സിമിയുടെ ബ്ലോഗ്

10/20/2007

എന്റെ ജീവിതത്തിലെ ഒരു സാധാരണ ദിവസം

ഓ, ഇതൊരു സന്തോഷ കഥയല്ല. ദു:ഖ കഥയും അല്ല. ഒരു ഭ്രാന്തന്‍ കഥ എന്നു പറയാം. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും, എല്ലാരും എന്തിനാ ഇങ്ങനെ ഭ്രാന്തന്റെ കഥ എഴുതുന്നത് എന്ന്. അതേ, എല്ലാര്‍ക്കും ഭ്രാന്തായോണ്ടാ അങ്ങനെ. അതോണ്ടു ഞാന്‍ ഭ്രാന്തന്‍ ആണെന്നു പറഞ്ഞു വന്നാല്‍ ഞാന്‍ നിങ്ങളെ തല്ലും. (ബികോസ് അറ്റാക്ക് ഈസ് ദ് ബെസ്റ്റ് ഡിഫന്‍സ്, അല്ലെ?)

ഞാന്‍ ഭ്രാന്തന്റെ കഥ എഴുതുന്നത് ഞാന്‍ ഒരു ഭ്രാന്താശുപത്രിയില്‍ ആയതുകൊണ്ടാണ്.
ഞാന്‍ ഇന്നു രാവിലെ എണീറ്റപ്പൊ പതിവുപോലെ കതവിന്റെ അടീക്കൂടെ ആ പരന്ന ചതുരപ്പാത്രം തള്ളി വെച്ചിട്ടുണ്ടായിരുന്നു. ആരാ തള്ളിവെച്ചത് എന്നു ചോദിച്ചാ‍ അയാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പരന്ന പാത്രത്തില്‍ രണ്ടെകാല്‍ ഔണ്‍‌സ് വിഷം ആണ്. എനിക്കു ദിവസവും രണ്ടേകാല്‍ ഔണ്‍സ് വിഷം കുടിച്ചാലേ നേരെ കക്കൂസില്‍ പോകാന്‍ പോകാന്‍ പറ്റൂ.

(നിങ്ങള്‍ ചിരിക്കുകയാണെങ്കില്‍ കഥ ഇത്രേം വായിച്ചതു മതി, എണീറ്റു പോണം മിസ്റ്റര്‍. ലോകത്തില്‍ ഇനിയും ഒരുപാടു കാര്യങ്ങള്‍ വായിക്കാനുണ്ട്).

ഞാന്‍ പാത്രം കയ്യിലെടുത്തു. നിറയെ നീല നിറത്തിലുള്ള വിഷം. മഷിനോട്ടം (വിഷനോട്ടം) അറിയാവുന്നതുകൊണ്ട് ഞാന്‍ വിഷത്തിന്റെ അകക്കണ്ണില്‍ എന്റെ കണ്ണിട്ടുനോക്കി. ലോകം എന്റെ കണ്മുന്‍പില്‍ കിടന്നു പമ്പരം കറങ്ങി. ഹാ അവിടെ നൂറുപേര്‍ തീവണ്ടി മറിഞ്ഞു മരിച്ചു. അതിനപ്പുറത്തു നൂറ്റമ്പതു പേരെ ബോംബ് ഇട്ടുകൊന്നു. പിന്നെയും അപ്പുറത്തോ? അതാ മൂന്നു സുന്ദരിമാര്‍ ഉറക്കറ വേഷത്തില്‍! ഞാന്‍ കറങ്ങിക്കൊണ്ടിരുന്ന ലോകത്തെ ചവിട്ടി നിറുത്തി. വിഷത്തില്‍ വിരലിട്ടു കറക്കി ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു. ഹാ എന്തൊരാനന്ദം.

ഭ്രാന്താശുപത്രിയില്‍ വിഷമോ എന്നു വിചാരിച്ച് നിങ്ങള്‍ പ്രയാസപ്പെടേണ്ടാ. ഇതൊരു സുന്ദര ഭ്രാന്താശുപത്രിയാണ്. ഇവിടെ നിങ്ങള്‍ക്കു വേണ്ടുന്ന എന്തും കിട്ടും, ദൈവം പോലും. ഇവിടെ എനിക്കു പരമാനന്ദമാണ്.

ഇന്ന് എന്റെ കൂട്ടുകാരന്‍ എന്നെ കാണാന്‍ വരും. അവന്‍ സാധാരണ വരുമ്പോള്‍ ഞാന്‍ ഒരു ഇരുമ്പഴി വലിച്ച് ഞങ്ങള്‍ക്കിടയില്‍ വെക്കും. പയ്യെപ്പയ്യെ അവന്‍ ആ ഇരുമ്പഴിയിലൂടെ ഊര്‍ന്ന്, ഇപ്പുറത്തു വരാന്‍ നോക്കും. അപ്പൊ ഞാന്‍ അപ്പുറത്തുപോവും.

ഓ, ഞാന്‍ എന്റെ മരുന്നു കഴിക്കാന്‍ മറന്നു. ഛെ, മറവിയോ? അതെന്റെ നിഖണ്ടുവില്‍ എന്നല്ല, മതിലില്‍ പോലും ഇല്ല. ഞാന്‍ മരുന്നു ഷെല്ഫ് തുറന്നു. ആദ്യം ചെമന്ന മരുന്നു കഴിച്ചു കളയാം. ഒരു ഗുളിക കഴിച്ചപ്പൊഴോ? അതാ സുന്ദരിമാര്‍ കണ്മുന്‍പില്‍ നൃത്തം വെക്കുന്നു. നൃത്തം കണ്ട് എനിക്കു ദേഹം മൊത്തം ഇക്കിളി. ഇക്കിളി മാറ്റാന്‍ ഇത്തിരി നീല മരുന്നു കഴിച്ചാലോ? അതാ അടിയുടുപ്പിട്ട് കുറെ സുന്ദരിമാര്‍ എനിക്കുചുറ്റും കറങ്ങി നടക്കുന്നു. ഇതാണാനന്ദം. സുന്ദരിമാരുടെ ഫാഷന്‍ ഷോ.

ഛീ ഞാന്‍, ഈ ഞാനെന്ന മഹാന്‍, അടിയുടുപ്പിനുള്ളില്‍ എത്തിനോക്കുന്നോ? ഞാനെന്റെ കറുത്ത മരുന്നു കഴിച്ചു. ഠേ, അതാ അവനെ മറ്റവന്‍ വെടിവെച്ചു കൊന്നു. ഠേ ഠേ, അതാ രണ്ടെണ്ണം കൂടെ ചത്തു. ഠേ ഠേ ഠേ ഠേ... അതാ അവള് ആ വെടിവെച്ചവനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന കണ്ടോ? ഠേ.

അതേ, ഞാന്‍ ഇങ്ങനെ എന്നും മരുന്നും കുടിച്ച് ഇരിക്കാന്‍ പറ്റൂല്ലാ. മരുന്നു കുടിക്കണമെങ്കില്‍ ദൈവത്തെ കാണണം, പ്രാര്‍ത്ഥിക്കണം. ഒരു മാസം മുഴുവന്‍ പ്രാര്‍ത്ഥിച്ചാലോ? ഒരുപാട് ദൈവത്തെ കിട്ടും. ഞാന്‍ ദൈവത്തിന്റെ ഒരു വിരല്‍ ഒടിച്ചെടുത്ത് കുറെ മരുന്നു വാങ്ങും. ഒരു കണ്ണ് അറുത്തുകൊടുത്താല്‍ ദിവസവും എനിക്ക് വിഷവും കിട്ടും. പക്ഷേ ഇന്ന് എനിക്കു പ്രാര്‍ത്ഥിക്കാന്‍ വയ്യ. ഇന്നു ഞാന്‍ പ്രതിഷേധത്തിലാണ്. ഇന്നു ഞാന്‍ അമ്പലത്തിലും പള്ളിയിലും പോകുന്നില്ല. എന്തിനോടുള്ള പ്രതിഷേധമെന്നോ? അതു മനസ്സിലായില്ലേ? ഞാന്‍ നിങ്ങളോട് രണ്ടാമതും പറയുന്നു, എണീറ്റു പോടോ.

ഇന്ന് എന്റെ കൂട്ടുകാരന്‍ എന്നെ കാണാന്‍ വരും, അവനെ കണ്ടിട്ട് എത്ര നാളാ‍യി.
എന്റെ അപ്പുറത്തതിന്റെ അപ്പുറത്തെ വാര്‍ഡില്‍ ആരോ ചത്തു. അപ്പൊ അവിടെ പുതിയ താമസക്കാര്‍ ആരെങ്കിലും വരും. അത് ഒരു പെണ്ണായിരുന്നുകൂടേ?

ഇവിടെ വേറെയും ഒരുപാട് താമസക്കാര്‍ ഉണ്ട്. അവരും എന്നെപ്പോലെ വെഷം കുടിച്ചും മരുന്നുകഴിച്ചും നീലത്തലമുടിയും പച്ചക്കണ്ണുമായി, ഇതു ഞങ്ങളുടെ സ്റ്റൈലാ.

ഫോണ്‍ വീണ്ടും പറഞ്ഞു, അവന്‍ രണ്ടു മണിക്കു വരുമെന്ന്. ആ പെണ്ണ് ഒരു സുന്ദരി ആണെങ്കിലോ? മരുന്നുകുപ്പി എനിക്കു കാണിച്ചുതന്ന പോലത്തെ ഒരു മാദകത്തിടമ്പ്? ഞാന്‍ രണ്ടുമണിവരെ ആ സുന്ദരിയെപ്പറ്റി ആലോചിക്കട്ടെ. അവളുടെ വിടര്‍ന്ന കണ്ണുകള്‍, കൊഴുത്ത മേനി, ഇരുണ്ട നിറം..

അല്ലെങ്കില്‍ വേണ്ട, ഞാന്‍ ആലോചിക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? എന്റെ ആശുപത്രിയെപ്പറ്റി പറയാം. ഇവിടെ ആകെ രസമാണ്. കണ്‍കെട്ടു വിദ്യയാണ് കൂടുതല്‍. ഈ കണ്‍കെട്ടു വിദ്യ കാരണം അധികം ആര്‍ക്കും അവര്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞുകൂടാ. അവര്‍ക്ക് എവിടെയും പോകാം, എന്തും തിന്നാം, ഒരു നിയന്ത്രണവും ഇല്ല. പക്ഷേ എവിടെപ്പോയാലും അവിടെയും ആശുപത്രിയാണ്. എന്തു തിന്നാലും അതും ഒരു മരുന്നാണ്.

ഈ ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ ഒരു വഴിയേ ഉള്ളൂ. അതെ, എനിക്കതറിയാം. പക്ഷേ ഇറങ്ങിയാല്‍ പിന്നെ തിരിച്ചു കേറാന്‍ പറ്റില്ല. ഒരു വഴിയല്ലേ ഉള്ളൂ. അപ്പൊ പിന്നെ ഒരു വഴിയും തിരിച്ചുകേറാന്‍ പറ്റില്ല. എന്നെ ഇവിടെന്നു തള്ളിയിറക്കുന്നതു വരെ, ഇല്ലാ ഞാന്‍ ഇറങ്ങൂല്ലാ.

അവന്‍ ഇതുവരെ വന്നില്ല.

അവള്‍ സുന്ദരിയാണല്ലോ, അവളെ എങ്ങനെ പരിചയപ്പെടണമെന്ന് എന്റെ മരുന്നുകുപ്പി എന്നെ പണ്ടേ പഠിപ്പിച്ചല്ലോ. ആദ്യം അവള്‍ ഇടവഴിയില്‍ തനിയേ നടന്നു വരുമ്പോ അവളുടെ കണ്ണീ നോക്കണമെന്ന്. പിന്നെ അവളെ നോക്കി ചിരിക്കണമെന്ന്. പിന്നെ അവള്‍ ഒരുപാടു പുസ്തകവും തൂക്കി നടന്നുവരുമ്പോ അവളെ തള്ളി താഴെയിടണമെന്ന്, പിന്നെ പുസ്തകം പറക്കി കൊടുക്കണമെന്ന്, എന്റെ മുറിയിലിരുന്ന് മരുന്നു കുടിക്കാന്‍ വിളിക്കണമെന്ന്.

“നിന്റെ പ്രേമത്തിന്റെ പ്രതിബിംബത്തില്‍ ഒരു നിമിഷം കുടികൊള്ളാനാണോ, അയാള്‍ പിറന്നത്?” (ഏതോ ഒരു റഷ്യന്‍ എഴുത്തുകാരന്‍ - പുഷ്കിന്‍ ആണെന്നു തോന്നുന്നു).

മണി നാലായി, എനിക്കു പ്രണയമായി.

പ്രണയത്തിന്റെ അടുത്ത ഘട്ടം. അവളുടെ കൈകള്‍ എന്റെ കൈകളില്‍. അവളുടെ ചുണ്ടുകള്‍ എന്റെ ചുണ്ടുകളില്‍. മുറിയുടെ മുന്‍പില്‍ രണ്ടു പാമ്പുകള്‍ ചുറ്റുപിണഞ്ഞുകിടക്കുന്നു. ഇപ്പൊ പാമ്പ് എവിടെനിന്നു വന്നെന്നോ? തല്ലി കൊല്ലാനോ? ഞാന്‍ നിങ്ങളോടു മൂന്നാമതും പറയുന്നു..

ഫോണ്‍ വീണ്ടും സംസാരിച്ചു. അവന്‍ വരാന്‍ മണി ആറാകുമെന്ന്. “വെയ്റ്റിംഗ് ഫോര്‍ ഗോദോ” എന്ന ഒരു നാടകം ഉണ്ട്. അതില്‍ ഇങ്ങനെ കുറെപ്പേര്‍ ഗോദോ വരും എന്നും പറഞ്ഞ് കാത്തിരിക്കും. പക്ഷേ നാടകം തീരുമ്പോഴും ഗോദോ വരുത്തില്ല.

ഞാന്‍ കൊച്ചായിരുന്നപ്പൊ എനിക്ക് ഒരാളെ നന്നായിട്ട് അറിയാമായിരുന്നു. തല ചരിച്ചുവെച്ച് വിടര്‍ന്ന കണ്ണുകളോടെ ലോകത്തെ നോക്കി അല്‍ഭുതപ്പെട്ടു നില്‍ക്കുന്ന ഒരു കുട്ടിയെ. അവന്‍ ഒരുപാട് സ്വപ്നം കാണുമായിരുന്നു.. ഹാ, അവള്‍, ഇരുണ്ട നിറം, മാദകത്വം, ഇരുണ്ട നിറം..

ഈ മാസത്തെ ദൈവത്തിന്റെ ക്വോട്ടാ തീരാറായി. ഞാന്‍ ദൈവത്തിന്റെ ചൂണ്ടുവിരല്‍ കടിച്ചെടുത്ത് അപ്പുറത്തെ മുറിയില്‍ കൊടുത്തു. അവന്‍ എനിക്കൊരു തീപ്പന്തവും ദൈവത്തിന്റെ ഒരു നഖവും തന്നു. പുറത്തു മൊത്തം പുക ആണല്ലോ, ഇനി ഞാനെന്റെ അകത്തും കുറച്ചു പുക നിറക്കട്ടെ.

മണി എട്ടാ‍യി. പുകവണ്ടി കുറെ പുക അകത്തേക്കെടുത്തു. കുറെ പുക പുറത്തേക്കു വിട്ടു. പക്ഷേ ഇന്ന് വണ്ടി ഓടൂല്ല. ഓര്‍മ്മയില്ലേ? പ്രതിഷേധം?

ഫോണ്‍ വീണ്ടും സംസാരിച്ചു. അവന് ഇന്നു വരാന്‍ പറ്റൂല്ലാന്ന്. അവന്റെ വണ്ടിയുടെ ടയര്‍ പൊട്ടിയെന്ന്. അവന്‍ അതുപറയുമ്പോ ഫോണീക്കൂടെ അവന്റെ അടുത്തുള്ള കിളിനാദം പൊട്ടിച്ചിരിച്ചു. മുത്തുമാല പൊട്ടിച്ചിതറി. അത് അവളല്ലേ?

ഞാന്‍ അവനെ ഫോണ്‍ ചെയ്യും. അവന്റെ വണ്ടി എവിടെയെന്നു ചോദിക്കും. പതുക്കെ പിറകേ ചെന്ന് അവന്റെ തലക്കടിച്ചുകൊല്ലും. അവളെ വാരിയെടുത്ത് നൃത്തം ചവിട്ടും. പക്ഷേ അത് അവളല്ലെങ്കിലോ?
രാത്രിയായി. കടും‌പച്ച രാത്രി. കടും‌പച്ച പുതപ്പു പുതച്ച് ഞാന്‍ അവനെക്കുറിച്ച് ആലോചിച്ചു. അവന്‍ അവളെക്കുറിച്ചും അവള്‍ എന്നെക്കുറിച്ചും ആലോചിക്കുന്നുണ്ടാവണം. അല്ലെങ്കില്‍ അവന്‍ എന്നെക്കുറിച്ചും അവള്‍ എന്റെ അപ്പുറത്തതിന്റെ അപ്പുറത്തെ മുറിയിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടാവണം.

എന്റെ അപ്പുറത്തെ അപ്പുറത്തെ മുറിയിലേക്ക് ആരും താമസം മാറ്റിയില്ലെങ്കിലോ?

ഞാന്‍ ഒരു തീപ്പന്തം കൊളുത്തട്ടെ.

“മഞ്ഞുപെയ്യുന്ന രാത്രിയില്‍, എന്റെ മണ്‍‌ചെരാതും കെടുത്തീ ഞാന്‍”.

1 comment:

aneel kumar said...

അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസില്‍ കരഞ്ഞുവോ?

Google