പൂതനയ്ക്ക് ഒരു കുഞ്ഞുവേണം.
പതിനേഴാം വയസ്സില്‍ വിവാഹം കഴിച്ചിട്ടും പൂതനയ്ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. ഭര്‍ത്താവിനോടൊത്ത് പത്തുവര്‍ഷം ശയിച്ചിട്ടും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ നൊയമ്പുകള്‍ നോറ്റിട്ടും നനുത്ത കുഞ്ഞിക്കൈകള്‍ കൊണ്ട് പൂതനയുടെ മനസ്സിന്റെ ചുമരുകളില്‍ പിടിച്ചുകൊണ്ട് അവളുടെ മോഹങ്ങളില്‍ മാത്രം ഒരു കുഞ്ഞ് പിച്ചവെച്ചുനടന്നു. ഒടുവില്‍ കൊട്ടാരവളപ്പില്‍ യുദ്ധത്തിനുപോവുന്ന തന്റെ ഭര്‍ത്താവിനെ യാത്രയയ്ക്കാന്‍ പോയദിവസം ഭര്‍ത്താവ് പടക്കളത്തിലേയ്ക്ക് ആശ്ലേഷിച്ചു പിരിയുമ്പൊഴും പെറാത്ത കുഞ്ഞിനെയോര്‍ത്ത് വിതുമ്പിപ്പോയപ്പോള്‍ രാജരാജന് കംസന് തിരിഞ്ഞുനിന്നു. ചിരിക്കുന്ന കംസന്റെ കണ്ണുകള്‍ പൂതനയോടു പറഞ്ഞു - "നിനക്കു ഞാനൊരു കുഞ്ഞിനെത്തരാം".
രാജ്യാതിര്‍ത്തികളില്‍ യുദ്ധം വെള്ളിടിനാദം മുഴക്കുമ്പോള്‍ ധനുമാസക്കുളിരില്‍ മൂടിപ്പുതച്ച് പൂതന കംസന്റെ വിരിമാറില്‍ തലചായ്ച്ചുകിടന്നു. കംസന് ചിരിച്ചുകൊണ്ട് പൂതനയുടെ അടിവയറ്റിലൂടെ കയ്യോടിച്ചു. തളരാത്ത കറുത്ത പടക്കുതിരയെപ്പോലെ കംസന് പൂതനയുടെ മേല്‍ ഉയര്‍ന്നുതാഴുമ്പോഴും യുദ്ധോത്സുകരായി കംസന്റെ ശക്തബീജങ്ങള്‍ അലറിവിളിച്ച് പൂതനയുടെ ഗര്‍ഭപാത്രത്തിന്റെ അറകളിലോരോന്നും കയറിയിറങ്ങി ആരെയോ തിരക്കുമ്പൊഴും അവളുടെ അടിവയര്‍ താണുതന്നെ കിടന്നു. അവിടെ ഒരു കുഞ്ഞിക്കാല് ചവിട്ടുന്ന നോവിനായി പനിനീര്‍പ്പൂക്കളുടെ മദഗന്ധം നിറഞ്ഞ ആ പട്ടുമെത്തയിലും പൂതന പിടഞ്ഞു. കംസന്റെ നഗ്നശരീരം അവളുടെ മനസ്സു വായിച്ചതുപോലെ ഒരു നിമിഷം ശാന്തമായി. വീര്യമടങ്ങിയ രാജാവ് പതിയെപ്പറഞ്ഞു. 'എന്റെ പ്രതിയോഗിയെ നീ കൊല്ലണം, പകരമായി നിന്നെ ഞാനെന്റെ പട്ടമഹിഷിയാക്കാം. രാജ്യവും സമ്പത്തുമെല്ലാം നമുക്ക് ഒരുമിച്ചനുഭവിക്കാം. നറും പാലില്‍ നിന്റെ സൌന്ദര്യത്തെ ഞാന്‍ കുളിപ്പിക്കാം. രാജകൊട്ടാരത്തിലെ മഹര്ഷിമാരുടെയും മന്ത്രവാദികളുടെയും യോഗവിദ്യയിലൂടെ, എന്റെ പുരുഷത്വം മുഴുവന്‍ ആവാഹിച്ച്, നിനക്കു ഞാനൊരു കുഞ്ഞിനെത്തരാം. പതിനാലു ലോകങ്ങളും കീഴടക്കാന്‍ ജനിച്ച ഒരു പ്രതാപിയായ മകന്. തേജസ്വിയായ നമ്മുടെ മകന്. അവനെ ഞാന്‍ നിനക്കു തരാം'. ഇതും പറഞ്ഞ് രാജാവു മുലക്കണ്ണുകളില്‍ ചുംബിച്ചൂറിയപ്പോള്‍ പക്ഷേ പാലിനുപകരം ഒരു തുള്ളി ചോരയേ പൊടിഞ്ഞുള്ളൂ.
എങ്കിലും രാജ്യം വിട്ട് കൃഷ്ണനെത്തിരഞ്ഞു നടക്കുമ്പോള്‍ മുലകളില്‍ ഒരു കടച്ചില്. ആര്‍ക്കോ വേണ്ടി മുലകള്‍ നിറയുന്നു. ഒരിറ്റു പാല് പൊടിഞ്ഞ് മുലക്കച്ച നനയ്ക്കുന്നു.
--------
രൈവാതകമല കയറിയിറങ്ങുമ്പോള്‍ സൂര്യന് പൂതനയുടെ നെറ്റിയില്‍ നിന്നു ചിരിക്കുന്നുണ്ടായിരുന്നു. വെണ്ണപോലെ വസ്ത്രത്തിനുള്ളില്‍ തുളുമ്പിനിന്ന അടിവയറിനോടു ചേര്‍ന്ന് അരയില്‍ ഒരു സ്ഫടികക്കുപ്പി വെയിലടിച്ചു തിളങ്ങി. ഇടയ്ക്കെപ്പൊഴോ കുസൃതികാണിച്ച് ആ കുപ്പിയില്‍ കുരുങ്ങിപ്പോയ സൂര്യരശ്മികള്‍ നീലനിറത്തില്‍ വിഷാദിച്ച് കുപ്പിയില്‍ നിന്നും കുളിച്ചിറങ്ങി. കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ കാട്ടുപാതയുടെ അവസാനം തന്റെ സുന്ദരമായ കണങ്കാലുകളില്‍ പൊടിഞ്ഞ ചോര കാളിന്ദിയില്‍ കഴുകിക്കളയുമ്പോള്‍ പൂതനയുടെ മുഖം അവളറിയാതെ സന്തോഷം കൊണ്ടു വിങ്ങിയിരുന്നു. വിയര്‍പ്പുകൊണ്ട് നെറ്റിയും മുലപ്പാലുകൊണ്ട് മുലക്കച്ചകളും നനഞ്ഞിരുന്നു.
പൂതന കണ്ണാടിപോലെ തെളിഞ്ഞ കാളിന്ദിയിലേയ്ക്കു നോക്കി. ഒട്ടിയ വയറില്‍ നിന്നും ഒരു ശില്പം പോലെ മാറിടം ഉയര്‍ന്നുനിന്നിരുന്നു. നനുത്ത വസ്ത്രത്തില്‍നിന്നും വാഴത്തണ്ടുകള്‍ പോലെ വടിവൊത്ത തുടകള്‍ തെളിഞ്ഞുനിന്നു. വെള്ളത്തില്‍ ചാടിയുയര്‍ന്ന് നീന്തിപ്പോയ പരല്‍മീനുകളോടൊത്തു നീന്താതെ അവളുടെ വിടര്‍ന്നകണ്ണുകള്‍ ജലത്തില്‍ നിശ്ചലമായി നിന്നു പിടച്ചു. മുറുക്കിച്ചുവപ്പിച്ച ചെഞ്ചുണ്ട് പതുക്കെ അകറ്റി പൂതന തന്റെ അരിപ്പല്ലുകളെക്കാട്ടി. സ്വന്തം സൌന്ദര്യത്തില്‍ മയങ്ങി പൂതന ഇറ്റുനേരം നിന്നു. നദിക്കരയില്‍ ഒരു മരത്തിനു പിന്നില്‍ രണ്ടു ഗോപകുമാരന്മാര് അല്ഭുതത്തോടെ തന്നെ ഒളിച്ചുനോക്കുന്നതുകണ്ട് അവള് അവരെനോക്കി പുഞ്ചിരിച്ചു. ചുണ്ടുകള്‍ പകുതിവിടര്‍ത്തി ചിരിച്ചപ്പോള്‍ പൂതനയുടെ തുടുത്ത കവിളുകള്‍ ചുവന്നു. നാണിച്ചുകൊണ്ട് ഇടയന്മാര് മരത്തിനു പിന്നിലേയ്ക്കു മറഞ്ഞു. അമ്പാടിയിലെ ആട്ടിന്‍കുട്ടികള്‍. മരത്തിനു പിന്നില്‍ നിന്ന് വിരഹാര്ദ്രമായ മുരളീനാദം നദിയിലേയ്ക്കൊഴുകിവീണു. നിറച്ചുവെച്ച മധുചഷകങ്ങള്‍ കാളവണ്ടിയിലിരുന്ന് ഇളകുന്നതുപോലെ നിതംബം പതിയെച്ചലിപ്പിച്ച് പൂതന അമ്പാടിയിലേയ്ക്കു നടന്നു. അസ്തമയത്തിന്റെ ശോണിമ അവളുടെ ഇരുണ്ടനിറമാര്‍ന്ന കവിളുകളില്‍ വീണ് ചിത്രങ്ങള്‍ വരച്ചു. നടവഴിയില്‍ പല ഗോപസ്ത്രീകളും തങ്ങളുടെ പൈതങ്ങളെയും ഏറ്റി ഒരേ ലക്ഷ്യത്തിലേയ്ക്കു നടക്കുന്നുണ്ടായിരുന്നു. വലിയ ഒരു വീട്ടിനു മുന്പില് പശുക്കളും മനുഷ്യരും കൂടിനിന്നിരുന്നു. പൂതന ആള്‍ക്കൂട്ടത്തെ വകഞ്ഞ് ചിരിച്ചുകൊണ്ട് വീട്ടിനകത്തേയ്ക്കു കയറി.
പടികടക്കവേ യശോദ കുഞ്ഞിനെയുമെടുത്ത് പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നു. മുറ്റത്തുകൂടിനിന്ന അമ്മമാരുടെ കൈകളില്‍ അതുവരെ തളര്‍ന്നുറങ്ങിയിരുന്ന പെണ്‍കുട്ടികള്‍ പെട്ടെന്നു കണ്മിഴിച്ചതുപോലെ അവള്‍ക്കു തോന്നി. യശോദയുടെ ഒക്കത്തിരുന്ന് പൂര്‍ണ്ണചന്ദ്രന്റെ ഒരു കഷണം വരുന്നു. മുലകുടിമാറാത്ത കണ്ണുകള്‍ അമ്മമാരുടെ കൈകളിലിരുന്ന് ആ മുഖത്തേയ്ക്കു തിരിയുന്നു. എന്തൊരാലസ്യം. മുലകളുടെ കടച്ചില് ഒരു വിങ്ങലാവുന്നു. പിറക്കാത്ത മകന് അവിടെ യശോദയുടെ കൈകളില്‍. ദാഹം മാറാതെ യശോദയുടെ മാറില്‍ കൈകള്‍ കൊണ്ടു പരതുന്ന പൈതല്‍. പൂതന മുന്‍പോട്ടുചെന്ന് യശോദയുടെ കയ്യില്‍ പിടിച്ചു. താനാരെന്നു പറയുന്നതിനു മുന്‍പേ, മനസില്‍ പലവുരു പറഞ്ഞുപഠിച്ച കള്ളങ്ങള്‍ നിരത്തുന്നതിനു മുന്‍പേ, അറിയാതെ പറഞ്ഞുപോയി. 'ഞാനവനു മുലകൊടുക്കട്ടേ'? അതുവരെ തന്റെ മുഖത്തേയ്ക്ക് അലസമായി നോക്കിക്കൊണ്ടുനിന്ന ഗോപസ്ത്രീകള്‍ ചിരിക്കുന്നതെന്തെന്നു പൂതനയ്ക്കു മനസിലായില്ല. പരിചയമില്ലാത്ത തനിക്ക് യശോദ സന്തോഷത്തോടെ കുഞ്ഞിനെ തന്നതെന്തെന്നും പൂതനയ്ക്കു മനസ്സിലായില്ല.
വീട്ടുമുറ്റത്ത് തൊടിയോടു ചേര്‍ന്ന് ഒരൊഴിഞ്ഞ മൂലയിലിരുന്ന് പൂതന കണ്ണനെ ഇളംചൂടുള്ള മടിയില്‍ കിടത്തി. വീട്ടുമുറ്റത്തുനിന്നും ഒരു ചാവാലിപ്പട്ടി എഴുന്നേറ്റ് പൂതനയുടെയും കണ്ണന്റെയും അടുത്ത് വാലും ആട്ടിയാട്ടി നിന്നു. അവളുടെ കാല്ക്കല് നായ ചുരുണ്ടുകൂടി കാവല്‍കിടപ്പായി. പൂതന കുതിര്‍ന്ന മുലക്കച്ച മാറ്റുമ്പൊഴേ, വിങ്ങിയ മുലക്കണ്ണ് കണ്ണന്റെ വായിലേയ്ക്ക് അടുപ്പിക്കുന്നതിനു മുന്നേ തന്നെ, മുലയില്‍ നിന്നും പാല്‍ത്തുള്ളികള്‍ കണ്ണന്റെ ഇളം ചുണ്ടിലേയ്ക്ക് തെറിച്ചുവീണു. പതിയെ നാക്കുനീട്ടി മേല്‍ച്ചുണ്ടിന്റെ പുറത്തുവീണ പാല്‍ത്തുള്ളി നക്കിയെടുത്ത്, പാലുറുഞ്ചി ഒരു നൊട്ടയിട്ട് കണ്ണന് കുഞ്ഞുങ്ങളുടെ ഭാഷയില്‍ കുറുകി. എന്നിട്ട് നീലക്കാണ്ണുകള്‍ വിടര്‍ത്തി പൂതനയെ നോക്കി വിടര്‍ന്നു ചിരിച്ചു. ഇടതുകൈ നീട്ടി പൂതനയുടെ നീണ്ട മുടിയില്‍പ്പിടിച്ചു വലിച്ചു. പൂതന കണ്ണനെ താലൊലിച്ച് കാലുകള്‍ താളത്തിലാട്ടിയപ്പോള്‍ മടിയില്‍ക്കിടന്ന് അവന് മൂത്രമൊഴിച്ചു. എന്നിട്ട് വീണ്ടും കുറുകി. പൂതന തിരിച്ച് കുഞ്ഞുങ്ങളുടെ ഭാഷയില്‍ കുറുകിക്കൊണ്ടു വിളിച്ചു - 'എന്റെ കണ്ണാ'. മടിയില്‍ കിടന്ന് പൂതനയുടെ വയറിലും മാറിലും തന്റെ ഇളം കൈകള്‍കൊണ്ടു തൊട്ടുനോക്കി കണ്ണന് നാലു പല്ലുകള്‍ മാത്രം മുളച്ച വായകാട്ടി വിടര്‍ന്നുചിരിച്ചു. മുത്തേ എന്നുവിളിച്ച് പൂതന ഉണ്ണിയെ പൊക്കിയെടുത്ത് തന്റെ തോളില്‍ കിടത്തി. തലയില്‍ ഏതോ ശപ്തനിമിഷത്തില്‍ കടന്നുവന്ന കംസനും ദ്വാരകയും രാജകൊട്ടാരവുമെല്ലാം നെറ്റിയില്‍ വിയര്‍പ്പുകണങ്ങളായി തിളങ്ങിനിന്നു. പൂതന ഇടതുകൈകൊണ്ട് അവ വടിച്ചുകളഞ്ഞു. വീണ്ടും കുഞ്ഞുങ്ങളുടെ ഭാഷയില്‍ കൃഷ്ണനെ കൊഞ്ചിപ്പിച്ചപ്പോള്‍ അവളെ ഒട്ടല്‍ഭുതപ്പെടുത്തിക്കൊണ്ട് കണ്ണന് പതുക്കെ പറഞ്ഞു. 'പൂതന'.
ആര്‍ദ്രമായി ഉണ്ണീ എന്നുവിളിച്ചുകൊണ്ട് പൂതന വലതുകൈകൊണ്ട് അവന്റെ മുടിയില്‍ കോതി. മുലക്കണ്ണുകള്‍ ആരെയോ തേടുന്നതുപോലെ കണ്ണന്റെ തേന്‍ചുണ്ടുകളിലേയ്ക്കു കൂമ്പി.
'ഇതെന്റെ അമ്മയല്ലല്ലോ. എനിക്കീ പാലു വേണ്ട', തുടുത്തുനില്‍ക്കുന്ന മുലകള്‍ കുഞ്ഞിക്കൈകൊണ്ട് കണ്ണന് ഒരു വശത്തേയ്ക്കു തള്ളിമാറ്റി.
'പാലാഴികടഞ്ഞു വന്ന അമൃതിന്റെ കഥ അറിയാമോ കണ്ണാ? ആ അമൃത് അമ്മയുടെ മുലകളില്‍ ചുരത്തിത്തരാം'. എന്റെ മോനിതു കുടിച്ചാല്‍ ദേവന്മാരെപ്പോലെയാവും.
'അമൃതു ഞാന്‍ കുടിച്ചതാണല്ലോ. എനിക്കെല്ലാം ഓര്‍മ്മയുണ്ടല്ലോ. മത്സ്യമായി അന്നു മഹാനദികളില്‍ നീന്തിനടന്നത്. ആമയായി വലിയൊരു തോടും അതിലും വലിയ ഭാരവും ചുമലേറ്റിയത്. ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്നപ്പോള്‍ ആ രാജാവിന്റെ കണ്ണുകളടഞ്ഞിട്ടും ശ്വാസം നിലച്ചിട്ടും കൈകാലുകള്‍ തണുത്തിട്ടും ഹൃദയം മാത്രം തുടിച്ചുകൊണ്ടിരുന്നത്. എന്റെ സീതയെ കാട്ടില്‍ക്കളഞ്ഞത്. കലപ്പയേന്തി പൊന്നുവിളയിച്ചത്. കുരുക്ഷേത്രത്തില്‍ തേരുപറപ്പിച്ച് അര്‍ജ്ജുനന്റെ വിഷാദം ശമിപ്പിച്ചത്. മറ്റൊരുരാജാവില്‍ നിന്നും മൂന്നുചുവടുകൊണ്ട് മൂന്നുലോകങ്ങള്‍ അളന്നെടുത്തത്. കല്പ്പാന്തത്തില് വന്നെല്ലാം മുടിച്ചത്. എന്നിട്ടും എന്റെയുള്ളില്‍ എന്തോ വരളുന്നു. വല്ലാത്ത ദാഹം. തൊണ്ട വറ്റിപ്പോവുന്നു. പക്ഷേ ഇതെന്റെ അമ്മയല്ലല്ലോ.'
'ഉണ്ണീ, ഒരമ്മയാവാന്‍ നീയെന്റെ വയറ്റില്‍ പിറക്കണമെന്നില്ല. പ്രാണവേദനകൊണ്ട് നിന്നെ പെറണമെന്നില്ല. നിന്നെ കാണുന്നതിനു മുന്‍പേ ഞാന്‍ നിന്റെ അമ്മയായിരുന്നല്ലോ. മാതൃത്വം കൊണ്ട് എന്റെ വയറു കടഞ്ഞപ്പൊഴും ഞാന്‍ തേടിയതു നിന്നെയായിരുന്നല്ലോ. മോനീ പാലുകുടിക്കൂ. ആരും പറഞ്ഞുതരാത്ത കഥകള്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം'.
കണ്ണന് ചിരിച്ചുകൊണ്ട് ഇടത്തേ മുല രണ്ട് കുഞ്ഞിക്കൈകള്‍കൊണ്ടും പിടിച്ചു. ചുണ്ടുനുണഞ്ഞ് മുല വലിച്ചുകുടിച്ചു. അരിപ്പല്ലുകള്‍കൊണ്ടു കടിക്കുമ്പോഴുണ്ടാകുന്ന നനുത്ത വേദനയിലും ചിരിച്ച് പൂതന കണ്ണന്റെ മുഖത്തേയ്ക്കു നോക്കിയിരുന്നു. പതിയെ ഒരു താരാട്ടു പാടിത്തുടങ്ങി. പൂതനയുടെ സ്നേഹം മുലപ്പാലായി കണ്ണന്റെ ചുണ്ടിലേയ്ക്കു ചുരന്നു. ഏറെനേരം കഴിഞ്ഞിട്ടും നദിപോലെ പാലൊഴുകിയിട്ടും കണ്ണന്റെ ദാഹം മാറിയില്ല. 'മകനേ ഈ മുല വറ്റുന്നല്ലോ. അമ്മയുടെ സ്നേഹം വലത്തേ മുലയില്‍ ചുരത്തട്ടെ'.
മുലപ്പാല്‍ വറ്റിയെങ്കിലും പൂതന കൃഷ്ണന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ നെഞ്ചില്‍ മാതൃത്വം കടഞ്ഞു. വീണ്ടും മുല നിറഞ്ഞൊഴുകി. കൃഷ്ണന് മതിവരാതെ തന്റെ ഇളംചുണ്ടുകള്‍ കൊണ്ട് മുലവലിച്ചുകുടിച്ചു. 'കണ്ണാ, ആ ഗോപസ്ത്രീയുടെ ഒക്കത്തിരുന്ന് നിന്നെ നുണക്കുഴികളുള്ള ഒരു പെണ്‍കുട്ടി നോക്കുന്നതുകണ്ടോ? ഞാന്‍ നോക്കുമ്പോള്‍ അവള് മുഖം മാറ്റുന്നതുകണ്ടോ? അതു രാധയാണ്. ആയിരം ഗോപസ്ത്രീകളുമൊത്ത് നീ കളിച്ചുനടക്കുമ്പോള്‍ നിന്നെക്കാണാതെ അലഞ്ഞുനടക്കുന്ന നിന്റെ കാമുകി. അവളില്‍ നിന്റെ ദാഹം തീരില്ല. രുഗ്മിണിയിലും സത്യഭാമയിലും ജാംബവതിയിലും നിന്റെ ദാഹം തീരില്ല. നിലയ്ക്കാത്ത നിന്റെ ദാഹം പതിനാറായിരത്തെട്ടു ഭാര്യമാരിലും തീരില്ല. കരള്‍ പിളര്‍ന്നുനല്‍കുന്ന സ്നേഹം കൊണ്ട് നിന്റെ ദാഹം ശമിപ്പിക്കാനാവാതെ ഗോപികമാരും രാജകുമാരിമാരും നിനക്കായി കാത്തിരിക്കും. എങ്കിലും സ്ത്രീകളില്‍ നിന്റെ ദാഹം തീരില്ലല്ലോ ഉണ്ണീ'.
കണ്ണന് നിറുത്താതെ മുലകുടിച്ചുകൊണ്ടേയിരുന്നു. പൂതനയുടെ മുലകള്‍ വറ്റിവരണ്ടു. ശരീരത്തിലെ ജലാംശം വാര്‍ന്നുപോയി. വിഷത്തിന്റെ കുപ്പി അയഞ്ഞ അരക്കെട്ടിലിരുന്നു പിടച്ചു. പൂതന കണ്ണനെ വീണ്ടും തന്റെ ഇടതേ മുലയിലേയ്ക്കു മാറ്റി.
'മുലക്കണ്ണില്‍ കടിക്കാതെ കണ്ണാ, വരുന്നതു ചോരയാണല്ലോ'.
'അമ്മേ ദാഹം മാറുന്നില്ലല്ലോ'.
'സാരമില്ല. എന്റെ കണ്ണന് വലിച്ചു കുടിച്ചോളൂ. നാളെ പടപാളയങ്ങളില്‍ രക്തം കൊണ്ടുനീ ആറാടുമ്പൊഴും നിന്റെ ദാഹം മാറില്ല. ചില ദാഹങ്ങള്‍ അങ്ങനെയാണ്. നിലയ്ക്കാദാഹങ്ങള്‍. പതിനെട്ട് അക്ഷൌഹിണികള്‍ നിന്റെ കണ്മുന്പില് എരിഞ്ഞുതീരുമ്പൊഴും വീരന്മാരുടെ ചോരകൊണ്ട് ഗംഗചുവക്കുമ്പൊഴും ദാഹമൊടുങ്ങില്ല. അലയാഴിയില്‍ ഉണ്ണിയുടെ നാവു വരളും. ദാഹം അങ്ങനെയാണ്. തൊണ്ടയില്‍ കത്തുന്ന ദാഹം എത്രയെരിഞ്ഞിട്ടും വിശപ്പുതീരാത്ത തീപോലെയാണ്. എന്നിരുന്നാലും ഒരു മുട്ടുശാന്തിക്കെങ്കിലും എന്റെ ഉണ്ണി അമ്മയുടെ ചോര വലിച്ചു കുടിച്ചുകൊള്ളൂ. അമ്മയുടെ ശരീരത്തില്‍ ചോര ധാരാളമുണ്ടല്ലോ. കടിച്ച് ഈമ്പിക്കുടിച്ചുകൊള്ളൂ'
കൃഷ്ണന്റെ മണിച്ചുണ്ടുകള്‍ ചുവന്നു. വേനല്‍ക്കാലത്തെ നിളപോലെ പൂതനയുടെ ഞരമ്പുകള്‍ ചുരുങ്ങി. പൂതനയുടെ ചോര വറ്റി. സുന്ദരമായ മുഖവും തുടുത്ത കൈകളും വിളറി. കൃഷ്ണന് മുലകുടി നിറുത്തി പൂതനയുടെ മുഖത്തേയ്ക്കു നോക്കി. 'അമ്മേ അമ്മ മരിച്ചുപോകുമല്ലോ'.
'സാരമില്ല, നീ കുടിച്ചുകൊള്ളൂ. മോന്റെ ദാഹം മാറട്ടെ'. അമ്മയ്ക്ക് ഇനി പറഞ്ഞുതരാന്‍ അധികമില്ലല്ലോ. എങ്കിലും ഓര്‍ക്കുക. കണ്ണാ നിന്റെ ജീവിതമാണു വലുത്. ഈ അമ്മയുടെ ജീവിതവും ശത്രുക്കളുടെയും മിത്രങ്ങളുടെയും ജീവിതവും രാധമാരും അന്ത:പുരവാസികളും ലോകാലോകങ്ങളൊക്കെയും അതുകഴിഞ്ഞേയുള്ളൂ. നിന്റെ ദാഹമാണു വലുത്. അതിലും വലുതായി ഒന്നുമില്ല'.
'അമ്മേ, അമ്മയുടെ ജീവിതം എന്റെ ചുണ്ടിലെരിക്കുന്നതെന്തിന്? കംസന് കൊടുത്തുവിട്ട വിഷം മുലക്കണ്ണുകളില്‍ പുരട്ടാത്തതെന്തിന്?'
'ഉണ്ണീ അതാണു മാതൃത്വം. നീയൊരാണ്‍തരിയാണ്. അതുനിനക്കു മനസിലാവില്ല'. പൂതന കണ്ണന്റെ വായ തന്റെ വലത്തേ മുലയോടു ചേര്‍ത്തു.
'അമ്മേ ഈ പാലിനെന്താണു പച്ചനിറം'?
'അതെന്റെ ജീവനാണു കണ്ണാ. ഞരമ്പുകളില്‍ ചോര വറ്റിക്കഴിഞ്ഞു, മുലകളില്‍ പാല് വറ്റിക്കഴിഞ്ഞു. ഇനി നിന്റെ ചുണ്ടില്‍ ചുരത്താന്‍ പച്ചനിറത്തിലൂറുന്ന അമ്മയുടെ പ്രാണനേ ബാക്കിയുള്ളല്ലോ'.
'അമ്മേ ഞാനീ കാളിന്ദി കുടിച്ചുവറ്റിക്കട്ടെ. സമുദ്രങ്ങളായ സമുദ്രങ്ങളൊക്കെയും ഞാന്‍ കുടിച്ചുവറ്റിക്കാം. അങ്ങനെ എന്റെ ദാഹമടങ്ങട്ടെ. അമ്മയുടെ പ്രാണനിലൂടെ എന്റെ ദാഹമടക്കുന്നതെന്തിന്?'.
'പോകരുതു മകനേ. നദിയുടെ ജലപാളികളില്‍ നീ ഊളിയിട്ടിറങ്ങുമ്പോള്‍ അമ്മയുടെ പേടി നിന്റെ ശ്വാസം വറ്റുമോ എന്നല്ല കണ്ണാ. ജലകന്യകമാരുടെ മായാലോകം കാണുമ്പോള്‍ തിരിച്ചുവരാതെ നീയീ ലോകം മറന്ന് ഒരു ജലകുമാരനായി ഭൂമിയെക്കാള്‍ നാലിരട്ടിയുള്ള സമുദ്രത്തില്‍ ചിരകാലം വാഴുമെന്നാണ്. അവിടെ മത്സ്യകന്യകമാരുടെ കൃഷ്ണനായി നീ കടലിന്നുള്ളിലെ ദ്വാരകയില്‍ ശയിക്കുമ്പോള്‍, തിമിംഗലത്തെക്കാള്‍ വലിയ ജലകംസനെ വധിക്കുമ്പോള്‍, ഇവിടെ കണ്ണീരു വറ്റാതെ ഒരു രാധയും പൂക്കാതെ ഒരു വൃന്ദാവനവും കണ്ണടയ്ക്കാതെ ഒരു യശോദയും ബാക്കിയാവില്ലേ. സാരമില്ല, എന്റെ ഉണ്ണി പോവണ്ട. പച്ചദ്രവത്തിന്റെ ഉറവ വറ്റിയിട്ടില്ല. ഉണ്ണി വലിച്ചുകുടിച്ചുകൊള്ളൂ'.
കാവല്‍നിന്ന പട്ടി ഓരിയിട്ടുകൊണ്ട് ഓടിപ്പോയി. മരങ്ങളുടെ മറവില്‍ നിന്ന് ശരീരമില്ലാത്ത ഒരു കറുത്ത നിഴല്‍ നടന്നുവന്ന് പൂതനയുടെ തലയ്ക്കല്‍ നിന്നു. പൂതന ആ നിഴലിനെ നോക്കി ഒന്നുമന്ദഹസിച്ചു. ആര്‍ദ്രമായി ഉണ്ണിയുടെ മുഖത്തേയ്ക്കു നോക്കി. പിന്നീട് പൂതനയുടെ കണ്ണു ചിമ്മിയില്ല.
കണ്ണനെ തിരക്കി യശോദയും ഗോപസ്ത്രീകളും വന്നപ്പോള്‍ പ്രാണവേദന കൊണ്ട് പൂതനയുടെ കവിളുകള്‍ രാക്ഷസീയമായെങ്കിലും കണ്ണുകള്‍ വിടര്‍ന്നിരുന്നു. ചുണ്ടുകള്‍ കോടിയെങ്കിലും അവയില്‍ മാതൃത്വത്തിന്റെ പുഞ്ചിരി നിറഞ്ഞിരുന്നു. വീട്ടുമുറ്റത്ത് നറും മുലപ്പാലിന്റെ സുഗന്ധം പരന്നിരുന്നു. അപ്പൊഴും പൂതനയുടെ ശരീരത്തില്‍ ഇഴയുന്ന കണ്ണനെ വാരിയെടുത്ത് യശോദ കിണറ്റിന് കരയിലേയ്ക്കു നടന്നു. കണ്ണന് യശോദയുടെ കൈകളിലിരുന്നു കുറുകി. വസുദേവനും മറ്റു ഗോപന്മാരും പൂതനയുടെ ചുറ്റും കൂടി. പൂതനയുടെ അരയില്‍ തിരുകിയിരുന്ന തുറക്കാത്ത വിഷക്കുപ്പികണ്ട് രാക്ഷസി എന്ന് അലറിവിളിച്ചുകൊണ്ട് ജനക്കൂട്ടം ശവം ദഹിപ്പിക്കാന്‍ ചിതകൂട്ടി. കണ്ണന് ഭാഗ്യത്തിനു കൊടിയ വിഷത്തില്‍ നിന്നും രക്ഷപെട്ടു എന്ന് ആഹ്ലാദിച്ച് ഗോപസ്ത്രീകള്‍ ആള്‍ക്കൂട്ടത്തില്‍ മധുരം വിളമ്പി. ചുറ്റും കൂടിനിന്ന സ്ത്രീകള്‍ക്കു യാത്രപറഞ്ഞ് ആരും കാണുന്നില്ല എന്നുതോന്നിയപ്പോള്‍ കിണറ്റില്‍ നിന്നും വെള്ളംകോരി മുലകളില്‍ പുരട്ടിയിരുന്ന കൈപ്പുനിറഞ്ഞ കാഞ്ഞിരച്ചാറ് യശോദ കഴുകിക്കളഞ്ഞു. മടിയില്‍ നിന്നും പൊതിതുറന്ന് വെണ്ണയെടുത്ത് മുലകളില്‍ പുരട്ടി. മരിച്ചുകിടക്കുന്ന പൂതനയുടെ നേര്‍ക്ക് അസൂയയോടെയും ഈര്‍ഷ്യയോടെയും നോക്കിക്കൊണ്ട് യശോദ കണ്ണനെയെടുത്ത് തന്റെ മുലക്കണ്ണുകളിലേയ്ക്ക് അടുപ്പിച്ചു. കൈകൊണ്ട് യശോദയുടെ മുലകളെ തള്ളിമാറ്റിക്കൊണ്ട് കണ്ണന് പറഞ്ഞു. 'അമ്മേ എന്റെ ദാഹം മാറിയല്ലോ'.
11/19/2007
പൂതന
എഴുതിയത് simy nazareth സമയം Monday, November 19, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
26 comments:
നന്ദി: ഹാരോള്‍ഡ് ജെയിംസിന്. കഥ ശ്രദ്ധയോടെ വായിച്ച് ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചതിന്.
സ്നേഹത്തോടെ,
സിമി.
സിമി,
യാദൃശ്ചികമായി ഇവിടെ എത്തിപ്പെട്ടു.ആദ്യമായി കമെന്റുന്നതിനുള്ള ഭാഗ്യവും ലഭിച്ചു.
വളരെ വ്യത്യസ്ഥതയുള്ള കഥ. കുഞ്ഞിലേ മുതല്‍ കേട്ടു ശീലിച്ച കഥയിലെ കണ്ണന്റെയും പൂതനയുടെയും സംവേദനങ്ങള്‍ വളരെ ഇഷ്ടമായി...തുടരുക...
‘അരമണിക്കൂര്‍’ എന്നൊരു വാക്ക് വൃത്തികേടുപോലെ എവിടെയോ കണ്ടതൊഴിച്ചാല്‍ മികച്ച ആഖ്യാനം.
----- എന്നിട്ടതിന്റെ മുകളിലെ ഭാഗങ്ങള്‍ ഒരു ചലനവുമുണ്ടാക്കിയില്ല, മാത്രമല്ല തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിച്ചതിനു ശേഷമുള്ള രണ്ടാം വായനയില്‍ വലിയ മുഷിവും തോന്നിപ്പിക്കുന്നു.
സിമീ,മനോഹരമായി എഴുതി.
അരമണിക്കൂര്‍ എന്നത് ഏറെനേരം എന്ന് ആക്കിയിട്ടുണ്ട്.. ആദ്യത്തെ പാരഗ്രാഫ് - എന്തു ചെയ്യണം എന്ന് അറിയില്ല. പൂതനയെക്കുറിച്ച് നെറ്റില്‍ കൂടുതല്‍ മെറ്റീരിയല്‍ കിട്ടുമോന്ന് നോക്കട്ടെ.
അല്‍പ്പം കൂടി ചിന്തേരിയിട്ട് പതം വരുത്തി, മിനുക്കി ഒന്ന് കൂടീ പോസ്റ്റിയാല് ഞാന്‍ ഇത് രണ്ടാവര്‍ത്തി വായിക്കും.ഒരു പകര്‍പ്പെടുത്ത് വയ്ക്കുകയും ചെയ്യും:)
മറ്റൊരു എംടി....!
മിക്ക പുനരാഖ്യാനങ്ങളിലുമുള്ള ഒരു ദോഷം ഇതിലും കാണുകയുണ്ടായി. ഉള്ളതിനെ തളര്‍ത്താതെ പുതിയതിനെ വളര്‍ത്തുവാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതെന്തിനാണ്. യശോദരയുടെ മാതൃകഥാപാത്രം പുകഴ്പെറ്റതാണ്, മുലഞ്ഞെട്ടിലെ കാഞ്ഞിരച്ചാറില് അതിനെ ഇടിച്ചുതാഴ്താതെ പൂതനയ്ക്കു മോക്ഷം നല്കാനാവില്ലെന്നുണ്ടോ? സ്വന്തം പാത്രസൃഷ്ടിയില്‍ അബോധപൂര്വ്വമായുള്ള ശങ്കയാണോ മിക്ക എഴുത്തുകാരെയും ഇങ്ങനെയൊരു ശ്രമത്തില്‍ എത്തിക്കുന്നത്?
കഥയിലെ രണ്ട് തിംസ് - മാതൃത്വം, ദാഹം എന്നിവ ആയിരുന്നു. കൃഷ്ണന്റെ ഒടുങ്ങാത്ത ദാഹം - കാമം, ജീവിതം, അധികാരം, യുദ്ധം എന്നിങ്ങനെ ഒടുങ്ങാത്ത ദാഹം കാരണമാണ് യശോദ കുഞ്ഞിനെ പൂതനയ്ക്കു സന്തോഷത്തോടെ കൊടുത്തു എന്നും മറ്റു ഗോപസ്ത്രീകള്‍ ചിരിച്ചു എന്നും ആക്കിയത്. അങ്ങനെ ഒരു കുഞ്ഞിനു മുലകൊടുത്ത് അവന്റെ വയറുനിറയ്ക്കാന്‍ ശ്രമിച്ചാല്‍ യശോദ തളര്ന്നുപോവുമല്ലോ. അതുകൊണ്ടാണ് കാഞ്ഞിരത്തിന് കായ. ആ ദാഹം അടക്കുന്ന ഒരു സ്ത്രീയെ ആദ്യമായി കാണുമ്പോള്‍ കുശുമ്പും വരുന്നു.
യശോദയുടെ സിമ്പതി പൂതനയ്ക്കുണ്ടെങ്കില് കഥ മറിച്ചായേനെ - പുരാണങ്ങളില്‍ പൂതനയുടെ ശരീരം വളരെ വലുതായതിനാല്‍ പല കഷണങ്ങളായി മുറിച്ച് ഗ്രാമത്തിന്റെ നാലു ദിക്കിലും കൊണ്ടു ദഹിപ്പിച്ചു എന്നാണ്. പൂതനയെ ആദരിക്കുന്ന യശോദയായിരുന്നെങ്കില് അതു സമ്മതിക്കാനും പാടാണ്.
പൂതനയുടെ കഥയുടെ നല്ല ഒരു ആവിഷ്കാരം ഉഷ നങ്ങ്യാര്‍ അവതരിപ്പിച്ച ഈ നങ്ങ്യാര്‍കൂത്തിന്റെ കഥയിലാണ്. കഥയില്‍ പൂതന പന്താട്ടം, മയിലാട്ടം, തൈരുകടയല്‍ തുടങ്ങിയ കേളികളില്‍ ഗോപികമാരോടൊത്ത് പങ്കുചേരുന്നു എന്നും കുലീനത്വം കൊണ്ട് അവരുടെ മനം കവരുന്നു എന്നും ആണ്. അതൊന്നും എന്തോ, ഞാന്‍ എഴുതിയപ്പോള്‍ കഥയില്‍ ഫിറ്റ് ആയില്ല :(
അനംഗാരി: പറഞ്ഞതു ശരിയാണ്. പെരിങ്ങോടന് പറഞ്ഞതുപോലെയുള്ള ന്യൂനതകള്‍ കാണുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കൂ. ഞാന്‍ ഒന്നുരണ്ടു ദിവസം കമന്റുകള്‍ എല്ലാം നോക്കിയിട്ട് വേണ്ടുന്ന തിരുത്തലുകള്‍ വരുത്താം.
സിമി ശരിയാണ്. കൃഷ്ണായനം ഒരു ബൃഹദ്നോവലിനുള്ള സ്കോപ്പുണ്ട് :-)
ഇന്നാദ്യമായാണ്് ഇവിടെയെത്തിയത്..
കൊള്ളാം നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
സിമീ ഭാഷയില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നുതോന്നുന്നു.
മനോഹരമായ കഥ.എന്തു തന്നെയായാലും ഇതു ഞാന്‍ മറക്കില്ല.
സമയമെടുത്തും പഠിച്ചും ഒരു കഥയെഴുതുന്നത് എന്തോ ബലഹീനത അല്ലെന്ന് കഥാകാരനു ബോധ്യമായിത്തുടങ്ങിയെങ്കില് അതു വലിയകാര്യങ്ങളുടെ തുടക്കമാണ്. കൃഷ്ണായനം അല്ലെങ്കില്‍ മറ്റൊന്ന്. :)
really good one boss.. congrats
എഴുത്ത് ഇഷ്ടമായി
atlast u did it...keep it up.
ഒരുപാട് ആശയങ്ങള്‍ ഒരു കഥയില്‍ തള്ളിക്കയറ്റരുത്.
നോവല്‍ ആണെങ്കില്‍ ഓകെ.
സിമി, നല്ല കഥ . ദാഹം എന്ന ആ concept നന്നായിത്തന്നെ പറഞ്ഞുവെക്കാന്‍ കഴിഞ്ഞു.തുടക്കത്തിലെ വര്‍ണ്ണനകള്‍ കുറച്ചുകൂടി ഒതുക്കിപാറഞ്ഞിരുന്നെങ്കില് എന്നു തോന്നി.
സിമി, നന്നായിരിക്കുന്നു. നല്ലൊരു പൂതനയെ മനസ്സിലേക്ക് തന്നതിനു നന്ദി.
ഒരു ചെറിയ സംശയം.
കുരുക്ഷേത്രത്തില്‍ തേരുപറപ്പിച്ച് അര്‍ജ്ജുനന്റെ വിഷാദം ശമിപ്പിച്ചത്. എന്നൊരു വാചകം കണ്ടു.
അത് പിന്നീട് സംഭവിച്ചതല്ലേ? അപ്പോള്‍ പൂതനയുടെ മടിയില്‍ കിടക്കുന്ന കുട്ടിയായ കൃഷ്ണന് പറയുന്ന ആ വാചകം തെറ്റല്ലേ? അതോ അന്നേ കൃഷ്ണന് അത് അറിയാമായിരുന്നു എന്നാണോ?
അനില്‍, അതു മനപ്പൂര്‍വ്വം കൊണ്ടുവന്ന anachronism ആയിരുന്നു. കല്പ്പാന്തത്തില് വന്നെല്ലാം മുടിച്ചതും - എന്നു കല്‍ക്കിയുടെ അവതാരത്തെക്കുറിച്ചും പറഞ്ഞല്ലോ. കൃഷ്ണന്റെ ഓര്‍മ്മ മുന്പോട്ടും പിറകോട്ടും പോവുന്നു എന്നേ ഉള്ളൂ.
ഭാരതയുദ്ധത്തിന്റെ അവസാനം ഗാന്ധാരി വന്ന് നൂറ്റിലൊരു മകനെയെങ്കിലും ഈ അന്ധയ്കു വാര്‍ദ്ധക്യത്തില്‍ താങ്ങായി ജീവനോടെ തന്നൂടായിരുന്നോ, നീ നിന്റെ കുലം മുടിയുന്നതു കണ്ട് വേടന്റെ അമ്പുകൊണ്ടു കാട്ടില്‍ക്കിടന്നു മരിക്കട്ടെ എന്ന് ശപിക്കുന്നുണ്ട്. കൃഷ്ണന് അപ്പൊഴും ഒരു ഞെട്ടലുമില്ലാതെ ചിരിക്കുന്നതേയുള്ളൂ. വരാന്‍ പോവുന്നതൊക്കെ കൃഷ്ണനു അറിയാമായിരുന്നതുകൊണ്ടാണ് ഇങ്ങനെ :-)
സിമീ
അവസാനം യശോദ കാഞ്ഞിരച്ചാറ് പുരട്ടിയത് കഴുകിക്കളഞ്ഞത് ഒട്ടുമേ ഇഷ്ടായില്ല. :(
ആദ്യാവസാനം ശക്തമായ പെണ്ഭാവങ്ങളോടെയുള്ള ഒരു കഥയെ, മാതൃത്വത്തിന്റെ കടച്ചിലിനെ ആ അവസാനം കൊണ്ട് നശിപ്പിച്ചു. അതിയായ സങ്കടമുണ്ട് അതില്‍ :( പൂതനയായി കഥയിലൂടെ വായനക്കാരി പരിണമിച്ച്കൊണ്ടിരിക്കേയാണ് അത് സംഭവിച്ചത്. :( ...പറഞ്ഞാല്‍ തീരാത്ത സങ്ക്ടം...പക്ഷെ അതിനു കാരണവുമുണ്ട്.
‘ഉണ്ണീ അതാണു മാതൃത്വം. നീയൊരാണ്‍തരിയാണ്. അതുനിനക്കു മനസിലാവില്ല'. - കഥയില്‍ നിന്നു തന്നെ ഒരുവരി എടുത്ത് വെച്ചോട്ടേ.
ഇഞ്ചീ, ഞാന്‍ തിരുത്തി എഴുതാം. എല്ലാ കഥയും വായിച്ച് തിരുത്തണം എന്നുണ്ട്.
nannayittu ezhuthi :)
വളരെ മനോഹരമായിട്ടുണ്ട്. കുറച്ചൊക്കെ എച്ചുകെട്ടുകള്‍ ഉണ്ടെങ്കിള്ക്കൂടി പൂതനയുടെ മാതൃ ഭാവം നന്നായിത്തന്നെ എഴുതിയിട്ടുണ്ട്. ഇനിയും എഴുതുക. ഇതൊരു സ്ത്രീയുടെയും ഏറ്റവും വലിയ മോഹമാനൊരു പൊന്നുണ്ണി. പൂതന "എന്നാ തവം സെയ്തനെ" എന്ന് പാടാന്‍ തോന്നുന്നു.
ഹരേ കൃഷ്ണാ. നാമകരണം പോലും കഴിയാത്ത പിഞ്ചുബാലനെ മാറോട് ചേർത്ത് മുലകൊടുക്കാൻ പൂതനയ്ക്ക് സാധിച്ചത് മുജന്മ സുകൃതം! പൂർവ്വജന്മത്തിൽ മഹാബലിയുടെ മകളായിരുന്ന രത്നാവലിയാണ്ട് പൂതന . വാമനന്റെ രൂപം കണ്ട രത്നാവലി തനിക്ക് ഇതുപോലൊരു ബാലനെ കിട്ടിയിരുന്നെങ്കിൽ മുലകൊടുക്കാമായിരുന്നു എന്ന് ആഗ്രഹികന്നു. വാമനന്റെ മുമ്പിൽ പ്രാർത്ഥിക്കുന്ന രത്നാവലിയോട് ദ്വാപരയുഗത്തിൽ ഇതിന് ഇട വരുമെന്ന് ഭഗവാൻ അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഹരേ കൃഷ്നാ! ആ രത്നാവലിയുടെ പിന്നീടുള്ള പൂതന എന്ന ജന്മത്തിൽ ആഗ്രഹ പൂർത്തീകരണത്തിനും മോക്ഷപ്രദായകത്തിനും വഴിയായി.
Post a Comment