വിനു കൂട്ടുകാരുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പൊഴാണ് വഴിയിലെ പട്ടാള ചെക്ക് പോസ്റ്റ് കടന്ന് രണ്ടു ഗ്രാമീണര്‍ തലയില്‍ ചുള്ളിക്കെട്ടുമായി നടന്നുവന്നത്. കുറച്ചുനേരം ക്രിക്കറ്റ് കളിനോക്കി നിന്ന അവര്‍ മൈതാനത്തിന്റെ അരികിലിരുന്ന് പൊതിയഴിച്ച് ചപ്പാത്തിയും ഉരുളക്കിഴങ്ങും തിന്നുതുടങ്ങി. അവരുടെ അടുത്തുചെന്നു വീണ പന്ത് എടുക്കാന്‍ വന്ന വിനുവിനോട് കൂട്ടത്തിലൊരാള്‍ ‘തിന്നുന്നോ’ എന്നു ചോദിച്ചു. വിനു ഇല്ല എന്നുപറഞ്ഞ് ചിരിച്ചിട്ട് ഓടിപ്പോയി. കളികഴിഞ്ഞ് കൂട്ടുകാരോട് വിടപറഞ്ഞ് വിനു വീട്ടിലേയ്ക്കു നടക്കുമ്പോള്‍ അവര്‍ ഇടവഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ശ്രദ്ധിക്കാതെ നടന്ന വിനുവിനെ ഒരാള്‍ കയ്യില്‍ പിടിച്ചുനിറുത്തി.
‘നിന്റെ അമ്മയെയും പെങ്ങളെയും അവര്‍ ബലാത്സംഗം ചെയ്തു. നീ ക്രിക്കറ്റുകളിക്കുന്നോ?’
‘എന്നെ വിടൂ, ഞാന്‍ പോട്ടെ’
‘നിന്റെ ചേച്ചി എവിടെയാണെന്നു നിനക്കറിയാമോ?’
‘എനിക്കറിയില്ല. ഞാന്‍ പോട്ടെ’
‘നിന്റെ ചേച്ചിയെ അവര്‍ കൊന്നു. നിന്റെ അമ്മ രക്ഷപെട്ടു. അവരിതൊന്നും നിന്നോടു പറയില്ല. നീ കളിച്ചു നടക്കുന്നു’
‘എനിക്കു പോണം’
‘നാണമില്ലേടാ നായേ. എന്തിനു നീ ഇങ്ങനെ ജീവിച്ചിരിക്കുന്നു’
‘ഞാന്‍ പോട്ടെ. ദയവുചെയ്ത് എന്നെ വിടൂ‘
‘നിന്റെ പ്രായത്തില്‍ കത്തുന്ന വീടുകളില്‍ നിന്ന്‍, അലറിക്കരയുന്ന സ്ത്രീകളില്‍നിന്ന്, ചത്തുകിടക്കുന്ന ബന്ധുക്കളില്‍ നിന്ന്, കൊല്ലാന്‍ വരുന്ന ജനക്കൂട്ടത്തില്‍ നിന്നു ഞങ്ങള്‍ ഓടുകയായിരുന്നു. മതി നീ കളിച്ചുനടന്നത്.
അവരിലൊരാള്‍ ചുള്ളിക്കെട്ടഴിച്ച് അതില്‍നിന്നും പത്രക്കടലാസില്‍ പൊതിഞ്ഞ ഒരു ചെറിയ പൊതി പുറത്തെടുത്തു. ‘നീ ഈ പൊതി ആ പട്ടാളബാരക്കിന്റെ മതിലിനു മുകളില്‍ക്കൂടി എറിയണം. ഇപ്പോള്‍ വേണ്ട, രാത്രിമതി’.
‘ഇല്ല, എനിക്കു പോണം. അമ്മ വിഷമിക്കും’
‘മോന്‍ ഇത് എറിഞ്ഞില്ലെങ്കില്‍ നാളെ അമ്മ തീര്‍ച്ചയായും വിഷമിക്കും‘. - അയാള്‍ അരയില്‍ നിന്നും ഒരു കത്തി പുറത്തെടുത്തു. വൈകുന്നേരത്തെ വെയിലില്‍ കത്തി ഭീകരമായിത്തോന്നി. ‘എറിയുമോ?’
...
‘എറിയുമോ? ഒന്നും പേടിക്കാനില്ല. നീ അതിനടുത്തുപോയാല്‍ ആരും ശ്രദ്ധിക്കില്ല. ഈ പൊതിയെറിഞ്ഞാല്‍ കുറച്ചുനേരത്തേയ്ക്ക് ബഹളമാവും. അതിനിടയില്‍ നീ ഓടണം. ഒന്നും പേടിക്കാനില്ല. കഴിയുന്നതും വേഗം ഓടി വീട്ടിലെത്തണം. നീ തിരിച്ചുവരുന്നതുവരെ ഞങ്ങള്‍ ഇവിടെ കാത്തുനില്‍ക്കും. എറിയില്ലേ?’
വിനു തലകുലുക്കി.
‘മിടുക്കന്‍. നിന്റെ അമ്മ ഒരു ആണ്‍കുട്ടിയെത്തന്നെയാണു പെറ്റത്’.
‘എനിക്കാരെയും കൊല്ലണ്ട’
‘മണ്ടാ, ഇതു വെറും പടക്കമല്ലേ? ഇതു കൊല്ലില്ല. പട്ടാളക്കാരെ ഒന്നു പേടിപ്പിക്കണം. അത്രയേ ഉള്ളൂ. അവരൊക്കെ ഇതിന്റെ ശബ്ദം കേട്ടു കെട്ടുകെട്ടിക്കോളും. നാളെത്തന്നെ സ്ഥലംവിടും. നോക്കിക്കോ’.
താമസിച്ചതിനു അമ്മ വഴക്കുപറയുമോ എന്നായിരുന്നു ബോംബ് എറിയാന്‍ പോവുമ്പോള്‍ വിനുവിന്റെ ചിന്ത. ബാരക്കിലേയ്ക്കു കയറുന്ന ഒരു പട്ടാളക്കാരന്‍ വിനുവിനെ നോക്കി ചിരിച്ചു. പട്ടാളക്കാരന്റെ ചിരി കണ്ടപ്പോള്‍ വിനുവിന് അച്ഛനെ ഓര്‍മ്മവന്നു. അച്ഛന്‍ ഇപ്പോള്‍ എവിടെയാവും. അമ്മ ഒന്നും പറയാറില്ല. അമ്മ ദിവസവും മിണ്ടുന്നതു തന്നെ ഒന്നോ രണ്ടോ വാക്കാണ്. അമ്മയെ അവര്‍ ബലാത്സംഗംചെയ്തോ? ആരാണവര്‍? ഈ മതിലിന് എന്തൊരു പൊക്കമാണ്. മതിലിന്റെ മുകളില്‍ നില്‍ക്കുന്നയാള്‍ തന്നെ നോക്കുന്നു. അയാള്‍ തിരിയുമ്പോള്‍ എറിഞ്ഞിട്ട് ഓടണം. ദൈവമേ അപ്പുറത്ത് ആരും കാണരുതേ. അമ്മ എന്നെ കാണാതെ വിഷമിക്കുമോ? ഓടി വീട്ടില്‍ പോയി ഇരുന്നാലോ? അവര്‍ അമ്മയെ എന്തെങ്കിലും ചെയ്യുമോ? മതിലിനു മുകളിലെ പട്ടാളക്കാരന്‍ അപ്പുറത്തോട്ടു തിരിയു.. ഠേഏഏഏഏഏഏഏഏ അയ്യോ ഭൂമി കുലുങ്ങുന്നു അമ്മേ.
മറിഞ്ഞുവീണ മണ്ണില്‍ നിന്നും ഉരുണ്ടെണീറ്റ് എങ്ങോട്ടെന്നില്ലാതെ ഓടുമ്പോള്‍ വിനു മുന്‍പില്‍ ചീറിവരുന്ന വണ്ടികള്‍ കാണുന്നുണ്ടായിരുന്നില്ല. മാംസത്തിന്റെയും വെടിമരുന്നിന്റെയും കരിഞ്ഞമണത്തെ അവന്‍ ഓടിത്തോല്‍പ്പിച്ചു. എന്നിട്ടും പുറകില്‍നിന്ന് ‘അവനാണ്, അവനാണ്‘ എന്നുവിളിച്ചുകൂവിക്കൊണ്ട് ആരോ ഓടുന്നുണ്ടായിരുന്നു. അടുത്തടുത്തുവരുന്ന ശബ്ദം. പിടിയവനെ. അമ്മേ. വിനു മൈതാനത്തിനു കുറുകേ ഓടി. പിറകിലെ ഒച്ചകളെ തോല്‍പ്പിച്ചുകൊണ്ട് ഇടവഴികളിലൂടെ ഓടി. ഒരുശബ്ദവുമില്ലാതെ ഉറങ്ങിക്കിടന്ന ക്ഷേത്രനടകളെ ഓടിയുണര്‍ത്തി. അമ്മ എന്നെ കാണാതെ ഉറങ്ങുമോ?
ക്ഷേത്രസമുച്ചയത്തിന്റെ മുകളിലേയ്ക്ക് പടികള്‍ ഓടിക്കയറുമ്പോള്‍ സ്വന്തം കിതപ്പിന്റെ ശബ്ദവും കാലടികളുടെ ശബ്ദവും കേട്ട് താഴെ മഠത്തിലുറങ്ങുന്ന സന്യാസികള്‍ ഉണര്‍ന്ന് വിളക്കും കത്തിച്ച് മുകളിലേയ്ക്കു ഓടിവരുമോ എന്നു വിനു ഭയന്നു. ഇരുട്ടില്‍ പകുതിമറഞ്ഞ ചന്ദ്രന്‍ അരണ്ട വെളിച്ചം ക്ഷേത്രത്തിനു മുകളിലെ സിമന്റ് തറയില്‍ വീഴ്ത്തുന്നുണ്ടായിരുന്നു. നിരനിരയായ്ക്കെട്ടിയ അഴകളില്‍ തൂക്കിയിട്ടിരുന്ന സന്യാസിമാരുടേ കാവി വസ്ത്രങ്ങള്‍ വായുവില്‍ ഭൂതങ്ങളെപ്പോലെ തങ്ങിനിന്നു. അവയിലെ കഴുത്തിന്റെ വാവട്ടം ഭൂതത്തിന്റെ ഇരുണ്ട വായപോലെ തുറന്നു താഴേയ്ക്കു തൂങ്ങിക്കിടന്നു. കിതച്ചുകൊണ്ട് അഴകള്‍ക്കിടയിലൂടെ ഓടി വിനു വെള്ളത്തിന്റെ സംഭരണിയുടെ താഴെയുള്ള മുറിയുടെ വാതില്‍ക്കലെത്തി. അകത്തുനിന്നും കുറ്റിയിട്ടിരുന്ന കതക് വലിച്ചുതുറക്കാന്‍ നോക്കിയിട്ടും നടന്നില്ല. മേല്‍ക്കൂരയുടെ ഒരു കോണില്‍ മുറിയോടുചേര്‍ന്ന് വിനു കിതച്ചുകൊണ്ട് നിലത്തിരുന്നു. ഹൃദയമിടിക്കുന്ന ശബ്ദം ഇത്ര ഉറക്കെ കേള്‍ക്കുന്നത് ആദ്യമായായിരുന്നു. ചെവിയില്‍ അപ്പോഴും പട്ടാളക്കാരന്റെ വിസിലടി പീീീീ എന്ന് ചൂളംകുത്തി. ടക് ടക് ടക് എന്ന് ഉറക്കെ താളത്തില്‍ ഇടിക്കുന്ന ശബ്ദം തന്റെ ഹൃദയം ഇടിക്കുന്നതാണോ. അല്ല, ദൂരെ ആരോ ഓടുന്നതാണ്. സന്യാസിമാര്‍ വിളക്കും കത്തിച്ച് ഓടിവരുന്നതാണോ? പീീീീീീീീ. ചെവിതുളയ്ക്കുന്ന ചൂളം സന്യാസിമാരുടേതല്ല. മരങ്ങളില്‍ നിന്നും ഉറക്കമുണര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ പറന്നുപോവുന്നു. ക്ഷേത്രത്തിനു ചുറ്റുമോടുന്ന ടക് ടക് ടക് ശബ്ദം. ഹാവൂ, ശബ്ദം അകന്നുപോവുന്നു. ഇല്ല, ഇല്ല, ശബ്ദം അടുത്തുവരുന്നു. ആരോ പടികള്‍ ഓടിക്കയറുന്നു. ടക് ടക് ടക് ടക്. എവിടെ? ഒളിക്കാനൊരിടമെവിടെ? മഞ്ഞവെളിച്ചത്തില്‍ ഭൂതങ്ങള്‍ അഴയില്‍ തൂങ്ങിനിന്നാടുന്നു. കണ്മുന്നില്‍ നിന്നു വാപൊളിച്ചലറുന്നു. നാലുവശത്തുനിന്നും കാലടികള്‍ ഓടുന്ന ശബ്ദം. ക്ഷേത്രത്തില്‍ ബുദ്ധപൂര്‍ണ്ണിമയ്ക്കു ചെണ്ട മുഴക്കുന്ന ശബ്ദം. അടുത്തടുത്തുവരുന്ന പെരുമ്പറയുടെ ശബ്ദം. കണ്ണിനു മുന്നില്‍ കലാശക്കൊട്ട്. മഞ്ഞ ഭൂതങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് നെറ്റിയില്‍നിന്നും മഞ്ഞവെളിച്ചം ചീറ്റിക്കൊണ്ട് ഇരുട്ടില്‍ തോക്കും ചൂണ്ടിവരുന്ന കറുത്ത നിഴലുകളുടെ മുഖത്ത് പെയിന്റടിച്ച പച്ച വരകള്‍. അമ്മേ. അറിയാതെ കൈപൊക്കിയ വിനുവിനു മുന്‍പില്‍ മൂന്നു നിഴലുകള്‍ വന്നു നിന്നു. വിനു മതിലിനോടുചേര്‍ന്ന് കൂനിക്കൂടിയിരുന്ന് രണ്ടു കൈകളും വായുവിലുയര്‍ത്തി സന്നിബാധപോലെ വിറച്ചു. ചുണ്ടുകള്‍ അറിയാതെ വിതുമ്പി. കണ്ണുകള്‍ക്ക് കാണുന്നതെന്തെന്നു മനസിലാക്കാനാവാത്ത അമ്പരപ്പായിരുന്നു. ഒരു നിഴല്‍ നീട്ടിയടിച്ച വിസിലില്‍ കാലടികള്‍ നിലയ്ച്ചു. ടക് ടക് ടക് ശബ്ദം പതുക്കെയായി. മൂന്നു നിമിഷം - മൂന്നു നിമിഷം മാത്രം, കാലം ചത്തുനിന്നപോലെ അന്തരീക്ഷം നിശബ്ദമായി കിടുങ്ങി. ഇടയ്ക്കിടെ ഉയര്‍ന്നുകേട്ട ശ്വാസത്തിന്റെ ശബ്ദപാളികളെ പൊട്ടിച്ചുകൊണ്ട് മൂന്നുനിഴലുകളിലൊന്നില്‍ നിന്ന് നീണ്ട കുഴലില്‍ നിന്നും തീതുപ്പിക്കൊണ്ട് ടക് ടക് ടക് ശബ്ദമുയര്‍ന്നു. മതിലിനോട് ഒട്ടിയിരുന്ന് വിനുവിന്റെ ശരീരം ഇടികൊള്ളുന്നതുപോലെ വിറച്ചു. തല ഒരു വശത്തേയ്ക്കു തറച്ചുകൊണ്ട് ഒരു വെടിയുണ്ട നെറ്റിയിലൂടെ കയറിപ്പോയി. ഓടിവന്ന പട്ടാളക്കാരിലാരോ കൂടുതല്‍ വെളിച്ചം കൊണ്ടുവന്നു. വിനുവിന്റെ ശരീരം ചുമരിന്റെ ഒരു വശം ചേര്‍ന്ന് പറ്റിയിരുന്നു. ആവശ്യത്തിലേറെ തീതുപ്പിയിട്ടും കലിയടങ്ങാതെ കയ്യിലിരുന്നു വിറച്ച തോക്കിന്റെ ചൂടുകുഴല്‍ നിലത്തേയ്ക്കു താഴ്ത്തുമ്പോള്‍ പട്ടാളക്കാരനായ സുനില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടില്‍ എലികളെ അടിച്ചുകൊന്നത് ഓര്‍ക്കുകയായിരുന്നു. ഒരു പന്നിയെലിയെ ക്രിക്കറ്റ് ബാറ്റെടുത്ത് മതിലോടുചേര്‍ത്ത് അടിച്ച അടികൊണ്ട് എലി ചതഞ്ഞ് മതിലിന്റെ മൂലയില്‍ പറ്റിയിരുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് എലിയെ നീക്കാന്‍ ശ്രമിച്ചിട്ടും എലി പശപോലെ മതിലില്‍ ഒട്ടിപ്പോയി. വിനുവിന്റെ ചത്ത ശരീരത്തിലെ ഏതൊക്കെയോ സുഷിരങ്ങളില്‍ നിന്നും ചോര ഒരുകുടം വെള്ളം മറിഞ്ഞതുപോലെ ഒഴുകി.
ക്ഷേത്രത്തില്‍ നിന്നും ബാരക്കിലേയ്ക്കു നടക്കുമ്പോള്‍ പട്ടാളക്കാര്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല. ആരൊക്കെയോ സുനിലിന്റെ തോളില്‍ കയ്യിട്ടു എങ്കിലും സുനില്‍ മുഖമുയര്‍ത്തിയില്ല. ബാരക്കില്‍ കാപ്റ്റന്‍ സുനിലിന്റെ മുന്‍പില്‍ വന്നു നിന്നു. ‘കുട്ടിയായിരുന്നു. ആയുധമില്ലായിരുന്നു, വെടിവെയ്ച്ചുപോയി’. കാപ്റ്റന്‍ ഒന്നും പറഞ്ഞില്ല. കാപ്റ്റനു ഇടതുകൈ ഇല്ലായിരുന്നു. യുദ്ധത്തില്‍ തോളില്‍ വെടികൊണ്ടിട്ടും വാശിയോടെ പോരാടിയതാണ്. വേണ്ടസമയത്ത് ചികത്സ നല്‍കാന്‍ സാധിക്കാത്തതിനാല്‍ കൈ മുറിച്ചു കളയേണ്ടിവന്നു. അന്നത്തെ യുദ്ധം തോറ്റുപോയി, എങ്കിലും കാപ്റ്റന്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ ജീവനോടെ രക്ഷപെട്ടു. പട്ടാളത്തില്‍ നിന്നും വിടുതല്‍ ലഭിച്ചിട്ടും വേണ്ട എന്നുവെയ്ച്ച് യുദ്ധമുഖത്തുതന്നെ നിന്നു. കുറച്ചുനേരം മിണ്ടാതെനിന്ന കാപ്റ്റന്‍ പറഞ്ഞു ‘പോട്ടെ, സാരമില്ല. റിപ്പോര്‍ട്ടില്‍ വരില്ല. അവന്‍ നിന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പൊഴാണ് നീ തിരിച്ചു വെടിവെയ്ച്ചത്. അവന്‍ ചാവേറായിരുന്നു. മനസിലായോ?’. സുനില്‍ ഒന്നും പറയാതെ തലതാഴ്ത്തി. ഇമോഷണല്‍ സ്ട്രെസ്സ് ആണ്, സാരമില്ല, ഒന്നു രണ്ട് ആഴ്ച്ച അവധിവേണമെങ്കില്‍ അനുവദിക്കാം‘. സുനില്‍ ഒന്നും പറഞ്ഞില്ല. ഇമോഷണല്‍ സ്ട്രെസ്. ഒരാഴ്ച്ചയ്ക്കുമുന്‍പ് കൂട്ടുകാരനായ സുധീര്‍ പരിശീലനത്തിനുപോവാതെ മൂടിക്കെട്ടിയ മുഖവുമായി മുറിയില്‍ത്തന്നെയിരുന്നു. അവനെ വിളിച്ചുകൊണ്ടുപോകാന്‍ വന്ന രണ്ട് സൈനികരെ അവന്‍ വെടിവെയ്ച്ചുകൊന്നു. കൂട്ടുകാരില്‍ ആരോ പിന്നെ സുധീറിനെ വെടിവെച്ചുകൊന്നു. ഇമോഷണല്‍ സ്ട്രെസ്സ്. മതിലില്‍ ഒരു എലി ചത്തുപറ്റിപ്പിടിച്ചിരിക്കുന്നു. ക്രിക്കറ്റ് ബാറ്റെടുത്ത് ചുരണ്ടുന്നു. ഒട്ടിയിരിക്കുന്ന എലി ഇളകിവരുന്നില്ല. ഇമോഷണല്‍ സ്ട്രെസ്സ്. ‘സാരമില്ല. പോയി ഉറങ്ങൂ’. കാപ്റ്റന്‍ നടന്നുമറഞ്ഞു. സുനില്‍ ബങ്കര്‍ കട്ടിലിന്റെ മുകളില്‍ വലിഞ്ഞുകയറി. ടി.വി. റിമോട്ടില്‍ വിരലമര്‍ത്തി. ഉറക്കമുണാര്‍ന്നപ്പോള്‍ ടിവിയില്‍ ടോം ജെറിയെ ഓടിക്കുന്നു. ജെറി ടോമിനെ ഓടിക്കുന്നു. ജെറിയും ടോമും മേശയ്ക്കു ചുറ്റും വട്ടത്തിലോടുന്നു. ദൂരെ ഗ്രാമത്തിലെ വീട്ടില്‍ സുനില്‍ ചാരുകസേരയില്‍ ചായയും പിടിച്ച് ഇരിക്കുന്നു. രണ്ട് കുട്ടികള്‍ സുനിലിനു ചുറ്റും വട്ടത്തിലോടുന്നു. മകനും മകളും വട്ടത്തിലോടുന്നു. മക്കള്‍ ബഹളം കൂട്ടുന്നു. പീീീീ എന്ന് കൂവിവിളിക്കുന്നു. ടക് ടക് ടക് എന്ന് ഉറക്കെച്ചിരിക്കുന്നു. അവള്‍ ഇപ്പോള്‍ എവിടെയാണ്?
അവളും സുനിലും തമ്മില്‍ തെറ്റിയിട്ട് മൂന്നുവര്‍ഷത്തോളമായെങ്കിലും വിവാഹമോചനം ലഭിച്ചിരുന്നില്ല. പട്ടാള കാമ്പിലേയ്ക്ക് അയച്ച പേപ്പറുകള്‍ സുനിലിന്റെ കയ്യില്‍ കിട്ടിയില്ല. രണ്ടാമത്തെ കുട്ടിയുണ്ടായി ഒരു വര്‍ഷം കഴിഞ്ഞാണ് അവര്‍ തമ്മില്‍ തെറ്റിയത്. നന്ദു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന നന്ദിത വെളുത്ത് അല്പം തടിച്ചിട്ടായിരുന്നു. ‘നിനക്ക് ഞാന്‍ ഒരു തയ്യല്‍ മെഷീന്‍ വാങ്ങിത്തരാം. അയലത്തെ വീട്ടിലെ പെണ്ണുങ്ങള്‍ക്കു തയ്ച്ചുകൊടുത്താല്‍ തന്നെ നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കും കഴിയാനുള്ള വരുമാനമുണ്ടാവുമല്ലോ‘. മൂന്നുവീടുകള്‍ക്ക് അപ്പുറത്തുതാമസിക്കുന്ന മെലിഞ്ഞ ശരീരമുള്ള മുതലാളി ഇതും പറഞ്ഞ് അവളുടെ ശരീരത്തിനുമേല്‍ക്കിടന്നു വിയര്‍ക്കുമ്പോള്‍ അവള്‍ സ്കൂളില്‍ നിന്ന് മക്കളെ വിളിയ്ക്കാന്‍ പോവാന്‍ സമയമായോ എന്ന് ഓര്‍ക്കുകയായിരുന്നു. കുട്ടികള്‍ അപ്പോള്‍ ഇന്റര്‍വെല്‍ സമയത്ത് പൊട്ടിച്ചിരിച്ച് വട്ടത്തിലോടുകയായിരുന്നു. സുനില്‍ മെത്തയില്‍ മൂടിപ്പുതച്ചുകിടക്കുമ്പോള്‍ മനസ്സില്‍ കുട്ടികള്‍ ടക് ടക് ടക് എന്നു കൈകൊട്ടിക്കൊണ്ട് വട്ടത്തിലോടുകയായിരുന്നു. പട്ടാളക്കാര്‍ വിനുവിന്റെ ശരീരം മതിലില്‍ നിന്നും ഒരു തൂമ്പാകൊണ്ട് ചുരണ്ടിയിളക്കുകയായിരുന്നു. കത്തുന്നവീടുകളില്‍ നിന്നും പൊട്ടിച്ചിരിച്ചുകൊണ്ട് മഞ്ഞപ്പൂക്കളും പിടിച്ച് ബാരക്കിനുചുറ്റും വട്ടത്തിലോടുന്ന കുട്ടികളെ സ്വപ്നംകണ്ടുവിറച്ച് വിപ്ലവകാരി കാട്ടില്‍ കാലില്‍ കടിച്ചുതൂങ്ങിയ അട്ടയെ പൊട്ടിച്ചുകളയുകയായിരുന്നു.
--------------------
1) ബി.ബി.സി. വെബ് വിലാസത്തില്‍ വന്ന ഈ സംഭവത്തെ ആസ്പദമാക്കി എഴുതിയത്.
--------------------
2)നാളെയുടെ പാട്ടുഞാന്‍ പാടിയില്ലേ, തരൂ നാണയ-
മതാണെന്റെ സ്വാതന്ത്ര്യഗായകന്‍.
എവിടെയൊരുയുദ്ധമുണ്ടെവിടെയൊരു ക്ഷാമമു-
ണ്ടെന്നുകേട്ടീടിലും കവിതയെഴുതീട്ടതും
കാശാക്കിമാറ്റുന്നു ബഹുജനഹിതാര്‍ത്ഥം ജനിച്ചുജീവിപ്പവന്‍.
കാലടികള്‍ ചുറ്റിയൊരു ചങ്ങല-അതിന്നെന്റെ
കാതരഹൃദാന്തമണിയുന്നൂ (അയ്യപ്പപ്പണിക്കര്‍, മൃത്യുപൂജ)
2/08/2008
രക്തസാക്ഷിയ്ക്കൊരു പൂവ്
എഴുതിയത് simy nazareth സമയം Friday, February 08, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
17 comments:
valare nannayirikkunnedo.
നന്നായിരിക്കുന്നു... നല്ല കഥ...
നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു. പുതുമയുള്ള കഥയും പരിസരവും തിരഞ്ഞെടുത്ത്തിനു പ്രത്യേകം അഭിനന്ദനങ്ങള്‍
പൂക്കുറ്റി. കുട്ടാ.
കൊള്ളാട്ടോ..
തിരഞ്ഞെടുത്ത തീം കൊള്ളം ..
നന്നായി,,,
ഒരു ശ്വാസം മനസ്സറിഞ്ഞെടൂത്തു വിട്ടു, ഇക്കഥ വായിച്ച്. നാലാമത്തെ പാര മുതല്‍ ശ്വാസം പിടിച്ചിരിപ്പാ... ഇഷ്ടമായി. വല്ലാത്ത ഒരു അവസ്ഥയിലാക്കി എന്നെ! "ബോംബെറിയാന്‍ പോവുമ്പോള്‍" എന്നെഴുതിയത് ചെറിയ രീതിയില്‍ ജിജ്ഞാസയെ കെടുത്തിയെങ്കിലും!
ഒറ്റയിരിപ്പില്‍ എഴുതിയതാണോ? അതു പോലൊരു അനായാസ-ഭംഗിയോ അകൃത്രിമത്വമോ ഫീല്‍ ചെയ്തു.
ഇതിലും നന്നായി എഴുതാന്‍ പറ്റുമ്മായിരുന്നു ഈ കഥ, ഇല്ലേ?
സിമി, സിമിയുടെ കഥകള്‍കുള്ള ആ സര്‍റിയലിസ്റ്റിക് ചന്തം ഇല്ലാത്ത ഒരു കഥയാണ് ഇത്. പക്ഷെ ഇതും ചുമ്മാ മനസ്സിലേക്ക് നടന്നു കയറുന്നു.
:)
അസ്സലായി ആശംസകള്‍
good story.... I felt something special.....
വളരെ നന്നായിരിയ്ക്കുന്നു! മനസ്സില്‍ കഥയേറ്റിയ തീമും ശക്തിയുള്ളതു തന്നെ!
ഒന്നര വര്‍ഷമായി മലയാളം ബ്ളോഗുകള്‍ വായിക്കുന്നുണ്ടെങ്കിലും അടുത്തയിടയിലാണു ഈ ബ്ളോഗ് സ്ഥിരമായി വായിച്ചു തുടങ്ങിയത്. ഭൂരിപക്ഷത്തില്‍ നിന്നു വ്യത്യസ്തമായി, 'സ്വന്തമിടം' എന്നതിലുപരിയായ ഒരു ഗൗരവം ബ്ളോഗിന്റെ സാദ്ധ്യതകള്‍ക്ക് താങ്കള്‍ കൊടുത്തിട്ടുള്ളതായി എനിയ്ക്കു തോന്നുന്നു.
അതിലേറെ ശക്തമായ ചിന്താശൈലിയും, ഭാക്ഷയും, ഭാവനയും താങ്കള്‍ക്കുണ്ട്. ആശംസകള്‍.
Very good Story..!
:)
ഡാലിയുടെ അഭിപ്രായം തന്നെ എനിക്കും. കുറച്ചുകൂടി നന്നാക്കാമായിരുന്നു. ? കള്‍ ഇടയ്ക്കുവരുന്നിടത്ത് വരുന്ന ഭാഷാശൈലി കഥയുടെ മൊത്തത്തിലുള്ള ഭാഷാശൈലിയുമായി ചേരുന്നുണ്ടോ?? ):
കിടിലന്‍ കഥ,
Post a Comment