രാത്രി. ചന്ദ്രന്റെയും ഏതാനും നക്ഷത്രങ്ങളുടെയും വെളിച്ചം നദിയില്‍ വീണുകിടപ്പുണ്ട്. വെള്ളത്തില്‍ ഒറ്റപ്പെട്ട മത്സ്യങ്ങള്‍ ചാടിമറിയുന്ന ശബ്ദവും ഏതോ ചെടിയിലിരുന്ന് ഇടയ്ക്കിടെ ചിലയ്ക്കുന്ന ചീവീടിന്റെ ശബ്ദവുമൊഴിച്ചാല്‍ അനക്കങ്ങളൊന്നുമില്ല. നദി ശാന്തമാണ്. തീരത്ത് കൂട്ടംകൂടിനില്‍ക്കുന്ന വീടുകളും ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും ഉറങ്ങിപ്പോയി. കടവില്‍ വഴുക്കുപിടിച്ച വലിയ വള്ളം കെട്ടിയിട്ടിരിക്കുന്നു. നദിക്ക് ഇപ്പോള്‍ ഇരുട്ടിന്റെ നിറമാണ്.
തീരത്ത് തെങ്ങിന്‍തോപ്പില്‍ നില്‍ക്കുന്ന വലിയ വീടിന്റെ ഒന്നാം നിലയില്‍ നിന്നാണ് വെളിച്ചം വരുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിന്ന്. നഗരത്തില്‍ ജോലിചെയ്യുന്ന രാമകൃഷ്ണന്റെ വീടാണിത്. കുട്ടിക്കാലത്ത് ഈ നദീതീരത്തെ സ്വച്ഛതയില്‍ നിന്നാണ് അയാളെ നഗരത്തിലേക്ക് പറിച്ചുനട്ടത്. രാമകൃഷ്ണന്‍ ഒരുപാട് ആശിച്ചാണ് ഈ വീടുവെച്ചത്. ഈ നിമിഷത്തില്‍ അയാള്‍ അങ്ങനെ ആഗ്രഹിക്കും എന്ന് തീര്‍ച്ചയില്ല. കാരണം രാമകൃഷ്ണന്‍ ഇപ്പോള്‍ വിറച്ചുനില്‍ക്കയാണ്. കമല കണ്ണുമിഴിച്ച് ഉറക്കെ നിലവിളിക്കുകയാണ്. ഇവരുടെ ഒറ്റമകനായ ദീപുവിന്റെ കഴുത്തില്‍ തിളങ്ങുന്ന കത്തി ഇറുക്കിപ്പിടിച്ചുകൊണ്ട് ഒരാള്‍ കസാരയില്‍ ഇരിക്കുന്നു. രാമകൃഷ്ണന്റെ കസേരയാണ്. ദീപു കരയുന്നില്ല, അയാളുടെ നെഞ്ചില്‍ ചാരി മടിയില്‍ ഇരിക്കുകയാണ്. ഉണങ്ങിപ്പിടിച്ച കണ്ണീര്‍ച്ചാലുകള്‍ അവന്റെ മുഖത്തുകാണാം. കമലയുടെ കരച്ചില്‍ ഉച്ചത്തിലാവുമ്പോള്‍ കള്ളന്‍ പൂച്ചക്കണ്ണുകള്‍ മിഴിച്ച് അവരെ നോക്കുന്നു. പകച്ച ആ നോട്ടം തിരിഞ്ഞ് രാമകൃഷ്ണന്റെ നേര്‍ക്കു നീളുന്നു. അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ ‘കമലം, നീ മിണ്ടാതിരിക്ക്’ എന്ന് ശാസിക്കുന്നു. അവരുടെ കരച്ചില്‍ പൊടുന്നനെ നിലയ്ക്കുന്നു. ‘നോക്കൂ, എന്റെ മകനെ വിടൂ, നിങ്ങള്‍ക്ക് ഞാന്‍ എന്തുവേണമെങ്കിലും തരാം’ - കള്ളന്‍ ഒന്നും പറയുന്നില്ല. രാമകൃഷ്ണന്‍ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, കമലത്തിന്റെ കരച്ചില്‍ പതിഞ്ഞ ഒരു വിതുമ്പലാവുന്നു. ‘കാശെട്’ - തല ചെരിച്ചുകൊണ്ട് കള്ളന്‍ രാമകൃഷ്ണന്റെ നേര്‍ക്ക് എഴുന്നേറ്റുപോവാന്‍ ആംഗ്യം കാണിക്കുന്നു. അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ഇടുപ്പില്‍ ഒളിപ്പിച്ചുവെച്ചാലോ എന്നും ഒരു വിറകുകൊള്ളിയെടുത്ത് കള്ളന്റെ തലയ്ക്കടിച്ചാലോ എന്നും അയാളുടെ തലയിലൂടെ പോവുന്നു. കള്ളന്‍ എതുവഴിയാണ് കയറിവന്നത്. കള്ളന്‍ പൂച്ചയെപ്പോലെയാണ്. അത്ര പതുങ്ങി, അത്ര കണക്കുകൂട്ടി, അത്ര ആളറിയാതെ - പോലീസിനെ വിളിക്കണം. രാമകൃഷ്ണന്‍ കറുത്ത ഫോണെടുക്കുന്നു. ഫോണ്‍ കട്ട് ചെയ്തിരിക്കുകയാണ്. മൊബൈലെവിടെ? ‘വേഗം’ - മുറിയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നു. അയാള്‍ അലമാര തുറക്കുന്നു, തുണികള്‍ക്കിടയില്‍ പൊതിഞ്ഞുവെച്ചിരുന്ന കാശ് എണ്ണിനോക്കാതെ കള്ളന്റെ അരികില്‍ കട്ടിലിലേയ്ക്കിടുന്നു. കറന്റുബില്ലടയ്ക്കാനുള്ളതാണ്, പാലിനും പത്രക്കാരനും കൊടുക്കാനുള്ളതാണ്, മോന്റെ ഫീസുകെട്ടാനുള്ളതാണ്, മലക്കറിക്കടയില്‍ പറ്റുതീര്‍ക്കാനുള്ളതാണ് - ‘സ്വര്‍ണ്ണം’ - അനുസരണയുള്ള കുട്ടിയെപ്പോലെ രാമകൃഷ്ണന്‍ വീണ്ടും അടുത്ത മുറിയിലേക്കു പോവുകയും കുറച്ച് ആഭരണങ്ങളുമായി തിരിച്ചുവരികയും ചെയ്യുന്നു.
കള്ളന്‍ ഇങ്ങോട്ടു പറയാതെതന്നെ അയാള്‍ ഭാര്യയുടെ കയ്യിലെയും കാതിലെയും ആഭരണങ്ങള്‍ ഉരിയുന്നു. താലിയില്‍ തൊടുമ്പോള്‍ ഭാര്യ വീണ്ടും വിതുമ്പുന്നു. മാലയില്‍ തൂങ്ങിക്കിടക്കുന്ന ചെറിയ ഗണപതിയുടെ ലോക്കറ്റ് ഊഞ്ഞാലാടുന്നു. മോഷണത്തില്‍ ഒരു പങ്കാളിയെന്നപോലെ അയാള്‍ പണവും ആഭരണങ്ങളും ഒരു തോര്‍ത്തിനകത്താക്കുന്നു. തിരികെ കസാരയില്‍ ചെന്നിരിക്കാന്‍ തലകൊണ്ട് കള്ളന്‍ ആംഗ്യം കാണിക്കുന്നു. കമലത്തിനോട് കയറെടുത്തുകൊണ്ടുവരാന്‍ പറയുന്നു. അവള്‍ വിതുമ്പിക്കൊണ്ടുതന്നെ പോവുന്നു, തുണികള്‍ കെട്ടിയ അഴ അഴിച്ചുകൊണ്ടു വരുന്നു. ഭര്‍ത്താവിനെ കസാരയോടു ചേര്‍ത്ത് കെട്ടാന്‍ പറയുന്നു. കമലം പേടിച്ച മുഖം രണ്ടുകൈകൊണ്ടും പൊത്തിക്കൊണ്ട് പറ്റില്ല എന്ന് തലയാട്ടുന്നു. അപ്പോള്‍ ദീപുവിന്റെ കഴുത്തില്‍ കത്തിയമരുന്നു, അതുവരെ കള്ളന്റെ മടിയില്‍ കണ്ണുമിഴിച്ച് ചാഞ്ഞിരുന്ന അവന്‍ അവന്‍ പെട്ടെന്ന് അമ്മേ എന്ന് ഉറക്കെ വിളിക്കുന്നു. അവര്‍ കരഞ്ഞുകൊണ്ട് ഭര്‍ത്താവിന്റെ മുഖത്തുനോക്കാതെ അയാളെ ഇരിക്കുന്ന കസാരയോടു ചേര്‍ത്ത് മുറുക്കിത്തുടങ്ങുന്നു. കയര്‍ വേദനിപ്പിച്ചുകൊണ്ട് മുറുകുകയാണ്. രാമകൃഷ്ണന് ഈ നിമിഷം മകന്റെയും ഭാര്യയുടെയും ഈ അപരിചിതന്റെയും മുന്നില്‍ താന്‍ നഗ്നനാണ് എന്ന് അനുഭവപ്പെടുന്നു. മകനും ഭാര്യയും നോക്കുന്ന നോട്ടങ്ങള്‍ അയാളുടെ തൊലിപ്പുറത്തുകൂടി ഇഴഞ്ഞുകയറുന്നു. രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു. കള്ളന്റെ നോട്ടങ്ങള്‍ അയാളെ തുളച്ച് ചുവരും കടന്നുപോവുന്നു. മുറിയിലെ ലൈറ്റ് അണഞ്ഞെങ്കില്‍ എന്ന് അയാള്‍ ആശിക്കുന്നു. മഞ്ഞവെളിച്ചത്തില്‍ ചുവരില്‍ തൂക്കിയ ദൈവങ്ങള്‍ ചിരിക്കുന്നു.
കള്ളന്‍ - കറുത്ത് പൊക്കമുള്ള ആ മനുഷ്യന്‍ നന്നേ മെലിഞ്ഞിട്ടാണ്. ചുരുട്ടിവെച്ച ഷര്‍ട്ടിന്റെ വിടവുകളിലൂടെ കൈകളിലെ എല്ലും ഉന്തിനില്‍ക്കുന്ന കഴുത്തും വാരിയെല്ലുകളുടെ നിര തുടങ്ങുന്നതും കാണാം - കള്ളന്‍ രാമകൃഷ്ണന്റെ ഭാര്യയുടെ നേര്‍ക്ക് നോക്കുകയാണ്. അവര്‍ ഇപ്പോള്‍ കരയുന്നില്ല. എന്തുചെയ്യണം എന്നറിയാതെ ചൂളി ഭര്‍ത്താവിനരികെ നില്‍ക്കുകയാണ്. ആ മുറിയില്‍ ഇപ്പോള്‍ ആണായിട്ട് ഒരാളേയുള്ളൂ എന്ന് രാമകൃഷ്ണന്‍ തിരിച്ചറിയുന്നു. തന്റെ മുന്നിലെ കട്ടിലില്‍ കള്ളന്‍ അവളെ വിവസ്ത്രയാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും രാമകൃഷ്ണന്‍ നടുക്കത്തോടെ സങ്കല്‍പ്പിക്കുന്നു. ബലാത്സംഗത്തിലല്ല അയാളുടെ നടുക്കം, കള്ളനും ഭാര്യയുമൊത്തുള്ള വേഴ്ച്ചയ്ക്കിടയ്ക്ക് അവളുടെ കണ്ണുകള്‍ കൂമ്പുന്നതും കവിളുകള്‍ വിയര്‍ക്കുന്നതും അവളുടെ മുഖത്ത് ആനന്ദവും പുച്ഛവും കലര്‍ന്ന പുഞ്ചിരിവിടരുന്നതുമാണ്. കള്ളന്‍ അവളുടെ കൈകള്‍ പിന്നില്‍ കെട്ടുകയാണ്, അയാള്‍ അവരെ ഉപദ്രവിക്കുന്നില്ല. കമലം സുന്ദരിയാണ്, അയാള്‍ അവരുടെ സൌന്ദര്യത്തില്‍ നോക്കുന്നില്ല. ക്ഷമയോടെ കെട്ടുമുറുക്കി തലയുയര്‍ത്തുമ്പോള്‍ അവരുടെ എണ്ണമിനുക്കമുള്ള മുടിയില്‍ കുത്തിവെച്ചിരിക്കുന്ന പൂമ്പാറ്റ സ്ലൈഡില്‍ അയാളുടെ കണ്ണുടക്കുന്നു. പൂമ്പാറ്റയുടെ കല്ലുപതിച്ച കണ്ണുകള്‍ തിളങ്ങുന്നു. അത് ഊരിയെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നു. എന്നിട്ട് മകന്റെ കൈകള്‍ പിന്നില്‍ കെട്ടാന്‍ തുടങ്ങുന്നു. അവന്റെ കാലുകള്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ മകന്‍ കാലുയര്‍ത്തി അയാളെ തൊഴിക്കുന്നു. കള്ളന്‍ കുഞ്ഞിന്റെ മുഖത്തടിക്കുന്നതുകണ്ട് രാമകൃഷ്ണന്റെ തൊണ്ടയില്‍ നിന്നും ഒരു ശബ്ദം പുറത്തുവന്ന് പാതിവഴിയില്‍ നില്‍ക്കുന്നു. ഭാര്യ കരയുന്നില്ല. കാശും സ്വര്‍ണ്ണവും പൊതിഞ്ഞുകെട്ടിയ തോര്‍ത്തെടുത്ത് തലയില്‍ക്കെട്ടി കള്ളന്‍ പോവുന്നു. പുറത്തുനിന്ന് വാതില്‍ പൂട്ടുന്ന ശബ്ദം കേള്‍ക്കുന്നു. രാമകൃഷ്ണനും ഭാര്യയും മകനും ബന്ധനങ്ങളില്‍ നിന്നും അഴിഞ്ഞുവരാനുള്ള ശ്രമം തുടങ്ങുന്നു.
പകലത്തെ വഴികളല്ല രാത്രിയിലെ വഴികള്‍. പകലത്തെ പോലീസുവണ്ടിയല്ല രാത്രിത്തെ പോലീസുവണ്ടി. പകലത്തെ പോച്ചയല്ല (തവളകള്‍ കരയുന്ന) രാത്രിയിലെ പോച്ച. പകല്‍ നടന്നു പോവുന്നതുപോലെയല്ല രാത്രി ഒളിച്ചുപോവുന്നത്. എതിരേ വരുന്നയാളെ അറിയാം, ജയിലില്‍ നിന്നേ അറിയാം. ഇരുട്ടിന്റെ നദിയാണ്. ദൂരമൊരു ദൂരമല്ല. മുങ്ങാങ്കുഴിയിട്ടാല്‍ പൊങ്ങുന്നത് നാണിയുടെ വീട്ടിലാണ്. പകലത്തെ നാരായണിയല്ല രാത്രിയിലെ നാണി. നാണീ.. നാണിയേയ്.
ഇരുണ്ടനിറമുള്ള നാണി. നാണിയുടെ വിയര്‍പ്പിന് പാലപ്പൂവിന്റെ മണമാണ്. നാണിയുടെ പല്ലിന് കൈതപ്പൂവിന്റെ നിറമാണ്. മുറുക്കുമ്പോള്‍ നാണി തെച്ചിപ്പൂ. നാണിയുടെ മടിക്കുത്തിന് കഞ്ഞിക്കലത്തിന്റെ ചൂടാണ്. നാണി ചടഞ്ഞിരിക്കുന്നത് തഴപ്പായിലാണ്. നാണിയുടെ വീടിന് മുറി രണ്ടാണ്. നാണിയുടെ കവിളില്‍ മറുകുണ്ട്. നാണിയുടെ മടിയില്‍ കിടക്കുന്നത് കള്ളന്‍ പപ്പനാണ്. നാണിയല്ല, നാണ്യേച്ചി. ഏച്ചീ
“എന്താ കുട്ടാ”
ഏച്ചീ കഥപറ
ചേച്ചിക്കിന്നു വയ്യ കുട്ടാ. ഒറക്കം വരുന്നു.
വേണ്ട. കഥ പറഞ്ഞിട്ട് ഉറങ്ങിയാ മതി
വയ്യ കുട്ടാ. വയ്യാഞ്ഞിട്ടാ.
ഒരു കഥ. എന്റെ പൊന്നു ചേച്ചിയല്ലേ
അല്ല. പോടാ.
ഒരു കുഞ്ഞുകഥ. എന്റെ നാണ്യേച്ചിയല്ലേ
പോടാ. നാണി ആരുടേം ചേച്ചിയല്ല.
കഥ പറഞ്ഞാ ചേച്ചിക്കൊരു സമ്മാനം തരാം
ആദ്യം സമ്മാനം, പിന്നെ കഥ
ആദ്യം കഥ
ഇല്ല. ആദ്യം സമ്മാനം. ഇല്ലെങ്കി സമ്മാനോം വേണ്ട കഥയും ഇല്ല.
ഇതെന്തൊരു ചേച്ചിയാ ഇത് - നാണിയുടെ മടിയിലെ ചൂടില്‍ നിന്നും പപ്പന്‍ ഉയര്‍ക്കുന്നു. മെലിഞ്ഞ പപ്പന്‍ നിവര്‍ന്നുവരുന്നു. പപ്പന്റെ മടിക്കുത്തില്‍ നിന്നും ഒരു പൂമ്പാറ്റ പറന്നുവന്ന് നാണിയുടെ തലയിലിരിക്കുന്നു. തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അത് നാണിയെ നോക്കുന്നു. നാണി പൂമ്പാറ്റയെ തൊട്ടുകൊണ്ട് ‘ഹായ്’ എന്നു പറയുന്നു. പപ്പന്‍ സന്തോഷത്തോടെ മടിയിലേക്കു ചുരുളുന്നു.
എടി നാണിയേയ്
ഊം
നെനക്ക് ഇഷ്ടപ്പെട്ടോ
ഊഹു, എന്റെ തലയില് കുത്തുന്നു
നാണിക്ക് ഇഷ്ടപ്പെട്ടു
ഇല്ലെങ്കിലോ?
നാണ്യേച്ചീ കഥ
ഒരിടത്തൊരിടത്ത് - നാണി തന്റെ തടിച്ച വിരലുകള്‍ കൊണ്ട് പപ്പന്റെ ചുരുണ്ട മുടി കോതിക്കൊണ്ട് കഥ പറഞ്ഞുതുടങ്ങി. അയാളുടെ മെലിഞ്ഞ ശരീരം അവളുടെ തുടയില്‍ ചുരുണ്ടുകിടന്നു. പൂച്ചക്കണ്ണുകള്‍ മുന്നിലെ ഇരുട്ടിലേക്കു നോക്കിക്കൊണ്ടിരുന്നു. നാണിയുടെ കൈപ്പത്തി പപ്പന്റെ മെലിഞ്ഞ കവിളിലും പൂച്ചക്കണ്‍കുഴികളിലും മീശരോമങ്ങളിലും കുറ്റിത്താടിയിലും കറപിടിച്ച ചുണ്ടുകളിലും ഓടിനടന്നു. ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അതിസുന്ദരിയായ രാജകുമാരി.
നാണിയെപ്പോലെ?
ഛി, കഥയ്ക്കിടെ ചോദ്യം ചോദിക്കരുത്. ഈ രാജകുമാരിയെ കെട്ടാന്‍ എത്രപേര്‍ ആഗ്രഹിച്ചുവന്നെന്നോ. അവള്‍ക്ക് ആരെയും വേണ്ട. കച്ചവടക്കാര്‍ വന്നു, അവരെ വേണ്ട. പ്രഭുകുമാരന്മാര്‍ വന്നു. അവരെയും വേണ്ട. മന്ത്രിപുത്രന്മാര്‍ വന്നു, വേണ്ട. രാജാക്കന്മാര്‍ വന്നു. അവരെയും വേണ്ട. ചക്രവര്‍ത്തി തിരുമനസ്സ് വന്നു. അയാളെയും രാജകുമാരിക്ക് വേണ്ടന്ന്. ഇതില്‍പ്പരം ഒരു അഹങ്കാരമുണ്ടോ?
എന്നിട്ട്?
എന്നിട്ടെന്താ? ചക്രവര്‍ത്തി രാജ്യം ചുട്ടുകളഞ്ഞു. രാജാവിനെ കൊന്നുകളഞ്ഞു. രാജകുമാരിയെ പിടിച്ചോണ്ടുപോയി, ഒരു വലിയ ഗോപുരത്തിന്റെ മുകളിലത്തെ നിലയിലിരുത്തി. ഒരാള്‍ പോലും രാജകുമാരിയോടു മിണ്ടരുതെന്ന് ചട്ടം കെട്ടി.
എന്നിട്ടോ?
കഥ തീര്‍ന്നു.
ഇല്ല. കഥ പറ.
ബാക്കി കഥ നാളെ.
നാണ്യേച്ചീ
ഇല്ല. ഞാനുറങ്ങാന്‍ പോന്നു.
എന്റെ പൊന്നു ചേച്ചിയല്ലേ. ചേച്ചി എന്തു സുന്ദരിയാന്ന് അറിയാവോ?. കള്ളന്‍ മടിയില്‍ നിന്നും ഗണപതിയുടെ ലോക്കറ്റുള്ള മാലയെടുത്ത് അവളുടെ കഴുത്തിലിട്ടു. അരണ്ട വെളിച്ചത്തില്‍ സ്വര്‍ണ്ണം മിന്നി.
എനിക്കു വേണ്ട. നീ കട്ടോണ്ടുവന്നതാ.
എന്റെ ചേച്ചിക്ക് ഞാന്‍ കൊണ്ടുവന്നതല്ലേ.
മോന്‍ വാ. ചേച്ചിക്കിതൊന്നും വേണ്ട. അവര്‍ അയാളെ മടിയില്‍ കിടത്തി, നെറ്റിയില്‍ തലോടിക്കൊണ്ട് കഥ തുടര്‍ന്നു.
ഗോപുരത്തിന് നൂറു പോലീസുകാരായിരുന്നു കാവല്‍. കൊമ്പന്‍ മീശയുള്ള പോലീസുകാര്‍ ലാത്തികൊണ്ട് ഗോപുരത്തിന്റെ വാതിലഴികളില്‍ തട്ടിക്കൊണ്ട് രാത്രി ഉലാത്തും. കടകട ശബ്ദം കേട്ട് രാജകുമാരി ഉറങ്ങിയില്ല. രാജകുമാരിയോട് ആരും മിണ്ടിയില്ല. ഒരാള്‍ മിണ്ടാതെ ആഹാരം കൊണ്ട് കൊടുത്തിട്ടുപോവും. ചിലപ്പൊ ഒരു ചുവന്ന കിളി പറന്നുവന്ന് മട്ടുപ്പാവിലിരിക്കും. പക്ഷേ അത് പാടത്തുമില്ല ഒന്നു ചിലയ്ക്കത്തുപോലുമില്ല. രാജകുമാരി ഒരു ചെരിപ്പെടുത്ത് കിളിയെ എറിഞ്ഞതില്‍പ്പിന്നെ അത് വന്നിട്ടില്ല. വല്ലപ്പോഴും അവളുടെ ശബ്ദം കേട്ട് അവള്‍ തന്നെ ഞെട്ടിപ്പോവും. ഇടയ്ക്കിടെ ചക്രവര്‍ത്തിയുടെ ദൂതന്‍ വന്ന് അവള്‍ക്കു സമ്മാനങ്ങള്‍ കൊടുക്കും. എന്നിട്ട് വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കും. അവള്‍ ചിലപ്പോള്‍ ചോദ്യം കേള്‍ക്കാത്തതുപോലെയിരിക്കും, ചിലപ്പോള്‍ മുഖം തിരിക്കും, ചിലപ്പോള്‍ ഇല്ല എന്ന് തലയാട്ടും. അപ്പോള്‍ അവളുടെ സങ്കടം നിറഞ്ഞ വലിയ കണ്ണുകള്‍ കണ്ട് ദൂതനു വിഷമമാവും. അയാള്‍ തിരികെപ്പോവും.
പതുക്കെ - എന്നുവെച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ - പോലീസുകാര്‍ക്ക് അവളെ ഇഷ്ടപ്പെട്ടു. അവളെ ഒരു അനുജത്തിയെപ്പോലെ അവര്‍ സ്നേഹിച്ചു. അവര്‍ അവള്‍ക്ക് കൊച്ചുകൊച്ച് സമ്മാനങ്ങള്‍ കൊടുത്തു. ചിലപ്പോള്‍ ഒരു റോസാപ്പൂ. ചിലപ്പൊ ഒരു പരുന്തിന്റെ തൂവല്‍, ചിലപ്പൊ ഒരു മന്ദാരം, ഒരു കുങ്കുമച്ചെപ്പ്. അവള്‍ ഒന്നും മിണ്ടിയില്ല, അവരെ നോക്കി സ്നേഹത്തോടെ ചിരിച്ചതേയുള്ളൂ.
എന്നിട്ട്?
എന്നിട്ടോ - ഒരു ദിവസം, അമാവാസി രാത്രിയില്‍ രാജ്യത്ത് ഉത്സവമായിരുന്നു. നിറയെ ആനകളും ചെണ്ടയും വെളിച്ചവും ബഹളവും. ഉത്സവത്തിന്റെ മറപറ്റി ഒരു കള്ളന്‍ പതുങ്ങിവന്നു. എന്തെങ്കിലും സ്വര്‍ണ്ണമോ വൈരമോ മോഷ്ടിക്കണമെന്നായിരുന്നു അയാളുടെ മനസിലിരുപ്പ്. ആളുകള്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് വലിയ വീടുകളില്‍ കയറാന്‍ പറ്റിയില്ല. അങ്ങനെ വലഞ്ഞ് നടക്കുമ്പോള്‍ ഒരു ഗോപുരത്തിന്റെ മുകളില്‍ വെളിച്ചംകണ്ട് കള്ളന്‍ അകത്ത് ആള്‍ത്താമസമുണ്ടെന്ന് ഉറപ്പിച്ചു. പൊക്കത്തില്‍ കെട്ടിയ മതില്‍ അയാള്‍ നിഷ്പ്രയാസം ചാടി. കള്ളന്‍ മതില്‍ക്കെട്ടിനകത്തുവീഴുന്ന ശബ്ദം കേട്ട് നൂറുപോലീസുകാരില്‍ ഒരാള്‍ ഉണര്‍ന്നു.
എന്നിട്ട്?
പോലീസുകാരന്‍ ഗോപുരത്തിനു നേരെ പതുങ്ങിവരുന്ന മനുഷ്യനെക്കണ്ടു. മറ്റ് പോലീസുകാരെ ഉണര്‍ത്തണമെന്നും ഒറ്റയടിക്ക് അവനെ അടിച്ചിടണമെന്നും പോലീസുകാരന്‍ ചിന്തിച്ചു. എന്നാല്‍ രാജകുമാരിയെ കാണാന്‍ ഇരുട്ടിന്റെ മറപറ്റി വേഷം മാറി വരുന്ന രാജകുമാരനാണെങ്കിലോ അതെന്ന് അയാള്‍ സങ്കല്പിച്ചു. പാവം രാജകുമാരി. എത്രനാളെന്നു പറഞ്ഞാണ് ഏകാന്തത. രാത്രിയാണ്, ഇരുട്ടാണ്. ഇരുട്ടിന് എന്തൊക്കെ സാദ്ധ്യതകളാണ്. അവര്‍ക്ക് മട്ടുപ്പാവിലിരുന്ന് കഥകള്‍ പറയാം, സുന്ദരിമാരുടെ ചിത്രം വരച്ച ചുവരില്‍ ചാരിനിന്ന് ഹൃദയം കൈമാറാം. കിടക്കവിരികള്‍ കോര്‍ത്ത് കയറുഞാത്തി താഴെയിറങ്ങാം, കറുത്ത കുതിരപ്പുറത്തുകയറി രക്ഷപെടാം, ദൂരെ കൊട്ടാരത്തില്‍ സുഖമായി ജീവിക്കാം - അയാള്‍ ശബ്ദം കേള്‍ക്കാത്തതുപോലെ കണ്ണടച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ഉറക്കം നടിച്ചുകിടന്നു.
എന്നിട്ട്?
ഉത്സവത്തിന്റെ പ്രദക്ഷിണം പെരുവഴിയിലൂടെ ഗോപുരത്തിനു മുന്നിലൂടെ വരികയായിരുന്നു. പെരുമ്പറ കൊട്ടുന്ന ശബ്ദം മുഴങ്ങുമ്പോള്‍ കള്ളന്‍ ഗോപുരത്തിന്റെ മച്ചില്‍ പിടിച്ചുകയറി. സമര്‍ത്ഥനായ കള്ളന്‍ പല്ലിയെപ്പോലെയാണ് മതിലില്‍ പറ്റിപ്പിടിച്ചു കയറുന്നത്. പ്രദക്ഷിണം അകലെയെത്തിയപ്പൊഴേക്കും കള്ളന്‍ മട്ടുപ്പാവിന്റെ ജാലകത്തിലെത്തിയിരുന്നു.
എന്നിട്ട്?
ഇരുട്ടില്‍നിന്നും കയറിവരുന്ന മനുഷ്യനെ രാജകുമാരി അമ്പരപ്പോടെ നോക്കി. അയാള്‍ ചുണ്ടില്‍ വിരല്‍ വെച്ച് “മിണ്ടരുത്” എന്നു കാണിച്ചു. അയാള്‍ അങ്ങനെ പറയേണ്ട ആവശ്യമില്ലായിരുന്നു. രാജകുമാരി മിണ്ടിയില്ല. അവളുടെ നെഞ്ച് ഉയര്‍ന്നുതാഴുന്നത് അവന്‍ കണ്ടു. അവള്‍ വളരെ സുന്ദരിയായിരുന്നു. അവളോട് ഒന്നും മിണ്ടാതെ, അവളെ തൊടാതെ കള്ളന്‍ അടുത്ത മുറിയിലേക്കു പോയി. ഓരോ മുറികളിലും അവന്‍ എന്തോ തിരയുന്ന ശബ്ദം രാജകുമാരി നിരാശയോടെ കേട്ടു. ഒടുവില്‍ കൈനിറയെ സ്വര്‍ണ്ണാഭരണങ്ങളുമായി കള്ളന്‍ അവളുടെ മുന്നിലെത്തി. അവള്‍ മനസിലാവാത്തതുപോലെ അവനെ നോക്കി. അവന്‍ അവളെ ചുംബിക്കുമോ?
ഇല്ല. എന്നിട്ട്?
എന്നിട്ടെന്താ, രാജകുമാരിയെ നോക്കിക്കൊണ്ട് കള്ളന്‍ നില്‍ക്കുമ്പോള്‍ അവള്‍ കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാലയൂരി അവനുകൊടുത്തു. അവന്‍ രാജകുമാരിയെ കടന്ന് മട്ടുപ്പാവില്‍ നിന്നും താഴേക്കു ചാടി. ഇരുട്ടിലേക്ക് അവന്‍ ആയമിട്ട് മുങ്ങുന്നത് രാജകുമാരി നോക്കിനിന്നു. വായുവില്‍ കൂപ്പുകുത്തുന്ന കള്ളനു പിന്നാലെ അവളുടെ കണ്ണില്‍ നിന്ന് ചൂടുള്ള ഒരു കണ്ണീര്‍ത്തുള്ളി താഴേക്കു പറന്നു.
എന്നിട്ടോ? പോലീസുകാര്‍ ഉണര്‍ന്നോ?
അതല്ലേ. രാജകുമാരിയില്ലാതെ കള്ളന്‍ നിലത്തുവീഴുന്നതും ഉരുണ്ടുപിടഞ്ഞെഴുന്നേല്‍ക്കുന്നതും നൂറുപോലീസുകാര്‍ അറിഞ്ഞു. അവര്‍ നൂറുവിസിലൂതി, നൂറുലാത്തി വീശി, നൂറലര്‍ച്ചകളലറിക്കൊണ്ട് കള്ളന്റെ പിന്നാലെ പാഞ്ഞു. കള്ളന്‍ ശരവേഗത്തിലോടി. മലയിടിഞ്ഞുവരുന്നതുപോലെ പോലീസുകാര്‍ പിന്നാലെ പറന്നു. മുന്നില്‍ മതിലാണ്. പരുന്തിനെപ്പോലെ അവന്‍ പറന്നുയരുമ്പോള്‍ കാക്കക്കൂട്ടമായി നൂറുപോലീസുകാര്‍ കുതിച്ചുപൊങ്ങി അവനെ വലിച്ചു താഴെയിട്ടു.
അയ്യോ - എന്നിട്ടോ?
എന്നിട്ട്.. എന്നിട്ട്..
അപ്പോള്‍ നാണിയുടെ വീടിന്റെ രണ്ടാമത്തെ മുറിയില്‍ നിന്നും ഇരുട്ടിന്റെ നിറമുള്ള നാല് പോലീസുകാര്‍ ചാടിയിറങ്ങുകയും പപ്പന് പിടഞ്ഞെഴുന്നേല്‍ക്കാന്‍ സമയം കിട്ടുന്നതിനു മുന്നേ അവന്റെ മുകളിലേക്കു വീഴുകയും അവനെ തൊഴിച്ചും ഇടിച്ചും തുടങ്ങുകയും അവനെ വലിച്ച് കയ്യില്‍ വിലങ്ങുവെക്കുകയും വീണ്ടും തൊഴിക്കുകയും പുറത്ത് ദൂരെ ഇരുട്ടില്‍ നിറുത്തിയിട്ടിരുന്ന രാത്രിയിലെ പോലീസ് ജീപ്പിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. അതില്‍ നിന്ന് ഒരു പോലീസുകാരന്‍ തിരിച്ചുവന്നു. നാണിയുടെ കഴുത്തില്‍ക്കിടന്ന മാലയില്‍ പിടിച്ച് ഇതു തൊണ്ടിമുതലാണ് എന്നു പറഞ്ഞു. അവള്‍ മിണ്ടാതെ അത് ഊരിക്കൊടുത്തു.
'തലയിലിരിക്കുന്ന ഈ സ്ലൈഡ് അവന്‍ കുത്തിത്തന്നതല്ലേ. ഊര്'.
'എന്റെ മോന്‍ തന്നതാ. എന്റെ മോന്‍..' പോലീസുകാരന്‍ സ്ലൈഡ് ഊരി തന്റെ തൊപ്പിയില്‍ തിരുകിക്കൊണ്ട് കാത്തുനില്‍ക്കുന്ന രാത്രിജീപ്പിലേക്കു നടന്നു.
11/26/2009
കള്ളന്‍
എഴുതിയത് simy nazareth സമയം Thursday, November 26, 2009
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
20 comments:
സൂപ്പര്‍ മാഷെ. എനിക്കു നിങ്ങളോടൊന്നു സംസാരിക്കണം. ഒരു തീമിനെ എങ്ങനെ ഇങ്ങനെ ക്രാഫ്റ്റുന്നൂ എന്നൊന്നറിയാന്‍..
പാമരാ, നന്ദി.. ആരും കഥ വായിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുവായിരുന്നു.
നമുക്ക് ചാറ്റില്‍ സംസാരിക്കാം :)
ഉഗ്രന്‍!! (ഒരു കടലാസു പലതായി മടക്കി കത്രികകൊണ്ട് ഒന്നു രണ്ടു വെട്ടും വരയും കോറിയിട്ട് അതു നിവര്‍ക്കുമ്പോള്‍ തെളിയുന്ന ചിത്രങ്ങളെ ഒാര്‍ത്തുപോയി. നന്ദി)
സിമി പുതിയ പരീക്ഷണങ്ങളിലാണെന്നു തോന്നുന്നു.
നന്നായി കഥ. നന്നായെന്നല്ല, വളരെ നന്നായി എന്നുതന്നെ പറയാം. കൂടുതൽ കഥകൾ വരട്ടെ.
സിമി, ഒരു സംശയം, ആദ്യത്തെ ഒരു പാരഗ്രാഫ് ഒഴിവാക്കി വായിച്ചപ്പോൾ കൂടുതൽ നല്ലതെന്നു തോന്നി.
സംശയം മാത്രമാണ്. തല്ലരുത്. :)
എത്ര നല്ലതെന്നു തോന്നിയാലും കഥക്കാവശ്യമില്ലായെന്നു തോന്നിയാൽ ചില വരികൾ നിഷ്കരുണം വെട്ടിമാറ്റണമെന്നു പറഞ്ഞ അമേരിക്കൻ നോവലിസ്റ്റിന്റെ പേരു മറന്നുപോയി. :(
ഉറുമ്പേ, ആദ്യത്തെ പാരഗ്രാഫ് രണ്ടോ മൂന്നോ വരിയല്ലേയുള്ളൂ.. വരാന്‍ പോവുന്ന കാര്യങ്ങള്‍ക്ക് context set ചെയ്തതല്ലേ.
nannaayittundu
സിമി, അങ്ങിനൊരു കൊണ്ടെക്റ്റിന്റെ ആവശ്യം ഉണ്ടായിരുന്നില്ലാ എന്നുതന്നെയാണ് ഞാൻ പറഞ്ഞതും.
തീരത്ത് തെങ്ങിന്‍തോപ്പില്‍ നില്‍ക്കുന്ന വലിയ വീടിന്റെ ഒന്നാം നിലയില്‍ നിന്നാണ് വെളിച്ചം വരുന്നത്.
ഇങ്ങനെ തുടങ്ങി വായിക്കാൻ വല്ലാത്ത ഒരു സുഖം...!
നന്ദി സിമി.
ഉഗ്രന്‍. സിമി എഴുതിയ നല്ല കഥകളിലൊന്ന്
നല്ല കഥ
കള്ളന്റെ കടന്നുകയറ്റം വിവരിക്കുന്നിടത്ത് ഫണ്ണി ഗെയിംസ് എന്ന സിനിമ ഓർമ വന്നു.
വായുവില്‍ കൂപ്പുകുത്തുന്ന കള്ളനു പിന്നാലെ അവളുടെ കണ്ണില്‍ നിന്ന് ചൂടുള്ള ഒരു കണ്ണീര്‍ത്തുള്ളി താഴേക്കു പറന്നു... beautiful...
thangalude chila kathakalokke vayichchitundu..eliyum mattum..pakshe, eth thiakchum marvales.. asadharanamaya kaiyothukkam..craft.. anayasamaya ezhthu ennu thonnum..pakshe, oththiri work cheythitundennariyam...enikkum thangalumayi kootuthal shuhrdam venamennu thonnunnu...kathayde kurachu sankethangalokke manasillakkan..veruthe ente chila nerampokkukalkku vendi... kazhiyumengil vayichapibhrayam parayanam..ente postukalk.. adikamonnumilla..appol eniyum nalla rachanakalumayi varika
ithu valare ishtaayeetto ..ugran
കൊള്ളാലോ മാഷെ നന്നായിട്ടുണ്ട്
ഇത്രയും സാധ്യതകള്‍ ഒരു കഥയ്ക്ക് ഉണ്ടാകാമെന്ന് എഴുതിയ നിനക്ക് അറിയില്ല, തീര്‍ച്ച. സുന്ദരമായ സാധ്യതകള്‍. ഉള്ളില്‍ കഥ വിഷ്വലൈസ് ചെയ്യുന്ന രീതി..കുശുമ്പ് തോന്നീട്ടു വയ്യ.
ജീതേന്ദ്രന്‍ പറഞ്ഞതുപോലെ ഉണ്ടാവാന്‍ പോവുന്ന ചിത്രമെന്താന്ന് ഒരു ധാരണയും ഇല്ലാതെ വെട്ടിയിട്ടിരിക്കുന്നു..അനായാസം.
nannaatirikkunnu simee kathakaL
beyond words simi..loved it.
anubhavippichu !
thanks !
വളരെ കഥ .നല്ല ശൈലി.അഭിനന്ദനങ്ങള്‍..ഇപ്പോഴാണ്‍ ഞാന്‍ ഈ ബ്ലോഗ് കാണുന്നത്
പ്രത്യേകതയുള്ള ശൈലി ആണ് , ഒഴുക്കാണ് എഴുത്തിനു ......
ഇതില്‍ മാത്രമല്ല , മറ്റു കഥകളിലും ....
താങ്കള്‍ ഇതു നാട്ടുകാരനാണ് ....?
Post a Comment