സിമിയുടെ ബ്ലോഗ്

10/26/2007

രാജകുമാരിയും രാക്ഷസനും

പണ്ടുപണ്ട് ആര്യങ്കാവ് എന്ന സ്ഥലത്ത് ഒരു വലിയ കാടുണ്ടായിരുന്നു. ആ കൊടുങ്കാട്ടില്‍ ഒരു ഭയങ്കര രാക്ഷസന്‍ ഉണ്ടായിരുന്നു. ചുമന്ന കണ്ണുകളും കറുത്തു തടിച്ച കവിളും വലിയ വായും ഒക്കെയായി കണ്ടാല്‍ തന്നെ പേടിതോന്നുന്ന ഒരു രാക്ഷസനായിരുന്നു അത്. രാക്ഷസന്‍ കാട്ടിനു നടുക്ക് ആകാശം മുട്ടെ പൊക്കമുള്ള കോട്ടയിലെ ഇരുപത്തഞ്ചാമത്തെ നിലയില്‍ ആയിരുന്നു താമസിച്ചിരുന്നത്. രാക്ഷസന്‍ ഭയങ്കരനായിരുന്നതുകൊണ്ട് രാക്ഷസനു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം രാക്ഷസന്‍ ഇരുപത്തഞ്ചാമത്തെ നിലയിലെ ജനലിലൂടെ നോക്കുമ്പോള്‍ ഒരു കരച്ചില്‍ കേട്ടു. നോക്കുമ്പോളതാ, ഒരു സുന്ദരിയായ രാജകുമാരി ഒരു അരുവിയുടെ അടുത്ത് ഇരുന്നു കരയുന്നു. രാജകുമാരിയുടെ അടുത്ത് ആരുമില്ല. രാജകുമാരി ഓടിച്ചുവന്ന കുതിര രാജകുമാരിയെക്കളഞ്ഞിട്ട് ഓടിപ്പോവുന്നു.

രാക്ഷസനു അതുകണ്ട് സന്തോഷമായി. രാക്ഷസന്‍ ഓടിച്ചെന്ന് രാ‍ജകുമാരിയെയും വാരിയെടുത്ത് തന്റെ കോട്ടയിലേയ്ക്കു പോയി. രാക്ഷസന്‍ കോട്ടയുടെ വാതിലിനു മുന്‍പില്‍ പോയി ഹ ഹ ഹാ എന്നു ചിരിച്ചു. അപ്പോള്‍ കോട്ടവാതില്‍ തനിയേ തുറന്നു. രാക്ഷസന്‍ രാജകുമാരിയെ തൂക്കിയെടുത്ത് വേറൊരു മുറിയില്‍ ഒരു പതുപതുത്ത പഞ്ഞിക്കട്ടിലില്‍ കൊണ്ട് ഇരുത്തി. എന്നിട്ട് ഒരു വലിയ ഇരുമ്പു കസേര വലിച്ചിട്ട് ഇരുന്നിട്ട് രാക്ഷസന്‍ പറഞ്ഞു, രാജകുമാരീ, ഞാന്‍ നിന്നെ കെട്ടാന്‍ പോകുവാ.

രാജകുമാരിക്ക് ഇതുകേട്ട് പേടിയായി. രാജകുമാരിക്ക് ഒരു രാജകുമാരനെ കെട്ടണം എന്നായിരുന്നു ആഗ്രഹം. രാജകുമാരി എന്നും ആ രാജകുമാരനെ സ്വപ്നം കാണുമായിരുന്നു. അങ്ങനെ സ്വപ്നത്തിലെ രാജകുമാരനെ തിരക്കി വീട്ടില്‍ പറയാതെ രാജകുമാരി ഒറ്റയ്ക്ക് കുതിര ഓടിച്ചു വന്നതായിരുന്നു. പക്ഷേ ആ കുതിര ഒരു കുറുമ്പന്‍ കുതിര ആയിരുന്നു. രാജകുമാരി ഓടിച്ച വഴിയില്‍ ഓടാതെ കുതിര രാജകുമാരിയെ കാട്ടിന്റെ നടുക്കു കൊണ്ടുവന്നു. എന്നിട്ട് രാജകുമാരി വെള്ളം കുടിക്കാന്‍ നദിക്കരയില്‍ ഇറങ്ങിയപ്പോള്‍ കുതിര വേറെ ഒരു കുതിര ചിനയ്ക്കുന്ന ശബ്ദം കേട്ടു. അങ്ങനെ മറ്റേ കുതിരയുടെ കൂടെ കളിക്കാനായി കുറുമ്പന്‍ കുതിര രാ‍ജകുമാരിയെ ഇട്ടിട്ട് ഓടിപ്പോയി. അപ്പൊഴായിരുന്നു രാക്ഷസന്‍ അതിലേ വന്നത്.

രാക്ഷസന്‍ കെട്ടാന്‍ പോകുവാന്നു പറഞ്ഞപ്പോള്‍ രാജകുമാരി ഒന്നും പറഞ്ഞില്ല. വെറുതേ ഇരുന്നു കരഞ്ഞു. രാജകുമാരിയുടെ വെളുത്ത കവിളിലൂടെ കണ്ണീര്‍ത്തുള്ളി ഉരുണ്ടുരുണ്ട് വീഴുന്നത് കണ്ട് രാക്ഷസനു വിഷമം ആയി. രാക്ഷസന്‍ പിന്നെ ഒന്നും പറഞ്ഞില്ല. നല്ല സൂപ്പും ആഹാരവും രാജകുമാരിക്ക് കൊണ്ടുക്കൊടുത്തിട്ട് രാക്ഷസന്‍ രാക്ഷസന്റെ മുറിയില്‍ പോയിക്കിടന്ന് സ്വപ്നം കണ്ടു. എന്നാലും എല്ലാ ദിവസവും രാക്ഷസന്‍ ആഹാരം കൊണ്ടുക്കൊടുക്കാന്‍ പോവുമ്പോള്‍ രാജകുമാരിയുടെ അടുത്തു പറയും, ഞാന്‍ നിന്നെ കെട്ടാന്‍ പോകുവാ. പക്ഷേ രാജകുമാരി എന്നും കരയും. അപ്പൊ രാക്ഷസന്‍ തിരിച്ചുപോവും.

ഒരു ദിവസം രാക്ഷസന്‍ തിരിച്ചുവന്നില്ല. അപ്പുറത്തെ കാട്ടില്‍ നിന്ന് ഒരു കൊമ്പനാന ഈ കാട്ടിലെ ഒരു കുളം കലക്കാന്‍ വന്ന ദിവസം ആയിരുന്നു രാക്ഷസന്‍ തിരിച്ചു വരാത്തത്. തന്റെ കാട്ടില്‍ വന്ന് കൊമ്പന്‍ കുളം കലക്കുന്നതു കണ്ട് രാക്ഷസനു ദേഷ്യം ആയി. രാക്ഷസന്‍ ഓടിപ്പോയി കൊമ്പനാനയെ ഇടിച്ചു. കൊമ്പനാന തുമ്പിക്കൈ ചുരുട്ടി രാക്ഷസനു അടികൊടുത്തു. അങ്ങനെ ഇടികൂടിക്കൊണ്ടിരുന്നപ്പോള്‍ രാജകുമാരി വിചാരിച്ചു, രക്ഷപെടാം. അങ്ങനെ രാജകുമാരി കോട്ടയില്‍ നിന്നും ഇറങ്ങി ഓടി. കുറെ ദൂരം കാട്ടിനകത്തുകൂടെ ഓടിയിട്ടും രാജകുമാരി വേറെ മനുഷ്യരെയോ മൃഗങ്ങളെയോ ഒന്നും കണ്ടില്ല. രാജകുമാരിക്ക് പേടിയായി. രാജകുമാരി പേടിച്ച് തിരിച്ച് ഓടിപ്പോയി കോട്ടയ്ക്ക് അകത്തുതന്നെ കേറിയിരുന്നു.

രാ‍ജകുമാരി ഇങ്ങനെ കോട്ടയ്ക്ക് അകത്ത് ഇരുന്നു കരയുകയായിരുന്നു. അപ്പോള്‍ അതിലേ സുന്ദരനായ ഒരു രാജകുമാരന്‍ വെള്ളക്കുതിരയെ ഓടിച്ചു പോവുകയായിരുന്നു. രാജകുമാരിയുടെ കരച്ചില്‍ കേട്ട് രാജകുമാരന്‍ കുതിരയെ പുറത്തുനിറുത്തി കോട്ടയ്ക്ക് അകത്തേയ്ക്കു കയറി. രാജകുമാരി നോക്കുമ്പോള്‍ അതിസുന്ദരനായ രാജകുമാരന്‍. നല്ല രസം ആയിരുന്നു രാജകുമാരന്‍ ചിരിക്കുന്നതു കാണാ‍ന്‍. തിളങ്ങുന്ന ചുവന്ന ഉടുപ്പായിരുന്നു രാജകുമാരന്‍ ഇട്ടിരുന്നത്. രാജകുമാരന്‍ രാജകുമാരിയോട് ചോദിച്ചു, എന്തിനാ കരയുന്നത്? അതു കേട്ടപ്പോള്‍ രാജകുമാരി കരച്ചിലെല്ലാം നിറുത്തി സന്തോഷത്തോടെ ചിരിച്ചു. അവര്‍ രണ്ടുപേരും കോട്ടയില്‍ ഇരുന്ന് ഒരുപാട് കഥകള്‍ പറഞ്ഞു. അപ്പൊഴാണ് രാക്ഷസന്‍ തിരിച്ചുവരുന്ന ഭയങ്കര കാലൊച്ച കേട്ടത്.

രാജകുമാരി ഒരു നല്ല പാവാടയും ഉടുപ്പും രാജകുമാരനു കൊടുത്തു. രാജകുമാരന്റെ കവിളില്‍ ഒക്കെ കുറച്ച് പൌഡറും ഇട്ടു. രാജകുമാരിയുടെ ഉടുപ്പൊക്കെ ഇട്ടപ്പോള്‍ രാജകുമാരനും ഒരു സുന്ദരിയായ പെണ്‍കുട്ടിയെപ്പോലെ ഇരുന്നു. രാക്ഷസന്‍ വന്നപ്പോള്‍ രാജകുമാരി പേടി പുറത്തുകാണിക്കാതെ പറഞ്ഞു, എന്റെ കൂട്ടുകാരിയാ, എന്നെ കാണാതെ വിഷമിച്ചപ്പോള്‍ എന്നെ തിരക്കി വന്നതാ. ഇന്ന് ഇവള്‍ എന്റെ കൂടെ നിന്നോട്ടെ. രാക്ഷസനു പക്ഷേ എന്തോ സംശയം തോന്നി. രാക്ഷസന്‍ രാജകുമാരനോട് ചോദിച്ചു. നിന്റെ പേരെന്താ? രാജകുമാരന്‍ സ്വരം മാറ്റി പെണ്‍കുട്ടികളുടെ സ്വരത്തില്‍ പറഞ്ഞു, ഇവാന്‍. രാക്ഷസന്‍ ങ്ഹേ? എന്നു ചോദിച്ചു. രാജകുമാരി പെട്ടെന്നു പറഞ്ഞു, ഇവാ. ഇവാ. നല്ല പേരല്ലേ? രാക്ഷസന്‍ ഹും എന്നുപറഞ്ഞിട്ട് തന്റെ മുറിയില്‍ പോയിക്കിടന്ന് ഉറങ്ങി.

രാത്രി മുഴുവന്‍ ഇരുന്ന് രാജകുമാരിയും രാജകുമാരനും കൂടെ കൊട്ടാരത്തില്‍ നിന്നും രക്ഷപെടാനുള്ള ഒരു വലിയ പ്ലാന്‍ ഉണ്ടാക്കി. രാവിലെ രാക്ഷസന്‍ ആഹാരവും കൊണ്ട് വന്നപ്പോള്‍ രാജകുമാരി രാക്ഷസനോട് പറഞ്ഞു, നമുക്ക് സാറ്റു കളിക്കാം? രാക്ഷസനു സാറ്റുകളി അറിഞ്ഞൂടായിരുന്നു. രാജകുമാരി പറഞ്ഞു, ബുദ്ദൂസേ, ആദ്യം ഞാന്‍ മരത്തിന്റെ അടുത്തുനിന്ന് കണ്ണുപൊത്തി ഒന്നുമുതല്‍ നൂ‍റുവരെ എണ്ണും. അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും പോയി ഒളിക്കണം. എന്നിട്ട് ഞാന്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഓടിവന്ന് ഈ മരത്തില്‍ വന്നു തൊടണം. ആദ്യം ഞാന്‍ ഓടിവന്ന് മരത്തില്‍ തൊട്ടാല്‍ തോറ്റയാള്‍ കണ്ണുപൊത്തി എണ്ണണം. രാജകുമാരനും രാക്ഷസനും സമ്മതിച്ചു. രാജകുമാരി കണ്ണുപൊത്തി മരത്തിന്റെ മുന്‍പില്‍ നിന്ന് ഒന്നേ രണ്ടെ മൂന്നേ എന്ന് എണ്ണിത്തുടങ്ങി. രാജകുമാരന്‍ ഓടിപ്പോയി ഒരു അലമാരയ്ക്ക് അകത്ത് ഒളിച്ചു. രാക്ഷസന്‍ തലേ ദിവസം ഇടികൂടി തോല്‍പ്പിച്ച കാട്ടാനയെ പിടിച്ചോണ്ടു വന്നിട്ടുണ്ടായിരുന്നു. രാക്ഷസന്‍ ഓടിപ്പോയി ആ ആനയുടെ പിറകില്‍ ഒളിച്ചു.

രാജകുമാരി എണ്ണിത്തീര്‍ത്തിട്ട് ഓടിപ്പോയി കട്ടിലിന്റെ അടിയില്‍ നോക്കി. ആരുമില്ല. കതകിന്റെ പിറകില്‍ നോക്കി. അവിടെയും ആരുമില്ല. പിന്നെ അലമാരി തുറന്നുനോക്കി. അവിടെയതാ രാജകുമാരന്‍. രാജകുമാരന്‍ വിരല്‍ ചുണ്ടില്‍ വെച്ച് ശ്ശ്ശ്ശ്ശ് എന്നുപറഞ്ഞു. രാജകുമാരി രാജകുമാരനെ നോക്കി ചിരിച്ചിട്ട് വീണ്ടും രാക്ഷസനെ തിരക്കാന്‍ പോയി. രാജകുമാരി രാജകുമാരനെ തോല്‍പ്പിച്ചില്ല. അങ്ങനെ തിരക്കി പോവുമ്പൊഴതാ, വലിയ കൊമ്പനാനയുടെ പിറകില്‍ രാക്ഷസന്‍ ഒളിച്ചുനില്‍ക്കുന്നു. രാജകുമാരി ഓടിവന്ന് മരത്തില്‍ തൊട്ട് സാറ്റ് എന്നുപറഞ്ഞു. രാക്ഷസന്‍ ചമ്മി തോറ്റുപോയി. അങ്ങനെ രാക്ഷസന്‍ എണ്ണാം എന്ന് സമ്മതിച്ചു. പക്ഷേ രാജകുമാരിയും രാജകുമാരനും പറഞ്ഞു, രാക്ഷസന്‍ വലുതല്ലേ, നൂറുവരെപ്പോരാ, ആയിരം വരെ എണ്ണണം എന്ന്. രാക്ഷസന്‍ സമ്മതിച്ചു. രാക്ഷസന്‍ അങ്ങനെ എണ്ണിത്തുടങ്ങി.

രാജകുമാരിയും രാ‍ജകുമാ‍രനും ഈ സമയത്ത് ഓടി കോട്ടയുടെ വെളിയില്‍ പോയി. രാജകുമാരന്‍ ഒരു ചൂളം അടിച്ചപ്പോള്‍ വെള്ളക്കുതിര ഓടിവന്നു. രണ്ടുപേരും കുതിരപ്പുറത്തുകയറി ദൂരേയ്ക്ക് ഓടിച്ചുപോയി. കുതിര നല്ല വേഗത്തില്‍ ഓടി. രാജകുമാരന്‍ രാ‍ജകുമാരിയോടു ചോദിച്ചു. രാക്ഷസനു വിഷമം ആവൂല്ലേ? രാജകുമാരി പറഞ്ഞു, അതു സാരമില്ല. രാജകുമാരന്‍ ചോദിച്ചു. രാക്ഷസന്‍ തിരക്കി വരൂല്ലേ? രാജകുമാരി പറഞ്ഞു. ഇല്ല രാക്ഷസന്‍ കാട്ടിനു പുറത്തു വരൂല്ലല്ലോ.

രാക്ഷസന്‍ അപ്പൊഴേയ്ക്കും ആയിരം വരെ എണ്ണിത്തീര്‍ന്ന് കതകിന്റെ പിറകില്‍ നോക്കി. രാജകുമാരിയും രാജകുമാരനും അവിടെ ഇല്ല. കട്ടിലിന്റെ അടിയില്‍ നോക്കി. ആരുമില്ല. അലമാരിയുടെ അകത്തുനോക്കി. ആരുമില്ല. കാട്ടാനയുടെ പിറകില്‍ നോക്കി. ആരുമില്ല. രാക്ഷസന്‍ ഓടി കോട്ടയുടെ മുകളില്‍ കയറി. ജനലിലൂടെ നോക്കുമ്പോഴതാ, ദൂരെ വഴിയുടെ അറ്റത്ത് രാജകുമാരനും രാജകുമാരിയും വെള്ളക്കുതിരയെ ഓടിച്ചു പോവുന്നു.

രാക്ഷസനു തന്റെ മണ്ടത്തരം മനസിലായി. രാജകുമാരനും രാജകുമാരിയും അപ്പൊഴേക്കും പിടിക്കാന്‍ പറ്റാത്ത അത്രയും ദൂരത്തില്‍ എത്തിയിരുന്നു. അവര്‍ രാജകുമാരന്റെ കൊട്ടാരത്തില്‍ പോയി സുഖമായി ജീവിച്ചു. രാക്ഷസന്‍ മാത്രം എന്നും രാത്രി കോട്ടയില്‍ ഇരുന്ന് സങ്കടം വരുമ്പോള്‍ അലറി വിളിക്കും. ഇപ്പൊഴും ആ കാട്ടിനടുത്തൂടെ പോവുന്ന ആള്‍ക്കാര്‍ രാത്രിയില്‍ രാക്ഷസന്റെ അലര്‍ച്ച കേള്‍ക്കാറുണ്ടത്രേ.

26 comments:

ഗുപ്തന്‍ said...

ഫേബിളിലേക്ക് നീ ചുവടുമാറ്റുന്നത് രസകരമാവുന്നുണ്ട്; പറയാന്‍ ശ്രമിക്കൂ..നന്നായിരിക്കും

രാക്ഷസനെ ഓര്‍ത്ത് ഒരു വിഷമം :(

മന്‍സുര്‍ said...

സിമി...

കഥയുടെ തുടക്കത്തില്‍ രാക്ഷസനോട്‌..ഭയങ്കര ദേഷ്യം തോന്നിയെങ്കിലും...അവസാനമായപ്പോഴേക്കും സങ്കടം തോന്നി...പാവം രാക്ഷസ്സന്‍.....രാക്ഷസ്സനാണെങ്കിലും അദേഹത്തിനുമില്ലേ...സ്നേഹവും..വികാരവും..വിചാരവും.
എന്തായലും ഇന്നത്തെ രാക്ഷാസ്സന്‍മാരെക്കാള്‍ എത്രയോ നല്ലവരാണ്‌ അന്നത്തെ രാക്ഷസന്‍മാര്‍
സുഖമുള്ള വായന നല്‍ക്കാന്‍ ഈ കഥക്ക്‌ കഴിഞിരിക്കുന്നു..തുടരുക...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി said...

പണ്ടേ ഈ സാറ്റുകളി ശരിയല്ല..!
പ്രത്യേകിച്ചു കൊമ്പനാനേടെ പൊറകി ഒളിച്ചതു ഒട്ടും ശരിയായില്ല..:)

ഗുപ്തന്‍ said...

അതും അടിയില്‍ തോറ്റ കൊമ്പന്റെ പിന്നില്‍ :(

ദിലീപ് വിശ്വനാഥ് said...

കൊമ്പനാനയുടെ സൈഡില്‍ അല്ലെ ഒളിച്ചത്? രാക്ഷസന്‍ 1000 വരെ എണ്ണിയില്ല കേട്ടോ. അത് ശരിയല്ല.

Sethunath UN said...

വിശാല‌ന്‍ പ‌റഞ്ഞപോലെ പെട്രോ‌ള്‍പ്പമ്പിലെ മീറ്റ‌റുപോലെ എണ്ണാന്‍ പ‌ഠിയ്ക്ക‌ണ‌ം രാക്ഷ‌സ്സ‌ന്‍.:) ന‌ല്ല കഥ.

ബാജി ഓടംവേലി said...

സിമി,
നല്ല അവതരണം
ലളിതമായ വാക്കുകള്‍
നന്നായിരിക്കുന്നു.

ഇതാണ് ഇഷ്‌ടപ്പെട്ട വാചകം.
“രാജകുമാരന്‍ രാ‍ജകുമാരിയോടു ചോദിച്ചു. രാക്ഷസനു വിഷമം ആവൂല്ലേ?
രാജകുമാരി പറഞ്ഞു, അതു സാരമില്ല.“
ഇതില്‍ ആണ്‍മനസ്സും പെണ്‍‌മനസ്സും കാണാം.

മയൂര said...

:)

Murali K Menon said...

:))

വാളൂരാന്‍ said...

:)))

ഉറുമ്പ്‌ /ANT said...

Off Topic:
my blog is not getting listed on chintha.com
why?

Please help me a bit

Anonymous said...

വളരെ നന്നായിട്ടുണ്ട്.

സജീവ് കടവനാട് said...

ഇച്ച് ഇസ്ടായീ.......

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

ഉപാസന || Upasana said...

simi aara mon
kollaam ishtappettu kathha
:)
upaasna

സു | Su said...

അങ്ങനെ രാക്ഷസന്‍ എന്നും ബഹളം വെച്ച് ഇരിക്കുന്ന ഒരു ദിവസം ജനലിലൂടെ നോക്കിയപ്പോള്‍, ഒരു രാക്ഷസി പുറത്ത് നില്‍ക്കുന്നതുകണ്ടു. രാക്ഷസന്‍, രാക്ഷസിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നിന്നെ ഞാന്‍ കല്യാണം കഴിക്കും എന്നു പറഞ്ഞപ്പോള്‍ രാക്ഷസി പറഞ്ഞു. “ഞാനും ഇത് കേള്‍ക്കാനായി അലഞ്ഞുതിരിയുകയായിരുന്നു.” അങ്ങനെ അവര്‍ കല്യാണം കഴിച്ച് സന്തോഷമായി ജീവിച്ചു.

:) നല്ല കഥ. മുകളില്‍ ഉള്ളതല്ല. ;) സിമി എഴുതിയത്.

simy nazareth said...

സു, അങ്ങനെ ഒക്കെ ആയിരുന്നു സംഭവിക്കേണ്ടതെങ്കിലും രാക്ഷസന്‍ ഹിന്ദുവും രാക്ഷസി ക്രിസ്ത്യാനിയും ആയിരുന്നു. അതുകൊണ്ട് അവരുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങനെ കല്യാണം മുടങ്ങി.

എല്ലാര്‍ക്കും താങ്ക്യൂ :-)

ഏ.ആര്‍. നജീം said...

പാവം രാക്ഷസന്‍...അവരുടെ ഭാഷയിലെ "മാനസ മൈനേ വരൂ " എന്നായിരിക്കും ആ കൂവലിന്റെ അര്‍‌ത്ഥം അല്ലെ..?

വേണു venu said...

:)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

നന്നായിട്ടോ.
ഒരു അഭിപ്രയം പറഞ്ഞോട്ടെ സിമി. കഥ പറയുമ്പോല്‍ direct speech കുറച്ചുകൂടി ഉപയോഗിച്ച്‌ വലിയ ഖ്ണ്ഡികകള്‍ ചുരുക്കിയാല്‍ ഇനിയും നന്നാവും :)

ഗുപ്തന്‍ said...

ആ പടത്തിലെ ആനയെ വരച്ചില്ല.. കശ്മലന്‍ [-(

ഹരിശ്രീ said...

:)

simy nazareth said...

ജ്യോതി,

ഖണ്ഡികകളുടെ വലിപ്പം കുറയ്ക്കാം. കൊച്ചു കുട്ടികള്‍ക്ക് ഡയറക്ട് സ്പീച്ച് ആണോ ഇഷ്ടം? പണ്ടുപണ്ട് ഒരു രാക്ഷസനുണ്ടായിരുന്നു എന്ന് തേഡ് പേഴ്സണില്‍ പറയുന്നതല്ലേ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുക?

മനൂ, ചിത്രത്തില്‍ ആനയെ ചേര്‍ക്കുന്നു :-)

സാജന്‍| SAJAN said...

പണ്ടുപണ്ട് ആര്യങ്കാവ് എന്ന സ്ഥലത്ത് ഒരു വലിയ കാടുണ്ടായിരുന്നു...
സിമിയേ പണ്ടു മാത്രമല്ല ഇപ്പോഴും അവിടെ കാടാണ്:)
കഥ നന്നായി:)
ഇതിനിടയില്‍ സു തേന്മാവിന്‍ കൊമ്പത്തെ കഥ കോപ്പിയടിച്ച് ഇതിന്റെ കൂടെ എഴുതാന്‍ ശ്രമിച്ചെന്ന് പ്രീയദര്‍ശന്‍ പറയുന്നത് കേട്ടു
സത്യമാണോ സു?

Anonymous said...

kathayekkalum padam anu enikku ishtappettathu

Sandeep PM said...

എന്താ കഥ .... :)

Google