സിമിയുടെ ബ്ലോഗ്

8/25/2008

കാള

ചിന്തയില്‍ വന്ന ഒരു കഥ ബ്ലോഗിലും ഇടുന്നു.

1

ആദിയില്‍ വിലാപമുണ്ടായിരുന്നു. വിലാപം ദൈവമായിരുന്നു. ശൂന്യതയിലൂടെ തൊണ്ടപൊട്ടി പുളഞ്ഞുപോയ ഒരു നീണ്ട നിലവിളി.

ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും പശുവിനെ സൃഷ്ടിച്ചു. പശുക്കള്‍ക്കായി ദൈവം സകലതും സൃഷ്ടിച്ചു. ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ജലവും സൃഷ്ടിച്ചു. സ്നേഹത്തില്‍ വളരുവാന്‍ കണ്ണെത്താദൂരത്തോളം പച്ചപുതച്ച പുല്‍മേടുകളെയും പശുക്കളെ പാപചിന്തകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ മനുഷ്യനടക്കമുള്ള ഹിംസ്രജന്തുക്കളെയും സൃഷ്ടിച്ചു. പശുക്കളുടെ ദൈവം ആറുദിവസം നീണ്ടുനിന്ന തന്റെ മനോഹരമായ സൃഷ്ടികര്‍മ്മത്തില്‍ നിന്നും പിന്തിരിഞ്ഞ്, ഏഴാം ദിവസം മലയുടെ മുകളില്‍ വിശ്രമിച്ചു. ചെറിയ കുന്നുകളില്‍ കൈയൂന്നി മുതുകുവളച്ച് പിന്നോട്ടുചാഞ്ഞിരുന്ന് കത്തിജ്വലിക്കുന്ന സൂര്യനില്‍ നോക്കി തന്റെ സൃഷ്ടിയുടെ മഹത്വത്തില്‍ ഊറ്റം കൊണ്ടു. ദീര്‍ഘനേരത്തിനു ശേഷം നോട്ടം പിന്‍‌വലിച്ച ദൈവത്തിന്റെ കണ്ണുകളില്‍ ആകെ ഇരുട്ടായിരുന്നു. കണ്ണുപൊട്ടനായ ദൈവം ഒരു അലര്‍ച്ചയോടെ തപ്പിത്തടഞ്ഞ് മലയിറങ്ങി. ഭൂമിയില്‍ പശുക്കളുടെ മേല്‍ ദുരിതം പേമാരിപെയ്തപ്പോള്‍ അവ ദൈവത്തിനുനേര്‍ക്ക് അമറിവിളിച്ചു. ഈ നിലവിളികേട്ട് കണ്ണുപൊട്ടനായ ദൈവം താഴ്വാരങ്ങളിലെ പാറക്കെട്ടുകളിലും വെള്ളച്ചാട്ടങ്ങളിലും തട്ടിവീണ് അലറിക്കരഞ്ഞു.

2

കണ്ണന്റെ വരിയുടച്ചത് അവന് രണ്ടുവയസ്സുള്ളപ്പൊഴാണ്. പശുവിന്റെ തുറന്നുമിഴിച്ച വലിയ കണ്ണിലെ കത്തുന്ന കാമം കണ്ട് അവന്റെ ലിംഗം ദൃഢമായിത്തുടങ്ങിയ കാലം. കലക്കിവെച്ച കാടി തട്ടിക്കളഞ്ഞ് കുറ്റിയും പറിച്ച് കുതിച്ചോടാനുഴറിയ കാലം. എണ്ണക്കൊഴുപ്പില്‍ പേശികള്‍ പിടഞ്ഞുതുടങ്ങിയ കൌമാരം. അന്ന് യജമാനനോടൊപ്പം വന്ന രണ്ടുപേരിലൊരാള്‍ കൊമ്പുകളില്‍ കയറിപ്പിടിച്ചു. മറ്റെയാള്‍ കാലുകള്‍ വലിച്ചുകെട്ടി. അമറല്‍ പുറത്തുവരാതെ വായ ചേര്‍ത്തുകെട്ടി. തലയ്ക്കടിയില്‍ ഒരു മരപ്പലകവെച്ചു. യജമാനന്‍ വൃഷണം തണുത്തുവരണ്ട കയ്യിലെടുത്ത് മറ്റൊരു മരപ്പലക അവയ്ക്കു താഴെ വെച്ചു. വരാന്‍ പോകുന്ന ആപത്തിന്റെ ദു:സ്സൂചന. കുതറി ഓടണമെന്നുണ്ടെങ്കിലും അനങ്ങാന്‍ പറ്റാത്ത നിസ്സഹായത. മരപ്പലകയില്‍ കിടത്തിയ വൃഷണത്തിലേയ്ക്ക് കത്തുന്ന ഉല്‍ക്കപോലെ വായുവിലൂടെ താണുവരുന്ന മരപ്പലക .. കാലം വിറുങ്ങലിച്ച ഒരു മാത്ര. തലച്ചോറിലും നാഡികളിലും പൊട്ടിത്തെറി. ഇരുട്ട്, പ്രാണന്‍ ചോര്‍ന്നുപോകുന്ന വേദന, വേദന, ഇരുട്ട്, തെളിച്ചം, ഇരുട്ട്, വേദന, വേദന, വേദന. അനങ്ങാ‍ന്‍ വയ്യാത്തവിധം കെട്ടിയിട്ട കാലുകളിലൂടെ കമ്പിച്ചുപോവുന്ന വേദന. പുരുഷത്വം രണ്ട് വരികള്‍ക്കിടയിലുടഞ്ഞ് ഇല്ലാതാവുന്ന നോവിന്റെ തായമ്പക. പിടച്ചിലിനിടയില്‍ ബോധം തെളിയുമ്പോള്‍ രക്തത്തിന്റെയും മൂത്രത്തിന്റെയും ചാണകത്തിന്റെയും കൂടിക്കലര്‍ന്ന തളത്തില്‍ വിയര്‍ക്കുന്ന ദേഹം‍. പിന്നീട് പറമ്പത്തുകൂടെ മുണ്ടും മടക്കിക്കുത്തി നടന്നുപോവുന്ന കൊമ്പന്മീശക്കാരനെ കാണുമ്പോഴെല്ലാം ഒരിക്കലും മറക്കാനാവാത്ത വേദനയുടെ വെള്ളിടിവെട്ടുകള്‍. യജമാനനെ കാണുമ്പൊഴെല്ലാം കാലുകള്‍ക്കിടയില്‍ തരിച്ചുകയറുന്ന നിസ്സഹായത. എരുത്തില്‍ കാമത്തോടെ പശുക്കളമറുമ്പൊഴെല്ലാം ഇനി ഒരിക്കലുമുയരാത്ത ലിംഗത്തിന്റെ ഷണ്ഢരോദനം. വരിയുടയ്ക്കാത്ത കാളയ്ക്കു മുഷ്ക്കുകൂടും.

കണ്ണനെ പശു പെറ്റിട്ടത് പുല്‍മെത്തയിലേയ്ക്കല്ല. നനഞ്ഞ സിമന്റു തറയിലേയ്ക്ക് ഒരു ചാക്കുകെട്ടെന്നപോലെ കണ്ണന്‍ വീഴുകയായിരുന്നു. വേണു പത്താം ക്ലാസിലും ഉണ്ണി എട്ടാം ക്ലാസിലും പഠിക്കുന്ന കാലത്ത് ആരും താങ്ങാനില്ലാതെ കണ്ണന്‍ നാലുകാലുകളില്‍ എഴുന്നേറ്റുനില്‍ക്കുകയായിരുന്നു. മുലപ്പാലിന്റെ മധുരം നുകര്‍ന്നപ്പൊഴേയ്ക്കും അവനെ മാറ്റിക്കെട്ടി അകിടുചുരത്തി പാലില്‍ വെള്ളം ചേര്‍ത്ത് യജമാനന്‍ കച്ചവടമാക്കി. പക്ഷേ നറും‌പാല്‍ തിളപ്പിച്ചുകൊടുത്തിട്ടും വേണു പത്താംതരം ജയിച്ചില്ല. വേണു പഠിയ്ക്കാന്‍ ജനിച്ചവനല്ലായിരുന്നു. യജമാനന്റെ മുന്‍പിലും ബീഡിയും പുകച്ച് വേണുനടന്നു. പത്താം ക്ലാസ് തോറ്റതോടെ അവന്‍ പഠിത്തം നിറുത്തി പാടത്തേയ്ക്കിറങ്ങി. അതിനിടെ കണ്ണന്‍ വളര്‍ന്നു. പാടത്തു വലിച്ച വയസ്സന്‍ കാളകള്‍ ഏതൊക്കെയോ ദിനങ്ങളില്‍ ഓരോന്നായി അപ്രത്യക്ഷമായി. പുതിയ കാളകള്‍ നിലമുഴുതു. പാടത്ത് കലപ്പകള്‍ പൂട്ടാന്‍ നാല് കാളകളായി. പൊരിവെയിലത്ത് വാശിയോടെ പണിഞ്ഞ് വേണുവിന്റെ കൈകള്‍ ലോഹദണ്ഡുകളായി. വലത്തേക്കയ്യ് ചൂരല്‍ പിടിച്ച് തഴമ്പുപൊട്ടി. അവന്‍ കണ്ണനെ പാടത്തിറക്കി. കുറുമ്പുകാണിക്കുന്ന എല്ലാ കാളകളെയും പോലെ പഴുത്ത ലോഹക്കമ്പികൊണ്ട് കണ്ണന്റെ പിന്‍‌കാലിലെ തുടകളില്‍ വരഞ്ഞു. കലപ്പയുടെ വേഗത താഴുമ്പോള്‍ വേണു കണ്ണന്റെ വാലുചുരുട്ടിക്കടിച്ചു. പാടത്ത് പൊന്നെല്ല് നൂറുമേനിവിളഞ്ഞു. ഉണ്ണി പത്താംക്ലാസ് ജയിച്ചു. കാളകള്‍ എല്ലുമുറിയെപ്പണിതു.

വേണു ചന്തയില്‍ പോവുന്ന ദിവസങ്ങളിലേ ഉണ്ണി പാടത്തിറങ്ങാറുള്ളൂ. ഉണ്ണിയ്ക്ക് വേണുവിന്റെ കൈക്കരുത്തില്ല. ഉണ്ണി പാവമാണ്. ഇടംകയ്യനാണ്. ഉണ്ണി കാളകളെ തല്ലുന്നതുപോലും സ്വപ്നം കണ്ടുകൊണ്ടാണ്. ഇടയ്ക്കെങ്കിലും തങ്ങളുടെ ഇടത്തേപ്പുറത്ത് അടിക്കുന്ന ഉണ്ണിയെ കാളകള്‍ സ്നേഹിച്ചു. ഉണ്ണിയുടെ ദിവസങ്ങളില്‍ അവ സ്നേഹത്തോടെ കലപ്പ പതുക്കെവലിച്ചു. ഉണ്ണി കൃഷിക്കിറങ്ങുന്ന ദിവസങ്ങള്‍ വിരളമായിരുന്നു.

ദിനകരന്‍ എന്ന കാളയ്ക്ക് വയസ്സായി. ദിനകരനുമൊത്ത് നുകം പൂട്ടിയിട്ട് കലപ്പ കണ്ണന്റെ വശത്തേയ്ക്ക് ചരിഞ്ഞുതുടങ്ങി. വേണു ദിനകരനെ പൊതിരെത്തല്ലി. ദിനകരന്റെ വലത്തേപ്പുറം പൊളിഞ്ഞ് ചോരവാര്‍ന്നു. പൊള്ളുന്ന വെയിലുവീണ് ചോര പാടത്തുവീഴും മുന്‍പേ കട്ടപിടിച്ചു. മുറിവില്‍ തല്ലുവീഴുള്ള മരണവേദന കടിച്ചുപിടിച്ച് അമറാതെ, മിണ്ടാതെ, നിസ്സംഗനായി ദിനകരന്‍ കലപ്പവലിച്ചു.

രാത്രി തൊഴുത്തില്‍ ദിനകരന്‍ മറ്റുകാളകളോടു മിണ്ടിയില്ല. വേദന അസഹ്യമാവുമ്പോള്‍ മാത്രം പതുക്കെ അമറി. എരുത്തിനോട് ചേര്‍ന്ന മാവിന്റെ മുകളിലിരുന്ന് ഒരു കൂമന്‍ നിറുത്തി മൂളി. കണ്ണനും മറ്റ് രണ്ടുകാളകളും മാറിമാറി ദിനകരന്റെ മുറിവില്‍ നക്കി.

സോമന്‍ എന്ന കാളയ്ക്ക് ഇതുകണ്ട് സഹിച്ചില്ല. 'എന്തൊരു തല്ലാണിത്. എന്തൊരു ജീവിതം. അവന് ഇങ്ങനെ തല്ലണോ. മനുഷ്യപ്പറ്റില്ലേ അവന്'.

കണ്ണനും ദിനകരനും ഒന്നും പറഞ്ഞില്ല. പപ്പനാവന്‍ എന്ന കാള ബാക്കി പൂരിപ്പിച്ചു. 'വലത്തേക്കയ്യന്റെ അടിയെല്ലാം കാളകളുടെ വലത്തേപ്പുറത്തുമാത്രം. അയാള്‍ക്ക് രണ്ടുകൈക്കും വാക്കുണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു. ഇരുപുറത്തും മാറിമാറി അടിച്ചെങ്കില്‍ ഇത്ര വേദനവരില്ലായിരുന്നു'.


'വലത്തേക്കയ്യന്റെ അടി അങ്ങനെയാണ്. നമ്മുടെ വിധിയാണ്. അടി എന്നും വലത്തേപ്പുറത്തേ കൊള്ളൂ'.
'പണ്ട്, യജമാനന്‍ ഒറ്റയ്ക്കു കൃഷിനടത്തുമ്പോള്‍ രണ്ടുപുറത്തും മാറിമാറി അടിക്കുമായിരുന്നു. മറന്നുപോയോ?'
'പണ്ടത്തെ കാര്യങ്ങള്‍ എനിക്കോര്‍മ്മപോലുമില്ല. പണ്ട് സ്വര്‍ഗ്ഗമായിരുന്നോ?'
'പറഞ്ഞിട്ടെന്തുകാര്യം. കലപ്പയും ചാട്ടയും കാളകളുടെ തിരുത്താന്‍ പറ്റാത്ത വിധിയാണ്.'
'വിധി. എല്ലാ ദുരിതങ്ങളെയും വിധി എന്നുപറഞ്ഞ് ഒഴിഞ്ഞാല്‍ മതിയല്ലൊ. തിരുത്താന്‍ പറ്റാത്തതായി ഈ ലോകത്തില്‍ എന്തുണ്ട്? തിരുത്തണം.'
'കാളകള്‍ ഇതുവരെ എന്താണ് തിരുത്തിയത്? കാളകളുടെ ഏതു സമരമാണ് വിജയിച്ചത്? തിരുത്തണം പോലും.'
'ഇതാണ്, ഈ ചിന്തയാണ്, കാലങ്ങളായി കാളകളുടെ ദുരിതത്തിനു കാരണം. വളര്‍ത്തുമൃഗം പോലും. എല്ലാത്തിനും കൊമ്പുംകുലുക്കി നിന്നുകൊടുക്കും. അടികൊള്ളികള്‍.'
'വിഢിത്തം. തിരുത്തിയിട്ടെന്ത്. ജീവിതം ദുരിതമാണ്, പക്ഷേ ജീവിക്കണം. കാടിയ്ക്ക് കൈപ്പുരുചിയാണ്, പക്ഷേ കിട്ടാവുന്നിടത്തോളം കുടിക്കണം. പാടത്ത് കത്തുന്ന വെയിലാണ്, പക്ഷേ പാടത്തിറങ്ങണം, കലപ്പവലിക്കണം. കൊല്ലുന്ന കൃഷിക്കാരനാണ്, പക്ഷേ തല്ലു മതിയാവോളം കൊയ്യണം. ജീവിതം ഇത്രയൊക്കെയേ ഉള്ളൂ. വേനലില്‍ കാ‍ലം തെറ്റിപ്പെയ്യുന്ന ഒരു മഴയുടെ നനവ്, സന്ധ്യാനേരത്തെ തുളസിയുടെ മണമുള്ള തണുത്ത ഒരു കാറ്റ്, പാടത്ത് കൊയ്ത്തുകഴിയുമ്പോള്‍ മേലാകെ പൂണ്ടുകിടക്കാന്‍ ചെളിയില്‍ പുതഞ്ഞ ഒരു കുളം. ഇത്രയൊക്കെയേ ഉള്ളൂ ജീവിതം. ഇതിനെങ്കിലും വേണ്ടി ജീവിക്കണം. കാരണം മറ്റേ അറ്റത്ത് അറവുകാരന്റെ കത്തിയാണ്. അതിനൊരര്‍ത്ഥവുമില്ല.' - ദിനകരനായിരുന്നു ഇതുപറഞ്ഞത്. കണ്ണന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. മറ്റ് രണ്ടുകാളകളും അല്പനേരം മൌനത്തിലായി. പിന്നെ അവ സംഭാഷണം തുടര്‍ന്നു.

എന്തുപറഞ്ഞാലും വലത്തേപ്പുറത്തുമാത്രമുള്ള ഈ തല്ലുനിറുത്തണം.
കൊച്ചെജമാനന്‍ ഇടംകയ്യനാണ്. അയാള്‍ ഇടത്തേപ്പുറത്തേ തല്ലാറുള്ളൂ.
അയാള്‍ പാടത്തിറങ്ങാറില്ല.
ഇറക്കണം.
എങ്ങനെ?
ഇറക്കണം. വേണുവിനു പകരം അയാള്‍ പാടത്തിറങ്ങിയാല്‍ നമ്മുടെ ദുരിതം തീര്‍ന്നു. പിന്നെ സ്വര്‍ഗ്ഗം. തലോടല്‍ പോലെ വല്ലപ്പോഴും പുറത്തുവീഴുന്ന ഇടങ്കയ്യനടികള്‍. നമ്മള്‍ നാലു കാളകളുണ്ട്. കലപ്പ വലിക്കാന്‍ രണ്ടുപേര്‍ വേണം. വേണു പാടത്തിറങ്ങുന്നതു നിറുത്തണം. അപ്പോള്‍ കൊച്ചെജമാനന്‍ പാടത്തിറങ്ങിയേ പറ്റൂ.
എങ്ങനെ?
കുത്തണം, കൊല്ലണം.
കൊല്ലാനോ? കൊന്നാല്‍ വല്യെജമാനന്‍ നമ്മളെയെല്ലാം അറവുകാരനുകൊടുക്കും. അയാള്‍ കഴുത്തറുത്ത് തോലുരിച്ച് ഉടലും തുടയും കയറില്‍ കെട്ടിത്തൂക്കും. വിപ്ലവം കാളയുടെ രക്തത്തിലില്ല.
വിഢിത്തം പറയാതെ. വല്യെജമാനന്‍ മണ്ടനല്ല. എല്ലാത്തിനെയും അറവുകാരനുകൊടുത്താല്‍ പിന്നെ കലപ്പപൂട്ടുന്നതെങ്ങനെ. ആര്‍ക്കും ഒന്നും പറ്റില്ല. കൊച്ചെജമാനന്‍ പാടത്തിറങ്ങും. വേണു അവന്റെ തെറ്റു മനസ്സിലാക്കും. വേദനയില്ലാതെ ബാക്കി ജീവിതം നമുക്കു ജീവിക്കാം. വലിയ സ്വപ്നങ്ങളൊന്നും വേണ്ട, ഇരുപുറത്തും തല്ലുകൊള്ളുന്നു എന്ന ആശ്വാസത്തിലെങ്കിലും ബാക്കി ജീ‍വിതം ജീവിക്കാം. വേണുവിനെ കൊല്ലണ്ട, ഒന്നു നോവിച്ചുവിട്ടാല്‍ മതി.
അരുത്. അബദ്ധമാണ്. ആപത്താണ്. തല്ലുകൊണ്ടായാലും നമുക്കുജീവിക്കാം. വിപ്ലവം കാളകള്‍ക്കു പറഞ്ഞിട്ടുള്ളതല്ല.
ഇല്ല, കുത്തണം, കൊല്ലണം.
ആരുകുത്താന്‍?
ആരെങ്കിലും. നമ്മളിലൊരുവന്‍
ആര്?.
...
ആര്.

ഈ ചോദ്യത്തിനുത്തരം കിട്ടാതെ കാളകള്‍ക്കിടയില്‍ അസ്വസ്ഥമായ മൌനം കനത്തു. വല്ലപ്പോഴുമുള്ള ദിനകരന്റെ ദൈന്യഞരങ്ങലുകള്‍ക്കിടയില്‍ മാവിലിരുന്ന് കൂമന്‍ മൂളി. ഒരു മേഖം വന്ന് ചന്ദ്രനെ മറച്ചു. ഇരുട്ടില്‍ നാലുകാളകളും ഒരേ സ്വപ്നം കണ്ടു. വേണുവിന്റെ കരുത്തുറ്റ കൈയ്യിലെ ചാട്ട വലത്തേപ്പുറത്ത് പുളഞ്ഞുവീഴുന്നതോര്‍ത്ത് അടിയുടെ തീ‍ക്ഷ്ണതയില്‍ അവ ഒരുമിച്ചുവിറച്ചു. വല്യെജമാനന്‍ ഇരുപുറത്തും തല്ലിയ പഴയകാലത്തെ ആയാസരഹിതമായ ജീവിതമോര്‍ത്ത് അവര്‍ അയവിറക്കി. വല്യെജമാനന്‍ വരിയുടച്ചതും കാലില്‍ ഇരുമ്പുപഴുപ്പിച്ചുവെച്ചതും കുളമ്പുതറച്ചതുമെല്ലാം അവ അപ്പോള്‍ മറന്നു. ജീവിതം അങ്ങനെയാണ്. ദു:ഖങ്ങള്‍ക്ക് അല്പായുസ്സാണ്. അവ മനസ്സില്‍ നിന്നും മറഞ്ഞുപോവുന്നു. നല്ലതുമാത്രം മനസ്സില്‍ ശേഷിക്കുന്നു. പഴയകാലം എത്ര ദുരിതമായിരുന്നെങ്കിലും ഓര്‍മ്മയില്‍ എന്നും അതിനു മധുരമാണ്.

ഒടുവില്‍ മൌനത്തിന്റെ തോടുപൊട്ടിച്ച് കണ്ണപ്പന്‍ പറഞ്ഞു. 'ഞാന്‍ കുത്താം'.

മറ്റ് രണ്ടു കാളകളും ആഹ്ലാദശബ്ദം മുഴക്കി. കണ്ണപ്പനു ചുറ്റും കൂടിനിന്ന് അവ പല കദനകഥകളും പറഞ്ഞു. കണ്ണപ്പന്‍ ഇടയ്ക്കിടെ 'ഞാന്‍ കുത്താം' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ദിനകരന്‍ ഒന്നും പറഞ്ഞില്ല. മറ്റ് രണ്ടുകാളകളും ഉറങ്ങി എന്നുറപ്പായപ്പോള്‍ ദിനകരന്‍ കണ്ണപ്പനെ തലകൊണ്ട് മുട്ടിവിളിച്ചു.

ഇതു മണ്ടത്തരമാണ്, ആപത്താണ്
ആരെങ്കിലും ഇതു ചെയ്യണം. ഇല്ലെങ്കില്‍ അടി തുടരും. നമ്മള്‍ നരകിക്കും.
അടി എങ്ങനെയായാലും തുടരും. നീ കുത്തിയാല്‍ നിനക്കു മാത്രമേ നഷ്ടപ്പെടൂ. നിന്നെ ഇറച്ചിയാക്കും. ഇറച്ചിയിലൊടുങ്ങാത്ത ഒരു വിപ്ലവവുമില്ല.
കുറച്ചുപേര്‍ ഇറച്ചിയാവുന്നതിലൂടെ വിപ്ലവം നടക്കുന്നെങ്കില്‍ നടക്കട്ടെ. എനിക്കൊന്നും നഷ്ടപ്പെടാനില്ല.
എന്തു വിപ്ലവം. നീ കുത്തിയതുകൊണ്ട് അടി നില്‍ക്കുമെന്നു കരുതുന്നുണ്ടോ?. വെറുതേ മണ്ടത്തരം കാണിക്കരുത്.
നാളെ വേണു ചാവും. ഉണ്ണി നമ്മളെ പാടത്തൂടെ നയിക്കും. ദിനകരന്റെ പുറത്തെ മുറിവുകളുണങ്ങും. നോക്കിക്കോ.
വിപ്ലവങ്ങള്‍ സ്വപ്നമാണ് മകനേ. പഴയകാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളാണു വിപ്ലവങ്ങള്‍. നിന്റേതു വിപ്ലവമല്ല. ഒരുകാലിലെ മന്ത് മറുകാലിലേയ്ക്കു മാറ്റാനുള്ള വിഫലശ്രമം. ചെയ്യരുത്. നീ ഇപ്പോഴും ചെറുപ്പമാണ്.

കണ്ണപ്പന്‍ ഒന്നും മിണ്ടിയില്ല. ദിനകരന്‍ പിന്നെയും പലതും പറഞ്ഞു. കണ്ണപ്പനോട് പറഞ്ഞിട്ടുകാര്യമില്ല എന്നുമനസിലാക്കിയ ദിനകരന്‍ മുറിവേല്‍ക്കാത്ത വശം ചാഞ്ഞ് നിലത്തുചടഞ്ഞുറങ്ങി.

3

രാവിലെ വേണുവും അച്ഛനും കാളകളെ ഒന്നൊന്നായി തൊഴുത്തില്‍നിന്നിറക്കി. ആദ്യം സോമന്‍, പപ്പനാവന്‍, പിന്നെ കണ്ണപ്പന്‍, ദിനകരന്‍. അന്ന് വേണു കണ്ണപ്പനോട് പതിവിലേറെ സ്നേഹം കാണിച്ചു. വേണു കണ്ണപ്പന്റെ മൂക്കും വായും ബന്ധിച്ചുകെട്ടിയ കയറില്‍പ്പിടിച്ചു നടക്കുമ്പോള്‍ സോമനും പപ്പനാവനും കണ്ണപ്പനെ ആകാംഷയോടെ നോക്കി. കാടിയും വൈക്കോലും കൊടുത്തപ്പൊഴും തൊഴുത്തില്‍ നിന്നിറക്കിയപ്പൊഴും കുളത്തിലേയ്ക്കുള്ള വഴിയിലും അവന്‍ അനുസരണയോടെ നടന്നു. കുളത്തിനു മുന്‍പില്‍ യജമാനന്‍ ചേറുതേച്ചു കുളിപ്പിച്ചപ്പോള്‍ അനങ്ങാതെ നിന്നുകൊടുത്തു. മറ്റു രണ്ടു കാളകളും നിരാശയോടെ മുക്കുറയിട്ടു. കാളകളെ വേണുവും യജമാനനും വരമ്പിലൂടെ കളത്തിലേയ്ക്കു നടത്തി. നടകാളേ എന്നുപറഞ്ഞ് പുറത്ത് വേണു ചൂരല്‍കൊണ്ട് പതുക്കെ അടിച്ചപ്പൊഴും കണ്ണപ്പന്‍ ശാന്തനായി നടന്നു. കണ്ണപ്പന്റെ ആവേശവും ക്രോധവും രാത്രിയോടെ ഒടുങ്ങി എന്നുകണ്ട് ദിനകരന്‍ ആശ്വാസത്തിന്റെ ഒരു ശബ്ദം പുറപ്പെടുവിച്ചു. മറ്റ് രണ്ടു കാളകളുടെ കഴുത്തില്‍ ആദ്യം നുകം വലിച്ചുവെച്ചുകൊടുത്ത് യജമാനന്‍ അവയെ കളത്തിലിറക്കി. ഖുര്‍ര്‍‌ര്‍ എന്ന് ശബ്ദമുണ്ടാക്കിയപ്പോള്‍ അവ നിരാശയോടെ കലപ്പവലിച്ചു. വേണു നുകമെടുത്ത് ആദ്യം ദിനകരന്റെ പൂഞ്ഞയ്ക്കു മുന്നില്‍ വെച്ചു. നുകത്തിന്റെ മറ്റേ അറ്റം കണ്ണപ്പന്റെ കഴുത്തില്‍ വയ്ക്കാനാഞ്ഞപ്പോള്‍ പെട്ടെന്ന് കണ്ണപ്പന്‍ കൊമ്പുകുലുക്കി, ഭീഷണമായി മുക്കുറയിട്ടുകൊണ്ട് കുതറിമാറി.

ഹൈ, കാളേ എന്നുവിളിച്ച് വേണു അവന്റെ കൊമ്പില്‍ക്കയറിപ്പിടിച്ചു. കണ്ണപ്പന്‍ കൊമ്പു ശക്തിയായി കുലുക്കി വേണുവിനെ തട്ടിമാറ്റി. ദിനകരന്‍ ഇതെല്ലാം കണ്ട് ഒരടി പിന്നോട്ടുവെച്ച് നിശ്ചലനായി നിന്നു. മറ്റ് രണ്ടുകാളകളും കഴുത്തുതിരിച്ച് കണ്ണപ്പനു നേരെ നോക്കി. കാളകളുടെ കയറിന്മേലെ പിടിത്തം വിട്ട് യജമാനന്‍ കണ്ണപ്പനുനേരെ ഓടിയടുത്തു. നൊടിയിടയില്‍ കണ്ണപ്പന്‍ വേണുവിനെ ഇടിച്ച് നിലത്തിട്ടിരുന്നു. വീണ്ടും മുക്കുറയിട്ടുകൊണ്ട് കണ്ണപ്പന്‍ വേണുവിനു നേര്‍ക്ക് കുതിച്ചു. അവന്റെ കണ്ണുകളില്‍ നിന്നും തീ പറക്കുകയും വളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ മിന്നല്‍പ്പിണര്‍ ചിതറുകയും വരിയുടച്ച അവന്റെ ലിംഗം ഒരിക്കലുമില്ലാത്തവിധം ഉദ്ധിതമായി നില്‍ക്കുകയും അതില്‍നിന്നും പുംബീജങ്ങള്‍ ചിതറുകയും ചെയ്തു. ചെളിതെറിപ്പിച്ചുകൊണ്ട് കുതിച്ചുപാഞ്ഞ് അവന്‍ വീണുകിടക്കുന്ന വേണുവിന്റെ വയറിലേയ്ക്ക് കൊമ്പു കുത്തിയിറക്കി. വേണു അലറിവിളിച്ചുകൊണ്ട് തെന്നിമാറി. കൊമ്പ് അവന്റെ വലത്തേ കയ്യിലെ പേശികള്‍ ചിതറിച്ചുകൊണ്ട് ചേറിലേയ്ക്കാഴ്ന്നു. വീണ്ടും കുത്താനായി പിന്നോട്ടുമാറിയ കണ്ണപ്പന്റെ കഴുത്തിലേയ്ക്ക് യജമാനന്‍ ചാടിവീണു.

രക്തത്തില്‍ കുളിച്ച തന്റെ വലതുകയ്യും വലിച്ച് വേണുവും കണ്ണപ്പനുമേല്‍ ചാടിവീണു. വേണു ഒരു പട്ടിയെപ്പോലെ അവന്റെ ചുമലിലും വാലിലും കടിച്ചു മുറിച്ചു. മുന്‍‌കാലിലെ മുട്ടുകള്‍ മടക്കി ചേറിലേയ്ക്കുതാഴ്ന്നുകൊണ്ട് കണ്ണപ്പന്‍ ദൈന്യതയോടെ ദിനകരനെയും മറ്റ് കാളകളെയും നോക്കി. ദിനകരന്റെ കണ്ണില്‍ ചോരപൊടിയുന്നതും മറ്റ് രണ്ടു കാളകളും ഇവിടെ ഒന്നും നടക്കുന്നില്ല എന്നമട്ടില്‍ മുഖം തിരിക്കുന്നതും അവന്‍ കണ്ടു. യജമാനനും വേണുവും മണിക്കൂറുകളോളം അവനെ തല്ലിക്കൊണ്ടിരുന്നു. യജമാനന്‍ തല്ലുനിറുത്തി വേണുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. അന്ന് പാടത്ത് കാളകളെ പൂട്ടിയില്ല.

പിറ്റേന്ന് കാലത്ത് അടികൊണ്ടു ക്ഷീണിച്ച കണ്ണപ്പനെ അറവുകാരന്‍ വിലപറഞ്ഞു കൊണ്ടുപോയി. വേണു ആശുപത്രിയിലായി. കാളകള്‍ പ്രതീക്ഷിച്ചതുപോലെ ഇടംകയ്യനായ ഉണ്ണി കളത്തിലിറങ്ങിയില്ല. പൊതുവേ കൃഷിയില്‍ താല്പര്യമില്ലാത്ത ഉണ്ണി അച്ഛന് ഒരു കത്തുമെഴുതിവെച്ച് നഗരത്തിലേയ്ക്ക് നാടുവിട്ടു. വേണുവിന് നേരിട്ട അനുഭവം കേട്ട് പേടിച്ചതാവാം പെട്ടെന്ന് ഉണ്ണി നാടുവിടാന്‍ കാരണം. യജമാനന്‍ പതറിയില്ല. അവന്‍ പോയവഴി നോക്കി ഒരുനുള്ള് പുല്ലുപറിച്ചെറിഞ്ഞു. യജമാനന്‍ ഒരു പുതിയ കാളക്കാരനെ തേടിപ്പിടിച്ചുകൊണ്ടുവന്നു. അവരിരുവരും പാടത്തിറങ്ങി. പുതിയ കാളക്കാരന്‍ വേണുവിനെക്കാള്‍ ബലിഷ്ഠനായിരുന്നു. അയാള്‍ വേണുവിനെപ്പോലെ വലത്തേക്കയ്യനായിരുന്നു. കളത്തിലിറങ്ങിയ ഉടനെ അയാള്‍ കാളകളെ പൊതിരെത്തല്ലി. കാളകളുടെ അടികൊണ്ടു തഴമ്പിച്ച വലതുപുറം പൊട്ടി. തല്ലിന്റെ വേദനയില്‍ അവ ഒരു പരാതിയുമില്ലാതെ കലപ്പവലിച്ചു. അന്ന് അവ പതിവിലും അധികം നിലമുഴുതു. ഇതേസമയത്ത് അറവുകാരന്‍ കയറില്‍പ്പിടിച്ചു വലിച്ച് ചെമ്മണ്‍ പാതയിലൂടെ നടത്തുമ്പോള്‍ കണ്ണപ്പന്‍ ഒട്ടുമെതിര്‍ത്തില്ല. അറവുകാരന്‍ കൈകളും കാലുകളും കെട്ടി മരക്കുറ്റിയില്‍ തലചായ്ച്ചുകിടത്തുമ്പോള്‍ അവന്‍ മരണത്തെയോ സ്വര്‍ഗ്ഗത്തെയോ തന്റെ വീരകൃത്യത്തെയോ ഓര്‍ത്തില്ല. അറവുകാരന്റെ കത്തി കഴുത്തില്‍ വീഴുമ്പോഴുള്ള വേദന മാത്രമായിരുന്നു അവന്റെ മനസ്സില്‍.

9 comments:

എതിരന്‍ കതിരവന്‍ said...

നല്ല കഥ സിമി.
അവസാനം ചെറിയൊരു പരിണാമഗുപ്തിയെങ്കിലും പ്രതീക്ഷിച്ചു പോയിരുന്നു. വേറെ വല്ല ക്ലൈമാക്സും ഉദ്ദേശിച്ചിരുന്നോ? കണ്ണപ്പനും അറവുകാരനും തമ്മില്‍?

simy nazareth said...

ഇല്ല എതിരാ, ചില വിപ്ലവങ്ങള്‍ ഇങ്ങനെയല്ലേ തീരൂ. (ആരുമറിയാതെ ഇങ്ങനെ തീര്‍ന്നുപോവുന്ന ഒരുപാട് വിപ്ലവങ്ങളില്ലേ?)

Nachiketh said...

സിമിയുടെ കഥകളുടെ ഒരു സ്ഥിരം ചട്ടകൂടില്‍ നിന്നും മാറി നില്‍ക്കുന്നതായി തോന്നി ...നന്നായിരിയ്കുന്നു സിമി

joice samuel said...

നന്നായിട്ടുണ്ട്....
നന്മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

Ramya said...

കാളകളുടെ വർഗ്ഗ സമരം സൂപ്പർ അയി

ശാലിനി said...

എങ്ങനാ സിമി ഇത്രയേറെ കഥകള്‍ എഴുതാന്‍ പറ്റുക, സാമ്യങ്ങളില്ലാതെ!

അനീഷ് രവീന്ദ്രൻ said...

Brilliant!

carx said...

abhinandanangal simi.....viplavathinte avasanam rakthapankilam aakam....nashtavasanthangal mathram swapnam kanunna ennathe yuvathuthinu oru dishabodham kodukkan kazhiyunnundu....but oridathu veezhunna raktham mattoridathu aavashamakunnu....oralude mochanam aayirangalude mochanathinu aavashamakunnu....so kootaymayude viplavangalkkayi namukku kathorkkam simi...........

kARNOr(കാര്‍ന്നോര്) said...

വളരെ നന്നായി. കാണാൻ വൈകി

Google