സിമിയുടെ ബ്ലോഗ്

11/12/2007

അണഞ്ഞുപോയ ഒരു മെഴുകുതിരി

ജൂലി കണ്ണും തിരുമ്മി എണീറ്റ് കോട്ടുവാ ഇടുമ്പോള്‍ ജലജ എഴുന്നേറ്റ് പല്ലുതേച്ച് ഉടുപ്പിന്റെ ഭംഗി നോക്കുകയായിരുന്നു. ഉറക്കം ഉണരാന്‍ മടിച്ച് ജൂലി പുതപ്പ് തലയുടെമീതേ വലിച്ചിട്ടു. എന്നത്തെയും പോലെ ചിരിച്ചുകൊണ്ട് ജലജ ചോദ്യം ആവര്‍ത്തിച്ചു. “നീ പിന്നെയും സ്വപ്നം കണ്ടോ?”

“കണ്ടു. അതേ സ്വപ്നം. ഇരുട്ട്, കുറ്റാക്കുറ്റിരുട്ട്. ഒരു ചീവീടുപോലും കരയുന്നില്ല, ഒരു ഇലപോലും അനങ്ങുന്നില്ല, ചുറ്റും ഒന്നുമില്ല. നല്ല കട്ടിയുള്ള ഇരുട്ട്. ഇരുട്ടില്‍ മുനിഞ്ഞുമുനിഞ്ഞ് ഒരു തിരിമാത്രം മുന്‍പോട്ടുപോവുന്നു. മങ്ങിയും തെളിഞ്ഞും, ഇടയ്ക്കൊക്കെ കെടാന്‍ പോയി വീണ്ടും ആളിയും, പതുക്കെ ഇളകി ഇളകി ഒരു തീനാളം മാത്രം. തീവെളിച്ചം വീഴുന്ന സ്ഥലങ്ങളില്‍ പക്ഷേ ഒന്നും കാണാന്‍ കഴിയുന്നില്ല. തീനാളം പതുക്കെ അകന്നകന്നുപോയി. തീനാളം കുറെയേറെ ദൂരം മുന്നോട്ടുപോയി. അതിന്റെ പിന്നാലെ ഞാന്‍ മാത്രം, പതുങ്ങിപ്പതുങ്ങി, വിടാതെ പിറകേ നടന്നു. തീനാളം തിരിയുന്ന വളവുകള്‍ തിരിഞ്ഞ് ഞാനും നടന്നു. അങ്ങനെ അങ്ങനെ കുറെയേറെ ദൂരം തീവെളിച്ചത്തിന്റെ പിന്നാലെ നടന്ന് ഞാന്‍ എവിടെയാ എത്തി. എവിടെ എത്തിയതെന്നറിയില്ല. സ്വപ്നത്തിന്റെ ബാക്കി ഓര്‍മ്മയില്ല.“

“നിനക്കു വട്ടാടീ. ഞാന്‍ സ്വപ്നം കണ്ടിട്ട് എത്ര നാളായി. ഇന്നെങ്കിലും ഒരു സ്വപ്നം കാണണം എന്നുവിചാരിച്ചു കിടന്നാലും ഒരു സ്വപ്നം പോലും കേറി വരുന്നില്ല. എന്തു ചെയ്യാനാ.ജലജയും ജൂലിയും കുളിച്ച് തയ്യാറായി വരാന്തയിലേയ്ക്കു ചെന്നപ്പോള്‍ കസേരയില്‍ മൂന്നുനാല് പുരുഷന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. ചേച്ചി അവിടെ വന്നിരിക്കുന്നവരോട് കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും ഇടയ്ക്കൊക്കെ ആരെയോ കളിയാക്കിയും മുന്‍പില്‍ തന്നെ ടി.വി.യോടു ചേര്‍ന്ന് ഇരുന്നു. ബാബുവേട്ടന്‍ കതകിന്റെ വിടവില്‍ കൂടെ പോലീസ് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കിക്കൊണ്ടു നിന്നു. എന്നും കാണുന്ന പേടി ബാബുവേട്ടന്റെ മുഖത്ത് അന്നും തെളിഞ്ഞുനിന്നു. വരാന്തയില്‍ ഇരിക്കുന്നവരില്‍ ഒരാള്‍ പതിവുകാരനായിരുന്നു. അയാള്‍ ഒരു ബിയര്‍ കുടിച്ച് സിഗരറ്റും പുകച്ച് തടിയന്‍ കാലും ആട്ടിയാട്ടി ഇരു‍ന്നു. കൂട്ടത്തില്‍ രണ്ടു പയ്യന്മാര്‍ - ആദ്യമായി ഇതിനു വരുന്നതാണെന്നു തോന്നുന്നു - അങ്ങോട്ടും ഇങ്ങോട്ടും ധൈര്യപ്പെടുത്തിക്കൊണ്ടും പെണ്‍കുട്ടികളെ നോക്കി ചിരിച്ചുകൊണ്ടും ഇടയ്ക്കൊക്കെ താഴേയ്ക്കു നോക്കിക്കൊണ്ടും സോഫയില്‍ ഇരുന്നു. അതേ ഫ്ലാറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടി അതില്‍ ആരുടെയോ കൂടെ മുട്ടിയും ഉരുമ്മിയും ഇരിക്കുന്നുണ്ടായിരുന്നു. പയ്യന്മാരില്‍ ഒരാള്‍ ധൈര്യം സംഭരിച്ച് ജലജയുടെ മുഖത്തേയ്ക്കു നോക്കി. പിന്നീട് ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കി എനിക്കിവളെ മതി എന്നുപറഞ്ഞു. അവന്‍ അതു പറയുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ജലജയുടെ മുഖത്ത് ഭാവഭേദങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ചേച്ചി ചിരിച്ചുകൊണ്ട് കാശുവാങ്ങി. ജലജ അകത്തെ ഒരു മുറിയിലേയ്ക്കു നടന്നു. പിന്നാലെ നടക്കുമ്പോള്‍ പയ്യന്റെ ധൈര്യം ഒന്നുകൂടെ കൂടിയതുപോലെ തോന്നി. ജൂലി വരാന്തയില്‍ ബാക്കി പുരുഷന്മാരെ അഭിമുഖീകരിച്ച് ഒരു സിനിമാ മാസികയും തുറന്ന് താളുകള്‍ മറിച്ചുകൊണ്ട് ഇരിപ്പായി. ഇരിക്കുന്നവര്‍ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബിയര്‍ കുടിച്ചുകഴിഞ്ഞ് പതിവുകാരന്‍ രണ്ടുപെണ്‍കുട്ടികളില്‍ നിന്നും ഒരാളെ വിളിച്ച് അകത്തേയ്ക്കുപോയി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അകത്തെയ്ക്കു കയറിപ്പോയ പയ്യന്‍ ചിരിച്ചുകൊണ്ട് പുറത്തേയ്ക്കു വന്നു. മുഖത്ത് ഒരു വികാരവും തന്നെ ഇല്ലാതെ ജലജയും അവന്റെ പിന്നാലെ പുറത്തേയ്ക്കു വന്ന് ബാത്‌റൂമില്‍ പോയി കഴുകിയിട്ട് വരാന്തയില്‍ ഇരിപ്പായി. അവന്‍ ചിരിച്ചുകൊണ്ട് താണ ശബ്ദത്തില്‍ കൂട്ടുകാരന്റെ ചെവിയില്‍ എന്തോ പറഞ്ഞു. പിന്നാലെ കൂട്ടുകാരനും ജലജയെ വിളിച്ച് അകത്തേയ്ക്കു കയറിപ്പോയി. ബാബുവേട്ടന്‍ ഇടയ്ക്കൊക്കെ ആരുടെയോ ഫോണ്‍ അറ്റെന്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആരൊക്കെയോ വന്നപ്പോള്‍ ശബ്ദമുണ്ടാക്കാതെ കതകുതുറന്ന് ബാബുവേട്ടന്‍ വന്നവരെ അകത്തേയ്ക്കു കയറ്റി പെട്ടെന്ന് കതകടച്ചു. മിണ്ടരുതെന്ന് ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിച്ചു. അവരില്‍ ഒരാള്‍ വന്നപാടേ ജൂലിയെയും വിളിച്ച് ഒരു മുറിയിലേക്കു പോയി.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു രാം വന്നത്. അപ്പൊഴേയ്ക്കും തളര്‍ന്നെങ്കിലും ജൂലിയുടെ മുഖത്ത് രാമിനെ കണ്ടപ്പോള്‍ ഒരു പുഞ്ചിരി പടര്‍ന്നു. രാം ചേച്ചിയെയും ജലജയെയും ഗൌനിക്കാതെ ജൂലിയെയും വിളിച്ച് മുറിക്കുള്ളിലേയ്ക്കു പോയി.

മുറിക്കകത്തു കടന്ന് കതകടച്ച് രാം ജൂലിയെ കെട്ടിപ്പിടിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു. പതുക്കെ കൈകള്‍ പിറകോട്ടിട്ട് അവളുടെ ഉടുപ്പ് ഊരാന്‍ തുടങ്ങി. ജൂലി തടുത്തു. അവന്‍ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തോട്ടു നോക്കി.

“ഇന്നുവേണ്ട രാം, പ്ലീസ്”
“ഉടുപ്പൂരെടീ”
“രാം, പ്ലീസ്, നമുക്കെന്തെങ്കിലും സംസാരിച്ചിരുന്നുകൂടേ?”

വീണ്ടും അവളെ കടന്നുപിടിക്കാന്‍ ആഞ്ഞ അവന്റെ കയ്യില്‍ പിടിച്ച് ജൂലി നിലത്തുവിരിച്ച മെത്തയില്‍ ഇരുന്നു. അവനെ കയ്യില്‍ പിടിച്ച് തന്റെ മടിയില്‍ കിടത്തി. നെറ്റിയില്‍ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു - “രാം, നീയെങ്കിലും”. മടിയില്‍ കിടന്നുകൊണ്ടുതന്നെ അവന്റെ കൈകള്‍ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു. വയറിലൂടെ അരിച്ച് മുകളിലേയ്ക്കു കയറിയ അവന്റെ കൈവിരലുകളെ തന്റെ കൈകള്‍ക്കുള്ളിലെടുത്ത് അവള്‍ ഒന്ന് അമര്‍ത്തി ശ്വാസം വലിച്ചു. എന്നിട്ട് മങ്ങിയ ചുമരിലേയ്ക്കു നോക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ ഒരു സിനിമാപ്പാട്ട് മൂളിത്തുടങ്ങി.

അപ്പുറത്തെ മുറിയില്‍ നിന്നും ജലജയുടെ ശബ്ദവും പുതിയ പയ്യന്റെ ശബ്ദവും കേള്‍ക്കാമായിരുന്നു. ആദ്യമായി ഒരാള്‍ ഇവിടെ വരുമ്പോള്‍ കേള്‍ക്കുന്ന പതിവു ചോദ്യങ്ങള്‍.

ജലജ എങ്ങനെ ഇവിടെ എത്തി?

ജലജ അവളുടെ ഗോവയിലെ ജീവിതവും ഒരു ചതിയില്‍ പെട്ട് ഈ സ്ഥലത്ത് എത്തിപ്പെട്ടതും ഇവര്‍ ഒരുപാട് പീഢിപ്പിച്ച് അവളുടെ ഒരു നഖം വലിച്ച് ഊരിയെടുത്തതും ഒടുവില്‍ പീഢനം സഹിക്കാന്‍ വയ്യാതെ വഴങ്ങിക്കൊടുത്തതും എല്ലാം ചിരിച്ചുകൊണ്ട് അവനു പറഞ്ഞുകൊടുക്കുന്നതു കേട്ടു.

“ജലജയ്ക്കു വേണ്ടെങ്കില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല. പൈസ തരാം“.
“സാരമില്ല. പത്തുമുന്നൂറു പേര്‍ എന്റെ ശരീരത്തിലൂടെ കയറിയിറങ്ങിപ്പോയി. ഇനി നീയും കൂടിയായാലും ഒരു വ്യത്യാസവുമില്ല. ഉടുപ്പൂരിക്കൊള്ളൂ“.

അല്പനേരത്തെ നിശബ്ദതയ്ക്കും പിന്നെ സീല്‍ക്കാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ശേഷം വീണ്ടും ശബ്ദം - “നിന്നെ ഞാന്‍ രക്ഷിക്കാം. എന്റെ ഫോണ്‍ നമ്പര്‍ ഇതാ. എന്നെ വിളിക്കൂ“.

പതിവു സംഭാഷണങ്ങള്‍. മറ്റു പലരുടെയും കയ്യില്‍ നിന്നെന്നപോലെ ആ ഫോണ്‍ നമ്പരും അവള്‍ എഴുതിയെടുത്തു കാണണം. ജലജ വീണ്ടും ചിരിച്ചു കാണണം. ശബ്ദം ഒന്നും കേട്ടില്ല. കുറച്ചുകഴിഞ്ഞ് അപ്പുറത്തെ മുറിയിലെ കതകുതുറന്ന് അടയുന്ന ശബ്ദം കേട്ടു.

ജൂലി പാട്ടു മുഴുമിക്കുന്നതിനു മുന്‍പേ രാം തന്റെ കൈ അവളുടെ കൈകള്‍ക്കുള്ളില്‍ നിന്നും വലിച്ചെടുത്തു. അവളെ തള്ളി നിലത്തിട്ട് അവന്‍ മുരണ്ടു. “ഉടുപ്പൂരെടീ”.

“രാം, പ്ലീസ്, ഒരു ദിവസമെങ്കിലും.. ഞാന്‍ ഒരു കഥപറയട്ടെ, കുട്ടിക്കാലത്ത് അച്ഛന്‍ എനിക്കു വാങ്ങിച്ചു തന്ന തത്തമ്മയുടെ കാര്യം പറഞ്ഞിട്ടുണ്ടോ?”

“എനിക്കു പോണം. നീ ഉടുപ്പൂരുന്നുണ്ടോ?”

“ഇന്നലെ ഒരു രസമുള്ള കാര്യം നടന്നു. ജലജയ്ക്ക് ഒരബദ്ധം പറ്റി. ഇരിക്ക്, പോവല്ലേ. ഒരു ദിവസമെങ്കിലും..”.

രാം കിടക്കയില്‍ നിന്നും എണീറ്റ് ഷര്‍ട്ട് ഇട്ടുതുടങ്ങി. പോവല്ലേ എന്നുപറഞ്ഞ് അവള്‍ അവനെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു. അവളെ ഗൌനിക്കാതെ അവന്‍ ഷൂസിന്റെ ചരടുകള്‍ കെട്ടാന്‍ തുടങ്ങി. നിറഞ്ഞുവന്ന കണ്ണുകള്‍ അവന്‍ കാണാതിരിക്കാന്‍ അവള്‍ തിരിഞ്ഞുനിന്നു. കൈത്തണ്ടകൊണ്ട് കണ്ണുകള്‍ തുടച്ചു. എന്നിട്ട് അവന്റെ മുഖത്തു നോക്കിക്കൊണ്ട് ചുരിദാറിന്റെ കുടുക്കുകള്‍ അഴിച്ചു.

അരമണിക്കൂറിനു ശേഷം വീണ്ടും ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇടുമ്പോള്‍ രാം തെല്ലൊരസ്വസ്ഥതയോടെ അവളെനോക്കി ചിരിച്ചു. അവള്‍ തിരിച്ച് ഒരു വിളറിയ ചിരി ചിരിച്ചു. ചിരിക്കുമ്പോള്‍ മനസ്സില്‍ കരയരുതേ, കരയരുതേ, കരയരുതേ എന്ന് ജൂലി പറഞ്ഞുകൊണ്ടിരുന്നു. സാധാരണ കൊടുക്കുന്നതിലും മുപ്പതുരൂപ കൂടുതല്‍ രാം അവളുടെ കയ്യില്‍ മടക്കി വെച്ചുകൊടുത്തു. “ഇവള്‍ സെന്റിമെന്റല്‍ ആവുന്നു, ഇതു ശരിയാവില്ല, ഇനി ഇവളെ കാണാന്‍ വരരുത്" എന്ന് അവന്‍ ഉറപ്പിച്ചു. ബാത്ത്‌റൂമില്‍ കയറി കതകടച്ച് ഒന്ന് ഉറക്കെ കരയണം എന്ന് ജൂലി വിചാരിച്ചെങ്കിലും ചേച്ചി കതകില്‍ തട്ടിയതുകൊണ്ട് ഉടനെ പുറത്തിറങ്ങേണ്ടി വന്നു. ജൂലി വരാന്തയിലേയ്ക്കു പോയി. അവിടെ ഒരു സിഗരറ്റും വലിച്ചുകൊണ്ടിരുന്ന കൊമ്പന്‍മീ‍ശക്കാരന്‍ ജൂലിയെ ചൂണ്ടിക്കാണിച്ച് തലയാട്ടി. രാം തിരിഞ്ഞുനോക്കാതെ കതകു തുറന്ന് പുറത്തിറങ്ങി. ജൂലി കൊമ്പന്‍‌മീശക്കാരനു മുന്നേ മുറിയിലേയ്ക്കു നടന്നു. ബാബുവേട്ടന്‍ കതകടച്ച് വാതില്‍പ്പഴുതിലൂടെ പോലീസുകാര്‍ വരുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.

രാവിലെ ഉറക്കമെണീറ്റപ്പോള്‍ ജലജ പതിവുപോലെ ചോദിച്ചു.
“എന്തെങ്കിലും സ്വപ്നം കണ്ടോ?”

ജൂലി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു. “ഇരുട്ട്, ഇരുട്ടുമാത്രം”.

15 comments:

ഇട്ടിമാളു said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലും ഇരുട്ടു മാത്രം

മന്‍സുര്‍ said...

സിമി...

ഒരു കഥ ആരും പറയാത്ത കഥ...സ്ഥിരം ലാളിത്യ ശൈലിയിലുള്ള കഥ അവതരണ ഭംഗി കൊണ്ടു മികച്ചതാകുന്നു.
സമൂഹത്തിലെ ഒരുപ്പാട്‌ ജൂലിമാരും,ജലജമാരും...ബാബുവേട്ടന്‍മാരും ഇവിടെ നിഴലുകളാക്കുന്നു...ഒരു ഇരുട്ടിന്റെ കറുത്ത നിഴലുകള്‍. മുന്‍പ്പേ പോകുന്നവരുടെ പിന്‍പാതകള്‍ അവരെ മാടി വിളിക്കുന്നു..അല്ലെങ്കില്‍ ആ പാതയിലേക്ക്‌ അവര്‍ വലിച്ചിഴക്കപ്പെടുന്നു.
മനസ്സിലെ മോഹങ്ങളും ആശകളും അറിയാനുള്ള സമയമെവിടെ നിമിഷ നേരത്തെ സുഖങ്ങള്‍ക്ക്‌...
നിറയും കണ്ണുകളും...സ്വപ്‌നങ്ങളും മറയ്‌ക്കപ്പെടുന്നു നാല്‌ചുമരുകളുടെ ഇരുളില്‍...
അവിടെ ഒരു ഇരുട്ടിന്റെ താളം തേടുകയാണവര്‍...നിഴലുകളായ്‌

ഈ ഭംഗിയുള്ള കഥക്കിരിക്കട്ടെ എന്റെ കൈയടി
അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

SHAN ALPY said...

“നിനക്കു വട്ടാടീ. ഞാന്‍ സ്വപ്നം കണ്ടിട്ട് എത്ര നാളായി. ഇന്നെങ്കിലും ഒരു സ്വപ്നം കാണണം എന്നുവിചാരിച്ചു കിടന്നാലും ഒരു സ്വപ്നം പോലും കേറി വരുന്നില്ല. എന്തു ചെയ്യാനാ.

അനുകരണങ്ങളും ആര്‍ഭാടങ്ങളും ഇല്ലാത്ത
ശുദ്ധ കഥ..
ഭാവുകങ്ങള്‍!!

ആഷ | Asha said...

:(
ഇങ്ങനെ എത്രയെത്ര ജൂലിമാരും ജലജമാരും.

തറവാടി said...

സിമി ,

ഒന്നും പറയാനില്ല , എനിക്കു പിടിച്ചു :)

പ്രയാസി said...

സ്വപ്നം പോലും കാണാന്‍ ഭാഗ്യമില്ലാത്ത പാവം കുറെ പാഴ്ജന്മങ്ങള്‍..:(

കിനാവ് said...

മാഷ് കലക്കുന്നു. വല്ലാണ്ടെ കലക്കണ്ട ട്ടാ...

manu ~*~ മനു said...

ഇരുട്ട്..ഇരുട്ട് മാത്രം... :(

വല്യമ്മായി said...

ആ തിരി ഇനിയും തെളിയും

ശ്രീ said...

സിമീ... കഥ നന്നായി.

ജീവിക്കുന്നതേ ഇരുട്ടിലാകുമ്പോള്‍‌ വെളിച്ചത്തെ സ്വപ്നം കണ്ടിട്ടെന്തു കാര്യം?

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
[ജലജയും ജൂലിയും ബാബുവേട്ടനും അറിയാന്‍, സ്വപ്‌നങ്ങള്‍ കാണുമ്പോള്‍
കളറുള്ളതു കാണുക
ബ്ലാക്ക് ആന്റ്‌ വൈറ്റാണെങ്കില്‍ വേണ്ടേ വേണ്ട.]

അപര്‍ണ്ണ said...

പ്രിയപ്പെട്ട കഥാകാരാ..ഞാന്‍ ഒരു സ്ഥിരം വായനക്കാരി ആണേ..ഇതും നന്നായിരിക്കുന്നു.
എന്നാലും, ആദ്യം പേരു കേട്ടപ്പോ പെങ്കുട്ട്യാണെന്നാ വിചാരിച്ചെ..:-)

സഹയാത്രികന്‍ said...

മാഷേ നന്നായി... ആഷേച്ചി പറഞ്ഞപോലെ ഇങ്ങനെ എത്രയോ ജന്മങ്ങള്‍... :(

ഓ:ടോ : ബാജിമാഷേ... അവരുടെ സ്വപ്നങ്ങളിലേ നിറങ്ങള്‍ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു...
:(

മയൂര said...

അവതരണശൈലിയിഷ്ടമായി, കഥയും..

koottukaran said...

irittu prakasathinu vazhikoduthirunnenkil....alle?

Google