വിഷ്ണുമാഷ് ഒരു കവിത അയച്ചുതന്ന് അതിനെ കഥയായി എഴുതാമോ എന്നു ചോദിച്ചു. അത്രയും ശ്രമിക്കാനുള്ള മനസ്ഥിതി ഇല്ലാത്തതുകൊണ്ട് കവിത അതേപടി ചേര്‍ക്കുന്നു. കവിതയുടെ ബാക്കിയായി എന്തൊക്കെ സംഭവിക്കാമെന്നു മാത്രം ഞാന്‍ കഥയായി എഴുതുന്നു.
- സ്നേഹത്തോടെ, സിമി.
വറുഗീസ്
======
വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.
സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും
സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.
എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല,
അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.
എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.
രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?
എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല
പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.
ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.
അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?
വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...
ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....
(രചന: വിഷ്ണുപ്രസാദ്)
--------
ഭാഗം 2
--------
വറുഗീസിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലായിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലമുണ്ടായ സാധാരണ മരണം. പുകവലിയോ മദ്യപാനമോ ഇല്ലെങ്കിലും ഹൃദയസ്തംഭനം ഉണ്ടാവാമെന്നും കൊളസ്ട്രോള്‍ കൂടുതലുണ്ടായിരുന്ന വറുഗീസ് യഥാസമയം വ്യായാമം ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ ജീവിതം കൂടുതല്‍ നീണ്ടേനെ എന്നും കുടുംബ സുഹൃത്തായ ഡോക്ടര്‍ ജോസഫ് മരണവീട്ടിനു മുന്‍പില്‍ കൂടിനിന്ന പരിചയക്കാരോട് പറഞ്ഞു. ആകെ അസ്വാഭാവികമായി ഉണ്ടായിരുന്നത് വറുഗീസിന്റെ കട്ടിലിനു കീഴെ കിടന്ന ക്രൂശിതനായ ഈശോയുടെ ചിത്രമായിരുന്നു. ചിത്രം രൂക്ഷഗന്ധമുള്ള, മഞ്ഞനിറമുള്ള മൂത്രത്തില്‍ മുങ്ങിക്കിടന്നതായിരുന്നു ജനങ്ങളെ അസ്വസ്ഥരാക്കിയത്. സത്യക്രിസ്ത്യാനിയായ വറുഗീസ് വിചാരിച്ചുകൊണ്ട് ദൈവത്തിന്റെ ചിത്രത്തില്‍ ഒരിക്കലും മൂത്രം ഒഴിക്കില്ല എന്നും ഹൃദയസ്തംഭനത്തിന്റെ നിമിഷങ്ങളില്‍ അങ്ങനെ സംഭവിച്ചുപോയതാവാം എന്നും പള്ളിവികാരി പറഞ്ഞപ്പോള്‍ ജനക്കൂട്ടത്തിന്റെ കുശുകുശുപ്പ് അല്പം അടങ്ങി. എന്നിരുന്നാലും വെള്ളപ്പൂക്കളുള്ള നീല കിടക്കവിരിയും ആറിഞ്ചു കട്ടിയുള്ള ഡണ്‍ലപ്പ് മെത്തയും കടന്ന് കട്ടിലിന്റെ തടിപ്പലകയും കടന്ന് മഞ്ഞ മൂത്രം എങ്ങനെ കട്ടിലിനു താഴെക്കിടന്ന ചിത്രത്തില്‍ വീണു എന്ന് പള്ളിയില്‍ കയറാത്ത ചില ചെറുപ്പക്കാര്‍ കൂടിനിന്ന് കുശുകുശുത്തു. അയലത്തെ വീട്ടില്‍ നിന്നും വറുഗീസിന്റെ തലയ്ക്കല്‍ വെയ്ക്കാന്‍ മറ്റൊരു ദൈവത്തിന്റെ പടം കൊണ്ടുവന്നു. വറുഗീസിന്റെ മരണവീട് മറ്റെല്ലാ മരണവീടുകളെയും പോലെയായിരുന്നു. വഴിതെറ്റിപ്പോയെങ്കിലും മക്കള്‍ മൂന്നുപേരും വഴിതെറ്റാതെ വന്ന് വറുഗീസിന്റെ ശവശരീരത്തിനു മുന്‍പില്‍ അപ്പാ എന്നുവിളിച്ച് ഉച്ചത്തില്‍ കരഞ്ഞു. ഡോക്ടര്‍ ജോസഫ് പരേതന്റെ അടുത്തേയ്ക്കു വരുമ്പോള്‍ മാത്രം അല്പം കലങ്ങി കുറ്റബോധത്തോടെ കരച്ചില്‍ ഒതുക്കിയെങ്കിലും മറിയാമ്മയും നെഞ്ചത്തടിച്ച് അലമുറയിട്ടു കരഞ്ഞു. പള്ളി സിമിത്തേരിയില്‍ പ്രമാണിമാരുടെ കൂടെയായിരുന്നു വറുഗീസിനെ അടക്കം ചെയ്തത്. നല്ലവനായ വറുഗീസിനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞുകൊണ്ട് നാട്ടുകാര്‍ പതിയെ കുഴിമാടത്തില്‍ നിന്നും പൊഴിഞ്ഞുപോയി.
--------
ഭാഗം 3
--------
സ്വര്‍ഗ്ഗത്തെപ്പറ്റി വര്‍ഗ്ഗീസിനുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ കുറെയൊക്കെ ശരിവെയ്ക്കുന്നതായിരുന്നു മരണശേഷം നടന്ന കാര്യങ്ങള്‍. സ്വര്‍ഗ്ഗകവാടത്തില്‍ നിന്ന വിശുദ്ധ പത്രോസ് വര്‍ഗീസിനെ കൈപിടിച്ച് സ്വര്‍ഗ്ഗത്തിന്റെ വഴിത്താരകളിലൂടെ നടത്തി. മനോഹരമായ ഏദന്‍ തോട്ടത്തില്‍ അപ്പോള്‍ ശിശിരമായിരുന്നു. മരങ്ങളും പൂച്ചെടികളുമെല്ലാം ഇലകളും പൂക്കളും അഴിച്ച് നഗ്നരായി നാണം മറയ്ക്കാനാവാതെ കൈകള്‍ വിരിച്ചു നിന്നു. മരങ്ങള്‍ക്കു കീഴെ അങ്ങിങ്ങായി പല വിശുദ്ധരും തപസ്സുചെയ്യുന്നുണ്ടായിരുന്നു. കുന്തിരിക്കത്തിന്റെയും ഉരുകിയ മെഴുകുതിരികളുടെയും ഗന്ധം ഏദന്‍ തോട്ടത്തില്‍ നിറഞ്ഞുനിന്നു. ശോകസുന്ദരമായ വാദ്യോപകരണസംഗീതം എവിടെനിന്നൊക്കെയോ പതിയെ ഒഴുകിവരുന്നുണ്ടായിരുന്നു. അപ്പൂപ്പന്‍ താടിപോലെ ഒരു മാലാഖ വറുഗീസിന്റെ മുന്‍പില്‍ക്കൂടെ പറന്നുപോയി.
ഒരു വലിയ വെളുത്ത മതില്‍ തോട്ടത്തിന്റെ വശത്തായി കണ്ടപ്പോള്‍ വറുഗീസിനു മതിലിനു അപ്പുറത്ത് എന്താണെന്ന് സംശയം തോന്നി. അതിനപ്പുറം നരകമാണെന്ന് വിശുദ്ധ പത്രോസ് മറുപടി പറഞ്ഞു. ഇഹലോകത്ത് ദുഷ്ടജീവിതം നയിച്ചവര്‍ നരകത്തില്‍ കിടന്നു നരകിക്കുന്നത് ഒരു നോക്കു കാണുമ്പോഴെങ്കിലും തന്റെ ജീവിതത്തിനു അര്‍ത്ഥം ഉണ്ടാവുമെന്ന് വറുഗീസ് ചിന്തിച്ചു. മതിലിനപ്പുറം കാണണമെന്ന് വറുഗീസ് വാശിപിടിച്ചു. നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ പത്രോസ് വറുഗീസിനെ മതിലിന്റെ കുറ്റിച്ചെടികള്‍ തിങ്ങി മറഞ്ഞ ഒരു ഭാഗത്തേയ്ക്കു കൊണ്ടുപോയി. അവിടെ പൊന്തക്കാടുകള്‍ക്കു നടുവില്‍ മതിലില്‍ കട്ടിക്കണ്ണാടിയിട്ട ഒരു വലിയ ജാലകം ഉണ്ടായിരുന്നു. ജാലകത്തില്‍ കൂടി നോക്കിയാല്‍ നരകത്തിന്റെ ഒരു വലിയ ഭാഗം കാണാമായിരുന്നു. വറുഗീസും പത്രോസും എത്തിവലിഞ്ഞ് നരകത്തിലേയ്ക്കു നോക്കി.
വറുഗീസിന്റെ അയല്‍ക്കാരനും ദുഷ്ടനുമായ ജൂഡ് നരകത്തില്‍ നാലു സുന്ദരിമാരുടെ നടുവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അല്‍പ്പവസ്ത്രധാരിയായ ഒരു സുന്ദരി മദ്യപിച്ച് ആടിയാടി ജൂഡിന്റെ മേലേയ്ക്കു വീഴുന്നുണ്ടായിരുന്നു. മറ്റു സുന്ദരിമാര്‍ പൊട്ടിച്ചിരിച്ച് അവളെ പിടിച്ചു നേരേ നിറുത്തി. അവരുടെ മുന്‍പില്‍ക്കൂടി രണ്ടു കമിതാക്കള്‍ ഒരു നാണവുമില്ലാതെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് കടന്നുപോയി. സാത്താന്‍ അതുവഴി ആറു കറുത്ത കുതിരകളെപ്പൂട്ടിയ ഒരു കറുത്ത കുതിരവണ്ടിയില്‍ പാഞ്ഞുവന്നു. സാത്താനെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് നരകത്തില്‍ മദ്യപിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഒരു ചീമുട്ട വലിച്ചെറിഞ്ഞു. ചീമുട്ട കുതിരവണ്ടിയുടെ ജനാലയില്‍ പതിച്ച് പറ്റിപ്പിടിച്ച് താഴേയ്ക്ക് പതിയെ ഒലിച്ചിറങ്ങി. കുതിരവണ്ടി ഒന്നു വേഗതകുറച്ച് വീണ്ടും വേഗത്തില്‍ ഓടിച്ചുപോയി. നരകത്തിലെ തെരുമദ്ധ്യത്തില്‍ ഒരാള്‍ക്കൂട്ടം മദ്യക്കുപ്പികളുമായി തിങ്ങിനിന്നിരുന്നു. വലിയ രണ്ടു റൌഡിമാര്‍ തമ്മില്‍ ദ്വന്ദയുദ്ധം നടക്കുകയായിരുന്നു അവിടെ. ആളുകള്‍ ചേരിതിരിഞ്ഞ് റൌഡിമാരില്‍ ഓരോരുത്തരെ കയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു. അതിനിടയില്‍ പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു വേദിയില്‍ മയക്കുമരുന്നിനടിമകളായ കുറെ ഗായകര്‍ ഗാനമേള തുടങ്ങി. കറുത്ത പല്ലുകള്‍ കൊണ്ട് അലങ്കരിച്ച ഗിറ്റാറുകള്‍ അതീന്ദ്രിയങ്ങളായ ഇമ്പത്തില്‍ മുഴക്കിക്കൊണ്ട് അവര്‍ ആവേശപൂര്‍വ്വം പാടി. പാട്ടിനൊത്ത് സ്ത്രീകളും പുരുഷന്മാരും കെട്ടിമറിഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ജനക്കൂട്ടം അലറിവിളിച്ചു. ആരൊക്കെയോ യന്ത്രത്തോക്കുമായി ഓടിവന്ന് ആകാശത്തേയ്ക്കു വെടിവെച്ചെങ്കിലും സാത്താന്റെ കിങ്കരന്മാര്‍ അവരുടെ തോക്കുകള്‍ പിടിച്ചുവാങ്ങി പകരം മറ്റേതോ തോക്കുകള്‍ കൊടുത്തു. അതില്‍നിന്നും വെടിവെച്ചപ്പോള്‍ ആകാശത്ത് പല നിറങ്ങളില്‍ അമിട്ടുകള്‍ പൊട്ടി. ആള്‍ക്കൂട്ടത്തില്‍ നിന്നും വറുഗീസിന്റെ വീട്ടിനടുത്ത് താമസിച്ചിരുന്ന പണിക്കാരി മുന്നോട്ടുവന്ന് സ്വര്‍ഗ്ഗത്തെയും നരകത്തെയും വേര്‍തിരിക്കുന്ന കണ്ണാടി ജനാലയോടു ചേര്‍ന്നുനിന്നു. നാട്ടില്‍ തന്നെ കുപ്രസിദ്ധയായിരുന്ന അവളുടെ കല്ലന്‍ മുലകള്‍ എഴുന്ന് കണ്ണാടിയില്‍ അമര്‍ന്നുനിന്നു. കൈയുയര്‍ത്തി ആ മുലകളില്‍ തലോടണം എന്ന് വറുഗീസിനു തോന്നി എങ്കിലും കണ്ണാടിയും വിശുദ്ധ പത്രോസിന്റെ നോട്ടവും തടസ്സം നിന്നു. പെട്ടെന്ന് സാത്താന്റെ ഒരു കിങ്കരന്‍ ജനലിനു മുന്‍പില്‍ വന്ന് വിരല്‍ പതിയെ വീശിക്കൊണ്ട് വിശുദ്ധ പത്രോസിനോട് അരുത് എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് ഒരു കറുത്ത കര്‍ട്ടന്‍ വലിച്ചിട്ട് നരകത്തിലേയ്ക്കുള്ള കാഴ്ച്ച അടച്ചു.
മരിച്ച ഏതോ നല്ല കുടുംബിനി അപ്പോള്‍ തോട്ടത്തിന്റെ ഇടവഴികളിലൂടെ ഓടി വര്‍ഗീസിന്റെ മുന്‍പില്‍ വന്നു കിതച്ചുനിന്നു. തോമസ് അല്ലേ എന്നുചോദിച്ച് അവര്‍ ഒരുനിമിഷം പ്രതീക്ഷയോടെ വറുഗീസിന്റെ മുഖത്തേയ്ക്കു നോക്കി. എന്നിട്ട് കരഞ്ഞുകൊണ്ട് മറ്റൊരിടവഴിയിലൂടെ ഓടിപ്പോയി. അവരുടെ ഭര്‍ത്താവ് നരകത്തിലാണ് എന്ന് വിശുദ്ധ പത്രോസ് വറുഗീസിനു വിശദീകരിച്ചുകൊടുത്തു. പിന്നാലെ ഇടവഴികളില്‍ എവിടെനിന്നൊക്കെയോ ആര്‍ത്തനാദങ്ങള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രശാന്തതയെ ഭേദിച്ചുകൊണ്ട് ഉയര്‍ന്നുതാണു. ഒരേ കരച്ചില്‍ പല വഴികളിലും പല മുഖങ്ങളിലും പ്രതിഫലിച്ചതുകൊണ്ടാവാം, ഒരേ സമയം തന്നെ അവയെല്ലാം അടങ്ങി താണ് വീണ്ടും നിശബ്ദമായി.
തോട്ടത്തിനു നടുവില്‍ ഒരു ജലാശയത്തിനു മുന്‍പില്‍ അരയന്നങ്ങള്‍ക്കു തീറ്റകൊടുത്തുകൊണ്ട് നരച്ചതാടിയുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ടായിരുന്നു. “ദൈവമേ, വര്‍ഗ്ഗീസ്“ എന്ന് വിശുദ്ധ പത്രോസ് പതിയെ പറഞ്ഞു. ദൈവം പതുക്കെ വടികുത്തി എഴുന്നേറ്റു. ഇണയറ്റ മാലാഖമാര്‍ കിന്നരിത്തലപ്പാവുകളും വെച്ച് വികാരമറ്റ മുഖങ്ങളോടെ ദൈവത്തിന്റെ തലയ്ക്കുമുകളില്‍ പൂമ്പാറ്റകളെപ്പോലെ പറന്നുനടന്നു. വറുഗീസിനു കടുത്ത നിരാശതോന്നി. “ദൈവമേ, നരകം..“ - വര്‍ഗീസ് ചോദ്യഭാവത്തില്‍ ദൈവത്തിന്റെ മുഖത്തേയ്ക്കു നോക്കി. ദൈവം വിഷാദത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ വര്‍ഗ്ഗീസിനെയും വിശുദ്ധ പത്രോസിനെയും കൈവീശി യാത്രയാക്കി. എന്നിട്ട് അരയന്നങ്ങള്‍ക്കു തീറ്റകൊടുക്കാന്‍ തിരിഞ്ഞു. നിരാശയോടെ തിരിഞ്ഞുനടക്കുമ്പോഴും ദൈവത്തിന്റെ വസ്ത്രത്തില്‍ നിന്നും വന്ന കടുത്ത മൂത്രനാറ്റം വറുഗീസിന്റെ മൂക്കുതുളയ്ക്കുന്നുണ്ടായിരുന്നു.
11/16/2007
വിഷ്ണുമാഷിന്റെ കവിത, എന്റെ കഥ
എഴുതിയത് simy nazareth സമയം Friday, November 16, 2007
Subscribe to:
Post Comments (Atom)
6 comments:
കവിതയ്‌ക്കും കഥയ്‌ക്കും എന്റെ വക തേങ്ങ.
ഠേ....
ഠേ....
കഥ മാത്രം മതിയായിരുന്നു. വിഷ്ണുമാഷ് വെറുതേ എഴുതി വിട്ടതു പോലെ. വായിച്ച ഉടന്‍ തുടച്ചുകളഞ്ഞു മനസ്സില്‍ നിന്ന് കവിത.
കവിത നിര്‍ത്തിയിടത്ത് കഥ തുടങ്ങാമായിരുന്നു...
അല്ലെങ്കില്‍ കഥമാത്രമാകാമായിരുന്നു.
ഓ:ടോ: വിഷ്ണുവിനെന്തു പറ്റി?
ഏതെങ്കിലും ഒന്നു മതിയായിരുന്നു.ഞാന്‍ കഥവായിച്ചില്ല.എനിക്കു മനസ്സില്ല.
:) :)
സിമി...
ഇപ്പോ കവിത കഥയായും..കഥ കവിതയായും പരിണമിച്ചിരിക്കുന്നു...രണ്ടും നല്ല നിലവാരം പുലര്‍ത്തി എന്ന് പറയട്ടെ.
വായിക്കുന്നവര്‍ ആ കവിതയിലെ കഥയിലെ സന്ദേശങ്ങള്‍ മനസ്സില്ലാക്കുമെന്ന് പ്രതീക്ഷിക്കുന്നു..തികച്ചും വളരെ ലളിതമായി തന്നെ നമ്മുക്ക് ചുറ്റുമുള്ള സാമൂഹിക പ്രശ്‌നങ്ങളെ വരച്ചു വെച്ചിരിക്കുന്നു
നല്ല കവിതക്കും നല്ല കഥക്കും അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
Post a Comment