സിമിയുടെ ബ്ലോഗ്

2/01/2008

കാര്യങ്ങള്‍ കാണുന്നതുപോലെ അല്ല

മരുഭൂമിയുടെ നടുവിലുള്ള ഹൈവേയിലൂടെ ഡ്രൈവ് ചെയ്തുപോവുന്നത് രഘുവിനു വളരെ ഇഷ്ടമാണ്. ഇമ്പത്തില്‍ മൂളിക്കൊണ്ട് ഒഴുകുന്ന വണ്ടി. മിണ്ടാതിരിക്കുന്ന കൂട്ടുകാരന്‍. ഇരുവശത്തും കണ്ടുമുഷിഞ്ഞ മരുഭൂമി. സുഗമമായ കറുത്ത വഴിത്താര. വല്ലപ്പോഴും മാത്രം ഒന്നു മുന്നില്‍ത്തെളിഞ്ഞ് ഓടി പിന്നിലേയ്ക്കു മറയുന്ന വാഹനങ്ങള്‍. വലിയ ലോകം. അതില്‍ ചെറിയ വാഹനത്തില്‍ വേഗത്തിലൊഴുകുന്ന രണ്ടു മനുഷ്യര്‍. പട്ടുപോലെ മൌനം. ഇങ്ങനെയുള്ള യാത്രകളില്‍ ഡ്രൈവിങ്ങ് സ്വപ്നാടനമാണ്.

അലസമായി പ്രകൃതിയില്‍ ലയിച്ച് വണ്ടിയോടിക്കുമ്പൊഴായിരുന്നു വേഗമേറിയ പാതയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒരാള്‍ നടന്നുകയറിയത്. റോഡ് മുറിച്ചുകടക്കവേ അയാള്‍ വഴിയുടെ നടുക്കുനിന്ന് രഘുവിന്റെ വാഹനം കൈകാണിച്ചു നിറുത്താന്‍ നോക്കി. വണ്ടി ബ്രേക്ക് ചവിട്ടി വെട്ടിച്ച് അയാളെ പ്രാകി ചീത്തവിളിച്ചുകൊണ്ട് രഘു റിയര്‍ വ്യൂ മിററില്‍ നോക്കി. കറുത്ത കുറ്റിത്താടിയും പൊക്കമുള്ള മെലിഞ്ഞ ശരീരവും കുര്‍ത്ത-പൈജാമയും തലയിലെ ചുവന്നകെട്ടും ചെറുതായ് ചെറുതായ് ഒരു പൊട്ടായി മറഞ്ഞു‍. ഭ്രാന്തനാവാം. ഈ മരുഭൂമിയിലെ ചൂടില്‍ ആരും ഒരു ലിഫ്റ്റ് കൊടുക്കാതെ വലഞ്ഞ് ക്ഷമയറ്റ് വഴിയുടെ നടുവില്‍ കയറി നിന്നതാവാം. ജീവന്‍ രക്ഷപെട്ടത് അയാളുടെ ഭാഗ്യം. വണ്ടി തട്ടിയെങ്കില്‍ ഒരു കുഞ്ഞുപോലുമറിയാതെ താന്‍ നിറുത്താതെ ഓടിച്ചുപോയേനെ. ഈ വഴിയില്‍ വേഗത്തില്‍ വരുന്ന വണ്ടി ചവിട്ടിനിറുത്തി ആര്‍ക്കെങ്കിലും ലിഫ്റ്റ് കൊടുക്കുന്നത് അസാധ്യമാണ്. എങ്കിലും അയാള്‍ എങ്ങനെ ഈ മരുഭൂമിയുടെ നടുവില്‍ ഒറ്റപ്പെട്ടു? ഏതെങ്കിലും വാഹനം ബ്രേക്ക് ഡൌണ്‍ ആയതാവും. പക്ഷേ അങ്ങനെ വഴിയില്‍ ഒരു വാ‍ഹനവും കേടായി കിടന്നത് കണ്ടതുമില്ല. ഏതാനും നിമിഷങ്ങള്‍ക്കകം രഘു അയാളെ മറന്നു. കൂട്ടുകാരന്റെ വീട്ടിലെത്തി. ആഹാരം കഴിച്ചു. കുറച്ചുനേരം ടി.വി. കണ്ട് ഇരുന്നു. മൂന്നുമണിയോടെ പട്ടണത്തിലെ തന്റെ ഓഫീസിലേയ്ക്കുതിരിച്ചു. റേഡിയോ ഓണ്‍ ചെയ്ത് വാര്‍ത്ത കേട്ടുതുടങ്ങി. എന്തൊക്കെയോ വലിയ കാര്യങ്ങള്‍ നടക്കും എന്ന് രാഷ്ട്രീയക്കാര്‍ വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. കള്ളന്മാര്‍ ജനങ്ങളെ പറ്റിക്കുകയാണ്. അവര്‍ പറയുന്നതൊന്നും വിശ്വസിച്ചുകൂടാ. രഘു വണ്ടിയുടെ വേഗം കൂട്ടി. എതിര്‍ദിശയിലെ പാതയോരത്ത് തലപ്പാവൂരി വീശിക്കൊണ്ട് അയാള്‍ നില്‍ക്കുന്നു. നേരത്തേ അയാളെ കണ്ടതില്‍ പിന്നെ നാലോ അഞ്ചോ മണിക്കൂര്‍ ആയിക്കാണും. ഈ രാജ്യം അങ്ങനെയാണ്. ആരും ആരെയും സഹായിക്കില്ല. പ്രത്യേകിച്ചും പാവപ്പെട്ടവനെ. രഘു വണ്ടി നിറുത്തി. വണ്ടി കുറെ ദൂരം ഞരങ്ങിക്കൊണ്ട് മുന്‍പിലായി നിന്നു. അയാള്‍ കിതച്ചുകൊണ്ട് ഓടിവന്ന് വണ്ടിയില്‍ കയറി. വിയര്‍പ്പിന്റെ കട്ടിയുള്ള ഗന്ധം വണ്ടിയ്ക്കുള്ളില്‍ നിറഞ്ഞു.

നിങ്ങള്‍ ഇത്രനേരം എങ്ങനെ വെയിലത്തുനിന്നു? ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് അപകടമല്ലേ?
അതിനു ഞാന്‍ റോഡ് മുറിച്ചുകടന്നില്ലല്ലോ.
ഞാന്‍ നേരത്തേ നിങ്ങളെ കണ്ടത് റോഡിന്റെ എതിര്‍വശത്താണ്. ഞാന്‍ എതിര്‍ദിശയിലാണ് നേരത്തേ വണ്ടിയോടിച്ചിരുന്നത്.
നിങ്ങള്‍ക്കു തോന്നുന്നതാണ്. എതിര്‍ വശത്തല്ല. ഞാന്‍ നിന്നത് ഇവിടെത്തന്നെയാണ്.
എവിടെയാണ് നിങ്ങളെ ഇറക്കേണ്ടത്?
താങ്കളുടെ പേരെന്താണ്?
രഘു.
രഘു എവിടേയ്ക്കാണു പോവുന്നത്?
പട്ടണത്തിലെ ഇലക്ട്രിസിറ്റി ഓഫീസിലേയ്ക്ക്.
അതിനു നൂറുമീറ്റര്‍ മുന്‍പില്‍ ഇറക്കിയാല്‍ മതി. അവിടെയാണ് എന്റെ വീട്.
അവിടെ വീടില്ലല്ലോ. ഇലക്ട്രിസിറ്റി ഓഫീസിനു മുന്‍പ് ഒരു മൈതാനമാണ്.
രഘൂ, നിങ്ങള്‍ക്കു തോന്നുന്നതാണ്. അവിടെ വീടുണ്ട്.
ഇല്ല, അവിടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ പോവുന്ന സ്ഥലമാണ്. അവിടെ മൈതാനമാണ്. വീടില്ല.
രഘുവിനു കാണുന്ന കാര്യങ്ങളൊക്കെ ഉറപ്പുണ്ടോ?
ഉണ്ട്. എന്റെ കാഴ്ച്ചയ്ക്കൊരു കുഴപ്പവുമില്ല.
ഈ നീല റോഡ് എവിടെവരെ കാണാം.
നിങ്ങള്‍ കളിയാക്കുന്നോ? റോഡ് നീലയല്ല. കറുപ്പ്. കറുത്ത റോഡ്. കറുപ്പ്.
സുഹൃത്തേ, റോഡിനു നീലനിറമാണ്. സൂക്ഷിച്ചുനോക്കൂ. ഇളം നീലനിറം. സൂക്ഷിച്ചുനോക്കൂ. നോക്കു.
റോഡില്‍ സൂക്ഷിച്ചുനോക്കിയാല്‍ എനിക്കു വണ്ടിയോടിക്കാന്‍ പറ്റില്ല. റോഡിനു കറുപ്പുനിറമാണെടോ. താനെന്തൊരു മനുഷ്യനാണ്.
രഘുവിന്റെ വണ്ടിയുടെ നിറം എന്താണ്?
കാപ്പിപ്പൊടി
ചുവപ്പ്.
താങ്കള്‍ക്കു കളര്‍ ബ്ലൈന്‍ഡ്നസ് ഉണ്ടോ? നിറങ്ങള്‍ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നില്ലേ? അതോ ഉച്ചവെയിലില്‍ ഇത്രയും നേരം വഴികാത്തുനിന്നതിന്റെ പ്രശ്നമാണോ?
ഇല്ല, നേരേ നോക്കൂ. വഴിവക്കിലെ കെട്ടിടങ്ങള്‍ കണ്ടോ?
ഉവ്വ്, അംബരചുംബികള്‍
അവ നെട്ടനെയാണോ ചരിഞ്ഞിട്ടാണോ?
നെട്ടനെ. എന്തൊരു ചോദ്യമാണ്.
അല്ല, ഒന്നുകൂടി ശ്രദ്ധിച്ചുനോക്കൂ.
അല്പം ചരിഞ്ഞിട്ടാണ്. ഒരു നാലോ അഞ്ചോ ഡിഗ്രി.
രഘൂ, രഘുവിനു തോന്നുന്നതല്ലേ യാഥാര്‍ത്ഥ്യം. രഘുവിന്റെ കണ്ണുകള്‍ രഘുവിനെ പറ്റിക്കുന്നതാണെങ്കിലോ? റോഡിന്റെ നിറം നീ‍ലയാണെങ്കിലോ?
റോഡിന്റെ നിറം നീലയായാലും കറുപ്പായാലും എനിക്കെന്താ. നിങ്ങള്‍ക്ക് ബാക്കി ദൂരം ബസ്സില്‍ പോകാമോ?
ഇവിടെ ബസ്സുകിട്ടില്ല.
അതാ ഒരു ബസ്സു പോവുന്നു.
അത് ബസ്സല്ല, ലോറി. പെട്രോള്‍ കൊണ്ടുപോവുന്ന ലോറി.
തനിക്കെന്താണെടോ? ഇനിയും വട്ടുപറഞ്ഞാല്‍ ഞാന്‍ ഇറക്കിവിടും. അതൊരു ബസ്സാണ്.
രഘു, രഘുവിന്റെ വീട് രഘു എങ്ങനെയാണ് അറിയുന്നത്? രഘുവിനു ചോദ്യം മനസിലാവുന്നോ?
എന്റെ വീട് ഞാന്‍ കാണുന്നു, തൊടുന്നു, അനുഭവിക്കുന്നു.
നിങ്ങളുടെ കാഴ്ച്ചയും സ്പര്‍ശവും നിങ്ങളെ പറ്റിക്കുന്നതാണെങ്കിലോ? വീട് ഇല്ല എന്നു വിചാരിച്ചെങ്കിലോ?
അങ്ങനെയാണെങ്കില്‍ നടന്നുചെന്ന് മതിലിലിടിച്ച് നിലത്തുവീഴും.
നിങ്ങളുടെ ശരീരവും നിങ്ങളെ പറ്റിക്കുന്നതാണെങ്കിലോ?
എവിടെയെങ്കിലും ഇടിക്കണ്ടേ? പറ്റിക്കാത്തതായി എന്തെങ്കിലും വേണ്ടേ?
രഘു, നിങ്ങളുടെ അനുഭവങ്ങള്‍ നിങ്ങളെ പറ്റിക്കുകയാണെങ്കിലോ?
എന്റെ അനുഭവങ്ങളാണ് മിസ്റ്റര്‍ ഞാന്‍. എന്റെ ഇന്ദ്രിയങ്ങള്‍ സംവേദനം ചെയ്തില്ലെങ്കില്‍ ഞാനില്ല. അഞ്ച് ഇന്ദ്രിയങ്ങളില്‍ക്കൂടി അറിയാത്തതൊന്നും ഞാന്‍ അറിയുന്നില്ല, അനുഭവിക്കുന്നില്ല.
ശരി, രഘു ഉണ്ട്. നമുക്കീ ചിന്തയേ മാറ്റാം. രഘു ഒരു നല്ല മനുഷ്യനാണോ?
ആ, ആര്‍ക്കറിയാം. നല്ലതും ചീത്തയും ഒന്നും അല്ല. വെയിലത്തുനിന്ന നിങ്ങള്‍ക്കു ഞാന്‍ ലിഫ്റ്റ് തന്നില്ലേ? ഞാന്‍ അല്പം നല്ലതാവും. ഇനിയും മനുഷ്യനെ വട്ടുപിടിപ്പിച്ചാല്‍ നിങ്ങളെ ഇവിടെ ഇറക്കിവിടുമ്പോള്‍ അല്പം ചീത്തയും ആവും. ഞാന്‍ നന്നോ ചീത്തയോ എന്ന് മറ്റുള്ളവരാണ് പറയേണ്ടത്. ഞാനല്ല.
രഘുവിനെ മറ്റുള്ളവര്‍ അനുഭവിക്കുകയാണല്ലേ. അവരുടെ അനുഭവം വെച്ചല്ലേ രഘു നല്ലതോ ചീത്തയോ എന്നു പറയുന്നത്?
അതെ.
ചിലര്‍ക്കു രഘു നല്ലതും ചിലര്‍ക്ക് ചീത്തയും അല്ലേ?
അതെ.
ഓരോരുത്തര്‍ക്കും അവര്‍ കാണുന്ന രഘുവിന്റെ അല്ലേ അറിയാവുന്നത്?
അതെ. പക്ഷേ ഞാന്‍ അറിയുന്ന ഞാനും ഉണ്ട്. യഥാര്‍ത്ഥ ഞാന്‍.
രഘുവിനു രഘുവിനെ അറിയാമോ?
കുറെയൊക്കെ
രഘു സ്വയം അറിയുന്ന രഘുവും മറ്റുള്ളവര്‍ അറിയുന്ന രഘുവിനെപ്പോലെ ആപേക്ഷികമാണ്. മനസിലാവുന്നുണ്ടോ?
ഇതൊക്കെ അറിഞ്ഞിട്ട് ഞാനെന്തുചെയ്യാനാണ്?
രഘൂ, അറിവുകള്‍ ആപേക്ഷികമാണ്. കാഴ്ച്ചയും കേള്‍വിയും ആപേക്ഷികമാണ്. രഘുവിന് എന്തു പാട്ടാ ഇഷ്ടം?
ശാസ്ത്രീയസംഗീതം
ഒരു ഉദാഹരണം തരാം. യേശുദാസിന്റെ പേരെഴുതിയ ഒരു കാസറ്റും അതിലും നല്ല ശബ്ദത്തില്‍ പാടിയ പേരില്ലാത്ത ഒരാളുടെ കാസറ്റും കേട്ടാല്‍ ചിലപ്പോള്‍ രഘുവിന് യേശുദാസിന്റെ ശബ്ദം തന്നെയാവും ഇഷ്ടപ്പെടുക.
ആവാം.
യേശുദാസ് നല്ലതാണെന്ന ചിന്ത രഘുവിനെ പറ്റിക്കുകയാണ്. ശ്രവണസുഘവും ആപേക്ഷികമാണ്.

തലമുടി നീട്ടിവളര്‍ത്തിയ ഒരു ഹിപ്പിയുടെ പിന്‍ഭാഗം കണ്ടാല്‍ രഘുവിനു അത് ഒരു സ്ത്രീയാണെന്നു വിചാരിച്ചു കാമം തോന്നും. മീശയും താടിയും വളര്‍ന്ന മുന്‍ഭാഗം കാണുമ്പോള്‍ കാമം പോവുകയും ചെയ്യും. ശരിയല്ലേ
അതെ, തോന്നാം.
രഘു, നിങ്ങള്‍ നിങ്ങളെത്തന്നെ പറ്റിക്കുകയാണ്. റോഡ് നോക്കൂ. നീലയല്ലേ?
ഞാന്‍ എങ്ങനെ അറിയാന്‍. ഞാന്‍ കറുപ്പെന്നു വിളിക്കുന്ന നിറം നിങ്ങള്‍ നീലയെന്നു വിളിക്കുന്നതായിക്കൂടേ?
രഘൂ, നമ്മള്‍ രണ്ടും ഒരേ ലോകത്തെ രണ്ടായി കാണുന്നതായിക്കൂടേ?
നിറുത്തൂ, എന്റെ തല ചൂടാവുന്നു.
രഘൂ ആകാശത്തിന്റെ നിറമെന്താണ്.
ചുവപ്പ്
രഘൂ വഴിവക്കിലെ ചെടികളുടെ നിറമെന്താണ്
വഴിവക്കില്‍ ചെടികളില്ല. ഇതു മരുഭൂമിയാണ്.
ഉണ്ട്. നോക്കൂ, ചെടികളുടെ നിറമെന്താണ്?
പച്ച, കടും പച്ച. ഈന്തപ്പനകള്‍.
രഘൂ, നീയിപ്പോള്‍ എന്റെ കാഴ്ച്ച കണ്ടുതുടങ്ങുന്നു.
ഇല്ല, നിങ്ങള്‍ എന്നെ പറ്റിക്കുകയാണ്. നിങ്ങള്‍ നീല എന്നു വിളിക്കുന്ന നിറം എന്റെ കറുപ്പ് ആയിക്കൂടേ? ആരാണ് ഇതു നീലയോ കറുപ്പോ എന്നു നിശ്ചയിക്കുന്നത്?
ഭൂരിപക്ഷം. അവര്‍ പറയുന്നതാണു സത്യം. ഭൂരിപക്ഷത്തിന്റെ കറുപ്പാണു കറുപ്പ്.
ഇല്ല, ഞാന്‍ ജനിച്ചപ്പോള്‍ തട്ടിവീണ തറ സത്യമാണ്. ഞാന്‍ പിച്ചവെയ്ച്ചപ്പോള്‍ പിടിച്ചുനടന്ന ചുവരുകള്‍ സത്യമാണ്. വണ്ടിയിടിച്ചപ്പോള്‍ എന്റെ കാലൊടിഞ്ഞത് സത്യമാണ്. ഉമ്മവെയ്ച്ചപ്പോള്‍ അവളുടെ ചുണ്ടുമുറിഞ്ഞത് സത്യമാണ്. ഇതൊന്നും ഭൂരിപക്ഷത്തിന്റെ സത്യങ്ങളല്ല. ഇതൊന്നും ആപേക്ഷികമല്ല. ആരും എന്നെ പഠിപ്പിച്ചതല്ല.
ഒക്കെ രഘുവിന് തോന്നുന്നതായിക്കൂടേ? വീട്ടിലേയ്ക്ക് ഇനി എത്ര ദൂരമുണ്ട്?
ഇരുപതു മിനിട്ടും കൂടെ
ഇല്ല, രഘൂ, വീടെത്തി. നോക്കൂ ആ വളവിനപ്പുറം നിങ്ങളുടെ വീട്.
വീടെത്തി. ഇതെന്താ ഹിപ്നോട്ടിസമാണോ?
രഘൂ ഇതു നോക്കൂ. എന്റെ വീട്. നിങ്ങള്‍ പറഞ്ഞ മൈതാനത്തില്‍ എന്റെ വീട്.
മൈതാനമല്ല, വീടുതന്നെ, സമ്മതിച്ചു. ഇതൊരു ബംഗ്ലാവാണല്ലോ.
വണ്ടി നിറുത്താമോ?
ഇത്രയും വലിയ ബംഗ്ലാവെങ്ങനെ ഇവിടെ? ഒരു കൊട്ടാരത്തിന്റെ നീളമുണ്ടല്ലോ ഇതിനു.
ഇറങ്ങൂ.
ഇല്ല, എനിക്കു പോണം.
ഇതാരൊക്കെയാ വന്നതെന്നു നോക്കൂ.
വീട്ടിനുള്ളില്‍ നിന്നും ഒരു ജനക്കൂട്ടം പുറത്തുവന്നു. പല മുഖങ്ങള്‍. ഇടയ്ക്ക് വലിയ നീലക്കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ മാത്രം രഘു ശ്രദ്ധിച്ചു. ബാക്കി മുഖങ്ങളൊന്നും ഓര്‍മ്മയില്‍ നിന്നില്ല.
കൂട്ടുകാരേ, ഇത് രവി.
രവിയല്ല, രഘു. എന്റെ പേര് രഘുവെന്നാണ്.
സാരമല്ല, രവിയ്ക്ക് ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. നമ്മുടെ കൂടെ കൂട്ടിയാലോ?
രവി ഞങ്ങളോടൊത്തു വരുന്നോ?
ഇല്ല, എനിക്കു പോണം. കാറില്‍ പെട്രോള്‍ തീരാറായി.
കാറോ, ഏതു കാറ്? അതൊരു സിമന്റ് ബെഞ്ചാണ്.
രഘു ഓടി കാറിനുള്ളില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. കാര്‍ സ്റ്റാര്‍ട്ട് ആവുന്നില്ല.
രവീ‍, ആ ബെഞ്ചില്‍ തണുപ്പാണ്. ഞങ്ങളോടൊപ്പം വരുന്നോ?
കൊട്ടാരത്തിനകത്തേയ്ക്ക് ഞാനില്ല. ഞാന്‍ നടന്നു പോവും. എനിക്കെന്റെ വീട്ടില്‍ പോണം.
രവീ, ഞങ്ങളുടെ ലോകം വലുതാണ്, നിന്റെ ലോകം ചെറുതാണ്, ഞങ്ങളുടെ നീലാകാശം വലുതാണ്. നിന്റെ വെളുത്ത ആകാശം ചെറുതാണ്. നീ ഞങ്ങളോടൊപ്പം വരൂ.
ഇല്ല, ഞാന്‍ വരില്ല. ഞാന്‍ അകത്തുകയറുമ്പോള്‍ നിങ്ങള്‍ കൊട്ടാരത്തിന്റെ താഴുകള്‍ പൂട്ടും. കൊട്ടാരത്തിന്റെ താഴുകള്‍ നിങ്ങള്‍ പൂട്ടിയാല്‍ എനിക്കു പുറത്തുവരാന്‍ പറ്റില്ല.
രവീ, കൊട്ടാരത്തിന്റെ താഴുകള്‍ ഞങ്ങള്‍ പൂട്ടും. അതിനുമുന്‍പു നീ വരുന്നോ? ഇനി രാത്രിയാണ്. കടും പച്ച രാത്രി. അവസാനത്തെ ചോദ്യമാണ്. നീ വരുന്നോ?
ഇല്ല ഇല്ല.

ജനക്കൂട്ടം കൊട്ടാരത്തിനു അകത്തുകടന്നു കതകുപൂട്ടുന്നത് രഘു കണ്ടു. അവരോടൊത്തുപോവാന്‍ കഴിഞ്ഞില്ലല്ലോ എന്ന കടുത്ത നിരാശാബോധം രഘുവിനെ ഗ്രസിച്ചു. രഘു തിരിഞ്ഞുനോക്കിയപ്പോള്‍ പിറകിലും കൊട്ടാരത്തിന്റെ മതിലുകളായിരുന്നു. പിന്നിലേയ്ക്ക് തിരിഞ്ഞ് പുറത്തേയ്ക്കോടിയ രഘുവിന്റെ കണ്മുന്‍പില്‍ മതില്‍ വളഞ്ഞു. താഴിട്ടുപൂട്ടിയ ചുവരിലെ വാതിലിനുപുറത്ത് ഒരു ജനാവലി നടന്നുമറഞ്ഞു. വൃത്തത്തില്‍ വളഞ്ഞ മതിലിനുള്ളില്‍ ഒരു വാതില്‍ തിരക്കി രഘു ഏറെനേരം വട്ടത്തിലോടിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പൊഴോ കടും ചുവപ്പ് രാത്രിവന്നു. പുറത്തേയ്ക്കോ അകത്തേയ്ക്കോ പോകാന്‍ ഒരു മാര്‍ഗ്ഗവും കാണാതെ രവി തളര്‍ന്ന് സിമന്റുബെഞ്ചില്‍ വീണുറങ്ങി.

18 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ഹെന്റമ്മേ...

Sethunath UN said...

ഇതിനാണോ ഈ വിഭ്രമാത്മ‌കത വിഭ്രമാത്മ‌കത എന്നൊക്കെ പറയുന്നത്. ഇയ്യോ!
സിമി. ഇഷ്ട‌പ്പെട്ടു

കുഞ്ഞായി | kunjai said...

:)

ശ്രീനാഥ്‌ | അഹം said...

not so bad...

:-)

Sandeep PM said...

കുറച്ച്‌ കൂടി ചുരുക്കിയിരുന്നെങ്കില്‍ ഇതിലും മനോഹരമായേനെ.ഇപ്പൊള്‍ മോശം എന്നല്ല പറഞ്ഞത്‌

siva // ശിവ said...

Simi..I like this post (STORY)...Thanks a lot....

Anonymous said...

സിമി കഥ നന്നായി. ആ ചോദ്യാവലി നീളം ഇത്രയായിപ്പൊയിരുന്നില്ലെങ്കില്‍ കഥക്ക് പിരിമുറുക്കം കിട്ടിയേനെ. രഘുവിന്റെ മാനസികവസ്ഥയെക്കുറിച്ച് ആംബിവലന്‍സ് ഉണ്ടാക്കുന്ന തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ കഥയുടെ പോയിന്റഡ്നെസ്സ് കുറച്ചു എന്ന് തോന്നുന്നു. (ഇക്കാര്യം നേരത്തെ സൂചിപ്പിച്ചതാണ്) ഇത് എന്റെ അഭിപ്രായം.

un said...

ഇല്യൂഷന്‍? പെര്‍സെപ് ഷന്‍? :)
കഥ ഇഷ്ടമായി.

ശ്രീവല്ലഭന്‍. said...

സിമി,
കഥ ഇഷ്ടപ്പെട്ടു.

ദിലീപ് വിശ്വനാഥ് said...

അയ്യോऽ എനിക്കു വട്ടായി.
സിമി, ആര്‍ യൂ ഓക്കേ?

ധ്വനി | Dhwani said...

വളരെ നന്നായിരിയ്ക്കുന്നു. ഭാവനയില്‍ കണ്ട് ചിതറിയ വിചാരങ്ങളെ ഇങ്ങനെ അടുക്കി വയ്ക്കാന്‍ കഴിയുന്നത് വലിയ കഴിവാണു. പാറപ്പുറത്തിന്റെ അരനാഴിക നേരം ഓര്‍മ്മ വന്നു. മനോജ് നൈറ്റ് ന്റെ സിക്സ്ത് സെന്‍സും.

vadavosky said...

നന്നായി. ഗുപ്തന്‍ പറഞ്ഞതുപോലെ ചോദ്യങ്ങള്‍ കുറയ്ക്കാമായിരുന്നു എന്ന് തോന്നുന്നു. പിന്നെ 'ഇതെന്താ
ഹിപ്നോട്ടിസമാണോ' എന്ന ചോദ്യം വേണ്ടിയിരുന്നില്ല

Sanal Kumar Sasidharan said...

ഭൂരിപക്ഷം. അവര്‍ പറയുന്നതാണു സത്യം. ഭൂരിപക്ഷത്തിന്റെ കറുപ്പാണു കറുപ്പ്.
ഇല്ല, ഞാന്‍ ജനിച്ചപ്പോള്‍ തട്ടിവീണ തറ സത്യമാണ്. ഞാന്‍ പിച്ചവെയ്ച്ചപ്പോള്‍ പിടിച്ചുനടന്ന ചുവരുകള്‍ സത്യമാണ്. വണ്ടിയിടിച്ചപ്പോള്‍ എന്റെ കാലൊടിഞ്ഞത് സത്യമാണ്. ഉമ്മവെയ്ച്ചപ്പോള്‍ അവളുടെ ചുണ്ടുമുറിഞ്ഞത് സത്യമാണ്. ഇതൊന്നും ഭൂരിപക്ഷത്തിന്റെ സത്യങ്ങളല്ല.

ഈ വരികള്‍ കഥയുടെ ലായനിയില്‍ അലിയാതെ കിടക്കുന്ന അതിന്റെ തന്നെ ആത്മാവാണ്.ഇത് വായനക്കാരന്‍ കണ്ടെത്തേണ്ടതാണ് എഴുത്തുകാരന്‍ വിളമ്പിക്കൊടുക്കേണ്ടതല്ല.ആ വരികളും അതുമായി ബന്ധപ്പെട്ട വാക്കുകളും ഇല്ലായിരുന്നെങ്കില്‍ എന്നു കൊതിച്ചുപോയി.അത്രക്ക് ഇഷ്ടമായി

ഡാലി said...

എനീക്കീ കഥ ഒട്ടും ഇഷ്ടായില്ല സിമി. കഥയേക്കാളുപരി ആപേക്ഷികതയെ കുറിച്ച് ഒരു ലക്ചര്‍ ആയി തോന്നി.
ഇതിനു മുന്‍പു എഴുതിയ രണ്ട് കുഞ്ഞി കഥകളും ഷാര്‍പ്പായിരുന്നു.

ഡാലി said...

തിരുത്ത്, കുഞ്ഞികഥകള്‍: മുരുകനും, മാജിക്കല്‍ റിയലിസവും

സജീവ് കടവനാട് said...

സിമി, സത്യത്തില്‍ ഞാന്‍ കാണുന്ന നിറങ്ങള്‍ ഞാന്‍ കാണുന്ന നിറത്തില്‍ തന്നെയാണോ മറ്റുള്ളവര്‍ കാണുന്നത് എന്നത് എന്റെ ഒരു സംശയമായിരുന്നു. മറ്റുള്ളവരുടെ പച്ചയെ ഞാന്‍ ചുവപ്പായി കണ്ടു. പച്ചയെന്നെന്നെ പഠിപ്പിച്ചതുകൊണ്ടുമാത്രം ഞാന്‍ പച്ചയെന്ന് അതിനെ വ്വിളിക്കുന്നു. എനിക്ക് സംശയമുണ്ടെങ്കിലും.

സജീവ് കടവനാട് said...

:)

sree said...

എഡ്വെര്‍ട് ആല്‍ബിയുടെ zoo story ഓര്‍മ്മിപ്പിച്ചു.
ലക്ഷ്യം മാത്രം മുന്നില് കണ്ട് അമ്പെയ്യുന്ന ഒരു പ്രവണത കാണുന്നു കഥകളില്. അത് വേണൊ..? [ചിലപ്പോള്‍ ഉന്നം പിടിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ വേണ്ടി വരാം]

Google