രവിവര്‍മ്മ ചിത്രങ്ങള്‍ മനോഹരമാണ്, ഒറ്റനോട്ടത്തില്‍ തന്നെ എന്താണു വരച്ചതെന്നു മനസിലാവും. സൂക്ഷിച്ചുനോക്കിയാല്‍ ശകുന്തളയുടെ ഭാവം മനസിലാവും. കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങള്‍ പെട്ടെന്നു മനസിലാവില്ല. മനസിലാവുന്നതു തന്നെ ഓരൊരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും. പിക്കാസോയോടോ കെ.സി.എസ്. പണിക്കരോടോ നിങ്ങള്‍ എന്താണു വരച്ചത് എന്ന് വിശദീകരിച്ചു തരാമോ ആരും ചോദിക്കാറില്ല, ചോദ്യം തന്നെ വിഢിത്തമാണ് എന്ന നില ചിത്രകലയ്ക്ക് വന്നതുകൊണ്ടാവാം. ചിത്രകല എന്നത് സാഹിത്യത്തെക്കാള്‍ കൂടുതല്‍ പ്രകടിപ്പിക്കപ്പെട്ടും തലമുറകള്‍ തോറും സംരക്ഷിക്കപ്പെട്ടും ഇരിക്കുന്നതുകൊണ്ട് വിവിധ സമ്പ്രദായങ്ങള്‍ ആസ്വാദകന് പരിചിതമായതുകൊണ്ടും ആവാം ഇത്തരം ചോദ്യങ്ങള്‍ ഒരു അമൂര്‍ത്ത ചിത്രത്തെക്കുറിച്ചും ഇന്നു വരാത്തത്. ശില്പകലയും അങ്ങനെതന്നെ - കണ്ടിട്ടുമനസിലാവാത്ത ശില്പം കണ്ട് എന്താണ് ശില്പി ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്ന് ആരും ചോദിക്കാറില്ല.
എഴുത്തിന്റെ കാര്യം വ്യത്യസ്ഥമാണ് എന്നു ചിന്തിക്കാന്‍ വരട്ടെ. കല എന്നതിന് ഒരു മാനമേ, ഒരേകകമേ ഉള്ളൂ. അതില്‍ ചിത്രകലയ്ക്ക് ഒരു രീതി, ശില്പത്തിനു മറ്റൊരു രീതി, കഥയ്ക്ക് മറ്റൊരു രീതി, കവിതയ്ക്ക് മറ്റൊന്ന് എന്നിങ്ങനെയില്ല. പല കലാസമ്പ്രദായങ്ങളും വരുന്നത് (ഉദാ: ദാദായിസം, എക്സ്പ്രഷനിസം, ഇമ്പ്രഷനിസം) കവിതയിലും കഥയിലും ചിത്രകലയിലും ശില്പകലയിലും നാടകത്തിലും പരന്നുകിടക്കുന്ന രീതിയിലാണ്. ദാദായിസ്റ്റ് പെയിന്റിങ്ങ് പോലെ ദാദായിസ്റ്റ് എഴുത്തുമുണ്ട്, നാടകങ്ങളുണ്ട്.
ഒരു കലാരൂപം സൃഷ്ടിച്ചുകഴിഞ്ഞാല്‍ - സ്രഷ്ടാവും കാണിയുമായി വ്യത്യാസമില്ല. മിക്കപ്പൊഴും സ്രഷ്ടാവ് ആ കലാരൂപത്തെ കാണുന്ന രീതിയായിരിക്കില്ല മറ്റൊരാസ്വാദകന്‍ കാണുന്ന രീതി. സ്രഷ്ടാവ് കാണാത്ത പല അര്‍ത്ഥങ്ങളും ആസ്വാദകന്‍ കണ്ടെത്തുന്നു. കാരണം ഓരോ കലാരൂപത്തെയും നമ്മള്‍ നോക്കിക്കാണുന്നത് നമ്മുടെ (സാങ്കല്പിക) കണ്ണടയിലൂടെയാണ്. ഈ സാങ്കല്പിക കണ്ണട ഉണ്ടാവുന്നത് ജനിച്ചതുമുതല്‍ കലാരൂപം ദര്‍ശിക്കുന്നതുവരെയുള്ള നമ്മുടെ അനുഭവങ്ങളുടെയും സ്വത്വത്തിന്റെയും ആകെത്തുകയായും ആണ്. എന്റെ വ്യക്തിത്വം, കാഴ്ച്ചപ്പാടുകള്‍ എന്നിവ ഞാന്‍ ഒരു വസ്തുവിനെ എങ്ങനെ ആസ്വദിക്കുന്നു എന്നതിനെ നിര്‍ണ്ണയിക്കുന്നു, സ്വാധീനിക്കുന്നു. വായിക്കുന്ന വ്യക്തി എന്നത് വായിക്കപ്പെടുന്ന വസ്തുവിന് ഒരു ‘കോണ്ടെക്സ്റ്റ്‘ ആവുന്നു. (നാലുവയസ്സുള്ള ഒരു കുഞ്ഞിനെ അതിന്റെ അമ്മ തല്ലുന്നതു കണ്ടാല്‍ കാണുന്നയാള്‍ക്ക് ദേഷ്യം വരാം, എന്നാല്‍ പലതവണ തൊടരുതെന്നു പറഞ്ഞിട്ടും കേള്‍ക്കാതെ ഒരു കൂജ തള്ളിയിട്ടു പൊട്ടിച്ചതിനാണ് തല്ലിയത് എന്നറിഞ്ഞാല്‍ അതേ ദേഷ്യം അതേ അളവില്‍ വരില്ല - മുന്‍പ് നടന്ന സംഭവമാണ് ഇവിടത്തെ ‘കോണ്ടെക്സ്റ്റ്’, അതേപോലെ ആസ്വാദകന്‍ കലാസൃഷ്ടിയുടെ കോണ്ടെക്സ്റ്റിന്റെ ഭാഗമാണ്). ഒരാള്‍ക്ക് ഒരു ചലച്ചിത്രം കണ്ട് കരച്ചില്‍ വന്നതുകൊണ്ട് മറ്റൊരാള്‍ക്ക് കരച്ചില്‍ വരണമെന്നില്ല, ചിലപ്പോള്‍ മറ്റൊരാള്‍ക്ക് അത് ബോറനായി തോന്നാം. ചലച്ചിത്രത്തിന്റെ കാര്യത്തില്‍ ഇത് സാധാരണവുമാണ് - ഓരോരുത്തരുടെയും ആസ്വാദനം വ്യത്യസ്ഥമാണെന്ന് കാണികള്‍ തന്നെ പരക്കെ അംഗീകരിച്ചു കഴിഞ്ഞു. ഒരോ കലാരൂപത്തിന്റെയും ആസ്വാദനം വ്യക്തിഗതമാണ്. ഓരോ കലാരൂപവും ഒരു വ്യക്തിയുടെ ബോധത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ വൈയക്തികമാണ്. അതുകൊണ്ടുതന്നെ എഴുത്തുകാരന്‍ തന്റെ സൃഷ്ടിയെ ആസ്വദിക്കുന്ന രീതിയിലായിരിക്കില്ല, വായിക്കുന്ന രീതിയിലായിരിക്കില്ല, വായനക്കാരന്‍ വായിക്കുന്നതും ആസ്വദിക്കുന്നതും.
കലയ്ക്ക് സാര്‍വ്വത്രികമായ ഒരര്‍ത്ഥം എന്നത് കലയെ ചോദ്യോത്തരിയാക്കുന്നതിനു തുല്യമാണ്. ഒന്നും ഒന്നും രണ്ട് എന്നതുപോലെ ഗണിതസമവാക്യങ്ങളല്ല കല. സരളസൃഷ്ടികളുടെ ആസ്വാദനം ഏറെക്കുറെ ഏകനാതനമാണെങ്കില്‍ സങ്കീര്‍ണ്ണസൃഷ്ടികളുടെ ആസ്വാദനം(അവയിലേയ്ക്ക് ആസ്വാദകനു കടക്കാന്‍ പല വാതിലുകളുള്ളതുകൊണ്ട്) വൈവിധ്യമാര്‍ന്നതും നേരത്തേ പറഞ്ഞതുപോലെ, കുറെക്കൂടെ വൈയക്തികവുമാണ്.
സാഹിത്യം ലളിതമായിരിക്കണം എന്ന പിടിവാശിയിലൊതുങ്ങാത്ത പല വിശ്വസാഹിത്യ കൃതികളുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നല്ല നോവല്‍ എന്ന് റേറ്റ് ചെയ്യപ്പെടുന്ന യുളീസിസില്‍ (ജെയിംസ് ജോയ്സ്), 150-ഓളം പേജുകള്‍ വരുന്ന അവസാനത്തെ അദ്ധ്യായം എട്ട് വരികളാണ്. ജോയ്സ് വരിമുറിച്ചെഴുതിയിരുന്നെങ്കില്‍ വായനക്കാരന് മനസിലാക്കാന്‍ എളുപ്പമായിരുന്നു എന്ന് ആരും പറയുന്നില്ല. ബോധധാര എന്ന സങ്കേതത്തില്‍ എഴുതിയ പല പുസ്തകങ്ങളുമുണ്ട്, വില്യം ഫോക്നറുടെ ‘ദ് സൌണ്ട് ആന്റ് ദ് ഫ്യൂറി‘ വളരെ കഷ്ടപ്പെട്ടു വായിച്ചിട്ടും എനിക്കു മനസിലായില്ല. പുസ്തകത്തിന്റെ അവതാരിക തന്നെ പറയുന്നു, പലതവണ വായിച്ചാല്‍ മാത്രം മനസിലാവുന്ന ഒന്നാണെന്ന്. ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ പ്രധാന കൃതികളിലൊന്നായി ഇതിനെ കരുതുന്നു.
എഴുത്തുകാരന്‍ എന്തെഴുതണം എന്നത് വായനക്കാരനോ നിരൂപകനോ നിശ്ചയിക്കുമ്പോള്‍ എഴുത്ത് ഏകതാനത്തിലുള്ളതാവുന്നു. പക്ഷികളെന്നാല്‍ കോഴികള്‍ മാത്രം എന്നതോ മരങ്ങള്‍ എന്നാല്‍ തേക്കുമരങ്ങള്‍ മാത്രം എന്നതോ ആയ ഒരു ലോകത്തിലെത്തിയാലുള്ള അവസ്ഥ എത്ര വിരസമായിരിക്കും എന്ന് ആലോചിച്ചുനോക്കൂ. വായനക്കാരനാണ് രാജാവ് എന്ന് ഓരോ വായനക്കാരനും ചിന്തിക്കാമെങ്കിലും രാജാവിന് ഇഷ്ടമുള്ളതുമാത്രം എഴുതിയിരുന്ന ആസ്ഥാന കവികളുടെ കാലം കഴിഞ്ഞുപോയി. വായനക്കാരനെ മനസിലാക്കിക്കാനുള്ള ശ്രമത്തില്‍ എഴുത്തുകാരന്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും ഭൂരിപക്ഷം വായനക്കാര്‍ക്ക് മനസിലാവുന്നത് മാത്രം കൊടുക്കുകയും ചെയ്താല്‍ എഴുത്തില്‍ ഒരു നവീനതയും വരില്ല, ഒരു മൌലികതയും വരില്ല. വിജയനും മുകുന്ദനുമാണ് നമ്മുടെ വഴികാട്ടികള്‍ എന്നു ചിന്തിച്ചാല്‍ വിജയന്റെയും മുകുന്ദന്റെയും കുറെ വികലാനുകരണങ്ങളേ വരൂ, നവവും മൌലികവുമായ, ആരെയും ഒന്നിലും ചാരിനില്‍ക്കാത്ത ഒന്നും തന്നെ വരില്ല.
എഴുത്തുകാരന്‍ തന്റെ സൃഷ്ടിയെ വിശദീകരിക്കുക എന്നത് എഴുത്തുകാരനു വരാവുന്ന ഏറ്റവും വലിയ ഗതികേടാണ്. ഞാന്‍ ഇതാണ് എഴുതിയതെന്ന് ഞാന്‍ തന്നെ വിളിച്ചുപറഞ്ഞാല്‍ പിന്നെ അതിനു മറ്റൊരു വ്യാഖ്യാനമില്ല - എഴുത്തുകാരന്‍ കണ്ട അര്‍ത്ഥങ്ങളല്ലാതെ, എഴുത്തുകാരന്‍ സങ്കല്പിച്ച സൌന്ദര്യമല്ലാതെ, മറ്റൊന്ന് കാണുന്നതില്‍ നിന്നും വായനക്കാരനെ എഴുത്തുകാരന്റെ വിശദീകരണം തടയുന്നു. നേരെമാത്രം നോക്കൂ, കാണിച്ചു തരുന്നതു മാത്രം കാണൂ എന്നു പറയുന്നതു പോലെയാണ് അത് - ഒരു സര്‍ഗ്ഗസൃഷ്ടി നിറം പിടിപ്പിച്ച ഒരു കണ്ണാടിയാവണം, വായനക്കാരനെ അല്പമെങ്കിലും അത് പ്രതിഫലിപ്പിക്കണം, ആ പ്രതിഫലനത്തിനുള്ള സാധ്യത എഴുത്തുകാരന്റെ വ്യാഖ്യാനം കെടുത്തിക്കളയുന്നു.
വൃത്തനിബദ്ധമാവണം കവിത എന്നത് പഴയ ഒരു വാശിയായിരുന്നു. കവിതയ്ക്ക് ഈണം വേണം, താളം വേണം, ഇമ്പം വേണം എന്നിങ്ങനെയുള്ളവ - കവിത സൌന്ദര്യാനുഭവമാണ് എന്ന ചിന്തയുടെ ഭാഗമാണ്. എന്നാല്‍ അത്തരം ഒരു ലാവണ്യാനുഭവത്തിന് ഈണവും താളവും വൃത്തവും അലങ്കാരവും തന്നെ വേണോ, അല്ലാതെ എഴുതിയാലും വായനക്കാരന്റെ (ചിലരുടെയെങ്കിലും) ചില ഭാവഞരമ്പുകള്‍ തുടിക്കില്ലേ എന്ന ചിന്തയാവണം, പദ്യം മാത്രമല്ല കവിത എന്നു ചിന്തിക്കാന്‍ കഴിഞ്ഞ ഏതാനും തലമുറകളെ (മലയാളത്തില്‍ എന്നല്ല, എല്ലാ ഭാഷയിലും) പ്രേരിപ്പിക്കുന്നത്. അങ്ങനെവരുമ്പോള്‍ സൂര്യാസ്തമനത്തില്‍ കവിതയുണ്ട്, ബസ്സില്‍ മുന്‍സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ എണ്ണതേച്ച മുടിയില്‍ കവിതയുണ്ട്, കാമിനിയുടെ കണ്ണ് പിടയ്ക്കുമ്പോള്‍ അതില്‍ കവിതയുണ്ട്, കുറുകിക്കൊണ്ട് കാലിലുരുമ്മുന്ന പൂച്ചയില്‍ കവിതയുണ്ട്. ചില ഗദ്യങ്ങള്‍ കവിതകളാണ്. ഗദ്യത്തിലെഴുതിയ വിത്സന്റെ ഒരു കവിത നോക്കൂ. ഒരു വരിപോലുമില്ലാതെ, രണ്ട് ചിത്രങ്ങള്‍ (ഗൂഗ്ല് ഇമേജ് സെര്‍ച്ച് റിസള്‍ട്ടുകള്‍) മാത്രം ചേര്‍ത്തുവെച്ച് അനോണി ആന്റണി നിര്‍മ്മിച്ച കവിത നോക്കൂ. ഇതൊക്കെ കാണുമ്പൊഴും ചില വായനക്കാര്‍ക്കെങ്കിലും ഉള്ളില്‍ ‘ഹാ‘ എന്നൊരു തോന്നല്‍ വരുന്നെങ്കില്‍ അവര്‍ക്ക് അത് കവിതയാണ്. അതുകൊണ്ട് താനെഴുതിയത് എല്ലാവര്‍ക്കും കവിതയാവണം, എല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്ന് ആര്‍ക്കെങ്കിലും വാശിയുള്ളതായി തോന്നുന്നില്ല, അങ്ങനെ തോന്നുന്നെങ്കില്‍ അത് നന്നുമല്ല.
പദ്യത്തിലെഴുതിയ പലതും കവിതകളാവാതെ പോവുന്നതിനും ഉദാഹരണങ്ങള്‍ അനവധിയുണ്ട്, ഒരു ലാവണ്യാനുഭവവും തരാതെ മറഞ്ഞുപോവുന്നവ ധാരാളം. എനിക്കു കവിതയല്ലാത്തത് മറ്റൊരാള്‍ക്കു കവിതയായി തോന്നാം എന്നത് മറന്നുകൊണ്ടല്ല.
ബ്ലോഗിന്റെ ഒരു സവിശേഷത അത് ശരാശരിയുടെ (മീഡിയോക്രിറ്റിയുടെ) ഉത്സവമാണ് എന്നതാണ് (കടപ്പാട്: അനോണി ആന്റണി). സ്വന്തം ആസ്വാദന നിലവാരത്തിലേക്ക് എഴുത്തുകാരനെ വലിച്ചിടാനുള്ള ശ്രമങ്ങള്‍ ധാരാളമുണ്ട്. തനിക്കു മനസിലാവുന്ന വിധത്തില്‍ മാത്രം എഴുത്തുകാരന്‍ എഴുതിയാല്‍ മതി എന്ന മുറവിളികള്‍ ഉയരുന്നു. തനിക്ക് അപ്രിയമായതിനെ മുഖത്തടിച്ചിടാനുള്ള ശ്രമങ്ങളും ധാരാളം. ഇഞ്ചിപ്പെണ്ണിന്റെ ഒരു പോസ്റ്റ് കണ്ട്, അതില്‍ ഇഞ്ചിപ്പെണ്ണ് ഒരു സ്ത്രീയാണെന്ന് അറിയുന്നതുകൊണ്ടുമാത്രം, അടിവസ്ത്രം ഉരിയുന്ന ഒരു പെണ്ണിന്റെ വര്‍ണ്ണചിത്രം സ്വന്തം ബ്ലോഗില്‍ കൊടുത്തു, ഒരു മഹാന്‍. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എഴുതിയ പല വൃത്തികേടുകളും ഇരുട്ടത്തിരുന്ന് കൂട്ടുകാര്‍ തമ്മില്‍ പോലും പറയാന്‍ ലജ്ജിക്കുന്ന തരത്തിലുള്ളവയാണ്. ഇഞ്ചിപ്പെണ്ണല്ല വിഷയം, ഇത്തരം കുത്സിത ശ്രമങ്ങള്‍ക്ക് കുടപിടിക്കാനും ബ്ലോഗില്‍ വായനക്കാരുണ്ട് എന്നതാണ്. എവിടെയും എന്തിനും വായനക്കാര്‍ എന്നും കാണും. ഓരോരുത്തരുടെയും അഭിരുചികള്‍ക്കനുസരിച്ചുള്ള ബ്ലോഗുകളിലേക്ക് ഓരോരുത്തരും എത്തിച്ചേരുന്നു. ബ്ലോഗ് ഒരു കാടാണ്, വൈവിധ്യമുള്ള ജീവജാലങ്ങള്‍ ഒരു കാട്ടില്‍ വേണ്ടതുപോലെ വൈവിധ്യമുള്ള സൃഷ്ടികളും വേണം, ബ്ലോഗിലെന്നല്ല, എവിടെയും. കാട്ടില്‍ മാന്‍പേടകള്‍ മാത്രമല്ല, കുറുക്കനും കടുവയും കഴുകനും കഴുതപ്പുലിയും കൂടിയുണ്ട് എന്നതുപോലെ ബ്ലോഗിലും എല്ലാത്തരത്തിലുള്ള എഴുത്തുകാര്‍ക്കും സ്ഥാനമുണ്ട്, നിലനില്‍പ്പുണ്ട് - സ്വന്തം സ്ത്രീവിരുദ്ധനിലപാടുകള്‍ ബ്ലോഗിലെഴുതാന്‍ നമതിന് സ്വാതന്ത്ര്യമുണ്ട്, അതിനെ കൂവിവിളിക്കാന്‍ ഇഞ്ചിപ്പെണ്ണിന് സ്വാതന്ത്ര്യമുണ്ട്, ഇതേ രീതിയില്‍ ചിന്തിച്ചാല്‍ ഒരാള്‍ക്ക് വ്യക്തിഹത്യ നടത്താനും അശ്ലീലമെഴുതാനും മറ്റൊരാളെ ചവിട്ടിത്തേയ്ക്കാനും കൂടി ഇവിടെ സ്ഥലമുണ്ട് എന്നു സമ്മതിക്കേണ്ടി വരും. അശ്ലീലത്തെയോ അപഹാസത്തെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ബാലിശമാണ്, ഏതുതരത്തിലെ നിയന്ത്രണവും ഒരാളുടെ (എത്ര തെറ്റായതും ആവട്ടെ) സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് എന്നിരിക്കേ, അവഗണിക്കേണ്ടതിനെ അവഗണിക്കുന്നതാണ് നന്നെന്നു തോന്നുന്ന പോംവഴി.
എഴുത്തുകാരന് വായനക്കാരനോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ട്, വായനക്കാരന്‍ വായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് എഴുതുന്നത് എന്നൊക്കെ ചോദിക്കുന്നതിലുമുണ്ട് അബദ്ധം. എഴുത്ത് എന്നല്ല, ഏതു കലാസൃഷ്ടിയും കലാകാരന്റെ സ്വത്വത്തിന്റെ പ്രകാശനമാണ്. ഒരു സൃഷ്ടി പരക്കെ വായിക്കപ്പെടുന്നതില്‍ സന്തോഷിക്കാത്തവര്‍ ന്യൂനമാണ്. പരക്കെ വായിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നത് കലാകാരനെ ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിന്റെ വിജയം - അങ്ങനെ വായനകള്‍ ലഭിക്കുന്നത് എഴുത്തുകാരന് ഒരു വലിയ പ്രചോദനവും എഴുത്തില്‍ പ്രേരകശക്തിയുമാണ്. എന്നാല്‍ ആസ്വാദകനെ പ്രീതിപ്പെടുത്തുക എന്നതല്ല കലാകാരന്റെ ആത്യന്തിക ലക്ഷ്യം. എഴുതാതിരിക്കാന്‍ വയ്യാത്തതുകൊണ്ട് എഴുതുന്നവര്‍ പലരുണ്ട്. “എന്തുചെയ്യാനാ മാഷേ... \ എത്ര മസിലു പിടിച്ചാലും \ ഇടയ്ക്കു പുറത്തുവരും \ ഉറക്കെ \
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....“ എന്ന് പ്രമോദ് തന്റെ നീലക്കുറിഞ്ഞികള്‍ എന്ന കവിതയില്‍ പറയുന്നു. കാശിന് അത്യാവശ്യം വരുമ്പോള്‍ കവിതയെഴുതി നേരെ പത്രാധിപര്‍ക്കു കൊണ്ടുക്കൊടുത്ത് കിട്ടുന്നത് വാങ്ങിച്ചോണ്ടുപോവുന്ന അയ്യപ്പന്‍ നമ്മുടെ നാട്ടുകാരനാണ്. ചാരായം വാങ്ങാന്‍ കാശിനുവേണ്ടി ജോണ്‍ എബ്രഹാം പെട്ടെന്നു കുത്തിക്കുറിച്ച കഥകള്‍ വായിച്ചവരുടെ ബോധമണ്ഡലത്തില്‍ ഇന്നുമുണ്ട്. താന്‍ മരിക്കുമ്പോള്‍ തന്റെ കയ്യെഴുത്തു പ്രതികള്‍ കത്തിച്ചുകളയണം എന്ന് കാഫ്ക ഉറ്റസുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചു, സുഹൃത്ത് മരിച്ചയാളിനെ വഞ്ചിച്ചതുകൊണ്ട് വിശ്വസാഹിത്യത്തിന് കാഫ്കയെ ലഭിച്ചു. വായനക്കാരന്‍ എന്ന സുര്യനുചുറ്റും കറങ്ങുന്ന ഉപഗ്രഹമല്ല എഴുത്തുകാരന്‍. വായനക്കാരന്റെ കൊട്ടാരം കവിയുമല്ല. ആസ്വാദകനോടുള്ള ഉത്തരവാദിത്തം പോലും ഉണ്ടാവേണ്ട കാര്യമില്ല എന്നിരിക്കേ, ആസ്വാദകനോട് (ബ്ലോഗ് വായനക്കാരനോട്) എഴുത്തുകാരന് എന്തോ ബാദ്ധ്യതയുണ്ട് എന്ന മട്ടിലെ പോസ്റ്റുകള്‍ തെറ്റാണ്. കുറെ നാളായി കമന്റ് ഓപ്ഷന്‍ തന്നെ ഡിസേബിള്‍ ചെയ്ത് പ്രഭാ സക്കറിയാസ് എന്ന കവയത്രി സുന്ദരമായ കവിതകളെഴുതുന്നു. എന്തു ബാദ്ധ്യത.
എന്ത് വായിക്കണം എന്നത് ഓരോ വായനക്കാരന്റെയും സ്വാതന്ത്ര്യമാണ്, എന്ത് എഴുതണം എന്നത് ഓരോ എഴുത്തുകാരന്റെയും സ്വാതന്ത്ര്യവും. അല്ലാതെ, ഇന്നതേ എഴുതാവൂ, ഇന്നരീതിയിലേ എഴുതാവൂ എന്നുപറയുന്നത് അപകടമാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള വായനക്കാരന്റെ (അവര്‍ എത്രവലിയ ജനക്കൂട്ടമാണെങ്കിലും) ഓരോ ശ്രമത്തെയും കുറിച്ച് എഴുത്തുകാരന്‍ ജാഗരൂഗനും ബോധവാനുമായിരിക്കണം. ബൈബിളില്‍ ഓരോ ഉപമകളും പറഞ്ഞുകഴിഞ്ഞ് കര്‍ത്താവ് പറയുന്നത് ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ‘ എന്നാണ്. ഉപമകളെ വിശദീകരിച്ചു കൊടുക്കലല്ല, മനസിലാക്കേണ്ടവര്‍ മനസിലാക്കിയാല്‍ മതി എന്നാണ്. അതുപറയുന്നവനെ തൂങ്ങിച്ചാവാന്‍ പറയുന്ന ആള്‍ക്കൂട്ടം, അവന് കയറിട്ടുകൊടുക്കുന്ന സമൂഹം രോഗഗ്രസ്ഥമായ സമൂഹമാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതെയും അട്ടഹാസങ്ങളില്‍ പതറാതെയും സ്വന്തം സൃഷ്ടിയില്‍ വിശ്വസിക്കാനും സൃഷ്ടിക്കുവാനും ഓരോ എഴുത്തുകാരനും കഴിയട്ടെ - അവനെ (അവനെഴുതുന്നതിനെ) ഒരാള്‍ പോലും മനസിലാക്കിയില്ലെങ്കിലും ആ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കട്ടെ.
ഓഫ്: അമേരിക്കയിലെ ഒരു പ്രശസ്ത കലാകാരനായ ഡാഷ് സ്നോ 26-ആം വയസ്സില്‍, അടുത്തിടെ കൊക്കെയ്ന്‍ അമിതോപയോഗംമൂലം മരിച്ചു. പോലീസുകാരുടെ വാര്‍ത്താ കട്ടിങ്ങുകള്‍ക്കു മുകളില്‍ (സ്വയംഭോഗം ചെയ്ത്) സ്ഖലിച്ചുവെച്ച് അത് എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചതിനെ ചില പത്രങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. തന്നെ വിമര്‍ശിച്ചുവന്ന വാര്‍ത്താ ക്ലിപ്പിങ്ങിന്റെ മുകളിലും സ്ഖലിച്ചുവെച്ച്, ഒരു തോക്കെടുത്ത് ആ വാര്‍ത്തയില്‍ വെടിവെച്ച്, ആ സുഷിരം വീണ പത്രത്താളിനെയും ഫ്രെയിം ചെയ്ത് കലാസൃഷ്ടിയാക്കി അയാള്‍. (കലാകാരന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍!)
Showing posts with label വിമര്‍ശനം. Show all posts
Showing posts with label വിമര്‍ശനം. Show all posts
11/04/2009
സൃഷ്ടി, സ്രഷ്ടാവ് , കവിത, ബ്ലോഗ് സമൂഹം
എഴുതിയത്
simy nazareth
സമയം
Wednesday, November 04, 2009
107
അഭിപ്രായങ്ങള്‍
Subscribe to:
Posts (Atom)