സിമിയുടെ ബ്ലോഗ്

10/15/2007

കിട്ടുവും ചാത്തുവും

കിട്ടു ഒരു നല്ല കുട്ടിയായിരുന്നു. പക്ഷേ കിട്ടു എല്ലാ കളികളിലും എപ്പൊഴും തോറ്റുപോവും. എന്തു കളിയായാലും കിട്ടു കളിക്കുന്ന ടീം തോറ്റുപോവും. കിട്ടു പട്ടം പറത്തിയാല്‍ എപ്പൊഴും പട്ടം പൊട്ടിപ്പോവും. അതുകൊണ്ടു തന്നെ കിട്ടൂന്റെ വീട്ടിനു അടുത്തുള്ള കൂട്ടുകാരൊന്നും കിട്ടുവിനെ കളിക്കാന്‍ കൂട്ടില്ല. അപ്പുറത്തെ വീട്ടിലെ സുലേഖയും വേണുവും വിനുവും രാജേഷും ക്രിക്കറ്റും സാറ്റും ഒക്കെ കളിക്കുമ്പോള്‍ കിട്ടു മാത്രം വിഷമിച്ച് മാറി നില്‍ക്കും.



കിട്ടുവിന് ആകെ ഉള്ളത് ഒരു ചേച്ചി ആണ്. ചേച്ചി എപ്പോഴും എന്തെങ്കിലും പുസ്തകവും വായിച്ചോണ്ട് ഇരിക്കും. കിട്ടു കളിക്കാന്‍ വിളിച്ചാല്‍ ചേച്ചി വരികയേ ഇല്ല. എന്നും കുളിച്ചൊരുങ്ങി വലിയ പൊട്ടൊക്കെ തൊട്ട് സുന്ദരിയായി ചേച്ചി ഇങ്ങനെ പുസ്തകവും വായിച്ചോണ്ട് കിടക്കും. എന്നും അതിരാവിലെ ചേച്ചിയും അമ്മയും കൂടി സാരിയുടുത്ത് മുല്ലപ്പൂവൊക്കെ ചൂടി അടുത്തുള്ള കാവില്‍ പോയി പ്രാര്‍ത്ഥിക്കും. ചേച്ചിക്ക് നല്ലൊരു ചേട്ടനെ കിട്ടാനാണത്രേ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ കിട്ടുവിന് രാവിലെ എണീക്കുന്നത് ഇഷ്ടമല്ലായിരുന്നു. അതുമല്ല, കാവിലെ കുട്ടിച്ചാത്തന്റെ അടുത്താ അമ്മയും ചേച്ചിയും പ്രാര്‍ത്ഥിക്കാന്‍ പോന്നത്. ഉണ്ടക്കണ്ണും ചുവന്ന നാക്കുമൊക്കെ ആയിട്ട് കുട്ടിച്ചാത്തന്‍ ചീത്തക്കുട്ടികളെ പിടിക്കാന്‍ രാത്രി വരുമെന്നാ ചേച്ചി പറഞ്ഞത്. കിട്ടു ചീത്തക്കുട്ടി അല്ലെങ്കിലും കിട്ടുവിന് കുട്ടിച്ചാത്തനെ പേടി ആയിരുന്നു. കിട്ടു കാവില്‍ പോവൂല്ല. കളിക്കാന്‍ വരാത്ത ചേച്ചീടെ അടുത്ത് കിട്ടു എപ്പോഴും വഴക്കാ, എന്നാലും രാത്രി ചേച്ചി കിട്ടുവിനു കഥ പറഞ്ഞുകൊടുക്കുന്നത് കിട്ടുവിനു വല്യ ഇഷ്ടമായിരുന്നു.



അങ്ങനെ ഒരു ദിവസം കിട്ടു നല്ല രസമുള്ള ഒരു പട്ടം ഉണ്ടാക്കി. കിട്ടു ഒറ്റയ്ക്ക് പട്ടം പറത്താന്‍ പോയി. പക്ഷേ കാറ്റടിച്ച് പട്ടം പൊട്ടി കാവിന്റെ അടുത്തേയ്ക്ക് പറന്നുപോയി. കുട്ടിച്ചാത്തനെ കുറച്ച് പേടി ഉണ്ടായിരുന്നെങ്കിലും കിട്ടു പതുക്കെ പതുക്കെ കാവിലെ മരത്തില്‍ പട്ടം തങ്ങി നില്‍ക്കുന്നോ എന്നു നോക്കി. അപ്പോഴതാ, നല്ല പൊക്കമുള്ള വേപ്പുമരത്തിന്റെ മുകളില്‍ പട്ടം കുരുങ്ങിക്കിടക്കുന്നു. കിട്ടുവിന് അത്രയും പൊക്കമുള്ള മരത്തില്‍ കയറാന്‍ പേടി ആയിരുന്നു. കിട്ടു മരത്തിന്റെ താഴെ വിഷമിച്ച് നിന്നു. അമ്മയെയും ചേച്ചിയെയും വിളിച്ചോണ്ടു വന്നാലും കാര്യമില്ല. അവര്‍ക്കും മരത്തില്‍ കേറാന്‍ അറിഞ്ഞൂടാ.

കിട്ടു വിഷമിച്ചു നിന്നപ്പൊ ഷര്‍ട്ടില്ലാതെ, കുട്ടിനിക്കര്‍ മാത്രം ഇട്ട്, ഒരു കറുത്തു മെലിഞ്ഞ പയ്യന്‍ വന്നു. കിട്ടു ഈ പയ്യനെ അവിടെ എങ്ങും അതിനുമുന്‍പ് കണ്ടിട്ടില്ലായിരുന്നു. പേരെന്താ എന്നു ചോദിച്ചപ്പോ അവന്‍ ചിരിച്ചോണ്ട് ചാത്തു എന്നു പറഞ്ഞു. കിട്ടു വിഷമിക്കണ്ടാ, പട്ടം ഞാന്‍ എടുത്തു തരാല്ലോ എന്നുപറഞ്ഞ് ചാത്തു വെറുതേ ആകാശത്തോട്ട് കൈ നീട്ടി. കിട്ടുവിന്റെ പേര് ചാത്തുവിന് എങ്ങനെ മനസിലായി എന്നോര്‍ത്ത് കിട്ടു അല്‍ഭുതപ്പെട്ടു. പക്ഷേ അതിലും അല്‍ഭുതമായിരുന്നു, ചാത്തു കൈ നീട്ടിയപ്പൊ പട്ടം താനേ താഴേയ്ക്ക് പറന്നു വന്നത്. പതുക്കെ കിട്ടുവും ചാത്തുവും നല്ല കൂട്ടുകാരായി. കിട്ടു ഒരുദിവസം ചുവന്ന നിറമുള്ള ഒരു ഷര്‍ട്ട് ചാത്തൂനു കൊണ്ടുക്കൊടുത്തു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ആകാശം മുട്ടെ പട്ടം പറത്തി.



കിട്ടൂനു സൈക്കിള്‍ ഓടിക്കാന്‍ പേടിയായിരുന്നു. കിട്ടു എപ്പൊ സൈക്കിള്‍ ഓടിക്കാന്‍ നോക്കിയാലും സൈക്കിള്‍ മറിഞ്ഞുവീഴും. പക്ഷേ ഒരു ദിവസം ചാത്തു കിട്ടൂന്റെ സൈക്കിളില്‍ പിടിച്ചോണ്ട് കിട്ടു സൈക്കിള്‍ ചവിട്ടാന്‍ പറഞ്ഞു. കിട്ടു നല്ല വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. ചിരിച്ചുകൊണ്ട് ചാത്തുവും സൈക്കിളില്‍ പിടിച്ചോണ്ട് പിന്നാലെ ഓടി. ഇടവഴിയുടെ വളവുതിരിഞ്ഞ് അമ്മയും ചേച്ചിയും അപ്പൊ കാവിലേയ്ക്ക് വരുന്നുണ്ടായിരുന്നു. കുട്ടിച്ചാത്തനു പാലും തേങ്ങാപ്പൂളും നിവേദിക്കാനായിരുന്നു അമ്മയും ചേച്ചിയും വന്നത്. കിട്ടു പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പൊ ചാത്തു ഇല്ല. കിട്ടു സൈക്കിള്‍ ഓടിക്കുന്നതുകണ്ട് ചേച്ചി പൊട്ടിച്ചിരിച്ചു. കിട്ടൂനു ദേഷ്യം വന്നു. പക്ഷേ അപ്പൊഴേക്കും കിട്ടു സൈക്കിളില്‍ നിന്നും മറിഞ്ഞുവീണു.

അമ്മയും ചേച്ചിയും പോയിക്കഴിഞ്ഞപ്പൊ ചാത്തു പതുക്കെ കാവിനകത്തുനിന്നും ഇറങ്ങിവരുന്നു. കള്ളന്‍. അവന് അമ്മയെയും ചേച്ചിയെയും പേടിയായിരിക്കും. എന്നാലും ചാത്തൂനു എന്തെങ്കിലും മാജിക് അറിയാമായിരിക്കും എന്ന് കിട്ടൂനു തോന്നി. അവന്‍ ഉള്ളപ്പൊ മാത്രമേ ഇങ്ങനെ സൈക്കിള്‍ ചവിട്ടാനും പട്ടം പറത്താനും ഒക്കെ പറ്റൂ.

ഒരു ദിവസം രാവിലെ കിട്ടു എണീറ്റപ്പൊ വീട്ടില്‍ ആകെ ബഹളം. എല്ലാരും നേരത്തേ എണീറ്റ് കുളിച്ച് തയ്യാറാവുന്നു. അടുക്കളയില്‍ അമ്മ കോഴിക്കറിയും പലഹാരങ്ങളും ഉണ്ടാക്കുന്നു. ചേച്ചി മാത്രം ഒരു ജോലിയും ചെയ്യാതെ മുറിക്കകത്ത് കണ്ണാ‍ടിയും നോക്കി ഒരുങ്ങിക്കോണ്ട് ഇരിക്കുവാണ്. ചോദിച്ചപ്പൊഴാ, ചേച്ചിയെ കെട്ടാന്‍ ഒരാളു വരുമെന്ന്. ദൂരെയുള്ള സ്കൂളില്‍ പഠിപ്പിക്കുന്ന ഒരു മാഷ്. പക്ഷേ ചേച്ചി കെട്ടിപ്പോയാല്‍ കിട്ടു വീട്ടില്‍ ഒറ്റയ്ക്ക് ആവൂല്ലേ? കിട്ടൂനു രാത്രി ആരാ കഥപറഞ്ഞു കൊടുക്കുക? കിട്ടൂനു വിഷമം ആയി. കിട്ടു വീട്ടിന്റെ പുറത്തിറങ്ങി വെറുതേ കാവിന്റെ അടുത്തോട്ടുപോയി. അപ്പൊ ദാ, ചാത്തു നിക്കുന്നു.



“കിട്ടൂ, എന്താ ഒരു വിഷമം“? ചാത്തു ചോദിച്ചു. കിട്ടു കാര്യം പറഞ്ഞു. “വിഷമിക്കണ്ടാ, നമുക്ക് ശരിയാക്കാമല്ലോ“ എന്നുപറഞ്ഞ് ചാത്തുവും കിട്ടുവിന്റെ കൂടെ വീട്ടില്‍ വന്നു. അപ്പൊഴേക്കും മീശയൊക്കെ ഉള്ള മാഷ് വീട്ടില്‍ വന്നുകഴിഞ്ഞിരുന്നു. ചേച്ചി നാണിച്ച് കര്‍ട്ടനിലും പിടിച്ച് ഇങ്ങനെ നിക്കുവാ. ചേച്ചിയും മാഷും ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുന്നുമുണ്ട്. കിട്ടൂനു ദേഷ്യം വന്നു. ചാത്തു കിട്ടുവിന്റെ പിറകില്‍ ഒളിച്ചുനിന്നതേ ഉള്ളൂ.

എല്ലാരും ഇരുന്ന് ചോറു തിന്നുതുടങ്ങി. അപ്പൊ ചാത്തു പതുക്കെ ചോറിലേക്കു നോക്കി. അതാ ആ മാഷിന്റെ ചോറില്‍ ഒരു കരിവണ്ട്. കിട്ടൂന് ചാത്തുവിന്റെ മാജിക്ക് കണ്ട് ചിരിവന്നു. ഇനി മാഷ് ചേച്ചിയെ കെട്ടാ‍തെ ഊണുമുഴുമിക്കാതെ എണീറ്റു പോവുമല്ലോ. പക്ഷേ മാഷ് ആരും കാണാതെ ആ വണ്ടിനെ എടുത്ത് താഴേയ്ക്കിട്ടു. എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ ഊണു തുടര്‍ന്നു. കിട്ടുവിനും ചാത്തുവിനും ഇതുകണ്ട് വിഷമം ആയി.

“നിനക്ക് മാഷ് തിരിച്ചു പോവുന്ന വഴി മാഷിന്റെ കാറ് കൊക്കയില്‍ തള്ളിയിടാമോ?“ - കിട്ടു ചാത്തൂനോട് ചോദിച്ചു. “അയ്യോ, അപ്പൊ എല്ലാരും ചത്തുപോവൂല്ലേ? അതു വേണ്ട, ഞാന്‍ മാഷിന്റെ വണ്ടീ‍ടെ ടയറു പൊട്ടിക്കാം. വണ്ടി അപ്പൊ റോഡില്‍ കിടന്നുപോവുമല്ലോ.“ - ചാത്തു പറഞ്ഞു. കിട്ടുവും ചാത്തുവും കൂടി ഇങ്ങനെ പദ്ധതി ഒക്കെ തയ്യാറാക്കുമ്പൊഴേയ്ക്കും മാഷും മാഷിന്റെ കൂടെ വന്ന ആളുകളും വീട്ടില്‍ നിന്ന് ചിരിച്ചോണ്ട് ഇറങ്ങി. അവരൊക്കെ നടന്ന് ദേ കാവിന്റെ അടുത്തേയ്ക്കു പോവുന്നു. ചാത്തു അയ്യോ ന്നു വിളിച്ച് ഓടി കാവിന്റെ പിന്നില്‍ പോയി ഒളിച്ചു. മാഷും എല്ലാരും കാവില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് തിരിച്ചുപോയി.



രാത്രി അച്ചനും അമ്മയും പറഞ്ഞു, “നന്നായി, അവര്‍ക്കു ചേച്ചിയെ ഇഷ്ടപ്പെട്ടു, അവര്‍ സുഖമായി അവരുടെ വീട്ടിലെത്തി“ എന്ന് വിളിച്ചുപറഞ്ഞു. കിട്ടുവിന് നല്ല ദേഷ്യം വന്നു. ചേച്ചി പുസ്തകം ഒന്നും വായിക്കാതെ ചിരിച്ചോണ്ട് കട്ടിലില്‍ കിടക്കുന്നു. കിട്ടു കഥപറഞ്ഞുതരാന്‍ പറഞ്ഞിട്ടും ചേച്ചി മിണ്ടാതെ ചിരിക്കുന്നു.

കിട്ടു പിറ്റേ ദിവസം ചാത്തൂനെ കണ്ടപ്പൊ അവന്റെ അടുത്ത് മിണ്ടീല്ല. കുറെ നേരം കെറുവിച്ചിരുന്നപ്പൊ ചാത്തു പറഞ്ഞു. “എനിക്ക് ആ മാഷ് തിന്നാന്‍ തേങ്ങാപ്പൂളും പാലും തന്നല്ലോ. ഇങ്ങനെ കൈക്കൂലി തന്നാ പിന്നെ ഞാന്‍ എങ്ങനാ കാറിന്റെ ടയറു പൊട്ടിക്കുന്നെ, നീ ക്ഷമിക്ക്“ എന്ന്. കിട്ടൂന് എല്ലാരോടും ദേഷ്യമായി. ആര്‍ക്കും കിട്ടൂനെ വേണ്ട. ചാത്തൂനും വേണ്ട.

പക്ഷേ കിട്ടു പിറ്റേ ദിവസം വീണ്ടും ചാത്തൂനോട് കൂട്ടായി. രണ്ടുപേരും പിന്നെയും കുറെ കളികള്‍ കളിച്ചു. അങ്ങനെ ഒരു ദിവസം ചേച്ചീടെ കല്യാണം ആയി. ചേച്ചിക്കും അച്ചനും അമ്മയ്ക്കും വല്യ സന്തോഷമായിരുന്നു. ചേച്ചി നല്ല സാരിയൊക്കെ ഉടുത്ത് പൂവൊക്കെ ചൂടി നല്ല സുന്ദരിയായിനിന്നു. കല്യാണം കഴിഞ്ഞ് അച്ചനും അമ്മയും കരഞ്ഞു. ചേച്ചി കാറില്‍ കേറി ആ മാഷിന്റെ വീട്ടില്‍ പോകുവാന്ന്. കിട്ടു ഒറ്റയ്ക്കാവൂല്ലേ? ചേച്ചി പോണ്ടാ‍ന്ന് കിട്ടു വലിയ വായില്‍ കരഞ്ഞു. ഇതുകണ്ട് ചാത്തൂന്റെ കണ്ണിലും വെള്ളം നിറഞ്ഞു.



കിട്ടൂന്റെ കരച്ചില്‍ കണ്ട് മാഷ് പറഞ്ഞു, “കിട്ടു ഞങ്ങടെ കൂടെ വരട്ടെ.. കിട്ടൂന്റെ ചേച്ചിയും ഞാനും മൂന്നു ദിവസം കഴിഞ്ഞ് തിരിച്ചുവരുമല്ലോ. അപ്പൊ കിട്ടൂനെ തിരിച്ചു കൊണ്ടുവിടാം. അവിടെ ആണെങ്കില്‍ കിട്ടുവിനു കളിക്കാന്‍ ഒരുപാട് കൂട്ടുകാരും ഉണ്ട്“.

കിട്ടൂനു വല്യ സന്തോഷം ആയി. കിട്ടു ഓടിപ്പോയി പെട്ടിയില്‍ ഉടുപ്പൊക്കെ എടുത്തുവെച്ചു. ചാത്തൂന്റെ മുഖത്തുമാത്രം അല്പം വിഷമം ആയിരുന്നു. നീ വരുന്നില്ലേ? എന്നു കിട്ടു ചോദിച്ചപ്പൊ അവന്‍ പറയുവാ, “അമ്മയും അച്ചനും ഒറ്റക്കാവൂല്ലേ, ഞാന്‍ ഇവിടെ നിന്ന് അവരെ നോക്കിക്കോളാം. നീ പോയിട്ട് വേഗം വാ“ എന്ന്. അതു ശരിയാണെന്ന് കിട്ടുവിനും തോന്നി.

കല്യാണം നന്നായി നടന്നതിനു കിട്ടൂന്റെ അമ്മ ദൈവങ്ങള്‍ക്ക് നന്ദിപറഞ്ഞു. കുട്ടിച്ചാത്തനു പാലും പലഹാരങ്ങളും തേങ്ങാപ്പൂളും നേര്‍ന്നു. പിറ്റേന്ന് രാവിലെയും പ്രാര്‍ത്ഥിക്കാന്‍ അമ്മ കാവില്‍ ചെന്നുനോക്കുമ്പോള്‍ പാലും പലഹാരങ്ങളും തേങ്ങാപ്പൂളും അതേപോലെ തന്നെ ഇരിക്കുന്നു. അമ്മ അതൊക്കെ മാറ്റി പുതിയ പാലും പലഹാരങ്ങളും തേങ്ങാപ്പൂളും വെച്ചു. എന്നിട്ടും അതിന്റെ പിറ്റേ ദിവസവും രാവിലെ ചെന്നപ്പൊഴും കാവില്‍ ആഹാരം ഒക്കെ അതേപോലെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

അമ്മയും അച്ചനും കൂടി അമ്പലത്തിലെ പൂജാരിയെ വിളിച്ചുകൊണ്ടുവന്നു. കുട്ടിച്ചാത്തനു ഒരു ഹോമം നടത്താം, ദൈവങ്ങള്‍ക്ക് എന്തെങ്കിലും ഇഷ്ടപ്പെടാതെ ആയിട്ടുണ്ടോ എന്ന് പ്രശ്നം വെച്ചുനോക്കാം എന്നൊക്കെ പറഞ്ഞ് പൂജാരി താടിക്ക് കൈയും കൊടുത്ത് ഇരിപ്പായി. അപ്പൊഴായിരുന്നു ചിരിച്ചുകൊണ്ട് കിട്ടുവും ചേച്ചിയും മാഷും വന്നത്. കിട്ടൂനു പുതിയ വീട്ടില്‍ നല്ല രസമായിരുന്നു. അവന്‍ അവിടത്തെ കഥകളൊക്കെ പറഞ്ഞ് ഓടിച്ചാടി നടന്നു. ചേച്ചിയും മാഷും വളരെ സന്തോഷമായി ചിരിച്ചുകൊണ്ട് ഇരുന്നു. ദൈവങ്ങള്‍ക്ക് നന്ദി പറയാന്‍ കിട്ടൂന്റെ അമ്മ ഓടി വീണ്ടും കാവില്‍ പോയി. കാവില്‍ ചെന്നു നോക്കിയപ്പോള്‍ കുട്ടിച്ചാത്തനു വെച്ച പാലും തേങ്ങാപ്പൂളും പലഹാരങ്ങളും ഒക്കെ പൊടിപോലുമില്ലാതെ തീര്‍ന്നിരുന്നു. കുട്ടിച്ചാത്തന്റെ പ്രതിമയ്ക്കു ചുറ്റും ആരോ ഒരു ചുവന്ന ഷര്‍ട്ട് പുതച്ചിരുന്നു.

11 comments:

സുല്‍ |Sul said...

തേങ്ങാപൂളു മാത്രമാക്കേണ്ട ഒരു തേങ്ങ തന്നെ അടിച്ചേക്കാം.
“ഠേ...........”
നന്നായിരിക്കുന്നു മാഷെ.

-സുല്‍

ഗുപ്തന്‍ said...

നീ അല്‍ഭുതപ്പെടുത്തുന്നു വീണ്ടും.. :)

ഇട്ടിമാളു അഗ്നിമിത്ര said...

കുട്ടിക്കഥ കൊള്ളാലോ...

G.MANU said...

varayum varavum..gambheeram..mashey.

ഉപാസന || Upasana said...

സിമിയുടെ പിള്ളക്കഥ കലക്കന്‍
:)
ഉപാസന

Murali K Menon said...

കൊള്ളാം

Anonymous said...

:)

payyans said...

:)....
രസകരമായി ...

പൈങ്ങോടന്‍ said...

മനോഹരമായ എഴുത്ത്. ചിത്രങ്ങളും.കിട്ടുവും ചാത്തുവും മനസ്സില്‍ പതിഞ്ഞു. അഭിനന്ദനങ്ങള്‍

idlethoughts said...

ninte ullilum oru kutti undalleeee.........eethaayalum kuttichatthanmaar thanneyaa innathe kaalathu manushyrekkaal koottu koodaan nallathu..........

nice work........come up with more kids-stuff

nihal said...

നന്നായിരുന്നു
അഭിനന്ദനങ്ങള്‍
ബഷിര്‍
നീലഗിരി.....

Google