സിമിയുടെ ബ്ലോഗ്

10/20/2007

രക്തസാക്ഷി

എന്റെ മകന്‍ രഘു പതിവുപോലെ കോളെജില്‍ പോവാന്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് ഒരുങ്ങുന്നു. കുളിച്ചൊരുങ്ങി, മുടി നടുകേ ചീകിവെച്ച്, ഒതുങ്ങാതെനിന്ന മുടിയിഴകളില്‍ അല്പം ബ്രില്‍ക്രീം തേച്ച്, നനുത്ത മീശയുള്ള നിഷ്കളങ്കമായ മുഖത്തോടെ കണ്ണാടിയില്‍ നോക്കിച്ചിരിച്ചുകൊണ്ട്, മുഖത്ത് ക്രീം പരത്തി, താടിയെല്ല് പലവിധത്തിലും കോടിച്ചുനോക്കിക്കൊണ്ട്, മസിലുകള്‍ കണ്ണാടിയോട് പെരുപ്പിച്ചുകാണിച്ച്, പിങ്ക് വരകളുള്ള ഒരു വെളുത്ത ഷര്‍ട്ടും അതിനുള്ളില്‍ അരമുതല്‍ നെഞ്ചുവരെ മൂടുന്ന ഒരു ബെല്‍റ്റ് ബോംബും ഇളം നീല ജീന്‍സും നൈക്കിയുടെ സ്പോര്‍‌ട്ട്‌സ് ഷൂസുമിട്ട് “അച്ഛാ അമ്മാ പോന്നേ“ എന്നുവിളിച്ചുപറഞ്ഞ് കൂട്ടുകാരന്റെ ബൈക്കില്‍ കയറി ബസ്രയിലെ പൊടിപിടിച്ച, നാറ്റമുള്ള, തിരക്കുനിറഞ്ഞ കവലയിലേക്കുപോവുന്നു. “അച്ഛാ, എനിക്കു പോവാതിരിക്കാന്‍ വയ്യ“. അവിടെ അഞ്ചുവയസ്സുള്ള ഒരു പയ്യന്‍ കീറനിക്കറുമിട്ട് ഷര്‍ട്ടില്ലാതെ വിടര്‍ന്ന കണ്ണുകളും എല്ലുന്തിയ നെഞ്ചിന്‍‌കൂടും വല്ലാതെവീര്‍ത്ത വയറുമായി പലചരക്കുകടയുടെ മുന്‍പില്‍ നിന്ന് ഒന്നും മിണ്ടാതെ ഒരു കോലുമിട്ടായിലേക്ക് ചൂണ്ടി അമ്പരന്നു നില്‍ക്കുന്നു. “അച്ഛാ എന്റെ രക്തത്തിലൂടെയേ നമുക്കു രക്ഷയുള്ളൂ“. കടയുടമ ചിരിച്ചുകൊണ്ട് കൊടുക്കുന്ന കോലുമുട്ടായി നുണഞ്ഞ് ആ പയ്യന്‍ സന്തോഷത്തോടെ ഒരുപാട് മധുര പലഹാരങ്ങളെയും കോലുമിട്ടായിയെയും അവന്റെ അച്ഛനെയും അമ്മയെയും സ്വപ്നം കണ്ട് മൂക്കുതോണ്ടി കീറനിക്കറില്‍ കൈ തുടയ്ക്കുന്നു. “അച്ഛാ ഇതെന്റെ തത്വശാസ്ത്രമാണ്“. കോളെജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ആബിദ ചിരിച്ചുകൊണ്ട് വളകളുടെ കടയില്‍ നിന്നും ശരീരം മൂടുന്നതെങ്കിലും ഒട്ടിയ വസ്ത്രത്തിനുള്ളില്‍ കാമുകനെയോര്‍ത്ത് കുതറിത്തുള്ളുന്ന ഹൃദയവും കണ്ണിലും മനസ്സിലും അവന്റെ കുസൃതികലര്‍ന്ന പുന്നാരവും ചെവിയില്‍ അല്പം വിറയ്ക്കുന്ന, മുഴങ്ങുന്ന ശബ്ദത്തോടെ ആബിദാ, ആബിദാ എന്നുള്ള പ്രേമം നിറഞ്ഞ അവന്റെ വിളിയുമോര്‍ത്ത് തെന്നിനീങ്ങുന്നു. അച്ഛാ ഇതെന്റെ വിശ്വാസമാണ്, ജീവിതലക്ഷ്യമാണ്. ഇടനാഴിയില്‍ പ്രാര്‍ത്ഥനയ്ക്കായി ആളുകളൊഴിഞ്ഞ നട്ടുച്ചയ്ക്ക് അവനെക്കാത്ത് സ്വപ്നം കണ്ട് നില്‍ക്കവേ അറിയാതെ പതുങ്ങിവന്ന് പിന്നില്‍നിന്ന് ഇറുക്കി കെട്ടിപ്പിടിച്ച് അലി കവിളില്‍ അവന്റെ കുറ്റിത്താടിയുള്ള പരുക്കന്‍ മുഖമമര്‍ത്തി ഉമ്മവെച്ചതോര്‍ത്ത് ആബിദയുടെ കയ്ത്തണ്ടയിലെ രോമങ്ങളെല്ലാം വീണ്ടും എഴുന്നുനില്‍ക്കുന്നു. “അച്ഛാ എന്നെ വെറുക്കല്ലേ“. ആമിനയുടെ വല്യച്ഛന്‍ കടത്തിണ്ണയില്‍ കാലും നീട്ടി പട്ടിണിയെങ്കിലും യുദ്ധമില്ലാതിരുന്നകാലത്ത് തന്റെ ഭാര്യ തന്നെവിട്ട് കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയതും പിന്നീട് തിരിച്ചുവന്നതും മുഖത്തും മനസ്സിലും ഒരു വികാരവുമില്ലാതെ, മറ്റാരുടെയോ ജീവിതത്തില്‍ പണ്ടെന്നോ നടന്ന ഏതോ സംഭവം പോലെ, കാലും ആട്ടിയാട്ടി തന്റെ സുഹൃത്തിനോട് പതിയെ പറയുന്നു. “അച്ഛാ എനിക്ക് അച്ഛന്റെ വിരല്‍ത്തുമ്പും പിടിച്ച് അമ്മയുടെയും കുഞ്ഞിന്റെയും പ്രതിമയുള്ള, ഫൌണ്ടന്‍ ഉള്ള, തിലോപ്പിയാ മത്സ്യങ്ങളുള്ള കനാലുകള്‍ ഉള്ള, ഒരുപാട് പച്ചച്ചെടികളുള്ള, സിമന്റ് ബെഞ്ചുള്ള,നമ്മുടെ പാര്‍ക്കിലൂടെ നടക്കണം“. കവലയിലെ തിരക്കില്‍ ടാറിടാത്ത ചെങ്കല്‍‍ റോഡില്‍ പൊടിപറത്തിക്കൊണ്ട് രഘുവിന്റെ ബൈക്ക് വന്നു നില്‍ക്കുന്നു, ഇപ്പോള്‍ കൂട്ടുകാരനില്ല, രഘു തനിച്ചേയുള്ളൂ. “മകനേ കൊല്ലരുത്“. കൊച്ചുകുഞ്ഞുങ്ങളും വൃദ്ധന്മാരും കാമുകരും അമ്മമാരും തെമ്മാടികളും കവലയില്‍ തിക്കിയാര്‍ക്കുന്നു. “മകനേ കൊല്ലരുത്“. രഘു പതിയെ ഷര്‍ട്ടിനുള്ളിലേക്ക് കൈകള്‍ കടത്തുന്നു. എന്തോ തിരയുന്നു. “മകനേ കൊല്ലരുത്“. എന്തിനോവേണ്ടി, ഒന്നും ഓര്‍ക്കാതെ, രഘു നെഞ്ചുപൊട്ടിച്ചാവുന്നു. അവനോടൊപ്പം കൊച്ചുകുഞ്ഞുങ്ങളും വൃദ്ധന്മാരും കാമുകരും അമ്മമാരും തെമ്മാടികളും പാതിരിമാരും വഴിവക്കില്‍ വില്‍ക്കുവാന്‍ നിരത്തിക്കെട്ടിയിരുന്ന കഴുതകളും കൈനോട്ടക്കാരിയും പലചരക്കുകടയിലെ പച്ചക്കറികളുമൊക്കെ ആകാശത്തോളമുയര്‍ന്ന്, അമിട്ടുപൊട്ടുന്നപോലെ ചിതറിത്തെറിച്ച്, മഞ്ഞനിറത്തില്‍ ഇടകലര്‍ന്ന്, ആരുടെ കൈ, ആരുടെ കാല് എന്നറിയാതെ മണ്ണില്‍ ചിതറിവീഴുന്നു. ബോംബിന്റെ ശക്തിയില്‍ തറ കുലുങ്ങിത്തെറിക്കുന്നു. നിറുത്തിയിട്ടിരുന്ന വാഹനങ്ങളും വലിയ അറവുകല്ലുമെല്ലാം ഭൂം എന്ന ശബ്ദത്തൊടെ വായുവിലൂടെ പറന്നുപോവുന്നു. തീക്കനലുകളും ചുട്ടുപഴുത്ത ലോഹവും തുറിച്ച കണ്ണുകളും താലിമാലയും പുസ്തകങ്ങളും മണ്ണും തടിയും പാത്രങ്ങളുമൊക്കെ തീമഴപോലെ പെയ്യുന്നു. “മകനേ...“

എട്ടുവയസ്സുകാരനായ രഘു ഡിസ്കവറി ചാനല്‍ കാണുന്നു. തന്റെ ഇണയെ തട്ടിയെടുക്കാന്‍ വന്ന സിംഹത്തെ ആണ്‍സിംഹം ഓടിക്കുന്നു. എന്നാല്‍ തോറ്റോടുന്ന സിംഹത്തിനെ ആണ്‍സിംഹം പിന്തുടരുന്നില്ല. പതിയെ മുരണ്ടുകൊണ്ട് ദൂരേയ്ക്കു നോക്കുന്നതേയുള്ളൂ. "അച്ഛാ എന്താ ആ സിംഹത്തിനെ മറ്റേസിംഹം പിന്തുടര്‍ന്ന് കൊല്ലാത്തത്?" "മകനേ, ഒരു ജീവിയും തന്റെ വര്‍ഗ്ഗത്തിലുള്ള മറ്റൊരു ജീവിയെ കൊല്ലില്ല. അത് പ്രകൃതിയുടെ നിയമമാണ്".

No comments:

Google