സിമിയുടെ ബ്ലോഗ്

10/20/2007

കടല്‍

മൌറീഷ്യസില്‍ മധുവിധുവിന് പോവണം എന്നായിരുന്നു ഗീതയുടെ ആഗ്രഹം. എന്നാല്‍ നാടുവിട്ട് മറ്റെവിടെയെങ്കിലും പോവുന്നതിനു മുന്‍പേ എന്റെ വേരുകള്‍ ഗീത തൊട്ടറിയണം എന്ന് എനിക്കു നിര്‍ബന്ധമായിരുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ ജനിച്ചുവളര്‍ന്ന ഗീതയ്ക്ക് കൊല്ലത്തെ വാടി കടപ്പുറം കണ്ട് എന്താണ് തോന്നുക എന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. എന്റെ സ്വന്തക്കാരില്‍ മിക്കവരും വാടി വിട്ട് പുതിയ ജീവിതതീരങ്ങള്‍ തേടിക്കഴിഞ്ഞിരുന്നു. എന്റെ മമ്മാഞ്ഞിയുടെ (അമ്മൂമ്മയ്ക്ക് കൊല്ലം ക്രിസ്ത്യാനികളുടെ ഇടയില്‍ പറയുന്ന പേര് ) വകയില്‍പ്പെട്ട ഒന്നോ രണ്ടോ ബന്ധുക്കളേ ഇന്ന് വാടിയില്‍ താമസമുള്ളൂ. ബാംഗ്ലൂരില്‍ നിന്ന് കൊല്ലത്തേയ്ക്കുള്ള വഴി മുഴുവന്‍ ഗീത കടലിനെപ്പറ്റി വാതോരാതെ സംസാരിച്ചു. കടല്‍ എന്നുകേള്‍ക്കുമ്പോള്‍ ഗോവയിലെയും മംഗലാപുരത്തെയും നിറപ്പകിട്ടാര്‍ന്ന കടലോരങ്ങളായിരുന്നു അവളുടെ മനസില്‍. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ വണ്ടിയോടിച്ച് അവിടെ എത്തിയപ്പോള്‍ വാടി കടപ്പുറത്തെ കീലിട്ട വള്ളങ്ങളില്‍ നല്ല മീന്‍ നാറ്റമുണ്ടായിരുന്നു. കടപ്പുറത്ത് പോളിത്തീന്‍ ഷീറ്റുകെട്ടിയ ഷെഡ്ഡില്‍ മത്സ്യങ്ങളെ ഉച്ചത്തില്‍ ലേലം വിളിക്കാന്‍ ആളുകള്‍ കൂടിയിരുന്നു. കുടിലുകള്‍ക്കു മുന്‍പില്‍ നെഞ്ചുപിളര്‍ത്തി ഉണക്കാനിട്ടിരുന്ന മീനുകള്‍ക്ക് ഉപ്പുകലര്‍ന്ന മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു. ജോനകപ്പുറത്തെ ഗീവര്‍ഗ്ഗീസുപുണ്യവാളന്റെ പ്രതിമ പെയിന്റുപോയി കയ്യൊടിഞ്ഞ് ഇരുമ്പുകമ്പികളും തള്ളിനിന്നിരുന്നു. വള്ളത്തിന്റെ തണലില്‍ കൈലി ഉയര്‍ത്തി മടക്കിക്കുത്തി ചെറുപ്പക്കാര്‍ അശ്ലീലം കലര്‍ന്ന തമാശകള്‍ പറഞ്ഞുചിരിച്ച് ബീഡിവലിച്ച് ചീട്ടുകളിക്കുന്നുണ്ടായിരുന്നു. കാറില്‍ ചെരുപ്പ് ഊരിയിട്ട് മണലില്‍ കുന്തിച്ചുനടന്ന് ഗീതയുടെ കാലുപൊള്ളി. കടലിനെക്കുറിച്ചുള്ള ഗീതയുടെ കാല്‍പ്പനിക സങ്കല്‍പ്പങ്ങള്‍ തകരുന്നതും അവളുടെ മുഖം വാടുന്നതും ഞാന്‍ കണ്ടു. സിനിമയില്‍ കാണുന്നതുപോലെ ചന്ദ്രനും തെങ്ങുകളും കടലും കരയും അന്തിച്ചോപ്പില്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന യുഗ്മ മനോഹര തീരങ്ങളല്ലായിരുന്നു വാടി കടപ്പുറത്തേത്, മറിച്ച് ജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങളുടെ ചൂടില്‍ വിണ്ടുവരണ്ട് ഉപ്പുരസമാര്‍ന്ന് തിളച്ചുകിടന്ന കടപ്പുറമായിരുന്നു അവിടെ.

തിരിച്ച് കാറിനടുത്ത് എത്തിയപ്പോള്‍ പയ്യന്മാര്‍ ആരോ കാറില്‍ കല്ലുകൊണ്ട് പോറിച്ച് ആരുടെയോ പേരെഴുതിവെച്ചിരുന്നു. ഇതെല്ലാം കണ്ട് പിറുപിറുത്തും ദേഷ്യപ്പെട്ടുമായിരുന്നു ഞങ്ങള്‍ ഫിലോമിന ആന്റിയുടെ വീട്ടിലെത്തിയത്.

അമ്മയെയും അച്ചനെയും ചേട്ടന്മാരെയും ഒക്കെപ്പറ്റി ഫിലോമിന ആന്റി നിറുത്താതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ആന്റിക്ക് ലോകത്തുള്ള എല്ലാവരുടെയും കുടുംബചരിത്രം അറിയാം. പച്ചമാങ്ങയിട്ട നെത്തോലിക്കറിയും സ്രാവ് തോരന്‍ വെച്ചതും കൂട്ടി വലിയ സ്റ്റീല്‍ വട്ടപ്പാത്രത്തില്‍ ആവിപറക്കുന്ന പുഴുക്കരിച്ചോറും തിന്ന് ഉപ്പിട്ട കുറുകിയ കഞ്ഞിവെള്ളം കുടിക്കുമ്പോള്‍ ഗീതയുടെ മുഖം പതുക്കെ തെളിയുന്നുണ്ടായിരുന്നു. ഉപ്പിന്റെയും മുളകിന്റെയും കൂടെ പാകത്തിന് സ്നേഹവും കലര്‍ത്തിയിളക്കാതെ കറികള്‍ക്ക് ഇത്രയും രുചിവരില്ലല്ലോ. ഞാനൊരു ഹിന്ദുപ്പെണ്ണിനെ പ്രേമിച്ച് വിവാഹം കഴിച്ചതിലുള്ള അലോസരം ഒട്ടും പുറത്തുകാണിക്കാതെ ഗീതയുടെ കയ്യും പിടിച്ച് വളരെസ്നേഹത്തോടെ സംസാരിച്ച ഫിലോമിന ആന്റിക്ക് ഞാന്‍ മനസ്സുകൊണ്ട് നന്ദിപറഞ്ഞു. ഊണുകഴിഞ്ഞ് യാത്രപറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വരാന്തയില്‍ നല്ല പ്രായമുള്ള ഒരു അമ്മൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. പല്ലുപോയിത്തുടങ്ങിയ ചിരിക്കുന്ന വായും ഞാന്നു താഴേയ്ക്കുതൂങ്ങുന്ന ചെവിയും ഉള്ള ഒരു അമ്മൂമ്മ. മൂന്നുനാല് വെന്തിങ്ങ കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തില്‍ തൂക്കിയിരുന്നു. പ്രായംകൊണ്ട് കയ്യിലെയും മുഖത്തെയും തൊലി ചുളിഞ്ഞ് മടങ്ങിക്കിടന്നിരുന്നു. ഞങ്ങളെ നോക്കി “ഏ മാനാ, നിങ്ങളാണോ സ്നേഹിച്ച് കെട്ടിയത്” എന്ന് ഈ അമ്മൂമ്മ ചോദിച്ചു. ഞങ്ങള്‍ വരുന്ന കാര്യം ഫിലോമിനാ ആന്റി നേരത്തേ പറഞ്ഞുകാണണം. ആന്റി “മറിയാമ്മ മാനാ, പിള്ളേര് ഇറങ്ങട്ടെ, ഒന്നു മിണ്ടാതിരി” എന്നു പറയുന്നുണ്ടായിരുന്നു. “ആ മാനാ, ഇതാണോ പ്രേമം. ഞാനെത്ര പ്രേമം കണ്ടതാ, വാ, മക്കള് ഇരി, പ്രേമം എന്താന്ന് ഞാന്‍ പറഞ്ഞുതരാം“ എന്ന് മറിയാമ്മച്ചേച്ചി പരിഭവിച്ചു. ചിരിച്ചുകൊണ്ട് ഒന്നുകൂടെ യാത്രപറഞ്ഞ് ഞാന്‍ പടികളിറങ്ങിയപ്പൊഴേക്കും ഗീതയെ കയ്യില്‍ പിടിച്ച് മറിയാമ്മച്ചേച്ചി വരാന്തയില്‍ ഇരുത്തിക്കഴിഞ്ഞിരുന്നു. ഗീതയുടെ കണ്ണുകള്‍ അല്പം നേരം കൂടി ഇരുന്ന് കഥ കേട്ടിട്ടുപോവാമെന്നേ എന്നു പറയുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ ഫിലോമിന ആന്റിയുടെ കൂടെ വീട്ടിനകത്തേയ്ക്ക് തിരിച്ചുകയറി. ഗീത വരാന്തയില്‍ ഇരുന്ന് കഥകേട്ടുതുടങ്ങി. ഫിലോമിന ആന്റി എന്നോട് മറിയാമ്മച്ചേച്ചിയുടെ കഥകള്‍ പറഞ്ഞുതുടങ്ങി.

ഈ മറിയാമ്മച്ചേച്ചി ഒരു പ്രത്യേകതരം ആണ്. ആയകാലത്ത് കല്യാണം ഒന്നും കഴിക്കാന്‍ പോയില്ല. വീട്ടുകാരില്ല. സ്വന്തക്കാരൊക്കെ മറിയാമ്മച്ചേച്ചിയെവിട്ട് ഗള്‍ഫിലും മറ്റ് ദൂരനാടുകളിലും പോയി. കടപ്പുറത്തെ മറ്റുപെണ്ണുങ്ങളെപ്പോലെ മറിയാമ്മച്ചേച്ചി മീന്‍ വില്‍ക്കാന്‍ പോവില്ല. ഒരു ജോലിയും ചെയ്യാറില്ല. ഏറ്റവും തമാശ എന്താന്നുവെച്ചാല്‍ മറിയാമ്മച്ചേച്ചി മീന്‍ കൂട്ടില്ല. കടലീന്നുള്ള ഒന്നും തന്നെ മറിയാമ്മച്ചേച്ചി തൊടൂല്ല. ഇങ്ങനെ ഓരോ വീട്ടിലും ഉച്ചയ്ക്കു വരും. കഞ്ഞിയും തേങ്ങാ തിരുകിയതും കുടിച്ച് കുറേ നേരം ഇരുന്ന് പഴമ്പുരാണവും പറഞ്ഞ് മറിയാമ്മച്ചേച്ചി പോവും. ചേച്ചിയുടെ നാക്കാണ് സഹിക്കാന്‍ പറ്റാത്തത്. ദേ ഇവിടെ നടക്കുന്നതൊക്കെ അപ്പുറത്തെ വീട്ടില്‍ പോയി പറയും. എന്നാലും പാവമല്ലേ എന്നുവിചാരിച്ച് എല്ലാരും ഉച്ചയ്ക്ക് തിന്നാന്‍ കൊടുക്കും. ഞങ്ങളെയൊക്കെ വല്യ സ്നേഹമാണുകേട്ടോ.

അല്പം നേരം സംസാരിച്ചിരുന്നിട്ട് ഞാനും ഫിലോമിന ആന്റിയും വരാന്തയില്‍ പോയി മറിയാമ്മച്ചേച്ചിയുടെ കഥകേട്ട് ഇരിപ്പായി. ഗീത എന്തോ കേട്ട് കഥയില്‍ മുഴുകി കണ്ണും മിഴിച്ച് തലകുലുക്കുന്നുണ്ടായിരുന്നു.

“...അങ്ങനെയായിരുന്നു മോളേ ചാള്‍സ്. കടപ്പുറത്ത് ഇത്രയും അഴകുള്ള ആണ്‍പിള്ളേരെ കണ്ടിട്ടില്ല. കള്ളിലുങ്കി മടക്കിക്കുത്തി ചങ്കുവിരിച്ച് കടപ്പുറത്തൂടെ ചാള്‍സ് നടക്കുന്നത് കാണേണ്ട ഒരു കാഴ്ച്ചയായിരുന്നു. ഒട്ടിയ കവിളുകള്‍. കട്ടിപ്പിരികം. വെയിലത്ത് ഇങ്ങനെ നിന്നു കത്തുന്ന കണ്ണുകള്‍. നല്ല നീണ്ട് ചുരുണ്ട് പാറിക്കിടക്കുന്ന തലമുടി. അല്പം താഴേയ്ക്കു വളഞ്ഞ കട്ടിമീശയും നീണ്ട കിളിരവും. ചിറകുകള്‍ പോലെ വിരിഞ്ഞുനിന്ന വാരിയെല്ലുകള്‍. നീണ്ട കക്കാത്തോടുകള്‍ പെറുക്കിവെച്ചതുപോലെ കൊത്തിയെടുത്ത വയറ്. കരിവീട്ടിത്തടിയില്‍ കടഞ്ഞ തൂണുകള്‍ പോലെ മുഴച്ച കൈകാലുകള്‍. ഒത്ത ഉയരം. മീന്‍‌വലയും തോളത്തിട്ട് തലയും വെട്ടിച്ച് ചാള്‍സ് മണ്ണുഞെരിച്ച് നടക്കുമ്പോള്‍ കടപ്പുറത്തെ മീന്‍‌കാരികള്‍ സംസാരം നിറുത്തി കുശുകുശുപ്പാവും. ചാള്‍സിന്റെ മുഖത്തുനോക്കി പ്രതിമപോലെ നിന്നുപോയ എത്ര പെമ്പിള്ളേരെ എനിക്കറിയാം“.

ഏതോ ആണുങ്ങളുടെ സൌന്ദര്യവര്‍ണ്ണനകേട്ട് കണ്ണും മിഴിച്ചിരിക്കുന്ന ഗീതയെ സത്യം പറഞ്ഞാല്‍ എനിക്കു ചവിട്ടാന്‍ തോന്നി. ഞാന്‍ സ്വതവേ കുശുമ്പനാണ്. ഇങ്ങനെ അമ്മൂമ്മമാര്‍ക്ക് കയ്യില്‍ ഒരുപാട് കെട്ടുകഥകള്‍ കാണും. അവരുടെയും അമ്മയമ്മൂമ്മമാരില്‍ നിന്നു പകര്‍ന്നുകിട്ടിയ കഥകളായിരിക്കും കൂടുതല്‍. നൂ‍റ്റാണ്ടുകളുടെ പഴക്കമുള്ള കടപ്പുറത്തെ കെട്ടുകഥകള്‍.

ചാള്‍സിന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകളായിരുന്നു മേരി. കടപ്പുറത്ത് മീന്‍ വിറ്റിരുന്ന മേരിയുടെ കവിളില്‍ എപ്പോഴും വെയിലടിച്ചുതിളങ്ങുന്ന വെള്ളിച്ചെതുമ്പലുകള്‍ പറ്റിയിരുന്നു. കടപ്പുറത്തെ പല പെണ്‍കുട്ടികളെയും പോലെ മേരിക്കും ചാള്‍സിനെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അതിലുമേറെ ഒരുതരം ആവേശമായിരുന്നു അവള്‍ക്ക്. വേറാരുടേം വള്ളത്തില്‍ നിന്ന് അവളു മീന്‍ വാങ്ങൂല്ലാ. ചാള്‍സിന്റെ വള്ളത്തില്‍ നിന്നുതന്നെ മീന്‍ വാങ്ങി വിക്കാന്‍ മേരി കാത്തുനില്‍ക്കും. ചാള്‍സ് അന്തിക്കു കടപ്പുറത്ത് പന്തുകളിക്കുന്നതു കാണാ‍ന്‍ അവള്‍ ഓരോ തെങ്ങുംചാരി ഇങ്ങനെ ചുറ്റിപ്പറ്റി നില്‍ക്കും. ഒറ്റയ്ക്കുകിട്ടുമ്പോള്‍ അവനെ തടഞ്ഞുനിറുത്തി കൊച്ചുവര്‍ത്താനം പറയും.

ചാള്‍സിനെ മീന്‍ പിടിക്കാന്‍ പോവുന്ന എല്ലാ ആണുങ്ങള്‍ക്കും വല്യ ഇഷ്ടമായിരുന്നു. കാര്യം അവന്‍ വലയിട്ടാല്‍ ഒരുപാട് മീന്‍ കിട്ടും. മീനൊക്കെ കടലിന്റെ അടിയില്‍പ്പോയി ഉറങ്ങുന്ന വരണ്ട ദിവസങ്ങളില്‍ എല്ലാ വള്ളവും പോയി മീനൊന്നും ഇല്ലാതെ ചെളിയും കരിക്കാടിയും മാത്രം കോരി മടങ്ങുമ്പോഴും ചാള്‍സിന്റെ വള്ളത്തില്‍ മുഴുത്ത മീന്‍ പിടയ്ക്കും. കടപ്പുറത്തെ കാക്കുന്ന ഗീവര്‍ഗ്ഗീസുപുണ്യാളന്റെ കൃപയാണ് ചാള്‍സിന് എന്നായിരുന്നു ഇവിടത്തെ കാരണവന്മാര്‍ പറഞ്ഞിരുന്നത്.

നിലാവുള്ള രാത്രികളില്‍ ചാള്‍സ് ഒരു കൊതുമ്പുവള്ളവും തള്ളി ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോവും. വലിയ നെമ്മീനെയും ഉഗ്രന്‍ സ്രാവിനെയും പിടിച്ച് ചാള്‍സ് തിരിച്ചുവരും. അവന് നല്ല കൊയ്ത്തുകിട്ടാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നു. എന്നാലും ദിവസത്തിന്റെ മിക്കവാറും സമയം കടലില്‍ തന്നെ ചിലവഴിക്കുന്ന ചാള്‍സിന്റെ വീട്ടുകാര്‍ക്ക് എന്തോ പന്തികേടു തോന്നാതിരുന്നില്ല.

മേരിയുടെ ഒളിച്ചുകളി ഒരുപാടുനാള്‍ തുടര്‍ന്നില്ല. അവളുടെ രഹസ്യപ്രണയം എവിടെനിന്നോ കേട്ട് രാത്രി കുടിച്ചു പൂസായിവന്ന അവളുടെ പപ്പാ അവളെ എടുത്തിട്ടു ചവിട്ടി. കാര്യം ചാള്‍സ് നല്ല പയ്യനാണെങ്കിലും ഈ പ്രേമമൊന്നും കടപ്പുറത്ത് നടപ്പില്ല. ചീത്തപ്പേര് സഹിക്കാന്‍ പറ്റില്ല. കാറ്റത്തെ തീപോലെ അതു പടരും. മേരിയുടെ പപ്പായുടെ അലര്‍ച്ചകേട്ട് ആളുകൂടി. അപ്പോള്‍ മേരി ചവിട്ടുകൊണ്ട വേദന പുറത്തുകാണിക്കാതെ എഴുന്നേറ്റുനിന്ന് മുടി രണ്ടുകൈകൊണ്ടുംപിടിച്ച് ശരിയാക്കി കൂടിനിന്ന ആളുകളുടെ മുഖത്തുനോക്കി ശാന്തയായി പറഞ്ഞു, “ഞാന്‍ കെട്ടുന്നെങ്കില്‍ ചാള്‍സിനെ മാത്രമേ കെട്ടൂ, അല്ലേല്‍ എത്ര നാള്‍ വേണമെങ്കിലും കെട്ടാതെ നിന്നോളാം“ എന്ന്. കാരണവന്മാരൊക്കെ മൂക്കത്തു വിരല്‍ വെച്ച് അവരവരുടെ വീട്ടില്‍ തിരിച്ചുപോയി. പെണ്ണുങ്ങള്‍ “എന്റെ മാതാവേ“ എന്നും വിളിച്ച് കുരിശുംവരച്ച് തിരിച്ചുപോയി.

സുബോധം തിരിച്ചുവന്നപ്പോള്‍ മേരിയുടെ പപ്പാ ചാള്‍സിന്റെ വീട്ടില്‍ പോയി, കുറെ നേരം ചായയും കുടിച്ച് മിണ്ടാതെ ഇരുന്നു. ഒടുവില്‍ എടുത്തടിച്ചപോലെ അല്പം വിറയ്ക്കുന്ന ശബ്ദത്തോടെ മോളുടെ ആഗ്രഹം പറഞ്ഞു. എന്തായാലും അവന്റെ വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. രണ്ടുവീട്ടുകാരും നാട്ടിലെ പ്രമാണിമാരും കൂടിയിരുന്ന് കല്യാണക്കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കവേ ആയിരുന്നു മുഖം കറുപ്പിച്ച് ചാള്‍സ് കടന്നുവന്നത്. അവന്റെ സമ്മതം മാത്രം ആരും ചോദിച്ചിട്ടില്ലായിരുന്നു. സുന്ദരിയായ മേരിയെ ചാള്‍സിനും ഇഷ്ടമാണെന്ന് എല്ലാരും വിചാരിച്ചിരുന്നു. എന്തായാലും രണ്ടുപേരും വിചാരിക്കാതെ ഇത്രയും അസ്ഥിയില്‍ പിടിച്ച ഒരു പ്രേമം ഉണ്ടാവില്ലല്ലോ.

പക്ഷേ ചാള്‍സിനു മിണ്ടാട്ടമില്ലായിരുന്നു. വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചുചോദിച്ചിട്ടും അവന്‍ ഒന്നും പറഞ്ഞില്ല. കടപ്പുറത്തെ പ്രായം‌മൂത്ത കരപ്രമാണിമാരോടും ചാള്‍സ് ഒന്നും പറഞ്ഞില്ല. വീട്ടിനകത്തുതന്നെ ചടഞ്ഞിരിപ്പായി. ഒടുവില്‍ വികാരിയച്ചന്‍ ചാള്‍സിനെ വാടിപ്പള്ളിയിലോട്ടുവിളിപ്പിച്ചു. കയ്യില്‍പ്പിടിച്ചുകൊണ്ടുപോയി കുമ്പസാരക്കൂട്ടില്‍ മുട്ടുകുത്തി നിറുത്തി. ഇരുട്ടറയിലിരുന്ന് ചാള്‍സ് മടിച്ചുമടിച്ച് തന്റെ മനസുതുറന്നു. അവനു പ്രണയം കടലിനോടാണെന്ന്. കടലിനും അവനോട് പ്രണയമാണെന്ന്. അവനു ജീവിതത്തില്‍ വേറൊരു പെണ്ണിനെയും കെട്ടാന്‍ പറ്റില്ലപോലും. ഭ്രാന്തുപറയാതെ എന്ന് വികാരിയച്ചന്‍ കുറെ പറഞ്ഞുനോക്കി. അവന്റെ തലയില്‍ ഓതുവെള്ളം തളിച്ച് അവനു മനശ്ശാന്തികിട്ടുവാന്‍ വികാരിയച്ചന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ ചാള്‍സിന്റെ വാക്കിനു ഒരു ഇളക്കവും ഇല്ലായിരുന്നു. അവനത്രയ്ക്ക് ഉറപ്പായിരുന്നു, കടലിന് അവനോട് ഭയങ്കര പ്രേമമാണെന്ന്. വികാരിയച്ചന്‍ അവന്റെ സമ്മതത്തോടെ കാര്യം അവന്റെ വീട്ടിലും പറഞ്ഞു. അവന്‍ പറഞ്ഞത് ആരും വിശ്വസിച്ചില്ല. എങ്ങനെ വിശ്വസിക്കാനാ. കടപ്പുറത്തുകിടന്ന് വെയിലുകൊണ്ട് പയ്യന്റെ ബോധം പോയതായിരിക്കും എന്ന് വീട്ടുകാര്‍ വിചാരിച്ചു. മകനെ തിരിച്ചുകിട്ടാന്‍ അവര്‍ അമലോല്‍ഭവ മാതാവിന്റെ തിരുമുന്നില്‍ മെഴുകുതിരികള്‍ കത്തിച്ചു, മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അവന്റെ കൂട്ടുകാര്‍ അവനെ ഡാ അരവട്ടാ, കാമുകാ, എന്നൊക്കെ വിളിച്ചു കളിയാക്കി. എന്തായാലും ആളുകളുടെ അപവാദവും സംസാരവും അല്പം കുറഞ്ഞപ്പോള്‍ ചാള്‍സ് വികാരിയച്ചനെയും വിളിച്ച് കടപ്പുറത്തേക്കുപോയി. തീരത്തുനിന്ന് കടലിലേക്ക് നോക്കി ഒന്നും മിണ്ടാതെ നില്‍പ്പായി. കടല്‍ ശാന്തമായി മുരണ്ട് താ‍ളത്തില്‍ തീരത്തേയ്ക്ക് അടിച്ചുകയറി അവരുടെ കാലുനക്കുന്നുണ്ടായിരുന്നു. “എടീ കുരുത്തംകെട്ടോളേ“ എന്ന് ചാള്‍സ് കടലിനെ നോക്കി പയ്യെ വിളിച്ചു. അപ്പോള്‍ അതുവരെ ശാന്തമായിക്കിടന്ന കടല്‍ പെട്ടെന്ന് ഇളകി. രണ്ടു വലിയതിരകള്‍ പൊങ്ങിയുരുണ്ട് കരയിലേക്ക് അടിച്ചുകയറി. തിര പിന്‍‌‌വാങ്ങിയപ്പോള്‍ ഒരു വലിയ നെമ്മീന്‍ കരയില്‍ കിടന്ന് പിടയ്ക്കുന്നുണ്ടായിരുന്നു. വികാരിയച്ചന്‍ നെറ്റിയില്‍ കുരിശുവരച്ച് തിരിച്ചുപോയി. ചാള്‍സ് പിടയ്ക്കുന്ന നെമ്മീനെ വാലില്‍ പിടിച്ചുതൂക്കി വീട്ടിലേക്കു നടന്നു. അതില്‍പ്പിന്നെ നാട്ടുകാര്‍ ചാള്‍സിനെ കല്യാണത്തിനു നിര്‍ബന്ധിക്കാതായി. അല്പം പന്തികേടുതോന്നിയ അവര്‍ അവനെ അധികമൊന്നും വള്ളത്തില്‍ കൂട്ടിനും വിളിക്കാതായി. ചാള്‍സ് കടലില്‍ കൂടുതലും ഒറ്റയ്ക്കുപോയിത്തുടങ്ങി.

മേരിയുടെ കാര്യമായിരുന്നു കഷ്ടം. രാത്രികളില്‍ വിതുമ്പിക്കരഞ്ഞ് അവള്‍ ഉറങ്ങാതെകിടന്നു. ആരും കാണാതെ കടല്‍ത്തീരത്തുപോയി നിന്ന് കടലിലേക്ക് കല്ലുപെറുക്കി എറിഞ്ഞു, കടലിനെ ചീത്തവിളിച്ചു. ചാള്‍സിനെ ഒളിച്ചുനിന്നുകണ്ട് കരഞ്ഞുകെഞ്ചി. മേരി മീന്‍ വില്‍ക്കാന്‍ പോവാതെയായി. അവളുടെ കൊഴുത്ത മേനി ശോഷിച്ചുവന്നു. ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴായിരുന്നു ചാള്‍സിന്റെ വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ പോയത്.

രാത്രി മേരി കടപ്പുറത്ത് ചാള്‍സിന്റെ വള്ളം തിരിച്ചുവരുന്നതുവരെ കാത്തിരുന്നു. പാതിരാത്രിയില്‍ കടലിനെ നെടുകേ കീറിക്കൊണ്ട് ചാള്‍സിന്റെ ഒറ്റക്കൊതുമ്പുവള്ളം കരയ്ക്കണഞ്ഞു. ഒരു വലിയ ചൂരയെ വാലില്‍ പിടിച്ചുതൂക്കിക്കൊണ്ട് ചാള്‍സ് ഒറ്റയ്ക്ക് കുടിലിലേക്കുനടക്കുന്നത് മേരികണ്ടു. വിജനമായ കടല്‍പ്പുറത്ത് കരയ്ക്കുകയറ്റിയിട്ടിരുന്ന വലിയ വള്ളങ്ങള്‍ കറുത്ത ആനകളെപ്പോലെ ചടഞ്ഞുകിടന്നുറങ്ങി. കടലിലേക്ക് വെളിച്ചത്തിന്റെ ഒരു നീണ്ട വെള്ളിവടി പതിയെ ചുഴറ്റിയെറിഞ്ഞുകൊണ്ടിരുന്ന വിളക്കുമാ‍ടത്തിലെ മണ്ണെണ്ണവിളക്കും ആരോ കെടുത്തി. ചാള്‍സ് പിടയ്ക്കുന്ന മീനെയും തൂക്കി അവള്‍ നിന്നതിനു ഒരഞ്ചുവാര അകലെക്കൂടി ഒന്നും മിണ്ടാതെ നടന്നുപോയി. ഇരുട്ടത്ത് അവന്‍ തന്നെ കണ്ടില്ലെന്നും തലകീഴായി തൂങ്ങിക്കിടന്ന മീനിന്റെ പിടയ്ക്കലില്ലായിരുന്നെങ്കില്‍ തന്റെ ഹൃദയം ഊക്കോടെ ഇടിക്കുന്ന മുഴക്കംകേട്ട് ചാള്‍സ് തിരിഞ്ഞുനിന്നേനെ എന്നും അവള്‍ക്കുതോന്നി. ചാള്‍സ് ഒന്നും അറിയാതെ അവന്റെ കുടിലിലേക്കു കയറിപ്പോയി. മിന്നാമിനുങ്ങിനെപ്പോലെ ഒരു മണ്ണെണ്ണവിളക്ക് ദൂരെ അവന്റെ വീട്ടില്‍ മുനിഞ്ഞുകത്തി. മേരി ശബ്ദമുണ്ടാക്കാതെ കരയിലേക്കുനടന്നു. കടല്‍ മുരണ്ടുകൊണ്ടിരുന്നു. മേരി ചുണ്ടനക്കി ശബ്ദമുണ്ടാക്കാതെ ഒരു പ്രാര്‍ത്ഥനപഠിച്ച് പതിയെ നെറ്റിയില്‍ കുരിശുവരച്ചു.

അത്താഴവും കഴിച്ച് വിളക്കണയ്ക്കാന്‍ പോകുകയായിരുന്ന ചാള്‍സ് മുറ്റത്തെ തൊടിയില്‍ ആരോ വെള്ളം കോരി തലവഴിയേ ഒഴിക്കുന്ന ശബ്ദം കേട്ടു. അയല്‍ക്കാരാരും ചാള്‍സിന്റെ വീട്ടിലെ കിണറ്റില്‍ വന്നു കുളിക്കുന്ന പതിവില്ലായിരുന്നു. വീണ്ടും തീപ്പട്ടിയുരച്ച് വിളക്കുതെളിയിച്ച് ചാള്‍സ് ലുങ്കി വാരിച്ചുറ്റിയപ്പോള്‍ കതകു പകുതി തുറന്ന് നനഞ്ഞൊട്ടിയ ഒരു രൂപം വാതിലില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവളുടെ നീണ്ട മുടിയില്‍ നിന്നും വെള്ളം വാര്‍ന്ന് നിലത്തുവീണു തെറിക്കുന്നുണ്ടായിരുന്നു. മനഞ്ഞൊട്ടിയ ജാക്കറ്റില്‍ അവളുടെ മുലകള്‍ ഇറുകിത്തെറിച്ചുനിന്നു. വെള്ളത്തില്‍ കുതിര്‍ന്ന് അവളുടെ വയറിലെ മാംസളമായ മടക്കുകളും അല്പം തടിച്ചുരുണ്ട തുടകളും ആ അരണ്ട വെളിച്ചത്തില്‍ ചാള്‍സിന്റെ മനസ്സില്‍ തീപടര്‍ത്തി. വേഗത്തിലുള്ള ശ്വാസോച്ഛ്വാസവും വിറയ്ക്കുന്ന ചുണ്ടുകളും ചാള്‍സിനോട് അടുത്തടുത്തുവന്നു. മെത്തയില്‍ നിന്ന് പിടഞ്ഞെണീല്‍ക്കവേ ആ രൂപം ഒരു സീല്‍ക്കാരത്തോടെ അവന്റെ മുകളിലേക്കുവീണു.

കടലിന്റെ ഇരമ്പം കനത്തുവന്നു. വേലിയേറ്റത്തില്‍ കടലിന്റെ തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചു. പൊട്ടിയ തറയില്‍ക്കിടന്നു കുലുങ്ങിയ വള്ളിക്കട്ടിലിന്റെ അടക്കിപ്പിടിച്ച ഞരക്കങ്ങള്‍ കടലിന്റെ പ്രഛണ്ഡമായ ഇരമ്പത്തില്‍ കേള്‍ക്കാതെയായി. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികളില്‍ തണുത്ത കടല്‍ക്കാറ്റേറ്റ് ഉപ്പുകനത്തു. ഒരു വലിയ തിര ആകാശം മുട്ടെ പൊങ്ങി കരയിലേക്ക് അടിച്ചുകയറി. തിര പതഞ്ഞുപിന്‍‌വാങ്ങിയപ്പോള്‍ കടല്‍ക്കരയില്‍ മഴപോലെ മത്സ്യങ്ങള്‍ പെയ്തു. ആ‍കാശത്തുനിന്നും വലിയ ശബ്ദത്തില്‍ ഇടിവെട്ടി. മേഘങ്ങള്‍ പിളര്‍ന്ന് അണപൊട്ടിയപോലെ മഴ താഴേയ്ക്കുവീണു. ഞരക്കത്തിന്റെ ആക്കത്തില്‍ കട്ടില്‍ക്കാല്‍ തകര്‍ന്ന് അവളും അവനും നിലത്തേയ്ക്കുവീണു. കെട്ടിമറിഞ്ഞ് ഉന്മാദത്തോടെ മേരി അവന്റെ കവിളും ചുണ്ടും കടിച്ചുമുറിച്ചു. അവളുടെ കയ്യിറുക്കങ്ങളില്‍ കിടന്ന് അവന്റെ വാരിയെല്ലുകള്‍ നുറുങ്ങി. ശ്വാസത്തിന്റെ ഗതിവേഗം കനത്തു. പിടയ്ക്കുന്ന കാലുകളിലേതോ തട്ടി മണ്ണെണ്ണവിളക്ക് നിലത്തുവീണുപൊട്ടി, മണ്ണെണ്ണ നിലത്തുപടര്‍ന്ന് ഒരു വട്ടത്തില്‍ നിന്നു കത്തി, ഒന്ന് ആളിയിട്ട് അണഞ്ഞുപോയി. അവന്റെ മുതുകത്ത് അവളുടെ നഖങ്ങള്‍ നീറുന്ന ചുവന്നവരകള്‍ നീളത്തില്‍ വരച്ചു. മഴ കൂട്ടത്തോടെ ഓലമേഞ്ഞ വീടുകള്‍ക്കുമുകളില്‍ കല്ലുപെറുക്കിയിട്ടു. കടല്‍ ഉഗ്രവാശിയോടെ കരയിലേക്ക് അടിച്ചുകയറി, നിരത്തിയിട്ടിരുന്ന കൂരന്‍ വള്ളങ്ങളെ ലാഘവത്തോടെ നക്കിയെടുത്ത്, ഒന്നുചവച്ച്, വള്ളങ്ങളുടെ തകര്‍ന്ന എല്ലിന്‍‌കൂടുകളെ കരയിലേക്കുതുപ്പി. മേരിയുടെ തടിച്ച ചുണ്ടുകള്‍ക്കുള്ളില്‍ ചാള്‍സിന്റെ ചുണ്ടുകള്‍ മൌനം പൂണ്ടു. അവളുടെ ആവേശാഹ്ലാദങ്ങളില്‍ സപ്തനാഡികളും തളര്‍ന്ന് നനഞ്ഞുവിടര്‍ന്ന മുടിയ്ക്കും വള്ളിപോലെ പടര്‍ന്ന കൈകള്‍ക്കും ഉയര്‍ന്നുതാണ ശരീരത്തിനുമുള്ളില്‍ ചാള്‍സ് തളര്‍ന്നുകിടന്നു. രാവുവളര്‍ന്നപ്പോള്‍ പിടയ്ക്കുന്ന ഹൃദയവും ചിരിക്കുന്ന ചുണ്ടുകളുമായി മുടിവിടര്‍ത്തിയിട്ട് മുണ്ടുമുറുക്കിയുടുത്ത് മഴയത്ത് നനഞ്ഞൊട്ടി പലയിടത്തും കീറിയ ജാക്കറ്റ് ഊരി കയ്യില്‍ പിടിച്ച് മേരി അലസമായി തന്റെ വീട്ടിലേക്കു തെന്നിനടന്നു. തണുത്ത മഴത്തുള്ളികള്‍ അവളുടെ തളര്‍ന്ന മുലഞെട്ടുകളില്‍ മുത്തി പൊട്ടിച്ചിരിച്ചു. തണുത്ത നിലത്തുനിന്നും കൈകുത്തി എണീറ്റ് നനഞ്ഞ ഇരുട്ടത്ത് കുത്തിയിരുന്ന് തലയില്‍ കൈകള്‍ പിണച്ചുവെച്ച് ചാള്‍സ് വാവിട്ടുകരഞ്ഞു. മഴ അവന്റെ കരച്ചില്‍ മുക്കിക്കളഞ്ഞു. പതിയെ മഴചാറി. ആകാശം ശാന്തമായി. നക്ഷത്രങ്ങള്‍ വീണ്ടും തെളിഞ്ഞു. കടല്‍ത്തീരത്തേയ്ക്ക് ഓടിയടുത്ത ആളുകള്‍ കുടിലുകളിലേക്ക് തിരിച്ചുപോയി. കടല്‍ മാത്രം രാത്രിമുഴുവന്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു. ഉറക്കത്തിലും മേരി ഇടയ്ക്കിടെ ചിരിച്ചുകൊണ്ടിരുന്നു.

“അങ്ങനെയാ മോളേ സ്ത്രീയുടെ ശക്തി. ഒരുമ്പെട്ട പെണ്ണിനെ കിടക്കയില്‍ തടഞ്ഞുനിറുത്താന്‍മാത്രം മനക്കട്ടിയുള്ള ഒരു പുരുഷനും ഈ ലോകത്തുജനിച്ചിട്ടില്ല“. ഇതുകേട്ട് ശരിയാണെന്ന് തലകുലുക്കിയ എന്റെ കൈത്തണ്ടയില്‍ ഗീതയുടെ ചായം പുരട്ടി കൂര്‍പ്പിച്ച നഖങ്ങള്‍ കുത്തിക്കയറി. മറിയാമ്മച്ചേച്ചി കഥ തുടര്‍ന്നു.

മൂന്നുനാലു ദിവസങ്ങള്‍ക്കുശേഷം കടല്‍ അടങ്ങിയപ്പോള്‍ ആളുകള്‍ വള്ളങ്ങള്‍ നന്നാക്കി വീണ്ടും കടലില്‍ പോയിത്തുടങ്ങി. ചാള്‍സ് മാത്രം ഒന്നും മിണ്ടാതെ, ഒന്നും കഴിക്കാതെ വീട്ടില്‍ത്തന്നെ ഇരിപ്പായി. ആരും വിളിച്ചിട്ട് അവന്‍ കടലിലേക്കു വന്നില്ല. കടല്‍ എന്നുകേള്‍ക്കുമ്പോള്‍ എന്തോ ഒരു പേടിയായിരുന്നു അവന്. ഒരു വിറയലും നടുങ്ങലും. ഒരാഴ്ച്ചകഴിഞ്ഞ് കടപ്പുറത്ത് മീന്‍ കൊണ്ടുപോവാന്‍ വന്ന ഒരു ലോറിഡ്രൈവറുമായി ചാള്‍സ് സംസാരിച്ചുനില്‍ക്കുന്നത് ആളുകള്‍ കണ്ടു. ലോറിയുടെ ക്ലീനറായി കടലില്‍ നിന്നും ദൂരെ ചെങ്കോട്ട ചുരവും കഴിഞ്ഞ് മലകളിലേക്കുപോവാനായിരുന്നു ചാള്‍സിനു താല്പര്യം. എന്നാല്‍ ആളുകള്‍ നിര്‍ബന്ധിച്ച് പിടിച്ചുവലിച്ച് ചാള്‍സിനെ വീണ്ടും കടലിലിറക്കി. ചാള്‍സ് ആവുന്നതും ശ്രമിച്ചുനോക്കി, പക്ഷേ മൂത്തവരുടെ വാക്കിന് അവിടെ മറുവാക്കില്ലായിരുന്നു. മഴപെയ്തൊഴിഞ്ഞ കടലിന്റെ തണുത്ത മേല്‍ക്കൂരയിലേക്ക് മത്സ്യങ്ങള്‍ ശ്വാസമെടുക്കാന്‍ കൂട്ടത്തോടെ കയറിവന്നു. എല്ലാ വള്ളങ്ങളിലും അന്ന് നല്ല കോളായിരുന്നു. എന്നാല്‍ ചാള്‍സിന്റെ വള്ളത്തില്‍ മാത്രം മീനൊന്നും കിട്ടിയില്ല. മീനൊന്നുമില്ലാതെ കയറിവന്ന കൂറ്റന്‍ വലകണ്ടപ്പോള്‍ കടല്‍ തന്നോട് കളിക്കുവാണെന്ന് ചാള്‍സിനു തോന്നി. ആളുകള്‍ക്കും എന്തോ സംശയം തോന്നാതിരുന്നില്ല, എന്നാലും “ഒരു മാസം പട്ടിണി കിടന്നാലും ചാള്‍സേ, ഞങ്ങള്‍ നിന്റെ കൂടെയേ വള്ളമിറക്കുന്നുള്ളൂ“ എന്ന് അവര്‍ പറഞ്ഞു. പട്ടിണികിടന്നാലും കടപ്പുറത്തുള്ളവര്‍ അഭിമാനം വിടില്ലായിരുന്നു.

വള്ളക്കാര്‍ ചിരിച്ചുകൊണ്ട് പിരിഞ്ഞെങ്കിലും ആദ്യമായി കടല്‍ തന്നെ ചതിച്ചത് ചാള്‍സിനു സഹിക്കാന്‍ പറ്റിയില്ല. രാത്രി കടലോരത്തെ ആരവങ്ങള്‍ ഒടുങ്ങിയപ്പോള്‍ അവന്‍ വല്ലാത്തൊരുവാശിയോടെ കൊതുമ്പുവള്ളവും തള്ളി കടലിലേക്ക് ഒറ്റയ്ക്കുപോയി. മേരി ഒരു തെങ്ങിന്റെ പിന്നില്‍ ഒളിച്ചുനിന്ന് ശബ്ദമുണ്ടാക്കാതെ വിതുമ്പി. കടല്‍ ഇളകാതെ ശാന്തമായി മൂളി. വികാരങ്ങളില്ലാത്ത കടല്‍. പരത്തി വലയെറിഞ്ഞ് അല്പനേരത്തിനുശേഷം ചാള്‍സ് വല വലിച്ചപ്പോള്‍ മത്സ്യങ്ങളൊന്നും ഇല്ലായിരുന്നു. “എടീ കുരുത്തംകെട്ടോളേ“ എന്നുവിളിച്ച് ചാള്‍സ് വീണ്ടും വീണ്ടും വലയെറിഞ്ഞു. കൈ നീട്ടി കടലിന്റെ മുഴുപ്പുകളില്‍ പതിയെ തഴുകി. വിരലുകള്‍ താഴ്ത്തി കടലിന്റെ മുടി കോതിക്കൊടുത്തു. “കുറുമ്പീ” എന്നുവിളിച്ച് വള്ളത്തില്‍ നിന്ന് കടലിലേക്ക് ഉയര്‍ന്നുചാടി കടലിന്റെ തിരകളില്‍ തന്റെ കുറ്റിത്താടിവളര്‍ന്ന മുഖമുരുമ്മി ഉമ്മവെച്ചു. കടലിനു ഭാവഭേദങ്ങളൊന്നും ഇല്ലായിരുന്നു. തിരകളില്ലാത്ത അനന്തമായ കടല്‍. കാല്‍നഖങ്ങളിലൂടെ തലമുടിയിലേക്ക് അരിച്ചുകയറുന്നത്ര ശാന്തത. “നീ ഒന്നു പൊറുക്കെടീ, ഒരു കയ്യബദ്ധം പറ്റിയതല്ലേ” എന്ന് ചാള്‍സ് കിന്നാരംപറഞ്ഞു. എപ്പൊഴോ തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ കരയില്‍ നിന്നും വളരെ ദൂരെയെത്തിയിരുന്നു. അവനു നൂറുവാര മുന്‍പില്‍ കടല്‍ ഇരുണ്ടു. ചെറിയ മത്സ്യങ്ങളുടെ ഒരു വലിയ കൂട്ടം ദൂരേയ്ക്കു ദൂരേയ്ക്കു പോവുകയാണ്. “എടീ അസത്തേ“ എന്നുവിളിച്ച് ചാള്‍സ് മീന്‍ കൂട്ടത്തിനുനേരെ വള്ളം തുഴഞ്ഞു. നെറ്റിയില്‍ വിയര്‍പ്പുമണികള്‍ കുരുത്തു. മത്സ്യങ്ങള്‍ അകന്നകന്നുപോയി. നീട്ടി വലയെറിഞ്ഞിട്ടും വലയില്‍ വീണ്ടും ഒന്നും തടഞ്ഞില്ല. ചാള്‍സിന്റെ മുഖം ഇരുണ്ടു, “വലിയ ശീലാവതിയാണെന്നാണു ഭാവം”. ശാപവചനങ്ങള്‍ ഉരുവിട്ടുകൊണ്ട് അവന്‍ വീണ്ടും കടലില്‍ ചാടി. അവന്റെ ദേഹത്തെ മുട്ടിയുരുമ്മി വലിയ മത്സ്യങ്ങള്‍ കടന്നുപോയി. വലയില്‍ മാത്രം ഒന്നും കുടുങ്ങുന്നില്ലായിരുന്നു. പിന്നില്‍ ഒരു വലിയ സ്രാവിന്റെ കണ്ണുതിളങ്ങുന്നതുകണ്ട് ചാള്‍സ് വള്ളത്തില്‍ കയറി, വല തയ്യാറാക്കി.

സ്രാവ് വള്ളത്തിനു രണ്ട് വട്ടം ചുറ്റി മുന്‍പിലെത്തി. സ്രാവിന്റെ വാല് വെള്ളത്തിനു മുകളില്‍ ചിത്രങ്ങള്‍ വരച്ചു. എവിടെനിന്നെന്നില്ലാതെ വായുവില്‍ ഒരു വലിയ തിരണ്ടി കുതിച്ചുചാടി. ഇത്രയും ഭീമാകാരനായ തിരണ്ടിയെ ചാള്‍സ് മുന്‍പ് കണ്ടിട്ടില്ലായിരുന്നു. വായുവില്‍ ചാരനിറത്തിലുള്ള വലിയ കപ്പല്‍ പായകളെപ്പോലെ അതിന്റെ ചിറകുകള്‍ വീശിയടിച്ചു. വഴുവഴുത്ത ചിറകുകളില്‍ ഒട്ടിപ്പിടിച്ചിരുന്ന കക്കകളും വെള്ളത്തുള്ളികളും ചാള്‍സിന്റെ മുഖത്തേയ്ക്ക് ചിതറിവീണു. തലയ്ക്കുമുകളിലൂടെ തെന്നിനീങ്ങിയ തിരണ്ടിയുടെ അടിവയറ് ചന്ദ്രനെ മറച്ചു. തിരണ്ടി ചാട്ടവാറുപോലെ വാല് വായുവില്‍ ചുഴറ്റി പുളയുന്ന ശബ്ദം പുറപ്പെടുവിച്ചു. ഇരയെക്കണ്ട് സ്രാവും കടലില്‍ നിന്ന് വായുവിലേക്കു കുതിച്ചുചാടി. അതിന്റെ ഇരുണ്ട ഒതുക്കമുള്ള ദേഹം നിലാവില്‍ പതിയെ നീങ്ങി. അനായാ‍സമായി ശരീരം വായുവില്‍ ചലിപ്പിച്ച് സ്രാവ് ഒന്നുപുളഞ്ഞ് അതിന്റെ കോമ്പല്ലുകള്‍ നിറഞ്ഞ വായ തുറന്നു. പറന്നുവരുന്ന തിരണ്ടിയുടെ ചിറകിനെ ലക്ഷ്യമാക്കി സ്രാവ് ആഞ്ഞുകടിച്ചു. ഇതേ സമയം തിരണ്ടി വീണ്ടും വാല് വിപരീതദിശയില്‍ ചുഴറ്റി സ്രാവിന്റെ ശരീരത്തിന്റെ മദ്ധ്യഭാഗത്ത് വാലുകുത്തിയിറക്കി. സ്രാവിന്റെ ഉടല്‍ പിളര്‍ന്നു. ചോര കട്ടിയുള്ള ഒരു ധാരയായി ചാള്‍സിന്റെ മുഖത്തേയ്ക്കു ചീറ്റി. അല്പം നേരത്തേയ്ക്ക് കണ്മുന്‍പില്‍ ചുവപ്പുമഴ മാത്രമേ കാണാനായുള്ളൂ. കണ്ണുതുടച്ച് ഉപ്പു‌വെള്ളം കോരി മുഖം കഴുകി കണ്ണുതുറന്നുനോക്കുമ്പോള്‍ സ്രാവോ തിരണ്ടിയോ ഇല്ലായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും ചുവന്നുകത്തി. കണ്ണെത്താവുന്ന ദൂരത്തോളം ചുവപ്പ്. കടല്‍ വീണ്ടും ശാന്തമായി, ഒന്നും അറിയാത്തതുപോലെ ചുവന്നുകിടന്നു. കടലിനു മുകളില്‍ ജലം തൊട്ട് രണ്ടു ചുവന്ന കടല്‍ക്കാക്കകള്‍ പറന്നു. കണ്ണുകള്‍ക്കുമുന്‍പില്‍ മത്തികള്‍ ചാടിമറിഞ്ഞു. അല്പം മുന്‍പില്‍ വെള്ളം ഒരു ചുഴിയില്‍ വട്ടം കറങ്ങി.

ഒരു ചുഴി കണ്ടാല്‍ അതില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറണം എന്ന് കടലില്‍ ഒരുമാസം പിന്നിട്ട മുക്കുവര്‍ക്കുപോലും അറിയാം. ഇതാവട്ടെ, ഒരു ചെറിയ ചുഴിയുമായിരുന്നു. ഭീമാകാരമായ ചുഴികളില്‍ പോലും ചുഴിയുടെ കറക്കത്തിന്റെ പ്രതിബലം കൊണ്ട് വള്ളത്തെ ദൂരേയ്ക്കു തെന്നിത്തെറിപ്പിക്കുവാന്‍ മിടുക്കനായിരുന്നു ചാള്‍സ്. പക്ഷേ ചാള്‍സ് തുഴ എറിഞ്ഞുകളഞ്ഞ് “എടീ പിഴച്ചവളേ, നിനക്കെന്താടീ വേണ്ടത്?” എന്നുചോദിച്ച് വള്ളത്തില്‍ നെട്ടനെ ഉയര്‍ന്നുനില്‍ക്കുകയാണുചെയ്തത്. ചന്ദ്രന്റെ ചോപ്പില്‍ ചാള്‍സ് ഒരു ശക്തനായ കല്പ്രതിമയെപ്പോലെ കൈകള്‍ പിണച്ചുനിന്നു. ദൂരെയുള്ള വള്ളക്കാര്‍ ചാള്‍സ് തുഴ ദൂരെയെറിയുന്നതുകണ്ട് കൂവിവിളിച്ചു. പതിയെ വള്ളം ചുഴിയുടെ അടുത്തെത്തി. ചാള്‍സിന്റെ മുഖം നിര്‍വ്വികാരമായിരുന്നു. അവന്റെ കണ്ണുകള്‍ മയങ്ങിമലര്‍ന്നിരുന്നു. നീണ്ടനെറ്റിയില്‍ ചുളിവുകള്‍ വീണ് വിയര്‍പ്പുതുള്ളികള്‍ പടര്‍ന്നു. പതിയെ ഒരു കാന്തത്തോടെന്നപോലെ ചുഴിയോടടുത്ത വള്ളത്തില്‍ ചാള്‍സിന്റെ ഒരു രോമം പോലുമനങ്ങിയില്ല. ചാള്‍സ് എറിഞ്ഞുകളഞ്ഞ തുഴയെയും പൊങ്ങിവന്ന കടല്‍പ്പായലിനെയുമെല്ലാം ചുഴി കൊടിയവിശപ്പോടെ വിഴുങ്ങുന്നുണ്ടായിരുന്നു. ചുഴിയില്‍ നിന്ന് ഒരു തിരമാത്രമുയര്‍ന്ന് കൈകള്‍ വിടര്‍ത്തി പുണരാനടുക്കുന്ന നീണ്ടമുടിയുള്ള കാമുകിയെപ്പോലെ ചാള്‍സിന്റെ വള്ളത്തില്‍ അടിച്ചുകയറി, അവന്റെ കാല്‍പ്പാദവും തുടകളും വയറും നെഞ്ചും തോളുകളും ചുണ്ടും നെറ്റിത്തടവും നനച്ചു. അതുവരെ പതിയെ ചുഴിയോടടുത്ത വള്ളം പെട്ടെന്ന് ചുഴിയില്‍ വീണ് അതിവേഗത്തില്‍ കറങ്ങി ചാള്‍സിനെ തെറിപ്പിച്ചു. ചാള്‍സും വള്ളവും ഒന്നുകൂടിക്കറങ്ങി താഴേയ്ക്കുതെന്നിവീണ് അപ്രത്യക്ഷമായി. കടല്‍ തിരകളില്ലാതെ, നിര്‍വ്വികാരമായി പതിയെ ഇളകി.

ചാള്‍സ് ചുഴിയില്‍പ്പെട്ട കാര്യം ദൂരെനിന്നുകണ്ട മറ്റുവള്ളക്കാര്‍ കൂവി ആര്‍ത്തുവിളിച്ച് ആളെക്കൂട്ടി. വള്ളക്കാര്‍ കടലിന്റെ അടിത്തട്ടുവരെ മുങ്ങി ചാള്‍സിനെ തിരഞ്ഞു. അവര്‍ വലയിട്ട് കടലിലെമ്പാടും ദിവസങ്ങളോളം ചാള്‍സിനെ വെള്ളത്തില്‍ തിരഞ്ഞു. നല്ല നീന്തല്‍ക്കാരനായ ചാള്‍സ് അങ്ങനെ മുങ്ങിമരിക്കില്ല എന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ആ പ്രതീക്ഷ നേര്‍ത്തുനേര്‍ത്തുവന്നു. പള്ളിയില്‍ മെഴുകുതിരികത്തിച്ച് ആളുകള്‍ രാവും പകലും കാവലിരുന്നു. സ്ത്രീകള്‍ കരഞ്ഞുവിളിച്ച് കൊന്തപഠിച്ചു. ഒടുവില്‍ അവന്റെ ശരീരമെങ്കിലും കിട്ടിയാല്‍ മതിയെന്ന് ആളുകള്‍ പ്രാര്‍ത്ഥിച്ചു. ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ചാള്‍സിന്റെ പൊടിപോലും കരയ്ക്കടിഞ്ഞില്ല. ചാള്‍സിനാ‍യി സിമിത്തേരിയില്‍ കുത്തിയ കുഴിമാടം മഴവെള്ളം നിറഞ്ഞ് ഒഴിഞ്ഞുകിടന്നു. കുഴിമാടത്തിനുമുന്നില്‍ ചെളിവെള്ളത്തില്‍ ജമന്തിപ്പൂക്കള്‍ തളംകെട്ടി.

മേരിയുടെ കാര്യമായിരുന്നു കഷ്ടം. മുടി പറിച്ച് അലറിക്കരഞ്ഞ് അവള്‍ പള്ളിമേടയില്‍ തലയിട്ടടിച്ചു. രാത്രികളില്‍ ഉറക്കമില്ലാതെ വള്ളങ്ങളിലും കടല്‍ത്തീരത്തും അവള്‍ ചാള്‍സിനെത്തിരഞ്ഞു. ചാള്‍സിനെ കാണാതായി മൂന്നാം നാള്‍ മേരി കടലില്‍ ചാടി. അല്പം നേരം മുങ്ങിയും പൊങ്ങിയും മേരി കയ്യും കാലുമിട്ടടിച്ചു. ആളുകള്‍ കടലിലേയ്ക്ക് മേരിയെ രക്ഷിക്കാന്‍ ചാടുന്നതിനു മുന്‍പേതന്നെ ഒരു വലിയ തിര ഇരമ്പിയുയര്‍ന്ന് മേരിയെ അടിച്ച് കരയിലേയ്ക്കിട്ടു. അവള്‍ കടല്‍ത്തീരത്തുകിടന്ന് ശ്വാസം കിട്ടാനായി അണച്ചു. “എടീ കള്ളീ, നിന്നെ ഞാന്‍ വെച്ചേക്കില്ല, എനിക്കെന്റെ ജീവനെത്താടീ“ എന്ന് കടലിനെനോക്കി അലറിവിളിച്ചു. പെണ്ണുങ്ങള്‍ മേരിയെ പിടിച്ചുവലിച്ച് അവളുടെ വീട്ടില്‍ കൊണ്ടുപോയി.


മേരി ഒരാഴ്ച്ചകഴിഞ്ഞ് വീണ്ടും കടലില്‍ ചാടി. ഫലം മുന്‍പത്തേതുതന്നെ ആയിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം തേങ്ങാവെട്ടുന്ന വെട്ടുകത്തിയുമെടുത്ത് മേരി വീണ്ടും കടലില്‍ ചാടി. കടല്‍ മേരിയെ വലിച്ച് ഏറെ ഉള്ളിലേക്കുകൊണ്ടുപോയി. കടലില്‍ കിടന്ന് മേരി ശ്വാസം കിട്ടാതെ കയ്യും കാലുമിട്ടടിച്ചു. ഉപ്പുവെള്ളം അവളുടെ ശ്വാസകോശങ്ങളില്‍ നിറഞ്ഞു. ഒരു തിര വന്ന് മേരിയെ വീണ്ടും കരയോടടുപ്പിച്ചു. ശ്വാസം കിട്ടാന്‍ മേരി പാടുപെടുകയായിരുന്നു. അപ്പോള്‍ കടലിനെ കീറിക്കൊണ്ട് വായുവില്‍ വെള്ളിവാലു ചുഴറ്റി ഒരു ഭീമാകാരനായ തിരണ്ടി ഉയര്‍ന്നുചാടി. അതിന്റെ മിനുസമുള്ള വെളുത്ത വയറ് അവളുടെ മുഖം ഉരുമ്മി കടന്നുപോയി. തിരണ്ടിവാല് വായുവില്‍ ഒന്നു ചുഴന്ന് ഒരു സീല്‍ക്കാരശബ്ദത്തോടെ മേരിയുടെ മേല്‍ ആഞ്ഞടിച്ചു. അവളുടെ ഇടനെഞ്ചുമുതല്‍ തുടവരെ തിരണ്ടിവാല്‍ വീണ് വിണ്ടുകീറി. നൂറായിരം ചാട്ടവാറടിയേറ്റതുപോലെ മേരി അലറിക്കരഞ്ഞ് ബോധമറ്റുവീണു.

അവള്‍ക്ക് ഓര്‍മ്മവന്നപ്പോള്‍ മേരി ആശുപത്രിയിലായിരുന്നു. മുറിവുകളില്‍ പഞ്ഞിയും മരുന്നും വെച്ചുകെട്ടിയിരുന്നു. മേരി പിന്നീട് കടലില്‍ ചാടിയില്ല. കടല്‍ എന്നുകേള്‍ക്കുമ്പൊഴേ മേരിക്ക് പേടിയായി. അവള്‍ കരയിലിരുന്ന് ശാപവാക്കുകളുതിര്‍ത്തു. കടല്‍പ്പുറത്തെ പല കഥകളില്‍ മേരിയുടെ കഥയും പതിയെ തേഞ്ഞുമാഞ്ഞുപോയി. എങ്കിലും ഇന്നും കടലുകോപിക്കുമ്പോള്‍ പഴമക്കാര്‍ മേരിയുടെ കഥപറയുന്നു.

“മക്കളേ, കടപ്പുറത്തെ കഥകള്‍ വെച്ചുനോക്കുമ്പോള്‍ ഇന്നത്തെ പ്രണയമൊന്നും പ്രണയമല്ല. വെറുതേ കുറേ കാശുകിട്ടുമ്പോള്‍ അതിന്റെ അഹങ്കാരത്തില്‍ നിങ്ങളും പ്രേമിക്കുന്നു, കെട്ടുന്നു, അതു തകരുമ്പൊ മറ്റൊരാളെ പ്രേമിക്കുന്നു, കെട്ടുന്നു“. ചേട്ടത്തി പിന്നെയും എന്തൊക്കെയോ പറഞ്ഞ് പരിഭവിച്ചും പിറുപിറുത്തും ഇരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ തലയില്‍ കയറിയില്ല. മരവിച്ച തലയും താഴ്ത്തിപ്പിടിച്ച് ഞങ്ങള്‍ കാറിലേയ്ക്കുനടന്നു. ഗീത ഷാളുകൊണ്ട് മുഖം മറച്ച് മെല്ലെ വിതുമ്പുന്നുണ്ടായിരുന്നു.

1 comment:

സതീശ് മാക്കോത്ത് | sathees makkoth said...

സിമി,അഭിനന്ദനങ്ങള്‍! ഞാന്‍ ബൂലോകത്തില്‍ വായിച്ചിട്ടുള്ള നല്ല കഥകളില്‍ ഒന്ന് തന്നെ ഇത്.

Google