സിമിയുടെ ബ്ലോഗ്

11/21/2007

കാറോടിക്കുമ്പോള്‍ പാട്ട് ഇടരുത്.

രഘുവിന്റെ ഒരു ദുശ്ശീലമായിരുന്നു കാറില്‍ സംഗീതം വളരെ ഉച്ചത്തില്‍ വെയ്ക്കുക എന്നത്. കാറില്‍ ബാലമുരളീകൃഷ്ണയുടെ ശാസ്ത്രീയ സംഗീതവും ഉച്ചത്തിലിട്ട് രഘു ദുബൈയിലെ തിരക്കുനിറഞ്ഞ സത്‌വ റോഡിലൂടെ ഓടിച്ചുപോവുകയായിരുന്നു. വഴിവക്കിലൂടെ ഒരുപാട് സുന്ദരികളായ ഫിലിപ്പീനികളും കുര്‍ത്തയിട്ട പാക്കിസ്ഥാനികളും ജോലിചെയ്തുതളര്‍ന്ന ഇന്ത്യക്കാരും നടക്കുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ക്കു മുറിച്ചു കടക്കാനുള്ള ഒരു ട്രാഫിക്ക് ലൈറ്റ് രഘു അറിയാതെ ചാടി. ഇതു കണ്ട രണ്ട് പോലീസുകാര്‍ രഘുവിന്റെ കാര്‍ കൈകാണിച്ചുനിറുത്തി ജനാലയില്‍ തട്ടി. രഘു കാറിന്റെ ജനാല താഴ്ത്തി. അറബിപ്പോലീസുകാര്‍ പിടിച്ചാല്‍ ഫൈന്‍ ഉറപ്പാണ്. വെപ്രാളം കൊണ്ട് എങ്ങനെയോ, രഘു പാട്ട് ഓഫ് ചെയ്യാന്‍ മറന്നുപോയി. ജനലില്‍ കൂടി പുറത്തേയ്ക്കൊഴുകിയ സംഗീതത്തില്‍ പോലീസുകാരും സുന്ദരികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാം നിലയില്ലാതെ ഒഴുകിപ്പോയി. റോഡുകളിലെല്ലാം സംഗീതം നദിപോലെ ഒഴുകി. സത്‌വയിലെ ചേരികളുടെ വാതില്‍പ്പടികള്‍ വരെ സംഗീതം പൊങ്ങി നിറഞ്ഞു. കടകളില്‍ വില്‍ക്കാന്‍ വെച്ചിരുന്ന പലചരക്കു സാധനങ്ങളും അത്തറും കാര്‍ ടയറുകളുമെല്ലാം സംഗീതത്തില്‍ നനഞ്ഞുകുതിര്‍ന്നു. അബദ്ധം മനസ്സിലാക്കി രഘു പാട്ട് ഓഫ് ചെയ്തെങ്കിലും സംഗീതം വാര്‍ന്ന് പലചരക്കു സാധനങ്ങളും റോഡും പൊങ്ങിനടന്ന ബസ്സുകളും ഒക്കെ ഉണങ്ങി പഴയ നിലയിലാവാന്‍ മണിക്കൂറുകള്‍ എടുത്തു. എന്നിട്ടും ഫിലിപ്പീനി പെണ്‍കുട്ടികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും അറബിപ്പോലീസുകാരും ഒക്കെ താളത്തില്‍ തലയുമാട്ടി റോഡിലിരുന്നും പരസ്പരം ചാരിനിന്നും നൃത്തം ചവിട്ടിയും അവരവരുടെ ഗാനങ്ങള്‍ ഉറക്കെപ്പാടുന്നുണ്ടായിരുന്നു.

-----

*ആശയത്തിന്റെ കോപ്പിയടി - ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസ് എഴുതിയ വെളിച്ചം വെള്ളം പോലെ എന്ന കഥ. പുസ്തകം: അപരിചിത തീര്‍ത്ഥാടകര്‍ (Strange Pilgrims). പുസ്തകത്തില്‍ രണ്ട് കുട്ടികള്‍ മുറിയിലെ ബള്‍ബ് തല്ലിപ്പൊട്ടിച്ച് അതില്‍നിന്ന് ഒഴുകുന്ന വെളിച്ചം മുറിയില്‍ നിറച്ച് അതില്‍ തോണിയോടിക്കുന്നു :-)

16 comments:

ശ്രീ said...

അതു കൊള്ളാമല്ലോ സിമീ...
“വെളിച്ചം വെള്ളം പോലെ”. നല്ല ആശയം.

:)

ദുബൈയില്‍ നിന്നും ബൈജു said...

താങ്കളുടെ ടൈറ്റില്‍ ശ്രദ്ധേയമാണ്. കാറോടിക്കുംബൊള്‍ ഉച്ചത്തിലുള്ള സംഗീതം പലപ്പോഴും കുഴപ്പത്തില്‍ ചാടിച്ചിട്ടുണ്ട് !

P Jyothi said...

സംഗീതം പ്രളയം..?

Meenakshi said...

കൊള്ളം നന്നായിരിക്കുന്നു

സനാതനന്‍ said...

vaLare nannaayittunT.
bhaashayil sraddhikkuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu

നിഷ്ക്കളങ്കന്‍ said...

നല്ല പോസ്റ്റ്!

ശ്രീഹരി::Sreehari said...

രസകരമായ ആശയം.

off cutter: രഘുവിന് ഇനിയെങ്കിലും ലീവ്‌ കൊടുത്തൂടേ?

സിമി said...

ശ്രീഹരി,

രഘു നു ലീവ് കൊടുത്തതാ. സുല്ല് ദേ രഘൂനെ പിന്നേം പൊക്കിക്കൊണ്ടു വന്നു :(

Sul | സുല്‍ said...

അപ്പോള്‍ സിമിയും രഘുവും തമ്മില്‍ വീണ്ടും കണ്ടോ?

രാജകുമാരിയുടെ കാര്യം ചോദിച്ചില്ലേ, നിന്റെ ബുള്ളറ്റിന്റെം. :)

സംഗീത പെരുമഴ നന്നായി.
-സുല്‍

അപര്‍ണ്ണ said...

ഇത്‌ വായിച്ച്‌ ഇതിന്റെ മുകളിലെ ലിങ്കും ക്ലിക്കി അവിടെം പോയി അവിടുന്നും പോയി കുറെ രാക്ഷസന്മാരുടെ കഥേം കേട്ട്‌ ഇവിടെ തിരിച്ചെത്തിയപ്പോഴേക്കും കമന്റ്‌ ഇടാന്‍ വന്നത്‌ മറന്നുപോയി.
പാവം രാജകുമാരിമാര്‍. ഈ രാക്ഷസന്മാരൊക്കെ ഇങ്ങിനെ തലങ്ങും വിലങ്ങും ഓടി നടന്നാല്‍???

പേര്.. പേരക്ക!! said...

ഇതു കുറച്ചൊക്കെ മനസ്സിലായി.
ഓ:ടോ. ടെമ്പ്ലേറ്റ് മാറിക്കണണ്ടതില്‍ സന്തോഷം.ഞാന്‍ മെനക്കെടുന്നത് വെറുതെയല്ല :) ഇനി എനിക്ക് കുറച്ച് കഥയെഴുത്ത് ടെക്നിക്കുകള്‍ പറഞ്ഞു താ..

പ്രയാസി said...

ബ്ലും..ബ്ലും..ഇനിയെങ്കിലും അതൊന്നു ഓഫ് ചെയ്യാന്‍ പറ സിമീ..ഞാനിപ്പം മുങ്ങിച്ചാവും..ചെറിയകാര്യങ്ങളില്‍ നിന്നു പോലും വലിയകഥകള്‍ മെനയുന്ന കഴിവിനെ അംഗീകരിക്കുന്നു.. പക്ഷെ ഇനിയും ഫോട്ടോകള്‍ പോസ്റ്റരുത്..!...:)

സിമി said...

ഇനി ഫോട്ടോ ഇല്ല :-) എന്നാലും ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ഒരു മടി. പ്രത്യേകിച്ചും ഫോട്ടോ പോസ്റ്റിനു എല്ലാരുടേം കമന്റു വായിച്ചപ്പോള്‍.

അലി said...

കൊള്ളാം നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

മയൂര said...

എഴുതും ആശയവും ഇഷ്ടായി...:)

അതെ, കാറോടിക്കുമ്പോള്‍ പാട്ടിട്ടാല്‍ ചിലപ്പോള്‍ ടിക്കറ്റ് തരാന്‍ പുറകെ വരുന്ന പോലീസ് കാറിന്റെ സൈറന്‍ പോലും കേള്‍ക്കാന്‍ പറ്റിയെന്നു വരില്ല;)

കിനാവ് said...

വാഹ്... സൂപ്പര്‍!!

Google