സിമിയുടെ ബ്ലോഗ്

10/20/2007

മയില്‍പ്പീലി

വീട്ടുകാരുടെ കരച്ചിലും ബഹളവും സഹിക്കാ‍തെ ചുവപ്പുകരയുള്ള വെളുത്ത കസവുസാരിചുറ്റി ഉടുത്തൊരുങ്ങി നെറ്റിയില്‍ കറുത്ത വലിയ പൊട്ടുംതൊട്ട് മുടി പിന്നിയിട്ട് അയലത്തെ വീട്ടില്‍ നിന്നും കടം വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങളും അണിഞ്ഞ് ചായയും പലഹാരങ്ങളും നിരത്തിയ താലവുമെടുത്ത് കെട്ടുകാഴ്ച്ചയ്ക്കു ചെന്നുനിന്നുകൊടുത്തു. ചായയും നീട്ടി മുന്‍പില്‍ ചെന്നുനില്‍ക്കുമ്പോള്‍ മഞ്ഞക്കണ്ണുകളും തടിച്ചുമലര്‍ന്ന ചുണ്ടുകളും വിടര്‍ത്തി പുതുപ്പയ്യന്റെ ഒരു ചിരി. പുതുപ്പയ്യന്‍ പോലും! മുകളിലെ രണ്ടു കുടുക്കുകള്‍ അഴിഞ്ഞ വെള്ള ഷര്‍ട്ടിലൂടെ അവന്റെ കുറുകിയ കഴുത്തും നെഞ്ചിലെ ചുരുണ്ട രോമങ്ങളും കാണാം. കറുത്ത മുഖത്ത് അതിലും കറുത്ത വടു. പത്താം ക്ലാസില്‍ പഠിത്തം നിറുത്തി കുറെ നാള്‍ കൂലിത്തല്ലും കള്ളും പെണ്ണുപിടിയുമായി നടന്ന ഇങ്ങനെയൊരുത്തന് പെണ്ണുകൊടുക്കാന്‍ തന്റെ വീട്ടുകാര്‍ക്ക് എങ്ങനെ മനസ്സുവന്നു?. വേറൊന്നിനോടും ചേരാത്ത തന്റെ മുടിഞ്ഞജാതകവും തന്നെ പിടിച്ചിറക്കിക്കൊണ്ടു പോവാന്‍പോലും നട്ടെല്ലില്ലാത്ത ഒരു കാമുകനും. എല്ലാം നശിച്ചുപോട്ടെ!. ആകെ ജാതകം ചേര്‍ന്നത് ഈ ഇറച്ചിവെട്ടുകാരനോട്. സ്ത്രീധനം ഒന്നും വേണ്ടപോലും. കുറച്ചുകാലമായി അവന്‍ നല്ലവനാണുപോലും. ദീനതയോടെ പിടയുന്ന മൃഗത്തിന്റെ കഴുത്തുകണ്ടിക്കുന്നവന്‍ എങ്ങനെ നല്ലവനാവാന്‍. പണം കൊണ്ട് എല്ലാം വാങ്ങാന്‍ കഴിയും, പക്ഷേ തന്റെ മനസ്സോ? ഇത്രയും വര്‍ഷം വെയില്പോലും കൊള്ളിക്കാതെ ആറ്റുനോറ്റ സൌന്ദര്യവും സ്വപ്നങ്ങളും ആര്‍ക്കും വേണ്ടാത്തതോ? ഉപചാരങ്ങളും കുശലാന്വേഷണങ്ങളും കഴിഞ്ഞ് അവനു തന്നോട് ഒറ്റയ്ക്കു സംസാരിക്കണം പോലും. കടുപ്പിച്ചമുഖത്തോടെ അവന്റെ മുഖത്തുനോക്കി തറപ്പിച്ചുപറഞ്ഞു. “എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്, എന്നെ കെട്ടരുത്. ദയവുചെയ്ത് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് എന്റെ വീട്ടുകാരോടുപറയൂ“. അറവുകാരനിലും അല്പമെങ്കിലും നന്മ കാണാതിരിക്കുമോ? ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ തന്നെയിരിക്കുന്ന, കിളിസ്വരത്തില്‍ സംസാരിക്കുന്ന, വെളുത്തുചടച്ച, നാട്ടിലെ സാഹിത്യകാരനെയാണ് തനിക്കിഷ്ടമെന്നറിഞ്ഞ് രഘു ചിരിച്ചു. കാരണവന്മാരോട് “എനിക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടു, കല്യാ‍ണത്തീയതി പിന്നീട് സംസാരിക്കാം“ എന്നും‌പറഞ്ഞ് രഘു ഇറങ്ങിപ്പോയി. അവന്റെ ധാര്‍ഷ്ട്യത്തില്‍ അമ്പരന്നുനിന്ന വീട്ടുകാര്‍ക്ക് അപ്പോഴെങ്കിലും മറുത്തുപറഞ്ഞുകൂടേ, ഈ കല്യാണം വേണ്ട എന്ന്? ഒരു പെണ്ണിനെ എങ്ങനെയെങ്കിലും കെട്ടിച്ചുവിടുന്നതാണോ ഇവര്‍ക്കുവലുത്? തകര്‍ന്ന വിവാഹങ്ങളിലും എന്തുകൊണ്ടും നല്ലതല്ലേ താന്‍ വീട്ടില്‍ത്തന്നെ ഇരിക്കുന്നത്? ഇരുപത്തിയാറു വയസ്സു കഴിഞ്ഞുപോലും. ഭാരം പോലും, ഭാരം!. പെറ്റുവീണപ്പൊഴേ ഏതെങ്കിലും കുപ്പക്കുഴിയില്‍ കളഞ്ഞുകൂടായിരുന്നോ ഇവര്‍ക്ക്? ഒരു മണവാളന്‍ വന്നിരിക്കുന്നു. എല്ലാം മുടിഞ്ഞുപോവട്ടെ.

കല്യാണമുറപ്പിച്ച് രഘു പലതവണ കാണാന്‍ വന്നിരുന്നു. ആദ്യം കാണാന്‍ വന്നത് ഒരു തത്തക്കൂടുമായിട്ടായിരുന്നു. ഉണ്ടക്കണ്ണുള്ള പച്ചത്തത്തയെ മുറിയിലെ വട്ടമേശയ്ക്കുമുകളില്‍ വെച്ച് അവന്‍ എന്തൊക്കെയോ ചോദിച്ചു. എല്ലാ ചോദ്യത്തിനും ഒറ്റവാക്കില്‍ മറുപടികൊടുത്തു. ഒടുവില്‍ ഇറങ്ങാന്‍ നേരം “ദയവുചെയ്ത് എന്നെ വെറുതേ വിടൂ, എന്നെ കെട്ടാന്‍ പറ്റില്ല എന്ന് എന്റെ വീട്ടുകാരോടു പറയൂ“ എന്ന് വീണ്ടും കരഞ്ഞുപറഞ്ഞു. ചിരിക്കുന്ന കണ്ണുകളുമായി അവന്‍ ഒന്നും മിണ്ടാതെ പടികളിറങ്ങി. മറ്റുള്ളവരുടെ പ്രാണവേദന കാണുമ്പോള്‍ അല്ലെങ്കിലും ചിലര്‍ക്കു ചിരിയാണ്. തത്ത കൂട്ടിനുള്ളിലിരുന്ന് കള്ളീ കള്ളീ എന്ന് ഉറക്കെവിളിക്കുന്നുണ്ടായിരുന്നു. തത്തയെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ദേഷ്യം വന്നു. എങ്കിലും തത്തയും തന്നെപ്പോലൊരുത്തി എന്നുവിചാരിച്ച് കൂടുതുറന്ന് അതിനെ വെറുതേവിട്ടു. മുറിച്ച ചിറകുകള്‍ വിടര്‍ത്തി തത്തിയും ചാടിയും ചിറകടിച്ചും തത്ത എങ്ങോ പോയി. തത്തക്കൂടെടുത്ത് ചവറ്റുകൊട്ടയിലെറിഞ്ഞു. വീണ്ടും കള്ളീ കള്ളീ എന്ന വിളി. പുറത്തിറങ്ങി മച്ചിനു മുകളിലും മരങ്ങളിലും നോക്കിയെങ്കിലും തത്ത അവിടെയെങ്ങും ഇല്ലായിരുന്നു. അടുത്ത രണ്ടുമൂന്ന് ദിവസം പാതിരാവിലും ആളൊഴിഞ്ഞ നേരത്തിലും മുറിയില്‍ അസമയത്ത് കള്ളീ കള്ളീ എന്ന വിളികേട്ടു. അതും കാതുതുളയ്ക്കുന്ന ശബ്ദത്തില്‍. മെത്തയില്‍ സുഖമായിക്കിടന്ന മടിയന്‍ പൂച്ച പതിയെ മ്യാവൂ എന്നു മുരണ്ടു. താന്‍‍ പല്ലുഞെരിച്ചു. നാശം!. രണ്ടുദിവസം കഴിഞ്ഞ് ആ തത്ത വഴിവക്കില്‍ ബസ്സുകയറി ചത്തുകിടക്കുന്നു എന്ന് അമ്മ പറഞ്ഞു. ഹാവൂ, സമാധാനമായി. രാത്രിയായപ്പോള്‍ വീണ്ടും കള്ളീ കള്ളീ എന്ന നീട്ടിവിളി. ചത്താലും സ്വൈരം തരാത്ത വര്‍ഗ്ഗം. എന്തായാലും രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അതും നിന്നു.

രഘുവിന്റെ രണ്ടാമത്തെ വരവ് ഒരു സ്വര്‍ണ്ണമാലയുമായിട്ടായിരുന്നു. പഴയപോലെ വീണ്ടും ചോദ്യങ്ങളും ഉത്തരങ്ങളും. അറവുകാരന്റെ കാശിന്റെ ഹുങ്ക്. അവന്റെ കയ്യിലേയ്ക്ക് തിരിച്ചുകൊടുക്കാനാഞ്ഞ മാല നിലത്തുവീണപ്പോള്‍ അതിലെവിടെയെങ്കിലും കുഞ്ഞാടുകളെ അറുത്ത ചോരക്കറ പറ്റിയിട്ടുണ്ടോ എന്ന് വെറുതേ ഒരു കൌതുകത്തോടെ തിരഞ്ഞു. ഇല്ല, നല്ല മഞ്ഞനിറം. നിലത്തുനിന്നും മാലപെറുക്കി അവന്റെ കയ്യില്‍ത്തന്നെ തിരിച്ചുകൊടുത്തു. നല്ല ഭാരം. ഒന്നും മിണ്ടാതെ അവന്‍ തിരിച്ചുപോയി.

മൂ‍ന്നാ‍മത്തെ കൂടിക്കാഴ്ച്ച ഇന്നലെ രാവിലെയായിരുന്നു. അമ്മ അയലത്തെ വീട്ടില്‍ ഇരുന്ന് ടി.വി. കാണുന്നു. രഘു കറപിടിച്ച മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് ഒരു പുസ്തകം മുന്നോട്ടുനീട്ടി. മലയാളത്തിലെ ഒരു നാലാംകിട സാഹിത്യ പുസ്തകം. അറയ്ക്കുന്ന ഉപമകളും പൈങ്കിളിക്കഥകളും എഴുതുന്ന ഈ എഴുത്തുകാരന്റെ “പിടയ്ക്കുന്ന ഹൃദയം“ എന്ന കഥവായിച്ച് കാമുകനായ കഥാകൃത്ത് ശര്‍ദ്ദിച്ചതോര്‍ത്ത് താന്‍ ഉള്ളാലെ ചിരിച്ചു. എഴുത്തും വായനയും തനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞായിരിക്കും പുതിയ സാഹസം. അറവുകാരനിലും സാഹിത്യമോ. ജാത്യാലുള്ളത് തൂത്താല്‍ പോവുമോ. താന്‍ ഒന്നും മിണ്ടാതെ നിന്നു. എന്നാലും അത്രയും നാളത്തെ കൂടിക്കാഴ്ച്ചകളില്‍ കണ്ട തന്റേടവും പുച്ഛവും കാര്‍ക്കശ്യവും അല്പം മങ്ങിയിരിക്കുന്നു. രഘുവിന്റെ കണ്ണുകളില്‍ ദൈന്യം പോലെ എന്തോ. പ്രണയം കൊണ്ട് കരിങ്കല്ലും ഉരുകുമെന്നാണ് പ്രമാണം. പക്ഷേ ഇവനോ? ഏയ് വഴിയില്ല. എങ്കിലും ചുറ്റിനിന്ന അവന്റെ നോട്ടം അതുവരെ കാണാത്ത ഒരു നോട്ടമല്ലേ എന്നു ചിന്തിച്ചപ്പോള്‍ നെഞ്ചില്‍ എന്തോ കൊളുത്തിപ്പിടിച്ചു. അറിയാതെ കൈനീട്ടിപ്പോയി. പുസ്തകം വാങ്ങാനാഞ്ഞ തന്റെ കയ്യില്‍ അവന്റെ തടിയന്‍ കൈത്തണ്ട‍ തട്ടിയപ്പോള്‍ ഷോക്കടിച്ചതുപോലെ. ഒരു ഞെട്ടലില്‍ പെട്ടെന്നു മാറ്റിയ കൈകള്‍ക്കിടയില്‍ നിന്ന് പുസ്തകം താഴെവീണു. അതിനുള്ളില്‍ നിന്ന് ഒരു മയില്‍പ്പീലി പുറത്തുചാടി. മുടിയും വിടര്‍ത്തി നിലത്തുകിടന്ന മയില്‍പ്പീലിയെ എടുത്ത് വീണ്ടും പുസ്തകത്തിനകത്താക്കി. പുസ്തകം കിടപ്പുമുറിയിലെ അലമാരയില്‍ വെച്ചു. രഘു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

വൈകിട്ട് ആളൊഴിഞ്ഞ നേരത്ത് ജനാലയ്ക്കല്‍ ബീഡിപ്പുകയുടെ മണം. പൂത്തുലഞ്ഞ് ഓടിയിറങ്ങിച്ചെന്നപ്പോള്‍ പൂങ്കുലകള്‍ വീണുകിടന്ന തേന്മാവും ചാരി സാഹിത്യകാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ അഴുക്കുപുരണ്ട ഇളം നീല ജീന്‍സിന്റെ അറ്റം പിഞ്ഞുകീറിയിരുന്നു. തുകല്‍ച്ചെരുപ്പ് അവിടവിടെ പൊട്ടിത്തുടങ്ങിയിരുന്നു. പാവം. അവന്റെ കണ്ണുകള്‍ കരുവാളിച്ചിരുന്നു. ഒരുപാടുരാത്രികളില്‍ ഉറക്കമിളച്ചതാവും. കുറ്റിത്താടിയും നനുത്ത മീശയും കുറെ നാളായി വടിക്കാതെ നീണ്ടിരിക്കുന്നു. ഈശ്വരനു സ്തുതി, ഇപ്പോഴെങ്കിലും തന്നെ കാ‍ണാന്‍ വരാന്‍ തോന്നിയല്ലോ. നിര്‍ത്താതെ ബീഡിവലിച്ച് ചുണ്ടുകള്‍ കറുത്തിരിക്കുന്നു. വലി നിറുത്തണം എന്ന് താന്‍ എത്രതവണ പറഞ്ഞതാണ്. കവിളുകള്‍ ഒട്ടിയിരിക്കുന്നു. മുന്‍പ് കണ്ടതിനെക്കാളും മെലിഞ്ഞിട്ടുമുണ്ട്. താനില്ലാതെ അവനു ജീവിക്കാന്‍ പറ്റില്ലെന്നുപറയുമ്പോഴും തന്റെ അച്ഛനമ്മമാരെ കണ്ട് സംസാരിക്കാന്‍ അവനു പേടിയായിരുന്നു. പാവം. മക്കളെ ഒരുപാട് അടിച്ചുവളര്‍ത്തിയ വീട്ടില്‍ നിന്നായതുകൊണ്ടായിരിക്കണം, അവന് എല്ലാം പേടിയാണ്. ചേട്ടനെയും അച്ചനെയും അമ്മയെയും നാട്ടുകാരെയും എല്ലാം. എന്നാലും എന്നെക്കാണാതെ ഇവന്‍ ഇത്രയും നാള്‍ എങ്ങനെ പിടിച്ചുനിന്നു. ആകെ അവന്‍ മനസ്സുതുറന്നത് തന്നോടേയുള്ളൂ. ആ മനസ്സിനെ താനെത്ര താലോലിച്ചു. സ്നേഹം വാരിക്കോരിക്കൊടുത്തിട്ടും അവന്‍ എഴുതുന്ന കഥകളില്‍ അരക്ഷിതാവസ്ഥ തുളുമ്പിനിന്നു. കുട്ടിക്കാലത്ത് അവരവനെ അത്ര കഷ്ടപ്പെടുത്തിക്കാണണം. ചില മുറിവുകള്‍ എത്ര മരുന്നുപുരട്ടിയാലും ഉണങ്ങില്ലായിരിക്കും. അവന്റെ കുറുമ്പുകള്‍ക്കും പരിഭവങ്ങള്‍ക്കും വേണ്ടി അവനെക്കാണാതിരുന്ന ഇത്രയും രാവുകളില്‍ താനെത്ര വിങ്ങി. പാവം. ഇപ്പോഴെങ്കിലും ഒന്നു വന്നല്ലോ. നാടുവിടാമെന്ന്. എവിടെ, എങ്ങോട്ട് എന്നൊന്നും പറഞ്ഞില്ല. നാളെ പുലര്‍ച്ചെ നാലുമണിക്ക് കുന്നിന്‍ചെരിവിലെ ബസ് സ്റ്റോപ്പില്‍ അടുത്ത ജില്ലയിലേയ്ക്കുള്ള ട്രാന്‍സ്പോര്‍ട്ടു ബസ്സുവരുമെന്ന്. അവന്‍ കാത്തുനില്‍ക്കുമെന്ന്. അവന്റെ കയ്യില്‍ കുറച്ചു കാശുണ്ടെന്ന്. ഈശ്വരാ. സന്തോഷം കൊണ്ട് മിണ്ടാന്‍ വാക്കുകള്‍ കിട്ടിയില്ല. പാവം. ഇപ്പോഴെങ്കിലും ഇതുതോന്നിയല്ലോ. ഇത്രയും കടുപ്പിച്ച് ഒരു തീരുമാനം എടുത്ത ശക്തിയില്‍ അവന്‍ വിങ്ങിക്കരയുന്നുണ്ടായിരുന്നു. പാവം. ഇറുക്കി കെട്ടിപ്പിടിച്ച് അവന്റെ കണ്ണുനീരെല്ലാം മുത്തിയെടുക്കണമെന്നുണ്ടായിരുന്നു. ഒന്നു തൊട്ടുപോലുമില്ല. അവന്‍ പോയി. ഇപ്പോഴെങ്കിലും ഒന്നു വന്നല്ലോ.

രാത്രി അത്താഴസമയത്ത് വീണ്ടും രഘു കയറിവന്നിരിക്കുന്നു!. ഈ സമയത്തു വരുന്നതല്ല. പ്രത്യേകിച്ചും ഒരു ദിവസം രണ്ടുതവണ. ഈ നേരത്തുവരാന്‍ അവന് എങ്ങനെ ധൈര്യം തോന്നി? ഞാന്‍ ഒളിച്ചോടാന്‍ ‍പോവുന്നത് അവന്‍ അറിഞ്ഞോ? എങ്ങനെ? ഒരാളോടുപോലും താനിതുപറഞ്ഞിട്ടില്ല. സാഹിത്യകാരനു കൂട്ടുകാര്‍ ആരുമില്ല. രഘുവിന്റെ മുഖത്തുപോലും നോക്കാതെ മുറിയില്‍‍ കയറി കതകടച്ചു. അവന്‍ അച്ഛനും അമ്മയുമായി എന്തോ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. പുതിയ മരുമകന്റെ അവകാശങ്ങള്‍. കാണിച്ചുകൊടുക്കുന്നുണ്ട്. പെട്ടിതുറന്ന് വസ്ത്രങ്ങളും ഇതുവരെയുള്ള സമ്പാദ്യവും സോപ്പും തോര്‍ത്തുമെല്ലാം എടുത്തുവെച്ചു. ഈശ്വരനെവിളിച്ച് ഭഗവദ്ഗീതയും എടുത്തുവെച്ചു. കൃഷ്ണാ, ഗുരുവായുരപ്പാ. ഗീതയ്ക്കപ്പുറം രാവിലെ രഘു തന്ന പുസ്തകത്തിന്റെ താളില്‍ നിന്ന് മയില്‍പ്പീലിയുടെ മുടികള്‍ തള്ളിനില്‍ക്കുന്നു. പീലിത്തലമുടിയുമായി കോളിളക്കമുള്ള‍ സമുദ്രത്തില്‍ വെറുമൊരാലിലയിലേറി തുഴഞ്ഞുവരുന്ന ആലിലക്കണ്ണന്റ മുടിപ്പീലി. എന്നിട്ടും പുസ്തകം കാണുമ്പോള്‍ രഘുവിന്റെ കറുത്തിരുണ്ട ശരീരവും മഞ്ഞപ്പല്ലുകള്‍ കാട്ടിയുള്ള ചിരിയും മനസ്സില്‍ തെളിഞ്ഞുവന്നു. ഒന്ന് അറച്ച് ആ പുസ്തകവും എടുത്ത് പെട്ടിയില്‍ വെക്കാനാഞ്ഞപ്പോള്‍ മയില്‍പ്പീലി പുസ്തകത്തിനകത്തിരുന്നു വിറയ്ക്കുന്നു. പുസ്തകം തുറന്നപ്പോള്‍ മയില്‍പ്പീലിയുടെ നീലക്കണ്ണുകള്‍ തന്നെ തുറിച്ചുനോക്കുന്നു. രഘുവിന്റെ കണ്ണുകള്‍ പോലെ!. അങ്ങനെവരില്ല. തോന്നിയതാവും. കൈ വിറച്ചതാവും. മയില്‍പ്പീലിയെ ഒന്നുകൂടി പുസ്തകത്തിനകത്ത് ഒതുക്കിവെച്ച് പുസ്തകം പെട്ടിയുടെ ഏറ്റവും അടിയിലാക്കി. അച്ചന്റെയും അമ്മയുടെയും തോളില്‍ കൈയ്യിട്ട് താന്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു ഫോട്ടോയും കൂടെ പെട്ടിക്കകത്ത് എടുത്തുവെച്ചു. എന്നോടു പൊറുക്കുമോ ആവോ. അലാറം വെച്ച് ലൈറ്റ് അണച്ചു. വീട്ടുകാരോട് യാത്രപറഞ്ഞിറങ്ങുന്ന രഘുവിന്റെ കര്‍ക്കശശബ്ദത്തില്‍ നിരാശ പറ്റിയിരുന്നു. നാളെ ഞാന്‍ നാടുവിടുന്നു!. സാഹിത്യകാരന്‍ ഉറങ്ങാതെ കിടക്കുന്നുണ്ടാവും. തലവഴിയേ കമ്പിളി മൂടിപ്പുതച്ചുകിടന്നു. ഉറക്കം വന്നില്ല. ഓരോരോ സ്വപ്നങ്ങളും കണ്ട് കണ്ണും മിഴിച്ചുകിടന്നപ്പോള്‍ അലാറം അടിച്ചു. ഇത്ര പെട്ടെന്നോ?

രാവിലെ. പൂങ്കോഴി മുരിങ്ങമരത്തിലിരുന്ന് ഉറക്കം തൂങ്ങുന്നു. ശബ്ദമുണ്ടാക്കാതെ കതകുതുറന്നു. വിജാഗിരി കരഞ്ഞില്ല. ഭാഗ്യം. കതകു ശബ്ദമുണ്ടാക്കാതെ പതിയെച്ചാരി പടി തൊട്ടുവണങ്ങി പെട്ടിയും തൂക്കി പുറത്തിറങ്ങി. ഈശ്വരാ, പൊറുക്കണേ. പൂച്ച ഉറക്കമുണര്‍ന്ന് തീക്കട്ടക്കണ്ണുകളുമായി ജനലില്‍ കൂടി തല പുറത്തേയ്ക്കിട്ട് മിണ്ടാതെ തന്നെത്തന്നെ നോക്കുന്നു. അവള്‍ക്കിനി ആരു പാലുകൊടുക്കും. റോഡില്‍ ആരുമില്ല. കള്ളന്മാരോ പിടിച്ചുപറിക്കാരോ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു കൂവിവിളിക്കാന്‍ പോലും പറ്റില്ല. പെട്ടിയും തൂക്കി അസമയത്ത് ഒളിച്ചോടാനാഞ്ഞതിന്റെ മാനക്കേട് ജീവിതം മുഴുവന്‍ പേറേണ്ടിവരും. എങ്കിലും കൂവിവിളിച്ച് ആളെക്കൂട്ടണം. രാത്രി ഉറക്കത്തില്‍ എണീറ്റുനടക്കുന്ന സ്വഭാവമുള്ള പതിനെട്ടുകാരിയെ മദ്രാസില്‍ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്രേ. ശ്രീലങ്കയില്‍ ഒരു കുടുംബത്തിലെ എല്ലാ സ്ത്രീകളെയും കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്രേ. തല ഇങ്ങനെയാണ്. വേണ്ടാത്ത കാര്യങ്ങള്‍ വേണ്ടാത്തസമയത്ത് ഓടിവരും. വീട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും ഇരിക്കുമ്പോള്‍ ഇതൊന്നും ഓര്‍മ്മവരികയുമില്ല. വീട്ടുകാരെ ഇനി എന്നു കാണുമോ ആവോ. മുന്‍പില്‍ ഒന്നും കാണാന്‍ വയ്യാത്തത്ര ഇരുട്ട്. ചീവീടുകളുടെ ഇരപ്പിന് ഇത്ര ഒച്ചയോ?. മുന്‍പിലെ ആല്‍മരത്തില്‍ എന്തോ തൂങ്ങിയാടുന്നു. വേരുകള്‍ തന്നെയാണോ? ആരെങ്കിലും തൂങ്ങിച്ചത്തതാണെങ്കില്‍? ആല്‍ത്തറയില്‍ ആരെങ്കിലും ഒരു തിരിയെങ്കിലും കത്തിച്ചെങ്കില്‍ മതിയായിരുന്നു. പൊന്തക്കാടുകളില്‍ എന്തോ അനങ്ങുന്നു. വല്ലൊ പാമ്പും ആണെങ്കില്‍? വളവുതിരിഞ്ഞപ്പോള്‍ വഴിയില്‍ രഘുവിന്റെ വീട്ടിനകത്ത് ലൈറ്റുകിടക്കുന്നു. അമ്മേ! രഘു അറിഞ്ഞോ? ഉള്ളില്‍ ഒരു കാളല്‍! ഇല്ല. വഴിയില്ല. ഹൃദയം ചീവീടുകളുടെ ശബ്ദത്തെക്കാളും ഉറക്കെ ഇടിക്കുമോ?. എന്റെ ദൈവമേ, രഘു അറിഞ്ഞാല്‍?. ചീവീടുകള്‍ പെട്ടെന്ന് നിശബ്ദരാ‍യതാണോ? കാലുകള്‍ ചലിക്കുന്നത് താന്‍‌പോലും അറിയുന്നില്ല. വളവു തിരിഞ്ഞു. രഘുവിന്റെ വീടും വെളിച്ചവും വളവിനു പിന്നിലാ‍യി. ബസ് സ്റ്റോപ്പിനു മുന്‍പില്‍ ഒരു തെരുവുവിളക്കു കത്തുന്നു. മഴ ചാറാന്‍ തുടങ്ങി. മഴത്തുള്ളികള്‍ക്കിടയിലൂടെ ബസ് സ്റ്റോപ്പില്‍ നിന്ന് ബീഡിപ്പുക ഉയരുന്നു. ഹായ്!.

ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. ഒരിക്കലും കരയാത്ത തന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ധാരാളം ഒഴുകി. നമുക്ക് ദൂരെ എവിടെയെങ്കിലും പോവണം. എന്തെങ്കിലും ചെറിയ ജോലിചെയ്ത് നമുക്കുജീവിക്കാം. ഏതെങ്കിലും ഓഫീസില്‍ എന്തെങ്കിലും ഉദ്യോഗം കിട്ടും. അല്ലെങ്കില്‍ അല്ലെങ്കില്‍ ഒരു ട്യൂട്ടോറിയലില്‍ പഠിപ്പിക്കാം. ഞാന്‍ ഒരു തുണിക്കടയില്‍ നില്‍ക്കാം. അവന്‍ ചിരിച്ചുകൊണ്ടു വേണ്ട എന്ന ഭാവത്തില്‍ കൈ വീശി. എന്തെങ്കിലും ഒക്കെ മനസ്സില്‍ കണ്ടിട്ടുണ്ടോ? ഞാനും കുറച്ച് പൈസ എടുത്തിട്ടുണ്ട്. നമ്മള്‍ എങ്ങോട്ടാണ് പോവുന്നത്? ഒരു വീട് വാടകയ്ക്ക് എടുക്കണ്ടേ? രഘു തിരക്കിവരാത്തത്ര ദൂരേയ്ക്കു പോവണം. ദൈവമേ, അവന്‍ ഒന്നിനും മടിയില്ലാത്തവനാണ്. രഘുവില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നമുക്ക് പോലീസില്‍ പരാതികൊടുത്താലോ? അവനില്‍ നിന്നും നമുക്ക് ഓടിപ്പോവാം. ഒരു രെജിസ്റ്റര്‍ മാരേജുകഴിഞ്ഞാല്‍ പിന്നെ പേടിക്കണ്ട. എന്തെങ്കിലും പറ.

“നെഞ്ചില്‍ വളഞ്ഞ വാലുകുത്തിയിറക്കുന്ന ഓര്‍മ്മകളെയും ദു:സ്വപ്നങ്ങളെയും ഞാന്‍ കഥകളില്‍ പൊതിഞ്ഞ് ചുരുട്ടിക്കൂട്ടി വായനക്കാരുടെ നേര്‍ക്ക് വലിച്ചെറിയും. ഓര്‍മ്മകളേ, പോ, ഫോ“. ഇതു പറഞ്ഞപ്പോള്‍ സ്ഥിരം രോഗിയും അബലനുമായ അവന്റെ കണ്ണുകള്‍ തുറിച്ച് ചോരഞരമ്പുകള്‍ എഴുന്നുവന്നു. ബീഡിപ്പുകയേറ്റ ചുണ്ടുകളും കയ്യും മെലിഞ്ഞ ശരീരവും മഴനനഞ്ഞുനിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. അവള്‍ ഒരു വിങ്ങലോടെ അവന്റെ കൈപ്പത്തി തന്റെ ഇളംചൂടുള്ള രണ്ടു കൈകള്‍ക്കും ഉള്ളിലാക്കി. പറഞ്ഞ വാക്യങ്ങളുടെ ശക്തിയില്‍ തളര്‍ന്ന് അവളുടെ ചുമലില്‍ ചാഞ്ഞിരുന്ന് അവന്‍ പലതും പതിയെ പറയുന്നുണ്ടായിരുന്നു. എന്റെ കഥകള്‍ പ്രസിദ്ധീകരിച്ച് പത്രാധിപന്മാര്‍ അയച്ചുതരുന്ന കാശുപോരേ നമുക്ക് ജീവിക്കാന്‍. ഒരു പുസ്തകം പ്രസിദ്ധീകരിച്ച് പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ പിന്നെയും കാശുകിട്ടും. നീ നോക്കിക്കോ. നിന്റെ സ്നേഹത്തില്‍ ഞാന്‍ എഴുതുന്ന കഥകളെല്ലാം സൂര്യകാന്തിപ്പൂക്കളെപ്പോലെ വിരിഞ്ഞുനില്‍ക്കും. ഏതെങ്കിലും വിദ്യാലയത്തില്‍ പഠിപ്പിക്കാനോ കുട്ടികളെ ട്യൂഷന്‍ എടുക്കാനോ ഒക്കെ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ലപൊന്നേ, എനിക്ക് അധികം സംസാരിക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ടല്ലേ. ഇഷ്ടമല്ലാത്തവരോടും പരിചയമില്ലാത്തവരോടും സംസാരിക്കുന്നതിന്റെ വേദന നിനക്കു മനസിലാവില്ല. വാക്കുകള്‍ കിട്ടാതെ കണ്ണുപൊട്ടനെപ്പോലെ ഞാന്‍ പരതുമ്പോള്‍ അവര്‍ ചിരിക്കുന്നതിന്റെ പൊരുള്‍ നിനക്കറിയില്ല. അവന്‍ പിന്നെയും പലതും പറഞ്ഞെങ്കിലും എഴുതിയ കഥകളൊക്കെ പ്രസിദ്ധീകരിക്കാതെ അവര്‍ തിരിച്ചയച്ചതിന്റെ വേദന അവന്റെ കണ്ണുകളില്‍ തുളുമ്പിനിന്നു. അവളുടെ മനസ്സ് അപ്പോള്‍ വഴുതിമാറി വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിന്റെ വേരുകള്‍ ചികയുകയായിരുന്നു. അവന്റെ വര്‍ണ്ണസ്വപ്നങ്ങളില്‍ മയങ്ങി കിനാവുകള്‍ കണ്ട് നാണിച്ചുചിരിച്ച ഗതകാലത്തെ സുഖശീതളരാത്രികള്‍ നിറം മങ്ങി നരച്ച് പനിപിടിച്ച രാത്രികളായി അവളുടെ മനസ്സില്‍ തെളിഞ്ഞു. പഴയ നല്ലോര്‍മ്മകള്‍ തിരഞ്ഞ് മനസ്സിന്റെ അറകള്‍ ഓരോന്നും വലിച്ചുതുറന്നെങ്കിലും അവയെല്ലാം ഒഴിഞ്ഞുകിടന്നിരുന്നു. ഇത്രയും നാള്‍ ഞാന്‍ പ്രണയിച്ചത് എന്തിനെയായിരുന്നു? ഈ നിര്‍ണ്ണായകനിമിഷത്തിലും തനിക്കു ധൈര്യം പകരാതെ അവന്‍ സ്വപ്നം കാണുന്നു. തണുത്ത പ്രഭാതത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ബസ് സ്റ്റോപ്പിലും നശിച്ച മഴയിലും മുനിഞ്ഞുകത്തുന്ന തെരുവിളക്കിലും നനഞ്ഞ ചുവരിലും ഒക്കെ ഭാവി വലിയ ചോദ്യച്ചിഹ്നങ്ങളായി മങ്ങുകയും തെളിയുകയും ചെയ്യുന്നു. സാഹിത്യകാരന്‍ സ്വപ്നലോകത്ത് തെന്നിനടക്കുന്നു. മധുരസ്വപ്നങ്ങളുടെ മായാലോകത്തില്‍ ഇരുന്ന്‍ കൊച്ചുകുട്ടിയെപ്പോലെ ചിരിക്കുന്നു. നാളെയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങള്‍ വിളമ്പുന്നു. ഇല്ല, ഇതല്ല താന്‍ പ്രേമിച്ചത്‍. ഇതല്ല എന്റെ പ്രേമം. ഇതിനായല്ല എണ്ണമറ്റരാത്രികളില്‍ തന്റെ ഹൃദയം വിങ്ങിയത്. വീണ്ടും വീണ്ടും കണ്ട് വിഴുക്കിയലപ്പിച്ച സ്വപ്നങ്ങള്‍ ചത്തുമലച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പാതിയടഞ്ഞ മിഴികളെയും അവയുടെ നിര്‍വ്വികാരമായ ചുണ്ടുകളെയും ഓര്‍മ്മിപ്പിച്ചു. അവയ്ക്കിടയിലെവിടെയോ ഒരു മുഖം പതിയെ തെളിയുന്നു. മീശയില്ലാത്ത, കുറ്റിത്താടി വടിക്കാത്ത ആ മുഖത്തുനിന്ന് രണ്ട് മഞ്ഞക്കണ്ണുകള്‍ തന്നെ തുറിച്ചുനോക്കുന്നതുകണ്ട് അവളമ്പരന്നു. സാഹിത്യകാരന്‍ അവളുടെ മുഖം ഇരുളുന്നതും കണ്‍പീലികള്‍ വിറയ്ക്കുന്നതും അവള്‍ മിണ്ടാതെ വിതുമ്പുന്നതും കണ്ടില്ല. മനസ്സിന്റെ ഗര്‍ഭപാത്രങ്ങളില്‍ അന്തിയുറങ്ങുന്ന പെറാത്ത കഥകളെ അവന്‍ കിനാവുകാണുകയായിരുന്നു. അവന്റെ സംസാരത്തിനും അവളുടെ വിതുമ്പലിനും ഇടയില്‍ ഒരു ഹൃദയമിടിപ്പ് തെളിഞ്ഞുകേള്‍ക്കുന്നതുപോലെ അവള്‍ക്കുതോന്നി. ഈ ബസ് സ്റ്റോപ്പില്‍ മുഷിഞ്ഞുകാത്തിരിക്കുന്ന ശപ്തമായ തന്റെ വിധിയെ അവള്‍ ചുണ്ടുകടിച്ചുപിടിച്ച് പഴിച്ചു. ഇത്രയും നാള്‍ നെയ്തുകൂട്ടിയ നാളെയെക്കുറിച്ചുള്ള നല്ലസ്വപ്നങ്ങള്‍ കഞ്ഞിക്കലത്തിലെ കുമിളകളെപ്പോലെ പതഞ്ഞുമുകളിലേയ്ക്കുവന്ന് പൊട്ടിക്കൊണ്ടിരുന്നു. ചത്ത പ്രണയം അവളുടെ വിഹ്വലമായ കണ്ണുകളില്‍ മിഴിച്ചു. കൈകളിലെ ചൂട് വാര്‍ന്നുപോയി. എങ്കിലും അവന്‍ അവളുടെ കൈകളെ ഇറുക്കിപ്പിടിച്ച് കാല്‍പ്പനികസ്വപ്നങ്ങളെ ബസ്സ്റ്റോപ്പിലെ നനഞ്ഞ നിലത്ത് നിരത്തിവെച്ചുകൊണ്ടിരുന്നു. ഹൃദയമിടിപ്പിന്റെ ശബ്ദം കൂടിക്കൂടിവന്നു. അന്താരാഷ്ട്ര പുരസ്കാരങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവന്‍ നിരത്തുമ്പോള്‍ അവള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, ഹൃദയമിടിപ്പ് അവന്റെയോ അവളുടെയോ അല്ലായിരുന്നു, ഹൃദയമിടിപ്പ് തന്റെ പെട്ടിക്കുള്ളില്‍ നിന്നായിരുന്നു.

ബസ് സ്റ്റോപ്പിനു മുന്‍പിലെ കുറ്റിക്കാട്ടിന്റെ മറവില്‍ കുന്തിച്ചിരുന്ന് ഇറച്ചിവെട്ടുന്ന കത്താള്‍കൊണ്ട് പോച്ചത്തലപ്പുകളെ രഘു വെറുതേ അരിഞ്ഞു. തന്റെ പ്രതിശ്രുതവധു സാഹിത്യകാരന്റെ കൈകളിലമരുന്നതും അവളുടെ തോളില്‍ ചാഞ്ഞ് അവന്‍‍ കഥകള്‍ പറയുന്നതും കണ്ട് രഘുവിന്റെ ഉള്ളംകയ്യും നെറ്റിത്തടവും കഴുത്തും വിയര്‍ത്തു. ഒരു തേങ്ങല്‍ ഉള്ളില്‍ നിന്ന് തികട്ടിവന്ന് തൊണ്ടയില്‍ തങ്ങിനിന്നു. തലയില്‍ ആയിരം തേനീച്ചകള്‍ മൂളുന്നതുപോലെ. ഒന്ന് അലറി മുന്നോട്ടാഞ്ഞാല്‍ ഒരു വെട്ടിനു രണ്ടിനെയും അരിയാം. ഒറ്റക്കുതിപ്പ്, ഒരലര്‍ച്ചമാത്രം. ഒരു ഞരക്കവുമില്ലാതെ സാഹിത്യകാരനും ചീറിക്കൊണ്ട് അവളും പിടഞ്ഞുവീഴും. കുലട!. ഇല്ല, അവള്‍ അവനോടൊത്തു ജീവിക്കട്ടെ. ഞാനവളെ സ്നേഹിക്കുന്നു! അവള്‍ക്കു നല്ലതുവരട്ടെ. ദു:സ്വപ്നങ്ങളില്‍ പോലും അവള്‍ എന്നെ ഓര്‍ക്കരുത്. കത്തി കൈപ്പിടിയിലിരുന്നു ഞെരിഞ്ഞു. ജീ‍വിതത്തില്‍ അതുവരെ തോന്നിയിട്ടില്ലാത്ത നിസ്സഹായത അവന്റെ കണ്ണുകളെ തളര്‍ത്തി. തന്നെക്കൊല്ലാന്‍ ഓടിയാര്‍ക്കുന്ന ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞുനിന്ന് വെറുമൊരു പിച്ചാത്തിചൂണ്ടി അലറിത്തളച്ചിട്ട ശക്തമായ കൈകളും ‍നാവും പൊന്തക്കാട്ടിലിരുന്ന് തളര്‍‍ന്നു. വലിയ ശബ്ദത്തോടെ കണ്ണഞ്ചിക്കുന്ന മഞ്ഞ വെളിച്ചം മുന്നോട്ടുചീറ്റിക്കൊണ്ട് ബസ്സ് പൊന്തക്കാടിന്റെ തൊട്ടടുത്തുവന്നു നിന്നു.

ഡ്രൈവര്‍ ബസ്സിന്റെ എഞ്ജിന്‍ ഓഫാക്കി. മൂത്രമൊഴിക്കാന്‍ ഡ്രൈവറും യാത്രക്കാരും പുറത്തേയ്ക്കിറങ്ങി. അവളും സാഹിത്യകാരനും ബസ്സിന്റെ ഉള്ളില്‍ കയറി രഘു ഒളിച്ചിരുന്ന പൊന്തക്കാടിനോടു ചേര്‍ന്നുള്ള ജനാലയ്ക്ക് അടുത്തായി ഇരുന്നു. പെട്ടിയില്‍ നിന്നുള്ള ശബ്ദം ഉയര്‍ന്നുയര്‍ന്നുവന്ന് പെരുമ്പറ കൊട്ടുന്നതുപോലെ മുഴങ്ങുന്നു. “എന്താ‍ണത്?“ അല്പം വിളറിക്കൊണ്ട് അവള്‍ രഘു തന്ന അവസാനത്തെ സമ്മാനത്തിന്റെ കാര്യം പറഞ്ഞു. “നാശം!, അവന്റെ ഓര്‍മ്മകളും കൊണ്ടാണോ നീ വണ്ടികയറിയത്?” അതുവരെ കാണിച്ചിട്ടില്ലാത്ത ധൈര്യത്തോടെ സാഹിത്യകാരന്‍ അവളുടെ പെട്ടി വലിച്ചുതുറന്നു. നാലാംകിട പുസ്തകം പെട്ടിയില്‍ കിടന്ന് കുതറിച്ചാ‍ടുന്നുണ്ടായിരുന്നു. ചാട്ടത്തിനിടയിലും മയില്‍പ്പീലിയുടെ ഒറ്റക്കണ്ണ് അവളെ കുറ്റപ്പെടുത്തിക്കൊണ്ട് തുറിച്ചുനോക്കി. പീലിക്കണ്ണിന്റെ നോട്ടം കണ്ട് സാഹിത്യകാരന്റെ മുഖം വിളറി. അവള്‍ പല്ലുഞെരിച്ച് പുസ്തകത്തിനെ വലിച്ചടച്ച് രണ്ടുകൈകൊണ്ടും അമര്‍ത്തിപ്പിടിച്ച് ബസ്സിന്റെ മഴനനഞ്ഞ ജനാലയിലൂടെ പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. യാത്രക്കാരും ഡ്രൈവറും കയറി. ബസ്സു വിട്ടു. ബസ്സിന്റെ ശബ്ദം വളവുതിരിഞ്ഞ് നേര്‍ത്തുമറഞ്ഞു.

പൊന്തക്കാട്ടില്‍ നിന്ന് പതിയെ എണീറ്റ് നിലത്തു മഴനനഞ്ഞുകിടന്ന മയില്‍പ്പീലിയെടുത്ത് അതില്‍പ്പറ്റിയിരുന്ന ചെളിതട്ടിക്കളഞ്ഞ് പുസ്തകത്തിനുള്ളിലാക്കി രഘു തന്റെ വീട്ടിലേക്കുനടന്നു.

--------------

(കുറിപ്പ്: ഈ മയില്‍പ്പീലി രഘുവിന് ഒന്‍പതുവയസ്സുള്ളപ്പോള്‍ (നാലാം ക്ലാസില്‍) അവന്റെ കൂടെപ്പഠിച്ച വിടര്‍ന്ന കണ്ണുകളും ഇരുണ്ടനിറവുമുള്ള ഒരു പെണ്‍കുട്ടി കൊടുത്തതായിരുന്നു. ഇരട്ടവരയുള്ള നോട്ടുപുസ്തകത്തിനകത്ത് തങ്കം പോലെ സൂക്ഷിച്ചിരുന്ന ആ മയില്‍പ്പീലി രഘു ഒരുപാടുനേരം നിന്നു ചിണുങ്ങിയിട്ടാണ് അവള്‍ അവനു കൊടുത്തത്. അവള്‍ക്കു രഘുവിനെ അത്രയ്ക്കും ഇഷ്ടമായിരുന്നല്ലോ. അഞ്ചുമുതല്‍ പത്തുവരെ വേറൊരു ബോയ്സ് സ്കൂളില്‍ പഠിച്ച രഘു ആ പെണ്‍കുട്ടിയെ പിന്നീട് കണ്ടില്ല. എങ്കിലും ഏതൊക്കെയോ പുസ്തകങ്ങളുടെ താളില്‍ രഘു മയില്‍പ്പീലിയെ സൂക്ഷിച്ചുവെച്ചിരുന്നു. ഈ മയില്‍പ്പീലി ഒരിക്കലും പെറ്റില്ല. പത്താംക്ലാസ് കഴിഞ്ഞ് കൊള്ളരുതാത്തവനായി നടക്കുമ്പൊഴും തല പെരുക്കുമ്പൊഴൊക്കെ രഘു പുസ്തകം തുറന്ന് ഈ മയില്‍പ്പീലിയെ നോക്കുമായിരുന്നു. രഘുവിന്റെ ജീവിതത്തിലെ വിലമതിയാത്ത ചുരുക്കം സമ്പാദ്യങ്ങളില്‍ ഒന്നായിരുന്നു ഈ മയില്‍പ്പീലി എന്ന് പറയേണ്ടതില്ലല്ലോ)

No comments:

Google