സിമിയുടെ ബ്ലോഗ്

9/28/2008

കടുവവേട്ടചക്രവാളത്തില്‍ ഒട്ടിപ്പിടിച്ച സൂര്യന്‍ താഴേയ്ക്ക് ഒലിച്ചിറങ്ങി. തവിട്ടുനിറത്തില്‍ ചോളവയലുകള്‍ തിളങ്ങി. ആളോളം പൊക്കത്തില്‍ നിന്ന ചോളച്ചെടികള്‍ കാറ്റില്‍ കിഴക്കോട്ട് ഇളകുമ്പോള്‍ വരമ്പിലൂടെ നടന്നുപോയ പൂനം ചോളച്ചെടികള്‍ക്കിടയില്‍ക്കിടന്ന് മുടിവിടര്‍ത്തി അവന്റെ മുഖം മൂടിക്കൊണ്ട് രഞ്ജയെ ഉമ്മവെയ്ച്ചത് കിനാവുകാണ്ട് ഒരുനിമിഷം തരിച്ചുനിന്നുപോയി. ഒന്നു മന്ദഹസിച്ച്, വായുവില്‍ തന്റെ മുഖത്തിനു മുന്നില്‍ നിന്ന ശൂന്യതയെ ഇടതുകൈകൊണ്ട് തട്ടിക്കളഞ്ഞ്, വീണ്ടും അന്നു കിടന്ന വയലിലേയ്ക്ക്, ഇടത്തേയ്ക്കു നോക്കിയപ്പോള്‍ വയല്‍ ആരോ പിടിച്ചുലച്ചതുപോലെ ഇളകുന്നു. തവിട്ടാര്‍ന്ന ചെടികള്‍ക്കിടയിലേയ്ക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ തവിട്ടുനിറത്തില്‍ കറുത്തവരകളും വട്ടച്ചെവികളും സൂര്യപ്രകാശമടിച്ച് തിളങ്ങുന്ന പച്ചക്കണ്ണുകളും നീണ്ട മീശരോമങ്ങളും ഭീമാകാരമാ‍യ ഉടലും -- തെന്നിനീങ്ങുന്ന ഒരു കടുവ. കയ്യിലിരുന്ന കുടം നിലത്തുവീണതും അലറിക്കൊണ്ട് ഓടിയതും തട്ടിവീണതും ഉടുപ്പ് കീറിയതും ആളുകള്‍ കൂടിയതും അവള്‍ക്ക് ഓര്‍മ്മയില്ല. തലയ്ക്കുള്ളില്‍ അതിരൌദ്രമായ, ഉച്ചത്തിലുള്ള ഒരലറല്‍ മാത്രം നിറുത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

നൊടിയിടയില്‍ വയലില്‍ കടുവയിറങ്ങിയ വാര്‍ത്ത പടര്‍ന്നു. വയലിനു ചുറ്റും പെരുമ്പറ മുഴക്കി ഇടതുകയ്യില്‍ കത്തിച്ചുപിടിച്ച പന്തങ്ങളും വലതുകയ്യില്‍ കിട്ടാവുന്ന ആയുധങ്ങളും തടിക്കഷണങ്ങളുമായി ഗ്രാമത്തിലെ പുരുഷന്മാര്‍ കൂടി. വയലിന്റെ മൂന്നുവശത്തുനിന്നും അവര്‍ വളഞ്ഞു. ആരൊക്കെയോ കൊണ്ടുവന്ന തുകല്‍‌വാദ്യങ്ങള്‍ താളത്തില്‍ മുഴങ്ങിയ ശബ്ദം കേട്ട് അകലെ മരങ്ങളിലിരുന്ന കാക്കകള്‍ പോലും കരഞ്ഞുകൊണ്ട് പറന്നുയര്‍ന്നു. വീടുകള്‍ക്കു മുമ്പിലും ഇടവഴികളിലും തെരുവുനായ്ക്കള്‍ നിറുത്താതെ കുരച്ചു. പൂനം കണ്ട കടുവ ജനങ്ങളുടെ ഭാവനയില്‍ പല ഭീകര രൂപങ്ങളും പൂണ്ടു. കുടിലുകളില്‍ നിറുത്താതെ കരഞ്ഞ കുഞ്ഞുങ്ങളെ ശാന്തരാക്കാന്‍ വിരണ്ടകണ്ണുകളുമായി അമ്മമാര്‍ പാടിയ താരാട്ടുകള്‍ പാതിവഴിയില്‍ മുറിഞ്ഞു. ഭീതിപൂണ്ട മുഖങ്ങളുമായി ഗ്രാമീണര്‍ ചമച്ച അര്‍ദ്ധവൃത്തം ചുരുങ്ങിച്ചുരുങ്ങി വന്നു. പെട്ടെന്ന് ആള്‍ക്കൂട്ടത്തിലെ വിടവിലൂടെ ഒരു മിന്നല്‍പ്പിണര്‍പോലെ വെളുത്ത അടിവയര്‍ കാണിച്ചുകൊണ്ട് കടുവ ഉയര്‍ന്നുചാടി പാഞ്ഞ് വലിയ ശബ്ദത്തോടെ പുഴയിലേയ്ക്കു വീണു. എന്നിട്ട് അത് നീന്തി ഗ്രാമത്തിനരികിലെ കാട്ടിലേയ്ക്കു കയറി.

‘കടുവയെ ജീവനോടെ വിടാന്‍ പറ്റില്ല. ആപത്താണ്. രാത്രി ഉറങ്ങാതെ കാവലിരുന്നാലും ആരുടെ പശുവിനെയാണ്, ആരുടെ കുഞ്ഞിനെയാണ്, പുറത്തുകിടന്നിറങ്ങുന്ന നമ്മളിലാരെയാണ് അത് കഴുത്തില്‍ക്കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുക?’. കൂട്ടത്തില്‍ പ്രായം കൂടിയ കുന്‍‌വര്‍ എന്ന കാരണവര്‍ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ലെങ്കിലും വള്ളങ്ങളിലേറിയും പന്തമുയര്‍ത്തിപ്പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നടന്നും ജനക്കൂട്ടമാകെയും പുഴകടന്നു. ഇരുണ്ട കാടിന്റെ വഴികളില്‍ ആരൊക്കെയോ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടു. ‘ഇതാ, ഇവിടെനിന്നും അധികദൂരം പോയിക്കാണില്ല. ഇടത്തേയ്ക്ക് രണ്ടുനാഴിക നടന്ന് നിങ്ങള്‍ എതിരേനിന്നും വരൂ’. കൂട്ടത്തിലെ കാടറിഞ്ഞ വേട്ടക്കാരന്റെ ഉത്തരവുകള്‍ ചെറുപ്പക്കാര്‍ അനുസരിച്ചു. കാവിമുണ്ടും മടക്കിക്കുത്തി തലയിലെ കെട്ടുമുറുക്കി, എല്ലുന്തിയ കാലില്‍ കടിച്ച കുളയട്ടയെ പന്തത്തിന്റെ മഞ്ഞത്തീയില്‍ കരിച്ചുകളഞ്ഞ് അവര്‍ കല്ലും മുള്ളും ചവിട്ടി. നടവഴിയിലെവിടെയും കടുവയെക്കാണാം എന്നോര്‍ത്ത് അവരുടെ ഹൃദയം ഊക്കോടെ മിടിച്ചു. ഒട്ടകലെ എത്തിയപ്പോള്‍ ദൂരെനിന്നും നീളത്തിലുള്ള കൂവല്‍ മുഴങ്ങി. അവര്‍ തിരിഞ്ഞുനിന്നു, പെരുമ്പറമുഴക്കി പ്രതിവചിച്ചു. ഇപ്പോള്‍ കാടിന്റെ രണ്ടു വശങ്ങളില്‍ നിന്നും ചെണ്ടമുഴങ്ങി. കഴച്ച കാലടികള്‍ ഊഹം വച്ച് എതിര്‍വശങ്ങളിലേയ്ക്കു നടന്നു.

ശരീരത്തിലെ വെള്ളം കുടഞ്ഞുകളഞ്ഞ് കടുവ ഒരു വലിയ മരത്തിനു ചുറ്റും നടന്നു. എന്നിട്ട് ശബ്ദം കേട്ടു വിരണ്ട് മരത്തിന്റെ പൊത്തുകളില്‍ നഖമമര്‍ത്തി അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിച്ച്, ഭാരം കാരണം ഊര്‍ന്നിറങ്ങി, വീണ്ടും ശ്രമിച്ച്, മരത്തിന് ഒരു വലംകൂടി വയ്ച്ചു. അതിനരികിലെ പൊന്തക്കാടുകളില്‍ ഇരപിടിക്കാനെന്നവണ്ണം അമര്‍ന്ന് പതിയിരുന്നു. എന്നിട്ടും പുറത്തേയ്ക്കു തള്ളിനിന്ന അതിന്റെ മുതുകില്‍ ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്ന സൂര്യപ്രകാശമടിച്ചപ്പോള്‍ അസ്വാരസ്യത്തോടെ തലയുയര്‍ത്തി. അപ്പോള്‍ അതിന്റെ പച്ചക്കണ്ണുകള്‍ അപകടം മണത്ത് തിളങ്ങി. പെരുമ്പറയുടെ ശബ്ദം അടുത്തടുത്തുവന്നു. കടുവയുടെ പ്രാകൃതചോദനകള്‍ അതിനെ തിരിഞ്ഞ് ഇടത്തേയ്ക്ക് ഓടാന്‍ പ്രേരിപ്പിച്ചു. മൂരിനിവര്‍ത്തി നഖങ്ങള്‍ അകത്തേയ്ക്കുവലിച്ച് പതിയെ പാദങ്ങള്‍ ചവിട്ടിയപ്പോള്‍ ഇടത്തുനിന്നും വലത്തുനിന്നും മുന്‍പില്‍ നിന്നും പിന്‍പില്‍ നിന്നും പെരുമ്പറ മുഴങ്ങി. അടുത്തുകണ്ട ഒരു പാറക്കെട്ടിനുമുകളിലേയ്ക്ക് അത് ഓടിക്കയറി. വീണ്ടും ഓടി താഴെയിറങ്ങി കുന്നുകൂടിയിരിക്കുന്ന വലിയ പാറകളിലൊന്നില്‍ ഇടതുകൈകൊണ്ട് അടിച്ചു. ഒന്നു മടിച്ച് വീണ്ടും ഇടതുകൈ നീട്ടി പാറയെ ഞരക്കി. രണ്ട് പാറകള്‍ക്കിടയില്‍ക്കണ്ട വിടവിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഒരു വിഫലശ്രമം നടത്തി. ഒടുവില്‍ ചാഞ്ഞുനിന്ന ഒരു വലിയ പാറയുടെ കീഴേ കടുവ നൂണ്ടുകയറി. അതിന്റെ ശ്വാസം തട്ടി താഴെയുള്ള മണ്ണ് ചിതറി. പെരുമ്പറകള്‍ അടുത്തുവന്നു.

ഗ്രാമീണരുടെ കൂട്ടത്തിലുണ്ടായിരുന്ന നായ്ക്കള്‍ മണം പിടിച്ച് മുന്നോട്ടോടി എന്തിനെയോ നോക്കി കുരച്ചു. പടിഞ്ഞാറു വശത്തുനിന്ന ഗ്രാമീണര്‍ തെക്കുനിന്നും വന്നവരെയും കിഴക്കുനിന്നു വന്നവര്‍ വടക്കുനിന്നു വന്നവരെയും കണ്ടു. അവര്‍ പരസ്പരം കാണാവുന്ന ദൂരത്തില്‍ നിന്ന് മൈലുകള്‍ നീളുന്ന ഒരു വലിയ വൃത്തം തീര്‍ത്തു. ‘ഇനി കടുവ രക്ഷപെടില്ല’. ഇറുകിയ അന്തരീക്ഷത്തിലും ആരോ ഇതു പറഞ്ഞ് ചിരിച്ചു. ഒരാള്‍ നീട്ടിപ്പാടി. ‘കടുവത്തോല്‍ കൊണ്ടെനിക്കൊരു കുപ്പായം വേണം. കടുവപ്പാലൊഴിച്ചൊരു ചായ വേണം‘. അവനെ നിശബ്ദനാക്കിയിട്ട് അവര്‍ വീണ്ടും ചുരുങ്ങി. ഇടയ്ക്ക് ഒരനക്കം കേട്ട് പെട്ടെന്ന് ചിതറി, അത് ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞ് വീണ്ടും ചെറുതായി.

കടുവ പതിയിരിക്കുന്ന മടയും ഗ്രാമീണരും തമ്മിലുള്ള അകലം കുറഞ്ഞുകുറഞ്ഞു വന്നു. നാ‍യ്ക്കളുടെ കുര ഭീഷണമായി. ഏകദേശം മുപ്പതുവാര അകലെ അവരിലൊരാള്‍ മടയില്‍ പതിയിരിക്കുന്ന കടുവയെക്കണ്ടു. ആര്‍പ്പുവിളിച്ച് പന്തങ്ങളും ആയുധങ്ങളും നീട്ടിപ്പിടിച്ച്, തോളോടുതോള്‍ ചേര്‍ന്ന് അവര്‍ വന്യമൃഗത്തെ വളഞ്ഞു. ആ വൃത്തം ഒരേ ബിന്ദുവിലേയ്ക്ക് ചുരുങ്ങിച്ചുരുങ്ങിവന്നു.

അടുപ്പുപോലെ ചുറ്റും ആളുന്ന തീയുടെ ചൂടിനുള്ളില്‍നിന്ന് ഓടാന്‍ പഴുതില്ലാതെ ജന്തു വിയര്‍ത്തു. അതിന്റെ കണ്ണുകള്‍ പ്രാണഭയത്തില്‍ തിളങ്ങി. ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ വെറുതേ ഇടത്തേക്കയ്യുയര്‍ത്തി മുഖം മറച്ചു. കൈ താഴ്ത്തി അത് വായ തുറന്നെങ്കിലും ബീഡിക്കറപിടിച്ച പല്ലുകള്‍ക്കിടയില്‍ നിന്ന് ശബ്ദമൊന്നും പുറത്തുവന്നില്ല. വെട്ടാത്ത താടിരോമങ്ങളില്‍ നിന്ന് വിയര്‍പ്പ് ഇറ്റുവീണു. ഇനി രക്ഷയില്ല എന്നുകണ്ട് അതിന്റെ കൈത്തണ്ടയിലെ രോമങ്ങള്‍ എഴുന്നുനിന്നു. മുഷിഞ്ഞ ബനിയനുയര്‍ത്തി അത് നെറ്റിതുടച്ചു. എന്നിട്ട് കൈലി വരിഞ്ഞുടുത്തു. ചെരുപ്പിടാത്ത ഇടതുകാല്‍ മുന്നോട്ടുവെയ്ച്ച് ഊര്‍ന്നിറങ്ങി ആദ്യം കാണുന്നവനെ കുത്താന്‍ അലറിക്കൊണ്ട് പിശ്ശാത്തി നിവര്‍ത്തിപ്പിടിച്ച് പാ‍റമടയില്‍ നിന്ന് അയാള്‍ കുതിച്ചുചാടി. പക്ഷേ ആള്‍ക്കൂട്ടത്തിനടുത്തെത്തും മുന്‍പേ തെറ്റിവന്ന ഉരുളന്‍ കല്ലുകള്‍ കൊണ്ട് അയാള്‍ വീണുപോയി. പാഞ്ഞുവന്നവരില്‍ ആരുടെയോ അടിയേറ്റ് നിമിഷം കൊണ്ട് പിടഞ്ഞുമരിക്കുകയും ചെയ്തു.

----

കടപ്പാട്: ദേവന്‍ എഴുതിയ ഹീറോയുടെ പേന എന്ന കഥയും കമന്റുകളും വായിച്ചപ്പോള്‍ തോന്നിയത്.

7 comments:

വെള്ളെഴുത്ത് said...

‘ബീഡിക്കറ പുരണ്ട പല്ലുകള്‍ കണ്ടപ്പോള്‍ ഞാന്‍ അയ്യോ എന്നായി. അതുവരെ സംശയിച്ചിരുന്നത് ബത്സാക്കിന്റെ ‘മരുഭൂമിയിലെ പ്രണയം‘ എന്ന കഥയിലെ പോലെ മൃഗത്തിലെ മാനുഷികഭാവത്തെക്കുറിച്ച് ഒരു കഥയാവുമോ ഒടുവില്‍ എന്നാണ്. പിന്നെയാണ് മൃഗം മനുഷ്യനും മനുഷ്യര്‍ മൃഗങ്ങളും .. ..വേട്ടയുടെ കാട്ടു-നാട്ടു നീതികളും.. ധാരണകളെ തകിടം മറിക്കുന്നതരം ഘടന............

ഗുപ്തന്‍ said...

വേട്ടയില്‍ -ഇരയായിട്ടായാലും വേട്ടക്കാരായിട്ടാണെങ്കിലും- മനുഷ്യനും മൃഗങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല അല്ലേ !

നന്നായി. നിന്റെ വിവരണ ശൈലിക്ക് വല്ലാതെ ജീവന്‍ വച്ചിട്ടുണ്ട് അടുത്തിടയായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത് വല്ലാത്തൊരു വേട്ടയായിപ്പോയല്ലോ സിമിയെ

Jithendrakumar/ജിതേന്ദ്രകുമര്‍ said...

nalla katha!!

sree said...

ഈയിടെയായിട്ട് തകര്‍പ്പന്‍ എഴുത്താണല്ലോ സിമീ...

കടുവയുടെ നിരര്‍ത്ഥമായ ചെറുത്തുനില്‍പ്പ്, നിശബ്ദമായി ഒടുങ്ങുന്ന കാളവിപ്ലവം,വയസ്സന്‍ പാമ്പിന്റെ നിര്‍ജ്ജീവാവസ്ഥയെ കൊഞ്ഞനംകുത്തുന്ന പെരുച്ചാഴി... സിമിയുടെ കഥകളിലെ ജന്തുശാസ്ത്രം പരിണാമത്തിന്റെ ഏതു വഴിക്കാണെന്ന് ചിന്തിച്ചുപോവാറുണ്ട്. മൃഗം മനുഷ്യനായിത്തീരുന്നിടത്ത് നിശബ്ദനും നിസ്സഹായനും ആകുന്നു എന്നത് വേട്ടയ്ക്കിടയില്‍ തോല്‍വിയോ ജയമോ?

"spirit" എന്ന ഒരു കാര്‍ട്ടൂണ്‍ചിത്രത്തില്‍ മനുഷ്യന്റെ നായാട്ടുസങ്കല്‍പ്പത്തെ ഒരു കാട്ടുകുതിര ചെറുത്തുനിന്ന് തകിടം മറിക്കുന്നത് ഓര്‍മ്മവന്നു...

അനോണി ആന്റണി said...

പിടിച്ചു ഞാനവനെന്നെ കെട്ടി
കൊടുത്തു ഞാനവനെന്നെ പത്ത്

lakshmy said...

സിമിയുടെ എല്ലാ കഥകളും ഒറ്റയിരിപ്പിനു വായിച്ചു. ആദ്യമായാണ് ഇവിടെ. കഥനരീതി ശരിക്കും വ്യത്യസ്ഥം.പലതിലും വിഷയമായ വിപ്ലവം ‘കാള’യിൽ ഒരു ആത്മസംഘർഷത്തിന്റെ അവസ്ഥ സൃഷ്ടിച്ചു. പഴയ നക്സലിസത്തെ ഓർത്തു പോയി.നക്സലുകൾ പിറക്കപ്പെടുന്നത്....

തവളകളിലും കടുവവേട്ട തുടങ്ങിയവയിലും കൈകാര്യം ചെയ്ത സൈക്കോളജിയും നന്നേ ഇഷ്ടമായി. പൊതുവായി പറഞ്ഞാൽ, എഴുത്തിന്റെ രീതി വളരേ ശക്തം

Google