“രാജകുമാരിയുടെരും രാജകുമാരന്റെയും കഥ തീര്‍ന്നു. ഇനി നാളെ അച്ഛന്‍ ചുവന്ന കണ്ണുള്ള മന്ത്രവാദിയുടെ കഥ പറഞ്ഞുതരാം. എല്ലാരും കിടന്നുറങ്ങ്. എടീ, നീ വന്ന് ആലീസിനെ പിടിച്ചോണ്ടുപോ“. എന്നും പറഞ്ഞ് ഞാന്‍ ലൈറ്റ് അണച്ചു.
പതിനെട്ടു വയസ്സുള്ള മനുവും പന്ത്രണ്ടു വയസ്സുള്ള സുനിലും ഒരുമിച്ചായിരുന്നു കിടക്കുന്നത്. ആറുവയസ്സുകാരി ആലീസ് അമ്മയുടെ കൂടെ വേറെ ഒരു മുറിയിലും.ഞാനാണെങ്കില്‍ രാത്രിമുഴുവന്‍ കമ്പ്യൂട്ടറുമായി ഇരുന്ന് വരാന്തയില്‍ തന്നെ സോഫയില്‍ കിടന്ന് ഉറങ്ങിപ്പോവുമായിരുന്നു. എന്തൊക്കെ ജോലിത്തിരക്കുണ്ടെങ്കിലും മക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാതെ ഉറങ്ങുന്ന ശീലമില്ലായിരുന്നു.
പറഞ്ഞുവന്നപ്പോള്‍ ഈ കഥകള്‍ പറഞ്ഞുകൊടുക്കുന്ന ശീലം പുതിയതാണ്. ആലീസിനെ ഉറക്കാന്‍ കഥകള്‍ പറഞ്ഞുകൊടുത്തു തുടങ്ങിയതായിരുന്നു. പതുക്കെപ്പതുക്കെ സുനിലും കഥകള്‍ കേള്‍ക്കാന്‍ കൂടിത്തുടങ്ങി. പക്ഷേ കോളെജില്‍ പഠിക്കാന്‍ പോവുന്ന മൂത്തമകന്‍ കുട്ടിക്കഥകളും അല്‍ഭുത കഥകളുമൊക്കെ കേട്ട് കണ്ണും വിടര്‍ത്തി ഇരിക്കുന്നത് ഞങ്ങള്‍ക്ക് അല്‍ഭുതമായിരുന്നു. “അവനാ എന്റെ ഏറ്റവും ചെറിയ കുട്ടി” എന്ന് പിള്ളേരുടെ അമ്മ വാത്സല്യത്തോടെ പറയുമായിരുന്നു.
എപ്പൊഴോ കിടന്ന് ഉറങ്ങിയിട്ട് രാത്രി മൂന്നരമണിയ്ക്ക് തൊണ്ടവരണ്ട് വെള്ളം കുടിയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ എല്ലാ മുറിയിലും ലൈറ്റ് കത്തിക്കിടന്നിരുന്നു. രാത്രി ഇവര്‍ എന്തെടുക്കുവാ എന്ന് നോക്കാനായി ആണ്മക്കളുടെ മുറിയില്‍ ചെന്നപ്പോള്‍ മക്കള്‍ മെത്തയില്‍ ഇല്ല!. ഓടിച്ചെന്ന് ഭാര്യയുടെ കട്ടിലില്‍ നോക്കിയപ്പോള്‍ മകളും അവിടെ ഇല്ലായിരുന്നു. ഭാര്യ മാത്രം കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു.
ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തി. കുട്ടികളുടെ ചെരുപ്പ് നോക്കിയപ്പോള്‍ ചെരുപ്പില്ല. ജനാലകള്‍ ഒന്നും പൊട്ടിയിട്ടില്ല. വാതില്‍ താക്കോല്‍ കൊണ്ടുതന്നെ തുറന്നതാണ്. മൂത്തമകന്റെ ബൈക്ക് മുറ്റത്തില്ല. മക്കളുടെ സ്കൂള്‍ ബാഗും വീട്ടിലില്ല. ആരും തട്ടിക്കൊണ്ടുപോയതാവാന്‍ വഴിയില്ല. കുട്ടികള്‍ പക്ഷേ ഈ രാത്രി തനിയേ എവിടെ ഇറങ്ങിപ്പോവാനാണ്? മൂത്തവന്‍ വല്ലപ്പൊഴും താമസിച്ച് വീട്ടില്‍ വരാറുണ്ട്. പക്ഷേ ഇളയവര്‍? ഈ രാത്രിയില്‍ പോലീസിനെ വിളിച്ചു പറയണോ? ഭാര്യ കിടന്നു കരച്ചില്‍ തുടങ്ങി. അയല്‍ക്കാരനായ പോളിനെ ഫോണ്‍ വിളിച്ചു. ഉറക്കച്ചടവോടെ പോള്‍ വന്നു. വാതില്‍ പതിയെ തുറന്നിരിക്കുകയാണ്. മക്കള്‍ തനിയേ പോയതാണ്. രാവിലെ വരെ കാക്കാം, എന്നിട്ടും കണ്ടില്ലെങ്കില്‍ പോലീസിനെ വിളിക്കാം, വേണമെങ്കില്‍ കവല വരെ ഒന്നു പോയിനോക്കാം.
പോളിന്റെ കാര്‍ സ്റ്റാര്‍ട്ടാക്കുമ്പൊഴേയ്ക്കും മുറ്റത്ത് ബൈക്ക് വന്നുനിന്നു. ബൈക്കിന്റെ മുന്‍പില്‍ നിന്നും പൊന്നുമോള്‍ ചിരിച്ചുകൊണ്ട് ചാടിയിറങ്ങിവന്നു. ആണ്മക്കള്‍ രണ്ടുപേരും കള്ളിവെളിച്ചത്തായ പരുങ്ങലില്‍ ഒതുങ്ങി അകത്തുകയറിപ്പോവാന്‍ പോവുന്നു.
“നില്‍ക്കെടാ അവിടെ”.
“അച്ഛാ അച്ഛാ ഞങ്ങള്‍ രാക്ഷസനെ കണ്ടു”.
അടി പൊട്ടിക്കാനുള്ളത് പോളിനെ പറഞ്ഞുവിട്ടിട്ടാവാം എന്നുവിചാരിച്ച് പോളിനെ യാത്രയാക്കി. ഭാര്യ കരഞ്ഞുകൊണ്ടു നിന്നു കുരിശുവരയ്ക്കുന്നു. അമ്മയെ കെട്ടിപ്പിടിച്ചോണ്ട് മകള്‍ പറയുന്നു - “ഭയങ്കര രാക്ഷസനായിരുന്നു അമ്മേ”.
മൂത്തമകന്‍ പരുങ്ങിനിന്നു പറഞ്ഞുതുടങ്ങി. “ഈ സുനിലാ നിര്‍ബന്ധിച്ചത്. അവനു രാക്ഷസനെയും രാജകുമാരിയെയും കാണണമെന്ന്. ആര്യങ്കാവില്‍ രാക്ഷസന്‍ കാണും എന്നുവിചാരിച്ച് ഞങ്ങള്‍ ബൈക്ക് ഓടിച്ചുപോയി“.
രണ്ടാമത്തവന്‍ തുടങ്ങി. “നല്ല രസമായിരുന്നു അച്ഛാ. ഇത്തിരി ഓടിച്ചപ്പൊഴേ ഒരു റോഡിന്റെ അറ്റത്തെത്തി. അവിടെ ചുറ്റിലും മരങ്ങള്‍ ഒന്നുമില്ല. തെരുവു വിളക്കുകളും ഇല്ല. വഴിയുടെ അറ്റത്ത് ഒരു ലൈറ്റു മാത്രം കത്തുന്ന ഒരു വീട്. ഈ ചേട്ടന്‍ ബൈക്ക് നിറുത്താതെ വീട്ടിന്റെ അകത്തേയ്ക്കു വണ്ടി ഓടിച്ചു കയറ്റി. വീട്ടിന്റെ അകത്തെ മുറിയില്‍ എത്തിയപ്പോള്‍ മുറിയുടെ അകത്തൂടെ ദൂരേയ്ക്ക് ഒരു വഴി. അതിലേ വണ്ടിയോടിച്ചപ്പോള്‍ രണ്ടു വശത്തും ഭയങ്കര വല്യ മരങ്ങള്‍. മരങ്ങളില്‍ നിറയെ കടവാതിലുകള്‍. ചരലിട്ട വഴി. ആ വഴിയുടെ അറ്റത്ത് മാനം മുട്ടെ പൊക്കമുള്ള ഒരു കോട്ട. കോട്ടയ്ക്കു ചുറ്റും ഒരു കിടങ്ങ്. കോട്ടയുടെ ഒരു ജനലില്‍ മാത്രം ചന്ദ്രന്‍ കത്തിനില്‍ക്കുന്നു. ബാക്കി എല്ലായിടത്തും അരണ്ട വെളിച്ചം“.
മകള്‍ പൂരിപ്പിച്ചു. “അച്ഛാ, ഈ ചേട്ടന്‍ കിടങ്ങിന്റെ മുകളിലെ തടിപ്പാലത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റി. കിടങ്ങില്‍നിന്നും വലിയ ഒരു മുതല ഞങ്ങളെ കടിക്കാന്‍ ചാടിവന്നു. കഷ്ടിച്ചാ ഞങ്ങള്‍ രക്ഷപെട്ടത്. കോട്ടയ്ക്ക് അകത്തെത്തിയപ്പോള്‍ നിറയെ വളഞ്ഞുപുളഞ്ഞ വഴികള്‍. വഴി എല്ലാം അറിയാവുന്നതുപോലെ ഈ ചേട്ടന്‍ ബൈക്ക് ഓടിച്ച് കോണിപ്പടികള്‍ക്കു മുന്‍പില്‍ വരെ പോയി. എന്നിട്ട് മിണ്ടരുത് എന്ന് ചുണ്ടത്തു വിരല്‍ വെച്ചുകാണിച്ചു. എനിക്കു പേടിയായി. എന്നിട്ടും ഞങ്ങളെയും വലിച്ചോണ്ട് ചേട്ടന്‍ പടികള്‍ കയറി. കുറേ പടിയുണ്ടായിരുന്നു. കേറിയിട്ടും കേറിയിട്ടും തീരുന്നില്ല.
മൂത്തവന്‍ അപ്പൊഴും മിണ്ടാതെ നില്‍ക്കുവാണ്. ഇളയവന്‍ വീണ്ടും പറഞ്ഞു: “അച്ഛാ, ഒരായിരം പടി എങ്കിലും കേറിക്കാണും. ആകെ കിതച്ചുപോയി. കേറി എത്തിയപ്പൊഴതാ, ഒരു വലിയ വാതില്‍. ഇത്രയും വലിയ വാതില്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. വാതിലിനു മുകളില്‍ തീ തുപ്പിക്കൊണ്ട് ഒരു വലിയ വ്യാളി ഇങ്ങനെ കിടക്കുന്നു. കണ്ടാല്‍ത്തന്നെ പേടിയാവും. ഈ ആലീസ് പേടിച്ചു കരഞ്ഞു. പക്ഷേ ഞാന്‍ കരഞ്ഞില്ല. ചേട്ടന്‍ ഞങ്ങളെ രണ്ടുപേരെയും പിടിച്ച് ചേട്ടന്റെ പിറകില്‍ ഒളിപ്പിച്ചു. എന്നിട്ടു പറയുവാ, നമുക്ക് വ്യാളിയെ കൊല്ലാം എന്ന്. പക്ഷേ അപ്പൊഴേയ്ക്കും വ്യാളി നീളത്തില്‍ വാലുചുഴറ്റി. കഷ്ടിച്ചാ ചേട്ടന്‍ വാലുകൊള്ളാതെ ചാടി രക്ഷപെട്ടത്“.
അപ്പൊ ദേ ഇവള്‍ കരഞ്ഞോണ്ട് കയ്യിലിരുന്ന ചോക്ലേറ്റ് താഴെയിട്ടു. വ്യാളി ഇഴഞ്ഞുവന്ന് നീണ്ട നാക്കു നീട്ടി ചോക്ലേറ്റ് നക്കിയെടുത്തു. വ്യാളി ഇവളെ കടിക്കുമോ എന്നു വിചാരിച്ച് ഞാന്‍ പേടിച്ചുപോയി. പക്ഷേ ചോക്ലേറ്റ് വ്യാളിക്ക് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അടുക്കളയില്‍ ഇരുന്ന ചോക്ലേറ്റ് എല്ലാം എടുത്തോണ്ട് പോയിരുന്നു. കുറെ ചോക്ലേറ്റ് കൊടുത്തപ്പൊ വ്യാളി ഞങ്ങളുടെ അടുത്തു കൂട്ടായി. എന്നിട്ട് മുറിയില്‍ കയറി രാജകുമാരിയെയും രാക്ഷസനെയും കാണാന്‍ സമ്മതിച്ചു.
രാത്രി മക്കള്‍ ഇറങ്ങിപ്പോയ ദേഷ്യം മറന്ന് ഞാന്‍ അറിയാതെ ചോദിച്ചുപോയി. “എന്നിട്ട്“?
“പക്ഷേ വ്യാളി പറയുവാ, മുറിയില്‍ ഒരു സമയം ഒരാള്‍ക്കേ കയറാന്‍ പറ്റൂ എന്ന്. ഈ ചേട്ടനു പേടിയായി. എന്നിട്ടും ആദ്യം ചേട്ടന്‍ തന്നെ കയറി”.
ഇതുവരെ മിണ്ടാതെ നിന്ന മൂത്തമകന്‍ വായതുറന്നു. “അച്ഛാ, ഞങ്ങള്‍ കള്ളം പറഞ്ഞതല്ല. എല്ലാം അച്ഛന്‍ പറഞ്ഞുതന്ന കഥയിലെപ്പോലെ തന്നെ. വലിയ കോട്ട. ആ മുറിയ്ക്കകത്ത് ഒരു വലിയ കസേരയും ഇട്ട് ഒരു ഭീമാകാരനായ രാക്ഷസന്‍ ഇരിക്കുന്നു. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയുള്ള രാക്ഷസനെ കണ്ടാല്‍ തന്നെ പേടിതോന്നും. ഒരു നാലാളുടെ വലിപ്പം. കട്ടിലില്‍ പതുപതുത്ത മെത്തയ്ക്കു നടുവില്‍ രാജകുമാരി ഇരുന്ന് കരയുന്നു. പാവം. ഇതുപോലൊരു സുന്ദരിപ്പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. നല്ല മന്ദാരപ്പൂവിന്റെ നിറം. നീലക്കണ്ണുകള്‍. മെലിഞ്ഞ കൈകള്‍. എന്തു ഭംഗിയുള്ള ഉടുപ്പാണെന്നോ രാജകുമാരിയുടേത്. രാക്ഷസനാണെങ്കില്‍ ഒന്നും മിണ്ടാതെ താഴോട്ടു നോക്കി ഇരിക്കുന്നു. രാക്ഷസനെ ഓടിച്ച് രാജകുമാരിയെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ ഇവര്‍ പുറത്തു നില്‍ക്കുവല്ലേ. ഇവരെ വ്യാളി പിടിച്ചു തിന്നാലോ എന്നുവിചാരിച്ച് ഞാന്‍ മിണ്ടാതെ പുറത്തിറങ്ങി“.
രണ്ടാമത്തെ മകന്‍ ശ്വാസം പിടിച്ച് ആവേശത്തോടെ പറഞ്ഞുതുടങ്ങി. “പക്ഷെ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ കണ്ടത് കട്ടിലില്‍ ഒരു രാക്ഷസി ഇരിക്കുന്നതാ. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയായി അലറിക്കൊണ്ട് ഒരു രാക്ഷസി. കണ്ടാല്‍ത്തന്നെ പേടിയാവും. കസേരയില്‍ ആകെ ക്ഷീണിച്ച് ഒന്നും മിണ്ടാതെ ഒരു പാവം രാജകുമാരന്‍ ഇരിക്കുന്നു. ഒരു വെളുത്ത ഫുള്‍ക്കൈ ടീഷര്‍ട്ടും ഒരു തൊപ്പിയും ഒക്കെ വെച്ച് നല്ല ഒരു രാജകുമാരന്‍. രാജകുമാരന്‍ ഈ രാക്ഷസിയുടെ അലറല്‍ ഒക്കെ കേട്ട് ആകെ തളര്‍ന്നെന്നു തോന്നുന്നു. രാക്ഷസിയെ ഓടിച്ച് രാജകുമാരനെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ രാജകുമാരനോ രാക്ഷസിയോ എന്നെ കണ്ടാലോ എന്ന് എനിക്കു പേടിയായി. ഞാനും ഒരു ശബ്ദവും ഉണ്ടാക്കാതെ പുറത്തേയ്ക്ക് ഇറങ്ങിപ്പോന്നു.
അവന്‍ പറഞ്ഞു നിറുത്തുന്നതിനു മുന്‍പേ ഇളയമകള്‍ പറഞ്ഞുതുടങ്ങി. “അച്ഛാ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ അതാ, പതുപതുത്ത കട്ടിലിനു നടുവില്‍ ഒരു ഭയങ്കര രാക്ഷസി. അതിനപ്പുറത്ത് വലിയ കസേരയില്‍ ഒരു ഭയങ്കര രാക്ഷസന്‍. രാക്ഷസനെയും രാക്ഷസിയെയും കണ്ടപ്പോള്‍ എനിക്കു പേടിയായി. ഞാന്‍ അമ്മേന്നു വിളിച്ചോണ്ട് ഉടനെ പുറത്തേയ്ക്കോടി.
“അച്ഛാ, എന്നിട്ടു ഞങ്ങള്‍ ഓടി എങ്ങനെ എങ്കിലും ബൈക്ക് ഓടിച്ച് കിടങ്ങും കടന്ന് വീട്ടിലെത്തി. ബൈക്ക് സ്റ്റാര്‍ട്ട് ആക്കുമ്പൊ തന്നെ കോട്ടയിലെ ലൈറ്റ് എല്ലാം തെളിഞ്ഞിരുന്നു. ചേട്ടന്‍ നല്ല സ്പീഡില്‍ ബൈക്ക് ഓടിച്ചു. വ്യാളി കോട്ടയുടെ മുകളില്‍ കയറിനിന്ന് തീതുപ്പുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ രക്ഷപെട്ടല്ലോ. എന്നാലും അച്ഛാ, ഞാന്‍ കണ്ടതല്ലേ ശരി?”.
രാജകുമാരിയും രാക്ഷസനുമാ, അല്ല രാക്ഷസിയും രാജകുമാരനുമാ, എന്നൊക്കെ പറഞ്ഞ് മക്കള്‍ വഴക്കുകൂടിത്തുടങ്ങി. മോള്‍ നിന്നു ചിണുങ്ങിക്കരഞ്ഞുതുടങ്ങി. ഭാര്യ ചൂടായി അടിയും കൊടുത്ത് എല്ലാത്തിനെയും കിടപ്പുമുറിയിലേയ്ക്ക് ഓടിച്ചു. എന്നിട്ട് എന്റെ നേരെ കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു. “ഇനി മേലാല്‍ കുട്ടികള്‍ക്ക് ഇങ്ങനത്തെ കഥകള്‍ പറഞ്ഞുകൊടുക്കരുത്“.
------
ഇതിനു മുന്‍പത്തെ രാത്രികളില്‍ മക്കള്‍ക്കു പറഞ്ഞുകൊടുത്ത കഥകള്‍:
രാക്ഷസന്‍ നമ്പര്‍ ഒന്ന്
രാക്ഷസന്‍ നമ്പര്‍ രണ്ട്
രാക്ഷസന്‍ നമ്പര്‍ മൂന്ന്
രാക്ഷസന്‍ നമ്പര്‍ നാല്
11/24/2007
രാജകുമാരനും രാക്ഷസിയും
എഴുതിയത് simy nazareth സമയം Saturday, November 24, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
8 comments:
അവരോടൊപ്പം ഞാനും അദൃശ്യനായി പോയിട്ടുണ്ടായിരുന്നു, പക്ഷെ ഞാന്‍ അവിടെ കണ്ടത് രണ്ട് കുരങ്ങന്മാരെയായിരുന്നു, അവര്‍ പല്ലിളിച്ചു കാണിക്കുകയും ചാടിമറയുകയും ചെയ്തു, പിന്നെ ചുമരില്‍ ഭീമാകാരമായ രൂപങ്ങളുടെ പടം തൂക്കിയിട്ടുണ്ടായിരുന്നു..!
സിമി,
അഞ്ചാം നമ്പര്‍ രാക്ഷസന്‍ കിടിലന്‍
വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍
സിമീ കാര്യമൊക്കെ (സോറികഥയൊക്കെ)ശരി..മോറല്‍ ഓഫ് ദ സ്റ്റോറി ‘കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കരുത്‘ എന്നാണോ??
ഒരു തംശം-
എല്ലാരും കിടന്നുറങ്ങ്. എടീ, നീ വന്ന് അഞ്ജലിയെ പിടിച്ചോണ്ടുപോ“. എന്നും പറഞ്ഞ് ഞാന്‍ ലൈറ്റ് അണച്ചു.
ഈ അഞ്ജലി ആരാ?
(പലവിചാരത്തോടെ കഥയെഴുതാനിരുന്നാല്‍ ഇങ്ങനെ പല അബദ്ധങ്ങളും പറ്റും ങും ങും..)
കൊ.ത്രേ: പാതിരാത്രി മണ്ണെണ്ണവിളക്കു കത്തിച്ച് ഉറക്കമിളിച്ചിരുന്ന് കഥയെഴുതിയപ്പോള്‍.. അഞ്ജലി ആരുമല്ല കേട്ടോ... അയ്യോ കല്യാണപ്രായമായ ഒരു പയ്യനാണേ, ഒരു ട്രോളര്‍ ബോട്ട് സ്ത്രീധനമായി വാങ്ങാനുള്ളതാണേ.. വിവാഹമാര്‍ക്കെറ്റില്‍ വിലയിടിക്കല്ലേ :-)
കഥയ്ക്കു മോറല്‍ ഇല്ല :-) കഥ പജില്‍ ആണ്. പതിനെട്ടു വയസ്സുകാരനു രാജകുമാരിയെയും രാക്ഷസനെയും പന്ത്രണ്ടു വയസ്സുകാരനു രാക്ഷസിയെയും രാജകുമാരനെയും ആറുവയസ്സുകാരിക്ക് രാക്ഷസനെയും രാക്ഷസിയെയും കാണാന്‍ പറ്റുന്നത് എന്താ?
അതുശരി.അപ്പോള്‍ ഇയാള്‍ക്കും അതറീല്ലാല്ലേ...........
അഞ്ജലി..അഞലി..അഞലി..
ചിന്ന കന്മണി കന്മണി കന്മണി..;)
പിള്ളാരെ പേടിപ്പിക്കാന്‍ ഇറങ്ങിക്കോളും..ഹും..:(
ഞാനൊരു വലിയങ്ങാട്ടും അമിട്ടിനു പറഞ്ഞിട്ടുണ്ട്..ഇവിടെയിട്ടു പൊട്ടിക്കും..അതില്‍ ഈ ബ്ലോഗു ആവിയായി അന്തരീക്ഷത്തില്‍ ലയിക്കും..എല്ലാ രാക്ഷസന്മാര്‍ക്കും എല്ലാ രാക്ഷസിമാര്‍ക്കും..പാപമോചനം കിട്ടി അവരൊക്കെ സ്വര്‍ഗത്തിലോട്ടു പറക്കും..കഥകളിലൂടെ അവരെ കൊന്നുകൊണ്ടിരുന്ന ബ്ലോഗറന്മാരെ ചൂണ്ടയില്‍ കോര്‍ത്തു അവര്‍ ബ്ലോഗു സാഗരത്തിലേക്കു വീശിയെറിയും.. അതില്‍ നീന്തിത്തുടിക്കുന്ന പുലിമീനുകളും എലിമീനുകളും അവരെ സ്നേഹ വാത്സല്യത്തോടെ ഓടിച്ചിട്ടു കടിക്കും..അതില്‍ നിന്നൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടാല്‍..അവര്‍ വീണ്ടും ബ്ലോഗും..അങ്ങനെ ബ്ലോഗറന്മാര്‍ക്കും പാപമോചനം കിട്ടും..:)
സിമി.....ഗംഭീരം..കഥപറച്ചിലുകളുടെ രാജക്കുമാരാ..നിനക്കിരിക്കട്ടെ എന്റെ ഇന്നത്തെ കൈയടി........
ഹഹാഹഹാഹഹാ..പവാം...അച്ഛന്‍...എഴുന്നേല്‍ക്കാന്‍ വൈകിയിരുന്നെങ്കില്‍ പിന്നെ അച്ഛനുറങ്ങാത്ത വീടായി പോയേനെ..മക്കളെ കാണാതെ....എന്തായാലും ഞങ്ങള്‍ രാക്ഷസ്സന്‍മാരെ എല്ലാരും മറന്ന മട്ടായിരുന്നു. ഇത് ഇപ്പോ സീസണ്‍ ആണ് രാക്ഷൂസ്സ് സീസണ്‍....
പിന്നെ മക്കള്‍ എന്റെ അടുത്തായിരുന്നു പേടിക്കണ്ട കേട്ടോ...അവര്‍ക്ക് ഞാന്‍ വല്യച്ഛന്‍ കുട്ടുസ്സന്റെയും..ഡാകിനിയുടെയും വീട് കാണിക്കാന്‍ കൊണ്ടു പോയതായിരുന്നു...
പക്ഷേ മക്കള്‍ കാണിച്ച കാര്യം കേള്‍ക്കണോ...ഡാകിയമ്മച്ചിയുടെ സെറ്റ് പല്ല് അടിച്ചു മാടി...പാവം ഇപ്പോ പല്ലില്ലാതെ നടക്കുകയാണ്...
സിമി...അഭിനന്ദനങ്ങളുടെ ഘോഷയാത്ര ഇതാ പുറകേ വന്നു കൊണ്ടിരിക്കുന്നു...
നന്‍മകള്‍ നേരുന്നു
ഹ ഹ ഹ..സത്യം പറയാലോ സിമി....
ബ്ലോഗ് റോളില്‍ പേര്‍ കണ്ടപ്പോഴേ ചിരിച്ച് പോയി.... രാക്ഷസന്‍ പാര്‍ട്ട് തീര്‍ന്നപ്പോള്‍ ദേ വരണൌൗ രാക്ഷസി...
എന്തായാലും കഥ കലക്കി...
:)
Post a Comment