വെള്ളിയാഴ്ച്ച. രാത്രി പത്തുമുതല്‍ പതിനൊന്നു വരെ.
ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ വിളിച്ചുപൊക്കി രവി വിറയ്ക്കുന്ന കൈകളോടെ പാലുഗ്ലാസ് അവരുടെ ചുണ്ടിലേയ്ക്കടുപ്പിച്ചു. ശാലിനി ജനലഴികളില്‍ പിടിച്ചുകൊണ്ട് പന്തുപോലെ ഉരുട്ടിയ സാരിത്തലപ്പു കടിച്ചുപിടിച്ച് ശബ്ദമുണ്ടാക്കാതെ വിതുമ്പി. കുഞ്ഞുങ്ങള്‍ പാതിമയക്കത്തില്‍ത്തന്നെ പാലുവലിച്ചുകുടിച്ച് വീണ്ടും നിദ്രയിലാണ്ടു. അവരുടെ നെറ്റിയില്‍ പതിയെ മുത്തി അയാള്‍ വീണ്ടും ശാലിനിയുടെ നേര്‍ക്കു തിരിഞ്ഞു. ഇരുമ്പില്‍ തീര്‍ത്ത പ്രതിമപോലെ നിര്‍വ്വികാരമായ ആ മുഖത്തേയ്ക്ക് വെറുപ്പോടെ, ഭയത്തോടെ, നിസ്സഹായതയോടെ, വിഹ്വലതയോടെ, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ശാലിനി നോക്കി.
രവി പതുക്കെ ശാലിനിയുടെ വിരല്‍ത്തുമ്പുകളില്‍ തൊട്ടു. മെലിഞ്ഞുനീണ്ട വിരല്‍ത്തുമ്പുകള്‍. ആദ്യസ്പര്‍ശത്തിന്റെ ഓര്‍മ്മകള്‍ പതുക്കെ മനസിലേയ്ക്ക് ഇഴഞ്ഞുവന്നു. കലാലയത്തിന്റെ മുകളിലത്തെ നില. നീണ്ട ഇടവഴി. ക്ലാസുകഴിഞ്ഞും വീട്ടില്‍ പോവാതെ ഏറെനേരം സംസാരിച്ചിരുന്ന നാള്‍. വാച്ച്‌മാന്‍ വന്ന് വാതിലടയ്ക്കാന്‍ നേരം ക്ലാസില്‍ നിന്നും രണ്ടുപേരെയും ഇറക്കിവിട്ടിട്ടും പെയ്തൊഴിയാതെ, കുറുകിക്കൊണ്ട് ഇടവഴിയില്‍ത്തന്നെ നിന്നത്. എനിക്കുപോണം, ഇരുട്ടുന്നു എന്നുപറഞ്ഞ അവളോട് പോവല്ലേ എന്നുപറഞ്ഞ് കേണത്. ഒരുപാടു സംസാരിച്ചത്. ഇടയ്ക്കിടെ ഒന്നും സംസാരിക്കാനില്ലാതാവുമ്പോള്‍ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചത്. ഒടുവില്‍ പോവാം എന്നുപറഞ്ഞ് ഒരുമിച്ച് പടികളിറങ്ങുമ്പോള്‍ വലതുകയ്യിലിരുന്ന പുസ്തകം പതിയെ ഇടതുകയ്യിലേയ്ക്കുമാറ്റി, മടിച്ചുമടിച്ച്, ഇടിക്കുന്ന ഹൃദയത്തോടെ, തിളയ്ക്കുന്ന മനസ്സോടെ, അല്‍പ്പം പേടിയോടെ, മെല്ലെ അവളുടെ കയ്യില്‍ പിടിച്ചത്. കൈ തട്ടിമാറ്റുമോ എന്ന ഭയത്തെ തിളങ്ങുന്ന ഒരു ചിരികൊണ്ട് അവള്‍ അലിയിച്ചത്. താഴേയ്ക്കുള്ള പടവുകള്‍ വീണ്ടും താഴേയ്ക്കു വളയുന്ന മൂലയില്‍ അവളെ ചുമരിനോടു ചേര്‍ത്തുനിറുത്തിയത്. തള്ളിനീക്കി, ശ്വാസത്തിനായി പിടയുന്ന തന്റെ ചുണ്ടുകളില്‍ നിന്നൊഴിഞ്ഞുമാറി, ഓടി ഇടവഴിയ്ക്കുപുറത്ത് കോളെജിനു മുന്‍പില്‍പ്പോയി പിടയ്ക്കുന്ന കണ്ണുകളുമായി അവള്‍ തന്നെയും കാത്തുനിന്നത്. തൊടാതെ, ഒന്നും മിണ്ടാതെ, ബസ് സ്റ്റോപ്പിലേയ്ക്കു നടന്നത്. ഇരുവശത്തും മരങ്ങള്‍ തൂര്‍ന്നുനിന്ന പാര്‍ക്കിലെ ഇലകള്‍ വീണ ഇടവഴിയിലൂടെ, സന്ധ്യയ്ക്ക്, മിണ്ടാതെ വെറുതേ നടന്നത്. ഓര്‍മ്മകള്‍ നനുത്ത മേഖങ്ങളെപ്പോലെ, അപ്പൂപ്പന്‍ താടികളെപ്പോലെ, സോപ്പുകുമിളകളെപ്പോലെ, കരയിലടിച്ച് പതഞ്ഞുപൊട്ടുന്ന തിരമാലകളെപ്പോലെ..
ഉറക്കഗുളികകളുടെ ഡപ്പി പാല്‍ഗ്ലാസിലേയ്ക്കു കമഴ്ത്തി, നാലുസ്പൂണ്‍ പഞ്ചസാരയുമിട്ട് കലക്കി, പാട വടിച്ചുകളഞ്ഞ് അയാള്‍ പാലുഗ്ലാസ് അവള്‍ക്കുനേരെ നീട്ടി.
അവന്‍ നീട്ടിയ പാല്‍ കുടിക്കുമ്പോള്‍ അവളുടെ മനസ്സ് ഒരു ചുവന്ന പാവാടയും വെളുത്ത ഫ്രോക്കുമണിഞ്ഞ്, മുടി രണ്ടായ് പിന്നിയിട്ട്, ചെരുപ്പിടാതെ, പൊട്ടിച്ചിരിച്ചുകൊണ്ട്, ചരലില്‍വിരിച്ച വഴികളില്‍ക്കൂടി കുതിച്ചോടുകയായിരുന്നു. വഴിവക്കില്‍ നിരന്നുനില്‍ക്കുന്ന പോച്ചകള്‍ക്കിടയില്‍ പതിയെ തുറന്ന് അടയുന്ന ഒരു ചിത്രശലഭത്തിന്റെ കറുത്ത ചിറകിലെ നീലക്കണ്ണുകള്‍ കണ്ട് ഓട്ടം നിറുത്തി തിരിഞ്ഞ് പതുങ്ങിപ്പതുങ്ങി അവള്‍ അതിനെപ്പിടിക്കാനാഞ്ഞു. തൊട്ടു, തൊട്ടില്ല എന്നദൂരത്തുനിന്നും ചിറകുവിടര്‍ത്തിപ്പറന്ന ശലഭത്തിന്റെ പിന്നാലെ, പോച്ചത്തലപ്പുകള്‍ വകഞ്ഞ്, തൊട്ടാവാടിയുടെ മുള്ളുകള്‍ വകവെയ്ക്കാതെ, മുള്‍ച്ചെടികളില്‍ കുരുങ്ങി പാവാടത്തുമ്പു കീറിയതറിയാതെ - എന്റെ ചിത്രശലഭം. വീണ്ടും വേപ്പുമരത്തിന്റെ തടിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ചിത്രശലഭത്തിനുനേര്‍ക്ക്, ശ്വാസമടക്കി, പതുങ്ങിപ്പതുങ്ങി, കൈനീട്ടി - പിടിതരാതെ പറക്കുന്ന ചിത്രശലഭത്തിനുപിന്നാലെ വീണ്ടും പതുങ്ങി നടന്ന് - ചിത്രശലഭം എങ്ങുപോയി? പോച്ചത്തലപ്പുകള്‍ പച്ചയില്‍ നിന്ന് ചുവന്ന നിറത്തിലേയ്ക്കു മാറുന്നു. ചിത്രശലഭം മരങ്ങള്‍ക്കു പിന്നിലില്ല. പാഴ്ച്ചെടികളിലില്ല. കരിയിലകളിലില്ല. ഇരുളുന്ന ആകാശത്തില്‍ പാറിനടക്കുന്നില്ല. എന്റെ ശലഭം എങ്ങുപോയി? ഇരുണ്ട വഴികളിലില്ല. അരണ്ടുപോവുന്ന മരങ്ങളിലില്ല. കണ്ണെരിയിച്ചുകൊണ്ട് ചുവന്ന നിറത്തില്‍ കത്തിയമര്‍ന്ന് മുങ്ങിത്താണ സൂര്യനിലില്ല. കടുംനീലനിറത്തില്‍ തിളങ്ങിയ പോച്ചത്തലപ്പുകളിലില്ല. ഇരുളില്‍.. ഇരുളില്‍.. കാണാന്‍ വയ്യാത്ത ഇരുളില്‍ - എന്റെ ചിത്രശലഭം എങ്ങുപോയി? എല്ലാം വിഴുങ്ങുന്ന ഇരുട്ടിന്റെ വരവറിയിച്ചുകൊണ്ട് ഒറ്റച്ചീവീട് തേങ്ങിത്തുടങ്ങിയത് പതിയെ ഉയര്‍ന്ന് ചെവികള്‍ പിളര്‍ന്നുകൊണ്ട് ആയിരം ചീവീടുകള്‍ ഒരുമിച്ച് ഇരയ്ക്കുന്ന അലര്‍ച്ചയില്‍ - കാലുകളില്‍ കുത്തിക്കയറുന്ന നൂറായിരം മുള്ളുകളില്‍ - ഞരമ്പുകള്‍ പിളര്‍ത്തുന്ന പ്രാണവേദനയില്‍ - എന്റെ ചിത്രശലഭം എങ്ങുപോയി? കറുത്ത ചിത്രശലഭം, കറുത്ത രാത്രി, കറുത്ത വഴികള്‍, കറുത്ത ലോകം, കറുത്ത ഞരമ്പുകള്‍. എന്റെ ചിത്രശലഭം..
ശനിയാഴ്ച്ച. രാവിലെ പതിനൊന്നുമണി
മരണവീട്ടിലെ ഗേറ്റിനു മുന്‍പില്‍ പത്രക്കാരുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും വാഹനങ്ങള്‍ നിരന്നുകിടന്നു. തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനും അലമുറയിടുന്ന സ്ത്രീകള്‍ക്കും ഇടയിലൂടെ ജോസഫ് മുന്നോട്ടുനീങ്ങി. അകത്തെ മുറിയിലേയ്ക്ക് ആരെയും കയറ്റിവിടാതെ വാതില്‍ തടഞ്ഞു നിന്ന പോലീസുകാരനെ ജോസഫിനു പരിചയമുണ്ടായിരുന്നു - പ്രസ്സ് പാസ് കാണിക്കേണ്ടി വന്നില്ല. മുറിയില്‍ വെള്ളപുതച്ച് വരിയായി അഞ്ചു ശരീരങ്ങള്‍ കിടത്തിയിരുന്നു. ഇടത്തുനിന്ന് വലത്തേയ്ക്ക് പൊക്കമനുസരിച്ചാണ് മൃതദേഹങ്ങളെ കിടത്തിയിരിക്കൂന്നത്. കലാസൌന്ദര്യമുള്ള ആരോ ആണ് അങ്ങനെ നിരത്തിക്കിടത്തിയത് എന്ന് ജോസഫിനു തോന്നി. പുരുഷന്റെ മുഖം കരിവാളിച്ചിരുന്നു. ഇരുണ്ട മുഖത്ത് മീശയുടെ അറ്റത്തുനിന്നും കറുത്ത ചുണ്ടിലേയ്ക്ക് ഒരു ഈച്ച പതിയെ മൂളിക്കൊണ്ട് അരിച്ചുനീങ്ങുന്നു. സ്ത്രീയുടെ മുഖത്തെ നഖത്തിന്റെ നീണ്ട നാലു വരകൾ തെളിഞ്ഞുകാണാം. ശിരസ്സോടുചേർന്ന് മെഴുതിരികൾ ഉരുകിവീഴുന്നു. കുന്തിരിക്കത്തിന്റെ കട്ടിമണം. ചാനലുകളുടെ കാമറകള്‍ മുറിയില്‍ ചൂടും വെളിച്ചവും നിറക്കുന്നു. അടുത്തുനിന്ന പത്രക്കാരനില്‍ നിന്നും മരിച്ചവരുടെ പേരും വിവരങ്ങളും ചോദിച്ചു മനസിലാക്കി. പ്രേമവിവാഹമാണ്. വീട്ടുകാരുടെ സമ്മതമില്ലാതെ രണ്ടുപേരും നടത്തിയ വിവാഹം. ഗൃഹനാഥൻ ഒരു സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ആളാണ്. ബിസിനസ് പൊളിഞ്ഞു. കടം കയറി. രണ്ടുദിവസങ്ങള്‍ക്കകം വീടും സ്ഥലവും ബാങ്ക് ജപ്തിചെയ്യും എന്നുള്ള നോട്ടീസ് വാതിലില്‍ പതിച്ചിട്ടുണ്ട്. സുന്ദരിയായ പെണ്‍കുട്ടി. വാര്‍ത്ത സെന്‍സേഷണല്‍ ആണ്. ഒന്നാം പേജില്‍ തന്നെ വെണ്ടയ്ക്കാ അക്ഷരത്തില്‍ പത്രത്തില്‍ വരും. ജോസഫ് കാമറ പുറത്തെടുത്ത് നാലു ചിത്രങ്ങളൊപ്പി. അകത്തെ കിടപ്പുമുറിയില്‍ പോലീസ് ഇന്‍സ്റ്റ്പെക്ടര്‍ അലമാരകളിലും മേശയുടെ അറയിലും എന്തോ തിരയുന്നു. “കൊലപാതകമാണെന്ന് കണ്ടിട്ട് തോന്നുന്നില്ലല്ലോ സാറേ“ - ജോസഫ് ഇന്‍സ്പെക്ടറെ നോക്കി ചിരിച്ചു. ഇന്‍സ്പെക്ടര്‍ തിരിച്ചുചിരിച്ചില്ല. ജോസഫിനെ അടുത്തുവിളിച്ച് കിടക്കവിരി പൊക്കി ഒരു കാഴ്ച്ച കാണിച്ചു. കിടക്കവിരിക്ക് അകത്തായി പത്രങ്ങളുടെ താളുകള്‍ അടുക്കിവെച്ചിരുന്നു. മലയാളത്തിലെ നാല് പ്രമുഖ പത്രങ്ങളുടെ ഒന്നാം താള്‍. പല ദിവസങ്ങളില്‍ നിന്നുള്ളവ. എല്ലാ താളുകളിലും ഒരേ തരത്തിലുള്ള വാര്‍ത്തകൾ - കടം കേറി കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. ജീവിത പ്രശ്നങ്ങള്‍ കാരണം കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യചെയ്തു. വയനാട്ടില്‍ കടം തിരിച്ചടയ്ക്കാനാവാതെ കര്‍ഷകനും കുടുംബവും ജീവനൊടുക്കി. മകള്‍ ഒളിച്ചോടിയതില്‍ വിഷമിച്ച് അച്ഛനും അമ്മയും പിഞ്ചുകുഞ്ഞുമായി കിണറ്റില്‍ ചാടിമരിച്ചു, നാണക്കേടുകൊണ്ട് ഒരു കുടുംബം ആത്മഹത്യചെയ്തു - രണ്ടുമാസത്തെ ഇടവേളയിലുള്ള പത്രത്താളുകള്‍. ആത്മഹത്യചെയ്തവരുടെ മുഖങ്ങള്‍ എല്ലാം പൊടിപിടിച്ച് മങ്ങി ഒരേപോലെ. പത്രങ്ങൾ ഒന്നും അനക്കാതെ അവയ്‍ക്കു മീതെ ശ്രദ്ധയോടെ ഷീറ്റുവിരിച്ച് ഇന്‍സ്പെക്ടര്‍ ജോസഫിന്റെ തോളില്‍ തട്ടി. ഒന്നും മിണ്ടാതെ ജോസഫ് പുറത്തേയ്ക്ക് ഇറങ്ങിനടന്നു. മുന്‍പില്‍ ചാനലുകാരുടെ കാമറകള്‍ മരിച്ചയാളിന്റെ അയല്‍ക്കാരെയും സ്വന്തക്കാരെയും ഇന്റര്‍വ്യൂ ചെയ്യുന്നു. ചില പത്രക്കാര്‍ ജപ്തിനോട്ടീസിന്റെ ഫോട്ടോ എടുക്കുന്നു. ആരൊക്കെയോ റീത്തുമായി അകത്തേയ്ക്കു വരുന്നു. മുന്‍പില്‍ തിങ്ങിനിന്ന പത്രക്കാരെ പതുക്കെ നീക്കി കുറച്ച് ചെറുപ്പക്കാര്‍ മുറ്റത്ത് പ്ലാസ്റ്റിക്ക് കസേരകള്‍ നിരത്തുന്നു. പണിക്കാർ ചൂടില്‍ നിന്നു രക്ഷകിട്ടാന്‍ രണ്ടുതെങ്ങുകളും വീടിന്റെ ടെറസ്സും ബന്ധിപ്പിച്ച് ഒരു കറുത്ത ടാര്‍പ്പാളിന്‍ വലിച്ചുകെട്ടുന്നു. ആളുകൾ കൂടിനിന്ന് അടക്കം പറയുന്നു. ജോസഫ് പുറത്തുകടന്ന് ബൈക്ക് സ്റ്റാര്‍ട്ടാക്കി.
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ജോസഫ് ബൈക്ക് റോഡരികിലേയ്ക്കൊതുക്കി. പത്രാധിപരാണ്.
“എടോ എന്തായി? താന്‍ എപ്പൊഴാ ഓഫീസിലേയ്ക്കു വരിക?”
“സര്‍, എനിക്കു നല്ല പനി. പോവാന്‍ പറ്റിയില്ല. നമുക്കീ വാര്‍ത്ത സ്കിപ് ചെയ്തുകൂടേ?”
“ഒട്ടും പറ്റില്ലേ?” ഇപ്പൊത്തന്നെ സമയം താമസിച്ചെടോ. ഇനിയിപ്പൊ ആരെ പറഞ്ഞുവിടാനാ?”
“സര്‍, എനിക്കുവയ്യ. ഒട്ടും വയ്യ”.
അല്‍പ്പനേരത്തെ മൌനത്തിനു ശേഷം പത്രാധിപര്‍ “ഓകെ” പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു.
ഞായറാഴ്ച്ച. രാവിലെ ഏഴുമണി
വീടിന്റെ പടിയില്‍ ഇരുന്ന് ചായയും കുടിച്ച് ജോസഫ് പത്രക്കെട്ടു തുറന്നു. രണ്ട് ഇംഗ്ലീഷ് പത്രങ്ങളില്‍ ഒന്നില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്ഥാവനകള്‍. അകത്തെ താളില്‍ എവിടെയെങ്കിലും ഇന്നലത്തെ ചരമവാര്‍ത്ത കാണും. രണ്ടാമത്തേതില്‍ ആദ്യത്തെ താളില്‍ തന്നെ ഏതോ സിനിമാനടനെ അയാളുടെ മകന്‍ തല്ലിയതിന്റെ വാര്‍ത്തകള്‍. ബാംഗ്ലൂരില്‍ നിന്ന് ഇറങ്ങുന്ന എഡീഷനാണ്. മലയാള പത്രങ്ങള്‍ ഓരോന്നായി തുറന്നു. വിചാരിച്ചതുപോലെത്തന്നെ മറ്റ് പത്രങ്ങളുടെ ആദ്യപേജില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ മരണവാര്‍ത്തയുണ്ട്. മരണം എങ്ങനെ നടന്നു എന്നതിന്റെ വിവരണങ്ങളും ഉണ്ട്. ഉറക്ക ഗുളിക കഴിച്ചുമരിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയെപ്പറ്റി മറ്റൊരു പത്രം എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ജോസഫ് ഒരു ഇറക്ക് ചായകുടിച്ചുകൊണ്ട് താന്‍ ജോലിചെയ്യുന്ന പത്രം നിവര്‍ത്തി. തന്റെ പത്രത്തിന്റെ ഒന്നാം പേജിലും വെണ്ടയ്ക്കാ അക്ഷരത്തില്‍ മരണവാര്‍ത്തയുണ്ട്. മരിച്ചുകിടക്കുന്നവരുടെ ചിത്രങ്ങള്‍ നിറപ്പകിട്ടോടെ തന്നെ പത്രത്തിന്റെ ഒന്നാം പേജില്‍ കൊടുത്തിരിക്കുന്നു. മരണത്തിന്റെ കാരണങ്ങളും കുടുംബനാഥന്റെ ദാരുണമായ അവസ്ഥയും ചീഫ് എഡിറ്ററുടെ ശൈലിയില്‍ കരളലിയിക്കുന്നവിധം എഴുതിപ്പിടിപ്പിച്ചിരുക്കുന്നു. മരിച്ച യുവതിയുടെ മുഖത്തെ നഖപ്പാടുകള്‍ ബ്രഷ് ചെയ്തുകളഞ്ഞ് ഒരു സുന്ദരമായ ഫോട്ടോയും കൊടുത്തിരുക്കുന്നു. ജോസഫ് പത്രം അടച്ചുവെച്ച് അല്‍പ്പനേരം കണ്ണടച്ചു. വീണ്ടും വായനതുടരവേ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
“എടോ, പത്രത്തിന്റെ പ്രചാരം ഒരുമാസംകൊണ്ട് പതിനായിരം കണ്ട് കൂടിയിട്ടുണ്ട്. തനിക്ക് അവാര്‍ഡുണ്ട്”.
“സര്‍, ഇന്നലത്തെ മരണവാര്‍ത്ത എവിടെനിന്നു കിട്ടി?”
“അതിനാണോടോ പ്രയാസം. വാര്‍ത്തയൊക്കെ കിട്ടി”.
ശരിയാണ്, എനിക്കു പകരം മറ്റൊരാള്‍. സ്ഥാപനം അങ്ങനെയാണ്. ആര്‍ക്കും പകരം മറ്റൊരാള്‍. പത്രാധിപര്‍ ഇനി ഈ വാര്‍ത്ത കൊടുക്കരുത് എന്നുവിചാരിച്ചാലും മറ്റൊരാള്‍ പത്രാധിപരെ തള്ളിമാറ്റി ആ കസാരയിലിരുന്ന് വാര്‍ത്തകൊടുക്കും. അച്ചടിമുറിയിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ പിന്നെ നിറുത്താന്‍ പറ്റില്ല. വന്‍പിച്ച ശബ്ദത്തോടെ കുതിക്കുന്ന ഭീമാകാര യന്ത്രത്തെ താനോ ഒരു പത്രാധിപരോ വിചാരിച്ചാല്‍ എങ്ങനെ പിടിച്ചുനിറുത്താനാണ്. എരിവും പുളിയുമുള്ള വാര്‍ത്തകള്‍ക്കുവേണ്ടി വിശക്കുന്ന ജനത്തിന്റെ വിശപ്പടക്കലാണ് പത്രധര്‍മ്മം. ജോസഫ് ഒന്നും പറഞ്ഞില്ല.
അകത്തുനിന്നും ഭാര്യ വിളിച്ചുപറഞ്ഞു. “അതേ, മോള്‍ക്ക് ഫീസുകൊടുത്തിട്ടില്ല”.
പത്രാധിപർ ഫോണിൽ തുടർന്നു. “ഇന്നും ഒരു മരണമുണ്ട്. മറ്റൊരു കുടുംബം. കാരണങ്ങള്‍ ഇതൊക്കെ തന്നെ. പക്ഷേ താന്‍ പോണ്ട. ഞായറാഴ്ച്ചപ്പതിപ്പിനുവേണ്ടി ഒരു ഫിലിം സ്റ്റാറിന്റെ ഇന്റര്‍വ്യൂ ഉണ്ട്. സ്മിതയുടെ കൂടെ താനും വേണേല്‍ പൊയ്ക്കോ”.
“വേണ്ട സര്‍. മരണം എവിടെയാണ്? ഞാന്‍ പോവാം”.
10/18/2007
പത്രപ്രവര്‍ത്തനം
എഴുതിയത് simy nazareth സമയം Thursday, October 18, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
17 comments:
അല്‍പ്പം മാത്രം ജനസംഘ്യ ഉള്ള പോളിനേഷ്യയില്‍ ആത്മഹത്യകള്‍ കേട്ടിട്ടില്ലാത്ത ഒരു കാര്യമായിരുന്നു. നിറയെ തെങ്ങുകള്‍ ഉള്ള ആ ദ്വീപില്‍ ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ തെങ്ങില്‍ കയറുകെട്ടി കയറിന്റെ മറ്റേ അറ്റം കഴുത്തില്‍ കെട്ടി മുന്നോട്ട് ചാഞ്ഞുവീണ് കഴുത്തില്‍ കയറു മുറുകി ആത്മഹത്യചെയ്തു. ഇത് ജനങ്ങള്‍ എല്ലാം അറിഞ്ഞു. ഇതില്‍പ്പിന്നെ പതിയെപ്പതിയെ ഇതേ മാര്‍ഗ്ഗത്തില്‍ - തെങ്ങില്‍ കയറുകെട്ടി മുന്നോട്ടു ചാഞ്ഞ് - ചെറുപ്പക്കാരും മറ്റ് പ്രായത്തിലുള്ളവരും ആത്മഹത്യചെയ്തു തുടങ്ങി. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചു. ഒടുവില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള മന:ശാസ്ത്രജ്ഞരുടെ ഒരുപാടു നാളത്തെ ശ്രമത്തിനു ശേഷമാണ് പോളിനേഷ്യയില്‍ ആത്മഹത്യകള്‍ നിയന്ത്രണവിധേയമായത്. (പുസ്തകം: The Tipping Point: How Little Things Can Make a Big Difference by Malcolm Gladwell)
ഇന്നത്തെ ആത്മഹത്യകളില്‍ മിക്കതിനും മീഡിയയും കുറ്റക്കാരാണെന്ന് പറയാതെ വയ്യ.
എഴുത്ത് നന്നായിട്ടുണ്ട്.
സിമി...
അഭിനന്ദനങ്ങള്‍
എഴുത്തിലെ ലാളിത്യം...വായനക്ക് സുഖം പകര്‍ന്നു എന്ന് പറയാതെ വയ്യ...
ലളിതഭാഷയിലൂടെ ഇത്തരമൊരു ആശയം വായനക്കാരന്‍റെ മനസ്സിലേക്ക് ഇറക്കാന്‍ കഴിഞുവെന്ന് അഭിമാനിക്കാവുന്ന അഴകുള്ള കഥ...കഥക്കൊപ്പം നേരിന്‍റെ നേരായ കഥ.
കേവലമൊരു മംഗളം വയന പോലെ വെറുതെ ഒന്നോടിച്ചു നോക്കി...നന്നായിട്ടുണ്ടു എന്ന് കമന്‍റ്റടിക്കാന്‍ പലപ്പോഴും മനസ്സ് അനുവദിക്കാറില്ല..കാരണം ചിലപ്പോല്‍ നല്ലതിന് അര്‍ഹിക്കുന്നത് കിട്ടാതെ പോക്കുമോ എന്ന ഭയം
നന്‍മകള്‍ നേരുന്നു
മയൂര എഴുതിയ സ്വപ്നശലഭം എന്ന കഥയും ഈ കഥയുടെ ചില ഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
"അവന്‍ നീട്ടിയ പാല്‍ കുടിക്കുമ്പോള്‍ അവളുടെ മനസ്സ് ഒരു ചുവന്ന പാവാടയും വെളുത്ത സ്കര്‍ട്ടുമണിഞ്ഞ്, "
pavadayum skirt um onnanennu anu ente vishwasan :) thiruthiyekku..
koLuthi valikkunna kadha mashey..samakaaleenam too..
varakal simple but superb..
kodu kai
കഥ നന്നായിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഇതൊക്കെ വേണ്ടിവരും. നിറയെ വാര്‍ത്തകള്‍, ഇല്ലെങ്കില്‍ വായിക്കാന്‍ ആരും ഉണ്ടാവില്ല. മരിച്ചു എന്നു മാത്രം കൊടുക്കുന്നതിനേക്കാള്‍, അത് വിശദീകരിച്ച് കൊടുക്കണം. ഒരാള്‍, ചെയ്തില്ലെങ്കില്‍ വേറെ ആള്‍ കൊടുക്കും വാര്‍ത്ത. അത്രയേ ഉള്ളൂ.
സു, സമൂഹ മനശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ പത്രങ്ങള്‍ക്ക് ഒരു വലിയ പങ്കുണ്ട്. പത്രത്തില്‍ പത്തുദിവസം കടം തിരിച്ചടയ്ക്കാനാവാതെ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്ത കാര്യം വായിച്ചാല്‍ കടം തിരിച്ചടയ്ക്കാനാവാതെ വരുന്ന മിക്ക കുടുംബങ്ങളും ആദ്യം ആലോചിക്കുക പത്രത്തില്‍ കണ്ടതുപോലെ ഒരു ആത്മഹത്യയെക്കുറിച്ചായിരിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. (ഇത് ഒന്നുനോക്കൂ)
ഒരിടയ്ക്ക് കേരളത്തില്‍ കുടുംബ ആത്മഹത്യകള്‍ വളരെ കൂടുതലായിരുന്നു. ആഴ്ച്ചയില്‍ ഒന്നെന്ന കണക്കിനു മനോരമയുടെ ഒന്നാം പേജില്‍ ഞാന്‍ ഇതു വായിക്കുമായിരുന്നു. (വീട്ടില്‍ മനോരമയും ഹിന്ദുവും മാത്രമേ വരുത്തിയിരുന്നുള്ളൂ - ബാക്കി പത്രങ്ങളും ഒട്ടൊക്കെ ഇങ്ങനെ തന്നെ ആയിരിക്കാം എന്ന് ഞാന്‍ ഊഹിച്ചതാണ്). ഇങ്ങനെ ആഴ്ച്ചതോറും വരുന്ന കുടുംബ ആത്മഹത്യകളും മനോരമ അവ ഒന്നാം പേജില്‍ തന്നെ കൊടുക്കുന്നതും തമ്മില്‍ ബന്ധമുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം.
പത്രത്തില്‍ ജോലിചെയ്യുന്ന ആര്‍ക്കും തന്നെ സമൂഹ മനശ്ശാസ്ത്രം അറിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അറിഞ്ഞുകൊണ്ട് ലാഭത്തിനുവേണ്ടി ചെയ്യുന്ന കൊലപാതകങ്ങള്‍ ആണ് ഇതൊക്കെ എന്നുതന്നെയാണ് എന്റെ വിശ്വാസം.(passive murders)
ഹിന്ദു ദിനപ്പത്രം: ഇത്തരം വാര്‍ത്തകള്‍ ഒന്നാം പേജില്‍ വരാറില്ല, ഒരിക്കലും. ടൈംസ് ഓഫ് ഇന്ത്യ പോലെ മസാല നിറച്ച വാര്‍ത്തകളും വരാറില്ല. അവര്‍ക്ക് വരിസംഖ്യ കുറവാണ് - എങ്കിലും എന്‍. റാമിനും കൂട്ടര്‍ക്കും അതു മതി.
കേരളത്തില്‍: സര്‍ക്കുലേഷനിലാണ് എല്ലാം, ഇറച്ചിവില്‍പ്പന പോലെ മറ്റൊരു ബിസിനസ് ആണ് വാര്‍ത്ത വില്‍പ്പന, എന്നുവിചാരിച്ചു തുടങ്ങിയാല്‍ - കുറച്ചുകഴിയുമ്പോള്‍ എല്ലാം ലണ്ടനിലെ മഞ്ഞപ്പത്രങ്ങളുടെ നിലവാരത്തില്‍ എത്തിക്കൊള്ളും. ഇപ്പോള്‍ തന്നെ തരം താണതിനു കയ്യും കണക്കുമില്ല.
കുറച്ചു കഴിയുമ്പോള്‍ എന്താവും എന്നല്ല. ദിവസവും ഇപ്പോള്‍ തന്നെ ഇവര്‍ രാവിലെ ചായയോടൊപ്പം മനസിലേയ്ക്കു നിറയ്ക്കുന്ന വാര്‍ത്തകള്‍ - ആത്മഹത്യകളുടെയും കൂട്ട മരണങ്ങളുടെയും വാര്‍ത്തകള്‍ - സമൂഹത്തിന്റെ, ഓരോ വ്യക്തിയുടെയും, മനസില്‍ ഉണ്ടാക്കുന്ന ദു:സ്വാധീനത്തിലാണ് എന്റെ ആശങ്ക. അവര്‍ക്കു ലാഭം മതിയല്ലോ.
അമേരിക്കയില്‍ മരുന്നുകമ്പനികള്‍ വ്യക്തികളെ നോക്കാതെ കൊള്ളലാഭത്തിനായി മരുന്നുകള്‍ വിലകൂട്ടി വില്‍ക്കാറുണ്ട്. ചാനലുകളില്‍ മരുന്നുകളുടെ പരസ്യം കൊടുക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ക്ക് പല വിപണന തന്ത്രങ്ങളും നോക്കാറുണ്ട്. സാമൂഹിക പ്രതിബദ്ധത എന്നൊന്നില്ല. ലാഭം മാത്രം നോട്ടം. അവിടെ മരുന്നുകമ്പനികളുടെ മത്സരം ശരീരത്തിനെ തളര്‍ത്തുന്നെങ്കില്‍ ഇവിടെ പത്രങ്ങള്‍ മനസ്സിനെ :(
സിമി, എഴുത്തു് പിടിച്ചിരുത്തി വായിപ്പിച്ചു. ഒരു ജോസഫില്ലെങ്കില്‍ മറ്റൊരു ജോസെഫു്.
പത്ര പ്രവര്‍ത്തനത്തിലിതൊക്കെ ആവശ്യമാകാം. സ്വയം ഒരു വാര്‍ത്തയായി മാറുമ്പോഴും പത്രവും പത്രാധിപരും ആകാം മുന്നില്‍.
ആത്മഹത്യയ്ക്കു് മുന്നെയുള്ള മനസ്സിന്‍റെ മണിചിത്രതാഴു് , വായിച്ചനുഭവിച്ചു.:)
നിറങ്ങളുടെ ഒരു മേളമാണല്ലോ സിമീ കഥയില്‍..ചുവന്ന പാവാടയും വെളുത്ത ഫ്രോക്കുമണിഞ്ഞ്,ചിത്രശലഭത്തിന്റെ കറുത്ത ചിറകിലെ നീലക്കണ്ണുകള്‍ ,പോച്ചത്തലപ്പുകള്‍ പച്ചയില്‍ നിന്ന് ചുവന്ന നിറത്തിലേയ്ക്കു മാറുന്നു, ഇരുളുന്ന ആകാശത്തില്‍ ,ചുവന്ന നിറത്തില്‍ കത്തിയമര്‍ന്ന് മുങ്ങിത്താണ സൂര്യനിലില്ല, കടുംനീലനിറത്തില്‍ തിളങ്ങിയ പോച്ചത്തലപ്പുകളിലില്ല, കറുത്ത രാത്രി, കറുത്ത വഴികള്‍, കറുത്ത ലോകം,
വെളുപ്പില്‍ നിന്നും കറുപ്പിലേക്കുള്ള ഈ സംക്രമണം ....ജീവിതത്തില്‍ നിന്നും മരണത്തിലെക്കുള്ള യാത്രയോ?
ആദ്യം രവിയുടെ , പിന്നെ അയാളുടെ ഭാര്യയുടെ, പിന്നെ ജോസഫിന്റെ മനസ്സിലൂടെയുള്ള യാത്ര നല്ല കൈയടക്കത്തോട് തന്നെ ചെയ്തിട്ടുണ്ട്.എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ എന്നെ സന്തോഷിപ്പിച്ചത് സമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം തെരെഞ്ഞെടുത്തു എന്നുള്ളതാണ്.ഒന്നു കൂടി,
പ്രിയ സിമി..അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..പ്രസ്ഥാവനകള്‍, ജനസംഘ്യ ഉള്ള
അവതരണശൈലിയില്‍ മികച്ച് നില്‍ക്കുന്ന കഥ. ഈയുഗത്തില്‍ മീഡിയ ഇല്ലതെ പറ്റില്ല, പലകാരണങ്ങള്‍ കൊണ്ടും. മീഡിയ മനുഷ്യന്റെ തോട്ട് പ്രോസസ്സിനെ ഇന്‍ഫ്ലുവസ് ചെയ്യുമ്പോഴാണ് പ്രശ്നം ഉടലെടുക്കുന്നത്.
സ്വപ്നശലഭം ഈ കഥയുടെ ചില ഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്നിപ്പോഴാണറിഞ്ഞത്, സന്തോഷം...:)
ആകെ കണ്‍ഫ്യൂഷം ആയല്ലൊ,
അപ്പൊ ഈ സിമി രണ്ടാളുണ്ടോ ബ്ലോഗില്‍? അതെന്തെങ്കിലും ആവട്ടെ എഴുത്ത് ഒത്തിരി ഇഷ്ടപ്പെട്ടു,
കങ്കാരുലേഷന്‍സ്!!
Media യുടെ ധര്‍മ്മം information കൊടുക്കുക എന്നതിലുപരി, complete വാണിജ്യവല്‍കരിച്ച് sensation ഉണ്ടാകുക എന്ന അവസ്തയിലെത്തിയ ഇക്കാലത്ത് ഇതു സാധാരണമാണ്, പക്ഷെ പത്രധര്‍മത്തോടു ആണ്ടിലൊരിക്കലെങ്കിലും നീതി കാണിക്കാന്‍ വേണ്ടി, atleast സ്വന്തം മനസാക്ഷിയോടു നീതി കാണിക്കാന്‍ വേണ്ടിയെങ്കിലും, മനുഷ്യനു ജീവിക്കാന്‍ ധൈര്യം കൊടുക്കുന്നതെന്തെങ്കിലും കൂടി media സംഘം ചെയ്തിരുന്നെങ്കില്‍ എന്നാശിചുപോവുന്നു...
-പത്രം വായിക്കാത്ത, TV കാണാത്ത ഒരു ബുദ്‌ഹിമാന്‍
ഹിന്ദു പത്രത്തില്‍ ഇത്തരം വാര്‍ത്തകള്‍ വരാറില്ല, മുന്‍പേജില്‍ എന്നു പറഞ്ഞാല്‍ ഞാന്‍ യോജിക്കില്ല. വെറും ഗോസ്സിപ്പ് വാര്‍ത്തകള്‍, മറ്റു പത്രങ്ങളിലേത് പോലെ വരാറില്ല എന്നത് വളരെ സത്യം.
സു, ഞാന്‍ ആലോചിച്ചിട്ട് - പത്രത്തിന്റെ പരമമായ ധര്‍മ്മം എന്നത് വാര്‍ത്തകള്‍ വായനക്കാരനില്‍ എത്തിക്കുക എന്നതാണ്. പ്രാധാന്യമുള്ള വാര്‍ത്തകള്‍ പ്രാധാന്യത്തോടെയും അപ്രധാനമായ വാര്‍ത്തകള്‍ അകത്തെ താളുകളില്‍ ആയും വായനക്കാരനില്‍ എത്തിക്കുക.
ബേനസീര്‍ ഭൂട്ടോയുടെ റാലിയില്‍ 135 പേര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു - ഇത് എല്ലാ പത്രത്തിലും ഒന്നാം പേജില്‍ വരണം. വായനക്കാരുടെ മനസ്സിനെ ഇത്തരം ഒരു വാര്‍ത്ത എങ്ങനെ സ്വാധീനിക്കും എന്നു നോക്കാതെ.
എന്നാല്‍ - കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത - ഇതിനു എത്ര പ്രാധാന്യമുണ്ട് എന്നെനിക്കറിയില്ല.
മലയാളം പത്രങ്ങള്‍ ചെയ്യുന്ന - മിക്കവാറും എല്ലാ മലയാള പത്രങ്ങളും ചെയ്യുന്ന - ഒരു കാര്യം വാര്‍ത്തകളുടെ manipulation ആണ്. മനോരമ ആയിരുന്നു ഇതില്‍ മുന്‍പന്തിയില്‍ എങ്കിലും ഇന്ന് ദീപിക, മാതൃഭൂമി, കേരള കൌമുദി തുടങ്ങിയവരും ഇതിനു മുന്‍പില്‍ തന്നെ. ദേശാഭിമാനിയുടെ കാര്യം പറയണ്ടല്ലോ. ഇങ്ങനെ വാര്‍ത്തകളെ അല്‍പ്പം വളയ്ക്കുന്നു എന്ന് സ്വയം ബോദ്ധ്യമുള്ള ഒരു പത്രത്തിനു, സമൂഹ മനസാക്ഷിയില്‍ പകര്‍ച്ചവ്യാധി പോലെ പടരാവുന്ന വാര്‍ത്തകളെ അല്‍പ്പം വളച്ച് അകത്തെ താളിലേയ്ക്കു തള്ളിക്കൂടേ?
ഹിന്ദു: എന്‍. റാമിനെ ഇഷ്ടമാണ്. എങ്കിലും ഹിന്ദുവും ഇടതുപക്ഷ ചായ്‌വ് പുലര്‍ത്തുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. കൂട്ടത്തില്‍ ഭേദം എന്നു പറയാം.
സിമി, ഹൃദ്യമായി എഴുതിയിരിക്കുന്നു..
പത്രക്കാരുടെ താല്പര്യങ്ങള്‍ക്കൊത്ത് ഒരു ചട്ടുകം പോലെ പ്രവര്‍ത്തിക്കുന്ന ഒരുപാട് ജോസഫുമാര്‍ എല്ലാ പത്രത്തിലും കാണാം.
Post a Comment