സിമിയുടെ ബ്ലോഗ്

10/09/2007

സ്കെച്ച്

തിളക്കമുള്ള, കടും കറുപ്പിന്റെ നിബിഢമായ മുടി. ഇടതൂര്‍ന്ന മുടി അല്‍പ്പം മാത്രം മുഖത്തേയ്ക്ക് തെന്നിവീണു കിടക്കുന്നു. നീണ്ട മുടി നെറ്റിയില്‍ മാത്രം കടല്‍‌വെള്ളത്തിലെ ചുഴികളായി ഇരുണ്ട് അകത്തേയ്ക്കു വളയുന്നു. ഇടയ്ക്ക് മുടിയില്‍ വെളിച്ചം തിളങ്ങുന്നു. മുടിനാരുകളില്‍ ചിലത്, അവളുടെ ലോലമായ, അല്പം ചെറിയ, സുന്ദരമായ നെറ്റിയില്‍ വീണുകിടക്കുന്നു. നെറ്റിയില്‍ ഇരുളും വെളിച്ചവും കെട്ടിപ്പിടിച്ചലിയിക്കുന്നു.

വെണ്ണയില്‍‍ കൊത്തിയ, അതിലോലമായ മൂക്ക്. ഒരു പാടുപോലുമില്ലാത്ത, ഒരു പോറല്പോലുമില്ലാത്ത, ചക്രവാളം സമുദ്രത്തിലെന്നപോലെ, ആകാശം മലകളിലെന്നപോലെ, പതിയെ കവിളുകളിലേയ്ക്കു ചാഞ്ഞ് ലയിക്കുന്ന മൂക്ക്. വെണ്ണക്കല്ലിന്റെ സ്നിഗ്ധത. മനോഹരമായ ആ ശില്‍പ്പത്തില്‍ ഒരു ചെറിയ വണ്ട് പാറിവന്നിരിക്കുന്നതുപോലെ, ഇടതുവശത്തായി ഒരു മൂക്കുത്തി. മൂക്കിനു താഴെ, നിറങ്ങളുടെ വൈവിദ്ധ്യം പ്രകടിപ്പിച്ചുകൊണ്ട്, രണ്ട് ശോകസുന്ദരമായ കുഴികള്‍. ഒരു ചിത്രം പോലെ സുന്ദരം.

ചുണ്ടുകള്‍. അല്പം തുടുത്ത്, പൂര്‍ണ്ണരൂപത്തില്‍, രണ്ടറ്റത്തും അല്പം കുഴിഞ്ഞ് ഓമനത്തത്തിന്റെ വൃത്തങ്ങള്‍ തീര്‍ത്ത്, ഒരു ചുടുചുംബനത്തിനായി വലയുന്ന, അല്പം വരണ്ട ചുണ്ടുകള്‍. മങ്ങിത്തിളങ്ങുന്ന ചെഞ്ചായം പോലെ വിഷാദം പുരണ്ട ചുണ്ടുകള്‍. ആര്‍ക്കും കണ്ടാല്‍ ആ ചുണ്ടുകളെ തന്റെ ചുണ്ടുകളാല്‍ മൂടി, നുണഞ്ഞ് ഒന്നുമ്മവെയ്ക്കാന്‍ തോന്നും. അല്‍പ്പം വിടര്‍ന്ന അവയ്ക്കിടയില്‍ വെള്ളരിപ്പല്ലുകള്‍ അല്‍പ്പംമാത്രം തെളിഞ്ഞുനില്‍ക്കുന്നു. ചുണ്ടുകളുടെ വലതുവശത്ത് വെളിച്ചവും ഇടതുവശത്ത് നിഴലും കണ്ണുപൊത്തിക്കളിക്കുന്നു. കീഴ്ച്ചുണ്ടിനുമീതെ, രണ്ടു ചുണ്ടുകള്‍ക്കുമിടയ്ക്ക്, കറുത്ത കണ്മണിയില്‍ നിന്നുതിര്‍ന്നുവീണതുപോലെ, ഏതോ ഒരു ചോദ്യം ദു:ഖമായി ഇരുണ്ടുകിടക്കുന്നു. അതെന്റെ നെഞ്ചിനെ പിടയ്ക്കുന്നു. ചുണ്ടുകള്‍ പതിയെ, തെളിവെള്ളത്തില്‍ വീണ നീലവിഷം പോലെ, തുടുത്ത കവിളുകളിലേയ്ക്കും മനോഹരമായ താടിയെല്ലിലേയ്ക്കും ലയിക്കുന്നു. ഇല്ല, ചുണ്ടുകള്‍ അത്ര തടിച്ചിട്ടല്ല, അവ അത്ര വിടര്‍ന്നിട്ടല്ല. എന്റെ ചുണ്ടുകള്‍ എത്രമാത്രം കൊതിക്കുന്നുവോ, അത്രയും മാത്രം വിടര്‍ന്ന ചുണ്ടുകള്‍.

കവിളുകള്‍ അത്ര തുടുത്തിട്ടല്ല. വിരല്‍കൊണ്ട് ഒന്നു തൊടാന്‍ തോന്നുന്ന, എന്നാല്‍ തൊട്ടാല്‍ പാടുവീഴുമോ എന്നു ഭയംതോന്നുമാറത്രയും മാര്‍ദ്ദവം തോന്നിക്കുന്ന, വശ്യസുന്ദരമായ കവിളുകള്‍. കൈ മെല്ലെ തിരിച്ച് കയ്യുടെ പിറകുവശം കൊണ്ട്, ആ കവിളിലൂടെ ചൂണ്ടുവിരലിന്റെമാത്രം മറുപുറം മെല്ലെ ഒന്നോഓടിച്ചാല്‍ പതിയെക്കുഴിഞ്ഞ്, മൃദുവായി, ആ വിരലിന്റെ രണ്ടറ്റത്തെയും പുണര്‍ന്ന്, എന്നാല്‍ ദൃഢമായി, ആ കവിളുകള്‍ പതിയെത്തുഴഞ്ഞുനീങ്ങുന്ന വിരലിനെ കോരിത്തരിപ്പിക്കുന്നതു കാണാം. അറിയാതെ, ആവേശത്തില്‍, എന്റെ ചുണ്ടുകള്‍ ആ കവിളില്‍ മുത്തിപ്പോയാല്‍ അവിടെ രണ്ടു കറുത്ത പാടുകള്‍ തെളിഞ്ഞുകിടക്കും, തീര്‍ച്ച.

ഇല്ല, മുഖം അത്ര ഉരുണ്ടിട്ടല്ല. പുരാതനക്ഷേത്രങ്ങളിലെ കല്‍പ്രതിമകള്‍ പോലെയല്ല; അവയെക്കാള്‍ അതിസുന്ദരം. ഗ്രീക്ക് പ്രതിമകള്‍ പോലെയല്ല; അവയെക്കാള്‍ പൂര്‍ണ്ണം. ഒരുപാടു നേരം നോക്കിനിന്ന്, മടിച്ചുമടിച്ച്, വികാരങ്ങളുടെ നിറവില്‍ രണ്ടു കൈകളിലും കോരിയെടുക്കാന്‍ തോന്നുന്ന മുഖം. ഒരു വശത്തുവീണ വെളിച്ചം മറഞ്ഞുപോകുവാന്‍ വയ്യാതെ, മറുവശത്ത് കരഞ്ഞുകലങ്ങി മങ്ങുന്ന മുഖം.

ഒരു സുന്ദരമാ‍യ ചിത്രത്തില്‍ അതിനെ അതിസുന്ദരമാക്കാന്‍മാത്രം കണ്മഷികൊണ്ട് കട്ടിയായി വരച്ചതുപോലെ, നീളത്തില്‍, അല്‍പ്പം കട്ടിയില്‍, തെളിഞ്ഞുകിടക്കുന്ന കണ്‍പീലി. ചെവികളെക്കുറിച്ച് എനിക്കു പറയണമെന്നുണ്ട്. അവളുടെ ചെവികള്‍ എത്ര സുന്ദരമായിരിക്കും. എങ്കിലും നിബിഢസുന്ദരമായ മുടി ആ സൌന്ദര്യത്തെ മറയ്ക്കുന്നു. സൌന്ദര്യത്തിന്റെ വിവിധഭാവങ്ങള്‍ ഒരെ മുഖത്ത് ഞാന്‍ മുന്നേ ഞാന്‍ മുന്നേ എന്നു പരസ്പരം മത്സരിക്കുന്നതുപോലെ.

എങ്കിലും എല്ലാ അവയവങ്ങളെയും നാണിപ്പിച്ചുകൊണ്ട്, ആറ്റിലെ തെളിവെള്ളത്തെ തല്ലിക്കൊണ്ട് പൊങ്ങിവരുന്ന തിളങ്ങുന്ന പരല്‍മീനുകളെപ്പോലെ, വെട്ടിത്തിളങ്ങുന്ന വെള്ളിപ്പാത്രങ്ങളെപ്പോലെ, വെണ്മപോലെ, രണ്ടു കണ്ണുകള്‍. അവയ്ക്കുചുറ്റിലും ആഴത്തില്‍ വിഷാദം കറുപ്പുനിറത്തില്‍ വലയങ്ങള്‍ തീര്‍ക്കുന്നു. കറുപ്പുനിറം പതിയെ, ഇരുട്ടില്‍ ഒരൊച്ചപോലും കേള്‍പ്പിക്കാതെ മറയുന്ന രഹസ്യകാമുകനെപ്പോലെ, കവിള്‍ത്തടങ്ങളില്‍ ലയിക്കുന്നു. കണ്ണുകള്‍ക്കു ചുറ്റും, ദേവതയുടെ മുടിയിഴകള്‍പോലെ, ഒരു കറുത്ത ചിത്രശലഭത്തിന്റെ ചിറകിലെ വരകള്‍ പോലെ, ലയിക്കുന്ന, ഗാഢമായ കണ്‍പീലികള്‍. ഇല്ല, അവയ്ക്ക് ഒരുപാടുനീളമില്ല. കണ്തടങ്ങളുടെ കറുപ്പില്‍ അവയില്‍ ചിലതുമാത്രമേ കാണാ‍വൂ. മറ്റുള്ളവ - സൌന്ദര്യം പിടിതരാതെ, ഒളിച്ചുകളിക്കുന്നു.

പരല്‍മീനുകളെപ്പോലെയുള്ള ആ കണ്ണുകള്‍ക്കു നടുവില്‍, കറുത്ത മുന്തിരിപോലെ, അതിലും കറുത്ത്, ഗാഢമായി, ഇടയ്ക്ക് എവിടെനിന്നോ വന്ന വെളിച്ചത്തെ പ്രതിഫലിപ്പിച്ച്, തിളങ്ങുന്ന കൃഷ്ണമണികള്‍. കറുപ്പിന്റെ ആഴം. അവയിലേയ്ക്കൊന്നു നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നുകയില്ല. ആഴമുള്ള ഒരു തടാകം പോലെയുള്ള കണ്ണുകള്‍. നീന്തലറിയില്ലെങ്കിലും, എല്ലാം മറന്ന്, ഒന്നു കൂപ്പുകുത്താന്‍ തോന്നുന്ന, അതില്‍ ആഹ്ലാദത്തോടെ മുങ്ങിമരിക്കാന്‍ തോന്നുന്ന, സുന്ദരമായ കണ്ണുകള്‍.

അല്‍പ്പം വലത്തേയ്ക്കു ചരിഞ്ഞ ആ മുഖത്തെ തളര്‍ന്ന വാഴത്തണ്ടുപോലെ സുന്ദരമായ കൈത്തണ്ട താങ്ങിനിറുത്തിയിരിക്കുന്നു. കണ്ണുകളില്‍ സൌന്ദര്യം നിറയുന്നു.


17 comments:

simy nazareth said...

Was this the face that launch'd a thousand ships,
And burnt the topless towers of Ilium?
Sweet Helen, make me immortal with a kiss.
Her lips suck forth my soul: see where it flies!
Come, Helen, come, give me my soul again.
Here will I dwell, for heaven is in these lips,
And all is dross that is not Helena.
I will be Paris, and for love of thee,
Instead of Troy, shall Wittenberg be sack'd;
And I will combat with weak Menelaus,
And wear thy colours on my plumed crest;
Yea, I will wound Achilles in the heel,
And then return to Helen for a kiss.
O, thou art fairer than the evening air
Clad in the beauty of a thousand stars;
Brighter art thou than flaming Jupiter
When he appear'd to hapless Semele;
More lovely than the monarch of the sky
In wanton Arethusa's azur'd arms;
And none but thou shalt be my paramour!

(Doctor Faustus, Christopher Malowe)

ഏ.ആര്‍. നജീം said...

ഹഹാ...വായിച്ചു വന്നപ്പോള്‍ എന്താ സംഗതി എന്നോര്‍ത്ത് ഇരിക്കുകയായിരുന്നു. ഇത്രയും വായിച്ചതും പോര ഇനി ഓര്‍ക്കുക കൂടി വേണംല്യേ...? ങാ.. അനുഭവത്തില്‍ നിന്നും ഒരു കാര്യം കൂടി മനസിലായി. ഓര്‍ത്താല്‍ മാത്രം പോര കണ്ണടക്കണം എന്നാലേ അവളു വരൂ...
എന്തായാലും വിവരണം. സൂപ്പറ്..!

ശ്രീ said...

നല്ല വിവരണം തന്നെ, സിമീ...
:)

reshma said...

ഇടയിലെപ്പോഴോ ‘എന്നെ, എന്നെ മാത്രം പ്രതിഫലിപ്പിക്കുന്ന കൃഷ്ണമണികള്‍’ എന്നൊരു വരി കാണുമെന്ന് ഉറപ്പിച്ചിരുന്നു.തെറ്റി പോയതില്‍ നോ ഖേദം. :)

കുഞ്ഞന്‍ said...

ഹഹ..ഈപ്പറഞ്ഞ കാര്യങ്ങളൊക്കെ വച്ച് യാതൊരു ഭംഗിയില്ലാത്ത പെണ്ണിനെ നോക്കിയാലും ഭംഗിയുണ്ടാകുമല്ലെ..!

മനസ്സില്‍ നല്ല ചിന്തയൊടെ ആരുടെ പ്രവൃത്തികള്‍ നോക്കിയാലും അതില്‍ തെറ്റുകള്‍ കാണാതെ നന്മ മാത്രം കാണാന്‍ പറ്റുമെന്നുള്ള സന്ദേശം സിമി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍..!

Anonymous said...

"അല്‍പ്പം ഇടത്തേയ്ക്കു ചരിഞ്ഞ ആ മുഖത്തെ തളര്‍ന്ന വാഴത്തണ്ടുപോലെ സുന്ദരമായ കൈത്തണ്ട താങ്ങിനിറുത്തിയിരിക്കുന്നു"
sookshmatha kuravinu (suyodhanan baji ye patti paranjathu pole)oru udaharanam... chithrathil nanditha das thala valathekku charichu ky kondu thangiyirikkunnu... :)

simy nazareth said...

നജീം, ശ്രീ, കുഞ്ഞന്‍: ഇതു കഥയായിട്ടില്ല :-) നന്ദിതാ ദാസിന്റെ ചിത്രം നോക്കി വെറുതേ കാരക്ടര്‍ സ്കെച്ച് ചെയ്തതേയുള്ളൂ.

രേശ്മ: വാക്കുകള്‍ തികയുന്നില്ല :-)

ആനി: തിരുത്തി.

Sanal Kumar Sasidharan said...

ഉഗ്രന്‍ എഴുത്ത്
ഇല്ല, ചുണ്ടുകള്‍ അത്ര തടിച്ചിട്ടല്ല, അവ അത്ര വിടര്‍ന്നിട്ടല്ല. എന്റെ ചുണ്ടുകള്‍ എത്രമാത്രം കൊതിക്കുന്നുവോ, അത്രയും മാത്രം വിടര്‍ന്ന ചുണ്ടുകള്‍.

......
......
കറുപ്പിന്റെ ആഴം. അവയിലേയ്ക്കൊന്നു നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നുകയില്ല. ആഴമുള്ള ഒരു തടാകം പോലെയുള്ള കണ്ണുകള്‍. നീന്തലറിയില്ലെങ്കിലും, എല്ലാം മറന്ന്, ഒന്നു കൂപ്പുകുത്താന്‍ തോന്നുന്ന, അതില്‍ ആഹ്ലാദത്തോടെ മുങ്ങിമരിക്കാന്‍ തോന്നുന്ന, സുന്ദരമായ കണ്ണുകള്‍.

(ചില വരികള്‍ വായിക്കുമ്പ്പ്പോള്‍ ഐശിബിയുടെ എഴുത്തിനെ ഓര്‍മ്മ വ്ന്നു.)

un said...

കഥകള്‍ക്ക് illustration ചെയ്യുന്ന രീതി കണ്ടിട്ടുണ്ട്.തിരിച്ച് ആദ്യമായാണ് കണ്ടത്.. പുതുമയുള്ള ആശയം. സിമി ഇടക്ക് നിര്‍ത്തിപ്പോയൊ എന്ന് സംശയിച്ചു.

സുല്‍ |Sul said...

ചെക്കനെ കെട്ടിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

-സുല്‍

Unknown said...

ഹഹ
സിമി സുല്ലു പറന്‍ഞ്ഞതു കേട്ടോ..

നന്നായിട്ടുണ്ട്
ചിത്രം കണ്ടിട്ട് ഒന്നുകൂടി വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം

മയൂര said...

Beauty is in the eye of the beholder. വര്‍ണ്ണനയെല്ലാം കണ്ടിട്ട് ഞാന്‍ സുല്ലിന്റെ കമന്റുനു താഴെ ഒപ്പ് വയ്ക്കുന്നു... :)

ഉപാസന || Upasana said...

സുല്ലിന് താഴെ ഒരൊപ്പ് കൂടെ
:)
ഉപാസന

simy nazareth said...

സനാതനാ, പേര് പേരക്ക: താങ്ക്യൂ

സുല്‍, ചോപ്പ്, മയൂര, എന്റെ ഉപാസന: ഈ നന്ദിതാ ദാസ് കെട്ടിയോ?

ഗുപ്തന്‍ said...

aa character sketch enna label eduthukala.. baakki.. njaan peyyitt veraam ketta

Inji Pennu said...

മൃദുവെങ്കിലും അവളുടെ അഞ്ചു വിരല്‍പ്പാടുകള്‍ എന്റെ മുഖത്ത്...

അതും കൂടി ഞാന്‍ പ്രതീക്ഷിച്ചു അവസാനം. :)
നൈസ്!

simy nazareth said...

ഏയ്, ഞാന്‍ തൊടുമ്പൊ തല്ലാനോ? നന്ദിതാ ദാസോ? ശ്ശെ ശ്ശെ.

Google