്യ വീട്ടിലിരുന്നു കരയുന്നു, നെടുവീര്‍പ്പിടുന്നു, ഞാന്‍ അതേ മരച്ചുവട്ടില്‍ വെറുതേ ഇരിക്കുന്നു), ഇരുപതു വര്‍ഷം (ഭാര്യയും മക്കളും കരച്ചില്‍, ഞാന്‍ മരച്ചുവട്ടില്‍), എല്ലാം വളരെ പ്രവചനീയമാണ്. ഭൂതക്കണ്ണാടിയിലൂടെ സൂക്ഷിച്ചു നോക്കിയാല്‍ മതി, ഭാവി മുഴുവനും കാണാം. ഒന്നും മാറൂല്ല. ജന്മസ്വഭാവത്തില്‍ ഒരു കള്ളമോ കള്ളക്കളിയോ ഇല്ല. ചുരുക്കത്തില്‍ ഇവന്‍ നന്നാവൂല്ലാ എന്ന് ദൈവം എന്റെ നെറ്റിയില്‍ എഴുതി ഒപ്പിട്ടു എന്നര്‍ത്ഥം.

അങ്ങനെയുള്ള ഞാന്‍ ഒരു പെണ്കുട്ടിയെ പ്രേമിച്ചാല്‍ എങ്ങനെ ഇരിക്കും?

ചിരിക്കരുത്, ഒന്നും ഊഹിക്കരുത്. പുച്ഛം അരുതേ അരുത്. ഇത് എന്റെ ഹൃദയത്തിനു വളരെ അടുത്ത കാര്യം ആണേ, അതുകൊണ്ടാണ്. പ്രണയം എനിക്ക് എന്നും സ്വര്‍ഗ്ഗത്തിലെ ഊഞ്ഞാ‍ലാട്ടം ഓലെ ആയിരുന്നു. മേഖങ്ങളില്‍ മുങ്ങിപ്പൊങ്ങി, അപ്പൂപ്പന്‍ താടിപോലെ, കാറ്റില്‍ ഉലഞ്ഞ്, അങ്ങനെ. ചുരുക്കത്തില്‍ ഞാന്‍ ആരെയും പ്രേമിച്ചിട്ടില്ലെന്നു പറയാം. എങ്കിലും ഈ മരച്ചോട്ടില്‍, ബെഞ്ചില്‍, ബസ്സുകാത്തിരിക്കുമ്പോള്‍, പ്രേമം വരുമല്ലോ.

പ്രണയത്തിന്റെ ചുറ്റുപാട് വളരെ കാല്‍പ്പനികമാണ്. ബസ്സ് സ്റ്റോപ്പില്‍ അധികം ആരുമില്ല. രണ്ടു മീങ്കാരികള്‍. ഒരപ്പൂപ്പന്‍. പിറകിലെ ചായക്കടയില്‍ “നീരാടുവാന്‍, നിളയില്‍ നീരാടുവാന്‍” എന്ന് റേഡിയോ പാടുന്നു. ബസ്സാണെങ്കില്‍ വരുന്നേയില്ല. സന്ധ്യ ആവാറായില്‍. ഞാനാണെങ്കില്‍ വീട്ടില്‍ തിരിച്ചെത്തി നോവല്‍ വായിക്കുന്നതും, ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും തിന്നുന്നതും ഒക്കെ വിചാരിച്ച് ഇങ്ങനെ മരവും ചാരിനില്‍ക്കുന്നു.

വെറുതേ വീണ്ടും ബസ്സ് സ്റ്റോപ്പിലേക്കു നോക്കിയപ്പോള്‍ അവള്‍. എവിടെനിന്നു പ്രത്യക്ഷപ്പെട്ടു എന്ന് അറിയില്ല. എവിടെയോ മുന്‍പ് കണ്ടപോലെ, നല്ല പരിചയം. ഒരുപാട് സ്വപ്നങ്ങളില്‍ ഈ മുഖം കണ്ടതാവാം. ജീവിത സഖിയെ പലവെട്ടം സ്വപ്നത്തില്‍ മെനഞ്ഞ്, മുഖവും ശരീരവും ആ ചിരിയുമൊക്കെ ഞാന്‍ തനിയേ മനസ്സില്‍ വരച്ചതാവാം. എന്തായാലും ഇപ്പോഴവള്‍ സ്വപ്നവും സങ്കല്പവുമൊന്നും അല്ലാതെ, രക്തവും മാംസവും സാരിയുമായി, എന്നാലും ഒരു സ്വപ്നം പോലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നു. ചക്രവാളം പോലെ വളഞ്ഞ വഴിയിലോട്ട് ആരെയോ തിരക്കുന്ന പോലെ ഇടക്കിടയ്ക്ക് നോക്കുന്നു. എന്റെ മനസ്സില്‍ പ്രണയത്തിന്റെ പൂമ്പൊടി ഒരു മഴപോലെ ചാറിത്തുടങ്ങുന്നു.

നിങ്ങള്‍ക്കു തോന്നുന്നുണ്ടാവും ഞാന്‍ ഒരു സ്ത്രീലമ്പടനാണെന്ന്. കാണുന്ന പെണ്ണുങ്ങളെയൊക്കെ കേറി പ്രേമിക്കന്‍. തെറ്റി. അങ്ങനെയല്ല. ഞാന്‍ ഒരു സിനിമാനടിയെപ്പോലും പ്രേമിച്ചിട്ടില്ല. അലമാരയില്‍ പൂട്ടിവെച്ചിരിക്കുന്ന കളിപ്പാട്ടങ്ങളോട് എനിക്ക് ഒരു കൊതിയും തോന്നിയിട്ടില്ല. പക്ഷേ കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു പാവക്കുട്ടി - അതെന്നും എന്റെ സ്വപ്നമായിരുന്നല്ലോ.

ബസ്സ് സ്റ്റോപ്പിലെ പെണ്‍കുട്ടി. ആദ്യനോട്ടത്തിലെ അനുരാഗം. നാളെയൊരുപക്ഷേ അവള്‍ എന്നെനോക്കി മന്ദഹസിക്കുകയും, എന്റ്റെ മക്കളുടെ അമ്മയാവുകയും, ആ മെലിഞ്ഞുനീണ്ട വിരലുകള്‍ എന്റെ തലമുടിയിലൂടെ ഓടിക്കുകയും, എന്റെ ചെവിയില്‍ ഒരു രഹസ്യം പറയുകയും, അപ്പോഴവളുടെ ചുടുനിശ്വാസം കവിളില്‍ തട്ടി എന്റെ എല്ലാ രോമങ്ങളും എഴുന്നേറ്റു നില്‍ക്കുകയും ചെയ്തേക്കാം.

എനിക്കവളോടു മിണ്ടണം. എന്തു മിണ്ടും? അവളുടെ ചിരിയുടെ വശ്യതയില്‍ ഞാനുരുകി എന്നു പറഞ്ഞാലോ? ഛെ, ഛെ, ബോറന്‍ ഡയലോഗ്. അവളുടെ സാരി മനോഹരമായിരിക്കുന്നു എന്നു പറഞ്ഞാലോ? എനിക്കവളെ ആദ്യനോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും, അവളെ വിവാഹം കഴിക്കണമെന്നും, അവളോടൊത്ത് വീട്ടിന്റെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ചൂരല്‍ കസാ‍രയിലിരുന്ന് കപ്പലണ്ടി തിന്നണമെന്നും പറഞ്ഞാലോ? ഞാന്‍ ഇങ്ങനത്തെ ഡയലോഗുകള്‍ ഒക്കെ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമയില്‍ കോമളനായ നായകന്‍ ഇതു പറയുമ്പോള്‍ പല നായികമാരും ചിരിച്ച്, നാണിച്ച്, കാല്‍നഖം കൊണ്ടു ചിത്രം വരക്കുകയും മുഖം പൊത്തുകയും, പൊട്ടിച്ചിരിച്ച് വിദൂരതയിലേക്ക് ഓടിപ്പോവുകയും ചെയ്യാറുണ്ട്. പക്ഷേ മറ്റുപല നായികമാരും ഇംഗ്ലീഷില്‍ ചീത്തവിളിക്കുകയും, കരയുകയും, നായകന്റെ മുഖത്തടിക്കുകയും ചെയ്യാറുണ്ടല്ലോ. അവള്‍ കോപിച്ചാലോ? ഞാന്‍ ഉരുകിപ്പോവില്ലേ? എന്റെ നെറ്റിയും കൈപ്പത്തിയും വിയര്‍ക്കുന്നു. സമയം എത്രയായി എന്നു ചോദിച്ചാലോ? ബസ്സ് എപ്പൊ വരും എന്നു ചോദിച്ചാലോ? കുട്ടീ, കുട്ടീടെ പേരെന്താ എന്നു ചോദിച്ചാലോ? രണ്ട് അപരിചിതര്‍ ആദ്യമായി തമ്മില്‍ കാണുമ്പോള്‍ എന്തൊക്കെയാണ് ചോദിക്കുക. എനിക്ക് ഒരു പിടിയും ഇല്ല. ഒരു പുസ്തകവും എന്നെ പഠിപ്പിച്ചിട്ടുമില്ല. അവളെ നൊക്കി ഒന്നു വശ്യമായി ചിരിച്ച് അവള്‍ ചിരിക്കുമോ എന്നു നോക്കിയാലോ? ദൈവമേ എന്തൊരു വീര്‍പ്പുമുട്ടല്‍. അവള്‍ ചിരിച്ചില്ലെങ്കിലോ? ഒന്ന് ചുമച്ച് ശബ്ദമുണ്ടാക്കി അവള്‍ തിരിഞ്ഞുനോക്കുമോ എന്നു നോക്കിയാലോ? പിന്നെ എന്തൊക്കെ സംസാരിക്കും. ഞാനാരാണെന്നും എന്റെ പേര് എന്താണെന്നും പറഞ്ഞാലോ? എന്റെ പേര് ഒരു നല്ല പേരല്ലെങ്കിലോ? മറ്റൊരു പൂവാലന്‍ എന്നു കരുതി അവള്‍ മുഖം തിരിക്കൂല്ലേ.

ഇതെന്തേ ഞാന്‍ ഇങ്ങനെ? ഇതുവരെ ഞാന്‍ സ്ത്രീകളെ കണ്ടിട്ടില്ലേ? ആദ്യമായാണോ ബസ് സ്റ്റോപ്പും ഒരു പെണ്‍കുട്ടിയുമൊക്കെ. ഇതാ ഒരു ബസ്സ് വന്ന് രണ്ടു ബെല്ലടിച്ച് പോവുന്നു. വീട്ടില്‍ പോവണ്ടേ? ചപലന്‍. പക്ഷേ ഏകാന്തതയില്‍ പ്രണയത്തിന്റെ ഒരു തൂവല്‍ എന്നെ തലോടാന്‍ ഞാന്‍ ഒരുപാട് ആശിച്ചുവല്ലോ. വീണ്ടും ബസ്സുകള്‍ വരുന്നു, പോവുന്നു. എന്റെ ജീവിതത്തിലെന്താ ആരും വരാത്തതും പോവാത്തതും? എനിക്കുചുറ്റും പെയ്ത മഴയിലും ഞാന്‍ മാത്രം എന്തേ നനയാതെ, വരണ്ടുപോവുന്നത്?

അവള്‍. ഒതുങ്ങിയ ഉടല്‍. സര്‍പ്പസൌന്ദര്യം പത്തിവിടര്‍ത്തിയാടുന്നു. തലയില്‍ ഇന്ദ്രനീലം ജ്വലിക്കുന്നു. എന്റെ ശരീരമാകെ വിയര്‍ക്കുകയും ശ്വാസം വേഗത്തിലാവുകയും ചെയ്യുന്നു. അവളുടെ സൌന്ദര്യം നിലാവുപോലെ എന്നെ ചൂഴ്ന്ന് നെഞ്ചില്‍ ഒരു പിടച്ചിലാവുന്നു. മുടിയഴിച്ചിട്ട ഒരു യക്ഷിയായി നീ എന്നെ വാരിയെടുക്കുകയും പനമുകളിലിരുന്ന് എന്നെ ലാളിക്കുകയും, എന്റെ അസ്ഥികള്‍ വാരി താഴേക്കെറിയുകയും ചെയ്തെങ്കില്‍. ദേഹമില്ലാതെ എന്റെ പ്രാണന്‍ ഒരു ചിത്രശലഭമായ് പാറി നിന്റെ മുടിയിലിരുന്നെങ്കില്‍..

അവസാനത്തെ ബസ്സ്. വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും കൂടാരം. എന്റെ വീട് വേറെയേതോ ഒരു ലോകത്താണെന്നു തോന്നുന്നു. അവസാനത്തെ യാത്രക്കാരനും കയറുന്നു. അവള്‍ അനങ്ങുന്നില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശിലാപ്രതിമ പോലെ അനങ്ങാതെ ദൂരേക്കു നോക്കുന്നു. കണ്ടക്ടര്‍ ഏതോ സ്ഥലത്തിന്റെ പേരു വിളിക്കുന്നു. ഓര്‍മ്മയിലെവിടെയോ ആരോ അവിടെയല്ലേ നിന്റെ വീട്? എന്നു ചോദിക്കുന്നു. തിനാളത്തിനു ചുറ്റും പറക്കുന്ന പ്രാണി, സൂര്യനുചുറ്റും കറങ്ങുന്ന ഭൂമി, ഇവര്‍ക്കൊക്കെ എന്തു വീട്, എന്തു കൂട്? ഈ നദീതീരത്തെ കറ്റില്‍ നിന്ന് ഞാനേതുമരുഭൂമി തേടിപ്പോവണം? നിന്റെ ഒരു പുഞ്ചിരിയിലുരുകി, അലിഞ്ഞലിഞ്ഞ് ഞാന്‍ ഇവിടെ ലയിക്കട്ടെ. കണ്ടക്ടര്‍ എന്നെ ഒരു വിചിത്ര വസ്തുവിനെപ്പോലെ സാകൂതം നോക്കുന്നു, ഇരട്ടമണിയടിക്കുന്നു. കാലപാശം പോലെ ലക്ഷ്യം എന്നെ കൊളുത്തിവലിക്കുന്നു. വിദൂരതയില്‍ ഏതോ വീടും പുസ്തകങ്ങളും സ്ഥലങ്ങളും എല്ലാം മങ്ങുകയും തെളിയുകയും ചെയ്യുന്നു. സൂര്യനെനോക്കുന്ന സൂര്യകാന്തിയെപ്പോലെ

അനങ്ങാതെ, മുഖം മാറ്റാതെ, കണ്ണിമചിമ്മാതെ, ഞാന്‍ നില്‍ക്കുന്നു. ബസ്സിന്റെ ശബ്ദം പയ്യെ മറയുന്നു. ശബ്ദത്തിനുശേഷം വീണ്ടും ശാന്തത.

വീണ്ടും മെല്ലെ വെളിച്ചം. സായംസന്ധ്യയില്‍ വെളിച്ചം വിതറിക്കൊണ്ട്, ചക്രവാളത്തിലൂടെ, മെല്ലെ പുഷ്പകവിമാ‍നം താഴേക്ക് ഇറങ്ങിവന്നു. സ്വര്‍ണ്ണചക്രങ്ങളും മനം മയക്കുന്ന മധുരസംഗീതവും. സര്‍വ്വാഭരണവിഭൂഷിതനായി, പ്രൌഢനായി, തന്റെ പത്തു തലകളിലും മന്ദഹാസം തൂകി രാവണന്‍ പുഷ്പകവിമാനത്തിന്റെ ചില്ല താഴ്ത്തുന്നു. പിളര്‍ന്നുപോകുന്ന ഭൂമിയില്‍ പതിയെ കാലുകളമര്‍ത്തി അവള്‍ തെന്നിനീങ്ങുന്നു. രാവണനെ നോക്കി എന്തേ ഇത്ര വൈകിയതെന്നു പരിഭവിക്കുന്നു. പുഷ്പകവിമാനത്തിന്റെ വാതില്‍ തുറക്കുന്നു. ആയിരം അസുരന്മാര്‍ ആകാശത്തുനിന്ന് ശംഖധ്വനികള്‍ മുഴക്കുന്നു. ദേവന്മാര്‍ പുഷ്പവര്‍ഷം നടത്തുന്നു. ഭൂമി ചുറ്റും നിന്ന് കത്തുന്നു. ലക്ഷ്മണനും ഹനുമാനുമില്ലാതെ, വനവും രാമരാജ്യവുമില്ലാതെ, ആരോരുമില്ലാതെ, രാമന്റെ ദേഹം വിറയ്ക്കുന്നു. മരുഭൂമിയുടെ നടുവില്‍, കണ്ണെത്താത്ത മണല്‍പ്പരപ്പില്‍, രാത്രിയില്‍, കൂട്ടിന് ചന്ദ്രനോ നക്ഷത്രങ്ങളോ പോലുമില്ലാതെ, ഒറ്റയ്ക്ക് സഞ്ചാരിയുടെ കാലുകള്‍ തളരുന്നു. ദേഹം പതിയെ ബസ്സ് സ്റ്റോപ്പിലെ ബെഞ്ചിലേക്ക് ചരിയുന്നു. എല്ലാമറിയുന്ന ആല്‍മരം മെല്ലെ ഇലകള്‍കുലുക്കി കലമ്പല്‍ കൂട്ടുന്നു. മെല്ലെ, ഒരാലില, കാറ്റിലൂടെ ഉതിര്‍ന്ന് താഴേയ്ക്കു വീഴുന്നു.

4 comments:

ദിലീപ് വിശ്വനാഥ് said...

കൊള്ളാം.

Anonymous said...

Hi Simy...

nalla kathayanutto..
:)

idlethoughts said...

don't worry.......go to next bus stop.......there may b another cute girl waiting 4 bus..(joking)

story s gud....d words u usd r also nice.

Mukundanunni said...

ഒരു മാഗസിന്‍ എഡിറ്റര്‍ എന്നോട്‌ പ്രണയത്തെക്കുറിച്ചുള്ള നല്ല ബ്ലോഗുകള്‍ വല്ലതുമുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ തിരഞ്ഞപ്പോഴാണ്‌ താങ്കളുടെ ബ്ലോഗ്‌ കണ്ടത്‌. വായിച്ചു. നല്ല വര്‍ണ്ണനയും ഭാവനയും. ഞാന്‍ ഈ ബ്ലോഗ്‌ നിര്‍ദ്ദേശിച്ചെങ്കിലും അവരുടെ മാഗസിന്‌ ചേര്‍ന്ന മറ്റേതോ ബ്ലോഗ്‌ അവര്‍ തിരഞ്ഞെടുത്തു. അവര്‍ക്കും ഇത്‌ ഇഷ്ടപ്പെട്ടു. ഇതു കുറച്ചുകൂടി ആഴത്തിലുള്ളതായതുകൊണ്ടാവാം അവര്‍ മറ്റേതോ ഒന്ന്‌ തിരഞ്ഞെടുത്തത്‌.

Google