രഘു ചിരിക്കയാണ്. അവന്‍ പ്രണയത്തിലാണ്. മുടി പിന്നിലേയ്ക്ക് ചീകി, ഒരു കൂളിങ്ങ് ഗ്ലാസും ധരിച്ച്, കോമോസ്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് തന്റെ സ്പ്ലെന്‍ഡര്‍ ഓടിക്കുമ്പോഴും മഴവെള്ളത്തിലിറക്കാതെ വണ്ടി റോഡിന്റെ തിട്ടയിലൂടെ വളച്ചെടുക്കുമ്പൊഴും ട്രാഫിക്ക് ജാമില്‍ കിടക്കുമ്പൊഴും ബൈക്ക് വീണ്ടും ഇരപ്പിച്ച് മുന്നോട്ടെടുക്കുമ്പൊഴും രഘു ചിരിച്ചുകൊണ്ടിരുന്നു. പ്രണയം വല്ലാത്തൊരവസ്ഥയാണ്. അവന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ആ പുഞ്ചിരി മുന്‍പില്‍ പോകുന്ന ബസ്സിന്റെ വലതുവശത്തെ സീറ്റിലിരിക്കുന്ന മദ്ധ്യവയസ്കകള്‍ക്കും ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്ന സ്കൂള്‍ക്കുട്ടികള്‍ക്കും ചായക്കടയില്‍ സൊറപറഞ്ഞിരിക്കുന്ന അപ്പൂപ്പന്മാര്‍ക്കും കാണാന്‍ കഴിയില്ലായിരുന്നു. രഘുവിന് സിന്ധുവിനെ ഇഷ്ടമാണ്. സിന്ധു പുഞ്ചിരിക്കുന്നതു കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. നുണക്കുഴികള്‍ തെളിഞ്ഞ്, താഴേയ്ക്കു നോക്കിക്കൊണ്ട് നാണിച്ചുള്ള അവളുടെ ചിരി. പിന്നെ മുഖമുയര്‍ത്തി പെട്ടെന്ന് മുഖത്തേയ്ക്കു നോക്കുമ്പോള്‍ അവളുടെ കവിളുകള്‍ ചുവന്നുവരുന്നത്. ഓരോന്നും ഓര്‍ത്ത് രഘു വീണ്ടും ചിരിച്ചു. ട്രാഫിക്ക് ജാം. അതിനിടയിലൂടെ, ഓട്ടോറിക്ഷകള്‍ക്ക് ഇടയിലൂടെ, ആള്‍ക്കൂട്ടത്തിനിടയിലൂടെ ബൈക്ക് ഓടിക്കുമ്പൊഴും രഘു ചിരിച്ചുകൊണ്ടിരുന്നു.
റോഡില്‍ ഒരാള്‍ക്കൂട്ടം. കോളെജില്‍ എത്താന്‍ താമസിക്കും. ഹോണ്‍ പലതവണ നീട്ടിയടിച്ചപ്പൊഴാണ് മുന്‍പില്‍ കൂടിനിന്നവരില്‍ രണ്ടുമൂന്നുപേര്‍ പിറുപിറുത്തുകൊണ്ട് മാറിയത്. അവര്‍ മാറിയ വിടവിലൂടെ അതിനു നടുവില്‍ ഒരാള്‍ റോഡില്‍ കിടക്കുന്നത് കാണാം. രഘു ബൈക്ക് നിറുത്തി. അയാളുടെ വെള്ളഷര്‍ട്ട് നിറയെ ചുവന്ന നിറം. അമ്മേ എന്നുവിളിച്ച് അയാള്‍ കിടന്ന് ഞരങ്ങുന്നുണ്ട്. ‘ട്രാന്‍സ്പോര്‍ട്ട് ബസ് നിറുത്താതെ പോയി’ എന്ന് ആരോ പറഞ്ഞു. നടന്നുപോയ ചിലര്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് എത്തിനോക്കിയിട്ട് വീണ്ടും സംസാരിച്ചുകൊണ്ട് നടന്നുപോയി. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വഴിയേപോയ ഒരു ആട്ടോറിക്ഷ നിറുത്തി അതില്‍ക്കയറിപ്പോയി. ഇത് സ്ഥിരമാണ്. കുറെ നേരം അവിടെക്കിടക്കുമ്പോള്‍ ആരെങ്കിലും എടുത്ത് ആശുപത്രിയിലെത്തിക്കും. രഘു ബൈക്ക് വിട്ടു. പെട്രോള്‍ കുറവാണ്. തിരിച്ചുവരുന്ന വഴിയ്ക്ക് അന്‍പതുരൂപയ്ക്ക് അടിക്കണം.
ഒന്നാമത്തെ പീരിയഡ് ഇംഗ്ലീഷ് ആണ്. ടീച്ചര്‍ വന്നിട്ടില്ല. പഞ്ചാര പീരിയഡ്. ക്ലാസില്‍ ആകെ പത്തുപന്ത്രണ്ടുപേരേ ഉള്ളൂ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ നടുക്കിരുന്ന് സൊറപറഞ്ഞു ചിരിക്കുന്നു. സിന്ധു ആ കൂട്ടത്തിലില്ല. കൂട്ടുകാരെ നോക്കി കൈവീശിക്കൊണ്ട് രഘു ക്ലാസിനു പുറത്തിറങ്ങി. കോളെജിന്റെ നടുമുറ്റത്തില്‍ ചുറ്റും നടന്നുനോക്കി. മനോജ് പിന്നില്‍നിന്നുവന്ന് തോളില്‍ കയ്യിട്ടു. കോളെജ് കാമ്പസിനു പുറത്തിറങ്ങിയാല്‍ ഒരു സിഗരറ്റ് വലിക്കാം. അടുത്ത പീരിയഡ് വരെ രാജന്റെ ചായക്കടയില്‍ പോയി വെടിപറഞ്ഞിരിക്കാം.
രണ്ടും മൂന്നും പിരിയഡുകള്‍ ലതികാമാമിന്റെ സുവോളജി പ്രാക്ടിക്കല്‍ ക്ലാസ് ആണ്. സിന്ധു എത്തിയിട്ടുണ്ട്. ഇറുകിയ ഒരു ചുവന്ന ചുരിദാര്‍ ആണ് അവള്‍ ഇട്ടിരിക്കുന്നത്. നീണ്ട മുടി കെട്ടാതെ നിവര്‍ത്തിയിട്ടിരിക്കുന്നു. അവള്‍ക്ക് പൊക്കം രഘുവിന്റെ തോളോളം വരും. അവള്‍ ടീച്ചറിന്റെ മുഖത്തുതന്നെ കണ്ണും നട്ട് ഇരിക്കുകയാണ്. ലാബിലെ മേശപ്പുറത്ത് വെള്ളമില്ലാത്ത ഒരു ഫിഷ്‌റ്റാങ്ക് വെച്ചിട്ടുണ്ട്. അതില്‍ മൂന്ന് തവളകള്‍. ലതികാമാമിന്റെ സ്ഫുടവും ശക്തവുമായ ശബ്ദത്തിനിടയ്ക്ക് രണ്ട് തവളകള്‍ മാറിമാറി ക്രോം ക്രോം എന്ന് കരഞ്ഞു. ഓരോ കരച്ചിലിലും കുട്ടികള്‍ ചിരിച്ചു. ആണുങ്ങളില്‍ ചിലര്‍ ക്രോം എന്ന് പ്രതിവചിച്ചു. പെണ്‍കുട്ടികള്‍ തല കുമ്പിട്ടിരുന്ന് ചിരിച്ചു. ടീച്ചര്‍ പെട്ടെന്ന് ക്ലാസ് നിറുത്തി. ‘ഇറങ്ങിപ്പോണമെന്നുള്ളവര്‍ക്ക് പോവാം. ആന്റണി ഇറങ്ങിപ്പോണം. പ്ലീസ്, ഇറങ്ങിപ്പോണം’. ആന്റണി എഴുന്നേറ്റുനിന്നു. താഴേയ്ക്കുനോക്കിക്കൊണ്ട് സോറി ടീച്ചര്‍ എന്നുപറഞ്ഞ് അവന്‍ വീണ്ടും ബെഞ്ചില്‍ ഇരുന്നു. ടീച്ചര്‍ പത്തുനിമിഷത്തോളം ഒന്നും പറഞ്ഞില്ല. വീണ്ടും ക്ലാസ് തുടര്‍ന്നു. പതിയെ കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിച്ചുതുടങ്ങി. സിന്ധു അപ്പോഴും ടീച്ചറിന്റെ മുഖത്തുനിന്ന് കണ്ണെടുത്തില്ല.
ടീച്ചര്‍ തവളയുടെ ശരീരഘടന പല നിറങ്ങളിലുള്ള ചാക്ക് കൊണ്ട് ബോര്‍ഡില്‍ വൃത്തിയായി വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തി. അവ വിശദീകരിച്ചതിനു ശേഷം പ്ലാസ്റ്റിക്ക് ബാഗില്‍ നിന്ന് രണ്ട് റബ്ബര്‍ കയ്യുറകള്‍ പുറത്തെടുത്ത് ധരിച്ചു. ആദ്യത്തെ ഡിസക്ഷന്‍ ക്ലാസാണ്. അറ്റെന്‍ഡര്‍ രാജപ്പന്‍ ചേട്ടനെ വിളിക്കാന്‍ മുന്‍ബെഞ്ചിലിരുന്ന ഒരാളെ പറഞ്ഞുവിട്ടു. വൃത്തിയാക്കിയ ഒരു തടിപ്പലകയും ഫോര്‍മാലിന്റെ ഒരു കുപ്പിയും കുറെ മൊട്ടുസൂചികളും ഡിസക്ഷനുള്ള കത്തികളും ഫോര്‍സെപ്സും ടീച്ചര്‍ ചിട്ടയായി നിരത്തിവെച്ചു. തവളകള്‍ ഫിഷ്റ്റാങ്കിന്റെ കണ്ണാടിച്ചുമരിലൂടെ മേശപ്പുറത്ത് നിരത്തിവെയ്ച്ച വസ്തുക്കളിലേയ്ക്ക് സാകൂതം നോക്കി. ഒരു വലിയ ചൊറിത്തവളയും രണ്ട് ചെറിയ തവളകളുമായിരുന്നു ഫിഷ് റ്റാങ്കില്‍.
രാജപ്പന്‍ചേട്ടന്‍ റ്റാങ്ക് അടച്ചുവെച്ചിരുന്ന കാര്‍ഡ്ബോര്‍ഡ് പാളി ചെറുതായി മാറ്റി അകത്തേയ്ക്ക് കയ്യിട്ട് ഒരറപ്പുമില്ലാതെ ഒരു ചെറിയ തവളയെപ്പിടിച്ചു. വലിയ പിന്‍കാലുകളും ചെറിയ മുന്‍കാലുകളും ചലിപ്പിച്ച് തവള കഴുത്ത് വീര്‍പ്പിച്ച് ചുരുക്കി. രാജപ്പന്‍ചേട്ടന്‍ പിടിവിടാതെതന്നെ കുപ്പിതുറന്ന്‍ ഫോര്‍മാലിന്‍ ശ്രദ്ധയോടെ ചരിച്ച് തവളയുടെ തലയിലൊഴിച്ചു. ഫോര്‍മാലിന്റെ രൂക്ഷഗന്ധം ലാബില്‍ നിറഞ്ഞു. അയാള്‍ തവളയെ മേശപ്പുറത്ത് കിടത്തി.തവള മന്തനായി ഇഴഞ്ഞു. വീണ്ടും അല്പം കൂടി ഫോര്‍മാലിന്‍ ചരിച്ച് തവളയുടെ മീതേ ഒഴിച്ചു. തവള അനക്കം നിറുത്തി.
ഇതിനിടയില്‍ മറ്റ് രണ്ട് തവളകള്‍ ഇടവിട്ട് ‘ക്രോം, ക്രോം’ എന്ന്‍ കരഞ്ഞുതുടങ്ങി. ടീച്ചര്‍ മൊട്ടുസൂചികള്‍ കുത്തേണ്ട വിധം ക്ലാസിന് വിശദീകരിച്ചു. തവളയെ മലര്‍ത്തിക്കിടത്തി ഓരോ മുന്‍കാലുകളും നിവര്‍ത്തിപ്പിടിച്ച് ശ്രദ്ധയോടെ മൊട്ടുസൂചി കടത്തി പലകയിലേയ്ക്ക് തറച്ചു. എന്നിട്ട് ഒരു ബ്ലേഡ് കൊണ്ട് തവളയുടെ നെഞ്ചുഭാഗത്തെ തൊലിമുറിച്ചു. ബിസ്ലെരി കുപ്പിയില്‍ നിന്ന് വെള്ളമൊഴിച്ച് ചോര കഴുകി വൃത്തിയാക്കി. കത്രികകൊണ്ട് ശ്രദ്ധയോടെ അകത്തേയ്ക്ക് വെട്ടി. ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ മുറിയാതെ മാംസം വെട്ടുന്നത് ശ്രമകരമായ ജോലിയാണ്.
ഇതിനിടയില്‍ ഫിഷ്റ്റാങ്കിലെ വലിയ തവള വിദ്യാര്‍ത്ഥികളെ നോക്കുന്ന തരത്തില്‍ മുന്‍കാലുകള്‍ കണ്ണാടിച്ചുമരിലേയ്ക്കുവെച്ച് കുട്ടികള്‍ക്ക് അഭിമുഖമായിക്കിടന്നു. ചെറിയതവള ഇഴഞ്ഞുവന്ന് അതിന്റെ മുന്‍കാലുകള്‍ വലിയതവളയുടെ തലയ്ക്കുമീതേ വെച്ചുകൊണ്ട് വലിയതവളയുടെമേല്‍ വലിഞ്ഞുകയറി. മനോജാണ് തവളകളുടെ രതി ആദ്യം കണ്ടത്. അവന്‍ കൈ ചൂണ്ടി ചിരിച്ചുകൊണ്ട് രഘുവിനെഞോണ്ടി. അല്പസമയത്തിനകം മറ്റ് കുട്ടികളും അത് കണ്ടു. വലിയ തവള ഇടയ്ക്കിടയ്ക്ക് ക്രോം എന്ന് കരഞ്ഞു. പെണ്‍കുട്ടികള്‍ പുസ്തകവും കര്‍ച്ചീഫും കൊണ്ട് മുഖം മറച്ചും തലകുനിച്ചിരുന്നും ചിരിച്ചുതുടങ്ങി. ക്ലാസ് മുഴുവന്‍ കൂട്ടച്ചിരിയായി. ടീച്ചര്‍ ഡിസക്ഷന്‍ ടേബിളില്‍ നിന്ന് കണ്ണെടുത്തു. എന്താണിത്? ആരോ ഫിഷ് റ്റാങ്കിലേയ്ക്ക് കൈചൂണ്ടി. ടീച്ചര്‍ ദേഷ്യത്തോടെ ഫിഷ് റ്റാങ്കിന്റെ മൂടി തുറന്ന് പുറം കൈകൊണ്ട് ചെറിയതവളയെ അടിച്ചുതെറിപ്പിച്ചു. അത് വീണ്ടും കരഞ്ഞു. ഫിഷ് റ്റാങ്ക് മൂടിക്കൊണ്ട് റ്റീച്ചര്‍ ഡിസക്ഷന്‍ പലകയിലേയ്ക്ക് തിരിഞ്ഞു. തവളയുടെ മിടിക്കുന്ന ഹൃദയം അകത്തിവെയ്ച്ച മാംസത്തിനിടയിലൂടെ അപ്പോള്‍ വ്യക്തമായി കാണാമായിരുന്നു. മുഖം പൊത്തിക്കൊണ്ട് സിന്ധു എഴുന്നേറ്റ് പുറത്തേയ്ക്കു പോയി.
സിന്ധു പുറത്തുപോയത് അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും രഘു കണ്ടു. അവന്‍ കുനിഞ്ഞ് ടീച്ചര്‍ കാണാതെ അവള്‍ക്കു പിന്നാലെ പുറത്തേയ്ക്കു നടന്നു. സിന്ധു ഒറ്റയ്ക്ക് ലൈബ്രറിയിലേയ്ക്കുപോവുന്നു. രഘു പെട്ടെന്ന് നടന്നുവരുന്നതു കണ്ടപ്പോള്‍ അവള്‍ കണ്ണുതുടച്ചു.
നിനക്ക് തവളകളെ മുറിക്കുന്നതു കണ്ടിട്ട് അറച്ചോ?
അവള്‍ ഒന്നും പറയാതെ വിതുമ്പി.
ഇത്ര പേടിക്കാനെന്തിരിക്കുന്നു. തവളയല്ലേ. അതിന് ബോധം തെളിയില്ല.
അതല്ല.
പിന്നെ?
സിന്ധുവിന്റെ കവിളില്‍നിന്ന് കണ്ണീര്‍ ചുരിദാറില്‍ ഉയര്‍ന്നുനിന്ന അവളുടെ മുലയിലേയ്ക്ക് വീഴുന്നത് ശ്രദ്ധിച്ചുകൊണ്ട് രഘു മനസില്‍ വിചാരിച്ചു. ‘പാവം’.
9/02/2008
തവളകള്‍
എഴുതിയത് simy nazareth സമയം Tuesday, September 02, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
12 comments:
:) ugran.
kollaam..
nannaayittunt.
തകര്‍ത്തു!!!
വെല്കം ബാക്ക്.. ആഫ്റ്റര്‍ എ ലോാാാാാാാാാാാംഗ് റ്റൈം :)
വെല്കം ബാക്ക്..
നല്ല രചന...
കൊള്ളാം ... പക്ഷെ ഒരിടത്തുമെത്താതെ നിര്‍ത്തിയതു പോലെ തോന്നി എനിക്ക്...
:)
നല്ല അഭിപ്രായങ്ങൾ കമന്റുകളായി കണ്ടു. എല്ലാവരും മനസ്സിലായിട്ടുതന്നെയാണോ അഭിപ്രായം പറഞ്ഞിരിക്കുന്നത്? എനിക്കൊന്നും തന്നെ പിടികിട്ടിയില്ലല്ലോ :P എന്റെ ഒരു വിവരമില്ലായ്മ! :)
ഏതായാലും സിമി, ശൈലി നന്നായിട്ടുണ്ട്. നിരീക്ഷണത്തിന്റെ മികവ് കാണാൻ കഴിയുന്നുണ്ട്. നന്ദി!
ഡീപ് ഡൗണ് പറഞ്ഞ പോലെ, രഘുവിനെ,കോളേജ് ജീവിതത്തെ ഒക്കെ സൂക്ഷ്മമായി അവതരിപ്പിച്ചിരിപ്പിക്കുന്നു.. പക്ഷേ കഥ മൊത്തത്തില് വായിച്ചിട്ട് എന്തോ മിസ് ആയ പോലെ... ചിലപ്പോ എന്റെ കുഴപ്പമായിരിക്കാം...
നന്നായി സുഹൃത്തേ, രസമുള്ള വായന
ENTHANU PAVAM
Post a Comment