ജീവിതത്തില്‍ ചില കാര്യങ്ങള്‍ തെറ്റിപ്പോവുമ്പോള്‍ അത് എവിടെയാണു തെറ്റിയത് എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല. കാര്യങ്ങള്‍ വഷളായതിനു നൂറായിരം കാരണങ്ങള്‍ കാണും. മനോജിന്റെ മരണം ഇത്തരത്തിലെ ഒന്നായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കില്‍ മനോജ് മരിക്കില്ലായിരുന്നു, ഇവിടെയാണ് തെറ്റിയത്, എന്നു നമുക്ക് തീര്‍ത്തുപറയാന്‍ പറ്റില്ല. തെറ്റുകളുടെ എണ്ണം ഒരുപാടു കൂടിയതുകൊണ്ടാവാം, അല്ലെങ്കില്‍ തെറ്റോ ശരിയോ എന്ന് പലകാര്യങ്ങളെയും വേര്‍തിരിക്കാന്‍ പറ്റാത്തതും ആവാം അങ്ങനെ. സങ്കീര്‍ണ്ണമായ തെറ്റും ശരിയും ഇഴപിരിച്ചെടുക്കുന്നതിലും എളുപ്പം ഇതിലൊന്നും തെറ്റും ശരിയും ഇല്ല, ജീവിതം ഇങ്ങനെയൊക്കെയാണ്, എന്ന് ഒരു തത്വചിന്താപരമായ ഉത്തരം ആയിരിക്കും എന്നുതോന്നുന്നു. അതായിരിക്കും കൂടുതല്‍ സമാധാനം തരിക.
എന്നാലും ഇത്രയേറെ ഒന്നും വിശകലനം ചെയ്യാന്‍ ഇല്ലാത്ത, ഒരു ചെറിയ ജീവിതമായിരുന്നു മനോജിന്റേത്. ആര്‍ക്കും ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത, അങ്ങനെ പ്രത്യേകിച്ച് ഒന്നുംതന്നെ ചെയ്യാത്ത ഒരു ജീവിതം. തന്നെക്കൊണ്ട് ആര്‍ക്കും ഒരു ഉപകാരമോ ഉപദ്രവമോ ഉണ്ടാവരുതെന്ന് മനോജ് കുട്ടിക്കാലത്തേ ചിന്തിച്ചുറപ്പിതാണ്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ മനോജ് സംസാരം വളരെ കുറച്ചു. ചിലപ്പോള്‍ അവിടെയായിരിക്കാം തെറ്റിപ്പോയത്. ഇത്തരം ഒരു സ്വഭാവം മനോജിനു അധികം സുഹൃത്തുക്കളെ ഉണ്ടാക്കില്ലല്ലോ. അങ്ങനെ ആരെയും ശല്യപ്പെടുത്താതെ, ആരെയും അധികം സഹായിക്കാനും പോവാതെ, തന്റെ മാളത്തില്‍ ചുരുങ്ങിജീവിക്കുമ്പോഴായിരുന്നു മനോജിന്റെ കല്യാണം.
കല്യാണത്തിനു പിന്നാലെ മനോജും ശാലിനിയും ഇളംനീല പെയിന്റടിച്ച ഒരു വാടകവീടിലേയ്ക്ക് താമസം മാറി. അവള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. ഇതുകേട്ട് മനോജ് ഒന്നുകൂടി മിണ്ടാതെയായി. അവള്‍ ചുറുചുറുക്കോടെ പുറത്തുപോയി ജോലിചെയ്തു വന്ന് ആഹാരമൊക്കെ തയ്യാറാക്കി വയ്ക്കുമ്പോഴൊക്കെ മനോജ് കിടപ്പുമുറിയിലെ നീലച്ചുമരുകളില്‍ നോക്കി വെറുതേ ഇരിക്കുകയായിരിക്കും. മനോജ് ജോലിയൊന്നും ചെയ്യാതെ വീട്ടില്‍ത്തന്നെ ഇരിപ്പുതുടങ്ങിയത് വിവാഹത്തിനു ശേഷം ആയിരുന്നെങ്കിലും അതിനുമുന്‍പും പറയത്തക്ക ജോലിയൊന്നും മനോജിന് ഇല്ലായിരുന്നു. ശാലിനിക്കുപറ്റിയ ഒരു അബദ്ധം എന്ന് നമുക്ക് ഈ കല്യാണത്തെ വിശേഷിപ്പിക്കാം. എന്തായാലും ഈ ബന്ധം നന്നാക്കിയെടുക്കാനും മനോജിനെ ഒരു ജോലിക്കു പറഞ്ഞയയ്ക്കാനും ശാലിനി ഒരുപാടു ശ്രമിച്ചു. ഒടുവില്‍ മനോജ് ഒരു തുണിക്കടയില്‍ ജോലിക്ക് പ്രവേശിച്ചു. മനോജ് അല്ല, ശാലിനി ആണ് ജോലി തരപ്പെടുത്തിക്കൊടുത്തത് എന്നും പറയാം.
തുണിക്കടയിലെ ജോലി വലിയ അല്ലല്‍ ഇല്ലാത്തതായിരുന്നു. നല്ല വസ്ത്രങ്ങള്‍ ധരിച്ച് മുടി പറ്റെ ചീകിവെച്ച് കൈകള്‍ അരയില്‍ വളച്ചുവെച്ച് ഒരു അനക്കവും ഇല്ലാതെ ഒരു പ്ലാസ്റ്റിക്ക് പാവയായി കടയ്ക്കു മുന്‍പിലെ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുക എന്നതായിരുന്നു മനോജിന്റെ ജോലി. മഞ്ഞ നിയോണ്‍ ലാമ്പുകളുടെ വെളിച്ചത്തില്‍ ആ കണ്ണാടിക്കൂട്ടില്‍ നില്‍ക്കാന്‍ മനോജിനെക്കൂടാതെ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. നീലസാരിയും കൈ ഇല്ലാത്ത ബ്ലൌസും ധരിച്ച, വെളുത്തുമെലിഞ്ഞ, മുടി ക്രോപ്പ് ചെയ്ത, ജീവന്‍ തുടിക്കുന്ന, യുവതിയായ പ്ലാസ്റ്റിക് പാവ, ആറുവയസ്സോളം പ്രായമുള്ള, വെളുത്ത ഫ്രോക്കും ഇളം ചുവപ്പ് ടോപ്പും ഇട്ട ഒരു പെണ്‍കുട്ടിയുടെ പാവ. കണ്ണിമപോലും ചിമ്മാതെ, പ്ലാസ്റ്റിക്ക് പാവപോലെ ഒരേ നില്‍പ്പു നില്‍ക്കണം; കാണാന്‍ വരുന്നവര്‍ക്ക് ഒരു സംശയവും തോന്നരുത് എന്ന് മനോജിനു ജോലി നല്‍കുമ്പോള്‍ തന്നെ കടയുടമസ്ഥന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരുപക്ഷേ കണ്ണാടിക്കൂട്ടിലുള്ള യുവതിയും കുട്ടിയും ഇങ്ങനെ ജോലി ലഭിച്ചു വന്നവരാവാം. ഇവര്‍ പാവകളാണോ അതോ മനുഷ്യരാണോ എന്ന് മനോജിന് മനസിലായില്ല. അവര്‍ക്കിരുവര്‍ക്കും മനോജ് ഓരോ പേരുകള്‍ ഇട്ടു. ആ നില്‍പ്പില്‍ ശ്വാസം പോലും വിട്ടുകൂടാത്തതുകൊണ്ട് മനോജിനു ഈ പേരുകള്‍ പരീക്ഷിച്ചുനോക്കാന്‍ കഴിഞ്ഞില്ല. ഇതും മനോജിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു തെറ്റായിരുന്നിരിക്കാം. ഒരുപക്ഷേ ഉടമസ്ഥന്‍ കാണാതെ ഇവര്‍ തമ്മില്‍ മിണ്ടിയെങ്കില്‍ മനോജിന്റെ ജീവിതം മറ്റൊന്നായേനെ.
എന്തായാലും മനോജ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരു വിജയം ആയിരുന്നു. കടയിലെ ജോലിയില്‍ എങ്ങനെ കൂടുതല്‍ നന്നാവണം എന്നായിരുന്നല്ലോ മനോജിന്റെ ചിന്ത. കിടക്കയില്‍പ്പോലും കൈകള്‍ അരയില്‍ വളച്ചുകുത്തി, ശാലിനിയെ തോടാതെ, ഒരു മരപ്രതിമയെ ചരിച്ചു കിടത്തിയിരിക്കുന്നതുപോലെ മനോജ് ഉറങ്ങി. മുറിയിലെ ചുമരുകളിലെ നീലനിറം കനത്തു. അവള്‍ വെച്ചുണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമ്പോള്‍ അതില്‍ ഉപ്പുരസം കൂടുന്നതായി മനോജിനു തോന്നിയെങ്കിലും ഒരു പ്രതിമയ്ക്ക് സംസാരിച്ചുകൂടാത്തതുകൊണ്ട് മനോജ് ഒന്നും പറഞ്ഞില്ല.
രണ്ട് ആഴ്ച്ചകളോളം ജോലി ജീവിതത്തിലും വിജയകരമായി പകര്‍ത്തിയതില്‍പ്പിന്നെയായിരുന്നു കിടക്കാന്‍ കൈകള്‍ കുത്തി കട്ടിലിലേയ്ക്കു ചായുമ്പോള്‍ മനോജ് കട്ടിലില്‍ ഒരു ചൂട് ശ്രദ്ധിച്ചത്. സിഗരറ്റിന്റെ മണം മനോജിനു ഇഷ്ടമല്ലായിരുന്നു. മുറിയില്‍ തങ്ങിനിന്ന സിഗരറ്റിന്റെ മണം ജനാലതുറന്ന് പുറത്തേയ്ക്കൊഴുക്കണം, കട്ടിലില്‍ വീണുകിടന്ന സിഗരറ്റിന്റെ ചാമ്പല്‍ തൂത്തുകളയണം എന്നൊക്കെ തോന്നിയെങ്കിലും സംസാരിക്കുന്നതിനും ശരീരം അനക്കുന്നതിനും ഉള്ള ശ്രമം ഓര്‍ത്ത് മനോജ് ഒന്നും പറഞ്ഞില്ല. തന്റെ കിടപ്പു തുടര്‍ന്നു.
ഒരുപക്ഷെ മനോജ് അന്ന് എന്തെങ്കിലും പറഞ്ഞെങ്കില്‍, ഒന്നുപൊട്ടിത്തെറിച്ചെങ്കില്‍, പിന്നീടു വന്ന സംഭവങ്ങള്‍ മാറുമായിരുന്നു. പിറ്റേ ദിവസം രാവിലെ ശാലിനി അവളുടെ പെട്ടി പാക്ക് ചെയ്യുന്നതു കാണുമ്പോള്‍ എങ്കിലും മനോജ് മിണ്ടിയിരുന്നെങ്കില്‍ പിന്നീടുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. അന്ന് കണ്ണാടിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ കണ്ണിമ ചിമ്മാതിരുന്നെങ്കിലും ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. എങ്കിലും സംഭവിച്ചത് ഇതാണ്. വഴിയേ പോയ പത്തുവയസ്സുള്ള ഒരു ബാലന്‍ കടയുടെ മുന്‍പില്‍ വന്നുനിന്ന് മനോജിനെ കോക്രി കാണിച്ചു. ഇടത്തേ ചൂണ്ടുവിരല്‍കൊണ്ട് കണ്ണാടിയില്‍ കുത്തിനോക്കി. പിന്നെ മനോജിനെ നോക്കി പിന്നോട്ടും മുന്നോട്ടും ചാടിത്തുടങ്ങി. ഒരു ചാട്ടത്തില്‍ എവിടെയോ ബാലന്‍ പിന്നോട്ട് വീഴാന്‍ പോയപ്പൊഴായിരുന്നു മനോജ് അരുത് എന്നഭാവത്തില്‍ കണ്ണ് അല്‍പ്പം കൂടി വിടര്‍ത്തിയത്. എവിടെയോ തട്ടി വീണു വീണില്ല എന്നമട്ടില്‍ ആ പയ്യന്‍ റോഡിലായി. ഒരു ഓട്ടോറിക്ഷ ബ്രേക്ക് ഇട്ടെങ്കിലും പയ്യനെ ഇടിച്ചുവീഴ്ത്തി. അധികം ഒന്നും പറ്റിയില്ല. മൂന്നോ നാലോ പേര്‍ ഓടിക്കൂടി. മനോജ് അപ്പൊഴേയ്ക്കും തന്റെ കണ്ണുകള്‍ പഴയതുപോലെയാക്കി പ്രതിമയായിക്കഴിഞ്ഞിരുന്നു. എണീറ്റിരുന്ന് പയ്യന്‍ മനോജിനു നേരെ വിരല്‍ ചൂണ്ടി കൂടിനിന്നവരോടു പറഞ്ഞു: ദേ, ഇയാളാണ് എന്നെ തള്ളി താഴെയിട്ടത്.
ഇവിടെ ആളുകള്‍ കടയ്ക്കുള്ളിലേയ്ക്ക് ഇരച്ചുകയറിയപ്പോള്‍ ഉടമസ്ഥന്‍ അവരെ തടുത്തെങ്കില്‍, കൈത്തണ്ടവീശി അതിലൊരാള്‍ മനോജിന്റെ മുഖത്ത് അടിക്കുമ്പോഴെങ്കിലും മനോജ് എന്തെങ്കിലും ഒന്ന് പറഞ്ഞെങ്കില്‍ കാര്യങ്ങള്‍ മറിച്ചായേനെ. ജനക്കൂട്ടം തല്ലുമ്പോഴും പ്രതിമകണക്കെ നിന്ന മനോജിനെ സമ്മതിച്ചുകൊടുക്കണം. ജനങ്ങള്‍ പിരിയുമ്പോള്‍ മനോജിന്റെ ഷര്‍ട്ട് കീറിയത് കടക്കാരന്‍ പിറുപിറുത്തുകൊണ്ടാണെങ്കിലും മാറ്റിയിട്ടു. വിലകൂടിയ ഷര്‍ട്ട് ആയിരുന്നല്ലോ അത്. മനോജിന്റെ മുടി കടക്കാരന്‍ തന്നെ വീണ്ടും കോതിക്കൊടുത്തു. കൈ ഒടിഞ്ഞു എന്ന് തോന്നിയെങ്കിലും മനോജ് തന്റെ കൈ ഇടുപ്പില്‍ നിന്നും മാറ്റിയില്ല. മുഖത്ത് ഇടത്തേ കണ്ണിന്റെ തൊട്ടുതാഴെ അല്പം പൊട്ടി ചോരപൊടിയുന്നുണ്ടായിരുന്നു. കടയുടമസ്ഥന്‍ ഒരു പഴയ കര്‍ച്ചീഫ് എടുത്ത് മനോജിന്റെ മുഖത്തുനിന്നും ചോര തുടച്ചുകളഞ്ഞു. മനോജിനെ പിടിച്ചുതിരിച്ച് കണ്ണാടിയെ അഭിമുഖീകരിച്ച് നിറുത്തി. ന്യായമായും മനോജ് ഇവിടെ ജോലിയും ഉപേക്ഷിച്ച് കടയില്‍ നിന്ന് ഇറങ്ങി നടക്കേണ്ടതാണ്. ചിലതൊക്കെ വിധിയാവാം. മനോജ് അനങ്ങാതെ നിന്നു.
വിമന്‍സ് കോളെജില്‍ പഠിക്കുന്ന നാലുസുന്ദരിമാര്‍ തുണിയെടുക്കാന്‍ വന്ന് ആദ്യം എത്തിയത് മനോജിന്റെ അടുത്തായിരുന്നു. അതില്‍ ഒരു സുന്ദരി ഇംഗ്ലീഷില്‍ എന്തോ പറഞ്ഞ് മനോജിന്റെ ഷര്‍ട്ട് പിടിച്ച് നേരെയാക്കാന്‍ ശ്രമിച്ചു. ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേയ്ക്ക് തിരുകിക്കൊടുക്കാന്‍ അവള്‍ നോക്കുമ്പോള്‍ അവളുടെ മെലിഞ്ഞുനീണ്ട വിരല്‍ത്തുമ്പുകള്‍ തന്റെ അടിവയറ്റില്‍ ഇഴഞ്ഞപ്പോള്‍ പോലും മനോജ് ഒന്ന് അനങ്ങിയതുപോലുമില്ല. മനോജിന്റെ അനക്കമില്ലായ്മകൊണ്ടാവാം, അല്പനേരം കഴിഞ്ഞ് അവള്‍ കടയുടമസ്ഥനെ വിളിച്ചുകൊണ്ടുവന്ന് മനോജിന്റെ മുഖത്തുനിന്നും വീണ്ടും ചോര പൊടിയുന്നത് കാണിച്ചുകൊടുത്തു. നാലുസുന്ദരിമാരും ഒന്നും വാങ്ങാതെ ഇറങ്ങിപ്പോയി.
ഏതുസാധനത്തിനും ഒരു കാലാവധിയുണ്ട്. പാല്‍, റൊട്ടി, ടെലിവിഷന്‍, തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും ഇങ്ങനെ ഒരു കാലാവധിയുണ്ട്. മനോജിന്റെ കാലാവധി കഴിഞ്ഞതുകൊണ്ടാവാം കടയുടമ രണ്ടുപേരെ വിളിച്ച് മനോജിന്റെ ചുമന്ന് പുറത്തുകൊണ്ടു കളയാന്‍ ആവശ്യപ്പെട്ടത്. നല്ല ഷര്‍ട്ടും പാന്റുമൊക്കെ കടയുടമ ഊരിയെടുത്തു. അവര്‍ ചുമന്ന് ഒരു ചവറ്റുകൊട്ടയോടു ചേര്‍ന്ന് മനോജിനെ നിലത്തു തള്ളിയിടുമ്പൊഴും കൈകളോ കണ്ണോ ഇളക്കാതെ ഇരിക്കാന്‍ മനോജ് ശ്രദ്ധിച്ചു. മുഖം മുകളിലേക്കുതിരിഞ്ഞായിരുന്നു മനോജ് വീണത്. അതുകൊണ്ട് കണ്ണുകള്‍ക്കുമുകളില്‍ രണ്ട് പരസ്യപ്പലകകളും ചതുരത്തില്‍ ആകാശവും കണ്ണുകള്‍ക്കു മുകളില്‍ക്കൂടി കടന്നുപോവുന്ന ചെരുപ്പും ഷൂസുമണിഞ്ഞ കാലുകളും മനോജിനു കാണാന്‍ കഴിഞ്ഞു. ഇവിടെ രാത്രിയെങ്കിലും മനോജ് താനൊരു പ്രതിമ ആണെന്ന കാര്യം ഓര്‍ത്ത് എണീറ്റ് വീട്ടില്‍ പോയിരുന്നെങ്കില്‍ എന്ന് നമുക്ക് ആശിക്കാം. എങ്കിലും ഇതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ് - ഇവയില്‍ തെറ്റും ശരിയും തിരഞ്ഞിട്ടു കാര്യമില്ല.
മുന്‍സിപ്പാലിറ്റിയുടെ ചവറുലോറിയിലേയ്ക്ക് മറ്റ് ചപ്പുചവറുകളുടെ കൂട്ടത്തില്‍ ജോലിക്കാര്‍ മനോജിനെയും വലിച്ചിട്ടു. അങ്ങനെ വലിച്ചുതൂക്കിയിട്ടപ്പോള്‍ മനോജിന്റെ രൂപം അല്‍പ്പം വളഞ്ഞെങ്കിലും തനിയേ നിവര്‍ത്താന്‍ മനോജ് ഒരു ശ്രമവും നടത്തിയില്ല. പല ചപ്പുചവറുകളുടെയും കൂട്ടത്തില്‍ ഒരു വലിയ കുഴിയിലേയ്ക്ക് മനോജിനെയും ഇട്ടപ്പൊഴെങ്കിലും മനോജിന് ഒന്ന് അലറിവിളിക്കാമായിരുന്നു. തന്റെ മുകളില്‍ അഴുക്കുപിരണ്ട വാടിയ മഞ്ഞ ജമന്തിപ്പൂക്കളും ഒരു ചത്ത പട്ടിയും വന്നുവീണപ്പൊഴെങ്കിലും മനോജിന് അവ തട്ടിമാറ്റാമായിരുന്നു. ചപ്പുചവറുകള്‍ക്ക് ഇടയില്‍ കിടന്ന് ശ്വാസം മുട്ടിയപ്പൊഴൊ അല്ലെങ്കില്‍ അവര്‍ മണ്ണുകൊണ്ട് കുഴി മൂടുമ്പൊഴോ ഒക്കെ അതില്‍നിന്ന് എണീക്കാന്‍, ചുരുങ്ങിയപക്ഷം അരയില്‍ നിന്ന് വളച്ചുവെച്ച കൈ എടുക്കാന്‍, മനോജിനു ശ്രമിക്കാമായിരുന്നു.
ഇതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. ഇങ്ങനെയൊക്കെ ആവാമായിരുന്നു എന്ന് പറയാന്‍ എളുപ്പമാണ്. കഴിഞ്ഞ കാര്യങ്ങളില്‍ ഒന്നും തന്നെ തിരുത്താന്‍ പറ്റില്ല. ഇതിലൊന്നും തെറ്റും ശരിയും ചികഞ്ഞാലും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണം ആവുമെന്നല്ലാതെ ഒരു ഗുണവുമില്ല.
---
(പ്രചോദനം: അപ്പൂസ് എന്ന ബ്ലോഗര്‍ കണ്ട സ്വപ്നം. മനു ഈ സ്വപ്നം എനിക്ക് ചാറ്റുവഴി പറഞ്ഞുതന്ന് എഴുതാന്‍ പറഞ്ഞതാണ്)
10/14/2007
പ്ലാസ്റ്റിക് പാവ
എഴുതിയത് simy nazareth സമയം Sunday, October 14, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
18 comments:
ഇതു വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനും പ്രതിമപോലെ അനങ്ങാതെ നിന്നു, പക്ഷെ ഉള്ളില്‍ ചോദ്യങ്ങള്‍ തിരയടിക്കുന്നുണ്ടായിരുന്നു, ആരാണ് സിമി..? അപ്പോഴെങ്കിലും എനിക്കു ചിന്തിക്കാമായിരുന്നു...
സിമിയുടെ മറ്റൊരു നല്ല കഥ... അഭിനന്ദനങ്ങള്‍
വളരെ നന്നായി. ഒത്തിരിയിഷ്ടപ്പെട്ടു.
നല്ല കഥ .ആശംസാകള്‍
സിമിയുടെ രണ്ടാം വരവ് ഗംഭീരമാകുന്നുണ്ടല്ലോ?
സിമി ,
വായിച്ചു ,
ഒന്നും മനസ്സിലായില്ല?
:(
തറവാടി,
അപ്പൂസ് കണ്ട സ്വപ്നം ഇങ്ങനെയായിരുന്നു. ഒരു ദിവസം അപ്പൂസ് കടയിലെ ചില്ലലമാരയിലെ മോഡല്‍ പാവയായിപ്പോയി. ഇങ്ങനെ പാവയായിപ്പോയ അപ്പൂസ് ഒരു കൊച്ചു കുട്ടിയെ ഒരു വണ്ടി ഇടിക്കാന്‍ പോവുന്നത് കാണുന്നു. അപ്പൂസ് ഓടിപ്പോയി കുഞ്ഞിനെ രക്ഷിക്കുന്നു. എങ്കിലും ഒന്നും പറ്റാതെ മറിഞ്ഞുവീണ കുഞ്ഞ് അപ്പൂസാണ് കൊച്ചിനെ തള്ളിയിട്ടത് എന്ന് എല്ലാരോടും പറയുന്നു.
ഇതിനെ കഥയാക്കാന്‍ നോക്കിയതാണ്.. പ്ലോട്ട് മനുവുമായി ചാറ്റില്‍ ഡിസ്കസ് ചെയ്തു.. ഏകദേശം ഒരു തുടക്കവും ഒടുക്കവും കിട്ടിയപ്പോള്‍ കഥയായി എഴുതി എന്നേ ഉള്ളൂ.
ഏറെ നന്ദി സിമി.
സിമിയുടെ കഥ ആദ്യമായാണ് വായിക്കുന്നത്.
പലരും പറഞ്ഞു കേട്ടാണ് ഇവിടെ വന്നത്. പക്ഷെ നിരാശ മാത്രം ബാക്കിയാക്കി ഒപ്പം ചില ആരോപണങ്ങളും ഉന്നയിക്കാന് ആഗ്രഹിക്കുന്നു.
താങ്കള് പറഞ്ഞതു പോലെ ഒരു പക്ഷെ അപ്പൂസ് എന്നബ്ലോഗര് കണ്ട സ്വപ്നമായിരിക്കാം.
അല്ലെങ്കില് അപ്പൂസ് എന്ന് ബ്ലോഗര് ഏതെങ്കിലും കഥ വായിച്ച് കിടന്നപ്പോള് കണ്ടതായിരിക്കാം. അതു മല്ലെങ്കില് താങ്കള് തന്നെ മറ്റ് കഥ വായിച്ച കൂട്ടത്തില് ആശയവും കഥാഗതിയും അടിച്ചു മാറ്റിയിരിക്കാം. ഏതായാലും
കെ. ടി. ബാബുരാജിന്‍റെ അബുദാബി ശക്തി അവാര്‍ഡ് കിട്ടിയ കഥ താങ്കള് ഒന്ന് വായിക്കൂ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശാഭിമാനി വാരികയിലും അദ്ദേഹത്തിന് റെ “അദൃശ്യനായ കോമാളി’ എന്ന പുസ്തകത്തില് ഞാന് പറഞ്ഞ ഈ കഥയുണ്ട്.
അതിനു ശേഷം ഒരു കഥ കൂടി ഇതേ ജനുസ്സിലുള്ളത് മലയാളത്തില് കലാകൌമുദിയിലും എഴുതപ്പെട്ടിട്ടുണ്ട്. ആ ക്ഥയുടെയൊക്കെ വികൃതമായ ഒരു അനുകരണം മാത്രമായി പ്പോയീ പ്ലാസ്റ്റിക് പാവകള്.
ആ കഥകളിലൊക്കെയും ഭാഷാ ഗുണം നന്നായി ഉണ്ടായിരുന്നു. എന്തു കൊണ്ടോ ഒരു പുതുമയും നല്‍കാതെ ഒരു ഫീലിങ്ങും നല്‍കാതെ ‘പ്ലാസ്റ്റിക് പാവകള്‘ എന്നെ ഒരുപാട് നിരാശപ്പെടുത്തി.
ആത്മകഥാപരമാണ് കഥയിലെ ആദ്യ വരികളൊക്കെയും . വായനക്കാരനെ അടുത്ത വരി വായിപ്പിക്കാന് ഒരു ഉദ്ദേശ്യവും കഥാകാരന് കാണിക്കുന്നില്ല്.
പിന്നെ ഇളം നീല പെയിന്റടിച്ച വീടിനെ കുറിച്ചാണ് പറയുന്നത്. ഒപ്പം നീലക്കണ്ണൂള്ള ശാലിനിയെ കുറിച്ചും. ഇടയ്ക്ക് നീല ചുമരുകളെ നോക്കി മനോജ് ഇരിക്കും. പക്ഷെ വാക്കുകളിലെ ഈ കോറിയിടലല്ലാതെ ഒരു മിഴിവും കഥാപാത്രത്തിനൊ അതുപോലെ സാഹചര്യങ്ങള്‍ക്കോ നല്‍കുന്നില്ല സിമി എന്ന കഥാകാരന്.
ഒരു കഥയായി ഇത് മാറണമെങ്കില് ഇതില് സിമി ഇനിയും ഒരു പാട് നാള് അടയിരിക്കേണ്ടിയിരിക്കുന്നു. ബ്ലോഗിലെ നല്ല കഥാകൃത്തെന്ന് പെട്ടെന്ന് ആരോക്കെയോ പറഞ്ഞപ്പോള് താങ്കള് എഴുത്തിനെ കുറച്ചു കണ്ടോ എന്ന് ഞാന് സംശയിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്
ഇരിങ്ങല്‍,
അയ്യോ ബ്ലോഗിലെ നല്ല കഥാകാരനൊന്നും അല്ലേ :-) ഒരു രസത്തിനു എഴുതുന്നു എന്നേ ഉള്ളൂ. ആള്‍ക്കാര്‍ വായിക്കുന്നു, അവര്‍ കമന്റിടുന്നു, എന്നൊക്കെ കാണുമ്പോള്‍ ഒരു സന്തോഷമാണ്. അടുത്തിടെയായി ഈ സന്തോഷം കഥയെഴുത്തില്‍ ഒരു വലിയ പ്രചോദനമാണ്. ‘അഹം‘ഭാവത്തിനെ വളര്‍ത്തുന്നതുകൊണ്ടാവാം :-)
ഞാന്‍ ആശയവും കഥാഗതിയും അടിച്ചുമാറ്റിയിട്ടില്ല. ഇരിങ്ങല്‍ പറഞ്ഞ കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല.
ഈ കഥ അടയിരുന്നു വിരിയിക്കാന്‍ പ്രയാസമാണ്. മടിയാണ് പ്രധാന കാരണം. എഴുതിയത് തിരുത്തിയെഴുതാനും കൂട്ടിച്ചേര്‍ക്കാനും ഒരു മടുപ്പുപോലെ. അതുപോലെ ഭാഷയുടെ സൌന്ദര്യം എന്റെ Strength അല്ല. അതിനെ ആശയങ്ങള്‍ കൊണ്ട് compensate ചെയ്യാനാണ് സാധാരണ ശ്രമിക്കുന്നത്.
ഇളംനീലനിറം എനിക്ക് വിഷാദത്തിന്റെയും മടുപ്പിന്റെയും നിറമാണ്. ഓറഞ്ച് നിറം സന്തോഷത്തിന്റെ നിറം എന്നതുപോലെ. കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവുനല്‍കാമായിരുന്നു -ശരിയാണ്. കഥയുടെ വേഗതയും നിയന്ത്രിക്കാമായിരുന്നു. അടുത്ത കഥകളില്‍ ഇത് ശ്രദ്ധിക്കാം.
ഇനിയും മോശമാവുന്ന ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കൂ. എന്റെ എഴുത്തിനു അത് ഗുണമാവും.
ഇരിങ്ങല് മാഷേ ഈ കഥയിലെ സ്വപ്നത്തെക്കൂറിച്ച് സിമിക്ക് സൂചന നലകിയത് ഞാനാണ്. നിമിത്തം അപ്പൂസ് എനിക്കെഴുതിയ ഒരു ഇ-മെയിലും. ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും താങ്കള്‍ സൂചിപ്പിച്ച കഥയെക്കുറിച്ച് അറിവില്ലായിരുന്നു.
പിന്നേ ഒരേ കഥാതന്തു -വിഷയം കഥയിലോ കവിതയിലോ ആവര്‍ത്തിക്കുന്നത് ശ്രീനിവാസന്‍ പറയുന്നതുപോലെ ലോകചരിത്രത്തില്‍ ആദ്യമായിട്ടൊന്നും അല്ലല്ലോ.
സിമി ഈ വിഷയം കൈകാര്യംചെയ്യാനിടയായ സാഹചര്യം ഞാന്‍ ഉണ്ടാക്കിയതാണ്. ആവര്‍ത്തനം വന്നെങ്കില്‍ ഉത്തരവാദിത്വം എന്റേത്. തുടര്‍ന്ന് വായിക്കുന്നവര്‍ ദയവു ചെയ്ത് ശ്രദ്ധിക്കുക.
എങ്കിലുകള്‍ ഇല്ലാതിരുന്നെങ്കില്‍...
ചേ.ക്കാ.
(ബ്ലോഗിന്റെ പിന്നിലുള്ള ആളെ കാവലിനു നിര്‍ത്തിയിരിക്കണോ?)
എങ്കിലുകള്‍ കുറയ്ക്കാം :-) കഥ ഞാനൊന്ന് ഉറക്കെ വായിച്ചു നോക്കട്ടെ.
ഡാലി പറഞ്ഞ എങ്കിലുകള്‍ ഇല്ലാതിരുന്നെങ്കില്‍... എന്നത് കഥാകൃത്ത് കമന്റില്‍ പറഞ്ഞപോലെ ആകണമെന്നില്ലല്ലോ?
“പിന്നെ ഇളംനീലനിറം എനിക്ക് വിഷാദത്തിന്റെയും മടുപ്പിന്റെയും നിറമാണ് ”എന്നത് ഓരോ കഥയിലും മാറി മാറി വരുമോ? പണ്ടേതോ കഥയില്‍ സിമി തന്നെ നീല പെയിന്റടിച്ച ഹോസ്റ്റലിനുമുന്നില്‍ നീല ടാറ്റ ഇന്‍ഡിക്കക്കാറില്‍ നല്ല ഉഷാറോടെ വന്നിറങ്ങിയ ഒരു മനശ്ശാസ്ത്രജ്ഞന്റെ ചിത്രം നല്‍കിയതായോ മറ്റോ വായിച്ച ഒരു ഓര്‍മ്മ..
ഇപ്പറയുന്നത് ചില ചിത്രങ്ങള്‍ മെനയുന്നതില്‍ സിമി വിജയിക്കുന്നു എന്നു പറയാന്‍ മാത്രം.
katha vayikkumbol oru virasatha thonnunnundu ennathu sathyam.. ennalum plastic pavayude virasamaya jeevitha katha parayumbo valya bhasha soundaryam onnum illatha bore adippikkunna ezhuthu athinu cherunnundu..
"അതുപോലെ ഭാഷയുടെ സൌന്ദര്യം എന്റെ Strength അല്ല. അതിനെ ആശയങ്ങള്‍ കൊണ്ട് compensate ചെയ്യാനാണ് സാധാരണ ശ്രമിക്കുന്നത്."
bhasha soundaryam ulla kathakal undayittundu.. 'kannan', 'chilanthi', 'bus stop ile pranayam', 'kadal' ....
ചേ.ക്കാ.
സിമി, ഞാന്‍ ഉദ്ദേശിച്ചത് എങ്കിലുകള്‍ കുറയ്ക്കാനായിരുന്നില്ല. അത് Harold നു മനസ്സിലായെന്ന് തോന്നുന്നു :).
(ബ്ലോഗിനു പിന്നില്‍ നിന്ന ആളെ മാറ്റാനും ഉദ്ദേശിച്ചില്ല, എന്നാലും ഈ ടെമ്പ്ലീറ്റ് എനിക്കിഷ്ടായി)
സിമീ തകര്‍ത്തു. :)
-സുല്‍
i liked d way u creatd d character 'manoj'...
there is sum ambiguity in d middle...wen u describes abt d conflict manoj's marriage life........
anyway, nice efforrt.......
Post a Comment