ഹലോ
ഹലോ, നീ സുഖമായി ഇരിക്കുന്നോ
സുഖം, നിനക്കെന്തെങ്കിലും വേണോ
വേണ്ട, ഇവിടെ എല്ലാം ഉണ്ടല്ലോ.
ഞാനില്ലല്ലോ
2/27/2008
കുശലം
എഴുതിയത് simy nazareth സമയം Wednesday, February 27, 2008 15 അഭിപ്രായങ്ങള്‍
ലേബലുകള്‍: ആ
2/25/2008
തല്ല്
ഞാന്‍ ഇന്നലെ ബര്‍ദുബൈ മീന്‍ചന്തയില്‍ പോയപ്പോള്‍ രണ്ടുപേര്‍ ഒരാളെ എടുത്തിട്ട് ഇടിക്കുന്നു. ഇടികൊണ്ട ആളുടെ താടിയെല്ലും പല്ലും പൊട്ടി ചോരയൊലിക്കുന്നു. അയാള്‍ക്ക് ഒട്ടും വയ്യ, എന്നിട്ടും ഓങ്ങിയോങ്ങി ഇടിക്കുന്നു. അയാള്‍ ഏങ്ങിക്കരയുന്നുണ്ട്. ഹമ്മേ, വയ്യ എന്നു പറയുന്നുണ്ട്. പിടിച്ചുമാറ്റാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് എന്തിനാണ് അയാളെ ഇങ്ങനെ ഇടിക്കുന്നത്, ചത്തുപോവില്ലേ എന്നു മാത്രം ചോദിച്ചു.
ഹും, അവന്‍ ദൈവമാണ് എന്ന് മറുപടിപറഞ്ഞിട്ട് ഇടി തുടര്‍ന്നു. ഇങ്ങനെ ഇടികൊള്ളാന്‍ ദൈവം എന്തു തെറ്റാണുചെയ്തതെന്ന് എനിക്കറിയില്ല. എന്തായാലും ഇടിച്ചവിധം വളരെ ക്രൂരമായിപ്പോയി.
എഴുതിയത് simy nazareth സമയം Monday, February 25, 2008 14 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
കാറ് വിറ്റുപോയി.
കാറ് വിറ്റുപോയി. പതിനായിരം ദിര്‍ഹത്തിന്.. ബ്ലോഗറല്ലാത്ത ഒരു കൂട്ടുകാരന്‍ വാങ്ങി.
എഴുതിയത് simy nazareth സമയം Monday, February 25, 2008 2 അഭിപ്രായങ്ങള്‍
ലേബലുകള്‍: കുറിപ്പ്
2/23/2008
നൊസ്റ്റാള്‍ജിയ
രണ്ടു നദികളെ ഓര്‍മ്മയുണ്ടോ?
ഏതോ മലകളില്‍ നിന്നുത്ഭവിച്ച്
ഏറെദൂരം ഒഴുകി
ഒരു വളവില്‍ വെച്ച് ആ നദികള്‍ ഒന്നിച്ചു.
പിന്നെ ഏറെദൂരം വന്നവഴിയിലെ വിശേഷങ്ങള്‍ പറഞ്ഞും
കളകളാരവം മുഴക്കിയും
കോപിച്ചും കെറുവിച്ചും
പൊട്ടിച്ചിരിച്ചും
കെട്ടിപ്പിടിച്ചും അവ ഒന്നിച്ചൊഴുകി.
ഒടുവില്‍ ഏതോ ഒരു വളവില്‍ വെച്ച്
പിരിയാറായി എന്നുകണ്ട്
രണ്ടായിപ്പിരിഞ്ഞ് വീണ്ടും ഏറെ ദൂരം ഒഴുകി
പിന്നീട് തിരിഞ്ഞുനോക്കി
പിരിയരുതായിരുന്നു, ഒരല്‍പ്പം കൂടെ ഒരുമിച്ചൊഴുകാമായിരുന്നു,
എന്ന് മനസ്സില്‍ പറഞ്ഞ്;
എന്നിട്ടും തിരിച്ചുപോവാനാവാതെ മുന്നോട്ടൊഴുകി.
അതില്‍ ഒരു നദി നിങ്ങളായിരുന്നു.
ആരായിരുന്നു മറ്റെയാള്‍?
എഴുതിയത് simy nazareth സമയം Saturday, February 23, 2008 11 അഭിപ്രായങ്ങള്‍
ലേബലുകള്‍: ആ
2/21/2008
അവസാനത്തെ സീലക്കാന്ത്
പുരാതനമായ ചെകിളകളും വിചിത്രമായ ഉടലും മന്തന്‍ കണ്ണുകളുമുള്ള സീലക്കാന്ത് ദിനോസറുകളുടെ കാലഘട്ടത്തില്‍ നിന്നും എങ്ങനെയോ ജീവനോടെ കടലില്‍ പെട്ടുപോയ മത്സ്യമാണ്. കൊമ്പന്‍ സ്രാവുകള്‍ നിറഞ്ഞ കടലിടുക്കില്‍ അപൂര്‍വ്വ മത്സ്യങ്ങളെ തിരഞ്ഞുവന്ന പ്രകൃതിശാസ്ത്രജ്ഞര്‍ക്ക് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പരല്‍മീനുകളും തിരണ്ടിയുമല്ലാതെ വേറെ ഒന്നിനെയും കിട്ടിയില്ല. സ്രാവുകള്‍ പലതവണ വല കടിച്ചു മുറിയ്ക്കുകയും ചെയ്തു. വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ബോറടി മാറ്റാനെന്നപോലെ വലയിട്ടപ്പോഴാണ് വലയില്‍ സീലക്കാന്ത് കുടുങ്ങിയത്.
സീലക്കാന്ത്! അന്യം നിന്നുപോയെന്നു കരുതിയ ജനുസ്സിലെ അവസാന മത്സ്യം! എന്തൊരു വിസ്മയം. ശാസ്ത്രജ്ഞന്‍ കൂട്ടുകാരനോട് വിളിച്ചുപറഞ്ഞുകൊണ്ട് പ്രാചീനമത്സ്യത്തെ വലയില്‍ നിന്നും വിടര്‍ത്തി. ചെറിയ ബോട്ടിലെ ഫിഷ് ടാങ്കിലേയ്ക്ക് മത്സ്യത്തെ ശ്രദ്ധയോടെ മാറ്റി. ഈ മത്സ്യത്തെക്കൊണ്ട് നമ്മള്‍ കോടീശ്വരന്മാരാവും. ലോകമെമ്പാടും ശാസ്ത്രമാസികകളില്‍ നമ്മുടെ പേരും ചിത്രങ്ങളും വരും! എന്തൊരത്ഭുതം!.
പണത്തിലോ പ്രശസ്തിയിലോ അത്രയേറെ താല്പര്യമില്ലാത്ത രണ്ടാമത്തെ ശാസ്ത്രജ്ഞന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അതെ, അത്ഭുതം തന്നെ. നമ്മുടെ പരീക്ഷണശാലയിലെ ഫിഷ്റ്റാങ്കിലിട്ട് ഈ മത്സ്യത്തെ നമുക്കു നിരീക്ഷിക്കാം. ഇതിന്റെ ചെകിളയുടെ ഒരു തുമ്പെടുത്ത് നമുക്കു ക്ലോണ്‍ ചെയ്യാം. കണ്ണാടിക്കൂട്ടിലെ മറ്റു മത്സ്യങ്ങളെ വേറൊരു കൂട്ടിലേയ്ക്കു മാറ്റാം.
ഇതുകേട്ട് സീലക്കാന്ത് ഒരുനിമിഷം ധ്യാനനിമഗ്നനായി. ലക്ഷോപലക്ഷം വര്‍ഷങ്ങളുടെ ഊര്‍ജ്ജം തന്റെ പ്രാചീനമായ ഉടലില്‍ ആവാഹിച്ച് അവന്‍ ഒന്നു കുതിച്ചുചാടി. ബോട്ടിലെ കണ്ണാടിക്കൂട്ടില്‍ നിന്നും അനന്തവിശാലമായ നീലക്കടലിലേയ്ക്കു പതിച്ച സീലക്കാന്ത് ആഹ്ലാദത്തോടെ ഊളിയിട്ടു. ഞെട്ടിത്തരിച്ചുനിന്ന ശാസ്ത്രജ്ഞന്മാരെ സാക്ഷിനിറുത്തി ശരവേഗത്തില്‍ ബോട്ടിനുചുറ്റും പാഞ്ഞു. കടലിന്റെ അടിത്തട്ടിലെ പവിഴപ്പുറ്റുകളില്‍ സന്തോഷത്തോടെ തന്റെ മുഖമുരുമ്മി. ചുഴികളുടെ അലകുകളില്‍ അത്യാഹ്ലാദത്തോടെ തെന്നിത്തെറിച്ചു. നീലനിറത്തില്‍ തിളങ്ങിയ കടലിന്റെ അടിത്തട്ടിലൂടെ ഇരുള്‍ വിരിച്ച് അടുത്തടുത്തുവന്ന കൊമ്പന്‍സ്രാവിന്റെ തുറന്ന വായയും കൂര്‍ത്ത പല്ലുകളും തന്നെ വലയം ചെയ്യുന്നതുകണ്ട് സ്നേഹനിര്‍ഭരമായി കണ്ണുകളടച്ചു.
എഴുതിയത് simy nazareth സമയം Thursday, February 21, 2008 17 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/18/2008
ഒരു കാര്‍ വില്പനയ്ക്ക്
ഒരു കാര്‍ വില്‍ക്കാനുണ്ട്. (യു.എ.ഇ. ഇല്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്)
മോഡല്‍: Jeep Grand Cherookee Limited Edition.
Alloy Wheels, Sunroof, 8 cyllinder, 5.6L engine.
1997 model, 128,000 kms.
വില: 13,000 dhs. (12,000 last price :-) )
മിക്കവാറും എല്ലാ പാര്‍ട്ട്സും വര്‍ക്കിങ്ങ് ആണ്.
contact: Simy: 050 2722184
പടങ്ങള്‍ താഴെ.
എഴുതിയത് simy nazareth സമയം Monday, February 18, 2008 21 അഭിപ്രായങ്ങള്‍
ലേബലുകള്‍: കച്ചവടം
2/15/2008
അച്ചാ എനിക്കുവിശക്കുന്നു.
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, നീ ആരാണ്
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, നിന്റെ വിശപ്പുമാറ്റേണ്ടവന്‍ ഞാനല്ലല്ലോ. അവന്‍ കിരീടവും ചെങ്കോലുമായ് പിന്നാലെ വരും.
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, വിശപ്പ് എന്താണ്? ഞാനതറിഞ്ഞിട്ടില്ലല്ലോ.
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, ഞാന്‍ നിനക്കുവേണ്ടി ഒരു കഥയോ കവിതയോ എഴുതട്ടേ?
അച്ചാ എനിക്കുവിശക്കുന്നു.
മകനേ നീ എന്റെ മകനല്ലല്ലോ. ഞാന്‍ നിന്നെ അറിഞ്ഞില്ലല്ലോ.
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, നിന്നെയോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു.
അച്ചാ എനിക്കുവിശക്കുന്നു.
മൂര്‍ത്തിച്ചേട്ടന്റെ ഈ പോസ്റ്റിനു ഒരു ശ്രദ്ധക്ഷണിക്കലായി എഴുതിയത്.
എഴുതിയത് simy nazareth സമയം Friday, February 15, 2008
ലേബലുകള്‍: കഥ
2/14/2008
സ്വപ്നം പോലെ ഒരു ജീവിതം
ഒരിടത്തൊരിടത്ത് ഒരാളുണ്ടായിരുന്നു. അയാളുടെ പേര് പ്രമോദ് എന്നായിരുന്നു. അയാളുടെ ജീവിതം വളരെ ഏകാന്തവും വിരസവുമായിരുന്നു. കയ്യില്‍ പണമുണ്ടായിരുന്നെങ്കിലും അയാളുടെ ജീവിതത്തില്‍ സന്തോഷങ്ങളൊന്നും ഇല്ലായിരുന്നു.
ഒരു ദിവസം അയാള്‍ ജോലി രാജിവെച്ചു. ഫ്രിഡ്ജില്‍ ഒരു മാസത്തേയ്ക്കുള്ള ആഹാരസാധനങ്ങള്‍ നിറച്ചുവെയ്ച്ചു. പിറ്റേ ദിവസം അയാള്‍ പതിനാറു മണിക്കൂര്‍ ഉറങ്ങി.
ഉറക്കം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ നല്ല ഒരു സ്വപ്നം കണ്ടു. നിറയെ ആപ്പിള്‍ മരങ്ങളുള്ള ഒരു താഴ്വരയിലായിരുന്നു അയാള്‍. സ്വപ്നത്തില്‍ അയാളുടെ പേര് ദേവന്‍ എന്നായിരുന്നു. വളരെ സ്നേഹമുള്ള അച്ഛനും അമ്മയുമായി സുന്ദരനായ ദേവന്‍ നീലമലയുടെ താഴെ ഒരു പുല്‍ക്കുടിലിലായിരുന്നു താമസിച്ചിരുന്നത്. അയാള്‍ മലയുടെ മുകളില്‍ വരെ ചെമ്മരിയാട്ടിന്‍കൂട്ടത്തെ മേയ്ച്ചുകൊണ്ടുപോയി. മലമുകളില്‍ നല്ല തണുപ്പായിരുന്നു. വെള്ളി അരഞ്ഞാണം പോലെ ഒഴുകുന്ന മലഞ്ചോലയില്‍ കൈയും മുഖവും കഴുകി ദേവന്‍ അവിടിരുന്ന് ഒരു മൂളിപ്പാട്ടുപാടി. ഇതുകേട്ട് ഇടയന്മാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിവന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത കഥകള്‍ അവര്‍ അയാള്‍ക്ക് പറഞ്ഞുകൊടുത്തു. പത്തോ പന്ത്രണ്ടോ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ പിരിഞ്ഞു. അപ്പൊഴേയ്ക്കും പ്രമോദ് ഉറക്കമുണര്‍ന്നു.
നമ്മളെല്ലാരും സ്വപ്നങ്ങള്‍ ഉറക്കമുണരുമ്പോള്‍ മറന്നുപോവില്ലേ? പക്ഷേ പ്രമോദ് ഈ സ്വപ്നം മറന്നില്ല. പ്രമോദിന് വേറെ ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് ആഹാരവും കഴിച്ച് സ്വപ്നവും ഓര്‍ത്തുകൊണ്ട് കിടന്നു. പ്രമോദ് ഉറങ്ങിപ്പോയി.
ഉറങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പൊഴേയ്ക്കും പ്രമോദ് വീണ്ടും സ്വപ്നം കണ്ടു. അതേ സ്വപ്നം. സ്വപ്നത്തില്‍ ദേവന്‍ ആടുമേയ്ക്കാന്‍ പോയത് അരികിലുള്ള മറ്റൊരു മലയിലേയ്ക്കായിരുന്നു. കൂട്ടുകാരുമായി കളിച്ചും ചിരിച്ചും കുറെ നേരം ഇരുന്നപ്പോള്‍ സ്വപ്നം തീര്‍ന്നു. പ്രമോദ് കണ്ണും തിരുമ്മി എണീറ്റ് കുറെ നേരം സ്വപ്നവും ആലോചിച്ച് മെത്തയില്‍ തന്നെ കിടന്നു. ഒരേ സ്വപ്നം രണ്ടു രാത്രികളില്‍ വരുന്നത് അത്ര സാധാരണമല്ല.
അടുത്ത ഒന്നുരണ്ട് ആഴ്ച്ച ഇതേ സ്വപ്നം ആയിരുന്നു. പതിനാറു മണിക്കൂര്‍ ഉറക്കം. അതില്‍ പതിനഞ്ചു മണിക്കൂറും ഒരേ സ്വപ്നം. ഉറക്കം ഉണരുമ്പൊഴും താന്‍ ദേവനാണെന്ന തോന്നല്‍. ആടുകള്‍ എവിടെ എന്ന തിരയല്‍. വീണ്ടും മുറിയുടെ പൊടിപിടിച്ച മച്ചും കഴുകാത്ത പാത്രങ്ങളും കാണുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് തിരിച്ചുവരവ്.
രണ്ട് ആഴ്ച്ചകള്‍ക്കു ശേഷം വിവരങ്ങള്‍ അന്വേഷിക്കാന്‍ ഓഫീസിലെ സെക്രട്ടറിയായ പ്രീതി വിളിച്ചു. പ്രമോദ് വളരെ ചിന്താകുലനായിരുന്നു. പ്രീതി ചുഴിഞ്ഞു ചോദിച്ചപ്പോള്‍ പ്രമോദ് തിരിച്ചു ചോദിച്ചു. പ്രീതീ, നമ്മളൊക്കെ ഒരു സ്വപ്നമാണോ? പ്രീതി എന്നെ ഫോണ്‍ ചെയ്യുന്നത് ഞാന്‍ സ്വപ്നം കാണുന്നതാണോ? അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് “ഈ പ്രമോദിന്റെ ഒരു കാര്യം“ എന്നു പറഞ്ഞു. പ്രീതി ഫോണ്‍ വെച്ചു. പ്രമോദ് വീണ്ടും കിടന്നുറങ്ങി.
സ്വപ്നത്തില്‍ ദേവന്‍ ആടുകളെ മേയ്ച്ചു ക്ഷീണിച്ച് അരുവിയുടെ കരയില്‍ ഇരുന്ന് മധുരമായി പാടിയിട്ടും അന്ന് കൂട്ടുകാരാരും വന്നില്ല. പിറകില്‍ എന്തോ ഒരനക്കം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ദേവദാരു മരത്തില്‍ മറഞ്ഞ് ഒരു സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. അവന്‍ നോക്കുന്നതുകണ്ട് അവള്‍ പൊട്ടിച്ചിരിച്ച് ഓടിപ്പോയി. അവള്‍ ചിരിക്കുന്ന ശബ്ദവും നദിയുടെ ശബ്ദവും ഒരേപോലെയായിരുന്നു.
പിറ്റേ ദിവസവും സ്വപ്നത്തില്‍ ഇതേ പെണ്‍കുട്ടി വന്നു. അതിസുന്ദരിയായ ഒരു ദേവതയെപ്പോലെയായിരുന്നു അവളുടെ മുഖവും രൂപവും. അല്പനേരം ഒന്നും മിണ്ടാതിരുന്ന് അവള്‍ പൊടുന്നനെ ചോദിച്ചു. ദേവന്‍ സ്വപ്നം കാണാറുണ്ടോ?
അപ്പൊഴാണ് ദേവന്‍ സ്വപ്നങ്ങളെക്കുറിച്ച് ആലോചിച്ചത്. അവന്‍ പറഞ്ഞു: ഉവ്വ്. ഉറങ്ങുന്ന ഒരു മനുഷ്യനെ സ്വപ്നം കാണാറുണ്ട്. പൊടിപിടിച്ച മച്ചും കഴുകാത്ത പാത്രങ്ങളുമുള്ള ഒരു അടഞ്ഞ മുറിയില്‍ ഒറ്റമെത്തയില്‍ കിടന്ന് ഉറങ്ങുന്ന ഒരു മനുഷ്യനെ സ്വപ്നം കാണാറുണ്ട്. അവള്‍ ചിരിച്ചു. അവളുമായി സംസാരിച്ചിരിക്കുമ്പോള്‍ അലിഞ്ഞുപോവുന്നതുപോലെ തോന്നി. അതിനിടയ്ക്കെവിടെയോ പ്രമോദ് ഉറക്കമുണര്‍ന്നു. കണ്ടതൊക്കെ സ്വപ്നമാണെന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
ഈ സ്വപ്നം കാണല്‍ പ്രമോദിന് ഒരു ഹരമായി. പ്രമോദിന്റെ ഉറക്കത്തിന്റെ നീളം കൂടിവന്നു. സ്വപ്നത്തില്‍ ഈ പെണ്‍കുട്ടിയെ ദേവനു വളരെ ഇഷ്ടമായിത്തുടങ്ങി. സന്തോഷത്തോടെ സംസാരിച്ചിരിക്കുമ്പൊഴും ഇടയ്ക്കിടെ ദേവന്റെ കണ്ണുകള്‍ പതറുന്നതെന്താ എന്ന് അവള്‍ ചോദിച്ചു. ഇരുണ്ട മുറിയില്‍ കിടന്നുറങ്ങുന്ന ഒരാളെ സ്വപ്നം കണ്ടത് ഓര്‍ക്കുമ്പോള്‍ നടുങ്ങുന്നു എന്ന് ദേവന്‍ പറഞ്ഞു. അവള്‍ വിഷാദമധുരമായി പുഞ്ചിരിച്ചു. പതുക്കെ ദേവന്റെ കൈകള്‍ അവളുടെ കൈകളിലെടുത്തു. ഇനി ആ സ്വപ്നം കാണണ്ടാ,അതുമറന്നേക്കൂ എന്നുപറഞ്ഞ് ദേവന്റെ ചുണ്ടുകളില്‍ ചുംബിച്ചു.
ദേവനും ദേവതയും താഴ്വാരത്ത് സന്തോഷത്തോടെ ഒരുപാടുനാള്‍ ജീവിച്ചു.
എഴുതിയത് simy nazareth സമയം Thursday, February 14, 2008 21 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/11/2008
മിണ്ടാപ്പെണ്ണ്.
ഉദ്യോഗസ്ഥനായ അച്ഛന്‍ (മനോജ്), അമ്മ (ലക്ഷ്മി), ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ (ശാലിനി - ശാലു). ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകന്‍ (ഉമേഷ്). (കുടുംബ പശ്ചാത്തലം). ഇങ്ങനെ ഒരു കുടുംബത്തെ വിശേഷിപ്പിക്കേണ്ട കാര്യമുണ്ടോ?. വെറുതേ ഇത്തരം ഒരു കുടുംബം ഒന്ന് ആലോചിക്കൂ. താങ്കള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു ചിത്രം കിട്ടിക്കാണും. മോളുടെ കൊച്ചുകൊച്ച് സംശയങ്ങള്‍. അമ്മയും അച്ഛനും തമ്മിലുള്ള കൊച്ചുകൊച്ചു പിണക്കങ്ങള്‍. വീട്ടിലെ ചെറിയ സന്തോഷങ്ങള്‍, ചെറിയ ദു:ഖങ്ങള്‍. കഷ്ടപ്പാടുകള്‍. പൊട്ടിച്ചിരികള്‍. ജോലിയിലെ പ്രശ്നങ്ങള്‍. ഇതിനെക്കുറിച്ചൊക്കെ എന്തെഴുതാനാണ്? ഒരു കഥ എഴുതുമ്പോള്‍ അതില്‍ അസാധാരണമായി എന്തെങ്കിലും വേണം. അസാധാരണമായി നടന്ന സംഭവം പറയാം.
(ക്ഷമിക്കൂ, ഒരുപാട് എഴുതാന്‍ വയ്യ. കഴിയുന്നതും നിങ്ങള്‍ കഥ സങ്കല്‍പ്പിക്കൂ. അവരുടെ മുറ്റം, പൂച്ചെടികള്‍, അടുക്കള, കുട്ടികളുടെ പഠിത്തം, അങ്ങനെയങ്ങനെ. പറയാന്‍ വിട്ടുപോയി - കഥ ശാലിനിയെ ചുറ്റിപ്പറ്റിയാണ്. അവളെക്കുറിച്ചും സങ്കല്‍പ്പിക്കൂ. അവളുടെ കൂട്ടുകാര്‍, അവള്‍ ഓടിനടക്കുന്നത്, സ്വപ്നങ്ങള്‍, റിബണ്‍, മയില്‍പ്പീലി, മഞ്ചാടിക്കുരു, എന്തെങ്കിലുമൊക്കെ).
(പാരഗ്രാഫുകള്‍ തമ്മില്‍ ഇത്രയും സ്ഥലമിട്ടത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനായിട്ടാണ്).
രാത്രിയില്‍ മനോജ് ലക്ഷ്മിയെ കെട്ടിപ്പിടിച്ചുകിടന്ന് ഉറങ്ങുമ്പോള്‍ ലക്ഷ്മി ഏതോ സ്വപ്നത്തില്‍ ഞെട്ടി ഉറക്കമെണീറ്റു തിരിഞ്ഞുകിടന്നു. അവള്‍ തിരിഞ്ഞപ്പോള്‍ മനോജ് ഇന്ദൂ എന്നുവിളിച്ച് അവളെ വീണ്ടും കെട്ടിപ്പിടിച്ചുകിടന്നുറങ്ങി. ലക്ഷ്മി ഒരുപാടു കരഞ്ഞു. അവള്‍ രാത്രി ഉറങ്ങിയില്ല. രാവിലെ ചുവന്ന് പോളകെട്ടിയ കണ്ണുകളുമായി കരയുന്ന അമ്മയെ കണ്ടിട്ടാണ് ശാലു ഉറക്കമുണര്‍ന്നത്. അല്പം കഴിഞ്ഞപ്പോള്‍ മനോജും ലക്ഷ്മിയും തമ്മില്‍ പൊട്ടിത്തെറികള്‍, കരച്ചില്‍, പാത്രങ്ങളെടുത്ത് എറിയല്‍. മകന്റെ (ഉമേഷിന്റെ) ഒച്ച. തിടുക്കത്തില്‍ വസ്ത്രങ്ങള്‍ പെട്ടിയില്‍ നിറച്ച് മക്കളെയും പിടിച്ച് വീടുവിട്ടിറങ്ങുന്ന ലക്ഷ്മി. നഗരത്തില്‍ നിന്നും ഗ്രാമത്തിലേയ്ക്ക്. പിന്നില്‍ പോവല്ലേ എന്നുവിളിക്കുന്ന മനോജ്. ബസ്സ് യാത്ര. കരച്ചില്‍. ഓട്ടോ. ഗ്രാമത്തിലെ വീട്. നാട്ടുകാരുടെ അന്വേഷണങ്ങള്‍. വൈകിട്ട് മനോജ് വരുന്നു. മാപ്പുപറഞ്ഞ് വിളിച്ചുകൊണ്ടുപോവുന്നു. കരച്ചില്‍ അടങ്ങുന്നു. വീണ്ടും സാധാരണ കുടുംബം.
നിങ്ങള്‍ അന്നാ കരീനിന വായിച്ചിട്ടുണ്ടോ? Happy families are all alike; every unhappy family is unhappy in its own way. ഇങ്ങനെയാണ് നോവലിലെ ആദ്യവരി. ടോള്‍സ്റ്റോയ് അവിടെ നിക്കട്ടെ. ശാലിനി പിറ്റേന്ന് സ്കൂളില്‍ അധികമൊന്നും മിണ്ടിയില്ല. വീട്ടിലെ പ്രശ്നങ്ങളാവാം. കൂട്ടുകാരിയായ നികിത ചോദിച്ചപ്പോള്‍ അവള്‍ എന്തൊക്കെയോ പറഞ്ഞു. കൊച്ചു കുഞ്ഞുങ്ങളല്ലേ. വീട്ടില്‍ എന്താണ് പ്രശ്നങ്ങള്‍ എന്ന് അവര്‍ക്കു മനസിലാവില്ല. അച്ചനും അമ്മയും തമ്മില്‍ കൂട്ടില്ലാ എന്നേ മനസിലാവൂ. എന്തൊക്കെയായാലും ഇതൊക്കെ അവരുടെ മനസ്സിലും പ്രതിഫലിക്കും. വേദന കാണും. മുറിവുകള്‍ ഉണ്ടാവും. പക്ഷേ നികിത പിറ്റേ ദിവസം സ്കൂള്‍ മാറിപ്പോയി. ചേട്ടന്‍ സൈക്കിളില്‍ നിന്നും വീണ് കാലുമുറിഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയി തുന്നല്‍ ഇടേണ്ടിവന്നു. അമ്മയും അച്ചനും രാത്രി പിന്നെയും വഴക്കായി.
ശാലിനിയ്ക്ക് ഇഷ്ടമുള്ള ടീച്ചര്‍ സ്കൂള്‍ മാറിപ്പോയി.
ശനിയാഴ്ച്ച രാവിലെ ലക്ഷ്മി ഉണര്‍ന്ന് എടീ നീ പല്ലുതേച്ചോ എന്നു ചോദിച്ചപ്പോള്‍ ശാലിനി തലകുലുക്കി.
മനോജ് പത്രം എടുത്തുകൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ അവള്‍ മിണ്ടാതെ പത്രം എടുത്തോണ്ടുവന്നു.
ഉമേഷ് കളിക്കാന്‍ വിളിച്ചപ്പോള്‍ മിണ്ടാതെ കളിക്കാന്‍ പോയി.
മോളേ വാ തുറന്ന് എന്തെങ്കിലും പറയ് എന്ന് അച്ചനും അമ്മയും പറഞ്ഞപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല.
ചുരുക്കത്തില്‍ അന്നത്തെ ദിവസം മുതല്‍ ശാലിനി മിണ്ടാതെയായി. അച്ചനും അമ്മയും എന്തെങ്കിലും പറയാന്‍ ഒരുപാട് നിര്‍ബന്ധിച്ചു. മനോജ് ഒരുപാട് കളിയാക്കി. ഇക്കിളിയിട്ട് ചിരിപ്പിക്കാന്‍ നോക്കി. ഓര്‍ക്കാപ്പുറത്ത് ചോദ്യങ്ങള്‍ ചോദിച്ച് മിണ്ടിക്കാന്‍ നോക്കി. പാട്ടുപാടാന്‍ പറഞ്ഞു. എന്തെങ്കിലും ഒന്നു പറ എന്നു പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോള്‍ മോളേ എന്നു വിളിച്ചുനോക്കി. ഒന്നിനും അവള്‍ മിണ്ടുന്നില്ല. ആംഗ്യങ്ങള്‍ മാത്രം.
ഇതിനിടയില്‍ ശാലിനിയുടെ മാതാപിതാക്കള്‍ തമ്മില്‍ വളരെ അകന്നുകഴിഞ്ഞിരുന്നു. ഒരു ദിവസം ശാലിനി വീട്ടില്‍ വന്നുകയറിയപ്പോള്‍ ഒരു കൊമ്പന്മീശക്കാരന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. അച്ഛനും ചേട്ടനും ആ സമയത്ത് വീട്ടിലില്ലായിരുന്നു.
അതെ, അവര്‍ ഒരു ഡോക്ടറിന്റെ അടുത്തും കൊണ്ടുപോയി. കുട്ടികളുടെ മന:ശാസ്ത്ര പ്രശ്നങ്ങള്‍ നോക്കുന്ന ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറിന്റെ അടുത്ത്. ഡോക്ടറും കുറെ ശ്രമിച്ചുനോക്കി. അവള്‍ മിണ്ടിയില്ല. സ്കൂളിലെ കുട്ടികള്‍ അവളെ എന്തെങ്കിലും മിണ്ടിക്കാന്‍ ഒരുപാട് ശ്രമിച്ചു. അവളെ ചിരിപ്പിക്കാന്‍ നോക്കി, കളിയാക്കി, ഇക്കിളിയാക്കി, ദേഷ്യപ്പെട്ടു, ചീത്തവിളിച്ചു, ഉപദ്രവിച്ചു. എന്നിട്ടും ചിലപ്പോള്‍ സ്കൂള്‍ മാറ്റിയാല്‍ ശരിയാവും എന്നുവിചാരിച്ച് അവളെ മറ്റൊരു സ്കൂളിലേയ്ക്കു മാറ്റി.
പുതിയ സ്കൂളില്‍ ചേര്‍ത്തിട്ടും കാര്യങ്ങള്‍ കൂടുതല്‍ വഷളായതേ ഉള്ളൂ. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ ഒരു കുട്ടി മാത്രം ഊമയായി ഇരിക്കുന്നതില്‍ ഉള്ള പന്തികേട് ഹെഡ് മാസ്റ്റര്‍ ശാലിനിയുടെ മാതാപിതാക്കളെ അറിയിച്ചു. അവളെ ആ സ്കൂളില്‍ പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇങ്ങനെയുള്ള തകരാറുകളുള്ള കുട്ടികള്‍ക്കായി ഉള്ള പ്രത്യേക വിദ്യാലയത്തില്‍ ചേര്‍ക്കണം എന്നും പറഞ്ഞു. അടുത്തുള്ള ബധിരവിദ്യാലയത്തിന്റെ മേല്‍വിലാസവും കൊടുത്തു. ശാലിനിയുടെ മാതാപിതാക്കള്‍ ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും അവളെ അവിടെ തുടര്‍ന്നുപഠിയ്ക്കാന്‍ സമ്മതിച്ചില്ല.
ഇതിനു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ശാലിനിയുടെ മാതാപിതാക്കള്‍ തമ്മില്‍ പിരിഞ്ഞു.
---
പ്രിയപ്പെട്ട വായനക്കാരാ,
നിങ്ങള്‍ ശാലിനി പിന്നീട് അസാധാരണമായ ഏതോ സന്ദര്‍ഭത്തില്‍ മിണ്ടി എന്നു വിചാരിച്ചെങ്കില്‍ ക്ഷമിക്കൂ. അനിവാര്യമായ ആ ക്ലൈമാക്സ് ഈ കഥയില്‍ ഇല്ല. ശാലിനി അവളുടെ ജീവിതകാലത്ത് പിന്നെ മിണ്ടിയില്ല. അവളെ മിണ്ടിയ്ക്കാന്‍ പലരും ശ്രമിച്ചു എങ്കിലും അവള്‍ പിന്നെ ഒരിക്കലും മിണ്ടിയില്ല. ഊമയായ ഒരു പെണ്‍കുട്ടിയുടെ സാധാരണ ജീവിതം നയിച്ച് അവള്‍ സാധാരണപോലെ (വണ്ടിയിടിച്ചോ ട്രെയിനില്‍ നിന്നു വീണോ രോഗം വന്നോ വാര്‍ദ്ധക്യത്തിലോ) മരിച്ചുപോയി. ഇത്തരം ഒരു അന്ത്യം വായനക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിലോ നിങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തെങ്കിലോ ഞാന്‍ ഖേദിക്കുന്നു.
കഥയില്‍ ഒരു ക്ലൈമാക്സ് അനിവാര്യമാണെന്ന് എനിക്കറിയാം. എങ്കിലും വീട്ടിലെ പ്രശ്നങ്ങള്‍ കൊണ്ടാണ് ശാലിനി മിണ്ടാതെയായത്, വീട്ടിലെ പ്രശ്നങ്ങള്‍ തീര്‍ന്നില്ല, അതുകൊണ്ട് അവള്‍ മിണ്ടിയില്ല എന്നു നമുക്കിതിനെ ലളിതവത്കരിച്ച് ആശ്വസിക്കാം. (വീട്ടിലെ പ്രശ്നങ്ങള്‍ കൊണ്ടാണ് ശാലിനി മിണ്ടാതെയായതെന്ന് ഞാന്‍ കഥയില്‍ പറഞ്ഞിട്ടില്ല). കഥയില്‍ ക്ലൈമാക്സ് വേണമെങ്കിലും ജീവിതത്തില്‍ ഇതേ നിയമങ്ങള്‍ വരുന്നില്ലല്ലോ എന്നും ആശ്വസിക്കാം. ഈ കഥയില്‍ ഒരു വലിയ ഗുണപാഠം ഉണ്ടെന്നും വേണമെങ്കില്‍ വിചാരിക്കാം. ഇതിനെ ആധുനികം എന്നോ അത്യന്താധുനികം എന്നോ വിളിക്കാം. കമന്റിടാം. എന്തായാലും നിങ്ങള്‍ എന്തുവിചാരിച്ചാലും എന്തു പറഞ്ഞാലും ശാലിനി ഒന്നും മിണ്ടിയില്ല.
എഴുതിയത് simy nazareth സമയം Monday, February 11, 2008 17 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/08/2008
രക്തസാക്ഷിയ്ക്കൊരു പൂവ്
വിനു കൂട്ടുകാരുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പൊഴാണ് വഴിയിലെ പട്ടാള ചെക്ക് പോസ്റ്റ് കടന്ന് രണ്ടു ഗ്രാമീണര്‍ തലയില്‍ ചുള്ളിക്കെട്ടുമായി നടന്നുവന്നത്. കുറച്ചുനേരം ക്രിക്കറ്റ് കളിനോക്കി നിന്ന അവര്‍ മൈതാനത്തിന്റെ അരികിലിരുന്ന് പൊതിയഴിച്ച് ചപ്പാത്തിയും ഉരുളക്കിഴങ്ങും തിന്നുതുടങ്ങി. അവരുടെ അടുത്തുചെന്നു വീണ പന്ത് എടുക്കാന്‍ വന്ന വിനുവിനോട് കൂട്ടത്തിലൊരാള്‍ ‘തിന്നുന്നോ’ എന്നു ചോദിച്ചു. വിനു ഇല്ല എന്നുപറഞ്ഞ് ചിരിച്ചിട്ട് ഓടിപ്പോയി. കളികഴിഞ്ഞ് കൂട്ടുകാരോട് വിടപറഞ്ഞ് വിനു വീട്ടിലേയ്ക്കു നടക്കുമ്പോള്‍ അവര്‍ ഇടവഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ശ്രദ്ധിക്കാതെ നടന്ന വിനുവിനെ ഒരാള്‍ കയ്യില്‍ പിടിച്ചുനിറുത്തി.
‘നിന്റെ അമ്മയെയും പെങ്ങളെയും അവര്‍ ബലാത്സംഗം ചെയ്തു. നീ ക്രിക്കറ്റുകളിക്കുന്നോ?’
‘എന്നെ വിടൂ, ഞാന്‍ പോട്ടെ’
‘നിന്റെ ചേച്ചി എവിടെയാണെന്നു നിനക്കറിയാമോ?’
‘എനിക്കറിയില്ല. ഞാന്‍ പോട്ടെ’
‘നിന്റെ ചേച്ചിയെ അവര്‍ കൊന്നു. നിന്റെ അമ്മ രക്ഷപെട്ടു. അവരിതൊന്നും നിന്നോടു പറയില്ല. നീ കളിച്ചു നടക്കുന്നു’
‘എനിക്കു പോണം’
‘നാണമില്ലേടാ നായേ. എന്തിനു നീ ഇങ്ങനെ ജീവിച്ചിരിക്കുന്നു’
‘ഞാന്‍ പോട്ടെ. ദയവുചെയ്ത് എന്നെ വിടൂ‘
‘നിന്റെ പ്രായത്തില്‍ കത്തുന്ന വീടുകളില്‍ നിന്ന്‍, അലറിക്കരയുന്ന സ്ത്രീകളില്‍നിന്ന്, ചത്തുകിടക്കുന്ന ബന്ധുക്കളില്‍ നിന്ന്, കൊല്ലാന്‍ വരുന്ന ജനക്കൂട്ടത്തില്‍ നിന്നു ഞങ്ങള്‍ ഓടുകയായിരുന്നു. മതി നീ കളിച്ചുനടന്നത്.
അവരിലൊരാള്‍ ചുള്ളിക്കെട്ടഴിച്ച് അതില്‍നിന്നും പത്രക്കടലാസില്‍ പൊതിഞ്ഞ ഒരു ചെറിയ പൊതി പുറത്തെടുത്തു. ‘നീ ഈ പൊതി ആ പട്ടാളബാരക്കിന്റെ മതിലിനു മുകളില്‍ക്കൂടി എറിയണം. ഇപ്പോള്‍ വേണ്ട, രാത്രിമതി’.
‘ഇല്ല, എനിക്കു പോണം. അമ്മ വിഷമിക്കും’
‘മോന്‍ ഇത് എറിഞ്ഞില്ലെങ്കില്‍ നാളെ അമ്മ തീര്‍ച്ചയായും വിഷമിക്കും‘. - അയാള്‍ അരയില്‍ നിന്നും ഒരു കത്തി പുറത്തെടുത്തു. വൈകുന്നേരത്തെ വെയിലില്‍ കത്തി ഭീകരമായിത്തോന്നി. ‘എറിയുമോ?’
...
‘എറിയുമോ? ഒന്നും പേടിക്കാനില്ല. നീ അതിനടുത്തുപോയാല്‍ ആരും ശ്രദ്ധിക്കില്ല. ഈ പൊതിയെറിഞ്ഞാല്‍ കുറച്ചുനേരത്തേയ്ക്ക് ബഹളമാവും. അതിനിടയില്‍ നീ ഓടണം. ഒന്നും പേടിക്കാനില്ല. കഴിയുന്നതും വേഗം ഓടി വീട്ടിലെത്തണം. നീ തിരിച്ചുവരുന്നതുവരെ ഞങ്ങള്‍ ഇവിടെ കാത്തുനില്‍ക്കും. എറിയില്ലേ?’
വിനു തലകുലുക്കി.
‘മിടുക്കന്‍. നിന്റെ അമ്മ ഒരു ആണ്‍കുട്ടിയെത്തന്നെയാണു പെറ്റത്’.
‘എനിക്കാരെയും കൊല്ലണ്ട’
‘മണ്ടാ, ഇതു വെറും പടക്കമല്ലേ? ഇതു കൊല്ലില്ല. പട്ടാളക്കാരെ ഒന്നു പേടിപ്പിക്കണം. അത്രയേ ഉള്ളൂ. അവരൊക്കെ ഇതിന്റെ ശബ്ദം കേട്ടു കെട്ടുകെട്ടിക്കോളും. നാളെത്തന്നെ സ്ഥലംവിടും. നോക്കിക്കോ’.
താമസിച്ചതിനു അമ്മ വഴക്കുപറയുമോ എന്നായിരുന്നു ബോംബ് എറിയാന്‍ പോവുമ്പോള്‍ വിനുവിന്റെ ചിന്ത. ബാരക്കിലേയ്ക്കു കയറുന്ന ഒരു പട്ടാളക്കാരന്‍ വിനുവിനെ നോക്കി ചിരിച്ചു. പട്ടാളക്കാരന്റെ ചിരി കണ്ടപ്പോള്‍ വിനുവിന് അച്ഛനെ ഓര്‍മ്മവന്നു. അച്ഛന്‍ ഇപ്പോള്‍ എവിടെയാവും. അമ്മ ഒന്നും പറയാറില്ല. അമ്മ ദിവസവും മിണ്ടുന്നതു തന്നെ ഒന്നോ രണ്ടോ വാക്കാണ്. അമ്മയെ അവര്‍ ബലാത്സംഗംചെയ്തോ? ആരാണവര്‍? ഈ മതിലിന് എന്തൊരു പൊക്കമാണ്. മതിലിന്റെ മുകളില്‍ നില്‍ക്കുന്നയാള്‍ തന്നെ നോക്കുന്നു. അയാള്‍ തിരിയുമ്പോള്‍ എറിഞ്ഞിട്ട് ഓടണം. ദൈവമേ അപ്പുറത്ത് ആരും കാണരുതേ. അമ്മ എന്നെ കാണാതെ വിഷമിക്കുമോ? ഓടി വീട്ടില്‍ പോയി ഇരുന്നാലോ? അവര്‍ അമ്മയെ എന്തെങ്കിലും ചെയ്യുമോ? മതിലിനു മുകളിലെ പട്ടാളക്കാരന്‍ അപ്പുറത്തോട്ടു തിരിയു.. ഠേഏഏഏഏഏഏഏഏ അയ്യോ ഭൂമി കുലുങ്ങുന്നു അമ്മേ.
മറിഞ്ഞുവീണ മണ്ണില്‍ നിന്നും ഉരുണ്ടെണീറ്റ് എങ്ങോട്ടെന്നില്ലാതെ ഓടുമ്പോള്‍ വിനു മുന്‍പില്‍ ചീറിവരുന്ന വണ്ടികള്‍ കാണുന്നുണ്ടായിരുന്നില്ല. മാംസത്തിന്റെയും വെടിമരുന്നിന്റെയും കരിഞ്ഞമണത്തെ അവന്‍ ഓടിത്തോല്‍പ്പിച്ചു. എന്നിട്ടും പുറകില്‍നിന്ന് ‘അവനാണ്, അവനാണ്‘ എന്നുവിളിച്ചുകൂവിക്കൊണ്ട് ആരോ ഓടുന്നുണ്ടായിരുന്നു. അടുത്തടുത്തുവരുന്ന ശബ്ദം. പിടിയവനെ. അമ്മേ. വിനു മൈതാനത്തിനു കുറുകേ ഓടി. പിറകിലെ ഒച്ചകളെ തോല്‍പ്പിച്ചുകൊണ്ട് ഇടവഴികളിലൂടെ ഓടി. ഒരുശബ്ദവുമില്ലാതെ ഉറങ്ങിക്കിടന്ന ക്ഷേത്രനടകളെ ഓടിയുണര്‍ത്തി. അമ്മ എന്നെ കാണാതെ ഉറങ്ങുമോ?
ക്ഷേത്രസമുച്ചയത്തിന്റെ മുകളിലേയ്ക്ക് പടികള്‍ ഓടിക്കയറുമ്പോള്‍ സ്വന്തം കിതപ്പിന്റെ ശബ്ദവും കാലടികളുടെ ശബ്ദവും കേട്ട് താഴെ മഠത്തിലുറങ്ങുന്ന സന്യാസികള്‍ ഉണര്‍ന്ന് വിളക്കും കത്തിച്ച് മുകളിലേയ്ക്കു ഓടിവരുമോ എന്നു വിനു ഭയന്നു. ഇരുട്ടില്‍ പകുതിമറഞ്ഞ ചന്ദ്രന്‍ അരണ്ട വെളിച്ചം ക്ഷേത്രത്തിനു മുകളിലെ സിമന്റ് തറയില്‍ വീഴ്ത്തുന്നുണ്ടായിരുന്നു. നിരനിരയായ്ക്കെട്ടിയ അഴകളില്‍ തൂക്കിയിട്ടിരുന്ന സന്യാസിമാരുടേ കാവി വസ്ത്രങ്ങള്‍ വായുവില്‍ ഭൂതങ്ങളെപ്പോലെ തങ്ങിനിന്നു. അവയിലെ കഴുത്തിന്റെ വാവട്ടം ഭൂതത്തിന്റെ ഇരുണ്ട വായപോലെ തുറന്നു താഴേയ്ക്കു തൂങ്ങിക്കിടന്നു. കിതച്ചുകൊണ്ട് അഴകള്‍ക്കിടയിലൂടെ ഓടി വിനു വെള്ളത്തിന്റെ സംഭരണിയുടെ താഴെയുള്ള മുറിയുടെ വാതില്‍ക്കലെത്തി. അകത്തുനിന്നും കുറ്റിയിട്ടിരുന്ന കതക് വലിച്ചുതുറക്കാന്‍ നോക്കിയിട്ടും നടന്നില്ല. മേല്‍ക്കൂരയുടെ ഒരു കോണില്‍ മുറിയോടുചേര്‍ന്ന് വിനു കിതച്ചുകൊണ്ട് നിലത്തിരുന്നു. ഹൃദയമിടിക്കുന്ന ശബ്ദം ഇത്ര ഉറക്കെ കേള്‍ക്കുന്നത് ആദ്യമായായിരുന്നു. ചെവിയില്‍ അപ്പോഴും പട്ടാളക്കാരന്റെ വിസിലടി പീീീീ എന്ന് ചൂളംകുത്തി. ടക് ടക് ടക് എന്ന് ഉറക്കെ താളത്തില്‍ ഇടിക്കുന്ന ശബ്ദം തന്റെ ഹൃദയം ഇടിക്കുന്നതാണോ. അല്ല, ദൂരെ ആരോ ഓടുന്നതാണ്. സന്യാസിമാര്‍ വിളക്കും കത്തിച്ച് ഓടിവരുന്നതാണോ? പീീീീീീീീ. ചെവിതുളയ്ക്കുന്ന ചൂളം സന്യാസിമാരുടേതല്ല. മരങ്ങളില്‍ നിന്നും ഉറക്കമുണര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ പറന്നുപോവുന്നു. ക്ഷേത്രത്തിനു ചുറ്റുമോടുന്ന ടക് ടക് ടക് ശബ്ദം. ഹാവൂ, ശബ്ദം അകന്നുപോവുന്നു. ഇല്ല, ഇല്ല, ശബ്ദം അടുത്തുവരുന്നു. ആരോ പടികള്‍ ഓടിക്കയറുന്നു. ടക് ടക് ടക് ടക്. എവിടെ? ഒളിക്കാനൊരിടമെവിടെ? മഞ്ഞവെളിച്ചത്തില്‍ ഭൂതങ്ങള്‍ അഴയില്‍ തൂങ്ങിനിന്നാടുന്നു. കണ്മുന്നില്‍ നിന്നു വാപൊളിച്ചലറുന്നു. നാലുവശത്തുനിന്നും കാലടികള്‍ ഓടുന്ന ശബ്ദം. ക്ഷേത്രത്തില്‍ ബുദ്ധപൂര്‍ണ്ണിമയ്ക്കു ചെണ്ട മുഴക്കുന്ന ശബ്ദം. അടുത്തടുത്തുവരുന്ന പെരുമ്പറയുടെ ശബ്ദം. കണ്ണിനു മുന്നില്‍ കലാശക്കൊട്ട്. മഞ്ഞ ഭൂതങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് നെറ്റിയില്‍നിന്നും മഞ്ഞവെളിച്ചം ചീറ്റിക്കൊണ്ട് ഇരുട്ടില്‍ തോക്കും ചൂണ്ടിവരുന്ന കറുത്ത നിഴലുകളുടെ മുഖത്ത് പെയിന്റടിച്ച പച്ച വരകള്‍. അമ്മേ. അറിയാതെ കൈപൊക്കിയ വിനുവിനു മുന്‍പില്‍ മൂന്നു നിഴലുകള്‍ വന്നു നിന്നു. വിനു മതിലിനോടുചേര്‍ന്ന് കൂനിക്കൂടിയിരുന്ന് രണ്ടു കൈകളും വായുവിലുയര്‍ത്തി സന്നിബാധപോലെ വിറച്ചു. ചുണ്ടുകള്‍ അറിയാതെ വിതുമ്പി. കണ്ണുകള്‍ക്ക് കാണുന്നതെന്തെന്നു മനസിലാക്കാനാവാത്ത അമ്പരപ്പായിരുന്നു. ഒരു നിഴല്‍ നീട്ടിയടിച്ച വിസിലില്‍ കാലടികള്‍ നിലയ്ച്ചു. ടക് ടക് ടക് ശബ്ദം പതുക്കെയായി. മൂന്നു നിമിഷം - മൂന്നു നിമിഷം മാത്രം, കാലം ചത്തുനിന്നപോലെ അന്തരീക്ഷം നിശബ്ദമായി കിടുങ്ങി. ഇടയ്ക്കിടെ ഉയര്‍ന്നുകേട്ട ശ്വാസത്തിന്റെ ശബ്ദപാളികളെ പൊട്ടിച്ചുകൊണ്ട് മൂന്നുനിഴലുകളിലൊന്നില്‍ നിന്ന് നീണ്ട കുഴലില്‍ നിന്നും തീതുപ്പിക്കൊണ്ട് ടക് ടക് ടക് ശബ്ദമുയര്‍ന്നു. മതിലിനോട് ഒട്ടിയിരുന്ന് വിനുവിന്റെ ശരീരം ഇടികൊള്ളുന്നതുപോലെ വിറച്ചു. തല ഒരു വശത്തേയ്ക്കു തറച്ചുകൊണ്ട് ഒരു വെടിയുണ്ട നെറ്റിയിലൂടെ കയറിപ്പോയി. ഓടിവന്ന പട്ടാളക്കാരിലാരോ കൂടുതല്‍ വെളിച്ചം കൊണ്ടുവന്നു. വിനുവിന്റെ ശരീരം ചുമരിന്റെ ഒരു വശം ചേര്‍ന്ന് പറ്റിയിരുന്നു. ആവശ്യത്തിലേറെ തീതുപ്പിയിട്ടും കലിയടങ്ങാതെ കയ്യിലിരുന്നു വിറച്ച തോക്കിന്റെ ചൂടുകുഴല്‍ നിലത്തേയ്ക്കു താഴ്ത്തുമ്പോള്‍ പട്ടാളക്കാരനായ സുനില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടില്‍ എലികളെ അടിച്ചുകൊന്നത് ഓര്‍ക്കുകയായിരുന്നു. ഒരു പന്നിയെലിയെ ക്രിക്കറ്റ് ബാറ്റെടുത്ത് മതിലോടുചേര്‍ത്ത് അടിച്ച അടികൊണ്ട് എലി ചതഞ്ഞ് മതിലിന്റെ മൂലയില്‍ പറ്റിയിരുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് എലിയെ നീക്കാന്‍ ശ്രമിച്ചിട്ടും എലി പശപോലെ മതിലില്‍ ഒട്ടിപ്പോയി. വിനുവിന്റെ ചത്ത ശരീരത്തിലെ ഏതൊക്കെയോ സുഷിരങ്ങളില്‍ നിന്നും ചോര ഒരുകുടം വെള്ളം മറിഞ്ഞതുപോലെ ഒഴുകി.
ക്ഷേത്രത്തില്‍ നിന്നും ബാരക്കിലേയ്ക്കു നടക്കുമ്പോള്‍ പട്ടാളക്കാര്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല. ആരൊക്കെയോ സുനിലിന്റെ തോളില്‍ കയ്യിട്ടു എങ്കിലും സുനില്‍ മുഖമുയര്‍ത്തിയില്ല. ബാരക്കില്‍ കാപ്റ്റന്‍ സുനിലിന്റെ മുന്‍പില്‍ വന്നു നിന്നു. ‘കുട്ടിയായിരുന്നു. ആയുധമില്ലായിരുന്നു, വെടിവെയ്ച്ചുപോയി’. കാപ്റ്റന്‍ ഒന്നും പറഞ്ഞില്ല. കാപ്റ്റനു ഇടതുകൈ ഇല്ലായിരുന്നു. യുദ്ധത്തില്‍ തോളില്‍ വെടികൊണ്ടിട്ടും വാശിയോടെ പോരാടിയതാണ്. വേണ്ടസമയത്ത് ചികത്സ നല്‍കാന്‍ സാധിക്കാത്തതിനാല്‍ കൈ മുറിച്ചു കളയേണ്ടിവന്നു. അന്നത്തെ യുദ്ധം തോറ്റുപോയി, എങ്കിലും കാപ്റ്റന്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ ജീവനോടെ രക്ഷപെട്ടു. പട്ടാളത്തില്‍ നിന്നും വിടുതല്‍ ലഭിച്ചിട്ടും വേണ്ട എന്നുവെയ്ച്ച് യുദ്ധമുഖത്തുതന്നെ നിന്നു. കുറച്ചുനേരം മിണ്ടാതെനിന്ന കാപ്റ്റന്‍ പറഞ്ഞു ‘പോട്ടെ, സാരമില്ല. റിപ്പോര്‍ട്ടില്‍ വരില്ല. അവന്‍ നിന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പൊഴാണ് നീ തിരിച്ചു വെടിവെയ്ച്ചത്. അവന്‍ ചാവേറായിരുന്നു. മനസിലായോ?’. സുനില്‍ ഒന്നും പറയാതെ തലതാഴ്ത്തി. ഇമോഷണല്‍ സ്ട്രെസ്സ് ആണ്, സാരമില്ല, ഒന്നു രണ്ട് ആഴ്ച്ച അവധിവേണമെങ്കില്‍ അനുവദിക്കാം‘. സുനില്‍ ഒന്നും പറഞ്ഞില്ല. ഇമോഷണല്‍ സ്ട്രെസ്. ഒരാഴ്ച്ചയ്ക്കുമുന്‍പ് കൂട്ടുകാരനായ സുധീര്‍ പരിശീലനത്തിനുപോവാതെ മൂടിക്കെട്ടിയ മുഖവുമായി മുറിയില്‍ത്തന്നെയിരുന്നു. അവനെ വിളിച്ചുകൊണ്ടുപോകാന്‍ വന്ന രണ്ട് സൈനികരെ അവന്‍ വെടിവെയ്ച്ചുകൊന്നു. കൂട്ടുകാരില്‍ ആരോ പിന്നെ സുധീറിനെ വെടിവെച്ചുകൊന്നു. ഇമോഷണല്‍ സ്ട്രെസ്സ്. മതിലില്‍ ഒരു എലി ചത്തുപറ്റിപ്പിടിച്ചിരിക്കുന്നു. ക്രിക്കറ്റ് ബാറ്റെടുത്ത് ചുരണ്ടുന്നു. ഒട്ടിയിരിക്കുന്ന എലി ഇളകിവരുന്നില്ല. ഇമോഷണല്‍ സ്ട്രെസ്സ്. ‘സാരമില്ല. പോയി ഉറങ്ങൂ’. കാപ്റ്റന്‍ നടന്നുമറഞ്ഞു. സുനില്‍ ബങ്കര്‍ കട്ടിലിന്റെ മുകളില്‍ വലിഞ്ഞുകയറി. ടി.വി. റിമോട്ടില്‍ വിരലമര്‍ത്തി. ഉറക്കമുണാര്‍ന്നപ്പോള്‍ ടിവിയില്‍ ടോം ജെറിയെ ഓടിക്കുന്നു. ജെറി ടോമിനെ ഓടിക്കുന്നു. ജെറിയും ടോമും മേശയ്ക്കു ചുറ്റും വട്ടത്തിലോടുന്നു. ദൂരെ ഗ്രാമത്തിലെ വീട്ടില്‍ സുനില്‍ ചാരുകസേരയില്‍ ചായയും പിടിച്ച് ഇരിക്കുന്നു. രണ്ട് കുട്ടികള്‍ സുനിലിനു ചുറ്റും വട്ടത്തിലോടുന്നു. മകനും മകളും വട്ടത്തിലോടുന്നു. മക്കള്‍ ബഹളം കൂട്ടുന്നു. പീീീീ എന്ന് കൂവിവിളിക്കുന്നു. ടക് ടക് ടക് എന്ന് ഉറക്കെച്ചിരിക്കുന്നു. അവള്‍ ഇപ്പോള്‍ എവിടെയാണ്?
അവളും സുനിലും തമ്മില്‍ തെറ്റിയിട്ട് മൂന്നുവര്‍ഷത്തോളമായെങ്കിലും വിവാഹമോചനം ലഭിച്ചിരുന്നില്ല. പട്ടാള കാമ്പിലേയ്ക്ക് അയച്ച പേപ്പറുകള്‍ സുനിലിന്റെ കയ്യില്‍ കിട്ടിയില്ല. രണ്ടാമത്തെ കുട്ടിയുണ്ടായി ഒരു വര്‍ഷം കഴിഞ്ഞാണ് അവര്‍ തമ്മില്‍ തെറ്റിയത്. നന്ദു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന നന്ദിത വെളുത്ത് അല്പം തടിച്ചിട്ടായിരുന്നു. ‘നിനക്ക് ഞാന്‍ ഒരു തയ്യല്‍ മെഷീന്‍ വാങ്ങിത്തരാം. അയലത്തെ വീട്ടിലെ പെണ്ണുങ്ങള്‍ക്കു തയ്ച്ചുകൊടുത്താല്‍ തന്നെ നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കും കഴിയാനുള്ള വരുമാനമുണ്ടാവുമല്ലോ‘. മൂന്നുവീടുകള്‍ക്ക് അപ്പുറത്തുതാമസിക്കുന്ന മെലിഞ്ഞ ശരീരമുള്ള മുതലാളി ഇതും പറഞ്ഞ് അവളുടെ ശരീരത്തിനുമേല്‍ക്കിടന്നു വിയര്‍ക്കുമ്പോള്‍ അവള്‍ സ്കൂളില്‍ നിന്ന് മക്കളെ വിളിയ്ക്കാന്‍ പോവാന്‍ സമയമായോ എന്ന് ഓര്‍ക്കുകയായിരുന്നു. കുട്ടികള്‍ അപ്പോള്‍ ഇന്റര്‍വെല്‍ സമയത്ത് പൊട്ടിച്ചിരിച്ച് വട്ടത്തിലോടുകയായിരുന്നു. സുനില്‍ മെത്തയില്‍ മൂടിപ്പുതച്ചുകിടക്കുമ്പോള്‍ മനസ്സില്‍ കുട്ടികള്‍ ടക് ടക് ടക് എന്നു കൈകൊട്ടിക്കൊണ്ട് വട്ടത്തിലോടുകയായിരുന്നു. പട്ടാളക്കാര്‍ വിനുവിന്റെ ശരീരം മതിലില്‍ നിന്നും ഒരു തൂമ്പാകൊണ്ട് ചുരണ്ടിയിളക്കുകയായിരുന്നു. കത്തുന്നവീടുകളില്‍ നിന്നും പൊട്ടിച്ചിരിച്ചുകൊണ്ട് മഞ്ഞപ്പൂക്കളും പിടിച്ച് ബാരക്കിനുചുറ്റും വട്ടത്തിലോടുന്ന കുട്ടികളെ സ്വപ്നംകണ്ടുവിറച്ച് വിപ്ലവകാരി കാട്ടില്‍ കാലില്‍ കടിച്ചുതൂങ്ങിയ അട്ടയെ പൊട്ടിച്ചുകളയുകയായിരുന്നു.
--------------------
1) ബി.ബി.സി. വെബ് വിലാസത്തില്‍ വന്ന ഈ സംഭവത്തെ ആസ്പദമാക്കി എഴുതിയത്.
--------------------
2)നാളെയുടെ പാട്ടുഞാന്‍ പാടിയില്ലേ, തരൂ നാണയ-
മതാണെന്റെ സ്വാതന്ത്ര്യഗായകന്‍.
എവിടെയൊരുയുദ്ധമുണ്ടെവിടെയൊരു ക്ഷാമമു-
ണ്ടെന്നുകേട്ടീടിലും കവിതയെഴുതീട്ടതും
കാശാക്കിമാറ്റുന്നു ബഹുജനഹിതാര്‍ത്ഥം ജനിച്ചുജീവിപ്പവന്‍.
കാലടികള്‍ ചുറ്റിയൊരു ചങ്ങല-അതിന്നെന്റെ
കാതരഹൃദാന്തമണിയുന്നൂ (അയ്യപ്പപ്പണിക്കര്‍, മൃത്യുപൂജ)
എഴുതിയത് simy nazareth സമയം Friday, February 08, 2008 17 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/06/2008
ചുംബനം
ഉമേഷ് കല്യാണത്തിന്റെ തലേ ദിവസം കാറുമെടുത്ത് പഴയ കാമുകിയെ കാണാന്‍ പോയി. അവളുടെ സ്വന്തക്കാരെ വകവയ്ക്കാതെ പാലായിലെ വീട്ടില്‍ കയറിച്ചെന്നു. അവള്‍ ഒറ്റയ്ക്കായിരുന്നു. അവളെ മറക്കാന്‍ പറ്റില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കെട്ടുന്നു എന്നും കരഞ്ഞു. അവള്‍ കരഞ്ഞില്ല. മറന്നേക്കാന്‍ പറഞ്ഞു. ഇനി കാണരുതെന്നു പറഞ്ഞു. ഇറങ്ങിപ്പോവാന്‍ പറഞ്ഞു. ഉമേഷ് അവളില്ലാതെ ജീവിക്കാന്‍ വയ്യെന്നു പറഞ്ഞു. അവള്‍ അല്പം അലിഞ്ഞു. വീട്ടുകാര്‍ വരും എന്നു പറഞ്ഞു. ഉമേഷ് അവസാനമായി ഒരു ചുംബനം വേണമെന്ന് വാശിപിടിച്ചു. അവള്‍ തട്ടിമാറ്റി. പിടിയില്‍ നിന്നും കുതറിമാറി. ചുണ്ടുകളില്‍ നിന്നും മുഖം തിരിച്ചു. ഒടുവില്‍ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ കവിളില്‍ പതുക്കെ ഒരുമ്മകൊടുത്തു. പ്രണയത്തിന്റെ അവസാനത്തെ ഉമ്മ ആയതുകൊണ്ടാവണം, കവിള്‍ പൊള്ളിയതെന്ന് ഉമേഷ് വിചാരിച്ചു. രാവിലെ ഉണര്‍ന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കവിളില്‍ ഒരു കറുത്ത പാട്. കുളിച്ച് ആഹാരം കഴിക്കാന്‍ പോവുമ്പൊഴും പാടു മാറിയില്ല. എന്തായാലും കല്യാണത്തിനു മേക്കപ്പ് ഇടുന്നയാള്‍ സമര്‍ത്ഥമായി ക്രീം പുരട്ടി ആ പാട് മറച്ചു.
ആദ്യരാത്രിയില്‍ ഭാര്യ ഈ പാടുകാണാതിരിക്കാന്‍ ഉമേഷ് കുറച്ചൊന്നുമല്ല പാടുപെട്ടത്. കിടപ്പറയില്‍ കയറിയ ഉടനെ ലൈറ്റ് അണച്ചിട്ടും ഇരുട്ടത്ത് കവിളില്‍ ചുംബിക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ ഈ പാടിന്റെ അടുത്തെത്തി ഒന്ന് അറച്ചുനിന്നു. അവള്‍ ഒന്നും ചോദിച്ചില്ല. രണ്ടാം ദിവസം രാവിലെ ശരീരത്തില്‍ മറ്റു പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കവിളില്‍ ഈ കറുത്ത പാടു മാത്രം.
എന്നും അട്ടിയില്‍ ക്രീം ഇട്ട് പാടുകള്‍ മറയ്ക്കാന്‍ പ്രയാസമാണ്. ഉമേഷ് ഒരു ത്വക് രോഗ വിദഗ്ധനെ കാണാന്‍ പോയി. അയാള്‍ പാടില്‍ നിന്നും അല്പം തൊലി ചുരണ്ടിയെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഒരുപിടി ഗുളികകളും പുരട്ടാന്‍ ക്രീമും കൊടുത്തു. രണ്ട് ആഴ്ച്ച മരുന്നുകഴിച്ചതിനു മുടിപൊഴിച്ചിലും വയറുവേദനയുമായിരുന്നു മെച്ചം. പാട് പൂര്‍വ്വാധികം വലിപ്പത്തില്‍ കറുത്തുകിടന്നു.
നഗരത്തിലെ പ്രശസ്തരായ ത്വക് രോഗ വിദഗ്ധര്‍ക്ക് ഈ പാടുമാറ്റാന്‍ പറ്റിയില്ല. സത്യത്തില്‍ വടു അത്ര അവലക്ഷണം ആയിരുന്നില്ല. വെറുതേ മനസ്സില്‍ ഒരു കുത്തല്‍. ഒരു വാശി. ഒരു പ്ലാസ്റ്റിക് സര്‍ജന്റെ അടുത്തുപോയി. ഡോക്ടര്‍ സ്കാന്‍ ചെയ്തു നോക്കി. പാട് വളരെ ആഴത്തിലുള്ളതാണ്, മാറ്റാന്‍ കഴിയില്ല എന്നുപറഞ്ഞു. ഉപരിപ്ലവമായ കാര്യങ്ങളേ മറയ്ക്കാന്‍ കഴിയൂ എന്ന്. ജീവിതത്തില്‍ ഒട്ടും നിനയ്ക്കാത്ത കാര്യങ്ങളാണ് മനുഷ്യനെ വിശാദരോഗിയാക്കുന്നതെന്ന് ഉമേഷിനു മനസിലായി. ആശയറ്റ ഒരു നിമിഷത്തിലായിരുന്നു ഭാര്യയുടെ ചുണ്ടിലെ ഒരു പാട് അവള്‍ എന്തോ ക്രീം പുരട്ടി മറയ്ക്കുന്നത് കണ്ടത്.
അവളോട് ഈ പാടുമാറ്റിത്തരണം എന്നുപറഞ്ഞു. അവള്‍ ഒന്നും മിണ്ടിയില്ല. പെട്ടിതുറന്ന് രണ്ട് ക്രീമുകള്‍ പുറത്തെടുത്തു. അതില്‍ തുപ്പി വിരല്‍കൊണ്ട് ഇളക്കി യോജിപ്പിച്ച് ഉമേഷിനു കൊടുത്തു. മൂന്നുദിവസം മാംസാഹാരം കഴിക്കരുതെന്നു പറഞ്ഞു. മൂന്നുദിവസം കൊണ്ട് പാട് അശേഷം മാറി. ഉമേഷിന്റെ മുഖം തെളിയേണ്ടതാണ്. പക്ഷേ തെളിഞ്ഞില്ല.
“ഈ പാട് എങ്ങനെ വന്നു എന്ന് നിനക്കറിയണ്ടേ?”
“വേണ്ട”
“ഇല്ല, നീ അറിയണം, നീയാണെന്റെ പാടുമാറ്റിയത്. എനിക്കിതു നിന്നോടു പറഞ്ഞേ മതിയാവൂ”.
“എനിക്കൊരാഗ്രഹവുമില്ല, ദയവുചെയ്ത് പറയരുത്”.
അവളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഉമേഷ് പഴയ കാമുകിയുടെ കാര്യം പറഞ്ഞു. കല്യാണത്തലേന്ന് അവളെ കാണാന്‍ പോയതു പറഞ്ഞു. കത്തുന്ന ചുംബനം പറഞ്ഞുകരഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ല. എല്ലാം പറഞ്ഞ് വികാരങ്ങളൊഴിഞ്ഞ് തളര്‍ന്നുറങ്ങുന്ന ഉമേഷിന്റെ കവിളില്‍ പതിയെ ഒരു മുത്തം കൊടുത്തു.
ഉമേഷ് രാവിലെ ഉണര്‍ന്നപ്പോള്‍ ഭാര്യയോ ഭാര്യയുടെ ബാഗുകളോ ഇല്ലായിരുന്നു. കവിളില്‍ രണ്ട് ചുണ്ടുകളുടെ ചുംബനമറുക് മായാതെ ചുവന്നുകിടന്നു.
എഴുതിയത് simy nazareth സമയം Wednesday, February 06, 2008 21 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/03/2008
മാജിക്കല്‍ റിയലിസം
കവിയുടെ ആദ്യരാത്രിയായിരുന്നു അത്. കണ്ണാടിയുടെ മുന്‍പില്‍ നിന്ന് വിവാഹ വസ്ത്രങ്ങളില്‍ നിന്നും നിശാവസ്ത്രങ്ങളിലേയ്ക്കു മാറാന്‍ ഷര്‍ട്ട് ഊരവേ കവിക്ക് പഴയ കാമുകിയെ ഓര്‍മ്മവന്നു. അപ്പോള്‍ കവിയുടെ വെളുത്ത നെഞ്ചിലും കവിളിലും നെറ്റിയിലും തോളുകളിലും അവള്‍ നല്‍കിയ ആയിരം ഉമ്മകള്‍ ചുവന്നു തെളിഞ്ഞുവന്നു. പരിഭ്രാന്തിയോടെ കണ്ണാടിയില്‍ നോക്കി കവി പറഞ്ഞു
“എനിക്ക് മാജിക്കല്‍ റിയലിസം ഇഷ്ടമല്ല”.
ചുംബനത്തിന്റെ പാടുകള്‍ ഒരു നിശ്വാസത്തോടെ മറഞ്ഞു.
എഴുതിയത് simy nazareth സമയം Sunday, February 03, 2008 10 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/01/2008
കാര്യങ്ങള്‍ കാണുന്നതുപോലെ അല്ല
മരുഭൂമിയുടെ നടുവിലുള്ള ഹൈവേയിലൂടെ ഡ്രൈവ് ചെയ്തുപോവുന്നത് രഘുവിനു വളരെ ഇഷ്ടമാണ്. ഇമ്പത്തില്‍ മൂളിക്കൊണ്ട് ഒഴുകുന്ന വണ്ടി. മിണ്ടാതിരിക്കുന്ന കൂട്ടുകാരന്‍. ഇരുവശത്തും കണ്ടുമുഷിഞ്ഞ മരുഭൂമി. സുഗമമായ കറുത്ത വഴിത്താര. വല്ലപ്പോഴും മാത്രം ഒന്നു മുന്നില്‍ത്തെളിഞ്ഞ് ഓടി പിന്നിലേയ്ക്കു മറയുന്ന വാഹനങ്ങള്‍. വലിയ ലോകം. അതില്‍ ചെറിയ വാഹനത്തില്‍ വേഗത്തിലൊഴുകുന്ന രണ്ടു മനുഷ്യര്‍. പട്ടുപോലെ മൌനം. ഇങ്ങനെയുള്ള യാത്രകളില്‍ ഡ്രൈവിങ്ങ് സ്വപ്നാടനമാണ്.
അലസമായി പ്രകൃതിയില്‍ ലയിച്ച് വണ്ടിയോടിക്കുമ്പൊഴായിരുന്നു വേഗമേറിയ പാതയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒരാള്‍ നടന്നുകയറിയത്. റോഡ് മുറിച്ചുകടക്കവേ അയാള്‍ വഴിയുടെ നടുക്കുനിന്ന് രഘുവിന്റെ വാഹനം കൈകാണിച്ചു നിറുത്താന്‍ നോക്കി. വണ്ടി ബ്രേക്ക് ചവിട്ടി വെട്ടിച്ച് അയാളെ പ്രാകി ചീത്തവിളിച്ചുകൊണ്ട് രഘു റിയര്‍ വ്യൂ മിററില്‍ നോക്കി. കറുത്ത കുറ്റിത്താടിയും പൊക്കമുള്ള മെലിഞ്ഞ ശരീരവും കുര്‍ത്ത-പൈജാമയും തലയിലെ ചുവന്നകെട്ടും ചെറുതായ് ചെറുതായ് ഒരു പൊട്ടായി മറഞ്ഞു. ഭ്രാന്തനാവാം. ഈ മരുഭൂമിയിലെ ചൂടില്‍ ആരും ഒരു ലിഫ്റ്റ് കൊടുക്കാതെ വലഞ്ഞ് ക്ഷമയറ്റ് വഴിയുടെ നടുവില്‍ കയറി നിന്നതാവാം. ജീവന്‍ രക്ഷപെട്ടത് അയാളുടെ ഭാഗ്യം. വണ്ടി തട്ടിയെങ്കില്‍ ഒരു കുഞ്ഞുപോലുമറിയാതെ താന്‍ നിറുത്താതെ ഓടിച്ചുപോയേനെ. ഈ വഴിയില്‍ വേഗത്തില്‍ വരുന്ന വണ്ടി ചവിട്ടിനിറുത്തി ആര്‍ക്കെങ്കിലും ലിഫ്റ്റ് കൊടുക്കുന്നത് അസാധ്യമാണ്. എങ്കിലും അയാള്‍ എങ്ങനെ ഈ മരുഭൂമിയുടെ നടുവില്‍ ഒറ്റപ്പെട്ടു? ഏതെങ്കിലും വാഹനം ബ്രേക്ക് ഡൌണ്‍ ആയതാവും. പക്ഷേ അങ്ങനെ വഴിയില്‍ ഒരു വാഹനവും കേടായി കിടന്നത് കണ്ടതുമില്ല. ഏതാനും നിമിഷങ്ങള്‍ക്കകം രഘു അയാളെ മറന്നു. കൂട്ടുകാരന്റെ വീട്ടിലെത്തി. ആഹാരം കഴിച്ചു. കുറച്ചുനേരം ടി.വി. കണ്ട് ഇരുന്നു. മൂന്നുമണിയോടെ പട്ടണത്തിലെ തന്റെ ഓഫീസിലേയ്ക്കുതിരിച്ചു. റേഡിയോ ഓണ്‍ ചെയ്ത് വാര്‍ത്ത കേട്ടുതുടങ്ങി. എന്തൊക്കെയോ വലിയ കാര്യങ്ങള്‍ നടക്കും എന്ന് രാഷ്ട്രീയക്കാര്‍ വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. കള്ളന്മാര്‍ ജനങ്ങളെ പറ്റിക്കുകയാണ്. അവര്‍ പറയുന്നതൊന്നും വിശ്വസിച്ചുകൂടാ. രഘു വണ്ടിയുടെ വേഗം കൂട്ടി. എതിര്‍ദിശയിലെ പാതയോരത്ത് തലപ്പാവൂരി വീശിക്കൊണ്ട് അയാള്‍ നില്‍ക്കുന്നു. നേരത്തേ അയാളെ കണ്ടതില്‍ പിന്നെ നാലോ അഞ്ചോ മണിക്കൂര്‍ ആയിക്കാണും. ഈ രാജ്യം അങ്ങനെയാണ്. ആരും ആരെയും സഹായിക്കില്ല. പ്രത്യേകിച്ചും പാവപ്പെട്ടവനെ. രഘു വണ്ടി നിറുത്തി. വണ്ടി കുറെ ദൂരം ഞരങ്ങിക്കൊണ്ട് മുന്‍പിലായി നിന്നു. അയാള്‍ കിതച്ചുകൊണ്ട് ഓടിവന്ന് വണ്ടിയില്‍ കയറി. വിയര്‍പ്പിന്റെ കട്ടിയുള്ള ഗന്ധം വണ്ടിയ്ക്കുള്ളില്‍ നിറഞ്ഞു.
നിങ്ങള്‍ ഇത്രനേരം എങ്ങനെ വെയിലത്തുനിന്നു? ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് അപകടമല്ലേ?
അതിനു ഞാന്‍ റോഡ് മുറിച്ചുകടന്നില്ലല്ലോ.
ഞാന്‍ നേരത്തേ നിങ്ങളെ കണ്ടത് റോഡിന്റെ എതിര്‍വശത്താണ്. ഞാന്‍ എതിര്‍ദിശയിലാണ് നേരത്തേ വണ്ടിയോടിച്ചിരുന്നത്.
നിങ്ങള്‍ക്കു തോന്നുന്നതാണ്. എതിര്‍ വശത്തല്ല. ഞാന്‍ നിന്നത് ഇവിടെത്തന്നെയാണ്.
എവിടെയാണ് നിങ്ങളെ ഇറക്കേണ്ടത്?
താങ്കളുടെ പേരെന്താണ്?
രഘു.
രഘു എവിടേയ്ക്കാണു പോവുന്നത്?
പട്ടണത്തിലെ ഇലക്ട്രിസിറ്റി ഓഫീസിലേയ്ക്ക്.
അതിനു നൂറുമീറ്റര്‍ മുന്‍പില്‍ ഇറക്കിയാല്‍ മതി. അവിടെയാണ് എന്റെ വീട്.
അവിടെ വീടില്ലല്ലോ. ഇലക്ട്രിസിറ്റി ഓഫീസിനു മുന്‍പ് ഒരു മൈതാനമാണ്.
രഘൂ, നിങ്ങള്‍ക്കു തോന്നുന്നതാണ്. അവിടെ വീടുണ്ട്.
ഇല്ല, അവിടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ പോവുന്ന സ്ഥലമാണ്. അവിടെ മൈതാനമാണ്. വീടില്ല.
രഘുവിനു കാണുന്ന കാര്യങ്ങളൊക്കെ ഉറപ്പുണ്ടോ?
ഉണ്ട്. എന്റെ കാഴ്ച്ചയ്ക്കൊരു കുഴപ്പവുമില്ല.
ഈ നീല റോഡ് എവിടെവരെ കാണാം.
നിങ്ങള്‍ കളിയാക്കുന്നോ? റോഡ് നീലയല്ല. കറുപ്പ്. കറുത്ത റോഡ്. കറുപ്പ്.
സുഹൃത്തേ, റോഡിനു നീലനിറമാണ്. സൂക്ഷിച്ചുനോക്കൂ. ഇളം നീലനിറം. സൂക്ഷിച്ചുനോക്കൂ. നോക്കു.
റോഡില്‍ സൂക്ഷിച്ചുനോക്കിയാല്‍ എനിക്കു വണ്ടിയോടിക്കാന്‍ പറ്റില്ല. റോഡിനു കറുപ്പുനിറമാണെടോ. താനെന്തൊരു മനുഷ്യനാണ്.
രഘുവിന്റെ വണ്ടിയുടെ നിറം എന്താണ്?
കാപ്പിപ്പൊടി
ചുവപ്പ്.
താങ്കള്‍ക്കു കളര്‍ ബ്ലൈന്‍ഡ്നസ് ഉണ്ടോ? നിറങ്ങള്‍ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നില്ലേ? അതോ ഉച്ചവെയിലില്‍ ഇത്രയും നേരം വഴികാത്തുനിന്നതിന്റെ പ്രശ്നമാണോ?
ഇല്ല, നേരേ നോക്കൂ. വഴിവക്കിലെ കെട്ടിടങ്ങള്‍ കണ്ടോ?
ഉവ്വ്, അംബരചുംബികള്‍
അവ നെട്ടനെയാണോ ചരിഞ്ഞിട്ടാണോ?
നെട്ടനെ. എന്തൊരു ചോദ്യമാണ്.
അല്ല, ഒന്നുകൂടി ശ്രദ്ധിച്ചുനോക്കൂ.
അല്പം ചരിഞ്ഞിട്ടാണ്. ഒരു നാലോ അഞ്ചോ ഡിഗ്രി.
രഘൂ, രഘുവിനു തോന്നുന്നതല്ലേ യാഥാര്‍ത്ഥ്യം. രഘുവിന്റെ കണ്ണുകള്‍ രഘുവിനെ പറ്റിക്കുന്നതാണെങ്കിലോ? റോഡിന്റെ നിറം നീലയാണെങ്കിലോ?
റോഡിന്റെ നിറം നീലയായാലും കറുപ്പായാലും എനിക്കെന്താ. നിങ്ങള്‍ക്ക് ബാക്കി ദൂരം ബസ്സില്‍ പോകാമോ?
ഇവിടെ ബസ്സുകിട്ടില്ല.
അതാ ഒരു ബസ്സു പോവുന്നു.
അത് ബസ്സല്ല, ലോറി. പെട്രോള്‍ കൊണ്ടുപോവുന്ന ലോറി.
തനിക്കെന്താണെടോ? ഇനിയും വട്ടുപറഞ്ഞാല്‍ ഞാന്‍ ഇറക്കിവിടും. അതൊരു ബസ്സാണ്.
രഘു, രഘുവിന്റെ വീട് രഘു എങ്ങനെയാണ് അറിയുന്നത്? രഘുവിനു ചോദ്യം മനസിലാവുന്നോ?
എന്റെ വീട് ഞാന്‍ കാണുന്നു, തൊടുന്നു, അനുഭവിക്കുന്നു.
നിങ്ങളുടെ കാഴ്ച്ചയും സ്പര്‍ശവും നിങ്ങളെ പറ്റിക്കുന്നതാണെങ്കിലോ? വീട് ഇല്ല എന്നു വിചാരിച്ചെങ്കിലോ?
അങ്ങനെയാണെങ്കില്‍ നടന്നുചെന്ന് മതിലിലിടിച്ച് നിലത്തുവീഴും.
നിങ്ങളുടെ ശരീരവും നിങ്ങളെ പറ്റിക്കുന്നതാണെങ്കിലോ?
എവിടെയെങ്കിലും ഇടിക്കണ്ടേ? പറ്റിക്കാത്തതായി എന്തെങ്കിലും വേണ്ടേ?
രഘു, നിങ്ങളുടെ അനുഭവങ്ങള്‍ നിങ്ങളെ പറ്റിക്കുകയാണെങ്കിലോ?
എന്റെ അനുഭവങ്ങളാണ് മിസ്റ്റര്‍ ഞാന്‍. എന്റെ ഇന്ദ്രിയങ്ങള്‍ സംവേദനം ചെയ്തില്ലെങ്കില്‍ ഞാനില്ല. അഞ്ച് ഇന്ദ്രിയങ്ങളില്‍ക്കൂടി അറിയാത്തതൊന്നും ഞാന്‍ അറിയുന്നില്ല, അനുഭവിക്കുന്നില്ല.
ശരി, രഘു ഉണ്ട്. നമുക്കീ ചിന്തയേ മാറ്റാം. രഘു ഒരു നല്ല മനുഷ്യനാണോ?
ആ, ആര്‍ക്കറിയാം. നല്ലതും ചീത്തയും ഒന്നും അല്ല. വെയിലത്തുനിന്ന നിങ്ങള്‍ക്കു ഞാന്‍ ലിഫ്റ്റ് തന്നില്ലേ? ഞാന്‍ അല്പം നല്ലതാവും. ഇനിയും മനുഷ്യനെ വട്ടുപിടിപ്പിച്ചാല്‍ നിങ്ങളെ ഇവിടെ ഇറക്കിവിടുമ്പോള്‍ അല്പം ചീത്തയും ആവും. ഞാന്‍ നന്നോ ചീത്തയോ എന്ന് മറ്റുള്ളവരാണ് പറയേണ്ടത്. ഞാനല്ല.
രഘുവിനെ മറ്റുള്ളവര്‍ അനുഭവിക്കുകയാണല്ലേ. അവരുടെ അനുഭവം വെച്ചല്ലേ രഘു നല്ലതോ ചീത്തയോ എന്നു പറയുന്നത്?
അതെ.
ചിലര്‍ക്കു രഘു നല്ലതും ചിലര്‍ക്ക് ചീത്തയും അല്ലേ?
അതെ.
ഓരോരുത്തര്‍ക്കും അവര്‍ കാണുന്ന രഘുവിന്റെ അല്ലേ അറിയാവുന്നത്?
അതെ. പക്ഷേ ഞാന്‍ അറിയുന്ന ഞാനും ഉണ്ട്. യഥാര്‍ത്ഥ ഞാന്‍.
രഘുവിനു രഘുവിനെ അറിയാമോ?
കുറെയൊക്കെ
രഘു സ്വയം അറിയുന്ന രഘുവും മറ്റുള്ളവര്‍ അറിയുന്ന രഘുവിനെപ്പോലെ ആപേക്ഷികമാണ്. മനസിലാവുന്നുണ്ടോ?
ഇതൊക്കെ അറിഞ്ഞിട്ട് ഞാനെന്തുചെയ്യാനാണ്?
രഘൂ, അറിവുകള്‍ ആപേക്ഷികമാണ്. കാഴ്ച്ചയും കേള്‍വിയും ആപേക്ഷികമാണ്. രഘുവിന് എന്തു പാട്ടാ ഇഷ്ടം?
ശാസ്ത്രീയസംഗീതം
ഒരു ഉദാഹരണം തരാം. യേശുദാസിന്റെ പേരെഴുതിയ ഒരു കാസറ്റും അതിലും നല്ല ശബ്ദത്തില്‍ പാടിയ പേരില്ലാത്ത ഒരാളുടെ കാസറ്റും കേട്ടാല്‍ ചിലപ്പോള്‍ രഘുവിന് യേശുദാസിന്റെ ശബ്ദം തന്നെയാവും ഇഷ്ടപ്പെടുക.
ആവാം.
യേശുദാസ് നല്ലതാണെന്ന ചിന്ത രഘുവിനെ പറ്റിക്കുകയാണ്. ശ്രവണസുഘവും ആപേക്ഷികമാണ്.
ആ
തലമുടി നീട്ടിവളര്‍ത്തിയ ഒരു ഹിപ്പിയുടെ പിന്‍ഭാഗം കണ്ടാല്‍ രഘുവിനു അത് ഒരു സ്ത്രീയാണെന്നു വിചാരിച്ചു കാമം തോന്നും. മീശയും താടിയും വളര്‍ന്ന മുന്‍ഭാഗം കാണുമ്പോള്‍ കാമം പോവുകയും ചെയ്യും. ശരിയല്ലേ
അതെ, തോന്നാം.
രഘു, നിങ്ങള്‍ നിങ്ങളെത്തന്നെ പറ്റിക്കുകയാണ്. റോഡ് നോക്കൂ. നീലയല്ലേ?
ഞാന്‍ എങ്ങനെ അറിയാന്‍. ഞാന്‍ കറുപ്പെന്നു വിളിക്കുന്ന നിറം നിങ്ങള്‍ നീലയെന്നു വിളിക്കുന്നതായിക്കൂടേ?
രഘൂ, നമ്മള്‍ രണ്ടും ഒരേ ലോകത്തെ രണ്ടായി കാണുന്നതായിക്കൂടേ?
നിറുത്തൂ, എന്റെ തല ചൂടാവുന്നു.
രഘൂ ആകാശത്തിന്റെ നിറമെന്താണ്.
ചുവപ്പ്
രഘൂ വഴിവക്കിലെ ചെടികളുടെ നിറമെന്താണ്
വഴിവക്കില്‍ ചെടികളില്ല. ഇതു മരുഭൂമിയാണ്.
ഉണ്ട്. നോക്കൂ, ചെടികളുടെ നിറമെന്താണ്?
പച്ച, കടും പച്ച. ഈന്തപ്പനകള്‍.
രഘൂ, നീയിപ്പോള്‍ എന്റെ കാഴ്ച്ച കണ്ടുതുടങ്ങുന്നു.
ഇല്ല, നിങ്ങള്‍ എന്നെ പറ്റിക്കുകയാണ്. നിങ്ങള്‍ നീല എന്നു വിളിക്കുന്ന നിറം എന്റെ കറുപ്പ് ആയിക്കൂടേ? ആരാണ് ഇതു നീലയോ കറുപ്പോ എന്നു നിശ്ചയിക്കുന്നത്?
ഭൂരിപക്ഷം. അവര്‍ പറയുന്നതാണു സത്യം. ഭൂരിപക്ഷത്തിന്റെ കറുപ്പാണു കറുപ്പ്.
ഇല്ല, ഞാന്‍ ജനിച്ചപ്പോള്‍ തട്ടിവീണ തറ സത്യമാണ്. ഞാന്‍ പിച്ചവെയ്ച്ചപ്പോള്‍ പിടിച്ചുനടന്ന ചുവരുകള്‍ സത്യമാണ്. വണ്ടിയിടിച്ചപ്പോള്‍ എന്റെ കാലൊടിഞ്ഞത് സത്യമാണ്. ഉമ്മവെയ്ച്ചപ്പോള്‍ അവളുടെ ചുണ്ടുമുറിഞ്ഞത് സത്യമാണ്. ഇതൊന്നും ഭൂരിപക്ഷത്തിന്റെ സത്യങ്ങളല്ല. ഇതൊന്നും ആപേക്ഷികമല്ല. ആരും എന്നെ പഠിപ്പിച്ചതല്ല.
ഒക്കെ രഘുവിന് തോന്നുന്നതായിക്കൂടേ? വീട്ടിലേയ്ക്ക് ഇനി എത്ര ദൂരമുണ്ട്?
ഇരുപതു മിനിട്ടും കൂടെ
ഇല്ല, രഘൂ, വീടെത്തി. നോക്കൂ ആ വളവിനപ്പുറം നിങ്ങളുടെ വീട്.
വീടെത്തി. ഇതെന്താ ഹിപ്നോട്ടിസമാണോ?
രഘൂ ഇതു നോക്കൂ. എന്റെ വീട്. നിങ്ങള്‍ പറഞ്ഞ മൈതാനത്തില്‍ എന്റെ വീട്.
മൈതാനമല്ല, വീടുതന്നെ, സമ്മതിച്ചു. ഇതൊരു ബംഗ്ലാവാണല്ലോ.
വണ്ടി നിറുത്താമോ?
ഇത്രയും വലിയ ബംഗ്ലാവെങ്ങനെ ഇവിടെ? ഒരു കൊട്ടാരത്തിന്റെ നീളമുണ്ടല്ലോ ഇതിനു.
ഇറങ്ങൂ.
ഇല്ല, എനിക്കു പോണം.
ഇതാരൊക്കെയാ വന്നതെന്നു നോക്കൂ.
വീട്ടിനുള്ളില്‍ നിന്നും ഒരു ജനക്കൂട്ടം പുറത്തുവന്നു. പല മുഖങ്ങള്‍. ഇടയ്ക്ക് വലിയ നീലക്കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ മാത്രം രഘു ശ്രദ്ധിച്ചു. ബാക്കി മുഖങ്ങളൊന്നും ഓര്‍മ്മയില്‍ നിന്നില്ല.
കൂട്ടുകാരേ, ഇത് രവി.
രവിയല്ല, രഘു. എന്റെ പേര് രഘുവെന്നാണ്.
സാരമല്ല, രവിയ്ക്ക് ഒന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. നമ്മുടെ കൂടെ കൂട്ടിയാലോ?
രവി ഞങ്ങളോടൊത്തു വരുന്നോ?
ഇല്ല, എനിക്കു പോണം. കാറില്‍ പെട്രോള്‍ തീരാറായി.
കാറോ, ഏതു കാറ്? അതൊരു സിമന്റ് ബെഞ്ചാണ്.
രഘു ഓടി കാറിനുള്ളില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. കാര്‍ സ്റ്റാര്‍ട്ട് ആവുന്നില്ല.
രവീ, ആ ബെഞ്ചില്‍ തണുപ്പാണ്. ഞങ്ങളോടൊപ്പം വരുന്നോ?
കൊട്ടാരത്തിനകത്തേയ്ക്ക് ഞാനില്ല. ഞാന്‍ നടന്നു പോവും. എനിക്കെന്റെ വീട്ടില്‍ പോണം.
രവീ, ഞങ്ങളുടെ ലോകം വലുതാണ്, നിന്റെ ലോകം ചെറുതാണ്, ഞങ്ങളുടെ നീലാകാശം വലുതാണ്. നിന്റെ വെളുത്ത ആകാശം ചെറുതാണ്. നീ ഞങ്ങളോടൊപ്പം വരൂ.
ഇല്ല, ഞാന്‍ വരില്ല. ഞാന്‍ അകത്തുകയറുമ്പോള്‍ നിങ്ങള്‍ കൊട്ടാരത്തിന്റെ താഴുകള്‍ പൂട്ടും. കൊട്ടാരത്തിന്റെ താഴുകള്‍ നിങ്ങള്‍ പൂട്ടിയാല്‍ എനിക്കു പുറത്തുവരാന്‍ പറ്റില്ല.
രവീ, കൊട്ടാരത്തിന്റെ താഴുകള്‍ ഞങ്ങള്‍ പൂട്ടും. അതിനുമുന്‍പു നീ വരുന്നോ? ഇനി രാത്രിയാണ്. കടും പച്ച രാത്രി. അവസാനത്തെ ചോദ്യമാണ്. നീ വരുന്നോ?
ഇല്ല ഇല്ല.
ജനക്കൂട്ടം കൊട്ടാരത്തിനു അകത്തുകടന്നു കതകുപൂട്ടുന്നത് രഘു കണ്ടു. അവരോടൊത്തുപോവാന്‍ കഴിഞ്ഞില്ലല്ലോ എന്ന കടുത്ത നിരാശാബോധം രഘുവിനെ ഗ്രസിച്ചു. രഘു തിരിഞ്ഞുനോക്കിയപ്പോള്‍ പിറകിലും കൊട്ടാരത്തിന്റെ മതിലുകളായിരുന്നു. പിന്നിലേയ്ക്ക് തിരിഞ്ഞ് പുറത്തേയ്ക്കോടിയ രഘുവിന്റെ കണ്മുന്‍പില്‍ മതില്‍ വളഞ്ഞു. താഴിട്ടുപൂട്ടിയ ചുവരിലെ വാതിലിനുപുറത്ത് ഒരു ജനാവലി നടന്നുമറഞ്ഞു. വൃത്തത്തില്‍ വളഞ്ഞ മതിലിനുള്ളില്‍ ഒരു വാതില്‍ തിരക്കി രഘു ഏറെനേരം വട്ടത്തിലോടിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പൊഴോ കടും ചുവപ്പ് രാത്രിവന്നു. പുറത്തേയ്ക്കോ അകത്തേയ്ക്കോ പോകാന്‍ ഒരു മാര്‍ഗ്ഗവും കാണാതെ രവി തളര്‍ന്ന് സിമന്റുബെഞ്ചില്‍ വീണുറങ്ങി.
എഴുതിയത് simy nazareth സമയം Friday, February 01, 2008 18 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ