സിമിയുടെ ബ്ലോഗ്

10/20/2007

ചിലന്തി

മുറിയിലെ ലൈറ്റ് അണഞ്ഞിരുന്നെങ്കിലും പ്രകാശം മറയുവാന്‍ മടിച്ച് അങ്ങിങ്ങായി തങ്ങി നിന്നിരുന്നു. വെളിച്ചത്തിന്റെ തരികളില്‍ തട്ടി ചിലന്തിവലയുടെ നൂലുകള്‍ പളുങ്കുപോലെ തിളങ്ങി.

അവന്‍ തലങ്ങും വിലങ്ങും വല നെയ്തു. മുറിയുടെ നാലു ചുമരുകളെ പിടിച്ച് ചിലന്തിവല ഒരാല്‍മരം പോലെ പടര്‍ന്നുനിന്നു. ആ ഭഗീരഥ പ്രയത്നത്തിനുശേഷം അവന്‍ വലയുടെ ഒത്തനടുവിലിരുന്ന് ധ്യാനിച്ചു. ഇളം കാറ്റിലുലയുന്ന ചിലന്തിവലയെ നോക്കി അവന്‍ സായൂജ്യം കൊണ്ടു. അവന്റെ എട്ടുകാലുകളും വലയുടെ അഷ്ടകോണുകളില്‍ വിശ്രമിച്ചു. ശരീരം തളര്‍ന്ന് മയങ്ങിയെങ്കിലും അവന്റെ വിഹ്വലമായ കണ്ണുകള്‍ അഞ്ചു ദിക്കിലും എന്തിനെയോ തിരഞ്ഞുകൊണ്ടിരുന്നു. അവന്റെ കാലിലെ രോമങ്ങള്‍ വായുവിന്റെ ഓരോ ഹൃദയസ്പന്ദനത്തിലും എന്തിനെയോ തേടി.

ദൂരെയെവിടെയോ അന്തരീക്ഷത്തില്‍ ഒരു ചെറിയ വ്യതിയാനം, ഒരു ചിറകടി. അത് അവന്റെ എട്ടുകാലുകളിലും കൂടി അരിച്ച്, മൂര്‍ദ്ധാവിലെത്തി, അവന്റെ തലയിലെ ഓരോ രോമങ്ങളെയും പ്രകമ്പനം കൊള്ളിച്ച്, തലച്ചോറില്‍ ആയിരം സ്വപ്നങ്ങള്‍ നെയ്തു. ചിറകടി അടുത്തടുത്ത് വന്നു. ഒരു മാലാഖയെപ്പോലെ രണ്ടു നേര്‍ത്ത ചിറകുകള്‍. ഏതോ പൂക്കളിലെ തേനൂറുന്ന ചെറിയ ചുണ്ടുകള്‍. കിരീടം പോലെ ശോഭിക്കുന്ന രണ്ടു കൊമ്പുകള്‍. ഒരു റോസാപ്പൂവിന്റെ സൌരഭം, പ്രകാശം പരത്തുന്ന ഒരു പൂമ്പാറ്റ,അതിസുന്ദരിയായ ഒരു ദേവത.

അവള്‍ മുറിയില്‍ നൃത്തം വെച്ചു. ധ്യാനത്തിലെന്ന പോലെ ഒരു തടിച്ച പുസ്തകത്തിനു മുകളില്‍ ഇരുന്നു. പിന്നീട് ആ പുസ്തകത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയതുപോലെ, പതിയെ, ഗാഢമായി തന്റെ നിറപ്പകിട്ടാര്‍ന്ന ചിറകുകള്‍ വിടര്‍ത്തി, പിന്നെയെല്ലാം മറന്ന്, തേനൂറുന്ന ഒരു പൂവിനെയോര്‍ത്ത് വായുവില്‍ ആനന്ദ നൃത്തം ചവിട്ടി. അവന്റെ കണ്ണുകള്‍ക്കുമുന്‍പില്‍ വര്‍ണ്ണങ്ങളുടെ ഒരു പെരുമഴ. അവന്റെ മനസ്സില്‍ നിറമാര്‍ന്ന ആയിരം വലക്കണ്ണികള്‍.

അവന്‍ പതിയെ തന്റെ കാലുകള്‍ ചലിപ്പിച്ചു. ഏതോ അജ്ഞാതമായ ആവൃത്തിയില്‍ ചിലന്തിവലകള്‍ ഒരീണത്തില്‍ സ്പന്ദിച്ചു. അവള്‍ പെട്ടെന്ന് തന്റെ നൃത്തം നിറുത്തി, വലയിലേക്ക് സാകൂതം നോക്കി. വലയുടെ നടുവില്‍, എട്ടുകാലുകള്‍ക്കു നടുവില്‍, രണ്ട് നീലക്കണ്ണുകള്‍ അജ്ഞാതമായ ഏതോ വികാരത്തില്‍ തിളങ്ങി.

അവന്‍ തന്റെ സുദൃഢമായ കാലുകള്‍ ചലിപ്പിച്ചു. അവന്റെ കാലിലെ രോമങ്ങള്‍ എഴുന്നുനിന്നു. അവന്റെ കാലിലെ രണ്ടു മടക്കുകള്‍ സുന്ദരമാ‍യ ഏതോ ഒരു യവന പ്രതിമയെ ഓര്‍മ്മിപ്പിച്ചു. മുറിയിലെ തറയ്ക്കു മുകളില്‍, ചുമരിനു കീഴെ, അവന്റെ ചെറിയ ശരീരം പ്രശാന്ത നിശ്ചലമായി നിന്നു. അവന്‍ തന്റെ സുന്ദരമായ തിളങ്ങുന്ന പല്ലുകള്‍ ചലിപ്പിച്ച് സംസാരിച്ചു തുടങ്ങി.

“എനിക്ക് അധികമൊന്നും അറിയില്ല. ചിലന്തിവലകള്‍ നെയ്യുവാന്‍ മാത്രമേ എനിക്ക് അറിയാവൂ. വര്‍ഷങ്ങള്‍ക്കു മുന്‍പ്, സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പ്,പ്രതാപിയായ എന്റെ പിതാമഹന്‍, മഹാനായ ആദിമ ചിലന്തി, ഒരു ചിലന്തിവല നെയ്തു. വന്മരങ്ങളെ ബന്ധിപ്പിച്ച് ആ ചിലന്തിവല വിരിഞ്ഞു നിന്നു. പ്രാചീന മൃഗങ്ങള്‍ ആ വലയില്‍ നോക്കി അതിശയിച്ച് അതിന്റെ വലക്കണ്ണികള്‍ എണ്ണി. അനേകായിരം കൊടുങ്കാറ്റുകളെ ആ ചിലന്തിവല തടഞ്ഞു നിറുത്തി“

അവള്‍ വീണ്ടും നൃത്തം ചെയ്തു. പക്ഷേ വായുവിലെ ഓരോ വളവിലും തിരിവിലും അവളുടെ കണ്ണുകള്‍ ഗാഢമായ രണ്ടു കണ്ണുകളെ തിരഞ്ഞു. പതിയെ, വിശ്വാസത്തോടെ, അവളുടെ കണ്ണുകളിലേക്കു നോക്കി അവന്‍ വീണ്ടും സംസാരിച്ചു.

“ചിലന്തിവലകള്‍ പലതരത്തിലുണ്ട്. ഏറ്റവും ചെറിയ കാറ്റില്‍ വീണുപോകുന്നവ, പ്രഛണ്ഡമായ കൊടുംകാറ്റുകളില്‍ ഇളകാത്തവ. ഞാന്‍ എന്റെ ധ്യാനത്തിന്റെ നിര്‍വൃതിയില്‍ എന്റെ വലകള്‍ നെയ്യുന്നു. എന്റെ അറിവും മനസ്സും ഹൃദയവും ഈ വലയില്‍ വിരിഞ്ഞുനില്‍ക്കുന്നു. ആ ഉള്ളറിവില്‍ ഈ വല തീപോലെ വെട്ടിത്തിളങ്ങുന്നു.“

അവന്‍ പറയുന്നതെല്ലാം അവള്‍ക്ക് മനസ്സിലായോ എന്ന് അവന് ഉറപ്പില്ലായിരുന്നു. അവള്‍ ഒന്നും തന്നെ മിണ്ടിയില്ലെങ്കിലും തന്റെ നൃത്തം തുടര്‍ന്നു. പക്ഷേ അവളുടെ ആനന്ദ നൃത്തത്തില്‍ ഒരു ശോകഭാവം കലരുന്നത് അവന്‍ അറിഞ്ഞു. അവന്റെ കാലുകളിലെ രോമങ്ങള്‍ ആ അറിവില്‍ വിറച്ചു. അവന്‍ തുടര്‍ന്നു.

എനിക്ക് ഒരു സ്വപ്നമുണ്ട്. ഈ മുറികളെ മുഴുവന്‍ വലകള്‍ കൊണ്ട് നിറയ്ക്കുന്ന സ്വപ്നം. ഈ മുറിയില്‍ തലങ്ങും വിലങ്ങും ഞാന്‍ വലനെയ്യും. ആ വലകളുടെ നടുവില്‍, അവയുടെ ഉള്‍വലകളുടെയും നടുവില്‍, നിശബ്ദമായി, സാന്ദ്രമായി, ഞാന്‍ എന്റെ സ്വത്വത്തെ കണ്ടെത്തും.”.

“പിന്നീട് ഈ മുറി വലകള്‍ കൊണ്ടു നിറയുമ്പോള്‍, ഈ വീടിന്റെ ഓരോ മുക്കും മൂലയും ഇടനാഴികളും വലകള്‍ കൊണ്ട് നിറയുമ്പോള്‍, എല്ലാ വീടുകളും വഴിത്താരകളും പൂക്കളും പുല്ലുകളും ഓരോ മണല്‍ത്തരിയും വലകള്‍ കൊണ്ട് നിറയുമ്പോള്‍, സമത്വസുന്ദരമായ ഒരു പുതുലോകം വിരിയും. ലോകം ഒരു നൂലുണ്ടപോലെ ആ വലയില്‍ കുടുങ്ങിക്കിടക്കും. അപ്പോള്‍ ഞാനെന്റെ വലനാരുകള്‍ സൂര്യനിലേയ്ക്ക് എറിയും. അതാണെന്റെ സ്വപ്നം.”

ഒരു പുരാതന സ്വപ്നത്തിന്റെ ഓര്‍മ്മയിലെന്ന പോലെ അവന്റെ സ്വരത്തിന്റെ ഇമ്പം ഉയര്‍ന്നുയര്‍ന്ന് വന്നു. അവളുടെ നൃത്തത്തിന്റെ വേഗതയും കൂടിക്കൂടിവന്നു. അവള്‍ അവന്റെ അടുത്തേയ്ക്ക് വന്ന്,തന്റെ നൃത്തം തുടര്‍ന്നു.

“ക്ഷീരപഥങ്ങള്‍ വലകളെക്കൊണ്ടു നിറയുമ്പോള്‍, ഒരുപക്ഷേ എല്ലാ വലകളും ഒരു പൊട്ടിത്തെറിയില്‍ അവസാനിച്ചേക്കാം. എന്റെ വംശം നിന്നുപോയേക്കാം. വീണ്ടും പ്രകമ്പനം, ചലനം, സൃഷ്ടി, പരിണാമം. കാര്‍ത്തവീര്യാര്‍ജ്ജുനനെപ്പോലെ അഗാധമായ നദികളിലൂടെ തന്റെ ആയിരം കൈകള്‍ വീശി തുഴഞ്ഞ്, ആകാശങ്ങളിലേക്ക് വെള്ളം തെറിപ്പിക്കുന്ന, മരങ്ങളെയെടുത്ത് അമ്മാനമാടുന്ന, നദികളെയും കൊടുങ്കാറ്റുകളെയും തടഞ്ഞു നിറുത്തുന്ന, ഭീമാകാരനായ മറ്റൊരു ചിലന്തി. വീണ്ടും തലമുറകള്‍, വലകള്‍, പ്രകൃതിയുടെ നിലയ്ക്കാത്ത ആന്തോളനം.. ഈ ആന്തോളനങ്ങള്‍ക്കു നടുവില്‍, കാലത്തിനും സമയത്തിനും നടുവില്‍, എന്റെ വലയുടെ നടുവില്‍, ഞാന്‍...”.

“ഞാന്‍ എന്നും ഏകനായിരുന്നു. ഏകാന്തത എന്റെ ആശയങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കി. പക്ഷേ, ഞാന്‍ തളര്‍ന്നുപോവുന്നു. ഇന്ന് ഞാന്‍ ഏകാന്തതയുടെ വേദന അറിയുന്നു”.

ഇന്നലെ, ഈ ഏകാന്തത എന്റെ ഹൃദയത്തെ പിളര്‍ന്നപ്പോള്‍, ഞാന്‍ എന്റെ ഓരൊ കാലുകളും ഈ വലയില്‍നിന്ന് വിടുവിച്ചു. ഒറ്റക്കാലില്‍ ഞാന്‍ അന്തരീക്ഷത്തില്‍ തൂങ്ങിയാടി. നൈരാശ്യത്തിന്റെ ശാന്തതയില്‍, വേദനയില്‍, സമയത്തിന്റെ ദോളനങ്ങളില്‍, ഞാന്‍ എന്റെ ഏട്ടാമത്തെ കാലും വലയില്‍ നിന്ന് വിടുവിച്ചു. കാറ്റ് അതിന്റെ കൈകളിലിട്ട് എന്നെ ഊഞ്ഞാലാട്ടി. ഞാന്‍ എന്റെ മരണത്തെ കണ്ടു. അതിന്റെ നഖങ്ങള്‍ ഇരുട്ടില്‍നിന്ന് എന്നെ ഗാഢാലിംഗനം ചെയ്യുവാനായി കുതിച്ചുവന്നു. പക്ഷേ മരണത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ എന്റെ ഭാവിയെക്കണ്ടു. നീയാണ് എന്റെ ഇന്ന്, നീയാണ് എന്റെ നാളെ. നീയാണ് എന്റെ ആദിയും അന്തവും. നീയാണ് എന്റെ സായൂജ്യം.”

അവള്‍ വീണ്ടും അടുത്തടുത്തുവന്നു. അവന്റെ കാല്‍ നീട്ടി തോടാവുന്ന അത്ര അടുത്ത് അവള്‍ എത്തി. വികാരങ്ങളുടെ പാരമ്യത്തില്‍, ആഹ്ലാദത്തിന്റെ അനന്തമായ ഉയരത്തില്‍, അവളുടെ തേനൂറുന്ന ചുണ്ടുകള്‍ അവന്റെ ചുണ്ടുകളില്‍ തോട്ടു. അവളുടെ ശരീരത്തിലൂടെ ഒരു പ്രകമ്പനം മിന്നല്‍പ്പിണര്‍ പോലെ കടന്നുപോയി. അവളുടെ ചിറകുകളുലഞ്ഞു. പെട്ടെന്ന്, തലമുറകളായി ഊട്ടിയുറക്കിയ ഒരു സ്വപ്നം അവളുടെ ഉള്ളില്‍ ഉണര്‍ന്ന് അവളുടെ തലച്ചോറിലേയ്ക്ക് ഇരച്ചെത്തി, മനസ്സിന്റെ അജ്ഞാതമായ ഏതോ കോണുകളെ തൊട്ടു. ആ സ്വപ്നത്തിന്റെ ഞെട്ടലില്‍, ആ ചുംബനത്തിന്റെ പൂര്‍ണ്ണതയില്‍, അവള്‍ തുറന്നിട്ട ജാലകത്തിലൂടെ തന്റെ നനവാര്‍ന്ന തേന്‍ ചുണ്ടുകളുമായി പറന്നുപോയി.

വിരഹം. വേദനയുടെ അനന്തമായ ഉയരങ്ങള്‍. അവന്റെ ഓരോ കാലുകളും പല കഷണങ്ങളായി പൊട്ടിത്തെറിച്ച്, ശരീരത്തില്‍നിന്നു വേര്‍പെടുന്നതുപോലെ. തന്റെ കണ്മുന്നില്‍ നിന്ന് നൃത്തം ചവിട്ടിയ സ്വപ്നത്തിന്റെ സ്വര്‍ഗ്ഗം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലായതുപോലെ. ആ ചാരവും കനലുകളും അനന്തതയില്‍ നിന്ന് അവന്റെ മനസ്സിലേയ്ക്ക് പാറിവീഴുന്നതുപോലെ. അവന്‍ അഗാധമായ വേദനയില്‍ അലറിക്കരഞ്ഞു. “സ്വപ്നമേ, എന്റെ സ്വപ്നമേ, നീയില്ലാതെ എനിക്കെന്തു വാഴ്വ്?”.

കാറ്റില്‍ വീണ്ടും ഒരു ചിറകടി. മാഞ്ഞുപോയ ഒരു സ്വപ്നത്തിന്റെ അലയൊലികളായിരുന്നുവോ അത്? പക്ഷേ ചിറകടി വീണ്ടും അടുത്തടുത്ത് വന്നു. പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം. കണ്ണുകള്‍ക്കുമുന്‍പില്‍ ഒരു വര്‍ണ്ണപ്രപഞ്ചം. സ്വപ്നമേ, എന്റെ സ്വപ്നമേ.

പെട്ടെന്ന്, ഒരു ഭൂകമ്പം പോലെ, ചിലന്തിവല കുലുങ്ങി. അവളുടെ നനുത്ത ചിറകുകള്‍ വലയില്‍ കുടുങ്ങി. അവള്‍ വലയില്‍ കിടന്നു പിടച്ചു.

മഞ്ഞുമൂടിയ കണ്ണുകളും മത്തുപിടിച്ച ഹൃദയവുമായി അവന്‍ വലനാരുകളിലൂടെ തെന്നിനീങ്ങി. അവന്‍ അവളെ തോടാവുന്ന അത്ര അകലത്തിലെത്തി. സ്വപ്നമേ, എന്റെ സ്വപ്നമേ.

അവന്‍ അവളുടെ തേന്‍ ചുണ്ടുകളെ ചുംബിച്ചു. നീ എത്ര സുന്ദരിയാണ്. നിന്റെ സൌന്ദര്യം എന്റെ മനസ്സിനെ മത്തുപിടിപ്പിക്കുന്നു. അവന്‍ പതിയെ ആ ഗാഢമായ നീണ്ട ചുംബനത്തില്‍ നിന്ന് തന്റെ ചുണ്ടുകള്‍ വിടര്‍ത്തി. അവന്റെ ചുണ്ടുകളില്‍ ചോര പുരണ്ടിരുന്നു. അവളുടെ മാറിടം ഒരു ചുടുനിശ്വാസത്തിലുലഞ്ഞു. അവള്‍ ഒരു ഗാഢാലിംഗനത്തിനായി തന്റെ കൈകള്‍ ഉയര്‍ത്തി.

“നീ എത്ര സുന്ദരിയാണ്. നിന്റെ സൌന്ദര്യത്തിന് ഈ ചിറകുകള്‍ വേണ്ട.“ ഒരു നിമിഷാര്‍ധത്തില്‍ അവന്റെ കാലുകള്‍ ഒരു വാളുപോലെ ചലിച്ച് അവളുടെ ചിറകുകള്‍ ശരീരത്തില്‍ നിന്ന് അരിഞ്ഞുമാറ്റി. പക്ഷേ ആ വേദനയുടെ പാരമ്യത്തിലും അവളുടെ കൈകള്‍ അവനെ ആലിംഗനം ചെയ്തിരുന്നു.

അവന്‍ ആ ആലിംഗനത്തിന്റെ ഗാഢതയില്‍ അവളുടെ കഴുത്തില്‍ ചുംബിച്ചു. സ്വപ്നമേ, എന്റെ സ്വപ്നമേ.. അവന്റെ പല്ലുകളില്‍ രക്തം നിറഞ്ഞു. രക്തം അവന്റെ തലച്ചോറിലേയ്ക്കും എട്ടുകാലുകളിലേയ്ക്കും അരിച്ചിറങ്ങി. അവളുടെ ശരീരം ഒന്ന് ഗാഢമായി ഉലഞ്ഞ് വലയുടെ ഉന്നതങ്ങളില്‍ നിന്ന് താഴേയ്ക്കുവീണു.

അവന്‍ അനന്തമായ വേദനയില്‍ ഉറക്കെ കരഞ്ഞു. അവന്റെ ആര്‍ത്തനാദം ദിക്കുകളെ കുലുക്കി. സ്വപ്നമേ, എന്റെ സ്വപ്നമേ. നഷ്ടബോധം സ്പന്ദനങ്ങളായി, അലകളായി, ഒരു കൊടുങ്കാറ്റായി, ഒരു പേമാരിയായി അവന്റെ മനസ്സില്‍ പെയ്തു. പക്ഷേ ഒരു യന്ത്രമെന്ന പോലെ അവന്റെ കാലുകള്‍ വലയിലെ പൊട്ടിയ കണ്ണുകള്‍ നേരെയാക്കിക്കൊണ്ടിരുന്നു. വെളിച്ചം വെള്ളി വലകളെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.

വേദന സാന്ദ്രമായി മൌനമായി ഉറഞ്ഞു.വലയുടെ നടുവില്‍ അവന്‍ എട്ടുകാലുകളും വിരിച്ച് ധ്യാനിച്ചു.

കാറ്റിനു നടുവില്‍, വീണ്ടും ഒരു ചിറകടി. ജനാലയിലൂടെ മറ്റൊരു പൂമ്പാറ്റ. അവന്റെ മനസ്സില്‍ ഒരായിരം വര്‍ണ്ണമഴ.

No comments:

Google