സിമിയുടെ ബ്ലോഗ്

2/21/2008

അവസാ‍നത്തെ സീലക്കാന്ത്

പുരാതനമായ ചെകിളകളും വിചിത്രമായ ഉടലും മന്തന്‍ കണ്ണുകളുമുള്ള സീലക്കാന്ത് ദിനോസറുകളുടെ കാലഘട്ടത്തില്‍ നിന്നും എങ്ങനെയോ ജീവനോടെ കടലില്‍ പെട്ടുപോയ മത്സ്യമാണ്. കൊമ്പന്‍ സ്രാവുകള്‍ നിറഞ്ഞ കടലിടുക്കില്‍ അപൂര്‍വ്വ മത്സ്യങ്ങളെ തിരഞ്ഞുവന്ന പ്രകൃതിശാസ്ത്രജ്ഞര്‍ക്ക് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പരല്‍മീനുകളും തിരണ്ടിയുമല്ലാതെ വേറെ ഒന്നിനെയും കിട്ടിയില്ല. സ്രാവുകള്‍ പലതവണ വല കടിച്ചു മുറിയ്ക്കുകയും ചെയ്തു. വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ബോറടി മാറ്റാനെന്നപോലെ വലയിട്ടപ്പോഴാണ് വലയില്‍ സീലക്കാന്ത് കുടുങ്ങിയത്.

സീലക്കാന്ത്! അന്യം നിന്നുപോയെന്നു കരുതിയ ജനുസ്സിലെ അവസാന മത്സ്യം! എന്തൊരു വിസ്മയം. ശാസ്ത്രജ്ഞന്‍ കൂട്ടുകാരനോട് വിളിച്ചുപറഞ്ഞുകൊണ്ട് പ്രാചീനമത്സ്യത്തെ വലയില്‍ നിന്നും വിടര്‍ത്തി. ചെറിയ ബോട്ടിലെ ഫിഷ് ടാങ്കിലേയ്ക്ക് മത്സ്യത്തെ ശ്രദ്ധയോടെ മാറ്റി. ഈ മത്സ്യത്തെക്കൊണ്ട് നമ്മള്‍ കോടീശ്വരന്മാരാവും. ലോകമെമ്പാടും ശാസ്ത്രമാസികകളില്‍ നമ്മുടെ പേരും ചിത്രങ്ങളും വരും! എന്തൊരത്ഭുതം!.


പണത്തിലോ പ്രശസ്തിയിലോ അത്രയേറെ താല്പര്യമില്ലാത്ത രണ്ടാ‍മത്തെ ശാസ്ത്രജ്ഞന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അതെ, അത്ഭുതം തന്നെ. നമ്മുടെ പരീക്ഷണശാലയിലെ ഫിഷ്റ്റാങ്കിലിട്ട് ഈ മത്സ്യത്തെ നമുക്കു നിരീക്ഷിക്കാം. ഇതിന്റെ ചെകിളയുടെ ഒരു തുമ്പെടുത്ത് നമുക്കു ക്ലോണ്‍ ചെയ്യാം. കണ്ണാടിക്കൂട്ടിലെ മറ്റു മത്സ്യങ്ങളെ വേറൊരു കൂട്ടിലേയ്ക്കു മാറ്റാം.


ഇതുകേട്ട് സീലക്കാന്ത് ഒരുനിമിഷം ധ്യാനനിമഗ്നനായി. ലക്ഷോപലക്ഷം വര്‍ഷങ്ങളുടെ ഊര്‍ജ്ജം തന്റെ പ്രാചീനമായ ഉടലില്‍ ആവാഹിച്ച് അവന്‍ ഒന്നു കുതിച്ചുചാടി. ബോട്ടിലെ കണ്ണാടിക്കൂട്ടില്‍ നിന്നും അനന്തവിശാലമായ നീലക്കടലിലേയ്ക്കു പതിച്ച സീലക്കാന്ത് ആഹ്ലാദത്തോടെ ഊളിയിട്ടു. ഞെട്ടിത്തരിച്ചുനിന്ന ശാസ്ത്രജ്ഞന്മാരെ സാക്ഷിനിറുത്തി ശരവേഗത്തില്‍ ബോട്ടിനുചുറ്റും പാഞ്ഞു. കടലിന്റെ അടിത്തട്ടിലെ പവിഴപ്പുറ്റുകളില്‍ സന്തോഷത്തോടെ തന്റെ മുഖമുരുമ്മി. ചുഴികളുടെ അലകുകളില്‍ അത്യാഹ്ലാദത്തോടെ തെന്നിത്തെറിച്ചു. നീലനിറത്തില്‍ തിളങ്ങിയ കടലിന്റെ അടിത്തട്ടിലൂടെ ഇരുള്‍ വിരിച്ച് അടുത്തടുത്തുവന്ന കൊമ്പന്‍സ്രാവിന്റെ തുറന്ന വായയും കൂര്‍ത്ത പല്ലുകളും തന്നെ വലയം ചെയ്യുന്നതുകണ്ട് സ്നേഹനിര്‍ഭരമായി കണ്ണുകളടച്ചു.

17 comments:

annie said...

കൊള്ളാമെടോ..

Anonymous said...

kollaam pakshe keezhadangalinum aathmanaazathinum idakk mattenthenkilum vazhi undaavum :)

അപര്‍ണ്ണ said...

kathhakkuLLile kathha! :)

സു | Su said...

പാവം!

കാപ്പിലാന്‍ said...

:(

പ്രിയംവദ-priyamvada said...

സീലകാന്തു ഒരു നിമിഷാര്‍ദ്ധം കൊണ്ടു പരിണമിച്ചു പറക്കുന്ന മല്‍സ്യകന്യക ആയി പറന്നു പോയി എന്നായാലൊ ഗുപ്താ? ...;0

annie said...

സിമീ.. ഒരു സംശയം .. മീനിനു കണ്ണടയ്ക്കാന്‍ പറ്റുമോ.. സ്നേഹ നിര്‍ഭരമായോ അല്ലാതെയോ.. :)

തോന്ന്യാസി said...

സംഭവം സൂപ്പര്‍

simy nazareth said...

ആനി: ഈ മീന്‍ ബയോളജി പഠിച്ചിട്ടില്ലടീ. (ബയോളജിയില്‍ അല്ലേ മീനിനു കണ്ണടയ്ക്കാന്‍ പറ്റൂല്ല എന്നു പറയുന്നത്)

Anonymous said...

പ്രിയംവദേച്ച്യേ...

സ്വാതന്ത്ര്യത്തിനുവേണ്ടിയോ ചാരിത്രത്തിനുവേണ്ടിയോ എന്ത് അച്ഛസ്ഫടികമൃദുലകോമളമായ അനുഭൂതിവിശേഷത്തിനുവേണ്ടിയോ ആണെങ്കിലും മരണത്തിനു മുന്നില്‍ ചെന്നു നില്‍ക്കുമ്പോള്‍ ആനന്ദമൊന്നും ഇല്ല. അതീചെക്കന്‍ ഉണ്ടാക്കിപ്പറയുന്നതാ. ഇരയ്ക്ക് കണ്ണടയ്കാന്‍ പോയിട്ട് ഇമചിന്നാന്‍ പൊലും അരുതാത്ത നിസ്സഹായതയേ ഉള്ളൂ. അതുമാത്രം.

Unknown said...

simeee.....:)

ഹാരിസ് said...

അനാദിയായ ജൈവചക്രം പൂര്‍ത്തിയാക്കലില്‍ മാത്രമാണ് അവന്റെ മോക്ഷം.അതുകൊണ്ടാവണം സ്നേഹനിര്‍ഭരമായ ആ കീഴടങ്ങല്‍.അല്ലാതെ പളുങ്ക് ഭരണിയിലെ കാഴ്ച്ചവസ്തു ആകലിലല്ല.
പണ്ട് രവി ചെയ്തതും ഇതല്ലെ...?
ഗുപ്തന്‍സ് എന്തെ അതു മറന്നു...?

sree said...

anthropomorhication എന്ന ഒരുപരിപാടിയുണ്ട് സിമി. അത് ഒരു കുറ്റമാണെങ്കില്‍ സീലക്കാന്ത് ഒരു എഴുത്തുകാരനെപ്പൊലെ സ്വതന്ത്രനാകാന്‍ കൊതിക്കുന്നു എന്ന് എഴുതിവച്ചതും കുറ്റം. അതിനെ അതിന്റെ പാട്ടിനു വിട്.

Anonymous said...

രവി മോഡല്‍ എക്സിസ്റ്റഷ്യലിസത്തിന്റെ ഒക്കെ കാലം കഴിഞ്ഞില്ലേ ഹാരിസ് ചേട്ടോ

Rajeeve Chelanat said...

നല്ല എഴുത്ത് സിമി.

സത്യത്തില്‍, അച്ഛാ എനിക്ക് വിശക്കുന്നു എന്ന പോസ്റ്റിന് (മൂര്‍ത്തിയുടെ പോസ്റ്റു വഴി)അഭിപ്രായം കുറിക്കാന്‍ വന്നതാണ്. കമന്റു ചെയ്യാനുള്ള സ്ഥലം കണ്ടതുമില്ല (!!)അതുകൊണ്ട് ഇവിടെ കുറിക്കുന്നു. സീലക്കാന്തിനെക്കുറിച്ച് പത്രത്തില്‍നിന്നറിഞ്ഞിരുന്നു.

Siji vyloppilly said...

ആ സ്രാവിനെ വരത്തിയതു നന്നായി അല്ലെങ്കില്‍ പിന്നെ എങ്ങനെയാകുമായിരുന്നു കഥ .. കടലിന്റെ നീലിമയിലേക്ക്‌ ഊളിയിട്ടു..ബ്ബ്ല..ബ്ല..ബ്ല.. ഏയ്‌ അതു ശരിയാകില്ല.
ഇതിന്റെ അന്ത്യം ഇതുതന്നെയാ നല്ലേ.. ആ സിലക്കാന്ത്‌ ഒരു ആത്മീയ വാദിയായിരുന്നു..അതിന്‌ ഇനി ഭൂമിയില്‍ ഉപേക്ഷിച്ചു പോകാനായൊന്നുനില്ല. ( അയ്യോ ഞാനെന്തൊരു ബുദ്ധിജീവി)..

A Cunning Linguist said...

സാഹിത്യത്തോട് എനിക്ക് വലിയ താല്പര്യമില്ല. പക്ഷെ ഈ കഥ എനിക്കിഷ്ടപ്പെട്ടു.... കൊള്ളാം....

Google