സിമിയുടെ ബ്ലോഗ്

10/20/2007

കുറ്റബോധം

ഹിമാലയത്തിലെ ആരവത് പര്‍വ്വതത്തിലെ ദുര്‍ഘടമായ ഒറ്റയടിപ്പാത ചവിട്ടിക്കയറുമ്പോള്‍ ഉദ്ദാലകന്‍ ശ്വാസം കിട്ടാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. കൊടുമുടിയിലേയ്ക്കുള്ള വഴിമദ്ധ്യേ താഴ്വരയില്‍ ചിതറിനിന്ന ചെമ്മരിയാട്ടിന്‍‌കൂട്ടം നനുത്ത പഞ്ഞിക്കെട്ടുകളെ ഓര്‍മ്മിപ്പിച്ചു. ഉയരങ്ങളിലേയ്ക്കു കയറുംതോറും വായു നേര്‍ത്തുവന്ന് സന്യാസിയുടെ കണ്ണും തലച്ചോറും വേദനിപ്പിക്കുന്നുണ്ടായിരുന്നു. മുഖത്തോടുമുഖം നോക്കിച്ചിരിച്ച് വെള്ളി ആഭരണങ്ങളുമണിഞ്ഞ് മലമുടികള്‍ അഭൌമസൌന്ദര്യം തൂകി നിശ്ചലരായി നിന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉരുകാതെ ചിതറിക്കിടന്ന മഞ്ഞുപാളികളില്‍ ചിലത് ഉറഞ്ഞ് മരതകവും വൈഡൂര്യവുമായി തിളങ്ങി. രണ്ട് മലകള്‍ പരസ്പരമാശ്ലേഷിച്ചുനിന്ന വിടവില്‍നിന്ന് നേര്‍ത്ത ജീവനിശ്വാസം പുകപോലെ ഉയരുന്നുണ്ടായിരുന്നു. കൊടുംതണുപ്പിലും ജീവന്റെ നേര്‍ത്ത ചൂടില്‍ പടര്‍ന്നുകയറിയ വള്ളിച്ചെടികള്‍ക്കും താളത്തോടെ ഇഴയുന്ന പുഴുക്കള്‍ക്കുമിടയില്‍ ഒരു മുടിനാരിഴ ഇളകുന്നതുപോലെമാത്രം ഉയര്‍ന്നുതാണ ജടയും രോമങ്ങളും മൂടിനിന്ന രൂപത്തിനുമുന്നില്‍ ഉദ്ദാലകന്‍ കിതച്ചുകൊണ്ട് നിര്‍ന്നിമേഷനായി നിന്നു. നൂറ്റാണ്ടുകളോളം നീണ്ട തപസ്സില്‍ നിന്ന് പ്രവാഹനമഹര്‍ഷി ഉണരുന്നത് അന്നാണെന്ന് അരുമശിഷ്യന് അറിയാമായിരുന്നിരിക്കണം. പ്രവാഹനമഹര്‍ഷിക്ക് ആ മലകളോളം തന്നെ പ്രായമുണ്ടായിരുന്നു. തന്നില്‍ പടര്‍ന്നുകയറിയ ജീവജാ‍ലങ്ങളെ അല്‍പ്പം പോലും ഇളക്കാതെ പുഞ്ചിരിതൂകിക്കൊണ്ട് പതിയെത്തുറന്ന മഹര്‍ഷിയുടെ കണ്ണുകള്‍ ഹിമാലയത്തിലെ തടാകങ്ങളുടെ നീലിമയില്‍ പ്രശോഭിച്ചു. മഹര്‍ഷിയുടെ കണ്ണുകളിലെ പ്രശാന്തതയില്‍ തിളങ്ങിനിന്ന ചോദ്യത്തിനുത്തരമായി ഉദ്ദാലകന്‍ പറഞ്ഞുതുടങ്ങി.

ഗുരോ അങ്ങില്‍ നിന്ന് പഠിച്ച സര്‍വ്വവിദ്യകളും അതിലുപരി അങ്ങില്‍നിന്നു ഞാന്‍ മൂര്‍ദ്ധാവോളം നുകര്‍ന്ന സ്നേഹവും ലോകനന്മയ്ക്കായി പകര്‍ന്നുകൊടുകയായിരുന്നല്ലോ ഈ അരുമശിഷ്യന്റെ കര്‍മ്മം. ഭാരതദേശത്തിനുതെക്ക് മുത്തുമണിപോലെ കിടന്ന കന്യാകുമാരി മുതല്‍ കിഴക്ക് വ്യാളികള്‍ തീതുപ്പുന്ന സിംഹപുരം വരെയും വടക്ക് മദഗന്ധമുള്ള മായാമരങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഗാന്ധാരം വരെയും തെക്ക് ഭൂമികുലുക്കിക്കൊണ്ട് കുതിച്ചുപായുന്ന കറുത്ത കുതിരകളുള്ള ബാഗ്ദാദ് നഗരം വരെയും ഞാന്‍ സഞ്ചരിച്ചു. ദാനധര്‍മ്മനായ കലീഫയുടെ കൊട്ടാരത്തില്‍ നിന്നും ഉപചാരങ്ങള്‍ സ്വീകരിച്ച് മടങ്ങുന്നവഴിക്കായിരുന്നു കാംബോജത്തിലെ രാജാവായ ശതബാഹുവിന്റെ കൊട്ടാരത്തിലെത്തിയത്. ഞാന്‍ ചെന്നപ്പോള്‍ കാംബോജം ഒരു ശാപത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. സമ്പല്‍‌സമൃദ്ധമായ ഈ രാജ്യത്തെ ജനങ്ങള്‍ വളരെ മ്ലാനവദനരായിരുന്നു. രാത്രികളില്‍ ദു:സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നതും പിന്നീട് ഉറക്കമില്ലാതെ രാവുമുഴുവന്‍ ഉണര്‍ന്നുകിടക്കുന്നതുമായിരുന്നു അവരുടെ രോഗം. ഹോമങ്ങളിലും മരുന്നുകളിലും വ്യായാമങ്ങളിലും വിനോദങ്ങളിലും മാറാത്ത രോഗം.

കുലീനയായ മഹാറാണി ഉപചാരപൂര്‍വ്വം എന്നെ സ്വീകരിച്ചു. കൊട്ടാരം നടന്നുകാണുന്ന വഴിക്ക് രാജാവിന്റെ സഹോദരനായ ഉത്തമബാഹു അയല്‍‌രാജ്യങ്ങളുമായി ഘോരയുദ്ധത്തിലാണെന്നും ശതബാഹു പൂജാമുറിയിലാണെന്നും രാജ്ഞി എന്നെ അറിയിച്ചു. റാണിയെ പറഞ്ഞുവിട്ട് രാജാവിന്റെ മുറിയിലേയ്ക്ക് ഒറ്റയ്ക്കുകടന്നുചെന്ന ഞാന്‍ കണ്ടത് മറ്റൊരു സുന്ദരിയായ സ്ത്രീയുമായി രമിക്കുന്ന ശതബാഹുവിനെയായിരുന്നു. അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെക്കണ്ട് രാജാവു പതറിപ്പോയി. അനുജനായ ഉത്തമബാഹുവിന്റെ പത്നിയായിരുന്നു രാജാവിന്റെ ശയ്യാഗൃഹത്തില്‍. ക്രുദ്ധനായ എന്റെ കണ്ണില്‍ നിന്ന് തീപ്പൊരികള്‍ പറന്നു. വര്‍ഷങ്ങളായിത്തുടര്‍ന്ന ഈ അവിഹിത ബന്ധത്തില്‍ രാജാവ് നീറുകയായിരുന്നു. കൊടിയപാപമാണെന്ന് അറിഞ്ഞിട്ടും ഈ ബന്ധത്തില്‍ നിന്നും മുക്തിനേടുവാനുള്ള മനോബലം ശതബാഹുവിന് ഇല്ലായിരുന്നു. രാജ്ഞിയുടെ ഒളിഞ്ഞുള്ള അറിവോടെതന്നെ ഈ ബന്ധം തുടര്‍ന്നുപോന്നു. എന്നാല്‍ തന്റെ പത്നിയുമായോ സഹോദരനുമായോ രാജാവ് ഈ ബലഹീനത നേരിട്ടു സംസാരിച്ചിരുന്നുമില്ല. കോപം തണുത്തപ്പോള്‍ ഞാന്‍ രാജാവിന് സദ്ബുദ്ധി ഉപദേശിച്ചു. ഒരു ശിശുവിനെപ്പോലെ ജ്ഞാനം സ്വീകരിച്ച ശതബാ‍ഹു ഉത്തമബാഹുവിനോട് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. രാജ്യഭരണം ഉത്തമബാഹുവിനെ ഏല്‍പ്പിച്ച് രാജാവും പത്നിയും എന്നില്‍നിന്നും സന്യാസദീക്ഷ സ്വീകരിച്ചു. ഇന്ന് കാംബോജത്തെ ജനങ്ങള്‍ നല്ലസ്വപ്നങ്ങള്‍ കണ്ട് സ്വസ്ഥമായി ശയിക്കുന്നു.

പ്രവാഹനമഹര്‍ഷിയുടെ കണ്ണുകളിലെ പ്രശാന്തനീലിമയില്‍ തെളിഞ്ഞ ചോദ്യം അപ്പോഴും മാഞ്ഞില്ല. ഉദ്ദാലകന്‍ ചോദ്യത്തിനു ഉത്തരമെന്നവണ്ണം വീണ്ടും പറഞ്ഞുതുടങ്ങി.

മാസങ്ങളോളം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കൊടുംകാട്ടിലൂടെ സഞ്ചരിച്ച് ഞാന്‍ ബദാമി എന്ന നഗരത്തിലെത്തി. അവിടെ സമഭോജി എന്ന വണികന്റെ ആഥിത്യം ഞാന്‍ സ്വീകരിച്ചു. ഒരുപാടുനാളായി ഭക്ഷണം കഴിക്കാതെയിരുന്ന എനിക്ക് സമഭോജിയുടെ പത്നിയുടെ കൈകൊണ്ട് കുത്തിയുണ്ടാക്കിയ ആ നല്‍ച്ചോറില്‍ നല്ല രുചി തോന്നേണ്ടതാണ്. എന്നാല്‍ ഭക്ഷണം എനിക്കു കയ്ച്ചുതികട്ടി. ചോദിച്ചുവന്നപ്പോളാണ്, വണികന്‍ തന്റെ പിതാവില്‍ നിന്ന് വിഹിതം കിട്ടിയതില്‍ അര്‍ഹിക്കുന്നതിലും അധികം നിലം സഹോദരന്‍ അറിയാതെ തട്ടിയെടുത്തിരുന്നു. അനുജനില്‍ നിന്നും അവിഹിതമായി തട്ടിയെടുത്ത ഭൂമിയില്‍ നിന്നു കൃഷിചെയ്ത നെല്ലായിരുന്നു അന്ന് ചോറാക്കി എനിക്കു നല്‍കിയത്. തെറ്റുമനസിലാക്കി എന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച സാമഭോജി തന്റെ നിലത്തിന്റെ തൊണ്ണൂറുശതമാനവും അനുജനു തിരികെക്കൊടുത്തു. ബാക്കിവരുന്ന ചുരുങ്ങിയനിലത്ത് കൃഷിചെയ്ത് സാമഭോജിയും കുടുംബവും ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.

പ്രവാഹനമഹര്‍ഷിയുടെ കണ്ണുകളിലെ ചോദ്യം അപ്പോഴും മറഞ്ഞില്ല. ഉദ്ദാലകന്‍ വീണ്ടും പറഞ്ഞുതുടങ്ങി.

ഇങ്ങനെ പല രാജ്യങ്ങളിലും ലോകര്‍ക്ക് നന്മയും സമാധാനവും നല്‍കി ഞാന്‍ യാത്രചെയ്യുകയായിരുന്നു. ഉജ്ജയിനത്തിനു അടുത്ത് ഒരു കൊടുംകാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ കാടിനു നടുവില്‍ കലമാനുകളുടെയും പക്ഷികളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍ കിടക്കുന്നത് ഞാന്‍ കണ്ടു. അതിന്റെ ഉറവിടം തിരക്കിച്ചെന്നപ്പോള്‍ ഞാന്‍ ചെന്നെത്തിയത് ഒരു ആദിവാസി ഗോത്രത്തിലായിരുന്നു. അവരുടെ ഭാഷ ഉജ്ജയിനത്തിലെ ഭാഷയുടെ ഒരു വകഭേദമായിരുന്നു. ഗോത്രത്തലവനായ കാലകേതു എന്നെക്കണ്ടപ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റതുപോലുമില്ല.

ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിച്ച് അയാളുടെ മുലകള്‍ താടപോലെ തൂങ്ങിക്കിടന്നിരുന്നു. ഒരു വലിയ ഉരുളിപോലെ വലിപ്പമുള്ള വയറ് മുന്നോട്ട് തള്ളിനിന്നിരുന്നു. അമിതമായി മധുപാനം ചെയ്ത് ചീര്‍ത്ത കവിളുകള്‍ തൂങ്ങിക്കിടന്നിരുന്നു. ആ ആജാനബാഹുവിന്റെ ഇടത്തേ തുടയില്‍ ഒരു വസ്ത്രവും ധരിക്കാതെ ഇരുണ്ടനിറമുള്ള ഒരു കാനനസുന്ദരി ഇരുന്നിരുന്നു. മറ്റ് നാല് സ്ത്രീകള്‍ കാലകേതു എന്നോട് സംസാരിക്കുന്ന സമയം മുഴുവന്‍ അയാളുടെ പുറം തിരുമ്മിക്കൊണ്ടും കഴുത്തിലൂടെ പിന്നില്‍ നിന്ന് കൈകള്‍ പിണച്ച് അയാളെ രസിപ്പിച്ചുകൊണ്ടും നിന്നിരുന്നു. കാലകേതുവിന് നൂറുഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. എന്നോട് സംസാരിച്ചിരിക്കുമ്പോള്‍ തന്നെ കലമാനുകളുടെ പൊരിച്ച കാലുകള്‍ ഒരു വലിയ തടിപ്പാത്രത്തില്‍ കൊണ്ടുവന്ന് ഒരു വനകന്യക കാലകേതുവിനെ ഊട്ടുന്നുണ്ടായിരുന്നു. ഇതിനിടയില്‍ കാലകേതുവിന്റെ മകനായ നഹുഷകേതു വന്ന് കാലകേതുവിനെ ചുറ്റിനിന്ന ഒരു ഭാര്യയെ വട്ടംചുറ്റിപ്പിടിച്ച് പിന്നോട്ടുവലിച്ചു. കാലകേതു ഒന്നുതിരിഞ്ഞുപോലും നോക്കാതെ മരങ്ങള്‍പോലെ വീതിയുള്ള തന്റെ വലതുകൈവീശി അവന്റെ മുതുകില്‍ ഒരടികൊടുത്തു. ആ അടിയുടെ ശബ്ദത്തില്‍ അടുത്ത മരങ്ങളില്‍ ഇരുന്ന പക്ഷികള്‍ കൂട്ടത്തോടെ ചിറകടിച്ചുപറന്നു.

ഈ നേരമെല്ലാം, മണിക്കൂറുകളോളം, കാലകേതുവിന് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതൊന്നും അയാളെ ഏശുന്നതായി തോന്നിയില്ല. കരിങ്കല്ലുകളെപ്പോലും ഹര്‍ഷോന്മാദരാക്കുന്ന എന്റെ വചനങ്ങള്‍ കേട്ടിട്ടും ഒരു ഭാവഭേദവുമില്ലാതെ മാനിന്‍കാല്‍ കടിച്ചുകൊണ്ടും തന്റെ ഭാര്യമാരെ മാറിമാറി ചുംബിച്ചുകൊണ്ടും പുഞ്ചിരിച്ചുകൊണ്ടും അയാള്‍ ഇരുന്നതേ ഉള്ളൂ. ഇതിനിടയില്‍ ഒരു സുന്ദരിവന്ന് എന്റെ തോളില്‍ക്കൂടെ ചായാന്‍ ശ്രമിച്ചെങ്കിലും അനേകം വര്‍ഷങ്ങളുടെ തപ:ശക്തിയുള്ള എന്നില്‍ ഇതൊന്നും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല എന്നുകണ്ട് അവള്‍ നിരാശയായി മടങ്ങിപ്പോവുകയാണുണ്ടായത്. നിതാന്തമായ വചനങ്ങള്‍ കൊണ്ട് ഫലമില്ല എന്നുകണ്ട് കാലകേതുവിനെ ശപിക്കാന്‍ ഞാന്‍ യോഗദണ്ഡുയര്‍ത്തിയെങ്കിലും കാലകേതു അപ്പോഴും ഭാവഭേദങ്ങളൊന്നുമില്ലാതെ മന്ദഹസിക്കുന്നതുകണ്ട് ഞാന്‍ പിന്‍‌വാങ്ങുകയാണുണ്ടായത്. ഞാന്‍ യാത്രപറഞ്ഞ് ഇറങ്ങുമ്പോഴും കാലകേതു തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റില്ല. ഒടുവില്‍ വിഹ്വലനായി മന:ശാന്തിനഷ്ടപ്പെട്ട് പല വനങ്ങളിലും അലഞ്ഞ് ഞാന്‍ അങ്ങയുടെ സവിധത്തില്‍ തിരിച്ചെത്തിയിരിക്കുന്നു ഗുരോ.

മഹര്‍ഷിയുടെ കണ്ണുകളിലെ പ്രശാന്തനീലിമയില്‍ ചോദ്യം തെളിഞ്ഞുനിന്നു.

ആ മന്ദഹാസമല്ല ഗുരോ എന്നെ അസ്വസ്ഥനാക്കിയത്. കാലകേതുവിന്റെ തിന്മനിറഞ്ഞ ജീവിതവുമല്ല.

മഹര്‍ഷിയുടെ കണ്ണുകളിലെ ചോദ്യത്തില്‍ ഗുഹാമുഖം പ്രകാശിച്ചു.

കാലകേതുവിന്റെ കണ്ണുകളില്‍.. അങ്ങയുടെ കണ്ണുകളിലെ അതേ ശാന്തത. അതേ ഗഗനനീലിമ. അതേ പ്രപഞ്ചം. അതേ സമരസം. അതിന്റെ അര്‍ത്ഥമെന്താണ്?

പ്രവാഹനമഹര്‍ഷിയുടെ കണ്ണുകള്‍ പ്രശാന്തമധുരമായി തിളങ്ങി. മഹാ ഋഷിയുടെ മുഖത്ത് സാഹോദര്യത്തിന്റെ പുഞ്ചിരിപടര്‍ന്നു. പുഞ്ചിരിച്ചുകൊണ്ടുതന്നെ മഹര്‍ഷി ധ്യാനത്തിലേയ്ക്കു ലയിച്ചു. ചോദ്യത്തിനുത്തരവും തേടി ഗുരു നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തില്‍ നിന്ന് ഉണരുന്നതും കാത്ത് ഉദ്ദാലകന്‍ കണ്ണിമയ്ക്കാതെ നിന്നു.

1 comment:

പരമാര്‍ഥങ്ങള്‍ said...

നന്നായിരിക്കുന്നു

Google