അവര്‍ നൃത്തം ചെയ്തു. ഒരു വിദഗ്ധനെപ്പോലെ അവന്‍ നൃത്തത്തളത്തില്‍ ഒഴുകിനടന്നു. ഒരു റോസാപ്പൂത്തണ്ട് തന്റെ അരിപ്പല്ലുകള്‍ക്കിടയില്‍ കടിച്ചുപിടിച്ച് മുഖത്തോടു മുഖം ചേര്‍ത്ത് അവന്‍ ആ പൂവ് അവളുടെ മുഖത്തിനു കുറുകേ ഉരുമ്മി. അവള്‍ക്ക് അവനെന്നാല്‍ ആത്മവിശ്വാസത്തിന്റെയും പൌരുഷത്തിന്റെയും പ്രതിരൂപമായിരുന്നു. ഒരു യഥാര്‍ത്ഥ മനുഷ്യന്‍.
അവന്‍ അവളെ ചേര്‍ത്തുപിടിച്ച് പതിയെ ചുരുങ്ങിവരുന്ന വൃത്തങ്ങളില്‍ നൃത്തം ചെയ്തു. അവള്‍ അവന്റെ ചെവിയില്‍ മന്ത്രിച്ചു. “രഘൂ, എനിക്കു നിന്റെ കോട്ടിന്റെ അകത്തുകയറണം. എന്നിട്ട് എനിക്കു നിന്റെ അടിയുടുപ്പുകള്‍ക്കും ഉള്ളില്‍ എത്തണം”. അവന്‍ ചിരിച്ചു, എന്നിട്ട് നൃത്തം ചെയ്ത് അവളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ അവള്‍ അവനെ നൃത്തത്തില്‍ തന്നെ വലിച്ച് നൃത്താങ്കണത്തിന്റെ ഒരു ഇരുണ്ട കോണിലേയ്ക്കു കൊണ്ടുപോയി.
സംഗീതം ഒഴുകി. നദിയില്‍ പതിയെ നൃത്തംവയ്ക്കുന്ന പുഷ്പദലങ്ങളെപ്പോലെ സംഗീതം വായുവില്‍ തളംകെട്ടിനിന്നു. അവന്‍ അവളുടെ കണ്ണുകളിലേക്കുനോക്കി. അവള്‍ക്കുചുറ്റുമുള്ള ലോകമെല്ലാം ഉരുകിപ്പോയി. അവള്‍ അവന്റെ കോട്ട് വലിച്ചൂരി നിലത്തെറിഞ്ഞു.
ഷര്‍ട്ടില്‍ പിടിച്ച് അവനെ വലിച്ചടുപ്പിച്ച് അവള്‍ വീണ്ടും മന്ത്രിച്ചു. “എനിക്ക് ഈ ഉടുപ്പുകള്‍ക്കുള്ളില്‍ എന്താണെന്ന് അറിയണം”. അവളവന്റെ ഷര്‍ട്ട് വലിച്ചുകീറി. പക്ഷേ അവളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ തിളങ്ങുന്ന ഷര്‍ട്ടിനുള്ളില്‍ മറ്റൊരു തിളങ്ങുന്ന ഷര്‍ട്ട് തെളിഞ്ഞു. അവള്‍ അതും വലിച്ചുകീറി. ഷര്‍ട്ടുകള്‍ക്കുള്ളില്‍ ഷര്‍ട്ടുകളുടെയും ആഭരണങ്ങളുടെയും ഒരു നിര. ഓരോന്നും പുറത്തുള്ളതില്‍ നിന്നും വ്യത്യസ്ഥം, എല്ലാം തിളങ്ങുന്നവ, പക്ഷേ അകത്തേയ്ക്കു ചെല്ലുംതോറും തിളക്കം കുറഞ്ഞുകുറഞ്ഞുവന്നു.
ഇപ്പോള്‍, അവള്‍ കുപ്പായങ്ങളുടെ പാളികള്‍ വലിച്ചുകീറുംതോറും നേരത്തെ സുമുഖനും ആത്മവിശ്വാസം നിറഞ്ഞവനുമായ യുവാവ് ചുരുങ്ങിക്കൊണ്ടിരുന്നു. മുഖം മാറി, രൂപം മാറി, എങ്കിലും അവന്റെ തന്നെ വളരെ ചുരുങ്ങിയ ഒരു രൂപം. അവളുടെ ശരീരത്തിന്റെ ചോദനകള്‍ ജിജ്ഞാസയിലേയ്ക്ക് വഴിമാറി. അവള്‍ ഉള്‍ക്കുപ്പായങ്ങള്‍ വലിച്ചുകീറിക്കൊണ്ടേയിരുന്നു.
ഇപ്പോള്‍ അവള്‍ 20-ആമത്തെയോ 30-ആമത്തെയോ പാളിയിലെത്തി. തിളങ്ങുന്ന കുപ്പായങ്ങള്‍ക്കു പകരം ഏതോ വിദൂര ഭൂതകാലത്തിലെ ദുഷിച്ച, കറപിടിച്ച കുപ്പായങ്ങള്‍ മാത്രമായിരുന്നു ബാക്കി. അവന്റെ പരിവേദനങ്ങള്‍ക്കും പരാതികള്‍ക്കും ചെവി കൊടുക്കാതെ അവള്‍ ഏറ്റവും ഒടുവിലെ തുണിയുടെ പാളിയും വലിച്ചുകീറി. അതിനുള്ളില്‍ അവള്‍ അറിയുന്ന അവനല്ലായിരുന്നു, മറിച്ച്, എല്ലുകള്‍ ഉന്തി, ഭയന്നുവിറയ്ക്കുന്ന, വേദനകൊണ്ട് മോങ്ങുന്ന, ഒരു ചെറിയ പട്ടിയായിരുന്നു. സംഗീതം നിലച്ചുകഴിഞ്ഞിരുന്നു. മധുശാല വിജനമായിക്കിടന്നു. “നാശം” - അവള്‍ ദേഷ്യം കൊണ്ടുവിറച്ചു. അടക്കാനാവാത്ത നൈരാശ്യം കൊണ്ടും കോപം കൊണ്ടും അവള്‍ ആ പട്ടിയെ ശക്തിയായി തൊഴിച്ചു. വേദനകൊണ്ട് പുളഞ്ഞ് ഒന്നുറക്കെ ഓരിയിട്ട് പട്ടി ദൂരേയ്ക്കു ഞൊണ്ടി ഞൊണ്ടിപ്പോയി. തിളങ്ങുന്ന വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഇടയ്ക്ക് ആശ്വാസത്തിന്റെ ഒരു ദീര്‍ഘനിശ്വാസം വിട്ട്, ചതഞ്ഞരഞ്ഞ റോസാപ്പൂവ് നിലത്തുനിന്ന് എടുത്ത് അവള്‍ നടന്നുമറഞ്ഞു.
10/20/2007
ഉള്ളിലേയ്ക്ക് ചൂഴ്ന്നുനോക്കുമ്പോള്‍
എഴുതിയത് simy nazareth സമയം Saturday, October 20, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
No comments:
Post a Comment