സെപ്റ്റംബരില്‍ രണ്ടാഴ്ച്ച അവധിക്ക് നാട്ടില്‍ പോയിരുന്നതുകൊണ്ടാണ് കുറച്ചുനാള്‍ കഥയെഴുത്തു മുടങ്ങിയത്. നാട്ടില്‍ എന്നാല്‍ എറണാകുളം, ബാംഗ്ലൂര്‍, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്മാര്‍ഗ്, ഡെല്‍ഹി, കൊല്ലം, അങ്ങനെ ഒരു യാത്ര. ദുബൈലെ ചൂടടിച്ച് കത്തിനിന്ന തല ഒന്നു തണുക്കട്ടെ എന്നുവിചാരിച്ചാണ് മൂന്നുദിവസത്തേക്ക് ശ്രീനഗറില്‍ പോയത്. മൂന്നു മുറികളും ഒരു ഹാളും ഡൈനിങ്ങ് റൂമും എല്ലാം ഉള്ള ഒരു ഹൌസ്ബോട്ടില്‍ രണ്ടാഴ്ച്ചയായി ആകെ വന്ന റ്റൂറിസ്റ്റ് ഞാനായിരുന്നു. ഈ ഭീകരന്മാരുടെ ഒരു കാര്യമേ. അതുപോലെ ഹൌസ്ബോട്ടിനു ദിവസ വാടക 950 രൂപ മാത്രം. കേരളത്തില്‍ ആണെങ്കില്‍ 3000 മുതല്‍ 15,000 വരെ ആണ്.
ശ്രീനഗറില്‍ ആദ്യത്തെ ദിവസം ചഷ്മാഷാഹി, മുഗള്‍ ഗാര്‍ഡന്‍ (ഷാലിമാര്‍ ഗാര്‍ഡന്‍), നിഷാത് ഗാര്‍ഡന്‍, പിന്നെ കുറെ നേരം ദാല്‍ തടാകത്തില്‍ ഷികാര യാത്ര, ഇങ്ങനെ പോയി. രണ്ടാമത്തെ ദിവസം ഗുല്‍മാര്‍ഗ്ഗ് എന്ന മനോഹരമായ സ്ഥലത്തേയ്ക്കുപോയി. ഇവിടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള റോപ്പ്‌വേ ഉണ്ട് (ഗൊണ്ടോല). സമുദ്രനിരത്തില്‍ നിന്നും ഏകദേശം 8500 അടി ഉയരത്തില്‍ ഉള്ള ഗുല്‍മാര്‍ഗ്ഗില്‍ നിന്നും രണ്ട് റോപ്പ്‌വേയില്‍ കേറി 13,500 അടി ഉയരെ വരെ പോവാം. ഇന്തോ പാക് അതിര്‍ത്തിയാണ് അങ്ങനെ കേറി എത്തുന്ന മല (ആരവത്ത് പര്‍വ്വതം ആണെനു തോന്നുന്നു). അസീസ് എന്ന ഗൈഡ് ഇനി വരുമ്പൊ എന്നെ സ്കീയിങ്ങ് പഠിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്. പുള്ളിയുടെ വീട്ടില്‍ ഇനി വരുമ്പൊ ഒരു ദിവസം താമസിക്കണമെന്നും. പണ്ട് (ഭീകരന്മാരൊക്കെ വരുന്നതിനു പണ്ട്) ഗുല്‍മാര്‍ഗ്ഗില്‍ റ്റൂറിസ്റ്റുകള്‍ ഗൈഡുകളുടെയും കുതിരക്കാരുടെയും പിറകേ നടന്നിരുന്നുപോലും. അത്ര ടൂറിസ്റ്റുകളായിരുന്നു പണ്ട്. വോ ദിന്‍ സരൂര്‍ വാപസ് ആയേഗാ എന്ന് ഞാന്‍ മുറി ഹിന്ദിയില്‍ കാച്ചി. ഇന്‍ഷഅല്ലാ.
ഹൌസ്‌ബോട്ടില്‍ കണ്ട ഒരു നല്ല കഥാപാത്രം ഹൌസ്‌ബോട്ടിന്റെ മാലിക്ക് ആയ യൂസഫ് പാലാ ആണ്. ജീവിതകാലം മുഴുവന്‍ നദിയില്‍ താമസിച്ച ഒരാളുടെ സ്വഭാവത്തില്‍ നദിയുടെ ശാന്തതയും ഇരുത്തവും ഇഴുകിച്ചേര്‍ന്നിരിക്കുന്നത് കൌതുകകരമായിരുന്നു. എഴുപതോളം വയസ്സ് പ്രായം വരുന്ന പുള്ളിയുടെ മക്കളും ചെറുമക്കളും ഒക്കെയായി തൊട്ടടുത്ത ഹൌസ്ബോട്ടില്‍ അവര്‍ താമസിക്കുന്നു. ഇര്‍ഫാന്‍ പാലാ എന്ന പുള്ളിയുടെ ചെറുമോന്‍ ശ്രീനഗറില്‍ ബി.എ. കൊമേഴ്സ് പഠിക്കുന്നു. കൂടെ സൈഡ് ബിസിനസ് ആയി ഷികാരയില്‍ യാത്രചെയ്യുന്ന സഞ്ചാരികള്‍ക്ക് മറ്റൊരു ചെറുവള്ളത്തില്‍ പോയി മാലയും വളയും ഒക്കെ വില്‍ക്കുന്നു. കാശ്മീരില്‍ സര്‍ക്കാരുദ്യോഗം അല്ലാതെ മറ്റൊരു ഉദ്യോഗവും ഇല്ലാത്തതിനാല്‍ ചെറുപ്പക്കാര്‍ ഒക്കെ നാടുവിട്ട് ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും പോയി ജോലിചെയ്യുവാണ് എന്നും എന്തെങ്കിലും ബിസിനസ് തുടങ്ങി ഇവിടെ വിജയിപ്പിക്കാന്‍ പാടാണെന്നും പുള്ളി പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് ഹൌസ്ബോട്ടില്‍ ഇരുന്ന് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് കളികണ്ടു. അവസാന ഓവര്‍ വരെ പിടിച്ചുനിന്ന് തകര്‍ത്തടിച്ച് ഊത്തപ്പ കളിജയിപ്പിച്ചു.
പിറ്റേ ദിവസം സോന്മാര്‍ഗ്ഗില്‍ പോയി. നാലുപാടും സുന്ദരമായ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലം. ടൂറിസ്റ്റ് ഗൈഡും കുതിരക്കാരനും ഫയാസ് എന്ന 22 വയസ്സുള്ള പയ്യനായിരുന്നു. പുള്ളി നല്ല സ്കീയിങ്ങ്, ട്രക്കിങ്ങ് സ്പെഷ്യലിസ്റ്റ് ആണ്. ഞങ്ങള്‍ കുറെ ദൂരം കുതിരയില്‍ കയറിപ്പോയിട്ട് ഒടുവില്‍ കുറേ ദൂരം ഒരു മല കയറി മഞ്ഞിന്റെ ഒരു വലിയ കട്ട വരെ പോയി. ഇടയ്ക്ക് കിതച്ച് അയ്യോ വയ്യേ എന്നുവിളിച്ച് ഞാന്‍ നിലത്തിരുന്നു. പുള്ളി അവസാനം കൈ പിടിച്ചുവലിച്ച് എന്നെ എങ്ങനെയോ ഐസ് വരെ എത്തിച്ചു. പിന്നീട് തിരിച്ചുള്ള യാത്ര മുഴുവന്‍ ഞാന്‍ കുതിരപ്പുറത്തായിരുന്നു. അതിന്റെ കൂടെ ഫയസ് കുറെ നേരം കുതിരയെ പിടിച്ച് ഓടുന്നുണ്ടായിരുന്നു. ഇത്ര സ്റ്റാമിന എങ്ങനെ എന്ന് എനിക്ക് അല്‍ഭുതം. ഫയസ് അതിനു മുന്‍പത്തെ ആഴ്ച്ച ഒരു ഇസ്രയേലി കൂട്ടുകാരനുമായി ലഡാക്കില്‍ മലകയറാന്‍ പോയി വന്നതേ ഉള്ളൂ. സ്കീ 100-നു മുകളില്‍ കിലോമീറ്ററില്‍ ഓടിക്കാന്‍ വിരുതന്‍. അത്രയും സ്പീഡില്‍ പായുന്ന സ്കീ വെറും അഞ്ചുമീറ്റര്‍ ദൂരത്തില്‍ നിറുത്താന്‍ പറ്റുമത്രേ!. ഞാന്‍ ഫയസ് എന്ന പേരുകേട്ട് പാക്കിസ്ഥാന്റെ ദേശീയകവിയായ ഫൈസ് അഹ്മെദ് ഫൈസിന്റെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. വിക്കിപീഡിയയുടെ കൃപ. പുള്ളിക്കും ഈ കവിയുടെ കവിതകള്‍ അറിയാമായിരുന്നു.
തിരിച്ചുവരുമ്പോള്‍ മഴതുടങ്ങി. കേരളത്തില്‍ അഞ്ചുമാസം മണ്‍സൂണ്‍ ആണെന്നും ഞാനെത്ര മഴകണ്ടെതാണെന്നും ഞാന്‍ വീമ്പടിച്ചു. ഇത് പര്‍വ്വതങ്ങളിലെ മഴയാണെന്നും നല്ല മനസ്സുള്ളവര്‍ക്ക് മഴനനഞ്ഞാലും പനിക്കില്ലെന്നും ഫയസ് പറഞ്ഞു. തലയില്‍ വെക്കാന്‍ പുള്ളിയുടെ തൊപ്പി ഊരി തരികയും ചെയ്തു. ഇതു കേട്ടപ്പോള്‍ രഘു വരാത്തത് നന്നായി എന്നും മഴ നനഞ്ഞാല്‍ അവനു തുള്ളപ്പനി ആയേനെ എന്നും വിചാരിച്ച് ഞാന്‍ ചിരിച്ചു. പിറ്റേ ദിവസം കറക്കം മതിയാക്കി ഫ്ലൈറ്റില്‍ കയറിയപ്പോള്‍ എനിക്ക് ദേഹമാകെ വേദനയും അതിഭയങ്കരമായ തലവേദനയും നല്ല പനിയും! എയര്‍ഹോസ്റ്റസ് സ്നേഹത്തോടെ തന്ന ക്രോസിന്‍ കഴിച്ച് പനി എന്തായാലും ഒരു ദിവസം കൊണ്ട് മാറി.
--------------- ഓടോ.
മടക്കയാത്രയില്‍ ദില്ലിയില്‍ നിന്ന് ബാംഗ്ലൂരേയ്ക്ക് ഫ്ലൈറ്റ് കേറാന്‍ പോകവേ എയര്‍പോര്‍ട്ടിലെ ബസ്സില്‍ നാലഞ്ച് സുന്ദരിമാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. ടെലിപ്പതി അറിയാവുന്നതുകൊണ്ട് ഞാന്‍ മനസ്സുകൊണ്ട് “വെറുതേ നോക്കണ്ടാ, ചത്താലും ഞാന്‍ നിന്നെ കെട്ടൂല്ലാ“ എന്നുപറഞ്ഞു. അവള്‍ തലയും കുമ്പിട്ട് ഇരിപ്പായി. കുറച്ചുനേരം കൊണ്ട് ബസ്സിനകത്തെ നാലഞ്ചുസുന്ദരിമാരും തലയും കുമ്പിട്ട് ഇരിപ്പായി എന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഒരു സായിപ്പ് കണ്ണുരുട്ടി എന്നെ ഒരു നോട്ടം. അവന്റെ കൂട്ടുകാരിയും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തുറിച്ചുനോക്കി ബസ്സ് ചൂടായി. പനിയുടെ കൂടെ ചൂട് താങ്ങാന്‍ വയ്യാതെ ഞാന്‍ നോട്ടം മാറ്റി. പനി ഇല്ലായിരുന്നേല്‍ ഞാന്‍ അവനെ ദഹിപ്പിച്ചേനെ.
എന്തായാലും ഫ്ലൈറ്റില്‍ ഞാന്‍ പനിയടിച്ച് തലയും കുമ്പിട്ടിരിക്കുമ്പോള്‍ സായിപ്പ് എന്റെ അപ്പുറത്തെ സീറ്റിലായിരുന്നു. അവന്‍ സ്നേഹത്തോടെ അവന്റെ ബാഗ് തുറന്ന് എന്തോ മരുന്നെടുത്ത് എനിക്കുനീട്ടി. ഞാന്‍ വാങ്ങിയില്ല. എനിക്ക് സള്‍ഫാ അലര്‍ജി ആണ്, എല്ലാ മരുന്നും തിന്നാന്‍ പറ്റൂല്ലാ. സായിപ്പ് കൂട്ടാവാന്‍ ശ്രമിച്ചതാണെന്നു തോന്നുന്നു. ഞാന്‍ ഫ്ലൈറ്റിലെ മാഗസിന്‍ എടുത്ത് മറിച്ചുനോക്കി.
അതില്‍ “എവെരിത്തിങ്ങ് ഇറ്റാലിയന്‍ ഇസ് ബ്യൂട്ടിഫുള്‍” എന്ന് പറഞ്ഞ് കുറെ ബാത്ത്രൂം ഫിറ്റിങ്സിന്റെ കൂടെ ചിരിച്ച് ആത്മവിശ്വാസത്തോടെ കാണികളെ നോക്കുന്ന ഒരു ഇറ്റാലിയന്‍ സുന്ദരിയുടെ പടം. സാനിവെയര്‍ ആണെന്നു തോന്നുന്നു. ഞാന്‍ കുറച്ചുനേരം ആ പടത്തില്‍ ശ്രദ്ധിച്ചുനോക്കിയപ്പോള്‍ ആ പടത്തിലെ സുന്ദരി തലയും കുമ്പിട്ട് ഇരിക്കുന്നു. ഭാഗ്യം, സായിപ്പ് കണ്ടില്ല. ഞാന്‍ ഒന്നും അറിയാത്തതുപോലെ മാഗസിന്‍ അടച്ചുവെച്ച് കിടന്നുറങ്ങി.
സോന്മാര്‍ഗ്ഗിലേയ്ക്കുള്ള വഴി. താഴ്വാരത്തില്‍ പഞ്ഞിക്കൂട്ടങ്ങള്‍ പോലെ ചെമ്മരിയാടുകള്‍.
സോന്മാര്‍ഗ്
സോന്മാര്‍ഗ്
ഗുല്‍മാര്‍ഗ്ഗിലെ ഗൊണ്ടോല
ഗുല്‍മാര്‍ഗ്ഗ്
ദാല്‍ തടാകം. വൈകുന്നേരത്തെ ഷിക്കാര യാത്ര
ദാല്‍ തടാകം.
11/24/2007
ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്മാര്‍ഗ്
എഴുതിയത് simy nazareth സമയം Saturday, November 24, 2007
ലേബലുകള്‍: ഓര്‍മ്മക്കുറിപ്പുകള്‍.
Subscribe to:
Post Comments (Atom)
8 comments:
നമ്മള പട്ടാളക്കാരൊന്നും കണ്ടില്ലെ..
ഭാഗ്യം..
ബ്ലോഗു സ്ഥിരമായി വായിക്കുന്ന സുന്ദരിമാരാ..
അതാ നാണിച്ചു കുമ്പിട്ടിരുന്നത്..
മറ്റെ പടം അവരും കണ്ടു കാണും..:)
കൊള്ളാം.....
നല്ല യാത്രാ അനുഭവങ്ങള്‍.
ചിത്രങ്ങള്‍ അത്ര പോരാ..
കുറച്ചു കൂടി നല്ലൊരു ക്യാമറാ വാങ്ങുന്നത് നല്ലതാണ്.
വായിച്ചു.നന്നായി വിവരണം.പക്ഷെ ബാജി പറഞ്ഞപോലെ ചിത്രങ്ങള്‍ കാശ്മീരിന്റെ സൌന്ദര്യം കാണിച്ചു തന്നില്ല.അതില്‍ നിരാശയുണ്ട്.
പ്രയാസി, പട്ടാളക്കാരെ കണ്ടു. അവരുടെ കൂടെ നിന്നൊരു ചിത്രവും എടുത്തു. എല്ലാ നൂറു മീറ്ററിലും നമ്മുടെ പട്ടാളക്കാരുണ്ട്. വണ്ടി കൈകാണിച്ചു നിറുത്തുന്ന പട്ടാളക്കാര്‍ക്കൊക്കെ ഞാന്‍ കേരളത്തില്‍ നിന്നാണെന്നറിയുമ്പൊ സന്തോഷം :-)
ഒരു ഡിജിറ്റല്‍ എസ്.എല്‍.ആര്‍ വാങ്ങണമെന്നുണ്ട് ബാജി. എന്നാലും ഫോട്ടോഗ്രാഫര്‍ നന്നാവാതെ കാമറ നന്നായാല്‍ മതിയോ.
സിമി...
കഥയുടെ ഓര്‍മ്മകളിലെ യാത്രയില്‍ കഥയോടൊപ്പം കാശ്‌മീര്‍ നേരിട്ട് കണ്ട പ്രതീതിയുളവാക്കി....ചിത്രങ്ങള്‍ അല്‌പ്പം നിറം മങ്ങിപോയി എന്നത് പലരും പറഞ്ഞല്ലോ...മഞ്ഞിന്റെ ശല്യമാവാം
എങ്കിലും വിവരണം മനോഹരം
നിനക്കിരിക്കട്ടെ എന്റെ കൈയടി......
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,
കശ്മീരില്‍ പോവാന്‍ ഏറ്റവും നല്ല സമയം ഏപ്രില്‍ - ജൂണ്‍ (വസന്തം) നവംബര്‍ - ഫെബ്രുവരി (വിന്റര്‍) എന്നിവയാണ്. ഞാന്‍ പോയതു പൂക്കളെല്ലാം കൊഴിഞ്ഞ ശിശിരത്തിലും (സെപ്റ്റംബര്‍). എന്നിട്ടും എന്താ ഭംഗി :-)
സിമി,
ഫോട്ടോയുടെ Angle, Distance, Back ground ,View etc etc etc എല്ലാം നന്നായിരിക്കുന്നു. അതൊക്കെ ഫോട്ടൊഗ്രാഫറുടെ കഴിവിനെ വിളിച്ചറിയിക്കുന്നു. പിന്നെ ആശാരിക്ക് ഉളിയെയല്ലേ കുറ്റം പറയാനാവൂ.....
simiyude vivaranam pazhaya oru Kashmir yaatra ormippichu. 1977 june -le yatra innum manasil pachapidichu nilkunnu.( bheekararillatha aa sundara kaalam.)Kuthirapurathe yatrayum Sonamargil hail veenapol thanuthuviracha kunjineyum kondu oru chaya makkaniyileku kayarithanuppakattiyathum, oruvayasan kuthirakkaran kunjine ayalude theechattivacha puthappinakath vachu thaazheyethichthum okkeyum ormavannu.
Sorry for manglish.
oru sthiram vaayanakkari
Post a Comment