നിലമ്പൂരിലെ തേക്കിന്‍ കാടുകളില്‍ മഴ തായമ്പക നടത്തുമ്പൊഴായിരുന്നു ആമിന ആദ്യമായി മന്‍സൂറിനെ കാണുന്നത്. കൊണോലി സായ്‌വ്ന്റെ തേക്കിന്‍തോട്ടത്തില്‍ മുട്ടനാടിനുകൊടുക്കാന്‍ പച്ചില പറിക്കാന്‍ പോയപ്പൊഴായിരുന്നു അത്. തെളിഞ്ഞ ആകാശത്തില്‍ കലപില കൂട്ടി ഓടിക്കൂടിയ മേഘങ്ങള്‍ പെട്ടെന്നായിരുന്നു കവിഞ്ഞൊഴുകിയത്. ആകാശത്തെ മുട്ടിനിന്ന തേക്കിലകളില്‍ നിന്നും വെള്ളച്ചാട്ടം പോലെ വീണ മഴയില്‍ ആകെനനഞ്ഞ്, അരികിലെങ്ങും ആരെയും കാണാതെ ആമിന വിതുമ്പിത്തുടങ്ങിയപ്പൊഴായിരുന്നു വെളുത്തുമെലിഞ്ഞ ഒരു പയ്യന്‍ മരങ്ങളുടെ പിന്നില്‍ നിന്നും ഓടിക്കിതച്ചുവന്നത്. ആമിന അമ്പരന്നു നില്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് അവന്‍ വെറുതേ കൈ പിന്നിലേയ്ക്കാക്കി. ഒന്നു കൂടി വായുവില്‍ കൈ കറക്കിയപ്പോള്‍ അതാ അവന്റെ കയ്യില്‍ ഒരു കുട. ഇത്രയും വലിയ കാലന്‍കുട എവിടെനിന്നു വന്നെന്നും അവന്‍ ആരാണെന്നും ആമിനയ്ക്ക് ഒരു തിട്ടവും ഇല്ലായിരുന്നു. എങ്കിലും തോരാത്ത മഴയില്‍ വിടര്‍ന്ന കാലന്‍കുടയും തെളിഞ്ഞ ചിരിയും കണ്ട് ആമിന കുടയ്ക്കകത്തു കയറി. മന്‍സൂര്‍ അധികമൊന്നും മിണ്ടാതെ ആമിനയെ അവളുടെ വീട്ടില്‍ കൊണ്ടാക്കി. പടിപ്പുരയില്‍ എത്തിയപ്പോള്‍ അകത്തുകടക്കാതെ അവന്‍ മടിച്ചുനിന്നു. മഴനനഞ്ഞോടി വലിയ കതകു മുട്ടിത്തുറന്ന് അവള്‍ അകത്തേയ്ക്കു കടക്കവേ തിരിഞ്ഞുനോക്കിയപ്പോള്‍ മന്‍സൂര്‍ നിന്നിടത്തെങ്ങും ഇല്ലായിരുന്നു. മുറിയിലെ നനഞ്ഞ കതകടച്ച് ഈറന്‍ മാറ്റുമ്പോഴും ഓട്ടിന്‍പുറത്ത് മഴ ശബ്ദത്തോടെ തുള്ളിക്കളിച്ചപ്പൊഴും വായുവില്‍ വട്ടംചുഴറ്റിവരുന്ന ഒരു കുടയും നനുത്ത മീശയ്ക്കു താഴെനിന്നുതിര്‍ന്ന ശബ്ദവും ആമിനയുടെ മനസ്സില്‍ തോരാതെനിന്നു. മാന്ത്രികന്റെ നിറഞ്ഞ ചിരി ഏതോ മന്ത്രവിദ്യയില്‍ അവളുടെ ചുണ്ടിലും പടര്‍ന്നിരുന്നു.
പിറ്റേ ദിവസം നിലമ്പൂരിലെ സംസാരവിഷയമായിരുന്നു അങ്ങാടിയില്‍ നിന്നു മായാജാലങ്ങള്‍ കാണിക്കുന്ന പുതിയ പയ്യന്‍. വിശ്വവിഖ്യാത മാന്ത്രികരെപ്പെറ്റ നിലമ്പൂരില്‍ മായാജാലങ്ങള്‍ പുത്തരിയല്ലായിരുന്നു. പറക്കും തളികയിലും മാന്ത്രിക പരവതാനിയിലും കയറി ലോകം ചുറ്റിയ മാന്ത്രികരുടെ ജന്മനാട്ടില്‍ കൊച്ചുകുട്ടികള്‍ക്കുപോലും ചെപ്പടിവിദ്യകള്‍ അറിയാമായിരുന്നു. ഇങ്ങനെയൊരിടത്ത് ഊരും പേരുമില്ലാത്ത ഒരു പയ്യന്‍ എന്തുചെയ്യാനാണ് എന്നുചിന്തിച്ച് ആമിന വിഷമിച്ചു. പക്ഷേ വീട്ടില്‍ വരുന്നവര്‍ക്കൊക്കെ അങ്ങാടിയിലെ മായാജാല കഥകളേ പറയാനുണ്ടായിരുന്നുള്ളൂ. എന്നാലതൊന്ന് കാണണമല്ലോ എന്നുവിചാരിച്ച്, വീട്ടില്‍ പറയാതെ, അടുക്കളവഴി ഇറങ്ങി, അയലത്തെ മുറ്റത്തു ചിണുങ്ങിനിന്ന കുട്ടനെയും വലിച്ചുകൊണ്ട് അവള്‍ അങ്ങാടിയിലെത്തി. അവിടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ മായാജാലക്കാരനില്ലായിരുന്നു. വെറുതേ നിലത്തുവിരിച്ച ഒരു കടുംപച്ച പരവതാനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പായില്‍ മുട്ടി, മുട്ടിയില്ല എന്നനിലയില്‍ തത്തിക്കളിച്ചുനിന്ന ഒരു നേര്‍ത്തനൂല് ആകാശത്തേയ്ക്ക് കയറിപ്പോയിരുന്നു. ഏതോ മേഘങ്ങളിളകുന്നതിന്റെ കൂടെ നൂലും ഇളകുന്നുണ്ടായിരുന്നു. പെട്ടെന്ന്, ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കു നടുവില്‍ ഈ നൂല് നെട്ടനെനിന്നു. നൂലില്‍ത്തൂങ്ങി ഒരു സ്വര്‍ണ്ണത്തലപ്പാവും പറക്കുന്ന അലകുകള്‍ പിടിപ്പിച്ച ചുവന്ന കുപ്പായവും ധരിച്ച് മന്‍സൂര്‍ ഊര്‍ന്നുവന്നു. പരവതാനിയിലേയ്ക്കു വീഴുന്ന നോട്ടുകളിലേയ്ക്കു നോക്കാതെ ആള്‍ക്കൂട്ടെത്തെ നോക്കി ചിരിച്ചുകൊണ്ട്, ആമിനയെ ഒന്നു നോക്കുകപോലും ചെയ്യാതെ, കൈകളുയര്‍ത്തിപ്പിടിച്ച്, ദേഹം വളച്ച്, തല മണ്ണില്‍ മുട്ടിച്ച് മന്‍സൂര്‍ ആള്‍ക്കൂട്ടത്തെ വണങ്ങി. എന്നിട്ട് ഒരു ചാക്കില്‍ നിന്നും നൂറു പന്തുകള്‍ വാരിയെടുത്ത് ആകാശത്തേയ്ക്ക് എറിഞ്ഞുപിടിച്ചുതുടങ്ങി. അമ്പരന്നുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ തന്നെക്കണ്ടിട്ടും ഒരു പരിചയം പോലും കാണിക്കാതെ അമ്മാനമാടുന്ന മന്‍സൂറിനെ അവള്‍ തുറിച്ചുനോക്കി നിന്നതുകൊണ്ടാവാം, ആകാശത്തുനിന്നും നൂറിലൊരുപന്ത് വഴിതെറ്റി ദൂരേയ്ക്കുപോയി. മായാജാലം തെറ്റുന്നതുകണ്ട് ശ്വാസം നിലച്ച ആള്‍ക്കൂട്ടത്തിനു നടുവില്‍ വീഴാതെ ആ പന്ത് വീണ്ടും പറന്ന് മന്‍സൂറിന്റെ കൈകളിലെത്തി. കരഘോഷത്തിനു നടുവില്‍ ഒന്നൊന്നായി നൂറുപന്തുകളും പിടിച്ചുകൊണ്ട് മന്‍സൂര്‍ തലയില്‍ നിന്നും തൊപ്പിയൂരി. ആമിനയുടെ വിരലും പിടിച്ചുനിന്ന കുട്ടന്റെ തലയില്‍ തലോടി തന്റെ വര്‍ണ്ണത്തലപ്പാവ് വെച്ചുകൊടുത്തു. ചിരിച്ചുകൊണ്ട് പരവതാനിയും അതില്‍ കുഴഞ്ഞുവീണ പട്ടുനൂലും വാരിയെടുത്ത് അവന്‍ തന്റെ കൂടാരത്തിനുള്ളിലേയ്ക്ക് കയറിപ്പോയി.
അവന്റെ കുറുമ്പു സഹിക്കാന്‍ വയ്യാതെ മൂന്നുനാള്‍ ആമിന അങ്ങാടിയിലേയ്ക്കു പോയില്ല. ഇനിപ്പോവരുതെന്നു നൂറുവെട്ടം ഉറപ്പിച്ചിട്ടും നാലാംനാള്‍ വീണ്ടും അങ്ങാടിയിലെത്തി. ഈ പ്രാവശ്യം ആമിന തനിച്ചായിരുന്നു. അന്ന് അങ്ങാടിയില്‍ മന്ത്രവിദ്യകാണാന്‍ ആരും കൂടിനിന്നിരുന്നില്ല. തിരക്കൊഴിഞ്ഞ തെരുവിന്റെ ഒരു മൂലയില്‍ വെറുതേ വായുവില്‍ പച്ചയും നീലയും നിറങ്ങളിടകലര്‍ന്ന ഒരു ചിത്രം വരച്ചുകൊണ്ടിരുന്ന ഏകാന്തമാന്ത്രികന്‍ പക്ഷേ ഇത്തവണ അവളെനോക്കിച്ചിരിച്ചു. ആള്‍ക്കൂട്ടത്തെ അകറ്റിനിറുത്താന്‍ വരച്ച ചോക്കുവരയ്ക്കുള്ളിലേയ്ക്ക് മന്‍സൂര്‍ അവളെ കണ്ണുകള്‍ കൊണ്ടു വിളിച്ചു. അവന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ, മടിച്ചുമടിച്ച് ആമിന വരകള്‍ക്കുള്ളിലേയ്ക്കു കയറി. പതുക്കെ ആളുകള്‍ കൂടിത്തുടങ്ങി. ആമിനയുടെ മുഖത്തിനു ചുറ്റും മന്‍സൂര്‍ മന്ത്രവടി ചുഴറ്റി. വടിയുടെ നിറം സപ്തവര്‍ണ്ണങ്ങളില്‍ തിളങ്ങി. അതിലും വിസ്മയമായിരുന്നു ആമിനയുടെ കവിളിലെ നിറങ്ങളും മാറിയത്. മന്‍സൂര്‍ ആമിനയുടെ തലയിലെ തട്ടത്തില്‍ വടികൊണ്ട് പയ്യെത്തട്ടിയപ്പോള്‍ എന്തോ ചിറകടിക്കുന്ന ശബ്ദം കേട്ടു. ഞെട്ടിവിറച്ചുകൊണ്ട് അവള്‍ തട്ടം വലിച്ചുമാറ്റിയപ്പോള്‍ തലമുടിയില്‍ കുറുകിയിരുന്ന രണ്ടിണപ്രാവുകള്‍ ചിറകടിച്ച് ആകാശത്തേയ്ക്കു പറന്നുപോയി. ഇതിനിടയില്‍ ആരോ ഇതുകണ്ട് ആമിനയുടെ വീട്ടിലേയ്ക്ക് മായാജാലക്കഥകള്‍ പറയുവാന്‍ ഓടിപ്പോയിരുന്നു. മന്‍സൂര്‍ ആകാശത്തുനിന്നും മിഠായിമഴപെയ്യിച്ചു. കണ്ണുകളില്‍ നിന്നു തീതുപ്പിക്കൊണ്ട് ആമിനയുടെ വാപ്പ കുതിച്ചുവന്നപ്പോള്‍ അവന്‍ ഒരാള്‍ പൊക്കമുള്ള മാന്ത്രികക്കണ്ണാടിക്കുളളിലായിരുന്നു. അന്തംവിട്ടുനില്‍ക്കുന്ന ജനക്കൂട്ടത്തിനു നടുവിലേയ്ക്ക് ഒരു കാല്‍ കണ്ണാടിക്കുള്ളിലും പകുതി ഉടല്‍ പുറത്തുമായി ഇറങ്ങിവന്ന മന്‍സൂര്‍ കുപ്പായത്തിനുള്ളിലേയ്ക്കു കയ്യിട്ട് ഒരു സ്വര്‍ണ്ണമാലയെടുത്ത് ആമിനയുടെ കഴുത്തിലിട്ടുകൊടുത്തു. തരിച്ചുനിന്ന ആമിനയെ തള്ളിമാറ്റി അലറിക്കൊണ്ട് വാപ്പ മന്‍സൂറിനെ നിലക്കണ്ണാടിയില്‍ നിന്നും വലിച്ചു പുറത്തിട്ടു. പരുക്കന്‍ ചെരുപ്പിട്ട കാലുകൊണ്ട് മന്‍സൂറിനെ നിലത്തിട്ടു ചവിട്ടി. കൂറ്റന്‍ കയ്യോങ്ങി ആമിനയുടെ കവിളത്തടിച്ചു. മന്ത്രവിദ്യകള്‍ കാണാന്‍ വന്നവര്‍ തെല്ലുനേരം കൂടിനിന്ന് പിന്നെ പിറുപിറുത്തുകൊണ്ട് ചിതറിപ്പോയി. കലിയടങ്ങിയപ്പോള്‍ വാപ്പയും വീട്ടിലേയ്ക്കുപോയി. നാളെ നേരം പുലരുമ്പോള്‍ നിലമ്പൂരില്‍ നിന്നെക്കണ്ടുപോവരുത് എന്നു ഗര്‍ജ്ജിച്ചാണ് ആമിനയുടെ വാപ്പ പോയത്.
പിറ്റേന്ന് മന്ത്രവിദ്യ കാണാന്‍ വന്നവര്‍ക്ക് ഒഴിഞ്ഞകൂടാരവും ചെളിയില്‍ പൂണ്ടുകിടന്ന നടുവളഞ്ഞ മന്ത്രവടിയും ചുരുട്ടിവെച്ച പരവതാനിയും ആരോ തല്ലിപ്പൊട്ടിച്ച നിലക്കണ്ണാടിയുമേ കാണാന്‍ കഴിഞ്ഞുള്ളൂ. മന്‍സൂര്‍ അവിടെങ്ങും ഇല്ലായിരുന്നു. ആള്‍ക്കൂട്ടത്തിനു ഇടയില്‍ പതുങ്ങിനിന്ന കുട്ടന്‍ നിലത്തുനിന്നും കണ്ണാടിയുടെ ഒരു പൊട്ടിയ ചീളെടുത്ത് തന്റെ പോക്കറ്റിലാക്കി. ആമിനയുടെ പൂട്ടിയിട്ട ജനലില്‍ മുട്ടിയപ്പോള്‍ ജനാലതുറന്ന് ആമിന തന്റെ കരഞ്ഞുകലങ്ങിയ മുഖം ജനല്‍ക്കമ്പിയോടു ചേര്‍ത്തു. കുട്ടന്‍ കൊടുത്ത കണ്ണാടിച്ചില്ല് അവള്‍ ഒന്നും മിണ്ടാതെ വാങ്ങി. ജനാലയടച്ച് ചില്ലിന്‍ കഷണത്തില്‍ നോക്കിയപ്പോള്‍ മന്‍സൂറിന്റെ കണ്ണ് അതില്‍നിന്ന് അവളെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.ചിരിച്ചുകൊണ്ട് ചില്ല് അല്പം അകലെപ്പിടിച്ചിട്ടും കണ്ണുമാത്രമേ കാണാനായുള്ളൂ.
വാപ്പ കതകുതുറക്കുന്ന ശബ്ദം കേട്ട് ആമിന ഞെട്ടി കണ്ണാടിച്ചില്ല് തന്റെ ഉടുപ്പിനുള്ളിലാക്കി നെഞ്ചോടുചേര്‍ത്തുവെച്ചു. ചില്ല് നെഞ്ചില്‍ കുത്തിനോവിച്ചിട്ടും വേദന പുറത്തുകാണിക്കാതെ അവള്‍ ഒരു ചോദ്യഭാവത്തില്‍ നിന്നു. കതകുതുറന്നുവന്ന വാപ്പയുടെ മുഖത്ത് മോളെത്തല്ലിയതിലുള്ള വിഷമം തെളിഞ്ഞുകാണാമായിരുന്നു. ഒരു ഗ്ലാസ് ചായ മേശപ്പുറത്തുവെച്ച് വാപ്പ ഒന്നും മിണ്ടാത അവളുടേ തലയില്‍ തലോടി കതകും ചാരി തിരിച്ചുപോയി. വീണ്ടും കതകു കുറ്റിയിട്ട് ഉടുപ്പിന്റെ കുടുക്കുകളഴിച്ച് ആമിന തിരഞ്ഞപ്പോള്‍ കണ്ണാടിച്ചില്ല് അവിടെ ഇല്ലായിരുന്നു. ഹൃദയത്തോടുചേര്‍ന്ന് പണ്ടെന്നോ ഉണങ്ങിയതുപോലെ ഒരു മുറിപ്പാടുമാത്രം മങ്ങിയവരയായി കിടന്നിരുന്നു.
10/31/2007
മന്‍സൂര്‍ എന്ന മാന്ത്രികന്‍
എഴുതിയത് simy nazareth സമയം Wednesday, October 31, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
26 comments:
ഈ കഥ ബ്ലോഗിലെ മാന്ത്രികനായ മന്‍സൂറിനു സമര്‍പ്പിക്കുന്നു. ഓഫീസില്‍ ഇരുന്ന് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് എഴുതിയതുകൊണ്ട് വിചാരിച്ചതിന്റെ നാലിലൊന്നു നീളം പോലും കഥയ്ക്ക് ആയില്ല. ഇനി എന്നെങ്കിലും ആവശ്യത്തിനു കാര്യങ്ങള്‍ പൊലിപ്പിച്ചെഴുതാം.
പറയാതെ തന്നെ അറിയാമല്ലോ: മന്‍സൂര്‍, നിലമ്പൂര്‍, മായാജാലം എന്നിവ ഒഴിച്ച് ബാക്കിയെല്ലാം സാങ്കല്‍പ്പികമാണ്. എങ്കിലും മന്‍സൂറിനു കഥാപാത്രം ആവുന്നത് ഇഷ്ടമല്ലെങ്കില്‍ സ്ഥലകാലങ്ങളും പേരും മാറ്റാം.
സ്നേഹത്തോടെ,
സിമി.
അസ്സലായിട്ടുണ്ട് സിമി...
ആ മന്‍സൂര്‍ അവിടെ നിന്നും പെങ്ങിയത് പിന്നെ ദുഫായിലും പിന്നെ ബ്ലോഗിലുമാണ്, ഇപ്പോഴും ആമിനമാരും കുട്ടന്മാരും അവന്റെ വിദ്യകള്‍ക്കു പുറകെയാണ്...! ഇനിയെങ്കിലും പ്രിയ മന്‍സൂര്‍, പരുപരുത്ത കൈയ്യിലെ അടി മേടിക്കാതെ വര്‍ണ്ണപ്പൂക്കള്‍ വാരി വിതറൂ..സ്നേഹത്തിന്റെ
ഒരു കുല തേങ്ങ ഞാനിവിടെ തൃക്കണിക്കു വക്കുന്നു, മന്‍സൂറിനെ സിമിക്കൊ എടുക്കാം
മാന്ത്രികന്‍ മന്‍സൂര്‍ അല്ല.. നീ... നീ തന്നെയാണ് :)
ബ്ലോഗറെ കുറിച്ച് ബ്ലോഗര്‍ എഴുതിയ ഒരു നല്ല കഥ. മന്‍സൂറേ സൂക്ഷിച്ചു വച്ചോ...എന്നീട്ട് ഇടക്ക് അടുത്തുള്ള ആമിനയെ കാണിച്ചു കൊടുക്കൂ... ആമിനക്ക് ദേഷ്യം വന്നാല്‍ മാത്രം സിമിയെ ചൂണ്ടിക്കാട്ടിയാല്‍ മതി.
ഇഷ്ടായി
നല്ല ഒഴുക്കുള്ള എഴുത്ത്!
വളരെ കാലമായി താനും അയാളും തമ്മില്‍ നിശബ്ദമായ ഒരു സ്നേഹം നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് അവള്‍ക്കു തോന്നി, വെറുതെ
-പെരുമ്പടവം
ഇങ്ങനെ അല്ലേ?
രസകരമായ എഴുത്ത്...ആശംസകള്‍
നന്നായിട്ട്ണ്ട് സിമി...
ഈ മന്‍സൂജി സ്പെഷ്യല്‍
:)
mansoore poratte ingoattu
എന്നെ അറിയുന്നവര്‍ ഇത് വായിക്കുബോല്‍ ഒരു പക്ഷേ അവരുടെ മനസ്സ് പറയുന്നുണ്ടാവും..ഇപ്പോല്‍ നിറഞകണ്ണുകളായിരിക്കും മന്‍സൂറിന്....
അക്ഷരങ്ങളിലൂടെയും ചിലപ്പോഴെക്കെ മനസ്സ് കാണാമെന്നത് എത്ര ശരിയാണ് അല്ലേ.
ഒരു കൂട്ടുക്കാരന്‍റെ വരികള്‍...പരസ്‌പരമറിയാത്ത രൂപങ്ങള്‍ നമ്മള്‍
പരസ്‌പരം കേള്‍ക്കാത്ത ശബ്ദങ്ങള്‍ നമ്മള്‍..
എന്നിട്ടും എന്റെ ജീവിതവീഥികളിലൂടെ ഒരു സഞ്ചാരം....എത്ര മനോഹരം നിന്‍ വാക്കുകള്‍..
ഏതോ ഒരു നിമിഷത്തില്‍ നിറഞുവോ ഞാന്‍ നിന്‍ മനസ്സിനുള്ളില്‍..
ഈ കഥ ഞാനെന്‍റെ കൂട്ടുക്കാരന്‍റെ അംഗീകാരമായി സ്വീകരിച്ചോട്ടെ സ്നേഹിതാ...സിമി
ഒരു അംഗീകാരമായി ഞാന്‍ ഈ കഥയെ മാറോടണക്കുന്നു സിമി. കാരണം ഇനി ഒരു അംഗീകാരം തേടി വരാന്‍ വിധിയിലെങ്കില്ലോ...
പണ്ടെന്നോ കണ്ടു മറന്ന ഒരു സ്വപ്‌നം..
അതിവിടെ പുനര്‍ജനിച്ചിരിക്കുന്നു...
ഒരുപ്പാട് സന്തോഷം.....നന്ദി
നന്‍മകള്‍ നേരുന്നു....
കുഞ്ഞാ...
മനു...
ശ്രീ...
മുരളിഭായ്...
ധ്വനി...
ജിഹേഷ് ഭായ്...
സഹയാത്രികാ....
നിങ്ങളുടെ ആ സ്നേഹമനസ്സ് ഒരു കണ്ണാടി പോലെ ഞാന്‍ കാണുന്നു...
നോവിന്‍രാവുകളില്‍ മനസ്സിനെ സാന്ത്വനിപ്പിക്കാന്‍..
ഇതെനിക്ക് ധാരാളം.
മന്‍സൂറിന്റെ കമന്റു വന്നിട്ട് കമന്റാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു.
മന്‍സൂര്‍ എഴുതിയിരിക്കുന്നു
“പരസ്‌പരം കേള്‍ക്കാത്ത ശബ്ദങ്ങള്‍ നമ്മള്‍..
എന്നിട്ടും എന്റെ ജീവിതവീഥികളിലൂടെ ഒരു സഞ്ചാരം.എത്ര മനോഹരം നിന്‍ വാക്കുകള്‍.
ഏതോ ഒരു നിമിഷത്തില്‍ നിറഞ്ഞുവോ ഞാന്‍ നിന്‍ മനസ്സിനുള്ളില്‍.“
സിമി,
നല്ല വിവരണം.
മായാജാലക്കാരന്റെ മനസ്സറിഞ്ഞ കഥ.
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍.
നല്ല സുഖമുണ്ട് വായിയ്ക്കാന്‍. കൊള്ളാം സിമീ.കഥാപാത്രമായതിന് മന്‍സ്സൂറിന് അഭിനന്ദനങ്ങള്‍
കുളിര്‍കാറ്റ് പോലുള്ള ഒരു കഥ. മന്‍സൂര്‍ കരഞ്ഞെങ്കില്‍ അത്ഭതപെടാന്‍ ഒന്നുമില്ല, കരയിപ്പിക്കാന്‍ വേണ്ടി ഇങ്ങനെ ഓരോന്ന് എഴുതിവിട്ടോലും. കൂട്ടുകാരന്‍ ആണത്രേ കൂട്ടുകാരന്‍..
വളരെ നല്ല കഥ. സമര്‍പ്പണവും ഇഷ്ടമായി.
കഥയുടെ മായാജാലം വിസ്മയങ്ങള്‍ തീര്‍ക്കുന്നു.മനോഹരമായിട്ടുണ്ട്.പ്രത്യേകിച്ചും കഥാന്ത്യം.
സിമി,
കണ്ടാ, അതാണ് നമ്മുടെ മന്‍സൂര്‍ ഭായ്..
പിന്നെ നന്നായിരിക്കുന്നു എന്ന് പിന്നെം പിന്നെം എഴുതുന്നില്ല...
:)
ഒരു ബ്ലോഗറെ പറ്റി മറ്റൊരു ബ്ലോഗര്‍ എഴുതുന്നത് ആദ്യമായൊന്നുമല്ലല്ലോ..?
എന്നാല്‍ ഒന്ന് ശ്രമിച്ചിട്ട് തന്നെ കാര്യം.
ഞനും എന്നെ അടുത്തറിയാവുന്ന് അഒരു ബ്ലോഗറുടെ മേല്‍ കൈ വക്കാന്‍ പോകുന്നു :)
സിമിക്ക് ഫുല്‍ മാര്‍ക്ക്. ഇതു പോലൊരെണ്ണം എന്റെ തൂലികയില്‍ ഇനിയും പിറന്നില്ലല്ലോ..?
:)
ഉപാസന
സത്യം പറഞ്ഞാല്‍ സിമി മന്‍സൂറിന്റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനുമെന്നാ ഞാന്‍ കരുതിയത്!
അഹങ്കരിക്കാനുള്ള വക കൈയ്യിലുണ്ട്..ധൈര്യമായി അഹങ്കരിക്കാം..പക്ഷെ ബ്ലോഗു പൂട്ടിപോകുന്നു എന്നു മാത്രം പറയരുത്..! എന്തായാലും വായിക്കാനുള്ള ഒരാള്‍ ഇതു വായിക്കേണ്ട! ഞാന്‍ ലിങ്ക് കൊടുക്കുന്നില്ല..ഞാനായിട്ടെന്തിനാ വീണ്ടും മന്‍സുവിനെ കരയിപ്പിക്കുന്നത്..:)
സിമി എന്റെ ഏറ്റവും അടുത്ത നല്ലൊരു കൂട്ടുകാരനെക്കുറിച്ചെഴുതിയതിനു ഒരു പാടു നന്ദി..ദൈവം അനുഗ്രഹിക്കട്ടെ..
അയ്യോ എനിക്ക് മന്‍സൂറിനെ ഒരു പരിചയവും ഇല്ല :-) മന്‍സൂര്‍ എന്റെ ബ്ലോഗിലെ കഥകള്‍ക്ക് കമന്റിടുന്നു, മന്‍സൂറിന്റെ ബ്ലോഗ് ഞാന്‍ വായിക്കുന്നു എന്നതില്‍ കവിഞ്ഞ് ഒരു പരിചയവും ഇല്ലായിരുന്നു.
ഇന്നലെ ഈ കഥയെഴുതാനുള്ള മെറ്റീരിയല്‍ തിരക്കി മന്‍സൂറിന്റെ ബ്ലോഗില്‍ പോയപ്പോള്‍ ഒന്നു രണ്ട് നല്ല പോസ്റ്റുകണ്ടു. (മന്‍സൂറിനു മാജിക്ക് അറിയാമെന്ന് ബ്ലോഗില്‍ വായിച്ചിട്ടുണ്ടായിരുന്നു). പി.സി. സര്‍ക്കാര്‍, പ്രൊഫ. വാഴക്കുന്നം എന്നിവരുടെ കഥകള്‍ എടുത്ത് മലയാളം വിക്കിപീഡിയയില്‍ ഇടട്ടേ എന്നുചോദിച്ച് ഇന്നലെ ഉച്ചയ്ക്കാണ് ആദ്യത്തെ മെയില്‍ അയക്കുന്നത്. മറുപടി കിട്ടുന്നതിനു മുന്‍പേ ഈ കഥയും ഞാന്‍ പോസ്റ്റി.
ആരെയും കരയിക്കാനല്ല കേട്ടോ :-). മാജിക്കല്‍ റിയലിസം പരീക്ഷിക്കണം എന്നായിരുന്നു. മാജിക്കുകാരനെക്കുറിച്ചാവുമ്പോള്‍ അത് എളുപ്പമായല്ലോ. കഥ കഥമാത്രം. അതും കാണാത്ത, കേള്‍ക്കാത്ത ഒരാളെക്കുറിച്ചാവുമ്പൊ എടുത്തുപറയണ്ടല്ലോ.
ഇനി ബ്ലോഗ് പൂട്ടൂല്ലാ :-) എന്നാലും മന്‍സൂറേ, ധൈര്യത്തിനു ഒരു കോപ്പി പ്രിന്റെടുത്തുവെച്ചോ :-)
സ്നേഹത്തോടെ,
സിമി.
കഥ ‘ഓഫ്‌ലൈന്‍‘ വായനക്കായി മാറ്റുന്നു :)
ലേബല്‍ റെക്കമെന്റഡ്: ‘കഥ‘
മാന്ത്രികന്മാരേ..
നന്നായിട്ടുണ്ട്
അത്ര തന്നെ..
കഥ നന്നായിട്ടുണ്ട് മാന്ത്രികാ.. :)
നന്നായിരിക്കുന്നു സിമി. വിശാല്‍ ഭരദ്വാജിന്റെ ബ്ലൂ അമ്പ്രല്ല എന്ന സിനിമ കണ്ടിട്ടുണ്ടോ?
പേരക്ക: ഇല്ല. theme similar ആണോ?
പേരക്ക: ബ്ലൂ അമ്പ്രല്ലയുടെ കഥ നെറ്റില്‍ വായിച്ചു. റസ്കിന്‍ ബോണ്ടിന്റെ പുസ്തകം വാങ്ങി വായിക്കാം. നല്ല തീം :-)
മന്സുവിനെ കുറിച്ചെഴുതിയ കഥ നന്നായി സിമി, നല്ല ഒഴുക്കുള്ള വിവരണം
ഒരാഴ്ച ലീവായിരുന്നു
പിന്നെ
ആദ്യം കാണുന്നത് മായാജാലമാണു
അല്ല, "മായാ ജാലകം"
സ്നേഹത്തിന്റെ
സഹകരണത്തിന്റെ...
എവിടെയണോ മനസ്സുകള്‍ കൂട്ടിമുട്ടുന്നത്
അവിടെയാണു സനേഹം മുളപൊട്ടുന്നത്
ഭാവുകങ്ങള്‍
കഥാപാത്രമായതിന് മന്‍സൂറിനും കഥാപാത്രമാക്കിയതിന് സിമിയ്ക്കും അഭിനന്ദനങ്ങള്‍!
കഥയ്ക്ക് നല്ല ഒഴുക്കുണ്ട്.
Post a Comment