സിമിയുടെ ബ്ലോഗ്

2/06/2008

ചുംബനം

ഉമേഷ് കല്യാണത്തിന്റെ തലേ ദിവസം കാറുമെടുത്ത് പഴയ കാമുകിയെ കാണാന്‍ പോയി. അവളുടെ സ്വന്തക്കാരെ വകവയ്ക്കാതെ പാലായിലെ വീട്ടില്‍ കയറിച്ചെന്നു. അവള്‍ ഒറ്റയ്ക്കായിരുന്നു. അവളെ മറക്കാന്‍ പറ്റില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കെട്ടുന്നു എന്നും കരഞ്ഞു. അവള്‍ കരഞ്ഞില്ല. മറന്നേക്കാന്‍ പറഞ്ഞു. ഇനി കാണരുതെന്നു പറഞ്ഞു. ഇറങ്ങിപ്പോവാന്‍ പറഞ്ഞു. ഉമേഷ് അവളില്ലാതെ ജീവിക്കാന്‍ വയ്യെന്നു പറഞ്ഞു. അവള്‍ അല്പം അലിഞ്ഞു. വീട്ടുകാര്‍ വരും എന്നു പറഞ്ഞു. ഉമേഷ് അവസാനമായി ഒരു ചുംബനം വേണമെന്ന് വാശിപിടിച്ചു. അവള്‍ തട്ടിമാറ്റി. പിടിയില്‍ നിന്നും കുതറിമാറി. ചുണ്ടുകളില്‍ നിന്നും മുഖം തിരിച്ചു. ഒടുവില്‍ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ കവിളില്‍ പതുക്കെ ഒരുമ്മകൊടുത്തു. പ്രണയത്തിന്റെ അവസാനത്തെ ഉമ്മ ആയതുകൊണ്ടാവണം, കവിള്‍ പൊള്ളിയതെന്ന് ഉമേഷ് വിചാരിച്ചു. രാവിലെ ഉണര്‍ന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കവിളില്‍ ഒരു കറുത്ത പാട്. കുളിച്ച് ആഹാരം കഴിക്കാന്‍ പോവുമ്പൊഴും പാടു മാറിയില്ല. എന്തായാലും കല്യാണത്തിനു മേക്കപ്പ് ഇടുന്നയാള്‍ സമര്‍ത്ഥമായി ക്രീം പുരട്ടി ആ പാട് മറച്ചു.

ആദ്യരാത്രിയില്‍ ഭാര്യ ഈ പാടുകാണാതിരിക്കാന്‍ ഉമേഷ് കുറച്ചൊന്നുമല്ല പാടുപെട്ടത്. കിടപ്പറയില്‍ കയറിയ ഉടനെ ലൈറ്റ് അണച്ചിട്ടും ഇരുട്ടത്ത് കവിളില്‍ ചുംബിക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ ഈ പാടിന്റെ അടുത്തെത്തി ഒന്ന് അറച്ചുനിന്നു. അവള്‍ ഒന്നും ചോദിച്ചില്ല. രണ്ടാം ദിവസം രാവിലെ ശരീരത്തില്‍ മറ്റു പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കവിളില്‍ ഈ കറുത്ത പാടു മാത്രം.

എന്നും അട്ടിയില്‍ ക്രീം ഇട്ട് പാടുകള്‍ മറയ്ക്കാന്‍ പ്രയാസമാണ്. ഉമേഷ് ഒരു ത്വക് രോഗ വിദഗ്ധനെ കാണാന്‍ പോയി. അയാള്‍ പാടില്‍ നിന്നും അല്പം തൊലി ചുരണ്ടിയെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഒരുപിടി ഗുളികകളും പുരട്ടാന്‍ ക്രീമും കൊടുത്തു. രണ്ട് ആഴ്ച്ച മരുന്നുകഴിച്ചതിനു മുടിപൊഴിച്ചിലും വയറുവേദനയുമായിരുന്നു മെച്ചം. പാട് പൂര്‍വ്വാധികം വലിപ്പത്തില്‍ കറുത്തുകിടന്നു.

നഗരത്തിലെ പ്രശസ്തരായ ത്വക് രോഗ വിദഗ്ധര്‍ക്ക് ഈ പാടുമാറ്റാന്‍ പറ്റിയില്ല. സത്യത്തില്‍ വടു അത്ര അവലക്ഷണം ആയിരുന്നില്ല. വെറുതേ മനസ്സില്‍ ഒരു കുത്തല്‍. ഒരു വാശി. ഒരു പ്ലാസ്റ്റിക് സര്‍ജന്റെ അടുത്തുപോയി. ഡോക്ടര്‍ സ്കാന്‍ ചെയ്തു നോക്കി. പാട് വളരെ ആഴത്തിലുള്ളതാണ്, മാറ്റാന്‍ കഴിയില്ല എന്നുപറഞ്ഞു. ഉപരിപ്ലവമായ കാര്യങ്ങളേ മറയ്ക്കാന്‍ കഴിയൂ എന്ന്. ജീവിതത്തില്‍ ഒട്ടും നിനയ്ക്കാത്ത കാര്യങ്ങളാണ് മനുഷ്യനെ വിശാദരോഗിയാക്കുന്നതെന്ന് ഉമേഷിനു മനസിലായി. ആശയറ്റ ഒരു നിമിഷത്തിലായിരുന്നു ഭാര്യയുടെ ചുണ്ടിലെ ഒരു പാട് അവള്‍ എന്തോ ക്രീം പുരട്ടി മറയ്ക്കുന്നത് കണ്ടത്.

അവളോട് ഈ പാടുമാറ്റിത്തരണം എന്നുപറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല. പെട്ടിതുറന്ന് രണ്ട് ക്രീമുകള്‍ പുറത്തെടുത്തു. അതില്‍ തുപ്പി വിരല്‍കൊണ്ട് ഇളക്കി യോജിപ്പിച്ച് ഉമേഷിനു കൊടുത്തു. മൂന്നുദിവസം മാംസാഹാരം കഴിക്കരുതെന്നു പറഞ്ഞു. മൂന്നുദിവസം കൊണ്ട് പാട് അശേഷം മാറി. ഉമേഷിന്റെ മുഖം തെളിയേണ്ടതാണ്. പക്ഷേ തെളിഞ്ഞില്ല.

“ഈ പാട് എങ്ങനെ വന്നു എന്ന് നിനക്കറിയണ്ടേ?”
“വേണ്ട”
“ഇല്ല, നീ അറിയണം, നീയാണെന്റെ പാടുമാറ്റിയത്. എനിക്കിതു നിന്നോടു പറഞ്ഞേ മതിയാവൂ”.
“എനിക്കൊരാഗ്രഹവുമില്ല, ദയവുചെയ്ത് പറയരുത്”.

അവളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഉമേഷ് പഴയ കാമുകിയുടെ കാര്യം പറഞ്ഞു. കല്യാണത്തലേന്ന് അവളെ കാണാന്‍ പോയതു പറഞ്ഞു. കത്തുന്ന ചുംബനം പറഞ്ഞുകരഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ല. എല്ലാം പറഞ്ഞ് വികാരങ്ങളൊഴിഞ്ഞ് തളര്‍ന്നുറങ്ങുന്ന ഉമേഷിന്റെ കവിളില്‍ പതിയെ ഒരു മുത്തം കൊടുത്തു.

ഉമേഷ് രാവിലെ ഉണര്‍ന്നപ്പോള്‍ ഭാര്യയോ ഭാര്യയുടെ ബാഗുകളോ ഇല്ലായിരുന്നു. കവിളില്‍ രണ്ട് ചുണ്ടുകളുടെ ചുംബനമറുക് മായാതെ ചുവന്നുകിടന്നു.

22 comments:

പോങ്ങുമ്മൂടന്‍ said...

സിമി,
നന്നായിരിക്കുന്നു.

സതീര്‍ത്ഥ്യന്‍ said...

അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് ഒരു ബാക്കിപത്രം...
കൊള്ളാം..

സുല്‍ |Sul said...

ഭാര്യയോട് ഇക്കാര്യം പറയാന്‍ പോയ അവനെ തല്ലികൊല്ലണം :) ഇതു കേള്‍ക്കുമ്പോള്‍ അവള്‍ എന്തു കൊണ്ടും സന്തോഷിക്കാന്‍ വഴിയില്ല. സന്തോഷമില്ലാത്ത ഒരു കാര്യം എന്തിനു പറയണം? പോങ്ങന്‍.

സിമി നന്നായിരിക്കുന്നു. നീ ആരോടും ഒന്നും പറയേണ്ട കേട്ടൊ.
-സുല്‍

akberbooks said...

കള്ളി, ഒളിച്ചിരിക്കുന്ന അര്‍ത്ഥങ്ങള്‍ ഇല്ലേ? വലിച്ചുനീട്ടലുകള്‍ ഒഴിവാക്കുക.

അഗ്രജന്‍ said...

ഉമേഷുമാരാവാതിരിക്കുന്നവരത്രേ ഉന്മേഷവാന്മാര്‍...

ശാലിനി said...

സിമി,
അവന്റെ ഹൃദയത്തോളം ആഴമുണ്ടായിരുന്ന ആ പാടുണക്കാന്‍ അവള്‍ക്കായെങ്കില്‍ അവള്‍ക്കും അത്തരം ഒരു മുറിവുണ്ടായിരുന്നിരിക്കണമല്ലോ?

മാഞ്ഞുപോയിരുന്ന അവളിലെ ആ പാടിനെ അവന്‍ വീണ്ടുമുണര്‍ത്തി.
കഥ നന്നായ് എന്നു പറയുന്നതിലര്‍ത്ഥമില്ലെന്നറിയാം.
എന്തുമാത്രം കഥകളാ സിമി.. അഭിനന്ദനങ്ങള്‍. എല്ലാം വായിക്കാറുണ്ട്. കമന്റെഴുതാനുള്ള വിവരം ഇല്ലാത്തതുകൊണ്ട് വായിച്ചുപോകാറേയുള്ളൂ.

sivakumar ശിവകുമാര്‍ said...

good.....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സിമി സതീര്‍ത്ഥ്യന്‍ പറഞ്ഞപോലെ
അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് ഒരു ബാക്കിപത്രം...
കൊള്ളാം..നന്നായിരിക്കുന്നൂ/

സാക്ഷരന്‍ said...

ഉമ്മവെക്കരുതെന്നു സാരം …
:)

Simy Chacko said...

ഓരോ പെടാപാടുകളേ ....

നന്നായിരിക്കുന്നു സിമി ...

~*GuptaN*~ said...

ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടെന്താ മാജിക്ക് മാജിക്ക് അല്ലാതാവുമോ? ;)

നജൂസ്‌ said...

നന്നായിരിക്കുന്നു സിമി

നന്മകള്‍

വിനയന്‍ said...

“ കിടിലന്‍”.............
...........................

മന്‍സുര്‍ said...

സിമി...

കൊള്ളാം......ശൈലികള്‍ മാറുന്നു
അഴകേറുന്നു......

പിന്നെ..വിവരണത്തിന്റെ...നീളം..അല്പ്പമെന്നു ഒഴിവാക്കാം...എന്ന്‌ തോന്നി..തോന്നല്‍ മാത്രം


നന്‍മകള്‍ നേരുന്നു

വാല്‍മീകി said...

മുടിപൊഴിച്ചിലും വയറുവേദനയുമായിരുന്നു മെച്ചം.

മിച്ചം എന്നു തിരുത്തുക.

കഥ കൊള്ളാം സിമി.

കാപ്പിലാന്‍ said...

good

ധ്വനി said...

ഇങ്ങനൊരു കഥാതന്തുവും കഥയുടെ പോക്കും അത്ഭുതപ്പെടുത്തി! എന്തോ ഒരു ഭാരം മനസ്സില്‍ വന്നു പോയി! നല്ലതാണു.

നിരക്ഷരന്‍ said...

:)

രുദ്ര said...

കഥ നന്നായി.. :)

പിന്നെ പേജ് നന്നായിന്ന് പറഞ്ഞത് ചേര്‍ക്കാന്‍ വേണ്ടിയല്ല.. അബദ്ധം കാണിക്കരുത്.. ബൈപോളാര്‍ ഡിസോഡര്‍ ഉള്ളതാ.. എപ്പോ ഡിലീറ്റുംന്ന് പോലും അറിഞ്ഞൂട.. സോ എഴുതിതെളിഞ്ഞ് സ്റ്റേബിള്‍ ആയവരെ ചേര്‍ക്കൂ.. വിസിറ്റ് ചെയ്താ കൊള്ളാലോന്ന് തോന്നണം.. അല്ലാതെ കഥയുടെ അഗ്രിഗേറ്റര്‍ വേണ്ട.. :)

കിനാവ് said...

മാജിക്കല്‍ റിയലിസക്കാരാ ഒഴുക്ക് കുറഞ്ഞു.ഭാഷയിയില്‍.

ഏ.ആര്‍. നജീം said...

സിമി..
നന്നായിരിക്കുന്നു.... ഒതുക്കത്തില്‍ എഴുതിയിരിക്കുന്ന നല്ല കഥ

Siji said...

മകനെ, നീ കഥയെഴുത്ത്‌ കാര്‍ക്ക്‌ ഒരു അപമാനമാണ്‌. ആഴ്ച്ചതോറും പോസ്റ്റുകള്‍ അതും നല്ലത്‌. അതും കുശുമ്പുപിടിപ്പിക്കുന്നവ. ആരെടാ അവിടെ ഇവനെ ഇവിടെ നിന്നു പുറത്താക്കൂ
കാവല്‍ക്കാര്‍ - പറ്റില്ല മഹാരാജന്‍ .കുശുമ്പെടുത്ത്‌ ചൊറി മാന്തികുത്തിയിരിക്കൂ..

Google