സിമിയുടെ ബ്ലോഗ്

10/20/2007

യുദ്ധം തീരുന്നില്ല

യുദ്ധഭൂമിയില്‍ ഇത്രയും ചോരയൊലിപ്പിച്ച് ബാലചന്ദ്രന്‍ എങ്ങനെ പിടിച്ചുനിന്നു എന്ന് ഡോക്ടര്‍മാര്‍ക്ക് അറിയില്ലായിരുന്നു. തീരെ തളര്‍ന്ന് ചുണ്ടുകളും കണ്ണുകളും വിറച്ച് മയങ്ങിവീണനിലയില്‍ ആയിരുന്നു ബാലചന്ദ്രനെ സൈനീക ആശുപത്രിയില്‍ കൊണ്ടുവന്നത്. മുറിവുകള്‍ വെച്ചുകെട്ടി ചോരവാര്‍പ്പ് നിറുത്തുവാന്‍ രണ്ട് ഡോക്ടര്‍മാരും മൂന്ന് നേഴ്സ്മാരും കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാരിലൊരാള്‍ അപരനോടുപറഞ്ഞു: യുദ്ധത്തില്‍ മറ്റുള്ളവര്‍ ബാലചന്ദ്രനില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഏകദേശം തുന്നിക്കെട്ടി. അവ അത്ര സാരമില്ല. കരിഞ്ഞുതുടങ്ങി. എന്നാല്‍ ബാലചന്ദ്രന്‍ സ്വയം ഏല്‍പ്പിച്ച മുറിവുകളാണ് കൂടുതല്‍. അവയാണ് കൂടുതല്‍ ആഴത്തില്‍. എത്രശ്രമിച്ചിട്ടും അവയില്‍ നിന്ന് ചോര കുത്തിയൊഴുകുന്നത് നില്‍ക്കുന്നില്ല.

ഞരമ്പുതുളച്ച ചോരക്കുപ്പികളുടെ ഇടയില്‍ മയക്കത്തില്‍ നിന്ന് എപ്പോഴോ കണ്ണുതുറന്ന് വിറച്ചുകിടന്ന ബാലചന്ദ്രനോട് വെളുത്ത തൊപ്പിവെച്ച സുന്ദരിയായ നേഴ്സ് പറഞ്ഞു. “ബാലചന്ദ്രന്‍ ഇനി യുദ്ധം ചെയ്യരുത്. മതി. നല്ലകുട്ടിയായി നാട്ടില്‍ പോവൂ. അവിടെ സമാധാനമില്ലേ?”

“ഇല്ല, ഇല്ല, ഇല്ല.“ ബാലചന്ദ്രന്‍‍ വീണ്ടുമൊരു മയക്കത്തിലേയ്ക്കു വഴുതിവീണു. മുറിവുകളില്‍ നിന്നും ചോര ഒലിച്ചുകൊണ്ടിരുന്നു.

5 comments:

കുഞ്ഞന്‍ said...

വിവാഹ ബന്ധം വേര്‍പെടുത്തിയ രേഖയോളം വരില്ല വെള്ള തൊപ്പി വച്ച മാലാഖയുടെ ചികത്സ..!

simy nazareth said...

കുഞ്ഞാ, ഇതെല്ലാം പഴയ കഥകളാ. വാരിയെടുത്ത് വീണ്ടും ബ്ലോഗിലിട്ടെന്നേ ഉള്ളൂ..

സ്നേഹത്തോടെ,
സിമി.

Sanal Kumar Sasidharan said...

നന്നായി :)
വേണമെങ്കില്‍ വീണ്ടും ഡിലീറ്റു ചെയ്യാം ;)

Appu Adyakshari said...

സിമീ, കൊള്ളാമല്ലോ ഈ കുഞ്ഞിക്കഥ.

ബഷീർ said...

സ്വയമേല്‍പ്പിച്ച മുറിവുകള്‍..
OT
കുഞ്ഞന്റെ കമന്റ്‌ ..എന്താ പ്രശ്നം ?

Google