സിമിയുടെ ബ്ലോഗ്

10/31/2007

മന്‍സൂര്‍ എന്ന മാന്ത്രികന്‍

നിലമ്പൂരിലെ തേക്കിന്‍ കാടുകളില്‍ മഴ തായമ്പക നടത്തുമ്പൊഴായിരുന്നു ആമിന ആദ്യമായി മന്‍സൂറിനെ കാണുന്നത്. കൊണോലി സായ്‌വ്ന്റെ തേക്കിന്‍‌തോട്ടത്തില്‍ മുട്ടനാടിനുകൊടുക്കാന്‍ പച്ചില പറിക്കാന്‍ പോയപ്പൊഴായിരുന്നു അത്. തെളിഞ്ഞ ‍ആകാശത്തില്‍ കലപില കൂട്ടി ഓടിക്കൂടിയ മേഘങ്ങള്‍ പെട്ടെന്നായിരുന്നു കവിഞ്ഞൊഴുകിയത്. ആകാശത്തെ മുട്ടിനിന്ന തേക്കിലകളില്‍ നിന്നും വെള്ളച്ചാട്ടം പോലെ വീണ മഴയില്‍ ആകെനനഞ്ഞ്, അരികിലെങ്ങും ആരെയും കാണാ‍തെ ആമിന വിതുമ്പിത്തുടങ്ങിയപ്പൊഴായിരുന്നു വെളുത്തുമെലിഞ്ഞ ഒരു പയ്യന്‍ മരങ്ങളുടെ പിന്നില്‍ നിന്നും ഓടിക്കിതച്ചുവന്നത്. ആമിന അമ്പരന്നു നില്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് അവന്‍ വെറുതേ കൈ പിന്നിലേയ്ക്കാക്കി. ഒന്നു കൂടി വായുവില്‍ കൈ കറക്കിയപ്പോള്‍ അതാ അവന്റെ കയ്യില്‍ ഒരു കുട. ഇത്രയും വലിയ കാലന്‍കുട എവിടെനിന്നു വന്നെന്നും അവന്‍ ആരാണെന്നും ആമിനയ്ക്ക് ഒരു തിട്ടവും ഇല്ലായിരുന്നു. എങ്കിലും തോരാത്ത മഴയില്‍ വിടര്‍ന്ന കാലന്‍കുടയും തെളിഞ്ഞ ചിരിയും കണ്ട് ആമിന കുടയ്ക്കകത്തു കയറി. മന്‍സൂര്‍ അധികമൊന്നും മിണ്ടാതെ ആമിനയെ അവളുടെ വീട്ടില്‍ കൊണ്ടാക്കി. പടിപ്പുരയില്‍ എത്തിയപ്പോള്‍ അകത്തുകടക്കാതെ അവന്‍ മടിച്ചുനിന്നു. മഴനനഞ്ഞോടി വലിയ കതകു മുട്ടിത്തുറന്ന് അവള്‍ അകത്തേയ്ക്കു കടക്കവേ തിരിഞ്ഞുനോക്കിയപ്പോള്‍ മന്‍സൂര്‍ നിന്നിടത്തെങ്ങും ഇല്ലായിരുന്നു. മുറിയിലെ നനഞ്ഞ കതകടച്ച് ഈറന്‍ മാറ്റുമ്പോഴും ഓട്ടിന്‍പുറത്ത് മഴ ശബ്ദത്തോടെ തുള്ളിക്കളിച്ചപ്പൊഴും വായുവില്‍ വട്ടംചുഴറ്റിവരുന്ന ഒരു കുടയും നനുത്ത മീശയ്ക്കു താഴെനിന്നുതിര്‍ന്ന ശബ്ദവും ആമിനയുടെ മനസ്സില്‍ തോരാതെനിന്നു. മാന്ത്രികന്റെ നിറഞ്ഞ ചിരി ഏതോ മന്ത്രവിദ്യയില്‍ അവളുടെ ചുണ്ടിലും പടര്‍ന്നിരുന്നു.

പിറ്റേ ദിവസം നിലമ്പൂരിലെ സംസാരവിഷയമായിരുന്നു അങ്ങാടിയില്‍ നിന്നു മായാജാലങ്ങള്‍ കാണിക്കുന്ന പുതിയ പയ്യന്‍. വിശ്വവിഖ്യാത മാന്ത്രികരെപ്പെറ്റ നിലമ്പൂരില്‍ മായാജാ‍ലങ്ങള്‍ പുത്തരിയല്ലായിരുന്നു. പറക്കും തളികയിലും മാന്ത്രിക പരവതാനിയിലും കയറി ലോകം ചുറ്റിയ മാന്ത്രികരുടെ ജന്മനാട്ടില്‍‍ കൊച്ചുകുട്ടികള്‍ക്കുപോലും ചെപ്പടിവിദ്യകള്‍ അറിയാമായിരുന്നു. ഇങ്ങനെയൊരിടത്ത് ഊരും പേരുമില്ലാത്ത ഒരു പയ്യന്‍ എന്തുചെയ്യാനാണ് എന്നുചിന്തിച്ച് ആമിന വിഷമിച്ചു. പക്ഷേ വീട്ടില്‍ വരുന്നവര്‍ക്കൊക്കെ അങ്ങാടിയിലെ മായാജാല കഥകളേ പറയാനുണ്ടായിരുന്നുള്ളൂ. എന്നാലതൊന്ന് കാണണമല്ലോ എന്നുവിചാരിച്ച്, വീട്ടില്‍ പറയാതെ, അടുക്കളവഴി ഇറങ്ങി, അയലത്തെ മുറ്റത്തു ചിണുങ്ങിനിന്ന കുട്ടനെയും വലിച്ചുകൊണ്ട് അവള്‍ അങ്ങാടിയിലെത്തി. അവിടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ മായാജാലക്കാരനില്ലായിരുന്നു. വെറുതേ നിലത്തുവിരിച്ച ഒരു കടുംപച്ച പരവതാനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പായില്‍ മുട്ടി, മുട്ടിയില്ല എന്നനിലയില്‍ തത്തിക്കളിച്ചുനിന്ന ഒരു നേര്‍ത്തനൂല് ആകാശത്തേയ്ക്ക് കയറിപ്പോയിരുന്നു. ഏതോ മേഘങ്ങളിളകുന്നതിന്റെ കൂടെ നൂലും ഇളകുന്നുണ്ടായിരുന്നു. പെട്ടെന്ന്, ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കു നടുവില്‍ ഈ നൂല് നെട്ടനെനിന്നു. നൂലില്‍ത്തൂങ്ങി ഒരു സ്വര്‍ണ്ണത്തലപ്പാവും പറക്കുന്ന അലകുകള്‍ പിടിപ്പിച്ച ചുവന്ന കുപ്പായവും ധരിച്ച് മന്‍സൂര്‍ ഊര്‍ന്നുവന്നു. പരവതാനിയിലേയ്ക്കു വീഴുന്ന നോട്ടുകളിലേയ്ക്കു നോക്കാതെ ആള്‍ക്കൂട്ടെത്തെ നോക്കി ചിരിച്ചുകൊണ്ട്, ആമിനയെ ഒന്നു നോക്കുകപോലും ചെയ്യാതെ, കൈകളുയര്‍ത്തിപ്പിടിച്ച്, ദേഹം വളച്ച്, തല മണ്ണില്‍ മുട്ടിച്ച് മന്‍സൂര്‍ ആള്‍ക്കൂട്ടത്തെ വണങ്ങി. എന്നിട്ട് ഒരു ചാക്കില്‍ നിന്നും നൂറു പന്തുകള്‍ വാരിയെടുത്ത് ആകാശത്തേയ്ക്ക് എറിഞ്ഞുപിടിച്ചുതുടങ്ങി. അമ്പരന്നുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ തന്നെക്കണ്ടിട്ടും ഒരു പരിചയം പോലും കാണിക്കാതെ അമ്മാനമാടുന്ന മന്‍സൂറിനെ അവള്‍ തുറിച്ചുനോക്കി നിന്നതുകൊണ്ടാവാം, ആകാശത്തുനിന്നും നൂറിലൊരുപന്ത് വഴിതെറ്റി ദൂരേയ്ക്കുപോയി. മായാജാ‍ലം തെറ്റുന്നതുകണ്ട് ശ്വാസം നിലച്ച ആള്‍ക്കൂട്ടത്തിനു നടുവില്‍ വീഴാതെ ആ പന്ത് വീണ്ടും പറന്ന് മന്‍സൂറിന്റെ കൈകളിലെത്തി. കരഘോഷത്തിനു നടുവില്‍ ഒന്നൊന്നായി നൂറുപന്തുകളും പിടിച്ചുകൊണ്ട് മന്‍സൂര്‍ തലയില്‍ നിന്നും തൊപ്പിയൂരി. ആമിനയുടെ വിരലും പിടിച്ചുനിന്ന കുട്ടന്റെ തലയില്‍ തലോടി തന്റെ വര്‍ണ്ണത്തലപ്പാവ് വെച്ചുകൊടുത്തു. ചിരിച്ചുകൊണ്ട് പരവതാനിയും അതില്‍ കുഴഞ്ഞുവീണ പട്ടുനൂലും വാരിയെടുത്ത് അവന്‍ തന്റെ കൂടാരത്തിനുള്ളിലേയ്ക്ക് കയറിപ്പോയി.



അവന്റെ കുറുമ്പു സഹിക്കാന്‍ വയ്യാതെ മൂന്നുനാള്‍ ആമിന‍ അങ്ങാടിയിലേയ്ക്കു പോയില്ല. ഇനിപ്പോവരുതെന്നു നൂറുവെട്ടം ഉറപ്പിച്ചിട്ടും നാലാംനാള്‍ വീണ്ടും‍ അങ്ങാടിയിലെത്തി. ഈ പ്രാവശ്യം ആമിന തനിച്ചായിരുന്നു. അന്ന് അങ്ങാടിയില്‍ മന്ത്രവിദ്യകാണാന്‍ ആരും കൂടിനിന്നിരുന്നില്ല. തിരക്കൊഴിഞ്ഞ തെരുവിന്റെ ഒരു മൂലയില്‍ വെറുതേ വായുവില്‍ പച്ചയും നീലയും നിറങ്ങളിടകലര്‍ന്ന ഒരു ചിത്രം വരച്ചുകൊണ്ടിരുന്ന ഏകാന്തമാന്ത്രികന്‍ പക്ഷേ ഇത്തവണ അവളെനോക്കിച്ചിരിച്ചു. ആള്‍ക്കൂട്ടത്തെ അകറ്റിനിറുത്താന്‍ വരച്ച ചോക്കുവരയ്ക്കുള്ളിലേയ്ക്ക് മന്‍സൂര്‍ അവളെ കണ്ണുകള്‍ കൊണ്ടു വിളിച്ചു. അവന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ, മടിച്ചുമടിച്ച് ആമിന വരകള്‍ക്കുള്ളിലേയ്ക്കു കയറി. പതുക്കെ ആളുകള്‍ കൂടിത്തുടങ്ങി. ആമിനയുടെ മുഖത്തിനു ചുറ്റും മന്‍സൂര്‍ മന്ത്രവടി ചുഴറ്റി. വടിയുടെ നിറം സപ്തവര്‍ണ്ണങ്ങളില്‍ തിളങ്ങി. അതിലും വിസ്മയമായിരുന്നു ആമിനയുടെ കവിളിലെ നിറങ്ങളും മാറിയത്. മന്‍സൂര്‍ ആമിനയുടെ തലയിലെ തട്ടത്തില്‍ വടികൊണ്ട് പയ്യെത്തട്ടിയപ്പോള്‍ എന്തോ ചിറകടിക്കുന്ന ശബ്ദം കേട്ടു. ഞെട്ടിവിറച്ചുകൊണ്ട് അവള്‍ തട്ടം വലിച്ചുമാറ്റിയപ്പോള്‍ തലമുടിയില്‍ കുറുകിയിരുന്ന രണ്ടിണപ്രാവുകള്‍ ചിറകടിച്ച് ആകാശത്തേയ്ക്കു പറന്നുപോയി. ഇതിനിടയില്‍ ആരോ ഇതുകണ്ട് ആമിനയുടെ വീട്ടിലേയ്ക്ക് മാ‍യാ‍ജാലക്കഥകള്‍ പറയുവാന്‍ ഓടിപ്പോയിരുന്നു. മന്‍സൂര്‍ ആകാശത്തുനിന്നും മിഠായിമഴപെയ്യിച്ചു. കണ്ണുകളില്‍ നിന്നു തീതുപ്പിക്കൊണ്ട് ആമിനയുടെ വാപ്പ കുതിച്ചുവന്നപ്പോള്‍ അവന്‍ ഒരാള്‍ പൊക്കമുള്ള മാന്ത്രികക്കണ്ണാ‍ടിക്കുളളിലായിരുന്നു. അന്തംവിട്ടുനില്‍ക്കുന്ന ജനക്കൂട്ടത്തിനു നടുവിലേയ്ക്ക് ഒരു കാല്‍ കണ്ണാ‍ടിക്കുള്ളിലും പകുതി ഉടല്‍ പുറത്തുമായി ഇറങ്ങിവന്ന മന്‍സൂര്‍ കുപ്പായത്തിനുള്ളിലേയ്ക്കു കയ്യിട്ട് ഒരു സ്വര്‍ണ്ണമാലയെടുത്ത് ആമിനയുടെ കഴുത്തിലിട്ടുകൊടുത്തു. തരിച്ചുനിന്ന ആമിനയെ തള്ളിമാറ്റി അലറിക്കൊണ്ട് വാപ്പ മന്‍സൂറിനെ നിലക്കണ്ണാടിയില്‍ നിന്നും വലിച്ചു പുറത്തിട്ടു. പരുക്കന്‍ ചെരുപ്പിട്ട കാലുകൊണ്ട് മന്‍സൂറിനെ നിലത്തിട്ടു ചവിട്ടി. കൂറ്റന്‍ കയ്യോങ്ങി ആമിനയുടെ കവിളത്തടിച്ചു. മന്ത്രവിദ്യകള്‍ കാണാന്‍ വന്നവര്‍ തെല്ലുനേരം കൂടിനിന്ന് പിന്നെ പിറുപിറുത്തുകൊണ്ട് ചിതറിപ്പോയി. കലിയടങ്ങിയപ്പോള്‍ വാപ്പയും വീട്ടിലേയ്ക്കുപോയി. നാളെ നേരം പുലരുമ്പോള്‍ നിലമ്പൂരില്‍ നിന്നെക്കണ്ടുപോവരുത് എന്നു ഗര്‍ജ്ജിച്ചാണ് ആമിനയുടെ വാപ്പ പോയത്.

പിറ്റേന്ന് മന്ത്രവിദ്യ കാണാന്‍ വന്നവര്‍ക്ക് ഒഴിഞ്ഞകൂടാരവും ചെളിയില്‍ പൂണ്ടുകിടന്ന നടുവളഞ്ഞ മന്ത്രവടിയും ചുരുട്ടിവെച്ച പരവതാനിയും ആരോ തല്ലിപ്പൊട്ടിച്ച നിലക്കണ്ണാടിയുമേ കാണാന്‍ കഴിഞ്ഞുള്ളൂ. മന്‍സൂര്‍ അവിടെങ്ങും ഇല്ലായിരുന്നു. ആള്‍ക്കൂട്ടത്തിനു ഇടയില്‍ പതുങ്ങിനിന്ന കുട്ടന്‍ നിലത്തുനിന്നും കണ്ണാടിയുടെ ഒരു പൊട്ടിയ ചീളെടുത്ത് തന്റെ പോക്കറ്റിലാക്കി. ആമിനയുടെ പൂട്ടിയിട്ട ജനലില്‍ മുട്ടിയപ്പോള്‍ ജനാലതുറന്ന് ആമിന തന്റെ കരഞ്ഞുകലങ്ങിയ മുഖം ജനല്‍ക്കമ്പിയോടു ചേര്‍ത്തു. കുട്ടന്‍ കൊടുത്ത കണ്ണാടിച്ചില്ല് അവള്‍ ഒന്നും മിണ്ടാതെ വാങ്ങി. ജനാലയടച്ച് ചില്ലിന്‍ കഷണത്തില്‍ നോക്കിയപ്പോള്‍ മന്‍സൂറിന്റെ കണ്ണ് അതില്‍നിന്ന് അവളെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.ചിരിച്ചുകൊണ്ട് ചില്ല് അല്പം അകലെപ്പിടിച്ചിട്ടും കണ്ണുമാത്രമേ കാണാ‍നായുള്ളൂ.

വാപ്പ കതകുതുറക്കുന്ന ശബ്ദം കേട്ട് ആമിന ഞെട്ടി കണ്ണാടിച്ചില്ല് തന്റെ ഉടുപ്പിനുള്ളിലാക്കി നെഞ്ചോടുചേര്‍ത്തുവെച്ചു. ചില്ല് നെഞ്ചില്‍ കുത്തിനോവിച്ചിട്ടും വേദന പുറത്തുകാണിക്കാതെ അവള്‍ ഒരു ചോദ്യഭാവത്തില്‍ നിന്നു. കതകുതുറന്നുവന്ന വാപ്പയുടെ മുഖത്ത് മോളെത്തല്ലിയതിലുള്ള വിഷമം തെളിഞ്ഞുകാണാമായിരുന്നു. ഒരു ഗ്ലാസ് ചായ മേശപ്പുറത്തുവെച്ച് വാപ്പ ഒന്നും മിണ്ടാത അവളുടേ തലയില്‍ തലോടി കതകും ചാരി തിരിച്ചുപോയി. വീണ്ടും കതകു കുറ്റിയിട്ട് ഉടുപ്പിന്റെ കുടുക്കുകളഴിച്ച് ആമിന തിരഞ്ഞപ്പോള്‍ കണ്ണാടിച്ചില്ല് അവിടെ ഇല്ലായിരുന്നു. ഹൃദയത്തോടുചേര്‍ന്ന് പണ്ടെന്നോ ഉണങ്ങിയതുപോലെ ഒരു മുറിപ്പാടുമാത്രം മങ്ങിയവരയായി കിടന്നിരുന്നു.

10/26/2007

രാജകുമാരിയും രാക്ഷസനും

പണ്ടുപണ്ട് ആര്യങ്കാവ് എന്ന സ്ഥലത്ത് ഒരു വലിയ കാടുണ്ടായിരുന്നു. ആ കൊടുങ്കാട്ടില്‍ ഒരു ഭയങ്കര രാക്ഷസന്‍ ഉണ്ടായിരുന്നു. ചുമന്ന കണ്ണുകളും കറുത്തു തടിച്ച കവിളും വലിയ വായും ഒക്കെയായി കണ്ടാല്‍ തന്നെ പേടിതോന്നുന്ന ഒരു രാക്ഷസനായിരുന്നു അത്. രാക്ഷസന്‍ കാട്ടിനു നടുക്ക് ആകാശം മുട്ടെ പൊക്കമുള്ള കോട്ടയിലെ ഇരുപത്തഞ്ചാമത്തെ നിലയില്‍ ആയിരുന്നു താമസിച്ചിരുന്നത്. രാക്ഷസന്‍ ഭയങ്കരനായിരുന്നതുകൊണ്ട് രാക്ഷസനു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം രാക്ഷസന്‍ ഇരുപത്തഞ്ചാമത്തെ നിലയിലെ ജനലിലൂടെ നോക്കുമ്പോള്‍ ഒരു കരച്ചില്‍ കേട്ടു. നോക്കുമ്പോളതാ, ഒരു സുന്ദരിയായ രാജകുമാരി ഒരു അരുവിയുടെ അടുത്ത് ഇരുന്നു കരയുന്നു. രാജകുമാരിയുടെ അടുത്ത് ആരുമില്ല. രാജകുമാരി ഓടിച്ചുവന്ന കുതിര രാജകുമാരിയെക്കളഞ്ഞിട്ട് ഓടിപ്പോവുന്നു.

രാക്ഷസനു അതുകണ്ട് സന്തോഷമായി. രാക്ഷസന്‍ ഓടിച്ചെന്ന് രാ‍ജകുമാരിയെയും വാരിയെടുത്ത് തന്റെ കോട്ടയിലേയ്ക്കു പോയി. രാക്ഷസന്‍ കോട്ടയുടെ വാതിലിനു മുന്‍പില്‍ പോയി ഹ ഹ ഹാ എന്നു ചിരിച്ചു. അപ്പോള്‍ കോട്ടവാതില്‍ തനിയേ തുറന്നു. രാക്ഷസന്‍ രാജകുമാരിയെ തൂക്കിയെടുത്ത് വേറൊരു മുറിയില്‍ ഒരു പതുപതുത്ത പഞ്ഞിക്കട്ടിലില്‍ കൊണ്ട് ഇരുത്തി. എന്നിട്ട് ഒരു വലിയ ഇരുമ്പു കസേര വലിച്ചിട്ട് ഇരുന്നിട്ട് രാക്ഷസന്‍ പറഞ്ഞു, രാജകുമാരീ, ഞാന്‍ നിന്നെ കെട്ടാന്‍ പോകുവാ.

രാജകുമാരിക്ക് ഇതുകേട്ട് പേടിയായി. രാജകുമാരിക്ക് ഒരു രാജകുമാരനെ കെട്ടണം എന്നായിരുന്നു ആഗ്രഹം. രാജകുമാരി എന്നും ആ രാജകുമാരനെ സ്വപ്നം കാണുമായിരുന്നു. അങ്ങനെ സ്വപ്നത്തിലെ രാജകുമാരനെ തിരക്കി വീട്ടില്‍ പറയാതെ രാജകുമാരി ഒറ്റയ്ക്ക് കുതിര ഓടിച്ചു വന്നതായിരുന്നു. പക്ഷേ ആ കുതിര ഒരു കുറുമ്പന്‍ കുതിര ആയിരുന്നു. രാജകുമാരി ഓടിച്ച വഴിയില്‍ ഓടാതെ കുതിര രാജകുമാരിയെ കാട്ടിന്റെ നടുക്കു കൊണ്ടുവന്നു. എന്നിട്ട് രാജകുമാരി വെള്ളം കുടിക്കാന്‍ നദിക്കരയില്‍ ഇറങ്ങിയപ്പോള്‍ കുതിര വേറെ ഒരു കുതിര ചിനയ്ക്കുന്ന ശബ്ദം കേട്ടു. അങ്ങനെ മറ്റേ കുതിരയുടെ കൂടെ കളിക്കാനായി കുറുമ്പന്‍ കുതിര രാ‍ജകുമാരിയെ ഇട്ടിട്ട് ഓടിപ്പോയി. അപ്പൊഴായിരുന്നു രാക്ഷസന്‍ അതിലേ വന്നത്.

രാക്ഷസന്‍ കെട്ടാന്‍ പോകുവാന്നു പറഞ്ഞപ്പോള്‍ രാജകുമാരി ഒന്നും പറഞ്ഞില്ല. വെറുതേ ഇരുന്നു കരഞ്ഞു. രാജകുമാരിയുടെ വെളുത്ത കവിളിലൂടെ കണ്ണീര്‍ത്തുള്ളി ഉരുണ്ടുരുണ്ട് വീഴുന്നത് കണ്ട് രാക്ഷസനു വിഷമം ആയി. രാക്ഷസന്‍ പിന്നെ ഒന്നും പറഞ്ഞില്ല. നല്ല സൂപ്പും ആഹാരവും രാജകുമാരിക്ക് കൊണ്ടുക്കൊടുത്തിട്ട് രാക്ഷസന്‍ രാക്ഷസന്റെ മുറിയില്‍ പോയിക്കിടന്ന് സ്വപ്നം കണ്ടു. എന്നാലും എല്ലാ ദിവസവും രാക്ഷസന്‍ ആഹാരം കൊണ്ടുക്കൊടുക്കാന്‍ പോവുമ്പോള്‍ രാജകുമാരിയുടെ അടുത്തു പറയും, ഞാന്‍ നിന്നെ കെട്ടാന്‍ പോകുവാ. പക്ഷേ രാജകുമാരി എന്നും കരയും. അപ്പൊ രാക്ഷസന്‍ തിരിച്ചുപോവും.

ഒരു ദിവസം രാക്ഷസന്‍ തിരിച്ചുവന്നില്ല. അപ്പുറത്തെ കാട്ടില്‍ നിന്ന് ഒരു കൊമ്പനാന ഈ കാട്ടിലെ ഒരു കുളം കലക്കാന്‍ വന്ന ദിവസം ആയിരുന്നു രാക്ഷസന്‍ തിരിച്ചു വരാത്തത്. തന്റെ കാട്ടില്‍ വന്ന് കൊമ്പന്‍ കുളം കലക്കുന്നതു കണ്ട് രാക്ഷസനു ദേഷ്യം ആയി. രാക്ഷസന്‍ ഓടിപ്പോയി കൊമ്പനാനയെ ഇടിച്ചു. കൊമ്പനാന തുമ്പിക്കൈ ചുരുട്ടി രാക്ഷസനു അടികൊടുത്തു. അങ്ങനെ ഇടികൂടിക്കൊണ്ടിരുന്നപ്പോള്‍ രാജകുമാരി വിചാരിച്ചു, രക്ഷപെടാം. അങ്ങനെ രാജകുമാരി കോട്ടയില്‍ നിന്നും ഇറങ്ങി ഓടി. കുറെ ദൂരം കാട്ടിനകത്തുകൂടെ ഓടിയിട്ടും രാജകുമാരി വേറെ മനുഷ്യരെയോ മൃഗങ്ങളെയോ ഒന്നും കണ്ടില്ല. രാജകുമാരിക്ക് പേടിയായി. രാജകുമാരി പേടിച്ച് തിരിച്ച് ഓടിപ്പോയി കോട്ടയ്ക്ക് അകത്തുതന്നെ കേറിയിരുന്നു.

രാ‍ജകുമാരി ഇങ്ങനെ കോട്ടയ്ക്ക് അകത്ത് ഇരുന്നു കരയുകയായിരുന്നു. അപ്പോള്‍ അതിലേ സുന്ദരനായ ഒരു രാജകുമാരന്‍ വെള്ളക്കുതിരയെ ഓടിച്ചു പോവുകയായിരുന്നു. രാജകുമാരിയുടെ കരച്ചില്‍ കേട്ട് രാജകുമാരന്‍ കുതിരയെ പുറത്തുനിറുത്തി കോട്ടയ്ക്ക് അകത്തേയ്ക്കു കയറി. രാജകുമാരി നോക്കുമ്പോള്‍ അതിസുന്ദരനായ രാജകുമാരന്‍. നല്ല രസം ആയിരുന്നു രാജകുമാരന്‍ ചിരിക്കുന്നതു കാണാ‍ന്‍. തിളങ്ങുന്ന ചുവന്ന ഉടുപ്പായിരുന്നു രാജകുമാരന്‍ ഇട്ടിരുന്നത്. രാജകുമാരന്‍ രാജകുമാരിയോട് ചോദിച്ചു, എന്തിനാ കരയുന്നത്? അതു കേട്ടപ്പോള്‍ രാജകുമാരി കരച്ചിലെല്ലാം നിറുത്തി സന്തോഷത്തോടെ ചിരിച്ചു. അവര്‍ രണ്ടുപേരും കോട്ടയില്‍ ഇരുന്ന് ഒരുപാട് കഥകള്‍ പറഞ്ഞു. അപ്പൊഴാണ് രാക്ഷസന്‍ തിരിച്ചുവരുന്ന ഭയങ്കര കാലൊച്ച കേട്ടത്.

രാജകുമാരി ഒരു നല്ല പാവാടയും ഉടുപ്പും രാജകുമാരനു കൊടുത്തു. രാജകുമാരന്റെ കവിളില്‍ ഒക്കെ കുറച്ച് പൌഡറും ഇട്ടു. രാജകുമാരിയുടെ ഉടുപ്പൊക്കെ ഇട്ടപ്പോള്‍ രാജകുമാരനും ഒരു സുന്ദരിയായ പെണ്‍കുട്ടിയെപ്പോലെ ഇരുന്നു. രാക്ഷസന്‍ വന്നപ്പോള്‍ രാജകുമാരി പേടി പുറത്തുകാണിക്കാതെ പറഞ്ഞു, എന്റെ കൂട്ടുകാരിയാ, എന്നെ കാണാതെ വിഷമിച്ചപ്പോള്‍ എന്നെ തിരക്കി വന്നതാ. ഇന്ന് ഇവള്‍ എന്റെ കൂടെ നിന്നോട്ടെ. രാക്ഷസനു പക്ഷേ എന്തോ സംശയം തോന്നി. രാക്ഷസന്‍ രാജകുമാരനോട് ചോദിച്ചു. നിന്റെ പേരെന്താ? രാജകുമാരന്‍ സ്വരം മാറ്റി പെണ്‍കുട്ടികളുടെ സ്വരത്തില്‍ പറഞ്ഞു, ഇവാന്‍. രാക്ഷസന്‍ ങ്ഹേ? എന്നു ചോദിച്ചു. രാജകുമാരി പെട്ടെന്നു പറഞ്ഞു, ഇവാ. ഇവാ. നല്ല പേരല്ലേ? രാക്ഷസന്‍ ഹും എന്നുപറഞ്ഞിട്ട് തന്റെ മുറിയില്‍ പോയിക്കിടന്ന് ഉറങ്ങി.

രാത്രി മുഴുവന്‍ ഇരുന്ന് രാജകുമാരിയും രാജകുമാരനും കൂടെ കൊട്ടാരത്തില്‍ നിന്നും രക്ഷപെടാനുള്ള ഒരു വലിയ പ്ലാന്‍ ഉണ്ടാക്കി. രാവിലെ രാക്ഷസന്‍ ആഹാരവും കൊണ്ട് വന്നപ്പോള്‍ രാജകുമാരി രാക്ഷസനോട് പറഞ്ഞു, നമുക്ക് സാറ്റു കളിക്കാം? രാക്ഷസനു സാറ്റുകളി അറിഞ്ഞൂടായിരുന്നു. രാജകുമാരി പറഞ്ഞു, ബുദ്ദൂസേ, ആദ്യം ഞാന്‍ മരത്തിന്റെ അടുത്തുനിന്ന് കണ്ണുപൊത്തി ഒന്നുമുതല്‍ നൂ‍റുവരെ എണ്ണും. അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും പോയി ഒളിക്കണം. എന്നിട്ട് ഞാന്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഓടിവന്ന് ഈ മരത്തില്‍ വന്നു തൊടണം. ആദ്യം ഞാന്‍ ഓടിവന്ന് മരത്തില്‍ തൊട്ടാല്‍ തോറ്റയാള്‍ കണ്ണുപൊത്തി എണ്ണണം. രാജകുമാരനും രാക്ഷസനും സമ്മതിച്ചു. രാജകുമാരി കണ്ണുപൊത്തി മരത്തിന്റെ മുന്‍പില്‍ നിന്ന് ഒന്നേ രണ്ടെ മൂന്നേ എന്ന് എണ്ണിത്തുടങ്ങി. രാജകുമാരന്‍ ഓടിപ്പോയി ഒരു അലമാരയ്ക്ക് അകത്ത് ഒളിച്ചു. രാക്ഷസന്‍ തലേ ദിവസം ഇടികൂടി തോല്‍പ്പിച്ച കാട്ടാനയെ പിടിച്ചോണ്ടു വന്നിട്ടുണ്ടായിരുന്നു. രാക്ഷസന്‍ ഓടിപ്പോയി ആ ആനയുടെ പിറകില്‍ ഒളിച്ചു.

രാജകുമാരി എണ്ണിത്തീര്‍ത്തിട്ട് ഓടിപ്പോയി കട്ടിലിന്റെ അടിയില്‍ നോക്കി. ആരുമില്ല. കതകിന്റെ പിറകില്‍ നോക്കി. അവിടെയും ആരുമില്ല. പിന്നെ അലമാരി തുറന്നുനോക്കി. അവിടെയതാ രാജകുമാരന്‍. രാജകുമാരന്‍ വിരല്‍ ചുണ്ടില്‍ വെച്ച് ശ്ശ്ശ്ശ്ശ് എന്നുപറഞ്ഞു. രാജകുമാരി രാജകുമാരനെ നോക്കി ചിരിച്ചിട്ട് വീണ്ടും രാക്ഷസനെ തിരക്കാന്‍ പോയി. രാജകുമാരി രാജകുമാരനെ തോല്‍പ്പിച്ചില്ല. അങ്ങനെ തിരക്കി പോവുമ്പൊഴതാ, വലിയ കൊമ്പനാനയുടെ പിറകില്‍ രാക്ഷസന്‍ ഒളിച്ചുനില്‍ക്കുന്നു. രാജകുമാരി ഓടിവന്ന് മരത്തില്‍ തൊട്ട് സാറ്റ് എന്നുപറഞ്ഞു. രാക്ഷസന്‍ ചമ്മി തോറ്റുപോയി. അങ്ങനെ രാക്ഷസന്‍ എണ്ണാം എന്ന് സമ്മതിച്ചു. പക്ഷേ രാജകുമാരിയും രാജകുമാരനും പറഞ്ഞു, രാക്ഷസന്‍ വലുതല്ലേ, നൂറുവരെപ്പോരാ, ആയിരം വരെ എണ്ണണം എന്ന്. രാക്ഷസന്‍ സമ്മതിച്ചു. രാക്ഷസന്‍ അങ്ങനെ എണ്ണിത്തുടങ്ങി.

രാജകുമാരിയും രാ‍ജകുമാ‍രനും ഈ സമയത്ത് ഓടി കോട്ടയുടെ വെളിയില്‍ പോയി. രാജകുമാരന്‍ ഒരു ചൂളം അടിച്ചപ്പോള്‍ വെള്ളക്കുതിര ഓടിവന്നു. രണ്ടുപേരും കുതിരപ്പുറത്തുകയറി ദൂരേയ്ക്ക് ഓടിച്ചുപോയി. കുതിര നല്ല വേഗത്തില്‍ ഓടി. രാജകുമാരന്‍ രാ‍ജകുമാരിയോടു ചോദിച്ചു. രാക്ഷസനു വിഷമം ആവൂല്ലേ? രാജകുമാരി പറഞ്ഞു, അതു സാരമില്ല. രാജകുമാരന്‍ ചോദിച്ചു. രാക്ഷസന്‍ തിരക്കി വരൂല്ലേ? രാജകുമാരി പറഞ്ഞു. ഇല്ല രാക്ഷസന്‍ കാട്ടിനു പുറത്തു വരൂല്ലല്ലോ.

രാക്ഷസന്‍ അപ്പൊഴേയ്ക്കും ആയിരം വരെ എണ്ണിത്തീര്‍ന്ന് കതകിന്റെ പിറകില്‍ നോക്കി. രാജകുമാരിയും രാജകുമാരനും അവിടെ ഇല്ല. കട്ടിലിന്റെ അടിയില്‍ നോക്കി. ആരുമില്ല. അലമാരിയുടെ അകത്തുനോക്കി. ആരുമില്ല. കാട്ടാനയുടെ പിറകില്‍ നോക്കി. ആരുമില്ല. രാക്ഷസന്‍ ഓടി കോട്ടയുടെ മുകളില്‍ കയറി. ജനലിലൂടെ നോക്കുമ്പോഴതാ, ദൂരെ വഴിയുടെ അറ്റത്ത് രാജകുമാരനും രാജകുമാരിയും വെള്ളക്കുതിരയെ ഓടിച്ചു പോവുന്നു.

രാക്ഷസനു തന്റെ മണ്ടത്തരം മനസിലായി. രാജകുമാരനും രാജകുമാരിയും അപ്പൊഴേക്കും പിടിക്കാന്‍ പറ്റാത്ത അത്രയും ദൂരത്തില്‍ എത്തിയിരുന്നു. അവര്‍ രാജകുമാരന്റെ കൊട്ടാരത്തില്‍ പോയി സുഖമായി ജീവിച്ചു. രാക്ഷസന്‍ മാത്രം എന്നും രാത്രി കോട്ടയില്‍ ഇരുന്ന് സങ്കടം വരുമ്പോള്‍ അലറി വിളിക്കും. ഇപ്പൊഴും ആ കാട്ടിനടുത്തൂടെ പോവുന്ന ആള്‍ക്കാര്‍ രാത്രിയില്‍ രാക്ഷസന്റെ അലര്‍ച്ച കേള്‍ക്കാറുണ്ടത്രേ.

10/20/2007

ആണെഴുത്ത്

സുജിത്തിന് ഒരു പക്ഷിയുടെ മുഖമാണ്. അല്പം വലിയ വളഞ്ഞുകൂര്‍ത്ത മൂക്കും ഒട്ടിയ കവിളുകളും കൂര്‍ത്ത താടിയും എല്ലാം കൂടി മനുഷ്യനെക്കാള്‍ ഒരു പെലിക്കന്‍ പക്ഷിയോടാണ് അവനു സാമ്യം. തടിച്ചുകൂര്‍ത്ത പിരികങ്ങളുള്ള, അസാധാരണമായി തിളങ്ങുന്ന കണ്ണുകള്‍ സുജിത്തിന് പൌ‍രുഷവും സൌന്ദര്യവും കലര്‍ന്ന ഒരു മുഖം കൊടുത്തിരുന്നു. ഒരു നല്ല ബാസ്കറ്റ്ബാള്‍ കളിക്കാരനായ സുജിത്ത് സുദൃഢമായ ശരീരത്തിന്റെ ഉടമയും ആയിരുന്നു. ജീവിതത്തില്‍ മധുരമുള്ള ഓര്‍മ്മകളായി പിന്നീട് കടന്നുവരുന്ന പല യാദൃച്ഛികതകളും സുജിത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു. അങ്ങനെ ഒന്നായിരുന്നു സുജിത്ത് അഞ്ജലിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. അതുപോലെ മറ്റൊരു യാദൃച്ഛികതയായിരുന്നു സുജിത്ത് പഠനവിഷയമായി ജന്തുശാസ്ത്രം തിരത്ത് കേരള സര്‍ക്കാരില്‍ പരിസ്ഥിതിശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചതും. യാത്രയും ഛായാഗ്രഹണവും പരിസ്ഥിതി മാസികകളിലെ ഇടയ്ക്കുള്ള എഴുത്തുമെല്ലാം ഇടകലര്‍ന്ന് ശാന്തസുന്ദരമായ ജീവിതമായിരുന്നു സുജിത്തിന്റേത് എന്നുപറയാം. എന്നാല്‍ ഇന്നുരാവിലെ നടന്ന സംഭവങ്ങള്‍ ആ ജീവിതത്തില്‍ അല്പം കോളിളക്കമുണ്ടാക്കി.

കൊല്ലത്ത് അഞ്ജലിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ രാവിലെ ഒരു ബഹളം. പാമ്പ് പാമ്പ്! ഓടിയിറങ്ങിച്ചെന്നപ്പൊഴേയ്ക്കും അയലത്തെ വീട്ടില്‍ ഇരുമ്പുഗേറ്റിനോടുചേര്‍ന്ന് ഒരു ആള്‍ക്കൂട്ടം. ഗേറ്റ് പിന്നോട്ടുതുറക്കാതെ തടഞ്ഞുനിറുത്തിയിരുന്ന പാറക്കല്ലിനോടുചേര്‍ന്ന് ഒരു മൂര്‍ഖന്‍ ചീറിനില്‍ക്കുന്നു. പത്തിയും വിടര്‍ത്തി തന്റെ നേര്‍ക്ക് അടിവരുന്ന കൈകളില്‍ നിന്ന് കൈകളിലേയ്ക്ക് തലവെട്ടിച്ച് ശ്രദ്ധയോടെ നോക്കിനില്‍ക്കുകയായിരുന്നു മൂര്‍ഖന്‍. അതിന്റെ പിറകുവശത്ത് കണ്ണാടിയുടെ രൂപത്തില്‍ ഫണം കറുപ്പും പച്ചയും നിറങ്ങളില്‍ തിളങ്ങി. നല്ല മിനുസമുള്ള, സുന്ദരമായ ഉടല്‍. കടുംപച്ച ശരീരത്തില്‍ ഇടവിട്ട് വെള്ള വരകള്‍. വെള്ളിക്കെട്ടനാണ്. കേരളത്തില്‍ അത്ര സാധാരണമല്ലാത്ത ഇനം. സുജിത്ത് എത്തുമ്പോള്‍ നടുവിന് ഒന്നുരണ്ട് അടികൊണ്ട് അധികം ഇഴയാന്‍ പറ്റാത്ത പരിവത്തിലായിരുന്നു മൂര്‍ഖന്‍. എന്നാലും പത്തിവിടര്‍ത്തി ആടിയാടിനിന്നുള്ള ആ ചീറ്റലിനു ശൌര്യം ഒട്ടും കുറവില്ലായിരുന്നു. കൈലിയും മടക്കിക്കുത്തി വലിയ വേലിപ്പത്തലും ഒടിച്ച് പാമ്പിനെ തല്ലാനാഞ്ഞുനില്‍ക്കുന്ന കവലയിലെ ചെറുപ്പക്കാരെ തള്ളിമാറ്റി അരുത് അതിനെ കൊല്ലരുത് എന്ന് സുജിത്ത് ഉറക്കെപ്പറഞ്ഞു. ആളുകള്‍ എന്തോ അബദ്ധം കേട്ടതുപോലെ സുജിത്തിനെ തുറിച്ചുനോക്കി. വീട്ടിലേക്ക് ഓടിക്കയറി ഒരു അരിച്ചാക്ക് എടുത്തുകൊണ്ടുവന്ന് സുജിത്ത് വെള്ളിക്കെട്ടന്റെ മുന്‍പില്‍ പതുക്കെ താ‍ളത്തില്‍ ചാക്ക് വെട്ടിച്ചുനീക്കി. ചാക്കിന്റെ വാമുഖത്തോടൊപ്പം പാമ്പിന്റെ ഫണവും വെട്ടിവെട്ടി നീങ്ങവേ സുജിത്ത് മറ്റേ കൈകൊണ്ട് പാമ്പിന്റെ കഴുത്തില്‍ പത്തിയോടുചേര്‍ന്ന് ഒരു മിന്നലിടകൊണ്ടു പിടിച്ചു. കയ്യില്‍ ചുറ്റിക്കയറിയ വെള്ളിക്കെട്ടനെ വൈദഗ്ധ്യത്തോടെ മറുകൈ കൊണ്ട് നിവര്‍ത്തി ചാക്കിനകത്താക്കി ചാക്കിന്റെ വാ മുറുക്കിക്കെട്ടി. ഭാര്യയുടെ വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകളെല്ലാം അവഗണിച്ച് പാമ്പിനെ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കൊടുക്കുവാന്‍ രാവിലെതന്നെ വണ്ടികയറി. പാമ്പിനെ, പ്രത്യേകിച്ചും ഒരു മൂര്‍ഖനെ കണ്ടാല്‍ കൊല്ലാതെ വിടുന്നത് കൊല്ലം ജില്ലയില്‍ പതിവുള്ള കാര്യമല്ല. മനുഷ്യനും പാമ്പും ഭയമില്ലാതെ മുഖാമുഖം നോക്കിയ ചരിത്രമില്ലല്ലോ.

കൊല്ലത്തുനിന്നും കണ്ണൂരേയ്ക്കുള്ള ട്രെയിന്‍ യാത്ര നല്ല രസമാണ്. പത്തുമണിക്കൂറോളം ട്രെയിനില്‍ ഇരുന്ന് എണീക്കുമ്പോള്‍ പല പുതിയ സുഹൃത്തുക്കളെയും ഉണ്ടാക്കിക്കഴിയും. കൊല്ലം റെയില്‍‌വേ സ്റ്റേഷനിലെ ഹിഗ്ഗിന്‍ബോഥംസില്‍ നിന്ന് അഞ്ചാറു വാരികകളും വാങ്ങിയായിരിക്കും യാത്ര തുടങ്ങുക. വണ്ടി എത്താറാവുമ്പൊഴേയ്ക്ക് പുസ്തകങ്ങള്‍ ഒക്കെ അഞ്ചാറുകൈകളിലായിരിക്കും. ഇങ്ങനെയുള്ള യാത്രകളിലെ ചിരിച്ച് സന്തോഷത്തോടെ പിരിയുന്ന പല പരിചയങ്ങളും നീണ്ടുനിന്നിട്ടുമുണ്ട്.

ട്രെയിനില്‍ ആളൊഴിഞ്ഞ മുറിയില്‍ മുകളിലത്തെ തട്ടില്‍ ചാക്കുകെട്ട് വെച്ച് സുജിത്ത് ഒരു പരിസ്ഥിതി മാസികയില്‍ വായനയില്‍ മുഴുകി. അഞ്ജലി വാരികകളില്‍ ഒന്നുതുറന്ന് വായനതുടങ്ങി. അഞ്ജലിയുടെ എതിരായി ഇരുന്ന ഏകദേശം നാല്‍പ്പതുവയസ്സോളം പ്രായമുള്ള സ്ത്രീ അഞ്ജലിയെ സാകൂതം നോക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍ വലിയ ചുവന്ന പൊട്ടും ഇട്ട് വെള്ളയും പച്ചയും നിറങ്ങള്‍ ഇടകലര്‍ന്ന ഒരു സല്‍‌വാറും ധരിച്ച് ഇരുന്ന അവര്‍ സുന്ദരിയായിരുന്നു. കയ്യിലും കഴുത്തിലും അവര്‍ ആഭരണങ്ങളൊന്നും അണിഞ്ഞിരുന്നില്ല. മുടി അല്പം നരച്ചുതുടങ്ങിയിരുന്നു. എങ്കിലും കുട്ടിത്തം തുടിക്കുന്ന മുഖമായിരുന്നു അവരുടേത്. അവരുടെ മുഖത്തുനിന്നും നോട്ടം മാറ്റി അഞ്ജലിയുടെ പുസ്തകത്തിലേയ്ക്ക് നോക്കി. മുന്‍പില്‍ ഇരിക്കുന്ന സ്ത്രീയുടെ ചിത്രമുള്ള ഒരു കഥയായിരുന്നു അഞ്ജലി വായിക്കുന്നത്. മുന്‍പിലിരുന്ന സ്ത്രീ അതുതന്നെ കണ്ട് പതുക്കെ മന്ദഹസിക്കുന്നുമുണ്ടായിരുന്നു. പയ്യെ അഞ്ജലിയെ തട്ടി ചിത്രവും മുന്‍പിലിരിക്കുന്ന സ്ത്രീയെയും കാണിച്ചു.
കൊട്ടാരക്കര കഴിഞ്ഞതോടെ അഞ്ജലിയും മുന്‍പിലിരിക്കുന്ന എഴുത്തുകാരിയും നല്ല ചങ്ങാതിമാരായി മാറിയിരുന്നു. സുജിത്തിനു കഥകളെയോ കഥാകാരന്മാരെയോ അത്ര ഇഷ്ടമല്ലായിരുന്നു. എങ്കിലും മുന്‍പില്‍ നടക്കുന്ന സംഭാഷണത്തില്‍ ഇടയ്ക്കെങ്കിലും പങ്കുചേരാതിരിക്കാന്‍ കഴിയുമായിരുന്നില്ല. തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന മകളെ കാണാന്‍ ചെന്നിട്ട് തിരിച്ചു കോഴിക്കോട്ടേയ്ക്ക് യാത്രചെയ്യുകയായിരുന്നു എഴുത്തുകാരി. മകള്‍ പന്ത്രണ്ടാംക്ലാസില്‍ പെണ്‍കുട്ടികള്‍ക്കായി ഉള്ള ഒരു സ്കൂളില്‍ പഠിക്കുന്നു. അടുത്ത കൊല്ലം തിരുവനന്തപുരം വിമന്‍സ് കോളെജില്‍ ഇംഗ്ലീഷ് ബിരുദത്തിനു ചേരണമെന്നാണ് മകളുടെ ആഗ്രഹം. ഭര്‍ത്താവ് ദില്ലിയില്‍ കേന്ദ്രസര്‍ക്കാരില്‍ ഉദ്യോഗസ്ഥന്‍. മാസത്തില്‍ ഒന്നോ രണ്ടോ തവണ വന്നുപോവും. ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് അഞ്ജലിയെയും കഥാകാരിയെയും ചേര്‍ത്ത് ചിത്രം എടുക്കണം എന്ന് സുജിത്ത് മനസില്‍ കണക്കുകൂട്ടി. ഇതിനിടയ്ക്ക് മുകള്‍ത്തട്ടില്‍ എന്തെങ്കിലും അനങ്ങുന്നുണ്ടോ എന്നും ശ്രദ്ധിക്കാതെയിരുന്നില്ല. അടികൊണ്ട് അവന്‍ അവശനായി ചുരുണ്ടുകിടക്കുകയായിരിക്കും എന്ന് സുജിത്ത് മനസില്‍ കണക്കുകൂട്ടി. ജാലകത്തിനപ്പുറം മനോഹരങ്ങളായ നെല്‍‌വയലുകളും തെങ്ങിന്‍‌തോപ്പുകളും പിന്നിലേക്ക് ഓടിമറയുന്നുണ്ടായിരുന്നു.

തിരുവല്ല കഴിഞ്ഞപ്പൊഴേയ്ക്കും രണ്ടു സ്ത്രീകളും കൂടിച്ചേര്‍ന്ന് സംസാരം പുരുഷന്മാരുടെ കുറ്റങ്ങളെക്കുറിച്ചായി. ഒടുവില്‍ കേരളത്തിലെ ഞരമ്പുരോഗികളായ പുരുഷന്മാരില്‍ എത്തി. സ്ത്രീകളെ കണ്ടിട്ടില്ലാത്തതുപോലെ പെരുമാറുന്ന പുരുഷന്മാര്‍. ഏതെങ്കിലും വിധത്തില്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആര്‍ത്തിപൂണ്ടുനടക്കുന്നവര്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പറ്റാത്തവര്‍, ബസ്സില്‍ ഒരു പെണ്‍കുട്ടിയെ തക്കത്തിനു കിട്ടിയാല്‍ എങ്ങനെയും തിക്കിയും തിരക്കിയും അവളെ മാനഭംഗപ്പെടുത്തുന്നവര്‍. രാത്രികളില്‍ സ്ത്രീകളെ വഴിനടക്കാന്‍ സമ്മതിക്കാത്തവര്‍. ഒരു സ്ത്രീയുമായി മാനസിക തലത്തില്‍ മാത്രം സൌഹൃദം വെച്ചുപുലര്‍ത്താന്‍ പറ്റാത്തവര്‍. ഒരു പെണ്‍കുട്ടി മിണ്ടിയാല്‍ത്തന്നെ ഹൃദയമിടിപ്പു കൂടുന്ന സമൂഹം. ഞരമ്പുരോഗികളുടെ ഒരു കൂട്ടം. കേരളത്തില്‍ പകുതിയോളം സ്ത്രീകളുണ്ടായിട്ടും സ്ത്രീകളെ കാണാത്ത വര്‍ഗ്ഗം. അങ്ങനെ സംസാരം നീണ്ടു. ആദ്യമൊക്കെ സംസാരം ശ്രദ്ധിക്കാതെ ഇരുന്ന സുജിത്ത് എഴുത്തുകാരിയുടെ കണ്ണുകള്‍ ചോദ്യശരങ്ങളായി തന്നെ ചൂഴുന്നതുകണ്ടു. മുറിയിലെ മൂന്നുപേരില്‍ ആകെയുള്ള പുരുഷനായ താന്‍ ഉത്തരം പറയണമെന്നായിരിക്കും. പാമ്പ് അനങ്ങാതെ കിടക്കണേ എന്നുമാത്രമായിരുന്നു സുജിത്തിന്റെ പ്രാര്‍ത്ഥന. എന്താണ് കേരളത്തിലെ പുരുഷന്മാരുടെ പ്രശ്നം എന്നായി ചോദ്യം. വടക്കേ ഇന്ത്യയിലോ ഇന്ത്യയിലെ വന്‍ നഗരങ്ങളിലോ ഇല്ലാത്ത വിധം കേരളത്തില്‍ അക്രമങ്ങള്‍ കൂടുന്നത് എന്തുകൊണ്ട്? ഒരുപാടുനേരം മിണ്ടാതെ ഇരുന്നെങ്കിലും ഒടുവില്‍ സഹികെട്ട് സുജിത്ത് പറഞ്ഞുതുടങ്ങി. സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വിഷയങ്ങളാണെങ്കിലും തന്റെ ഭാഗം ന്യായീകരിക്കാതെ ഇരിക്കുന്നത് പുരുഷന്മാര്‍ക്ക് മാനക്കേടാണ്. ഈ നിയമത്തിനു സുജിത്തും അപവാദമായിരുന്നില്ല.
“ആണ്‍കുട്ടികള്‍ മാത്രമുള്ള ഒരു വിദ്യാലയത്തിലായിരുന്നു ഞാന്‍ പഠിച്ചത്. ട്യൂഷന്‍ ക്ലാസില്‍ പോലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ക്ലാസുകള്‍ വേറെ വേറെയായിരുന്നു. സ്ത്രീകളെക്കുറിച്ചുള്ള വികലമായ സങ്കല്‍പ്പങ്ങളുമായി സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ പിന്നീടു പോയതും ആണ്‍കുട്ടികള്‍ക്കായി മാത്രമുള്ള ഒരു കലാലയത്തിലേയ്ക്ക്. ബിരുദം വരെ അവിടെ പഠനം. അപ്പോള്‍ ട്യൂഷന്‍ ക്ലാസുകളിലും മറ്റും പല പെണ്‍കുട്ടികളെയും കണ്ടെങ്കിലും ആരുമായും മിണ്ടാനുള്ള ധൈര്യം ഉണ്ടായില്ല. ജീവിതത്തിന്റെ നല്ല കാലം പെണ്‍കുട്ടികളെ ദൂരെനിന്നും മാത്രം കണ്ട് കഴിച്ചുകൂട്ടി. അതും കഴിഞ്ഞ് പ്രകൃതിശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി ബാംഗ്ലൂരിലേയ്ക്ക്. അവിടെ സ്ഥിതി വിഭിന്നമായിരുന്നു. എന്നാല്‍ അതുവരെ പെണ്‍കുട്ടികളുമായി അല്പം മാത്രം മിണ്ടി പരിചയമുള്ള തനിക്ക് അവരുടെ കൂട്ടത്തില്‍ ഒരുവനാവാന്‍ പറ്റിയില്ല“. എഴുത്തുകാരിയുടെ മുഖത്തെ മുനയുള്ള ചോദ്യങ്ങള്‍ മാഞ്ഞ് അല്പം ഒരു പരിഭ്രമം പോലെ ഒരു വികാരം കണ്ടുതുടങ്ങി. മകളെ ഗേള്‍സ് സ്കൂളില്‍ പഠിപ്പിച്ചതും പിന്നീട് വിമന്‍സ് കോളെജില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതും പറയണ്ടായിരുന്നു എന്ന് എഴുത്തുകാരി ആലോചിച്ചുകാണണം. അഞ്ജലിയും സുജിത്ത് അടുത്തതെന്താ പറയാന്‍ പോവുന്നത് എന്ന ഭാവത്തില്‍ അവനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

ബാംഗ്ലൂരില്‍ പ്രശസ്തമായ ഒരു സംഗീത ട്രൂപ്പിന്റെ സംഗീതമേള നടക്കുന്ന സമയം. കാസറ്റുകളില്‍മാത്രം കേട്ട് പരിചയമുള്ളവരെ നേരിട്ടുകാണാം എന്ന പ്രതീക്ഷയില്‍ സുജിത്തും ഒരു കൂട്ടുകാരനും കൂടിയ വിലയുള്ള ടിക്കറ്റ് എടുത്ത് പാലസ് മൈതാനത്തില്‍ എത്തി. ആളുകളുടെ നീണ്ട നിര. ആകാശത്ത് കഞ്ചാവിന്റെ മണം കട്ടിയായി കെട്ടിനിന്നു. സുജിത്തിന്റെ കയ്യിലും ഒരു കഞ്ചാവുബീഡി ഉണ്ടായിരുന്നു. രാത്രി ആറരയായപ്പോള്‍ സംഗീത പരിപാടി തുടങ്ങി.

ഇതുപറഞ്ഞപ്പോള്‍ അഞ്ജലി ഹീലുള്ള ചെരുപ്പുകൊണ്ട് അവനെ ചവിട്ടി. ചവിട്ട് അവഗണിച്ച് സുജിത്ത് കഥ തുടര്‍ന്നു.
സംഗീതപരിപാടി കാണാന്‍ ജനസമുദ്രം. നല്ല തിക്കും തിരക്കും. മുന്‍പില്‍ നില്‍ക്കുന്ന ആളുകളുടെ തല അല്ലാതെ മറ്റൊന്നും കാണാന്‍ വയ്യ. എങ്ങനെയോ തിക്കിയും തിരക്കിയും ഒരുവിധത്തില്‍ മുന്‍പോട്ടെത്തി. മുന്‍പില്‍ കമ്പിയില്‍ പിടിച്ച് മുടി തോളുയരത്തില്‍ വെട്ടിയ, അല്പം തടിച്ച ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു. തിരക്കില്‍ ഒരുനിമിഷം അവളോട് ഒട്ടിച്ചേര്‍ന്നുപോയി. പെട്ടെന്ന് കയ്യിലെ രോമങ്ങളെല്ലാം പൊങ്ങിവന്നു. വീണ്ടും ജനക്കൂട്ടം പാട്ടിന്റെ താളത്തില്‍ പിന്നോട്ടാഞ്ഞപ്പോള്‍ അവളില്‍ നിന്നും വിട്ടുമാറി പിന്നോട്ട്. വീണ്ടും മുന്നോട്ടായുന്ന ജനക്കൂട്ടത്തോടൊപ്പം മുന്നോട്ട്.. ആദ്യമായി ആയിരുന്നു ഒരു പെണ്‍കുട്ടിയെ അത്ര അടുത്ത് മറ്റൊരു വിചാരത്തോടെ തൊടുന്നത്.

ഒരു പാട്ടുകൂടെ കഴിഞ്ഞതോടെ പെണ്‍കുട്ടിയോട് ഒട്ടിച്ചേര്‍ന്നതില്‍ നിന്നും സുജിത്ത് പിന്നോട്ടു നീങ്ങാതെയായി. അവള്‍ കമ്പിയില്‍ നിന്നും കുതറിമാറാന്‍ ഒരു അയഞ്ഞ ശ്രമം നടത്തി. പക്ഷേ രണ്ടുവശത്തും ഇടിച്ചുനില്‍ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ അതു സാദ്ധ്യമല്ലായിരുന്നു. മണിക്കൂറുകള്‍ എന്നുതോന്നിച്ച പത്തുമിനിട്ടിനുശേഷം സുജിത്ത് പതുക്കെ അവളുടെ തോളില്‍ കൈവെച്ചു. വെട്ടിയിട്ടിരിക്കുന്ന കുറ്റിമുടി അവളുടെ തോളില്‍നിന്നും പതിയെ നീക്കി. പെണ്‍കുട്ടി അത് അവഗണിച്ചു. കയ്യുടെ പിടിത്തം അവളുടെ തോളില്‍ മുറുക്കി. അവള്‍ ഒന്നും പറഞ്ഞില്ല.

ഒരു മണിക്കൂറോളം ഒരു പെണ്‍കുട്ടിയുടെ പൂര്‍ണ്ണസമ്മതമില്ലാതെ അവളെ ചേര്‍ത്തുപിടിച്ചും അവളുടെ തോളില്‍ തലോടിയും സുജിത്ത് സംഗീത പരിപാടി കണ്ടു. പരിപാടിതീര്‍ന്ന് അവള്‍ എതിര്‍ത്തില്ലല എന്ന തെല്ലൊരഹങ്കാരത്തോടെ തന്റെ പുരുഷത്വത്തില്‍ ഊറ്റം കൊണ്ട് തിരിഞ്ഞുനടക്കാനാഞ്ഞ സുജിത്തിനെ അവള്‍ കയ്യില്‍ പിടിച്ചുനിറുത്തി. “മൊബൈല്‍ നമ്പര്‍ എന്താ?“ അവന്റെ അല്പം വിവരങ്ങളുമായി അവള്‍ ആള്‍ക്കൂട്ടത്തിലേക്കു പിന്‍‌വാങ്ങി. അവളെ തിരക്കി ആള്‍ക്കൂട്ടത്തില്‍ നിന്നും ചുരുണ്ട മുടിയും അയഞ്ഞ ജീന്‍സും ധരിച്ച ഒരു മെല്ലിച്ച പയ്യന്‍ വരുന്നത് സുജിത്ത് കണ്ടു. കൂട്ടംതെറ്റിപ്പോയ അവളുടെ ബോയ്ഫ്രണ്ട് ആയിരിക്കണം.
അഞ്ജലി ശക്തിയായി കാലില്‍ ചവിട്ടി. സുജിത്തിന്റെ കണ്ണുകള്‍ ഒരുനിമിഷം മുകളിലുള്ള ചാക്കിലേക്കു പോയി. അനക്കമൊന്നുമില്ല. അഞ്ജലിയെ തീര്‍ത്തും അവഗണിച്ച് സുജിത്ത് കഥതുടര്‍ന്നു.

ഒരാഴ്ച്ചയ്ക്കുശേഷം അപ്രതീക്ഷിതമായി ഒരു അപരിചിതയുടേ ഫോണ്‍കാള്‍. ആ പെണ്‍കുട്ടിയാണ്, ദേ എന്നെ ഒട്ടി ഇവിടെ ഇരിക്കുന്നത്. എന്റെ ഭാര്യ, അഞ്ജലി. ഞരമ്പുരോഗത്തിന്റെ പരിണതഭലം.

എഴുത്തുകാരിയുടെ മുഖം കൂര്‍ത്തു. തീതുപ്പുന്നതുപോലെ അവരുടെ കണ്ണുകള്‍ സുജിത്തിനെ നോക്കി. ആരും ഒന്നും മിണ്ടിയില്ല. മുറിയില്‍ ചൂടുള്ള മൌനം കനത്തു. കിടപ്പുമുറിയില്‍ മാത്രം അയവിറക്കേണ്ട സ്വകാര്യതകള്‍ ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിനോട് വിളിച്ചുപറഞ്ഞതുകൊണ്ടായിരിക്കണം, അഞ്ജലിയുടെ മുഖവും ഇരുണ്ടിരുന്നു. പാളം പണിനടക്കുന്നതുകൊണ്ട് തീവണ്ടിയുടെ വേഗത വളരെ കുറഞ്ഞു. തീവണ്ടി ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയ്ക്കുള്ള തുരങ്കത്തോട് അടുക്കുന്നുണ്ടായിരുന്നു.

സാധാരണ ഈ തുരങ്കത്തില്‍ എത്തുമ്പോള്‍ അഞ്ജലിയുടെ കൈകള്‍ തന്റെ ഷര്‍ട്ടിനുള്ളിലൂടെ കടന്ന് ചുരുണ്ട മുടികളുള്ള തന്റെ മാറിടത്തില്‍ തിരിഞ്ഞ് തന്റെ മുലക്കണ്ണുകളെ ഞെരിക്കുന്നതാണ്. ഇരുട്ടത്ത് ട്രെയിനിലെ മറ്റ് ആളുകള്‍ അറിയും എന്നു കൂസാതെ അവളുടെ തണുത്ത കൈകള്‍ തന്റെ ശരീരത്തില്‍ അരിക്കുന്നതിന്റെ സുഖവും രോമാഞ്ചവും ഒടുവില്‍ തുരങ്കത്തില്‍ നിന്നും ട്രെയിന്‍ പുറത്തെത്തുന്നതിനു മുന്‍പേ കൈ മാറ്റുന്ന കാട്ടുപെണ്ണിന്റെ ചടുലതയും ഇന്ന് നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് സുജിത്ത് മനസ്സുകൊണ്ട് കഥാകാരിയെ പഴിച്ചു. വേണ്ടാത്ത സമയത്തുതന്നെ ജീവിതകഥയുടെ കെട്ട് ആര്‍ക്കാനും വേണ്ടി അഴിക്കാന്‍ തോന്നിയ തന്റെ മനസ്സിനെയും സുജിത്ത് മിണ്ടാതെ പ്രാകി.

തീവണ്ടി മെല്ലെ തുരങ്കത്തില്‍ കടന്നു. ബോഗിയുടെ ഉള്ളം ഇരുണ്ടപ്പോള്‍ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അഞ്ജലിയുടെ സ്വര്‍ണ്ണവളകള്‍ അവന്റെ നെഞ്ചിലൂടെ ഇഴഞ്ഞു. അതിലും അവിചാരിതമായിരുന്നു വളയിടാത്ത ഒരു മെലിഞ്ഞ കൈ അവന്റെ തുടകളില്‍ക്കൂടി അരിച്ചരിച്ച് മുകളിലേക്കു കയറിയത്. ചാക്കിനുള്ളില്‍ പൊടുന്നനെ ഉണര്‍ന്ന് പാമ്പ് വീര്യത്തോടെ പത്തിവിടര്‍ത്തി നെട്ടനെ എഴുന്നുനില്‍ക്കുന്നത് ആ ഇരുട്ടിലും സുജിത്ത് അറിയുന്നുണ്ടായിരുന്നു.

യുദ്ധം തീരുന്നില്ല

യുദ്ധഭൂമിയില്‍ ഇത്രയും ചോരയൊലിപ്പിച്ച് ബാലചന്ദ്രന്‍ എങ്ങനെ പിടിച്ചുനിന്നു എന്ന് ഡോക്ടര്‍മാര്‍ക്ക് അറിയില്ലായിരുന്നു. തീരെ തളര്‍ന്ന് ചുണ്ടുകളും കണ്ണുകളും വിറച്ച് മയങ്ങിവീണനിലയില്‍ ആയിരുന്നു ബാലചന്ദ്രനെ സൈനീക ആശുപത്രിയില്‍ കൊണ്ടുവന്നത്. മുറിവുകള്‍ വെച്ചുകെട്ടി ചോരവാര്‍പ്പ് നിറുത്തുവാന്‍ രണ്ട് ഡോക്ടര്‍മാരും മൂന്ന് നേഴ്സ്മാരും കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാരിലൊരാള്‍ അപരനോടുപറഞ്ഞു: യുദ്ധത്തില്‍ മറ്റുള്ളവര്‍ ബാലചന്ദ്രനില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഏകദേശം തുന്നിക്കെട്ടി. അവ അത്ര സാരമില്ല. കരിഞ്ഞുതുടങ്ങി. എന്നാല്‍ ബാലചന്ദ്രന്‍ സ്വയം ഏല്‍പ്പിച്ച മുറിവുകളാണ് കൂടുതല്‍. അവയാണ് കൂടുതല്‍ ആഴത്തില്‍. എത്രശ്രമിച്ചിട്ടും അവയില്‍ നിന്ന് ചോര കുത്തിയൊഴുകുന്നത് നില്‍ക്കുന്നില്ല.

ഞരമ്പുതുളച്ച ചോരക്കുപ്പികളുടെ ഇടയില്‍ മയക്കത്തില്‍ നിന്ന് എപ്പോഴോ കണ്ണുതുറന്ന് വിറച്ചുകിടന്ന ബാലചന്ദ്രനോട് വെളുത്ത തൊപ്പിവെച്ച സുന്ദരിയായ നേഴ്സ് പറഞ്ഞു. “ബാലചന്ദ്രന്‍ ഇനി യുദ്ധം ചെയ്യരുത്. മതി. നല്ലകുട്ടിയായി നാട്ടില്‍ പോവൂ. അവിടെ സമാധാനമില്ലേ?”

“ഇല്ല, ഇല്ല, ഇല്ല.“ ബാലചന്ദ്രന്‍‍ വീണ്ടുമൊരു മയക്കത്തിലേയ്ക്കു വഴുതിവീണു. മുറിവുകളില്‍ നിന്നും ചോര ഒലിച്ചുകൊണ്ടിരുന്നു.

പൂത്തുമ്പി

പുട്ടുലു രാമറാവു ഒരു നല്ലകുട്ടി ആയിരുന്നു. അവനു ആകെ ഉള്ള ചീത്തശീലം അവന്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും എന്നതായിരുന്നു. ഒരു ദിവസം അവന്‍ അഞ്ചുനിറമുള്ള ഒരു തുമ്പിയെ പിടിച്ചു. തുമ്പിയെക്കൊണ്ട് ഓരോ ഓരോ ചെറിയ കല്ലുകള്‍ എടുപ്പിച്ച് ജനാലയുടെ കട്ടിളയില്‍ അവന്‍ നിരത്തി വെപ്പിച്ചു. ഒടുവില്‍ തുമ്പിയെക്കൊണ്ട് ഇത്തിരിക്കൂടെ വലിയ കല്ലുകളും എടുപ്പിച്ച് ജനാലയുടെ കട്ടിളയില്‍ വെപ്പിച്ചു. അവന്‍ ചിരിച്ചുകൊണ്ട് തുമ്പിയോട് ചോദിച്ചു. “മണ്ടന്‍ തുമ്പീ, നിനക്ക് കല്ലുകള്‍ എടുക്കാതിരുന്നൂടേ, അല്ലെങ്കില്‍ കല്ലുകള്‍ ഇട്ടുകളഞ്ഞൂടേ? നീ എന്തു മണ്ടനാണ്?”

തുമ്പി അല്പം വിഷാദത്തോടെ ചിരിച്ചു. എന്നിട്ടു പറഞ്ഞു. ഞാന്‍ കല്ലെടുത്തില്ലെങ്കില്‍ നിനക്കു വിഷമമാവൂല്ലേ? അതുകൊണ്ടാണ് ഞാന്‍ കല്ലുകള്‍ എടുക്കുന്നത്.

പുട്ടുലു രാമറാവുവിന് ഇതുകേട്ട് വിഷമം ആയി. അവന്‍ തുമ്പിയെ ജനാലയില്‍ക്കൂടി പറത്തിവിട്ടു. തുമ്പി നന്ദിയോടെ തിരിച്ചുവരുമെന്ന് അവന്‍ ഒരുപാട് ആശിച്ചു. അവന്‍ ജനാലയുടെ ഇരുമ്പുകമ്പിയില്‍ പിടിച്ച് തുമ്പി തിരിച്ചുവരുന്നതും കാത്ത് ഒരുപാടുനേരം നിന്നു. പക്ഷേ തുമ്പി തിരിച്ചുവന്നില്ല.

ജനാലയുടെ പുറത്ത് ആളുകള്‍ ചിരിച്ച് ഉല്ലസിച്ച് നടക്കുന്നുണ്ടായിരുന്നു. പുറത്ത് കടകളില്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടായിരുന്നു. കുറെപ്പേര്‍ പുറത്ത് അടികൂടുന്നുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ പാര്‍ക്കില്‍ കളിക്കുന്നുണ്ടായിരുന്നു. ചിലര്‍ കടല്‍ത്തീരത്തുകിടന്ന് ഉമ്മവെക്കുന്നുണ്ടായിരുന്നു. കടല്‍ ശാന്തമായി ചിരിക്കുന്നുണ്ടായിരുന്നു. ഒരുപാട് പൂമ്പാറ്റകള്‍ പറന്നുനടക്കുന്നുണ്ടായിരുന്നു. ജനാല തുറന്ന് പുറത്തുപോയി അവരുടെ ഇടയില്‍ ഓടിനടക്കണമെന്ന് പുട്ടുലു രാമറാവു ഒരുപാട് ആശിച്ചു. പക്ഷേ ജനാലയുടെ താക്കോല്‍ അവന്റെ കയ്യില്‍ ഇല്ലായിരുന്നു. ജനാലയുടെ താക്കോല്‍ ആരുടെയും കയ്യില്‍ ഇല്ലായിരുന്നു.

എന്നെ തുറന്നുവിടൂ. LET ME OUT!

നല്ല മാലാഖ

യാത്ര നല്ല രസമായിരുന്നു. കൂട്ടുകാരുടെ ബൈക്കില്‍ അള്ളിപ്പിടിച്ചിരുന്ന് ദുബൈ നിരത്തുകളിലൂടെ അതിവേഗത്തില്‍ ഒരു യാത്ര. ഞങ്ങള്‍ അങ്ങനെ പറക്കുമ്പോള്‍ ചുറ്റും ചിറകുള്ള ആയിരത്തിപ്പതിമൂന്ന് വെള്ളക്കുതിരകള്‍ വന്ന് ഞങ്ങളുടെ ഒപ്പം പറന്നുനടന്നു. ആകെ ഒരു വെള്ളനദി. അതില്‍ മുങ്ങിയും പൊങ്ങിയും ഞാന്‍ ഇവിടെ എത്തി.

കൂട്ടുകാരന്‍ ഡോക്ടറോടു പറഞ്ഞത് എനിക്കെന്തോ മാനസിക രോഗമാണ്, കിടത്തി ചികത്സിക്കണം എന്നായിരുന്നു. എനിക്കെന്റെ ഫ്ലാറ്റില്‍ കിടക്കാനാ ഇഷ്ടം. ആദ്യം ഡോക്ടര്‍ ചിരിച്ചു. എന്നിട്ട് ഡോക്ടര്‍ എന്നോടു ചോദ്യങ്ങള്‍ ചോദിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ആരാ (മന്മോഹന്‍ സിങ്ങ്), സിറാലിയോണിന്റെ പ്രധാനമന്ത്രി ആരാ? (ഏണസ്റ്റ് ഭായ് കൊറോമ) ഇങ്ങനെ കുറെ ചോദ്യങ്ങള്‍. എനിക്കു നൂറില്‍ നൂറുമാര്‍ക്കും കിട്ടി. ഞാന്‍ മലയാളം വിക്കിപീഡ്യേലെ വല്യ കൊണാണ്ടറാ. ഡോക്ടര്‍ എനിക്കു കൈതന്ന് എന്നെ തിരിച്ചയക്കാന്‍ വാതില്‍ വരെ വന്നതാണ്. അപ്പൊഴാണ് കൂട്ടുകാരന്‍ എന്റെ കഥകളുടെ പ്രിന്റൌട്ട് ഡോക്ടര്‍ക്കു കൊടുക്കുന്നത്. പിന്നീടുവന്ന ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് ഉത്തരമറിയില്ലായിരുന്നു. രഘു ആരാ? (എനിക്കറിയില്ല) രഘുവും ഞാനും തമ്മില്‍ എന്താ ബന്ധം? (എനിക്കറിയില്ല) എന്റെ സ്വന്തത്തിലുള്ള ആരെങ്കിലും ആണോ? (എനിക്കറിയില്ല) ഞാന്‍ കഥകള്‍ എഴുതുമോ? (എഴുതില്ല, സത്യം) പിന്നെ ഈ കഥകള്‍ ആരെഴുതിയതാണ്? (ഞാന്‍), ഇതില്‍ പറയുന്ന രഘു ആരാണ്? (എനിക്കറിയില്ല) എന്റെ കഥകളില്‍ രഘു എന്ന ഒരു കഥാപാത്രം ഉണ്ടോ? (ഇല്ല). ഈ കഥകള്‍ ആരെഴുതി (ഞാന്‍).

ഞാന്‍ കിടന്നത് ഒരു വലിയ മുറിയില്‍ ആയിരുന്നു. ഒരു കട്ടിലില്‍ ഡൂഡു. മറ്റൊരു കട്ടിലില്‍ ചമതകന്‍. മറ്റൊരു കട്ടിലില്‍ ഡാകിനി അമ്മൂമ്മ. ചമതകന്‍ എനിക്കു കുടിക്കാന്‍ തേന്‍ തന്നു. നല്ല ആശുപത്രി. പക്ഷേ തേനീച്ച എന്നെ കുത്തി.

പിന്നെ എന്നെ ഒറ്റയ്ക്ക് ഒരു മുറിയില്‍ ആക്കി. ഒരു സുന്ദരിയായ മാ‍ലാഖ ആയിരുന്നല്ലോ എന്നെ മുറിയില്‍ നോക്കിയത്. മുറി നിറയെ പല നിറത്തിലുള്ള ബലൂണുകള്‍ ഇങ്ങനെ പറന്നുനടന്നു. ഒരു ബലൂണില്‍ക്കയറി ഡൊറോത്തിവന്നു. പിന്നെയും മാലാഖ വന്നു. നല്ല മാലാഖ. രാത്രി എനിക്കു ഒറ്റയ്ക്കു കിടക്കാന്‍ പേടിയായിരുന്നു. ജനലില്‍ കൂടി കണ്ണാടി തുറന്ന് പാമ്പുവരുമല്ലോ. പാമ്പ് എന്നെ കടിച്ചാലോ? എനിക്കു മരിക്കാന്‍ ഇഷ്ടമല്ല. ഇതു പറഞ്ഞപ്പോള്‍ മാലാഖ രാത്രി വന്ന് എന്നെ കെട്ടിപ്പിടിച്ചുകിടന്നു. മാലാഖ എനിക്കു നല്ല പാട്ടുപാടിത്തന്നു, കുറെ കഥയും പറഞ്ഞുതന്നു. രാവിലെ എണീറ്റപ്പോള്‍ ഇന്നലെ നേഴ്സിനെ കെട്ടിപ്പിടിച്ചുകിടന്ന് ഉറങ്ങിയത് നല്ല സുഖമായിരുന്നു, ഇന്നുരാത്രിയും നേഴ്സിനെ കെട്ടിപ്പിടിച്ച് കിടന്നോട്ടെ എന്നു ഞാന്‍ ചോദിച്ചു. നേഴ്സ് പറയുന്നത് ഇന്നലെ രാത്രി നേഴ്സ് അപ്പുറത്തെ വാര്‍ഡിലായിരുന്നു, ഞാന്‍ നേഴ്സിനെ കെട്ടിപ്പിടിച്ചു കിടന്നതായി സ്വപ്നം കണ്ടതാ, ഇവിടെ വരുന്ന കല്യാണം കഴിക്കാത്ത എല്ലാ മലയാളി പയ്യന്മാരും ഇങ്ങനത്തെ സ്വപ്നം കാണും എന്നാ. ഇതു കേട്ടപ്പോള്‍ ഇന്നലെ എന്നെ പാമ്പുകടിച്ചാലോ എന്നോര്‍ത്ത് ഞാന്‍ കരഞ്ഞു. നേഴ്സ് ചിരിച്ചുകൊണ്ട് ഇന്നും എന്റെ സ്വപ്നത്തില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു കിടക്കാമെന്നു സമ്മതിച്ചു. എനിക്ക് സ്വപ്നങ്ങള്‍ കാണുന്നത് എന്തിഷ്ടമാണെന്നോ?


ഞാന്‍ ഇന്നലെ ഒരു പടം വരച്ചു.


ഡോക്ടറിനു പഠിക്കാന്‍ ആ പഠം വേണമെന്ന്. ഞാന്‍ കൊടുക്കൂല്ല.

ഇവിടെ കമ്പ്യൂട്ടര്‍ ഉണ്ട്. പക്ഷേ എനിക്ക് ഇവരതു തൊടാന്‍ തരൂല്ല. എന്റെ ചികത്സയുടെ ഭാഗമാണത്രേ. ഞാന്‍ ഇപ്പൊ പേപ്പറില്‍ എഴുതാം. പിന്നെ മാലാഖവന്ന് അത് റ്റൈപ്പ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇടും. പക്ഷേ മാലാഖ പോവുമ്പൊ ബാക്കി മൊത്തം ഞാന്‍ റ്റൈപ്പ് ചെയ്യാട്ടോ.

നാളെ രാവിലെ രണ്ടു കൊമ്പന്മീശകള്‍ വന്നു. അവര്‍ കാശിയില്‍ നിന്നാ വന്നത്. അവരും രഘുവിനെ കുറിച്ച് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷേ എനിക്ക് ഒന്നിനും ഉത്തരം അറിയില്ലായിരുന്നു. ഇവിടെ ഷോക്ക് അടിപ്പിക്കും :-( അതു ഭയങ്കര വേദനയാണ്. എന്തിനാ ഷോക്ക് അടിപ്പിക്കുന്നത്? അവര്‍ക്ക് കാശിയില്‍ കടവത്തുനിന്ന് ഒരു പുസ്തകം കിട്ടിയത്രേ. മരുന്നുതന്നാല്‍ പോരേ? എന്തിനാ ഷോക്ക് അടിപ്പിക്കുന്നത്? അതില്‍ എന്റെ ദുബൈയിലെ ഫ്ലാറ്റിലെ അഡ്രസ് ഉണ്ടായിരുന്നെന്ന്. ഞാന്‍ ദുബൈ ഇല്‍ പോയിട്ടില്ലല്ലോ. എന്റെ വീട് കൊല്ലത്താ. കോളെജ് ജങ്ങ്ഷനില്‍. ആ പുസ്തകത്തില്‍ എല്ലാ പേജിലും ഒരു പേരുമാത്രം വെട്ടിയിരിക്കുന്നെന്ന്. എന്തിനാ വെട്ടിയത്?

മാലാഖചോദിക്കുവാ, ഞാന്‍ പുസ്തകങ്ങള്‍ വായിക്കുമോന്ന്! മൂന്നാം ക്ലാസില്‍ കൊല്ലം പബ്ലിക് ലൈബ്രറിയില്‍ പോയിത്തുടങ്ങിയതാ ഞാന്‍. നാലാം ക്ലാസില്‍ മെറ്റമോര്‍ഫസിസ് വായിച്ചു. മൂന്നാം ക്ലാസില്‍ യുളീസിസ് വായിച്ചു. അഞ്ചാം ക്ലാസില്‍ കരമസോവ്, വാറാന്‍പീസ്, ക്രൈമാന്റ്ഗ്രേറ്റ്ഗാറ്റ്സ്ബി, ഫെയര്‍വെല്‍റ്റുദ്ബെല്‍ടോള്‍സ്, രണ്ടാം ക്ലാസില്‍ ലോര്‍ഡ് ഓഫ് ദ് ഫ്ലൈസ്, എട്ടാം ക്ലാസില്‍ ലോര്‍ഡ് ഓഫ് ദ് റിങ്ങ്സ്, ഒന്നാം ക്ലാസില്‍ ഇതിഹാസം, ഗുരുസാഗരം, അമ്മയുടെ വയറ്റില്‍ കിടന്നിന്റഗ്രല്‍ കാല്‍ക്കുലസ്, ഹരിനാമകീര്‍ത്തനം. പിന്നെ പ്രീഡീഗ്രീയ്ക്കായിരുന്നു അനുരാഗത്തിന്റെ ദിനങ്ങള്‍. എന്റെ അച്ചന്‍ ഇംഗ്ലീഷ് പി.എച്.ഡി ആയിരുന്നല്ലോ. വീട്ടിന്റെ അപ്പുറത്തു താമസിച്ചിരുന്ന ആന്റിയും ഇംഗ്ലീഷ് സ്കോളര്‍ ആയിരുന്നല്ലോ. അതോണ്ട് എനിക്കു ഇംഗ്ലീഷ് സാഹിത്യമാ ഇഷ്ടം. ഡോക്ടര്‍ ചോദിക്കുന്നു എനിക്ക് കൊല്ലത്ത് തിരിച്ചുപോണോന്ന്. പാവം അച്ചന്‍. അച്ചനു വിഷമം ആവും. എനിക്കുപോണ്ടാ. എനിക്കുയുഏയീ വര്‍ക്ക് വിസാ ഉണ്ടല്ലോ. എന്നാലും എനിക്ക് എല്ലാം ഇഷ്ടമാ. എല്ലാരേം ഇഷ്ടമാ. പത്താംക്ലാസില്‍ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി. ടോട്ടോച്ചാന്‍!

ഡോക്ടര്‍ ചോദിക്കുന്നു ഇനി ഞാന്‍ കഥ എഴുതുമോന്ന്. ഇല്ല. ഇനി കഥ എഴുതിയാല്‍ അതില്‍ രഘു എന്ന കഥാപാത്രം കാണുമോന്ന്. ഇല്ല. എന്നെ ഉടനെ ഇവിടെനിന്നും പുറത്തുവിടുമെന്നാ പറയുന്നത്. പക്ഷേ ഈ മുറിക്ക് വല്യ ജനാലയുണ്ട്. ജനാലയില്‍ക്കൂടി ഈന്തപ്പന കാണാം. അതിന്റെ അപ്പുറം റോഡുകാണാം. അതിന്റെ അപ്പുറം കടല്‍ത്തീരം കാണാം. ഈ രഘു ആരാ? അതിന്റെ അപ്പുറം കടല്‍ കാണാം. അതിന്റെ അപ്പുറം ആകാശം കാണാം. പക്ഷേ ജനാലയ്ക്ക് ഇരുമ്പഴിയുണ്ട്. അതിന്റെ അപ്പുറം ദ്ദ്ഫ്ഹ്ഗ് എറ്റ്വ് ദ്ദ്ഗ് സ്സ്ദ്സ്വ്ഫ് ദ്ഫ്ഗ്ദ്ദ് ദ്ഫ്ദ്വ് ദ്ദ്സ്ഗ് സ്ദ്ഫ് ദ്ഗ്സ് സ്ദ്സ്ഫ്സ് സ്ദ്ഗ്സ് സ്ദ്ഫ്സ്ദ്ഫ് സ്ദ്ഫ്സ് സ്ദ്ഫ്സ്ഫ്ദ് സ്ദ്ഫ്സ് ദ്സ്ദ്ഫ് സ്ദ്ഫ്സ്സ്ദ്ഫ്സ് ദ്ഫ് ഫ്ദ്സ്ദ് സ്ദ്ഫ്സ്ദ്സ്ദ്സ്ദ്സ്ദ്സ്രെറ്റെര്‍റ്റെസ്ദ്ഫ്സ്ഝൊല്വ്ഹെര്‍റ്റ്വ്ര്റ്റിഉപ്വ്സദ്ജ്ഫ്ക്ദഫ്ദ്ഫ്സ്ദ്ഫപിഫ്ഹ്വെര്‍ക്ക്വെര്‍\ഫ്ജദ്പദ്സ്ഫ്സ്ദ്ഫ്സ്ദിദുഗ്ദ്ഫ്ഗ്ജ്ജാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഫ്സ്ദ്സ്പ്ദൊഫിസ്പ്ദുഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഹ്ബാന്‍ നി ഫ്ഗഥ എഴുദൂല്ല്ല്ല്ല്ല്ല്ല
-മിമി

കഥാന്ത്യം

ബാംഗ്ലൂര്‍ മഹാനഗരത്തില്‍ രാത്രി പത്തുമണി ആയി. ക്രിക്കറ്റുകളി കണ്ട് സന്തോഷത്തോടെ രഘു പൂക്കളുടെ ചിത്രങ്ങളുള്ള തന്റെ പ്രിയപ്പെട്ട തലയണയും കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ രഘു ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ രഘു സ്ഥലകാല പരിമിതികള്‍ ഭേദിച്ച് സൂറിക്കിലെത്തി. അവിടെ നീലക്കണ്ണുകളുള്ള നല്ല ഉയരമുള്ള ഒരു സുന്ദരിയുടെ കയ്യും പിടിച്ച് രഘു മിണ്ടാതെ തടാകത്തിന്റെ തീരത്തുകൂടി നടക്കുകയായിരുന്നു. തടാകത്തിനു സമീപത്ത് കുറച്ച് സായിപ്പന്മാര്‍ മഞ്ഞ വസ്ത്രങ്ങളും അണിഞ്ഞ് ഹരേ രാമാ, ഹരേ കൃഷ്ണാ എന്ന് ഹാര്‍മോണിയവും വായിച്ച് പാടുന്നുണ്ടായിരുന്നു. കുറച്ചുപേര്‍ തടാകതീരത്തെ സിമന്റ് തിട്ടയില്‍ ഇരുന്ന് ഗിറ്റാര്‍ വായിച്ച് മധുരമായി പാട്ടുപാടുന്നുണ്ടായിരുന്നു. ആല്പ്സ് പര്‍വ്വതം ദൂരെ തടാകത്തിനെ അനന്തമായി ചുംബിക്കുന്നുണ്ടായിരുന്നു. രഘുവിനെയും സുന്ദരിയെയും പോലെ പലരും തടാകക്കരയില്‍ നടക്കുന്നുണ്ടായിരുന്നു. നടന്നുതളര്‍ന്ന് സുന്ദരി പാര്‍ക്കിലെ ആളൊഴിഞ്ഞ ഒരു ബെഞ്ചില്‍ ഇരുന്നു. രഘു സുന്ദരിയുടെ മടിയില്‍ തലവെച്ചുകിടന്ന് ഉറക്കമായി.

ഉറക്കത്തിലെ സ്വപ്നത്തില്‍ രഘു ഒരു വെള്ളക്കുതിരയായി. സുന്ദരിയായ രാജകുമാരിയെ തന്റെ ചുമലിലേറ്റിക്കൊണ്ട് വെള്ളിമേഖങ്ങളിലൂടെ രഘുകുതിച്ചുപാഞ്ഞു. കൂറ്റന്‍ മിനാരങ്ങളും മഴവില്ലിന്റെ നിറങ്ങളുള്ള വലിയ ജനാലകളുമുള്ള ഒരു കൊട്ടാരത്തിനുമുന്‍പില്‍ രഘു രാജകുമാരിയെ കൊണ്ടെത്തിച്ചു. അതിസുന്ദരനായ ഒരു രാജകുമാരന്‍ കൊട്ടാരത്തിന്റെ പടിവാതിലില്‍ രാജകുമാരിയെക്കാണാതെ ദു:ഖിതനായി നില്‍ക്കുന്നുണ്ടായിരുന്നു. രാജകുമാരിയെ കണ്ടയുടനെ അത്യാഹ്ലാദത്തോടെ രാജകുമാരന്‍ ഓടിയടുത്തു. രാജകുമാരി രാജകുമാരന്റെ കൈകളിലേയ്ക്ക് ചായുന്നതിനു മുന്‍പേ രഘുവിന്റെ കഴുത്തിലൂടെ കൈകള്‍ പിണച്ച് കുഞ്ചിരോമങ്ങളില്‍ തലോടി അവന്റെ നെറ്റിയില്‍ ഉമ്മവെച്ചു. വെള്ളത്തലപ്പാവും കറുത്ത വെട്ടിമിനുക്കിയ താടിയുമുള്ള ഒരു പടുകൂറ്റന്‍ ഭൃത്യന്‍ രഘുവിനെ അനേകതരത്തിലുള്ള കുതിരകളുള്ള ഒരു കുതിരലായത്തില്‍ കൊണ്ടുച്ചെന്ന് കെട്ടി. ലായത്തില്‍ കാത്തുനിന്ന് രഘു ഉറങ്ങിപ്പോയി.

ഉറക്കത്തിലെ സ്വപ്നത്തില്‍ രഘു വര്‍ണ്ണച്ചിറകുകളുള്ള ഒരു പൂമ്പാറ്റയായി പറന്നുനടന്നു. കണ്ണെത്താത്ത ദൂരത്തില്‍ പല വര്‍ണ്ണങ്ങളിലെ പൂക്കള്‍ വിടര്‍ന്ന ഒരു ഉദ്യാനത്തില്‍ രഘു തേന്‍ നുകര്‍ന്ന് പാറിനടന്നു. പൂന്തോട്ടത്തിലെ ഒരു പൂമരത്തിന്റെ കൊമ്പില്‍ അതിസുന്ദരിയായ ഒരു മാലാഖ വിഷമിച്ച് ഇരിക്കുന്നുണ്ടായിരുന്നു. ഒരു കൂട്ടുകാരും ഇല്ലാത്തതായിരുന്നു മാലാഖയുടെ ദു:ഖം. രഘു പറന്നുചെന്ന് മാലാഖയുടെ പൂവിതള്‍പോലെ നനുത്ത കൈകളിലിരുന്നു. നീലക്കടല്‍ പോലെ ആഴമുള്ള മാലാഖയുടെ കണ്ണുകള്‍ക്കു മുന്‍പില്‍ രഘു നൃത്തം ചെയ്തു. പിന്നെ വെണ്ണപോലെ മൃദുവായ മാലാഖയുടെ മൂക്കിലിരുന്നു. മഞ്ഞുപോലെ കുതിര്‍ന്ന മാലാഖയുടെ ചുണ്ടില്‍ പറന്നിരുന്ന് രഘു തന്റെ തേന്‍ചുണ്ടുകള്‍ കൊണ്ട് ചുംബിച്ചു. രഘു അവള്‍ക്ക് ഒരുപാടു കഥകള്‍ പറഞ്ഞുകൊടുത്തു. അനാദികാലം മുതല്‍ക്കുള്ള കഥകള്‍ മുതല്‍ ആധുനിക സാഹിത്യത്തിലെ രത്നങ്ങള്‍ വരെ രഘു വാരിക്കോരി ആ മാലാഖയുടെ മടിയിലിട്ടു. അവള്‍ വളരെ സന്തോഷിച്ചെങ്കിലും ആറുമണിയായപ്പോള്‍ രഘുവിനോട് അവള്‍ പറഞ്ഞു, രഘൂ, എനിക്ക് പോവാന്‍ സമയമായി. അതുമല്ല, നീ ഒരു സ്വപ്നത്തിലാണെന്ന് നിനക്കറിയാമോ? നീ ഒരു പൂമ്പാറ്റയല്ല. മറ്റെന്തോ ഒരു ജീവിയാണു നീ.

ഇത് കേട്ട് രഘു ഞെട്ടിപ്പോയി. പൂമ്പാറ്റ അതിന്റെ രണ്ടു ചിറകുകളും നഷ്ടപ്പെട്ട് ചോര വാര്‍ന്നൊലിച്ചു. കുതിരലായത്തില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന രഘു രക്തം വിയര്‍ത്തു. പെട്ടെന്ന് കൊട്ടാരത്തിലെ ദീപങ്ങളെല്ലാം തെളിഞ്ഞു. കൊള്ളക്കാര്‍ കോട്ടമതിലും ചാടിക്കടന്ന് രാജകുമാരിയുമായി കുതിച്ചുപായുന്നുണ്ടായിരുന്നു. രാജകുമാരന്‍ അലറിവിളിച്ചുകൊണ്ട് രഘുവിന്റെ ചുമലില്‍ ചാടിക്കയറി അതിവേഗത്തില്‍ രഘുവിനെ കൊള്ളക്കാരുടെ പിന്നാലെ പായിച്ചു. വായുവിനെക്കാള്‍ വേഗത്തില്‍ കറുത്ത കുതിരകളെ ഓടിച്ച അന്‍പതു കള്ളന്മാര്‍ പെട്ടെന്ന് തിരിഞ്ഞുനിന്ന് രാജകുമാരനുനേരെ അമ്പെയ്തു തുടങ്ങി. രഘു അതിസമര്‍ത്ഥമായി ഒഴിഞ്ഞുമാറിയെങ്കിലും പല അമ്പുകളും രഘുവിന്റെ കുളമ്പിലും തുടകളിലും ഉടലിലും കഴുത്തിലും തറച്ചു. ഒടുവില്‍ ഹൃദയത്തില്‍ ഒരു തീയമ്പുകൊണ്ട് കുഴഞ്ഞുവീണുമരിക്കാന്‍ പോകവേ കുതിരയുടെ സ്വപ്നത്തില്‍ നിന്ന് രഘു ഞെട്ടിയുണര്‍ന്നു.

സൂറിക്കിലെ പാര്‍ക്കില്‍ സുന്ദരി പതുക്കെ രഘുവിന്റെ ചുണ്ടുകളില്‍ ചുംബിച്ചു. രഘൂ, നീ ഉറക്കത്തില്‍ വല്ലാതെ വിയര്‍ത്തുവല്ലോ. ഇന്ത്യയില്‍ നിന്ന് യാത്രചെയ്ത് നീ അത്ര ക്ഷീണിച്ചുകാണും. നിന്റെ കണ്ണുകള്‍ പിടയ്ക്കുന്നല്ലോ എന്നുപറഞ്ഞ് സുന്ദരി രഘുവിന്റെ കണ്ണുകളെ മാറിമാറി ഉമ്മവെച്ച് ശാന്തമാക്കി. നിന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നല്ലോ എന്നുപറഞ്ഞ് സുന്ദരി രഘുവിന്റെ ചുണ്ടുകളെ ഒരു നീണ്ട ചുംബനം കൊണ്ട് നനച്ചു. അവളുടെ ഒരുതുള്ളി കണ്ണുനീര്‍ രഘുവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വീണു. ഇളംനീലനിറമുള്ള പോക്കറ്റും കടന്ന് ഷര്‍ട്ടിന്റെ തുണിയും കടന്ന് രഘുവിന്റെ നെഞ്ചിലെ രോമങ്ങളും കടന്ന് ഊത നിറമുള്ള തൊലിയും കടന്ന് അവന്റെ തുടിക്കുന്ന ഹൃദയത്തിന്റെ അറകളില്‍ പടര്‍ന്ന് കണ്ണുനീര്‍ അവന്റെ ഉള്ളത്തെ തണുപ്പിച്ചു. രഘൂ, നിന്റെ ജീവിതം ധന്യമായി, ഇത്രയും ജീവിതം പോരേ നിനക്ക് എന്നുചോദിച്ച് സുന്ദരി വിടര്‍ന്നുചിരിച്ചുകൊണ്ട് ഒരു തിളങ്ങുന്ന കത്തിയെടുത്ത് രഘുവിന്റെ ഹൃദയത്തില്‍ കുത്തിയിറക്കി. രഘു വിറച്ചുകൊണ്ട് സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.

രഘു ഉറക്കമുണര്‍ന്നപ്പോള്‍ അവന്‍ ബാംഗ്ലൂരില്‍ അല്ലായിരുന്നു. പൂവും ചന്ദനവും ചൂടിയ ഒരു മഞ്ചലില്‍ അവന്‍ കിടക്കുകയായിരുന്നു. രണ്ട് ആജാനബാഹുക്കളായിരുന്നു ശവമഞ്ചല്‍ ചുമന്നത്. ഇതും സ്വപ്നത്തിന്റെ അറകളാണോ എന്നറിയാന്‍ രഘു തന്റെ കൈകളില്‍ പിച്ചി. ഉറക്കെ അലറിവിളിച്ചു. അയ്യോ ഞാന്‍ മരിച്ചിട്ടില്ല എന്ന് മഞ്ചല്‍ വാഹകരോട് രഘു വിളിച്ചുപറഞ്ഞു. പലതവണ രഘു ഞെട്ടിയുണര്‍ന്നു. പക്ഷേ മഞ്ചല്‍ വാഹകര്‍ മഞ്ചല്‍ ചുമന്നുകൊണ്ട് നദീതീരത്തുകൂടി നടന്നുകൊണ്ടിരുന്നു. മഞ്ചല്‍ വാഹകരുടെ അരികില്‍ ഒന്നും മിണ്ടാതെ ഒരു നീല ജുബയും കാവിമുണ്ടും കൂളിങ്ങ് ഗ്ലാസും ധരിച്ചുകൊണ്ട് സിമി നടക്കുന്നുണ്ടായിരുന്നു.

രഘു: സിമീ, കഥാകൃത്തേ, കൂട്ടുകാരാ, എന്താണിത്? എന്നെ എങ്ങോട്ടാണു കൊണ്ടുപോവുന്നത്?
സിമി: രഘു, ഈ പല്ലക്കുചുമക്കുന്നത് ഭീമനും സുയോധനനുമാണ്. പ്രായമനുസരിച്ച് സുയോധനന്‍ മുന്‍പിലും ഭീമന്‍ പിന്നിലുമാണ്. ഈ നദി നോക്കൂ. ഇത് പുണ്യശിവഗംഗയാണ്. നമ്മളിപ്പോള്‍ കാശിയിലാണ്. നിന്റെ ജന്മം സഫലമായി. നിന്നെ ദഹിപ്പിക്കാന്‍ പോവുകയാണ്. ഈ പുണ്യതീരത്ത് ദഹിച്ച് പുഴയിലൊഴുകുന്നതിലും ധന്യമായ മരണം ഏതെങ്കിലുമൊരു കഥാപാത്രത്തിനു കിട്ടാനുണ്ടോ? മലയാള സാഹിത്യത്തില്‍ അങ്ങനെമരിച്ച ഒരു കഥാപാത്രമില്ല.

രഘു: ഇല്ല, എനിക്കു മരിക്കണ്ടാ, എനിക്കുമരിക്കണ്ടാ. ഭീമാ, ദുര്യോധനാ, എന്നെ താഴെയിറക്കൂ.
ഭീമന്‍, ദുര്യോധനന്‍: ഞങ്ങള്‍ കഥയിലെ കഥാപാത്രങ്ങള്‍ മാത്രം. സിമി പേനയുന്തുന്നതുപോലെയേ ഞങ്ങള്‍ക്ക് ചലിക്കാന്‍ കഴിയൂ.
സിമി: ഭീമാ, സുയോധനാ, മുന്നോട്ട്, മുന്നോട്ട്.
ഭീമന്‍, ദുര്യോധനന്‍: മുന്നോട്ട്, മുന്നോട്ട്.

രഘു: സിമീ, എന്നെനോക്കൂ, ഞാന്‍! നിന്റെ പ്രിയപ്പെട്ട കഥാപാത്രം. നിന്റെ കഥകളിലെ നായകന്‍. കുട്ടിക്കാലത്ത് നീയെനിക്കു നക്ഷത്രങ്ങളെ കളിക്കാന്‍ തന്നു. എന്നോട് കൂട്ടുകൂടാന്‍ സംസാരിക്കുന്ന പൂങ്കോഴിയെത്തന്നു. ഞാന്‍ വളര്‍ന്നപ്പോള്‍ നീ എന്നെ കഥകളില്‍ പട്ടിയും കുതിരയും ചിലന്തിയും സന്യാസിയുമാക്കി. ആകെ ഞാന്‍ ആശിച്ചത് ഒരിറ്റു പ്രേമത്തിനായിരുന്നു. അനശ്വരമായ ഒരുതുള്ളി പ്രണയത്തിന്. പക്ഷേ എല്ലാ കഥകളിലും നീ എന്റെ പ്രണയം എന്നില്‍നിന്ന് എടുത്തുകളഞ്ഞു. കാമുകിമാര്‍ എന്നെ ഉപേക്ഷിച്ച് ആര്‍ത്തുചിരിച്ചു. എത്രകഥകളില്‍ നീയെന്നെ കൊന്നു! ഞാന്‍ നിനക്ക് പ്രശസ്തിനല്‍കി. ഇന്ന് നിന്റെ കഥകള്‍ വായിക്കുവാന്‍ ആളുകള്‍ നിന്റെ വെബ് വിലാസത്തില്‍ വരുന്നു. അവര്‍ നിന്നെ അനുമോദിച്ച് കത്തുകളും പിന്മൊഴികളും എഴുതുന്നു. നിന്റെ കഥകള്‍ ഒരിക്കലും മറക്കില്ലെന്നുപോലും അവര്‍ പറയുന്നു. എല്ലാം ഞാന്‍ കാരണം! ആളുകള്‍ നിന്നില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നുവെങ്കില്‍ അതും ഞാന്‍ കാരണം!. നിനക്കുവേണ്ടി ഞാന്‍ തിരക്കുനിറഞ്ഞ പാതകളിലൂടെ അതിവേഗത്തില്‍ കാറോടിച്ചു. നിനക്കുവേണ്ടി ഞാന്‍ എന്റെ പ്രിയകാമിനിയെ തള്ളിപ്പുറത്താക്കി മുറിയില്‍ ദുര്‍ഗന്ധമുള്ള ചപ്പുചവറുകള്‍ വിതറി. ഞാന്‍ സുഖമായി ഉറങ്ങിയെന്നുപറഞ്ഞ് നീ കഥ അവസാനിപ്പിച്ചപ്പോള്‍ മുടിയും പറിച്ച് വിരഹവേദനയില്‍ ഞാന്‍ അലറിക്കരഞ്ഞത് നീ കണ്ടതല്ലേ? നിനക്കുവേണ്ടി ഞാന്‍ എന്റെ ഹൃദയം വെറുമൊരു മയില്‍പ്പീലിയിലൊളിപ്പിച്ചു. നിനക്കുവേണ്ടി ഞാന്‍ എന്റെ കാമുകിയുടെ ഗൂഢരതി വാതില്‍പ്പഴുതിലൂടെ നോക്കിക്കണ്ടു. എത്ര നികൃഷ്ടം! ഒരു പുരുഷനു ചേര്‍ന്നതാണോ അത്?. നിന്റെ സ്ത്രീവിദ്വേഷം വിഷമുള്ള കഥയായപ്പോള്‍ രാവണനാകാന്‍ കൊതിച്ച എന്നെ നീ രാഘവനാക്കി. നിനക്കുവേണ്ടി ഞാന്‍ കൊക്കയില്‍ വീണുമരിച്ചു. നിനക്കുവേണ്ടി ഞാന്‍ പെണ്ണുപിടിയനായ ചിലന്തിയായി. നിന്റെ കഥകളില്‍ നിറയാത്ത സമയത്ത് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ എത്ര നിറമുള്ളവയായിരുന്നു. എത്ര ആഴമുള്ളവയായിരുന്നു. എന്നിട്ട് എനിക്കോ? എനിക്കുനീ എന്തുതന്നു? പരീക്ഷണശാലയിലെ ഗിനിപ്പന്നിക്കുപോലും ഒരു മരണമേയുള്ളൂ. കൂട്ടില്‍ കിടക്കുന്ന തത്തയ്ക്കുപോലും ഒരു പ്രണയവും ഒരു പ്രണയത്തകര്‍ച്ചയുമേയുള്ളൂ. എന്നിട്ട് എനിക്കോ? എത്ര തകര്‍ച്ചകള്‍. എത്ര പരാജയങ്ങള്‍. എത്രയെത്ര മരണങ്ങള്‍! നിന്റെ ഒരു കഥയിലെങ്കിലും ഞാന്‍ സമാധാനത്തോടെ, സന്തോഷത്തോടെയുറങ്ങിയോ? ഒരിറ്റ്, ഒരുതുള്ളി കരുണയെങ്കിലും നിന്റെ പേനയില്‍ നിന്ന് നീ എനിക്കായി ഇറ്റിയോ? ഈ എനിക്കായി! നിന്റെ പ്രിയപ്പെട്ട കഥാപാത്രത്തിനായി?

സിമി: രഘൂ, ഒരു കഥാപാത്രമെന്ന നിലയില്‍ നിന്നെക്കൊണ്ട് എഴുതാവുന്നതെല്ലാം ഞാന്‍ എഴുതിക്കഴിഞ്ഞു. ഒരു കഥാകാരന്റെ ഉപകരണം മാത്രമാണ് നീ. നിന്റെ ഉപയോഗം കഴിഞ്ഞു. ചില സത്യങ്ങള്‍ മനസിലാക്കാന്‍ പ്രയാസമാണ്. പക്ഷേ വേറെ നിവൃത്തിയില്ല. ഒരു കഥാപാത്രം കഥാകൃത്തിനെക്കാള്‍ വളരരുത്. ഭീമാ, സുയോധനാ, മുന്നോട്ട്, മുന്നോട്ട്.
ഭീമന്‍, ദുര്യോധനന്‍: മുന്നോട്ട്, മുന്നോട്ട്.

രഘു: സിമീ, നീ ഒന്നു മനസിലാക്കൂ. വായനക്കാരും ഇത് പതുക്കെ മനസിലാക്കും. ഞാന്‍ നിന്റെ പ്രതിപുരുഷനാണ്. നിന്റെ ആള്‍ട്ടര്‍ ഈഗോ. നിനക്കു നിന്റെ ജീവിതത്തില്‍ ആവാന്‍ കഴിയാത്ത നന്മകളുടെ പ്രതിരൂപം. നിന്റെ സ്വപ്നങ്ങളുടെ മൂര്‍ത്തിമദ്ഭാവം. നിന്റെ സ്വന്തം കാല്‍പ്പനികരൂപം. നിനക്കു ധൈര്യമില്ലാത്ത കാര്യങ്ങളെല്ലാം നെഞ്ചുവിരിച്ചുതന്നെ ഞാന്‍ ചെയ്തു. നീയൊരു ഭീരുവാണ്. ഞാനില്ലാതെ നിനക്കെന്തു നിലനില്‍പ്പ്? വാസ്തവത്തില്‍ ഞാനില്ലാതെ നീ എന്താണ്? മണലാരണ്യത്തിനു നടുവില്‍, ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ്, ഒരു കൂട്ടുകാരന്‍പോലുമില്ലാതെ, നീ കതകുമടച്ചിരുന്ന് കഥകളെഴുതുന്നു. നീയൊരു വിഷാദരോഗിയാണ്. കഠിന വിഷാദരോഗി. നീ ജോലിക്കുപോയിട്ട് എത്രനാളായി? നീ താടിവടിച്ചിട്ട് എത്രനാളായി? എത്ര കാമുകിമാര്‍ നിന്റെ ഉള്ളം കണ്ടപ്പോള്‍ ഭയന്നുഞെട്ടിവിറച്ച് നിന്നെക്കളഞ്ഞിട്ടുപോയി? നീ ഒരു ക്രൂരനാണ്. കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരന്‍. നിന്റെ മൊബൈല്‍ ഫോണ്‍ എടുത്തുനോക്കൂ. അതില്‍ എത്ര സുഹൃത്തുക്കളുണ്ട് നിനക്ക്? നിന്നെ ഇഷ്ടപ്പെടുന്ന ആള്‍ എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ പറ്റുന്ന ഒരു സുഹൃത്തെങ്കിലും നിനക്കുണ്ടോ? വ്യര്‍ത്ഥജന്മമാണ് നിന്റേത്. വ്യര്‍ത്ഥജന്മം. അതു നീ അറിയുന്നുണ്ടോ? സ്ത്രീകളെ നിനക്കു പേടിയും വെറുപ്പുമാണ്! പ്രണയം എന്നുകേള്‍ക്കുമ്പോള്‍ നീ വിറയ്ക്കുന്നു. നീ എന്നെ ഈ ശവമഞ്ചത്തില്‍ നിന്നും തുറന്നുവിടൂ. ഞാനെങ്കിലും ജീവിക്കട്ടെ. എനിക്കുവേണ്ടി ഹൃദയം തുടിക്കുന്ന ഒരു കഥയെങ്കിലും എഴുതൂ. അതുമില്ലെങ്കില്‍ നീയെന്നെ തുറന്നുവിടൂ. നിനക്ക് ഇനിയും രക്ഷയുണ്ട്. നീ കുമ്പസാരിച്ചിട്ട് ഇന്ന് ഏഴുവര്‍ഷം തികയുന്നു. ഇല്ല. നീ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ല. ജീവിതത്തില്‍ ഒരു നല്ല പ്രവര്‍ത്തിയെങ്കിലും നീ ചെയ്യൂ. കൊക്കയുടെ വക്കിലാണെങ്കിലും നീ അവസാന കാല്‍ മുന്നോട്ടുവെച്ചിട്ടില്ല. ഇനിയെങ്കിലും നീ അത് മനസിലാക്കൂ. എന്നെ തുറന്നുവിടൂ.

ഞാന്‍ ഇവിടെ അല്പനേരം പതറിപ്പോയി. പറഞ്ഞതെല്ലാം സത്യമായിരുന്നെങ്കിലും ഞാന്‍ ഗൂഗിള്‍ റ്റാക്ക് തുറന്നു.

peringz is busy. You may be interrupting.
simy: raj, i am reaching the end of my stories. i'm killing my protagonist for the last time. could you plz review it?
simy: raj, u t? please lemme know. i dont have much time. i'll give u 'great gatsby' and 'the stranger' to read.
simy: raj?
peringz: yes :-)

ഇപ്പോള്‍ ഞാനും ഭീമനും ദുര്യോധനനും ചിതയുടെ അടുത്തെത്തി. ഞാന്‍ പോക്കറ്റില്‍ നിന്ന്‍ ലൈറ്ററെടുത്ത് ചിതയുടെ തീകൊളുത്തി. കാശിയില്‍ രാത്രിയില്‍ നല്ല തണുപ്പാണ്. അല്പം മാറിനിന്നു കായുമ്പോള്‍ തീയ്ക്ക് ഇളംചൂടുണ്ടായിരുന്നു.

രഘു: സിമീ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നീ ഒരു ദുഷ്ടനും കണ്ണില്‍ ചോരയില്ലാത്തവനും ആയിരിക്കാം, പക്ഷേ ഞാന്‍ നിന്നെ രക്ഷിക്കാം. എന്റെ മനസില്‍ ഇനിയും ആയിരം കഥകളുണ്ട്. ഇങ്ങനെ ഞാന്‍ മരിച്ചാല്‍ അതൊരുത്തരാധുനിക കൃതിയാവും. ലോകത്തിലെ ഏറ്റവും നല്ല കഥകള്‍ ഈസോപ്പുകഥകളും ക്രിസ്തുദേവന്റെ ഉപമകളും ബുദ്ധന്റെ സാരോപദേശകഥകളും പഞ്ചതന്ത്ര കഥകളും ആയിരത്തൊന്നു രാവുകളുമാണെന്ന് ആര്‍ക്കാണറിയാത്തത്? ഉത്തരാധുനികതപോലും. ഉത്തരാധുനികത. ഇവയിലും നല്ല കഥകള്‍ എന്റെ മനസ്സിലുണ്ട്. അതു നിനക്കു ഞാന്‍ പറഞ്ഞുതരാം. നിനക്ക് ഞാന്‍ പുരസ്കാരങ്ങള്‍ വാങ്ങിത്തരാം. ഇതെല്ലാം എന്റെ കഥകളാണെന്ന്‍ ഒരക്ഷരം പോലും ഞാന്‍ ഉരിയാടുകയില്ല. പന്തീരായിരം കൊല്ലം ഞാന്‍ നിന്റെ ദാസനായിരിക്കാം. ഏതു കുടത്തിനുള്ളിലും പഴയ വിളക്കിനുള്ളിലും ഞാന്‍ ഒളിച്ചിരിക്കാം. നമുക്ക് ഒരുമിച്ചിരുന്ന് കഥകളെഴുതാം. തീകൊണ്ട് ഞാന്‍ നിന്നെ ജ്ഞാനസ്നാനപ്പെടുത്താം. ലോകത്തിന്റെ അറ്റത്തുനിന്നും മിനാരത്തിനു മുകളിലിരിക്കുന്ന രാജകുമാരിയെ ഞാന്‍ നിനക്കായി കൊണ്ടുവരാം. അവളുടെ അറിവില്‍ നീ വിസ്മയിക്കും. അവളുടെ ശാലീനതയില്‍ നീയുരുകും. അവളുടെ കണ്‍പീലികളെ നോക്കൂ. അവളുടെ ഉയര്‍ന്നുതാഴുന്ന മാറിടം നോക്കൂ. പട്ടുമെത്തയില്‍ നീയും അവളും ശയിക്കുമ്പോള്‍ വാളുമൂരി ഞാന്‍ നിങ്ങള്‍ക്കു കാവല്‍നില്‍ക്കാം. ഇതെന്റെ വാക്കാണ്. ഞാന്‍ നിന്നെപ്പോലെയല്ലെന്ന് നിനക്കറിയാമല്ലോ. അവളുടെ ചുണ്ടുകളെ നോക്കൂ. അതു തുടിക്കുന്നതുനോക്കൂ. എന്നെ തുറന്നുവിടൂ.

ഞാന്‍: ഭീമാ, സുയോധനാ, മതി. അവനെ കൊല്ലണ്ട. രഘു വാക്കുപാലിക്കുന്നവനാണ്. അവന്‍ നല്ലവനാണ്. അവനെ തുറന്നുവിടൂ.
ഭീമന്‍ ദുര്യോധനനെ നോക്കുന്നു. ജ്യേഷ്ഠാ, ധര്‍മ്മം എന്താണ്?
ദുര്യോധനന്‍: കഥാകാരന്‍ പറയുന്നതാണ് ധര്‍മ്മം. കാരണം അവനാണ് നമ്മുടെ സൃഷ്ടാവ്. അവനാണ് നമ്മുടെ ദൈവം. നമ്മള്‍ അതുകേട്ടേ പറ്റൂ.
ഭീമന്‍: അതുശരിയാണ്. നമ്മള്‍ വെറും കഥാകൃത്തിന്റെ ദാസന്മാര്‍.
ഭീമനും ദുര്യോധനനും താളത്തില്‍ ഒരു പാട്ടുപാടുന്നു. നമ്മള്‍ കഥാകൃത്തിന്റെ ദാസന്മാര്‍, തെയ് തെയ്, കഥാകൃത്തില്ലാതെ നമ്മള്‍ ഒന്നുമല്ല എന്ന് അര്‍ത്ഥമുള്ള പാട്ട്.

എനിക്ക് കവിതയെഴുതാന്‍ അറിയില്ല. അതുകൊണ്ട് ആ പാട്ടുഞാന്‍ എഴുതിച്ചേര്‍ക്കുന്നില്ല. എനിക്ക് അത്ര താ‍ളബോധമില്ല.

ഭീമനും ദുര്യോധനനും പുഞ്ചിരിച്ചുകൊണ്ട് രഘുവിന്റെ എടുത്ത് മഞ്ചലോടെ ആളിക്കത്തുന്ന ചിതയിലേയ്ക്കിടുന്നു.
രഘു: ആ‍ാ‍ആ ആ‍ാ ആ‍ാ‍ാ. തീ. തീ‍ീ. പൊള്ളുന്നു, പൊള്ളുന്നു. അയ്യോ അയ്യോ സിമീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ഭീമന്‍: സിമീ, ഞങ്ങള്‍ നീ പറഞ്ഞതുപോലെ ചെയ്തില്ലേ? പറയൂ, ഇനി എന്തുചെയ്യണം? നീ സന്തുഷ്ടനായോ?
ഞാന്‍: എന്നെ വെറുതേ വിടൂ, എനിക്ക് ഉറങ്ങണം.
ദുര്യോധനന്‍: കൃഷ്ണഭഗവാനെ വിളിക്കട്ടെ? നിനക്ക് ഗീത കേള്‍ക്കണോ?
ഞാന്‍: എന്നെ വെറുതേ വിടൂ, എനിക്ക് ഉറങ്ങണം.

കുറ്റബോധം

ഹിമാലയത്തിലെ ആരവത് പര്‍വ്വതത്തിലെ ദുര്‍ഘടമായ ഒറ്റയടിപ്പാത ചവിട്ടിക്കയറുമ്പോള്‍ ഉദ്ദാലകന്‍ ശ്വാസം കിട്ടാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. കൊടുമുടിയിലേയ്ക്കുള്ള വഴിമദ്ധ്യേ താഴ്വരയില്‍ ചിതറിനിന്ന ചെമ്മരിയാട്ടിന്‍‌കൂട്ടം നനുത്ത പഞ്ഞിക്കെട്ടുകളെ ഓര്‍മ്മിപ്പിച്ചു. ഉയരങ്ങളിലേയ്ക്കു കയറുംതോറും വായു നേര്‍ത്തുവന്ന് സന്യാസിയുടെ കണ്ണും തലച്ചോറും വേദനിപ്പിക്കുന്നുണ്ടായിരുന്നു. മുഖത്തോടുമുഖം നോക്കിച്ചിരിച്ച് വെള്ളി ആഭരണങ്ങളുമണിഞ്ഞ് മലമുടികള്‍ അഭൌമസൌന്ദര്യം തൂകി നിശ്ചലരായി നിന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉരുകാതെ ചിതറിക്കിടന്ന മഞ്ഞുപാളികളില്‍ ചിലത് ഉറഞ്ഞ് മരതകവും വൈഡൂര്യവുമായി തിളങ്ങി. രണ്ട് മലകള്‍ പരസ്പരമാശ്ലേഷിച്ചുനിന്ന വിടവില്‍നിന്ന് നേര്‍ത്ത ജീവനിശ്വാസം പുകപോലെ ഉയരുന്നുണ്ടായിരുന്നു. കൊടുംതണുപ്പിലും ജീവന്റെ നേര്‍ത്ത ചൂടില്‍ പടര്‍ന്നുകയറിയ വള്ളിച്ചെടികള്‍ക്കും താളത്തോടെ ഇഴയുന്ന പുഴുക്കള്‍ക്കുമിടയില്‍ ഒരു മുടിനാരിഴ ഇളകുന്നതുപോലെമാത്രം ഉയര്‍ന്നുതാണ ജടയും രോമങ്ങളും മൂടിനിന്ന രൂപത്തിനുമുന്നില്‍ ഉദ്ദാലകന്‍ കിതച്ചുകൊണ്ട് നിര്‍ന്നിമേഷനായി നിന്നു. നൂറ്റാണ്ടുകളോളം നീണ്ട തപസ്സില്‍ നിന്ന് പ്രവാഹനമഹര്‍ഷി ഉണരുന്നത് അന്നാണെന്ന് അരുമശിഷ്യന് അറിയാമായിരുന്നിരിക്കണം. പ്രവാഹനമഹര്‍ഷിക്ക് ആ മലകളോളം തന്നെ പ്രായമുണ്ടായിരുന്നു. തന്നില്‍ പടര്‍ന്നുകയറിയ ജീവജാ‍ലങ്ങളെ അല്‍പ്പം പോലും ഇളക്കാതെ പുഞ്ചിരിതൂകിക്കൊണ്ട് പതിയെത്തുറന്ന മഹര്‍ഷിയുടെ കണ്ണുകള്‍ ഹിമാലയത്തിലെ തടാകങ്ങളുടെ നീലിമയില്‍ പ്രശോഭിച്ചു. മഹര്‍ഷിയുടെ കണ്ണുകളിലെ പ്രശാന്തതയില്‍ തിളങ്ങിനിന്ന ചോദ്യത്തിനുത്തരമായി ഉദ്ദാലകന്‍ പറഞ്ഞുതുടങ്ങി.

ഗുരോ അങ്ങില്‍ നിന്ന് പഠിച്ച സര്‍വ്വവിദ്യകളും അതിലുപരി അങ്ങില്‍നിന്നു ഞാന്‍ മൂര്‍ദ്ധാവോളം നുകര്‍ന്ന സ്നേഹവും ലോകനന്മയ്ക്കായി പകര്‍ന്നുകൊടുകയായിരുന്നല്ലോ ഈ അരുമശിഷ്യന്റെ കര്‍മ്മം. ഭാരതദേശത്തിനുതെക്ക് മുത്തുമണിപോലെ കിടന്ന കന്യാകുമാരി മുതല്‍ കിഴക്ക് വ്യാളികള്‍ തീതുപ്പുന്ന സിംഹപുരം വരെയും വടക്ക് മദഗന്ധമുള്ള മായാമരങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഗാന്ധാരം വരെയും തെക്ക് ഭൂമികുലുക്കിക്കൊണ്ട് കുതിച്ചുപായുന്ന കറുത്ത കുതിരകളുള്ള ബാഗ്ദാദ് നഗരം വരെയും ഞാന്‍ സഞ്ചരിച്ചു. ദാനധര്‍മ്മനായ കലീഫയുടെ കൊട്ടാരത്തില്‍ നിന്നും ഉപചാരങ്ങള്‍ സ്വീകരിച്ച് മടങ്ങുന്നവഴിക്കായിരുന്നു കാംബോജത്തിലെ രാജാവായ ശതബാഹുവിന്റെ കൊട്ടാരത്തിലെത്തിയത്. ഞാന്‍ ചെന്നപ്പോള്‍ കാംബോജം ഒരു ശാപത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. സമ്പല്‍‌സമൃദ്ധമായ ഈ രാജ്യത്തെ ജനങ്ങള്‍ വളരെ മ്ലാനവദനരായിരുന്നു. രാത്രികളില്‍ ദു:സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നതും പിന്നീട് ഉറക്കമില്ലാതെ രാവുമുഴുവന്‍ ഉണര്‍ന്നുകിടക്കുന്നതുമായിരുന്നു അവരുടെ രോഗം. ഹോമങ്ങളിലും മരുന്നുകളിലും വ്യായാമങ്ങളിലും വിനോദങ്ങളിലും മാറാത്ത രോഗം.

കുലീനയായ മഹാറാണി ഉപചാരപൂര്‍വ്വം എന്നെ സ്വീകരിച്ചു. കൊട്ടാരം നടന്നുകാണുന്ന വഴിക്ക് രാജാവിന്റെ സഹോദരനായ ഉത്തമബാഹു അയല്‍‌രാജ്യങ്ങളുമായി ഘോരയുദ്ധത്തിലാണെന്നും ശതബാഹു പൂജാമുറിയിലാണെന്നും രാജ്ഞി എന്നെ അറിയിച്ചു. റാണിയെ പറഞ്ഞുവിട്ട് രാജാവിന്റെ മുറിയിലേയ്ക്ക് ഒറ്റയ്ക്കുകടന്നുചെന്ന ഞാന്‍ കണ്ടത് മറ്റൊരു സുന്ദരിയായ സ്ത്രീയുമായി രമിക്കുന്ന ശതബാഹുവിനെയായിരുന്നു. അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെക്കണ്ട് രാജാവു പതറിപ്പോയി. അനുജനായ ഉത്തമബാഹുവിന്റെ പത്നിയായിരുന്നു രാജാവിന്റെ ശയ്യാഗൃഹത്തില്‍. ക്രുദ്ധനായ എന്റെ കണ്ണില്‍ നിന്ന് തീപ്പൊരികള്‍ പറന്നു. വര്‍ഷങ്ങളായിത്തുടര്‍ന്ന ഈ അവിഹിത ബന്ധത്തില്‍ രാജാവ് നീറുകയായിരുന്നു. കൊടിയപാപമാണെന്ന് അറിഞ്ഞിട്ടും ഈ ബന്ധത്തില്‍ നിന്നും മുക്തിനേടുവാനുള്ള മനോബലം ശതബാഹുവിന് ഇല്ലായിരുന്നു. രാജ്ഞിയുടെ ഒളിഞ്ഞുള്ള അറിവോടെതന്നെ ഈ ബന്ധം തുടര്‍ന്നുപോന്നു. എന്നാല്‍ തന്റെ പത്നിയുമായോ സഹോദരനുമായോ രാജാവ് ഈ ബലഹീനത നേരിട്ടു സംസാരിച്ചിരുന്നുമില്ല. കോപം തണുത്തപ്പോള്‍ ഞാന്‍ രാജാവിന് സദ്ബുദ്ധി ഉപദേശിച്ചു. ഒരു ശിശുവിനെപ്പോലെ ജ്ഞാനം സ്വീകരിച്ച ശതബാ‍ഹു ഉത്തമബാഹുവിനോട് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. രാജ്യഭരണം ഉത്തമബാഹുവിനെ ഏല്‍പ്പിച്ച് രാജാവും പത്നിയും എന്നില്‍നിന്നും സന്യാസദീക്ഷ സ്വീകരിച്ചു. ഇന്ന് കാംബോജത്തെ ജനങ്ങള്‍ നല്ലസ്വപ്നങ്ങള്‍ കണ്ട് സ്വസ്ഥമായി ശയിക്കുന്നു.

പ്രവാഹനമഹര്‍ഷിയുടെ കണ്ണുകളിലെ പ്രശാന്തനീലിമയില്‍ തെളിഞ്ഞ ചോദ്യം അപ്പോഴും മാഞ്ഞില്ല. ഉദ്ദാലകന്‍ ചോദ്യത്തിനു ഉത്തരമെന്നവണ്ണം വീണ്ടും പറഞ്ഞുതുടങ്ങി.

മാസങ്ങളോളം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കൊടുംകാട്ടിലൂടെ സഞ്ചരിച്ച് ഞാന്‍ ബദാമി എന്ന നഗരത്തിലെത്തി. അവിടെ സമഭോജി എന്ന വണികന്റെ ആഥിത്യം ഞാന്‍ സ്വീകരിച്ചു. ഒരുപാടുനാളായി ഭക്ഷണം കഴിക്കാതെയിരുന്ന എനിക്ക് സമഭോജിയുടെ പത്നിയുടെ കൈകൊണ്ട് കുത്തിയുണ്ടാക്കിയ ആ നല്‍ച്ചോറില്‍ നല്ല രുചി തോന്നേണ്ടതാണ്. എന്നാല്‍ ഭക്ഷണം എനിക്കു കയ്ച്ചുതികട്ടി. ചോദിച്ചുവന്നപ്പോളാണ്, വണികന്‍ തന്റെ പിതാവില്‍ നിന്ന് വിഹിതം കിട്ടിയതില്‍ അര്‍ഹിക്കുന്നതിലും അധികം നിലം സഹോദരന്‍ അറിയാതെ തട്ടിയെടുത്തിരുന്നു. അനുജനില്‍ നിന്നും അവിഹിതമായി തട്ടിയെടുത്ത ഭൂമിയില്‍ നിന്നു കൃഷിചെയ്ത നെല്ലായിരുന്നു അന്ന് ചോറാക്കി എനിക്കു നല്‍കിയത്. തെറ്റുമനസിലാക്കി എന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച സാമഭോജി തന്റെ നിലത്തിന്റെ തൊണ്ണൂറുശതമാനവും അനുജനു തിരികെക്കൊടുത്തു. ബാക്കിവരുന്ന ചുരുങ്ങിയനിലത്ത് കൃഷിചെയ്ത് സാമഭോജിയും കുടുംബവും ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.

പ്രവാഹനമഹര്‍ഷിയുടെ കണ്ണുകളിലെ ചോദ്യം അപ്പോഴും മറഞ്ഞില്ല. ഉദ്ദാലകന്‍ വീണ്ടും പറഞ്ഞുതുടങ്ങി.

ഇങ്ങനെ പല രാജ്യങ്ങളിലും ലോകര്‍ക്ക് നന്മയും സമാധാനവും നല്‍കി ഞാന്‍ യാത്രചെയ്യുകയായിരുന്നു. ഉജ്ജയിനത്തിനു അടുത്ത് ഒരു കൊടുംകാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ കാടിനു നടുവില്‍ കലമാനുകളുടെയും പക്ഷികളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍ കിടക്കുന്നത് ഞാന്‍ കണ്ടു. അതിന്റെ ഉറവിടം തിരക്കിച്ചെന്നപ്പോള്‍ ഞാന്‍ ചെന്നെത്തിയത് ഒരു ആദിവാസി ഗോത്രത്തിലായിരുന്നു. അവരുടെ ഭാഷ ഉജ്ജയിനത്തിലെ ഭാഷയുടെ ഒരു വകഭേദമായിരുന്നു. ഗോത്രത്തലവനായ കാലകേതു എന്നെക്കണ്ടപ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റതുപോലുമില്ല.

ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിച്ച് അയാളുടെ മുലകള്‍ താടപോലെ തൂങ്ങിക്കിടന്നിരുന്നു. ഒരു വലിയ ഉരുളിപോലെ വലിപ്പമുള്ള വയറ് മുന്നോട്ട് തള്ളിനിന്നിരുന്നു. അമിതമായി മധുപാനം ചെയ്ത് ചീര്‍ത്ത കവിളുകള്‍ തൂങ്ങിക്കിടന്നിരുന്നു. ആ ആജാനബാഹുവിന്റെ ഇടത്തേ തുടയില്‍ ഒരു വസ്ത്രവും ധരിക്കാതെ ഇരുണ്ടനിറമുള്ള ഒരു കാനനസുന്ദരി ഇരുന്നിരുന്നു. മറ്റ് നാല് സ്ത്രീകള്‍ കാലകേതു എന്നോട് സംസാരിക്കുന്ന സമയം മുഴുവന്‍ അയാളുടെ പുറം തിരുമ്മിക്കൊണ്ടും കഴുത്തിലൂടെ പിന്നില്‍ നിന്ന് കൈകള്‍ പിണച്ച് അയാളെ രസിപ്പിച്ചുകൊണ്ടും നിന്നിരുന്നു. കാലകേതുവിന് നൂറുഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. എന്നോട് സംസാരിച്ചിരിക്കുമ്പോള്‍ തന്നെ കലമാനുകളുടെ പൊരിച്ച കാലുകള്‍ ഒരു വലിയ തടിപ്പാത്രത്തില്‍ കൊണ്ടുവന്ന് ഒരു വനകന്യക കാലകേതുവിനെ ഊട്ടുന്നുണ്ടായിരുന്നു. ഇതിനിടയില്‍ കാലകേതുവിന്റെ മകനായ നഹുഷകേതു വന്ന് കാലകേതുവിനെ ചുറ്റിനിന്ന ഒരു ഭാര്യയെ വട്ടംചുറ്റിപ്പിടിച്ച് പിന്നോട്ടുവലിച്ചു. കാലകേതു ഒന്നുതിരിഞ്ഞുപോലും നോക്കാതെ മരങ്ങള്‍പോലെ വീതിയുള്ള തന്റെ വലതുകൈവീശി അവന്റെ മുതുകില്‍ ഒരടികൊടുത്തു. ആ അടിയുടെ ശബ്ദത്തില്‍ അടുത്ത മരങ്ങളില്‍ ഇരുന്ന പക്ഷികള്‍ കൂട്ടത്തോടെ ചിറകടിച്ചുപറന്നു.

ഈ നേരമെല്ലാം, മണിക്കൂറുകളോളം, കാലകേതുവിന് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതൊന്നും അയാളെ ഏശുന്നതായി തോന്നിയില്ല. കരിങ്കല്ലുകളെപ്പോലും ഹര്‍ഷോന്മാദരാക്കുന്ന എന്റെ വചനങ്ങള്‍ കേട്ടിട്ടും ഒരു ഭാവഭേദവുമില്ലാതെ മാനിന്‍കാല്‍ കടിച്ചുകൊണ്ടും തന്റെ ഭാര്യമാരെ മാറിമാറി ചുംബിച്ചുകൊണ്ടും പുഞ്ചിരിച്ചുകൊണ്ടും അയാള്‍ ഇരുന്നതേ ഉള്ളൂ. ഇതിനിടയില്‍ ഒരു സുന്ദരിവന്ന് എന്റെ തോളില്‍ക്കൂടെ ചായാന്‍ ശ്രമിച്ചെങ്കിലും അനേകം വര്‍ഷങ്ങളുടെ തപ:ശക്തിയുള്ള എന്നില്‍ ഇതൊന്നും ഒരു മാറ്റങ്ങളും ഉണ്ടാക്കുന്നില്ല എന്നുകണ്ട് അവള്‍ നിരാശയായി മടങ്ങിപ്പോവുകയാണുണ്ടായത്. നിതാന്തമായ വചനങ്ങള്‍ കൊണ്ട് ഫലമില്ല എന്നുകണ്ട് കാലകേതുവിനെ ശപിക്കാന്‍ ഞാന്‍ യോഗദണ്ഡുയര്‍ത്തിയെങ്കിലും കാലകേതു അപ്പോഴും ഭാവഭേദങ്ങളൊന്നുമില്ലാതെ മന്ദഹസിക്കുന്നതുകണ്ട് ഞാന്‍ പിന്‍‌വാങ്ങുകയാണുണ്ടായത്. ഞാന്‍ യാത്രപറഞ്ഞ് ഇറങ്ങുമ്പോഴും കാലകേതു തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റില്ല. ഒടുവില്‍ വിഹ്വലനായി മന:ശാന്തിനഷ്ടപ്പെട്ട് പല വനങ്ങളിലും അലഞ്ഞ് ഞാന്‍ അങ്ങയുടെ സവിധത്തില്‍ തിരിച്ചെത്തിയിരിക്കുന്നു ഗുരോ.

മഹര്‍ഷിയുടെ കണ്ണുകളിലെ പ്രശാന്തനീലിമയില്‍ ചോദ്യം തെളിഞ്ഞുനിന്നു.

ആ മന്ദഹാസമല്ല ഗുരോ എന്നെ അസ്വസ്ഥനാക്കിയത്. കാലകേതുവിന്റെ തിന്മനിറഞ്ഞ ജീവിതവുമല്ല.

മഹര്‍ഷിയുടെ കണ്ണുകളിലെ ചോദ്യത്തില്‍ ഗുഹാമുഖം പ്രകാശിച്ചു.

കാലകേതുവിന്റെ കണ്ണുകളില്‍.. അങ്ങയുടെ കണ്ണുകളിലെ അതേ ശാന്തത. അതേ ഗഗനനീലിമ. അതേ പ്രപഞ്ചം. അതേ സമരസം. അതിന്റെ അര്‍ത്ഥമെന്താണ്?

പ്രവാഹനമഹര്‍ഷിയുടെ കണ്ണുകള്‍ പ്രശാന്തമധുരമായി തിളങ്ങി. മഹാ ഋഷിയുടെ മുഖത്ത് സാഹോദര്യത്തിന്റെ പുഞ്ചിരിപടര്‍ന്നു. പുഞ്ചിരിച്ചുകൊണ്ടുതന്നെ മഹര്‍ഷി ധ്യാനത്തിലേയ്ക്കു ലയിച്ചു. ചോദ്യത്തിനുത്തരവും തേടി ഗുരു നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തില്‍ നിന്ന് ഉണരുന്നതും കാത്ത് ഉദ്ദാലകന്‍ കണ്ണിമയ്ക്കാതെ നിന്നു.

എന്റെ ഏറ്റവും നല്ല കഥ (രഘു ഇല്ലെങ്കിലും കഥയുണ്ട്)

പൂങ്കോഴി കൂവുന്ന കഥ

രഘു ഒരു നല്ല കുട്ടി ആയിരുന്നു. രഘു രാവിലെ എണീറ്റ് പല്ലുതേച്ചു കഴിഞ്ഞപ്പോള്‍ മോനേ, നമുക്കിന്ന് മുരിങ്ങിക്കാ കറി ഉണ്ടാക്കാം എന്ന് അമ്മ പറഞ്ഞു. രഘു സന്തോഷത്തോടെ വീടിന്റെ പിന്നില്‍ പോയി മുരിങ്ങിക്കാ മരത്തില്‍ ഞാന്നുനിന്ന മുരിങ്ങിക്കാ ഒടിച്ചുതുടങ്ങി. മുരിങ്ങമരക്കൊമ്പില്‍ ഇരുന്ന് പൂവങ്കോഴി കൂവുന്നുണ്ടായിരുന്നു. രഘു പൂവങ്കോഴിയോട് ചോദിച്ചു. “പൂവാ,പൂവാലാ, രാവിലെ ഒന്‍പതു മണിയായി. ടോമി നായ ഉറക്കം എണീറ്റു, കണ്ടന്‍ പൂച്ചയും എണീറ്റ് മീന്‍ തിന്നുന്നു. അച്ചന്‍ എണീറ്റ് ജോലിക്കു പോയി, അമ്മ മുരിങ്ങിക്കാ കറി ഉണ്ടാക്കാന്‍ പോന്നു. എന്നിട്ടും നീ എന്താ കൂവല്‍ നിറുത്താത്തെ“.

തലയില്‍ ചുവന്ന പൂ ഉള്ള പൂവങ്കോഴി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ വെറുതേ ഒരു സന്തോഷത്തിനു കൂവുന്നതാ. എനിക്ക് കൂവാന്‍ തോന്നിയാല്‍ പിന്നെ കൂവാതിരിക്കാന്‍ പറ്റൂല്ല. രഘു ഇതുകേട്ട് ചിരിച്ചുകൊണ്ട് മുരിങ്ങിക്കായും ഒടിച്ച് വീട്ടിലേക്കു പോയി. പൂവങ്കോഴി സന്തോഷത്തോടെ നീട്ടിക്കൂവി.

----------

*പ്രചോദനങ്ങള്‍: അയ്യപ്പപ്പണിക്കരുടെ പുസ്തകത്തിന്റെ പേര്: “പൂക്കാതിരിക്കാന്‍ എനിക്കാവതില്ല“ (I can't help but bloom), എന്തിനു ബ്ലോഗ് / കഥകള്‍ എഴുതുന്നു എന്ന ആത്മവിചിന്തനം. (വായനക്കാരുടെ പ്രചോദനത്തില്‍ നിന്നും ലഭിക്കുന്ന feel good factor ഉം കുറച്ചുപേര്‍ ഞാന്‍ എഴുതുന്നത് വായിക്കുന്നു എന്നതില്‍ നിന്നും വരുന്ന feel good factor ഉം കഴിഞ്ഞാല്‍ പിന്നെ ഉത്തരം ഇതായിരിക്കണം). എങ്കിലും ഈ ബുദ്ധിജീവി ജാഡയൊക്കെ മാറ്റിവെച്ച് ആരുടെ എങ്കിലും മക്കള്‍ക്ക് ഈ കഥ വായിച്ചുകേട്ട് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് അറിയിക്കണേ.

നീലിമ

ഒരു മനശ്ശാസ്ത്രജ്ഞന്റെ ജോലി നല്ല രസമുള്ള ജോലിയാണ്. അതുകൊണ്ടായിരുന്നു വീട്ടുകാരും കൂട്ടുകാരും എതിര്‍ത്തിട്ടും രഘു പണ്ട് എഞ്ജിനിയറിങ്ങ് പ്രവേശന പരീക്ഷ എഴുതാതെ കൊല്ലം ഫാത്തിമാ കോളെജില്‍ ബി.എ. മനശ്ശാസ്ത്രം പഠിക്കാന്‍ ചേര്‍ന്നത്. കോളെജിലെ ഏറ്റവും സുന്ദരിമാരും കശുവണ്ടി മുതലാളിമാരുടെ മക്കളും വെറുതേ സമയം കൊല്ലാന്‍ തിരഞ്ഞെടുക്കുന്ന മനശാസ്ത്ര ക്ലാസില്‍ ആണായിട്ട് അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിദേശത്തുപോയി ഉപരിപഠനവും നടത്തി ജോലിവാഗ്ദാനങ്ങള്‍ എല്ലാം നിരസിച്ച് തിരുവനന്തപുരം പട്ടത്ത് ഒരു ക്ലിനിക്കുമിട്ട് അവന്‍ ഇരുന്നതും മനുഷ്യമനസ്സുകളിലുള്ള താല്‍പ്പര്യം കൊണ്ടുതന്നെയാണ്. മനസ്സിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്നത് ഒരു കലയാണ്. രോഗത്തിന്റെ അടിവേരുകള്‍ ചികഞ്ഞെടുക്കാന്‍ ഒരു കുറ്റാന്വേഷകനെക്കാള്‍ പാടവം വേണം മനശ്ശാസ്ത്രജ്ഞന്. മനസ്സുകള്‍ സങ്കീര്‍ണ്ണ സുന്ദരമായ ആധുനിക പെയിന്റിങ്ങുകളെപ്പോലെയാണ്. ഒരു കുത്തിവരകൊണ്ട് ചില സുന്ദരചിത്രങ്ങളുടെ രൂപം ആകെ മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വിരളമെങ്കിലും രവിവര്‍മ്മ ചിത്രങ്ങളെപ്പോലെ ലളിതവും നിഷ്കളങ്കവുമായ മനസ്സുകളും ഉണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ചിന്താശൈലിയിലുള്ള വ്യത്യാസം വളരെ രസമുള്ള വിഷയമാണ്. കേരളീയ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അവന്‍ തിരുവനന്തപുരത്തുതന്നെ വന്നുചേര്‍ന്നത്. സര്‍ക്കാരുദ്യോഗസ്ഥരെക്കൊണ്ടു നിറഞ്ഞ ഈ ജില്ലയില്‍ ആണുങ്ങളുടെ യാഥാസ്ഥിതിക പുരുഷമേധാവിത്വ മനോഭാവവും അതില്‍ കോട്ടം തട്ടുമ്പോള്‍ വരുന്ന വ്യതിചലനങ്ങളും മറ്റുജില്ലകളെക്കാള്‍ കൂടുതലാണ്. അവന് അതിലും താല്‍പ്പര്യമുള്ള വിഷയമായിരുന്നു ഒരു വ്യക്തിയില്‍ കുറ്റബോധം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ - പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍. ലൈംഗീകത, വ്യക്തിസ്വാതന്ത്ര്യം, തുടങ്ങിയതെല്ലാം ഒരു വലിയ കുറ്റമായി കണ്ട് താഴിട്ടുപൂട്ടിയിട്ടിരിക്കുന്ന മലയാളിസമൂഹത്തില്‍ ഈ പ്രാഥമിക കാര്യങ്ങളിലെ ഓരോ വ്യതിയാനങ്ങളും വ്യക്തികളില്‍ ഉണ്ടാക്കുന്ന കുറ്റബോധവും കുറ്റബോധം കൊണ്ടുണ്ടാവുന്ന സ്വഭാവ മാറ്റങ്ങളും ഏതൊരു മനശ്ശാസ്ത്രജ്ഞനും ഡോക്ടറേറ്റ് വിഷയങ്ങള്‍ക്കുള്ള സ്വര്‍ണ്ണഖനിയാണല്ലോ.

നീലിമയുടെ നാലാമത്തെ കൌണ്‍സലിങ്ങ് സെഷനായിരുന്നു അന്ന്. ആദ്യത്തെ തവണ പാലപ്പൂവിന്റെ മണമുള്ള ഒരു സ്പ്രേ അടിച്ച് ഇളംനീല ജീന്‍സും വെള്ള ടോപ്പുമിട്ട് നീലക്കണ്ണുകളുമായി സ്വര്‍ണ്ണനിറമുള്ള അവള്‍ എതിരേ വന്നിരുന്നപ്പോള്‍ പുറത്തുകാണിച്ചില്ലെങ്കിലും രഘു ഒന്നുപതറിപ്പോയി. അവന്റെ ചേച്ചിയുടെ കുഞ്ഞ് ജനിച്ചപ്പോള്‍ കുഞ്ഞിന്റെ കണ്ണുകള്‍ക്കുണ്ടായിരുന്ന അതേ കടല്‍നീലനിറം. സാധാരണയായി പ്രായം കൂടുമ്പോള്‍ ഈ നിറം മായുകയാണ് പതിവ്. ഫാത്തിമയില്‍ തന്നെ ബി.എ. മനശാസ്ത്ര കോഴ്സ് പഠനം പകുതിവെച്ച് ഉപേക്ഷിച്ച് വെറുതേ ഷോപ്പിങ്ങ്മാളുകളിലും സിനിമാത്തിയേറ്ററുകളിലും ഒന്നും മിണ്ടാതെ തെണ്ടിനടന്ന അവളെ ചില കൂട്ടുകാരികള്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുവരികയായിരുന്നു. കണ്ടപ്പോള്‍ ആദ്യം ഒരു കുഴപ്പവും തോന്നിയില്ല. “പഠിക്കണ്ടെങ്കില്‍ പഠിക്കേണ്ടന്നല്ലേ ഉള്ളൂ, ഇതൊന്നും ഒരു മാനസിക പ്രശ്നമല്ല“ എന്നുപറഞ്ഞ് തിരിച്ചുവിടാനാണ് അവനു തോന്നിയത്. എങ്കിലും അവന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നിനുപോലും അവള്‍ മറുപടി പറഞ്ഞില്ല. അവന്റെ മുഖത്തുതന്നെ തുറിച്ചുനോക്കിക്കൊണ്ട് വെറുതേ ഇരുന്നതേ ഉള്ളൂ. ഒരുമാതിരി അസ്വസ്ഥമാക്കുന്ന നോട്ടം. ചിലര്‍ അങ്ങനെയാണ്. ചോദ്യങ്ങള്‍ ഇഷ്ടമില്ലെങ്കില്‍ ചോദ്യം ചോദിക്കുന്ന ആളിനെ അസ്വസ്ഥനാക്കാന്‍ നോക്കും. അതുമല്ല, മനശാസ്ത്രം പഠിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ച് അവരെ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. ഒരുമാതിരി ചോദ്യങ്ങളെല്ലാം അവര്‍ക്ക് ക്ലാസുകളില്‍ കേട്ട് മുന്‍‌കൂട്ടി അറിയാമായിരിക്കും. അല്പം കഷ്ടപ്പെട്ടാണെങ്കിലും ആദ്യത്തെ കൌണ്‍സിലിങ്ങ് സെഷനില്‍ രഘു അവള്‍ക്ക് അവനില്‍‍ ഒരു വിശ്വാസവും സൌഹൃദത്തിന്റെ നാമ്പുകളും ഉണ്ടാക്കിക്കൊടുത്തു. അല്ലെങ്കില്‍ അടുത്ത കൌണ്‍സിലിങ്ങ് സെഷനില്‍ നിന്ന് രോഗികള്‍ എങ്ങനെയും ഒഴിവാകാന്‍ നോക്കും. എന്തായാലും രണ്ട് സെഷനുകള്‍ കഴിഞ്ഞപ്പോള്‍ പുറമേ നീലത്തടാകം പോലെ കിടന്ന അവളുടെ മനസ്സിന്റെ കയങ്ങളിലെ ഭയങ്ങളും കുറ്റബോധവും കണ്ട് പതറിയത് അവന്‍ തന്നെയായിരുന്നു.

റാന്നിക്കടുത്ത് ഒരു മലഞ്ചരുവില്‍ കളിച്ചുവളര്‍ന്ന അവളുടെ ബാല്യത്തിലെ മിക്ക കൂട്ടുകാരും ആണ്‍കുട്ടികളായിരുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ഉറ്റസുഹൃത്തുക്കള്‍ രണ്ടുപേരായി ചുരുങ്ങി. ഇതില്‍ ജോയ് വിപിനെ അപേക്ഷിച്ച് കാണാന്‍ സുന്ദരനായിരുന്നു. അഞ്ചുനിലക്കെട്ടിടത്തിന്റെ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന മൂവാണ്ടന്‍ മാവില്‍ നിന്ന് പച്ചമാങ്ങ പറിച്ചുതരണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ജോയ് സന്തോഷത്തോടെ വലിഞ്ഞുകയറി. ഒരുപാട് മാങ്ങാപറിച്ച് നിലത്തിട്ട് ജോയ് വീണ്ടും വീണ്ടും മുകളിലേക്കു പിടിച്ചുകയറുമ്പോള്‍ “ജോയ്, മാങ്ങാ മതി, മതി, ഇറങ്ങൂ, ഇറങ്ങൂ“ എന്നുപറഞ്ഞ് അവള്‍ വിതുമ്പിക്കരയുകയായിരുന്നു. ചിരിച്ചുകൊണ്ട് വീണ്ടും മുകളിലേക്കു കേറാനാഞ്ഞ ജോയ് ചവിട്ടിയ ചില്ല ഒടിഞ്ഞ് അവളും വിപിനും നിന്നതിന്റെ ഒത്ത നടുക്കുവന്നുവീണു. ഒരുപാടുനാള്‍ മിണ്ടാട്ടമില്ലാതെ ആയിപ്പോയ അവളെ അതില്‍ നിന്നും കയറ്റിക്കൊണ്ടുവരാന്‍ വിപിന്‍ പെട്ട പാട് ചില്ലറയല്ലായിരുന്നു. അതില്‍പ്പിന്നെ വിപിന്‍ അവളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയായി.

വിപിന്റെ കഥകള്‍ പറഞ്ഞദിവസം അവള്‍ ഒരു നീല സാരിയും ഉടുത്തായിരുന്നു ക്ലിനിക്കില്‍ വന്നത്. കഴുത്തില്‍ പഴയശൈലിയിലുള്ള ഒരു കടുക്കാമാലയും ചെവിയില്‍ ഞാന്നുകിടക്കുന്ന കമ്മലുകളും ഇട്ടിരുന്നു. കഥകള്‍ തുറന്നുപറയുമ്പോള്‍ ഒരാളോടെങ്കിലും മനസുതുറക്കാന്‍ പറ്റുന്നതില്‍ അവള്‍ക്കുണ്ടാവുന്ന ആശ്വാസം രഘു കൊടുക്കുന്ന ഉപദേശങ്ങളെക്കാളും വലുതായിരുന്നു. മരങ്ങള്‍ക്കുപിന്നിലും വള്ളിക്കെട്ടുകളിലും ഒളിഞ്ഞിരുന്ന സാധാരണ പ്രണയകഥകളായിരുന്നു കൂടുതലും പറഞ്ഞത്. പ്രീഡിഗ്രീക്കു പഠിക്കുന്ന കാലത്ത് പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ഹോസ്റ്റലില്‍ അവധിക്കാലത്ത് അവള്‍ ഒറ്റയ്ക്കായസമയത്ത് വിപിന്‍ കാണാന്‍ വരണ്ടാ എന്ന് അവള്‍ പലതവണ പറഞ്ഞതാണ്. വാശിപിടിച്ച് ഒരു മഴയുള്ള രാത്രിയില്‍ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുമ്പോള്‍ മുകളില്‍ ഞാന്നുനിന്ന കറന്റുകമ്പിയില്‍ വിപിന്റെ കാലുകുരുങ്ങുകയായിരുന്നു. കാല്‍പ്പാദങ്ങള്‍ കരിഞ്ഞ് തലകീഴായി വിപിന്‍ കറന്റുകമ്പിയില്‍ നിന്നും തൂങ്ങിക്കിടന്നതു പറയുമ്പോള്‍ അവള്‍ ഞെട്ടുന്നുണ്ടായിരുന്നു.

“പല കേസുകളും ഇങ്ങനെയാണ്. പ്രകൃതിയുടെ നിയമങ്ങള്‍ കാരണം സംഭവിക്കുന്ന സാധാരണ മരണങ്ങള്‍ സ്വന്തം കുറ്റങ്ങളായി വ്യക്തികള്‍ ഏറ്റെടുക്കുന്നു. എല്ലാത്തിനും കാരണക്കാരന്‍ താന്‍ ആണെന്നാണ് വിചാരം. എന്നാല്‍ പ്രകൃതിയില്‍ അല്ലാതെ നടക്കുന്ന ലക്ഷോപലക്ഷം മരണങ്ങളെ അവര്‍ കാണുന്നുമില്ല. ജോയ് മരിച്ചതോ വിപിന്‍ മരിച്ചതോ നീലിമയുടെ കുറ്റം കൊണ്ടല്ല. അങ്ങനെയാണെങ്കില്‍ മാവും കറന്റുകമ്പിയും മഴയും ഒക്കെ കുറ്റക്കാരാണെന്ന് വിചാരിക്കാത്തതെന്താണ്? സാഹചര്യങ്ങള്‍ കാരണം അങ്ങനെയൊക്കെ സംഭവിക്കുന്നു. ഇത് നീലിമയുടെ ജീവിതത്തില്‍ മാത്രമല്ല. പല ജീവിതങ്ങളെയും ഇത്തരം സംഭവങ്ങള്‍ കെടുത്തിക്കളയാറുണ്ട്. പന്ത്രണ്ടാം വയസ്സില്‍ ജോയിയെ ഇഷ്ടപ്പെട്ടതൊന്നും പ്രണയമല്ല. വെറുതേ ഓരോ കമ്പങ്ങള്‍ മാത്രം. ഇതുകൊണ്ട് ഇനിയാരെയും സ്നേഹിക്കാന്‍ പറ്റില്ല എന്നുവിചാരിക്കരുത്. നീലിമ ഇപ്പോഴും ചെറുപ്പമാണ്. പ്രകൃതിയുടെ നിയമങ്ങള്‍ പലപ്പോഴും ക്രൂരമാണ്. നമ്മുടെ മനസ്സിലുള്ള ഒരു സാന്മാര്‍ഗ്ഗിക നിയമങ്ങളും പ്രകൃതിയ്ക്കില്ല. ഒരു മനശാസ്ത്ര വിദ്യാര്‍ത്ഥിനിയായ നീലിമ ഇതൊക്കെ സ്വന്തം മനസ്സിനെ തളര്‍ത്താന്‍ അനുവദിക്കരുത്. ഇനിയും തുടര്‍ന്നുപഠിക്കൂ. ഭാവിയില്‍ എന്താണുവരുന്നതെന്ന് നമുക്കറിയില്ല. എങ്കിലും പതറരുത്. ഭാവിയെ ധൈര്യസമേതം നേരിടൂ“.

ഫാത്തിമയില്‍ അവളെ സ്നേഹിച്ചിരുന്നയാള്‍ - അജു - കോളെജ് ബാസ്കറ്റ്ബാള്‍ ടീം കാപ്റ്റനായിരുന്നു. ഉയര്‍ന്നുചാടി രണ്ടുകൈകള്‍ കൊണ്ടും ബാസ്കറ്റ്ബാള്‍ വളയത്തില്‍ പിടിക്കുവാന്‍ അവനെക്കൊണ്ടേ കഴിഞ്ഞിരുന്നുള്ളൂ. അവനിപ്പോള്‍ എവിടെ എന്നു രഘുചോദിച്ചപ്പോള്‍ നീലിമയ്ക്ക് മൌനം. അവനെപ്പറ്റി ഒന്നും തന്നെ അവള്‍ കൂടുതല്‍ പറഞ്ഞില്ല. കണ്ണുകളില്‍ വല്ലാത്ത പേടിമാത്രം. ശബ്ദത്തില്‍ വിറയല്‍. വീടുകളില്‍ നിന്ന് ആവശ്യത്തിനു സ്നേഹവും സംരക്ഷണയും കിട്ടാത്ത കുട്ടികളാണ് ഇങ്ങനെ ഒന്നിനുപുറകേ മറ്റൊന്നായി പ്രണയങ്ങളില്‍ ചെന്നു ചാടുന്നത്. ഒരു കൈത്താങ്ങില്ലാതെ ചിലര്‍ക്കു നില്‍ക്കാന്‍ പറ്റില്ല. അതു വീട്ടില്‍ നിന്നു കിട്ടാത്തപ്പോള്‍ അവര്‍ സമപ്രായക്കാരില്‍ നിന്നും തേടുന്നു. “ഡോക്ടര്‍, രാത്രി എട്ടുമണിക്ക് എന്നെ കാണാന്‍ വരാമോ?“. ഇല്ല. ഞാന്‍ ഔദ്യോഗിക ബന്ധങ്ങളെയൊന്നും ക്ലിനിക്കിനു പുറത്തേയ്ക്കു കൊണ്ടുപോവാറില്ല. ഒരു ഡോക്ടര്‍ക്ക് അതു പറഞ്ഞിട്ടുള്ളതല്ല. ജ്യോതിനിവാസ് ഹോസ്റ്റലില്‍ ആണ് താമസം എന്ന് അവള്‍ പതുക്കെപ്പറഞ്ഞു. ഒരു ഡോക്ടര്‍ രോഗികളെ രോഗികളായി മാത്രമേ കാണാവൂ. വ്യക്തിബന്ധങ്ങള്‍ ഇടയ്ക്കു‍ കൊണ്ടുവന്നാല്‍ ചികിത്സ തെറ്റും. ശരീരത്തിന്റെ രോഗങ്ങള്‍ക്കും മനസിന്റെ രോഗങ്ങള്‍ക്കും ഒരേപോലെ ഈ നിയമം ബാധകമാണെന്ന് രഘു ചിന്തിച്ചു. അനിലയുടെ മാതാപിതാക്കളെ അന്ന് ഡിന്നറിനുവെച്ച് കാണാം എന്ന് രഘു പറഞ്ഞുറപ്പിച്ചതുമായിരുന്നു. അവരുമായി അത് ആദ്യത്തെ കൂടിക്കാഴ്ച്ചയായിരുന്നു. അവര്‍ക്ക് ഭാവി മരുമകനെ ഇഷ്ടമാകാനുള്ള സാധ്യത കുറവായിരുന്നു. ഒരു ഫിസീഷ്യനെക്കൊണ്ട് മകളെ കെട്ടിക്കണം എന്നാണല്ലോ അവരുടെ ആഗ്രഹം. അനിലയുടെ പിടിവാശിയില്‍ അവര്‍ നിന്നുകൊടുക്കുന്നു എന്നേയുള്ളൂ. അവരെ കാണാന്‍ പോവുമ്പോള്‍ തനിക്കിഷ്ടമുള്ള ഇളം നീല മുറിക്കൈ ഷര്‍ട്ടും കടുംനിറത്തിലുള്ള പാന്റ്സും ഇടാമെന്ന്‍ വെറുതേ ചിന്തിച്ചുകൊണ്ട് രഘു വീട്ടിലേയ്ക്ക് വണ്ടിയോടിച്ചു.

നീല ടാറ്റാ ഇന്‍ഡിക്ക കാറോടിച്ച് എട്ടുമണിക്ക് ജ്യോതിനിവാസ് ഹോസ്റ്റലിനു മുന്‍പില്‍ രഘു എത്തിയപ്പോള്‍ നീലിമ ഉടുത്തൊരുങ്ങി ഹോസ്റ്റലിന്റെ ഗേറ്റും പിടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. പാലയ്ക്കാമാലയും കടും നിറത്തിലുള്ള സാരിയും വിടര്‍ത്തിയിട്ട മുടിയുമായി അവള്‍ എന്തെന്നില്ലാത്ത സന്തോഷത്തോടെ കാറില്‍ക്കയറി. അവള്‍ ക്ലിനിക്കില്‍ വരുന്നതിനെക്കാളും പതിന്മടങ്ങ് സുന്ദരിയായിരിന്നു. മുന്തിയ ബാറിലിരുന്ന് ഒരു ബ്ലഡിമേരി നുണഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു. “ഞാന്‍ ഗേറ്റില്‍ കാത്തുനില്‍ക്കുമെന്ന് എങ്ങനെ അറിയാമായിരുന്നു?”. എനിക്കു മന്ത്രവാദം അറിയാം എന്ന് രഘു മറുപടികാച്ചി. കേള്‍ക്കട്ടെ, ഒരു മന്ത്രം കേള്‍ക്കട്ടെ, ചിരിക്കുമ്പോള്‍ അവളുടെ കിന്നരിപ്പല്ലുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. “ഓം ഹ്രീം കുട്ടിച്ചാത്താ”. പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ അവന്റെ തോളിലേയ്ക്കു വീണു. മദ്യത്തിന്റെയും ഉപ്പിന്റെയും തക്കാളിയുടെയും നനവ് ഇക്കിളിപ്പെടുത്തിക്കൊണ്ട് അവന്റെ ഇടത്തേ ചെവിയില്‍ അരിച്ചു.

അനിലയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവനറിയില്ലായിരുന്നു. അവളുടെ മാതാപിതാക്കള്‍ ഇതുകേട്ട് പരിഹസിച്ചു ചിരിച്ചു. വീണ്ടും രഘുവിനെയും അനിലയെയും കൂട്ടിയോജിപ്പിക്കുവാന്‍ നോക്കിയ ഇരുവരുടെയും ഉറ്റസുഹൃത്തുക്കളുടെ മുഖം കറുത്തു. അവരൊക്കെ പിണങ്ങി ഇറങ്ങിപ്പോയി. അവരോട് ഇത് വിശദീകരിക്കുന്നതുതന്നെ രഘുവിന് വളരെ വേദനയായിരുന്നു. അല്ലെങ്കില്‍ തന്നെ എന്തുവിശദീകരിക്കാന്‍?

കൊടുംകാറ്റുപോലെയായിരുന്നു നീലിമ രഘുവിന്റെമേല്‍ പടര്‍ന്നുകയറിയത്. ഒരു ആവേശമായി തുടങ്ങിയ ആ ബന്ധം പിന്നെ ഒരു അവശതയായി. അവളുടെ ചിലമ്പിച്ച സ്വരം കേള്‍ക്കാതെ അവനുറക്കം വരില്ലെന്നായി. ഗോപുരം പോലെ വളഞ്ഞുകയറുന്ന തമ്പാനൂരിലെ ഇന്ത്യന്‍ കോഫി ഹൌസ് കെട്ടിടത്തിലിരുന്ന് രഘു കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ പക്ഷേ മിണ്ടാതെയായി. അനിലയും നീലിമയും തമ്മില്‍ മനസ്സിലെങ്കിലും താരതമ്യം ചെയ്യാതിരിക്കാന്‍ അവനു പറ്റിയില്ല. അനിലയായിരുന്നെങ്കില്‍ ഏതു കൊടുംകാറ്റിലും ഒപ്പത്തിനൊപ്പം പിടിച്ചുനിന്നേനെ. പക്ഷേ ഇവളോ? അനിലയുടെ സ്നേഹം പതുക്കെനീങ്ങുന്ന ഒരു നദിപോലെയായിരുന്നു. ഇതാവട്ടെ തന്റെ പ്രശാന്തജീവിതം കശക്കിയെറിയുന്ന പ്രഛണ്ഡവാതവും. നീലിമയ്ക്ക് ഈ ബന്ധം നിറുത്തണമെന്ന്. അവളുടെ സ്വന്തക്കാര്‍ ഒരിക്കലും ഒരു മിശ്രവിവാഹത്തിനു സമ്മതിക്കില്ലെന്ന്. അവള്‍ക്ക് ഇതില്‍ നിന്നും പുറത്തുപോവണമെന്ന്. പാവം അനില. ഇന്ന് രഘുവിനുതോന്നുന്ന വികാരങ്ങളായിരിക്കും അവന്‍‍ ഉപേക്ഷിച്ചപ്പോള്‍ അവള്‍ക്കും തോന്നിയത്. നീലിമയുടെ എന്തെങ്കിലും വിവരങ്ങള്‍ അവനുകിട്ടിയിട്ട് അപ്പോള്‍ ഒരാഴ്ച്ച കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേയ്ക്കുള്ള വഴി വളരെ മനോഹരമായിരുന്നു. വഴിവക്കിലെല്ലാം റബ്ബര്‍ മരങ്ങള്‍. റോഡില്‍ റബ്ബര്‍ ഇലകള്‍ വീണ് കറുത്തുകിടന്നു. മലകള്‍ക്ക് ഇടയില്‍ക്കൂടി വളഞ്ഞുപുളഞ്ഞുപോവുന്ന പാത. ഒരു മുക്കില്‍ റോഡ് ശബരിമലയിലേയ്ക്കും റാന്നിയിലേയ്ക്കുമായി രണ്ടായി പിരിയുന്നു. നല്ല തണുത്ത പ്രഭാതം. ചൂടുചായകുടിക്കാന്‍ നിറുത്തുന്ന ചായക്കടയ്ക്കുപോലും ഒരു പ്രത്യേക ഭംഗി. മധുരമുള്ള ചൂടുചായ. ഹെയര്‍പിന്‍ വളവുകളിലൂടെ വണ്ടിതിരിക്കാന്‍ ഒരു പ്രത്യേക രസമാണ്. അവളുടെ വീടുകണ്ടുപിടിക്കാന്‍ രഘു അധികം ബുദ്ധിമുട്ടിയില്ല. വീട്ടിന്റെ പറമ്പില്‍ റബ്ബര്‍ മരങ്ങള്‍ ഒന്നുമില്ലായിരുന്നു. ഒരുപാട് തെങ്ങുകള്‍ക്ക് ഇടയ്ക്ക് വളര്‍ന്നുനില്‍ക്കുന്ന ഏഴു പാലമരങ്ങള്‍ മാത്രം. ഏഴിലം പാലയുടെ ഒരു ഇലയില്‍ ഏഴ് ഇതളുകള്‍ കാണും. ഓരോ ഇതളിലും ഏഴ് ഞരമ്പുകള്‍ കാണും. അങ്ങനെയുള്ള ഏഴ് ഏഴിലംപാലമരങ്ങള്‍. ഏഴുഞരമ്പുകള്‍, ഏഴിതളുകള്‍, ഏഴു പാലകള്‍. സമഗണിതത്തിന്റെ വശ്യസൌന്ദര്യം. പാലപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം. ചരല്‍ മുറ്റത്ത് കാറുനിറുത്തിയിട്ട് രഘു വീട്ടിലേയ്ക്കുനടന്നു.

കോളിങ്ങ് ബെല്‍ പലതവണ അമര്‍ത്തി അടിച്ചിട്ടും ഒരു ശബ്ദവും കേള്‍ക്കാത്തപ്പോഴാണ് കറന്റില്ല എന്ന് അവനു മനസിലായത്. മുന്‍‌വാതില്‍ അകത്തുനിന്നും കൊളുത്തിട്ടിട്ടില്ലായിരുന്നു. പതിയെ തള്ളിയപ്പോള്‍തന്നെ കതക് അകത്തേയ്ക്കു തുറന്നുവന്നു. അധികം വൃത്തിയില്ലാത്ത ഒരു വലിയ മുറി. പഴയ പുസ്തകങ്ങള്‍ അടുക്കിയ പുസ്തക ഷെല്ഫും ഒരു പഴയ ടി.വിയും.ആളനക്കമില്ലാത്ത അടുക്കള. മുകളിലത്തെ നിലയിലേയ്ക്കുള്ള സിമന്റ് കോണിപ്പടികള്‍. മുകളില്‍ ഒരു വലിയ മുറിയുടെ അറ്റത്ത് കിടപ്പുമുറിയുടെ കതക്. കിടപ്പുമുറിയുടെ വാതിലില്‍ പിടിച്ചുതിരിക്കാന്‍ കൊളുത്തില്ല. പോയി തള്ളിനോക്കി. അകത്തുനിന്നും പൂട്ടിയിരിക്കുന്നു. രഘു വെറുതേ ഒരു കൌതുകത്തില്‍ താക്കോല്‍പ്പഴുതിലൂടെ അകത്തോട്ടുനോക്കി.

കട്ടിലില്‍ പൂര്‍ണ്ണനഗ്നയായ ഒരു പെണ്ണിന്റെ പിറകുവശം. അല്പം തടിച്ച അരക്കെട്ടിനും ചന്തിയ്ക്കും ഇടയ്ക്ക് ഒരു കറപിടിച്ച സ്വര്‍ണ്ണ അരഞ്ഞാണം ഇറുകിക്കിടക്കുന്നു. കട്ടിലിന്റെ മറ്റേ അറ്റത്ത് മതിലും ചാരിയിരിക്കുന്ന നാല്‍പ്പതുവയസ്സോളം പ്രായം തോന്നിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍. അവിടവിടെ നരച്ച കുറ്റിത്താടിയുള്ള മുഖത്ത് കുഴിഞ്ഞ കണ്ണുകള്‍ കാണാം. വിടര്‍ന്നമുടിയുള്ള പെണ്ണ്‍ അയാളുടെ കവിളിലും നെറ്റിയിലും മൂക്കിലും പതുക്കെ ഉമ്മവെച്ചു. പിന്നീട് അയാളുടെ ചുണ്ടുകളില്‍ മണിക്കൂറുകളോളം ഉമ്മവെച്ചു. ചുംബനത്തിനിടയില്‍ തിരിഞ്ഞപ്പോള്‍ നീലിമയുടെ സ്വര്‍ണ്ണക്കവിളുകള്‍ കാണാനായി. "ഇല്ലപൊന്നേ, എനിക്കാരെയും ഇഷ്ടമല്ല. എനിക്കൊരാളെയും പ്രേമിക്കാന്‍ പറ്റില്ല. കൊച്ചച്ചനെ എനിക്ക് ഒട്ടും ഇഷ്ടമല്ല". കൊച്ചച്ചന്റെ കഴുത്തില്‍ക്കൂടി കൈകളിട്ട് അവള്‍ വിടര്‍ന്നുചിരിച്ചു.

മൂന്നുകാമുകന്മാര്‍ മരിച്ചത് എന്തിനെന്ന് രഘുവിന് മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ അതിന് മുറ്റത്ത് മൂന്നേമൂന്നു പാലമരങ്ങള്‍ മതിയായിരുന്നല്ലോ? എന്തിന് ഏഴ് പാലമരങ്ങള്‍?

ടാറ്റാ ഇന്‍ഡിക്ക ഒരു നല്ല കാറാണ്. നല്ല കുതിരശക്തിയും ഒതുക്കവും ഉള്ള കാര്‍. മഴയത്ത് നിങ്ങള്‍ ആ കാറിനെ പതുക്കെയേ ഒടിക്കാവൂ. ഒരു കാറില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ബ്രേക്ക് ആണ്. വളയം പിടിക്കാന്‍ അറിയില്ലെങ്കിലും ബ്രേക്കുചവിട്ടാന്‍ അറിഞ്ഞാല്‍ ഏതു കാറും ഓടിക്കാം. റാന്നിയില്‍ നിന്ന് പുറത്തോട്ടുള്ള ഒരു വണ്ടിമാത്രം പോകാവുന്ന പാതകളില്‍ എതിരേ ഒരു വലിയ വാഹനം വരുമ്പോള്‍ നിങ്ങള്‍ വലിയ വാഹനം കടന്നുപോവാനായി നിറുത്തിക്കൊടുക്കണം. പ്രത്യേകിച്ചും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റുകള്‍ക്ക്. വേഗത്തിലോടിച്ച് നിങ്ങള്‍ ആ ബസ്സിനെ തോല്‍പ്പിക്കാന്‍ നോക്കരുത്, വളവുകളില്‍വെച്ച് ഒരിക്കലും അതുശ്രമിക്കരുത്. ഇപ്പോള്‍ത്തന്നെ ഇത് ബസ് ഡ്രൈവറുടെ തെറ്റേ അല്ലായിരുന്നു. രഘു അത്രയും വേഗതയില്‍ ഓടിക്കരുതായിരുന്നു. പ്രത്യേകിച്ചും മനസ്സ് കലങ്ങിയിരിക്കുമ്പോള്‍. അതുമല്ല, ടാറ്റാ ഇന്‍ഡിക്ക ഒരു ചെറിയ കാറാണ്. നൂറടി താഴ്ച്ചയിലേയ്ക്കുള്ള വീഴ്ച്ച അതിനു താങ്ങാന്‍ പറ്റില്ല. സ്റ്റിയറിങ്ങ് ഒടിഞ്ഞ് തൊണ്ടയില്‍ ഇടിച്ചുകയറി ശ്വാസം മുട്ടിയായിരുന്നു രഘു മരിച്ചത്. പെട്ടെന്നുള്ള ഒരു മരണമായിരുന്നു അത്. ഒരുതരത്തില്‍ നന്നായി. കൊക്കയില്‍ നിന്നും ഏറ്റവും അടുത്തുള്ള ആശുപത്രി എട്ടു കിലോമീറ്റര്‍ അകലെയായിരുന്നു. ആ കുഴിയില്‍ നിന്നും കാര്‍ പൊക്കിയെടുക്കാന്‍തന്നെ ആറുമണിക്കൂര്‍ എങ്കിലും എടുത്തേനെ. അത്രയും നേരം കിടന്ന് കഷ്ടപ്പെടാതെ രഘു മരിച്ചത് നന്നായി. എങ്കിലും മരണം ഒരിക്കലും നന്നല്ല. ഒരു മരണവും നന്നല്ല. എന്തായാലും ടാറ്റാ ഇന്‍ഡിക്ക ഒരു നല്ല കാര്‍ ആണ്. ആകെ ഉള്ള കാര്യം നിങ്ങള്‍ കാറിനെ അറിഞ്ഞ് ശ്രദ്ധയോടെ ഓടിക്കണം എന്നതാണ്. കാര്‍ ഒരു കുതിരയെപ്പോലെയാണ്. താലോലിച്ചോമനിച്ചുനോക്കൂ, അതുനിങ്ങളെ തിരിച്ചും താലോലിക്കും. എനിക്ക് ടാറ്റാ ഇന്‍ഡിക്ക ഒരുപാടിഷ്ടമാണ്.

അടുത്ത ഞായറാഴ്ച്ച നീലിമയുടെ കല്യാണമാണ്. കാര്യങ്ങള്‍ ധൃതിയില്‍ ഉറപ്പിക്കുകയായിരുന്നു. മനോജ് ജനിച്ചുവളര്‍ന്നത് അമേരിക്കയില്‍ ആണ്. പുറം നാടുകളില്‍ ജനിച്ചുവളര്‍ന്ന ആളുകള്‍ക്ക് എങ്ങനെ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പെണ്‍കുട്ടികളെ കെട്ടി ഒത്തൊരുമിച്ച് പോകാന്‍ കഴിയുന്നു എന്ന് എനിക്കൊട്ടും മനസിലാവുന്നില്ല. എന്തായാലും കല്യാണം അല്പമെങ്കിലും നീട്ടിവെയ്ക്കണമായിരുന്നു, പ്രത്യേകിച്ചും അവളുടെ കുടുംബത്തില്‍ ഒരു മരണം നടന്ന സ്ഥിതിയ്ക്ക്. എന്നാലും അവളുടെ കൊച്ചച്ചന് ക്ലിനിക്കല്‍ ഡിപ്രഷനും ആത്മഹത്യാ പ്രവണതയും ഉള്ളകാര്യം എല്ലാവര്‍ക്കും പണ്ടേ അറിയാവുന്നതാണല്ലോ. മനോജിനു അധികം അവധിയുമില്ലല്ലോ. രണ്ടാഴ്ച്ചയ്ക്കകം തിരിച്ചുപോണം. അതുമല്ല, രണ്ടുവീട്ടുകാര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ്? അവള്‍ക്കു മനോജിനെ ഇഷ്ടമുണ്ടായിട്ടല്ല. എന്തായാലും കല്യാണം അടുത്ത ഞായറാഴ്ച്ചയാണ്. റാന്നി സെന്റ് മേരീസ് ഫെറോനാ പള്ളിയില്‍ രാവിലെ പതിനൊന്നുമണിക്കാണ് കല്യാണം. നല്ല സുന്ദരമായ പള്ളിയാണ്. പള്ളിയുടെ പിന്നില്‍ നിന്നുനോക്കിയാല്‍ ഒരു തോടുകാണാം. ഊണിന് പോട്ടിയും* ഇറച്ചിവരട്ടിയതും ചൂടുള്ള പച്ചരിച്ചോറുമാണ്. പാ‍വം നീലിമ, അവള്‍ ശരിക്കും ഒരു ജീവിതം അര്‍ഹിക്കുന്നു, മനോജിനാണെങ്കില്‍ മാവില്‍ കയറാനോ മതിലുചാടാനോ ഇന്ത്യയിലെ റോഡുകളില്‍ വണ്ടിയോടിക്കാനോ ഒന്നും അറിയുകയുമില്ല. അഥവാ ഇനി അവനും എങ്ങനെയെങ്കിലും ചത്താല്‍ത്തന്നെ രഘുവും കൊച്ചച്ചനും മനോജും കൂട്ടി ആറു പുരുഷന്മാരേ ആവുന്നുള്ളൂ. ഏഴെണ്ണം എന്തിനാണ്? ആരെങ്കിലും കല്യാണത്തിനു പോവുന്നുണ്ടോ? ഏഴാമത്തെ ആള്‍ ആരാണ്?*

----
*പോട്ടി: പോത്തിന്റെ കുടല്‍ വറുത്ത കറി. മദ്യവും പോട്ടി ഫ്രൈയും നല്ല കോമ്പിനേഷനാണ്.

മയില്‍പ്പീലി

വീട്ടുകാരുടെ കരച്ചിലും ബഹളവും സഹിക്കാ‍തെ ചുവപ്പുകരയുള്ള വെളുത്ത കസവുസാരിചുറ്റി ഉടുത്തൊരുങ്ങി നെറ്റിയില്‍ കറുത്ത വലിയ പൊട്ടുംതൊട്ട് മുടി പിന്നിയിട്ട് അയലത്തെ വീട്ടില്‍ നിന്നും കടം വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങളും അണിഞ്ഞ് ചായയും പലഹാരങ്ങളും നിരത്തിയ താലവുമെടുത്ത് കെട്ടുകാഴ്ച്ചയ്ക്കു ചെന്നുനിന്നുകൊടുത്തു. ചായയും നീട്ടി മുന്‍പില്‍ ചെന്നുനില്‍ക്കുമ്പോള്‍ മഞ്ഞക്കണ്ണുകളും തടിച്ചുമലര്‍ന്ന ചുണ്ടുകളും വിടര്‍ത്തി പുതുപ്പയ്യന്റെ ഒരു ചിരി. പുതുപ്പയ്യന്‍ പോലും! മുകളിലെ രണ്ടു കുടുക്കുകള്‍ അഴിഞ്ഞ വെള്ള ഷര്‍ട്ടിലൂടെ അവന്റെ കുറുകിയ കഴുത്തും നെഞ്ചിലെ ചുരുണ്ട രോമങ്ങളും കാണാം. കറുത്ത മുഖത്ത് അതിലും കറുത്ത വടു. പത്താം ക്ലാസില്‍ പഠിത്തം നിറുത്തി കുറെ നാള്‍ കൂലിത്തല്ലും കള്ളും പെണ്ണുപിടിയുമായി നടന്ന ഇങ്ങനെയൊരുത്തന് പെണ്ണുകൊടുക്കാന്‍ തന്റെ വീട്ടുകാര്‍ക്ക് എങ്ങനെ മനസ്സുവന്നു?. വേറൊന്നിനോടും ചേരാത്ത തന്റെ മുടിഞ്ഞജാതകവും തന്നെ പിടിച്ചിറക്കിക്കൊണ്ടു പോവാന്‍പോലും നട്ടെല്ലില്ലാത്ത ഒരു കാമുകനും. എല്ലാം നശിച്ചുപോട്ടെ!. ആകെ ജാതകം ചേര്‍ന്നത് ഈ ഇറച്ചിവെട്ടുകാരനോട്. സ്ത്രീധനം ഒന്നും വേണ്ടപോലും. കുറച്ചുകാലമായി അവന്‍ നല്ലവനാണുപോലും. ദീനതയോടെ പിടയുന്ന മൃഗത്തിന്റെ കഴുത്തുകണ്ടിക്കുന്നവന്‍ എങ്ങനെ നല്ലവനാവാന്‍. പണം കൊണ്ട് എല്ലാം വാങ്ങാന്‍ കഴിയും, പക്ഷേ തന്റെ മനസ്സോ? ഇത്രയും വര്‍ഷം വെയില്പോലും കൊള്ളിക്കാതെ ആറ്റുനോറ്റ സൌന്ദര്യവും സ്വപ്നങ്ങളും ആര്‍ക്കും വേണ്ടാത്തതോ? ഉപചാരങ്ങളും കുശലാന്വേഷണങ്ങളും കഴിഞ്ഞ് അവനു തന്നോട് ഒറ്റയ്ക്കു സംസാരിക്കണം പോലും. കടുപ്പിച്ചമുഖത്തോടെ അവന്റെ മുഖത്തുനോക്കി തറപ്പിച്ചുപറഞ്ഞു. “എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്, എന്നെ കെട്ടരുത്. ദയവുചെയ്ത് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് എന്റെ വീട്ടുകാരോടുപറയൂ“. അറവുകാരനിലും അല്പമെങ്കിലും നന്മ കാണാതിരിക്കുമോ? ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ തന്നെയിരിക്കുന്ന, കിളിസ്വരത്തില്‍ സംസാരിക്കുന്ന, വെളുത്തുചടച്ച, നാട്ടിലെ സാഹിത്യകാരനെയാണ് തനിക്കിഷ്ടമെന്നറിഞ്ഞ് രഘു ചിരിച്ചു. കാരണവന്മാരോട് “എനിക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടു, കല്യാ‍ണത്തീയതി പിന്നീട് സംസാരിക്കാം“ എന്നും‌പറഞ്ഞ് രഘു ഇറങ്ങിപ്പോയി. അവന്റെ ധാര്‍ഷ്ട്യത്തില്‍ അമ്പരന്നുനിന്ന വീട്ടുകാര്‍ക്ക് അപ്പോഴെങ്കിലും മറുത്തുപറഞ്ഞുകൂടേ, ഈ കല്യാണം വേണ്ട എന്ന്? ഒരു പെണ്ണിനെ എങ്ങനെയെങ്കിലും കെട്ടിച്ചുവിടുന്നതാണോ ഇവര്‍ക്കുവലുത്? തകര്‍ന്ന വിവാഹങ്ങളിലും എന്തുകൊണ്ടും നല്ലതല്ലേ താന്‍ വീട്ടില്‍ത്തന്നെ ഇരിക്കുന്നത്? ഇരുപത്തിയാറു വയസ്സു കഴിഞ്ഞുപോലും. ഭാരം പോലും, ഭാരം!. പെറ്റുവീണപ്പൊഴേ ഏതെങ്കിലും കുപ്പക്കുഴിയില്‍ കളഞ്ഞുകൂടായിരുന്നോ ഇവര്‍ക്ക്? ഒരു മണവാളന്‍ വന്നിരിക്കുന്നു. എല്ലാം മുടിഞ്ഞുപോവട്ടെ.

കല്യാണമുറപ്പിച്ച് രഘു പലതവണ കാണാന്‍ വന്നിരുന്നു. ആദ്യം കാണാന്‍ വന്നത് ഒരു തത്തക്കൂടുമായിട്ടായിരുന്നു. ഉണ്ടക്കണ്ണുള്ള പച്ചത്തത്തയെ മുറിയിലെ വട്ടമേശയ്ക്കുമുകളില്‍ വെച്ച് അവന്‍ എന്തൊക്കെയോ ചോദിച്ചു. എല്ലാ ചോദ്യത്തിനും ഒറ്റവാക്കില്‍ മറുപടികൊടുത്തു. ഒടുവില്‍ ഇറങ്ങാന്‍ നേരം “ദയവുചെയ്ത് എന്നെ വെറുതേ വിടൂ, എന്നെ കെട്ടാന്‍ പറ്റില്ല എന്ന് എന്റെ വീട്ടുകാരോടു പറയൂ“ എന്ന് വീണ്ടും കരഞ്ഞുപറഞ്ഞു. ചിരിക്കുന്ന കണ്ണുകളുമായി അവന്‍ ഒന്നും മിണ്ടാതെ പടികളിറങ്ങി. മറ്റുള്ളവരുടെ പ്രാണവേദന കാണുമ്പോള്‍ അല്ലെങ്കിലും ചിലര്‍ക്കു ചിരിയാണ്. തത്ത കൂട്ടിനുള്ളിലിരുന്ന് കള്ളീ കള്ളീ എന്ന് ഉറക്കെവിളിക്കുന്നുണ്ടായിരുന്നു. തത്തയെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ദേഷ്യം വന്നു. എങ്കിലും തത്തയും തന്നെപ്പോലൊരുത്തി എന്നുവിചാരിച്ച് കൂടുതുറന്ന് അതിനെ വെറുതേവിട്ടു. മുറിച്ച ചിറകുകള്‍ വിടര്‍ത്തി തത്തിയും ചാടിയും ചിറകടിച്ചും തത്ത എങ്ങോ പോയി. തത്തക്കൂടെടുത്ത് ചവറ്റുകൊട്ടയിലെറിഞ്ഞു. വീണ്ടും കള്ളീ കള്ളീ എന്ന വിളി. പുറത്തിറങ്ങി മച്ചിനു മുകളിലും മരങ്ങളിലും നോക്കിയെങ്കിലും തത്ത അവിടെയെങ്ങും ഇല്ലായിരുന്നു. അടുത്ത രണ്ടുമൂന്ന് ദിവസം പാതിരാവിലും ആളൊഴിഞ്ഞ നേരത്തിലും മുറിയില്‍ അസമയത്ത് കള്ളീ കള്ളീ എന്ന വിളികേട്ടു. അതും കാതുതുളയ്ക്കുന്ന ശബ്ദത്തില്‍. മെത്തയില്‍ സുഖമായിക്കിടന്ന മടിയന്‍ പൂച്ച പതിയെ മ്യാവൂ എന്നു മുരണ്ടു. താന്‍‍ പല്ലുഞെരിച്ചു. നാശം!. രണ്ടുദിവസം കഴിഞ്ഞ് ആ തത്ത വഴിവക്കില്‍ ബസ്സുകയറി ചത്തുകിടക്കുന്നു എന്ന് അമ്മ പറഞ്ഞു. ഹാവൂ, സമാധാനമായി. രാത്രിയായപ്പോള്‍ വീണ്ടും കള്ളീ കള്ളീ എന്ന നീട്ടിവിളി. ചത്താലും സ്വൈരം തരാത്ത വര്‍ഗ്ഗം. എന്തായാലും രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അതും നിന്നു.

രഘുവിന്റെ രണ്ടാമത്തെ വരവ് ഒരു സ്വര്‍ണ്ണമാലയുമായിട്ടായിരുന്നു. പഴയപോലെ വീണ്ടും ചോദ്യങ്ങളും ഉത്തരങ്ങളും. അറവുകാരന്റെ കാശിന്റെ ഹുങ്ക്. അവന്റെ കയ്യിലേയ്ക്ക് തിരിച്ചുകൊടുക്കാനാഞ്ഞ മാല നിലത്തുവീണപ്പോള്‍ അതിലെവിടെയെങ്കിലും കുഞ്ഞാടുകളെ അറുത്ത ചോരക്കറ പറ്റിയിട്ടുണ്ടോ എന്ന് വെറുതേ ഒരു കൌതുകത്തോടെ തിരഞ്ഞു. ഇല്ല, നല്ല മഞ്ഞനിറം. നിലത്തുനിന്നും മാലപെറുക്കി അവന്റെ കയ്യില്‍ത്തന്നെ തിരിച്ചുകൊടുത്തു. നല്ല ഭാരം. ഒന്നും മിണ്ടാതെ അവന്‍ തിരിച്ചുപോയി.

മൂ‍ന്നാ‍മത്തെ കൂടിക്കാഴ്ച്ച ഇന്നലെ രാവിലെയായിരുന്നു. അമ്മ അയലത്തെ വീട്ടില്‍ ഇരുന്ന് ടി.വി. കാണുന്നു. രഘു കറപിടിച്ച മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് ഒരു പുസ്തകം മുന്നോട്ടുനീട്ടി. മലയാളത്തിലെ ഒരു നാലാംകിട സാഹിത്യ പുസ്തകം. അറയ്ക്കുന്ന ഉപമകളും പൈങ്കിളിക്കഥകളും എഴുതുന്ന ഈ എഴുത്തുകാരന്റെ “പിടയ്ക്കുന്ന ഹൃദയം“ എന്ന കഥവായിച്ച് കാമുകനായ കഥാകൃത്ത് ശര്‍ദ്ദിച്ചതോര്‍ത്ത് താന്‍ ഉള്ളാലെ ചിരിച്ചു. എഴുത്തും വായനയും തനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞായിരിക്കും പുതിയ സാഹസം. അറവുകാരനിലും സാഹിത്യമോ. ജാത്യാലുള്ളത് തൂത്താല്‍ പോവുമോ. താന്‍ ഒന്നും മിണ്ടാതെ നിന്നു. എന്നാലും അത്രയും നാളത്തെ കൂടിക്കാഴ്ച്ചകളില്‍ കണ്ട തന്റേടവും പുച്ഛവും കാര്‍ക്കശ്യവും അല്പം മങ്ങിയിരിക്കുന്നു. രഘുവിന്റെ കണ്ണുകളില്‍ ദൈന്യം പോലെ എന്തോ. പ്രണയം കൊണ്ട് കരിങ്കല്ലും ഉരുകുമെന്നാണ് പ്രമാണം. പക്ഷേ ഇവനോ? ഏയ് വഴിയില്ല. എങ്കിലും ചുറ്റിനിന്ന അവന്റെ നോട്ടം അതുവരെ കാണാത്ത ഒരു നോട്ടമല്ലേ എന്നു ചിന്തിച്ചപ്പോള്‍ നെഞ്ചില്‍ എന്തോ കൊളുത്തിപ്പിടിച്ചു. അറിയാതെ കൈനീട്ടിപ്പോയി. പുസ്തകം വാങ്ങാനാഞ്ഞ തന്റെ കയ്യില്‍ അവന്റെ തടിയന്‍ കൈത്തണ്ട‍ തട്ടിയപ്പോള്‍ ഷോക്കടിച്ചതുപോലെ. ഒരു ഞെട്ടലില്‍ പെട്ടെന്നു മാറ്റിയ കൈകള്‍ക്കിടയില്‍ നിന്ന് പുസ്തകം താഴെവീണു. അതിനുള്ളില്‍ നിന്ന് ഒരു മയില്‍പ്പീലി പുറത്തുചാടി. മുടിയും വിടര്‍ത്തി നിലത്തുകിടന്ന മയില്‍പ്പീലിയെ എടുത്ത് വീണ്ടും പുസ്തകത്തിനകത്താക്കി. പുസ്തകം കിടപ്പുമുറിയിലെ അലമാരയില്‍ വെച്ചു. രഘു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

വൈകിട്ട് ആളൊഴിഞ്ഞ നേരത്ത് ജനാലയ്ക്കല്‍ ബീഡിപ്പുകയുടെ മണം. പൂത്തുലഞ്ഞ് ഓടിയിറങ്ങിച്ചെന്നപ്പോള്‍ പൂങ്കുലകള്‍ വീണുകിടന്ന തേന്മാവും ചാരി സാഹിത്യകാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ അഴുക്കുപുരണ്ട ഇളം നീല ജീന്‍സിന്റെ അറ്റം പിഞ്ഞുകീറിയിരുന്നു. തുകല്‍ച്ചെരുപ്പ് അവിടവിടെ പൊട്ടിത്തുടങ്ങിയിരുന്നു. പാവം. അവന്റെ കണ്ണുകള്‍ കരുവാളിച്ചിരുന്നു. ഒരുപാടുരാത്രികളില്‍ ഉറക്കമിളച്ചതാവും. കുറ്റിത്താടിയും നനുത്ത മീശയും കുറെ നാളായി വടിക്കാതെ നീണ്ടിരിക്കുന്നു. ഈശ്വരനു സ്തുതി, ഇപ്പോഴെങ്കിലും തന്നെ കാ‍ണാന്‍ വരാന്‍ തോന്നിയല്ലോ. നിര്‍ത്താതെ ബീഡിവലിച്ച് ചുണ്ടുകള്‍ കറുത്തിരിക്കുന്നു. വലി നിറുത്തണം എന്ന് താന്‍ എത്രതവണ പറഞ്ഞതാണ്. കവിളുകള്‍ ഒട്ടിയിരിക്കുന്നു. മുന്‍പ് കണ്ടതിനെക്കാളും മെലിഞ്ഞിട്ടുമുണ്ട്. താനില്ലാതെ അവനു ജീവിക്കാന്‍ പറ്റില്ലെന്നുപറയുമ്പോഴും തന്റെ അച്ഛനമ്മമാരെ കണ്ട് സംസാരിക്കാന്‍ അവനു പേടിയായിരുന്നു. പാവം. മക്കളെ ഒരുപാട് അടിച്ചുവളര്‍ത്തിയ വീട്ടില്‍ നിന്നായതുകൊണ്ടായിരിക്കണം, അവന് എല്ലാം പേടിയാണ്. ചേട്ടനെയും അച്ചനെയും അമ്മയെയും നാട്ടുകാരെയും എല്ലാം. എന്നാലും എന്നെക്കാണാതെ ഇവന്‍ ഇത്രയും നാള്‍ എങ്ങനെ പിടിച്ചുനിന്നു. ആകെ അവന്‍ മനസ്സുതുറന്നത് തന്നോടേയുള്ളൂ. ആ മനസ്സിനെ താനെത്ര താലോലിച്ചു. സ്നേഹം വാരിക്കോരിക്കൊടുത്തിട്ടും അവന്‍ എഴുതുന്ന കഥകളില്‍ അരക്ഷിതാവസ്ഥ തുളുമ്പിനിന്നു. കുട്ടിക്കാലത്ത് അവരവനെ അത്ര കഷ്ടപ്പെടുത്തിക്കാണണം. ചില മുറിവുകള്‍ എത്ര മരുന്നുപുരട്ടിയാലും ഉണങ്ങില്ലായിരിക്കും. അവന്റെ കുറുമ്പുകള്‍ക്കും പരിഭവങ്ങള്‍ക്കും വേണ്ടി അവനെക്കാണാതിരുന്ന ഇത്രയും രാവുകളില്‍ താനെത്ര വിങ്ങി. പാവം. ഇപ്പോഴെങ്കിലും ഒന്നു വന്നല്ലോ. നാടുവിടാമെന്ന്. എവിടെ, എങ്ങോട്ട് എന്നൊന്നും പറഞ്ഞില്ല. നാളെ പുലര്‍ച്ചെ നാലുമണിക്ക് കുന്നിന്‍ചെരിവിലെ ബസ് സ്റ്റോപ്പില്‍ അടുത്ത ജില്ലയിലേയ്ക്കുള്ള ട്രാന്‍സ്പോര്‍ട്ടു ബസ്സുവരുമെന്ന്. അവന്‍ കാത്തുനില്‍ക്കുമെന്ന്. അവന്റെ കയ്യില്‍ കുറച്ചു കാശുണ്ടെന്ന്. ഈശ്വരാ. സന്തോഷം കൊണ്ട് മിണ്ടാന്‍ വാക്കുകള്‍ കിട്ടിയില്ല. പാവം. ഇപ്പോഴെങ്കിലും ഇതുതോന്നിയല്ലോ. ഇത്രയും കടുപ്പിച്ച് ഒരു തീരുമാനം എടുത്ത ശക്തിയില്‍ അവന്‍ വിങ്ങിക്കരയുന്നുണ്ടായിരുന്നു. പാവം. ഇറുക്കി കെട്ടിപ്പിടിച്ച് അവന്റെ കണ്ണുനീരെല്ലാം മുത്തിയെടുക്കണമെന്നുണ്ടായിരുന്നു. ഒന്നു തൊട്ടുപോലുമില്ല. അവന്‍ പോയി. ഇപ്പോഴെങ്കിലും ഒന്നു വന്നല്ലോ.

രാത്രി അത്താഴസമയത്ത് വീണ്ടും രഘു കയറിവന്നിരിക്കുന്നു!. ഈ സമയത്തു വരുന്നതല്ല. പ്രത്യേകിച്ചും ഒരു ദിവസം രണ്ടുതവണ. ഈ നേരത്തുവരാന്‍ അവന് എങ്ങനെ ധൈര്യം തോന്നി? ഞാന്‍ ഒളിച്ചോടാന്‍ ‍പോവുന്നത് അവന്‍ അറിഞ്ഞോ? എങ്ങനെ? ഒരാളോടുപോലും താനിതുപറഞ്ഞിട്ടില്ല. സാഹിത്യകാരനു കൂട്ടുകാര്‍ ആരുമില്ല. രഘുവിന്റെ മുഖത്തുപോലും നോക്കാതെ മുറിയില്‍‍ കയറി കതകടച്ചു. അവന്‍ അച്ഛനും അമ്മയുമായി എന്തോ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. പുതിയ മരുമകന്റെ അവകാശങ്ങള്‍. കാണിച്ചുകൊടുക്കുന്നുണ്ട്. പെട്ടിതുറന്ന് വസ്ത്രങ്ങളും ഇതുവരെയുള്ള സമ്പാദ്യവും സോപ്പും തോര്‍ത്തുമെല്ലാം എടുത്തുവെച്ചു. ഈശ്വരനെവിളിച്ച് ഭഗവദ്ഗീതയും എടുത്തുവെച്ചു. കൃഷ്ണാ, ഗുരുവായുരപ്പാ. ഗീതയ്ക്കപ്പുറം രാവിലെ രഘു തന്ന പുസ്തകത്തിന്റെ താളില്‍ നിന്ന് മയില്‍പ്പീലിയുടെ മുടികള്‍ തള്ളിനില്‍ക്കുന്നു. പീലിത്തലമുടിയുമായി കോളിളക്കമുള്ള‍ സമുദ്രത്തില്‍ വെറുമൊരാലിലയിലേറി തുഴഞ്ഞുവരുന്ന ആലിലക്കണ്ണന്റ മുടിപ്പീലി. എന്നിട്ടും പുസ്തകം കാണുമ്പോള്‍ രഘുവിന്റെ കറുത്തിരുണ്ട ശരീരവും മഞ്ഞപ്പല്ലുകള്‍ കാട്ടിയുള്ള ചിരിയും മനസ്സില്‍ തെളിഞ്ഞുവന്നു. ഒന്ന് അറച്ച് ആ പുസ്തകവും എടുത്ത് പെട്ടിയില്‍ വെക്കാനാഞ്ഞപ്പോള്‍ മയില്‍പ്പീലി പുസ്തകത്തിനകത്തിരുന്നു വിറയ്ക്കുന്നു. പുസ്തകം തുറന്നപ്പോള്‍ മയില്‍പ്പീലിയുടെ നീലക്കണ്ണുകള്‍ തന്നെ തുറിച്ചുനോക്കുന്നു. രഘുവിന്റെ കണ്ണുകള്‍ പോലെ!. അങ്ങനെവരില്ല. തോന്നിയതാവും. കൈ വിറച്ചതാവും. മയില്‍പ്പീലിയെ ഒന്നുകൂടി പുസ്തകത്തിനകത്ത് ഒതുക്കിവെച്ച് പുസ്തകം പെട്ടിയുടെ ഏറ്റവും അടിയിലാക്കി. അച്ചന്റെയും അമ്മയുടെയും തോളില്‍ കൈയ്യിട്ട് താന്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു ഫോട്ടോയും കൂടെ പെട്ടിക്കകത്ത് എടുത്തുവെച്ചു. എന്നോടു പൊറുക്കുമോ ആവോ. അലാറം വെച്ച് ലൈറ്റ് അണച്ചു. വീട്ടുകാരോട് യാത്രപറഞ്ഞിറങ്ങുന്ന രഘുവിന്റെ കര്‍ക്കശശബ്ദത്തില്‍ നിരാശ പറ്റിയിരുന്നു. നാളെ ഞാന്‍ നാടുവിടുന്നു!. സാഹിത്യകാരന്‍ ഉറങ്ങാതെ കിടക്കുന്നുണ്ടാവും. തലവഴിയേ കമ്പിളി മൂടിപ്പുതച്ചുകിടന്നു. ഉറക്കം വന്നില്ല. ഓരോരോ സ്വപ്നങ്ങളും കണ്ട് കണ്ണും മിഴിച്ചുകിടന്നപ്പോള്‍ അലാറം അടിച്ചു. ഇത്ര പെട്ടെന്നോ?

രാവിലെ. പൂങ്കോഴി മുരിങ്ങമരത്തിലിരുന്ന് ഉറക്കം തൂങ്ങുന്നു. ശബ്ദമുണ്ടാക്കാതെ കതകുതുറന്നു. വിജാഗിരി കരഞ്ഞില്ല. ഭാഗ്യം. കതകു ശബ്ദമുണ്ടാക്കാതെ പതിയെച്ചാരി പടി തൊട്ടുവണങ്ങി പെട്ടിയും തൂക്കി പുറത്തിറങ്ങി. ഈശ്വരാ, പൊറുക്കണേ. പൂച്ച ഉറക്കമുണര്‍ന്ന് തീക്കട്ടക്കണ്ണുകളുമായി ജനലില്‍ കൂടി തല പുറത്തേയ്ക്കിട്ട് മിണ്ടാതെ തന്നെത്തന്നെ നോക്കുന്നു. അവള്‍ക്കിനി ആരു പാലുകൊടുക്കും. റോഡില്‍ ആരുമില്ല. കള്ളന്മാരോ പിടിച്ചുപറിക്കാരോ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു കൂവിവിളിക്കാന്‍ പോലും പറ്റില്ല. പെട്ടിയും തൂക്കി അസമയത്ത് ഒളിച്ചോടാനാഞ്ഞതിന്റെ മാനക്കേട് ജീവിതം മുഴുവന്‍ പേറേണ്ടിവരും. എങ്കിലും കൂവിവിളിച്ച് ആളെക്കൂട്ടണം. രാത്രി ഉറക്കത്തില്‍ എണീറ്റുനടക്കുന്ന സ്വഭാവമുള്ള പതിനെട്ടുകാരിയെ മദ്രാസില്‍ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്രേ. ശ്രീലങ്കയില്‍ ഒരു കുടുംബത്തിലെ എല്ലാ സ്ത്രീകളെയും കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്രേ. തല ഇങ്ങനെയാണ്. വേണ്ടാത്ത കാര്യങ്ങള്‍ വേണ്ടാത്തസമയത്ത് ഓടിവരും. വീട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും ഇരിക്കുമ്പോള്‍ ഇതൊന്നും ഓര്‍മ്മവരികയുമില്ല. വീട്ടുകാരെ ഇനി എന്നു കാണുമോ ആവോ. മുന്‍പില്‍ ഒന്നും കാണാന്‍ വയ്യാത്തത്ര ഇരുട്ട്. ചീവീടുകളുടെ ഇരപ്പിന് ഇത്ര ഒച്ചയോ?. മുന്‍പിലെ ആല്‍മരത്തില്‍ എന്തോ തൂങ്ങിയാടുന്നു. വേരുകള്‍ തന്നെയാണോ? ആരെങ്കിലും തൂങ്ങിച്ചത്തതാണെങ്കില്‍? ആല്‍ത്തറയില്‍ ആരെങ്കിലും ഒരു തിരിയെങ്കിലും കത്തിച്ചെങ്കില്‍ മതിയായിരുന്നു. പൊന്തക്കാടുകളില്‍ എന്തോ അനങ്ങുന്നു. വല്ലൊ പാമ്പും ആണെങ്കില്‍? വളവുതിരിഞ്ഞപ്പോള്‍ വഴിയില്‍ രഘുവിന്റെ വീട്ടിനകത്ത് ലൈറ്റുകിടക്കുന്നു. അമ്മേ! രഘു അറിഞ്ഞോ? ഉള്ളില്‍ ഒരു കാളല്‍! ഇല്ല. വഴിയില്ല. ഹൃദയം ചീവീടുകളുടെ ശബ്ദത്തെക്കാളും ഉറക്കെ ഇടിക്കുമോ?. എന്റെ ദൈവമേ, രഘു അറിഞ്ഞാല്‍?. ചീവീടുകള്‍ പെട്ടെന്ന് നിശബ്ദരാ‍യതാണോ? കാലുകള്‍ ചലിക്കുന്നത് താന്‍‌പോലും അറിയുന്നില്ല. വളവു തിരിഞ്ഞു. രഘുവിന്റെ വീടും വെളിച്ചവും വളവിനു പിന്നിലാ‍യി. ബസ് സ്റ്റോപ്പിനു മുന്‍പില്‍ ഒരു തെരുവുവിളക്കു കത്തുന്നു. മഴ ചാറാന്‍ തുടങ്ങി. മഴത്തുള്ളികള്‍ക്കിടയിലൂടെ ബസ് സ്റ്റോപ്പില്‍ നിന്ന് ബീഡിപ്പുക ഉയരുന്നു. ഹായ്!.

ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. ഒരിക്കലും കരയാത്ത തന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ധാരാളം ഒഴുകി. നമുക്ക് ദൂരെ എവിടെയെങ്കിലും പോവണം. എന്തെങ്കിലും ചെറിയ ജോലിചെയ്ത് നമുക്കുജീവിക്കാം. ഏതെങ്കിലും ഓഫീസില്‍ എന്തെങ്കിലും ഉദ്യോഗം കിട്ടും. അല്ലെങ്കില്‍ അല്ലെങ്കില്‍ ഒരു ട്യൂട്ടോറിയലില്‍ പഠിപ്പിക്കാം. ഞാന്‍ ഒരു തുണിക്കടയില്‍ നില്‍ക്കാം. അവന്‍ ചിരിച്ചുകൊണ്ടു വേണ്ട എന്ന ഭാവത്തില്‍ കൈ വീശി. എന്തെങ്കിലും ഒക്കെ മനസ്സില്‍ കണ്ടിട്ടുണ്ടോ? ഞാനും കുറച്ച് പൈസ എടുത്തിട്ടുണ്ട്. നമ്മള്‍ എങ്ങോട്ടാണ് പോവുന്നത്? ഒരു വീട് വാടകയ്ക്ക് എടുക്കണ്ടേ? രഘു തിരക്കിവരാത്തത്ര ദൂരേയ്ക്കു പോവണം. ദൈവമേ, അവന്‍ ഒന്നിനും മടിയില്ലാത്തവനാണ്. രഘുവില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നമുക്ക് പോലീസില്‍ പരാതികൊടുത്താലോ? അവനില്‍ നിന്നും നമുക്ക് ഓടിപ്പോവാം. ഒരു രെജിസ്റ്റര്‍ മാരേജുകഴിഞ്ഞാല്‍ പിന്നെ പേടിക്കണ്ട. എന്തെങ്കിലും പറ.

“നെഞ്ചില്‍ വളഞ്ഞ വാലുകുത്തിയിറക്കുന്ന ഓര്‍മ്മകളെയും ദു:സ്വപ്നങ്ങളെയും ഞാന്‍ കഥകളില്‍ പൊതിഞ്ഞ് ചുരുട്ടിക്കൂട്ടി വായനക്കാരുടെ നേര്‍ക്ക് വലിച്ചെറിയും. ഓര്‍മ്മകളേ, പോ, ഫോ“. ഇതു പറഞ്ഞപ്പോള്‍ സ്ഥിരം രോഗിയും അബലനുമായ അവന്റെ കണ്ണുകള്‍ തുറിച്ച് ചോരഞരമ്പുകള്‍ എഴുന്നുവന്നു. ബീഡിപ്പുകയേറ്റ ചുണ്ടുകളും കയ്യും മെലിഞ്ഞ ശരീരവും മഴനനഞ്ഞുനിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. അവള്‍ ഒരു വിങ്ങലോടെ അവന്റെ കൈപ്പത്തി തന്റെ ഇളംചൂടുള്ള രണ്ടു കൈകള്‍ക്കും ഉള്ളിലാക്കി. പറഞ്ഞ വാക്യങ്ങളുടെ ശക്തിയില്‍ തളര്‍ന്ന് അവളുടെ ചുമലില്‍ ചാഞ്ഞിരുന്ന് അവന്‍ പലതും പതിയെ പറയുന്നുണ്ടായിരുന്നു. എന്റെ കഥകള്‍ പ്രസിദ്ധീകരിച്ച് പത്രാധിപന്മാര്‍ അയച്ചുതരുന്ന കാശുപോരേ നമുക്ക് ജീവിക്കാന്‍. ഒരു പുസ്തകം പ്രസിദ്ധീകരിച്ച് പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ പിന്നെയും കാശുകിട്ടും. നീ നോക്കിക്കോ. നിന്റെ സ്നേഹത്തില്‍ ഞാന്‍ എഴുതുന്ന കഥകളെല്ലാം സൂര്യകാന്തിപ്പൂക്കളെപ്പോലെ വിരിഞ്ഞുനില്‍ക്കും. ഏതെങ്കിലും വിദ്യാലയത്തില്‍ പഠിപ്പിക്കാനോ കുട്ടികളെ ട്യൂഷന്‍ എടുക്കാനോ ഒക്കെ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ലപൊന്നേ, എനിക്ക് അധികം സംസാരിക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ടല്ലേ. ഇഷ്ടമല്ലാത്തവരോടും പരിചയമില്ലാത്തവരോടും സംസാരിക്കുന്നതിന്റെ വേദന നിനക്കു മനസിലാവില്ല. വാക്കുകള്‍ കിട്ടാതെ കണ്ണുപൊട്ടനെപ്പോലെ ഞാന്‍ പരതുമ്പോള്‍ അവര്‍ ചിരിക്കുന്നതിന്റെ പൊരുള്‍ നിനക്കറിയില്ല. അവന്‍ പിന്നെയും പലതും പറഞ്ഞെങ്കിലും എഴുതിയ കഥകളൊക്കെ പ്രസിദ്ധീകരിക്കാതെ അവര്‍ തിരിച്ചയച്ചതിന്റെ വേദന അവന്റെ കണ്ണുകളില്‍ തുളുമ്പിനിന്നു. അവളുടെ മനസ്സ് അപ്പോള്‍ വഴുതിമാറി വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിന്റെ വേരുകള്‍ ചികയുകയായിരുന്നു. അവന്റെ വര്‍ണ്ണസ്വപ്നങ്ങളില്‍ മയങ്ങി കിനാവുകള്‍ കണ്ട് നാണിച്ചുചിരിച്ച ഗതകാലത്തെ സുഖശീതളരാത്രികള്‍ നിറം മങ്ങി നരച്ച് പനിപിടിച്ച രാത്രികളായി അവളുടെ മനസ്സില്‍ തെളിഞ്ഞു. പഴയ നല്ലോര്‍മ്മകള്‍ തിരഞ്ഞ് മനസ്സിന്റെ അറകള്‍ ഓരോന്നും വലിച്ചുതുറന്നെങ്കിലും അവയെല്ലാം ഒഴിഞ്ഞുകിടന്നിരുന്നു. ഇത്രയും നാള്‍ ഞാന്‍ പ്രണയിച്ചത് എന്തിനെയായിരുന്നു? ഈ നിര്‍ണ്ണായകനിമിഷത്തിലും തനിക്കു ധൈര്യം പകരാതെ അവന്‍ സ്വപ്നം കാണുന്നു. തണുത്ത പ്രഭാതത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ബസ് സ്റ്റോപ്പിലും നശിച്ച മഴയിലും മുനിഞ്ഞുകത്തുന്ന തെരുവിളക്കിലും നനഞ്ഞ ചുവരിലും ഒക്കെ ഭാവി വലിയ ചോദ്യച്ചിഹ്നങ്ങളായി മങ്ങുകയും തെളിയുകയും ചെയ്യുന്നു. സാഹിത്യകാരന്‍ സ്വപ്നലോകത്ത് തെന്നിനടക്കുന്നു. മധുരസ്വപ്നങ്ങളുടെ മായാലോകത്തില്‍ ഇരുന്ന്‍ കൊച്ചുകുട്ടിയെപ്പോലെ ചിരിക്കുന്നു. നാളെയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങള്‍ വിളമ്പുന്നു. ഇല്ല, ഇതല്ല താന്‍ പ്രേമിച്ചത്‍. ഇതല്ല എന്റെ പ്രേമം. ഇതിനായല്ല എണ്ണമറ്റരാത്രികളില്‍ തന്റെ ഹൃദയം വിങ്ങിയത്. വീണ്ടും വീണ്ടും കണ്ട് വിഴുക്കിയലപ്പിച്ച സ്വപ്നങ്ങള്‍ ചത്തുമലച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പാതിയടഞ്ഞ മിഴികളെയും അവയുടെ നിര്‍വ്വികാരമായ ചുണ്ടുകളെയും ഓര്‍മ്മിപ്പിച്ചു. അവയ്ക്കിടയിലെവിടെയോ ഒരു മുഖം പതിയെ തെളിയുന്നു. മീശയില്ലാത്ത, കുറ്റിത്താടി വടിക്കാത്ത ആ മുഖത്തുനിന്ന് രണ്ട് മഞ്ഞക്കണ്ണുകള്‍ തന്നെ തുറിച്ചുനോക്കുന്നതുകണ്ട് അവളമ്പരന്നു. സാഹിത്യകാരന്‍ അവളുടെ മുഖം ഇരുളുന്നതും കണ്‍പീലികള്‍ വിറയ്ക്കുന്നതും അവള്‍ മിണ്ടാതെ വിതുമ്പുന്നതും കണ്ടില്ല. മനസ്സിന്റെ ഗര്‍ഭപാത്രങ്ങളില്‍ അന്തിയുറങ്ങുന്ന പെറാത്ത കഥകളെ അവന്‍ കിനാവുകാണുകയായിരുന്നു. അവന്റെ സംസാരത്തിനും അവളുടെ വിതുമ്പലിനും ഇടയില്‍ ഒരു ഹൃദയമിടിപ്പ് തെളിഞ്ഞുകേള്‍ക്കുന്നതുപോലെ അവള്‍ക്കുതോന്നി. ഈ ബസ് സ്റ്റോപ്പില്‍ മുഷിഞ്ഞുകാത്തിരിക്കുന്ന ശപ്തമായ തന്റെ വിധിയെ അവള്‍ ചുണ്ടുകടിച്ചുപിടിച്ച് പഴിച്ചു. ഇത്രയും നാള്‍ നെയ്തുകൂട്ടിയ നാളെയെക്കുറിച്ചുള്ള നല്ലസ്വപ്നങ്ങള്‍ കഞ്ഞിക്കലത്തിലെ കുമിളകളെപ്പോലെ പതഞ്ഞുമുകളിലേയ്ക്കുവന്ന് പൊട്ടിക്കൊണ്ടിരുന്നു. ചത്ത പ്രണയം അവളുടെ വിഹ്വലമായ കണ്ണുകളില്‍ മിഴിച്ചു. കൈകളിലെ ചൂട് വാര്‍ന്നുപോയി. എങ്കിലും അവന്‍ അവളുടെ കൈകളെ ഇറുക്കിപ്പിടിച്ച് കാല്‍പ്പനികസ്വപ്നങ്ങളെ ബസ്സ്റ്റോപ്പിലെ നനഞ്ഞ നിലത്ത് നിരത്തിവെച്ചുകൊണ്ടിരുന്നു. ഹൃദയമിടിപ്പിന്റെ ശബ്ദം കൂടിക്കൂടിവന്നു. അന്താരാഷ്ട്ര പുരസ്കാരങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ അവന്‍ നിരത്തുമ്പോള്‍ അവള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, ഹൃദയമിടിപ്പ് അവന്റെയോ അവളുടെയോ അല്ലായിരുന്നു, ഹൃദയമിടിപ്പ് തന്റെ പെട്ടിക്കുള്ളില്‍ നിന്നായിരുന്നു.

ബസ് സ്റ്റോപ്പിനു മുന്‍പിലെ കുറ്റിക്കാട്ടിന്റെ മറവില്‍ കുന്തിച്ചിരുന്ന് ഇറച്ചിവെട്ടുന്ന കത്താള്‍കൊണ്ട് പോച്ചത്തലപ്പുകളെ രഘു വെറുതേ അരിഞ്ഞു. തന്റെ പ്രതിശ്രുതവധു സാഹിത്യകാരന്റെ കൈകളിലമരുന്നതും അവളുടെ തോളില്‍ ചാഞ്ഞ് അവന്‍‍ കഥകള്‍ പറയുന്നതും കണ്ട് രഘുവിന്റെ ഉള്ളംകയ്യും നെറ്റിത്തടവും കഴുത്തും വിയര്‍ത്തു. ഒരു തേങ്ങല്‍ ഉള്ളില്‍ നിന്ന് തികട്ടിവന്ന് തൊണ്ടയില്‍ തങ്ങിനിന്നു. തലയില്‍ ആയിരം തേനീച്ചകള്‍ മൂളുന്നതുപോലെ. ഒന്ന് അലറി മുന്നോട്ടാഞ്ഞാല്‍ ഒരു വെട്ടിനു രണ്ടിനെയും അരിയാം. ഒറ്റക്കുതിപ്പ്, ഒരലര്‍ച്ചമാത്രം. ഒരു ഞരക്കവുമില്ലാതെ സാഹിത്യകാരനും ചീറിക്കൊണ്ട് അവളും പിടഞ്ഞുവീഴും. കുലട!. ഇല്ല, അവള്‍ അവനോടൊത്തു ജീവിക്കട്ടെ. ഞാനവളെ സ്നേഹിക്കുന്നു! അവള്‍ക്കു നല്ലതുവരട്ടെ. ദു:സ്വപ്നങ്ങളില്‍ പോലും അവള്‍ എന്നെ ഓര്‍ക്കരുത്. കത്തി കൈപ്പിടിയിലിരുന്നു ഞെരിഞ്ഞു. ജീ‍വിതത്തില്‍ അതുവരെ തോന്നിയിട്ടില്ലാത്ത നിസ്സഹായത അവന്റെ കണ്ണുകളെ തളര്‍ത്തി. തന്നെക്കൊല്ലാന്‍ ഓടിയാര്‍ക്കുന്ന ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞുനിന്ന് വെറുമൊരു പിച്ചാത്തിചൂണ്ടി അലറിത്തളച്ചിട്ട ശക്തമായ കൈകളും ‍നാവും പൊന്തക്കാട്ടിലിരുന്ന് തളര്‍‍ന്നു. വലിയ ശബ്ദത്തോടെ കണ്ണഞ്ചിക്കുന്ന മഞ്ഞ വെളിച്ചം മുന്നോട്ടുചീറ്റിക്കൊണ്ട് ബസ്സ് പൊന്തക്കാടിന്റെ തൊട്ടടുത്തുവന്നു നിന്നു.

ഡ്രൈവര്‍ ബസ്സിന്റെ എഞ്ജിന്‍ ഓഫാക്കി. മൂത്രമൊഴിക്കാന്‍ ഡ്രൈവറും യാത്രക്കാരും പുറത്തേയ്ക്കിറങ്ങി. അവളും സാഹിത്യകാരനും ബസ്സിന്റെ ഉള്ളില്‍ കയറി രഘു ഒളിച്ചിരുന്ന പൊന്തക്കാടിനോടു ചേര്‍ന്നുള്ള ജനാലയ്ക്ക് അടുത്തായി ഇരുന്നു. പെട്ടിയില്‍ നിന്നുള്ള ശബ്ദം ഉയര്‍ന്നുയര്‍ന്നുവന്ന് പെരുമ്പറ കൊട്ടുന്നതുപോലെ മുഴങ്ങുന്നു. “എന്താ‍ണത്?“ അല്പം വിളറിക്കൊണ്ട് അവള്‍ രഘു തന്ന അവസാനത്തെ സമ്മാനത്തിന്റെ കാര്യം പറഞ്ഞു. “നാശം!, അവന്റെ ഓര്‍മ്മകളും കൊണ്ടാണോ നീ വണ്ടികയറിയത്?” അതുവരെ കാണിച്ചിട്ടില്ലാത്ത ധൈര്യത്തോടെ സാഹിത്യകാരന്‍ അവളുടെ പെട്ടി വലിച്ചുതുറന്നു. നാലാംകിട പുസ്തകം പെട്ടിയില്‍ കിടന്ന് കുതറിച്ചാ‍ടുന്നുണ്ടായിരുന്നു. ചാട്ടത്തിനിടയിലും മയില്‍പ്പീലിയുടെ ഒറ്റക്കണ്ണ് അവളെ കുറ്റപ്പെടുത്തിക്കൊണ്ട് തുറിച്ചുനോക്കി. പീലിക്കണ്ണിന്റെ നോട്ടം കണ്ട് സാഹിത്യകാരന്റെ മുഖം വിളറി. അവള്‍ പല്ലുഞെരിച്ച് പുസ്തകത്തിനെ വലിച്ചടച്ച് രണ്ടുകൈകൊണ്ടും അമര്‍ത്തിപ്പിടിച്ച് ബസ്സിന്റെ മഴനനഞ്ഞ ജനാലയിലൂടെ പുറത്തേയ്ക്കു വലിച്ചെറിഞ്ഞു. യാത്രക്കാരും ഡ്രൈവറും കയറി. ബസ്സു വിട്ടു. ബസ്സിന്റെ ശബ്ദം വളവുതിരിഞ്ഞ് നേര്‍ത്തുമറഞ്ഞു.

പൊന്തക്കാട്ടില്‍ നിന്ന് പതിയെ എണീറ്റ് നിലത്തു മഴനനഞ്ഞുകിടന്ന മയില്‍പ്പീലിയെടുത്ത് അതില്‍പ്പറ്റിയിരുന്ന ചെളിതട്ടിക്കളഞ്ഞ് പുസ്തകത്തിനുള്ളിലാക്കി രഘു തന്റെ വീട്ടിലേക്കുനടന്നു.

--------------

(കുറിപ്പ്: ഈ മയില്‍പ്പീലി രഘുവിന് ഒന്‍പതുവയസ്സുള്ളപ്പോള്‍ (നാലാം ക്ലാസില്‍) അവന്റെ കൂടെപ്പഠിച്ച വിടര്‍ന്ന കണ്ണുകളും ഇരുണ്ടനിറവുമുള്ള ഒരു പെണ്‍കുട്ടി കൊടുത്തതായിരുന്നു. ഇരട്ടവരയുള്ള നോട്ടുപുസ്തകത്തിനകത്ത് തങ്കം പോലെ സൂക്ഷിച്ചിരുന്ന ആ മയില്‍പ്പീലി രഘു ഒരുപാടുനേരം നിന്നു ചിണുങ്ങിയിട്ടാണ് അവള്‍ അവനു കൊടുത്തത്. അവള്‍ക്കു രഘുവിനെ അത്രയ്ക്കും ഇഷ്ടമായിരുന്നല്ലോ. അഞ്ചുമുതല്‍ പത്തുവരെ വേറൊരു ബോയ്സ് സ്കൂളില്‍ പഠിച്ച രഘു ആ പെണ്‍കുട്ടിയെ പിന്നീട് കണ്ടില്ല. എങ്കിലും ഏതൊക്കെയോ പുസ്തകങ്ങളുടെ താളില്‍ രഘു മയില്‍പ്പീലിയെ സൂക്ഷിച്ചുവെച്ചിരുന്നു. ഈ മയില്‍പ്പീലി ഒരിക്കലും പെറ്റില്ല. പത്താംക്ലാസ് കഴിഞ്ഞ് കൊള്ളരുതാത്തവനായി നടക്കുമ്പൊഴും തല പെരുക്കുമ്പൊഴൊക്കെ രഘു പുസ്തകം തുറന്ന് ഈ മയില്‍പ്പീലിയെ നോക്കുമായിരുന്നു. രഘുവിന്റെ ജീവിതത്തിലെ വിലമതിയാത്ത ചുരുക്കം സമ്പാദ്യങ്ങളില്‍ ഒന്നായിരുന്നു ഈ മയില്‍പ്പീലി എന്ന് പറയേണ്ടതില്ലല്ലോ)

തകര്‍ന്ന പ്രണയങ്ങള്‍

ബാംഗ്ലൂര്‍ മഹാനഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എം.ജി. റോഡിലെ ഇന്ത്യന്‍ കോഫി ഹൌസില്‍ ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഓരോന്നുമാ‍ലോചിച്ച് കാപ്പിയും കട്ട്ലറ്റും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എതിരേ അവന്‍ വന്നിരുന്നത്. രഘു!. എന്റെ കഴിഞ്ഞകാലത്തിലെ പ്രിയപ്പെട്ട കൂട്ടുകാരന്‍. ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിനിമ കാണാനും വെള്ളമടിക്കാനും ഞങ്ങള്‍ പോയിരുന്നതും ഒരുമിച്ചായിരുന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ഞങ്ങള്‍ ജോലിചെയ്തിരുന്നത്. ഒരുമിച്ചായിരുന്നു ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളെ പ്രേമിച്ചതും.

പ്രണയം വിടര്‍ന്നപ്പോള്‍ അവന്റെ വീട്ടില്‍ കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. നിലയ്ക്കാത്ത കരച്ചിലുകള്‍ക്കും മാനസികസംഘര്‍ഷങ്ങള്‍ക്കും കഠിനവിഷാദത്തിനും ശേഷം തണുത്തമഴയുള്ള ഒരു രാത്രിയില്‍ അവന്‍ ആത്മഹത്യ ചെയ്തു. അവന്റെ ചരമപൂജയ്ക്ക് ഞാനും പോയിരുന്നു. മുരുഗേഷ് പാളയയിലെ പൂക്കടയില്‍ നിന്നു വാങ്ങിയ മുള്ളുചെത്തിയ തണ്ടുള്ള രണ്ടു ചുവന്ന റോസാപ്പൂക്കള്‍ ശാന്തമായി ഉറങ്ങിയ അവന്റെ നെഞ്ചില്‍ വെച്ചത് ഞാനായിരുന്നല്ലോ. പിന്നീട് അവള്‍ ഭ്രാന്തിയായി ഒരുപാടുനാള്‍ കരഞ്ഞുനടന്നതും ഒടുവില്‍ ആരെയോ കെട്ടി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായതും ഇതൊന്നും കാണാന്‍ വയ്യാതെ ഞാന്‍ നാടുവിട്ട് മണലാരണ്യങ്ങളില്‍ അലഞ്ഞുനടന്നതുമെല്ലാം ഇന്നും നടുക്കുന്ന ഓര്‍മ്മകള്‍ മാത്രം. അതെല്ലാം കഴിഞ്ഞ് ഇന്ന് കാലിന്നടിയിലൂടെ കാലം ഏറെ ഒഴുകിപ്പോയിരിക്കുന്നു. എല്ലാം അടങ്ങി ഞാന്‍ വീണ്ടും എന്റെ നഗരത്തിലെത്തിയപ്പോള്‍ അവന്‍ ഇങ്ങനെ എതിരേ വന്നിരുന്നത് ഒരു വലിയ ഷോക്കായിരുന്നു. ശവക്കല്ലറകളില്‍ നിന്ന് ഇറങ്ങിവന്നതുപോലെ അവന്റെ മുഖം നിര്‍വ്വികാരമായിരുന്നു. കുഴിഞ്ഞ കണ്തടങ്ങളില്‍ ഇരുട്ട് കൂടുകെട്ടിയിരുന്നു. ചുരുണ്ടുനീണ്ട മുടി അലസമായി വഴിതെറ്റിക്കിടന്നിരുന്നു. ഇളംനീല ജീന്‍സിലും കൈ പാതി ചുരുട്ടിയ കള്ളിഷര്‍ട്ടിലും സ്പോര്‍ട്ട്‌സ് ഷൂസിലും ചെളിപുരണ്ടിരുന്നു. മുഖത്തിനു ചുറ്റും സിഗരറ്റിന്റെ കെട്ട മണം ചൂഴ്ന്നുനിന്നിരുന്നു.

“നീ മരിച്ചില്ലേ?”
“ഞാന്‍ പലതവണ മരിച്ചല്ലോ”

അധികം ഒന്നും മിണ്ടാതെ ഒരുകപ്പ് കാപ്പിയും കുടിച്ച് മഞ്ഞുപോലെ തണുത്ത കൈ എന്റെ കയ്യില്‍ പിടിച്ചുകുലുക്കി അവന്‍ എഴുന്നേറ്റുപോയി.

പിന്നീടെപ്പൊഴോ ഗള്‍ഫില്‍ സന്ദര്‍ശനത്തിനുവന്ന ഒരു കൂട്ടുകാരനുമൊത്ത് പഴയ കഥകള്‍ അയവിറക്കവേ കേട്ടറിഞ്ഞു, ഞാന്‍ നാടുവിട്ടതിനുപിന്നാലെ രഘുവിന് വീണ്ടും പല പ്രണയങ്ങളും ഉണ്ടായെന്നും അവയെല്ലാം പലരീതിയില്‍ പരാജയപ്പെട്ടെന്നും.

പ്രവാചകന്‍

രഘുവിനെ എനിക്കുപേടിയാണ്.

കഴിഞ്ഞതവണ അബുദാബി - ദുബൈ സംസ്ഥാനപാതയായ ഷേക്ക് സായിദ് റോഡിലൂടെ അവന്റെ വണ്ടിയില്‍ ഇരുന്ന് യാത്രചെയ്തത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങുന്നു. അല്പം പഴയ ജീപ്പ് ഷെറൂക്കീ വാഹനം അവന്‍ മണിക്കൂറില്‍ നൂറ്റിയറുപത് - നൂറ്റിയെണ്‍പത് കിലോമീറ്റര്‍ സ്പീഡില്‍ പറപ്പിക്കുകയായിരുന്നു. തേഞ്ഞ ടയറുകള്‍. അല്പം വിറയ്ക്കുന്ന വണ്ടി. അതിലൊന്നുമല്ല ഞാന്‍ വിരണ്ടത്. ഏകദിശയിലുള്ള നാലുവരിപ്പാതയിലൂടെ അവന്‍ വിപരീതദിശയിലായിരുന്നു വണ്ടിയോടിച്ചത്!. എതിരേ വരുന്ന എല്ലാ വണ്ടികളും ഹോണ്‍ നീട്ടിയടിച്ച് വെട്ടിച്ചുമാറുന്നു. അറബികള്‍ കയ്യും തലയും പുറത്തിട്ട് ചീത്തവിളിക്കുന്നു. ആളുകള്‍ ദൂരെനിന്നേ ഹസാര്‍ഡ് ലൈറ്റുമിട്ട് വണ്ടി പതുക്കെ ഓടിച്ച് ഒഴിഞ്ഞുമാറുന്നു. പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് അപായസൂചന‍ കൊടുക്കുന്നു. സാധാരണ ആ പാതയില്‍ അറബികളും തലതെറിച്ച മലയാളികളും നൂറ്റെണ്‍പതിനു മുകളില്‍ ആണ് വണ്ടിയോടിക്കുക. അങ്ങനെ വരുന്ന വണ്ടികള്‍ക്ക് എതിരേ വണ്ടിയോടിച്ചാല്‍ മുന്നൂറ്റിച്ചില്വാനം വേഗത തോന്നും എന്ന് എനിക്ക് അപ്പോള്‍ മനസിലായി. വണ്ടിനിറുത്തെടാ എന്ന് ഞാന്‍ അലറിവിളിക്കുന്നതു ശ്രദ്ധിക്കാതെ പുഞ്ചിരിച്ചുകൊണ്ട് വണ്ടിയോടിക്കുകയായിരുന്നു അവന്‍. ടി.വി. ഇല്‍ ഫോര്‍മുലാ വണ്‍ കാണുമ്പോഴൊരിക്കലും ഞാന്‍ ഇത്രയും വിചാരിച്ചിരുന്നില്ല. ആകാശത്ത് ഒരു ഹെലിക്കോപ്ടര്‍ ഞങ്ങളെ ലക്ഷ്യമാക്കി കുതിച്ചുവരുന്നതിന്റെ കടകടാ ശബ്ദം. അപ്പുറത്തെ ട്രാക്കില്‍ സൈറണിട്ട് നീല ലൈറ്റും കത്തിച്ച് ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും കുതിച്ചുവരുന്നു. മുന്‍പില്‍ എവിടെയോ പോലീസുവണ്ടികള്‍ തിരക്കുള്ള പാത തടഞ്ഞ് കുറുകെ നിറുത്തിയിട്ടിരിക്കുന്നതിനെ ഇടിച്ചു, ഇടിച്ചില്ല എന്നമട്ടില്‍ രഘു വണ്ടി ചവിട്ടിനിറുത്തി. വിയര്‍ത്തുകുളിച്ച് ദേഹം ആകെ വിറച്ച് ഞാനും ഉന്മാദത്തോടെ ചിരിച്ചുകൊണ്ട് രഘുവും വണ്ടിയിറങ്ങി. കഴുത്തിനു കുത്തിപ്പിടിച്ച് തള്ളി അവനെയും അറിയാതെ ഈ കൊലപാതക-ആത്മഹത്യാ ശ്രമത്തില്‍ സാക്ഷിയും പങ്കാളിയുമായിപ്പോയ എന്നെയും വെള്ളയും പച്ചയും നിറമടിച്ച ഒരു പോലീസ് ജീപ്പിലേക്കുതള്ളിക്കയറ്റുന്ന പോലീസുകാരോട് അവന്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു, “ദിസ് ഹോള്‍ കണ്ട്രി ഇസ് ഗോയിങ്ങ് ഇന്‍ ദ് റോങ്ങ് ഡയറക്ഷന്‍“.. ഈ രാജ്യം മുഴുവന്‍ വിപരീത ദിശയിലാണ് ഓടുന്നതെന്ന്.

കടല്‍

മൌറീഷ്യസില്‍ മധുവിധുവിന് പോവണം എന്നായിരുന്നു ഗീതയുടെ ആഗ്രഹം. എന്നാല്‍ നാടുവിട്ട് മറ്റെവിടെയെങ്കിലും പോവുന്നതിനു മുന്‍പേ എന്റെ വേരുകള്‍ ഗീത തൊട്ടറിയണം എന്ന് എനിക്കു നിര്‍ബന്ധമായിരുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ ജനിച്ചുവളര്‍ന്ന ഗീതയ്ക്ക് കൊല്ലത്തെ വാടി കടപ്പുറം കണ്ട് എന്താണ് തോന്നുക എന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. എന്റെ സ്വന്തക്കാരില്‍ മിക്കവരും വാടി വിട്ട് പുതിയ ജീവിതതീരങ്ങള്‍ തേടിക്കഴിഞ്ഞിരുന്നു. എന്റെ മമ്മാഞ്ഞിയുടെ (അമ്മൂമ്മയ്ക്ക് കൊല്ലം ക്രിസ്ത്യാനികളുടെ ഇടയില്‍ പറയുന്ന പേര് ) വകയില്‍പ്പെട്ട ഒന്നോ രണ്ടോ ബന്ധുക്കളേ ഇന്ന് വാടിയില്‍ താമസമുള്ളൂ. ബാംഗ്ലൂരില്‍ നിന്ന് കൊല്ലത്തേയ്ക്കുള്ള വഴി മുഴുവന്‍ ഗീത കടലിനെപ്പറ്റി വാതോരാതെ സംസാരിച്ചു. കടല്‍ എന്നുകേള്‍ക്കുമ്പോള്‍ ഗോവയിലെയും മംഗലാപുരത്തെയും നിറപ്പകിട്ടാര്‍ന്ന കടലോരങ്ങളായിരുന്നു അവളുടെ മനസില്‍. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ വണ്ടിയോടിച്ച് അവിടെ എത്തിയപ്പോള്‍ വാടി കടപ്പുറത്തെ കീലിട്ട വള്ളങ്ങളില്‍ നല്ല മീന്‍ നാറ്റമുണ്ടായിരുന്നു. കടപ്പുറത്ത് പോളിത്തീന്‍ ഷീറ്റുകെട്ടിയ ഷെഡ്ഡില്‍ മത്സ്യങ്ങളെ ഉച്ചത്തില്‍ ലേലം വിളിക്കാന്‍ ആളുകള്‍ കൂടിയിരുന്നു. കുടിലുകള്‍ക്കു മുന്‍പില്‍ നെഞ്ചുപിളര്‍ത്തി ഉണക്കാനിട്ടിരുന്ന മീനുകള്‍ക്ക് ഉപ്പുകലര്‍ന്ന മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു. ജോനകപ്പുറത്തെ ഗീവര്‍ഗ്ഗീസുപുണ്യവാളന്റെ പ്രതിമ പെയിന്റുപോയി കയ്യൊടിഞ്ഞ് ഇരുമ്പുകമ്പികളും തള്ളിനിന്നിരുന്നു. വള്ളത്തിന്റെ തണലില്‍ കൈലി ഉയര്‍ത്തി മടക്കിക്കുത്തി ചെറുപ്പക്കാര്‍ അശ്ലീലം കലര്‍ന്ന തമാശകള്‍ പറഞ്ഞുചിരിച്ച് ബീഡിവലിച്ച് ചീട്ടുകളിക്കുന്നുണ്ടായിരുന്നു. കാറില്‍ ചെരുപ്പ് ഊരിയിട്ട് മണലില്‍ കുന്തിച്ചുനടന്ന് ഗീതയുടെ കാലുപൊള്ളി. കടലിനെക്കുറിച്ചുള്ള ഗീതയുടെ കാല്‍പ്പനിക സങ്കല്‍പ്പങ്ങള്‍ തകരുന്നതും അവളുടെ മുഖം വാടുന്നതും ഞാന്‍ കണ്ടു. സിനിമയില്‍ കാണുന്നതുപോലെ ചന്ദ്രനും തെങ്ങുകളും കടലും കരയും അന്തിച്ചോപ്പില്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന യുഗ്മ മനോഹര തീരങ്ങളല്ലായിരുന്നു വാടി കടപ്പുറത്തേത്, മറിച്ച് ജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങളുടെ ചൂടില്‍ വിണ്ടുവരണ്ട് ഉപ്പുരസമാര്‍ന്ന് തിളച്ചുകിടന്ന കടപ്പുറമായിരുന്നു അവിടെ.

തിരിച്ച് കാറിനടുത്ത് എത്തിയപ്പോള്‍ പയ്യന്മാര്‍ ആരോ കാറില്‍ കല്ലുകൊണ്ട് പോറിച്ച് ആരുടെയോ പേരെഴുതിവെച്ചിരുന്നു. ഇതെല്ലാം കണ്ട് പിറുപിറുത്തും ദേഷ്യപ്പെട്ടുമായിരുന്നു ഞങ്ങള്‍ ഫിലോമിന ആന്റിയുടെ വീട്ടിലെത്തിയത്.

അമ്മയെയും അച്ചനെയും ചേട്ടന്മാരെയും ഒക്കെപ്പറ്റി ഫിലോമിന ആന്റി നിറുത്താതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ആന്റിക്ക് ലോകത്തുള്ള എല്ലാവരുടെയും കുടുംബചരിത്രം അറിയാം. പച്ചമാങ്ങയിട്ട നെത്തോലിക്കറിയും സ്രാവ് തോരന്‍ വെച്ചതും കൂട്ടി വലിയ സ്റ്റീല്‍ വട്ടപ്പാത്രത്തില്‍ ആവിപറക്കുന്ന പുഴുക്കരിച്ചോറും തിന്ന് ഉപ്പിട്ട കുറുകിയ കഞ്ഞിവെള്ളം കുടിക്കുമ്പോള്‍ ഗീതയുടെ മുഖം പതുക്കെ തെളിയുന്നുണ്ടായിരുന്നു. ഉപ്പിന്റെയും മുളകിന്റെയും കൂടെ പാകത്തിന് സ്നേഹവും കലര്‍ത്തിയിളക്കാതെ കറികള്‍ക്ക് ഇത്രയും രുചിവരില്ലല്ലോ. ഞാനൊരു ഹിന്ദുപ്പെണ്ണിനെ പ്രേമിച്ച് വിവാഹം കഴിച്ചതിലുള്ള അലോസരം ഒട്ടും പുറത്തുകാണിക്കാതെ ഗീതയുടെ കയ്യും പിടിച്ച് വളരെസ്നേഹത്തോടെ സംസാരിച്ച ഫിലോമിന ആന്റിക്ക് ഞാന്‍ മനസ്സുകൊണ്ട് നന്ദിപറഞ്ഞു. ഊണുകഴിഞ്ഞ് യാത്രപറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വരാന്തയില്‍ നല്ല പ്രായമുള്ള ഒരു അമ്മൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. പല്ലുപോയിത്തുടങ്ങിയ ചിരിക്കുന്ന വായും ഞാന്നു താഴേയ്ക്കുതൂങ്ങുന്ന ചെവിയും ഉള്ള ഒരു അമ്മൂമ്മ. മൂന്നുനാല് വെന്തിങ്ങ കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തില്‍ തൂക്കിയിരുന്നു. പ്രായംകൊണ്ട് കയ്യിലെയും മുഖത്തെയും തൊലി ചുളിഞ്ഞ് മടങ്ങിക്കിടന്നിരുന്നു. ഞങ്ങളെ നോക്കി “ഏ മാനാ, നിങ്ങളാണോ സ്നേഹിച്ച് കെട്ടിയത്” എന്ന് ഈ അമ്മൂമ്മ ചോദിച്ചു. ഞങ്ങള്‍ വരുന്ന കാര്യം ഫിലോമിനാ ആന്റി നേരത്തേ പറഞ്ഞുകാണണം. ആന്റി “മറിയാമ്മ മാനാ, പിള്ളേര് ഇറങ്ങട്ടെ, ഒന്നു മിണ്ടാതിരി” എന്നു പറയുന്നുണ്ടായിരുന്നു. “ആ മാനാ, ഇതാണോ പ്രേമം. ഞാനെത്ര പ്രേമം കണ്ടതാ, വാ, മക്കള് ഇരി, പ്രേമം എന്താന്ന് ഞാന്‍ പറഞ്ഞുതരാം“ എന്ന് മറിയാമ്മച്ചേച്ചി പരിഭവിച്ചു. ചിരിച്ചുകൊണ്ട് ഒന്നുകൂടെ യാത്രപറഞ്ഞ് ഞാന്‍ പടികളിറങ്ങിയപ്പൊഴേക്കും ഗീതയെ കയ്യില്‍ പിടിച്ച് മറിയാമ്മച്ചേച്ചി വരാന്തയില്‍ ഇരുത്തിക്കഴിഞ്ഞിരുന്നു. ഗീതയുടെ കണ്ണുകള്‍ അല്പം നേരം കൂടി ഇരുന്ന് കഥ കേട്ടിട്ടുപോവാമെന്നേ എന്നു പറയുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ ഫിലോമിന ആന്റിയുടെ കൂടെ വീട്ടിനകത്തേയ്ക്ക് തിരിച്ചുകയറി. ഗീത വരാന്തയില്‍ ഇരുന്ന് കഥകേട്ടുതുടങ്ങി. ഫിലോമിന ആന്റി എന്നോട് മറിയാമ്മച്ചേച്ചിയുടെ കഥകള്‍ പറഞ്ഞുതുടങ്ങി.

ഈ മറിയാമ്മച്ചേച്ചി ഒരു പ്രത്യേകതരം ആണ്. ആയകാലത്ത് കല്യാണം ഒന്നും കഴിക്കാന്‍ പോയില്ല. വീട്ടുകാരില്ല. സ്വന്തക്കാരൊക്കെ മറിയാമ്മച്ചേച്ചിയെവിട്ട് ഗള്‍ഫിലും മറ്റ് ദൂരനാടുകളിലും പോയി. കടപ്പുറത്തെ മറ്റുപെണ്ണുങ്ങളെപ്പോലെ മറിയാമ്മച്ചേച്ചി മീന്‍ വില്‍ക്കാന്‍ പോവില്ല. ഒരു ജോലിയും ചെയ്യാറില്ല. ഏറ്റവും തമാശ എന്താന്നുവെച്ചാല്‍ മറിയാമ്മച്ചേച്ചി മീന്‍ കൂട്ടില്ല. കടലീന്നുള്ള ഒന്നും തന്നെ മറിയാമ്മച്ചേച്ചി തൊടൂല്ല. ഇങ്ങനെ ഓരോ വീട്ടിലും ഉച്ചയ്ക്കു വരും. കഞ്ഞിയും തേങ്ങാ തിരുകിയതും കുടിച്ച് കുറേ നേരം ഇരുന്ന് പഴമ്പുരാണവും പറഞ്ഞ് മറിയാമ്മച്ചേച്ചി പോവും. ചേച്ചിയുടെ നാക്കാണ് സഹിക്കാന്‍ പറ്റാത്തത്. ദേ ഇവിടെ നടക്കുന്നതൊക്കെ അപ്പുറത്തെ വീട്ടില്‍ പോയി പറയും. എന്നാലും പാവമല്ലേ എന്നുവിചാരിച്ച് എല്ലാരും ഉച്ചയ്ക്ക് തിന്നാന്‍ കൊടുക്കും. ഞങ്ങളെയൊക്കെ വല്യ സ്നേഹമാണുകേട്ടോ.

അല്പം നേരം സംസാരിച്ചിരുന്നിട്ട് ഞാനും ഫിലോമിന ആന്റിയും വരാന്തയില്‍ പോയി മറിയാമ്മച്ചേച്ചിയുടെ കഥകേട്ട് ഇരിപ്പായി. ഗീത എന്തോ കേട്ട് കഥയില്‍ മുഴുകി കണ്ണും മിഴിച്ച് തലകുലുക്കുന്നുണ്ടായിരുന്നു.

“...അങ്ങനെയായിരുന്നു മോളേ ചാള്‍സ്. കടപ്പുറത്ത് ഇത്രയും അഴകുള്ള ആണ്‍പിള്ളേരെ കണ്ടിട്ടില്ല. കള്ളിലുങ്കി മടക്കിക്കുത്തി ചങ്കുവിരിച്ച് കടപ്പുറത്തൂടെ ചാള്‍സ് നടക്കുന്നത് കാണേണ്ട ഒരു കാഴ്ച്ചയായിരുന്നു. ഒട്ടിയ കവിളുകള്‍. കട്ടിപ്പിരികം. വെയിലത്ത് ഇങ്ങനെ നിന്നു കത്തുന്ന കണ്ണുകള്‍. നല്ല നീണ്ട് ചുരുണ്ട് പാറിക്കിടക്കുന്ന തലമുടി. അല്പം താഴേയ്ക്കു വളഞ്ഞ കട്ടിമീശയും നീണ്ട കിളിരവും. ചിറകുകള്‍ പോലെ വിരിഞ്ഞുനിന്ന വാരിയെല്ലുകള്‍. നീണ്ട കക്കാത്തോടുകള്‍ പെറുക്കിവെച്ചതുപോലെ കൊത്തിയെടുത്ത വയറ്. കരിവീട്ടിത്തടിയില്‍ കടഞ്ഞ തൂണുകള്‍ പോലെ മുഴച്ച കൈകാലുകള്‍. ഒത്ത ഉയരം. മീന്‍‌വലയും തോളത്തിട്ട് തലയും വെട്ടിച്ച് ചാള്‍സ് മണ്ണുഞെരിച്ച് നടക്കുമ്പോള്‍ കടപ്പുറത്തെ മീന്‍‌കാരികള്‍ സംസാരം നിറുത്തി കുശുകുശുപ്പാവും. ചാള്‍സിന്റെ മുഖത്തുനോക്കി പ്രതിമപോലെ നിന്നുപോയ എത്ര പെമ്പിള്ളേരെ എനിക്കറിയാം“.

ഏതോ ആണുങ്ങളുടെ സൌന്ദര്യവര്‍ണ്ണനകേട്ട് കണ്ണും മിഴിച്ചിരിക്കുന്ന ഗീതയെ സത്യം പറഞ്ഞാല്‍ എനിക്കു ചവിട്ടാന്‍ തോന്നി. ഞാന്‍ സ്വതവേ കുശുമ്പനാണ്. ഇങ്ങനെ അമ്മൂമ്മമാര്‍ക്ക് കയ്യില്‍ ഒരുപാട് കെട്ടുകഥകള്‍ കാണും. അവരുടെയും അമ്മയമ്മൂമ്മമാരില്‍ നിന്നു പകര്‍ന്നുകിട്ടിയ കഥകളായിരിക്കും കൂടുതല്‍. നൂ‍റ്റാണ്ടുകളുടെ പഴക്കമുള്ള കടപ്പുറത്തെ കെട്ടുകഥകള്‍.

ചാള്‍സിന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകളായിരുന്നു മേരി. കടപ്പുറത്ത് മീന്‍ വിറ്റിരുന്ന മേരിയുടെ കവിളില്‍ എപ്പോഴും വെയിലടിച്ചുതിളങ്ങുന്ന വെള്ളിച്ചെതുമ്പലുകള്‍ പറ്റിയിരുന്നു. കടപ്പുറത്തെ പല പെണ്‍കുട്ടികളെയും പോലെ മേരിക്കും ചാള്‍സിനെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അതിലുമേറെ ഒരുതരം ആവേശമായിരുന്നു അവള്‍ക്ക്. വേറാരുടേം വള്ളത്തില്‍ നിന്ന് അവളു മീന്‍ വാങ്ങൂല്ലാ. ചാള്‍സിന്റെ വള്ളത്തില്‍ നിന്നുതന്നെ മീന്‍ വാങ്ങി വിക്കാന്‍ മേരി കാത്തുനില്‍ക്കും. ചാള്‍സ് അന്തിക്കു കടപ്പുറത്ത് പന്തുകളിക്കുന്നതു കാണാ‍ന്‍ അവള്‍ ഓരോ തെങ്ങുംചാരി ഇങ്ങനെ ചുറ്റിപ്പറ്റി നില്‍ക്കും. ഒറ്റയ്ക്കുകിട്ടുമ്പോള്‍ അവനെ തടഞ്ഞുനിറുത്തി കൊച്ചുവര്‍ത്താനം പറയും.

ചാള്‍സിനെ മീന്‍ പിടിക്കാന്‍ പോവുന്ന എല്ലാ ആണുങ്ങള്‍ക്കും വല്യ ഇഷ്ടമായിരുന്നു. കാര്യം അവന്‍ വലയിട്ടാല്‍ ഒരുപാട് മീന്‍ കിട്ടും. മീനൊക്കെ കടലിന്റെ അടിയില്‍പ്പോയി ഉറങ്ങുന്ന വരണ്ട ദിവസങ്ങളില്‍ എല്ലാ വള്ളവും പോയി മീനൊന്നും ഇല്ലാതെ ചെളിയും കരിക്കാടിയും മാത്രം കോരി മടങ്ങുമ്പോഴും ചാള്‍സിന്റെ വള്ളത്തില്‍ മുഴുത്ത മീന്‍ പിടയ്ക്കും. കടപ്പുറത്തെ കാക്കുന്ന ഗീവര്‍ഗ്ഗീസുപുണ്യാളന്റെ കൃപയാണ് ചാള്‍സിന് എന്നായിരുന്നു ഇവിടത്തെ കാരണവന്മാര്‍ പറഞ്ഞിരുന്നത്.

നിലാവുള്ള രാത്രികളില്‍ ചാള്‍സ് ഒരു കൊതുമ്പുവള്ളവും തള്ളി ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോവും. വലിയ നെമ്മീനെയും ഉഗ്രന്‍ സ്രാവിനെയും പിടിച്ച് ചാള്‍സ് തിരിച്ചുവരും. അവന് നല്ല കൊയ്ത്തുകിട്ടാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നു. എന്നാലും ദിവസത്തിന്റെ മിക്കവാറും സമയം കടലില്‍ തന്നെ ചിലവഴിക്കുന്ന ചാള്‍സിന്റെ വീട്ടുകാര്‍ക്ക് എന്തോ പന്തികേടു തോന്നാതിരുന്നില്ല.

മേരിയുടെ ഒളിച്ചുകളി ഒരുപാടുനാള്‍ തുടര്‍ന്നില്ല. അവളുടെ രഹസ്യപ്രണയം എവിടെനിന്നോ കേട്ട് രാത്രി കുടിച്ചു പൂസായിവന്ന അവളുടെ പപ്പാ അവളെ എടുത്തിട്ടു ചവിട്ടി. കാര്യം ചാള്‍സ് നല്ല പയ്യനാണെങ്കിലും ഈ പ്രേമമൊന്നും കടപ്പുറത്ത് നടപ്പില്ല. ചീത്തപ്പേര് സഹിക്കാന്‍ പറ്റില്ല. കാറ്റത്തെ തീപോലെ അതു പടരും. മേരിയുടെ പപ്പായുടെ അലര്‍ച്ചകേട്ട് ആളുകൂടി. അപ്പോള്‍ മേരി ചവിട്ടുകൊണ്ട വേദന പുറത്തുകാണിക്കാതെ എഴുന്നേറ്റുനിന്ന് മുടി രണ്ടുകൈകൊണ്ടുംപിടിച്ച് ശരിയാക്കി കൂടിനിന്ന ആളുകളുടെ മുഖത്തുനോക്കി ശാന്തയായി പറഞ്ഞു, “ഞാന്‍ കെട്ടുന്നെങ്കില്‍ ചാള്‍സിനെ മാത്രമേ കെട്ടൂ, അല്ലേല്‍ എത്ര നാള്‍ വേണമെങ്കിലും കെട്ടാതെ നിന്നോളാം“ എന്ന്. കാരണവന്മാരൊക്കെ മൂക്കത്തു വിരല്‍ വെച്ച് അവരവരുടെ വീട്ടില്‍ തിരിച്ചുപോയി. പെണ്ണുങ്ങള്‍ “എന്റെ മാതാവേ“ എന്നും വിളിച്ച് കുരിശുംവരച്ച് തിരിച്ചുപോയി.

സുബോധം തിരിച്ചുവന്നപ്പോള്‍ മേരിയുടെ പപ്പാ ചാള്‍സിന്റെ വീട്ടില്‍ പോയി, കുറെ നേരം ചായയും കുടിച്ച് മിണ്ടാതെ ഇരുന്നു. ഒടുവില്‍ എടുത്തടിച്ചപോലെ അല്പം വിറയ്ക്കുന്ന ശബ്ദത്തോടെ മോളുടെ ആഗ്രഹം പറഞ്ഞു. എന്തായാലും അവന്റെ വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. രണ്ടുവീട്ടുകാരും നാട്ടിലെ പ്രമാണിമാരും കൂടിയിരുന്ന് കല്യാണക്കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കവേ ആയിരുന്നു മുഖം കറുപ്പിച്ച് ചാള്‍സ് കടന്നുവന്നത്. അവന്റെ സമ്മതം മാത്രം ആരും ചോദിച്ചിട്ടില്ലായിരുന്നു. സുന്ദരിയായ മേരിയെ ചാള്‍സിനും ഇഷ്ടമാണെന്ന് എല്ലാരും വിചാരിച്ചിരുന്നു. എന്തായാലും രണ്ടുപേരും വിചാരിക്കാതെ ഇത്രയും അസ്ഥിയില്‍ പിടിച്ച ഒരു പ്രേമം ഉണ്ടാവില്ലല്ലോ.

പക്ഷേ ചാള്‍സിനു മിണ്ടാട്ടമില്ലായിരുന്നു. വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചുചോദിച്ചിട്ടും അവന്‍ ഒന്നും പറഞ്ഞില്ല. കടപ്പുറത്തെ പ്രായം‌മൂത്ത കരപ്രമാണിമാരോടും ചാള്‍സ് ഒന്നും പറഞ്ഞില്ല. വീട്ടിനകത്തുതന്നെ ചടഞ്ഞിരിപ്പായി. ഒടുവില്‍ വികാരിയച്ചന്‍ ചാള്‍സിനെ വാടിപ്പള്ളിയിലോട്ടുവിളിപ്പിച്ചു. കയ്യില്‍പ്പിടിച്ചുകൊണ്ടുപോയി കുമ്പസാരക്കൂട്ടില്‍ മുട്ടുകുത്തി നിറുത്തി. ഇരുട്ടറയിലിരുന്ന് ചാള്‍സ് മടിച്ചുമടിച്ച് തന്റെ മനസുതുറന്നു. അവനു പ്രണയം കടലിനോടാണെന്ന്. കടലിനും അവനോട് പ്രണയമാണെന്ന്. അവനു ജീവിതത്തില്‍ വേറൊരു പെണ്ണിനെയും കെട്ടാന്‍ പറ്റില്ലപോലും. ഭ്രാന്തുപറയാതെ എന്ന് വികാരിയച്ചന്‍ കുറെ പറഞ്ഞുനോക്കി. അവന്റെ തലയില്‍ ഓതുവെള്ളം തളിച്ച് അവനു മനശ്ശാന്തികിട്ടുവാന്‍ വികാരിയച്ചന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ ചാള്‍സിന്റെ വാക്കിനു ഒരു ഇളക്കവും ഇല്ലായിരുന്നു. അവനത്രയ്ക്ക് ഉറപ്പായിരുന്നു, കടലിന് അവനോട് ഭയങ്കര പ്രേമമാണെന്ന്. വികാരിയച്ചന്‍ അവന്റെ സമ്മതത്തോടെ കാര്യം അവന്റെ വീട്ടിലും പറഞ്ഞു. അവന്‍ പറഞ്ഞത് ആരും വിശ്വസിച്ചില്ല. എങ്ങനെ വിശ്വസിക്കാനാ. കടപ്പുറത്തുകിടന്ന് വെയിലുകൊണ്ട് പയ്യന്റെ ബോധം പോയതായിരിക്കും എന്ന് വീട്ടുകാര്‍ വിചാരിച്ചു. മകനെ തിരിച്ചുകിട്ടാന്‍ അവര്‍ അമലോല്‍ഭവ മാതാവിന്റെ തിരുമുന്നില്‍ മെഴുകുതിരികള്‍ കത്തിച്ചു, മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അവന്റെ കൂട്ടുകാര്‍ അവനെ ഡാ അരവട്ടാ, കാമുകാ, എന്നൊക്കെ വിളിച്ചു കളിയാക്കി. എന്തായാലും ആളുകളുടെ അപവാദവും സംസാരവും അല്പം കുറഞ്ഞപ്പോള്‍ ചാള്‍സ് വികാരിയച്ചനെയും വിളിച്ച് കടപ്പുറത്തേക്കുപോയി. തീരത്തുനിന്ന് കടലിലേക്ക് നോക്കി ഒന്നും മിണ്ടാതെ നില്‍പ്പായി. കടല്‍ ശാന്തമായി മുരണ്ട് താ‍ളത്തില്‍ തീരത്തേയ്ക്ക് അടിച്ചുകയറി അവരുടെ കാലുനക്കുന്നുണ്ടായിരുന്നു. “എടീ കുരുത്തംകെട്ടോളേ“ എന്ന് ചാള്‍സ് കടലിനെ നോക്കി പയ്യെ വിളിച്ചു. അപ്പോള്‍ അതുവരെ ശാന്തമായിക്കിടന്ന കടല്‍ പെട്ടെന്ന് ഇളകി. രണ്ടു വലിയതിരകള്‍ പൊങ്ങിയുരുണ്ട് കരയിലേക്ക് അടിച്ചുകയറി. തിര പിന്‍‌‌വാങ്ങിയപ്പോള്‍ ഒരു വലിയ നെമ്മീന്‍ കരയില്‍ കിടന്ന് പിടയ്ക്കുന്നുണ്ടായിരുന്നു. വികാരിയച്ചന്‍ നെറ്റിയില്‍ കുരിശുവരച്ച് തിരിച്ചുപോയി. ചാള്‍സ് പിടയ്ക്കുന്ന നെമ്മീനെ വാലില്‍ പിടിച്ചുതൂക്കി വീട്ടിലേക്കു നടന്നു. അതില്‍പ്പിന്നെ നാട്ടുകാര്‍ ചാള്‍സിനെ കല്യാണത്തിനു നിര്‍ബന്ധിക്കാതായി. അല്പം പന്തികേടുതോന്നിയ അവര്‍ അവനെ അധികമൊന്നും വള്ളത്തില്‍ കൂട്ടിനും വിളിക്കാതായി. ചാള്‍സ് കടലില്‍ കൂടുതലും ഒറ്റയ്ക്കുപോയിത്തുടങ്ങി.

മേരിയുടെ കാര്യമായിരുന്നു കഷ്ടം. രാത്രികളില്‍ വിതുമ്പിക്കരഞ്ഞ് അവള്‍ ഉറങ്ങാതെകിടന്നു. ആരും കാണാതെ കടല്‍ത്തീരത്തുപോയി നിന്ന് കടലിലേക്ക് കല്ലുപെറുക്കി എറിഞ്ഞു, കടലിനെ ചീത്തവിളിച്ചു. ചാള്‍സിനെ ഒളിച്ചുനിന്നുകണ്ട് കരഞ്ഞുകെഞ്ചി. മേരി മീന്‍ വില്‍ക്കാന്‍ പോവാതെയായി. അവളുടെ കൊഴുത്ത മേനി ശോഷിച്ചുവന്നു. ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴായിരുന്നു ചാള്‍സിന്റെ വീട്ടുകാര്‍ വേളാങ്കണ്ണിയില്‍ പോയത്.

രാത്രി മേരി കടപ്പുറത്ത് ചാള്‍സിന്റെ വള്ളം തിരിച്ചുവരുന്നതുവരെ കാത്തിരുന്നു. പാതിരാത്രിയില്‍ കടലിനെ നെടുകേ കീറിക്കൊണ്ട് ചാള്‍സിന്റെ ഒറ്റക്കൊതുമ്പുവള്ളം കരയ്ക്കണഞ്ഞു. ഒരു വലിയ ചൂരയെ വാലില്‍ പിടിച്ചുതൂക്കിക്കൊണ്ട് ചാള്‍സ് ഒറ്റയ്ക്ക് കുടിലിലേക്കുനടക്കുന്നത് മേരികണ്ടു. വിജനമായ കടല്‍പ്പുറത്ത് കരയ്ക്കുകയറ്റിയിട്ടിരുന്ന വലിയ വള്ളങ്ങള്‍ കറുത്ത ആനകളെപ്പോലെ ചടഞ്ഞുകിടന്നുറങ്ങി. കടലിലേക്ക് വെളിച്ചത്തിന്റെ ഒരു നീണ്ട വെള്ളിവടി പതിയെ ചുഴറ്റിയെറിഞ്ഞുകൊണ്ടിരുന്ന വിളക്കുമാ‍ടത്തിലെ മണ്ണെണ്ണവിളക്കും ആരോ കെടുത്തി. ചാള്‍സ് പിടയ്ക്കുന്ന മീനെയും തൂക്കി അവള്‍ നിന്നതിനു ഒരഞ്ചുവാര അകലെക്കൂടി ഒന്നും മിണ്ടാതെ നടന്നുപോയി. ഇരുട്ടത്ത് അവന്‍ തന്നെ കണ്ടില്ലെന്നും തലകീഴായി തൂങ്ങിക്കിടന്ന മീനിന്റെ പിടയ്ക്കലില്ലായിരുന്നെങ്കില്‍ തന്റെ ഹൃദയം ഊക്കോടെ ഇടിക്കുന്ന മുഴക്കംകേട്ട് ചാള്‍സ് തിരിഞ്ഞുനിന്നേനെ എന്നും അവള്‍ക്കുതോന്നി. ചാള്‍സ് ഒന്നും അറിയാതെ അവന്റെ കുടിലിലേക്കു കയറിപ്പോയി. മിന്നാമിനുങ്ങിനെപ്പോലെ ഒരു മണ്ണെണ്ണവിളക്ക് ദൂരെ അവന്റെ വീട്ടില്‍ മുനിഞ്ഞുകത്തി. മേരി ശബ്ദമുണ്ടാക്കാതെ കരയിലേക്കുനടന്നു. കടല്‍ മുരണ്ടുകൊണ്ടിരുന്നു. മേരി ചുണ്ടനക്കി ശബ്ദമുണ്ടാക്കാതെ ഒരു പ്രാര്‍ത്ഥനപഠിച്ച് പതിയെ നെറ്റിയില്‍ കുരിശുവരച്ചു.

അത്താഴവും കഴിച്ച് വിളക്കണയ്ക്കാന്‍ പോകുകയായിരുന്ന ചാള്‍സ് മുറ്റത്തെ തൊടിയില്‍ ആരോ വെള്ളം കോരി തലവഴിയേ ഒഴിക്കുന്ന ശബ്ദം കേട്ടു. അയല്‍ക്കാരാരും ചാള്‍സിന്റെ വീട്ടിലെ കിണറ്റില്‍ വന്നു കുളിക്കുന്ന പതിവില്ലായിരുന്നു. വീണ്ടും തീപ്പട്ടിയുരച്ച് വിളക്കുതെളിയിച്ച് ചാള്‍സ് ലുങ്കി വാരിച്ചുറ്റിയപ്പോള്‍ കതകു പകുതി തുറന്ന് നനഞ്ഞൊട്ടിയ ഒരു രൂപം വാതിലില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവളുടെ നീണ്ട മുടിയില്‍ നിന്നും വെള്ളം വാര്‍ന്ന് നിലത്തുവീണു തെറിക്കുന്നുണ്ടായിരുന്നു. മനഞ്ഞൊട്ടിയ ജാക്കറ്റില്‍ അവളുടെ മുലകള്‍ ഇറുകിത്തെറിച്ചുനിന്നു. വെള്ളത്തില്‍ കുതിര്‍ന്ന് അവളുടെ വയറിലെ മാംസളമായ മടക്കുകളും അല്പം തടിച്ചുരുണ്ട തുടകളും ആ അരണ്ട വെളിച്ചത്തില്‍ ചാള്‍സിന്റെ മനസ്സില്‍ തീപടര്‍ത്തി. വേഗത്തിലുള്ള ശ്വാസോച്ഛ്വാസവും വിറയ്ക്കുന്ന ചുണ്ടുകളും ചാള്‍സിനോട് അടുത്തടുത്തുവന്നു. മെത്തയില്‍ നിന്ന് പിടഞ്ഞെണീല്‍ക്കവേ ആ രൂപം ഒരു സീല്‍ക്കാരത്തോടെ അവന്റെ മുകളിലേക്കുവീണു.

കടലിന്റെ ഇരമ്പം കനത്തുവന്നു. വേലിയേറ്റത്തില്‍ കടലിന്റെ തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചു. പൊട്ടിയ തറയില്‍ക്കിടന്നു കുലുങ്ങിയ വള്ളിക്കട്ടിലിന്റെ അടക്കിപ്പിടിച്ച ഞരക്കങ്ങള്‍ കടലിന്റെ പ്രഛണ്ഡമായ ഇരമ്പത്തില്‍ കേള്‍ക്കാതെയായി. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികളില്‍ തണുത്ത കടല്‍ക്കാറ്റേറ്റ് ഉപ്പുകനത്തു. ഒരു വലിയ തിര ആകാശം മുട്ടെ പൊങ്ങി കരയിലേക്ക് അടിച്ചുകയറി. തിര പതഞ്ഞുപിന്‍‌വാങ്ങിയപ്പോള്‍ കടല്‍ക്കരയില്‍ മഴപോലെ മത്സ്യങ്ങള്‍ പെയ്തു. ആ‍കാശത്തുനിന്നും വലിയ ശബ്ദത്തില്‍ ഇടിവെട്ടി. മേഘങ്ങള്‍ പിളര്‍ന്ന് അണപൊട്ടിയപോലെ മഴ താഴേയ്ക്കുവീണു. ഞരക്കത്തിന്റെ ആക്കത്തില്‍ കട്ടില്‍ക്കാല്‍ തകര്‍ന്ന് അവളും അവനും നിലത്തേയ്ക്കുവീണു. കെട്ടിമറിഞ്ഞ് ഉന്മാദത്തോടെ മേരി അവന്റെ കവിളും ചുണ്ടും കടിച്ചുമുറിച്ചു. അവളുടെ കയ്യിറുക്കങ്ങളില്‍ കിടന്ന് അവന്റെ വാരിയെല്ലുകള്‍ നുറുങ്ങി. ശ്വാസത്തിന്റെ ഗതിവേഗം കനത്തു. പിടയ്ക്കുന്ന കാലുകളിലേതോ തട്ടി മണ്ണെണ്ണവിളക്ക് നിലത്തുവീണുപൊട്ടി, മണ്ണെണ്ണ നിലത്തുപടര്‍ന്ന് ഒരു വട്ടത്തില്‍ നിന്നു കത്തി, ഒന്ന് ആളിയിട്ട് അണഞ്ഞുപോയി. അവന്റെ മുതുകത്ത് അവളുടെ നഖങ്ങള്‍ നീറുന്ന ചുവന്നവരകള്‍ നീളത്തില്‍ വരച്ചു. മഴ കൂട്ടത്തോടെ ഓലമേഞ്ഞ വീടുകള്‍ക്കുമുകളില്‍ കല്ലുപെറുക്കിയിട്ടു. കടല്‍ ഉഗ്രവാശിയോടെ കരയിലേക്ക് അടിച്ചുകയറി, നിരത്തിയിട്ടിരുന്ന കൂരന്‍ വള്ളങ്ങളെ ലാഘവത്തോടെ നക്കിയെടുത്ത്, ഒന്നുചവച്ച്, വള്ളങ്ങളുടെ തകര്‍ന്ന എല്ലിന്‍‌കൂടുകളെ കരയിലേക്കുതുപ്പി. മേരിയുടെ തടിച്ച ചുണ്ടുകള്‍ക്കുള്ളില്‍ ചാള്‍സിന്റെ ചുണ്ടുകള്‍ മൌനം പൂണ്ടു. അവളുടെ ആവേശാഹ്ലാദങ്ങളില്‍ സപ്തനാഡികളും തളര്‍ന്ന് നനഞ്ഞുവിടര്‍ന്ന മുടിയ്ക്കും വള്ളിപോലെ പടര്‍ന്ന കൈകള്‍ക്കും ഉയര്‍ന്നുതാണ ശരീരത്തിനുമുള്ളില്‍ ചാള്‍സ് തളര്‍ന്നുകിടന്നു. രാവുവളര്‍ന്നപ്പോള്‍ പിടയ്ക്കുന്ന ഹൃദയവും ചിരിക്കുന്ന ചുണ്ടുകളുമായി മുടിവിടര്‍ത്തിയിട്ട് മുണ്ടുമുറുക്കിയുടുത്ത് മഴയത്ത് നനഞ്ഞൊട്ടി പലയിടത്തും കീറിയ ജാക്കറ്റ് ഊരി കയ്യില്‍ പിടിച്ച് മേരി അലസമായി തന്റെ വീട്ടിലേക്കു തെന്നിനടന്നു. തണുത്ത മഴത്തുള്ളികള്‍ അവളുടെ തളര്‍ന്ന മുലഞെട്ടുകളില്‍ മുത്തി പൊട്ടിച്ചിരിച്ചു. തണുത്ത നിലത്തുനിന്നും കൈകുത്തി എണീറ്റ് നനഞ്ഞ ഇരുട്ടത്ത് കുത്തിയിരുന്ന് തലയില്‍ കൈകള്‍ പിണച്ചുവെച്ച് ചാള്‍സ് വാവിട്ടുകരഞ്ഞു. മഴ അവന്റെ കരച്ചില്‍ മുക്കിക്കളഞ്ഞു. പതിയെ മഴചാറി. ആകാശം ശാന്തമായി. നക്ഷത്രങ്ങള്‍ വീണ്ടും തെളിഞ്ഞു. കടല്‍ത്തീരത്തേയ്ക്ക് ഓടിയടുത്ത ആളുകള്‍ കുടിലുകളിലേക്ക് തിരിച്ചുപോയി. കടല്‍ മാത്രം രാത്രിമുഴുവന്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു. ഉറക്കത്തിലും മേരി ഇടയ്ക്കിടെ ചിരിച്ചുകൊണ്ടിരുന്നു.

“അങ്ങനെയാ മോളേ സ്ത്രീയുടെ ശക്തി. ഒരുമ്പെട്ട പെണ്ണിനെ കിടക്കയില്‍ തടഞ്ഞുനിറുത്താന്‍മാത്രം മനക്കട്ടിയുള്ള ഒരു പുരുഷനും ഈ ലോകത്തുജനിച്ചിട്ടില്ല“. ഇതുകേട്ട് ശരിയാണെന്ന് തലകുലുക്കിയ എന്റെ കൈത്തണ്ടയില്‍ ഗീതയുടെ ചായം പുരട്ടി കൂര്‍പ്പിച്ച നഖങ്ങള്‍ കുത്തിക്കയറി. മറിയാമ്മച്ചേച്ചി കഥ തുടര്‍ന്നു.

മൂന്നുനാലു ദിവസങ്ങള്‍ക്കുശേഷം കടല്‍ അടങ്ങിയപ്പോള്‍ ആളുകള്‍ വള്ളങ്ങള്‍ നന്നാക്കി വീണ്ടും കടലില്‍ പോയിത്തുടങ്ങി. ചാള്‍സ് മാത്രം ഒന്നും മിണ്ടാതെ, ഒന്നും കഴിക്കാതെ വീട്ടില്‍ത്തന്നെ ഇരിപ്പായി. ആരും വിളിച്ചിട്ട് അവന്‍ കടലിലേക്കു വന്നില്ല. കടല്‍ എന്നുകേള്‍ക്കുമ്പോള്‍ എന്തോ ഒരു പേടിയായിരുന്നു അവന്. ഒരു വിറയലും നടുങ്ങലും. ഒരാഴ്ച്ചകഴിഞ്ഞ് കടപ്പുറത്ത് മീന്‍ കൊണ്ടുപോവാന്‍ വന്ന ഒരു ലോറിഡ്രൈവറുമായി ചാള്‍സ് സംസാരിച്ചുനില്‍ക്കുന്നത് ആളുകള്‍ കണ്ടു. ലോറിയുടെ ക്ലീനറായി കടലില്‍ നിന്നും ദൂരെ ചെങ്കോട്ട ചുരവും കഴിഞ്ഞ് മലകളിലേക്കുപോവാനായിരുന്നു ചാള്‍സിനു താല്പര്യം. എന്നാല്‍ ആളുകള്‍ നിര്‍ബന്ധിച്ച് പിടിച്ചുവലിച്ച് ചാള്‍സിനെ വീണ്ടും കടലിലിറക്കി. ചാള്‍സ് ആവുന്നതും ശ്രമിച്ചുനോക്കി, പക്ഷേ മൂത്തവരുടെ വാക്കിന് അവിടെ മറുവാക്കില്ലായിരുന്നു. മഴപെയ്തൊഴിഞ്ഞ കടലിന്റെ തണുത്ത മേല്‍ക്കൂരയിലേക്ക് മത്സ്യങ്ങള്‍ ശ്വാസമെടുക്കാന്‍ കൂട്ടത്തോടെ കയറിവന്നു. എല്ലാ വള്ളങ്ങളിലും അന്ന് നല്ല കോളായിരുന്നു. എന്നാല്‍ ചാള്‍സിന്റെ വള്ളത്തില്‍ മാത്രം മീനൊന്നും കിട്ടിയില്ല. മീനൊന്നുമില്ലാതെ കയറിവന്ന കൂറ്റന്‍ വലകണ്ടപ്പോള്‍ കടല്‍ തന്നോട് കളിക്കുവാണെന്ന് ചാള്‍സിനു തോന്നി. ആളുകള്‍ക്കും എന്തോ സംശയം തോന്നാതിരുന്നില്ല, എന്നാലും “ഒരു മാസം പട്ടിണി കിടന്നാലും ചാള്‍സേ, ഞങ്ങള്‍ നിന്റെ കൂടെയേ വള്ളമിറക്കുന്നുള്ളൂ“ എന്ന് അവര്‍ പറഞ്ഞു. പട്ടിണികിടന്നാലും കടപ്പുറത്തുള്ളവര്‍ അഭിമാനം വിടില്ലായിരുന്നു.

വള്ളക്കാര്‍ ചിരിച്ചുകൊണ്ട് പിരിഞ്ഞെങ്കിലും ആദ്യമായി കടല്‍ തന്നെ ചതിച്ചത് ചാള്‍സിനു സഹിക്കാന്‍ പറ്റിയില്ല. രാത്രി കടലോരത്തെ ആരവങ്ങള്‍ ഒടുങ്ങിയപ്പോള്‍ അവന്‍ വല്ലാത്തൊരുവാശിയോടെ കൊതുമ്പുവള്ളവും തള്ളി കടലിലേക്ക് ഒറ്റയ്ക്കുപോയി. മേരി ഒരു തെങ്ങിന്റെ പിന്നില്‍ ഒളിച്ചുനിന്ന് ശബ്ദമുണ്ടാക്കാതെ വിതുമ്പി. കടല്‍ ഇളകാതെ ശാന്തമായി മൂളി. വികാരങ്ങളില്ലാത്ത കടല്‍. പരത്തി വലയെറിഞ്ഞ് അല്പനേരത്തിനുശേഷം ചാള്‍സ് വല വലിച്ചപ്പോള്‍ മത്സ്യങ്ങളൊന്നും ഇല്ലായിരുന്നു. “എടീ കുരുത്തംകെട്ടോളേ“ എന്നുവിളിച്ച് ചാള്‍സ് വീണ്ടും വീണ്ടും വലയെറിഞ്ഞു. കൈ നീട്ടി കടലിന്റെ മുഴുപ്പുകളില്‍ പതിയെ തഴുകി. വിരലുകള്‍ താഴ്ത്തി കടലിന്റെ മുടി കോതിക്കൊടുത്തു. “കുറുമ്പീ” എന്നുവിളിച്ച് വള്ളത്തില്‍ നിന്ന് കടലിലേക്ക് ഉയര്‍ന്നുചാടി കടലിന്റെ തിരകളില്‍ തന്റെ കുറ്റിത്താടിവളര്‍ന്ന മുഖമുരുമ്മി ഉമ്മവെച്ചു. കടലിനു ഭാവഭേദങ്ങളൊന്നും ഇല്ലായിരുന്നു. തിരകളില്ലാത്ത അനന്തമായ കടല്‍. കാല്‍നഖങ്ങളിലൂടെ തലമുടിയിലേക്ക് അരിച്ചുകയറുന്നത്ര ശാന്തത. “നീ ഒന്നു പൊറുക്കെടീ, ഒരു കയ്യബദ്ധം പറ്റിയതല്ലേ” എന്ന് ചാള്‍സ് കിന്നാരംപറഞ്ഞു. എപ്പൊഴോ തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ കരയില്‍ നിന്നും വളരെ ദൂരെയെത്തിയിരുന്നു. അവനു നൂറുവാര മുന്‍പില്‍ കടല്‍ ഇരുണ്ടു. ചെറിയ മത്സ്യങ്ങളുടെ ഒരു വലിയ കൂട്ടം ദൂരേയ്ക്കു ദൂരേയ്ക്കു പോവുകയാണ്. “എടീ അസത്തേ“ എന്നുവിളിച്ച് ചാള്‍സ് മീന്‍ കൂട്ടത്തിനുനേരെ വള്ളം തുഴഞ്ഞു. നെറ്റിയില്‍ വിയര്‍പ്പുമണികള്‍ കുരുത്തു. മത്സ്യങ്ങള്‍ അകന്നകന്നുപോയി. നീട്ടി വലയെറിഞ്ഞിട്ടും വലയില്‍ വീണ്ടും ഒന്നും തടഞ്ഞില്ല. ചാള്‍സിന്റെ മുഖം ഇരുണ്ടു, “വലിയ ശീലാവതിയാണെന്നാണു ഭാവം”. ശാപവചനങ്ങള്‍ ഉരുവിട്ടുകൊണ്ട് അവന്‍ വീണ്ടും കടലില്‍ ചാടി. അവന്റെ ദേഹത്തെ മുട്ടിയുരുമ്മി വലിയ മത്സ്യങ്ങള്‍ കടന്നുപോയി. വലയില്‍ മാത്രം ഒന്നും കുടുങ്ങുന്നില്ലായിരുന്നു. പിന്നില്‍ ഒരു വലിയ സ്രാവിന്റെ കണ്ണുതിളങ്ങുന്നതുകണ്ട് ചാള്‍സ് വള്ളത്തില്‍ കയറി, വല തയ്യാറാക്കി.

സ്രാവ് വള്ളത്തിനു രണ്ട് വട്ടം ചുറ്റി മുന്‍പിലെത്തി. സ്രാവിന്റെ വാല് വെള്ളത്തിനു മുകളില്‍ ചിത്രങ്ങള്‍ വരച്ചു. എവിടെനിന്നെന്നില്ലാതെ വായുവില്‍ ഒരു വലിയ തിരണ്ടി കുതിച്ചുചാടി. ഇത്രയും ഭീമാകാരനായ തിരണ്ടിയെ ചാള്‍സ് മുന്‍പ് കണ്ടിട്ടില്ലായിരുന്നു. വായുവില്‍ ചാരനിറത്തിലുള്ള വലിയ കപ്പല്‍ പായകളെപ്പോലെ അതിന്റെ ചിറകുകള്‍ വീശിയടിച്ചു. വഴുവഴുത്ത ചിറകുകളില്‍ ഒട്ടിപ്പിടിച്ചിരുന്ന കക്കകളും വെള്ളത്തുള്ളികളും ചാള്‍സിന്റെ മുഖത്തേയ്ക്ക് ചിതറിവീണു. തലയ്ക്കുമുകളിലൂടെ തെന്നിനീങ്ങിയ തിരണ്ടിയുടെ അടിവയറ് ചന്ദ്രനെ മറച്ചു. തിരണ്ടി ചാട്ടവാറുപോലെ വാല് വായുവില്‍ ചുഴറ്റി പുളയുന്ന ശബ്ദം പുറപ്പെടുവിച്ചു. ഇരയെക്കണ്ട് സ്രാവും കടലില്‍ നിന്ന് വായുവിലേക്കു കുതിച്ചുചാടി. അതിന്റെ ഇരുണ്ട ഒതുക്കമുള്ള ദേഹം നിലാവില്‍ പതിയെ നീങ്ങി. അനായാ‍സമായി ശരീരം വായുവില്‍ ചലിപ്പിച്ച് സ്രാവ് ഒന്നുപുളഞ്ഞ് അതിന്റെ കോമ്പല്ലുകള്‍ നിറഞ്ഞ വായ തുറന്നു. പറന്നുവരുന്ന തിരണ്ടിയുടെ ചിറകിനെ ലക്ഷ്യമാക്കി സ്രാവ് ആഞ്ഞുകടിച്ചു. ഇതേ സമയം തിരണ്ടി വീണ്ടും വാല് വിപരീതദിശയില്‍ ചുഴറ്റി സ്രാവിന്റെ ശരീരത്തിന്റെ മദ്ധ്യഭാഗത്ത് വാലുകുത്തിയിറക്കി. സ്രാവിന്റെ ഉടല്‍ പിളര്‍ന്നു. ചോര കട്ടിയുള്ള ഒരു ധാരയായി ചാള്‍സിന്റെ മുഖത്തേയ്ക്കു ചീറ്റി. അല്പം നേരത്തേയ്ക്ക് കണ്മുന്‍പില്‍ ചുവപ്പുമഴ മാത്രമേ കാണാനായുള്ളൂ. കണ്ണുതുടച്ച് ഉപ്പു‌വെള്ളം കോരി മുഖം കഴുകി കണ്ണുതുറന്നുനോക്കുമ്പോള്‍ സ്രാവോ തിരണ്ടിയോ ഇല്ലായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും ചുവന്നുകത്തി. കണ്ണെത്താവുന്ന ദൂരത്തോളം ചുവപ്പ്. കടല്‍ വീണ്ടും ശാന്തമായി, ഒന്നും അറിയാത്തതുപോലെ ചുവന്നുകിടന്നു. കടലിനു മുകളില്‍ ജലം തൊട്ട് രണ്ടു ചുവന്ന കടല്‍ക്കാക്കകള്‍ പറന്നു. കണ്ണുകള്‍ക്കുമുന്‍പില്‍ മത്തികള്‍ ചാടിമറിഞ്ഞു. അല്പം മുന്‍പില്‍ വെള്ളം ഒരു ചുഴിയില്‍ വട്ടം കറങ്ങി.

ഒരു ചുഴി കണ്ടാല്‍ അതില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറണം എന്ന് കടലില്‍ ഒരുമാസം പിന്നിട്ട മുക്കുവര്‍ക്കുപോലും അറിയാം. ഇതാവട്ടെ, ഒരു ചെറിയ ചുഴിയുമായിരുന്നു. ഭീമാകാരമായ ചുഴികളില്‍ പോലും ചുഴിയുടെ കറക്കത്തിന്റെ പ്രതിബലം കൊണ്ട് വള്ളത്തെ ദൂരേയ്ക്കു തെന്നിത്തെറിപ്പിക്കുവാന്‍ മിടുക്കനായിരുന്നു ചാള്‍സ്. പക്ഷേ ചാള്‍സ് തുഴ എറിഞ്ഞുകളഞ്ഞ് “എടീ പിഴച്ചവളേ, നിനക്കെന്താടീ വേണ്ടത്?” എന്നുചോദിച്ച് വള്ളത്തില്‍ നെട്ടനെ ഉയര്‍ന്നുനില്‍ക്കുകയാണുചെയ്തത്. ചന്ദ്രന്റെ ചോപ്പില്‍ ചാള്‍സ് ഒരു ശക്തനായ കല്പ്രതിമയെപ്പോലെ കൈകള്‍ പിണച്ചുനിന്നു. ദൂരെയുള്ള വള്ളക്കാര്‍ ചാള്‍സ് തുഴ ദൂരെയെറിയുന്നതുകണ്ട് കൂവിവിളിച്ചു. പതിയെ വള്ളം ചുഴിയുടെ അടുത്തെത്തി. ചാള്‍സിന്റെ മുഖം നിര്‍വ്വികാരമായിരുന്നു. അവന്റെ കണ്ണുകള്‍ മയങ്ങിമലര്‍ന്നിരുന്നു. നീണ്ടനെറ്റിയില്‍ ചുളിവുകള്‍ വീണ് വിയര്‍പ്പുതുള്ളികള്‍ പടര്‍ന്നു. പതിയെ ഒരു കാന്തത്തോടെന്നപോലെ ചുഴിയോടടുത്ത വള്ളത്തില്‍ ചാള്‍സിന്റെ ഒരു രോമം പോലുമനങ്ങിയില്ല. ചാള്‍സ് എറിഞ്ഞുകളഞ്ഞ തുഴയെയും പൊങ്ങിവന്ന കടല്‍പ്പായലിനെയുമെല്ലാം ചുഴി കൊടിയവിശപ്പോടെ വിഴുങ്ങുന്നുണ്ടായിരുന്നു. ചുഴിയില്‍ നിന്ന് ഒരു തിരമാത്രമുയര്‍ന്ന് കൈകള്‍ വിടര്‍ത്തി പുണരാനടുക്കുന്ന നീണ്ടമുടിയുള്ള കാമുകിയെപ്പോലെ ചാള്‍സിന്റെ വള്ളത്തില്‍ അടിച്ചുകയറി, അവന്റെ കാല്‍പ്പാദവും തുടകളും വയറും നെഞ്ചും തോളുകളും ചുണ്ടും നെറ്റിത്തടവും നനച്ചു. അതുവരെ പതിയെ ചുഴിയോടടുത്ത വള്ളം പെട്ടെന്ന് ചുഴിയില്‍ വീണ് അതിവേഗത്തില്‍ കറങ്ങി ചാള്‍സിനെ തെറിപ്പിച്ചു. ചാള്‍സും വള്ളവും ഒന്നുകൂടിക്കറങ്ങി താഴേയ്ക്കുതെന്നിവീണ് അപ്രത്യക്ഷമായി. കടല്‍ തിരകളില്ലാതെ, നിര്‍വ്വികാരമായി പതിയെ ഇളകി.

ചാള്‍സ് ചുഴിയില്‍പ്പെട്ട കാര്യം ദൂരെനിന്നുകണ്ട മറ്റുവള്ളക്കാര്‍ കൂവി ആര്‍ത്തുവിളിച്ച് ആളെക്കൂട്ടി. വള്ളക്കാര്‍ കടലിന്റെ അടിത്തട്ടുവരെ മുങ്ങി ചാള്‍സിനെ തിരഞ്ഞു. അവര്‍ വലയിട്ട് കടലിലെമ്പാടും ദിവസങ്ങളോളം ചാള്‍സിനെ വെള്ളത്തില്‍ തിരഞ്ഞു. നല്ല നീന്തല്‍ക്കാരനായ ചാള്‍സ് അങ്ങനെ മുങ്ങിമരിക്കില്ല എന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ആ പ്രതീക്ഷ നേര്‍ത്തുനേര്‍ത്തുവന്നു. പള്ളിയില്‍ മെഴുകുതിരികത്തിച്ച് ആളുകള്‍ രാവും പകലും കാവലിരുന്നു. സ്ത്രീകള്‍ കരഞ്ഞുവിളിച്ച് കൊന്തപഠിച്ചു. ഒടുവില്‍ അവന്റെ ശരീരമെങ്കിലും കിട്ടിയാല്‍ മതിയെന്ന് ആളുകള്‍ പ്രാര്‍ത്ഥിച്ചു. ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കഴിഞ്ഞിട്ടും ചാള്‍സിന്റെ പൊടിപോലും കരയ്ക്കടിഞ്ഞില്ല. ചാള്‍സിനാ‍യി സിമിത്തേരിയില്‍ കുത്തിയ കുഴിമാടം മഴവെള്ളം നിറഞ്ഞ് ഒഴിഞ്ഞുകിടന്നു. കുഴിമാടത്തിനുമുന്നില്‍ ചെളിവെള്ളത്തില്‍ ജമന്തിപ്പൂക്കള്‍ തളംകെട്ടി.

മേരിയുടെ കാര്യമായിരുന്നു കഷ്ടം. മുടി പറിച്ച് അലറിക്കരഞ്ഞ് അവള്‍ പള്ളിമേടയില്‍ തലയിട്ടടിച്ചു. രാത്രികളില്‍ ഉറക്കമില്ലാതെ വള്ളങ്ങളിലും കടല്‍ത്തീരത്തും അവള്‍ ചാള്‍സിനെത്തിരഞ്ഞു. ചാള്‍സിനെ കാണാതായി മൂന്നാം നാള്‍ മേരി കടലില്‍ ചാടി. അല്പം നേരം മുങ്ങിയും പൊങ്ങിയും മേരി കയ്യും കാലുമിട്ടടിച്ചു. ആളുകള്‍ കടലിലേയ്ക്ക് മേരിയെ രക്ഷിക്കാന്‍ ചാടുന്നതിനു മുന്‍പേതന്നെ ഒരു വലിയ തിര ഇരമ്പിയുയര്‍ന്ന് മേരിയെ അടിച്ച് കരയിലേയ്ക്കിട്ടു. അവള്‍ കടല്‍ത്തീരത്തുകിടന്ന് ശ്വാസം കിട്ടാനായി അണച്ചു. “എടീ കള്ളീ, നിന്നെ ഞാന്‍ വെച്ചേക്കില്ല, എനിക്കെന്റെ ജീവനെത്താടീ“ എന്ന് കടലിനെനോക്കി അലറിവിളിച്ചു. പെണ്ണുങ്ങള്‍ മേരിയെ പിടിച്ചുവലിച്ച് അവളുടെ വീട്ടില്‍ കൊണ്ടുപോയി.


മേരി ഒരാഴ്ച്ചകഴിഞ്ഞ് വീണ്ടും കടലില്‍ ചാടി. ഫലം മുന്‍പത്തേതുതന്നെ ആയിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം തേങ്ങാവെട്ടുന്ന വെട്ടുകത്തിയുമെടുത്ത് മേരി വീണ്ടും കടലില്‍ ചാടി. കടല്‍ മേരിയെ വലിച്ച് ഏറെ ഉള്ളിലേക്കുകൊണ്ടുപോയി. കടലില്‍ കിടന്ന് മേരി ശ്വാസം കിട്ടാതെ കയ്യും കാലുമിട്ടടിച്ചു. ഉപ്പുവെള്ളം അവളുടെ ശ്വാസകോശങ്ങളില്‍ നിറഞ്ഞു. ഒരു തിര വന്ന് മേരിയെ വീണ്ടും കരയോടടുപ്പിച്ചു. ശ്വാസം കിട്ടാന്‍ മേരി പാടുപെടുകയായിരുന്നു. അപ്പോള്‍ കടലിനെ കീറിക്കൊണ്ട് വായുവില്‍ വെള്ളിവാലു ചുഴറ്റി ഒരു ഭീമാകാരനായ തിരണ്ടി ഉയര്‍ന്നുചാടി. അതിന്റെ മിനുസമുള്ള വെളുത്ത വയറ് അവളുടെ മുഖം ഉരുമ്മി കടന്നുപോയി. തിരണ്ടിവാല് വായുവില്‍ ഒന്നു ചുഴന്ന് ഒരു സീല്‍ക്കാരശബ്ദത്തോടെ മേരിയുടെ മേല്‍ ആഞ്ഞടിച്ചു. അവളുടെ ഇടനെഞ്ചുമുതല്‍ തുടവരെ തിരണ്ടിവാല്‍ വീണ് വിണ്ടുകീറി. നൂറായിരം ചാട്ടവാറടിയേറ്റതുപോലെ മേരി അലറിക്കരഞ്ഞ് ബോധമറ്റുവീണു.

അവള്‍ക്ക് ഓര്‍മ്മവന്നപ്പോള്‍ മേരി ആശുപത്രിയിലായിരുന്നു. മുറിവുകളില്‍ പഞ്ഞിയും മരുന്നും വെച്ചുകെട്ടിയിരുന്നു. മേരി പിന്നീട് കടലില്‍ ചാടിയില്ല. കടല്‍ എന്നുകേള്‍ക്കുമ്പൊഴേ മേരിക്ക് പേടിയായി. അവള്‍ കരയിലിരുന്ന് ശാപവാക്കുകളുതിര്‍ത്തു. കടല്‍പ്പുറത്തെ പല കഥകളില്‍ മേരിയുടെ കഥയും പതിയെ തേഞ്ഞുമാഞ്ഞുപോയി. എങ്കിലും ഇന്നും കടലുകോപിക്കുമ്പോള്‍ പഴമക്കാര്‍ മേരിയുടെ കഥപറയുന്നു.

“മക്കളേ, കടപ്പുറത്തെ കഥകള്‍ വെച്ചുനോക്കുമ്പോള്‍ ഇന്നത്തെ പ്രണയമൊന്നും പ്രണയമല്ല. വെറുതേ കുറേ കാശുകിട്ടുമ്പോള്‍ അതിന്റെ അഹങ്കാരത്തില്‍ നിങ്ങളും പ്രേമിക്കുന്നു, കെട്ടുന്നു, അതു തകരുമ്പൊ മറ്റൊരാളെ പ്രേമിക്കുന്നു, കെട്ടുന്നു“. ചേട്ടത്തി പിന്നെയും എന്തൊക്കെയോ പറഞ്ഞ് പരിഭവിച്ചും പിറുപിറുത്തും ഇരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ തലയില്‍ കയറിയില്ല. മരവിച്ച തലയും താഴ്ത്തിപ്പിടിച്ച് ഞങ്ങള്‍ കാറിലേയ്ക്കുനടന്നു. ഗീത ഷാളുകൊണ്ട് മുഖം മറച്ച് മെല്ലെ വിതുമ്പുന്നുണ്ടായിരുന്നു.

Google