സിമിയുടെ ബ്ലോഗ്

2/11/2008

മിണ്ടാപ്പെണ്ണ്.

ഉദ്യോഗസ്ഥനായ അച്ഛന്‍ (മനോജ്)‍, അമ്മ (ലക്ഷ്മി), ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ (ശാലിനി - ശാലു). ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകന്‍ (ഉമേഷ്). (കുടുംബ പശ്ചാത്തലം). ഇങ്ങനെ ഒരു കുടുംബത്തെ വിശേഷിപ്പിക്കേണ്ട കാര്യമുണ്ടോ?. വെറുതേ ഇത്തരം ഒരു കുടുംബം ഒന്ന് ആലോചിക്കൂ. താങ്കള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു ചിത്രം കിട്ടിക്കാണും. മോളുടെ കൊച്ചുകൊച്ച് സംശയങ്ങള്‍. അമ്മയും അച്ഛനും തമ്മിലുള്ള കൊച്ചുകൊച്ചു പിണക്കങ്ങള്‍. വീട്ടിലെ ചെറിയ സന്തോഷങ്ങള്‍, ചെറിയ ദു:ഖങ്ങള്‍. കഷ്ടപ്പാടുകള്‍. പൊട്ടിച്ചിരികള്‍. ജോലിയിലെ പ്രശ്നങ്ങള്‍. ഇതിനെക്കുറിച്ചൊക്കെ എന്തെഴുതാനാണ്? ഒരു കഥ എഴുതുമ്പോള്‍ അതില്‍ അസാധാരണമായി എന്തെങ്കിലും വേണം. അസാധാരണമായി നടന്ന സംഭവം പറയാം.

(ക്ഷമിക്കൂ, ഒരുപാട് എഴുതാന്‍ വയ്യ. കഴിയുന്നതും നിങ്ങള്‍ കഥ സങ്കല്‍പ്പിക്കൂ. അവരുടെ മുറ്റം, പൂച്ചെടികള്‍, അടുക്കള, കുട്ടികളുടെ പഠിത്തം, അങ്ങനെയങ്ങനെ. പറയാന്‍ വിട്ടുപോയി - കഥ ശാലിനിയെ ചുറ്റിപ്പറ്റിയാണ്. അവളെക്കുറിച്ചും സങ്കല്‍പ്പിക്കൂ. അവളുടെ കൂട്ടുകാര്‍, അവള്‍ ഓടിനടക്കുന്നത്, സ്വപ്നങ്ങള്‍, റിബണ്‍, മയില്‍പ്പീലി, മഞ്ചാടിക്കുരു, എന്തെങ്കിലുമൊക്കെ).














(പാരഗ്രാഫുകള്‍ തമ്മില്‍ ഇത്രയും സ്ഥലമിട്ടത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനായിട്ടാണ്).

രാത്രിയില്‍ മനോജ് ലക്ഷ്മിയെ കെട്ടിപ്പിടിച്ചുകിടന്ന് ഉറങ്ങുമ്പോള്‍ ലക്ഷ്മി ഏതോ സ്വപ്നത്തില്‍ ഞെട്ടി ഉറക്കമെണീറ്റു തിരിഞ്ഞുകിടന്നു. അവള്‍ തിരിഞ്ഞപ്പോള്‍ മനോജ് ഇന്ദൂ എന്നുവിളിച്ച് അവളെ വീണ്ടും കെട്ടിപ്പിടിച്ചുകിടന്നുറങ്ങി. ലക്ഷ്മി ഒരുപാടു കരഞ്ഞു. അവള്‍ രാത്രി ഉറങ്ങിയില്ല. രാവിലെ ചുവന്ന് പോളകെട്ടിയ കണ്ണുകളുമാ‍യി കരയുന്ന അമ്മയെ കണ്ടിട്ടാണ് ശാലു ഉറക്കമുണര്‍ന്നത്. അല്പം കഴിഞ്ഞപ്പോള്‍ മനോജും ലക്ഷ്മിയും തമ്മില്‍ പൊട്ടിത്തെറികള്‍, കരച്ചില്‍, പാത്രങ്ങളെടുത്ത് എറിയല്‍. മകന്റെ (ഉമേഷിന്റെ) ഒച്ച. തിടുക്കത്തില്‍ വസ്ത്രങ്ങള്‍ പെട്ടിയില്‍ നിറച്ച് മക്കളെയും പിടിച്ച് വീടുവിട്ടിറങ്ങുന്ന ലക്ഷ്മി. നഗരത്തില്‍ നിന്നും ഗ്രാമത്തിലേയ്ക്ക്. പിന്നില്‍ പോവല്ലേ എന്നുവിളിക്കുന്ന മനോജ്. ബസ്സ് യാത്ര. കരച്ചില്‍. ഓട്ടോ. ഗ്രാമത്തിലെ വീട്. നാട്ടുകാരുടെ അന്വേഷണങ്ങള്‍. വൈകിട്ട് മനോജ് വരുന്നു. മാപ്പുപറഞ്ഞ് വിളിച്ചുകൊണ്ടുപോവുന്നു. കരച്ചില്‍ അടങ്ങുന്നു. വീണ്ടും സാധാരണ കുടുംബം.

നിങ്ങള്‍ അന്നാ കരീനിന വായിച്ചിട്ടുണ്ടോ? Happy families are all alike; every unhappy family is unhappy in its own way. ഇങ്ങനെയാണ് നോവലിലെ ആദ്യവരി. ടോള്‍സ്റ്റോയ് അവിടെ നിക്കട്ടെ. ശാലിനി പിറ്റേന്ന് സ്കൂളില്‍ അധികമൊന്നും മിണ്ടിയില്ല. വീട്ടിലെ പ്രശ്നങ്ങളാവാം. കൂട്ടുകാരിയായ നികിത ചോദിച്ചപ്പോള്‍ അവള്‍ എന്തൊക്കെയോ പറഞ്ഞു. കൊച്ചു കുഞ്ഞുങ്ങളല്ലേ. വീട്ടില്‍ എന്താണ് പ്രശ്നങ്ങള്‍ എന്ന് അവര്‍ക്കു മനസിലാവില്ല. അച്ചനും അമ്മയും തമ്മില്‍ കൂട്ടില്ലാ എന്നേ മനസിലാവൂ. എന്തൊക്കെയായാലും ഇതൊക്കെ അവരുടെ മനസ്സിലും പ്രതിഫലിക്കും. വേദന കാണും. മുറിവുകള്‍ ഉണ്ടാവും. പക്ഷേ നികിത പിറ്റേ ദിവസം സ്കൂള്‍ മാറിപ്പോയി. ചേട്ടന്‍ സൈക്കിളില്‍ നിന്നും വീണ് കാലുമുറിഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയി തുന്നല്‍ ഇടേണ്ടിവന്നു. അമ്മയും അച്ചനും രാത്രി പിന്നെയും വഴക്കായി.

ശാലിനിയ്ക്ക് ഇഷ്ടമുള്ള ടീച്ചര്‍ സ്കൂള്‍ മാറിപ്പോയി.

ശനിയാഴ്ച്ച രാവിലെ ലക്ഷ്മി ഉണര്‍ന്ന് എടീ നീ പല്ലുതേച്ചോ എന്നു ചോദിച്ചപ്പോള്‍ ശാലിനി തലകുലുക്കി.

മനോജ് പത്രം എടുത്തുകൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ അവള്‍ മിണ്ടാതെ പത്രം എടുത്തോണ്ടുവന്നു.

ഉമേഷ് കളിക്കാന്‍ വിളിച്ചപ്പോള്‍ മിണ്ടാതെ കളിക്കാന്‍ പോയി.

മോളേ വാ തുറന്ന് എന്തെങ്കിലും പറയ് എന്ന് അച്ചനും അമ്മയും പറഞ്ഞപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല.

ചുരുക്കത്തില്‍ അന്നത്തെ ദിവസം മുതല്‍ ശാലിനി മിണ്ടാതെയായി. അച്ചനും അമ്മയും എന്തെങ്കിലും പറയാന്‍ ഒരുപാട് നിര്‍ബന്ധിച്ചു. മനോജ് ഒരുപാട് കളിയാക്കി. ഇക്കിളിയിട്ട് ചിരിപ്പിക്കാന്‍ നോക്കി. ഓര്‍ക്കാപ്പുറത്ത് ചോദ്യങ്ങള്‍ ചോദിച്ച് മിണ്ടിക്കാന്‍ നോക്കി. പാട്ടുപാടാന്‍ പറഞ്ഞു. എന്തെങ്കിലും ഒന്നു പറ എന്നു പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോള്‍ മോളേ എന്നു വിളിച്ചുനോക്കി. ഒന്നിനും അവള്‍ മിണ്ടുന്നില്ല. ആംഗ്യങ്ങള്‍ മാത്രം.

ഇതിനിടയില്‍ ശാലിനിയുടെ മാതാപിതാക്കള്‍ തമ്മില്‍ വളരെ അകന്നുകഴിഞ്ഞിരുന്നു. ഒരു ദിവസം ശാലിനി വീട്ടില്‍ വന്നുകയറിയപ്പോള്‍ ഒരു കൊമ്പന്മീശക്കാരന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. അച്ഛനും ചേട്ടനും ആ സമയത്ത് വീട്ടിലില്ലായിരുന്നു.

അതെ, അവര്‍ ഒരു ഡോക്ടറിന്റെ അടുത്തും കൊണ്ടുപോയി. കുട്ടികളുടെ മന:ശാസ്ത്ര പ്രശ്നങ്ങള്‍ നോക്കുന്ന ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറിന്റെ അടുത്ത്. ഡോക്ടറും കുറെ ശ്രമിച്ചുനോക്കി. അവള്‍ മിണ്ടിയില്ല. സ്കൂളിലെ കുട്ടികള്‍ അവളെ എന്തെങ്കിലും മിണ്ടിക്കാന്‍ ഒരുപാട് ശ്രമിച്ചു. അവളെ ചിരിപ്പിക്കാന്‍ നോക്കി, കളിയാക്കി, ഇക്കിളിയാക്കി, ദേഷ്യപ്പെട്ടു, ചീത്തവിളിച്ചു, ഉപദ്രവിച്ചു. എന്നിട്ടും ചിലപ്പോള്‍ സ്കൂള്‍ മാറ്റിയാല്‍ ശരിയാവും എന്നുവിചാരിച്ച് അവളെ മറ്റൊരു സ്കൂളിലേയ്ക്കു മാറ്റി.

പുതിയ സ്കൂളില്‍ ചേര്‍ത്തിട്ടും കാര്യങ്ങള്‍ കൂടുതല്‍ വഷളായതേ ഉള്ളൂ. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ ഒരു കുട്ടി മാത്രം ഊമയായി ഇരിക്കുന്നതില്‍ ഉള്ള പന്തികേട് ഹെഡ് മാസ്റ്റര്‍ ശാലിനിയുടെ മാതാപിതാക്കളെ അറിയിച്ചു. അവളെ ആ സ്കൂളില്‍ പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇങ്ങനെയുള്ള തകരാറുകളുള്ള കുട്ടികള്‍ക്കായി ഉള്ള പ്രത്യേക വിദ്യാലയത്തില്‍ ചേര്‍ക്കണം എന്നും പറഞ്ഞു. അടുത്തുള്ള ബധിരവിദ്യാലയത്തിന്റെ മേല്‍‌വിലാസവും കൊടുത്തു. ശാലിനിയുടെ മാതാപിതാക്കള്‍ ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും അവളെ അവിടെ തുടര്‍ന്നുപഠിയ്ക്കാന്‍ സമ്മതിച്ചില്ല.

ഇതിനു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ശാലിനിയുടെ മാതാപിതാക്കള്‍ തമ്മില്‍ പിരിഞ്ഞു.

---

പ്രിയപ്പെട്ട വായനക്കാരാ,

നിങ്ങള്‍ ശാലിനി പിന്നീട് അസാധാരണമായ ഏതോ സന്ദര്‍ഭത്തില്‍ മിണ്ടി എന്നു വിചാരിച്ചെങ്കില്‍ ക്ഷമിക്കൂ. അനിവാര്യമായ ആ ക്ലൈമാക്സ് ഈ കഥയില്‍ ഇല്ല. ശാലിനി അവളുടെ ജീവിതകാലത്ത് പിന്നെ മിണ്ടിയില്ല. അവളെ മിണ്ടിയ്ക്കാന്‍ പലരും ശ്രമിച്ചു എങ്കിലും അവള്‍ പിന്നെ ഒരിക്കലും മിണ്ടിയില്ല. ഊമയായ ഒരു പെണ്‍കുട്ടിയുടെ സാധാരണ ജീവിതം നയിച്ച് അവള്‍ സാധാരണപോലെ (വണ്ടിയിടിച്ചോ ട്രെയിനില്‍ നിന്നു വീണോ രോഗം വന്നോ വാര്‍ദ്ധക്യത്തിലോ) മരിച്ചുപോയി. ഇത്തരം ഒരു അന്ത്യം വായനക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിലോ നിങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തെങ്കിലോ ഞാന്‍ ഖേദിക്കുന്നു.

കഥയില്‍ ഒരു ക്ലൈമാക്സ് അനിവാര്യമാണെന്ന് എനിക്കറിയാം. എങ്കിലും വീട്ടിലെ പ്രശ്നങ്ങള്‍ കൊണ്ടാണ് ശാലിനി മിണ്ടാതെയായത്, വീട്ടിലെ പ്രശ്നങ്ങള്‍ തീര്‍ന്നില്ല, അതുകൊണ്ട് അവള്‍ മിണ്ടിയില്ല എന്നു നമുക്കിതിനെ ലളിതവത്കരിച്ച് ആശ്വസിക്കാം. (വീട്ടിലെ പ്രശ്നങ്ങള്‍ കൊണ്ടാണ് ശാലിനി മിണ്ടാതെയായതെന്ന് ഞാന്‍ കഥയില്‍ പറഞ്ഞിട്ടില്ല). കഥയില്‍ ക്ലൈമാക്സ് വേണമെങ്കിലും ജീവിതത്തില്‍ ഇതേ നിയമങ്ങള്‍ വരുന്നില്ലല്ലോ എന്നും ആശ്വസിക്കാം. ഈ കഥയില്‍ ഒരു വലിയ ഗുണപാഠം ഉണ്ടെന്നും വേണമെങ്കില്‍ വിചാരിക്കാം. ഇതിനെ ആധുനികം എന്നോ അത്യന്താധുനികം എന്നോ വിളിക്കാം. കമന്റിടാം. എന്തായാലും നിങ്ങള്‍ എന്തുവിചാരിച്ചാലും എന്തു പറഞ്ഞാലും ശാലിനി ഒന്നും മിണ്ടിയില്ല.

17 comments:

റോഷ്|RosH said...

പൊളിച്ചു സഖാവേ.....പൊളിച്ചു.....
എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ????
സമ്മതിക്കണം കെട്ടാ.....

റോഷ്|RosH said...

ഒരു കാര്യം ചോദിക്കാന് വിട്ടുപോയി...
അസൂയയക്കും കഷണ്ടിക്കും പുതുതായിട്ടെന്തെങ്കിലും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ???
പ്രത്യേകിച്ച്,, മതിലിനപ്പുറത്തുള്ളവനെ കാണുംബോള് ഇപ്പുറത്ത് നില്ക്കുന്നവനുണ്ടാകുന്ന അസൂയക്ക്????

Siji vyloppilly said...

എനിക്കുവയ്യ..ആ പാരഗ്രാഫുകള്‍ക്കിടയിലുള്ള സങ്കല്‍പ്പത്തുരുത്തില്ലെ അതില്ലെങ്കില്‍ ഈ കഥ ഇത്ര നന്നാവുമായിരുന്നില്ല. :(

ബിന്ദു said...

എനിക്കു ശാലിനിയെ മിണ്ടിക്കണം, പറ്റുമോ കഥാകൃത്തിന്‌? :)

ഗുപ്തന്‍ said...

തുടക്കം വളരെ പുതുമയുള്ളതായിരുന്നു... അവസാനം എങ്ങനെയോ ആ പുതുമയോട് കഥാകാരനു തന്നെ പൊരുത്തപ്പെടാന്‍ പറ്റിയില എന്ന് തോന്നി.

Pongummoodan said...

സിമി, താങ്കളുടെ കഥകളെല്ലാം തന്നെ എനിക്ക്‌ വലിയ ഇഷ്ടമാണ്‌. അതുപോലെ ഇതും.

vadavosky said...

പരീക്ഷണം, പരീക്ഷണം.
നിങ്ങള്‌ ആള്‍ക്കാരെ വശക്കേടാക്കും. നന്നായി.

Unknown said...

ഹയ്യോആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

നിലാവര്‍ നിസ said...

മിണ്ടാപ്പെണ്ണിന്‍ ഒരു ഭാഷ്യം കൂടി.. നന്നായിട്ടുണ്ട്.. ശാലിനിയെ നന്നായറിയുന്ന പോലെ..

പ്രയാസി said...

സങ്കല്‍പ്പിക്കാനുള്ള ഗ്യാപ്പ് കൊറഞ്ഞ് പോയീഈഈഈഈ..;)

കനല്‍ said...

മിക്കവാറും എല്ലാ കഥകളിലും ഒന്നോ അതിലധികമോ കഥാപാത്രം ഉണ്ടാവും അസാധാരാണമായ ഈ സംഭവത്തിന് കാരണക്കാരായവര്‍. അവരെ നമ്മള്‍ ചിലപ്പോള്‍ വില്ലന്‍ എന്ന് വിളിക്കാം .ശാലിനിയുടെ ദുര്യോഗത്തിന് കാരണക്കാര്‍ മാതാപിതാക്കന്മാരായ വില്ലന്‍ ആണ് എന്ന് കരുതി വായന മുന്നേറുമ്പോള്‍ . അവസാനം വായനക്കാരന്‍ വില്ലന്‍ എന്ന് തോന്നിയതുപോലെ.
പുതുമയുണ്ട് ഇതിന്. കലക്കീ...

Anonymous said...

കഥ സിമിയുടേതാവുമ്പോള്‍ അതിനന്ത്യത്തില്‍ ശാലിനി മിണ്ടിയെങ്കിലാണ് അത്ഭുതം,മുന്‍പത്തെ സിമിയുടെ കഥകളെല്ലാം വായിച്ചിട്ടുണ്ടെങ്കില്‍.

ശാലിനി വായിലാക്കുന്നിലമ്മയാവും അന്ത്യത്തില്‍ എന്ന് ഞാന്‍ കരുതി.

ദിലീപ് വിശ്വനാഥ് said...

ആ പെങ്കൊച്ച് മിണ്ടിയില്ലെങ്കില്‍ ഇപ്പോള്‍ എന്തു ചെയ്യാന്‍ പറ്റും? ഞാന്‍ എന്തെങ്കിലും സംസാരിച്ചു നോക്കണോ?

Pramod.KM said...

ഒന്നും മിണ്ടുന്നില്ല ഞാനും:)

sree said...

ഇത് ആ പഴയ സൂത്രം അല്ലെ? കുട്ടികളെ പറ്റിക്കുന്ന..?”എന്നിട്ട്, എന്നിട്ട് എന്നു ചോദിച്ചാ സൂചി കിട്ട്വോ?...ഛെ ന്ന് പറഞ്ഞാല്‍ സൂചി കിട്ട്വോ?...ഒന്നു പൊ ന്ന് പറഞ്ഞാല്‍ സൂചി കിട്ട്വോ?” കൊള്ളാം അപ്പൊള്‍ അത്യാധുനികം, ഉത്തരാധുനികം എന്നൊക്കെ പറേണത് ഇതൊക്കെ തന്നേയ്ന്നും..? [ ഒരു സംശയം...ഭാവന ഇല്ലാത്ത പാവങ്ങള്‍ എന്നാ ചെയ്യും?]

Roby said...

ഇനിഞാനെന്തു മിണ്ടാന്‍...:)

അനീഷ് രവീന്ദ്രൻ said...

ക്ഷമിക്കൂ, ഒരുപാട് എഴുതാന്‍ വയ്യ. കഴിയുന്നതും നിങ്ങള്‍ കഥ സങ്കല്‍പ്പിക്കൂ...?

സ്പേസ് വിട്ടത് നിങ്ങൾക്ക് കഥ സങ്കൽ‌പ്പിക്കുവാൻ വേണ്ടിയാണ്!!?

കഥാകാരന്റെ പരാജയമോ അതോ വായനക്കാരന്റെയോ?

രാജാവിന് തുണിയില്ല എന്നു പറയാനുള്ള കുട്ടിക്കു ധൈര്യമല്ല മറിച്ച് അറിവില്ലായ്മയായിരുന്നു. അതിന്റെ വെളിച്ചത്തിൽ പറയട്ടെ.താങ്കളുടെ കഥകളിലെ വരികളിൽ, അക്ഷരങ്ങളുടെ അകത്തും പുറത്തും തിരിഞ്ഞും മറിഞ്ഞും ട്രപ്പീസ് പഠിച്ചതല്ലാതെ എനിക്കൊന്നും മനസ്സിലായില്ല.

എന്റെ പരാജയം ഞാൻ സമ്മതിക്കുന്നു. താങ്കൾ ഇനി വിശിഷ്ട വസ്ത്രം ധരിച്ച് ഘോഷയാത്ര നടത്തുമ്പോൾ കാണാൻ വരാതിരിക്കാൻ ശ്രമിക്കാം.

ഓ.ടി: ഇംഗ്ലീഷിൽ എഴുതാത്തത് വളരെ നന്നായി. അല്ലെങ്കിൽ എനിക്കു പകരം ഏതെങ്കിൽ ഡോക്ടർ ഈ കമന്റ് എഴുതിയേനെ.
















(പാരഗ്രാഫുകള്‍ തമ്മില്‍ ഇത്രയും സ്ഥലമിട്ടത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനായിട്ടാണ്).

Google