സിമിയുടെ ബ്ലോഗ്

2/14/2008

സ്വപ്നം പോലെ ഒരു ജീവിതം

ഒരിടത്തൊരിടത്ത് ഒരാളുണ്ടായിരുന്നു. അയാളുടെ പേര് പ്രമോദ് എന്നായിരുന്നു. അയാളുടെ ജീവിതം വളരെ ഏകാന്തവും വിരസവുമായിരുന്നു. കയ്യില്‍ പണമുണ്ടായിരുന്നെങ്കിലും അയാളുടെ ജീവിതത്തില്‍ സന്തോഷങ്ങളൊന്നും ഇല്ലായിരുന്നു.

ഒരു ദിവസം അയാള്‍ ജോലി രാജിവെച്ചു. ഫ്രിഡ്ജില്‍ ഒരു മാസത്തേയ്ക്കുള്ള ആഹാരസാധനങ്ങള്‍ നിറച്ചുവെയ്ച്ചു. പിറ്റേ ദിവസം അയാള്‍ പതിനാറു മണിക്കൂര്‍ ഉറങ്ങി.

ഉറക്കം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ നല്ല ഒരു സ്വപ്നം കണ്ടു. നിറയെ ആപ്പിള്‍ മരങ്ങളുള്ള ഒരു താഴ്വരയിലായിരുന്നു അയാള്‍. സ്വപ്നത്തില്‍ അയാളുടെ പേര് ദേവന്‍ എന്നായിരുന്നു. വളരെ സ്നേഹമുള്ള അച്ഛനും അമ്മയുമായി സുന്ദരനായ ദേവന്‍ നീലമലയുടെ താഴെ ഒരു പുല്‍ക്കുടിലിലായിരുന്നു താമസിച്ചിരുന്നത്. അയാള്‍ മലയുടെ മുകളില്‍ വരെ ചെമ്മരിയാട്ടിന്‍‌‌കൂട്ടത്തെ മേയ്ച്ചുകൊണ്ടുപോയി. മലമുകളില്‍ നല്ല തണുപ്പായിരുന്നു. വെള്ളി അരഞ്ഞാണം പോലെ ഒഴുകുന്ന മലഞ്ചോലയില്‍ കൈയും മുഖവും കഴുകി ദേവന്‍ അവിടിരുന്ന് ഒരു മൂളിപ്പാട്ടുപാടി. ഇതുകേട്ട് ഇടയന്മാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിവന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത കഥകള്‍ അവര്‍ അയാള്‍ക്ക് പറഞ്ഞുകൊടുത്തു. പത്തോ പന്ത്രണ്ടോ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ പിരിഞ്ഞു. അപ്പൊഴേയ്ക്കും പ്രമോദ് ഉറക്കമുണര്‍ന്നു.

നമ്മളെല്ലാരും സ്വപ്നങ്ങള്‍ ഉറക്കമുണരുമ്പോള്‍ മറന്നുപോവില്ലേ? പക്ഷേ പ്രമോദ് ഈ സ്വപ്നം മറന്നില്ല. പ്രമോദിന് വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് ആഹാരവും കഴിച്ച് സ്വപ്നവും ഓര്‍ത്തുകൊണ്ട് കിടന്നു. പ്രമോദ് ഉറങ്ങിപ്പോയി.

ഉറങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പൊഴേയ്ക്കും പ്രമോദ് വീണ്ടും സ്വപ്നം കണ്ടു. അതേ സ്വപ്നം. സ്വപ്നത്തില്‍ ദേവന്‍ ആടുമേയ്ക്കാന്‍ പോയത് അരികിലുള്ള മറ്റൊരു മലയിലേയ്ക്കായിരുന്നു. കൂട്ടുകാരുമായി കളിച്ചും ചിരിച്ചും കുറെ നേരം ഇരുന്നപ്പോള്‍ സ്വപ്നം തീര്‍ന്നു. പ്രമോദ് കണ്ണും തിരുമ്മി എണീറ്റ് കുറെ നേരം സ്വപ്നവും ആലോചിച്ച് മെത്തയില്‍ തന്നെ കിടന്നു. ഒരേ സ്വപ്നം രണ്ടു രാത്രികളില്‍ വരുന്നത് അത്ര സാധാരണമല്ല.

അടുത്ത ഒന്നുരണ്ട് ആഴ്ച്ച ഇതേ സ്വപ്നം ആയിരുന്നു. പതിനാറു മണിക്കൂര്‍ ഉറക്കം. അതില്‍ പതിനഞ്ചു മണിക്കൂറും ഒരേ സ്വപ്നം. ഉറക്കം ഉണരുമ്പൊഴും താന്‍ ദേവനാണെന്ന തോന്നല്‍. ആടുകള്‍ എവിടെ എന്ന തിരയല്‍. വീണ്ടും മുറിയുടെ പൊടിപിടിച്ച മച്ചും കഴുകാത്ത പാത്രങ്ങളും കാണുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് തിരിച്ചുവരവ്.

രണ്ട് ആഴ്ച്ചകള്‍ക്കു ശേഷം വിവരങ്ങള്‍ അന്വേഷിക്കാന്‍ ഓഫീസിലെ സെക്രട്ടറിയായ പ്രീതി വിളിച്ചു. പ്രമോദ് വളരെ ചിന്താകുലനായിരുന്നു. പ്രീതി ചുഴിഞ്ഞു ചോദിച്ചപ്പോള്‍ പ്രമോദ് തിരിച്ചു ചോദിച്ചു. പ്രീതീ, നമ്മളൊക്കെ ഒരു സ്വപ്നമാണോ? പ്രീതി എന്നെ ഫോണ്‍ ചെയ്യുന്നത് ഞാന്‍ സ്വപ്നം കാണുന്നതാണോ? അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് “ഈ പ്രമോദിന്റെ ഒരു കാര്യം“ എന്നു പറഞ്ഞു. പ്രീതി ഫോണ്‍ വെച്ചു. പ്രമോദ് വീണ്ടും കിടന്നുറങ്ങി.

സ്വപ്നത്തില്‍ ദേവന്‍ ആടുകളെ മേയ്ച്ചു ക്ഷീണിച്ച് അരുവിയുടെ കരയില്‍ ഇരുന്ന് മധുരമായി പാടിയിട്ടും അന്ന് കൂട്ടുകാരാരും വന്നില്ല. പിറകില്‍ എന്തോ ഒരനക്കം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ദേവദാരു മരത്തില്‍ മറഞ്ഞ് ഒരു സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. അവന്‍ നോക്കുന്നതുകണ്ട് അവള്‍ പൊട്ടിച്ചിരിച്ച് ഓടിപ്പോയി. അവള്‍ ചിരിക്കുന്ന ശബ്ദവും നദിയുടെ ശബ്ദവും ഒരേപോലെയായിരുന്നു.

പിറ്റേ ദിവസവും സ്വപ്നത്തില്‍ ഇതേ പെണ്‍കുട്ടി വന്നു. അതിസുന്ദരിയായ ഒരു ദേവതയെപ്പോലെയായിരുന്നു അവളുടെ മുഖവും രൂപവും. അല്പനേരം ഒന്നും മിണ്ടാതിരുന്ന് അവള്‍ പൊടുന്നനെ ചോദിച്ചു. ദേവന്‍ സ്വപ്നം കാണാറുണ്ടോ?

അപ്പൊഴാണ് ദേവന്‍ സ്വപ്നങ്ങളെക്കുറിച്ച് ആലോചിച്ചത്. അവന്‍ പറഞ്ഞു: ഉവ്വ്. ഉറങ്ങുന്ന ഒരു മനുഷ്യനെ സ്വപ്നം കാണാറുണ്ട്. പൊടിപിടിച്ച മച്ചും കഴുകാത്ത പാത്രങ്ങളുമുള്ള ഒരു അടഞ്ഞ മുറിയില്‍ ഒറ്റമെത്തയില്‍ കിടന്ന് ഉറങ്ങുന്ന ഒരു മനുഷ്യനെ സ്വപ്നം കാണാറുണ്ട്. അവള്‍ ചിരിച്ചു. അവളുമായി സംസാരിച്ചിരിക്കുമ്പോള്‍ അലിഞ്ഞുപോവുന്നതുപോലെ തോന്നി. അതിനിടയ്ക്കെവിടെയോ പ്രമോദ് ഉറക്കമുണര്‍ന്നു. കണ്ടതൊക്കെ സ്വപ്നമാണെന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

ഈ സ്വപ്നം കാണല്‍ പ്രമോദിന് ഒരു ഹരമായി. പ്രമോദിന്റെ ഉറക്കത്തിന്റെ നീളം കൂടിവന്നു. സ്വപ്നത്തില്‍ ഈ പെണ്‍കുട്ടിയെ ദേവനു വളരെ ഇഷ്ടമായിത്തുടങ്ങി. സന്തോഷത്തോടെ സംസാരിച്ചിരിക്കുമ്പൊഴും ഇടയ്ക്കിടെ ദേവന്റെ കണ്ണുകള്‍ പതറുന്നതെന്താ എന്ന് അവള്‍ ചോദിച്ചു. ഇരുണ്ട മുറിയില്‍ കിടന്നുറങ്ങുന്ന ഒരാളെ സ്വപ്നം കണ്ടത് ഓര്‍ക്കുമ്പോള്‍ നടുങ്ങുന്നു എന്ന് ദേവന്‍ പറഞ്ഞു. അവള്‍ വിഷാദമധുരമായി പുഞ്ചിരിച്ചു. പതുക്കെ ദേവന്റെ കൈകള്‍ അവളുടെ കൈകളിലെടുത്തു. ഇനി ആ സ്വപ്നം കാണണ്ടാ,അതുമറന്നേക്കൂ എന്നുപറഞ്ഞ് ദേവന്റെ ചുണ്ടുകളില്‍ ചുംബിച്ചു.

ദേവനും ദേവതയും താഴ്വാരത്ത് സന്തോഷത്തോടെ ഒരുപാടുനാള്‍ ജീവിച്ചു.

21 comments:

വയനാടന്‍ said...

ആ ദേവത പ്രീതിയാണോ സഖാവെ???

സജീവ് കടവനാട് said...

സിമി നസ്രേത്തിന് എഴുതാന്‍ ഇഷ്ടം പോലെ വിഷയങ്ങള്‍, ബൂലോകത്തിന്റെ ഭാഗ്യം, നല്ല ശൈലിയിലെഴുതിയ കഥകളും നിരവധി. പിന്നെയെന്തിനാണ് ഈ ഒരിടത്തൊരിടത്ത് ശൈലി ഇടക്കിടെ ഉപയോഗിക്കുന്നത്. കുറച്ച് സമയമെടുത്താണെങ്കിലും ശൈലിമെച്ചപ്പെടുത്തി എഴുതൂ സുഹൃത്തേ.

സ്നേഹപൂര്‍വ്വം സജി..

സജീവ് കടവനാട് said...

:):):)

R. said...

ചുവാന്‍സുവിന്റെ പൂമ്പാറ്റയോ?

simy nazareth said...

രജീഷേ, ചുവാന്‍സു ആരാ? ഗൂഗ്ലില്‍ തിരഞ്ഞിട്ടു കിട്ടുന്നില്ല.

വേറെ ഒരു കഥ പറഞ്ഞുതരാം.

രവി മരിക്കാന്‍ കിടക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു. മനോഹരമായ മറ്റൊരു ലോകത്തെത്തുന്ന സ്വപ്നം. സുന്ദരികളും സുന്ദരന്മാരും രവിയെ ചിരിച്ചുകൊണ്ട് ആനയിച്ചു. ആ ലോകത്തില്‍ രവിയുടെ മുഖവും ശരീരവും യൌവനത്തിലേതും സുന്ദരവുമായിരുന്നു. രവി അവരോടു പറഞ്ഞു: “ഞാന്‍ മരിച്ചുപോയല്ലോ, അവരൊക്കെ ഇപ്പോള്‍ കരയുകയായിരിക്കും”.

ഒരു സുന്ദരി പറഞ്ഞു: “ഏയ്, അതൊരു സ്വപ്നമായിരുന്നു. നീണ്ടതും തീക്ഷ്ണവുമായ ഒരു സ്വപ്നം. ഒക്കെ മറന്നേക്കൂ. പുതിയ സ്വപ്നങ്ങള്‍ കാണൂ”.

Anonymous said...

കിനാ‍വേ പയ്യന്‍സ് ഈസോപ്പിനു പഠിക്കുവല്ലേ..

നല്ല കഥ സിമി. ഏകാന്തത മനുഷ്യനെ പല ലോകങ്ങളിലും എത്തിക്കുന്നു. പക്ഷെ എല്ലാ ലോകങ്ങളിലും ദേവതമാരില്ല.

നിരക്ഷരൻ said...

:)

റോഷ്|RosH said...

സ്വപ്നത്തില് പ്രമോദായി മാറി 'ഉറക്കം' തുടരുംബോളും ദേവനെന്ന 'അസ്തിത്വം' ഓറ്ത്തിരിക്കാന് കഴിയുന്ന അയാള് എന്തു ഭാഗ്യവാനാണ്???





(പിന്നെ ഒരു സംശയം...
ഹേയ് കഥയെക്കുറിച്ചല്ല കേട്ടോ...
unicode-ല് ചില്ലക്ഷരങ്ങള് എഴുതുന്നതെങ്ങനെയാണ്???
keyboard-ല് തലങ്ങും വിലങ്ങും തേരോട്ടം നടത്തിയിട്ടും ഒരു രക്ഷയുമില്ല...:(
അതുകൊണ്ടാണീ ഔചിത്യമില്ലാത്ത ആവശ്യം....
ദയാനിധിയായ ഏതെങ്കിലും ഒറു സിമ്മം(പുലി ഇപ്പോ old fashion!)ഇവിടെ പോസ്റ്റിയാല് മതി:http://paanooran.blogspot.com/ thanx in advance!!)

Pramod.KM said...

ഈ പ്രമോദിന്റെ ഒരു കാര്യം:)
നല്ല കഥ സിമി:)

സജീവ് കടവനാട് said...

മനൂ, ഇവിടെ (ബ്ലോഗില്‍) ആരും ആരേയും താരാട്ടുപാടി ഉറക്കേണ്ടതൊന്നുമില്ല. പ്രതിഭയുള്ളവര്‍ അതിനോട് നീതിപുലര്‍ത്തണമെന്നു മാത്രം. മറ്റു കലാപരിപാടികള്‍ക്ക് ഞങ്ങളൊക്കെയില്ലേ. ശശി പോലുള്ള കലാപരിപാടിയല്ല കേട്ടോ ഉദ്ദേശിച്ചത്. അത് രസമാണ് തുടരുകയും വേണം. കഥയെഴുതുമ്പോള്‍ കഥയെഴുതുക. അത്രമാത്രം.

സജീവ് കടവനാട് said...

ദേഷ്യം പിടിച്ച് പോസ്റ്റൊന്നും ഡിലീറ്റല്ലേ, കഥ സൂപ്പറാണ്. ശൈലിമാത്രം ഇഷ്ടാവാഞ്ഞതോണ്ടാ. :):):‘)

മയൂര said...

എല്ലാം മായ തന്നെ, ഇഷ്ടമായി :)

മൂര്‍ത്തി said...

ചുവാന്‍സു(?) ഒരു ദിവസം താന്‍ ഒരു പൂമ്പാറ്റയായെന്നു സ്വപ്നം കണ്ടു. സ്വപ്നം കണ്ടുണര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ സംശയം..താന്‍ പൂമ്പാറ്റയായെന്നു സ്വപ്നം കണ്ട ചുവാന്‍സു ആണോ അതോ ചുവാന്‍സു ആയെന്നു സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന പൂമ്പാറ്റയാണോ എന്നായിരു‍ന്നു..

ഈ കഥ വായിച്ചപ്പോള്‍ ആ പഴയ ചോദ്യം എനിക്കും ഓര്‍മ്മ വന്നു...

Sanal Kumar Sasidharan said...

കഥ ഉഗ്രനായി.
കിനാവേ ഒരിടത്തൊരിടത്ത് എന്നത് ഒന്ന് സമകാലീകമായി വായിച്ചുനോക്കൂ.രസകരമായിരിക്കും അത്.പ്രത്യേകിച്ചും നമ്മളെയൊക്കെപ്പോലെ ഒരിടത്ത് (ഏതോ ഒരിടത്ത് മാത്രം)ഉറങ്ങുകയും ഉണരുകയും അതിനിടയില്‍ സ്വപ്നം കണ്ടും അതിനെ വ്യാഖ്യാനിച്ചും ഇങ്ങനെ ജീവിച്ചുപോകുന്നവര്‍ക്ക് വളരെ രസകരമായിരിക്കും.

Anonymous said...

മനൂ, ഇവിടെ (ബ്ലോഗില്‍) ആരും ആരേയും താരാട്ടുപാടി ഉറക്കേണ്ടതൊന്നുമില്ല. പ്രതിഭയുള്ളവര്‍ അതിനോട് നീതിപുലര്‍ത്തണമെന്നു മാത്രം. മറ്റു കലാപരിപാടികള്‍ക്ക് ഞങ്ങളൊക്കെയില്ലേ. ശശി പോലുള്ള കലാപരിപാടിയല്ല കേട്ടോ ഉദ്ദേശിച്ചത്. അത് രസമാണ് തുടരുകയും വേണം. കഥയെഴുതുമ്പോള്‍ കഥയെഴുതുക. അത്രമാത്രം...


പറ്റൂല്ല ! എനിച്ചിപ്പം താരാട്ട് കേക്കണം..ങീ....

(ദെന്തൂട്ടാണ് പറഞ്ഞതെന്ന്മാത്രം മനസ്സിലായില്ല. ബാക്കിയൊക്കെ ഓക്കേ)


ഓഫ് കതയെഴുതുമ്പം കതേടെ എടയ്ക്കൂടെ കവിത എഴുതിയാല്‍ തട്ടിക്കളയുമോ... ദുസ്ഷ്ടാ

R. said...

Chuang Tzu നോക്കൂ സിമി. മൂര്‍ത്തി പറഞ്ഞതു തന്നെ. ഒരു Zen ധ്യാനകഥയാണ്.

Sandeep PM said...

സിമി വളരെ ഇഷ്ടപെട്ടു

ഡാലി said...

ഹും. ഇതുകൂടെ വായിച്ചേരെ. :(

ധ്വനി | Dhwani said...

സ്വപ്നങ്ങളില്‍ ജീവിച്ച് സ്വന്തം അസ്തിത്വം അപരിചിതമാകുക!

നല്ല കഥ! പ്രമോദിന്റെ ഏകാന്തതയും വിരസതയും തീര്‍ന്നുവല്ലോ!

Siji vyloppilly said...

സിമി..നീ ഒരു കഥയെഴുത്തുകാരനും ,ജോലിയെടുത്ത്‌ പെസയുണ്ടാക്കാനായി ജനിച്ചവനുമൊന്നല്ല. നീ നിന്റെ ആത്മാവിനെ അന്വേക്ഷിച്ച്‌ അലയുവാനായി വിധിക്കപ്പെട്ടവനാണ്‌.യുഗാന്തരങ്ങളോളം ' എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം എന്നന്വേഷിച്ച്‌ നീ അലയും' . ഇന്റലിജന്റ്‌ ആയ ഒരാള്‍ മാത്രം അന്വേഷിക്കുന്ന ജീവിതാര്ര്‍ഥം...
നല്ല കഥ..

സജീവ് കടവനാട് said...

സിമിയുടെ ഏതോ വലിയ ആരാധകനാണ് മേലെ കമന്റിട്ടത്. കല്ല്യാണം കഴിഞ്ഞതറിഞ്ഞ് കല്ല്യാണ‌ഉടുപ്പും മറ്റും ലേലത്തില്‍ വാങ്ങിക്കാന്‍...
കോളടിച്ചു.

Google