സിമിയുടെ ബ്ലോഗ്

7/23/2015

ആറാമത്തെ വെടിയുണ്ട. (നോവൽ)

ആറാമത്തെ വെടിയുണ്ട.  (നോവൽ)


ഫ്രാൻസിസ് സിമി നസ്രത്ത്.

സമർപ്പണം: മലയാളം ത്രില്ലറുകളുടെ രാജാവായ ബാറ്റൺ ബോസിനു.1. ഈച്ച1.
വെളിച്ചെണ്ണ ഇറ്റുന്ന യക്ഷിയുടെ മുടി ചുരുണ്ടുനിറഞ്ഞുകിടക്കുന്നു. അവളുടെ ചെവിയിൽ ചെമ്പരത്തി. ചിരിക്കുമ്പോൾ വായയിൽ നിന്നും ചോരനിറമുള്ള മുറുക്കാൻ തെറിക്കുന്നു. കഴുത്തിൽ സ്വർണ്ണപ്പാമ്പ് താലി. പാമ്പിന്റെ നാവ് ഇരുൾ മുലകൾക്കിടയിലേക്കു നീണ്ട് വിയർപ്പു നുണയുന്നു. യക്ഷിയുടെ കയ്യിൽ ചങ്ങലയിൽ തൂങ്ങിക്കിടക്കുന്ന ഇരട്ടത്തിരിയിട്ട ചങ്ങലവിളക്ക്. അത് ആട്ടുമ്പോൾ വെളിച്ചം അവളുടെ വിടർന്ന കണ്ണുകളിൽ തട്ടിത്തെറിച്ച് രണ്ട് സൂചികളായി ദാമോദരന്റെ കണ്ണിൽ കുത്തുന്നു. അയാൾ കൈയ്യുയർത്തി വെളിച്ചം മറയ്ക്കുമ്പോൾ യക്ഷി അയാളെ പിടിച്ചുകുലുക്കുന്നു. ദാമോദരാ, എണീക്ക്, എണീക്ക്. ദാമോദരൻ വിയര്ക്കുന്നു. അയാളുടെ കുഴിമുഖത്തെ ഞാറുനാട്ടതുപോലെയുള്ള വെള്ളിരോമങ്ങൾ എഴുന്നു നില്ക്കുന്നു. യക്ഷി അയാളെ വീണ്ടും ശക്തിയോടെ കുലുക്കുന്നു. വിയർത്തുകൊണ്ട് ദാമോദരൻ ഉറക്കം ഞെട്ടുന്നു. കാക്കനാട്ടെ മിസ്റ്റി വില്ലാസ് ഫ്ലാറ്റിനു മുന്നിലെ വാച്ച്മാന്റെ മുറിയിലേ ക്കടിക്കുന്ന വെളിച്ചത്തിന്റെ സൂചികൾ കാറിന്റെ ഹൈ ബീം ലൈറ്റുകളാണ്. യക്ഷിയല്ല, കുലുക്കുന്നത് പരിചയമുള്ള പയ്യനാണ്.


ചേട്ടാ, ഞാനാ. ദിനേഷ്. കട്ടിയുള്ള സ്വർണ്ണമാലയിട്ട ചെറുപ്പക്കാരൻ ദാമോദരന്റെ കയ്യിലേക്ക് അഞ്ഞൂറുരൂപ വെച്ചുകൊടുത്തു. കാറിന്റെ മുൻസീറ്റിലിരുന്ന മഞ്ഞയുടുപ്പിട്ട ഉത്തരേന്ത്യൻ പെൺകുട്ടി ഇരുട്ടത്തും സൺഗ്ലാസ് വെച്ചിരുന്നു. കാതുകളിലെ നീലമയിൽക്കമ്മലുകൾ ഇളക്കിക്കൊണ്ട് അവൾ ദാമോദരന്റെ നേർക്കു തലയുയർത്തി.


ഫ്ലാറ്റൊന്നും ഒഴിവില്ലല്ലോ സാറേ. എല്ലാം വാടകയ്ക്കു പോയി.
അങ്ങനെ പറഞ്ഞാലോ ചേട്ടാ. എന്തെങ്കിലും വഴിയുണ്ടാക്ക്. ദിനേഷ് പോക്കറ്റിൽ നിന്ന് നൂറിന്റെ മൂന്ന് നോട്ടുകൾ കൂടി എടുത്തു.
കാശിന്റെയല്ല. ഒഴിവില്ലാഞ്ഞിട്ടാ. ഇവിടെ അസോസിയേഷൻകാര് ഭയങ്കര സ്റ്റ്രിക്റ്റ്. എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ ഞാൻ തരത്തില്ലായിരുന്നോ?
ചുമ്മാ കളി പറയാതെ ചേട്ടാ. കുറച്ചുനേരത്തേക്കല്ലേ.
9-ബിയുടെ താക്കോല് തരാം. ഗൾഫുകാരുടെയാണ്. അവർ ഇന്ന് ഉച്ചവരെ അവിടെയുണ്ടായിരുന്നു. പക്ഷേ രാത്രി ലൈറ്റൊന്നും കണ്ടില്ല. വൈകിട്ടത്തെ ഫ്ലൈറ്റിനു പോയിക്കാണും. മുറിയിൽ ഒന്നും അനക്കരുതെന്ന് സാറിനോട് പറയണ്ടല്ലോ.
ദിനേഷ് ചിരിച്ച് താക്കോൽ വാങ്ങിച്ചു. ദാമോദരൻ ഫ്ലാറ്റിന്റെ വലിയ  ഗേറ്റ് തുറന്നുകൊടുത്തു. കാറ് ഗേറ്റിനകത്ത് പാർക്ക് ചെയ്ത് ദിനേഷും കൂടെയുള്ള പെൺകുട്ടിയും ലോബിയിലേക്കു പോയി. അരണ്ട വെളിച്ചത്തിൽ അവളുടെ മഞ്ഞ വസ്ത്രം ഇളകിമായുന്നത് ദാമോദരൻ നോക്കിനിന്നു.


ഉറങ്ങരുത്. ദാമോദരൻ ഒരു സിഗരറ്റ് കൊളുത്തി.  കാബിന്റെ മുന്നില് നിന്ന് സിഗരറ്റ് വലിച്ച്ച്ചുകൊണ്ടിരുന്നപ്പോൾ മിനിട്ടുകൾ കഴിഞ്ഞില്ല, ആരോ പടികളിറങ്ങി ഓടുന്ന ശബ്ദം. തട്ടിത്തടഞ്ഞുവീഴുന്ന, വീണ്ടും എണീറ്റോടുന്ന, വലിയ ശബ്ദം. ദിനേഷും കൂടെയുള്ള പെൺകുട്ടിയും ഓടിവന്നു. പെണ്‍കുട്ടിയുടെ സണ്‍ഗ്ലാസ്‌ നഷ്ടപ്പെട്ടിരുന്നു. അവളുടെ കണ്ണുകളിൽ പേടി തിളങ്ങുന്നത് ദാമോദരൻ കണ്ടു. "ഒച്ചയുണ്ടാക്കരുത് എന്ന് പറഞ്ഞതല്ലേ?" ദാമോദരൻ കയർത്തു.


ദിനേഷ് ശ്വാസമടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. അയാൾ നിന്നു കിതച്ചു. കിതപ്പിനിടയിൽ, ഭയം കൊണ്ട് മാറിപ്പോയ ശബ്ദത്തിൽ, അവൻ പറഞ്ഞൊപ്പിച്ചു. "ഫ്ലാറ്റിനകത്ത് ഒരു ശവം".


2.
പോലീസ് അകത്തുകടന്നപ്പോൾ രാജൻ ആട്ടുകസേരയിൽ ഇരിക്കുകയാണ്. തുറന്നിരുന്ന രാജന്റെ കണ്ണുകൾ അവർ തിരുമ്മി അടയ്ക്കാൻ നോക്കി. പക്ഷേ കണ്ണുകൾ തുറന്നുതന്നെയിരുന്നു. ഓണായിക്കിടന്ന സ്റ്റീരിയോ സിസ്റ്റത്തിൽ നിന്ന് ഷഹനായി പാടുന്നുണ്ടായിരുന്നു. ശവം ചിരിക്കുന്നത് പോലെ പോലീസുകാർക്ക് തോന്നി. തോന്നലല്ല, ഒരു ചിരി രാജന്റെ ചുണ്ടിൽ തങ്ങിനിൽക്കുന്നു.  താഴെ കത്തിത്തീർന്ന സിഗരറ്റു കുറ്റികൾ. മുറിയിൽ കഞ്ചാവുമണം.  രാജന്റെ നീണ്ട മുടി മറച്ച നെറ്റിയിൽ ഒരു ചുവന്ന പൊട്ട് പോലീസുകാരൻ ശ്രദ്ധിച്ചു. തലയ്ക്കു പിന്നിൽ അതിലും വലിപ്പത്തിലുള്ള ദ്വാരം. അല്പം പിന്നിലുള്ള ചുവരിൽ തറച്ചുനിന്ന വെടിയുണ്ടയ്ക്കു ചുറ്റും പോലീസുകാരൻ വട്ടം വരച്ചു. വെടിയുണ്ട ഒരു ചവണകൊണ്ട് ഇളക്കിയെടുത്ത് പ്ലാസ്റ്റിക്ക് കവറിലിട്ടു. രാജനു ചുറ്റും നിലത്ത് ചോക്കുകൊണ്ട് കളം വരച്ചു. പോലീസുകാർ വിളിച്ചുകൊണ്ടു വന്ന കാമറമാൻ ശവത്തെ അനക്കാതെ പല ദിശകളിൽ നിന്ന് ചിത്രങ്ങളെടുത്തു. പിന്നാലെ പോലീസുപട്ടിവന്നു. അത് വന്നപാടെ രാജനെ മണത്തു. കാർപ്പെറ്റിലെ കാലടികൾ മണത്തു. എന്നിട്ട് ഒരു മോശം ഡിറ്റക്റ്റീവിനെപ്പോലെ മണത്തം മതിയാക്കി കസേരക്ക് കീഴെ ചുരുണ്ടുകിടന്ന്  വാലാട്ടി. പോലീസുകാരൻ മേശവലിപ്പുകൾ തുറന്നു. വലിപ്പിനുള്ളിൽ നിന്ന് ശ്രദ്ധയോടെ ഒരു തോക്ക് പുറത്തെടുത്തു. അത് തുറന്ന് തോക്ക് തുറന്ന് വെടിയുണ്ടകളുണ്ടോ എന്ന് നോക്കി. തോക്ക് ശൂന്യമായിരുന്നു. വീണ്ടും പരതിയപ്പോൾ ഒരു പുസ്തകത്തിനടിയിൽ നിന്ന് അഞ്ച് വെടിയുണ്ടകളിട്ട പ്ലാസ്റ്റിക്ക് കവർ കണ്ടെടുത്തു. അടുക്കളയിലേക്ക് കടന്ന് കഴുകാത്ത പാത്രങ്ങൾ പരിശോധിച്ചു. പെട്ടെന്ന് സംശയം വന്ന് കൊലയാളി ബാത്രൂമിലോ കതികിനിടയിലോ മറ്റോ ഒളിച്ചിരിപ്പുണ്ടോ എന്ന് തിരക്കി, ജനാല തുറന്ന് ബാൽക്കണിയിൽ നോക്കി, കാക്കനാട്ടെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്നും പുറത്തേക്കു നോക്കി, തെങ്ങിന്തോപ്പുകൾ കണ്ടു, കൊലയാളി അവിടെയെങ്ങും ഇല്ലെന്നു തീര്ച്ചപ്പെടുത്തി. തിരിച്ചുവന്ന് രാജന് അരികിൽക്കിടന്ന കസേരയിലിരുന്ന് പോലീസുകാരൻ ചരിഞ്ഞുനീണ്ട ഭംഗിയുള്ള കൈയക്ഷരത്തിൽ റിപ്പോർട്ടെഴുതി. എന്നിട്ട് അവർ രാജനെ എടുത്തുകൊണ്ടു പോയി.


3.


ഒരു മരണം മൂന്നാം പുരുഷനിൽ പറയുന്നത് ശരിയല്ല. മരിച്ചു കിടക്കുമ്പൊഴെങ്കിലും എനിക്ക് സംസാരിക്കാൻ അവസരം തരേണ്ടതാണ്. നോക്കു, രാജന് മെൻഡസ് എന്ന എന്റെ ക്രിസ്ത്യീയ വിശ്വാസവും പുസ്തകങ്ങളും അനുസരിച്ച് മരിച്ചുകഴിഞ്ഞാൽ നരകം, സ്വർഗ്ഗം, അല്ലെങ്കിൽ ശുദ്ധീകരണസ്ഥലമാണ്. പക്ഷെ പുസ്തകങ്ങൾ കളിപ്പീരാണ്. ഡാന്റെ കഞ്ചാവടിച്ചു കണ്ട സ്വപ്നങ്ങളാണ് പാരദീസൊ, പർഗറ്റേരിയൊ, ഇൻഫെർണോ എന്നിവ. അതൊന്നുമല്ല നരകം. നരകമെന്നാൽ - ശ്രദ്ധിച്ചു കേള്ക്കു - നരകമെന്നാൽ കുരുട്ടീച്ചയാണ്.


മോർച്ചറിയുടെ തണുപ്പിൽ കുരുട്ടീച്ച കുറെ നേരം ദേഹത്ത് അരിച്ചുനടന്നു. വെട്ടിമുറിക്കാൻ എന്നെ എടുത്തുകൊണ്ടു പോയപ്പോൾ അതും വട്ടംചുറ്റിവന്നു. ഡോക്ടർ ഒരു ഇറച്ചിവെട്ടുകാരനെപ്പോലെ എന്റെ നെഞ്ചുംകൂട് വെട്ടിത്തുറന്നപ്പോൾ അത് നെഞ്ചിനകത്തുകയറി ഹൃദയത്തിൽ നുണഞ്ഞുനോക്കി. എന്റെ ആദ്യപ്രണയത്തെ അത് നക്കിയെടുത്തു. കുപ്പിയുടെ അടപ്പ് തുറക്കുന്ന ലാഘവത്തോടെ ഡോക്ടർ തല തുറന്നപ്പോൾ അത് തലച്ചോറിലെ വെടിയുണ്ട പുളഞ്ഞുപോയ സുഷിരത്തിൽ കയറി, നാഡികളിൽ പതിയിരുന്ന കാമവുമായി ഒളിച്ചുകളിച്ചു. അവയവങ്ങൾ മിക്കതും പാക്ക് ചെയ്ത് ഡോക്ടർ വീണ്ടും എന്നെ തുന്നിക്കെട്ടിയപ്പോൾ ആ ഈച്ചയും അകത്തായിപ്പോണേ എന്ന് പ്രാർത്ഥിച്ചതാണ്, പക്ഷേ അത് അനായാസം പുറത്തുകടന്ന് തുന്നിവെച്ച ഒരു നൂലിലിരുന്ന് അരിച്ച് ഉപദ്രവിച്ചുകൊണ്ടിരുന്നു. ആംബുലൻസിന്റെ മച്ചിനു ചുവടെ ഈച്ച ആകാശത്തിലെ മാലാഖയെപ്പോലെ ചിറകുകൾ വീശി വായുവിൽ തങ്ങിനിന്നു.


ആംബുലൻസ് വീട്ടിലെത്തിയപ്പോൾ അറിയുന്നവരും അറിയാത്തവരും മുറ്റത്ത് കൂടിനിന്നിരുന്നു. നരച്ച പച്ചനിറമുള്ള ആകാശത്തുനിന്ന് മഴത്തുള്ളികൾ വീണ് എന്റെ മുഖം നനഞ്ഞു. ഒരു മഴത്തുള്ളി എന്റെ തുറന്നിരുന്ന കണ്ണിൽ വീണ് ഒലിച്ചിറങ്ങി. കരയുന്ന ശവം എന്നതിലെ കോമാളിത്തം എന്നെ പേടിപ്പിച്ചു. വീടും മതിലും ചേർത്ത് ടാർപ്പാളിൻ വലിച്ചുകെട്ടിയതിനു താഴെ നശിച്ച മഴയെ കുറ്റം പറഞ്ഞ് രാഷ്ട്രീയവും ക്രിക്കറ്റും പെണ്ണുകേസും ചർച്ച ചെയ്തുനിന്ന സ്വന്തക്കാർ ഞാൻ കയറിവന്നതോടെ നിശബ്ദമായി. വീട്ടിനുള്ളിൽ നിന്ന് പെണ്ണുങ്ങടെ കരച്ചിൽ പെട്ടെന്ന് ഉച്ചത്തിലായി. ഈച്ച അപ്പോൾ എന്റെ വെളുത്ത ഷർട്ടിന്റെ പോക്കറ്റിലൊളിച്ചിരുന്നു.


കാണാൻ വന്നവരിൽ പലരോടും ചിരിച്ചുകാണിക്കണമെന്നുണ്ടായിരുന്നു, മുഖത്തെ പേശികൾ അനക്കാൻ പറ്റുന്നില്ല. ഇമ വെട്ടാൻ പറ്റുന്നില്ല, വിരലനക്കാൻ പറ്റുന്നില്ല. വെള്ളയുടുപ്പുകളിടുവിച്ച് അവർ എന്റെ പോക്കറ്റിൽ ഒരു റോസാപ്പൂവ് പിടിപ്പിച്ചു. കൈകൾ പിണച്ചുവെച്ച് ഇടയിൽ ഒരു മെഴുകുതിരിയും കൊന്തയും തിരുകി. കാലുകളിൽ പാകമാകാത്ത വെള്ളഷൂസ് തള്ളിക്കയറ്റി. സ്വീകരണമുറിയിലേക്ക് എടുത്തുകൊണ്ടുപോയി വെളുത്ത വിരിയിട്ട കട്ടിലിൽ കിടത്തി. തലയ്ക്കു ചുറ്റും മെഴുകുതിരിവെളിച്ചം. ഇടയ്ക്ക് തീയിലൂടെ പ്രാണികൾ വട്ടം ചാടുമ്പോൾ മെഴുകുതെറിച്ച് എന്റെ നെറ്റിയിൽ വീഴുന്നു. കുരുട്ടീച്ച ബുദ്ധിപൂർവ്വം എന്റെ പോക്കറ്റിലിരിക്കുന്നു. തീനാളങ്ങൾ അതിനെ പ്രലോഭിപ്പിക്കുന്നില്ല. സ്ത്രീകൾ പ്രാർത്ഥിക്കുന്നു. മുകളിൽ പൊടിപിടിച്ച ഫാൻ കറങ്ങുന്നു. ഫാനിനെക്കൊണ്ടാവുന്നില്ല. ആളുകളുടെ ചൂടും വിയർപ്പും മുറിയെ പുഴുങ്ങുന്നു. സന്ദർശകരുടെ വിയർപ്പുനിറഞ്ഞ ചുംബനങ്ങൾ എന്റെ കവിളും നെറ്റിയും തണുപ്പിക്കുന്നു. എന്റെ തുറന്ന കണ്ണിലിരിക്കുന്ന ഈച്ചയെ പ്രാർത്ഥനയ്ക്കിടക്കും ഒരു സ്ത്രീ ആട്ടുന്നു. ഈച്ച പാറിവന്ന് വീണ്ടും പോക്കറ്റിലൊളിക്കുന്നു. പലരും അതിനുമീതെ കടും മണങ്ങളുള്ള റീത്ത് വെക്കുന്നു. ഒരു വികാരി വന്ന് പ്രാർത്ഥിക്കുന്നു. നിത്യജീവിതത്തിലേക്ക് നടന്നുപോയ ഞാൻ ഭാഗ്യവാനാണെന്ന് കള്ളം പറയുന്നു. എന്റെ മേൽ ഓതുവെള്ളം കുടയുന്നു. പള്ളിയിൽ കൊണ്ടുപോകാനുള്ള വണ്ടി വന്നു നിൽക്കുന്നു. എന്നെ ശവപ്പെട്ടിയിലിറക്കി അതിന്റെ മൂടി കൊളുത്തിട്ടു മൂടുന്നു. ഇരുട്ടിൽ ഈച്ചയുടെ മൂളൽ. വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ പെട്ടിയുടെ മൂടി ഊരി നിലത്തുവീണു. തെളിഞ്ഞ ആകാശത്ത് നീല നിറം. പൂത്തുനിൽക്കുന്ന കൊന്നമരങ്ങൾ. കാറ്റത്താടുന്ന തെങ്ങോലകൾ. കടലിന്റെ ഉപ്പുമണം. കാക്കകൾ ആകാശം മുറിച്ച് പറന്നുപോവുന്നു. ദൂരെ ഉയരത്തിൽ പരുന്ത് വട്ടം ചുറ്റുന്നു. എന്റെ മഞ്ചൽ വീണ്ടും താഴെയിറക്കുന്നു. പള്ളി, പ്രാർത്ഥന, പാട്ട്.


കരുണയെഴും മമ നാഥാ എന്നെ കനിവോടോർക്കണമേ
മാമകജീവിതമൊരുനിഴൽ പോലെ മായുകയാണീ‌മണ്ണിൽ
നരരുടെ ദൃഷ്ടിയിൽ നിന്നും അവരുടെ സ്മരണയിൽ നിന്നുമിതാ
മറയുകയാണീ‌കാലമതിന്നുടെ തിരശീലയതിന്നുള്ളിൽ


മുകളിൽ കൈകൾ വിരിച്ച് കർത്താവിന്റെ കിടപ്പ്. താഴെ കൈകൾ പിണച്ച് എന്റെയും. വീണ്ടും മഞ്ചലെടുത്തു. ശവപ്പെട്ടിയുടെ മൂടി ഫിറ്റാകുന്നില്ല. ആകാശം നോക്കിക്കൊണ്ട്, മരങ്ങളെയും കിളികളെയും മേഖങ്ങളെയും നോക്കി, ആടിയാടി എന്റെ യാത്ര. എനിക്കു മുന്നിലും പിന്നിലും ആളുകളുടെ വരി. മഞ്ചൽ ചുമക്കാൻ നാലുപേർ. പഴയ രാജാക്കന്മാരെപ്പോലെ ഞാൻ. എന്റെ സ്വന്തം ഖോഷയാത്ര. ഒന്ന് ചൂളമടിക്കാൻ തോന്നി. ശ്മശാനത്തിൽ അപ്പോൾ വെട്ടിയ മണ്ണിന്റെ ചൂടുള്ള കുഴിയിലിറക്കിയപ്പൊഴാണ് മൂടി ഉറപ്പിച്ചത്. മുകളിൽ മണ്ണുവന്നു വീഴുന്ന ശബ്ദം. ഇരുട്ട്. ശബ്ദങ്ങൾ നേർത്ത് അകന്നുപോകുന്നു. വെളിച്ചമില്ലാത്ത നീണ്ടരാത്രി. അതിൽ എന്റെ ശരീരം പുഴുകിനാറുന്നു. നാറ്റത്തിനു നടുവിൽ ഈച്ചയുടെ മൂളൽ. ഇരുട്ടിൽ എന്റെ തലമുടി വളരുമ്പൊഴും, വിരലുകൾ പൊഴിയുമ്പൊഴും, നഖം നീണ്ടു ചുരുളുമ്പൊഴും, കണ്ണുകളിൽ വിര മുട്ടയിടുമ്പോഴും ഈച്ച മൂളുന്നു.


2.  വാർത്തയും സൈബർ വാർത്തയും    1)
ചെന്നൈ നഗരത്തിലെ സായാഹ്നം, ത്യാഗരാജ നഗറിലെ ബൈക്ക് & ബാരൽ പബ്ബിൽ ഓൾഡ് മോങ്ക് റം നുണഞ്ഞുകൊണ്ട് നമതിന്റെ (https://www.facebook.com/namathblog) വലിയ ശരീരം പിന്നോട്ടു ചാഞ്ഞു. മദ്യത്തിന്റെ രുചി നുണഞ്ഞുകൊണ്ട് നമത് കണ്ണുകളടച്ചു. സോഡയുടെ കുമിളകൾ നാവിൽ പൊട്ടുന്നു. നാവിൽ നിന്നും തൊണ്ടയിലേക്കു പടരുന്ന ആനന്ദം. കണ്ണുതുറന്നു. മുന്നിൽ നയനാനന്ദം, ബേബിണി. സ്ഥൂലാകൃത. ഇളം ചുവപ്പ് ലിപ്സ്റ്റിക്കിനുള്ളിൽ വെള്ളിപ്പല്ലുകൾ. നമത് സൗന്ദര്യലഹരിയിലെ ഒരു വരി ഉരുവിട്ടു.


എന്താത്?


ബേബ്, നിനക്കു മനസിലാവില്ല. പുരാതന കൃതിയാണ്. ഇറോട്ടിക്ക്. പെണ്ണിനെ തൊട്ടിട്ടില്ലാത്ത ആദിശങ്കരൻ കാച്ചിയത്. ഇംഗ്ലീഷ് വിവർത്തനം തരാം.
എന്താ സാർ, നിങ്ങളിങ്ങനെ സെക്സിസ്റ്റായിപ്പോയത്? ബേബ്, ബേബി, ബേബിണി, ഇതല്ലാതെ ഒരു പേരെനിക്കുണ്ടല്ലോ.
പേരൊന്നും സാരമില്ല. നമത് ഒരു കോഴിക്കാലെടുത്തു കടിച്ചു. അരണ്ട വെളിച്ചത്തിൽ അവൾ നമതിന്റെ വെള്ളി വീണുതുടങ്ങിയ താടിരോമങ്ങളിലേക്കു നോക്കിയിരുന്നു. ഇരുവർക്കുമിടയിൽ മൗനം വലിഞ്ഞുമുറുകി പൊട്ടാറായപ്പോൾ അവൾ ചോദിച്ചു. സാർ, കൊച്ചിയിലെ ആ കൊലപാതക ക്ലിപ്പ് ഉണ്മയാ പൊയ്യാ?
നമത് സുന്ദരമായി ചിരിച്ചു. ഉണ്മ. പക്ഷേ ബേബ്, ക്ലാരിറ്റിയില്ലാത്ത ഉണ്മ. ചീപ്പ് ചൈനീസ് ഫോൺ കാമറയിൽ ഷൂട്ട് ചെയ്ത കൊലപാതകം. ഇതിലും വലിയ പാപമുണ്ടോ?
മനസിലായില്ല.
നോക്കു, മെറീഡിയൻ ഹോട്ടലിൽ ഒളിച്ചുകടന്ന് അവിടത്തെ മുറിയിൽ ആരോ ഒരു ഒളികാമറ സ്ഥാപിക്കുന്നു. വേണ്ടുന്ന പടം പിടിച്ചുകഴിഞ്ഞ് അത് ആരും കാണാതെ എടുത്തുമാറ്റുന്നു. പിടിക്കപ്പെട്ടാൽ കാമറക്കാരനു ഇടിയും ജയിലുമാണ്.  ഇത്രയും റിസ്കുള്ള കാര്യം ചെയ്യുന്ന ഒരാൾ ഏറ്റവും വിലകുറഞ്ഞ കാമറ ഉപയോഗിക്കുന്നത് പാപമല്ലേ? പർവ്വതാരോഹകൻ മലകയറാൻ ചണവും കൊണ്ട് പോവുക, വമ്പൻ സ്രാവിനു ചൂണ്ടയിടുന്നവൻ നൂലിൽ ഇരകോർക്കുക, ക്ലാസ് സ്യൂട്ടും പാന്റുമണിഞ്ഞവൻ ഓട്ടവീണ അണ്ടർവെയറിടുക, ഇതൊക്കെപ്പോലെ കൊടും പാപം.


ബേബിണി ചിരിച്ചു. ചിരിക്കുമ്പോൾ അവളുടെ കവിളിൽ നുണക്കുഴികൾ തെളിഞ്ഞു. നുണച്ചുഴികൾ. അതിൽ ചുറ്റിച്ചുറ്റി തന്റെ ഒറ്റച്ചങ്ങാടം മുങ്ങുന്നതു നോക്കിക്കൊണ്ട് നമത് ഓൾഡ് മോങ്ക് കുടിച്ചു.


സാർ, ആ കൊലപാതകം നടത്തിയത് കേരള ഇന്റലിജൻസ് ചീഫാണോ? എനിക്കൊന്നും മനസിലാവുന്നില്ല.
നോക്കൂ ബെയ്ബ്, വീഡിയോ ഗ്രെയ്‌നിയാണ്. എങ്കിലും ഞാൻ വിശദമാക്കിത്തരാം.
വെള്ളച്ചുമരുകളുള്ള, വൃത്തിയായി അലങ്കരിച്ച ഒരു ഹോട്ടൽ മുറിയിലാണ് വീഡിയോ തുടങ്ങുന്നത്. ആദ്യം ഫോക്കസിൽ വരുന്നത് ചുമർ ചിത്രം. മ്യൂറൽ. ശിവപാർവ്വതീനടനം. ആർട്ടിസ്റ്റ് നമ്പൂതിരിവക. നമ്പൂതിരിമാർ പലത്, ആർട്ടിസ്റ്റ് നമ്പൂതിരി ഒന്ന്. നമ്പൂതിരി നല്ല വരക്കാരനാണ്. പക്ഷേ അതിലും ഉഗ്രനൊരാളുണ്ടായിരുന്നു. എ.എസ്. മരിച്ചുപോയി. എങ്കിലും നമ്പൂതിരിച്ചിത്രം കണ്ടാൽ തെറ്റില്ല. ഇതിൽ മനസിലാവാനെന്തെങ്കിലുമുണ്ടോ?


ഇല്ല. പക്ഷേ ചിത്രത്തിനു മുന്നിൽ ആ സ്ത്രീ കൈകൾ വിടർത്തി മുട്ടുകുത്തി നിന്നത്.


ശരിയാണ്. ഹിന്ദു ദൈവങ്ങൾക്കു മുന്നിൽ ആരും മുട്ടുകുത്തില്ല. മുട്ടുകുത്തിയാലും കൈകൾ വിരിച്ചുപിടിക്കില്ല. ഹിന്ദു ശൈലി അതല്ല. കൈകൾ കൂപ്പി കുമ്പിടലാണ്. നമ്മൾ കുമ്പിടലിന്റെ ആളുകളാണ്. ചിത്രത്തിനു മുന്നിൽ മുട്ടുകുത്തി കൈകൾ വിടർത്തി നിന്ന സ്ത്രീ  പ്രാർത്ഥിക്കുകയായിരുന്നു. പക്ഷേ ശിവനു നേർക്കല്ല, അവരുടെ ദൈവത്തോട്. മുട്ടുകുത്തൽ ചിത്രത്തിനു മുന്നിലായതുകൊണ്ട് ശിവനു നേർക്കാണ് പ്രാർത്ഥന എന്ന് അസംസ്കൃതർ തെറ്റിദ്ധരിച്ചതാണ്.


ബ്രില്യൻറ്റ് സർ.
ബേബ്, ബാക്കി വീഡിയോ വർണ്ണിക്കൂ. ബാക്കി സംശയവും ഞെരുക്കാം, ഒടുക്കാം.


മെലിഞ്ഞ സ്ത്രീയായിരുന്നു സർ. മറൂൺ നിറത്തിലെ പട്ടുസാരി ചുറ്റിയവർ. വിടർന്ന മുടി നിറഞ്ഞുകിടക്കുന്നു. മൊബൈൽ കാമറയ്ക്ക് എതിരെയായതുകൊണ്ട് മുഖം കാണാൻ പറ്റില്ല. എങ്കിലും എന്റെ ഊഹം മദ്ധ്യവയസ്കയാണെന്നാണ്.


സുന്ദരിയായിരിക്കുമോ?
അറിയില്ല സർ.
കൊള്ളാം. ചത്തുപോയവരോട് നിനക്കു കുശുമ്പില്ല. ബേബിണീ നിന്റെ മനസും വിശാലം. തുടരൂ.


വീഡിയോ സർ കണ്ടതാണല്ലോ. മുറിയുടെ വാതിൽ മെല്ലെ തുറക്കുന്നു. ചാരനിറമുള്ള ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ആ സ്ത്രീയുടെ പിന്നിലേക്ക്  നടന്നുവരുന്നു. അയാൾ പിന്നിൽ വന്നു നിന്ന് കൈയുയർത്തുന്നു.  സ്ത്രീ മുന്നോട്ട് മറിഞ്ഞുവീഴുന്നു. അയാൾ ഒരു നിമിഷം നിൽക്കുന്നു. അവൾ മരിച്ചോ എന്ന് ഉറപ്പാക്കാനായിരിക്കണം.


സൈലൻസറുള്ള തോക്കായിരിക്കണം. അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെടിയൊച്ച കേൾപ്പിക്കാതെ ഇറങ്ങിപ്പോവാൻ പറ്റില്ലല്ലോ. തുടരൂ.


തിരിഞ്ഞ് അയാൾ തോക്ക് തുടയ്ക്കുന്നു. കാമറയുടെ നേർക്ക് നോക്കുന്നു. ധൃതിയിൽ പുറത്തേക്കു പോകുന്നു. കാമറയിൽ നോക്കുന്ന അരനിമിഷം അയാളുടെ മുഖം വ്യക്തമായിക്കാണാം. സ്ത്രീ നിശ്ചലമായി ചുമരിനു നേർക്ക് വീണുകിടക്കുന്നു. വീഡിയോ അവിടെ തീരുന്നു.


വ്യക്തമായി മുഖം കണ്ടിട്ടും, പലർക്കും പരിചയമുള്ള മുഖമായിട്ടും ആർക്കും വിശ്വാസം വരുന്നില്ല അല്ലേ?


മുഖം മാത്രമല്ല സർ, രൂപവും. കേരള പോലീസ് ഇന്റലിജൻസ് മേധാവി ബാലൻ നമ്പ്യാരെ എത്രയോ തവണ പത്രത്തിലും റ്റിവിയിലുമൊക്കെ കണ്ടതാണ്. കൊലയാളിക്ക് ബാലൻ നമ്പ്യാരുടെ അതേ വലിപ്പമാണ്.


അതേ വലിപ്പക്കുറവാണെന്നു പറയൂ ബേബ്. അയാൾ ചെറിയ മനുഷ്യനല്ലേ.


അതെ. അധികം പൊക്കമില്ലാത്ത, മെലിഞ്ഞ മനുഷ്യൻ. എന്നിട്ടും..


എന്തേ ബേബ്? നമത് അവളുടെ മേശപ്പുറത്തിരുന്ന കൈവിരലുകൾ തന്റെ കയ്യിലെടുത്തു താലോലിച്ചു.


ഇന്റലിജൻസ് മേധാവികൾ പകൽ വെളിച്ചത്തിൽ നേരിട്ടു ചെന്ന് കൊലനടത്തുമോ? അത്ര മണ്ടന്മാരാണോ അവർ?


ഒരിക്കലുമല്ല.


പിന്നെ ഇത് ബാലൻ നമ്പ്യാരായിരിക്കുമോ?


എന്തു തോന്നുന്നു?


അല്ലെന്നാണ് എനിക്കു തോന്നുന്നത് സർ. സാറെന്തു പറയുന്നു?


എന്തു പറയാൻ. അത് ബാലൻ നമ്പ്യാരാണ്. തോന്നലൊന്നുമല്ല. അയാൾ തന്നെ. നമുക്കു മതിയാക്കാം?


സാറിന്റെ താടിയിൽ വെള്ളി വീഴുന്നു.


സുന്ദരിമാരുടെ ചുംബനമേൽക്കാതെ നരച്ചുപോവുന്നതാണ്.


ബേബിണി ചിരിച്ചു. പിന്നൊരിക്കൽ..


ബില്ലു നീ കൊടുക്കില്ലേ?


ബേബിണി വീണ്ടും ചിരിച്ചു. തലയാട്ടി.


2)


വീഡിയോയുടെ സാധുത  ഫെയ്സ്ബുക്ക് മലയാളികൾ ഇഴകീറി പരിശോധിച്ചു. നമ്പൂതിരി വരച്ച ആ ചിത്രം കൊച്ചിയിലെ മെറീഡിയൻ ഹോട്ടൽ മുറിയിലാണ് എന്നും,  208-ആം നമ്പർ മുറി ആണ് അതെന്നും ഫെയ്സ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും വാർത്തകൾ പരന്നു. ചിലർ ഹോട്ടലിൽ ഒളിച്ചുകയറി മുറി വൃത്തിയാക്കുന്ന സമയത്ത് മെറീഡിയൻ ഹോട്ടലിലെ ആ മുറിയുടെ ചിത്രങ്ങൾ എടുത്തു. മുറിയുടെ നീളവും വീതിയും കട്ടിലിന്റെ സ്ഥാനവും കൊലപാതക വീഡിയോയിൽ കണ്ടതുപോലെയായിരുന്നെങ്കിലും ചുമരിൽ  അങ്ങനെയൊരു ചിത്രം ഇല്ലായിരുന്നു.  ശിവപാർവ്വതി ചിത്രം ആർക്കാണ് വിറ്റത് എന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയെ പലരും വിളിച്ച് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. ആദ്യമൊന്നും സംസ്ഥാന സർക്കാർ ഈ വീഡിയോയെപ്പറ്റി പ്രതികരിച്ചില്ല. മുഖ്യധാരാ പത്രങ്ങളോ ചാനലുകളോ ഇങ്ങനെ ഒരു വീഡിയോയെപ്പറ്റി വാർത്ത കൊടുത്തില്ല. മറുനാടനിലെ വാർത്ത വൈറലായതോടെയാണ് ഒരു പ്രമുഖ ചാനൽ ഈ വീഡിയോ വാർത്തയിൽ കാണിച്ചുതുടങ്ങിയത്.


മറുനാടനിലെ വാർത്ത:
കേരള രഹസ്യാന്വേഷണ മേധാവിയുടെ പരസ്ത്രീബന്ധം കൊലപാതകത്തിൽ അവസാനിച്ചു; ഞെട്ടിക്കുന്ന തെളിവുകൾ മറുനാടന്.
----


കൊച്ചി :  സംസ്ഥാന രഹസ്യാന്വേഷണ മേധാവി ബാലൻ നമ്പ്യാര് എന്ന് സംശയിക്കുന്ന ആൾ കൊലപാതകം നടത്തുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ മറുനാടനു ലഭിച്ചു. കൊച്ചി നഗരത്തിലെ മെറീഡിയൻ ഹോട്ടലിലാണ് ഈ കൊലപാതകം നടന്നത് എന്ന് ശക്തമായ അഭ്യൂഹമുണ്ട്. ബാലൻ നമ്പ്യാർ കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ് എന്ന് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നും മറുനാടന് വിവരം ലഭിച്ചു. എന്നാൽ കൊല്ലപ്പെട്ട സ്ത്രീ ആരാണ് എന്നതിനെപ്പറ്റി വിവരമൊന്നുമില്ല. മെറീഡിയൻ ഹോട്ടൽ അധികൃതർ ഇത്തരം ഒരു കൊലപാതകം നടന്ന വാർത്ത നിഷേധിച്ചു. ഹോട്ടലിൽ അന്നേദിവസം (ജൂൺ 20-നു)  മഹേഷ് അഗർവാൾ എന്ന ബിസിനസുകാരനാണ് 208-ആം നമ്പർ മുറിയിൽ താമസിച്ചിരുന്നതെന്നും, സി.സി.റ്റി.വി. ദൃശ്യങ്ങളിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും, മഹേഷ് അഗർവാൾ പിറ്റേദിവസം മുറിയിൽ നിന്നും ചെക്കൗട്ട് ചെയ്തു എന്നും ഹോട്ടൽ അധികൃതർ മറുനാടനോടു വിശദീകരിച്ചു. കൊച്ചി പോലീസ് കണ്ട്രോൾ റൂമിനെ ഞങ്ങളുടെ ലേഖകൻ വിളിച്ചു ചോദിച്ചു, പക്ഷേ അവർക്കും ഇങ്ങനെ ഒരു കൊലപാതകത്തെപ്പറ്റി വിവരമൊന്നുമില്ല.


ഒരുപക്ഷേ ഈ സ്ത്രീ ഒരു ചാരവനിതയാകാം. കുറ്റാന്വേഷണമേധാവി അകപ്പെട്ട ഏതെങ്കിലും തേനീച്ചക്കൂട്ടിൽ നിന്ന് ഊരിപ്പോകാൻ കൊലനടത്തിയതാകാം എന്ന് സംശയമുണ്ട്. അങ്ങനെയെങ്കിൽ  സ് ഫോടനാത്മകമായ  സ്ഥിതിവിശേഷമാണു നിലവിലുള്ളത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്ത മുക്കിയത് രാജ്യരഹസ്യങ്ങൾ ഉൾപ്പെട്ടതുകൊണ്ടാവാം. മുഖ്യധാരാ പത്രങ്ങളും പോലീസും തമ്മിലുള്ള അവിശുദ്ധബന്ധവും പ്രശസ്തമാണല്ലോ.  മറുനാടൻ മാത്രമാണ്  ഈ വാർത്ത പ്രസിദ്ധീകരിച്ചത്. അഴിമതി പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്ന സർക്കാരിനു പുതിയ തലവേദനയായിരിക്കും സംസ്ഥാന കുറ്റാന്വേഷണ മേധാവിയുടേതെന്ന് സംശയിക്കുന്ന  ഈ കൊലപാതകം.


പിന്നാലെ കേരളത്തിലെ പ്രമുഖ മുത്തശ്ശി പത്രത്തിൽ വന്ന റിപ്പോർട്ട്.
----


ഇന്റലിജൻസ് മേധാവിയുടെ മോർഫ് ചെയ്ത വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നു.
സ്വന്തം ലേഖകൻ:


സോഷ്യൽ മീഡിയയുടെ വികൃതിയുടെ ഏറ്റവും പുതിയ ഇരയാണ് സംസ്ഥാന ഇന്റലിജൻസ് മേധാവി. സൈബർ സെല്ലിന്റെയും അധിക ചുമതലയുള്ള ബാലൻ നമ്പ്യാരുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഹോട്ടൽ മുറിയെന്ന് തോന്നിപ്പിക്കുന്ന ഒരു സെറ്റിങ്ങിൽ ഒരു സ്ത്രീവേഷധാരിയെ ഒരാൾ പിന്നിൽ നിന്നും വെടിവെച്ചിടുന്ന വീഡിയോ ആണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. മോശം നിലവാരത്തിലുള്ള വീഡിയോയിൽ ശബ്ദലേഖനമില്ല. ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഫോണുകളിൽപ്പോലും ശബ്ദത്തോടെ വീഡിയോ റെക്കോർഡ് ചെയ്യാമെന്നിരിക്കേ  നിശബ്ദചിത്രം എടുത്തതിന്റെ പിന്നിൽ ദുരുദ്ദേശം വ്യക്തമാണ്. ചിലവുകുറഞ്ഞ സെറ്റിങ്ങിൽ നിർമ്മിച്ച ഈ അനുകരണ വീഡിയോയിൽ അഭിനയിച്ചത് ആരൊക്കെ എന്ന് വ്യക്തമല്ല. തലസ്ഥാനത്തെ ഒരു പ്രശസ്ത കോളെജിലെ വിദ്യാർത്ഥികൾ നിർമ്മിച്ചതാണ് ഈ വീഡിയോ എന്ന് സംശയമുണ്ട്. ഇന്റലിജൻസ് മേധാവിയുടെ തല വെട്ടിച്ചേർത്തതിലൂടെ ഈ വീഡിയോ തമാശയുടെ അതിരുകൾ കടന്ന് ഒരു കുറ്റകൃത്യമായി മാറുകയാണ്. സംസ്ഥാന സൈബർ സെൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


വൈശാഖൻ ടി എന്ന ബ്ലോഗർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്.
----------------------------------


കേരളത്തിൽ നടന്ന മറ്റനേകം പോലീസ് അക്രമങ്ങളെപ്പോലെ ഈ കൊലപാതകക്കേസും തുമ്പില്ലാതെ അവസാനിക്കുകയേ ഉള്ളൂ.എന്ന് എല്ലാവർക്കുമറിയാം. അഴിമതിയിൽ മുങ്ങിക്കുളിച്ച് നാണമില്ലാതെ അതിലാറാടുന്ന മുഖ്യമന്ത്രിയും ഭരണനേതൃത്വവുമുള്ളപ്പോൾ പോലീസിനും മറ്റ് ഭരണസംവിധാനങ്ങൾക്കും അക്കൗണ്ടബിലിറ്റി കുറയുന്നത് സ്വാഭാവികമാണ്. ജനാധിപത്യത്തിന്റെ തൂണുകൾ ക്ഷയിക്കുമ്പോൾ പോലീസ് ഭരണവും അടിച്ചമർത്തലുമായിരിക്കും അടുത്തപടി.  കുറ്റകൃത്യങ്ങൾ തെളിയിക്കാൻ മാത്രമല്ല, ചെയ്ത കുറ്റകൃത്യങ്ങൾ ഒളിപ്പിക്കാനും പോലീസിനറിയാം. രഹസ്യാന്വേഷണ മേധാവിക്കെതിരെ എങ്ങനെ തെളിവുണ്ടാകും? തല്ലുന്നതും നീയേ, തലോടുന്നതും നീയേ. തെളിവുണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും പോലീസാണ്. ഈ വീഡിയോയിൽ കണ്ട സ്ത്രീയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല, ഇനി കണ്ടെടുക്കുകയുമില്ല. നമ്മളിലാരെയും പോലെ കുടുംബവും സ്നേഹബന്ധങ്ങളും വികാരങ്ങളും ചിന്തയുമുള്ള ഒരു മനുഷ്യനാണ് ജീവൻ നഷ്ടപ്പെട്ടത്. ജനങ്ങൾ ഈ കൊലപാതകത്തെപ്പറ്റി അറിഞ്ഞത് തന്നെ സോഷ്യൽ മീഡിയയുടെ ശക്തികൊണ്ടാണ്. അടുത്ത വിവാദം വരുമ്പോൾ സോഷ്യൽ മീഡിയ അതിന്റെ പിന്നാലെപോകും. അതുണ്ടാവരുത്.  ഇനി ഒരു പോലീസ് കൊലപാതകം ഉണ്ടാകാതിരിക്കാനെങ്കിലും നമ്മൾ ഈ കേസ് പിന്തുടരേണ്ടതുണ്ട്. തെളിവുകൾ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. ഒരു തെളിവും വന്നില്ലെങ്കിൽ കൊലപാതകം നടത്തിയത് ബാലൻ നമ്പ്യാരാണെന്ന് ജനങ്ങൾ വിധിയെഴുതണം. രഹസ്യങ്ങൾ നിറഞ്ഞ, ഓരോ തെരുവിലും ഭരണകൂടം കൊലക്കത്തിയുമായി പതിയിരിക്കുന്ന അരണ്ടയുഗത്തിലാവരുത് നമ്മുടെ ജീവിതം.


--


ഫെയ്സ്ബുക്കിൽ ഒരു ആർ.എസ്.എസ്. പ്രവർത്തകൻ ഇട്ട പോസ്റ്റ് ബാലൻ നമ്പ്യാരെ ന്യായീകരിച്ചുകൊണ്ടായിരുന്നു. കേരള പോലീസിന്റെ തലപ്പത്ത് വർഷങ്ങളായി ക്രിസ്ത്യാനികളുടെ അതിപ്രസരമാണെന്നും, ഉയർന്ന പോലീസ് ഉദ്യോഗത്തിൽ വളരെനാൾ കൂടി വന്ന ഒരു ഹിന്ദുവാണ് ബാലൻ നമ്പ്യാർ എന്നും, ഈ വീഡിയോയ്ക്കു പിന്നിൽ ക്രിസ്ത്യൻ സഭയുടെ പങ്ക് അന്വേഷിക്കണം എന്നും ആരോപണമുയർന്നു.  വീഡിയോ മോർഫ് ചെയ്തതല്ല എന്ന് ഐ.റ്റി. വിദഗ്ദരുടെ പോസ്റ്റുകൾ വന്നു. സംസ്ഥാന ഇന്റലിജൻസ് മേധാവി ഈ കൊലപാതകം നടക്കുന്ന ദിവസം കേരളത്തിലില്ലായിരുന്നു എന്ന് കാണിക്കുന്ന രേഖകൾ പുറത്തുവിട്ടു.  ഇതിനിടെ ബാലൻ നമ്പ്യാർ ഒരു പ്രമുഖ വാർത്താ ചാനലിനു അഭിമുഖം അനുവദിച്ചു.


വളരെ കുറച്ചുമാത്രം വാർത്താമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്ന ഒരു ചെറിയ മനുഷ്യനായിരുന്നു ബാലൻ നമ്പ്യാർ. ഒറ്റനോട്ടത്തിൽ കറുത്തുമെലിഞ്ഞ ഒരു മദ്ധ്യവയസ്കൻ. അഭിമുഖം നടത്തുന്നയാളുടെ ചോദ്യങ്ങൾക്ക് ബാലൻ നമ്പ്യാർ ക്ഷമാപൂർവ്വം മറുപടിപറഞ്ഞു. കൊല്ലം എഴുകോണിലെ കുട്ടിക്കാലത്തെപ്പറ്റിയും, പിന്നീട് കഷ്ടപ്പെട്ട് പഠിച്ചതിനെപ്പറ്റിയും, ഐ.പി.എസ്. നേടി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനെപ്പറ്റിയും മിതമായ വാക്കുകളിൽ ബാലൻ നമ്പ്യാർ വിവരിച്ചു. ആമുഖ ചോദ്യങ്ങൾ കഴിഞ്ഞ് അഭിമുഖം കൊലപാതക  വീഡിയോയിലേക്ക് തിരിഞ്ഞു.


ഈ വീഡിയോ സൈബർ സെൽ പരിശോധിച്ചു എന്നും അത് സ്പൂഫല്ല, യഥാർത്ഥ വീഡിയോ തന്നെയാണെന്നുമായിരുന്നു ബാലൻ നമ്പ്യാർ വളച്ചുകെട്ടുകളില്ലാതെ പറഞ്ഞത്. തന്റെ മുഖമുള്ള ആരോ ആണ് കൊല ചെയ്തത്, പക്ഷേ ഈ കൃത്യം നടക്കുന്ന ദിവസം  താൻ ദില്ലിയിൽ പോലീസ് കോൺഫറൻസിലായിരുന്നു,  ഒരാൾക്ക് ഒരേ സമയം ദില്ലിയിലും കൊച്ചിയിലും ആയിരിക്കാൻ പറ്റുമോ എന്ന് ബാലൻ നമ്പ്യാർ ചോദിച്ചു. പോലീസ് കോൺഫറൻസ് പരസ്യമായ കാര്യമാണ്. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. പോലീസുകാർ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കലല്ല നിങ്ങളുടെ ജോലി. പക്ഷേ പിറ്റേ ദിവസത്തെ പത്രങ്ങൾ നോക്കൂ - അയാൾ പ്രമുഖ പത്രങ്ങളിൽ പോലീസ് കോൺഫറൻസിന്റെ മുൻനിരയിൽ താനിരിക്കുന്ന ഫോട്ടോ കാമറയ്ക്കു മുന്നിൽ ഉയർത്തിപ്പിടിച്ചു. അന്നേ ദിവസം ദില്ലിയിൽ നിന്നും കൊച്ചിക്കു  ഫ്ലൈറ്റുള്ളത് അതിരാവിലെയും പിന്നെ വൈകുന്നേരവുമാണ്. ഇതു നോക്കൂ. കൊല നടന്ന ദിവസത്തെ ഫ്ലൈറ്റ് ഷെഡ്യൂളിന്റെ പ്രിന്റൗട്ടാണ്.  കൊലനടന്നത് ഏകദേശം മൂന്നുമണിക്കും. തന്റെ കൂടെ പരിപാടിയിൽ സംബന്ധിച്ച മൂന്ന് പോലീസുകാരുടെ പേരും ബാലൻ നമ്പ്യാർ പറഞ്ഞു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവരെവിളിച്ച് കോൺഫറൻസിൽ ഞാൻ പങ്കെടുത്തിരുന്നോയെന്ന് ചോദിക്കാം.


ഈ അഭിമുഖം നടന്നുകൊണ്ടിരിക്കുമ്പോൾ കൊല നടത്തിയ ആളെ പോലീസ് മട്ടാഞ്ചേരിയിൽ  നിന്നും അറസ്റ്റ് ചെയ്തു എന്ന ബ്രേക്കിങ്ങ് ന്യൂസ് വന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ഒരു ഗട്ടറിൽ നിന്നും കിട്ടി എന്നും, അറസ്റ്റിലായ കൊലയാളി ശവശരീരത്തിനടുത്തേക്ക് പോലീസിനെ എത്തിച്ചു എന്നും, പ്രതി കുറ്റം സമ്മതിച്ചു എന്നും വാർത്തകൾ വന്നു. ബാലൻ നമ്പ്യാരുമായുള്ള ഇന്റർവ്യൂ ഇടയ്ക്കുവെച്ച് നിറുത്തി ചാനൽ പോലീസിന്റെ വാർത്താ സമ്മേളനം ലൈവായി കാണിച്ചുതുടങ്ങി. കുറ്റവാളിയെ കാമറകൾക്കു മുന്നിൽ കൊണ്ടുവരാൻ പോലീസ് വിസമ്മതിച്ചു, അയാളുടെ ഒരു ഫോട്ടോഗ്രാഫ് ചാനലുകൾക്കു കൈമാറി. ബാലൻ നമ്പ്യാരുടെ മുഖത്തിനു വളരെ സാമ്യം തോന്നിക്കുന്നതായിരുന്നു കുറ്റവാളിയുടെ മുഖം. ദുബൈയിൽ ജോലി ചെയ്യുന്ന ഇയാൾ കൊല്ലപ്പെട്ട സ്ത്രീയെ കാണാൻ കൊച്ചിയിൽ തലേ ദിവസം വന്നതാണെന്ന് പോലീസ് മാധ്യമങ്ങളോടു പറഞ്ഞു. പണം സംബന്ധിച്ച പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇയാൾക്ക് ദുബൈയിൽ വേറെ കുടുംബമുണ്ടെന്ന് സമ്മതിച്ചതായും പോലീസ് പറഞ്ഞു.  ഇയാളുടെ ദുബൈ-കൊച്ചി ഫ്ലൈറ്റ് റ്റിക്കറ്റ് കാമറകൾക്കു മുന്നിൽ പോലീസ് പ്രദർശിപ്പിച്ചു. അതിൽ നിന്നും വായിച്ചെടുത്ത പേര് വാർത്താ ചാനലുകൾ സ്ക്രോൾ ആയി കാണിച്ചു തുടങ്ങി. രാജൻ മെൻഡസ് എന്നായിരുന്നു ആ പേര്.

3. മയക്കം.


1

നീ എന്തിനാ അവരെ കൊന്നത്?
ആരെ?
നീ അവരെ കൊല്ലാനല്ലേ ദുബൈയിൽ നിന്നും വന്നത്?
ആരെ?
നായെ, നീ വെറേ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? പൊട്ടൻ കളിക്കുന്നോ?
ആരെ? എനിക്ക് മനസിലാവുന്നില്ല


മുഖമടച്ച് ഒരു അടികൊണ്ട് രാജൻ താഴെവീഴുന്നു. നീലനിറമിളകിയ പോലീസ് വാനിന്റെ ഉൾച്ചുവരുകളിൽ പലയിടത്തും ചോര വരണ്ട് പറ്റിപ്പിടിച്ചിരിക്കുന്നു. മച്ചിൽ നീല ബൾബ്. അതിനു ചുറ്റുമുള്ള ചോരപ്പാടുകൾ തന്റെ നീണ്ട കൊമ്പുകൾ കൊണ്ട് ഒരു പാറ്റ നക്കുന്നു. ദിനോസറുകൾക്കും മുൻപ് ജീവിച്ചിരുന്ന പാറ്റ. പണ്ട് ഉൽക്ക വീണു ബാക്കി ജീവികൾ ചത്തുപോയപ്പോൾ ആ ഉൽക്കയും കടിച്ചു തിന്നുകാണണം.


നിലത്തുവീണു കിടന്ന രാജൻ കമ്പിയഴികളിൽക്കൂടെ പല ചതുരങ്ങളായി മുറിച്ച കറുത്ത ആകാശം കണ്ടു. പോലീസ് ബൂട്ടിട്ട് ചവിട്ടിയപ്പോൾ രാജൻ പുളഞ്ഞുകൊണ്ട് എഴുന്നേറ്റു. അപ്പോൾ ചോദ്യവും അടിയും വീണ്ടും ആവർത്തിച്ചു. ഇടക്ക് വണ്ടി ബ്രേക്ക് പിടിച്ചപ്പോൾ വീഴാൻ പോയ പോലീസുകാരൻ രാജനെ പിടിച്ചുനിന്നു. വീണ്ടും ഓടിത്തുടങ്ങിയപ്പോൾ അടിതുടർന്നു.


2


ലോക്കപ്പ് മുറി. ചോര, മൂത്രം, മലം എന്നിവയിൽ കുഴഞ്ഞ് രാജൻ ലോക്കപ്പിന്റെ നിലത്ത് നിൽക്കുകയാണ്. ഇരിക്കാനോ കിടക്കാനോ അനുവാദമില്ല. നിലത്ത് ഇരുന്നുപോയാൽ ലോക്കപ്പ് തുറന്ന് പോലീസുകാരൻ ചവിട്ടും. ദുർഗന്ധം വകവെയ്ക്കാതെ മുഖം നിറയെ കുരുക്കളുള്ള ഒരു പോലീസുകാരൻ ലോക്കപ്പ് തുറന്ന് കയറിവന്നു. കസേര വലിച്ചിട്ടുകൊടുത്ത് രാജനോട് ഇരിക്കാൻ പറഞ്ഞു. അയാൾ അവനെതിരെ ഇരുന്ന്  രഹസ്യം പോലെ ശബ്ദം താഴ്ത്തിപ്പറഞ്ഞു:


പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നീ ഇന്നലെ ഉച്ചയ്ക്ക് മെറീഡിയൻ ഹോട്ടലിൽ വെച്ച്  ലീന ഗോമസ് എന്ന സ്ത്രീയെ വെടിവെച്ചുകൊന്നു. മനസിലായോ?


ഞാൻ ആരെയും കൊന്നിട്ടില്ല, രാജൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞതും വീണ്ടും അടിവീണു. നിലത്തുകിടന്ന രാജനെ പോലീസുകാരൻ എഴുന്നേൽപ്പിച്ചിരുത്തി. വീണ്ടും ഈ കളി ആവർത്തിച്ചു.


അടികൊണ്ട് ചത്തുപോകുന്നത് എന്തിനാടാ? ഒരു ചായ കുടിക്ക്.


അയാൾ വരുത്തിയ ചായ കുടിക്കുമ്പോൾ രാജന്റെ വായ ആകെ നീറി. പകുതിച്ചായ കഴിഞ്ഞ്  രാജൻ മയങ്ങിപ്പോയി. ഗ്ലാസ് നിലത്തുവീണു. പോലീസുകാർ രാജനെ എടുത്ത് പോലീസുവണ്ടിയിൽ കിടത്തി. വണ്ടി ഓടിക്കൊണ്ടിരുന്നു. വണ്ടിയിൽ കൂടെയുണ്ടായിരുന്ന ഡോക്ടർ രാജന്റെ കയ്യിൽ ഒരു മരുന്നു കുത്തിവെച്ചു. പകുതി ഉണർന്ന രാജനോട് അയാൾ ചോദിച്ചു.  


നീ എവിടെയാന്ന് അറിയാമോ?
ഇല്ല.
ഞാനാരാന്ന് മനസിലായോ?
ഇല്ല.
എന്റെ പേര് സിമി നസ്രത്ത്. ഞാനൊരു ഡോക്ടറാണ്. രാജനോട്  ചില കാര്യങ്ങൾ പറയാനാണു വന്നത്.
ംമ്മ്. ഞാൻ ചാവാൻ പോകുവാണോ?


ഏയ്. നിനക്കു പ്രശ്നമൊന്നുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും നമുക്ക് ശരിയാക്കാമല്ലോ. ആളുകളെ ശരിയാക്കിയെടുക്കുന്നതാണ് ഡോക്ടർമാരുടെ തൊഴിൽ. ഓട്ടോ മെക്കാനിക്ക് പോലെ മനുഷ്യന്റെ മെക്കാനിക്ക്. ഡോക്ടർ ചിരിച്ചു. അപ്പൊഴേക്കും മയങ്ങിപ്പോയ രാജന്റെ വായിലെ മുറിവിൽ കട്ടപിടിച്ചുകിടന്ന ചോര നനഞ്ഞ പഞ്ഞികൊണ്ട് ഒപ്പിയെടുത്തു. എന്നിട്ട് പാതിമയക്കത്തിൽ നിന്ന് രാജനെ വിളിച്ചെണീപ്പിച്ചു.


രാജൻ, ഞാനൊരു കഥപറയട്ടെ? ശ്രദ്ധിച്ചുകേൾക്കണം.


ഉം..
ഒരു മനുഷ്യൻ ദുബൈയിൽ ജോലിചെയ്തിരുന്നു. മനസ് മുറിഞ്ഞ ഒരു മനുഷ്യൻ. അയാൾക്ക് ഒരു കാമുകിയുണ്ടായിരുന്നു. ഒരു വിമാനക്കമ്പനിയിലെ എയർഹോസ്റ്റസ്. അവർ വിവാഹം കഴിച്ചില്ല, ഒരുമിച്ചു ജീവിച്ചു. അവരുടെ ജീവിതം നിറയെ പ്രശ്നങ്ങളായിരുന്നു. എന്നിട്ടും അവർ ഒരുമിച്ചു ജീവിച്ചു.  പിരിയാൻ തോന്നാത്തതുകൊണ്ട് പരസ്പരം വേദനിപ്പിച്ചുകൊണ്ട് ജീവിച്ചു. എന്തായിരുന്നു പ്രശ്നങ്ങളുടെ ഉത്ഭവം? ഫ്രോയ്ഡ് പറഞ്ഞതായിരുന്നു - എല്ലാത്തിന്റെയും വേര് സെക്സിലായിരുന്നു. അവൾ ലൈംഗികമായി അസംതൃപ്തയായിരുന്നു. അവൻ പോരായിരുന്നു. മനസിലായോ?
ഉം..


അവൾ അവനോട് പലതവണ തുറന്നുപറഞ്ഞതാണ്. ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. അവൻ എന്തു ചെയ്യും? ജിമ്മിൽ പോയി ശരീരം നന്നാക്കാൻ നോക്കി, ഫോക്കസ് ചെയ്യുന്നതിനുള്ള മരുന്നു കഴിച്ചുനോക്കി, പക്ഷേ അവളെ തൃപ്തിപ്പെടുത്താനാവുമോ എന്ന ചിന്ത അവനെ കൂടുതൽ തളർത്തി. ക്രീഢയ്ക്കിടെ ലിംഗം തളർന്നുപോവുന്നു. അവൾ ഉണർന്നുവരും മുൻപേ ശീഖ്രസ്ഖലനം. വഴക്കുകൾ പതിവായി. എന്നിട്ടും  പരസ്പരം പിരിഞ്ഞുജീവിക്കാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. അവർ പിരിയണമായിരുന്നു. വേർപിരിയാത്തതായിരുന്നു എന്റെ അഭിപ്രായത്തിൽ അവർ ചെയ്ത തെറ്റ്. ശരിയല്ലേ? ഏച്ചുകെട്ടിയ ജീവിതങ്ങൾ എന്തിനാണു?


ഉം...

അവൾ വിമാനത്തിൽ ദൂരേക്കു പോകുമ്പോൾ അവന്റെ മനസിൽ മുള്ളുകൾ വിരിഞ്ഞുതുടങ്ങി. എന്തുകൊണ്ടാണ് അവൾക്ക് ലൈഗികമായി തൃപ്തിയില്ലാത്തത്? തന്നെക്കാൾ പുരുഷത്വമുള്ള മറ്റൊരാൾ കാണുമോ? അവൾ പറന്ന് അടുത്ത നഗരത്തിൽ ഇറങ്ങുമ്പോൾ അവളെ കാത്തിരിക്കുന്ന മറ്റൊരാൾ? ആയിരം കുതിരശക്തിയുള്ള ഒരു ലിംഗജീവി? അവൻ തന്നെക്കാൾ മികച്ചവനായിരിക്കുമോ? അവൾ തന്നെ അവനുമായി താരതമ്യം ചെയ്യുന്നുണ്ടോ? അങ്ങനെ ഒരാളില്ല എന്ന സാദ്ധ്യത അവനു വിശ്വസിക്കാൻ പറ്റിയില്ല. അവൾ ലൈംഗികമായി തൃപ്തയല്ലെങ്കിൽ അവളെ തൃപ്തിപ്പെടുത്തുന്ന മറ്റൊരാൾ കാണണം. മലയാളിയുടെ കൂടപ്പിറപ്പായ അരക്ഷിതാവസ്ഥ. അല്ലേ?


ഉം...


ആ സമയത്ത് അവൾ സ്ഥിരമായി ദുബൈ- കൊച്ചി സെക്ടറിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അവൻ അവളറിയാതെ കൊച്ചിയിലേക്കു പോയി. അവൾ താമസിക്കുന്ന ഹോട്ടലിൽ ഒളിച്ചുകടന്നു. അവളുടെ മുറിയിൽ അവൻ ചെന്നപ്പോൾ രണ്ടുപേരുണ്ടായിരുന്നു. അവളും ഒരു പോലീസുകാരനും. പോലീസുകാരൻ പൊക്കമുള്ള, താടിയും മീശയും കൃതാവുമുള്ള മനുഷ്യനായിരുന്നു. ശരീരം നിറയെ പേശികൾ. അവയ്ക്കുമേൽ  ആൽമരത്തിന്റെ വേരുകൾ പോലെ ഞരമ്പുകൾ എഴുന്നുനിൽക്കുന്നു. മുറിനിറയെ പോലീസുകാരന്റെ വിയർപ്പു മണം. മുറിയുടെ വാതിൽക്കൽ അവൻ നിൽക്കുന്നതുകണ്ട് പോലീസുകാരൻ ഗൗരവത്തോടെ അവനെ നോക്കിക്കൊണ്ട് ഇറങ്ങിപ്പോയി. അയാളുമായി എതിരിടാൻ അവനു പേടിയായിരുന്നു. പകരം ആ ഹോട്ടൽ മുറിയിൽ വെച്ച് അവൻ അവളെ വെടിവെച്ചുകൊന്നു.


ഉം..
അവളുടെ പേര് ലീന ഗോമസ്. അവളുടെ പേരെന്താ?
ലീന
അവന്റെ പേര് രാജൻ മെൻഡസ്. അവന്റെ പേരെന്താ?
രാജൻ മെൻഡസ്.
നിന്റെ പേരോ?
രാജൻ മെൻഡസ്.
ഒന്നുകൂടിപ്പറയൂ.
രാജൻ മെൻഡസ്.
നീയെന്തിനാണ് ലീനയെ കൊന്നത്?
കഥയിലല്ലേ? നിങ്ങൾ നേരത്തേ പറഞ്ഞു നിങ്ങളൊരു ഡോക്ടറാണെന്ന്. എന്നിട്ട് കഥ പറയുന്നു.


ഞാനൊരു കഥയെഴുത്തുകാരനാണ്. ഡോക്ടറും. കഥയും മുൻപ് നടന്ന കാര്യവും തമ്മിൽ  എന്തെങ്കിലും വ്യത്യാസമുണ്ടോ?  ഭൂതകാലം വെറും കഥകളാണ്. ഭൂതകാലത്തു നടന്ന എന്തിനെയും കുറിച്ച് അങ്ങനെയൊക്കെ നടന്നു എന്ന് വേണമെങ്കിൽ വിശ്വ്വസിക്കാം. വിശ്വസിക്കാതിരിക്കാം. ഭൂതകാലം നിലനിൽക്കുന്നത് ഓർമ്മകളിലാണ്. കഥകളും. രണ്ടും തിരികെച്ചെന്ന് നടന്നതാണോ എന്ന് പരിശോധിക്കാൻ പറ്റില്ല. ഭൂതകാലം, മുൻപ് നടന്നതത്രയും, ഓർമ്മകൾ, നിന്റെ തലച്ചോറിൽ മാത്രം നിലനിൽക്കുന്ന കഥകളാണ്. ശരിയല്ലേ?


അല്ല. ഭൂതകാലം ഒരുമിച്ചനുഭവിച്ച ഒരുപാടുപേരുണ്ടാവും.


അതായത് ഒരേ കഥ വിശ്വസിക്കുന്ന കുറെപ്പേരുണ്ടെന്ന്. അതേ കഥ ഒരുമിച്ചനുഭവിച്ച മനുഷ്യരുണ്ടെങ്കിൽ നേരത്തേ പറഞ്ഞ കഥ ഒരു യാഥാർത്ഥ്യമാവില്ലേ?


എനിക്കറിയില്ല. കഥ ഒരിക്കലും ഭൂതകാലമാകില്ല. നിങ്ങൾ എന്നെ ചതിക്കാൻ നോക്കുകയാണ്.കഥയെഴുതുന്നവർ കള്ളം പറയുന്നവരാണ്.


രാജൻ നിങ്ങളുടെ ഓർമ്മകൾക്ക് പ്രശ്നമുണ്ട്. ഞാൻ ശരിയാക്കിത്തരാമെന്ന് നേരത്തേ വാക്കുതന്നതാണ്. ഞാനൊരു ഡോക്ടറും കഥയെഴുത്തുകാരനും മാത്രമല്ല, ഒരു ഗവേഷകനും കൂടിയാണ്. നോക്കൂ, നാട്ടിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരികയാണ്. കൊച്ചിയിലെ ഡി.ജെ. പാർട്ടികൾ ഓർമ്മകാണുമല്ലോ. കേരള പോലീസ് പല പല കേസുകളിൽ പലയിനം മയക്കുമരുന്നുകൾ പിടിച്ചെടുക്കുന്നു. എന്നിട്ട് അവരത് എന്തു ചെയ്യുന്നു? ഗവേഷണം നടത്താൻ എനിക്കു തരുന്നു. വാസ്തവത്തിൽ മയക്കുമരുന്ന് എന്ന പേര് എന്തു മനോഹരമാണ്. പേരിൽത്തന്നെ മരുന്നുണ്ട്. ആ മരുന്നുകളെ സംയോജിപ്പിച്ച് ഞാൻ നിങ്ങളുടെ ഓർമ്മകൾക്ക് നിറം കൊടുക്കുന്ന ഒരു മരുന്നുണ്ടാക്കി. ഈ നീല സിറിഞ്ച് നോക്കൂ


കുതറാൻ ശ്രമിച്ച രാജനെ പോലീസുകാർ ഇരുവശത്തുനിന്നും ബലമായി പിടിച്ചുകിടത്തി. ഡോക്ടർ രാജന്റെ ഞരമ്പിലേക്ക് നീലദ്രാവകം കുത്തിയിറക്കി. രാജൻ മയക്കത്തിലായി. ഡോക്ടർ അവനെ മുഖത്തുതട്ടിവിളിച്ചു.


രാജൻ,  നീയും ലീനയുമായി പ്രണയത്തിലായിരുന്നു. ലീന ആരാ?
കാമുകി.
അവളുടെ നിറമെന്താ?
നെൽക്കതിര്, ചോളം, തിരിനാളം, സ്വർണ്ണനിറം.
അവളുടെ വിയർപ്പിന്റെ മണമെന്താ?
കുട്ടിക്യൂറാ
അവളുടെ തുപ്പലിന്റെ രുചിയെന്താ?
വെറ്റിലമുറുക്കിയത്, കരയാമ്പൂ.  
അവൾ നിന്നെ പറ്റിച്ചു. ഇല്ലേ?
പറ്റിച്ചു
എങ്ങനെ?
അവൾ പോലീസുകാരന്റെ കൂടെ ഉറങ്ങി
പോലീസുകാരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
ഇല്ല
അവളെ എന്തു ചെയ്യും?
കൊല്ലും
എന്തിന്?
പ്രതികാരം.
നീ കൊന്നോ?
ഞാൻ കൊന്നു
ആരെ?
കാമത്തെ
ആരെ?
എന്റെ കാമുകിയെ
അവളുടെ പേരെന്താ?
ആ?
അവളുടെ പേര് ലീന ഗോമസ്. അവളുടെ പേരെന്താ?
ലീന
അവളുടെ നിറമെന്താ?
വിയർപ്പിന്റെ നിറം, പുതപ്പ്പിനുള്ളിലെ ഇരുട്ടിന്റെ നിറം.
അല്ല, സ്വർണ്ണനിറം. അവളുടെ നിറമെന്താ?
വയലിലെ ചെളിനിറം, സ്വർണ്ണം
അവളുടെ മുലഞ്ഞെട്ടുകൾ?
ംമ്മ്
അവളുടെ മുലഞ്ഞെട്ടുകൾ?
മന്ദാരം
അവളുടെ ചന്തി ഉരുണ്ടിട്ടാണോ?
നായേ എന്നു വിളിച്ച് രാജൻ ഡോക്ടറുടെ കഴുത്തിൽക്കയറിപ്പിടിച്ചു. കാവൽ നിന്ന പോലീസുകാർ ചാടിവീണ് രാജനെ പിടിച്ചുമാറ്റി അടിതുടങ്ങി. അടികൊണ്ട് നിലത്തുവീണ അവനെ വീണ്ടും കട്ടിലിൽ എടുത്തു കിടത്തി.  എന്താടാ, അവളുടെ ചന്തിയെപ്പറ്റിപ്പറഞ്ഞപ്പോൾ നിനക്ക് നൊന്തോ എന്ന് ചോദിച്ച് പോലീസ് വീണ്ടും അടിച്ചു. രാജൻ ഞരങ്ങി, അനങ്ങാതെ കിടന്നു.
രാജന്റെ കയ്യിൽ മൃദുവായി പിടിച്ചുകൊണ്ട് ഡോക്ടർ വീണ്ടും ചോദിച്ചു.
അവളെ ആരാ കൊന്നെ?
ഞാൻ, ഞാൻ.
ഉറങ്ങൂ. ഉറങ്ങിയോ?
ഉം..
ഉറങ്ങിയോ?
4 -  ബാലൻ നമ്പ്യാരുമായി സമീറ  നടത്തിയ അഭിമുഖം.     


ഞായറാഴ്ച്ച. 11 മണിക്കാണു ബാലൻ നമ്പ്യാർ അഭിമുഖം അനുവദിച്ചത്. താമസിച്ചെത്തരുത് എന്ന് സമീറയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പത്തേ മുക്കാലിനേ എത്തി. ഗേറ്റുതുറന്ന് മുറ്റത്തെത്തിയപ്പോൾ കോഴികൾക്കു തീറ്റകൊടുത്തുകൊണ്ട് കസാരയിൽ ബാലൻ നമ്പ്യാർ ഇരിക്കുന്നു. കറുത്ത് അധികം പൊക്കമില്ലാത്ത ഉറച്ച ശരീരമുള്ളയാൾ. കൈലിയും മുഷിഞ്ഞ ബനിയനും. നെഞ്ചിൽ തിങ്ങിനിൽക്കുന്ന നരച്ച രോമങ്ങൾ ബനിയനിടയിലൂടെ കാണാം. കട്ടിപ്പുരികവും നരച്ചുതുടങ്ങിയ കട്ടിമീശയും കൂർത്ത കണ്ണുകളും. പോലീസിനു പറ്റിയ ആൾ എന്ന് സമീറ മനസിൽ പറഞ്ഞു. ഒരു കയ്യിൽ വിസ്കി ഗ്ലാസും മറുകയ്യിൽ ഒരുപിടി അരിയുമായിട്ടാണ് ഇരിപ്പ്. അയാൾക്കു ചുറ്റും നാലു പിടക്കോഴികളും വലിപ്പമുള്ള ഒരു പൂവൻകോഴിയും ചുറ്റിനടക്കുന്നു. അരിവീഴ്ത്തുന്നുണ്ടോ എന്ന് അവ ഇടക്കിടെ തലയുയർത്തി നോക്കുന്നുണ്ട്. വലിപ്പം കുറഞ്ഞ ഒരു കറുത്ത പൂവൻ കൂട്ടത്തിൽ നിന്നും മാറി അല്പമകലെ തെങ്ങിൻ തടത്തിൽ നിൽക്കുന്നു.സർ, ഞാൻ വരുമെന്നറിയിച്ചിരുന്നു.ഉവ്വ്, ക്ഷമിക്കണം സമീറ. 11 മണിക്കു വരുമെന്നല്ലേ പറഞ്ഞിരുന്നത്? ഞാനീ വേഷമൊന്നു മാറ്റിയിട്ടു വരാം.സാരമില്ല. എനിക്കു വേണ്ടി വേഷം മാറണമെന്നില്ല. ഫോട്ടോയെടുക്കാനൊന്നും ഉദ്ദേശമില്ല. കുറച്ച് ചോദ്യങ്ങളേയുള്ളൂ.ധൃതിയുണ്ടോ സമീറ? ഊണു കഴിച്ചിട്ട് പോയാപ്പോരേ?വേണ്ട സർ, ബുദ്ധിമുട്ടാവില്ലേ?ഏയ്, ഊണുകഴിച്ചിട്ട് പോവാം. അല്ലെങ്കിൽ ഞാൻ പാചകം ചെയ്യുന്നത് ഞാൻ തന്നെ തിന്നണം. ഒരാൾക്കുവേണ്ടി പാചകം ചെയ്യുന്നതിലും ബോറ് പരിപാടിയില്ല. ഫോർമലായി ഇന്റർവ്യൂ ചെയ്യേണ്ട കാര്യമില്ലല്ല്ലോ. എന്റെ പണി നടക്കുകയും ചെയ്യും. സമീറയ്ക്ക് ചോദിക്കാനുള്ളത് ചോദിക്കുകയും ചെയ്യാം. ആണുങ്ങൾ വെക്കുന്നത് തിന്നില്ല എന്നൊന്നും ഇല്ല്ലല്ലോ.അങ്ങനെയൊന്നുമില്ല സർ.ബാലൻ നമ്പ്യാർ വിളിച്ചപ്പോൾ തെങ്ങിൻ തടത്തിൽ നിന്ന അല്പം ക്ഷീണിച്ച ചെറിയ പൂവൻ കോഴി അടുത്തുവന്നു. അയാൾ അതിനെയുമെടുത്ത് വീടിനു പിന്നിലേക്കു പോയി.

 

കോഴിയെ കൊല്ലുന്നതു കാണാൻ വിഷമമാണെങ്കിൽ സമീറ വീട്ടിലേക്കിരുന്നോളൂ.സമീറ പിന്നാലെ ചെന്ന് അയാൾ കോഴിയെ കൊല്ലുന്നത് നോക്കിക്കൊണ്ടു നിന്നു. അയാൾ കോഴിയുടെ കാലും ചിറകും കൂട്ടിപ്പിടിച്ചു, കോഴി ബാലൻ നമ്പ്യാരെ നോക്കി. അയാൾ ഒരു വെട്ടിന് അതിന്റെ തലവെട്ടിക്കളഞ്ഞു. അല്പനേരം ചവിട്ടിപ്പിടിച്ച് ഉടലിന്റെ പിടച്ചില് മാറ്റി, ചൂടുവെള്ളം നിറച്ച ചരുവത്തിലേക്കിട്ടു. പിന്നെ ചുവന്ന വെള്ളം ഊറ്റിക്കളഞ്ഞ് കോഴിയുടെ പൂട പറിച്ചുതുടങ്ങി.ആ കോഴി സാറിനെ നോക്കുന്നുണ്ടായിരുന്നു.അതിനെന്താണ്. ഓരോ ചെടിയുടെയും പക്ഷിമൃഗങ്ങളുടെയും വികാരവും വിചാരവും തിരക്കിപ്പോയാൽ മനുഷ്യൻ പട്ടിണിയാകും. മനുഷ്യൻ മാംസഭോജിയാണ്. ഒന്നാമതേ ഭക്ഷണം കുറഞ്ഞുവരുന്നു. കിട്ടുന്നതെല്ലാം തിന്നണം. മലയാളികൾ പുൽച്ചാടിയെയും പാറ്റയെയും തിന്നുന്ന കാലം വരും. ഈ റോഡുനിറയെ ഓടിനടക്കുന്ന പട്ടിയെയും. എന്നാലും സമീറയ്ക്ക് അറിയാമോ, ആദ്യം മനുഷ്യൻ കോഴിയെ വളർത്തിയത് തിന്നാനല്ല, കോഴിപ്പോരിനായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണു ഈ പരിപാടി തുടങ്ങിയത്.സമീറ മിണ്ടാതെ കോഴിയുടെ പൂട പറിക്കുന്നത് നോക്കിക്കൊണ്ടു നിന്നു. ബാലൻ നമ്പ്യാർ തുടർന്നു:ഒരുപക്ഷേ ചുട്ടകോഴിയുടെ സ്വാദ് ആദിമനുഷ്യനു അറിയില്ലായിരുന്നുകാണും. കോഴിപ്പോരിന്റെ അഡ്രിനാലിൻ കുതിപ്പും വാതുവെയ്പ്പുമായിരുന്നു അന്ന് പ്രധാനം. എന്തായാലും ഇന്ന് മനുഷ്യനെക്കാൾ പത്തിരട്ടി കോഴികളുണ്ട്. എഴുന്നൂറു കോടി മനുഷ്യർക്ക് ഏഴായിരം കോടി കോഴികൾ. കൂടുതലും ബ്രോയ്ലർ കോഴികൾ. കോഴിയുടെ ജനസംഖ്യ നിലക്കു നിർത്താൻ ഒരാൾ ജീവിതത്തിൽ പത്തുകോഴിയെ എങ്കിലും തിന്നണം. കോഴിയെ തിന്നാത്തവർക്കു വേണ്ടിയും കൂടി ബാക്കിയുള്ള നമ്മൾ  തിന്നണം.കോഴിയുടെ ജനസംഖ്യ മനുഷ്യർ ഉണ്ടാക്കിയതല്ലേ, കാട്ടിലായിരുന്നെങ്കിൽ ഇതിന്റെ നൂറിലൊന്ന് കോഴികൾ കാണില്ലല്ലോ.ശരിയാണ്. ഇവനെത്തന്നെ നോക്കു. കരിങ്കോഴി. കൊച്ചിൻ എന്ന ബ്രീഡിലേതാണു. ചൈനക്കാർ വിക്ടോറിയാ റാണിക്ക് സമ്മാനം കൊടുത്ത ബ്രീഡിനു പേരു കൊച്ചി. ചരിത്രത്തിന്റെ വികൃതിയാണ്.ബാലൻ നമ്പ്യാർ അടുക്കളയിൽ കടന്ന് അരിഞ്ഞുവെച്ചിരുന്ന ഉള്ളിവറുത്തു തുടങ്ങി. മുളകും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും മസാലക്കൂട്ടങ്ങളും ഇട്ടപ്പോൾ ഇതാ കോഴിക്കറി വരുന്നേ എന്ന മണം പരന്നു.സാറിനറിയാമല്ലോ. മരിച്ചുപോയ ആ സ്ത്രീയെപ്പറ്റി ചോദിക്കാനാണു ഞാൻ വന്നത്.നിങ്ങളൊരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണല്ലോ. റെക്കോഡ് ചെയ്യാനുള്ള ഉപകരണമൊന്നും കൊണ്ടുവന്നില്ലേ? അതോ മൊബൈൽ ഫോണാണോ?

സമീറ മൊബൈൽ ഫോണിലെ റെക്കോഡിങ്ങ് ഓണാക്കി.വെന്തുകൊണ്ടിരുന്ന കോഴിക്കറി മൂടിവെച്ച് ബാലൻ നമ്പ്യാർ വിസ്കി തുറന്ന് രണ്ട് ഗ്ലാസിലൊഴിച്ചു. ഐസും സോഡയും വേണോ?ഐസ് ആയിക്കോട്ടെ, സോഡ വേണ്ട സർ.സമീറയ്ക്ക് കുടിക്കാനറിയാം. സോഡ വിസ്കിയുടെ രുചികളയും. എങ്കിലും ക്ഷമിക്കൂ, സിംഗിൾ മാൾട്ടല്ല, ബ്ലാക്ക്‌ലേബലേയുള്ളൂ. ഇരുന്നൂറു കൊല്ലത്തോളം സ്കോട്ട്‌ലാൻഡിലെ കിൽമാർനേഗിലായിരുന്നു ഇതിനെ വാറ്റിയിരുന്നത്. മദ്യഭീമനായ ഡിയേഴ്യോ ജോണി വാക്കറെ വാങ്ങിയതോടെ വാറ്റ് ഗ്ലാസ്ഗോവിലേക്കു മാറ്റി. ജോണി വാക്കർ കൂടുമാറിയതിൽ പ്രതിഷേധിച്ച് കിൽമാർനേഗിൽ സമരവും പ്രതിഷേധവുമായിരുന്നു. ബ്ലെൻഡഡ് വിസ്കിയാണു. പലപല വർഷങ്ങളിൽ നിന്നുള്ള നാൽപ്പതോളം ബാരലുകളിൽ നിന്നും കലാവിരുതോടെ ബ്ലെൻഡർ മിശ്രണം ചെയ്തെടുത്തത്.ഞാൻ കുടിക്കുമെന്ന് സാറിനെങ്ങനെ അറിയാം?സമീറ കൊല്ലം എസ്.എൻ. വിമൻസ് കോളെജിൽ പഠിക്കുന്ന കാലം മുതൽക്കേ എനിക്കറിയാം. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു അല്ലേ?അതെ.പിന്നെ ഒരു വർഷം ലോക്കോളെജിൽ പോയി. അത് മതിയാക്കി അല്ലേ?ഇതെല്ലാം എന്നെപ്പറ്റി പോലീസ് ഫയലിലുണ്ടാവും. ഞാൻ ഇന്റർവ്യൂവിനു വരും എന്നു പറഞ്ഞപ്പൊഴേ എന്റെ കുടുംബ ചരിത്രം തിരക്കിയെടുത്തുകാണുമല്ലോ.ഇല്ല സമീറ, ഇതെല്ലാം എനിക്ക് ഓർമ്മയുള്ള കാര്യങ്ങളാണ്. സമീറയെപ്പറ്റി മാത്രമല്ല, ഒരുപാടുപേരെപ്പറ്റി എനിക്ക് ഒരുപാട് വിവരങ്ങളറിയാം. ഞാൻ മറക്കാറില്ല. മറവി മരണമാണ്.അതെങ്ങനെയാണ് മരണമാകുന്നത്?സമീറയുടെ ഫോണിലെ അഡ്രസ് ബുക്ക് നോക്കു. നിങ്ങൾ വർഷങ്ങളായി ഫീൽഡിലുള്ള പത്രപ്രവർത്തകയാണ്. ആയിരക്കണക്കിനു പേരുണ്ടാവും. ഫോൺ ബുക്കിൽ നിങ്ങൾ ഒരിക്കലും വിളിക്കാത്ത ഒരുപാടുപേരുണ്ടാവില്ലേ? അവരെല്ലാം നിങ്ങൾക്ക് മരിച്ചവരല്ലേ?അതെങ്ങനെ?എന്താണ് അവരും മരിച്ചവരുമായുള്ള വ്യത്യാസം? നിങ്ങൾ അവരെ ഇനി കാണാനോ വിളിക്കാനോ പോകുന്നില്ല. ഫോൺ ബുക്കിലെ പേരുകൾ കാണുമ്പോൾ അവർ ആരാണെന്നു പോലും നിങ്ങൾക്ക് ഓർമ്മവരില്ല. മരണം എന്താണ്? മരണം ഓർമ്മയുടെ നിരാസമാണ് സമീറ. നിങ്ങളെ സംബന്ധിച്ചിടത്തോളം മറന്നുപോയവരെല്ലാം മരിച്ചവരല്ലേ?ഇല്ല സർ. എന്നെങ്കിലും കാണുമ്പോൾ ഞാൻ പലരെയും തിരിച്ചറിയും. വർഷങ്ങൾക്കു ശേഷം ഒരിക്കലും വിളിച്ചിട്ടില്ലാത്ത ഒരാളുടെ ഫോൺ വിളി വരാമെന്ന പ്രത്യാശയുണ്ട്. മരണം ആ പ്രതീക്ഷയുടെ അസ്തമയമാണ്. ഇനിയും കാണുമെന്ന പ്രതീക്ഷയ്ക്കു വകയുള്ളിടത്തോളം ആരും മരിച്ചവരല്ല സർ.ഇനി കാണും എന്ന് പ്രതീക്ഷ നഷ്ടപ്പെട്ടവർ മരിച്ചവരല്ലേ? ഉദാഹരണത്തിനു ജയിലിൽ നിന്നും ഒരിക്കലും പുറത്തിറങ്ങാത്തവർ. ക്ഷയരോഗാശുപത്രിയിൽ ജീവിക്കുന്ന, അതിൽത്തന്നെ മരിക്കുന്ന രോഗികൾ. ഭ്രാന്താശുപത്രിയിലെ ആരും ഇറക്കിക്കൊണ്ടു പോവാനില്ലാത്ത ഭ്രാന്തത്തികളും ഭ്രാന്തന്മാരും. അവരെല്ലാം നമുക്ക്, പുറം ലോകത്തിനു മരിച്ചവരല്ലേ?ഒരുപക്ഷേ. രാജൻ മെൻഡസ് എന്നയാൾ ഇനി പുറത്തിറങ്ങില്ലെന്നുണ്ടോ?ഉവ്വ്, നമുക്കു വിഷയത്തിലേക്ക് വരാം.അയാളാണ് കൊന്നതെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ?എന്റെ ഉറപ്പിൽ എന്ത് കാര്യം? അയാൾ കോടതിയോട് പറഞ്ഞത് അയാള് കൊലനടത്തിയെന്നാണ്.  ഇത് ഒരു റുട്ടീൻ ക്രൈമല്ലേ? ഇതിലെന്താണ് സമീറയ്ക്ക് താല്പര്യം.എന്റെ താല്പര്യം വിടൂ. അയാളെ ഞാൻ ജയിലിൽ കണ്ടിരുന്നു. കോടതിയിൽ കുറ്റസമ്മതം നടത്തിയത് അയാൾക്ക് ഓർമ്മയില്ല. ആകെ ഓർമ്മയുള്ളത് ഉറങ്ങിക്കിടന്നപ്പോൾ സ്വപ്നം കണ്ടതാണ്. കാമുകിയെ പോലീസുകാരനുമൊത്ത് കാണുന്നതും കാമുകിയെ വെടിവെച്ചു കൊല്ലുന്നതും അറസ്റ്റിലാകുന്നതും ഒരു മോശം വക്കീലിനെ കിട്ടുന്നതും കോടതിയിൽ കുറ്റസമ്മതം നടത്തുന്നതും അയാൾ സ്വപ്നത്തിൽ കണ്ടെന്നാണു പറയുന്നത്. പ്രശ്നം അതിൽ പകുതി - രോഹിണി എന്ന സ്ത്രീ,  കൊല്ലപ്പെട്ടു എന്നത് നേരാണ്. അവർ അയാളുടെ കാമുകിയല്ല. അവർ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു എന്ന് തെളിവുകളൊന്നുമില്ല. ബാക്കി സ്വപ്നത്തിന്റെ നേരാണു ഞാൻ ചികയുന്നത്.ബാലൻ നമ്പ്യാർ ചിരിച്ചു. ചോറും കോഴിക്കറിയും വിളമ്പിക്കൊണ്ട് ചോദിച്ചു, കറി രുചിച്ചുനോക്കിയിട്ടു പറയൂ, എങ്ങനെയുണ്ട്?ഉഗ്രൻ. ഇത്ര നല്ല കോഴിക്കറി അടുത്തൊന്നും കഴിച്ചിട്ടില്ല. കൈപ്പുണ്യം എന്നു പറയുന്നത് ഉണ്ട് അല്ലേ?ഏയ്, കൈപ്പുണ്യമൊക്കെ കളിപ്പീരാണു. വെറും പാരമ്പര്യവാദം. സമീറ ശ്രദ്ധിച്ചോ, ഉള്ളിയും മുളകുമൊക്കെ അരിഞ്ഞുവെച്ചിട്ടാണു ഞാൻ കോഴിയെ വെട്ടിയത്.അതിലെന്താ കാര്യം?നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്നും പറിക്കുന്ന പച്ചക്കറികൾക്ക് രുചി കൂടും എന്നു പറയില്ലേ? ആളുകൾ വിചാരിക്കുന്നത് രാസവളം അടിക്കാത്തതുകൊണ്ടാണു രുചി എന്നാണു. അങ്ങനെയല്ല. അപ്പോൾ പറിച്ചെടുത്ത ഭക്ഷണത്തിനു രുചി കാണും. ജീവൻ നഷ്ടപ്പെട്ടയുടനെ പാചകം ചെയ്താൽ, അത് പച്ചക്കറിയായാലും ചൂണ്ടമീനായാലും ലോബ്സ്റ്ററായാലും കോഴിയായാലും രുചി കാണും. മനുഷ്യർ മരിച്ചുപോകുമ്പോൾ കുറച്ചുകഴിഞ്ഞ് ശരീരം ഉറഞ്ഞുപോവില്ലേ? റിഗർ മോർട്ടിസ് സെറ്റ് ചെയ്യുന്നത്? അത് മൃഗങ്ങൾക്കും പച്ചക്കറികൾക്കും വരെ ഉണ്ട്. കൊന്നയുടനെ തിന്നുന്ന ഭക്ഷണത്തിനൊരു തുടിപ്പും മാർദ്ദവവും കാണും. അതുപോട്ടെ, ഈ രാജൻ മെൻഡസിന്റെ തൊഴിലെന്തായിരുന്നു?ഗൾഫിൽ സ്വന്തം ഐ.റ്റി. കമ്പനി നടത്തിയിരുന്ന ആൾ. ഒരു പറയ ക്രിസ്ത്യാനി. ദളിത് കുടുംബത്തിൽ നിന്നും വന്ന,  ഏറ്റവും ദരിദ്രമായ സാഹചര്യത്തിൽ നിന്നും വന്ന മനുഷ്യൻ. അതിൽ നിന്നും ഉയർന്നുവന്ന് എഞ്ജിനിയറിങ്ങ് ബിരുദം നേടി, ഗൾഫിൽ സ്വന്തം കമ്പനി നടത്തിയിരുന്ന ആൾ.കൊലപാതകത്തിനെന്ത് ജാതിയും മതവും സമീറ?കുറ്റകൃത്യങ്ങൾക്ക് ജാതിയും മതവുമുണ്ടെന്ന് സാറിനറിയാമല്ലോ. നമ്മുടെ ജയിലുകളിൽ കുറ്റവാളികളായി എത്ര നമ്പ്യാർമാരുണ്ട്? മൊത്തം ദളിതരും മുസ്ലീങ്ങളുമല്ലേ?ബാലൻ നമ്പ്യാർ തന്റെ ഗ്ലാസിൽ വീണ്ടും വിസ്കിയൊഴിച്ചു. നമ്പ്യാർമാർ ജയിലിലില്ലാത്തത് അവരുടെ കുറ്റങ്ങൾ ദളിതരുടെമേൽ കെട്ടിവെക്കുന്നതുകൊണ്ടാണു എന്നാണോ?അങ്ങനെ ഞാൻ പറഞ്ഞില്ല. ഒരു ദളിതനുമേൽ കുറ്റാരോപണം നടത്തുമ്പോൾ കോടതിയും പോലീസും കൂടുതൽ ജാഗ്രത കാണിക്കണം എന്നാണു പറയുന്നത്.ശരിയാണ്. പക്ഷേ അറസ്റ്റ് ചെയ്തത് ഞാനല്ല. ഈ കേസിൽ കോടതിയിലും ഞാൻ പോയിട്ടില്ല. മുഖസാദൃശ്യം കൊണ്ടുമാത്രം ഞാൻ പ്രതിസ്ഥാനത്താവുന്നത് ശരിയാണോ?കൊല്ലപ്പെട്ട രോഹിണി എന്ന സ്ത്രീയെ സാറിനറിയാമോ?എന്റെ ഓർമ്മയിൽ ഇല്ല.ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. അവരുടെ അനിയൻ എന്തോ അടിപിടിക്കേസിൽ പെട്ടപ്പോൾ സാറിനെ പരിചയമുണ്ടെന്ന് അവർ ഒരിക്കൽ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്.നോക്കൂ സമീറ, ഒരു ദിവസം ശരാശരി അൻപതു പുതിയ മനുഷ്യരെങ്കിലും എന്നെ പരിചയപ്പെടുന്നുണ്ട്. അവർ പറഞ്ഞത് വാസ്തവമായിരിക്കും. എനിക്ക് അങ്ങനെ ഒരു ഓർമ്മയേ വരുന്നില്ലെന്നേയുള്ളൂ.അവരുടെ വീട്ടുകാരോട് ഞാൻ രാജൻ മെൻഡസ് എന്ന മനുഷ്യനെപ്പറ്റിയും ചോദിച്ചു. അവർ അങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടുപോലുമില്ല.ഈ രോഹിണി എവിടെയാണു ജോലിചെയ്തിരുന്നത്?കൊച്ചിയിലെ ഒരു ലൊജിസ്റ്റിക്സ് കമ്പനിയിൽ. അവിടെ ആരോടും അവർ നിങ്ങളുടെ പേരോ രാജൻ മെൻഡസ് എന്ന പേരോ പറഞ്ഞിട്ടില്ല.  ഐ.ടി. കമ്പനി നടത്തുന്ന ആളാകുമ്പോൾ സ്ഥിരം നാട്ടിൽ വന്നുപോകുമല്ലോ? ഗൾഫിൽ നിന്നു വർക്ക് പിടിച്ച് നാട്ടിൽ ചെയ്യിക്കുന്നവരല്ലേ കൂടുതൽ?അതെ. രാജൻ മെൻഡസ് പലതവണ കൊച്ചിയിൽ വന്നിട്ടുണ്ട്.ഇത് അയാൾ തന്നെ കുറ്റം സമ്മതിച്ച കേസാണെന്ന് അറിയാമല്ലോ.പോലീസിന്റെ ഉപദ്രവം സഹിക്കാൻ പറ്റാതെ എത്രപേരാണ് കുറ്റം സമ്മതിക്കുന്നത്? പോലീസിന്റെ ഇടികൊണ്ട് എത്രപേർ മരിക്കുന്നു. ഇടികൊണ്ട് മരിച്ചുപോകും എന്നു വരുമ്പോൾ ജീവൻ രക്ഷിക്കാൻ മനുഷ്യർ എന്ത് കുറ്റവും ഏറ്റുപോവില്ലേ? നിങ്ങൾ ഇടിക്കാത്ത പോലീസൊന്നുമല്ലല്ലോ. നമ്മുടെ ജയിലുകളിൽ കഴിയുന്ന നല്ല ശതമാനം ആളുകൾ നിരപരാധികളായിരിക്കും


നോക്കൂ സമീറ, പോലീസിനെപ്പറ്റിയുള്ള നിങ്ങളുടെ മുൻവിധികൾ ഞാൻ പങ്കുവെക്കുന്നില്ല. അതു പോട്ടെ. ഇയാൾ കോടതിയിലാണ് കുറ്റസമ്മതം നടത്തിയത്. കോടതിയിൽ കൊണ്ടുവന്നപ്പോഴുള്ള വീഡിയോ നിങ്ങൾ കണ്ടുകാണും. അയാളുടെ മുഖത്തോ ശരീരത്തിലോ ഒരു ഒടിവോ ചതവോ ഇല്ലായിരുന്നു. ഒരു പ്രണയബന്ധം ഉണ്ടായിരുന്നെന്നും പങ്കാളിയെ സംശയം തോന്നിയിരുന്നു എന്നും അവൾ ചതിക്കുന്നത് നേരിട്ടു കണ്ടതുകൊണ്ടാണ് കൊല നടത്തിയത് എന്നും അയാൾ കോടതിയോടാണ് സമ്മതിച്ചത്. പോലീസ് ദേഹോപദ്രവം നടത്തുന്നു എന്ന ആരോപണം സത്യമാണെന്നു തന്നെ ഇരിക്കട്ടെ. അറിഞ്ഞുകൊണ്ട് അയാൾ എങ്ങനെ ഇത്തരമൊരു കുറ്റസമ്മതം നടത്തും? പോലീസിന്റെ നിർബന്ധമുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കാമായിരുന്നല്ലോ. ശരീരം നോവാതെ കോടതി അയാളെ സംരക്ഷിച്ചേനെ. ഇപ്പോൾ നിങ്ങൾ പറയുന്നു ഈ കുറ്റസമ്മതം അയാൾ ബോധമില്ലാതെ നടത്തിയതാണെന്ന്. അങ്ങനെ ഉറങ്ങിനിൽക്കുന്ന ഒരു മനുഷ്യനെയാണോ വീഡിയോയിൽ കാണുന്നത്?സർ, ഒരു കാര്യം ശ്രദ്ധിച്ചോ?കോടതിയിൽ രാജൻ കൊല്ലപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞില്ല.

അതിനെന്താണ്?അയാൾ ഇപ്പോഴും വിശ്വസിക്കുന്നത് ലീന എന്ന അയാളുടെ കാമുകിയെ കൊന്നു എന്നാണ്.കേസിന്റെ അന്തിമവിധി വന്നിട്ടില്ലല്ലോ. ഇനിയും കോടതിയുടെ മുന്നിലെത്തുമ്പോൾ അയാൾക്ക് ഇത് കോടതിയോടു പറയാമല്ലോ.കോടതി കൊല്ലപ്പെട്ട സ്ത്രീയുടെ പേരു ചോദിക്കാത്തത് വിചിത്രമല്ലേ?അത് കോടതിയോടു ചോദിക്കണം. കൊല്ലപ്പെട്ട സ്ത്രീയുടെ പേരുവിവരങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രത്യേകിച്ചും എടുത്തു ചോദിക്കേണ്ട കാര്യമുണ്ടെന്ന് കോടതിക്ക് തോന്നിക്കാണില്ല.മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് രോഹിണി എന്ന സ്ത്രീയെ കൊന്നു എന്ന് അയാൾ സമ്മതിച്ചു എന്നാണ്. അതെങ്ങനെ വന്നു?എനിക്കറിയില്ല. ഒരുപക്ഷേ അതായിരിക്കും അയാൾ മാധ്യമങ്ങളോടു പറഞ്ഞ പേര്.മാധ്യമങ്ങൾക്കൊന്നും അയാളെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയില്ല എന്ന് സാറിനറിയാമല്ലോ. രോഹിണി എന്ന പേര് പോലീസ് ചോർത്തിക്കൊടുത്തതായിക്കൂടേ?നിങ്ങൾ ഒരു പത്രപ്രവർത്തകയാണല്ലോ. അത് മാധ്യമ സുഹൃത്തുക്കളോടു തന്നെ ചോദിക്കൂ.കോടതി വിധിന്യായത്തിൽ കൊല്ലപ്പെട്ടയാളുടെ പേര് കൊടുക്കാത്തതിൽ എന്നെ സംബന്ധിച്ചിടത്തോളം അസ്വഭാവികതയുണ്ട്.ആ സ്ത്രീയുടെ പേര് എന്തായാലെന്ത് സമീറ? എനിക്ക് നിങ്ങളുടെ ലൈൻ മനസിലാവുന്നില്ല. അയാൾക്ക് ഒരു കാമുകി ഇല്ലായിരുന്നു എന്നാണോ?സർ. അയാൾ പറയുന്നതിൽ എൺപതു ശതമാനം ശരിയായിരിക്കും. അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നിരിക്കാം. പക്ഷേ കൊന്നു എന്ന് അയാൾ തെറ്റിദ്ധരിച്ചതായിക്കൂടേ?ബാലൻ നമ്പ്യാർ ചിരിച്ചു. എങ്ങനെയാണത്?ഒരു സമ്മർദ്ദ സാഹചര്യത്തിൽ, മൈൻഡ് ആൾട്ടറിങ്ങ് ഡ്രഗ്സ് കുത്തിവെച്ച് അയാളെ ഒരു വിഭ്രമത്തിലാക്കിക്കൂടേ?പോലീസ് മയക്കുമരുന്നു കച്ചവടക്കാരാണോ സമീറ, നിയമം സംരക്ഷിക്കുന്നവരാണ് പോലീസ്.പോലീസിനെപ്പറ്റി എനിക്കത്ര നല്ല അഭിപ്രായമല്ല എന്നുതന്നെ ഇരിക്കട്ടെ. എന്തുകൊണ്ട് ഈ കൊലപാതകം ഒരു തെറ്റിദ്ധാരണയായിക്കൂടാ? പോലീസ് അയാളെ തെറ്റിദ്ധരിപ്പിച്ചതായിക്കൂടേ?മൈൻഡ് ആൾട്ടറിങ്ങ് ഡ്രഗ് എന്നൊരു മയക്കുമരുന്നുണ്ടോ? എനിക്കറിയില്ല. നിഷ്കളങ്കനായ ഒരാൾക്ക് കൊലപാതകം നടത്തി എന്ന് തോന്നാമെങ്കിൽ ചിറകുമുളച്ചു എന്ന് തോന്നിക്കൂടേ? പറക്കുന്ന മാലാഖയാണെന്ന് തോന്നിക്കൂടേ? എന്തിനാണ് കൊലപാതകിയാണെന്നു മാത്രം തോന്നിയത്?

അങ്ങനെ തോന്നിച്ചതായിക്കൂടെ സർ?

നോക്കൂ സമീറ, നമുക്ക് എന്തും സ്വപ്നം കാണാം. സ്വയം പ്രധാനമന്ത്രിയാണെന്ന്, സൂപ്പർസ്റ്റാറാണെന്ന്, കൊലപാതകിയാണെന്ന്, സ്വപ്നവും വാസ്തവവുമായി എന്താണ് വേർതിരിക്കുന്നതെന്നറിയാമോ സമീറ? ഉള്ളായ്മയെ നമുക്ക് തൊടാം. ആ ഹോട്ടലിൽ രാജൻ മെൻഡസ് വെടിവെച്ചുകൊന്ന സ്ത്രീയുടെ തണുത്ത മുഖത്തെ മോർച്ചറിയിൽ ചെന്ന് നമുക്ക് തൊട്ടുനോക്കാം. സ്വപ്നത്തിലെ കൊലപാതകത്തിൽ പറ്റാത്തതും അതല്ലേ? അല്ലെങ്കിൽ നമ്മളും രാജനുമെല്ലാം ഒരേ സ്വപ്നത്തിനുള്ളിലായിരിക്കണം അല്ലേ?

ഇതെല്ലാം പോലീസിന്റെ ഒരു ഗെയിമായിക്കൂടെ സർ?സമീറ, പോലീസിനെപ്പറ്റി നിങ്ങളെന്താണു ധരിച്ചിരിക്കുന്നത്? മാഫിയാ സംഘമല്ല പോലീസ്. വിരോധമില്ലെങ്കിൽ ഈ അഭിമുഖം നമുക്ക് ഇവിടെവെച്ച് നിർത്താം.

എനിക്ക് ഒരുന്നു പുറത്ത് പോകണമായിരുന്നു.ഒരു കാര്യം കൂടി സർ. അയാൾ കൊലപാതകം നടത്തി എന്നു വരുത്തിത്തീർക്കേണ്ടത് നിങ്ങളുടെ ആവശ്യമല്ലേ. പ്രത്യേകിച്ചും അയാളുടെ മുഖം താങ്കളുടേതിനു വളരെ സമാനമായിരിക്കുന്ന സാഹചര്യത്തിൽ.ബാലൻ നമ്പ്യാർ ചിരിച്ചു. അതായത് കൊന്നത് ഞാനല്ലേ എന്ന്. ഈ ചോദ്യം നേരത്തേ ആവാമായിരുന്നല്ലോ സമീറ . ഞാനെന്തിനാണ് കൊലപാതകം നടത്തുന്നത് എന്ന് ചോദിക്കുന്നില്ല. ജീവിക്കാൻ ഓരോ കാരണമുള്ളതുപോലെ മരിക്കാനും മറ്റൊരാളെ കൊല്ലാനും ഓരോരുത്തർക്കും ഓരോ കാരണങ്ങൾ കാണും. എനിക്കൊരാളെ കൊല്ലണമെന്നു തന്നെയിരിക്കട്ടെ. ഞാനത് നേരിട്ടു നടത്തുമോ? ഏതെങ്കിലും കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് എനിക്കു കൃത്യം നടത്താം. രഹസ്യാന്വേഷണ വിഭാഗത്തിലെ ഏതെങ്കിലും ചാരന്മാരെ ഉപയോഗിച്ച് കൃത്യം നടത്താം. അതുമല്ലെങ്കിൽ ഏതെങ്കിലും കുറ്റവാളികളെ ഉപയോഗിച്ച് കൊലനടത്തിക്കാം. അതുമല്ലെങ്കിൽ കാശുകൊടുത്ത് കൊലപാതകം നടത്താം. ഞാനൊരു മോശം മനുഷ്യനാണെന്നു തന്നെ ഇരിക്കട്ടെ. എങ്കിലും അത്ര വിഡ്ഢിയാണോ ഞാൻ? നോക്കൂ, മനുഷ്യന് ഒരു മാടിന്റെ വിലപോലുമില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. അവിടെ - എല്ലാ ഭംഗിവാക്കുകളും മാറ്റിവെച്ചുകൊണ്ടു ചോദിക്കട്ടെ, നേരിട്ട് ഒരാളെപ്പോയി കൊന്ന് ഞാനെന്റെ സൽപ്പേരും ജോലിയും ശമ്പളവും സമൂഹത്തിലെ നിലയും അപകടത്തിലാക്കുമോ?സമീറ ചിരിച്ചു. റെക്കോഡിങ്ങ് ഓഫ് ചെയ്ത് എഴുന്നേറ്റു.  സർ, താങ്കൾ പോലീസുദ്യോഗം ആസ്വദിക്കുന്നു എന്ന് തോന്നുന്നു.സമീറ, നിങ്ങൾ വളരെ കഴിവുള്ള സ്ത്രീയാണ്. ഞാനും സ്വയം ഒരു കഴിവുള്ള മനുഷ്യനായാണു കരുതുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് നമുക്കൊരു പ്രത്യേകതയുണ്ട്. നമുക്ക് ജീവിക്കാൻ പല മാർഗ്ഗങ്ങളുണ്ടാവും. പല വാതിലുകളും തുറക്കും. എന്നിട്ടും പോലീസുദ്യോഗം തിരഞ്ഞെടുത്തത് അത് അല്പം ആസ്വദിക്കുന്നതുകൊണ്ടാണ്. നേരു പറയാമല്ലോ, അധികാരം, കീഴുദ്യോഗസ്ഥരിലുണ്ടാക്കുന്ന വിധേയത്വം, പരിചയമില്ലാത്തവരിൽപ്പോലും ആരാണെന്നറിയുമ്പോൾ ഉണ്ടാവുന്ന പേടി, രഹസ്യാന്വേഷണത്തിന്റെ എനിഗ്മ. ഇതെല്ലാം ഞാനാസ്വദിക്കുന്നുണ്ട്.താങ്കളുടെ സമയത്തിനു നന്ദി സർ.അവസാനത്തെ ഉത്തരം നിങ്ങൾ ലേഖനത്തിൽ കൊടുത്താലും പ്രശ്നമില്ല. കണ്ടതിൽ സന്തോഷം സമീറ.സമീറ ചിരിച്ചു, കൈകഴുകി വീട്ടിൽ നിന്നിറങ്ങി. മുറ്റത്ത് കോഴിയുടെ അവശിഷ്ടങ്ങൾ കുഴിച്ചിട്ട കുഴിയിൽ ഒരു പട്ടി മാന്തുന്നത് സമീറ കണ്ടു. അവർ ഒരു കല്ലെടുത്ത് എറിഞ്ഞത് അതിന്റെ പള്ളയിൽ കൊണ്ടു. എന്നിട്ടും ഓടാതെ മോങ്ങിക്കൊണ്ട് അത് കുഴിമാന്തിക്കൊണ്ടിരുന്നു.5: ജയിൽപ്പക്ഷി.   


മട്ടാഞ്ചേരി സബ്ജയിലിൽ രാജനു രണ്ട് കൂട്ടുകാരെക്കിട്ടി. ജയിലിലെത്തിയ രാജൻ  മൗനിയായിരുന്നു.  മുറിയിൽ മിണ്ടാതിരുന്ന രാജനെ നടയടി എന്ന പേരിൽ എടുത്തിട്ടിടിച്ചത് സന്തോഷ് എന്നയാളായിരുന്നു. ഇടിയും ചവിട്ടും കൊള്ളുമ്പോൾ വേദന രാജൻ ചോദിച്ചുവാങ്ങുന്നതുപോലെ തോന്നി. കഞ്ചാവ് വിൽപ്പനയ്ക്ക് ജയിലിലായതാണ് സന്തോഷ്. വെളുത്ത് മെലിഞ്ഞ, പൊക്കമുള്ള മനുഷ്യൻ. പൊടിമീശയും പതിഞ്ഞതെങ്കിലും മുഴക്കമുള്ള സംസാരവും. ഇടികൊണ്ട് ചോരയുമൊലിപ്പിച്ച് കിടന്ന രാജനെ പൊക്കിയെടുത്ത് കട്ടിലിൽക്കിടത്തിയതും രാത്രി പനിച്ചുവിറച്ചപ്പോൾ കൂട്ടിരുന്നതും ഷഫീക്ക് എന്നയാളായിരുന്നു. കൊച്ചിയിൽ ചെറുപ്പക്കാരുടെ ഒരു രാഷ്ട്രീയ ജാഥ സംഘടിപ്പിച്ചതിനു ജയിലിലായ ആളാണ് ഷഫീക്ക്. ജാഥ നടത്താൻ കൂടെയുണ്ടായിരുന്നവരെയൊക്കെ വെറുതെ വിട്ടു. ഷഫീക്കിനെ മാത്രം അകത്താക്കി. കാക്കമാരുടെ ജീവിതം അല്ലെങ്കിലും ജയിലിലാണെന്നായിരുന്നു സന്തോഷ് ഇതിനെപ്പറ്റി പറഞ്ഞത്.


സന്തോഷ് ആദ്യത്തെ തല്ലിനു ശേഷവും ഇടക്കിടെ രാജനു അടികൊടുക്കുമായിരുന്നു. എന്നിട്ടും ഇവരെങ്ങനെ ഇത്ര നല്ല സുഹൃത്തുക്കളായി എന്ന് ഷഫീക്ക് ചിന്തിച്ചു. സ്വഭാവത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ ഒരു സാമ്യവുമില്ല.  ഷഫീക്കിന്റെ അഭിപ്രായത്തിൽ  ഇവരുടെ ബന്ധം ദൃഢമാക്കിയത് തല്ലിന്റെ കൊടുക്കൽ-വാങ്ങലാണ്. തല്ലുകൊള്ളുന്നയാളും തല്ലുന്നവനും തമ്മിലുള്ള ബന്ധം ഒന്നു പ്രത്യേകമാണ്. പുരാതന മനുഷ്യൻ മുതൽ ഈ അടുത്ത കാലം വരെ തല്ലുകൊടുക്കുന്ന അധികാരിയും തല്ലുകൊള്ളുന്ന വിധേയനുമുണ്ടായിരുന്നു. വിധേയൻ തല്ലുകൊടുത്തവനെ ജീവിതകാലത്തേക്ക് ആദരവോടെ കാണുന്നു. അധികാരി മരിക്കുമ്പോൾ വിധേയൻ ഹൃദയം നൊന്ത് കരയുന്നു. കാരണം അധികാരി, തല്ലുകൊടുക്കാൻ കഴിവുള്ളയാൾ, രക്ഷകനാണ്. അയാളുടെ ശക്തിയിൽ തല്ലുകൊള്ളുന്നയാൾ വിശ്വസിക്കുന്നു. ഇന്നത്തെ  കോളെജുകളിൽ റാഗിങ്ങ് എന്ന പേരിൽ ശാരീരിക പീഢനം നടത്തുന്ന മുതിർന്ന വിദ്യാർത്ഥികളും തല്ലു കൊള്ളുന്ന ജൂനിയർമാരുമായി നീണ്ടകാലം നിലനിൽക്കുന്ന സൗഹൃദങ്ങളുണ്ടാവുന്നത് ഇതുകൊണ്ടാണ്. ഇതേ വിധേയത്വമാണ് രാജനു സന്തോഷിനോടുള്ളത് എന്ന് ഷഫീക്ക് ഇരുവരോടും തുറന്നുപറഞ്ഞു. രാജനു അത് ഇഷ്ടപ്പെട്ടില്ല.


രാജനും സന്തോഷിനുമിടയിൽ  സൗഹൃദം വളർന്നു. വടക്കേ ഇന്ത്യയിലെ മയക്കുമരുന്ന് കച്ചവടക്കാർ മുതൽ ചില എം.എൽ.എ. മാരെ വരെ സന്തോഷിനറിയാമായിരുന്നു. എന്നിട്ടും ജയിലിലായി. ജയിലിലായത് പോലീസുകാർക്ക് ആളറിയാതെ പറ്റിയതാണെന്നാണു സന്തോഷ് പറഞ്ഞത്. ഇടയ്ക്കിടെ തനിക്കുടനെ ജാമ്യം കിട്ടും, ഉടനെ ജാമ്യം കിട്ടും എന്ന് സന്തോഷ് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞിട്ടും സന്തോഷിന്റെ ജാമ്യം വന്നില്ല. കൊല്ലം പള്ളിത്തോട്ടത്ത് ഒരു ചെറിയ വീടും കുടുംബവും അയാൾക്കുണ്ടായിരുന്നു. രാജനും ഷഫീക്കും ഉറങ്ങാൻ കിടക്കുമ്പോൾ സന്തോഷ് പഴയകാലത്തെ കഥകൾ പറയും. നല്ല മനുഷ്യരുടെയും ചീത്ത മനുഷ്യരുടെയും കഥകൾ പറയും. പോലീസുകാരുമായി ഒരുമിച്ചിരുന്നു കഞ്ചാവ് വലിച്ച കഥകൾ പറയും. ഭാര്യയും കുട്ടികളുമുണ്ടായിരിക്കേ ഒന്നിലധികം വീട്ടമ്മമാരെ ഒരേ സമയം പ്രേമിച്ച കഥകൾ പറയും. തീവണ്ടിയിൽ കണ്ണിൽക്കണ്ണിൽ നോക്കിയിരുന്ന് ഒരിക്കൽ ഇറങ്ങാൻ നേരം ഒരു സ്ത്രീയ്ക്ക് സന്തോഷ് തന്റെ ഫോൺ നമ്പർ കടലാസിലെഴുതി ചുരുട്ടിയിട്ടു കൊടുത്തു. ഒരു പ്രശസ്ത കവിയുടെ മദ്ധ്യവയസ്കയായ ഭാര്യയായിരുന്നു അത്. പിന്നെ നിരന്തരം രഹസ്യസമാഗമങ്ങളായിരുന്നു. പ്രേമത്തിനു പരിധിയില്ലെന്നായിരുന്നു അയാളുടെ വാദം. കൃത്യമായ നിയമങ്ങൾ വെച്ച് കളത്തിനകത്തു കളിക്കുന്ന കളിയല്ല പ്രേമം എന്ന് സന്തോഷ് ആവേശത്തോടെ പറഞ്ഞു.


ചെറുപ്പക്കാരനായ ഷഫീക്കിനു രാജന്റെ വിഷാദം നേരത്തേ മാറ്റിയില്ലെങ്കിൽ അത് തനിക്കും പിടിക്കും എന്നു തോന്നി. രാജനെ അയാൾക്കു വലിയ കാര്യവുമായിരുന്നു. ഇരട്ടക്കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട, ജയിലിൽ ഇരുപത് വർഷം കിടന്ന് പുറത്തിറങ്ങി വീണ്ടും ഒരു ചെറിയ കുറ്റം ചെയ്ത് ജയിലിലായ യോഗി എന്ന ആളുണ്ടായിരുന്നു അവിടെ. അയാൾക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങളായിരുന്നു. അയാളുടെ മുറിയിൽ മറ്റ് തടവുകാരെ വാർഡന്മാർ അനുവദിച്ചില്ല. ഷഫീക്ക് ജയിൽ വാർഡന്റെ അനുവാദം വാങ്ങി രാജനെ യോഗിയുടെ അടുത്ത് കൊണ്ടുപോയി.


കലങ്ങിയ കണ്ണുകളും നീണ്ട താടിയുമായിരുന്നു ആ എല്ലിച്ച മനുഷ്യന്. യോഗി  രാജനെ കട്ടിലിലിരുത്തി, യോഗി നിലത്തിരുന്നു. ഷഫീക്ക് രാജൻ കാമുകിയെ കൊന്ന കഥപറഞ്ഞു. യോഗി എല്ലാം കേട്ടുകൊണ്ടിരുന്നു. ഒടുവിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് രാജനോട് ചോദിച്ചു. രാജൻ ഒന്നും മിണ്ടിയില്ല.


യോഗി നിലത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞുതുടങ്ങി. ഈ ജയിൽ വാസം വലിയ കാര്യമാക്കണ്ട. മനുഷ്യരെല്ലാവരും അറിഞ്ഞുകൊണ്ട് ഓരോ ജയിലിൽച്ചെന്ന് തല്വെച്ചു കൊടുക്കുന്നവരാണ്. നിങ്ങൾ ഗൾഫിലായിരുന്നു എന്നല്ലേ പറഞ്ഞത്? വിമാനത്തിൽ യാത്രചെയ്തിട്ടുള്ള മനുഷ്യനല്ലേ? വിമാനം മനുഷ്യർ അറിഞ്ഞുകൊണ്ടു കയറുന്ന ജയിലാണ്. അതിനുള്ളിൽ കയറിയാൽ പിന്നെ പറക്കൽ നിൽക്കുന്നതുവരെ പുറത്തിറങ്ങാൻ പറ്റില്ല. നിങ്ങളുടെ ഭാര്യയ്ക്കു സുഖമില്ലെന്നോ മകൾക്ക് തലകറക്കമാണെന്നോ നിങ്ങൾക്ക് ബോറടിച്ചു, യാത്ര മതിയായി എന്നോ പറഞ്ഞാലും ഇറങ്ങാൻ പറ്റില്ല. പതിനാലും പതിനാറും മണിക്കൂർ വരെ നീണ്ട യാത്രചെയ്യുന്ന വിമാനം ഒരു ചെറിയ ജയിലാണ്. എന്നിട്ടും നമ്മളതിൽ കയറുന്നു. അതിന്റെസമയം മുഴുവൻ ഇരുന്നുകൊടുക്കുന്നു. തീവണ്ടിയോ? തീവണ്ടി മറ്റൊരു ജയിലാണ്. പുതിയ തീവണ്ടികളിൽ അപായച്ചങ്ങല പോലുമില്ല. നിങ്ങൾ കയ്യോ കാലോ ഒടിഞ്ഞോ കാൻസർ വന്നോ ആശുപത്രിയിലായാലോ?ചികൽസ മതി, വീട്ടിൽപ്പോകണം എന്ന് നിങ്ങൾ പറഞ്ഞാലും ഡോക്ടർ വിടില്ല. നിങ്ങൾ തടവിലാണ്, ചിലപ്പോൾ മാസങ്ങളോളം. അതിന്റെ സമയം കഴിഞ്ഞേ പുറത്തിറങ്ങാൻ പറ്റൂ. ചില രോഗങ്ങൾക്ക് പുറത്തിറങ്ങാനേ പറ്റില്ല. ആ ജയിലിൽക്കിടന്നു മരിക്കണം. പോരാത്തതിനു ഇടക്കിടെ കുത്തിവെപ്പുമുണ്ട്. അതാണു ചില രോഗികൾ ഒന്നും വേണ്ട എനിക്കു വീട്ടിൽക്കിടന്നു മരിച്ചാൽ മതി എന്നു പറയുന്നത്. എന്നാലും ചിലപ്പൊ വിടില്ല.  ഈ ജയിൽ വാസവും യാത്ര പോലെ, രോഗം പോലെ ഒരു അവസ്ഥയായി വിചാരിച്ചാൽ മതി. ഈ അവസ്ഥയും മാറിക്കോളും.


നിങ്ങൾക്ക് രണ്ടുപേരെ കൊന്നതിൽ പശ്ചാത്താപമുണ്ടോ? രാജൻ ചോദിച്ചു. ആ കൊലപാതകം നിങ്ങൾ ചെയ്തില്ലായിരുന്നു എങ്കിൽ എന്ന് ചിന്തിക്കാറുണ്ടോ?


യോഗി അപ്പൊഴും തലയുയർത്തി നോക്കിയില്ല. വെളുത്ത താടി തടവി, നിലത്തു നോക്കിക്കൊണ്ട് അയാൾ സംഭാഷണം തുടർന്നു. പശ്ചാത്താപം കൊണ്ട് എന്താണ് ഗുണം? നടന്നതു നടന്നു. ചത്തവർ ചത്തു. അതിനിനി ഞാൻ പശ്ചാത്തപിച്ചാലും സന്തോഷിച്ചാലും ഒരു മാറ്റവും വരില്ല. കാലത്തിലൂടെ തിരിച്ചു നടന്നുപോയി ഒന്നും മാറ്റാൻ പറ്റില്ല. കാലമൊരു വൺ-വേ പാലമാണു. പിന്നെ എന്തിനാണ് പശ്ചാത്താപം?  നോക്കൂ. ഞാൻ വീട്ടിൽ രാത്രി കയറിച്ചെല്ലുമ്പോൾ മകളും എന്നോളം പ്രായമുള്ള ഒരു മനുഷ്യനും ഉടുതുണിയില്ലാതെ കിടക്കുന്നു. എനിക്ക് വാക്കിനു ഒരു മൺവെട്ടി കിട്ടി. അവർ രണ്ടുപേരും തീർന്നു.


ഒരു നിമിഷം ചിന്തിക്കൂ, എന്റെ വാക്കിനു മൺവെട്ടിയല്ല, ഒരു പ്ലാസ്റ്റിക്ക് കുപ്പിയായിരുന്നു കിട്ടിയതെങ്കിലോ? ഞാൻ അതെടുത്ത് അവരെ അടിക്കും. അടികൊള്ളുമ്പോൾ മകൾക്ക് നോവും, അവൾ തുണി വാരിവലിച്ചിട്ട് എന്നെ കൊല്ലല്ലേ എന്ന് നിലവിളിക്കും. കൂടെയുള്ള പുരുഷൻ ഉടുതുണിയില്ലാതെ ഇറങ്ങിയോടും. ഞാൻ മകളെ പൊതിരെത്തല്ലും. നാട്ടുകാർ ഓടിവന്ന് എന്നെ പിടിച്ചുമാറ്റും. ദേഷ്യമടങ്ങുമ്പോൾ ഞാൻ പോയിക്കിടന്നുറങ്ങും, അവൾ കരഞ്ഞ് കിടന്നുറങ്ങി എഴുന്നേറ്റ് കോളെജിൽപ്പോകും. ഞാൻ ജയിലിലാവില്ല.


ഇനി മൺവെട്ടിക്കു പകരം ഒരു മുളവടിയാണ് കിട്ടിയതെങ്കിലോ? ഞാൻ രണ്ടുപേരെയും പൊതിരെത്തല്ലും. അവരുടെ തലപൊട്ടി ചോരയൊലിക്കും. എന്നാലും അവരാരും പോലീസിൽ പരാതി പറയില്ല. മകൾ എന്റെ മകളായതുകൊണ്ട് അച്ഛൻ തല്ലി തലപൊട്ടിച്ചെന്നു പരാതി പറയില്ല. അപരൻ നാണക്കേടുകൊണ്ട് പോലീസിൽ പരാതി പറയില്ല. ഞാൻ ജയിലിലാവില്ല.


എന്റെ വാക്കിനു കിട്ടിയത് മൺവെട്ടിയായിരുന്നു. വെട്ടിയപ്പോൾ അവർ മരിച്ചു. ഞാൻ ജയിലിലായി. അവർ മരിക്കാതെ രണ്ടുപേർക്കും പരിക്കു പറ്റിയെങ്കിൽ ഞാൻ രണ്ടോ മൂന്നോ വർഷം ജയിലിലായേനെ. വെട്ടുകൊള്ളുന്ന ചിലർ മരിക്കുന്നു, ചിലർക്ക് പരിക്കേൽക്കുന്നു, ചിലർക്ക് വെട്ട് കൊള്ളുന്നേയില്ല. അതായത് വെട്ട് എന്ന ക്രിയയ്ക്കല്ല, മരണം എന്ന, തികച്ചും റാൻഡം ആയ ഫലത്തിനാണ് എനിക്കു ശിക്ഷ കിട്ടിയത്. അതിൽ പരാതിയില്ല. പക്ഷേ രാജൻ, എത്ര പേരാണ് ഭാര്യയെയും ഭർത്താവിനെയും മക്കളെയും അച്ഛനമ്മമാരെയും നാട്ടുകാരെയും തല്ലുന്നത്? ഇവരിൽ മിക്കവരും ജയിലിലാവാത്തത് തല്ല് വാക്കിനു കൊള്ളാഞ്ഞിട്ടാണ്. തല്ലുകൊണ്ടയാൾ മരിച്ചാൽ തല്ലുന്നയാൾക്ക് ജീവപര്യന്തം. തല്ലുകൊണ്ടയാൾ അടികൊണ്ട പാട് തടവിക്കൊണ്ടു പോയാൽ തല്ലുന്നയാൾക്ക് വീട്ടിൽപ്പോകാം. ചിലപ്പൊ ഒരാളെ ഒന്ന് കളിയായി പിടിച്ചു തള്ളുമ്പൊഴായിരിക്കും ഏതെങ്കിലും കല്ലിലിടിച്ച് തലപൊട്ടി മരിച്ചുപോവുന്നത്. നോക്കൂ, ഫലത്തിനാണ് ശിക്ഷ. ചെയ്യുന്ന പ്രവർത്തിക്കല്ല. ചെയ്യുന്ന പ്രവർത്തിക്ക് ആളുകളെ ജയിലിലാക്കാൻ തുടങ്ങിയാൽ നാട്ടിലെ വീടുകളെല്ലാം ജയിലുകളായി പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്.


ജയിലിൽ വന്ന് ആദ്യമായി രാജൻ ചിരിച്ചു. ഉടനെതന്നെ അവൻ വീണ്ടും വല്ലാതെയായി.
രാജന് പറയുന്നത് മനസിലാവുന്നുണ്ടോ? നിങ്ങൾ എന്തിനാണ് നിങ്ങളുടെ കാമുകിയെ കൊന്നത്?
അവളെന്നെ വഞ്ചിച്ചു.ശരി, അതെന്തുമായ്ക്കോട്ടെ. എവിടെവെച്ചാണ് കൊന്നത്?
മെറീഡിയൻ ഹോട്ടലിൽ.
ഏത് മുറിയിൽവെച്ച്?
208-ആം നമ്പർ മുറിയിൽ വെച്ച്.
വെടിവെച്ചു കൊന്നു എന്നല്ലേ ഷഫീക്കേ പറഞ്ഞത്?
അതെ. അങ്ങനെ തന്നെ.
ആ വെടിയുണ്ട അവൾക്കു കൊണ്ടില്ലായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചും പരാതിപറഞ്ഞും തിരികെ ദുബൈയിൽപ്പോയി ജീവിക്കാമായിരുന്നു എന്ന ദു:ഖമാണോ രാജനു?
അതല്ല, അവൾ മരിക്കാൻ വേണ്ടി എന്ത് തെറ്റാണ് ചെയ്തത്? ഞാനവളുടെ കാമുകനായിരുന്നു, ഉടമയല്ലല്ലോ.


മരിക്കാൻ വേണ്ടി തെറ്റുചെയ്യണോ? പാപത്തിന്റ് ഫലമാണോ മരണം? ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ കരയുന്നതിനു മുന്നേ മരിച്ചുപോകുന്നു. മനുഷ്യരുടെ കാര്യം വൈകാരികമായല്ലാതെ പറയാൻ പറ്റില്ല. മനുഷ്യരെ വിടൂ.പാറ്റകളെ നോക്കൂ. എത്ര പാറ്റകൾ ജീവിക്കുന്നു, എത്രയെണ്ണം ചെരുപ്പിനടിയിൽപ്പെട്ട് മരിക്കുന്നു. പാപം ചെയ്ത പാറ്റകളാണോ മരിക്കുന്നത്?


ഞാൻ എന്തിനാണ് അവളെ വെടിവെച്ചത്?


യോഗി തലയുയർത്തി രാജനെ നോക്കി പുഞ്ചിരിച്ചു. ആദ്യമായാണ് യോഗി കണ്ണുയർത്തിയത്. നോക്കൂ, ഇപ്പോൾ നിങ്ങൾ ശരിയായ ചോദ്യം ചോദിച്ചു. ഉത്തരവും നിങ്ങളുടെ ഉള്ളിലുണ്ട്.  നിങ്ങൾ എന്തിനാണ് അവളെ വെടിവെച്ചത്?


എനിക്കറിയില്ല.
നിങ്ങൾക്ക് തോക്ക് എടുക്കുന്നത് ഓർമ്മയുണ്ടോ?
മങ്ങിയ ഓർമ്മയുണ്ട്.
തോക്ക് ഉപയോഗിക്കാൻ അറിയാമോ? ഇതിനു മുൻപ് തോക്ക് എടുത്തിട്ടുണ്ടോ?
ഇല്ല.
ഏത് ബ്രാൻഡ് തോക്കായിരുന്നു?
അറിയില്ല.
അതിന്റെ സേഫ്റ്റി ലാച്ച് എവിടെയാണെന്നറിയാമോ?
എനിക്കറിയില്ല.
നിങ്ങൾ എന്തിനാണ് ദുബൈയിൽ നിന്നും കൊച്ചിയിൽ വന്നത്?
എന്റെ കമ്പനിയുടെ പ്രോജക്റ്റ് കൊച്ചിയിലെ ഒരു ചെറിയ കമ്പനിയെ ഏൽപ്പിക്കാൻ. അതിന്റെ കാര്യങ്ങൾ സംസാരിക്കാൻ.
നിങ്ങളുടെ കാമുകി കൊച്ചിയിൽ വരുമെന്നു പറഞ്ഞിരുന്നോ?
ഉവ്വ്. പറഞ്ഞിരുന്നു.
അവൾ ഇതേ ഹോട്ടലിൽ താമസിക്കും എന്ന് അറിയുമായിരുന്നോ?
ഉം..
അവളെ നിങ്ങൾ കാണാൻ പോയോ?
എനിക്കറിയില്ല.
അവളെ കാണാൻ പോകാനുള്ള സമയം കിട്ടിയോ? അതോ ജോലിത്തിരക്കായിരുന്നോ?
രാത്രി വരെ പ്രോജക്റ്റിന്റെ ചർച്ചകളായിരുന്നു.
പിന്നെ എപ്പൊഴാണ് കാമുകിയെ കാണാൻ പോയത്?  ഇടയ്ക്ക് ഇറങ്ങിപ്പോയോ?
ഇടയ്ക്ക് ഊണുകഴിക്കാൻ പുറത്തുപോയിരുന്നു.
ഒറ്റക്കാണോ?
ഒറ്റക്ക്.
ശരിക്കും നിങ്ങൾ നിങ്ങളുടെ കാമുകിയെ കൊന്നോ?
എനിക്കറിയില്ല. എനിക്കങ്ങനെയാണു തോന്നുന്നത്.
കാമുകിയെ നിങ്ങൾ കൊന്നു എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? ഈ 208-ആം നമ്പർ മുറി എവിടെന്നു കിട്ടി?
അറസ്റ്റ് ചെയ്ത്, വണ്ടിയിൽ കൊണ്ടുപോകുമ്പോൾ പോലീസുകാർ പറഞ്ഞതാണെന്ന് ഓർമ്മ. കഥയെഴുതും എന്ന് പറഞ്ഞ ഒരു ഡോക്ടർ. വെളുത്ത കോട്ടൊക്കെയിട്ട്. പേര് ഓർമ്മവരുന്നില്ല.
ഷഫീക്ക്, ഇയാളാരെയും കൊന്നെന്നു തോന്നുന്നില്ല. ഇനി ആരോടും ഇത് മിണ്ടരുത്. അപകടമാണു. ജയിലിലെ ചുവരുകൾക്കുപോലും ചെവികളുണ്ട്.  രാജൻ വിഷാദിയായി ഇരിക്കുന്നെങ്കിൽ ഇരുന്നോട്ടെ. അതൊക്കെ താനേ മാറിക്കോളും.


---


യോഗിയുടെ മുറിയിൽ നിന്നും വന്ന രാജൻ ഒരുപാടുനേരം മിണ്ടാതെയിരുന്നു. എന്നിട്ട് സന്തോഷിനോടു തന്റെ സംശയം പങ്കുവെച്ചു:
ലീനയെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടെങ്കിൽ, കയ്യിൽ ഒരു തോക്കുണ്ടായിരുന്നെങ്കിൽ, ഞാനവളെ കൊന്നേനെ. പക്ഷേ ഞാനവളെ കൊന്നിട്ടില്ല. അപ്പോൾ ആരാണ് കൊല്ലപ്പെട്ടത്? എന്നെ കാണാൻ വന്ന പത്രപ്രവർത്തകയും ഇതുതന്നെയാണു പറഞ്ഞത്.  ബാലൻ നമ്പ്യാർ എന്ന പോലീസുകാരൻ നടത്തിയ ഒരു കൊലപാതകം ആരോ പകർത്തിയതാണ്. രഹസ്യാന്വേഷണ മേധാവി പിടികൊടുക്കില്ല. പകരം കാഴ്ച്ചയിൽ സാമ്യമുള്ള എന്നെക്കുടുക്കി. ഇനി ഞാൻ പുറത്തിറങ്ങാതിരിക്കാൻ അയാൾ ശ്രമിക്കും. എന്നെങ്കിലും പുറത്തിറങ്ങാൻ പറ്റുമോ?


ഇങ്ങനെ ധൈര്യം വെടിഞ്ഞാലോ? നീ പുറത്തിറങ്ങ്, എന്നിട്ട് അയാളെ കൊല്ല്.


എന്തിന്? എനിക്കാരെയും കൊല്ലണ്ട. എങ്ങനെയും ഈ നാടുവിട്ട് ഗൾഫിൽ തിരിച്ചെത്തിയാൽ മതി.


നീ ഗൾഫിലെത്തിയാലും എവിടെയെത്തിയാലും എന്നും നിയമത്തിന്റെ മുന്നിൽ കൊലപാതകിയായിരിക്കും. കൊലപാതകം നടത്തിയ ആൾ വീണ്ടും വീണ്ടും അത് നടത്തിക്കൊണ്ടിരിക്കും. ഇന്ന് നീ ജയിലിലായി. ഇതിനു മുൻപ് എത്രപേർ ഇതുപോലെ പോലീസുകാർ ചെയ്ത കുറ്റത്തിനു ജയിലിലായിക്കാണും? ഈ അക്രമം നടത്താൻ അവർക്കു ധൈര്യം വരുന്നത് ഇരകൾ എതിർക്കില്ല എന്ന കാര്യം കൊണ്ടല്ലേ? വെറുതേ വിടരുത്. നിന്നെ കണ്ടപ്പൊഴേ എനിക്കറിയാമായിരുന്നു നീ ആരെയും കൊന്നിട്ടില്ലെന്ന്. നീ ആ റ്റൈപ്പല്ല. ബാലൻ നമ്പ്യാർ കൊലപാതകിയാണെന്നതിൽ എനിക്കും സംശയമൊന്നുമില്ല. പക്ഷേ ഏത് പോലീസുദ്യോഗസ്ഥനാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്?  ഈ കൊലപാതകിയെ നിയമം തൊടില്ല. അയാളെ കൊന്നുകളഞ്ഞാൽ അത് ബാക്കി പോലീസുകാർക്ക് ഒരു പാഠമായിരിക്കും.


നിയമവും ബാക്കിയുള്ളവരും എന്നെ കൊലപാതകിയായി കണ്ടതുകൊണ്ട് ഞാൻ കൊലപാതകിയാവുന്നില്ലല്ലോ. എനിക്കാരെയും കൊല്ലണ്ട. എന്തിനാണ് അയാളെ കൊല്ലുന്നത്? നടന്നത് നടന്നു. എല്ലാം മറന്നാൽപ്പോരേ? എന്റെ നേർക്കൊരു അനീതി നടന്നു. അതിനു പകരം ചോദിച്ചതുകൊണ്ട് അനീതി ഇല്ലാതാവുമോ?


അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപുള്ള നീയല്ല ഇനി പുറത്തിറങ്ങാൻ പോകുന്ന നീ. ഇത്രയും ദ്രോഹം നടന്നിട്ട് അതിനു പകരം ചോദിക്കാതെ വിടുന്നതെന്തിനാണ്? നാളെ നീ ഒരുകാലത്ത് അയാളെ വെറുതെ വിട്ടതോർത്ത് ദു:ഖിക്കും.പ്രതികാരം ചെയ്യാതെ പോവുന്ന നിന്നെ ഒന്നിനും കൊള്ളില്ല. നിന്റെ ആത്മവിശ്വാസം നശിക്കും. ഇതുപോലുള്ള ഓരോ പത്രവാർത്തകൾ വരുമ്പോൾ നീ ഈ സിസ്റ്റത്തിനു ഒരു അടികൊടുക്കാൻ പറ്റാതെ വിട്ടുകളഞ്ഞ അവസരം ഓർത്ത് ദു:ഖിക്കും.


നിയമവും കോടതിയുമൊക്കെ വെറുതെയിരിക്കുമോ?പോലീസുകാരെ നിയമം നോക്കിക്കോളും.


നീ ഇവിടെനിന്ന് ഇറങ്ങിപ്പോയാൽ ബാലൻ നമ്പ്യാർ വെറുതെയിരിക്കുമോ? അയാൾ ഇനിയും നിന്നെ കുടുക്കാൻ നോക്കും. നീ കുറ്റവാളിയാകേണ്ടത് അയാളുടെ ആവശ്യമാണ്. കേസിനു പിറകേ കേസുകൾ വന്നുകൊണ്ടിരിക്കും. കേരളത്തിൽ ഇനി വരാൻ പറ്റില്ല. അതുമല്ല, കോടതി നിന്റെ കാമുകിയുടെ പേരു ചോദിച്ചിട്ടില്ല എന്നറിയാമല്ലോ. നിന്റെ കാമുകിയല്ല മരിച്ചത് എന്ന് ബോധ്യപ്പെട്ടാൽ നീ ഒരുപക്ഷേ രക്ഷപെട്ടേനെ. പക്ഷേ കോടതി പേരുചോദിക്കില്ല. അവർക്കു ബോധ്യപ്പെടണ്ട. അതാണ് പേരുചോദിക്കാത്തത്.  കോടതിയും പോലീസിന്റെ കൂടെയാണെങ്കിലോ? അവർ നിനക്ക് നാട്ടിലും വിദേശത്തും കാമുകിമാരുണ്ടായിരുന്നു എന്ന് പറയും.


രാജൻ മിണ്ടാതെ തലകുനിച്ചിരുന്നു.


ഇനി പോലീസുകാരെ കോടതി നിയന്ത്രിക്കും എന്ന് തന്നെ വിചാരിക്കു. കോടതി ഒരു പോലീസുകാരനെ എങ്ങനെ ശിക്ഷിക്കും? എന്ത് ശിക്ഷ വിധിക്കാനും കോടതിക്ക് തെളിവുവേണം. തെളിവുണ്ടാക്കുന്ന ജോലി ആർക്കാണ്? പോലീസുകാർക്ക്. പോലീസുകാരൻ തെളിവുകൊടുത്തിട്ട് പോലീസുകാരനെ കോടതി അറസ്റ്റ് ചെയ്യുക - അതും രഹസ്യാന്വേഷണ വിഭാഗം മേധാവിയെ.  നടക്കുന്ന കാര്യമാണോ?


എങ്ങനെയെങ്കിലും ജാമ്യത്തിലിറങ്ങി തിരികെ ഗൾഫിലെത്താൻ പറ്റിയായിരുന്നെങ്കിൽ..


എങ്കിലോ?
എന്തിനാണ് പുലിവാലിനു പിന്നാലെ പോകുന്നത്. രഹസ്യാന്വേഷണ വിഭാഗം മേധാവിക്കെതിരെ എന്തുചെയ്യാനാണ്? ഞാൻ എന്റെ അനുഭവം വിവരിച്ച് ഫെയ്സ്ബുക്കിലെഴുതാം.


അതുകൊണ്ട് എന്താവാനാണ്? ഒരു ദിവസം എല്ലാവരും നിന്റെ പോസ്റ്റ് റീഷെയർ ചെയ്തുകളിക്കും. ധാർമ്മികരോഷത്തിന്റെ ബഹളമായിരിക്കും. പോലീസ് പ്രതികരിക്കില്ല. രണ്ടു ദിവസം കഴിയുമ്പോൾ ഫെയ്സ്ബുക്ക് പുതിയ വാർത്തയ്ക്കു പിന്നാലെപോകും. നിന്നെ മറക്കും. പോലീസ് പക്ഷേ മറക്കില്ല. മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞായാലും നീ എന്നെങ്കിലും നാട്ടിലെത്തുമ്പോൾ ബാലൻ നമ്പ്യാർ നിന്നെ തേടിവരും. അപ്പോൾ നിന്നെ മറ്റാരും ഓർക്കില്ല.


ഞാൻ ബാലൻ നമ്പ്യാരെ കൊന്നാലും പോലീസ് എന്നെ തേടിവരില്ലേ?


നീയാണു കൊന്നത് എന്ന് പോലീസ് അറിയരുത്. എന്നാൽപ്പോലും നീ ഇനി നാട്ടിലെത്തരുത്. ഇനിയുള്ള ജീവിതം ഗൾഫോ കാനഡയോ മറ്റേതെങ്കിലും വിദേശരാജ്യമോ എന്ന് കൂട്ടിയാൽ മതി.


ഒരാളെ കൊന്നിട്ട് ഞാനെങ്ങനെ ഗൾഫിൽപ്പോകാനാണ്?


ആദ്യം ഇവിടെനിന്നും പുറത്തിറങ്ങാനുള്ള വഴിനോക്കണം. ബാക്കിയെല്ലാം ഞാൻ നോക്കട്ടെ.


6. ലീന


ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ മദ്യവും മറ്റ് ജ്യൂസുകളും നിറച്ച ട്രോളി തള്ളിക്കൊണ്ട് എയർഹോസ്റ്റസ് വന്നു. വെളുത്ത മുഖവും സ്വർണ്ണത്തലമുടിയും ഉള്ള സുന്ദരി. അവർ അടുത്തെത്തിയപ്പോൾ  ലീനയുടെ അരികത്തിരുന്ന മലയാളി കൽപ്പണിക്കാരൻ 'വൺ വിസ്കി' എന്ന് അവരോടു പറഞ്ഞു.അത് കേട്ടത് ഭാവിക്കാതെ, മാം, എന്താണ്‌ കുടിക്കാൻ വേണ്ടത് എന്ന് അവർ ലീനയോടു ചോദിച്ചു. ലീന ഒരു വോഡ്കയും തക്കാളി ജ്യൂസും ചോദിച്ചു. എയർഹോസ്റ്റസ് ഐസിട്ട ഗ്ലാസിൽ വോഡ്ക പൊട്ടിച്ചൊഴിച്ചു, അതിൽ ഒരു നാരങ്ങാത്തുണ്ടിട്ടു, ഉപ്പും കുരുമുളക് പൊടിയും റ്റബാസ്കോ സോസും വോർവിക്ഷെയർ സോസും ചേർത്തിളക്കി, ലീനയ്ക്കു കൊടുത്തു. ഇനിയും എരിവു വേണമെങ്കിൽ ഈ സോസ് വെച്ചോളു എന്നുപറഞ്ഞ് റ്റബാസ്കോ സോസ് കൊടുത്തു. അപ്പോൾ എയർഹോസ്റ്റസ് കേൾക്കാതെ പോയതായിരിക്കുമോ എന്ന് ശങ്കിച്ച് മലയാളി കല്പണിക്കാരൻ വീണ്ടും വൺ വിസ്കി എന്ന് അല്പം ഉറക്കെപ്പറഞ്ഞു. എയർഹോസ്റ്റസ് അയാളേ നോക്കി, എന്നിട്ട് സീറ്റിൽ ആരെയും കാണാത്തതു പോലെ അടുത്ത സീറ്റിലേക്കു നടന്നു.


അവരെ തിരിച്ചുവിളിച്ച് അയാൾക്ക് ഒരു വിസ്കി വാങ്ങിക്കൊടുക്കണോ എന്ന് ലീന ചിന്തിച്ചു. ലീന പറയുകയാണെങ്കിൽ ക്ഷമിക്കൂ, ഞാൻ കേട്ടില്ല എന്നുപറഞ്ഞ് അവർ കപടവിനയത്തോടെ ഒരു വിസ്കി അയാൾക്കു കൊടുക്കും. ലീന പറഞ്ഞില്ല. മലയാളി തൊഴിലാളിക്ക് അപ്പോൾ വിമാനത്തിന്റെ സീറ്റ് പൊള്ളുന്നതുപോലെ തോന്നുന്നുണ്ടാവും. രാജൻ പറഞ്ഞതാണ്. മുൻപ് ഇങ്ങനെയൊരു തൊഴിലാളിയായിരുന്നു രാജൻ. കൊടും ദരിദ്രരെ പണക്കാരാക്കി തലവര മാറ്റിയെഴുതുന്ന ഗൾഫ് മായാജാലത്തിന്റെ മറ്റൊരടയാളയിരുന്നോ രാജൻ? അതോ ജീവിതത്തിൽ രക്ഷപെടും എന്നുറപ്പിച്ച് അയാൾ താനേ തലവര തിരുത്തിയെഴുതിയതോ? ലീനയ്ക്ക് ഉറപ്പില്ലായിരുന്നു.


വിദ്യാഭ്യാസമോ പാരമ്പര്യമോ നോക്കാതെ ഒരുപാട് മലയാളികൾ വന്ന് കരയ്ക്കടിഞ്ഞ, അവിടെന്നു കരകയറിയ തീരങ്ങളായിരുന്നു ദുബൈയും സൗദിയും മറ്റും. പടിഞ്ഞാറൻ രാജ്യങ്ങൾ ബിരുദവും ബാങ്ക് ബാലൻസും നോക്കി വിസ കൊടുത്തപ്പോൾ ഗൾഫിലെ സ്വർണ്ണമണൽത്തരികളിൽ ആർക്കുവേണമെങ്കിലും  എത്തിപ്പെടാമായിരുന്നു, ഒരു വിസയും റ്റിക്കറ്റും വേണമെന്നു മാത്രം. ഗൾഫിൽ വന്ന് കുറച്ചുനാൾ പണിയെടുത്ത് ഒന്നും സമ്പാദിക്കാതെ തിരിച്ചെത്തിയവരും കിട്ടുന്നതിൽക്കൂടുതൽ ചിലവാക്കി കടം കയറി ജയിലിലായവരും ഉണ്ടായിരുന്നു. പക്ഷേ പത്തും ഇരുപതും കൊല്ലം പണിചെയ്തിട്ടായാലും നാട്ടിൽ ഒരു വീടുവെച്ച് മക്കളെയും പഠിപ്പിച്ച് തിരിച്ചുപോകുന്നവരായിരുന്നു കൂടുതൽ. ആളുകളെ ഗൾഫിലെത്തിക്കാൻ ലേബർ സപ്ലൈ കമ്പനികൾ വളർന്നു. ഗൾഫ് സ്വപ്നം കാണാൻ പറ്റാത്തവരും നാട്ടിലുണ്ടായിരുന്നു. വിസയും റ്റിക്കറ്റും വാങ്ങാനാവാത്ത, കഞ്ഞിക്കുവകയില്ലാത്ത ദരിദ്രരായവർ. അവർക്ക് ഗൾഫ് തൊഴിലാളിയാകുന്നതും അപ്രാപ്യമായിരുന്നു. ഏതെങ്കിലും ഏജന്റിനു മടക്കറ്റിക്കറ്റിനും വിസയ്ക്കും ഉള്ള കാശ് കൊടുത്താലേ ഗൾഫിലെത്താൻ പറ്റൂ. ഗൾഫിൽ ഒരു തൊഴിലാളിയായി എത്തിപ്പെടാൻ തന്നെ നാട്ടിൽ ഒരുലക്ഷം രൂപയെങ്കിലും വേണം. അതിനുള്ള പണം സംഘടിപ്പിക്കാൻ പറ്റാത്തവർ നാട്ടിൽത്തന്നെ ദരിദ്രരായി ജീവിച്ചു മരിച്ചു.


ഒരുപാട് ദരിദ്രമായ സാഹചര്യത്തിൽ വളർന്ന രാജന് ആ ഒരുലക്ഷം രൂപ എടുക്കാനില്ലായിരുന്നു. അയാൾ കിട്ടുന്ന പണിയെല്ലാം ചെയ്തു.വാടകയ്ക് ഓട്ടോറിക്ഷ ഓടിക്കാൻ പോയി. തെങ്ങിനു തടം വെട്ടാൻ പോയി, റോഡ് ടാറിടാൻ പോയി, ഓട വൃത്തിയാക്കാൻ പോയി, ബസ്സിലെ ക്ലീനറായി ജോലി ചെയ്തു. എന്നിട്ടും കാശില്ലാതെ മതം മാറി ക്രിസ്ത്യാനിയായി, വെറും രാജനായിരുന്ന അയാൾ രാജൻ മെൻഡസായി. മതം മാറിയതിനു പ്രതിഫലമായി പള്ളിക്കാർ കാശുകൊടുത്തു. ദൈവരാജ്യം വരുന്നത് മരിച്ചുകഴിഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾത്തന്നെയാണെന്ന് കാശുകിട്ടിയപ്പോൾ രാജനു മനസിലായി. മതം മാറിയപ്പോൾ കിട്ടിയ കാശും അതുവരെയുള്ള സമ്പാദ്യവും പിന്നെ  കടം വാങ്ങി കിട്ടിയ കാശും കൊണ്ട് രാജൻ പാസ്പോർട്ടും വിസയും ഒപ്പിച്ചു, ഗൾഫ് മലയാളിയായി.


മണിക്കൂറിൽ അഞ്ച് ദിർഹം എന്ന നിരക്കിൽ അയാൾ ഒരു വലിയ ബോട്ടിലെ മെക്കാനിക്കായി ജോലി ചെയ്തു. ചിലപ്പോൾ ആഴ്ച്ചയിൽ ഏഴു ദിവസവും ജോലി. ചില ദിവസം പണിയൊന്നും കാണില്ല. ജോലിയുള്ള ദിവസം അയാൾ പതിനാറു മണിക്കൂർ ജോലിചെയ്തു. പന്ത്രണ്ടുപേർ  ഒരേമുറിയിൽ  മൂന്നുനിലയുള്ള കട്ടിലിട്ട് കിടക്കുന്നയിടത്ത് ഇടമൊപ്പിച്ചു. കക്കൂസിൽപ്പോകാൻ ദിവസവും ക്യൂ നിന്നു. വെള്ളിയാഴ്ച്ച കൂടെത്താമസിക്കുന്നവർ കള്ളുകുടിച്ച് മദ്യക്കുപ്പി കുപ്പി ക്ലോസെറ്റിലിട്ടു പൊട്ടിച്ച് റ്റോയ്ലെറ്റ് ഉപയോഗശൂന്യമാക്കിയപ്പോൾ അടുത്ത മോസ്കിന്റെ കുളിമുറിയിൽപ്പോയി മൂത്രിക്കാനും മുസ്ലീങ്ങൾ ചെയ്യുന്നതുപോലെ കൈകാൽ വൃത്തിയാക്കാനും ശീലിച്ചു. ലൈംഗികാസക്തി അടക്കാനാവാതെ വരുമ്പോൾ ഏതുസമയത്തും ആളുള്ള മുറിയിൽ  ഷീറ്റ് കർട്ടൻ പോലെ മറച്ച് അതിന്റെ മറവിൽ  സ്വയംഭോഗം ചെയ്യാൻ ശീലിച്ചു. മൂട്ടകടിച്ചാൽ ചൊറിച്ചിൽ കുറച്ചുനാളേ കാണൂ, പിന്നെ ശരീരം പൊട്ടുന്നത് ശീലമായിക്കോളും എന്ന് മനസിലാക്കി. രാവിലെ മുതൽ രാത്രിവരെ പണികഴിഞ്ഞു വരുമ്പോൾ സംസാരിച്ച് ശരീരത്തിലെ ഊർജ്ജം നഷ്ടപ്പെടുത്താതെ ഒന്നും മിണ്ടാതെ കിടക്കുന്നത് ശീലമാക്കി.ഒരുപോലെ കഷ്ടപ്പെടുന്ന മനുഷ്യർ ഒരുമുറിയിൽ താമസിക്കുമ്പോൾ തമ്മിലുള്ള സ്നേഹം വലുതാണെന്നറിഞ്ഞു.


ബോട്ടിൽ ഉല്ലാസയാത്രയ്ക്കു വരുന്നവർ ഉല്ലാസയാത്രക്കാർ അയാളെനോക്കി ചിരിച്ചില്ല.  പണക്കാരായ വിദേശികളും ഇന്ത്യക്കാരും താൻ അവരുടെ തൊട്ടുമുന്നിൽ നിന്ന് പണിചെയ്താലും തന്നെ കാണുന്നില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു. താൻ അവിടെ ഇല്ലാഞ്ഞിട്ടല്ല, സുതാര്യമായ ഒരു വസ്തുവിലൂടെ നോക്കുന്നതുപോലെ അവർ തന്റെ നേരെ നോക്കുമ്പോൾ തന്റെ മുഖവും തലമുടിയും കണ്ണുകളും കാണാതെ, മുഷിഞ്ഞ വസ്ത്രം കാണാതെ, മീശയും മുഖത്തു പറ്റിയ കരിയും കാണാതെ, തനിക്കു പിന്നിലുള്ളതെല്ലാം കാണുന്നു എന്ന് അയാൾ കണ്ടു.  രാജൻ നിൽക്കുന്നിടത്തേയ്ക്കു ചൂണ്ടി അതാ ഒരു കപ്പൽ, അതാ ഒരു ഡോൾഫിൻ ചാടുന്നു, ആ കെട്ടിടം കണ്ടോ, എന്ന് വിനോദസഞ്ചാരികൾ പറഞ്ഞു. കൂടെ താമസിക്കുന്ന മറ്റ് തൊഴിലാളികൾക്കും ഇതേ അനുഭവം ഉണ്ടെന്നറിഞ്ഞപ്പോൾ ലേബററിനെ അദൃശ്യനാക്കുന്ന എന്താണ് ഗൾഫിലെ കാറ്റിനുള്ളത് എന്ന് അയാൾ തലകുഴഞ്ഞു ചിന്തിച്ചു.


രാജൻ മാസം തോറും ഉണ്ടാക്കുന്ന കാശിൽ നിന്ന് ഭക്ഷണവും വാടകയും കൊടുത്തു കഴിഞ്ഞതിന്റെ ബാക്കി അല്പം വീട്ടിലേക്കയച്ചു, അടുത്ത വിസയ്ക്കു വേണ്ടി സമ്പാദിച്ചു. അങ്ങനെ രണ്ടുകൊല്ലം ജോലിചെയ്തപ്പോൾ വീട്ടിലെ പ്രാരാബ്ദങ്ങൾ കഴിഞ്ഞ് അടുത്ത വിസക്കുള്ള കാശ് കയ്യിലായി.   അതിനിടെ ബോട്ടിൽ ഉല്ലാസയാത്രയ്ക്കു വന്ന ആന്ധ്രയിൽ നിന്നുള്ള ഒരു കുടുംബത്തെ പരിചയപ്പെട്ടു. നീ നന്നായി പണിചെയ്യുന്നുണ്ട് എന്നുപറഞ്ഞ് ആ ആന്ധ്രക്കാരൻ അയാൾക്ക് തന്റെ വിസിറ്റിങ്ങ് കാർഡ് കൊടുത്തു. നാട്ടിൽപ്പോയി തിരികെവന്ന രാജൻ അയാളുടെ വീട്ടിലെ വേലക്കാരനായി. ഭക്ഷണം വെയ്ക്കാനും വീട്ടിലെ കുട്ടികളെ നോക്കാനും കുട്ടികൾ അധികാരത്തോടെ സംസാരിച്ചാൽ തിരിച്ച് വിനയത്തോടെ സംസാരിക്കാനും ശീലിച്ചു. രാജനു കിടക്കാൻ ആന്ധ്രക്കാരൻ അയാളുടെ വില്ലയിൽത്തന്നെ ഒരു മുറി കൊടുത്തു. ആ മുറിയിൽ വലിയ ഒരു കട്ടിലും നിറയെ മദ്യക്കുപ്പികളുള്ള ഒരു ഷെല്‌ഫും ഉണ്ടായിരുന്നു. പലയിനം മദ്യക്കുപ്പികളിലേക്ക് നോക്കിക്കൊണ്ടു നിന്നപ്പോൾ ആന്ധ്രക്കാരന്റെ മകൾ രാജനു കിടക്കാൻ ഒരു പായയും തലയണയും കൊടുത്തു. വലിയ കട്ടിലിനു കീഴെ പായ വിരിച്ച് രാജൻ കിടന്നു. രാജൻ ആ വീട്ടിൽ താമസിച്ച കാലത്തോളം കട്ടിലിലെ ബെഡ്‌ഷീറ്റിൽ ചുളിവുവീണില്ല.


ആന്ധ്രക്കാരൻ നല്ലവനായിരുന്നു. അയാൾ രാജനെ ഡ്രൈവിങ്ങ് പഠിപ്പിച്ച് തന്റെ ഡ്രൈവറാക്കി. വിസയും റ്റിക്കറ്റും കാശുവാങ്ങിക്കാതെ അയാൾ കൊടുത്തു. ആഹാരവും അയാളുടെ വീട്ടിൽ നിന്ന്. മുടക്കമില്ലാത്ത ശമ്പളം. പ്രത്യേകിച്ചും ചിലവൊന്നുമില്ല. രാജൻ ബാങ്ക് എക്കൗണ്ട് തുടങ്ങി. കാശ് കൂട്ടിവെച്ചു. അല്പം കാശായപ്പോൾ ആന്ധ്രക്കാരനോട് വിടപറഞ്ഞ് വീണ്ടും വിസയെടുത്ത് ഗൾഫിലെത്തി. ബാങ്കിലുണ്ടായിരുന്ന  കാശുകൊണ്ട് ഒരു പഴയ മിനി ലോറി വാങ്ങി, വീടു ഷിഫ്റ്റ് ചെയ്യുന്ന ബിസിനസ് തുടങ്ങി.  കൂടെ ജോലിചെയ്യാൻ ദിവസവാടകയ്ക്ക് തൊഴിലാളികളെ ഒപ്പിച്ചു. രാജൻ എല്ലുമുറിയെ പണിയെടുത്തു.വീണ്ടും വണ്ടികൾ വാങ്ങി വാടകയ്ക്കു കൊടുത്തു.


ദുബൈ കുതിച്ചു വളരുന്ന സമയമായിരുന്നു അത്. രാജൻ കോണ്ട്രാക്റ്റിൽ കെട്ടിടം പണി ഏറ്റെടുത്തു നടത്തി. വീടുകളുടെ അറ്റകുറ്റപ്പണികൾ, ഷെഡുകൾ, വീടുകൾ തുടങ്ങിയവ നിർമ്മിച്ചു തുടങ്ങി. അയാൾ ലേബർ കാമ്പിലെ പഴയ കൂട്ടുകാരെ വിളിച്ചില്ല. അവർ വിളിച്ചപ്പോൾ തിരക്കുകൾ പറഞ്ഞൊഴിഞ്ഞു. ഒന്നുരണ്ട് തവണ വിളിച്ച് രാജനെ കിട്ടാതെയായപ്പോൾ രാജൻ പഴയ രാജനല്ല എന്ന് പഴയ കൂട്ടുകാരും തിരിച്ചറിഞ്ഞു, പിന്നെ വിളിച്ച് ബുദ്ധിമുട്ടിച്ചില്ല. രാജൻ താമസിക്കാൻ നല്ല ഏരിയയിൽ സ്വന്തമായി ഒരു വലിയ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. അതിലയാൾ തന്റെ തൊഴിലാളികളെ കയറ്റിയില്ല. രാജന്റെ തൊഴിലാളികൾ മൂട്ടനിറഞ്ഞ ബങ്ക് ബെഡുകളും ഇരുപത്തഞ്ചുപേർക്ക് ഒരു കക്കൂസുമുള്ള ലേബർ കാമ്പുകളിൽ താമസിച്ചു.  രാജൻ വലിയ ഫീസ് കൊടുത്ത് ബ്രിട്ടീഷുകാർ പഠിപ്പിക്കുന്ന കോളെജിൽ നിന്ന് തന്റെ ഇംഗ്ലീഷ് മെച്ചമാക്കി, വിലകൂടിയ തുണിക്കടകളിൽ നിന്നും തുണിവാങ്ങി, വിലകൂടിയാ ബ്യൂട്ടി പാർലറുകളിൽ അണിഞ്ഞൊരുങ്ങി. അയാൾ രണ്ടുപേർക്കിരിക്കാവുന്ന, മച്ച് തുറക്കാവുന്ന സ്പോർട്ട്‌സ് കാർ വാങ്ങി. കൂടിയ ബാറുകളിൽച്ചെന്ന് മദ്യപിക്കാൻ തുടങ്ങി. പുതിയ സൗഹൃദങ്ങളുണ്ടാക്കി.


രാജൻ എന്നെ പരിചയപ്പെട്ടു. ഞാൻ കൊച്ചിയിൽ നിന്നായിരുന്നു. കൊച്ചിയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എയർഹോസ്റ്റസാവാൻ പഠിച്ചു, ഒരു വിമാനക്കമ്പനിയിൽ ജോലിക്കു കയറി, പിന്നെ ജോലിമാറി ഗൾഫിലെത്തിയതാണ്. നിരന്തരം യാത്രകൾ, വിമാനങ്ങളുടെ ക്രമം മാറുന്നതനുസരിച്ച് തെന്നിത്തെന്നിപ്പോകുന്ന കൂട്ടുകാർ. എങ്ങോട്ടെങ്കിലും വിമാനത്തിൽ പറന്നാൽ പിന്നെ അവിടത്തെ ഹോട്ടലിലുറങ്ങി, വീണ്ടും തിരിച്ച് യാത്ര. ദിവസങ്ങൾ കഴിയുമ്പോൾ ഞാൻ ദുബൈയിൽ തിരിച്ചെത്തും. ഉറക്കം, ഫിറ്റ്‌നെസ് സെന്റർ, പാർട്ടികൾ - അതിലൊന്നിൽ, ഒരു നൈറ്റ്ക്ലബ്ബിൽ വെച്ച് രാജനെന്നെ പരിചയപ്പെട്ടു.


എന്തിനാണു രാജനെ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ എനിക്കു വ്യക്തമായി ഉത്തരമില്ല. തീർച്ചയായും അയാളുടെ പണത്തിനു വേണ്ടിയല്ല. എനിക്ക് ആവശ്യമുള്ളതിൽ കൂടുതൽ ശമ്പളം എനിക്കുണ്ടായിരുന്നു. മലയാളിയായ മനുഷ്യൻ, ഉള്ളത് ഉള്ളതുപോലെ പറയുന്ന പരുക്കൻ സ്വഭാവം, അയാളുടെ ശരീരത്തിലെ ചെളിമണ്ണിന്റെ മണം. ഒരുപക്ഷേ ഇതെല്ലാമായിരിക്കാം.


പ്രണയത്തിന്റെ നാളുകൾ കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് താമസിച്ചുതുടങ്ങി. എന്റെ ഒരു സുഹൃത്തിന്റെ ഐ.റ്റി. കമ്പനി ഇഷ്ടപ്പെട്ട് രാജൻ അതിൽ പണം നിക്ഷേപിച്ചു. ഇടയ്ക്ക്  സ്വന്തം നിർമ്മാണക്കമ്പനിയിൽ നൂറ് തൊഴിലാളികളായപ്പോൾ  ആ കമ്പനി വിറ്റു. ഐ.ടി. കമ്പനി ഏറ്റെടുത്ത് അതു നടത്തി. പത്താം ക്ലാസ് പഠിച്ചിട്ടില്ലാത്തയാൾ എഞ്ജിനിയർമാരെയും എം.ബി.എ.ക്കാരെയും കൊണ്ട് പണിയെടുപ്പിച്ചു.


ഒഴിവുദിനങ്ങളിൽ രാജനെനിക്ക് ആന്ധ്ര ശൈലിയിൽ വെള്ളച്ചോറും ദാലും ഉണ്ടാക്കിത്തന്നു. ആന്ധ്രക്കാരന്റെ വീട്ടിൽ വേലക്കു നിന്നപ്പോൾ പഠിച്ചതാണ്. പക്ഷേ അയാൾ ഒരിക്കൽപ്പോലും ആന്ധ്രക്കാരനെ വീട്ടിലേക്കു  വിളിച്ചില്ല. പഴയ കഥകൾ പറയാൻ രാജനൊരു മടിയുമില്ലായിരുന്നു. സംസാരിക്കാൻ മിടുക്കൻ. കാണാൻ സുന്ദരൻ, ഇനിയും ഒരുപാടു മുന്നോട്ടു പോവാനുണ്ട് എന്ന ചിന്തയായിരുന്നു രാജന്.


എന്തുകൊണ്ടാണു പഴയ സുഹൃത്തുക്കളുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത് എന്നു ചോദിച്ച് ഞാൻ രാജനുമായി വഴക്കുണ്ടാക്കി. ഒരേ നിലയിലുള്ളവർ തമ്മിലല്ലാതെ സൗഹൃദം സാദ്ധ്യമല്ല എന്നായിരുന്നു അയാളുടെ നിലപാട്. ഞാനതിനോട് യോജിച്ചില്ല.


രാജന്റെ ആദ്യ പ്രണയം ഞാനായിരുന്നു. അങ്ങനെയാണ് അയാൾ പറഞ്ഞത്.  ആരെയും പ്രണയിക്കാതെ പ്രായമായിപ്പോയ മലയാളികളുടെ അരക്ഷിതാവസ്ഥ അയാൾക്കുണ്ടായിരുന്നു. ഇടയ്ക്കിടെ രാജനു മുൻപുള്ള എന്റെ ജീവിതത്തെപ്പറ്റി ചോദിക്കും. മുൻപ്രണയങ്ങളെക്കുറിച്ചു ചോദിക്കും. അവരുമായി സെക്സ് ഉണ്ടായിരുന്നോ എന്ന് ചോദിക്കും.


പഴയ കാമുകന്മാരിൽ ഒരാളോടായിരുന്നു രാജനു കുശുമ്പ് കൂടുതൽ. വെള്ളിക്കണ്ണുള്ള ഗ്രീക്കുകാരൻ പൈലറ്റിനെപ്പറ്റി ചോദിക്കും. അവന്റെ ലിംഗം രാജന്റെ ലിംഗത്തെക്കാൾ വലുതായിരുന്നോ എന്ന് ചോദിക്കും. ഉത്തരം പറയാൻ മടിച്ചാൽ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കും. ഇത് മനുഷ്യനെ ഉപദ്രവിക്കലാണ് എന്നുപറഞ്ഞാലും നിർത്തില്ല. സെക്സ് കഴിഞ്ഞാൽ ഞാൻ ഹാപ്പിയായോ എന്ന് ചോദിക്കും. മുൻപത്തെ കാമുകന്മാർ ഇതിലും മെച്ചമായിരുന്നോ എന്നു ചോദിക്കും. പിന്നെ സ്വാഭാവികമായും വഴക്കാണ്.  ഉറക്കമുണരുമ്പോൾ വീണ്ടും സ്നേഹം, കരുതൽ. ദൂരെ യാത്രചെയ്യുമ്പോൾ വീണ്ടും സംശയം. ഇത്തരം ചോദ്യങ്ങൾ നിർത്തിയില്ലെങ്കിൽ കളഞ്ഞോണ്ടു പോവുമെന്ന് പലതവണ പറഞ്ഞു. സംശയങ്ങളൊഴിഞ്ഞിരിക്കുമ്പോൾ രാജന്റെ സ്നേഹം കണ്ട് കളയാൻ തോന്നില്ല. എന്നിട്ടും ഞാൻ പലതവണ ഇറങ്ങിപ്പോയി. അവൻ പിറകേവന്നു. ഇനി സംശയിക്കില്ലെന്ന് ഓരോതവണയും ആണയിടും, വീണ്ടും സംശയിക്കും. എന്തായാലും അവൻ വിവാഹം കഴിക്കണം എന്നു പറഞ്ഞപ്പോൾ വേറെ ആരെവേണമെങ്കിലും കെട്ടിക്കോ, എന്നെപ്പറ്റില്ല എന്ന് തീർത്തുപറഞ്ഞു. പ്രണയവും കലഹവും സംശയവുമായി ഞങ്ങൾ ജീവിച്ചു.


രാജൻ ജയിലിലായി എന്ന് കൂട്ടുകാർ വിളിച്ചുപറഞ്ഞു. രാജൻ ഇടക്കിടെ ബിസിനസ് ആവശ്യത്തിനു കൊച്ചിയിൽ പോകുമായിരുന്നു. എങ്കിലും ആലപ്പുഴയിലെ സ്വന്തം വീട്ടിൽ പോകില്ല. കാശ് അയച്ചുകൊടുക്കും.  കൊച്ചിയിൽ മറ്റൊരു കാമുകിയുണ്ടായിരിക്കാനും രാജൻ അവളെ കൊല്ലാനും വഴിയില്ല. ഇനി അഥവാ മറ്റൊരു സ്ത്രീയെ രാജൻ കൊന്നാൽപ്പോലും - ദൈവം അങ്ങനെയൊന്നും വരുത്താതിരിക്കട്ടെ - രാജനെ കാണണം. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ പോകാൻ തയ്യാറെടുക്കുമ്പൊഴായിരുന്നു രാജൻ ജയിലിലായത് അറിഞ്ഞത്. ഉടനെ അവധികിട്ടിയില്ല. രാജന്റെ അറസ്റ്റിനെപ്പറ്റി സംശയം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കിലെഴുതിയ സമീറ എന്ന പത്രപ്രവർത്തകയെ ബന്ധപ്പെടാൻ പറ്റി. നാളെ രാജനെക്കാണാൻ പറ്റും എന്ന് അവർ പറയുന്നു. കൊച്ചിയിലെത്തി അവരെക്കാണണം.


വിമാനത്തിൽ ലീനയുടെ അടുത്തിരുന്ന മലയാളി ലേബറർക്ക് ഇതിനിടെ എയർഹോസ്റ്റസ് ഒരു വിസ്കി എത്തിച്ചുകൊടുത്തിരുന്നു.  വിമാനം ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് എന്ന അനൗൺസ്‌മെന്റ് വന്നു, എയർഹോസ്റ്റസുമാർ തിരക്കിട്ടുവന്ന് ഒഴിഞ്ഞ ഗ്ലാസുകളും ഹെഡ് ഫോണുകളും എടുത്തുകൊണ്ടുപോയി. ജനാലയിലൂടെ കടലിനപ്പുറം കൊച്ചി കണ്ടുതുടങ്ങി.


7.  പക്ഷികൾ കൂടുതുറന്ന് പറന്നുപോകുന്നു.i. സെല്ലിൽ ഉറക്കം വരാതിരിക്കുമ്പോൾ.


ഒരു വലിയ പെരുമ്പാമ്പ് എലിയെപ്പിടിച്ചു. എന്റെ വാലിന്റെ അറ്റം കണ്ടുപിടിച്ചാൽ നിന്നെ വെറുതേവിടാം എന്ന് പെരുമ്പാമ്പു പറഞ്ഞു, എന്നിട്ട് എലിയുടെ മേലുള്ള കടിവിട്ടു. എലി പെരുമ്പാമ്പിന്റെ വാലു തിരക്കി ഓടാൻ തുടങ്ങി. അപ്പൊഴേയ്ക്കും പെരുമ്പാമ്പ് തന്റെ വാല് വിഴുങ്ങി വട്ടത്തിലായി. വാൽത്തുമ്പുതിരക്കി  എലി പെരുമ്പാമ്പിനു ചുറ്റും വട്ടത്തിലോടി. എത്ര ഓടിയിട്ടും എലി പെരുമാപിന്റെ വാലു കണ്ടില്ല. എലി കിതച്ചു, വിയർത്തു, എന്നിട്ടും ഓടി, കുഴഞ്ഞുവീണപ്പോൾ പെരുമ്പാമ്പ് അതിനെ വിഴുങ്ങിക്കളഞ്ഞു. പാവം എലി അല്ലേ? സന്തോഷ് പറഞ്ഞുനിർത്തി.


എലിയെങ്ങനെയാണ് പാവമാകുന്നത്? പെരുമ്പാമ്പ് ആള് സാഡിസ്റ്റാണ്. വേട്ടക്കാരൻ ക്രൂരനാകുമ്പോൾ ഇര താനേ പാവമാകുമോ? - രാജൻ ചോദിച്ചു.


വേറൊരു കഥപറയാം.  ഒരു മന്ത്രിയുണ്ടായിരുന്നു. അയാൾക്കെതിരെ അഴിമതിയാരോപണം വന്നു. ജനങ്ങളുടെ കാശ് മോഷ്ടിച്ചു എന്നായിരുന്നു അഴിമതിയാരോപണം. തെളിവില്ലാതെ ആർക്കും എന്തും ആരോപിക്കാമല്ലോ. അങ്ങനെ ആരോപിക്കുന്നത് ശരിയല്ല. മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് അന്വേഷിച്ച് അന്വേഷിച്ച് ഒരുപാട് തെളിവുകൾ കണ്ടെത്തി. തെളിവുകൾ മന്ത്രിക്കു കൈമാറി. 'ഇനി എന്തെങ്കിലും തെളിവുകളുണ്ടോ?' മന്ത്രി ചോദിച്ചു. 'ഇല്ല', പോലീസ് പറഞ്ഞു. മന്ത്രി ആ തെളിവുകൾ ചുരുട്ടി ഒരു ഉരുളയാക്കി, വലിയ വാ തുറന്ന് അത് മൊത്തത്തോടെ വിഴുങ്ങി. നിങ്ങളുടെ കയ്യിൽ തെളിവുണ്ടോ? മന്ത്രി വീണ്ടും ചോദിച്ചു. ഇല്ല, പോലീസ് പറഞ്ഞു. മിടുക്കന്മാർ, ഇനിയും അഴിമതിയാരോപണം വന്നാൽ അന്വേഷിക്കണം. മന്ത്രി പോലീസുകാരെ തോളിൽത്തട്ടി അഭിനന്ദിച്ചു വിട്ടു.  ജനം എന്തുചെയ്യും?


ഷഫീക്ക് ഇടപെട്ടു. വട്ടത്തിലോടുന്നതിനു പകരം എലി പാമ്പിന്റെ കഴുത്തിൽ ഒരു കടികൊടുത്തെങ്കിലോ? അത് സ്വന്തം വാലിലെ കടിവിടും. അപ്പോൾ തുമ്പായില്ലേ? പോലീസ് മന്ത്രിക്ക് തെളിവു കൊടുക്കുമ്പോൾ പത്രത്തിലും ചോർത്തിക്കൊടുത്തെങ്കിലോ? ഒന്നുമില്ലെങ്കിൽ പത്രത്തിനും ചാനലിനും കൊടുക്കാൻ പാകത്തിൽ തെളിവുകൾ കൂട്ടിവെച്ചെങ്കിലോ? മന്ത്രിയുടെ മുട്ടുവിറയ്ക്കില്ലേ?


സന്തോഷ് ചിരിച്ചു. ചിരിച്ചപ്പോൾ അവന്റെ കണ്ണുകൾ ചെറുതായി. മന്ത്രിയെ വിടൂ. കുറ്റം ചെയ്തത് പോലീസ് മേധാവിയാണെങ്കിലോ? പോലീസ് അന്വേഷിച്ച് സ്വന്തം മേധാവിക്കെതിരെ തെളിവുകൊടുക്കുമോ? തെളിവുകൊടുക്കുന്നവനു ജോലികാണുമോ? കൊടുക്കുന്ന തെളിവൊക്കെ മേധാവി വിഴുങ്ങില്ലേ?


ഷഫീക്ക് മിണ്ടിയില്ല.


പുരാണം വായിച്ചിട്ടുണ്ടോ? ആയിരം കയ്യുള്ള ഒരു ജീവിയുണ്ട് പുരാണത്തിൽ. കാർത്തവീര്യാർജ്ജുനൻ. ഓരോ കയ്യിലും രഹസ്യങ്ങൾ. മന്ത്രിമാരുടെ രഹസ്യങ്ങൾ. മുഖ്യമന്ത്രിയുടെ രഹസ്യങ്ങൾ. പോലീസുകാരുടെ രഹസ്യങ്ങൾ. കള്ളന്മാരുടെ രഹസ്യങ്ങൾ. പത്രമുതലാളികളുടെ രഹസ്യങ്ങൾ, ചാനൽ മേധാവികളുടെയും വാർത്തവായനക്കാരുടെയും വക്കീലന്മാരുടെയും ജഡ്ജിമാരുടെയും രഹസ്യങ്ങൾ. രഹസ്യങ്ങൾ ആർക്കാണില്ലാത്തത്? അതെല്ലാം ഒരാൾ കൈകളിലേന്തി നിന്നാലോ? അയാളെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ?


എല്ലാ രഹസ്യങ്ങളും അയാൾക്കെങ്ങനെ കിട്ടും?


രഹസ്യം ചികയാൻ അയാൾക്കൊരു സേനയുണ്ടെങ്കിലോ? ചാരന്മാരുണ്ടെങ്കിലോ? അവർക്ക് ശമ്പളം കിട്ടുന്നതേ ചെവി നിലത്തുകൂർപ്പിച്ച് പിടിച്ച് എല്ലാം കേൾക്കാനും എല്ലാ അഴുക്കും ചികയാനുമാണെങ്കിലോ? പറഞ്ഞതു മനസിലായോ? സംസ്ഥാനത്തെ രഹസ്യാന്വേഷണത്തലവനാണ് അയാളെങ്കിലോ?


അങ്ങനെ ഒരാളെ വളർന്നുവരാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അനുവദിക്കുമോ? ഷഫീക്ക് പറഞ്ഞു. വിഷമരം വളരുന്നതു കാണുമ്പൊഴെ രാഷ്ട്രീയക്കാർ അതിന്റെ കട വെട്ടില്ലേ? മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ  അഴിമതിക്കാരായിരിക്കും, പക്ഷേ മണ്ടന്മാരല്ല.


ബാലൻ നമ്പ്യാരുടെ കാര്യത്തിൽ ആളുകൾ അയാളെ വളരെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. അവർക്ക് അയാളെ വെച്ചുകൊണ്ടിരിക്കുന്നതിലുള്ള അപകടം മനസിലായപ്പൊഴേക്കും അയാൾ വളർന്നുകഴിഞ്ഞിരുന്നു. മന്ത്രിമാർക്ക് ഒരുപാട് രഹസ്യങ്ങൾ സംരക്ഷിക്കാനുണ്ട്. മന്ത്രിയായി ഇരിക്കുകയല്ലാതെ മറ്റൊരു ജോലിയും അവർക്കറിയില്ല. അധികാരം വിശന്നുവലഞ്ഞവന്റെ മുന്നിൽ വെച്ച പായസം പോലെയാണ്. അത് നഷ്ടപ്പെടാതിരിക്കാൻ അവർ ഇങ്ങനെയൊരു പോലീസുകാരനെ, ബാലൻ നമ്പ്യാരെ, സഹിച്ചു. സഹിക്കുന്നു. അയാളെ അവർക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല.


സന്തോഷ് പറയുന്നത് തെറ്റാണു. രഹസ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്ത മനുഷ്യരുമുണ്ട്. സാധാരണക്കാർ. അവർ അയാളെ വെളിച്ചത്തു കൊണ്ടുവരും. നോക്കൂ, എനിക്കാരെയും പേടിയില്ല. ഷഫീക്ക് പറഞ്ഞു. അയാളുടെ കള്ളത്തരം ഞാൻ പുറത്തുകൊണ്ടുവരും. പത്രങ്ങൾ അത് കൊടുക്കാൻ വിസമ്മതിച്ചാൽ ഞാൻ ബ്ലോഗിലിടും. ഫെയ്സ്ബുക്കിലും ഗൂഗ്ല് പ്ലസ്സിലും എഴുതും. എന്നെപ്പോലെ ഒരുപാടുപേരുണ്ടാവും, രഹസ്യങ്ങളില്ലാത്തവർ. രഹസ്യങ്ങൾ പുറത്തായാലും ഒന്നുമില്ലാത്തവർ.


ചെറുപ്പത്തിന്റെ തിളപ്പാണ് ഷഫീക്കേ നിനക്ക്. എഴുതിക്കോ. എത്ര വേണമെങ്കിലും എഴുതിക്കോ. കേരളത്തിലെ എല്ലാ ആളുകളും ഇയാൾ അപകടകാരിയാണ് എന്ന് പറഞ്ഞാലും അയാൾക്കൊന്നുമില്ല. മന്ത്രിമാർ അയാളെ തൊടില്ല. പ്രതിപക്ഷത്തെ രാഷ്ട്രീയക്കാർ അയാൾക്കെതിരെ ബഹളം വെക്കില്ല. ചാനലുകൾ അടുത്ത വിവാദം കൊണ്ടുവന്ന് അയാളെ രക്ഷിച്ചോണ്ടുപോവും. ആളുകൾക്ക് അരണയുടെ ഓർമ്മയാണ്, അടുത്ത വാർത്ത വരുമ്പോൾ ആളുകൾ ഇന്നലത്തെ വാർത്ത മറന്നുപോവും. എന്നാലും നിന്റെ സന്തോഷത്തിന് എഴുതാം. അത്രയേയുള്ളൂ.


ഇങ്ങനെയുള്ള സംസാരം കൊണ്ട് നമ്മൾ എവിടെയുമെത്തില്ല. രാജൻ പറഞ്ഞു.


ii. സമീറയും ലീനയും ജയിലിൽ കാണാൻ വരുന്നു.


സമീറയും ലീനയും ഒന്നിച്ചാണ് രാജനെ കാണാൻ വന്നത്. സന്ദർശന ഫോം ഒപ്പിട്ട് അവർ  മേശയുടെ ഒരുവശത്തുള്ള രണ്ട് കസേരകളിൽ ഇരുന്നു. തടവുപുള്ളിയുടെ വേഷമിട്ട് രാജൻ വേഗത്തിൽ നടന്നുവന്ന് എതിർവശത്ത് ഇരുന്നു. രാജന്റെ കണ്ണുകൾ ചിരിക്കുന്നുണ്ടായിരുന്നു, അവ ലീനയുടെ മേലായിരുന്നു. മേശക്കടിയിൽക്കൂടി കയ്യിട്ട് അവളെ തൊടണമെന്നും അവളുടെ കവിളിൽ ചുംബിക്കണമെന്നും രാജനു തോന്നി. അരികിൽ നിൽക്കുന്ന പോലീസുകാരനെ ശ്രദ്ധിക്കാതെ അവൻ മേശയ്ക്കു മുകളിലിരുന്ന അവളുടെ കൈപിടിച്ചു.


"രാജൻ, ഹൈക്കോടതിയിൽ എന്റെ ഒരു വക്കീൽ സുഹൃത്തുണ്ട്. അവൻ നിങ്ങളുടെ കേസ് വാദിക്കാമെന്നേറ്റിട്ടുണ്ട്. ജാമ്യത്തിനുള്ള പേപ്പറുകൾ ഇന്നലെ കൊടുത്തു. എപ്പോൾ വേണമെങ്കിലും ജാമ്യം കിട്ടാം." രാജൻ അപ്പോഴും ലീനയെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ട് സമീറ പറഞ്ഞു. രാജൻ ശ്രദ്ധിക്കാത്തറ്റുകൊണ്ട് അവർ വീണ്ടും പറഞ്ഞു:  "എപ്പോൾ വേണമെങ്കിലും ജാമ്യം കിട്ടാം". എന്നിട്ട് മിണ്ടാതെയായി.


രാജൻ ലീനയെ നോക്കിക്കൊണ്ടിരിക്കുന്നത് തുടർന്നു. ലീന ചിരിക്കുന്നുണ്ടായിരുന്നു. "പോലീസുകാർ ഇടിച്ച് നിന്റെ പല്ലുപൊഴിച്ചുകാണുമെന്നാ ഞാൻ വിചാരിച്ചത്. കണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോ".


കുഴപ്പമൊന്നുമില്ല. നിന്നെ തൊടാൻ കിട്ടുന്നില്ലെന്ന കുഴപ്പമേയുള്ളൂ. രാജൻ പറഞ്ഞു. നിനക്ക് ഇപ്പൊ ജോലി  ദുബൈ-കൊച്ചി വിമാനത്തിലാണോ?


അല്ല, അവധിയെടുത്തു. നീ പുറത്തിറങ്ങുന്നതുവരെ ഞാനിവിടെക്കാണും. ആഴ്ച്ചയിലൊരിക്കൽ കാണാൻ വരാം. നിന്നെയും കൊണ്ടേ തിരികെപ്പോവുന്നുള്ളൂ. പെട്ടെന്ന് പുറത്തുവാ.


ഉം.. ബുദ്ധിമുട്ടായി അല്ലേ.
പോടാ. നിനക്കെന്തെങ്കിലും വേണോ? പുറത്തുനിന്നുള്ള ആഹാരം കൊണ്ടുവരാൻ ഇവർ സമ്മതിക്കില്ല. പോലീസിനു കാശ് കൊടുത്ത് എന്തെങ്കിലും എത്തിക്കണോ? വിസ്കിയോ സിഗരറ്റോ എന്തെങ്കിലും?


വേണ്ട. ഇതിനകത്ത് അങ്ങനെ ആവശ്യമൊന്നുമില്ല. ഞാൻ പറയാം.


ലീന പേഴ്സ് തുറന്ന് ആയിരത്തിന്റെ ഇരുപത് നോട്ടുകൾ രാജന്റെ കയ്യിൽ കൊടുത്തു. ഇതിരിക്കട്ടെ. ജയിലിനകത്ത് കൈക്കൂലി കൊടുത്താലും നിന്നെ എന്തു ചെയ്യാനാ, ജയിലിൽക്കിടക്കുന്നവരെ പിടിച്ച് വീണ്ടും ജയിലിലിടാൻ പറ്റില്ലല്ലോ.


അവൻ ചിരിച്ചില്ല. നീ വീട്ടിലേക്കും കാശയക്കാമോ? എന്റെ ഇന്റർനെറ്റ് ബാങ്കിങ്ങ് അക്കൗണ്ടിൽ കേറിയാൽ വീട്ടിലെ അക്കൗണ്ട് നമ്പറും മറ്റും സെറ്റപ്പ് ചെയ്തു വെച്ചിട്ടുണ്ട്.


ഉം..


അവർ ഇരുവരും മിണ്ടാതെയായി. രാജന്റെ കേസ് വിവരങ്ങളും ബാലൻ നമ്പ്യാരുമായുള്ള അഭിമുഖവും ചേർത്ത് സമീറ മാസികയിൽ എഴുതിയ ലേഖനം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആ ലേഖനത്തിന്റെ കട്ടൗട്ട് രാജനു കൊടുത്ത് സമീറ വിടപറഞ്ഞു. തനിച്ച് സംസാരിക്കൂ, ഞാൻ പുറത്ത് കാത്തുനിൽക്കാം എന്നുപറഞ്ഞ് സമീറ പുറത്തേക്കിറങ്ങി.


പോലീസുകാരൻ വാച്ചിൽ നോക്കി. രാജൻ ലീനയുടെ കൈ എടുത്ത് അത് മണത്തുനോക്കി. നിന്റെ വിയർപ്പിന്റെ മണം, മുടിയിലെ ഗാർനിയെർ ഷാമ്പൂ മണം, മുലയുടെ മണം, രോമങ്ങൾക്കിടയിലെ മണം ഒക്കെ മിസ് ചെയ്യുന്നു.


പോടാ. സെക്സല്ലാതെ നിന്റെ തലയിൽ വേറൊന്നുമില്ലേ?


രാജൻ ചിരിച്ചു. ശരീരമായിട്ടല്ല, ഒരു മനുഷ്യനായി അവളെ കാണാൻ ലീന സ്ഥിരം പറയുന്നതാണ്. "ഇപ്പൊ അതുമാത്രമേ തലയിലുള്ളൂ".


വിഷാദം നിറഞ്ഞ ഒരു ചിരി ചിരിച്ചിട്ട് ലീന ചോദിച്ചു. ഞാനെന്തു ചെയ്യാനാണ്?


പോലീസുകാരൻ അവളെനോക്കി വഷളൻ ചിരിചിരിച്ചു. ഒന്നും വേണ്ട, പറഞ്ഞെന്നേയുള്ളൂ. ജാമ്യം കിട്ടുമെന്നും പുറത്തിറങ്ങാൻ പറ്റുമെന്നും എനിക്കു പ്രതീക്ഷയില്ല.


ധൈര്യമായിരിക്കൂ. അവൾ രാജന്റെ കൈപിടിച്ചമർത്തി.


പോലീസുകാരൻ വീണ്ടും വാച്ചിൽ നോക്കി. സമയമായി. രാജൻ അവളുടെ കഴുത്തിലെ വെള്ളി മാലയിലേക്കും അതിലെ നാലിതളുള്ള ലോക്കറ്റിന്റെ നടുവിലെ നീല രത്നത്തിലേക്കും നോക്കിക്കൊണ്ടിരുന്നു. ലീന എഴുന്നേറ്റു, തിരിഞ്ഞ് പുറത്തേക്കു പോയി. ജയിൽ കവാടത്തിലെ വലിയ ഗേറ്റിനുള്ളിലെ ചെറിയ വാതിൽ അവൾ കുനിഞ്ഞ് കടക്കുന്നതും നോക്കി രാജൻ ഇരുന്നു. അവളുടെ രൂപത്തിനു ചുറ്റും ഗേറ്റിനുവെളിയിൽ നിന്ന്  വെളിച്ചം അകത്തേക്കു തള്ളിക്കയറിക്കൊണ്ടിരുന്നു.


iii. നാടകം.


ജയിൽ ദിനത്തിൽ ജയിൽപ്പുള്ളികൾക്ക് സദ്യയും എർണാകുളം മേയറുടെ പ്രസംഗവുമുണ്ടായിരുന്നു. പ്രസംഗത്തിനു മുൻപ് മട്ടാഞ്ചേരിയിലെ ഗാമാ നാടക ട്രൂപ്പ് അവതരിപ്പിച്ച ഹാസ്യനാടകം നടന്നു. നാടോടിക്കാറ്റ് സിനിമയെ അനുകരിച്ച് ദാസൻ, വിജയൻ എന്ന രണ്ട് പോലീസുകാരുടെ ജീവിതമായിരുന്നു വിഷയം. വിജയൻ എന്ന പോലീസുകാരനെ സ്ഥലത്തെ ഒരു കള്ളൻ പരിചയപ്പെടുന്നു. വിജയനു പോലീസിലെ ശമ്പളം ഒന്നിനും തികയുന്നില്ല. വിഷമങ്ങൾ കള്ളനോട് പറയുമ്പോൾ പെട്ടെന്ന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയുണ്ട് എന്ന് കള്ളൻ വിജയനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. രാത്രി കാണാം എന്നു പറയുന്നു. രാത്രി കാണുമ്പോൾ മോഷണം നടത്താനുള്ള ഒരു മുഖം മൂടിയും കമ്പിപ്പാരയും കള്ളൻ വിജയനെ ഏൽപ്പിക്കുന്നു. ഇരുവരും ഒന്നിച്ച് ഒരു മതിൽ ചാടാൻ പോകുമ്പോൾ ദാസൻ ഇരുവരെയും പിടികൂടുന്നു. ഞാൻ കള്ളനല്ല, തൊണ്ടിയോടെ കള്ളനെ പിടിക്കാനുള്ള എന്റെ മാസ്റ്റർ പ്ലാനാണു നീ പൊളിച്ചത് എന്ന് വിജയൻ വിളിച്ചു പറയുന്നെങ്കിലും ദാസൻ വിജയനു നല്ല ഇടികൊടുക്കുന്നു. ദാസനും വിജയനും ചേർന്ന്  മോഷ്ടാവിന്റെ ജീവിതത്തിൽ നിന്ന് കള്ളനെ പിന്തിരിച്ച് ഒരു വർക്ക്ഷോപ്പിൽ ജോലി വാങ്ങിച്ചുകൊടുക്കുന്നു. നാടകം രസത്തോടെ കണ്ടുകൊണ്ടിരുന്ന തടവുകാർ പലരും മേയർ സംസാരിച്ചു തുടങ്ങിയപ്പോൾ എഴുന്നേറ്റുപോയി. സന്തോഷും എഴുന്നേറ്റുപോയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരെ ജയിൽ പോലീസുകാർ പിടിച്ചുകൊണ്ടുവന്ന് വീണ്ടും വേദിക്കു മുന്നിലിരുത്തി.


iv. യോഗി.


തടവുകാർക്കുള്ള വിശ്രമസമയത്ത് രാജൻ ഒറ്റയ്ക്ക് യോഗിയെ കാണാൻ ചെന്നു. യോഗി സംസാരിക്കാൻ ബുദ്ധിമുട്ടി. നെഞ്ചുവേദനകൊണ്ട് കിടപ്പായിരുന്നു. രാജൻ അയാളുടെ നെഞ്ചു തടവിക്കൊടുത്തു. "ഇവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാലെന്തെന്ന് ആലോചിക്കുകയാണ്", രാജൻ പറഞ്ഞു.


ജാമ്യം കാത്തിരുന്നു മടുത്തു അല്ലേ.


നിങ്ങൾ എങ്ങനെ ഇത്രയും വർഷം ജയിലിനകത്തു ജീവിച്ചു?


രാജാ, ഓരോരുത്തരും ജീവിക്കുന്നതെന്തിനാ? ജീവിതത്തിനു ഒരു ഉദ്ദേശമേയുള്ളൂ. സന്തോഷമായിരിക്കൽ. മനുഷ്യർ സന്തോഷിക്കാൻ പ്രേമിക്കുന്നു, കുട്ടികളെ ഉണ്ടാക്കുന്നു, സിനിമ കാണുന്നു, സിഗരറ്റ് വലിക്കുന്നു, കാശുണ്ടാക്കുന്നു, എന്തെല്ലാം ചെയ്യുന്നു. ജയിലിലെ ആദ്യത്തെ വർഷങ്ങൾ എനിക്കു സഹിക്കാൻ പറ്റാത്ത ദുരിതമായിരുന്നു. പിന്നെ ഈ നാലു ചുവരുകൾ കൊണ്ട് സന്തോഷിക്കാൻ പഠിച്ചു.  ഞാൻ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടു. എന്റെ സന്തോഷത്തിനു മറ്റുള്ളവര് ആവശ്യമില്ല എന്ന് മനസിലാക്കിയതോടെ സന്തുഷ്ട ജീവിതത്തിനു മറ്റെന്താണ് വേണ്ടതെന്നായി. വെയിലും മഴയും കൊള്ളാതിരിക്കാൻ ഒരു മേൽക്കൂരയും രണ്ടുനേരം ഭക്ഷണവും ഉണ്ടെങ്കിൽ മനുഷ്യനു സന്തോഷമായി ജീവിക്കാം എന്നു മനസിലായി. അങ്ങനെയിരിക്കെ ശിക്ഷാ കാലാവധി കഴിഞ്ഞു. അവരെന്നെ ജയിലിൽ നിന്നും പുറത്താക്കി. ചെറിയ ഒരു മോഷണം നടത്തി ഞാൻ തിരിച്ചെത്തി.


എന്റെ സന്തോഷം ഇവിടെയല്ല, പുറത്താണ്. ഞാൻ ഇവിടെന്നും രക്ഷപെടും.


ഒരു നീണ്ട ചുമ വന്ന് യോഗിയെ പിടിച്ചുകുലുക്കി. ഏന്തിവലിഞ്ഞ് യോഗി പറഞ്ഞു. നിനക്ക് എന്താണോ സന്തോഷം തരുന്നത്, അത് നിന്റെ കാര്യമാണു. ജയിൽ ചാടണമെങ്കിൽ ചാട്. ഞാനെന്തു പറയാനാണ്?


അതോ ഞാൻ ജാമ്യം കിട്ടുന്നതു വരെ കാത്തിരിക്കണോ?


എനിക്കിതിൽ ഒന്നും പറയാനില്ല. നീ തീരുമാനിക്കണം. കാത്തിരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അതു ചെയ്യൂ.


യോഗിയോടു സംസാരിച്ചിട്ട് ഗുണമില്ലെന്ന് രാജനു തോന്നി. അയാൾ കുറച്ചുനേരം കൂടി യോഗിയുടെ നെഞ്ചുതടവിക്കൊടുത്തു.


v. സ്വാതന്ത്ര്യം.


രാത്രി മൂന്നുമണിയായപ്പോൾ സന്തോഷ് രാജനെയും ഷഫീക്കിനെയും വിളിച്ചെഴുന്നേൽപ്പിച്ചു. എന്നിട്ട് കയ്യിലിരിക്കുന്ന താക്കോൽ കാണിച്ചുകൊണ്ട് വാ, പോവാം എന്നു പറഞ്ഞു.


ഷഫീക്ക്:  ജയിൽ ചാടാൻ ഞാനില്ല. അങ്ങനെ ഒളിച്ചും പാത്തും രക്ഷപെടാനല്ല ഞാൻ ജയിലിലെത്തിയത്.  ഞാനൊരു ക്രിമിനലല്ല. അങ്ങനെ രക്ഷപെടാനാണെങ്കിൽ പോലീസിനു പിടികൊടുക്കാതിരുന്നാൽപ്പോരായിരുന്നോ?


സന്തോഷ്: ഉറപ്പാണോ?


ഷഫീക്ക്: എന്റെ കാര്യം എനിക്കുറപ്പാണ്. രാജാ, നീയോ?


രാജൻ ഒന്നും പറഞ്ഞില്ല. ഷഫീക്കിനെ കെട്ടിപ്പിടിച്ചു. സന്തോഷ് ഷഫീക്കിന്റെ കൈപിടിച്ചുകുലുക്കി. എന്നിട്ട് തന്റെ മെത്ത കീറി അതിനുള്ളിൽ നിന്ന് രണ്ട് പോലീസ് യൂണിഫോം പുറത്തെടുത്തു.


ഇതെവിടെന്ന്?


ഇന്നലെ ഒരു നാടകം നടന്നില്ലേ? അതിലെ നാടക നടന്മാരുടെ പോലീസ് യൂണിഫോം ഞാൻ അടിച്ചുമാറ്റി. ഇട്.


രാജനും സന്തോഷും പോലീസ് യൂണിഫോമിൽക്കയറി. ഉടുപ്പും ബെൽറ്റും ഉണ്ടായിരുന്നു, പക്ഷേ ഷൂസില്ലായിരുന്നു. ചെരുപ്പിട്ട് താക്കോൽ ശബ്ദമുണ്ടാക്കാതെ തിരിച്ച് സെൽ തുറന്ന് അവർ പുറത്തിറങ്ങി. മുറ്റത്തെ മാവിനു പിന്നിലെ ഇരുട്ടിലേക്ക് നടന്ന് ഇരുട്ടിന്റെ മറവിലിരുന്നു.


ഷഫീക്ക് വരുന്നെന്നു പറഞ്ഞെങ്കിൽ തെണ്ടിപ്പോയേനെ. ആകെ രണ്ട് യൂണിഫോമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവൻ വരില്ലെന്ന് എനിക്കുറപ്പായിരുന്നു. സന്തോഷ് പറഞ്ഞു.


ഇനി എന്തു ചെയ്യാനാണ്?


കാത്തിരിക്കൂ.


അപ്പോൾ ജയിലിന്റെ വലിയ ഗേറ്റ് തുറന്ന് ഒരു ആംബുലൻസ് അകത്തുവന്നു. അതിൽ നിന്ന് രണ്ട് അറ്റൻഡർമാർ ഇറങ്ങി യോഗിയുടെ സെല്ലിനടുത്തെക്കു പോയി. ഒരു  സ്ട്രെ ച്ചറിൽ യോഗിയെ എടുത്തുകൊണ്ടു വന്നു. അവർ ആംബുലൻസിനകത്തു കയറിയപ്പോൾ രാജനും സന്തോഷും പിന്നാലെ നടന്ന് ആംബുലൻസിനുള്ളിൽ കയറി. യോഗി അനങ്ങുന്നില്ലായിരുന്നു. അറ്റൻഡർമാർ ഇരുവരോടും ഒന്നും ചോദിച്ചില്ല. രാജൻ ശ്വാസം പിടിച്ചിരുന്നു. ഹൃദയമിടിപ്പിന്റെ ശബ്ദം അറ്റൻഡർമാർ കേൾക്കുമോ എന്ന് അവൻ പേടിച്ചു.  ജയിലിന്റെ ഗേറ്റ് വീണ്ടും തുറന്നപ്പോൾ സന്തോഷ് സല്യൂട്ടടിച്ചു. കാവൽ നിന്ന പോലീസുകാരൻ തിരിച്ച് അഭിവാദനം ചെയ്തു. വണ്ടി റോഡിലെത്തിയപ്പോൾ രാജൻ അയഞ്ഞു. അവൻ യോഗിയുടെ കൈത്തണ്ട പിടിച്ചുനോക്കി. അയാൾ തണുത്തുപോയിരുന്നു. ആശുപത്രിയുടെ മുൻപിൽ ആംബുലൻസ് നിർത്തി യോഗിയെ കാഷ്വാലിറ്റിയിലേക്ക് കയറ്റിയപ്പോൾ രാജനും സന്തോഷും ആശുപത്രിയുടെ പുറത്തേക്കു നടന്നു.


8. പിശാച് പതിയിരിക്കുന്നത് വിശദാംശങ്ങളിലാണ്.    ബാലൻ നമ്പ്യാരുടെ വീട്ടിലേക്ക് കയറിച്ചെന്ന് പുള്ളിയെ ചുമ്മാ വെടിവെച്ച് കൊന്നിട്ട് തിരിച്ചുവന്നാലോ? സന്തോഷ് കൈനിറയെ കപ്പലണ്ടിയെടുത്ത് വായിലിട്ട് ചവച്ചുകൊണ്ട് പറഞ്ഞു. പുള്ളി ഒറ്റക്കല്ലേ താമസിക്കുന്നത്. ഇന്റലിജൻസ് മേധാവിക്കൊന്നും സെക്യൂരിറ്റി കാണില്ല.
ലീന കസേരയിൽ പിന്നോട്ടു ചാഞ്ഞ് കൈകൾ രണ്ടും തലയ്ക്ക്കു പിന്നിൽ പിണച്ച് ഫാനിലേക്കു നോക്കി. അവളുടെ ഉടലിലേക്കു നോക്കരുത്,  നോക്കരുത്  എന്ന് ചിന്തിച്ച് രാജൻ അവളെ ഉടൽ മുതൽ മുടിവരെ നോക്കി.  


ബാലൻ നമ്പ്യാർ വീട്ടിലില്ലെങ്കിലോ? ലീന പറഞ്ഞു. വർഷത്തിൽ എത്രദിവസം അയാൾ വീട്ടിൽക്കാണും? പോരാത്തതിന്  ഇന്റലിജൻസ് മേധാവിക്കുള്ള സെക്യൂരിറ്റി എപ്പോഴും തോക്കും പിടിച്ച് പോലീസ് വേഷത്തിൽ നിൽക്കണമെന്നില്ല. അയാൾ മിടുക്കനാണെങ്കിൽ വിരുന്നുകാർ കവല തിരിയുമ്പൊഴേക്കും അയാൾക്ക് വിവരം ലഭിക്കും. കേട്ടിടത്തോളം അയാൾ മിടുക്കനാണ്. വെറുതേ കയറിവരുന്ന കൊലയാളിക്കൊക്കെ നിന്നുകൊടുക്കാനായിരുന്നെങ്കിൽ അയാൾ എന്നേ ചുടുകാട്ടിലെത്തിയേനെ.


ധ്യാനിക്കുമ്പൊഴും കഞ്ചാവടിക്കുമ്പൊഴും വരുന്ന ഭാവമായിരുന്നു സന്തോഷിന്റെ മുഖത്ത്.  "ലീന പറഞ്ഞതിലും കാര്യമുണ്ട്. ഇനി അഥവാ ബാലൻ നമ്പ്യാർക്ക് സെക്യൂരിറ്റിയൊന്നും ഇല്ലെങ്കിലും വെടിവെച്ചു കൊല്ലാൻ വീട്ടിൽച്ചെല്ലുമ്പൊഴായിരിക്കും  ബാലൻ നമ്പ്യാർ സ്ഥലത്തില്ല എന്നു മനസിലാവുന്നത്.  വീണ്ടും പിറ്റേദിവസവും അതിന്റെ പിറ്റേന്നും ചെന്ന് കാത്തുനിന്ന് വെടിവെച്ചു കൊല്ലാൻ പറ്റില്ല. ഏറിയാൽ ഒരു ചാൻസ് കിട്ടും. അതിൽ റിസ്കെടുക്കാൻ പറ്റില്ല".


പിന്നെ എങ്ങനെയാണ് ബാലൻ നമ്പ്യാരെ കിട്ടുക? ഒന്നു കൊല്ലാനാ, ഇങ്ങുവരെ വരാമോ എന്ന് ചോദിച്ചാലോ? ഈ വീടിന്റെ പേരും അഡ്രസും പറഞ്ഞുകൊടുത്ത് ഇങ്ങോട്ടു വരാൻ പറയാം. എന്തേ? ലീന പറഞ്ഞു.


അല്ലെങ്കിലും ലീനയ്ക്ക് തമാശ പറയുന്നതിനു നേരവും കാലവുമൊന്നുമില്ല. മനുഷ്യൻ ഇവിടെ റ്റെൻഷനടിച്ച് ഞെരിപിരികൊള്ളുമ്പൊഴാണു തമാശ. രാജൻ ലീനയെ കടുപ്പിച്ച് നോക്കി. പക്ഷേ സന്തോഷിനു ലീനയുടെ ആശയം ഇഷ്ടപ്പെട്ടതുപോലെ തോന്നി.


നല്ല ഐഡിയയാണ്. ഇങ്ങോട്ടു വിളിക്കണ്ട. കൊല്ലാനാണെന്നും പറയണ്ട. ഒന്നുകിൽ രാജൻ ബാലൻ നമ്പ്യാരെ വിളിച്ചു വരുത്തണം. അല്ലെങ്കിൽ ലീന വിളിക്കണം. രാജൻ ജയില് ചാടി എന്ന് അയാൾ അറിഞ്ഞിട്ടുണ്ടാവും. രാജനാണ് വിളിക്കുന്നതെങ്കിൽ ബാലൻ നമ്പ്യാർ വരുന്നത് പടയെയും കൂട്ടിയായിരിക്കും. ജയിൽ ചാടിയ കൊലയാളിയെ പോലീസ് വെടിവെച്ചുവീഴ്ത്തി എന്ന് നമ്മളായിട്ട് വാർത്തയുണ്ടാക്കിക്കൊടുക്കുന്നത് എന്തിനാ? അതുവേണ്ട.


പിന്നെങ്ങനെ?


ലീന വിളിക്കു. ജയിൽ ചാടിയ രാജന്റെ പെണ്ണാണ് എന്ന് പറയു - സന്തോഷ് പറഞ്ഞു.


ഞാനാരുടെയും പെണ്ണല്ല. എന്റെ കാറ്, എന്റെ ബൈക്ക്, എന്റെ പറമ്പ് എന്റെ പെണ്ണ് - മലയാളി ആണുങ്ങളെ നന്നാക്കാൻ പറ്റില്ല.


ശരി, അല്ലെങ്കിലല്ല. ജയിൽ ചാടിയ രാജന്റെ കാമുകിയായിരുന്നു എന്ന് പറയൂ. അവൻ ലീനയെ കൊന്നു എന്ന കള്ളക്കേസിലാണ് രാജൻ ജയിലിലായത് എന്ന് പറയൂ.


അതുകൊണ്ട് ബാലൻ നമ്പ്യാർക്കെന്താണു? എന്നെ കൊന്നു എന്ന കള്ളക്കേസിലല്ല, ഒരു സ്ത്രീയെ കൊന്നു എന്ന കേസിലാണു രാജൻ അകത്തായത്.


നിങ്ങളുടെ പേരല്ല പത്രങ്ങളിൽ വന്നത്. പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തത് രോഹിണി എന്ന സ്ത്രീ കൊല്ലപ്പെട്ടു എന്നാണ്.


അതുതന്നെയാണു ഞാനും പറയുന്നത്. പോലീസിനും രോഹിണി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണെങ്കിലോ? പിന്നെ എന്തിന് ബാലൻ നമ്പ്യാർ എന്നെ കാണണം?


രാജൻ മെൻഡസിന്റെ കാമുകി രോഹിണി അല്ല, നിങ്ങളായിരുന്നു എന്ന് പറയൂ. അവനു അങ്ങനെ ഒരു കാമുകി ഇല്ല എന്ന് തീർത്തുപറയൂ. കേസ് നടത്താൻ പോകുന്നു, ബാലൻ നമ്പ്യാരുടെ അഭിപ്രായം അറിയണം എന്നു പറയൂ.


അങ്ങനെ പറഞ്ഞാൽ ബാലൻ നമ്പ്യാർ വരുമോ? ഇനി ഞാനറിയാതെ രാജന് ഒരു കാമുകിയുണ്ടായിരുന്നെങ്കിലോ? ഇവന് എവിടെയൊക്കെ, ഏതൊക്കെ കാമുകിമാരുണ്ടായിരുന്നു എന്ന് ഞാനെങ്ങനെ അറിയും?


രാജൻ ഇത് കേട്ട് വല്ലാതെയായി. സന്തോഷ് വിദഗ്ദമായി രംഗം കൈകാര്യം ചെയ്തു


പോലീസുകാർ രാജനോടു പറഞ്ഞത് അവൻ ലീന ഗോമസിനെ കൊന്നു എന്നാണ്. അതാണ് ജയിലിൽ വന്നപ്പോൾ രാജൻ വിശ്വസിച്ചിരുന്നതും.


അതെങ്ങനെ നിങ്ങൾക്കറിയാം?


രാജൻ എന്നോടു മാത്രമല്ല, ജയിലിൽ പലരോടും പറഞ്ഞതാണ് നിങ്ങളുടെ പേര്.


ശരി. പോലീസുകാർ രാജനോടു പറഞ്ഞത് അവൻ ലീന ഗോമസ് എന്ന എന്നെ കൊന്നു എന്നാണെന്നിരിക്കട്ടെ. പോലീസിന് എങ്ങനെ എന്റെ പേരറിയാം?


നിങ്ങളുടെ പേരുമാത്രമല്ല, ദുബൈയിലെ നിങ്ങളുടെ ജീവിതവും കേരളത്തിലെ കുട്ടിക്കാലവും വീട്ടിലെ വിശേഷങ്ങളും കിടപ്പറയിലെ പിണക്കങ്ങളും വരെ പോലീസിനു അറിയാമായിരിക്കും. നിങ്ങളുടെ ഓരോ നീക്കവും നോക്കിക്കൊണ്ടിരിക്കുന്ന പോലീസാണ് നമ്മുടേത്. ഇതിനൊന്നും നിരീക്ഷണ കാമറയൊന്നും വേണ്ട, നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് നോക്കിയാൽപ്പോരേ? പോലീസിനെ അണ്ടറെസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല.


ലീന വീണ്ടും കസേരയിലേയ്ക്ക് ചാഞ്ഞു.  


ബാലൻ നമ്പ്യാരോട് ഞാൻ രാജന്റെ കാമുകിയാണ് എന്ന് പറയാം. അയാൾ കാണാൻ താല്പര്യം കാണിച്ചില്ലെങ്കിലോ?


അയാൾ കാണാൻ വരും. ഒറ്റയ്ക്കു തന്നെ വരും. നിങ്ങൾ രാജന്റെ കാമുകിയായിരുന്നെന്നും രാജന്റെ കേസ് പോലീസ് കെട്ടിച്ചമച്ച കള്ളക്കേസാണെന്നും മാദ്ധ്യമങ്ങളോടു പറയും എന്ന് അയാൾക്കറിയാം. ഒന്നുമില്ലെങ്കിൽ പുതുമാധ്യമങ്ങളെങ്കിലും നിങ്ങൾ പറയുന്നത് എഴുതും എന്ന് അയാൾക്കു പേടികാണും. ബാലൻ നമ്പ്യാരുടെ മേലുള്ള സംശയമൊക്കെ തീർന്ന് ഇപ്പോൾ മന്ത്രിമാരുടെ കിടപ്പറക്കഥകളിലാണ് ജനങ്ങളുടെ ശ്രദ്ധ. വീണ്ടും തന്റെ മേൽ സ്പോട്ട്‌ലൈറ്റ് വരാൻ അയാൾ ആഗ്രഹിക്കില്ല. ഒരു വിവാദത്തിനും ബാലൻ നമ്പ്യാർ നിൽക്കില്ല.


ബാലൻ നമ്പ്യാർ വരാതെ പകരം മറ്റേതെങ്കിലും പോലീസുകാരെ പറഞ്ഞുവിട്ടാലോ? എന്നെ അറസ്റ്റ് ചെയ്ത് ഏതെങ്കിലും അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി കൊന്നുകളഞ്ഞാലോ?


നിങ്ങൾ അതിനുള്ള മുൻകരുതലുകൾ എടുത്തുകാണും എന്ന് ബാലൻ നമ്പ്യാർ ഊഹിക്കും. നിങ്ങളെ കാണ്മാനില്ലെങ്കിൽ  മാദ്ധ്യമങ്ങളിൽ കൊടുക്കാൻ വാർത്ത റെക്കോർഡ് ചെയ്തു എന്ന് അയാൾ ഊഹിച്ചുകൊള്ളും.


എനിക്ക് എന്നാലും വിശ്വാസം വരുന്നില്ല. രാജൻ ഒരു കൊലപാതകം നടത്തി എന്ന്  രാജനെപ്പോലും  തെറ്റിദ്ധരിപ്പിക്കാൻ കഴിവുള്ള പോലീസിനോടാണ് നമ്മൾ ഏറ്റുമുട്ടുന്നത്.


രാജന്റെ തെറ്റിദ്ധാരണ മാറിയല്ലോ. അവനാരെയും കൊന്നിട്ടില്ല എന്ന് അവനറിയാം. ഉറപ്പല്ലേ? ഷഫീക്ക് രാജനെ നോക്കി. രാജൻ തലകുലുക്കി.


ബാലൻ നമ്പ്യാരെ കാണുന്നത് ഏതെങ്കിലും സി.സി.റ്റി.വി ഉള്ള സ്ഥലത്തുവെച്ചായിക്കൂടേ? ഒരു ഷോപ്പിങ്ങ് മാൾ? കോഫി ഷോപ്പ്. എളുപ്പത്തിൽ പോലീസിനു നിങ്ങളെ പിടിച്ചുകൊണ്ടു പോകാൻ പറ്റുന്ന സ്ഥലത്തുവെച്ച് ബാലൻ നമ്പ്യാരെ കാണരുത്.


ശരി. ഞാൻ ബാലൻ നമ്പ്യാരെ കാണാം. കണ്ടിട്ട് എന്തു ചെയ്യാനാണ്? ഇങ്ങോട്ടു വരാൻ പറയണോ?


സന്തോഷ് ബാലൻ നമ്പ്യാരുടെ ഫോൺ നമ്പർ ഒരു കടലാസിൽ എഴുതി ലീനയ്ക്കു കൊടുത്തുകൊണ്ട് പറഞ്ഞു  ഇല്ല. ഇവിടെയാണ് ലീനയുടെ മിടുക്ക്. നിങ്ങൾ രാജനും നിങ്ങളുമൊത്തുള്ള ജീവിതത്തെപ്പറ്റി ബാലൻ നമ്പ്യാരോടു പറയണം. രാജനെപ്പറ്റി എന്തെങ്കിലുമൊക്കെ പറഞ്ഞ് സംഭാഷണം നീട്ടിക്കൊണ്ടുപോവണം. ആ സമയത്ത് രാജൻ കോഫി ഷോപ്പിനടുത്തെത്തും. രാജൻ അടുത്തെത്തുമ്പോൾ ലീനയ്ക്ക് മെസ്സേജ് ഇടണം. അപ്പോൾ ലീന സംഭാഷണം മതിയാക്കി എന്തെങ്കിലും തിരക്കു പറഞ്ഞ് ഇറങ്ങണം.


എന്നിട്ടോ?


ബാലൻ നമ്പ്യാർ ബില്ലു കൊടുത്ത് പുറത്തിറങ്ങും. ലീന ആദ്യം കിട്ടുന്ന ഓട്ടോറിക്ഷയോ ടാക്സിയോ പിടിച്ച് എയർപോർട്ടിലേക്കു പോകണം. പിന്നാലെ ബാലൻ നമ്പ്യാർ പുറത്തിറങ്ങുമ്പോൾ രാജൻ അയാളെ തെരുവിലിട്ട് വെടിവെച്ചുകൊല്ലണം.


തെരുവിലോ?


ഒരു കൊലപാതകം നടത്തി രക്ഷപെടാൻ ഏറ്റവും എളുപ്പമുള്ള സ്ഥലമാണ് തെരുവ്. സംശയമുണ്ടോ?


അത്രയും ആളുകളുടെ നടുവിലോ?


ആൾക്കൂട്ടമാണു ഏറ്റവും സുരക്ഷിതം. ആളുകളുടെ റിയാക്ഷൻ എന്തായിരിക്കും? കുറച്ചുനേരത്തേയ്ക്ക് ആർക്കും എന്ത് ചെയ്യണമെന്ന് ബോധം കാണില്ല. പിന്നെ ഓരോരുത്തർ മൊബൈൽ കാമറയെടുത്ത് ഫോട്ടോ എടുത്തു തുടങ്ങും. ആരും കൊലയാളിയെ പിടിക്കാനോ തടയാനോ നോക്കില്ല. കയ്യിൽ തോക്കുമുണ്ട്. ജീവനിൽ കൊതിയുള്ള മലയാളികൾ ആരും അതിനു ശ്രമിക്കില്ല. ഒരു വണ്ടിയിടിച്ച് ഒരാൾ മരിക്കാൻ കിടന്നാൽ തിരിഞ്ഞുനോക്കാത്ത മലയാളികളാണ് തോക്ക് കയ്യിലുള്ള ഒരാളെ പിടിക്കാൻ നോക്കുന്നത്. ചെയ്യേണ്ടത് പോലീസിനെ വിളിക്കലാണു. അത് ഒരാളും ചെയ്യില്ല.
ബാലൻ നമ്പ്യാരെ വെടിവെച്ചിട്ട് ഞാൻ എന്ത് ചെയ്യും?


ശ്രദ്ധിച്ചു കേൾക്കു. രാജൻ അവിടെ എത്തി തയ്യാറാവുമ്പോൾ ലീനയ്ക്ക് ഒരു മിസ്ഡ് കാൾ തരും. രാജന്റെ മിസ്ഡ് കാൾ വരുന്നതുവരെ ലീന ബാലൻ നമ്പ്യാരെ പിടിച്ചു നിർത്തണം.
ബാലൻ നമ്പ്യാരെ എവിടെവെച്ചു കാണും? ലീന ചോദിച്ചു.


ഷേണോയ്സിനു അടുത്തുള്ള കഫെ കോഫിഡേയിൽ വെച്ചു കാണു. അല്ലെങ്കിൽ എം.ജി. റോഡിലുള്ള കഫെ കോഫിഡേയിൽ. അവിടെ സിസിറ്റിവി ഉണ്ട്. നല്ല തിരക്കുള്ള സ്ഥലങ്ങളുമാണ്.  രാജൻ നമ്പ്യാർ എന്തെങ്കിലും ഫൗൾ കാണിച്ചാൽ ദൃക്‌സാക്ഷികളായി ഒരുപാടുപേർ ഉണ്ടാകുന്നത് നല്ലതാണ്.
ആൾക്കാരുടെ മുന്നിൽ വെച്ച് വെടിവെച്ചു കൊന്നാൽ ഞാൻ വീണ്ടും അറസ്റ്റിലാവില്ലേ? രാജൻ ഇടക്കു കയറി ചോദിച്ചു.  ജയിലിൽക്കിടന്ന് മതിയായി. പക്ഷേ അതിലും ഭീകരമായിരിക്കും പോലീസുകാരനെ കൊന്നതിനു ബാക്കി പോലീസുകാർ ഇടിക്കുന്നത്.


ഹെല്മറ്റില്ലാതെ നാട്ടിൽ ബൈക്കോടിച്ചൂടാ എന്നറിയില്ലേ? രാജൻ ഹെല്മറ്റ് ധരിക്കണം.


ഉം..


നോക്കൂ, ഒന്നുകൂടി വ്യക്തമായി പറയാം. നാളെ വൈകിട്ട് ആറേമുക്കാലിന് കൊച്ചി - ദുബൈ ഫ്ലൈറ്റുണ്ട്. രാജനും ലീനയും ആ ഫ്ലൈറ്റിൽ തിരിച്ചുപോണം. ഇന്നുതന്നെ റ്റിക്കറ്റ് എടുക്കു. പാസ്പോർട്ട് കയ്യിലുണ്ടല്ലോ അല്ലേ.
യെസ്..


ബിസിനസ് ക്ലാസ് റ്റിക്കറ്റ് എടുക്കു. ലഗേജ് ഒന്നും എടുക്കേണ്ടന്ന് പറയേണ്ടല്ലോ. നാളെ രാവിലെ ഓൺലൈൻ ചെക്കിൻ ചെയ്ത് ബോർഡിങ്ങ് പാസ് പ്രിന്റ് എടുത്തുവെക്കണം. ബാലൻ നമ്പ്യാരെ ഇന്നുതന്നെ ലീന വിളിക്കണം. കൃത്യം മൂന്നു മുപ്പതിനു ഷേണോയ്സിനു അടുത്തുള്ള കഫെ കോഫി ഡേയിൽ വരാൻ പറയണം. ലീന അവിടെ മൂന്നേകാലാകുമ്പൊഴെങ്കിലും എത്തണം. ആദ്യം എത്തുന്നത് ലീനയായിരിക്കണം.


ംമ്മ്.


ചിലപ്പോൾ ആ സ്ഥലം പോലീസ് നിരീക്ഷണത്തിലായിരിക്കും. ചിലപ്പോൾ കാപ്പികുടിക്കാൻ മറ്റ് സീറ്റുകളിൽ ഇരിക്കുന്നവർ വേഷം മാറിയ പോലീസുകാരാകും. അതൊന്നും കാര്യമാക്കണ്ട. ബാലൻ നമ്പ്യാർ ഒറ്റയ്ക്ക് വരും.


ംമ്മ്.


ഇന്ന് നിങ്ങൾ എവിടെ താമസിക്കും?


രാജന് കാക്കനാട് ഒരു ഫ്ലാറ്റുണ്ട്. അവിടെ.


നാളെ ലീന എങ്ങനെ ഷേണോയ്സിനു മുൻപിലെത്തും?


ഞാൻ ഒരു ഓട്ടോ എടുത്ത് പൊയ്ക്കോളാം. ബാലൻ നമ്പ്യാരോട് ഞാനെന്താണ് സംസാരിക്കേണ്ടത്?


അത് ലീന തന്നെ തീരുമാനിക്കൂ. എന്തെങ്കിലും തയ്യാറെടുത്ത് ചെന്നാൽ സംഭാഷണം കൃത്രിമമായിപ്പോകും. ബാലൻ നമ്പ്യാർ കണ്ടുപിടിക്കും. രാജന് പോകാൻ ബൈക്കുണ്ടോ? ഇല്ലെങ്കിൽ ബൈക്ക് വാടകയ്ക്ക് എടുക്കാം. എന്റെ ഒരു പരിചയക്കാരനുണ്ട്. ഞാൻ നമ്പർ അയച്ചുതരാം.


ഉം..


നാളെ രാവിലെ തന്നെ ബൈക്കും ഹെല്മറ്റും ശരിയാക്കണം. പാസ്പോർട്ടും ഇ-റ്റിക്കറ്റിന്റെ പ്രിന്റൗട്ടും മറക്കരുത്.


ഉം..


രണ്ടുപേരുടെയും കയ്യിൽ ഫോണില്ലേ? രണ്ട് സിം കാർഡുകൾ ഞാൻ വാങ്ങിച്ചുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇത് ഫോണിലിടണ്ട, നാളെ രാവിലെ മതി.


ഉം.


രാജൻ, ലീനയ്ക്ക് സംസാരിക്കാൻ അര മണിക്കൂറെങ്കിലും കൊടുക്കൂ. നീ നാല് പതിനഞ്ചിന് ഷേണോയ്സിനടുത്തെത്തണം. ലീനയെ വിളിച്ചുകഴിഞ്ഞാൽ ബാലൻ നമ്പ്യാർ ഇറങ്ങിവരാൻ അഞ്ച് - ആറ് മിനിട്ടെടുക്കും. അതുവരെ റോഡരികിൽ ബൈക്കിൽത്തന്നെ നിൽക്കണം.


ഉം..


ബാലൻ നമ്പ്യാരുടെ കഴിവതും അടുത്ത് ബൈക്കോടിച്ചു ചെന്നിട്ടു വേണം വെടിവെക്കാൻ. തലയിൽ, രണ്ടു കണ്ണുകൾക്കും ഇടയ്ക്ക്, നെറ്റി ലക്ഷ്യമാക്കി വെടിവെക്കണം. അയാൾ മരിച്ചു എന്നുറപ്പായാൽ ബൈക്കോടിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു മുന്നിലെ ഓട്ടോ സ്റ്റാൻഡ് വരെ പോകണം. ഏകദേശം അരക്കിലോമീറ്റർ വരും. അവിടെ എവിടെയെങ്കിലും - പറ്റുമെങ്കിൽ ആശുപത്രിയുടെ പാർക്കിങ്ങിൽ, ബൈക്ക് ഉപേക്ഷിച്ച് ഒരു ഓട്ടോറിക്ഷ എടുക്കണം. അതിൽ വേണം നെടുമ്പാശ്ശേരിയിൽ പോകാൻ.


ഉം..


മെട്രോ പണിനടക്കുന്നതുകൊണ്ട് ട്രാഫിക്കിൽ അല്പം സമയമെടുക്കും. എന്നാലും പോലീസിന്റെ ശ്രദ്ധ വെട്ടിച്ച് എയർപോർട്ടിലെത്താൻ ഓട്ടോറിക്ഷയാണ് നല്ലത്. നേരെ ബിസിനസ് ക്ലാസ് ലൗഞ്ചിൽ എത്തണം.


ലീനയോ?


പറഞ്ഞല്ലോ, രാജൻ എന്ത് ചെയ്യുന്നു എന്ന് ലീന നോക്കേണ്ട കാര്യമില്ല. ലീന ആദ്യം കിട്ടുന്ന റ്റാക്സിയിൽ നെടുമ്പാശ്ശേരിയിൽ എത്തൂ. ദുബൈയിൽ എത്തുന്നതുവരെ പരസ്പരം പരിചയം കാണിക്കരുത്. അടുത്തുപോലും ഇരിക്കരുത്.


ചെയ്യാം.  ഒരു കാര്യം വിട്ടുപോയി.


എന്ത്?


വെടിവെച്ചുകൊല്ലാൻ തോക്കെവിടെ?


വിട്ടുപോയിട്ടില്ല. തോക്ക് കിട്ടാൻ അല്പം ബുദ്ധിമുട്ടി. പരിചയമുള്ള ഗുണ്ടാസംഘങ്ങളുടെ കയ്യിൽ വടിവാളേയുള്ളൂ. ചിലപ്പോൾ തോക്കുണ്ടായിട്ടും അവർ എനിക്കു തരാൻ മടിക്കുന്നതാവും. എന്തായാലും കോയമ്പത്തൂരിൽ നിന്ന് തോക്ക് എത്തിക്കാൻ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. ഉച്ചയോടെ തോക്ക് എന്റെ കയ്യിൽ കിട്ടും. ഞാൻ രാജന്റെ ഫ്ലാറ്റിൽ എത്തിക്കാം. പോരേ?


വെടിയുണ്ടയും?


വെടിയുണ്ടയും. രണ്ടും ഞാൻ എത്തിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിച്ചുപറയാം.


ഉം. ഞങ്ങൾ പോയിക്കഴിഞ്ഞാൽ നിന്റെ കാര്യമോ? നീ കുടുങ്ങില്ലേ?


സന്തോഷ് ചിരിച്ചു. വടക്കുകിഴക്കേ ഇന്ത്യയൊക്കെ കാണണം എന്ന് കുറെ നാളായുള്ള ആഗ്രഹമാണ്. അതിനു പറ്റിയ ചാൻസാണെന്നു തോന്നുന്നു.


ദുബൈയിലേക്കു വരുന്നോ? ഞാൻ ചെന്നിട്ട്..


വേണ്ട. ഞാനെങ്ങോട്ടുമില്ല. ശരി,  വിളിക്കാം. ഇറങ്ങട്ടെ. ശുഭരാത്രി


ശുഭരാത്രി..


കാക്കനാട്ടെ ഫ്ലാറ്റിലെത്തിയ രാജൻ ഇന്റർനെറ്റിലൂടെ ഇരുവർക്കും റ്റിക്കറ്റെടുത്തു. ലീന ചായ ഉണ്ടാക്കി റ്റിവിയ്ക്കു മുന്നിലിരുന്ന് വാർത്താ ചാനലുകൾ ഓടിച്ചുകണ്ടുകൊണ്ടിരുന്നു.


രാജൻ, ഒരു കാര്യം ശ്രദ്ധിച്ചോ, നിങ്ങൾ ജയിൽ ചാടിയ വാർത്ത ഒരു ചാനലിലുമില്ല.


നല്ലതല്ലേ അത്.


അതല്ല, രണ്ടുപേർ ജയിൽ ചാടിയത് വാർത്ത അല്ലാതാവുമോ? ഇന്റർനെറ്റ് നോക്കട്ടെ. ലീന ന്യൂസ് പോർട്ടലുകളിൽ പരതി. മുഖ്യധാരാ, പുതു തലമുറ പത്രങ്ങളിലൊന്നും ജയിൽ ചാട്ടത്തിന്റെ വാർത്ത ഇല്ലായിരുന്നു.


ഇതെങ്ങനെ ഇങ്ങനെവരും രാജൻ?


പോലീസ് പുറത്തുപറഞ്ഞുകാണില്ല. ഞങ്ങളെ പെട്ടെന്നു പിടികൂടാമെന്ന് പോലീസിനു വിശ്വാസം കാണും.


എന്നിട്ട് ചീറിപ്പാഞ്ഞുപോകുന്ന പോലീസ് വണ്ടികൾ കണ്ടോ? പോലീസ് തിരക്കി ഇവിടെ വരണ്ടേ? അതും നടന്നില്ലല്ലോ.


എനിക്ക് ഇവിടെ ഫ്ലാറ്റുണ്ടെന്ന് പോലീസിനെങ്ങനെ അറിയാനാണ്? അവർ തിരക്കുന്നുണ്ടാവും.


രാജൻ, ഞാനൊരു കാര്യം പറയട്ടെ.


എന്താണ്?


എന്തായാലും റ്റിക്കറ്റെടുത്തു. നാളെ ബാലൻ നമ്പ്യാരെ കൊല്ലാതെ നമുക്കങ്ങ് ദുബൈയിൽ പോയാൽപ്പോരേ? എന്തിനാണ് ഇത്ര വലിയ റിസ്ക് എടുക്കുന്നത്?


നമ്മൾ എല്ലാം ഒരുമിച്ചിരുന്ന് സംസാരിച്ച് തീരുമാനിച്ചതല്ലേ?


അതെ. ഇതിൽ സന്തോഷിന്റെ റോൾ എവിടെയാണ്? ഒരു റിസ്കുമില്ലാത്തത് അയാൾക്കാണ്. മുഴുവൻ റിസ്കും നമുക്കു രണ്ടുപേർക്കും. ഇത്ര കഷ്ടപ്പെട്ട് സംസ്ഥാന ഇന്റലിജൻസ് മേധാവിയെ കൊന്നിട്ട് എന്തുകിട്ടാനാണ്?പ്രതികാരം ചെയ്തെന്ന കിക്കോ?


കിക്കിനുവേണ്ടിയാണോ ബാലൻ നമ്പ്യാരെ കൊല്ലുന്നത്? ഒരു പാമ്പ് ഫണമുയർത്തി നിന്നാൽ ആരെങ്കിലും തല്ലിക്കൊല്ലണം. അതിപ്പൊ ഞാൻ ചെയ്യുന്നു എന്നല്ലേയുള്ളൂ?


നീ എന്നാണ് നാട്ടുകാരെ നന്നാക്കാനിറങ്ങിയത്? സ്വന്തം കാര്യം നോക്കി ജീവിച്ചവനല്ലേ നീ? ഇതുവരെ നീ ആരെയാണു സഹായിച്ചത്?  പിന്നെ ഇപ്പോൾ എന്തിനാണ് വെറുതേ ജീവിതം തുലയ്ക്കുന്നത്?


രാജന്റെ മുഖമിരുണ്ടു. നാട്ടുകാർക്കാണോ എനിക്കാണോ ഇപ്പോൾ ദ്രോഹം കിട്ടിയത്? ജയിലിൽ കിടന്നതും തല്ലുകിട്ടിയതും എനിക്കല്ലേ? എനിക്കയാളെ വെറുതേ വിടാൻ പറ്റില്ല.


ലീന രാജന് എതിരേ വന്നിരുന്നു. ഇടതുകൈവിരലുകൾ അവന്റെ മുടിയിൽ ഓടിച്ചുകൊണ്ട്, അവന്റെ കണ്ണിൽ നോക്കി അവൾ ചോദിച്ചു - രാജൻ, ഈ പ്രതികാരം എന്താണെന്നറിയാമോ?


എന്താണ്?


വെറും ഈഗോ. മലപോലെ വളർന്ന നിന്റെ ഈഗോയെ തൃപ്തിപ്പെടുത്തൽ. ഈഗോ ഇല്ലാത്ത ഒരാളായിരുന്നെങ്കിൽ നീ ജയിലിൽ നിന്നു രക്ഷപെട്ട ഉടനെ എയർപോർട്ടിലേക്കു പോയേനെ. പക്ഷേ നിന്റെ ഈഗോ സമ്മതിക്കില്ല. നിനക്കു ബാലൻ നമ്പ്യാരെയും ജയിക്കണമല്ലോ.


എനിക്കു ജയിക്കണമെങ്കിൽ നിനക്കെന്താണ്? രാജൻ പൊട്ടിത്തെറിച്ചു. അതെ, എനിക്കീഗോയാണ്. ഈഗോ ഇല്ലെങ്കിൽ ഞാൻ നാട്ടിൽത്തന്നെ തീർന്നുപോയേനെ. ഇപ്പോഴും വല്ലവരുടെയും തെങ്ങിനു തടമെടുത്തും ഓട്ടോ ഓടിച്ചും ജീവിച്ചേനെ. ഈഗോ ഇല്ലെങ്കിൽ ഞാൻ ഗൾഫിലെ ലേബർകാമ്പിൽ കിടന്നേനെ. അങ്ങനെ ബാലൻ നമ്പ്യാർക്ക് തോറ്റുകൊടുക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. അയാളോടു ചോദിക്കാൻ എനിക്കു നീയും വേണ്ട, സന്തോഷും വേണ്ട.


രാജൻ അവളെപ്പറ്റി ചിന്തിക്കുന്നില്ല എന്ന് അവൾക്കു തോന്നി. അവനു ഒരപകടം വന്നപ്പോൾ അവൾ ഓടിയെത്തി, ഇപ്പോൾ അവന്റെ ക്രൈമിനു കൂട്ടുനിൽക്കുന്നു. ഇതെല്ലാം സ്വാഭാവികമായി ചെയ്യേണ്ട കാര്യങ്ങളാണെന്ന് അവൻ ചിന്തിക്കുന്നു. പോലീസ് മേധാവിയെ കൊന്ന ആളാരെന്ന് കണ്ടുപിടിക്കാൻ പോലീസിനു എത്ര സമയം വേണം? നാലുമണിക്കൂർ? ആറുമണിക്കൂർ? സന്തോഷ് പറയുന്നതുപോലെ ഹെൽമെറ്റ് വെച്ചാൽ ആളെ തിരിച്ചറിയാതിരിക്കാൻ മാത്രം മണ്ടന്മാരാണോ കേരള പോലീസ്? കേരള പോലീസെന്നല്ല, ഏത് പോലീസായാലും ആദ്യം സന്തോഷിനെപ്പൊക്കും. ബൈക്ക് വാടകയ്ക്കു കൊടുത്തയാളെ പൊക്കും, ഷഫീക്കിനെ ചോദ്യം ചെയ്യും, തോക്ക് കൊടുത്ത ഗുണ്ടാസംഘങ്ങളെപ്പൊക്കും, രാജൻ യാത്രചെയ്യുന്ന ഓട്ടോ ഡ്രൈവറെയും ലീന യാത്ര ചെയ്യുന്ന ടാക്സിയുടെ ഡ്രൈവറെയും പൊക്കും. ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും. ദുബൈയിൽ നിന്നും തിരിച്ചുകൊണ്ടുവരാൻ നോക്കും. എയർഹോസ്റ്റസ് ജീവിതം അവസാനിപ്പേക്കേണ്ടി വരും. എന്തിനു? സ്വയം അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടുന്നത് എന്തിനാണു? ഇതൊന്നും രാജനു മനസിലാവില്ല. ഞാൻ അവന്റെ കൂടെ അവസാനം വരെ, കുഴിവരെ പോവുകയാണു. അതും അവൻ ഗ്രാന്റഡ് ആയി എടുക്കുകയാണു. അവന്റെ അവകാശം പോലെ. യജമാനനു വേണ്ടി ചാകാൻ തയ്യാറാകുന്ന വളർത്തുനായയോട് യജമാനൻ നന്ദികാണിക്കാറുണ്ടോ? ചവിട്ടും ശകാരവും കൊണ്ട് മൂന്നുനേരം വെച്ചുണ്ടാക്കുന്ന ഭാര്യമാരോട് ഒരു മലയാളി പുരുഷനും നന്ദികാണിച്ചിട്ടില്ല. രാജൻ അങ്ങനെയാണു. മലയാളി.  മലയാളിക്ക് അവന്റെ സ്വത്വത്തിൽ നിന്നും രക്ഷയില്ല. രാജൻ ജയിൽ ചാടിയതെന്തിനു? കുറച്ചുനാൾ കൂടി കാത്തിരുന്നെങ്കിൽ ജാമ്യം ലഭിച്ചേനെ. കോടതിയെ നിരപരാധിത്വം ബോധ്യപ്പെടുത്തി വീണ്ടും ജീവിതം തുടങ്ങാമായിരുന്നു. ഇതൊന്നും ഇനി സംസാരിച്ചിട്ടു കാര്യവുമില്ല.


ലീന എണീറ്റുപോയി. പിസ ഹട്ടിൽ വിളിച്ച് ഡിന്നർ ഓർഡർ ചെയ്തു. എന്നിട്ട് ബാലൻ നമ്പ്യാരുടെ നമ്പറെടുത്ത് വിളിച്ചുസംസാരിച്ചു. രാജന്റെ കാമുകിയാണ്, കാണണം എന്ന് പറഞ്ഞപ്പൊഴേ പുള്ളി കാണാനുള്ള സമ്മതം അറിയിച്ചു. ഷേണോയ്സിലെ കഫെ കോഫിഡേയിൽ, നാളെ മൂന്നരയ്ക്ക്. അവൾ ഫോൺ കട്ട് ചെയ്തു. രാജൻ ഒരുപാടു നേരം കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ടിരുന്നു. അവന്റെ ദേഷ്യം തണുത്തിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് അവൻ ഭക്ഷണമെടുക്കാൻ ഊണ്മുറിയിലേക്ക് നടന്നപ്പൊഴേയ്ക്കും ലീന ഉറങ്ങിക്കഴിഞ്ഞിരുന്നു.


9.  രണ്ടുപേർക്ക് കളിക്കാവുന്ന കളികൾരാവിലെ 6 മണി.


ഫ്ലാറ്റിന്റെ കർട്ടനുകൾ തുറന്നിട്ടും വെളിച്ചമില്ലായിരുന്നു.  ആകാശം ചാരം മൂടിക്കിടന്നു. എപ്പോൾ വേണമെങ്കിലും മഴപെയ്യും എന്നു തോന്നി.  ലീന ചായ ഉണ്ടാക്കി, ചെറിയ റ്റോപ്പും വളരെ ചെറിയ ഒരു ഷോർട്ട്‌സും ധരിച്ച അവൾ ചായയുമായി രാജന്റെ അടുത്തെത്തി. രാജൻ മെത്തയിൽ കണ്ണുതുറന്നു കിടക്കുന്നു. കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞുനിൽക്കുന്നു. ചെറിയ കള്ളി ഷോർട്ട്‌സിനുള്ളിൽ അവന്റെ ലിംഗം ഉയർന്നുനിന്നു. കട്ടിലിന്റെ അരികിലെ ചെറിയ മേശയിൽ ചായക്കപ്പ് വെച്ചുകൊണ്ട് ലീന പുഞ്ചിരിച്ചു. സെക്സ്?


രാജൻ ചിരിച്ചു. മൂഡ് വരുന്നില്ല പെണ്ണേ. അവൻ കൈ നീട്ടിയപ്പോൾ അവൾ അവന്റെ നെഞ്ചുചേർന്ന് മുയൽക്കുട്ടിയെപ്പോലെ ചുരുണ്ടുകിടന്നു. രാജന്റെ നെഞ്ചിലെ നരച്ചുതുടങ്ങിയ നീളൻ രോമങ്ങൾ പതുക്കെ വലിച്ച് മിണ്ടാതെ കിടന്നു. സെക്സിനുള്ള ഒരവസരവും അവൻ പാഴാക്കാത്തതാണ്. ഇന്ന് സെക്സിലും ത്രസിപ്പിക്കുന്ന, അതിനെക്കാൾ തലച്ചോറിൽ വൈദ്യുതി പായിക്കുന്ന കാര്യങ്ങളാണ് നടക്കാൻ പോകുന്നത്. ഒരുപക്ഷേ അതുകൊണ്ടാവും. ഒരു മനുഷ്യനെ കൊല്ലുന്നത് ഇത്ര ത്രില്ലുള്ള കാര്യമാണോ എന്ന് അവൾ ചിന്തിച്ചു. എന്തുകൊണ്ടാണ് റിപ്പർ ചന്ദ്രനും മറ്റും സീരിയൽ കില്ലറുകളായത്? ഓരോ കൊലപാതകവും നീണ്ടുനിൽക്കുന്ന ഒരു രതിമൂർച്ഛയായിരിക്കുമോ? കൊലപാതകത്തിന്റെ ഒരുക്കങ്ങൾ മുതൽ കയ്യിലെ ചോര കഴുകിക്കളയുന്നതുവരെ നീണ്ടുനിൽക്കുന്ന രതിമൂർച്ഛ? രതി സൃഷ്ടിയാണ്. കൊലപാതകം സംഹാരവും. ഇതിലേതാണ് കൂടുതൽ ത്രസിപ്പിക്കുന്നത്? ഹിന്ദുക്കൾക്ക് സൃഷ്ടാവ് അനങ്ങാപ്പിണ്ടമായ ബ്രഹ്മാവാണ്. സംഹാരി വന്യനും കോപിയും ഊർജ്വസ്വലനുമായ ശിവനും. നാലുമുഖന്റെ ഒരു മുഖം പോലും ശിവൻ നുള്ളിക്കളഞ്ഞു. അവളുടെ തലമുടിയിൽ വിരലോടിച്ച് കിടക്കുന്ന രാജന്റെ കണ്ണുകൾ ഫാനിൽ തറഞ്ഞുനിൽക്കുന്നു. രാജനെ കൊല്ലാൻ എങ്ങനെയിരിക്കും? രസമായിരിക്കുമോ? അവന്റെ ബെൽറ്റ് കഴുത്തിൽക്കുടുക്കി വലിച്ച് പതുക്കെപ്പതുക്കെ മുറുക്കി കൊന്നുകളഞ്ഞാലോ? അതു സ്വപ്നം കണ്ട് ലീന ചെറുതായി പുഞ്ചിരിച്ചു. കൊല്ലുന്നതിനു മുൻപ് രാജന്റെ വയറും മൂത്രസഞ്ചിയുമൊക്കെ ഒഴിഞ്ഞിരിക്കണം. അല്ലെങ്കിൽ മെത്ത വൃത്തികേടാക്കും. നഖം വെട്ടിക്കൊടുക്കണം. അവസാനത്തെ പിടച്ചിലിന് ആനയുടെ ശക്തിയാണെന്നാണ്. ശരീരം മാന്തിപ്പൊളിച്ചാലോ? കൊല്ലുന്നതിനു മുൻപ് അവനെ കശക്കിക്കളയുന്ന സെക്സ് വേണം. അങ്ങനെയാവുമ്പോൾ ശുക്ലം പോലും പുറത്തുചാടില്ല. രതിയുടെ മൂർച്ഛയിൽ കൊലയുടെ നിറവ്. ഈ രഹസ്യം മുന്നേ കണ്ടുപിടിച്ചതുകൊണ്ടായിരിക്കണം പെൺചിലന്തികൾ രതികഴിഞ്ഞ് ആൺചിലന്തികളെ കൊന്നുതിന്നുന്നത്. അല്ലെങ്കിൽത്തന്നെ ശുക്ലം വിതച്ചുകഴിഞ്ഞാൽ ആണിന്റെ ജീവിതം കൊണ്ട് ഗുണമെന്താണ്? പൂത്തുകഴിഞ്ഞ മുളമരം കരിഞ്ഞുപോകുന്നതുപോലെ രതികഴിഞ്ഞ ആണും ഒടുങ്ങിപ്പോകട്ടെ. കഴുത്തിൽ ബെൽറ്റ് മുറുക്കുമ്പോൾ കണ്ണുതള്ളി നാക്കു കടിച്ചുമുറിച്ച് കരയിലെടുത്തിട്ട മൽസ്യം പോലെ പിടയുന്ന രാജനെ അവൾ സങ്കൽപ്പിച്ചു.


എന്താ ആലോചിക്കുന്നത്? രാജൻ ചോദിച്ചു.


നിന്നെയങ്ങ് കൊന്നുകളഞ്ഞാലോ എന്നാ.


രാജൻ ചിരിച്ച് അവളുടെ കമ്മലിൽപ്പിടിച്ച് കളിച്ചുകൊണ്ടിരുന്നു. അപ്പോൾ ബെല്ലടിച്ചു. ലീന മെത്തയിൽ നിന്ന് അനങ്ങിയില്ല. ബൈക്ക് കൊണ്ടുവന്ന ആളാണ്. ട്രാക്ക് പാന്റും ബോബ് മാർലി റ്റീഷർട്ടുമിട്ട ഒരു താടിക്കാരൻ. രാജൻ അയാളോട് വാതിലിൽ നിന്നു സംസാരിച്ചു. തിരികെ മുറിയിൽ വന്ന് പേഴ്സ് എടുത്ത് താഴേയ്ക്കുപോയി. ലീന എണീറ്റ് ബാൽക്കണിയിലേക്കുള്ള കണ്ണാടിക്കതക് തുറന്നു. താഴേയ്ക്കു നോക്കിയപ്പോൾ രാജൻ ബൈക്കിന്റെ പെട്രോൾ റ്റാങ്ക് തുറന്ന് പരിശോധിക്കുന്നതും പിന്നെ ഹെല്മറ്റ് തലയിൽ വെയ്ക്കുന്നതും ബൈക്ക് ഓടിച്ചു വട്ടം കറക്കുന്നതും  കണ്ടു.

11 മണി


ലീന റെസ്റ്ററന്റിൽ വിളിച്ച് ഊണ് ഓർഡർ ചെയ്തു. അരമണിക്കൂറിൽ കാളിങ്ങ് ബെല്ലടിച്ചു. രാജൻ ഊണു വാങ്ങി പൊരിച്ചമീനും ചോറും കറികളും നിരത്തിവെച്ചു, കഴിക്കാൻ തോന്നുന്നില്ലെന്നു പറഞ്ഞു. ലീന നിർബന്ധിച്ചപ്പോൾ ഇത് കൊലച്ചോറുപോലിരിക്കുന്നു എന്ന് പറഞ്ഞു.


കൊലച്ചോറ് തൂക്കിക്കൊല്ലാൻ പോകുന്നവർക്കു കൊടുക്കുന്നതല്ലേ? ഇതിപ്പൊ നിന്നെയാരാ തൂക്കിക്കൊല്ലാൻ പോകുന്നത്?നീ വയസാംകാലത്ത് പൊണ്ണത്തടിവന്ന് ഹൃദയം നിന്നുപോയി ചാവാനുള്ളതാണ്. ഇതുനിന്റെ അവസാനത്തെ ഊണൊന്നുമല്ല. വന്നിരുന്നു കഴിക്ക്.


രാജൻ ഭക്ഷണം കഴിച്ചില്ല. ലീന കഴിച്ചുതീർത്ത് ബാക്കി ഭക്ഷണം കുപ്പത്തൊട്ടിയിൽ കളഞ്ഞു. ഫ്ലാറ്റിന്റെ  മുറികളും ജനാലകളും ഓരോന്നായി അടച്ചുപൂട്ടി.  മേശപ്പുറത്തുകിടന്ന സിം കാർഡുകൾ എടുത്ത് ഇരുവരുടെയും ഫോണിലിട്ട് അവ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തി.


ഒരുമണി - രണ്ടര.


രാജൻ സന്തോഷിനെ വിളിച്ചു. കോയമ്പത്തൂരിൽ നിന്നും തോക്ക് തൃശ്ശൂരിൽ എത്തിയിട്ടുണ്ട്. ഒന്നൊന്നര മണിക്കൂറിനകം കൊച്ചിയിലെത്തും, കയ്യിൽ കിട്ടിയാലുടനെ ഫ്ലാറ്റിലേക്കു വരാം എന്നുപറഞ്ഞു. ലീന ബാലൻ നമ്പ്യാരെ വിളിച്ചു. ബാലൻ നമ്പ്യാർ ഫോണെടുത്തില്ല. കാൾ വോയ്സ് മെയിലിലേക്കു പോയി. ഒന്നരയ്ക്കും രണ്ടുമണിക്കും വിളിച്ചു. വീണ്ടും വിളിച്ചിട്ടു കിട്ടാതെ ലീന ഒരുങ്ങിത്തുടങ്ങി. വെളുത്ത നിറത്തിൽ ചെറിയ നീലപ്പൂക്കളുള്ള നീളൻ ഗൗൺ ധരിച്ചു. കാതിൽ ഞാന്നുകിടക്കുന്ന നീലക്കമ്മലുകളിട്ടു. കൺപീലികളിൽ മഷിപടർത്തി. കവിളുകളിൽ മേയ്ക്കപ്പ് പൗഡർ തൂകി. കീഴ്ച്ചുണ്ടിൽ ഇളം ചുവപ്പ് ലിപ്‌സ്റ്റിക്ക് തേച്ച് കണ്ണാടിയിൽ നോക്കി ഉമ്മവെച്ച് മേൽച്ചുണ്ടിലേക്കു പടർത്തി. നാലിതളുള്ള പൂവിന്റെ നടുവിൽ ചുവന്നവൈരമുള്ള ലോക്കറ്റ് വെള്ളി ഒറ്റനൂൽ മാലയിൽ കൊരുത്ത് കഴുത്തിലിട്ടു. നഖങ്ങളിലെ ചുവപ്പു നിറത്തിൽ വിള്ളലുകളുണ്ടോ എന്ന് നോക്കി ഇല്ലെന്നുകണ്ട് തൃപ്തിപ്പെട്ടു. മുല്ലപ്പൂമണമുള്ള പെർഫ്യൂമടിച്ചു. യാത്രയ്ക്കുള്ള കാര്യങ്ങൾ ചുവപ്പുനിറമുള്ള വലിയ ഹാൻഡ് ബാഗിൽ ഒതുക്കിവെച്ചു. വെള്ളിനിറത്തിലുള്ള ഹൈ-ഹീൽ ചെരുപ്പുകളിട്ട് കണ്ണാടിയിൽക്കണ്ട സുന്ദരരൂപത്തെ നോക്കി പുഞ്ചിരിച്ചു.


രണ്ടരയ്ക്ക് വീണ്ടും വിളിച്ചപ്പോൾ അയാൾ ഫോണെടുത്തു.


ഹലോ
ഹലോ
സർ, ഞാൻ ലീനയാണ്. രാജൻ മെൻഡസിന്റെ..
ആ പറയൂ ലീന. ക്ഷമിക്കണം, ആകെ തിരക്കുപിടിച്ച ദിവസമായിരുന്നു. ഹോം മിനിസ്റ്റർ കൊച്ചിയിലുണ്ട്. അതിന്റെ തിരക്കുകളായിരുന്നു.  
സർ, ഇന്ന് മൂന്നരയ്ക്ക് കാണാമെന്നു പറഞ്ഞിരുന്നു. ഷേണോയ്സിനടുത്തെ കഫെ കോഫിഡേയിൽ.
ക്ഷമിക്കൂ ലീന, ഇന്ന് നടക്കില്ല. നാളെയായാലോ?
സർ, എനിക്കു നാളെ അസൗകര്യമുണ്ട്. ഒരു പത്ത് മിനിട്ട് നേരത്തേയ്ക്ക് കാണാമോ?
ലീന, ഒരു കാര്യം ചെയ്യു. മെറീഡിയൻ ഹോട്ടലിലേക്കു വരാമോ? ഹോം മിനിസ്റ്റർ ഇവിടെ ഒരു സ്വകാര്യ ചടങ്ങിനു വന്നതാണ്. എപ്പോൾ വിളിച്ചാലും ഞാൻ ചുറ്റുവട്ടത്തുണ്ടാകണം. പുള്ളിയുടെ കോൾ വരുന്നതു വരെ നമുക്ക് സംസാരിക്കാം.
സർ. ഞാൻ വരാം. മൂന്നരയ്ക്ക് കാണാം.
തീർച്ചയായും. മെറീഡിയൻ ഹോട്ടലിന്റെ താഴത്തെ നിലയിൽ വലതുവശത്തായി ഒരു കോഫി ഷോപ്പ് ഉണ്ട്; പാം ഗ്രോവ്. നമുക്ക് അവിടെവെച്ചു കാണാം. എന്നെ കണ്ടാൽ തിരിച്ചറിയുമല്ലോ അല്ലേ?
തീർച്ചയായും. കാണാം സർ. ബൈ.
ബൈ.


രാജൻ സന്തോഷിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും സന്തോഷ് ഫോണെടുത്തില്ല. സാരമില്ല, നമുക്ക് പ്ലാൻ മാറ്റാം. കാര്യങ്ങളൊക്കെ നേരത്തേ പറഞ്ഞതുപോലെത്തന്നെ - ഞാൻ നാലുമണിക്ക് മെറീഡിയൻ ഹോട്ടലിന്റെ അടുത്ത് കാത്തുനിൽക്കാം. ഞാൻ എത്തുന്നതുവരെ പുള്ളിയെ പിടിച്ചുനിർത്തണം. ബാക്കിയൊക്കെ പറഞ്ഞതുപോലെ. ഞാൻ ഒരു മിസ്ഡ് കാൾ തരുമ്പോൾ സംഭാഷണം മതിയാക്കണം. എന്നിട്ട് ബാലൻ നമ്പ്യാർ എങ്ങോട്ടാണ് ഇറങ്ങുന്നത് എന്ന് മെസ്സേജിടണം. പുള്ളി പുറത്തോട്ടിറങ്ങാതെ ഏതെങ്കിലും മുറിയിലേക്കാണ് പോകുന്നതെങ്കിൽ  അറിയിച്ചാൽ മതി. ഞാൻ പുള്ളിയെ മുറിയിൽച്ചെന്നുകണ്ട് കാര്യങ്ങൾക്കൊരു തീർപ്പാക്കാം.


രാജൻ, കാര്യങ്ങൾ കുറെക്കൂടി കുഴമറിഞ്ഞെന്ന് കാണുന്നില്ലേ? ഇത് മൊത്തത്തിൽ ഡ്രൊപ്പ് ചെയ്യുന്നതല്ലേ നല്ലത്?


ഇല്ല. ഇത്രയുമെത്തി. ഇനി പിന്നോട്ടില്ല.


എന്താണു പറയുന്നത്? ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് രഹസ്യാന്വേഷണ മേധാവി പുറത്തേക്കിറങ്ങുമോ? അയാളെ കൊണ്ടുപോകാൻ ഡ്രൈവറുള്ള പോലീസ് കാർ പടിവരെ വരും. നീയെന്താ, ഹോട്ടലിന്റെ ലോബിയിൽ തോക്കും പിടിച്ച് കാത്തുനിൽക്കുമോ?


ഇല്ല. അറ്റകൈക്ക് ഞാൻ അകത്തുവന്ന് അയാളെ സെറ്റിൽ ചെയ്യാം എന്നു പറഞ്ഞില്ലേ? നീ റ്റാക്സി പറഞ്ഞുവിടരുത്. റ്റാക്സി ഹോട്ടലിന്റെ പാർക്കിങ്ങിൽ കിടക്കുമല്ലോ. ഞാൻ അതിനരികെ കാത്തുനിൽക്കാം. ബാലൻ നമ്പ്യാരെ ചില ഫോട്ടോകൾ കാണിക്കാനുണ്ട് എന്ന് പറഞ്ഞ് റ്റാക്സിയുടെ അടുത്തേക്കു വിളിക്കണം. നിങ്ങൾ ഇരുവരും റ്റാക്സിയുടെ അടുത്തെത്തുമ്പോൾ ഞാൻ ബൈക്കുമായി അരികിലെത്താം.


അയാൾ വന്നില്ലെങ്കിലോ? അയാൾക്ക് എന്തെങ്കിലും കള്ളക്കളി മണത്താലോ?  


അയാൾ വരും. നീ പാസ്പോർട്ടും റ്റിക്കറ്റും എടുത്തോ? വാ, ഞാൻ നിന്നെ ഓട്ടോ സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്യാം.


ഓട്ടോസ്റ്റാൻഡിൽ വെച്ച് രാജന്റെ കൈപിടിച്ചപ്പോൾ ലീനയ്ക്ക് ഒരു ശവത്തിൽ തൊടുന്നതുപോലെ തോന്നി. അവന്റെ തണുത്ത കൈ വിടുവിച്ച് അവൾ മെറീഡിയൻ ഹോട്ടലിലേക്കു പോയി.


മൂന്ന് ഇരുപതിന് ലീന മെറീഡിയൻ ഹോട്ടലിലെത്തി. രാജനെ വിളിച്ചു. രാജൻ, ഞാൻ അകത്തേയ്ക്കു പോകുന്നു. സന്തോഷിന്റെ കാര്യം എന്തായി?
അവൻ വന്നുകൊണ്ടിരിക്കുന്നു, ട്രാഫിക്കിലാണ്. ഇരുപത് മിനിട്ടിൽ എത്തുമെന്ന്.
ശരി. ഞാൻ പോകുന്നു. ഇവിടെ എത്തുമ്പോൾ വിളിക്കൂ.
ശരി. ബൈ.


രാജനെ അത്രമേൽ സ്നേഹിച്ചതുകൊണ്ടാണ് താൻ അവനുവേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്, പ്രേമം ഇങ്ങനെ ഒരു വിഡ്ഢിപ്പരിപാടിയാണു, എന്ന് ചിന്തിച്ച് ലീന പാം ഗ്രോവ് കഫെയിലേക്കു നടന്നു. തലയുയർത്തിപ്പിടിച്ച് ഒരു വെളുത്തുമെലിഞ്ഞ സുന്ദരി നടന്നുപോകുന്നതുകണ്ട് ലോബിയിലിരുന്ന പലരും തിരിഞ്ഞുനോക്കി. ലീന കഫെയിലേക്കു കയറിയപ്പോൾ ബാലൻ നമ്പ്യാർ അവളെക്കാത്തിരിക്കുന്നുണ്ടായിരുന്നു. തലയുയർത്തി ചിരിച്ച് അയാൾ ചോദിച്ചു. ലീനയല്ലേ?


അതെ. അല്പം നേരത്തെയായിപ്പോയി.


സാരമില്ല. ഹോം മിനിസ്റ്റർ ഇപ്പോൾ പോയതേയുള്ളൂ. ഇനി നാലര വരെ എനിക്കു പരിപാടിയൊന്നുമില്ല. ലീന ഇരിക്കൂ. കുടിക്കാനെന്താണ് പറയേണ്ടത്?


ഇരുവരും ഓരോ കാപ്പി പറഞ്ഞു.


സർ,  ഞാൻ വന്നത് എന്തിനാണെന്നറിയാമല്ലോ. രാജന്റെ പേരിലുള്ള കേസ് ഒരു തെറ്റിദ്ധാരണയാണെന്നു പറയാനാണ്.


എന്ത് തെറ്റിദ്ധാരണയാണ് ലീന? അയാൾ ഇന്നലെ രാത്രി ജയിൽ ചാടി. അറിഞ്ഞുകാണുമല്ലോ.


ലീന മിണ്ടിയില്ല.


എന്താണു തെറ്റിദ്ധാരണ? അയാളല്ല മറ്റാരോ ആണു കൊന്നതെന്നോ? അതെന്തേ? അയാൾക്ക് നിങ്ങള് മാത്രമേ കാമുകിയായിട്ടുള്ളോ?


എനിക്കുറപ്പാണ് സർ.


ലീന, ഞാൻ നിങ്ങളെ കാണാൻ സമ്മതിച്ചത് എന്തിനെന്ന് അറിയാമോ? കഴിഞ്ഞയാഴ്ച്ച മറ്റൊരു സ്ത്രീ വന്നിരുന്നു. മെലിഞ്ഞ് ഇരുണ്ട നിറമുള്ള ഒരു സ്ത്രീ. അവരുടെ പേരും നമ്പരും ഞാൻ കുറിച്ചെടുത്തിട്ടുണ്ട്. രാജൻ വിവാഹം കഴിച്ച സ്ത്രീയാണെന്നാണ് പറഞ്ഞത്. ഒരുപാട് നാളായി അയാളുമായി ബന്ധമില്ലെന്ന്. എന്നിട്ടും അവർ പറയുന്നു അയാൾ പാവമാണെന്ന്, അങ്ങനെയൊന്നും ചെയ്യില്ലെന്നു പറയാൻ വന്നതാണ്.


സർ. നിങ്ങൾ കഥകൾ നിർമ്മിക്കുകയാണോ?


ബാലൻ നമ്പ്യാർ തന്റെ കൂട്ടുപുരികം ഉയർത്തി ലീനയുടെ നേർക്ക് നോക്കി. കഥകളുണ്ടാക്കുന്നതാണോ പോലീസിന്റെ പണി?


ചില കാര്യങ്ങൾ കണ്ടിട്ട് അങ്ങനെ തോന്നിയതാണ്. രാജൻ ജയിൽ ചാടിയെന്ന് സർ പറഞ്ഞു.


സർ വിളി നിർത്തൂ. ബാലൻ എന്ന് വിളിച്ചാൽപ്പോരേ?


ലീന അറിയാതെ അവളുടെ ശബ്ദമുയർന്നു. രാജൻ ജയിൽ ചാടിയെന്ന് സർ പറഞ്ഞു. എന്നിട്ട് എന്തുകൊണ്ടാണ് ഒരു പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യാത്തത്?


അത് എന്നോടു ചോദിക്കണോ? നിങ്ങൾ ഏതെങ്കിലും പത്രത്തിലോ ചാനലിലോ വിളിച്ച് ചോദിക്കേണ്ട ചോദ്യമല്ലേ?


അല്ല. എനിക്കു മനസിലാവാത്തത് ഇതാണ്. എങ്ങനെയാണ് ഒരാൾക്ക് ജയിൽ ചാടാൻ പറ്റുന്നത് സർ? കേരളത്തിൽ ആകെ വിരലിലെണ്ണാവുന്നവരാണ് ജയിൽ ചാടിയിട്ടുള്ളത്. ജയിൽ ചാടൽ അത്ര എളുപ്പമായിരുന്നെങ്കിൽ എത്ര കുറ്റവാളികൾ പുറത്തായേനെ. രാജൻ കൊന്നു എന്നു തന്നെ ഇരിക്കട്ടെ. അയാൾ ഒരു തഴക്കം വന്ന കുറ്റവാളിയല്ല. എന്നിട്ടും എങ്ങനെയാണ് അവർ ജയിൽ ചാടിയത്? രാജന്റെ മേലുള്ള കേസ് കൂടുതൽ ദൃഢമാക്കാൻ നിങ്ങൾ കണ്ണടച്ചു കൊടുത്തതല്ലേ?


മിസ് ലീന, രണ്ട് കാര്യങ്ങൾ. ഒന്ന് : പോലീസ് കണ്ണടച്ചാൽപ്പോലും ജയിൽ ചാടൽ എന്ന കുറ്റം ചെയ്തത് രാജനും കൂട്ടാളിയുമാണ്. അത് തെറ്റല്ലാതാവുന്നില്ല. പോലീസ് കണ്ണടച്ചു എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. ജയിലിന്റെ ചുമതല പോലും കേരള പോലീസിനല്ല. കേരള ജയിൽ പോലീസ് എന്ന പ്രത്യേക പ്രത്യേക സേനയാണ്‌ ജയിൽ നോക്കി നടത്തുന്നത്. അവർക്ക് കേരള പോലീസുമായി ബന്ധമൊന്നുമില്ല. രണ്ട് - ഇവിടെക്കിടന്ന് ഒച്ചയുയർത്തിയിട്ട് കാര്യമില്ല. നിങ്ങൾ എന്നെ നാണം കെടുത്താൻ ശ്രമിക്കുകയാണ് എന്നുഞാൻ സംശയിക്കുന്നു. ഈ സംഭാഷണം നീട്ടിക്കൊണ്ടുപോകാൻ എനിക്കു താല്പര്യമില്ല. ലീനയ്ക്ക് തുടർന്ന് സംസാരിക്കണമെങ്കിൽ എന്റെ മുറിയിലേക്കു വരൂ. ഇല്ലെങ്കിൽ നമുക്ക് ഈ കൂടിക്കാഴ്ച്ച മതിയാക്കാം.


ബാലൻ നമ്പ്യാർ എഴുന്നേറ്റു. ലീന കസേരയിൽ തരിച്ചിരുന്നു.


ശരി. കണ്ടതിൽ സന്തോഷം ലീന. ചാനലുകളും പത്രങ്ങളുമൊക്കെയുണ്ടല്ലോ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവരോടു പറയൂ. അല്ലെങ്കിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതിയെഴുതിക്കൊടുക്കൂ.


അപ്പോൾ വന്ന പരിചാരകനോട് കാപ്പിയുടെ ബിൽ റൂം 208-ലേയ്ക്ക് ചാർജ്ജ് ചെയ്യാൻ ബാലൻ നമ്പ്യാർ പറഞ്ഞു. തിരിഞ്ഞ് ലീനയെ നോക്കി ഇത്രയും കൂടിപ്പറഞ്ഞു. എന്നെ കാണുന്നതും പിടിച്ചിരുത്തുന്നതും എന്റെ ആവശ്യമല്ല ലീന, നിങ്ങളുടെയാണ്.


ലീന ഇരുന്നിടത്തുനിന്ന് അനങ്ങാതെ ഫോണെടുത്തു നോക്കി. രാജന്റെ മിസ്ഡ് കാളോ മെസ്സേജോ ഒന്നുമില്ല. ബാലൻ നമ്പ്യാർ ലീനയെ കാത്ത് പാം ഗ്രോവിന്റെ വാതിൽക്കൽ നിന്നു. ലീന എണീറ്റ് ബാലൻ നമ്പ്യാരുടെ പിന്നാലെ മുറിയിലേക്കു നടന്നു.


----


വെളുത്ത ഷീറ്റ് പുതപ്പിച്ച വലിയ കട്ടിൽ. അതിന്റെ അരികുകളിൽ നിരയായി ആനകൾ എഴുന്നള്ളുന്ന പാറ്റേൺ വരച്ച ചുവന്ന തുണി. ചുവരിൽ നമ്പൂതിരിവരച്ച ശിവപാർവ്വതീചിത്രം.  കട്ടിലിനറ്റത്ത് ലീനയുടെ ചുവന്ന നഖങ്ങളിൽ ബാലൻ നമ്പ്യാർ ഉമ്മവെച്ചു. വാതിൽ പൂട്ടിയിട്ടില്ല, എപ്പോൾ വേണമെങ്കിലും ലീനയ്ക്ക് പോകാം എന്ന് ശബ്ദത്തിൽ ഒരു വ്യത്യാസവുമില്ലാതെ അയാൾ പറഞ്ഞത് അവൾ ഓർത്തു. അയാൾ തന്റെ കാൽവിരലുകൾ ഉറിഞ്ചുന്നതും രോമങ്ങൾ വടിച്ചുകളഞ്ഞ കാലുകളിൽ ഉമ്മവെച്ച് മുകളിലേക്കു കയറിവരുന്നതും അവൾ കണ്ടു. അയാളുടെ കട്ടിയുള്ള മീശ കുത്തി അവളുടെ തുടയിടുക്ക് നൊന്തു. ഭാരം ഉയർത്തിയുണ്ടാക്കിയ മസിലുകൾ ഓടിനടക്കുന്ന, ഞരമ്പുകൾ എഴുന്നുനിൽക്കുന്ന കൈകൾ കൊണ്ട് അയാൾ അവളെ തിരിച്ചുകിടത്തി, അവളുടെ വാരിയെല്ലുകളോരോന്നും ചുംബിച്ചു. ഭംഗിയായി വെട്ടിയ അവളുടെ മുടിവകഞ്ഞ് നനുത്ത രോമങ്ങളുള്ള കഴുത്തിൽ മെല്ലെക്കടിച്ചുകൊണ്ട് അവളുടെ മുലകൾ ഞെരുക്കിയപ്പോൾ അവൾക്കു വേദനിച്ചു. അയാൾ ചേർത്തുപിടിച്ചപ്പോൾ വില്ലുപോലെ വളഞ്ഞ, ഞരമ്പുകളെഴുന്ന അയാളുടെ ലിംഗം കുത്തി അവളുടെ ശരീരം വേദനിച്ചു.  അവളുടെ കഴുത്തുമുതൽ താഴോട്ട് അയാൾ ചുംബിച്ചുതുടങ്ങി. ലീനയുടെ ശ്വാസം വേഗത്തിലായി. ചെവികൾ, നെറ്റി, കണ്ണുകൾ, അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തിരഞ്ഞെത്തി. ലീന മുഖം തിരിച്ചു. കഴുത്തിന്റെ കുഴിയിൽ ചുംബിച്ച് അയാൾ താഴേയ്ക്കു പോയി, അവളുടെ മുലകളെ സ്വന്തം കുഞ്ഞിനെയെന്നപോലെ ലാളിച്ചു. വീണ്ടും താഴേക്കു  പോകുന്നതു നോക്കിക്കൊണ്ട് ലീന കിടന്നു. താഴെ സ്വർണ്ണവർണ്ണമുള്ള വയലുകളിൽ കറുത്തനിറമുള്ള ഒരു കാള മേഞ്ഞുനടക്കുന്നത് അവൾ കണ്ടു. കാള തുള്ളിനടക്കുമ്പോൾ നെൽവയലുകളിളകി. നനഞ്ഞുകുതിർന്ന വയലിൽ മുക്രയിട്ടുകൊണ്ട് കാള ഉഴുതുതുടങ്ങി.  കുളത്തിൽ കല്ലുവീണതുപോലെ വയൽ വിറച്ചു, ഓളങ്ങൾ അതിന്റെ ശരീരത്തിലൂടെ പാഞ്ഞുപോയി. ഓളങ്ങൾ പെരുകി, തിരകളായി, ഓരോ കതിർമുനമ്പുകളെയും പിടിച്ചുലച്ചു. വയൽ കിതച്ചു, വയൽ വിയർത്തു. അത് അവനെ മുറുക്കിപ്പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവന്റെ  ഞരമ്പുകളെഴുന്ന തോളിലൂടെ അവളുടെ കൈകൾ ചോരച്ചാലുകൾ കീറി. ഓളങ്ങൾ ചെറിയ വേദനയോടെയും അതിലധികം ആനന്ദത്തോടെയും ഓടിനടക്കുന്നു, അവളുടെ ശരീരം പിടിച്ചുലച്ച് ഓടിക്കളിക്കുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ ലീന ചുണ്ടുകൾ കടിച്ചുപിടിച്ചു, എന്നിട്ടും പറ്റാതെ രതിമൂർച്ഛയിൽ അലറിവിളിച്ചു. അവൻ എന്നിട്ടും മതിവരാതെ ഉഴുതുകൊണ്ടിരുന്നു. രതിമൂർച്ഛകൾ നിർത്താതെ തിരകളായി അവളെപ്പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു.


തന്നെ പറ്റിക്കിടന്ന ലീനയെ ബാലൻ നമ്പ്യാർ പതുക്കെ മാറ്റി. എഴുന്നേറ്റ് ബാത്രൂമിൽപ്പോയി ശരീരം തുടച്ചു, വസ്ത്രങ്ങളിട്ട് അയാളിറങ്ങാൻ പോകുമ്പോൾ ലീന വീണ്ടും ചോദിച്ചു. സർ, രാജൻ.


ഓഹ്. രാജൻ. അവൻ എന്നെ വെടിവെച്ചു കൊല്ലാൻ വേണ്ടി പുറത്ത് കാത്തുനിൽക്കുകയാവും. നല്ല മഴയുള്ള ദിവസമാണ്. കുറെ നേരം കാത്തുനിന്ന് മടുക്കുമ്പോൾ അവൻ ഹോട്ടലിലേക്ക് കയറിവരും. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് ലീനയ്ക്കറിയാമല്ലോ?


എന്താണ്?


നിറതോക്കുമായാണ് രാജൻ വരുന്നത്. തോക്ക് ഉപയോഗിച്ചിട്ടില്ലാത്തവർക്ക് അതിനെപ്പറ്റി അറിഞ്ഞുകൂടാ. പേനയോ സൈക്കിളോ പോലെ ഒരു ഉപകരണമല്ല തോക്ക്. ഒരു വന്യമൃഗത്തെപ്പോലെ ജീവനുള്ള, സ്വന്തമായി ചിന്തയും വ്യക്തിത്വവുമുള്ള ഒരു ജീവിയാണത്. തോക്ക് കയ്യിലെടുക്കുന്നതുവരെ മനുഷ്യൻ വെടിവെക്കണമെന്ന് വിചാരിക്കില്ല. പക്ഷേ തോക്കെടുത്ത് ചൂണ്ടുമ്പോൾ താനേ വെടിവെച്ചുപോകും. തോക്ക്  കയ്യിലിരുന്ന് ഹൃദയം പോലെ തുടിക്കും, ഉള്ളം കയ്യിലേക്ക് ഇളംചൂടുപകരും. എന്റെ കാഞ്ചിവലിക്കൂ എന്ന് നിർബന്ധിക്കും. ഞാൻ പറഞ്ഞുവരുന്നത് തോക്കുമായി ഈ മുറിയിൽ കയറിവരുന്ന രാജൻ അവന്റെ ശത്രുവുമായി കിടക്കപങ്കിട്ട നിന്നെ വെടിവെച്ചുകൊല്ലുമെന്നാണ്. ലീനയെ കാണുമ്പോൾത്തന്നെ എന്താണ് നടന്നതെന്ന് അവനു മനസിലാവും, കൊല്ലണമെന്ന് വിചാരം കാണില്ല, അണപൊട്ടുന്ന ദേഷ്യത്തിൽ സ്വയം നിയന്ത്രിക്കാനാവാതെ കയ്യിലിരിക്കുന്ന ഉപകരണം ഉപയോഗിക്കും.


ബാലൻ, രാജൻ എന്നെ കൊല്ലുകയല്ല, നിങ്ങൾ കൊല്ലിക്കുകയാണ്. എന്തിനാണത്?


നോക്കൂ ലീന, രാജൻ നിങ്ങളെ കൊന്നു എന്ന് പോലീസ് ഡോക്ടർ അവനെ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൻ വിശ്വസിച്ചില്ല. ഇനി നിങ്ങളെ കൊന്നാലെങ്കിലും എന്താണ് ചെയ്തതെന്ന് അവൻ വിശ്വസിക്കുമല്ലോ.


അങ്ങനെ വിശ്വസിച്ചിട്ട് എന്തുചെയ്യാൻ?


നിങ്ങളെ കൊന്നാലുടനെ രാജൻ പിടിയിലാകും. ലീന കോഫി ഷോപ്പിൽ വെച്ച് പറഞ്ഞല്ലോ, പോലീസറിയാതെ രാജൻ ജയിൽ ചാടില്ലെന്ന്.  അവൻ ജയിൽ ചാടിയ വിവരം എന്താണ് പരസ്യമാക്കാത്തതെന്ന് ലീനയ്ക്ക് മനസിലായോ? നിങ്ങളെ കൊന്നുകഴിഞ്ഞാൽ ഇന്നുരാത്രി തന്നെ രാജൻ രഹസ്യമായി ജയിലിനകത്താകും. പുറം ലോകത്തിന് രാജൻ ജയിലിനു വെളിയിലിറങ്ങിയിട്ടില്ല. രാജനു മാത്രം താൻ സ്വന്തം കാമുകിയെ കൊന്നു എന്ന് ഒടുവിൽ മനസിലാകും. പിന്നെയവൻ തന്റെ നേർക്ക് അനീതി നടന്നു എന്ന് പരാതി പറയില്ല.


എന്റെ ശരീരമോ? അതു നിങ്ങൾ എന്തുചെയ്യും? ഹോട്ടലിൽ നിറയെ ഗസ്റ്റുള്ള ദിവസമാണ്.


ലീന വിചാരിക്കുന്നത്ര പ്രയാസമുള്ള കാര്യമല്ല അത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കാര്യങ്ങൾ ഒളിപ്പിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. അത് ഞങ്ങൾക്കു വിട്ടേക്കൂ.


രാജൻ എന്നെ കൊന്നില്ലെങ്കിലോ?


അങ്ങനെയൊരു സാദ്ധ്യതയും ഞാനാലോചിച്ചു. മുൻപ് കൊലപാതകം നടന്ന വീഡിയോ ശ്രദ്ധിച്ചിരുന്നോ? ഇതേ ഹോട്ടലിലെ ഇതേ മുറിയിലാണ് കൊലപാതകം നടന്നത്. ഇതേ നമ്പൂതിരിച്ചിത്രത്തിനു മുന്നിൽ. ഈ മുറിയിൽ തോക്കും പിടിച്ച് കാമുകിയെ കാണാൻ വരുന്ന രാജനെ കൊലപാതക ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്യും. ജയിൽ ചാടി അയാൾ വീണ്ടും ഈ ഹോട്ടലിൽ വരുന്നതു തന്നെ മുൻപ് കൊലപാതകം നടത്തിയത് അയാളാണെന്നുള്ളതിനു തെളിവാണ്.


ബാലൻ, ഇനിയെങ്കിലും സത്യം പറ. നിങ്ങൾ അന്ന് ആരെയാണ് കൊന്നത്?
ബാലൻ നമ്പ്യാർ ചിരിച്ചു. അതിനുത്തരമൊന്നും പറയാതെ നഗ്നയായി കിടന്ന ലീനയെ ഹോട്ടലിലെ നീളൻ ടർക്കി റ്റവൽ കൊണ്ട് പുതപ്പിച്ചു. ഉടുപ്പും ബെൽറ്റും ശരിയാക്കി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.


10. ആനന്ദമരണം.സമയം 3.20. രാജൻ സന്തോഷിനെ പലതവണ ഫോൺ ചെയ്തു. സന്തോഷ് ഫോണെടുത്തില്ല. രാജൻ ബാൽക്കണിയിലിറങ്ങി നിന്ന് സിഗരറ്റ് പുകച്ചുകൊണ്ട് വഴിയിലേക്കു നോക്കിനിന്നു. ഫ്ലാറ്റിന്റെ വാതിൽ കടന്ന് സന്തോഷിന്റെ ബൈക്ക് വരുന്നതും നനഞ്ഞൊട്ടിയ സന്തോഷ് ഫ്ലാറ്റിന്റെ ലോബിയിലേക്കു കയറുന്നതും രാജൻ കണ്ടു. മേശപ്പുറത്തുകിടന്ന ഹാൻഡ് ബാഗിൽ പാസ്പോർട്ടും റ്റിക്കറ്റും ഉണ്ടെന്ന് രാജൻ ഉറപ്പുവരുത്തി. ഫ്ലാറ്റ് പൂട്ടാനുള്ള താക്കോൽ തിരഞ്ഞപ്പൊഴേയ്ക്കും സന്തോഷ് കയറിവന്നു.


നീ എന്തു പണിയാ കാണിച്ചത്? എത്രതവണ വിളിച്ചു.  എന്താ ഫോണെടുക്കാത്തത്?


സോറി, ബൈക്കോടിക്കുമ്പോൾ ഫോണെടുക്കാൻ പാടാണ്. ഒരു കൈകൊണ്ട് സർക്കസ് കാണിക്കണം. റിസ്കെടുക്കണ്ട എന്ന് വിചാരിച്ചു.
തോക്കിന്റെ കാര്യം എന്തായി? കിട്ടിയോ?


സന്തോഷ് ഇടുപ്പിലേക്ക് തൊട്ടു കാണിച്ചു. ഷർട്ടിനുള്ളിൽ, പാന്റിലേക്ക് തിരുകിവെച്ച തോക്കിന്റെ രൂപം മുഴച്ചുനിൽക്കുന്നത് രാജൻ കണ്ടു.


അകത്തേക്കു വാ. സന്തോഷിനെ അകത്തുകയറ്റി രാജൻ കതകടച്ചു.


സന്തോഷ് തോക്കെടുത്ത് മേശപ്പുറത്തുവെച്ചു. അഞ്ച് വെടിയുണ്ടകൾ തെളിഞ്ഞുകാണാവുന്ന ഒരു പ്ലാസ്റ്റിക്ക് കവറും എടുത്ത് മേശപ്പുറത്തുവെച്ചു. ഇനി എന്നാ നമ്മൾ കാണുന്നത്?


അറിയില്ല സന്തോഷ്, ഞാൻ വിളിക്കാം.


ഉം..


തോക്കും വെടിയുണ്ടകളും എടുത്ത് വാതിലിലേക്കു നടന്നുകൊണ്ട് രാജൻ പറഞ്ഞു.  നിനക്കറിയാമോ,  ഇത്രയും നാളത്തെ ഗൾഫ് ജീവിതത്തിൽ എനിക്കു അടുത്ത കൂട്ടുകാരെന്നു പറയാൻ ആരുമില്ലായിരുന്നു. ജയിലിൽ കിടന്നതുകൊണ്ട് എനിക്കു ജീവിതം മുഴുവൻ ഓർക്കാൻ പറ്റുന്ന രണ്ട് സൗഹൃദങ്ങൾ കിട്ടി. നീയും ഷഫീക്കും.


സന്തോഷ് ചിരിച്ചു. പോക്കറ്റിൽ നിന്ന് കഞ്ചാവ് നിറച്ച രണ്ട് സിഗരറ്റുകളെടുത്തു. നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയാവും അല്ലേ.  ധൃതി പിടിച്ച് പോവാതെ രാജാ. രണ്ട് മിനിറ്റിൽ ഇറങ്ങാം. സൗഹൃദത്തിനു ചിയേഴ്സ് പറയാൻ കുപ്പിയൊന്നും കയ്യിലില്ല. ഈ സിഗരറ്റ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. പുകയില കുത്തിക്കളഞ്ഞ് കഞ്ചാവ് നിറച്ച ഐറ്റമാണ്.  - സന്തോഷ് ഒരു സിഗരറ്റ് കൊളുത്തി രാജനു കൈമാറി. ഒന്ന് അവനും കത്തിച്ച് പുക വലിച്ച് അകത്തുകയറ്റി, കഴിവതും സമയം പുക നെഞ്ചിനുള്ളിൽ നിറുത്തി പുറത്തേക്ക് ഊതിക്കളഞ്ഞു.


രാജാ, നിനക്ക് തോക്ക് ഉപയോഗിക്കാനറിയാമോ?


ഉപയോഗിക്കാനെന്താണ്? അടുത്തെത്തുക, കാഞ്ചിവലിക്കുക. അത്രയല്ലേയുള്ളൂ.


അത്ര എളുപ്പമല്ല. ഇതാ ഇത് നോക്കൂ. തോക്കിന്റെ സേഫ്റ്റി ലാച്ചാണ്. ബൈക്കിൽ പോകുമ്പോൾ സേഫ്റ്റി ലാച്ച് ഇളക്കരുത്. വല്ലൊ കുണ്ടിലും ചാടുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി ആശുപത്രിയിലാകും. ദേ, ഇങ്ങനെയാണ് സേഫ്റ്റി ലാച്ച് മാറ്റുന്നത്.  എന്നിട്ട് ഈ കുഴൽ നോക്കു, സൈലൻസറാണ്. ആൾക്കൂട്ടത്തിനു നടുവിലാണെങ്കിൽ സൈലൻസറിന്റെ ആവശ്യമില്ല. ആവശ്യമുണ്ടെങ്കിൽ മാത്രം സൈലൻസർ ഘടിപ്പിക്കണം  ഇങ്ങനെ. എന്നിട്ട് തോക്ക് ബാലൻ നമ്പ്യാരുടെ നെറ്റിയിൽ മുട്ടിക്കണം. പറ്റുമോ?


തോക്കിൻ കുഴലിന്റെ തണുപ്പ് രാജന്റെ നെറ്റിയിൽ മുട്ടി. രാജാ, ഇതു നോക്ക്, നെറ്റിയിൽ മുട്ടിക്കണം എന്ന് ഞാൻ വെറുതേ പറഞ്ഞതാണ്. അടുത്തു ചെന്നാൽ മതി. എന്നിട്ട് കാഞ്ചിയിൽ ഇങ്ങനെ വിരലമർത്തണം. ക്ലിക്ക്. - നീ പേടിച്ചുപോയോ?


ഇല്ലടാ. നിന്നെ ഞാനെന്തിനു പേടിക്കണം. രാജൻ ചിരിച്ചുകൊണ്ട് കഞ്ചാവുസിഗരറ്റ് നീട്ടിവലിച്ചു.


രാജാ, ഒന്നുകൂടെ ശ്രദ്ധിച്ചോളൂ.കാഞ്ചിയിൽ നിന്നും വിരലെടുക്കരുത്. കാഞ്ചിയിൽ വിരലമർത്തി പതിയെ താഴോട്ടുവലിച്ച്  ക്ലിക്ക്. രാജൻ കസേരയുടെ ഒരു വശത്തേയ്ക്കു വീണു. നെറ്റിയിൽ നിന്നും ചോര ചുവന്ന വരപോലെ കഴുത്തിലൂടെ ഷർട്ടിനെ നനച്ച് താഴെ നിലത്തേക്ക് ഒഴുകിവീണു. രാജന്റെ കയ്യിൽ പാതിവലിച്ചുതീർത്ത കഞ്ചാവുസിഗരറ്റ് എരിഞ്ഞുകൊണ്ടിരുന്നു.


സന്തോഷ് എഴുന്നേറ്റു. പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് തോക്ക് തുടച്ചു. തോക്കും വെടിയുണ്ടകളും മേശവലിപ്പിനുള്ളിൽ വെച്ചു. മേശപ്പുറത്തുകിടന്ന താക്കോലെടുത്ത് ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടി. ലിഫ്റ്റിനുള്ളിൽ വെച്ച് ബാലൻ നമ്പ്യാർക്ക് 'രാജൻ 3.45-നു മരിച്ചുപോയി' എന്ന് മെസ്സേജയച്ചു.  ബാസ്റ്റാഡ്, എന്റെ പ്ലാൻ തെറ്റിക്കുന്നോ എന്ന് മറുപടി വന്നപ്പോൾ സന്തോഷ് ഫോൺ ഓഫ് ചെയ്തു. ബൈക്കോടിച്ചുപോകുമ്പോൾ ഫോൺ വഴിയിലെ തുറന്ന ഓടയിലിട്ടു. അവനു പെട്ടെന്ന് അതുവരെ വിശന്നിട്ടില്ലാത്തത്ര വിശന്നു. ജോസ് ജങ്ങ്ഷനിലെ കായീസ് ബിരിയാണിയിലേക്ക് അവൻ ബൈക്കോടിച്ചുപോയി. മട്ടൻ ബിരിയാണിയിലെ എല്ല് ഊറി അതിന്റെ രുചിയുള്ള മജ്ജ നുണയുമ്പോൾ ഈ രുചിയാണ് ജീവിതം എന്നു ചിന്തിച്ചു, വടക്കുകിഴക്കേ ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി സ്വപ്നം കണ്ടുതുടങ്ങി.

Google