സിമിയുടെ ബ്ലോഗ്

1/29/2008

സനാതനന് എഴുതിയ കത്ത്

പ്രിയപ്പെട്ട സനാതനന്‍‍,

താങ്കള്‍ ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാറുണ്ടല്ലോ. പകുതി വെന്ത കഥകളെഴുതി എനിക്കും മടുത്തുതുടങ്ങി. മടുപ്പിനെക്കാളും ഒരുതരം കഴിവില്ലായ്മയായി ഇതു തോന്നിത്തുടങ്ങി. കഴിഞ്ഞ നാലഞ്ചു കഥകള്‍ ശ്രദ്ധിച്ചുകാണുമല്ലോ - ഞാനവ പരമാവധി പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും അപൂര്‍ണ്ണതകള്‍ എങ്ങനെയോ വന്നുകൂടുന്നു. ഇത് എന്റെ വാശിയും നിരാശയും കൂട്ടുകയും ചെയ്യുന്നു. പൂര്‍ണ്ണതയ്ക്കുവേണ്ടി പരിശ്രമിക്കുംതോറും അത് അകന്നകന്നുപോവുന്നതുപോലെ. എഴുത്തു നിറുത്തിയാലോ എന്നുപോലും ഞാന്‍ ചിന്തിച്ചുപോയി.

എല്ലാ തരത്തിലും പൂര്‍ണ്ണമായ ഒരു കഥ എഴുതണം എന്ന ആഗ്രഹത്തിനു ഇന്നലെ രാത്രി സഫലീകരണമുണ്ടായി. കൃത്യമായിപ്പറഞ്ഞാല്‍ ഇന്നലെ രാത്രി രണ്ടരയ്ക്ക്. കഥയുടെ ആശയം ഉന്മാദം പോലെ എന്നെ സ്വപ്നത്തില്‍ നിന്നുണര്‍ത്തി. ഒരു ചെറിയ നോട്ടുബുക്കും പേനയും കട്ടിലിനു കീഴെവെയ്ച്ചാണ് ഞാന്‍ ഉറങ്ങാറ്. ഉറക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റ് ഞാന്‍ നോട്ട്‌ബുക്കും പേനയുമെടുത്ത് എഴുതിത്തുടങ്ങി. അധികം വരികളില്ലായിരുന്നു. ഏറിയാല്‍ പതിനഞ്ചു വരികള്‍. അത്രേയുള്ളൂ. എല്ലാ തരത്തിലും സന്തുലിതമായ, എല്ലാ തരത്തിലും പൂര്‍ണ്ണമായ, വായനക്കാരനെ ഒരിളം തെന്നല്‍ പോലെ തഴുകുന്ന, പുലരിയുടെ നറുമണം പോലെ ഏറെനേരം ചൂഴ്ന്നുനില്‍ക്കുന്ന ഒരു കഥ. കഥയെഴുതിക്കഴിഞ്ഞ് നോട്ടുബുക്കും അടച്ചുവെച്ച് ആഹ്ലാദചിത്തനായി ഞാന്‍ കിടന്നുറങ്ങി.

വളരെ സന്തോഷത്തോടെയാ‍ണ് ഞാന്‍ ഉറക്കമുണര്‍ന്നത്. ഒരു ജേതാവിനെപ്പോലെ ഞാന്‍ പുസ്തകം തുറന്നു. നോട്ട്‌ബുക്ക് തുറന്നപ്പോള്‍ കഥയില്ല. വെള്ളത്താളുകള്‍ മാത്രം. വിഭ്രാന്തനായി പുസ്തകത്തിന്റെ താളുകളെല്ലാം മറിച്ചുനോക്കി. ഒന്നുമില്ല. ശൂന്യം. എഴുതിയ കഥ പുസ്തകത്തിന്റെ താളില്‍ നിന്നും ഇറങ്ങിപ്പോവുമോ? പൂര്‍ണ്ണമായ ശില്പങ്ങള്‍ക്കു ജീവന്‍ വെയ്ച്ച് അവ നൃത്തം ചവിട്ടുമെന്ന് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ കഥ ജീവിതമായ് ഭവിക്കുമോ?? കഥ മുല്ലവള്ളിപോലെ കഥാകാരന്റെ ജീവിതത്തില്‍ പടര്‍ന്നുകയറുമോ? കഥയെവിടെപ്പോയി? എനിക്കറിയില്ല.

പൂര്‍ണ്ണമായ കഥകള്‍ എനിക്കു വഴങ്ങില്ലായിരിക്കാം. ഇനിയും പൂര്‍ണ്ണമായതെന്തെങ്കിലും സൃഷ്ടിച്ചാല്‍ അവ താളുകളില്‍ നിന്നും ഇറങ്ങി നടന്നുപോവുമോ?

സ്നേഹത്തോടെ,
സിമി

1/27/2008

മുരുകന്‍

കൊല്ലത്ത് കുട്ടികളുടെ ചിത്രരചനാ മത്സരത്തിനു മാര്‍ക്കിടാന്‍ പോയതായിരുന്നു ഞാന്‍. വരയ്ക്കാന്‍ കൊടുത്ത വിഷയം പൂരപ്പറമ്പ് ആയിരുന്നു. കുട്ടികളെല്ലാം ആനയെ വരയ്ക്കുന്ന കൂട്ടത്തില്‍ ഒരു കുട്ടിമാത്രം നിറയെ മനുഷ്യരെ വരയ്ക്കുന്നു. ഒന്നോ രണ്ടോ മിഴിവുള്ള മുഖങ്ങളും പിന്നെ ഒട്ടേറെ കുത്തിവരകളും. ജനലിനടുത്തുനിന്ന അവന്റെ അമ്മ പറഞ്ഞു: “സാറേ, വരയ്ക്കാന്‍ നല്ല കഴിവുള്ള കുട്ടിയാ. പക്ഷേ എന്തു ചെയ്യാനാ, ഒഴപ്പി വര നശിപ്പിക്കും”. ഞാന്‍ അവന്റെ അടുത്തുചെന്നു.

“മോന്റെ പേരെന്താ?”
“മുരുകന്‍”
“ആട്ടെ, മോനെന്താ എല്ലാ മനുഷ്യരെയും നന്നായി വരയ്ക്കാത്തെ?”
“ഞാന്‍ ദൈവമല്ലേ”.

ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.

1/21/2008

പൂക്കാതിരിക്കാന്‍ എനിക്കാവതില്ല

ജനിയുടെ ആദ്യസ്മൃതികള്‍ തുടങ്ങുന്നത് മണ്ണിന്റെ മണത്തില്‍ നിന്നാണ്. ചുറ്റിലും ചൂഴുന്ന ഇരുട്ടില്‍ നിന്ന് വേരുകള്‍കൊണ്ട് ചെറുകല്ലുകളും മണ്‍‌തരികളും തെരുത്തുപിടിച്ച്, കണ്ണുപൊത്തുന്ന കൂരിരുട്ടിന്റെ പാളികള്‍ വകഞ്ഞ്, മുകളിലേയ്ക്ക്!, മണ്‍‌തരികളെ തള്ളിമാറ്റി മുകളിലേയ്ക്കുയരുമ്പോള്‍ പെട്ടെന്നു വെളിച്ചം! പ്രകൃതിയുടെ വശ്യസൌന്ദര്യം നുകര്‍ന്ന് രണ്ടിതളുകള്‍ ആകാശത്തേയ്ക്കു വിടര്‍ത്തുമ്പോള്‍ തേന്‍‌കണമായി ഒരു മഴത്തുള്ളി!. ഇലകള്‍ വിരിയ്ക്കുമ്പോള്‍ ഇതളുകളെ ത്രസിപ്പിച്ച് ഒരു കുഞ്ഞുകാറ്റ്. മുട്ടോളം വളരുമ്പോള്‍ തണ്ടുകളിലിക്കിളിയാക്കിക്കൊണ്ട് ഒരു പൂത്തുമ്പി! ഭൂമിയുടെ അറകളില്‍ ചികഞ്ഞ് ജീവജലം വേരുകള്‍കൊണ്ട് മതിവരാതെ കുടിച്ച് ആയിരം ശിഖരങ്ങള്‍ വിടര്‍ത്തി മുകളിലേയ്ക്ക്. ദൂരേയ്ക്കോടുന്ന മേഖങ്ങളെ പിന്തുടര്‍ന്ന് മുകളിലേയ്ക്ക്. രാവില്‍ ചിരിക്കുന്ന പൂര്‍ണ്ണേന്ദുവെ പുണരാന്‍ വെമ്പി മുകളിലേയ്ക്ക്! ആകാശത്തിന്റെ മച്ചിനെ പിടിച്ചുകുലുക്കാന്‍ മുകളിലേയ്ക്ക്! ഇലകളെ വളച്ച് കൂടുണ്ടാക്കുന്ന തുന്നാരനെ പതുക്കെ കാറ്റില്‍ കുലുക്കി, പൊത്തുകളില്‍ ഒരു മരംകൊത്തി കൊത്തുമ്പോള്‍ വേദനിച്ച്, പച്ചിലകളില്‍ ചോണനുറുമ്പു കൂടുകൂട്ടുമ്പോള്‍ എന്തൊരു പുളി എന്നു മനസ്സില്‍ പറഞ്ഞ്, വളരുമ്പോള്‍ ഒരു മഴയില്‍ പൊടുന്നനെ ചില്ലകളെല്ലാം തളിര്‍ത്ത് ആയിരം പൂക്കള്‍! പൂക്കളില്‍ പറന്നിറങ്ങുന്ന പരാദങ്ങള്‍. വളര്‍ന്ന് ശിഖിരങ്ങളെ താഴേയ്ക്കു ചായ്ക്കുന്ന തേന്‍മാങ്ങകള്‍. ഒരു കാറ്റത്തിളകി മഴപോലെ ഫലങ്ങള്‍ ഭൂമിയില്‍ പെയ്യുമ്പോള്‍ ആര്‍ത്തുവിളിച്ച് ഓടിയടുക്കുന്ന കുഞ്ഞുങ്ങള്‍. ബാല്യവും കൌമാ‍രവും എന്നും മധുരസ്മൃതികളാണ്. ഒരുള്‍പ്പുളകത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത തേന്‍‌കിനാവുകള്‍.

അന്നുനുകര്‍ന്ന മഴവെള്ളത്തിന്റെ മധുരം ഇന്നും ഓരോ ഞരമ്പുകളിലുമരിക്കുമ്പൊഴും കൌമാരത്തില്‍ നിന്നും യൌവനത്തിലേയ്ക്കുള്ള പരിണാമം എത്ര അനുസ്യൂതമായിരുന്നു എന്നോര്‍ക്കാതെ വയ്യ. ഋതുക്കള്‍ മാറുന്നതുപോലെ, പകലിരുണ്ട് രാവാകുന്നതുപോലെ, അറിയാതെ തന്റെ വാഴ്വില്‍ ദു:ഖങ്ങള്‍ കൂടുകെട്ടി. രാവിന്റെ ഏതോ യാ‍മത്തില്‍, എവിടെനിന്നോ വന്ന് തന്റെ വേരുകളില്‍ ചാഞ്ഞിരുന്ന രണ്ടു മിഥുനങ്ങള്‍‍. എന്തോ പറഞ്ഞ് വിതുമ്പിക്കരയുന്ന പുരുഷന്‍, കരയാന്‍ പോലുമാവാതെ കണ്ണുമിഴിച്ചിരിക്കുന്ന സുന്ദരിയായ പെണ്‍കിടാവ്. ഒടുവില്‍ വിതുമ്പല്‍ നിറുത്തി, ഒന്നും മിണ്ടാതെ രണ്ടുചാണ്‍ കയറുമായി അവന്‍ തന്റെ പൊത്തുകളില്‍ ചവിട്ടിക്കയറുമ്പോള്‍ അരുതേ അരുതേ എന്നു വിളിക്കാ‍ന്‍ കഴിവുനല്‍കാത്ത ദൈവത്തെപ്പഴിച്ച് ഇലകള്‍ കുലുക്കി കലമ്പല്‍കൂട്ടിയത്. അവന്‍ തന്റെ ചില്ലകളില്‍ കയറിറുക്കിക്കെട്ടുമ്പോള്‍ അവനെ തട്ടിത്താഴെയിടാന്‍ കഴിയാത്ത അബലത്വം. ചില്ലകളില്‍ രണ്ടു പ്രണയങ്ങള്‍ പിടച്ച് തൂങ്ങിയാടുമ്പോള്‍ പാമ്പു പടം പൊഴിക്കുമ്പോലെ ശിഖരങ്ങള്‍ പൊഴിച്ച് അവരെ താഴേയ്ക്കിടാന്‍ കഴിയാത്ത ഷണ്ഠത്വം. രാവിലെ മൂകമായ ജനക്കൂട്ടത്ത വകഞ്ഞ് അലറിക്കരഞ്ഞുവരുന്ന സ്ത്രീയുടെ കരച്ചില്‍ കേള്‍ക്കേ ജന്മമേയില്ലായിരുന്നെങ്കില്‍ എന്നാശിച്ചുപോയ നിമിഷങ്ങള്‍. വിത്തില്‍നിന്നുണരാതെ യുഗങ്ങളുറങ്ങിയെങ്കില്‍, ഒരിക്കലും ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്നാശിച്ച നാളുകള്‍. ആരും കാണാതെ തന്റെ വിഷാദം ഇലകളായ് പൊഴിഞ്ഞു. തണല്‍ നല്‍കാത്ത വൃക്ഷത്തെ മുറിച്ചുമാറ്റാന്‍ കരാറുകാര്‍ ലേലം വിളിച്ചു.

ഒരു ദിവസം ഇലകളില്ലാത്ത വൃക്ഷത്തിന്റെ വേരുകളില്‍ വെള്ളത്താടി വളര്‍ത്തിയ മഹായോഗി താമസമുറപ്പിച്ചു. വെയിലത്തും മഴയത്തും ഇളകാതെ, എന്നും പ്രസാദവാനായിരുന്ന മഹര്‍ഷിവര്യന്‍. ആ മഹാനുഭാവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനാവലിയോടൊത്ത് അറിവിന്റെ മഴയില്‍ കുളിച്ചത് താനുമായിരുന്നല്ലോ. കരിങ്കല്ലിനു ജീവന്‍ നല്‍കുന്ന വചനങ്ങള്‍ കേട്ട് തന്റെ ശിഖിരങ്ങള്‍ തളിര്‍ത്തു. വീണ്ടും പെരുവഴിയില്‍ ഞാന്‍ കൈകള്‍ വിടര്‍ത്തി സൂര്യനെ തടഞ്ഞു. ആഹ്ലാദത്തിലോ വിഷാദത്തിലോ രമിക്കാതെ, നിലാവുപോലെ പടര്‍ന്ന പ്രസാദത്തിന്റെ നാളുകള്‍. ഒരു ദിവസം, ജനക്കൂട്ടം ഉറങ്ങിയപ്പോള്‍, നടപ്പാതയില്‍ ഒരിലപോലും അനക്കാതെ, ഒന്നും എടുക്കാതെ, ആ യോഗിവര്യന്‍ വന്നതുപോലെ മറഞ്ഞു. അന്ന് ദു:ഖമൊട്ടുമേ തോന്നിയില്ല എന്നോര്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു.

യൌവനത്തില്‍ പഠിച്ചത് ഋഷികളില്‍ നിന്നു മാത്രമായിരുന്നില്ല. ഋതുക്കള്‍ പകരുന്നതു കൂവിയറിയിച്ചുകൊണ്ട് തന്റെ ശിഖിരങ്ങളില്‍ കലമ്പല്‍ കൂട്ടിയ ദേശാടനക്കിളികളില്‍ നിന്നായിരുന്നു. രാവില്‍ ചില്ലകളില്‍ തലകീഴായി തൂങ്ങിയാടിയ കടവാവലുകളില്‍ നിന്നായിരുന്നു. ഒന്നുമറിയാതെ നിലത്തോടിനടന്ന എലിയെവിഴുങ്ങി തന്റെ പൊത്തിലൊളിക്കുന്ന കരിനാഗത്തില്‍നിന്നായിരുന്നു. കൊമ്പുകളെയൊടിച്ച് തകര്‍ത്തുപെയ്യുന്ന പേമാരിയില്‍ നിന്നും തന്നെയാകെ വിറപ്പിച്ച് വശത്തോട്ടു വളയിച്ച പ്രഛണ്ഡവാതത്തില്‍നിന്നായിരുന്നു. ദാഹിച്ച് അടിവേരുകളുണങ്ങിയിട്ടും ഒരു തുള്ളിപൊഴിയിക്കാത്ത, പിന്നൊരിക്കല്‍ മതിമതി എന്നു പറഞ്ഞിട്ടും നെറുകമുട്ടെ കുടിപ്പിച്ച പ്രകൃതിയില്‍നിന്നായിരുന്നു. പൊള്ളുന്ന സൂര്യനില്‍നിന്നു രക്ഷപെട്ട് തന്റെ ചില്ലകള്‍ക്കുകീഴില്‍ അഭയം തേടിയ സഞ്ചാരികളില്‍നിന്നായിരുന്നു. തന്റെ കൈകളില്‍ വെള്ളപടര്‍ത്തിയ, പച്ചിലകള്‍ വിദൂരസ്വപ്നങ്ങളും തേന്മാങ്ങകള്‍ വാര്‍ദ്ധക്യത്തിന്റെ ഭ്രമങ്ങളുമാക്കിയ കാലത്തില്‍നിന്നായിരുന്നു.

കാലം ചെല്ലുമ്പോള്‍ പകലുകള്‍ക്കും രാത്രികള്‍ക്കും ഒരു താളം വരിക സ്വാഭാവികമാണ്. പകല്‍മുഴുവന്‍ തന്റെ തണലിലിരുന്ന് മധുരമായി പാടി ഭിക്ഷയാചിക്കുന്ന അന്ധഗായകന്‍. അതു കണ്ടിട്ടും കാണാ‍തെ തങ്ങളുടേ ലോകങ്ങളിലൂടെ പോവുന്ന ജനങ്ങള്‍. വൈകിട്ട് ഗായകന്‍ ഒരു ചെറിയ പെണ്‍കുട്ടിയുടേ കൈപിടിച്ചു നടന്നുപോയ്ക്കഴിയുമ്പോള്‍ തന്റെ തണലില്‍ വന്നിരിക്കുന്ന വൃദ്ധന്മാര്‍. നേരം ഇരുട്ടുമ്പോള്‍ തന്റെ ചില്ലകള്‍ക്കു കീഴില്‍ നിന്ന് ഗ്രാമത്തെ മുഴുവന്‍ ചീത്തവിളിക്കുന്ന, പിടിച്ചുമാറ്റാന്‍ വരുന്ന ഭാര്യയെത്തല്ലുന്ന കുടിയന്‍. ശാന്തമായ അന്ധകാരത്തില്‍ ചിറകടിച്ചെത്തുന്ന കടവാവലുകള്‍. രാവേറെ ചെന്നിട്ടും എന്നും ഒരേ ചില്ലയിലിരുന്ന് ഒരേ താളത്തില്‍ ഉറങ്ങാതെ മൂളിക്കൊണ്ടിരിക്കുന്ന ഒറ്റമൂങ്ങ. മൂങ്ങയ്ക്കും തന്നെപ്പോലെ പ്രായമേറെയായെന്നു തോന്നും. ഗായകനു ഒരു മാമ്പഴം കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍.

അവന്റെ ഗാനം വിശപ്പുകൊണ്ടു പതറുന്നതുപോലെ. തന്റെ പ്രൌഢയൌവനം തിരികെവന്നെങ്കില്‍. മധുരഫലങ്ങള്‍ പെയ്ത് താനാ ഗായകന്റെ വിശപ്പടക്കിയേനെ. അവന്റെ മുരളിയില്‍ നിന്നും ശോകഗീതങ്ങള്‍ മറഞ്ഞ് ആഹ്ലാദത്തിന്റെ പാട്ടുകള്‍ വിരിഞ്ഞേനെ. ഗതയൌവനം ഒരു മാത്രയെങ്കിലും തന്നെപ്പുണര്‍ന്നെങ്കില്‍. ഇല്ല. കാലം നടക്കുന്നത് തിരിയാനാവാത്ത ഒറ്റയടിപ്പാതയിലൂടെയാണ്. കാലം അവശേഷിപ്പിക്കുന്നത് ഓര്‍മ്മകള്‍ മാത്രമാണ്.

മധുരഫലങ്ങളുടേ പെരുമഴയില്ലെങ്കില്‍ ഒരു ഫലം, ഒരൊറ്റ മാമ്പഴമെങ്കിലും തന്നില്‍ കുരുത്തെങ്കില്‍? ഒരു ദിവസമെങ്കിലും ഗായകന്‍ വയറുനിറയെക്കഴിച്ച് തന്റെ തണലില്‍ നിന്നെഴുന്നേറ്റുപോയെങ്കില്‍? ഈ ഗ്രാമത്തില്‍ നിറയെപ്പൂക്കുന്ന ഫലവൃക്ഷച്ചുവടുകള്‍ തേടാതെ അയാള്‍ എന്തിനാണ് തന്റെ മടിയില്‍ മാത്രമിരിക്കുന്നത്. മറ്റു വൃക്ഷങ്ങളില്‍ ഫലങ്ങള്‍ പൊഴിയുന്നത് അവന്‍ കാണുന്നില്ല. അവ വാരിയെടുക്കുന്ന കുട്ടികളുടെ ആഹ്ലാദം കേട്ട് വീണ്ടും പാടുന്നതേയുള്ളൂ. ചുറ്റിനും പ്രകൃതി ചുറ്റിനും വീണ്ടും പൂക്കുന്നു, തളിര്‍ക്കുന്നു. പൂത്ത മരങ്ങള്‍. തന്റെ ശിഖിരങ്ങളില്‍ അടവെച്ചുവിരിയിച്ച കൂടുകളില്‍ നിന്നും പുതുബാല്യത്തിന്റെ കലമ്പല്‍. പൂത്തുലഞ്ഞ് പെരുവയറുമായി പെരുവഴിയിലൂടെ നടക്കുന്ന സ്ത്രീകള്‍. പുതുമഴയില്‍ തളിര്‍ത്ത ചെടികളും പൂക്കളും. താന്‍ മാത്രം വര്‍ഷങ്ങളായ് പൂക്കുന്നില്ല. ഒരു പൂ വിടര്‍ന്നെങ്കില്‍, ഒരു പരാദം അതിന്മേല്‍ ധ്യാനിച്ചെങ്കില്‍, ആ പൂവു തപിച്ച് ഒരു തേന്മാങ്ങയായുറഞ്ഞെങ്കില്‍, അന്ധഗായകന്‍ ആഹ്ലാദത്തോടെ വിടര്‍ന്നുചിരിച്ച് ഒരു ദിവസമെങ്കിലും അവന്റെ കൂടണഞ്ഞെങ്കില്‍.

വാര്‍ദ്ധക്യത്തിന്റെ ഊഷരതയിലും ഒരു മരത്തിനു ധ്യാനിക്കാന്‍ കഴിയുമോ? അന്ധഗായകന്റെ ചില്ലിത്തുട്ടുകള്‍ വീഴാത്ത പാത്രവും ഒട്ടിയ വയറുമുണര്‍ത്തിയ അനുകമ്പയോ അതോ സ്വന്തം കഴിവില്ലായ്മയോടുള്ള പ്രതിഷേധമോ ഒരു ഫലമായി വിരിഞ്ഞത്? പതിറ്റാണ്ടുകള്‍ക്കുശേഷം, ഉയരെ ഒരു ചില്ലയില്‍, ഗായകന്റെ ഇരിപ്പിടത്തിനു നേര്‍ മുകളില്‍, ഒരൊറ്റ ഫലം. തന്റെ എല്ലാ ഞരമ്പുകളില്‍ നിന്നും ഞാന്‍ അതിലേയ്ക്കു ഊര്‍ജ്ജം ചൊരിഞ്ഞു. മണ്ണില്‍നിന്നൂറ്റിയ മധുരദ്രവങ്ങള്‍ ചൊരിഞ്ഞു. ഇതുവരെ തന്റെ ചില്ലകളില്‍ വിരിഞ്ഞതില്‍ ഏറ്റവും മധുരമുള്ള ഫലം. കാണെക്കാണെ അതു വളര്‍ന്നു വലുതായിവന്നു. ഒട്ടിയ വയറിനു ഒരുനേരത്തെ നിറവും തണുപ്പും നല്‍കാന്‍ വളര്‍ന്ന ഫലം. നാളെ അത് വളര്‍ച്ചമുറ്റും. മഞ്ഞനിറമൂറി ഞെട്ടുപഴുക്കും. അതിന്റെ ഭാരം താങ്ങാനാവാതെ ഞെട്ടില്‍ നിന്നറ്റ് അത് ഗായകന്റെ മടിയിലേയ്ക്കു വീഴും. വാര്‍ദ്ധക്യത്തിന്റെ അവസാ‍നത്തെ ആര്‍പ്പുവിളി. ജന്മത്തിനെ സാര്‍ത്ഥകമാക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍.

പുലര്‍ച്ചെതന്നെ അവനെ പെണ്‍കുട്ടി കൈപിടിച്ചുകൊണ്ടിരുത്തി. ചുവന്ന മാമ്പഴം ഇപ്പോള്‍ ഏതു നിമിഷവും വീഴാം. ഗായകന്‍ മധുരമായി പാടുന്നു. മുരളിയില്‍ നിന്നും പ്രണയത്തിന്റെയും വിരഹത്തിന്റെയും മധുരഗാനങ്ങള്‍ ഒഴുകുന്നു. ബധിര കര്‍ണ്ണങ്ങള്‍ തെരുവിലൂടെ ആര്‍ത്തുല്ലസിച്ച് പാട്ടുകാരനെ കവച്ചുപോകുന്നു. പകല്‍ മദ്ധ്യാഹ്നത്തിനു വഴിമാറുന്നു. ഫലം വീഴുന്നില്ല, എന്നാല്‍ ഞെട്ടില്‍ ഒരു ഭാരം നിറയുന്നു. അവന്‍ ഒരുകവിള്‍ വെള്ളം കുടിച്ച് പാട്ടു തുടരുന്നു. ആയിരം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അനശ്വരമായ പ്രണയത്തെക്കുറിച്ചു പാടുന്നു. കാമുകിയുടെ ചുംബനത്തിലലിഞ്ഞ് ഇല്ലാതായ രാജകുമാരനെക്കുറിച്ചു പാടുന്നു. ധ്രുവനക്ഷത്രത്തിലിരുന്ന് ഭൂമിയിലെ കാമുകനെനോക്കി നെടുവീര്‍പ്പിടുന്ന കാമുകിയെക്കുറിച്ചു പാടുന്നു. ഫലം വീഴുന്നില്ല. താന്‍ ചില്ലകള്‍ കുലുക്കുന്നു. സായന്തനത്തിന്റെ പക്ഷികള്‍ ശബ്ദം കൂട്ടി കൂടണയുന്നു. പെണ്‍കുട്ടി ഗായകന്റെ ഒഴിഞ്ഞ പാത്രവുമെടുത്ത് അയാളെ കൈപിടിച്ചു നടത്തുന്നു. ഞെട്ടുവിങ്ങുന്നു. എന്നാല്‍ ഫലം വീഴുന്നില്ല.

ആകാശം ഇരുണ്ടു തുടങ്ങുമ്പോള്‍, മരച്ചുവട്ടില്‍ മദ്യപന്‍ കുടിച്ചു ലക്കില്ലാതെ ഒച്ചവെയ്ക്കുമ്പോള്‍, പഴുത്തുവിങ്ങിയ ഞെട്ടറ്റുപോവുന്നതു തടുത്തുനിര്‍ത്താനാവാതെ, ഒരാര്‍ത്തനാദം പോലെ, ഫലം താഴേയ്ക്കുവീഴുന്നു. പിടിച്ചുമാറ്റാനോടിവരുന്ന സ്ത്രീയുടെ നേര്‍ക്ക് നിലത്തുനിന്നും ആ മധുരമാമ്പഴമെടുത്ത് മദ്യപന്‍ എറിയുന്നു. ഏറുതെറ്റി തന്റെ ജീവഫലം വഴിവക്കിലെ ചെളിനിറഞ്ഞ ഓടയിലേയ്ക്കുരുണ്ടുവീഴുന്നു. മദ്യപന്‍ വഴക്കുതുടരുന്നു. അശാന്തിയുടെ ദിവസക്കാഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നു.

ഇല്ല, നഷ്ടപ്പെട്ട ഫലത്തെക്കുറിച്ച് തനിക്കു ദു:ഖമോ സ്തോഭമോ ഇല്ല. പ്രകൃതിയുടെ നിരര്‍ത്ഥകതയെ താന്‍ പകലിനെയും രാത്രിയെയും പോലെ, സൂര്യനെയും ചന്ദ്രനെയും പോലെ, മഴയും വെയിലും പോലെ, ഒരു നിതാന്ത സത്യമായി എന്നേ പുല്‍കിയിരിക്കുന്നു. പ്രകൃതി അങ്ങനെയാണ്, വെറുതേ കലമ്പുന്ന വികൃതിക്കുട്ടി. എന്നാല്‍ ഇന്ന് പ്രായാധിക്യം കൊണ്ട് പ്രകൃതിയുടെ പീഡനങ്ങള്‍ സുഖമോ ദു:ഖമോ ഇല്ലാത്ത വരണ്ട കാറ്റുപോലെ തലോടിപ്പോവുന്നതേയുള്ളൂ. ഒരുപക്ഷേ അന്ധഗായകന്‍ നാളെയും വരും. ഒരുപക്ഷേ ആ മധുരഗാനം നാളെയും അന്തരീക്ഷത്തില്‍ നിറയും. ഒരുപക്ഷേ ആ പാട്ടില്‍ ഞാനിനിയും പൂക്കും. ഒരുപക്ഷേ എന്റെ ചില്ലകളില്‍ വീണ്ടും തേന്‍‌കനികള്‍ നിറയും. ഒരുപക്ഷേ ഗായകന്റെ ചുണ്ടുകളില്‍ വീണ്ടും സന്തോഷം വിരിയും. എന്റെ ശിഖിരങ്ങളില്‍ ഇനിയും വസന്തം വിരിയും. ഇല്ല. പൂക്കാതിരിക്കാന്‍ എനിക്കാവതില്ല.

1/17/2008

ടാക്സി യാത്ര

കഴിവതും ഞാന്‍ ടാക്സി ഉപയോഗിക്കാറില്ല. ഒരു ദിവസം ഞങ്ങള്‍ ടാക്സിയില്‍ വന്ന് ഓഫീസിനു മുന്‍പില്‍ ഇറങ്ങിയപ്പോള്‍ മുന്‍പിലെ സീറ്റിലിരുന്ന സഹപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ ടാക്സിയ്ക്കകത്തായിപ്പോയി. പുറത്തിറങ്ങിയ ഉടനെ ഫോണ്‍ ടാക്സിയ്ക്ക് അകത്ത് നഷ്ടപ്പെട്ടകാര്യം മനസ്സിലായി. പക്ഷേ അപ്പൊഴേയ്ക്കും ടാക്സി ധൃതിപിടിച്ച് വിട്ടുപോവുകയും ചെയ്തു. ഞങ്ങള്‍ ഉടനെ തന്നെ എന്റെ ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഫോണിലേയ്ക്കു വിളിച്ചു. ഫോണ്‍ റിങ്ങ് ചെയ്യുന്നു. ടാക്സിക്കാരന്‍ ഫോണ്‍ എടുക്കുന്നില്ല. ഒരു മിനിട്ട് കഴിഞ്ഞപ്പൊഴേയ്ക്കും ആ മൊബൈല്‍ ഓഫ് ആയി!. ഫോണ്‍ പോയ ബഹളത്തിനിടെ ഞങ്ങള്‍ ടാക്സിയുടെ നമ്പര്‍ ശ്രദ്ധിയ്ക്കാനും വിട്ടുപോയി. ഈ സംഭവം നടന്നിട്ട് ഇപ്പോള്‍ ഒന്നരവര്‍ഷത്തോളമാവുന്നു. എന്റെ കാറിനു എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ കൂട്ടുകാരാരെങ്കിലും എന്നെ ഓഫീസില്‍ക്കൊണ്ടാക്കും, തിരിച്ച് വീട്ടിലും കൊണ്ടാക്കും. അല്ലെങ്കില്‍ ബസ്സുപിടിച്ചുപൊവും. നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ ടാക്സി ഉപയോഗിക്കില്ല.

എന്റെ കാര്‍ പത്തുവര്‍ഷം പഴയ കാറാണ്. 97 മോഡല്‍. നിനച്ചിരിക്കാതെ ഇവിടെ മഴപെയ്തപ്പോള്‍ കാറും വെള്ളത്തിലായി. കൂട്ടുകാരന്‍ വന്ന് എന്നെ ഓഫീസിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ഓഫീസില്‍ ചെന്നപ്പൊഴാണറിയുന്നത്, മുപ്പതുകിലോമീറ്റര്‍ അകലെയുള്ള കസ്റ്റമറിന്റെ അടുത്തെത്തണമെന്ന്. ഒരു ബിസിനസ് മീറ്റിങ്ങ്. എങ്ങനെ പോവാന്‍. ടാക്സിയില്‍ പോയാല്‍ ബില്‍ കമ്പനിയില്‍ കൊടുത്താല്‍ മതി, കമ്പനി ടാക്സിക്കൂലിതരും. ദൂരെയുള്ള കസ്റ്റമേഴ്സിനെ കാണുന്നതിനു ദിനബത്തയും തരും. ഇവിടെ സാമാന്യം പേരുള്ള കമ്പനിയാണ്. എന്തായാലും ഓഫീസിന്റെ മുന്‍പില്‍ നിന്നും ടാക്സിപിടിച്ചു. പോവേണ്ട സ്ഥലത്തിന്റെ പേരുപറഞ്ഞു.

ടാക്സി ഡ്രൈവറുടെ മുഖത്തിനു എന്തോ പന്തികേടുണ്ട്. ഒരുതരം തുറിച്ച നോട്ടം. ടാക്സി മഴവെള്ളത്തിലൂടെ പതിയെ നീങ്ങിത്തുടങ്ങി. ഒരു മണിക്കൂറിനകം കസ്റ്റമറിന്റെ അടുത്ത് എത്തേണ്ടതാണ്. ഇക്കണക്കിന് എപ്പൊ എത്തുമോ ആവോ.

‘സാറിവിടെയാണോ ജോലിചെയ്യുന്നത്?’ ഞാന്‍ ‘ആം‘ എന്ന് അമര്‍ത്തിമൂളി. ഇനിയിപ്പൊ അയാള്‍ സംസാരിച്ചുതുടങ്ങും. ടാക്സി ഡ്രൈവര്‍മാരെല്ലാം അങ്ങനെയാണ്. ഒരുപാടു സംസാരിക്കും.

വണ്ടി ഇടത്തോട്ടു വളഞ്ഞ് ഓഫീസിനടുത്തുള്ള ഇടവഴിയിലേയ്ക്കു കയറിയപ്പൊഴേയ്ക്കും എന്റെ ഊഹം തെറ്റിയില്ല. ‘എത്രനാളായി ഈ രാജ്യത്തു വന്നിട്ട്‘ എന്നും ‘ഫാമിലി ഇവിടെയുണ്ടോ‘ എന്നും ഒക്കെ അയാള്‍ ചോദിച്ചു കഴിഞ്ഞിരുന്നു. ഇവര്‍ക്കെന്തിനാ ഇതൊക്കെ അറിയേണ്ടത്? മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടിച്ചുകേറുന്നത് ഇവരുടെ ശീലമായിരിക്കും. ടാക്സി ഇഴഞ്ഞുനീങ്ങുമ്പൊഴേയ്ക്കും ഇടതുവശത്തായി ജയില്‍ വളപ്പിന്റെ വലിയ മതിലുകള്‍ ഉയര്‍ന്നുവന്നു. സ്നോസെം പൂശിയ മതിലുകള്‍. മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ വിഷയം മാറ്റി. ‘ഇപ്പൊ ജയിലിന്റെ വളപ്പിലെല്ലാം വെള്ളം കേറിക്കാണും‘.

‘ജയില്‍ വളപ്പ് റോഡിനെക്കാളും ഉയരത്തിലാവും. അവിടെ അത്ര പെട്ടെന്നു വെള്ളം കയറില്ല’.

ദൈവമേ, ഇയാള്‍ക്ക് ജയിലിന്റെ രൂപരേഖ വരെ അറിയാമെന്നു തോന്നുന്നു. ഇയാള്‍ തീര്‍ച്ചയായും ജയിലില്‍ കിടന്നുകാണണം. ഞാനാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഒരു ജയിലിന്റെയും അകത്തുകയറിയിട്ടില്ല. ഇവിടെ ചെറിയ കുറ്റത്തിനൊക്കെ പിഴയടിച്ചു വിടാറേയുള്ളൂ. എന്തെങ്കിലും മാരകമായ കുറ്റം ചെയ്തതിനാവും ഇയാള്‍ ജയിലില്‍ക്കിടന്നത്. ആരെയെങ്കിലും കൊന്നതാവുമോ? വഴക്കിലും ദേഷ്യത്തിലുമൊക്കെ ഈ നാട്ടില്‍ മലയാളികള്‍ പരസ്പരം കുത്തിക്കൊല്ലാറുണ്ട്. അയാളുടെ ചിരി അത്ര ശരിയല്ല. എന്തോ മറയ്ക്കാനുള്ളതുപോലെ ഒരു ചിരി. പക്ഷേ ആരെയെങ്കിലും കൊന്നെങ്കില്‍ ഇയാള്‍ പത്തുവര്‍ഷം ജയിലില്‍ കിടക്കും. അതുകഴിഞ്ഞ് ഈ രാജ്യത്തുനിന്നും തിരിച്ചു കയറ്റി അയയ്ക്കും. പാസ്പോര്‍ട്ടില്‍ ബാന്‍ അടിക്കും. പിന്നെ ഇവിടെ വരാന്‍ പറ്റില്ല. കൊലപാതകമാവില്ല. എന്തെങ്കിലും കത്തിക്കുത്ത്? പിടിച്ചുപറി? അല്ലെങ്കില്‍ ടാക്സിയില്‍ തന്നെ എന്തെങ്കിലും മോഷണം? യാത്രക്കാരനുമായി സംസാരിച്ച് യാത്രക്കാരന്റെ വിശ്വാസം കയ്യിലെടുത്ത് അശ്രദ്ധനായിരിക്കുമ്പോള്‍ എന്തെങ്കിലും മോഷ്ടിച്ചുകാണണം. കുറച്ചുനാള്‍ ജയിലിലിട്ട് പിന്നെ പുറത്തിറക്കിവിട്ടുകാണണം. ഞാന്‍ വണ്ടിയുടെ ഗിയര്‍ബോക്സിനുമേലിരിക്കുന്ന അയാളുടെ കൈപ്പത്തിയിലേയ്ക്കു നോക്കി. കറുത്തുമെലിഞ്ഞ കൈപ്പത്തി. കൈപ്പത്തിയുടെ മീതേ ചുരുണ്ട രോമങ്ങള്‍. ആ കൈപ്പത്തി എന്റെ പോക്കറ്റിനുനേരെ ഇഴഞ്ഞുവരുമോ ആവോ. അറിയാതെ ഞാന്‍ എന്റെ പേഴ്സും മൊബൈലും തപ്പിപ്പോയി. പാന്റിന്റെ പോക്കറ്റില്‍ തന്നെയുണ്ട്. അയാളുടെ കൈനീട്ടിയാല്‍ എന്റെ പാന്റിന്റെ പോക്കറ്റില്‍ തൊടാവുന്ന ദൂരം. ഇനിയിപ്പൊ പേഴ്സും മൊബൈലും എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലേയ്ക്ക് ആക്കിയാല്‍ അയാള്‍ തെറ്റിദ്ധരിക്കും. എന്തായാലും ശ്രദ്ധിച്ചിരിക്കണം.

മഴയത്ത് ഇഴഞ്ഞിഴഞ്ഞ് വണ്ടി പകുതിദൂരം എത്തി. വഴിയില്‍ ഒരു ചായക്കടയ്ക്കുമുന്‍പില്‍ അയാള്‍ ടാക്സി നിറുത്തി. മലയാളികളുടെ ചായക്കട. പരിചയക്കാരാവണം. ഇപ്പൊ വരാം എന്നുപറഞ്ഞ് അകത്തേയ്ക്കു പോയി. ഒരു ചായയും കൊണ്ട് എന്റെയടുത്തുവന്നു. ‘സാറിനു വേണോ?’. ഞാന്‍ വേണ്ട എന്നുപറഞ്ഞു. അയാള്‍ വീണ്ടും ടാക്സിയില്‍ കയറി. ഒരു പൊതി തോടുള്ള കപ്പലണ്ടി തുറന്നു. വീണ്ടും ‘സാറിനു വേണോ?’. ഞാന്‍ ഒന്നും മിണ്ടാതെ പൊതി വാങ്ങി ഒരു പിടി കപ്പലണ്ടിയെടുത്തു. ഞാനും അയാളും തിന്നുതുടങ്ങി. വഴിവക്കില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. ഞാന്‍ കാറിന്റെ ജനാലയുടെ ചില്ലതാഴ്ത്തി കപ്പലണ്ടിത്തൊലി പുറത്തുകളഞ്ഞു. കപ്പലണ്ടിത്തോടുകള്‍ ചെളിവെള്ളത്തില്‍ പൊങ്ങിക്കിടന്നു. അയാള്‍ ഒന്നു നോക്കുകപോലും ചെയ്യാതെ കപ്പലണ്ടിത്തൊലി ഒരു കഷണം പത്രക്കടലാസിലിടുന്നു. ഒടുവില്‍ വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ ഒരു അറ തുറന്ന് അയാള്‍ കപ്പലണ്ടിത്തൊലിയുടെ പൊതി അതിനുള്ളില്‍ വെച്ചു. ആരെക്കാണിക്കാനാണാവോ.

ടാക്സി ഡ്രൈവര്‍മാര്‍ കള്ളന്മാരാണെങ്കിലും അവര്‍ക്കു പിടിച്ചുപറിക്കാന്‍ പറ്റില്ല. ഒന്നാമതേ ഇവിടെ എല്ലാ ടാക്സിയ്ക്കും നമ്പരുണ്ട്. പോലീസില്‍ വിളിച്ചുപറഞ്ഞാല്‍ മതി, പിന്നെ അവര്‍ നോക്കിക്കൊള്ളും. പിന്നെ ഈ സമയത്ത് വഴിയിലൊക്കെ നിറയെ വണ്ടികളും ഉണ്ട്. പാതിരാത്രിയായിരുന്നെങ്കില്‍ പറയാന്‍ പറ്റില്ല. എന്തായാലും കസ്റ്റമറിന്റെ ഓഫീസിനു മുന്‍പിലെത്തി.

മഴയത്തുകൂടി ഇഴഞ്ഞിഴഞ്ഞു വന്നതുകൊണ്ടാവണം, ടാക്സിയിലെ മീറ്ററില്‍ 75 ദിര്‍ഹം ആയി. ഞാന്‍ അയാളോട് ബില്‍ തരാന്‍ പറഞ്ഞു. ബില്ലില്‍ നൂറുദിര്‍ഹം എന്ന് എഴുതാന്‍ പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തൊരു ഭാവമാറ്റം. ഇത്രയും നേരം ടാക്സിയിലിരുന്ന് മുഷിഞ്ഞതിനു ഞാന്‍ കമ്പനിയില്‍ നിന്നും നൂറല്ല, നൂറ്റിയിരുപതു ദിര്‍ഹം വാങ്ങിക്കേണ്ടതാണ്. ബില്‍ തരാന്‍ നേരത്താണ് ഇവന്മാരുടെ ജാ‍ഡ കാണേണ്ടത്. എന്തായാലും അയാള്‍ ഒന്നും മറുത്തുപറയാതെ നൂറു ദിര്‍ഹം എന്നെഴുതിത്തന്നു. ഞാന്‍ എഴുപത്തിയഞ്ചു ദിര്‍ഹം എണ്ണിക്കൊടുത്ത് പുറത്തിറങ്ങി. പോക്കറ്റില്‍ ഒരു ഭാരക്കുറവ്! തപ്പിനോക്കി. ഇല്ല, ഒന്നും പോയിട്ടില്ല. പേഴ്സും മൊബൈലും പോക്കറ്റില്‍ തന്നെയുണ്ട്. ശ്രദ്ധിച്ചിരുന്നത് എന്റെ ഭാഗ്യം. ഒരവസരം കിട്ടിയെങ്കില്‍ അയാള്‍ മോഷ്ടിച്ചേനെ. നമ്മള്‍ സൂക്ഷിക്കണം. ഇനി തിരിച്ചുപോവുമ്പൊഴും ടാക്സിയെടുത്തുപോവണം എന്നതുമാത്രമേയുള്ളൂ എന്റെ വിഷമം.

1/15/2008

റോഡ് ക്രോസ് ചെയ്യുമ്പോള്‍

സുഹൃത്തേ, നിങ്ങള്‍ ഒരാളെ കാണുന്നതുപോലെ ആയിരിക്കില്ല അയാള്‍ നിങ്ങളെ കാണുന്നത്. നിങ്ങള്‍ അയാളെ എത്ര സ്നേഹിച്ചു, എന്നിട്ടെന്താ അയാളെന്നെ അതുപോലെ തിരിച്ചു സ്നേഹിക്കാത്തത് എന്നൊന്നും ചോദിക്കരുത്. നിങ്ങളുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കുള്ള സ്ഥാനമായിരിക്കില്ല അവരുടെ മനസ്സില്‍ നിങ്ങളെക്കുറിച്ച്. ലോകം അങ്ങനെയാണ്. നിങ്ങള്‍ക്കു മറ്റൊരാളോടു തോന്നുന്ന വികാരങ്ങള്‍ അതേ തീവ്രതയില്‍, അതേ ആവൃത്തിയില്‍ ഒരിക്കലും അയാള്‍ക്കു നിങ്ങളോടു തോന്നില്ല. ഇത് ആരുടെയും തെറ്റല്ല. ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ജീവനെക്കാള്‍ പ്രേമിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളിലൊരാള്‍ സ്നേഹിക്കുന്നത് മറ്റെയാള്‍ തിരിച്ചു സ്നേഹിക്കുന്നതിനെക്കാളും എപ്പൊഴും കൂടുതലോ കുറവോ ആണെന്ന്‍ അര്‍ത്ഥം.

വെറുതേ തത്വശാസ്ത്രം പറഞ്ഞ് നിങ്ങളെ മുഷിപ്പിക്കാന്‍ നോക്കിയതല്ല. സുനിലിന്റെ കാര്യത്തില്‍ സംഭവിച്ചതിനെ ഞാനൊന്നു സാമാന്യവത്കരിച്ചതാണ്. അവന്‍ ഒരുപാടൊരുപാട് പ്രേമിച്ച പെണ്ണ് ഒരു പോലീസുകാരന്റെ കയ്യും പിടിച്ചു നടന്നുപോയി. അവള്‍ക്ക് അവനെ അതേപോലെ ഇങ്ങോട്ടും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പോവുമോ? എനിക്കു തോന്നുന്നില്ല. നിങ്ങളുടെ ജീവിതത്തിലും കാണുമല്ലോ ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍. ഇതൊക്കെ സംഭവിക്കുന്നത് ഒരുപക്ഷേ രണ്ടുപേരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്ഥമായതുകൊണ്ടാവാം. അല്ലെങ്കില്‍ അവന്റെ സ്വഭാവമേ അങ്ങനെ ലോലമായതാവാം. കാരണങ്ങള്‍ എന്തായാലും ഒരു വശത്തോട്ടു ചരിഞ്ഞ പ്രണയത്തിന്റെ ത്രാസില്‍ നിന്നും അവള്‍ തിരിഞ്ഞുനോക്കാതെ നടന്നിറങ്ങിപ്പോയി. അവന്‍ കരഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് വീട്ടുകാര്‍ പറഞ്ഞതിനൊക്കെ വെറുതേ മൂളിക്കൊടുക്കുകയും ജലജയെ കെട്ടുകയും ചെയ്തു. വിധി തമാശക്കാരനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഈ സാമാന്യം വിരസമായ ജീവിതത്തെ ഒന്നു മിനുക്കിയെടുക്കുന്നതിനാവാം പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സ്വയം കൈകൊട്ടി പൊട്ടിച്ചിരിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ വിധി ഓരോരോ തമാശകള്‍ കാണിക്കുന്നത്. അത്തരം ഒരു തമാശയായിരുന്നു അവന്റെ ഭാര്യ - ജലജ - അവനെ ജീവനെക്കാളേറെ പ്രേമിച്ചതും അവന്‍ തിരിച്ച് അവളെ ഒട്ടും പ്രേമിക്കാതെ പഴയ പ്രേമവും പറഞ്ഞ് കരഞ്ഞുകൊണ്ട് നടന്നതും.

പക്ഷേ പുരുഷന്മാര്‍ക്ക് ഒരു കുഴപ്പമുണ്ട്. (കുഴപ്പം എന്നു പറയാന്‍ പറ്റില്ല, സ്വഭാവം അങ്ങനെയാണ്). പ്രണയം വരുന്നത് കട്ടിലില്‍ക്കൂടെയാണ്. ആശാന്റെ ശൈലിയില്‍ പറഞ്ഞാല്‍ ശരിക്കും മാംസനിബദ്ധമാണു രാഗം. സുനിലിനു കെട്ടിയ പെണ്ണിനോടു സ്നേഹം വന്നപ്പൊഴൊക്കെ രാത്രിയായിരുന്നതുകൊണ്ട് രണ്ട് കുഞ്ഞുങ്ങളുമുണ്ടായി. എല്ലാ കുഞ്ഞുങ്ങളെയും പോലെ, നല്ല ഓമനത്തമുള്ള കുഞ്ഞുങ്ങള്‍. അച്ഛനെയും അമ്മയെയും ഒരുപാടു സ്നേഹിച്ച കുഞ്ഞുങ്ങള്‍. പകത്സമയങ്ങളില്‍ സുനില്‍ ഭാര്യയെ സ്നേഹിച്ചില്ലെങ്കിലും കുഞ്ഞുങ്ങളെ ഒരുപാടു സ്നേഹിച്ചു. ഇതില്‍ നിന്നും സുനില്‍ ഒരു ക്രൂരനാണെന്നു നിങ്ങള്‍ മനസിലാക്കരുത് കേട്ടോ. കാരണം 1) നമ്മള്‍ സുനിലിനെക്കുറിച്ച് അധികമൊന്നും സംസാരിച്ചില്ല. ആളുകളെ നേരേ മനസിലാക്കുന്നതിനു മുന്‍പ് അവരെ വിധിക്കരുത് 2) പലതും സ്വഭാവ വൈകല്യങ്ങളായി കണ്ടാല്‍ മതി. വ്യക്തികളെ വെറുക്കേണ്ട കാര്യമില്ല.

ജീവിതത്തില്‍ പ്രേമം ഒരു വലിയ കാര്യമാണെന്ന് എല്ലാവര്‍ക്കും ഒരു പ്രായത്തില്‍ തോന്നും. വേറെ പണിയൊന്നുമില്ലാതെ ഇരിക്കുന്ന സമയത്ത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, ചെറുപ്പമായിരിക്കുമ്പോള്‍, ഒക്കെ അങ്ങനെയൊക്കെ തോന്നും. പക്ഷേ ഒന്നു കെട്ടിക്കഴിയുമ്പോള്‍, പ്രാരാബ്ധങ്ങള്‍ വന്നു തോളില്‍ കയറുമ്പോള്‍, ചക്രശ്വാസം വലിക്കുമ്പോള്‍ - എന്തു പ്രേമം. ഒന്ന് എങ്ങനെയെങ്കിലും ജീവിച്ചുതീര്‍ത്താല്‍ മതി എന്നാലോചിച്ച് സുനില്‍ വഴിവക്കിലൂടെ നടക്കുമ്പൊഴായിരുന്നു ആരോ ഒരാള്‍ വേഗത്തിലോടിവന്ന് സുനിലിനെ തട്ടിത്തെറിപ്പിച്ചുപോയത്. അഴുക്കുനിറഞ്ഞ ആ തെരുവില്‍ തെന്നിവീഴാതെ, ചിന്താധാരമുറിഞ്ഞ് സുനില്‍ ഒരു നിമിഷം ഞെട്ടിനിന്നുപോയി. മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങിയപ്പൊഴും തലയില്‍ കുഞ്ഞുങ്ങള്‍, പാഞ്ഞുവരുന്ന ബസ്സ് കീ‍ീ‍ീ‍ീ‍ീ‍ീ‍ീ എന്ന ശബ്ദം മുഴക്കി കരിഞ്ഞ ടയറിന്റെ ശബ്ദവുമായി മുഖത്തിനുനേരെ വലുതായി വലുതായി വരുമ്പൊഴും മനസ്സില്‍ സ്നേഹിച്ച കാമുകി, ബസ്സിന്റെ അടിയിലെ കീലും വായില്‍ നിന്നും ഒഴുകിയ ചോരയും മണക്കുമ്പൊഴും ഭാര്യയുടെ വിളര്‍ത്ത ചിരി‍. ഓര്‍മ്മകള്‍ക്കു കടിഞ്ഞാണുണ്ടായിരുന്നെങ്കില്‍ സുനിലിനെ വണ്ടിയിടിക്കില്ലായിരുന്നു.

ആശുപത്രിയില്‍ കിടക്കയില്‍ ചോര നിറഞ്ഞ പ്ലാസ്റ്റിക്ക് ബാഗുകളില്‍ നിന്നും തളര്‍ന്നൊടിഞ്ഞ ഞരമ്പുകളിലേയ്ക്ക് രക്തം നിറയുമ്പോഴും സുനിലിന്റെ മനസ്സില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. പൂരത്തിനു തായമ്പകയുടെ മുന്‍പില്‍ അമ്മയുടെ വിരലും പിടിച്ച് ഡും ഡും ഡും അമ്മേ വിടല്ലേ ഡും ഡും അയ്യോ അമ്മയെവിടെ ഡും ഡും ഡും.. അമ്മയെക്കാണാതെ ഓടി കാവിലെത്തി കാവിലെ വള്ളിപ്പടര്‍പ്പിലിരുന്ന് കാമുകിയുടെ തല മടിയില്‍ വെച്ച് അവളുടെ കറുത്തനീണ്ട മുടിയിലൂടെ വിരലോടിക്കുമ്പോള്‍ വിരലുകള്‍ കുളിപ്പിച്ച് ചോര.. ദൂരെനിന്നും വെള്ളക്കിന്നരിയുള്ള തലപ്പാവുവെച്ച പെണ്‍കുട്ടി. അവളുടെ ചിരിയില്‍ വെളിച്ചം. അവളുടെ കൈകള്‍ പിടിച്ച് ഓടിവരുന്ന രണ്ടോമനക്കുഞ്ഞുങ്ങള്‍. അവളടുത്തുവരുമ്പോള്‍ തന്റെ ഭാര്യയുടെ മുഖം! എന്തൊരു പുഞ്ചിരി! എന്തൊരു സ്നേഹം. അച്ഛാ‍ാ‍ാ എന്നുവിളിച്ച് ഓടിവരുന്ന തന്റെ പൊന്നോമനക്കുഞ്ഞുങ്ങള്‍.. ഭാര്യയുടെ കണ്ണിലെ തിളക്കം പൂര്‍ണ്ണചന്ദ്രന്റെ..

സുനിലിന്റെ അടുത്തിരുന്ന കറുത്ത ഷര്‍ട്ടിട്ടയാള്‍ പറഞ്ഞു: ‘വരൂ, പോകാം’.
‘ഞാന്‍ ഒരു സ്വപ്നം കാണുകയായിരുന്നു.. അതു കഴിഞ്ഞില്ല’
‘കഴിഞ്ഞു. ഇത്രയുമേ ഉള്ളൂ’
‘ജീവിതം... ഇപ്പൊ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ’
‘ഇത്രയേ ഉള്ളൂ’

1/13/2008

കൊറ്റികളുടെ കഥ

ഈ ക്രിസ്തുമസ് അവധിയ്ക്ക് ഞാന്‍ കേരളത്തില്‍ പോയിരുന്നു. ഗള്‍ഫിലേയ്ക്കു തിരിച്ചുവരാനായി അല്പം നേരത്തേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഫ്ലൈറ്റിനു ചെക്കിന്‍ ചെയ്ത് കാത്തിരിപ്പു തുടങ്ങി. ഒരു കൂട്ടുകാരന്‍ പറഞ്ഞ് വാങ്ങിപ്പിച്ച ഒരു പുസ്തകം മറിച്ച് ഒരു വെള്ളക്കൊക്കിന്റെ താള്‍ തുറന്നുവെച്ച് നെസ്കഫേയും മോന്തി സ്വപ്നം കാണുകയായിരുന്നു ഞാന്‍.

“പക്ഷികളുടെ അല്‍ഭുതലോകം വായിച്ചിട്ടുണ്ടോ? ഇന്ദുചൂഢന്റെ? വെള്ളക്കൊറ്റികളെപ്പറ്റി നല്ല വിവരണം അവിടെക്കാണാം“.

പൊതുവേ മുരടന്മാരായ മലയാളികള്‍ എവിടെവെച്ചു കണ്ടാലും അപരിചിതരോട് അധികം മിണ്ടാറില്ല. എയര്‍പോര്‍ട്ടില്‍ എഴുന്നള്ളിനടക്കുന്ന സുന്ദരികള്‍ എന്നെ കണ്ട ഭാവം നടിക്കാറില്ലെന്നതു പോട്ടെ, ആരെങ്കിലും എന്തെങ്കിലും മിണ്ടിയെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ഇത്തരം ഒരു ഡയലോഗും അടിച്ച് ഇങ്ങോട്ടു കൂട്ടുകൂടാന്‍ വരുന്നയാളെ ഞാന്‍ ശ്രദ്ധിച്ചുനോക്കി. കുറ്റിത്താടി, വട്ടക്കണ്ണട, ഒരു നീണ്ട ജുബ്ബ. ദുബൈയിലെ വല്ല പത്രപ്രവര്‍ത്തകനും ആയിരിക്കണം. കൊക്കുകളെക്കുറിച്ച് എനിക്കുള്ള സാമാന്യജ്ഞാനം നിരത്തിയേക്കാം ഞാനും എന്നുവിചാരിച്ചു. ഇരുന്നു മുഷിയണ്ടല്ലോ. കൈപ്പള്ളിയുടെ പോട്ടങ്ങളില്‍ കാണുന്ന കൊക്കുകളെയും പണ്ട് കുമരകത്ത് പക്ഷിസങ്കേതത്തില്‍ കണ്ട കൊക്കുകളെയുമല്ലാതെ എനിക്കു സത്യത്തില്‍ വലുതായൊന്നും അറിയില്ല. പല കള്ളുഷാപ്പിലും കൊക്ക്, കാട എന്നൊക്കെ എഴുതിവെച്ചതു കണ്ടിട്ടുണ്ടെങ്കിലും കേറാനും കള്ളുകൂട്ടി തിന്നാനും പറ്റിയിട്ടില്ല. എന്നാലും വില കളയരുതല്ലോ. ഇത് “ചാരമുണ്ടി”യല്ലേ എന്നു തിരിച്ചു ചോദ്യമിട്ടു.

“ഇതു തിരുമുണ്ടി. കാല്‍മുട്ടിനു കീഴെ മഞ്ഞനിറം കണ്ടോ? അപൂര്‍വ്വം ഇനമാണ്. കണ്ടല്‍ക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഇനം”.
“നിങ്ങള്‍ പക്ഷിനിരീക്ഷകനാ‍ണോ?”
“ഏയ്, ഇല്ല. മുത്തശ്ശി പറഞ്ഞുതന്ന കൌതുകം. മുത്തശ്ശിയ്ക്ക് കൊക്കുകളെ വലിയ ഇഷ്ടമായിരുന്നു”.
“ഓഹ്, എന്റെ മുത്തശ്ശി മരിച്ചുപോയി, ഒരുപാടു വര്‍ഷങ്ങള്‍ക്കുമുന്‍പ്”.
“എന്റെയും മുത്തശ്ശി മരിച്ചിട്ട് ഒരുപാടായി. നാട്ടില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഒരു മുത്തശ്ശിയുണ്ടായിരുന്നു. കൊക്കുകളൊക്കെ ആ മുത്തശ്ശിയുടെയാ“

അല്പനേരം ഞാന്‍ ഒന്നും പറഞ്ഞില്ല. മുത്തശ്ശി എന്നാല്‍ എനിക്ക് മങ്ങിത്തുടങ്ങിയ ഒരോര്‍മ്മയായിരുന്നു. സ്റ്റീല്‍ വട്ടപ്പാത്രത്തില്‍ ആവിപാറുന്ന പുഴുക്കരിച്ചോറും അതില്‍ മാങ്ങായിട്ട വെറുംകറിയും ഒഴിച്ചുതരുന്ന മുത്തശ്ശിയുടെ ഓര്‍മ്മ. ആശുപത്രിയുടെ ഓര്‍മ്മ. എപ്പോഴും നിലം തുടയ്ക്കുന്ന കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെ മൂക്കു തുളയ്ക്കുന്ന ഡെറ്റോള്‍ മണത്തിന്റെ ഓര്‍മ്മ. മുത്തശ്ശിയെ നേരേ നോക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്തിന്റെ ഓര്‍മ്മ.

ഓര്‍മ്മകളുടെ തിരമുറിച്ചുകൊണ്ട് അയാള്‍ വീണ്ടും പറഞ്ഞുതുടങ്ങി. ഞങ്ങള്‍ അന്യോന്യം പേരുചോദിക്കാന്‍ വിട്ടുപോയിരുന്നു.

“ഒറ്റയ്ക്കു താമസിക്കുന്ന നാട്ടിലെ മുത്തശ്ശിയെക്കാണാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്കു പോവുമായിരുന്നു. പഴങ്കഥകള്‍ പറഞ്ഞിരിക്കാനല്ല, ആദ്ധ്യാത്മികവും രാഷ്ട്രീയവും സംസാരിച്ചിരിക്കാനായിരുന്നു ഈ മുത്തശ്ശിയ്ക്കിഷ്ടം. ഇതിഹാസകഥകള്‍, കഴിഞ്ഞ തലമുറയിലെ രാഷ്ട്രീയം, വേദാന്തം, ഇങ്ങനെ ഓരോന്നും തെല്ലൊരു വിഷാദച്ഛവിയോടെ മുത്തശ്ശി വിളമ്പും. മുത്തശ്ശിയെ അധികമാരും തിരിഞ്ഞുനോക്കാറില്ല. ഇതൊക്കെ ഇഷ്ടവിഷയങ്ങളായതുകൊണ്ട് ഞാന്‍ ഇടയ്ക്കിടയ്ക്കു പോവും.”

“അങ്ങനെ ഒരു ദിവസമായിരുന്നു എന്തിനോ നടുവില്‍ കൊക്കുകള്‍ കടന്നുവന്നത്. ശ്രീരാമ കൃഷ്ണ പരമഹംസന്റെ കൊറ്റികള്‍. ബാലനായിരുന്ന ഗംഗാധരന്റെ തലയ്ക്കുമീതെ കൂട്ടത്തോടെ പറന്ന വെണ്‍കൊറ്റികള്‍. അവയുടെ വെളുത്ത അടിവയറ് സാ‍യംസന്ധ്യയിലെ നിറചന്ദ്രനെ മറച്ച് നീലമേഖങ്ങള്‍ക്കിടയിലൂടെ വെള്ളക്കീറുതീര്‍ത്തപ്പോള്‍ ഗംഗാധരന്‍ ബോധമറ്റുവീണു. കൊറ്റികള്‍ നല്‍കിയ ആദ്യ ജ്ഞാനോദയം. മുത്തശ്ശി എന്നെയും മുറ്റത്തേയ്ക്കു വിളിച്ചുകൊണ്ടുപോയി ആകാശം കാട്ടിത്തന്നു. രാമകൃഷ്ണന്റെ നീലാകാശം. മുങ്ങിത്താഴാ‍റായ ചുവന്ന സൂര്യന്‍. ഓടുന്ന മേഖങ്ങള്‍ക്കുപിന്നില്‍ ഒളിച്ചുകളിക്കുന്ന ചന്ദ്രന്‍. ഉയരത്തില്‍ ചില പരുന്തുകള്‍ മാത്രം ഇരകളെത്തേടുന്നു. “നോക്കൂ“ - മുത്തശ്ശി വിരല്‍ ചൂണ്ടിയപ്പോള്‍ എവിടെനിന്നോ, ഒരു വെള്ളക്കൊക്ക്, ഒരൊറ്റക്കൊറ്റിമാത്രം, പടിഞ്ഞാറുനിന്നും കിഴക്കോട്ടു പറന്നുപോയി”.

“പിന്നെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ കൊക്കുകള്‍ സ്ഥിരം സന്ദര്‍ശകരായി. സൈബീ‍രിയയില്‍ നിന്നും തട്ടേക്കാട്ടേയ്ക്കു വരുന്ന ദേശാടനക്കൊക്കുകള്‍. ഒറ്റക്കാലില്‍ മീന്‍പിടിക്കുന്ന കൊക്കുസന്യാസികള്‍. പഞ്ചവര്‍ണ്ണത്തലപ്പാവുവെച്ച രാജ്ഞിക്കൊക്കുകള്‍. കഥകള്‍ പെട്ടേന്നു നിറുത്തി മുത്തശ്ശി പൊടുന്നനെ എന്നെ പുറത്തേയ്ക്കു വിളിച്ചുകൊണ്ടുപോവും. അന്നേരം ആകാശത്തിലൂടെ കൊറ്റികള്‍ പറ്റമായി പറക്കുന്നുണ്ടാവും. ഒരു ബൂമാറാങ്ങിന്റെ രൂപത്തില്‍, അല്ലെങ്കില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ M അക്ഷരത്തിന്റെ രൂപത്തില്‍, നേതാവിനുപിന്നാലെ അണിയായി പറക്കുന്ന കൊക്കിന്‍ പറ്റങ്ങള്‍. മുത്തശ്ശി കൊക്കിന്‍ കൂട്ടങ്ങളെ എണ്ണും. ഇതില്‍ ഇരുപത്തിനാലു കൊക്ക്, അവിടെ നാല്‍പ്പത്തിരണ്ടു കൊക്ക്, എന്നിങ്ങനെ ഓരോ കൊക്കിന്‍ പറ്റത്തെയും നോക്കി മുത്തശ്ശി ആഹ്ലാദത്തോടെ വിളിച്ചുപറയും”.

“കൊക്കിന്‍ കൂട്ടത്തിനെ എണ്ണം തെറ്റാതെ മുത്തശ്ശി എണ്ണുന്നത് എനിക്ക് ആദ്യം വിസ്മയമായിരുന്നു. പിന്നെ കൊക്കുകളെ എണ്ണാന്‍ ഞാനും പഠിച്ചു. ഗ്രാമം വിട്ട് ഗള്‍ഫിലെത്തിയപ്പോള്‍ ഏറ്റവും നഷ്ടബോധം തോന്നിയത് വീട്ടിനെയും വീട്ടുകാരെയുമോര്‍ത്തല്ല, ആ മുത്തശ്ശിയുമൊത്ത് കൊക്കുകളെ എണ്ണുന്നത് ഓര്‍ത്തായിരുന്നു. ദുബൈ ഇല്‍ റാസ്-അല്‍-ഖോര്‍ പക്ഷിസങ്കേതത്തിനടുത്തുകൂടി പോവുമ്പോഴൊക്കെ, വഴിതെറ്റി വരുന്ന ഒരു കൊക്കിനെ എപ്പൊഴെങ്കിലും കാണുമ്പൊഴൊക്കെ, ആ മുത്തശ്ശിയെ ഓര്‍ക്കും. ആദ്യ അവധിക്കാലത്ത് മുത്തശ്ശിയ്ക്ക് ഞാന്‍ കൊണ്ടുക്കൊടുത്തത് ഇന്ദുചൂഢന്റെ പുസ്തകവും ഒരു മൊബൈല്‍ ഫോണുമായിരുന്നു. നിങ്ങള്‍ ചിരിക്കും. എന്നാല്‍ മുത്തശ്ശി പെട്ടെന്നുതന്നെ മൊബൈല്‍ ഉപയോഗിക്കാന്‍ പഠിച്ചു.”

“ഗള്‍ഫില്‍ തിരിച്ചെത്തിയപ്പോള്‍ ഇടയ്ക്കിടയ്ക്ക് മുത്തശ്ശിയുടെ മിസ്ഡ് കാള്‍ വരും. തിരിച്ചുവിളിക്കുമ്പോള്‍ മുത്തശ്ശിയ്ക്ക് വലിയ സന്തോഷമാണ്. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ആകാശത്തുനോക്കൂ, നിനക്ക് ഇരുപത്തിമൂന്നു കൊക്കിനെക്കാണാം എന്നു മുത്തശ്ശി പറയും. അരമണിക്കൂര്‍ എന്നുപറഞ്ഞാല്‍ ഒരിക്കലും അധികം വൈകില്ല. ഞാന്‍ മാനത്തുനോക്കി ഇരിപ്പാവുമ്പൊഴേയ്ക്കും ഇരുപത്തിമൂന്നു കൊക്കുകള്‍ എന്റെ ആകാശത്തുകൂടി പറന്നുപോവും”.

“നിങ്ങളുടെ അതേ അല്‍ഭുതമായിരുന്നു എനിക്കും. ഇന്ത്യയില്‍ നിന്നും ഒരു വിമാനം എണ്ണൂറുകിലോമീറ്റര്‍ വേഗത്തില്‍ പറന്ന് ഗള്‍ഫിലെത്താന്‍ നാലു മണിക്കൂറെടുക്കും. പിന്നെയല്ലേ തെന്നിനീങ്ങുന്ന ഒരുപറ്റം കൊക്കുകള്‍. ചിലപ്പോള്‍ പ്രായം കൂടിയവര്‍ക്ക് ചിലതൊക്കെ കാണാന്‍ കഴിയുമായിരിക്കാം. എന്തായാലും മുത്തശ്ശി പറയുന്നത് ഒരിക്കലും തെറ്റിയില്ല. നാലു കൊക്കുകളെ നോക്കൂ എന്ന് ഇന്ത്യയില്‍ നിന്നു വിളിച്ചുപറഞ്ഞാല്‍ എന്റെ ആകാശത്തിലും നാലു കൊക്കുകള്‍. ഇരുപതു കൊക്കുകളെ നോക്കൂ എന്നുപറഞ്ഞാല്‍ എന്റെ ആകാശത്തിലും ഇരുപതുകൊക്കുകള്‍. കൊക്കുകളുടെ ഒരു മായാജാലം. മുത്തശ്ശിക്കഥപോലെ തോന്നുന്നുണ്ടല്ലേ നിങ്ങള്‍ക്ക്?”

ഞാന്‍ ഇല്ല എന്നു തലയാട്ടി. ഇതിന്റെ പിന്നിലെ രഹസ്യമെന്തെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. അയാള്‍ നേരമ്പോക്കിനു പറയുന്നതാവാം. എങ്കിലും കൊക്കുകള്‍.. അയാള്‍ കഥതുടര്‍ന്നു.

“ഈ കളിയുടെ രസം കുറച്ചുകഴിഞ്ഞപ്പോള്‍ പോയിത്തുടങ്ങി. മുത്തശ്ശി കൊക്കുകളെ നോക്കാന്‍ പറഞ്ഞാലും ഞാന്‍ നോക്കാതെയായി. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഞാന്‍ ഫോണ്‍ വെയ്ക്കും. ഇത് മുത്തശ്ശിയും മണത്തറിഞ്ഞു എന്നുതോന്നുന്നു. പതുക്കെപ്പതുക്കെ മുത്തശ്ശിയുടെ ഫോണ്‍ വിളിയും കുറഞ്ഞു. എന്റെ ജാ‍ലകത്തിനു കുറുകെ കൊക്കുകള്‍ പറക്കാതെയായി“.

“നാലു ദിവസം മുന്‍പ് ഒരുപാടുനാള്‍ കൂടി മുത്തശ്ശിയുടെ വിളിവന്നു. ഞാന്‍ ഒരു പ്രധാന മീറ്റിങ്ങില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ കാള്‍. ഞാന്‍ കാള്‍ കട്ട് ചെയ്തു. മുത്തശ്ശി വീണ്ടും വിളിച്ചു. മൂന്നാം തവണ മുത്തശ്ശി വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു. ‘നോക്കൂ, നാല്‍പ്പത്തിരണ്ടു കൊക്കുകള്‍‘.
‘മുത്തശ്ശീ, ഞാന്‍ തിരക്കിലാണ്’
‘ദയവുചെയ്തു നോക്കൂ, ഒരു തവണ, നാല്‍പ്പത്തിരണ്ടു കൊക്കുകള്‍’
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. മീറ്റിങ്ങില്‍ നിന്നും ഒഴിവുപറഞ്ഞ് ഇറങ്ങി. ഓഫീസിനു കിഴക്കുവശത്തെ വാതായനത്തിലൂടെ ആകാശത്തേയ്ക്കു നോക്കി. തെളിഞ്ഞ ആകാശം. മേഖങ്ങളില്ലാത്ത നീലനിറം. അതിനു കുറുകേ, ഒച്ചയുണ്ടാക്കിക്കൊണ്ട് കൊക്കിന്‍പറ്റം. നാല്‍പ്പത്തിമൂന്നു കൊക്കുകള്‍!‘

ഞാന്‍ വീണ്ടും വീണ്ടും എണ്ണി. നാല്‍പ്പത്തിരണ്ടല്ല, നാല്‍പ്പത്തിമൂന്നു കൊക്കുകള്‍ തന്നെ. എണ്ണം തെറ്റിയല്ലോ എന്നുപറയാന്‍ മുത്തശ്ശിയെ ഫോണ്‍ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. മീറ്റിങ്ങ് കാന്‍സല്‍ ചെയ്തു നേരെ വിമാനത്താവളത്തിലേയ്ക്കു പോയി. ഞാന്‍ തന്നെ നിന്നു മുത്തശ്ശിയുടെ ശവദാഹം നടത്തി. അവര്‍ക്ക് ബന്ധുക്കളാരുമില്ലായിരുന്നല്ലോ. എന്തുകൊണ്ടോ നാട്ടില്‍ വന്നിട്ട് കൊക്കുകളെയേ കണ്ടില്ല.

ഫ്ലൈറ്റില്‍ കയറാനുള്ള അറിയിപ്പുമുഴങ്ങി. ഞങ്ങളുടെ സീറ്റുകള്‍ തമ്മില്‍ അകലം കൂടുതലായിരുന്നു. പുറത്തിറങ്ങിയപ്പൊഴും അയാളെ കണ്ടില്ല. ഒരുപക്ഷേ ഇനിയെന്നെങ്കിലും റാസല്‍ഘോറിന്റെ പരിസരത്ത് കൊക്കുകളെത്തിരയുന്ന ഒരു കുറ്റിത്താടിക്കാരനെ കണ്ടുമുട്ടുമായിരിക്കും, പക്ഷേ ഇവിടെ അംബരചുംബികളിലേയ്ക്കു തുറക്കുന്ന എന്റെ ജനാലയ്ക്കു കുറുകേ ഇതുവരെ കൊക്കുകളൊന്നും പറന്നില്ല.

1/12/2008

ഒരു പരാതി

പൂച്ചയ്ക്ക് പോലീസുദ്യോഗം ആയിരുന്നു.

മീശാഗ്രം കൊണ്ട് നിലത്തു തട്ടിത്തട്ടി, അങ്ങും ഇങ്ങും മൂക്കുവിടര്‍ത്തി മണപ്പിച്ച്, കുണുങ്ങിക്കുണുങ്ങി വാലും ആട്ടി എലി ഒരു പരാതികൊടുക്കാന്‍ വരികയായിരുന്നു. സ്ത്രിപീഠനമായീരുന്നു പരാതി. എലിയെക്കണ്ട പൂച്ചയുടെ കണ്ണുകള്‍ തിളങ്ങി. രോമങ്ങള്‍ കൂര്‍പ്പിച്ച്, നഖങ്ങള്‍ അകത്തേയ്ക്കു വലിച്ച്, പൂച്ച ശവാസനത്തില്‍ ഇരിപ്പായി. എലി അടുത്തെത്തി. എലിയ്ക്ക് പൂച്ചയെക്കണ്ടു വിറതോന്നി. പൂച്ചയുടെ മുഖത്തെ മീശരോമങ്ങള്‍ മാത്രം ശ്വാസംവിടുന്ന താളത്തില്‍ ഇളകി. പൂച്ചയുടെ നോട്ടം കണ്ട് എലി സാരിത്തലപ്പു വലിച്ചു നേരെയാക്കി. പൂച്ച ലാത്തിയെടുത്ത് മേശപ്പുറത്ത് താളത്തില്‍ തട്ടി. എലിക്ക് തിരിഞ്ഞോടണം എന്നുണ്ടായിരുന്നു. എന്നാല്‍ പൂച്ചയുടെ തുറിച്ചനോട്ടം കണ്ടപ്പോള്‍ പിന്തിരിയാനും തോന്നിയില്ല. കക്ഷത്തിലിരുന്ന പരാതിക്കടലാസെടുത്ത് എലി പൂച്ചയുടെ നേര്‍ക്കുനീട്ടി.

പൂച്ച: ഉം, എന്താടീ
എലി: ഒരു പരാതി
(വലതുകാലുയര്‍ത്തി, ഇടതേയ്ക്ക് എലിയെ ഒരു തട്ട്)
ഹയ്യോ‍
(തട്ട്)
വയ്യ
(തട്ട്)
ഓടിത്തളര്‍ന്നു
(തട്ട്)
എന്നെ എന്തിനാ ഇങ്ങനെ തട്ടുന്നത്
(തട്ട്)
ഞാന്‍ പൊയ്ക്കോട്ടെ
(തട്ട്)
എനിക്കു വേദനിക്കുന്നു
(തട്ട്, തട്ട്)
ഹയ്യോ
(തട്ട്)
എന്റെ അപേക്ഷ
(തട്ട്)
ഞാന്‍
(തട്ട്)
എനിക്കൊന്നും വേണ്ടായേ, വീട്ടില്‍ പോയാ മതി
(തട്ട്)
ഹെന്റമ്മേ
(തട്ട്)
ഞാന്‍ ചത്തേ
(തട്ട്)
....
(തട്ട്)
.....
ഇവള്‍ ഒന്നും മിണ്ടുന്നില്ലല്ലോ. ശ്ശൊ. കളിയുടെ രസം പോയി.

വണ്ടിക്കാള

സുജിത്തും ഗോപുവും തമ്മില്‍ എട്ടുവയസ്സിന്റെ വ്യത്യാസമാണ്. സുജിത്ത് ഒന്‍പതാം ക്ലാസിലും ഗോപു രണ്ടാം ക്ലാസിലും. സുജിത്ത് കളിക്കാനും പഠിക്കാനുമൊക്കെ മിടുക്കനാണ്. ഗോപു പക്ഷേ അധികം മിണ്ടാറില്ല. എപ്പൊഴും ചേട്ടന്റെ വാലില്‍ത്തൂങ്ങി നടക്കും. ചെറിയ കുട്ടികള്‍ക്ക് വലിയ ചേട്ടന്മാരോട് ഒരുതരം ആരാധനാ മനോഭാവമാണല്ലോ. എല്ലാ കാര്യത്തിലും ചേട്ടനെ അനുകരിക്കാന്‍ നോക്കുന്ന ഗോപുവിനെ നോക്കി അമ്മ ചിരിക്കും.

വേനലവധിക്കായിരുന്നു അമ്മാ‍വന്റെ മക്കളായ രവിയും അഞ്ജലിയും വന്നത്. രവി ഒരു കാമറയും തൂക്കിയായിരുന്നു വന്നത്. രവിയും അഞ്ജലിയും‍ ഇരട്ടക്കുട്ടികളായിരുന്നു. നഗരത്തില്‍ നിന്നു വരുന്നവര്‍ക്ക് ഗ്രാമത്തിലെ അവധിക്കാലം മറക്കാനാവാത്തതാണ്. ഗ്രാമത്തിലാണെങ്കില്‍ നിറഞ്ഞ മഴക്കാലവും. പുഴയും കരകവിഞ്ഞൊഴുകി താ‍റാവുകളെല്ലാം നീന്തിനടക്കുന്ന സമയം. എന്നാല്‍ ഈ അവധിക്കാലം പതിവിലും അവിസ്മരണീയമാക്കിയ ഒരു സംഭവം നടന്നു. കുട്ടികള്‍ പറമ്പില്‍ കളിക്കാനിറങ്ങിയപ്പൊഴായിരുന്നു അത്.

മഴപെയ്തൊഴിഞ്ഞ് അങ്ങുമിങ്ങും വെള്ളം കെട്ടിനില്‍ക്കുന്ന സമയമായിരുന്നു അപ്പോള്‍. പുഴകവിഞ്ഞ് കടവിലേയ്ക്ക് ഇറങ്ങാനാവാത്ത വിധം വെള്ളം പൊങ്ങി. അങ്ങോട്ട് കളിക്കാന്‍ പോവാന്‍ സുജിത്ത് സമ്മതിച്ചില്ല. കുട്ടികളെയും വിളിച്ച് സുജിത്ത് വീടിനു പിന്നിലെ പറമ്പിലേയ്ക്കു പോയി. വീട്ടിനു പിന്നില്‍ മഴവീണപ്പൊഴേയ്ക്കും പലയിനം ചെടികള്‍ തലനീട്ടിയിരുന്നു. പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് ഒരു തവള നിറുത്താതെ കരയുന്നുണ്ടായിരുന്നു. മരത്തിലൊക്കെ പിടിച്ചു കുലുക്കിയാല്‍ മഴപോലെ മഴവെള്ളം തലയില്‍ വീഴും. പറമ്പിന്റെ ഒരു മൂലയില്‍ ഒരു പഴയ കൈവണ്ടി ചിതലരിച്ചു കിടന്നു.

“ഹായ്, കാളവണ്ടി“ അഞ്ജലി കൈവണ്ടിയുടെ അടുത്തെത്തി. അത് കാളവണ്ടിയല്ലായിരുന്നു. പച്ചച്ചായം അടിച്ച്, അരികുകളിലെ ഇരുമ്പുതകിടുകളൊക്കെ തുരുമ്പിച്ച ഒരു പഴയ കൈവണ്ടിയായിരുന്നു അത്. ഗോപുവും അഞ്ജലിയും മുന്‍പോട്ട് ചാഞ്ഞുനിന്നിരുന്ന വണ്ടിയുടെ ചക്രങ്ങളില്‍ ചവിട്ടി എത്തിവലിഞ്ഞ് വണ്ടിയുടെ മേല്‍ വലിഞ്ഞുകയറി. രവിമാത്രം അവിടെയെല്ലാം അലസമായി നടന്ന് മഞ്ഞത്തോടില്‍ കറുത്ത പുള്ളികളുള്ള ചെറിയ വണ്ടിന്റെയും നൂറുകാലുള്‍ ചലിപ്പിച്ച് ട്രെയിന്‍ പോലെയോടുന്ന പഴുതാരയുടെയും നൂറായിരം രോമങ്ങളുള്ള ദേഹവുമായി പ്ലാവിലയിലരിയ്ക്കുന്ന ആ‍ട്ടാമ്പുഴുവിന്റെയും മഴ നനഞ്ഞ മണമുള്ള ഓലമടലുകളുടെയും തരിമണ്ണിലൂടെ ഒറ്റയ്ക്ക് ഓടിപ്പോവുന്ന കട്ടുറുമ്പിന്റെയും ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. കുറെ നാളായി അനങ്ങാതെ കിടന്ന കൈവണ്ടിയുടെ ഇടത്തേ ചക്രത്തിനരികില്‍ ഉറുമ്പുകള്‍ കൂടുവെയ്ച്ചിരുന്നു. കുറെ ഉറുമ്പുകള്‍ ചേര്‍ന്ന് പൂമ്പാറ്റയുടെ ഒറ്റച്ചിറക് ഘോഷയാത്രയായി വലിച്ചുകൊണ്ടുവന്നു.

“ചേട്ടാ, ചേട്ടന്‍ ഈ വണ്ടി വലിക്കാമോ?” ഗോപുമോന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് സുജിത്ത് വണ്ടിയുടെ കൈപ്പിടി പൊക്കി. പതിനാലു വയസ്സായപ്പൊഴേയ്ക്കും വലിയ ശക്തനായി എന്നായിരുന്നു സുജിത്തിന്റെ വിചാരം. വീട്ടില്‍ അമ്മകാണാതെ മസില്‍ കൂട്ടാന്‍ അമ്മിക്കല്ലെടുത്ത് രണ്ടുകൈകളിലും മാറിമാറി പൊക്കുന്നതാണ്. ഗോപുമോന്റെ ചോദ്യം കേട്ടപ്പൊഴേയ്ക്കും അഞ്ജലി വണ്ടിയിലിരുന്ന് ഒരു കാര്യവുമില്ലാതെ ചിരിച്ചുതുടങ്ങി. അവള്‍ ചിരിച്ചുതുടങ്ങിയാല്‍ പിന്നെ കുറെ നേരത്തേയ്ക്ക് ചിരിയാണ്. ഒരുപാടുനാളായി അനങ്ങാതെ കിടന്ന കൈവണ്ടി അല്പം ആയാസപ്പെട്ട് സുജിത്ത് മുന്‍പോട്ടു വലിച്ചു. “ങ്ങുര്‍, ങ്ങുര്‍, ഞാന്‍ കാള” - സുജിത്ത് വിളിച്ചുപറഞ്ഞു. രവി കൈവണ്ടിയുടെ മുന്‍പില്‍ ചെന്നുനിന്ന് സുജിത്തിന്റെ ഫോട്ടോയെടുത്തു. ഫ്ലാഷ് കത്തിയപ്പോള്‍ അഞ്ജലി പിന്നെയും കണ്ണുചിമ്മി പൊട്ടിച്ചിരിച്ചു.

“ഞാന്‍ കാളയെ അടിക്കാന്‍ ഒരു വടികൊണ്ടുവരാം” - ഗോപുമോന്‍ വണ്ടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി വീട്ടിലേയ്ക്കോടി. സുജിത്തിന്റെ മുഖത്ത് അല്പം പരിഭ്രമമായി. എങ്കിലും സുജിത്ത് വീണ്ടും ചിരിച്ചു. ഗോപുമോന്‍ കയ്യിലൊരു ചാട്ടയുമായി തിരിച്ച് ഓടിവന്നു. ചാട്ടകണ്ട് സുജിത്തിന്റെ മുഖം ഒന്നുകൂടി ഇരുണ്ടു. സ്കൂളില്‍ ഗൃഹപാഠം ചെയ്യാത്തതിനു ക്രൂരനായ മാഷിന്റെ ചൂരലിനു മുന്‍പില്‍ കൈനീട്ടി നില്‍ക്കുന്ന കുട്ടിയെപ്പോലെ സുജിത്ത് ചൂളി. അവന്‍ വണ്ടിയുടെ കൈപ്പിടി താഴെവെച്ചു.

“കാളേ, ഞാന്‍ പതിയെ അടിക്കത്തേയുള്ളൂ, ഞാന്‍ നല്ല വണ്ടിക്കാരനാ, ങ്ങുര്‍ ങ്ങുര്‍, നടകാളേ”. സുജിത്ത് വണ്ടിത്തല മടിച്ചുമടിച്ച് വീണ്ടും പൊക്കിയെടുത്തു.

കൊത്തുപണിചെയ്ത ഒരു തടിക്കഷണത്തില്‍ കുറെ കുടുക്കുകളിട്ട ഒരു കയര്‍ ഇറുക്കിവരിഞ്ഞ് ഉണ്ടാക്കിയതായിരുന്നു ആ ചാട്ട. കയറിനു നല്ല നീളമുണ്ടായിരുന്നു. ചാട്ടയുടെ കൈപ്പിടിയില്‍ തുറിച്ചക്കണ്ണും പുറത്തേയ്ക്കു നീട്ടിയ നാവും നാലു കൈകളുമുള്ള കാളിയുടെ രൂപം കൊത്തിവെയ്ച്ചിരുന്നു. കൈപ്പിടി ഉപയോഗം കൊണ്ട് മിനുസമായിത്തീര്‍ന്നിരുന്നു. പിടിയുടെ അറ്റത്ത് തേഞ്ഞുതുടങ്ങിയ കൊത്തുപണികള്‍ കാണാമായിരുന്നു.‍ കാലപ്പഴക്കം കൊണ്ട് കറുത്തിരുണ്ട കയര്‍. ചാട്ടയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കം കാണും. ഗോപു ഈ ചാട്ട എവിടെനിന്നും കണ്ടുപിടിച്ചു എന്ന് സുജിത്തിനു മനസിലായില്ല. ചാട്ടയും പിടിച്ച് വിജയിയെപ്പോലെ നിന്ന ഗോപു ചാട്ട ചുഴറ്റി നിലത്തടിച്ചു. വായുവിലൂടെ പാമ്പു ചീറ്റുന്നതുപോലെ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് ചാട്ടയുടെ കയര്‍ “ഫ്ലാപ്പ് “ എന്ന വലിയ ശബ്ദത്തോടേ മണ്ണില്‍ വീണു.

അഞ്ജലി ഇപ്പോള്‍ ചിരിക്കുന്നില്ല. ഗോപു വണ്ടിയിലേയ്ക്കു വലിഞ്ഞു കയറി. അവന്റെ കയ്യില്‍ നിന്നും ചാട്ടയുടെ കയര്‍ കറുത്തുമെലിഞ്ഞ ഒരു പാമ്പിനെപ്പോലെ നിലത്തേയ്ക്കു നീണ്ടുകിടന്നു. സുജിത്തിന്റെ മുഖം വലിഞ്ഞുമുറുകി. അവന്‍ ഒന്നും മിണ്ടാതെ വണ്ടിവലിച്ചു. ഗോപുവിന്റെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാ‍ത്ത ഒരു ഭാവമായിരുന്നു. കൊച്ചുകുട്ടികളില്‍ കാണാറില്ലാത്ത ഒരുന്മാദം. “നടകാളേ, ങ്ങുര്‍, ങ്ങുര്‍, വേഗം”. രവി ഒന്നും മിണ്ടാതെ വണ്ടിയുടെ വശത്തേയ്ക്കു മാറിനിന്ന് ചിത്രങ്ങളെടുത്തു.

“വേഗം നടകാളേ” ഗോപു ചാട്ട പതുക്കെ ചുഴറ്റി. ചാട്ടയുടെ കയര്‍ ഉയര്‍ന്ന് വായുവിലൂടെ വളഞ്ഞ് സുജിത്തിന്റെ തോളിലേയ്ക്കു തളര്‍ന്നുവീണു. സുജിത്തിനു വേദനിച്ചില്ല, എങ്കിലും അവന്‍ “ഹൌ” എന്ന ശബ്ദം പുറപ്പെടുവിച്ചു. വണ്ടിവലിയ്ക്കുന്ന സുജിത്തും തോളില്‍ വീണുകിടക്കുന്ന ചാട്ടയും ചാട്ടയുടെ ഒരറ്റം പിടിച്ചുകൊണ്ടുനില്‍ക്കുന്ന വണ്ടിക്കാരന്‍ ഗോപുവുമായി രവി ചിത്രങ്ങളെടുത്തു.

“മതി, പോവാം” - അഞ്ജലി പറഞ്ഞു. “ഇല്ല, കുറച്ചുദൂരം കൂടി. നടകാളേ”. സുജിത്ത് വണ്ടി വലിച്ചുതുടങ്ങിയപ്പൊഴേ ഗോപു ചാട്ട ഒന്നുകൂടി ചുഴറ്റിയടിച്ചു. വായുവില്‍ മൂളിക്കൊണ്ട് ചാട്ട അവന്റെ പുറത്തു പുളഞ്ഞു. സുജിത്തിനു മുതുകില്‍ കത്തികൊണ്ടു വരഞ്ഞതുപോലെ തോന്നി. “എടാ“ എന്ന് സുജിത്ത് ഉറക്കെവിളിച്ചപ്പൊഴേയ്ക്കും ഗോപു വീണ്ടും ചാട്ട ചുഴറ്റിയിരുന്നു. ഫ്ലാപ്പ്. അഞ്ജലി ഉറക്കെക്കരഞ്ഞു. ഗോപുവിന്റെ ചാട്ട വീണ്ടും വീണ്ടും ഉയര്‍ന്ന് സുജിത്തിന്റെ മുകളില്‍ വീണു. രവി ഒരു നിമിഷം സ്തബ്ധനായിപ്പോയി. സുജിത്ത് വേദനകൊണ്ട് അലറിവിളിച്ചു. ഈ വേദനയില്‍ നിന്നും ഇറങ്ങിയോടണം എന്ന ചിന്ത അവന്റെ തലയില്‍ ഇരച്ചുവന്നെങ്കിലും വണ്ടിയുടെ കൈപ്പിടികാരണം മുന്‍പോട്ടിറങ്ങാനും കഴിഞ്ഞില്ല. “നടകാളേ”. ഗോപു വിതുമ്പുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ തുറിച്ചു, ചുണ്ടുകള്‍ വിറച്ചു. കരഞ്ഞുകൊണ്ട് അവന്‍ വീണ്ടും ചാട്ട ചുഴറ്റിയടിച്ചു. “നടകാളേ”.

കുട്ടികളുടെ കൂട്ടക്കരച്ചിലും സുജിത്തിന്റെ അലറിയുള്ള വിളിയും കേട്ട് വീട്ടുകാര്‍ ഓടിവരുമ്പൊഴേയ്ക്കും സുജിത്ത് വസ്ത്രങ്ങളില്‍ നിന്നും നീളത്തില്‍ ചോരപൊടിഞ്ഞ് മുഖം മണ്ണിലമര്‍ത്തി നിലത്തുകിടക്കുന്നുണ്ടായിരുന്നു. ഗോപു വണ്ടിയില്‍ നിന്ന് ഇറങ്ങാതെ ചാട്ടയും പിടിച്ച് വണ്ടിയിലിരുന്ന് വിതുമ്പി. അഞ്ജലി ഉറക്കെക്കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് അമ്മയെക്കെട്ടിപ്പിടിച്ച് അമ്മയുടെ കാലുകളില്‍ മുഖമമര്‍ത്തി. രവി കാമറ താഴ്ത്തി അനങ്ങാതെ, ഒന്നും മിണ്ടാതെ നിന്നു.

ആരൊക്കെയോ സുജിത്തിനെ പൊക്കി ഒരു ആട്ടോറിക്ഷായിലിട്ട് ആശുപത്രിയില്‍ കൊണ്ടുപോയി. വിതുമ്പിക്കരയുന്ന ഗോപുവിന്റെ കയ്യില്‍ നിന്നും അച്ഛന്‍ ചാട്ട തട്ടിപ്പറിച്ചു. അമ്മാവന്‍ ഒരു പത്തലൊടിച്ച് അവന്റെ മേല്‍ രണ്ട് അടിയടിച്ചു. ഗോപുവുന്റെ അമ്മ അവനെ വാരിയെടുത്തു. എന്നിട്ടു പറഞ്ഞു - “എന്റെ മോനല്ല, അവന്റെ കുറ്റമല്ല, എല്ലാം ഈ നശിച്ച ചാട്ടയാണ്”.

ചാട്ട കത്തിച്ചുകളയണമെന്നായി അമ്മാവന്‍. “വേണ്ട, മുത്തശ്ശന്റെ ചാട്ടയാണ്, ഇങ്ങുതരൂ” എന്നുപറഞ്ഞ് സുജിത്തിന്റെ അച്ഛന്‍ ആ ചാട്ട പിടിച്ചുവാങ്ങി അലമാരിയില്‍ കൊണ്ടു വെയ്ച്ചു പൂട്ടി. ഗോപു അപ്പോഴും കരയുന്നുണ്ടായിരുന്നു. അലമാ‍രയിലേയ്ക്കു കൊണ്ടുപോവുന്ന വഴി ചാട്ടയുടെ അറ്റം പാമ്പിന്റെ ഒടിഞ്ഞ പത്തിപോലെ നിലത്തിഴയുന്നുണ്ടായിരുന്നു.

1/11/2008

ജനക്കൂട്ടത്തിന്റെ മന:ശാസ്ത്രവും ബൂലോകവും

1) ബ്ലോഗില്‍ ഒരാള്‍ വന്ന് ഒരുപാടുപേരെ, അല്ലെങ്കില്‍ ബൂലോകത്തിനെ ചീത്തവിളിച്ചാല്‍ അയാളെ തിരിച്ചു ചീത്തവിളിക്കാനും അയാളെ കണക്കിനു കളിയാക്കാനും ഒരുപാടുപേരുണ്ടാവും (ഞാനുള്‍പ്പെടെ). ജനക്കൂട്ടത്തിനു കുരയ്ക്കുന്ന ഒരു പേപ്പട്ടിയെക്കിട്ടിയാല്‍ കല്ലെറിയാനുള്ള ആള്‍ക്കൂട്ടത്തിന്റെ ആവേശം, തെരുവില്‍ ഒരു കള്ളനെ പിടിച്ചുകെട്ടിയാല്‍ ചാടി കരണത്ത് അടികൊടുക്കാനുള്ള സ്കൂള്‍ കുട്ടികളുടെപോലും ആവേശം, ഇതൊക്കെ ബ്ലോഗിലും വരുന്നത് സ്വാഭാവികമാണ്. ആള്‍ക്കൂട്ടത്തിന്റെ ധൈര്യം ഇവിടെ വരും. എന്നാല്‍ ബ്ലോഗില്‍ പോസ്റ്റിടുന്ന ആള്‍ക്ക് അതാണു വേണ്ടതെങ്കിലോ? പ്രശസ്തനായില്ലെങ്കിലും കുപ്രസിദ്ധനായാല്‍ മതിയെങ്കിലോ? തന്റെ പോസ്റ്റുകള്‍ കുപ്രസിദ്ധമായാലും ശ്രദ്ധിക്കപ്പെട്ടാല്‍ മതിയെങ്കിലോ? കൂട്ടത്തില്‍ അവിടെയുള്ള ലിങ്കുകളിലും പരസ്യങ്ങളിലും ആളുകള്‍ ക്ലിക്കും ചെയ്താല്‍ ബഹുകേമം എന്നാണെങ്കിലോ? (ഇത് ആരെക്കുറിച്ചാണ് എഴുതിയത് എന്നത് അറിയാത്തവര്‍ അറിഞ്ഞ് അദ്ദേഹത്തിനു കുപ്രസിദ്ധി കൊടുക്കണമെന്നില്ല).

2) വേണ്ടാത്ത വിവാദങ്ങള്‍ ബ്ലോഗിലെഴുതുന്നവര്‍ക്ക് ഒരു സംഘടിത മനോഭാവം നല്‍കുന്നു. ഈ ബൂലോകം മൊത്തം ചവറാണ് എന്നൊരാള്‍ പോസ്റ്റിട്ടാല്‍ അത് എന്നെയും കൂടെയല്ലേ പറഞ്ഞത്, എന്ന രീതിയില്‍ ആളുകള്‍ പ്രതികരിച്ചുതുടങ്ങുന്നു. ഇവിടെ ഗ്രൂപ്പ് ഉണ്ടെന്നു പറഞ്ഞാല്‍ ഗ്രൂപ്പ് ഉണ്ടെന്നൊ ഇല്ലെന്നോ സ്ഥാപിക്കാന്‍ നോക്കുന്നു. കഥകളെഴുതിയിട്ട് ആരും തിരിഞ്ഞുനോക്കാതിരുന്ന സാബു പ്രയാര്‍ പെട്ടെന്ന് ആളെക്കൂട്ടിയത് ഇങ്ങനെയായിരുന്നു.

3) പോസ്റ്റിന്റെ തലക്കെട്ടില്‍ ബൂലോകം എന്ന വാക്കുതന്നെ തങ്ങളെ സംബന്ധിക്കുന്ന എന്തോ ആണെന്ന് വായനക്കാരനെ തോന്നിപ്പിക്കുന്നു (ബ്ലോഗ് വായിക്കുകയോ എഴുതുകയോ ചെയ്യുന്ന നിലയ്ക്ക് താനും ബൂലോകത്തിലെ അംഗമാണല്ലോ).

4) ഇത്തരം വേണ്ടാത്ത ചര്‍ച്ചകള്‍ക്കിടയ്ക്ക് നല്ല പോസ്റ്റുകളെഴുതുന്ന പലരും പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉദ്യേശിച്ച പ്രതികരണം കിട്ടാതെ ബ്ലോഗ് പൂട്ടിപ്പോവുകയും ചെയ്യുന്നു.

എല്ലാ ബ്ല്ലോഗ് പോസ്റ്റുകളും വളരെ നല്ലത്, അല്ലെങ്കില്‍ മോശം എന്നൊരു പ്രതികരണം അല്ല അര്‍ഹിക്കുന്നത്. കൊള്ളാം എന്ന ഒഴുക്കന്‍ മട്ടിലെ പ്രതികരണം പലപ്പൊഴും എഴുത്തുകാരനെ നിരാശപ്പെടുത്താം. വെള്ളെഴുത്തിന്റെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെടാതെപോയത് ഇവിടെ.

നല്ല എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടാത്തതു വായനക്കാരുടെ എണ്ണം കുറവായതുകൊണ്ടാവുമോ? ലക്ഷക്കണക്കിനു വായനക്കാരുണ്ടെങ്കില്‍ തനിയേ നല്ലതും ചീത്തയും വേര്‍തിരിയേണ്ടതാണ്. ഗണിതശാസ്ത്ര പ്രകാരം നല്ല പോസ്റ്റുകള്‍ക്കു നല്ല വായനക്കാരെ കിട്ടേണ്ടതാണ്.

ഈ പോസ്റ്റിനു കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നു.

1/10/2008

ആശുപത്രിയില്‍ (നാടകം)

(രംഗം: വെളുത്ത ഉടുപ്പിട്ട നേഴ്സ് നില്‍ക്കുന്നു, കണ്ണടവെച്ച ഡോക്ടര്‍ മേശയുടെ ഒരു വശത്ത് നില്‍ക്കുന്നു. എതിരേ ഷേവ് ചെയ്യാത്ത ഒരാള്‍ ഭ്രാന്താശുപത്രിയിലെ അന്തേവാസികളുടെ വേഷത്തി ല്‍ ഇരിക്കുന്നു. വെളുത്ത ചുമരില്‍ ഒരു പ്രൊജക്ടര്‍ വെളിച്ചം അടിക്കുന്നു. അയാളുടെ മുഖഭാവം ഒന്നിലും ശ്രദ്ധിക്കാത്തതുപോലെയാണ്).

നേഴ്സ്: രവീ. ഇതു നോക്കൂ. ഇങ്ങോട്ട്, ഇങ്ങോട്ട്. ഈ ചുമരിലേയ്ക്ക്
(രവി ചീര്‍ത്ത കണ്ണുകള്‍ പതുക്കെ ഉയര്‍ത്തുന്നു)
വെളുത്ത പ്രതലത്തില്‍ ഒരു പ്രൊജക്ടര്‍ ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യുന്നു. ചിതറിത്തെറിച്ചു കിടക്കുന്ന കുറെ ശവശരീരങ്ങളുടെ ദൃശ്യം. ചിത്രത്തിനു അടിക്കുറിപ്പ്: പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
ഡോക്ടര്‍: എന്തെങ്കിലും തോന്നുന്നുണ്ടോ?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: വീണ്ടും കൂട്ട മരണത്തിന്റെ ദൃശ്യം. അടിക്കുറിപ്പ്: ഇറാഖില്‍ ബോംബ് സ്ഫോടനത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു.
ഡോക്ടര്‍: ഇപ്പൊഴോ?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല). നേഴ്സ് നിഷേധ ഭാവത്തില്‍ തലയാട്ടുന്നു.
അടുത്ത ചിത്രം: കുട്ടികളുടെ ശവശരീരങ്ങള്‍ കുഴിച്ചെടുക്കുന്ന ദൃശ്യം. അടിക്കുറിപ്പ്: ദില്ലിയില്‍ യജമാനനും വേലക്കാരനും ചേര്‍ന്ന് 30 കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: കേരളത്തില്‍ ഒരു ഗര്‍ഭിണിയായ നാടോടിയെ തെരുവിലിട്ടു ചവിട്ടുന്നു.
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല), നേഴ്സ് ഒന്നും മിണ്ടുന്നില്ല.
അടുത്ത ചിത്രങ്ങള്‍: സൊമാലിയയിലെ പട്ടിണിയുടെയും മരണത്തിന്റെയും ദൃശ്യങ്ങള്‍, ബിഹാറില്‍ ഒരാളെ ബൈക്കിലിട്ടു കെട്ടി വലിച്ചുകൊണ്ടുപോവുന്ന ചിത്രങ്ങള്‍, ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം.
ഡോക്ടര്‍: എന്തെങ്കിലും തോന്നുന്നോ?
(രവി ഒന്നും മിണ്ടുന്നില്ല. നഴ്സ് അനങ്ങാതെ നില്‍ക്കുന്നു.)
അടുത്ത ചിത്രം: ഒരു കുഞ്ഞിനെയും എടുത്ത് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന അമ്മയുടെയും അച്ഛന്റെയും ചിത്രം
ഡോക്ടര്‍: രവീ, നോക്കൂ, നിന്റെ അച്ഛനും അമ്മയും. നിനക്കു എന്തെങ്കിലും തോന്നുന്നുണ്ടോ? ഒരു ആര്‍ദ്രത, സ്നേഹം?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു പാവാടക്കാരി പെണ്‍കുട്ടി.
ഡോക്ടര്‍: രവീ, നിന്റെ കാമുകി, അരുണ. ഇവളെ നോക്കൂ.
രവി ഒരു വികാരങ്ങളുമില്ലാതെ ചിത്രത്തില്‍ നോക്കുന്നു. നഴ്സ് നിരാശയോടെ തല നിഷേധഭാവത്തില്‍ തലയാട്ടുന്നു.
അടുത്ത ചിത്രങ്ങള്‍: സുന്ദരമായ ഒരൂ ഗ്രാമത്തിന്റെയും അരുവിയുടെയും ചിത്രങ്ങള്‍, രവിയുടെ കുട്ടിക്കാലം, കൂട്ടുകാരുമായി തോളില്‍ കയ്യിട്ടു നില്‍ക്കുന്ന രവിയുടെ കൌമാര ചിത്രങ്ങള്‍.
(രവിയുടെ മുഖത്ത് ഒരു ഭാവങ്ങളുമില്ല, ഡോക്ടര്‍ ഒന്നും മിണ്ടുന്നില്ല, നേഴ്സ് നിഷേധഭാവത്തില്‍ തലയാട്ടുന്നു).
അടുത്ത ചിത്രം: അല്പവസ്ത്രധാരിയായ ബിപാഷാ ബസുവിന്റെ ചിത്രം, മറ്റ് സിനിമാനടിമാരുടെ ചിത്രങ്ങള്‍.
രവി പെട്ടെന്നു തലയുയര്‍ത്തുന്നു.
അടുത്ത ചിത്രം: കമ്പ്യൂട്ടറിന്റെ ഒരു സ്ക്രീന്‍, ഒരു ചാറ്റ് വിന്‍ഡോയുടെയും ഏതോ ഒരു ബ്ലോഗിന്റെയും ചിത്രം
രവി എഴുന്നേറ്റ് ചുമരിലേയ്ക്കു പോവുന്നു, സ്ക്രീനില്‍ തൊട്ടുനോക്കുന്നു. കൈകള്‍ മെല്ലെ ചുമരിലൂടെ ഓടിക്കുന്നു.
അടുത്ത ചിത്രം: കളിയില്‍ തോറ്റ ക്രിക്കറ്റ് ടീമിന്റെ ചിത്രം.
രവി കൈകള്‍ ഞെരിക്കുന്നു, പല്ലിറുമ്മുന്നു, മതിലില്‍ ഇടിക്കുന്നു.
ഡോക്ടര്‍: കുഴപ്പമൊന്നുമില്ല. രവിയ്ക്കു പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ചീട്ടെഴുതാം.
നേഴ്സ് ഒന്നും മിണ്ടുന്നില്ല.

1/05/2008

ആറാം ഇന്ദ്രിയം

പതിവിലും കൂടുതല്‍ നേരം കണ്ണാടിയില്‍ നോക്കി നിന്ന ശേഷം അഞ്ജലി കോളെജില്‍ പോവാന്‍ ഇറങ്ങിയ വഴിയ്ക്ക് അമ്മയുടെ മുറിയിലേയ്ക്കു കയറി. വീട്ടില്‍ നിന്നും ഇറങ്ങുമ്പൊഴേ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വാതില്‍ കടന്നു വരുന്ന മകളെനോക്കി അമ്മ കണ്ണും മിഴിച്ച് കിടന്നു. അമ്മയുടെ കണ്ണുകള്‍ വാതില്‍ക്കല്‍ ആരെയും കാണാത്തതുപോലെ ദൂരേയ്ക്കു പോയി. കട്ടിലിന്റെ അരികിലെ കസാരയില്‍ ഇരുന്ന് അച്ഛന്‍ അവളെ നോക്കി പറഞ്ഞു. “അമ്മയ്ക്കു വയ്യ”.

അവള്‍ ഒന്നും പറഞ്ഞില്ല. കതകും ചാരി പുറത്തേയ്ക്കു നടന്നു. പുറത്തുനിന്നും ഫ്ലാറ്റിന്റെ വാതില്‍ പൂട്ടി. അവള്‍ പുറത്തിറങ്ങിയപ്പോള്‍ അമ്മ അച്ചന്റെ ഇടതുകൈത്തണ്ടയില്‍ മുറുക്കിപ്പിടിച്ചു. “പോവരുത്”.

അഞ്ജലി ഓട്ടോക്കാരനോട് നഗരത്തിലെ ഷോപ്പിങ്ങ് കോമ്പ്ലെക്സിനു മുന്നില്‍ ഇറക്കാന്‍ പറഞ്ഞു. കാശുകൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ രഘു ബൈക്കുമായി പറഞ്ഞ സ്ഥലത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കള്ളി ഷര്‍ട്ട് ഇടരുത്, അതവനു ചേരില്ല എന്ന് അവള്‍ പലതവണ പറഞ്ഞതാണ്. അലവലാതി, അവളെ ദേഷ്യം പിടിപ്പിക്കാന്‍ അതുതന്നെ ഇട്ടോണ്ടുവരും.

അമ്മ മച്ചില്‍ നോക്കി ഒന്നും കാണാത്തതുപോലെ കിടന്നു. മുറിയോ ചുമരുകളോ ഒന്നും അവര്‍ കാണുന്നില്ല എന്നു തോന്നി. അഞ്ജലിയുടെ അച്ചന്‍ ഫോണെടുത്ത് ഓഫീസില്‍ വിളിച്ചു.

“സര്‍‍, ശാന്തയ്ക്കു നല്ല സുഖമില്ല, എനിക്കിന്നു വരാന്‍ ബുദ്ധിമുട്ടുണ്ട്”.
“കുഴപ്പമില്ല, ആയിക്കോട്ടെ. (അല്പനേരത്തെ മൌനത്തിനു ശേഷം) ഒരു ഫ്രണ്ട്ലി അഡ്വൈസ് എന്നു കരുതൂ, മിസ്സിസ്സിനെ ആശുപത്രിയില്‍ ആക്കരുതോ?”.
“വയ്യ സര്‍, അതു ശരിയാവില്ല”
“ഒകെ, എല്ലാം പെട്ടെന്നു ശരിയാവട്ടെ”.

രഘു ബൈക്ക് ഏതോ ഇടവഴികളിലൂടെ ഓടിച്ചു. “വിനോദിന്റെ അച്ചനും അമ്മയും സ്ഥലത്തില്ല, വീട്ടിന്റെ താക്കോല്‍ തന്നുവിട്ടു. അവന്റെ അയലത്തുകാരും ഓഫീസില്‍ പോയിക്കാണും”. അവന്‍ തിരിഞ്ഞുനോക്കാതെ വണ്ടിയോടിച്ചു. ബൈക്കിനു പിന്നിലിരുന്ന് അവന്റെ മുഖം കാണാന്‍ കഴിഞ്ഞില്ലെങ്കിലും രഘു ചിരിക്കയാണെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.

അമ്മ അച്ചന്റെ കയ്യിലുള്ള പിടിമുറുക്കി. “ശാന്തേ, വിടൂ, വേദനിക്കുന്നു”. അമ്മ ഒന്നും മിണ്ടാതെ കിടന്നു.

കൂട്ടുകാരന്റെ വീട്ടിനു മുന്‍പില്‍ ബൈക്ക് പാര്‍ക്കു ചെയ്ത് ഗേറ്റ് തുറക്കുമ്പോള്‍ അയലത്തെ വീട്ടിലെ ടെറസ്സില്‍ നിന്നും തുണിവിരിച്ചുകൊണ്ടിരുന്ന സ്ത്രീ തന്നെ ഒരു വികാരങ്ങളുമില്ലാതെ നോക്കുന്നത് അഞ്ജലി ശ്രദ്ധിച്ചു. അവള്‍ക്ക് അമ്മയുടെ നോട്ടം പോലെ തോന്നി. വിശാലമായ വരാന്തയും മുകളിലേയ്ക്കു തേക്കിന്‍ തടിയില്‍ തീര്‍ത്ത കോണിപ്പടികളും ഉള്ള വീടായിരുന്നു അത്. മുകളിലത്തെ നിലയിലെ‍ വിനോദിന്റെ മുറിയില്‍ മെത്ത അലങ്കോലമായി കിടന്നിരുന്നു. തുണികള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരുന്നു. ചുമരില്‍ പല പോസുകളില്‍ നില്‍ക്കുന്ന പാശ്ചാത്യ സിനിമാനടികളുടെ വലിയ ചിത്രങ്ങള്‍ തൂക്കിയിരുന്നു. മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട് രഘു അവളെ ഉമ്മവെയ്ച്ചുതുടങ്ങി.

അമ്മ പതുക്കെ മൂളിത്തുടങ്ങി. മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ം. അച്ചന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു.
“ശാന്തേ, വിഷമിക്കാതെ, വിഷമിക്കാതെ”.

“എടീ നിന്റെ അരഞ്ഞാണം ആകെ കറപിടിച്ചല്ലോ. ഇതിന്റെ കുടുക്കെവിടെ”.
“ഓ എന്റെ രഘൂ“

അമ്മയുടെ കണ്ണുകളില്‍ വേദന കനത്തു. മൂളലിന്റെ ശബ്ദം കൂടിവന്നു. നഖങ്ങള്‍ മുറുകി അച്ചന്റെ കൈത്തണ്ടയില്‍ നിന്നും ചോര പൊടിഞ്ഞുതുടങ്ങി.
“ശാന്തേ, വിഷമിക്കാതെ, വിഷമിക്കാതെ, വിഷമിക്കാ‍തെ”.

“ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍”

വാതിലില്‍ ആരോ കോളിങ്ങ് ബെല്‍ അടിച്ചു.

“മി. മേനോന്‍, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. നിങ്ങള്‍ക്കു ഭാര്യയേ ഏതെങ്കിലും ആശുപത്രിയില്‍ ആക്കിക്കൂടേ? ഉറങ്ങുകയായിരുന്നു”.
“ആക്കാം”. അച്ചന്‍ നെറ്റിയിലെ വിയര്‍പ്പുതുടച്ചു.
“ശരി, വരട്ടെ”.

അഞ്ജലി തിരിച്ചുവന്നപ്പോള്‍ അമ്മ അടങ്ങിക്കിടന്നിരുന്നു. ഒന്നും അറിയാത്തതുപോലെ അമ്മ അവളെ നിഷ്കളങ്കമായി നോക്കി.
“മോളേ, അമ്മയെ നമുക്ക് ആശുപത്രിയിലാക്കിയാലോ.....”.

അവള്‍ ഒന്നും മിണ്ടാതെ അവളുടെ മുറിയിലേയ്ക്കു കയറിപ്പോയി.

Google