ഒരു മനശ്ശാസ്ത്രജ്ഞന്റെ ജോലി നല്ല രസമുള്ള ജോലിയാണ്. അതുകൊണ്ടായിരുന്നു വീട്ടുകാരും കൂട്ടുകാരും എതിര്‍ത്തിട്ടും രഘു പണ്ട് എഞ്ജിനിയറിങ്ങ് പ്രവേശന പരീക്ഷ എഴുതാതെ കൊല്ലം ഫാത്തിമാ കോളെജില്‍ ബി.എ. മനശ്ശാസ്ത്രം പഠിക്കാന്‍ ചേര്‍ന്നത്. കോളെജിലെ ഏറ്റവും സുന്ദരിമാരും കശുവണ്ടി മുതലാളിമാരുടെ മക്കളും വെറുതേ സമയം കൊല്ലാന്‍ തിരഞ്ഞെടുക്കുന്ന മനശാസ്ത്ര ക്ലാസില്‍ ആണായിട്ട് അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിദേശത്തുപോയി ഉപരിപഠനവും നടത്തി ജോലിവാഗ്ദാനങ്ങള്‍ എല്ലാം നിരസിച്ച് തിരുവനന്തപുരം പട്ടത്ത് ഒരു ക്ലിനിക്കുമിട്ട് അവന്‍ ഇരുന്നതും മനുഷ്യമനസ്സുകളിലുള്ള താല്‍പ്പര്യം കൊണ്ടുതന്നെയാണ്. മനസ്സിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്നത് ഒരു കലയാണ്. രോഗത്തിന്റെ അടിവേരുകള്‍ ചികഞ്ഞെടുക്കാന്‍ ഒരു കുറ്റാന്വേഷകനെക്കാള്‍ പാടവം വേണം മനശ്ശാസ്ത്രജ്ഞന്. മനസ്സുകള്‍ സങ്കീര്‍ണ്ണ സുന്ദരമായ ആധുനിക പെയിന്റിങ്ങുകളെപ്പോലെയാണ്. ഒരു കുത്തിവരകൊണ്ട് ചില സുന്ദരചിത്രങ്ങളുടെ രൂപം ആകെ മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വിരളമെങ്കിലും രവിവര്‍മ്മ ചിത്രങ്ങളെപ്പോലെ ലളിതവും നിഷ്കളങ്കവുമായ മനസ്സുകളും ഉണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ചിന്താശൈലിയിലുള്ള വ്യത്യാസം വളരെ രസമുള്ള വിഷയമാണ്. കേരളീയ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അവന്‍ തിരുവനന്തപുരത്തുതന്നെ വന്നുചേര്‍ന്നത്. സര്‍ക്കാരുദ്യോഗസ്ഥരെക്കൊണ്ടു നിറഞ്ഞ ഈ ജില്ലയില്‍ ആണുങ്ങളുടെ യാഥാസ്ഥിതിക പുരുഷമേധാവിത്വ മനോഭാവവും അതില്‍ കോട്ടം തട്ടുമ്പോള്‍ വരുന്ന വ്യതിചലനങ്ങളും മറ്റുജില്ലകളെക്കാള്‍ കൂടുതലാണ്. അവന് അതിലും താല്‍പ്പര്യമുള്ള വിഷയമായിരുന്നു ഒരു വ്യക്തിയില്‍ കുറ്റബോധം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ - പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍. ലൈംഗീകത, വ്യക്തിസ്വാതന്ത്ര്യം, തുടങ്ങിയതെല്ലാം ഒരു വലിയ കുറ്റമായി കണ്ട് താഴിട്ടുപൂട്ടിയിട്ടിരിക്കുന്ന മലയാളിസമൂഹത്തില്‍ ഈ പ്രാഥമിക കാര്യങ്ങളിലെ ഓരോ വ്യതിയാനങ്ങളും വ്യക്തികളില്‍ ഉണ്ടാക്കുന്ന കുറ്റബോധവും കുറ്റബോധം കൊണ്ടുണ്ടാവുന്ന സ്വഭാവ മാറ്റങ്ങളും ഏതൊരു മനശ്ശാസ്ത്രജ്ഞനും ഡോക്ടറേറ്റ് വിഷയങ്ങള്‍ക്കുള്ള സ്വര്‍ണ്ണഖനിയാണല്ലോ.
നീലിമയുടെ നാലാമത്തെ കൌണ്‍സലിങ്ങ് സെഷനായിരുന്നു അന്ന്. ആദ്യത്തെ തവണ പാലപ്പൂവിന്റെ മണമുള്ള ഒരു സ്പ്രേ അടിച്ച് ഇളംനീല ജീന്‍സും വെള്ള ടോപ്പുമിട്ട് നീലക്കണ്ണുകളുമായി സ്വര്‍ണ്ണനിറമുള്ള അവള്‍ എതിരേ വന്നിരുന്നപ്പോള്‍ പുറത്തുകാണിച്ചില്ലെങ്കിലും രഘു ഒന്നുപതറിപ്പോയി. അവന്റെ ചേച്ചിയുടെ കുഞ്ഞ് ജനിച്ചപ്പോള്‍ കുഞ്ഞിന്റെ കണ്ണുകള്‍ക്കുണ്ടായിരുന്ന അതേ കടല്‍നീലനിറം. സാധാരണയായി പ്രായം കൂടുമ്പോള്‍ ഈ നിറം മായുകയാണ് പതിവ്. ഫാത്തിമയില്‍ തന്നെ ബി.എ. മനശാസ്ത്ര കോഴ്സ് പഠനം പകുതിവെച്ച് ഉപേക്ഷിച്ച് വെറുതേ ഷോപ്പിങ്ങ്മാളുകളിലും സിനിമാത്തിയേറ്ററുകളിലും ഒന്നും മിണ്ടാതെ തെണ്ടിനടന്ന അവളെ ചില കൂട്ടുകാരികള്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുവരികയായിരുന്നു. കണ്ടപ്പോള്‍ ആദ്യം ഒരു കുഴപ്പവും തോന്നിയില്ല. “പഠിക്കണ്ടെങ്കില്‍ പഠിക്കേണ്ടന്നല്ലേ ഉള്ളൂ, ഇതൊന്നും ഒരു മാനസിക പ്രശ്നമല്ല“ എന്നുപറഞ്ഞ് തിരിച്ചുവിടാനാണ് അവനു തോന്നിയത്. എങ്കിലും അവന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നിനുപോലും അവള്‍ മറുപടി പറഞ്ഞില്ല. അവന്റെ മുഖത്തുതന്നെ തുറിച്ചുനോക്കിക്കൊണ്ട് വെറുതേ ഇരുന്നതേ ഉള്ളൂ. ഒരുമാതിരി അസ്വസ്ഥമാക്കുന്ന നോട്ടം. ചിലര്‍ അങ്ങനെയാണ്. ചോദ്യങ്ങള്‍ ഇഷ്ടമില്ലെങ്കില്‍ ചോദ്യം ചോദിക്കുന്ന ആളിനെ അസ്വസ്ഥനാക്കാന്‍ നോക്കും. അതുമല്ല, മനശാസ്ത്രം പഠിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ച് അവരെ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. ഒരുമാതിരി ചോദ്യങ്ങളെല്ലാം അവര്‍ക്ക് ക്ലാസുകളില്‍ കേട്ട് മുന്‍കൂട്ടി അറിയാമായിരിക്കും. അല്പം കഷ്ടപ്പെട്ടാണെങ്കിലും ആദ്യത്തെ കൌണ്‍സിലിങ്ങ് സെഷനില്‍ രഘു അവള്‍ക്ക് അവനില്‍ ഒരു വിശ്വാസവും സൌഹൃദത്തിന്റെ നാമ്പുകളും ഉണ്ടാക്കിക്കൊടുത്തു. അല്ലെങ്കില്‍ അടുത്ത കൌണ്‍സിലിങ്ങ് സെഷനില്‍ നിന്ന് രോഗികള്‍ എങ്ങനെയും ഒഴിവാകാന്‍ നോക്കും. എന്തായാലും രണ്ട് സെഷനുകള്‍ കഴിഞ്ഞപ്പോള്‍ പുറമേ നീലത്തടാകം പോലെ കിടന്ന അവളുടെ മനസ്സിന്റെ കയങ്ങളിലെ ഭയങ്ങളും കുറ്റബോധവും കണ്ട് പതറിയത് അവന്‍ തന്നെയായിരുന്നു.
റാന്നിക്കടുത്ത് ഒരു മലഞ്ചരുവില്‍ കളിച്ചുവളര്‍ന്ന അവളുടെ ബാല്യത്തിലെ മിക്ക കൂട്ടുകാരും ആണ്‍കുട്ടികളായിരുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ഉറ്റസുഹൃത്തുക്കള്‍ രണ്ടുപേരായി ചുരുങ്ങി. ഇതില്‍ ജോയ് വിപിനെ അപേക്ഷിച്ച് കാണാന്‍ സുന്ദരനായിരുന്നു. അഞ്ചുനിലക്കെട്ടിടത്തിന്റെ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന മൂവാണ്ടന്‍ മാവില്‍ നിന്ന് പച്ചമാങ്ങ പറിച്ചുതരണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ജോയ് സന്തോഷത്തോടെ വലിഞ്ഞുകയറി. ഒരുപാട് മാങ്ങാപറിച്ച് നിലത്തിട്ട് ജോയ് വീണ്ടും വീണ്ടും മുകളിലേക്കു പിടിച്ചുകയറുമ്പോള്‍ “ജോയ്, മാങ്ങാ മതി, മതി, ഇറങ്ങൂ, ഇറങ്ങൂ“ എന്നുപറഞ്ഞ് അവള്‍ വിതുമ്പിക്കരയുകയായിരുന്നു. ചിരിച്ചുകൊണ്ട് വീണ്ടും മുകളിലേക്കു കേറാനാഞ്ഞ ജോയ് ചവിട്ടിയ ചില്ല ഒടിഞ്ഞ് അവളും വിപിനും നിന്നതിന്റെ ഒത്ത നടുക്കുവന്നുവീണു. ഒരുപാടുനാള്‍ മിണ്ടാട്ടമില്ലാതെ ആയിപ്പോയ അവളെ അതില്‍ നിന്നും കയറ്റിക്കൊണ്ടുവരാന്‍ വിപിന്‍ പെട്ട പാട് ചില്ലറയല്ലായിരുന്നു. അതില്‍പ്പിന്നെ വിപിന്‍ അവളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയായി.
വിപിന്റെ കഥകള്‍ പറഞ്ഞദിവസം അവള്‍ ഒരു നീല സാരിയും ഉടുത്തായിരുന്നു ക്ലിനിക്കില്‍ വന്നത്. കഴുത്തില്‍ പഴയശൈലിയിലുള്ള ഒരു കടുക്കാമാലയും ചെവിയില്‍ ഞാന്നുകിടക്കുന്ന കമ്മലുകളും ഇട്ടിരുന്നു. കഥകള്‍ തുറന്നുപറയുമ്പോള്‍ ഒരാളോടെങ്കിലും മനസുതുറക്കാന്‍ പറ്റുന്നതില്‍ അവള്‍ക്കുണ്ടാവുന്ന ആശ്വാസം രഘു കൊടുക്കുന്ന ഉപദേശങ്ങളെക്കാളും വലുതായിരുന്നു. മരങ്ങള്‍ക്കുപിന്നിലും വള്ളിക്കെട്ടുകളിലും ഒളിഞ്ഞിരുന്ന സാധാരണ പ്രണയകഥകളായിരുന്നു കൂടുതലും പറഞ്ഞത്. പ്രീഡിഗ്രീക്കു പഠിക്കുന്ന കാലത്ത് പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ഹോസ്റ്റലില്‍ അവധിക്കാലത്ത് അവള്‍ ഒറ്റയ്ക്കായസമയത്ത് വിപിന്‍ കാണാന്‍ വരണ്ടാ എന്ന് അവള്‍ പലതവണ പറഞ്ഞതാണ്. വാശിപിടിച്ച് ഒരു മഴയുള്ള രാത്രിയില്‍ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുമ്പോള്‍ മുകളില്‍ ഞാന്നുനിന്ന കറന്റുകമ്പിയില്‍ വിപിന്റെ കാലുകുരുങ്ങുകയായിരുന്നു. കാല്‍പ്പാദങ്ങള്‍ കരിഞ്ഞ് തലകീഴായി വിപിന്‍ കറന്റുകമ്പിയില്‍ നിന്നും തൂങ്ങിക്കിടന്നതു പറയുമ്പോള്‍ അവള്‍ ഞെട്ടുന്നുണ്ടായിരുന്നു.
“പല കേസുകളും ഇങ്ങനെയാണ്. പ്രകൃതിയുടെ നിയമങ്ങള്‍ കാരണം സംഭവിക്കുന്ന സാധാരണ മരണങ്ങള്‍ സ്വന്തം കുറ്റങ്ങളായി വ്യക്തികള്‍ ഏറ്റെടുക്കുന്നു. എല്ലാത്തിനും കാരണക്കാരന്‍ താന്‍ ആണെന്നാണ് വിചാരം. എന്നാല്‍ പ്രകൃതിയില്‍ അല്ലാതെ നടക്കുന്ന ലക്ഷോപലക്ഷം മരണങ്ങളെ അവര്‍ കാണുന്നുമില്ല. ജോയ് മരിച്ചതോ വിപിന്‍ മരിച്ചതോ നീലിമയുടെ കുറ്റം കൊണ്ടല്ല. അങ്ങനെയാണെങ്കില്‍ മാവും കറന്റുകമ്പിയും മഴയും ഒക്കെ കുറ്റക്കാരാണെന്ന് വിചാരിക്കാത്തതെന്താണ്? സാഹചര്യങ്ങള്‍ കാരണം അങ്ങനെയൊക്കെ സംഭവിക്കുന്നു. ഇത് നീലിമയുടെ ജീവിതത്തില്‍ മാത്രമല്ല. പല ജീവിതങ്ങളെയും ഇത്തരം സംഭവങ്ങള്‍ കെടുത്തിക്കളയാറുണ്ട്. പന്ത്രണ്ടാം വയസ്സില്‍ ജോയിയെ ഇഷ്ടപ്പെട്ടതൊന്നും പ്രണയമല്ല. വെറുതേ ഓരോ കമ്പങ്ങള്‍ മാത്രം. ഇതുകൊണ്ട് ഇനിയാരെയും സ്നേഹിക്കാന്‍ പറ്റില്ല എന്നുവിചാരിക്കരുത്. നീലിമ ഇപ്പോഴും ചെറുപ്പമാണ്. പ്രകൃതിയുടെ നിയമങ്ങള്‍ പലപ്പോഴും ക്രൂരമാണ്. നമ്മുടെ മനസ്സിലുള്ള ഒരു സാന്മാര്‍ഗ്ഗിക നിയമങ്ങളും പ്രകൃതിയ്ക്കില്ല. ഒരു മനശാസ്ത്ര വിദ്യാര്‍ത്ഥിനിയായ നീലിമ ഇതൊക്കെ സ്വന്തം മനസ്സിനെ തളര്‍ത്താന്‍ അനുവദിക്കരുത്. ഇനിയും തുടര്‍ന്നുപഠിക്കൂ. ഭാവിയില്‍ എന്താണുവരുന്നതെന്ന് നമുക്കറിയില്ല. എങ്കിലും പതറരുത്. ഭാവിയെ ധൈര്യസമേതം നേരിടൂ“.
ഫാത്തിമയില്‍ അവളെ സ്നേഹിച്ചിരുന്നയാള്‍ - അജു - കോളെജ് ബാസ്കറ്റ്ബാള്‍ ടീം കാപ്റ്റനായിരുന്നു. ഉയര്‍ന്നുചാടി രണ്ടുകൈകള്‍ കൊണ്ടും ബാസ്കറ്റ്ബാള്‍ വളയത്തില്‍ പിടിക്കുവാന്‍ അവനെക്കൊണ്ടേ കഴിഞ്ഞിരുന്നുള്ളൂ. അവനിപ്പോള്‍ എവിടെ എന്നു രഘുചോദിച്ചപ്പോള്‍ നീലിമയ്ക്ക് മൌനം. അവനെപ്പറ്റി ഒന്നും തന്നെ അവള്‍ കൂടുതല്‍ പറഞ്ഞില്ല. കണ്ണുകളില്‍ വല്ലാത്ത പേടിമാത്രം. ശബ്ദത്തില്‍ വിറയല്‍. വീടുകളില്‍ നിന്ന് ആവശ്യത്തിനു സ്നേഹവും സംരക്ഷണയും കിട്ടാത്ത കുട്ടികളാണ് ഇങ്ങനെ ഒന്നിനുപുറകേ മറ്റൊന്നായി പ്രണയങ്ങളില്‍ ചെന്നു ചാടുന്നത്. ഒരു കൈത്താങ്ങില്ലാതെ ചിലര്‍ക്കു നില്‍ക്കാന്‍ പറ്റില്ല. അതു വീട്ടില്‍ നിന്നു കിട്ടാത്തപ്പോള്‍ അവര്‍ സമപ്രായക്കാരില്‍ നിന്നും തേടുന്നു. “ഡോക്ടര്‍, രാത്രി എട്ടുമണിക്ക് എന്നെ കാണാന്‍ വരാമോ?“. ഇല്ല. ഞാന്‍ ഔദ്യോഗിക ബന്ധങ്ങളെയൊന്നും ക്ലിനിക്കിനു പുറത്തേയ്ക്കു കൊണ്ടുപോവാറില്ല. ഒരു ഡോക്ടര്‍ക്ക് അതു പറഞ്ഞിട്ടുള്ളതല്ല. ജ്യോതിനിവാസ് ഹോസ്റ്റലില്‍ ആണ് താമസം എന്ന് അവള്‍ പതുക്കെപ്പറഞ്ഞു. ഒരു ഡോക്ടര്‍ രോഗികളെ രോഗികളായി മാത്രമേ കാണാവൂ. വ്യക്തിബന്ധങ്ങള്‍ ഇടയ്ക്കു കൊണ്ടുവന്നാല്‍ ചികിത്സ തെറ്റും. ശരീരത്തിന്റെ രോഗങ്ങള്‍ക്കും മനസിന്റെ രോഗങ്ങള്‍ക്കും ഒരേപോലെ ഈ നിയമം ബാധകമാണെന്ന് രഘു ചിന്തിച്ചു. അനിലയുടെ മാതാപിതാക്കളെ അന്ന് ഡിന്നറിനുവെച്ച് കാണാം എന്ന് രഘു പറഞ്ഞുറപ്പിച്ചതുമായിരുന്നു. അവരുമായി അത് ആദ്യത്തെ കൂടിക്കാഴ്ച്ചയായിരുന്നു. അവര്‍ക്ക് ഭാവി മരുമകനെ ഇഷ്ടമാകാനുള്ള സാധ്യത കുറവായിരുന്നു. ഒരു ഫിസീഷ്യനെക്കൊണ്ട് മകളെ കെട്ടിക്കണം എന്നാണല്ലോ അവരുടെ ആഗ്രഹം. അനിലയുടെ പിടിവാശിയില്‍ അവര്‍ നിന്നുകൊടുക്കുന്നു എന്നേയുള്ളൂ. അവരെ കാണാന്‍ പോവുമ്പോള്‍ തനിക്കിഷ്ടമുള്ള ഇളം നീല മുറിക്കൈ ഷര്‍ട്ടും കടുംനിറത്തിലുള്ള പാന്റ്സും ഇടാമെന്ന്‍ വെറുതേ ചിന്തിച്ചുകൊണ്ട് രഘു വീട്ടിലേയ്ക്ക് വണ്ടിയോടിച്ചു.
നീല ടാറ്റാ ഇന്‍ഡിക്ക കാറോടിച്ച് എട്ടുമണിക്ക് ജ്യോതിനിവാസ് ഹോസ്റ്റലിനു മുന്‍പില്‍ രഘു എത്തിയപ്പോള്‍ നീലിമ ഉടുത്തൊരുങ്ങി ഹോസ്റ്റലിന്റെ ഗേറ്റും പിടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. പാലയ്ക്കാമാലയും കടും നിറത്തിലുള്ള സാരിയും വിടര്‍ത്തിയിട്ട മുടിയുമായി അവള്‍ എന്തെന്നില്ലാത്ത സന്തോഷത്തോടെ കാറില്‍ക്കയറി. അവള്‍ ക്ലിനിക്കില്‍ വരുന്നതിനെക്കാളും പതിന്മടങ്ങ് സുന്ദരിയായിരിന്നു. മുന്തിയ ബാറിലിരുന്ന് ഒരു ബ്ലഡിമേരി നുണഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു. “ഞാന്‍ ഗേറ്റില്‍ കാത്തുനില്‍ക്കുമെന്ന് എങ്ങനെ അറിയാമായിരുന്നു?”. എനിക്കു മന്ത്രവാദം അറിയാം എന്ന് രഘു മറുപടികാച്ചി. കേള്‍ക്കട്ടെ, ഒരു മന്ത്രം കേള്‍ക്കട്ടെ, ചിരിക്കുമ്പോള്‍ അവളുടെ കിന്നരിപ്പല്ലുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. “ഓം ഹ്രീം കുട്ടിച്ചാത്താ”. പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ അവന്റെ തോളിലേയ്ക്കു വീണു. മദ്യത്തിന്റെയും ഉപ്പിന്റെയും തക്കാളിയുടെയും നനവ് ഇക്കിളിപ്പെടുത്തിക്കൊണ്ട് അവന്റെ ഇടത്തേ ചെവിയില്‍ അരിച്ചു.
അനിലയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവനറിയില്ലായിരുന്നു. അവളുടെ മാതാപിതാക്കള്‍ ഇതുകേട്ട് പരിഹസിച്ചു ചിരിച്ചു. വീണ്ടും രഘുവിനെയും അനിലയെയും കൂട്ടിയോജിപ്പിക്കുവാന്‍ നോക്കിയ ഇരുവരുടെയും ഉറ്റസുഹൃത്തുക്കളുടെ മുഖം കറുത്തു. അവരൊക്കെ പിണങ്ങി ഇറങ്ങിപ്പോയി. അവരോട് ഇത് വിശദീകരിക്കുന്നതുതന്നെ രഘുവിന് വളരെ വേദനയായിരുന്നു. അല്ലെങ്കില്‍ തന്നെ എന്തുവിശദീകരിക്കാന്‍?
കൊടുംകാറ്റുപോലെയായിരുന്നു നീലിമ രഘുവിന്റെമേല്‍ പടര്‍ന്നുകയറിയത്. ഒരു ആവേശമായി തുടങ്ങിയ ആ ബന്ധം പിന്നെ ഒരു അവശതയായി. അവളുടെ ചിലമ്പിച്ച സ്വരം കേള്‍ക്കാതെ അവനുറക്കം വരില്ലെന്നായി. ഗോപുരം പോലെ വളഞ്ഞുകയറുന്ന തമ്പാനൂരിലെ ഇന്ത്യന്‍ കോഫി ഹൌസ് കെട്ടിടത്തിലിരുന്ന് രഘു കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ പക്ഷേ മിണ്ടാതെയായി. അനിലയും നീലിമയും തമ്മില്‍ മനസ്സിലെങ്കിലും താരതമ്യം ചെയ്യാതിരിക്കാന്‍ അവനു പറ്റിയില്ല. അനിലയായിരുന്നെങ്കില്‍ ഏതു കൊടുംകാറ്റിലും ഒപ്പത്തിനൊപ്പം പിടിച്ചുനിന്നേനെ. പക്ഷേ ഇവളോ? അനിലയുടെ സ്നേഹം പതുക്കെനീങ്ങുന്ന ഒരു നദിപോലെയായിരുന്നു. ഇതാവട്ടെ തന്റെ പ്രശാന്തജീവിതം കശക്കിയെറിയുന്ന പ്രഛണ്ഡവാതവും. നീലിമയ്ക്ക് ഈ ബന്ധം നിറുത്തണമെന്ന്. അവളുടെ സ്വന്തക്കാര്‍ ഒരിക്കലും ഒരു മിശ്രവിവാഹത്തിനു സമ്മതിക്കില്ലെന്ന്. അവള്‍ക്ക് ഇതില്‍ നിന്നും പുറത്തുപോവണമെന്ന്. പാവം അനില. ഇന്ന് രഘുവിനുതോന്നുന്ന വികാരങ്ങളായിരിക്കും അവന്‍ ഉപേക്ഷിച്ചപ്പോള്‍ അവള്‍ക്കും തോന്നിയത്. നീലിമയുടെ എന്തെങ്കിലും വിവരങ്ങള്‍ അവനുകിട്ടിയിട്ട് അപ്പോള്‍ ഒരാഴ്ച്ച കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേയ്ക്കുള്ള വഴി വളരെ മനോഹരമായിരുന്നു. വഴിവക്കിലെല്ലാം റബ്ബര്‍ മരങ്ങള്‍. റോഡില്‍ റബ്ബര്‍ ഇലകള്‍ വീണ് കറുത്തുകിടന്നു. മലകള്‍ക്ക് ഇടയില്‍ക്കൂടി വളഞ്ഞുപുളഞ്ഞുപോവുന്ന പാത. ഒരു മുക്കില്‍ റോഡ് ശബരിമലയിലേയ്ക്കും റാന്നിയിലേയ്ക്കുമായി രണ്ടായി പിരിയുന്നു. നല്ല തണുത്ത പ്രഭാതം. ചൂടുചായകുടിക്കാന്‍ നിറുത്തുന്ന ചായക്കടയ്ക്കുപോലും ഒരു പ്രത്യേക ഭംഗി. മധുരമുള്ള ചൂടുചായ. ഹെയര്‍പിന്‍ വളവുകളിലൂടെ വണ്ടിതിരിക്കാന്‍ ഒരു പ്രത്യേക രസമാണ്. അവളുടെ വീടുകണ്ടുപിടിക്കാന്‍ രഘു അധികം ബുദ്ധിമുട്ടിയില്ല. വീട്ടിന്റെ പറമ്പില്‍ റബ്ബര്‍ മരങ്ങള്‍ ഒന്നുമില്ലായിരുന്നു. ഒരുപാട് തെങ്ങുകള്‍ക്ക് ഇടയ്ക്ക് വളര്‍ന്നുനില്‍ക്കുന്ന ഏഴു പാലമരങ്ങള്‍ മാത്രം. ഏഴിലം പാലയുടെ ഒരു ഇലയില്‍ ഏഴ് ഇതളുകള്‍ കാണും. ഓരോ ഇതളിലും ഏഴ് ഞരമ്പുകള്‍ കാണും. അങ്ങനെയുള്ള ഏഴ് ഏഴിലംപാലമരങ്ങള്‍. ഏഴുഞരമ്പുകള്‍, ഏഴിതളുകള്‍, ഏഴു പാലകള്‍. സമഗണിതത്തിന്റെ വശ്യസൌന്ദര്യം. പാലപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം. ചരല്‍ മുറ്റത്ത് കാറുനിറുത്തിയിട്ട് രഘു വീട്ടിലേയ്ക്കുനടന്നു.
കോളിങ്ങ് ബെല്‍ പലതവണ അമര്‍ത്തി അടിച്ചിട്ടും ഒരു ശബ്ദവും കേള്‍ക്കാത്തപ്പോഴാണ് കറന്റില്ല എന്ന് അവനു മനസിലായത്. മുന്‍വാതില്‍ അകത്തുനിന്നും കൊളുത്തിട്ടിട്ടില്ലായിരുന്നു. പതിയെ തള്ളിയപ്പോള്‍തന്നെ കതക് അകത്തേയ്ക്കു തുറന്നുവന്നു. അധികം വൃത്തിയില്ലാത്ത ഒരു വലിയ മുറി. പഴയ പുസ്തകങ്ങള്‍ അടുക്കിയ പുസ്തക ഷെല്ഫും ഒരു പഴയ ടി.വിയും.ആളനക്കമില്ലാത്ത അടുക്കള. മുകളിലത്തെ നിലയിലേയ്ക്കുള്ള സിമന്റ് കോണിപ്പടികള്‍. മുകളില്‍ ഒരു വലിയ മുറിയുടെ അറ്റത്ത് കിടപ്പുമുറിയുടെ കതക്. കിടപ്പുമുറിയുടെ വാതിലില്‍ പിടിച്ചുതിരിക്കാന്‍ കൊളുത്തില്ല. പോയി തള്ളിനോക്കി. അകത്തുനിന്നും പൂട്ടിയിരിക്കുന്നു. രഘു വെറുതേ ഒരു കൌതുകത്തില്‍ താക്കോല്‍പ്പഴുതിലൂടെ അകത്തോട്ടുനോക്കി.
കട്ടിലില്‍ പൂര്‍ണ്ണനഗ്നയായ ഒരു പെണ്ണിന്റെ പിറകുവശം. അല്പം തടിച്ച അരക്കെട്ടിനും ചന്തിയ്ക്കും ഇടയ്ക്ക് ഒരു കറപിടിച്ച സ്വര്‍ണ്ണ അരഞ്ഞാണം ഇറുകിക്കിടക്കുന്നു. കട്ടിലിന്റെ മറ്റേ അറ്റത്ത് മതിലും ചാരിയിരിക്കുന്ന നാല്‍പ്പതുവയസ്സോളം പ്രായം തോന്നിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍. അവിടവിടെ നരച്ച കുറ്റിത്താടിയുള്ള മുഖത്ത് കുഴിഞ്ഞ കണ്ണുകള്‍ കാണാം. വിടര്‍ന്നമുടിയുള്ള പെണ്ണ്‍ അയാളുടെ കവിളിലും നെറ്റിയിലും മൂക്കിലും പതുക്കെ ഉമ്മവെച്ചു. പിന്നീട് അയാളുടെ ചുണ്ടുകളില്‍ മണിക്കൂറുകളോളം ഉമ്മവെച്ചു. ചുംബനത്തിനിടയില്‍ തിരിഞ്ഞപ്പോള്‍ നീലിമയുടെ സ്വര്‍ണ്ണക്കവിളുകള്‍ കാണാനായി. "ഇല്ലപൊന്നേ, എനിക്കാരെയും ഇഷ്ടമല്ല. എനിക്കൊരാളെയും പ്രേമിക്കാന്‍ പറ്റില്ല. കൊച്ചച്ചനെ എനിക്ക് ഒട്ടും ഇഷ്ടമല്ല". കൊച്ചച്ചന്റെ കഴുത്തില്‍ക്കൂടി കൈകളിട്ട് അവള്‍ വിടര്‍ന്നുചിരിച്ചു.
മൂന്നുകാമുകന്മാര്‍ മരിച്ചത് എന്തിനെന്ന് രഘുവിന് മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ അതിന് മുറ്റത്ത് മൂന്നേമൂന്നു പാലമരങ്ങള്‍ മതിയായിരുന്നല്ലോ? എന്തിന് ഏഴ് പാലമരങ്ങള്‍?
ടാറ്റാ ഇന്‍ഡിക്ക ഒരു നല്ല കാറാണ്. നല്ല കുതിരശക്തിയും ഒതുക്കവും ഉള്ള കാര്‍. മഴയത്ത് നിങ്ങള്‍ ആ കാറിനെ പതുക്കെയേ ഒടിക്കാവൂ. ഒരു കാറില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ബ്രേക്ക് ആണ്. വളയം പിടിക്കാന്‍ അറിയില്ലെങ്കിലും ബ്രേക്കുചവിട്ടാന്‍ അറിഞ്ഞാല്‍ ഏതു കാറും ഓടിക്കാം. റാന്നിയില്‍ നിന്ന് പുറത്തോട്ടുള്ള ഒരു വണ്ടിമാത്രം പോകാവുന്ന പാതകളില്‍ എതിരേ ഒരു വലിയ വാഹനം വരുമ്പോള്‍ നിങ്ങള്‍ വലിയ വാഹനം കടന്നുപോവാനായി നിറുത്തിക്കൊടുക്കണം. പ്രത്യേകിച്ചും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റുകള്‍ക്ക്. വേഗത്തിലോടിച്ച് നിങ്ങള്‍ ആ ബസ്സിനെ തോല്‍പ്പിക്കാന്‍ നോക്കരുത്, വളവുകളില്‍വെച്ച് ഒരിക്കലും അതുശ്രമിക്കരുത്. ഇപ്പോള്‍ത്തന്നെ ഇത് ബസ് ഡ്രൈവറുടെ തെറ്റേ അല്ലായിരുന്നു. രഘു അത്രയും വേഗതയില്‍ ഓടിക്കരുതായിരുന്നു. പ്രത്യേകിച്ചും മനസ്സ് കലങ്ങിയിരിക്കുമ്പോള്‍. അതുമല്ല, ടാറ്റാ ഇന്‍ഡിക്ക ഒരു ചെറിയ കാറാണ്. നൂറടി താഴ്ച്ചയിലേയ്ക്കുള്ള വീഴ്ച്ച അതിനു താങ്ങാന്‍ പറ്റില്ല. സ്റ്റിയറിങ്ങ് ഒടിഞ്ഞ് തൊണ്ടയില്‍ ഇടിച്ചുകയറി ശ്വാസം മുട്ടിയായിരുന്നു രഘു മരിച്ചത്. പെട്ടെന്നുള്ള ഒരു മരണമായിരുന്നു അത്. ഒരുതരത്തില്‍ നന്നായി. കൊക്കയില്‍ നിന്നും ഏറ്റവും അടുത്തുള്ള ആശുപത്രി എട്ടു കിലോമീറ്റര്‍ അകലെയായിരുന്നു. ആ കുഴിയില്‍ നിന്നും കാര്‍ പൊക്കിയെടുക്കാന്‍തന്നെ ആറുമണിക്കൂര്‍ എങ്കിലും എടുത്തേനെ. അത്രയും നേരം കിടന്ന് കഷ്ടപ്പെടാതെ രഘു മരിച്ചത് നന്നായി. എങ്കിലും മരണം ഒരിക്കലും നന്നല്ല. ഒരു മരണവും നന്നല്ല. എന്തായാലും ടാറ്റാ ഇന്‍ഡിക്ക ഒരു നല്ല കാര്‍ ആണ്. ആകെ ഉള്ള കാര്യം നിങ്ങള്‍ കാറിനെ അറിഞ്ഞ് ശ്രദ്ധയോടെ ഓടിക്കണം എന്നതാണ്. കാര്‍ ഒരു കുതിരയെപ്പോലെയാണ്. താലോലിച്ചോമനിച്ചുനോക്കൂ, അതുനിങ്ങളെ തിരിച്ചും താലോലിക്കും. എനിക്ക് ടാറ്റാ ഇന്‍ഡിക്ക ഒരുപാടിഷ്ടമാണ്.
അടുത്ത ഞായറാഴ്ച്ച നീലിമയുടെ കല്യാണമാണ്. കാര്യങ്ങള്‍ ധൃതിയില്‍ ഉറപ്പിക്കുകയായിരുന്നു. മനോജ് ജനിച്ചുവളര്‍ന്നത് അമേരിക്കയില്‍ ആണ്. പുറം നാടുകളില്‍ ജനിച്ചുവളര്‍ന്ന ആളുകള്‍ക്ക് എങ്ങനെ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പെണ്‍കുട്ടികളെ കെട്ടി ഒത്തൊരുമിച്ച് പോകാന്‍ കഴിയുന്നു എന്ന് എനിക്കൊട്ടും മനസിലാവുന്നില്ല. എന്തായാലും കല്യാണം അല്പമെങ്കിലും നീട്ടിവെയ്ക്കണമായിരുന്നു, പ്രത്യേകിച്ചും അവളുടെ കുടുംബത്തില്‍ ഒരു മരണം നടന്ന സ്ഥിതിയ്ക്ക്. എന്നാലും അവളുടെ കൊച്ചച്ചന് ക്ലിനിക്കല്‍ ഡിപ്രഷനും ആത്മഹത്യാ പ്രവണതയും ഉള്ളകാര്യം എല്ലാവര്‍ക്കും പണ്ടേ അറിയാവുന്നതാണല്ലോ. മനോജിനു അധികം അവധിയുമില്ലല്ലോ. രണ്ടാഴ്ച്ചയ്ക്കകം തിരിച്ചുപോണം. അതുമല്ല, രണ്ടുവീട്ടുകാര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ്? അവള്‍ക്കു മനോജിനെ ഇഷ്ടമുണ്ടായിട്ടല്ല. എന്തായാലും കല്യാണം അടുത്ത ഞായറാഴ്ച്ചയാണ്. റാന്നി സെന്റ് മേരീസ് ഫെറോനാ പള്ളിയില്‍ രാവിലെ പതിനൊന്നുമണിക്കാണ് കല്യാണം. നല്ല സുന്ദരമായ പള്ളിയാണ്. പള്ളിയുടെ പിന്നില്‍ നിന്നുനോക്കിയാല്‍ ഒരു തോടുകാണാം. ഊണിന് പോട്ടിയും* ഇറച്ചിവരട്ടിയതും ചൂടുള്ള പച്ചരിച്ചോറുമാണ്. പാവം നീലിമ, അവള്‍ ശരിക്കും ഒരു ജീവിതം അര്‍ഹിക്കുന്നു, മനോജിനാണെങ്കില്‍ മാവില്‍ കയറാനോ മതിലുചാടാനോ ഇന്ത്യയിലെ റോഡുകളില്‍ വണ്ടിയോടിക്കാനോ ഒന്നും അറിയുകയുമില്ല. അഥവാ ഇനി അവനും എങ്ങനെയെങ്കിലും ചത്താല്‍ത്തന്നെ രഘുവും കൊച്ചച്ചനും മനോജും കൂട്ടി ആറു പുരുഷന്മാരേ ആവുന്നുള്ളൂ. ഏഴെണ്ണം എന്തിനാണ്? ആരെങ്കിലും കല്യാണത്തിനു പോവുന്നുണ്ടോ? ഏഴാമത്തെ ആള്‍ ആരാണ്?*
----
*പോട്ടി: പോത്തിന്റെ കുടല്‍ വറുത്ത കറി. മദ്യവും പോട്ടി ഫ്രൈയും നല്ല കോമ്പിനേഷനാണ്.
10/20/2007
നീലിമ
എഴുതിയത് simy nazareth സമയം Saturday, October 20, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
1 comment:
എട്ടാമത്തെ പാല...., അത് എന്റെ പ്രണയം ആയിരുന്നു.
http://virahi.blogspot.com/2009/06/blog-post_16.html
Post a Comment