സിമിയുടെ ബ്ലോഗ്

1/16/2010

ഫാ. മഥേയൂസിന്റെ ജീവിതത്തിലെ രണ്ട് അത്ഭുതങ്ങള്‍


ചിത്രം: പരിശുദ്ധഹൃദയത്തിന്റെ കൊലപാതകം, സ്പെയിന്‍. (വിക്കിപീഡിയയില്‍ നിന്ന്)


സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ജനറല്‍ ഫ്രാങ്കോയുടെ (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ എനിക്ക് ജനറല്‍ ഫ്രാങ്കോയോട് ഒരു തരത്തിലും മതിപ്പില്ല എന്നു പറഞ്ഞുകൊള്ളട്ടെ) സൈന്യം ഒരു ഭാഗത്തും ഇടതുപക്ഷത്തെ വിവിധ പാര്‍ട്ടികള്‍ എതിര്‍പക്ഷത്തുമായിരുന്നപ്പോള്‍ കത്തോലിക്കാ സഭ ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പള്ളിയെ എതിര്‍ത്തു, ചുവന്ന ഭീകരത എന്ന് അറിയപ്പെട്ട ആ കാലഘട്ടത്തില്‍ 6832 കത്തോലിക്കാ പുരോഹിതന്മാരെ വിവിധ കമ്യൂണിസ്റ്റ് സംഘടനകള്‍ കശാപ്പുചെയ്തു, നിരവധി പള്ളികളും സെമിനാരികളും തീയിട്ടു (ഇതൊക്കെ ന്യായമായും ഒരു കത്തോലിക്കാ മത വിശ്വാസിയായ എനിക്ക് ദഹിക്കാവുന്നതിനപ്പുറമാണെങ്കിലും കമ്യൂണിസ്റ്റുകാരെ ചീത്തപറയുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. കമ്യൂണിസ്റ്റുകാര്‍ ഈ ലേഖനത്തിന്റെ പശ്ചാത്തലം മാത്രമാണ്). എന്നാല്‍ ഫ്രാങ്കോ ഒരു ദുഷ്ടനായിരുന്നു എന്നും ഫാഷിസ്റ്റ് ആയിരുന്നു എന്നും നമുക്കറിയാം. ആദര്‍ശങ്ങള്‍ക്കു വേണ്ടി പോരാടിയ കമ്യൂണിസ്റ്റുകാരുടെയും ഗ്രാമീണരുടെയും ത്യാഗോജ്വലത ഏണസ്റ്റ് ഹെമിങ്ങ്‌വേയുടെ “For whom the bell tolls" എന്ന അനുപമമായ നോവലിന് കഥാപാത്രമായിട്ടുണ്ട്. For whom the bell tolls എന്ന തലക്കെട്ട് ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യാത്തത് തര്‍ജ്ജിമ ചെയ്ത പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. പല നല്ല ഇംഗ്ലീഷ് നോവലുകളെയും തര്‍ജ്ജിമ ചെയ്ത് നശിപ്പിക്കുന്നത് ഇന്ന് ഡി.സി. ബുക്സിനും മറ്റ് മലയാളം പ്രസാധകര്‍ക്കും ഒരു ഫാഷനായിട്ടുണ്ട്. ഇതേ സമയം (സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത്) വേട്ടയാടപ്പെട്ട, ഒളിജീവിതം നയിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതന്റെ കഥ Graham Green തന്റെ The Power and the Glory എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിട്ടുണ്ട്. The Power and the Glory എന്ന പുസ്തകത്തിലെ കഥാപുരുഷനായ വികാരി, കമ്യൂണിസ്റ്റുകാരില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയും, ഒളിവില്‍ ജീ‍വിക്കുകയും, അതിനിടയില്‍ രഹസ്യമായി പൂജ ചൊല്ലുകയും ചെയ്യുമ്പൊഴും, കുറ്റബോധം കൊണ്ട് നീറുന്നു. ഒളിജീവിതത്തിനിടയ്ക്ക് രഹസ്യമായി ഇദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടാവുന്നു. ധൈര്യസമേതം മുന്നോട്ടു വരാനും ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാവുന്നില്ല. ഒടുവില്‍ എതിരാളികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ പിടികൊടുക്കുന്ന കഥാപുരുഷന്‍ കൊല്ലപ്പെടുകയാണ്. മുകളില്‍ പറഞ്ഞ രണ്ടു പുസ്തകങ്ങളും വായ്ക്കേണ്ടതാണ്.

ഇതേ കാലഘട്ടത്തില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന മറ്റൊരു വികാരിയച്ചന്‍ - ഫാ. മഥേയൂസ് ഹാന്‍സ് - ഇത്തരത്തിലുള്ള ഒരാളായിരുന്നില്ല; തികച്ചും വിശുദ്ധനും നല്ലവനും കര്‍ത്താവിന് പ്രിയങ്കരനുമായിരുന്നു എന്നുള്ളത് നിങ്ങള്‍ അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി മനസിലാക്കാനാണ് ഇത്രയും ചരിത്ര പശ്ചാത്തലം പറഞ്ഞത്. ഫാ മഥേയൂസ് വിശുദ്ധനും നല്ലവനുമായിരുന്നു എന്ന് ഞാന്‍ പറയുന്നത് നിങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കണമെന്നില്ല. എന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന ഒരു സംഭവം മതിയാകും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രത്നച്ചുരുക്കം നിങ്ങളെപ്പോലെയുള്ള ഒരു നല്ല വായനക്കാരന്‍ ഗ്രഹിക്കാന്‍. ഒരുപക്ഷേ നിങ്ങള്‍ക്ക് താഴെപ്പറയുന്ന സംഭവങ്ങള്‍ കര്‍ത്താവിന്റെ കൃപകൊണ്ട് സംഭവിക്കുന്ന അത്ഭുതങ്ങളായി തോന്നാം. എന്നാല്‍ കര്‍ത്താവിന് അസാദ്ധ്യമായി ഒന്നുമില്ല, നിങ്ങള്‍ക്ക് അത്ഭുതങ്ങളായി തോന്നുന്നത് വിശുദ്ധരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ മാത്രമാണ്. ആകാംഷ നീട്ടുന്നില്ല, അത്ഭുതങ്ങളിലേക്കു കടക്കാം.

അത്ഭുതം 1: ദൈവം നീതിമാനെ വഴിനടത്തുന്നു

ഒരുപക്ഷേ അത്ഭുതം എന്ന് ഞാന്‍ തെറ്റിവായിക്കുന്നതായിരിക്കാം. ഓരോ സംഭവത്തെയും നമ്മള്‍ നോക്കിക്കാണുന്നത് നമ്മുടെ അനുഭവങ്ങളുടെയും സ്വഭാവത്തിന്റെയും പശ്ചാത്തലത്തിലാണ്. ഇനി പറയാന്‍ പോവുന്ന സംഭവത്തില്‍ നിങ്ങള്‍ക്ക് അത്ഭുതമായി തോന്നണമെന്നില്ല. ഇത്രയും ജാമ്യത്തോടെ 1934 ജനുവരി 14, രാത്രി 11 മണിക്ക് സ്പെയിനിലെ പിറനീസ് മലനിരകളുടെ താഴ്വാരത്തില്‍ മഞ്ഞുപുതച്ചുനില്‍ക്കുന്ന ലാ ഹെവില്ല എന്ന ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ ആനയിക്കുകയാണ്. ജനുവരി യൂറോപ്പില്‍ വളരെ തണുത്ത മാസമാണെന്ന് നമുക്കെല്ലാം അറിയാമെങ്കിലും 1934-ലെ ശൈത്യം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് അതികഠിനമായിരുന്നു. ഗ്രാമം (മറ്റ് എല്ലാ ഗ്രാമങ്ങളെപ്പോലെയും) അവികസിതവും സുന്ദരവുമായിരുന്നു (അവികസിതമായതുകൊണ്ടായിരിക്കാം സുന്ദരമായത്). ലോകമെമ്പാടുമുള്ള നിഷ്കളങ്കഹൃദയരായ ഗ്രാമീണരെപ്പോലെ ഈ ഗ്രാമീ‍ണരും നല്ലവരും വിശ്വാസികളുമായിരുന്നു, എന്നാല്‍ വിപ്ലവത്തിന് മേല്‍ക്കോയ്മനേടാനായ ഒരു കഠോരരാത്രിയില്‍, ഫ്രാങ്കോയുടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും പലായനം ചെയ്ത, മരണത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ചുമാത്രം രക്ഷപെട്ട ഒരു വിപ്ലവകാരി ഈ ഗ്രാമം വഴി ഓടിവരികയും (പിറനീസ് കടന്ന് ഇറ്റലിയിലേയ്ക്കു പോവുകയായിരിക്കണം താടിയും മുടിയും നീട്ടിവളര്‍ത്തിയ, പട്ടാളക്കാരെപ്പോലെ കാക്കിച്ചട്ടയിട്ട അയാളുടെ വിഫലോദ്ദേശം) പള്ളിമേടയില്‍ ശത്രുക്കളില്‍ നിന്നും തണുപ്പില്‍ നിന്നും അഭയം തേടുകയും അപകടമൊഴിഞ്ഞപ്പോള്‍ തന്റെ കീറിത്തുടങ്ങിയ ചാക്കുസഞ്ചിയില്‍ നിന്നും ഒരു നാടന്‍ ബോംബ് എടുത്ത് പള്ളിയുടെ അള്‍ത്താരയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് ഓടിയിറങ്ങുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയായതിനാലാവണം, ആ കാളരാത്രിയില്‍ പള്ളിമേട നിന്നു കത്തി, തീപിടിത്തത്തിനിടയില്‍ (തീകെടുത്താനുള്ള നാട്ടുകാരുടെ വൃഥാശ്രമങ്ങള്‍ക്കിടയില്‍) തകര്‍ന്നുവീണു. എന്നാല്‍ (ദൈവം ശക്തനാണ്) വിശ്വാസികളുടെ ആലയത്തെ തകര്‍ത്ത ആ‍നന്ദത്തില്‍ മുന്നോട്ടുകുതിച്ച ആ വിപ്ലവകാരി മഞ്ഞുമൂടിക്കിടന്ന ഒരു തടാകത്തിനുമുകളിലൂടെ ഉരുണ്ടുവീണും വീണ്ടും എഴുന്നേറ്റും ഓടുമ്പോള്‍, ഒരു മഞ്ഞുപാളി തകര്‍ന്ന് തണുത്തുറഞ്ഞ വെള്ളത്തില്‍ വീഴുകയും ഉടന്‍ തന്നെ മുങ്ങിമരിക്കുകയുമായിരുന്നു. ഇതു കണ്ടുകൊണ്ടുനിന്ന ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് മരണത്തിനു മുന്‍പ് ആ തണുപ്പിനെ മുറിച്ചുകൊണ്ട് അയാള്‍ അലറിവിളിക്കുകയും വലതുകൈവിരല്‍ കൊണ്ട് നെറ്റിയില്‍ കുരിശുവരച്ച് ദൈവമേ, ദൈവമേ എന്ന് നിലവിളിക്കുകയും ചെയ്തു. (അയാളുടെ ആത്മാവിന് ശാന്തികിട്ടട്ടെ), പറഞ്ഞുവന്നത് പ്രാര്‍ത്ഥിക്കാന്‍ ഒരാലയമില്ലാതെ, നിരാലംബരും ഹഠാശരുമായ ഗ്രാമീണരുടെ ഇടയില്‍, ഒട്ടൊക്കെ പരസ്യമായ ഒരു തദ്ദേശീയ രഹസ്യമായി ആണ് തേജസ്വിയായ ഫാ. മഥേയൂസ് ഇവിടെ, കൃത്യമായി പറഞ്ഞാല്‍ നിക്കൊലായുടെയും മരീയുടെയും (മറീ എന്നും ഉച്ചരിക്കാം) കൊച്ചുവീട്ടില്‍, ഒളിച്ചു താമസിച്ചിരുന്നത്. ഏതു നിമിഷവും പിടിക്കപ്പെടാവുന്ന സാഹചര്യത്തില്‍, കമ്യൂണിസ്റ്റുകാര്‍ നിരന്തരം ഗ്രാമത്തില്‍ റെയ്ഡുകളും സര്‍ച്ചുകളും നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലും, കണ്ണിലെ കൃഷ്ണമണി പോലെയും മറ്റ് പല ഉപമകള്‍ പോലെയും മരീയും നിക്കൊലായും ഫാ. മഥേയൂസിനെ സംരക്ഷിച്ചുപോന്നു. ഒരിക്കല്‍ കമ്യൂണിസ്റ്റുകാര്‍ നാടന്‍ തോക്കുകളുമായി അവരുടെ വീട് വളയുകയും മരീയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും തട്ടിന്റെ മുകളില്‍ കയറാന്‍ തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍ ഏണിയുടെ മുകളില്‍ നിന്ന് തട്ടിലേക്ക് സൂക്ഷ്മം ടോര്‍ച്ചടിച്ചു നോക്കിയ കമ്യൂണിസ്റ്റ് നേതാവ് ഇരുട്ടല്ലാതെ മറ്റൊന്നും കണ്ടില്ല. കര്‍ത്താവ് ഇരുട്ടിന്റെ ഒരു മേലങ്കികൊണ്ടു പുതപ്പിച്ച് ഫാ. മഥേയൂസിനെ സംരക്ഷിച്ചു. വീണ്ടും വരുമെന്ന താക്കീതോടെ കമ്യൂണിസ്റ്റുകാര്‍ പടിയിറങ്ങി. ഇരുട്ടില്‍ നിന്നും വെള്ള വസ്ത്രങ്ങളുമണിഞ്ഞ് പുറത്തേയ്ക്കു വന്ന ഫാ. മഥേയൂസിനെക്കണ്ട് മരീയും നിക്കൊലായും നിലത്ത് മുട്ടുകുത്തുകയും കുരിശ് വരയ്ക്കുകയും ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും ചെയ്തു.

നിക്കൊലായുടെ അനുജനായ ആന്രി (മലയാളത്തില്‍ ഹെന്രി എന്ന് വായിക്കാം) സന്നിവാതം പിടിച്ച് ല മൊന്‍സോയില്‍ കിടപ്പിലായി. മരിച്ചുപോകും എന്നു തോന്നിച്ച ഘട്ടത്തില്‍ നിന്നും പ്രാര്‍ത്ഥനയുടെ ശക്തികൊണ്ട് ആന്രി സുഖം പ്രാപിച്ചു. ആഹ്ലാദം പങ്കുവെയ്ക്കാനും പൊന്നനുജനെ സന്ദര്‍ശിക്കുവാനുമായി നിക്കൊലാ യാത്രതിരിച്ചു. ല മൊന്‍സോയിലേയ്ക്കുള്ള യാത്ര വളരെ ദുര്‍ഘടമാണ്. ലുവേ എന്ന അനുസരണയില്ലാത്ത കഴുതയുടെ മേല്‍ കയറിയാണ് നിക്കൊലാ യാത്രതിരിച്ചത്. ദൂരയാത്രയ്ക്ക് കഴുതയോളം നല്ല ഒരു വാഹനമില്ല - മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുവാനുള്ള പണം അവരുടെ കൈവശം ഇല്ലായിരുന്നു. ഒരു ദിവസം കൊണ്ട് നടന്നെത്താവുന്ന ദൂരമേയുള്ളൂതാനും.

ലാ ഹെവില്ല എന്ന ഗ്രാമത്തിന്റെ പേരില്‍ എന്തെങ്കിലും അസ്വഭാവികമായി, അപകടകരമായി, നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഹെവില്ല എന്ന പദം ഡെവിള്‍ എന്ന പദവുമായി സമാനമാണ്. അതെ, പിശാച് അന്നു രാത്രി ആ ഗ്രാമത്തില്‍ വിരുന്നുവന്നു. തണുപ്പിലും കുലച്ചുനിന്ന ഒരാപ്പിള്‍മരം അവന്‍ വേരോടെ പിഴുത് തെരുവിലിട്ടു. നല്ല മനസുകളില്‍ പാപത്തിന്റെ വിത്തുവിതച്ചു. മനുഷ്യന്റെ പാതകള്‍ ചതിക്കുഴികള്‍ നിറഞ്ഞതും അന്ധകാരനിബിഢവുമാണെന്ന് ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരേണ്ടതില്ലല്ലൊ. അത്താഴം കഴിഞ്ഞ് കൊന്തപഠിച്ചുകൊണ്ടിരിക്കുമ്പൊഴാണ് ഫാ. മഥേയൂസ് മരീയുടെ കണ്ണുകളില്‍ ഒരു തിളക്കം ശ്രദ്ധിച്ചത്. വിശ്വാ‍സത്താല്‍ ദീപ്തമായ ഹൃദയം ശുദ്ധമായി പ്രകാശിച്ച് കണ്ണുകളിലൂടെ പ്രഭചൊരിയുന്നതാവും എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാല്‍ മരിച്ചവിശ്വാസികള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെ അവസാനത്തില്‍, അവളുടെ കഴുത്തില്‍ നിന്നും വിയര്‍പ്പു പൊടിയുന്നത് (വിയര്‍ക്കുക എന്നത് ആ അന്തരീക്ഷത്തില്‍ അസ്വഭാവികമായിരുന്നു) അദ്ദേഹം ശ്രദ്ധിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ അവളുടെ മാറിടം ഉയര്‍ന്നുതാഴുന്നത് പിശാചിന്റെ പ്രേരണ കൊണ്ട് അദ്ദേഹം നോക്കിപ്പോയി, എങ്കിലും അടുത്ത നിമിഷം കര്‍ത്താവിന്റെ പീഢാസഹനത്തില്‍ ശ്രദ്ധയൂന്നുകയും തന്റെ പാപചിന്തകളെ (പിശാചിനെയും) ആട്ടിപ്പുറത്താക്കുകയും ചെയ്തു. മരീ ഭക്തിയോടെയും സ്നേഹത്തോടെയും മഥേയൂസിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കേ, അദ്ദേഹം കുരിശുവരച്ച് ഏണിചാരി തട്ടിനു മുകളിലേക്ക് കയറിപ്പോയി.

അപ്പോള്‍ സമയം ഒന്‍പതരയായിരുന്നു. മഥേയൂസിന് (എന്നത്തെയുമെന്ന പോലെ) അതും ഒരു കാളരാത്രിയായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴിയറിയാതെ ഒരേ കവലയില്‍ക്കൂടി പലതവണ വഴിതെറ്റി കടന്നുപോവുന്ന ഒരു കുടിയനെപ്പോലെ കര്‍ത്താവിന്റെ ജീവിതത്തിലും വചനങ്ങളിലും കൂടെ അദ്ദേഹത്തിന്റെ മനസ് വീണ്ടും വീണ്ടും ഉഴറിനടന്നു. മഗ്ദലീനാ മറിയത്തിന്റെ ഓര്‍മ്മകള്‍ വന്നപ്പോള്‍, മറിയത്തിന്റെ മുഖത്തിനു പകരം ഫാ. മഥേയൂസിന്റെ മനസില്‍ ഓടിയെത്തിയത് മരീയുടെ മുഖമായിരുന്നു. താഴെ, കിടപ്പുമുറിയില്‍ നിന്നും, ഇമ്പം പോലെ ഉയരുന്ന ശബ്ദത്തില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. ആദ്യം മധുരവും താളാത്മകവുമായ ഒരു മൂളിപ്പാട്ടുപോലെ തോന്നിച്ച ആ ശബ്ദം മരീയുടെ വിലാപമാണ് എന്ന് തെല്ലൊരുള്‍ക്കിടിലത്തോടെയും അമ്പരപ്പോടെയും ഫാദര്‍ മഥേയൂസ് തിരിച്ചറിഞ്ഞു.

ഒരു യുവതിക്ക് വിലപിക്കുവാന്‍ ഒരുപാട് കാരണങ്ങളുണ്ടാവാം, അത് അവളുടെ സ്വകാര്യതയാണ്, ഇങ്ങോട്ട് കുമ്പസാരിക്കുമ്പോഴല്ലാതെ താന്‍ അതില്‍ തലയിടരുത് എന്ന് ഫാ. മഥേയൂസിന് നന്നായി അറിയാമായിരുന്നു. എന്നാല്‍ കരയുന്ന ഒരാളെ ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണേന്ന് മഥേയൂസിനു തോന്നി. ഒരു കാരണവശാലും സാഹചര്യവശാല്‍ ഏകാന്തയാക്കപ്പെട്ട ഒരു യുവതിയുടെ മുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ താന്‍ കടന്നുചെല്ലരുത് എന്നും, അത് പാപത്തിലേക്കുള്ള ചിത്രപ്പണികള്‍ കൊത്തിയ വാതിലാണെന്നും അദ്ദേഹത്തിനു തോന്നി. എന്നാല്‍ നിനക്കുഞാന്‍ അഭയം തന്നു, നിനക്കുവേണ്ടി ഞാന്‍ അക്രമികളെ പ്രതിരോധിച്ചു, അവര്‍ ഉപദ്രവിച്ചിട്ടും ഞാന്‍ നിന്നെ ഒറ്റുകൊടുത്തില്ല; എന്നിട്ടും ഞാന്‍ കരഞ്ഞപ്പോള്‍ നീയെന്റെ കണ്ണീരൊപ്പിയില്ല എന്ന് നാളെ അവളുടെ മുഖം തന്നോടു പറയുമെന്ന് മഥേയൂസ് ഭയപ്പെട്ടു. ചെയ്യാന്‍ പോകുന്നത് പാപമാണ്, പാപമാണ് പാപമാണ് എന്ന് ഒരു ശബ്ദം അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങി. ഒരു ചാക്കുതുണികൊണ്ട് അദ്ദേഹം തന്റെ ചെവികളെ മൂടി, കണ്ണുകള്‍ ഇറുക്കിയടച്ചു, കര്‍ത്താവിന്റെ പ്രാര്‍ത്ഥന നിര്‍ത്താതെ ഇരുവിടാന്‍ തുടങ്ങി. പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടുതന്നെ ഫാ. മഥേയൂസ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുകയും ശബ്ദമുണ്ടാക്കാതെ തട്ടിന്റെ അരികിലേക്കു നടക്കുകയും ചാരിവെച്ച കോണിയില്‍ക്കൂടി താഴെ ഇറങ്ങുകയും ചെയ്തു. തന്റെ ഹൃദയമിടിപ്പിന്റെ ഉച്ചത്തില്‍ അദ്ദേഹം ശ്രദ്ധിക്കാതെ പോയ ഒരു കാര്യം, കോണിയുടെ ആദ്യത്തെ പടിയില്‍ കാല്‍ വെച്ചപ്പോള്‍ താന്‍ തട്ടിവീഴാന്‍ പോയതും, വീണ് കാലൊടിയാതെ പിശാച് അദ്ദേഹത്തെ താങ്ങിയതുമാണ്.

കണ്ണുനീരിന്റെ മുഖപടത്തിലൂടെ മങ്ങിയ ഇരുട്ടിലേക്കു നോക്കിയ മരീ തന്റെ കിടപ്പറ വാതില്‍ക്കല്‍ ഫാ. മഥേയൂസിനെ കണ്ടപ്പോള്‍ അമ്പരന്നില്ല. “മകളേ, നീ എന്തിനു കരയുന്നു? നിന്റെ ദുഖങ്ങള്‍ കര്‍ത്താവിലര്‍പ്പിക്കൂ” എന്ന് ഫാ. മഥേയൂസ് വിറയ്ക്കുന്ന ശബ്ദത്തില്‍ പറയുന്നത് കേട്ടുകൊണ്ട്, ഒരു പാമ്പ് എന്നവണ്ണം, ഘനീഭവിച്ച നിമിഷങ്ങളിലൂടെ മന്ദമായി ഇഴഞ്ഞുകൊണ്ട്, അവള്‍ തന്റെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുകയും ഫാ. മഥേയൂസിന് അരികിലെത്തുകയും, പിതാവേ, ഞാന്‍ പാപിയാണ് എന്ന വളരെ ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കാവുന്ന മന്ത്രണത്തോടെ, അദ്ദേഹത്തിന്റെ കവിളുകളില്‍ ചുംബിക്കുകയും ചെയ്തു. എന്നിട്ട്, അദ്ദേഹത്തില്‍ നിന്നും വേര്‍പെട്ട്, സ്പര്‍ശിക്കാതെ, പാപത്തിന്റെയും നിത്യജീ‍വിതത്തിന്റെയും ഇടയിലെ നൂല്‍പ്പാലമെന്നു തോന്നിക്കുന്ന ആ നിമിഷത്തില്‍, അവള്‍ ആ ചകിതമായ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു നിന്നു. എന്നാല്‍, ഹാ, ശരീരങ്ങളുടെ അകല്‍ച്ച നീണ്ടുനിന്നില്ല. താന്‍ ചെയ്യുന്നത് എന്താണെന്ന് അറിയാതെ ശങ്കിച്ചുനിന്ന ആ സുന്ദരിയായ യുവതിയെ പിശാച് പിന്നില്‍ നിന്നും ശക്തിയായി തള്ളുകയും അവള്‍ ഒരു നിശ്വാസത്തോടെ ഫാ. മഥേയൂസിന്റെ ശരീരത്തിലേക്ക് വീഴുകയും അദ്ദേഹത്തിന്റ് കവിളുകളും വിരിഞ്ഞ നെറ്റിയും വിറയ്ക്കുന്ന ചുണ്ടുകളും കുഴിഞ്ഞ കഴുത്തും ചെവികളും കണ്ണുനീരിന്റെ ചൂടുള്ള ചുംബനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു. മഥേയൂസിന്റെ ജീവിതത്തിലെ ആദ്യത്തെ ലൈംഗീകാനുഭവമായിരുന്നു അത്. കൊടുങ്കാറ്റിലകപ്പെട്ട ഒരു കപ്പലിനെപ്പോലെ, കാല്‍ക്കീഴില്‍നിന്നും വഴുതിപ്പൊയ്ക്കൊണ്ടിരിക്കുന്ന ഭൂമിയേത്, നരകമേത്, സ്വര്‍ഗ്ഗമേത് എന്നറിയാതെ അദ്ദേഹം വട്ടം തിരിഞ്ഞു. തിരിച്ചിലുകള്‍ക്കിടയില്‍ മരീ അദ്ദേഹത്തൈന്റെ നെഞ്ചില്‍ നിന്നും ചാക്കുവസ്ത്രം നീക്കുകയും ചുരുണ്ടരോമങ്ങള്‍ക്കിടയില്‍ പൂ‍മൊട്ടുപോലെയുള്ള ആണ്മുലകളില്‍ ചുംബിക്കുകയും ചെയ്തു. നോക്കൂ, ആദ്യഘട്ടത്തില്‍ ഉപ്പുതൂണുകള്‍ പോലെ ഉറച്ചുപോയ മഥേയൂസിന്റെ ശരീരം അയയുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും വിരലുകള്‍ (അപ്പൊഴേയ്ക്കും അനാവൃതമായ) അവളുടെ വെണ്‍മുതുകിലൂടെ പോറലുകള്‍ വീ‍ഴ്ത്തിക്കൊണ്ട് ഇഴയുന്നതും കാണാം. വിവസ്ത്രനാക്കപ്പെടുന്ന ഒരു നിമിഷത്തില്‍, അവളുടെ വലിയ മുലകള്‍ക്കിടയില്‍ മുഖമമര്‍ത്തിക്കൊണ്ട്, തന്റെ അഭയമാണവള്‍ എന്ന് മഥേയൂസ് തിരിച്ചറിഞ്ഞു. എന്നാല്‍, ഹാ, ദൈവത്തിന്റെ ശക്തി എത്ര അപാരമാണ്, എത്ര അതുല്യമാണ്, എത്ര അത്ഭുതകരമാണ്, ആദ്യാനുഭവത്തിന്റെ സുഖവും ആനന്ദവും പാപത്തിന്റെ മത്തുപിടിപ്പിക്കുന്ന ചവര്‍പ്പും നിറഞ്ഞ ഈ നിമിഷത്തിലും - ദൈവം മഹാനാണ് - നോക്കൂ, ഫാ. മഥേയൂസിന്റെ ലിംഗം ഉയരുന്നില്ല. ചത്തുപോയ ഒരരണയെപ്പോലെ, നിരാശയോടെ, രോമങ്ങള്‍ക്കിടയില്‍ അത് തളര്‍ന്നുകിടന്നു.

ആശ്ചര്യത്തില്‍ നിന്നും മുക്തനായി നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മരീ വീണ്ടും കരഞ്ഞുതുടങ്ങുന്നതും, പിതാവേ ഞാന്‍ പാപിയാണ് എന്നു പറയുന്നതും, പരസ്പരം മുഖത്തുനോക്കാതെ ഇരുവരും വസ്ത്രം ധരിക്കുന്നതും, ഏതുനിമിഷവും താഴേയ്ക്ക് - അന്ധകാരത്തിലേക്കു വീണുപോവുമെന്ന് തോന്നിച്ചുകൊണ്ട് മഥേയൂസ് കോണിപ്പടികള്‍ കയറുന്നതും, മരീ പഴകിയതും അല്പം കീറിയതുമായ ഒരു തലയണയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് വിതുമ്പുമ്പോള്‍ അവളുടെ പിന്‍‌വശം ഉയര്‍ന്നു താഴുന്നതും കാ‍ണാന്‍ കഴിയും. എങ്കിലും അത് പ്രധാനമല്ല, ദൈവം നീതിമാനെ വഴിനടത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അത്ഭുതം*.

അത്ഭുതം 2: ദൈവം ശക്തനെ വാനോളം ഉയര്‍ത്തുന്നു


ഫാ. മഥേയൂസിന് കഴിഞ്ഞുപോയ രാത്രികള്‍ കാളരാത്രികളായിരുന്നു എന്നു പറഞ്ഞല്ലോ. എന്നാല്‍ അവ എത്ര സുഖകരമായിരുന്നു എന്ന്, ഈ രാത്രിയുടെ കത്തിമൂ‍ര്‍ച്ചയില്‍, നീലത്തീച്ചൂടില്‍, ഫാ. മഥേയൂസ് തിരിച്ചറിഞ്ഞു. പരാജിതന്റെ രാത്രി അത്ര കഠിനമായിരുന്നു, അത്ര വേദനാജനകമായിരുന്നു. കര്‍ത്താവേ, കര്‍ത്താവേ എന്ന് നോവിന്റെ ആഴങ്ങളില്‍ നിന്ന് ഫാ. മഥേയൂസിന്റെ ഹൃദയം അലറിവിളിച്ചു. ഇതാ നിന്റെ ദാസന്‍, എന്റെ ഹൃദയത്തെ കഴുകി വെടിപ്പാക്കണേ എന്ന് അദ്ദേഹത്തിന്റെ ഉള്ളം കേണു. സ്വയമറിയാതെ ദിവ്യമായ ഒരു പ്രാര്‍ത്ഥനയില്‍ ഫാ. മഥേയൂസിന്റെ ചുണ്ടുകള്‍ ചലിച്ചുതുടങ്ങി. ശരീരം ഒരു മെഴുകുതിരിപോലെ ഉരുകി. ആത്മശോധനയുടെ ആ ദിവ്യമായ നിമിഷത്തില്‍, അനഘമായ, വിശുദ്ധമായ, വെണ്മയേറിയ ഒരു പ്രകാശം തന്റെ ഹൃദയത്തില്‍ നിറയുന്നതായും മനസ്സ് ശാന്തമാവുന്നതായും ആത്മാവ് വിശുദ്ധമാവുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. അനന്തമായ ആഹ്ലാദത്തിന്റെ ആ നിമിഷത്തില്‍, അത്ഭുതമെന്നു പറയട്ടെ - എണ്ണമയക്കമുള്ള ഒരു കറുത്തകുതിരയുടെ ശക്തിയോടെ, മുന്‍പൊരിക്കലുമില്ലാത്ത വലിപ്പത്തോടെ, ഫാ. മഥേയൂസിന്റെ ലിംഗം ഉയര്‍ന്നുനിന്നു. വിജയിയായി ഉയര്‍ന്ന അതിന്റെ അഗ്രത്തില്‍ നിന്നും ഒരു തുള്ളി രേതസ്സ് പൊടിഞ്ഞു. ഗുരുത്വാകര്‍ഷണത്തെ ഉല്ലംഘിച്ച് വീഴാതെനിന്ന ആ ശ്വേതബിന്ദു ഇരുട്ടില്‍ ദിവ്യമായ പ്രഭചൊരിഞ്ഞു**.

---
*, ** - Cristo y mis años que ocultan (ക്രിസ്തുവും എന്റെ ഒളിജീവിതവും), Fr. Matheus Melas, Random Books, 1965. എന്ന പുസ്തകത്തില്‍ നിന്ന് എടുത്തെഴുതിയത്. ഭക്തിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അത്ഭുതങ്ങളുടെയും മറ്റ് അനേകം ദൃഷ്ടാന്തങ്ങളും ഈ പുസ്തകത്തില്‍ കാണാം.

Google