സിമിയുടെ ബ്ലോഗ്

9/18/2010

പുലപ്പേടി

പുലപ്പേടി (സെൻസേർഡ്, പാതി-മറോട്ടിക്ക്, 2-ആം പതിപ്പ്)

*മാളു*: ഞാൻ നങ്ങേത്തെ മാളുവമ്മ. മാളൂ എന്നു വിളിച്ചോളൂ. ഇപ്പോൾ ഞാനൊരു കുട്ടിച്ചാത്തനെ വായിലാക്കുകയാണ്.

മാളം മുമ്പോട്ടുവന്ന് പാമ്പിനെ വിഴുങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇടുങ്ങിവന്നു പാമ്പിന്റെ കഴുത്തിൽക്കടിച്ച് ശ്വാസം മുട്ടിക്കുന്നത്? പുളഞ്ഞുപുളഞ്ഞ് വിറച്ച് പാമ്പ് ശ്ശ്ശ് എന്ന ശബ്ദത്തോടെ മാളത്തിനകത്താകുന്നത്? പാമ്പിനെ ഉള്ളിലാക്കുമ്പോൾ മാളം നൊട്ടിനുണയുന്നത്? കുട്ടിച്ചാത്തനെ ഉള്ളിലെടുത്തപ്പോൾ ഇവിടെ അങ്ങനെയാണു തോന്നിയത്. പാമ്പ് പഴയ രൂപകമാണ്. നസ്രാണികളുളുടെ മുത്തച്ഛനായ ആദാം സ്വർഗ്ഗത്തിലായിരുന്നത്രേ. അവിടെ ആദാമിന്റെ പാമ്പാണ് ചതിപറ്റിക്കുന്നതെന്നാണ് വട്ടിക്കാരി നാണിയമ്മ പറഞ്ഞത്. മാർഗ്ഗം കൂടി നസ്രാണികളായതീപ്പിന്നെയാണ് നാണിയമ്മ മുറം വിറ്റുതുടങ്ങിയത്. അതിനും മുന്നേ അവർക്കു തൊടിയുടെ അയലത്തു കേറിക്കൂടായിരുന്നു. മിടുക്കിയാണ്. അതല്ലേ ചാടിക്കേറി നസ്രാണിച്ചിയായത്. അവർക്കറിയാത്തതൊന്നുമില്ല. അടുക്കളക്കാരി നീലിപ്പെണ്ണ് സർപ്പക്കാവില് ചെമപ്പു വരയൻ പാമ്പിനെക്കണ്ട് മോഹാലസ്യപ്പെട്ടുവീണൂന്നു കേട്ടപ്പൊഴേ നാണിയമ്മ പറഞ്ഞു പച്ചപ്പൊളിയാന്ന്. അവളു ബോധം കെട്ടത് ആ പാമ്പിനെക്കണ്ടല്ലാത്രേ. പറഞ്ഞിട്ടെന്താ, പെണ്ണിനു വയറുപൊങ്ങി. പിന്നെ അപ്ഫൻ മന്ത്രവാദിയെക്കൊണ്ടു തല്ലിച്ചു, വൈദ്യരെക്കൊണ്ടുവന്നു, മരുന്നുകൊടുവിച്ചു, അവള് വയറുപൊട്ടിച്ചത്തുപോയി. നീലിപ്പെണ്ണിനെ കത്തിച്ചില്ല, പറമ്പിന്റെ മൂലയ്ക്ക് കുഴിച്ചിട്ടു. രാത്രി ഇറങ്ങിനടന്നാൽ നീലിപ്പെണ്ണ് അവളുടെ നീലപ്പുള്ളിനാക്കുനീട്ടി ഹിസ്സ് എന്നു പറയുമത്രേ. എന്നാലും പാമ്പുകളെനെപ്പറ്റി ഇനി മാളു പറയൂല്ല.

*ചാത്തൻ*: ഏമാ, അടിയൻ ചാത്തൻ. ചാത്തമ്പൊലയൻ. അടിയനെ കുരങ്ങിട്ട തള്ളേടെ പേര് നാണി. അടിയന്റെ തത്തക്കിടാത്തന്റെ പേര് അറിയില്ല. കൃത്യം പറഞ്ഞാ രണ്ടു ചാത്തന്മാരുണ്ട്. ചാത്തനും കുട്ടിച്ചാത്തനും. ഏമാ, ഇപ്പൊ കുട്ടിച്ചാത്തൻ കെണിയിലാണ്. ചെന്നു തലവെച്ചുകൊടുത്തതാണ്. ചാത്തനെ കൊല്ലാമ്പറ്റൂല്ല. തല്ലിയാലും കരിങ്കല്ലെടുത്തു കല്ലെടുത്തു തച്ചാലും ചാത്തൻ ചാവൂല്ല. എത്ര തല്ലുകൊണ്ടതാന്നറിയാമോ ഏമാ. പക്ഷേങ്കില് എന്താ ചാത്തൻ ചാവാത്തെ എന്ന് ഇപ്പൊഴാ അടിയന്റെ പഴബുദ്ധിയില് തെളിഞ്ഞുവന്നത്. ചാത്തന്റെ ജീവനിരിക്കുന്നത് കുട്ടിച്ചാത്തന്റെ തുമ്പത്താ ഏമാ. അതിപ്പൊഴാ ചാത്തനു മനസിലായെ ഏമാ.

ഏമാ, ഇപ്പൊ ചാത്തനെ കെട്ടിയിട്ടേക്കണ്. ചാത്തന്റെ മാളുവമ്മ കെട്ടിയിട്ടേക്കണ്. ഏമാനു വേണേൽ ഇപ്പൊ അവളെ തൊടാം. പക്ഷേങ്കില് കെട്ടഴിയുമ്പൊ ഏമാന്റെ കൊരവള്ളി ചാത്തനെടുക്കും. മാളു ചാത്തന്റെ പെണ്ണാ ഏമാ. അവളെ നോക്കുന്നതേ അപകടമാ. ചാത്തൻ പെശകാ ഏമാ, പക്ഷേ അവള് ചാത്തനെ കെട്ടിയിട്ടു. എണ്ണ മണക്കുന്ന അവളുടെ മുടിയില് ഇറുക്കിപ്പിടിക്കാന് ഏന്റെ കൈ വെറയ്ക്കുന്നു ഏമാ. ചാത്തനെ അവള് തെങ്ങില് കെട്ടിയിട്ടേക്കണ്. അടിയന്റെ കൈകള് വളച്ച് കെട്ടിയേക്കണ്. കാലെടുത്ത് ചാത്തൻ അവളുടെ തോളേല് കേറ്റിവെച്ചതാ. അവള് കാലുപിടിച്ചു വിടർത്തി. ഏന്റെ പ്രാണൻ ഇറങ്ങിപ്പോവുന്നേമാ. എന്റെ ചങ്ക് കുട്ടിച്ചാത്തന്റെ ഉള്ളിലിരുന്ന് പെടയ്ക്കുന്ന്. എന്നെ തുറന്നുവിടേമാ. അവളെന്റെ വാരിയെല്ലു കടിക്കുന്നു. പാടത്തെ വിയർപ്പ് നക്കിയെടുക്കുന്നു, രോമങ്ങള് ഉരുട്ടിക്കളിക്കുന്നു. നില്ലേമാ, നില്ല്, അവള് ചിരിക്കുന്നു. എന്തോ ചോദിക്കുന്നു. അവളുടെ നുണക്കുഴി വിടരുന്ന കണ്ടോ ഏമാ? കൊളത്തില് താമരവിരിയുന്നപോലല്ലേമാ?

*ചാത്തനും മാളുവും നിൽക്കുന്ന പൊന്തക്കാട്ടിനു ഏകദേശം രണ്ടുവാര അകലെക്കിടക്കുന്ന മൂർഖൻ പാമ്പിന്റെ ദൃക്‌സാക്ഷി വിവരണം*: തന്റെ തടിച്ച ചുണ്ടുകൾ വിടർത്തി, സുന്ദരമായ കവിളുകളിൽ നാണത്തിന്റെ നുണക്കുഴികൾ വിരിയിച്ചുകൊണ്ട് , ഒരു നായത്തിയുടെ എല്ലാ ആഭിജാത്യത്തോടെയും വിനയത്തോടെയും കാമത്തോടും കൂടി മാളു പറയുന്നു. (നായത്തിയടക്കം എല്ലാ മനുഷ്യന്റെയും ആഭിജാത്യവും വിനയവും നാണവും കാ‍മവും പൊളിയാണ്. വിശ്വസിക്കാൻ കൊള്ളാത്ത വഹ. അല്പം പാലുതരുന്നതു മാത്രമുണ്ട് മേന്മ. ഇനി ഇത്തരം വർണ്ണനകൾ എനിക്കുവയ്യ. ഞാൻ പത്തിതാഴ്ത്തി കിടക്കാൻ പോവുന്നു. മണ്ണിലൂടെ കേൾക്കുന്നതു മാത്രം എഴുതാം).

ചാത്തോ
“ആഹ്”
എന്റെ ചാത്തോ
ഊഉയ്,
ചാത്തനെന്നെ മുന്നേ കണ്ടിട്ടുണ്ടോ?
ഉമ്മ്മ്മ്
എപ്പൊഴാ ചാത്തനെന്നെ കണ്ടേ?
മുണ്ടാണ്ട് @#$% (ഒരു വഷളൻ തെറിയാണ് ആ മനുഷ്യൻ പറഞ്ഞത്. കേൾക്കുന്ന തെറികളൊക്കെ ആവർത്തിക്കാൻ എനിക്കു മനസ്സില്ല. സ്സ്)

*ചാത്തൻ*: ഏനൊരു പാവമാ ഏമാ. എന്തൊരു ആവേശത്തോടെയാ ഏനതു പറഞ്ഞെ, എന്നിട്ടും തമ്പ്രാട്ടിക്കുട്ടീന്റെ പൂമൊകം അരണ്ടുവന്നു. അടിയന്റെ വയറ്റീന്നു തലപൊക്കി അവള് വിരിഞ്ഞുനിന്നോണ്ടു ചീറി തമ്പ്രാ. അവളെന്നെ തെറിവിളിച്ചമ്പ്രാ. തെറിവിളിക്കുന്ന കേൾക്കാന്തന്നെ എന്തൊരു സുഖമാമ്പ്രാ. ചാത്തങ്കേക്കാത്ത തെറികളില്ലേമാ. എന്റെ മാളു പറയുന്ന് ഏനൊന്നും മിണ്ടണില്ലേൽ കളഞ്ഞിട്ടു പോവാന്. അവളു ചോദിക്കുന്നു ഓളെ മുന്നേ കണ്ടോ, സ്നേഹിച്ചോ, കാമിച്ചോന്ന്. എങ്ങനെ കാമിക്കാതിരിക്കുമെന്റമ്പ്രാ. അതും ചോദിച്ച് അവളു കടിച്ച കടിയില് അട്യൻ മുറിഞ്ഞുപോയീമ്പ്രാ.

*മൂർഖൻ പാമ്പ്*: അപ്പോൾ സംഭാഷണം ഏകദേശം ഇങ്ങനെയായിരുന്നു. ഒരെലി വന്ന് നമ്മുടെ ശ്രദ്ധ തിരിച്ചതുകൊണ്ട് അവരുടേ ഭാവഹാവാദികൾ പകർത്താൻ നിർവ്വാഹമില്ല. എങ്കിലും ഞാനൊന്നു തുമ്മിയപ്പോൾ ആ എലി ഭയന്നു മരിച്ചുവീണു എന്ന് സന്ദർഭവശാൽ പറഞ്ഞുകൊള്ളട്ടെ, വിവരണത്തിലേക്കു കടക്കുന്നു.

ഊയ് തമ്പ്രാട്ടീ
ഉം...
അടിയനെ അന്ന് യശമാൻ പിടിച്ചു കെട്ടിയില്ലേ?
ഉം..
തമ്പ്രാട്ടിക്ക് ഓർമ്മയുണ്ടോ? പറമ്പിലെ പടിഞ്ഞാറുനിൽക്കുന്ന പൊട്ടന്തെങ്ങില്, കയ്യും കാലും കെട്ടി ചാത്തനെ വരിഞ്ഞിട്ടത്? ചാട്ട പൊട്ടിച്ച് ചാത്തന്റെ പുറം തല്ലിപ്പൊളിച്ചത്, ചാത്തൻ മിണ്ടാതെ നിന്നു തല്ലുകൊണ്ടത്?
ഉം...
അപ്പൊ തമ്പ്രാട്ടി മറപ്പൊരേലെ ഓലേക്കൂടെ മുഖം പുറത്തേക്കിട്ട് കൂയ് എന്നു കൂവീണ്ടാ
ഉം....
അപ്പൊ അട്യൻ..
അടിയനല്ല, ചാത്തൻ.
അതേമ്പ്രാട്ടീ, ചാത്തൻ നെന്റെ മൊഖം കണ്ടു. വാനത്ത് അമ്പിളി വിരിഞ്ഞുവരണപോലെ. അട്യന്റെ നെഞ്ചുപിടഞ്ഞുപോയീന്റമ്പ്രാട്ടീ
(ഇപ്പോൾ അല്പനേരം മൌനമാണ്. രണ്ടുപേരുടെയും ശ്വാസം മാത്രം കേൾക്കാം).
ചാത്താ,
എന്താമ്പ്രാട്ടീ?
അന്ന് ഞാൻ കൂവീല്ലെങ്കി രാമ്പദ്രൻ നായര് ചാത്തനെ..
ഛി, പൊലയാടി. കടിക്കടീ എന്നെ, ഉമ്മവെക്കടീ എന്നെ. നെന്നെ ഞാൻ..
മാളു ഇതിനു എങ്ങനെയാണ് പ്രതികരിച്ചത് എന്നു പറയാൻ നിർവ്വാഹമില്ല. കാമം വർണ്ണിക്കാൻ മറ്റാരെയെങ്കിലും നോക്കിക്കോണം. ഒത്ത പുരുഷനായ ചാത്തൻ ശ്വാ‍സം കിട്ടാൻ പാടുപെട്ടു എന്നുമാത്രം മനസിലാക്കിയാൽമതി. ഹിസ്സ്.

*മൂർഖൻ പാമ്പ് (തുടരുന്നു)*: ഇപ്പോൾ അവർ മുട്ടോളം വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ, കൊന്നത്തെങ്ങിന്റെ കീഴേ കിടക്കുകയാണ്. വിവരണം സമയക്രമം അനുസരിച്ചല്ല. പാമ്പിന്റെ സമയക്രമം മനുഷ്യന്റെ സമയക്രമം പോലെയല്ല. ഇത്രയും വർഷം നാഗം മാണിക്യത്തിനു കാവൽനിൽക്കുന്നു എന്നാണ് ഭോഷന്മാരായ മനുഷ്യർ ധരിക്കുന്നത്. മുന്നേ മാണിക്യവും അതിനു കാവലായി പാമ്പ് പിന്നാലെയുമാണ് വരുന്നതെന്ന് മനുഷ്യർ വിചാരിക്കുമ്പോൾ, പത്തിവിടർത്തി നിൽക്കുന്ന നാഗം മുന്നേയും നാഗത്തെത്തിരഞ്ഞ് മാണിക്യം പിന്നാലെയും വരുന്നു എന്നാണ് പാമ്പുകൾ മനസിലാക്കുന്നത്. ഇതു മനസിലായില്ലെങ്കിൽ - പാമ്പുകൾ മനുഷ്യരെ കടിച്ചുകൊല്ലുന്നത് എന്തിനെന്ന് ആലോചിച്ചുനോക്കൂ. തീർച്ചയായും ഭക്ഷിക്കാനല്ല. പിന്നെ എന്തിനാണ്? ചില മനുഷ്യരെക്കാണുമ്പോൾ - അവർ മരിച്ചുകിടക്കുന്നതാണ് പാമ്പ് ആദ്യം കാണുക. അങ്ങനെ മരിച്ചുകിടക്കുന്ന കാഴ്ച്ച കണ്ടുകഴിഞ്ഞാൽ പിന്നെ കടിച്ചുകൊല്ലുക എന്നത് ഭൂതകാലത്തിൽ പാമ്പ് ചെയ്യുന്ന കർമ്മം മാത്രമാണ്. വിശ്വാസം വരുന്നില്ലേ? നിങ്ങൾക്കു വേണമെങ്കിൽ
എന്നെ ചോദ്യം ചെയ്യാം, ഒന്നോർത്തോ, അങ്ങനെ ചോദ്യം ചെയ്യുന്നവർക്ക് അധികം ആയുസ്സില്ല.

നമ്മൾ വഴുതിപ്പോവുന്നു. പറഞ്ഞുവന്നത്, ആ സ്ത്രീ അയാളുടെ മുകളിൽക്കിടക്കുകയാണ് എന്നാണ്. അവർ എന്തോ ചെയ്യുന്നുണ്ട്, അവ വർണ്ണിക്കാൻ നിർവ്വാഹമില്ല. ഇടയ്ക്കിടെ മനുഷ്യർ ചിരിക്കുന്ന വികൃതസ്വരം കേൾക്കാം എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

*ചാത്തനെ കെട്ടിയിട്ട തെങ്ങ്*: പാമ്പിനു വെറുപ്പായതിനു കാരണം ജീവിതത്തിന്റെ നല്ലപങ്കും എന്റെ ചുവടിൽ ഒരു മാളത്തിൽ ഒറ്റയ്ക്കിരുന്നു കഴിച്ചുകൂട്ടിയതുകൊണ്ടാണ്. ഏകാന്തതകൊണ്ട് പല അസുഖങ്ങളും വരും, അതിലൊന്നാണ് വിഷാദരോഗവും പിന്നാലെ വരുന്ന എല്ലാത്തിനോടുമുള്ള വെറുപ്പും. ഇത്രയും കാലം മാണിക്യത്തിനു കാവലിരിക്കുന്നു, നിധികാക്കുന്നു എന്നൊക്കെപ്പറഞ്ഞാണ് പാമ്പ് ഏകാന്തനായി മാളത്തിലിരുന്നത്. മാണിക്യം തിരഞ്ഞുവരുന്ന കൈപ്പത്തിക്കു കൊത്താൻ വർഷങ്ങളോളം ചീറിനിന്നു. നിർഭാഗ്യവശാൽ ആരും പൊത്തിൽ കൈയിട്ടില്ല. ആ മാണിക്യം ഒരു വെള്ളാരംകല്ലായിരുന്നു എന്ന് മനസിലാക്കിയപ്പൊഴേക്കും പാമ്പിന്റെ നല്ലകാലം കഴിഞ്ഞിരുന്നു. എന്തായാലും നിങ്ങൾ അവനോടു ദയകാണിക്കണം, അവനെ മനസിലാക്കാൻ ശ്രമിക്കണം.

*രാമഭദ്രൻ*: നിയ്യെന്നെ ചതിച്ചല്ലോ പുലയാടീ. നിന്നെ ഞാൻ നോക്കിയില്ലേ? നിനക്കു വിളക്കു വെപ്പിച്ചില്ലേ നിന്റെ ഉത്സവം നടത്തിച്ചില്ലേ കാവു തെളിയിച്ചില്ലേ? എന്നിട്ടും എന്നോട് എന്തിനീച്ചതി? നിരത്തും ഞാൻ. അമ്പലവും വേണ്ട, ദേവിയും വേണ്ട, വിഗ്രഹവും വേണ്ട, എല്ലാം നിരത്തും ഞാൻ. എന്റെ മോളെപ്പിടിച്ചോണ്ടു പോയതു നിന്റെ മുന്നിൽ വെച്ചല്ലേടീ, ഒരു ചെറുവിരലനക്കിയോ നിയ്യ്? ഞാൻ തന്നെ അനുഭവിക്കണം. എന്റെ പൊന്നുമോളെയാ ആ നായ കൊണ്ടുപോയത്. അറിയില്ല രാമഭദ്രൻ ആരാന്ന്. എന്റെ ദേവീ, എന്റെ മോള്. ദേവീ, നിന്റെ സന്നിധിയിൽത്തന്നെ ഈ മഹാപാപം - ദേവീ, എനിക്കിനി അവൾ മകളല്ല. പക്ഷേ അവനെ എത്രയും പെട്ടെന്ന് എന്റെ മുന്നിലേക്കിട്ടുതരണേ. ഒരു വെട്ടിനു ഞാനവന്റെ..

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയി. ചേച്ചിയെ മാടൻ കൊണ്ടുപോയി. തിങ്കളാഴ്ച്ചപൂജയ്ക്ക് അമ്മയും ഞാനും ചേച്ചിയും അപ്ഫനും നടയടയ്ക്കുന്നതിനുമുന്പേ തിരക്കിട്ടു നടന്നതാണ്. എന്തുപെട്ടെന്നാണ് ആ ക്രൂരൻ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രനടയിൽ കടക്കാൻ അവന് എങ്ങനെ ധൈര്യം വന്നു? പുലപ്പേടിപോലും. ഓരോ ദുരാചാരങ്ങള്. ചുമ്മാതല്ല നാടുമുടിയുന്നത്. ആ മുഠാളൻ അലറിവിളിച്ചാൽ എങ്ങനെ തിരിഞ്ഞുനോക്കാതിരിക്കും? ചേച്ചി നോക്കി, പക്ഷേ നോട്ടംകൊണ്ടെന്നും ഭ്രഷ്ടുവരില്ല. ചേച്ചിയെ അവൻ കല്ലെടുത്തെറിഞ്ഞു. അതും ഒരു വലിയ ഉരുളങ്കല്ല്. അതു കൊണ്ടോൾ പുലച്ചിയായി. ഇനിയെനിക്കു ചേച്ചിയില്ല. ഇന്നുമാറി നാളെ തൊഴാൻ പോയെങ്കിൽ - നാളെ പുലപ്പേടിയില്ല. ചേച്ചി പോയി. അവളെ ആ കാട്ടാളൻ - എന്റെ ദേവ്യേ, അവളെ അവൻ..

*ചാത്തൻ*: ചാത്തമ്പ്രത്യക്ഷപ്പെട്ടതല്ല തമ്പ്രാ, കാടും പടലും ചവിട്ടിത്തള്ളിയാ അടിയൻ രാവു വെളുക്കും മുന്നേ മരത്തിന്റെ പൊക്കത്തിൽക്കയറി ഇരുന്നത്. തമ്പ്രാട്ടിക്കുട്ടികള് തൊഴാൻ വരുമെന്ന് അട്യനറിയാരുന്ന്. എമ്പ്രാ, കാത്തിരുന്ന് ചാത്തന്റെ കണ്ണുകഴച്ച്. കുറെ തമ്പ്രാന്മാരും തമ്പ്രാട്ടികളും കീഴേ പോയി. ചാത്തനനങ്ങീല്ല. അമ്പലത്തിനു അകത്തുവരെ മരത്തിന്റെ പൊക്കത്തിലിരുന്ന് ചാത്തനു കാണാരുന്ന്‌. ഏമാന്മാര് അമ്പലത്തിനകത്ത് ചുറ്റി നടക്കണ്. ചാത്തൻ കണ്ടെന്നറിഞ്ഞെങ്കി അവര് ചാത്തനെ കൊന്നേനെ. കാണാനൊന്നൂല്ല തമ്പ്രാ. എന്നാലും തൈവം ഒണ്ട് തമ്പ്രാ. അതല്ലേ മാളുക്കുട്ടിയെ ചാത്തനുതന്നെ കിട്ടിയത്. മാളൂട്ടി മരം കടന്നതും ചാത്തൻ ചാടി നിലത്തുവീണ് തമ്പ്രാ. മാളു പറയുന്നത് ആരെയോ കൊന്നപോലാ ചാത്തങ്കൂവിയതെന്നാ തമ്പ്രാ. അത്രയ്ക്കു മദപ്പാ‍ടായിരുന്നമ്പ്രാ എനിക്ക്. ചാത്തനൊരു ആണായ പോലെ തോന്നീമ്പ്രാ അപ്പൊഴെനിക്ക്. അതുവരെ ചാത്തങ്കാളയാരുന്നമ്പ്രാ. തമ്പ്രാന്റെ പാടത്തെക്കാള. തമ്പ്രാന്റെ തെങ്ങിലെ കൊരങ്ങൻ. തമ്പ്രാന്റെ മുറ്റത്തെ പട്ടിയാരുന്നമ്പ്രാ, പക്ഷേങ്കില് വെട്ടത്തു വരാമ്പാടില്ലാരുന്ന്. അട്യൻ കൂവീപ്പൊ രാമഭദ്രനും തമ്പ്രാട്ടിക്കുട്ട്യോളും അമ്പലത്തിനകത്തുള്ളോരും ഞെട്ടിപ്പോയീമ്പ്രാ. അട്യന്റെ മാളൂന്റെ മേത്താ അടിയൻ കല്ലെറിഞ്ഞേമ്പ്രാ. ചാത്തമ്പെലയന്റെ പാവം മാളു, പക്ഷേങ്കില് കല്ലുവീണ് അവളു നീലിച്ചില്ലമ്പ്രാ. പൂവീണപോലെ തോന്നീന്നാ മാളു പറേന്നേമ്പ്രാ.കല്ലെവീണേടേന്ന് ഓളു പറയുന്നില്ലേമ്പ്രാ.

*സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായ ദേവി (വെളിച്ചപ്പാടിന്റെ നാവിലൂടെ)*: എന്നെത്തൊട്ടോളാ. മക്കളേ.ചാത്തൻ പെറുക്കീയിട്ട കല്ല് മാളുവമ്മയുടെ മേൽ വീണതുകണ്ടാണ് രാമഭദ്രൻ അവനെ തല്ലാൻ മുന്നോട്ടോടുകയും പെണ്ണുങ്ങൾ വലിയവായിൽ നിലവിളിക്കുകയും ചെയ്തത്. മാളുവമ്മ എന്റെ മോളാണ്, എന്നും എനിക്കു വിളക്കുവെക്കുന്നവൾ. എന്നാൽ പുരാതനമായ നമ്മുടെ ആചാരമനുസരിച്ച് അവളിനി മാളുവമ്മയല്ല. അവൾക്കിനി പേരില്ല. പുലയന്റെ കല്ലുവീണപ്പോൾ സമുദായത്തിൽ നിന്നും പുറത്തായ ആ പുലച്ചി അലറിക്കരഞ്ഞു, പക്ഷേ കുലസ്ത്രീകളെപ്പോലെ മോഹാലസ്യപ്പെട്ടു വീഴുന്നതിനു പകരം അവൾ ചാത്തനുനേർക്ക് കുതിച്ചോടുകയായിരുന്നു. അവളെ ചാത്തൻ വാരിയെടുക്കുന്നതു കണ്ടാണോ അതോ മകൾ നഷ്ടമായെന്ന തിരിച്ചറിവാണോ രാമഭദ്രനെ നിലത്തിരുത്തിക്കളഞ്ഞത് എന്നു ദേവിക്കറിയാം, പക്ഷേ പറയില്ല. രാമഭദ്രൻ ഇരുന്നുപോയ ആ നിമിഷങ്ങൾ കൊണ്ട് ഓടിയടുക്കുന്ന പുലച്ചിയെ വാരിയെടുത്ത് തന്റെ തോളിലിട്ട് ചാത്തൻ കാടും പടലും ചാടിമറഞ്ഞു. എന്നാൽ രാമഭദ്രൻ സിംഹമാണ്, അമ്മയുടെ മകനാണ്, അയാൾ വടിയും കൊണ്ട് പിറകേ കുതിച്ചതാണ്. എന്നാൽ ദുഷ്ടൻ രക്ഷപെട്ടു. ഞാൻ പുലയനെ രാമഭദ്രന്റെ ചവിട്ടടിയിൽ കൊണ്ടുവരും, കട്ടായം. ഹ്രീ‍ീ‍ീം.

*ചാത്തൻ*: മാളൂനെ ചാത്തങ്കാക്കും തമ്പ്രാ. ഒരു തമ്പ്രാനും എന്റെ കുടീല് തഴപ്പാ വിരിക്കില്ല. നേരത്തും നേരങ്കെട്ടും കുടീല് ഞരങ്ങിവരുന്ന തമ്പ്രാന്റെ കൊടല് ചാത്തനെടുക്കും. അവര് ചാത്തനെപ്പിടിക്കും, കൊല്ലും, പക്ഷേങ്കില് എന്റെ മാളൂട്ടിയെ ചാത്തങ്കാക്കും തമ്പ്രാ.

*മാളു*: മനസ്സിൽ സത്യമുണ്ടെങ്കിൽ, വിശ്വാസമുണ്ടെങ്കിൽ, തിളച്ച നെയ്യിൽ കൈ മുക്കിയാലും ഒരു രോമം പോലും കരിയില്ല. ഉരുളങ്കല്ലു വീണാലും നോവില്ല. പക്ഷേ അപരിചിതരുടെ നടുവിൽ നിന്ന് നെയ്യിൽ കൈമുക്കുന്നവളുടെ ഉള്ളു പൊള്ളിപ്പോവും. കല്ലുവീണ ചതവ് ചാത്തനു കാണണമെന്ന് - എന്റെ അകം ചതഞ്ഞത് എങ്ങനെ കാട്ടും ചാത്താ. ചാത്തനെ കാണുന്നതിനു മുൻപ് എനിക്കയാളെ അറിയില്ലായിരുന്നു. പേടിച്ച് സമനിലതെറ്റി ഓടിയത് അയാളുടെ നേർക്കായിരുന്നു. പക്ഷേ ഇന്നാണ് മാളുവമ്മയുടെ ഏറ്റവും സന്തുഷ്ട ദിവസം. അതിലേറ്റവും ആഹ്ലാദമുള്ള നാഴിക ഇപ്പൊഴാണ്, അതിലേറ്റവും ആഹ്ലാദമുള്ള നിമിഷം - ഹാ, ഹാ, ഹാ‍ാ, എന്റെ ചാത്താ, ഹാ, ഹാ‍ാ, ഇപ്പൊഴാണ്, ഇപ്പൊഴാണ്!.

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയില്ലായിരുന്നെങ്കിൽ, ആ ക്രൂരൻ കല്ലേറിഞ്ഞില്ലെങ്കിൽ, മാളുവമ്മയ്ക്ക് പുടവകൊടുക്കാനും ഒരാൾ വന്നേനെ. രാത്രി വിളക്കും കത്തിച്ച് ചെരിപ്പും കുടയും പുറത്തുവെച്ച് ഒരാൾ അറ തുറന്ന് അകത്തുവന്നേനെ. നേരം വെളുക്കുന്നതിനുമുന്നേ പോവുന്ന ഒരാൾ. ചേച്ചി ഒരിടത്തും പോവില്ലായിരുന്നു, പോണ്ടായിരുന്നു.

*ചാത്തൻ*: അരയറ്റം ചേറിൽ കുളിച്ചുനിൽക്കുമ്പോൾ, ഞാറുകുത്തുമ്പോൾ, കറ്റകെട്ടുമ്പോൾ, ഈ നെല്ലെല്ലാം എന്റേതാന്നു തോന്നും തമ്പ്രാ. ചാത്തനുകീഴിൽ സ്വർണ്ണവയൽ വിളഞ്ഞുകിടക്കുന്നു, കതിരുകൾ എന്നെ ഇക്കിളിയിടുന്നു, ചാത്തനനങ്ങുമ്പോൾ വയൽ പുളയുന്നു. ഉഴുതുമറിക്കുമ്പോൾ ഉന്മാദത്തോടെ വഴങ്ങിത്തരുന്നു. മാളു എന്റേതാ തമ്പ്രാ.

*മാളുവിനെ എടുത്ത് ചാത്തൻ ഓടിയ വഴിയിലെ മരങ്ങൾ*: കൊഴുത്ത തമ്പ്രാട്ടിയുടെ ഭാരം ചാത്തന് ഒരു ഭാരമേയല്ലായിരുന്നു. പിന്നാലെ ഓടിവരുന്ന കാലടിശബ്ദങ്ങളും അലർച്ചകളും അവന്റെ തോളിൽക്കിടന്ന് മാളുക്കുട്ടി പേടിയോടെ കേട്ടു. കരച്ചിലിന്റെ ഒച്ചപൊങ്ങിയപ്പോൾ ചാത്തൻ വായിൽ വിരൽകടത്തി അവളെ നിശബ്ദയാക്കി. കടിച്ച് അവൾ കൈമുറിച്ചിട്ടും അവൻ കൈ വായിൽ നിന്നും മാറ്റിയില്ല. പിന്നാലെ വരുന്ന ഒച്ചകൾ കുറഞ്ഞപ്പോൾ മാളുവമ്മയുടെ വിതുമ്പലും കുറഞ്ഞു, കാട്ടുചോലയുടെ അരികിൽ കിടത്തിയപ്പോൾ വിതുമ്പൽ ചിണുങ്ങലായി. ചാത്തൻ അവളെ തൊട്ടുനോക്കി. അവളുടെ നെറ്റിയിലും കവിളിലും തൊട്ടു, അവളുടെ കൈയിലും കഴുത്തിലും തൊട്ടു,

*പാമ്പ്‌*: മതി, അറയ്ക്കുന്നു. വർണ്ണന നിർത്തൂ, ഹുശ്‌ശ്.

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ഞാൻ കണ്ടതാണ്, ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ദേവിയാണെ, അമ്മയാണെ, മരിച്ചുപോയ മുത്തശ്ശിയാണെ, ഞാങ്കണ്ടതാണ്. പെലയൻ എറിഞ്ഞ കല്ല് എന്റെ മാളുവേടത്തീടെ മേത്തു കൊണ്ടില്ല. വഴിയരികിലെ പുളിമരത്തിൽക്കൊണ്ട് ശബ്ദം കേട്ടു. എന്നിട്ടും മാളുവേടത്തി അലറിക്കരഞ്ഞുകൊണ്ട് ആ കറുമ്പന്റെനേർക്കോടി. ഞാങ്കണ്ടതാണ്.

*വെളിച്ചപ്പാട്:* ഹും, ദേവിയോടാ കളി? ദേവി കള്ളം പറഞ്ഞൂന്നോ. ദേവിയൊന്നു കണ്ണുതുറന്നാലുണ്ടല്ലോ. ദേവി ഒരു പൊടി വാരിയിട്ടാലുണ്ടല്ലൊ, തിണർത്തുപൊങ്ങും. ദേവിയെ അവിശ്വസിക്കുന്നോര്, ലതയമ്മയായാലും നിങ്ങളായാലും, ചെവീല് നുള്ളിക്കോ.

*പാമ്പ്*: കാടുചവിട്ടിത്തെളിച്ച് ഒരു പെണ്ണിനെ തോളിലിട്ട് ഒരാൾ ഓടിവരുന്നു. അയാൾ കിതയ്ക്കുന്നു, തിരിഞ്ഞുനോക്കുന്നു, ചെവിവട്ടം പിടിക്കുന്നു, പെണ്ണിനെ നിലത്തുകിടത്തുന്നു. പുഴയിൽ നിന്നും വെള്ളം കൊണ്ടുവന്ന് അവളെ നനയ്ക്കുന്നു. അവരിലൊരാളെ എനിക്കു കൊത്തണം. പെണ്ണിനെ കൊത്തണോ? പുരുഷനെ കൊത്തണോ? ഞാൻ ഇഴഞ്ഞുതുടങ്ങട്ടെ. ചെയ്യാനുള്ളതു ചെയ്തുതീർക്കട്ടെ.

Google