സിമിയുടെ ബ്ലോഗ്

11/23/2007

ജിമ്മി

ഒരിടത്തൊരിടത്ത് അതിമനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഒരു വലിയ മൈതാനത്തിന്റെ അറ്റത്തായിരുന്നു നീളത്തിലുള്ള ഈ പൂന്തോട്ടം. സാമാന്യം നല്ല വലിപ്പമുള്ള ഒരു തോട്ടമായിരുന്നു അത്. പല നിറങ്ങളിലും വലിപ്പത്തിലുമുള്ള പൂക്കളും തണല്‍ മരങ്ങളും നിറഞ്ഞതായിരുന്നു ഈ പൂന്തോട്ടം. പതിനാലു നിറങ്ങളിലെ റോസാപ്പൂക്കളും നാല്‍പ്പതോളം ഓര്‍ക്കിഡുകളും ജമന്തിയും മന്ദാരവും പാരിജാതവും ഒക്കെ നിറഞ്ഞ് സുന്ദരമായ ഒരു തോട്ടമായിരുന്നു അത്. തോട്ടത്തിനു നടുവില്‍ സുന്ദരമായ ഒരു കുളവും കുളത്തില്‍ അരയന്നങ്ങളും ഉണ്ടായിരുന്നു. അധികൃതര്‍ എല്ലാ പൂച്ചെടികള്‍ക്കും മുന്‍പില്‍ പൂക്കള്‍ പറിക്കരുത് എന്ന ഒരു ബോര്‍ഡും സ്ഥാപിച്ചിരുന്നു. എങ്കിലും പൂക്കള്‍ പറിക്കുന്നോ ഇല്ലയോ എന്ന് പരിശോധിക്കുവാന്‍ തോട്ടത്തില്‍ കാവല്‍ക്കാരെ ആരെയും അധികൃതര്‍ നിയമിച്ചിരുന്നില്ല.

സത്യത്തില്‍ അങ്ങനെ ഒരു ഔദ്യോഗിക കാവല്‍ക്കാ‍രന്റെ ആവശ്യമില്ലായിരുന്നു. പൂന്തോട്ടത്തില്‍ അതിഭയങ്കരനായ ഒരു പട്ടി ജീവിച്ചിരുന്നു. പ്രഭാത സവാരിക്കാരും വഴിയാത്രക്കാരുമൊക്കെ തോട്ടത്തിലെ വഴികളിലൂടെ നടക്കുമ്പോള്‍ പട്ടി അവരെ നോക്കി വാലാട്ടിക്കൊണ്ടു നില്‍ക്കാറേ ഉള്ളൂ. വഴിയാത്രക്കാര്‍ അവനെ സ്നേഹത്തോടെ ജിമ്മി എന്നുവിളിച്ചു. സാമാന്യം തടിയും കുറുകിയ കഴുത്തും വലിയ താടിയെല്ലും കൂര്‍ത്ത പല്ലുകളുമുള്ള ഒരു ബുള്‍ഡോഗ് ആയിരുന്നു ജിമ്മി. എഴുതിവെച്ചിരിക്കുന്ന മുന്നറിയിപ്പ് അവഗണിച്ച് കമിതാക്കളോ കുസൃതിക്കുട്ടികളോ സായാഹ്നസവാരിക്കാരോ ഒരു പൂ പറിച്ചാല്‍ ജിമ്മി ഓടിവന്ന് അവരെ കടിക്കും. കൊച്ചുകുട്ടികള്‍ പൂ പറിക്കാന്‍ പോകുന്നു എന്നുതോന്നിയാല്‍ അവന്‍ അതിഭയങ്കരമായി കുരയ്ക്കും. എന്തുകൊണ്ടോ, ഇതില്‍ ആരും പരാതി പറഞ്ഞില്ല. ഇങ്ങനെ തോട്ടത്തിലെ പൂക്കളും ചെടികളുമെല്ലാം ജിമ്മിയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നു. തോട്ടത്തിലെ പൂത്തടങ്ങളില്‍ കുഴികുത്തുന്ന പെരുച്ചാഴികളെത്തിന്ന് അവന്‍ പ്രതാപിയായി ജീവിച്ചു. തോട്ടത്തില്‍ രാത്രികാലങ്ങളില്‍ ആരും കടക്കാന്‍ ജിമ്മി സമ്മതിച്ചില്ല. അവന്റെ കുര ആ നാട്ടിലെങ്ങും പ്രശസ്തമായി.

ഒരു ദിവസം ജിമ്മി തോട്ടത്തില്‍ റോന്തുചുറ്റുകയായിരുന്നു. ഏതാനും മാസങ്ങളായി തോട്ടത്തില്‍ നിന്നും ആരും പൂക്കള്‍ പറിച്ചിരുന്നില്ല. പൂച്ചെടികളെല്ലാം തഴച്ചുവളര്‍ന്ന് തോട്ടം വളരെ സുന്ദരമായിരുന്ന വസന്തകാലമായിരുന്നു അത്. അതിലേ വട്ടത്തില്‍ നടന്നുകൊണ്ടിരുന്ന വെളുത്ത വസ്ത്രവും ചുവന്ന തൊപ്പിയുമണിഞ്ഞ ഒരു സായാഹ്നസവാരിക്കാരന്‍ ജിമ്മിയെ അടുത്തുവിളിച്ചു. ആ പാര്‍ക്കില്‍ നടക്കാന്‍ വരുന്ന പതിവുകാരനായിരുന്നു അയാള്‍. ജിമ്മി വിളി ഗൌനിക്കാതെ അയാളെ നോക്കി കുരച്ചതേയുള്ളൂ. ജിമ്മിയെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ ഒരു പൊതി തുറന്ന് ജിമ്മിയുടെ മുന്‍പില്‍ വെച്ചിട്ട് ചിരിച്ചുകൊണ്ട് നടന്നുപോയി. ആവി പറക്കുന്ന ചിക്കന്‍ ബിരിയാണിയായിരുന്നു ആ പൊതിയില്‍. അയാള്‍ കണ്‍‌വെട്ടത്തുനിന്നും മറയുന്നതു വരെ ജിമ്മി ആഹാരം ഗൌനിക്കാതെ അയാളെ നോക്കി കുരച്ചുകൊണ്ടിരുന്നു. അയാള്‍ പാര്‍ക്കിന്റെ വാതില്‍ കടന്നയുടനെ ജിമ്മി ഓടിപ്പോയി ആ ബിരിയാണി തിന്നുതുടങ്ങി. ജിമ്മിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും രുചികരമായ ആഹാരമായിരുന്നു അത്. പിന്നീട് എല്ലാ ദിവസവും ജിമ്മിയ്ക്ക് ചിക്കന്‍ ബിരിയാണി പതിവായി. ആദ്യം മടിച്ചെങ്കിലും പിന്നീട് അയാളുടെ മുന്‍പില്‍ വെച്ചുതന്നെ ബിരിയാണി തിന്നാനും പിന്നീട് അയാളുടെ കാലുനക്കാനും അയാളോടൊത്ത് പാര്‍ക്കിനു ചുറ്റും നടക്കാനും ജിമ്മി ശീലിച്ചു. തണുപ്പത്ത് ജിമ്മിയ്ക്കു താമസിക്കാന്‍ ഒരു കൂടും അയാള്‍ പാര്‍ക്കില്‍ കെട്ടിക്കൊടുത്തു. തണുപ്പുകടക്കാത്ത പലകകളും ചണം കൊണ്ടുള്ള മെത്തയുമുള്ള ഒരു നല്ല പട്ടിക്കൂടായിരുന്നു അത്.

ഒരു ദിവസം ജിമ്മിയ്ക്ക് ആഹാരം കൊടുത്തുകഴിഞ്ഞ് പോകുന്ന വഴി അയാള്‍ ഒരു സുന്ദരമായ റോസാപ്പുഷ്പം തോട്ടത്തില്‍ നിന്നും പിച്ചിയെടുത്തു. ജിമ്മിയെ നോക്കി ചിരിച്ചുകൊണ്ട് ആ റോസാപ്പൂവ് അയാള്‍ തന്റെ വെള്ളക്കുപ്പായത്തിന്റെ കീശയില്‍ വെച്ചു. ഈ ഹൃദയഭേദകമായ കാഴ്ച്ചകണ്ട് ഉറക്കെ കുരയ്ക്കുവാന്‍ ഒരു കുര ജിമ്മിയുടെ നെഞ്ചില്‍ നിന്നും ഉയര്‍ന്നുവന്നെങ്കിലും എന്തോ അത് തൊണ്ടയില്‍ തടഞ്ഞു നിന്നുപോയി. അയാളെ കണ്ണുതുറിച്ച് ഒന്നുനോക്കുവാന്‍ മാത്രമേ ജിമ്മിയ്ക്കു കഴിഞ്ഞുള്ളൂ. രാത്രി പാര്‍ക്കില്‍ ആളൊഴിഞ്ഞപ്പോള്‍ ജിമ്മി തന്റെ പുതിയ കൂട്ടില്‍ കിടന്ന് ചന്ദ്രനെനോക്കി ഒരുപാടുനേരം ഓരിയിട്ടു. ഓരിയിട്ടു തളര്‍ന്നപ്പോള്‍ എപ്പൊഴോ ജിമ്മി ഉറങ്ങിപ്പോയി. പാര്‍ക്കിലെ പൂ പറിക്കുവാന്‍ ഒരുപാടുപേര്‍ വരുന്നതും താന്‍ അവരെയൊക്കെ കടിക്കുന്നതും ആളുകള്‍ പൂക്കളെ തോടാതെ പേടിച്ചോടുന്നതും ജിമ്മി സ്വപ്നം കണ്ടു. ഒടുവില്‍ തന്റെ ബലഹീനതകള്‍ക്കു മുമ്പില്‍ ഒരു പൊതി ചിക്കന്‍ ബിരിയാണിയും വെച്ച് അയാള്‍ ഒരു ചെറിയ മുല്ലമൊട്ടൊടിക്കുമ്പോള്‍ താന്‍ അയാളെ ഭയങ്കരമായി കടിക്കുന്നതായി ജിമ്മി സ്വപ്നം കണ്ടു. ഈ നല്ല സ്വപ്നത്തില്‍ നിന്നും ജിമ്മി ഉണര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നു. ആളുകള്‍ പാര്‍ക്കിനു ചുറ്റും നടന്നു തുടങ്ങിയിരുന്നു. പാര്‍ക്കിന്റെ നടുവില്‍ പത്തുവയസ്സോളം വരുന്ന ഒരു സ്കൂള്‍ പയ്യന്‍ നിന്ന് പൂക്കള്‍ പറിച്ച് ഒരു നാണം കുണുങ്ങിയായ പെണ്‍കുട്ടിയ്ക്ക് ഓരോന്നായി നീട്ടുന്നുണ്ടായിരുന്നു. മടിച്ചുമടിച്ച് അവന്റെ മുഖത്തുനോക്കാതെ വെറുതേ ചിരിച്ചുകൊണ്ട് പൂക്കള്‍ വാങ്ങിച്ച് കുറച്ചുനേരം കയ്യില്‍ പിടിച്ച് അവള്‍ തറയില്‍ കളയുന്നുണ്ടായിരുന്നു. അരിശം വന്ന് ജിമ്മി ഓടിച്ചെന്ന് അവന്റെ കണങ്കാലില്‍ കടിച്ചു. കരഞ്ഞുകൊണ്ട് പയ്യനും പെണ്‍കുട്ടിയും പാര്‍ക്കിനു പുറത്തേയ്ക്കോടി. പാര്‍ക്കിന്റെ വാതില്‍ വരെ ജിമ്മി അവരെ കുരച്ചുകൊണ്ട് ഓടിച്ചു.

വൈകിട്ട് വീണ്ടും അയാള്‍ നടക്കാന്‍ വന്നു. തലേ ദിവസത്തെ സ്വപ്നം ജിമ്മിയ്ക്ക് ഓര്‍മ്മവന്നു. പതിവുപോലെ അയാളെ കാണുമ്പോള്‍ ഓടിയടുക്കാനോ വാലാട്ടാനോ ജിമ്മി പോയില്ല. എന്നാല്‍ ചിക്കന്‍ ബിരിയാണിയുടെ മണം അതീവ ഹൃദ്യമായിരുന്നു. ജിമ്മി ചിക്കന്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അയാള്‍ തോട്ടത്തില്‍ നിന്നും മൂന്നുപൂക്കള്‍ പിച്ചിയത്. കാലുകളും നാവും മരവിച്ചതുപോലെ ജിമ്മി നിന്നുപോയി. ഒന്ന് ഓരിയിടാനെങ്കിലും കഴിഞ്ഞെങ്കില്‍ എന്ന് ജിമ്മി അതിയായി ആഗ്രഹിച്ചു. എന്നാല്‍ തൊണ്ടയില്‍ ഒരു കോഴിക്കാലു കുടുങ്ങിനിന്നു. ജിമ്മിയുടെ തലയില്‍ തലോടി ചിരിച്ചുകൊണ്ട് അയാള്‍ പതിയെ നടന്നുപോയി.

ഇത് ഒരു പതിവായി. അയാള്‍ പൂക്കള്‍ പറിക്കുന്നതിനു ജിമ്മി സ്വയം ന്യായീകരണങ്ങള്‍ കണ്ടെത്തി. ഒരാള്‍ മാത്രം പൂക്കള്‍ പറിച്ചതുകൊണ്ട് തോട്ടത്തിലെ പൂക്കള്‍ തീരില്ല എന്നും ചിലപ്പോള്‍ പഴയ പൂക്കള്‍ പറിച്ചാലേ പുതിയ പൂക്കള്‍ക്കു വളരാന്‍ കഴിയൂ എന്നും ജിമ്മിയ്ക്കു തോന്നി. അയാള്‍ പൂക്കള്‍ പറിക്കുന്നത് ജിമ്മി കാണാതെയായി. എന്നും നടക്കുന്ന ഒരു സാധാരണ കാര്യം എന്നേ ജിമ്മിയ്ക്കു തോന്നിയുള്ളൂ.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം അയാളും നാലു കൂട്ടുകാരും വന്നു. നാലുപേരും ജിമ്മിയെ തലോടി. ഒരാള്‍ ജിമ്മിയുടെ രോമങ്ങള്‍ ചീവിക്കൊടുത്തു. പിന്നെ കുറെ പൂക്കളും പറിച്ച് ജിമ്മിയെ ഗൌനിക്കാതെ അവര്‍ പോയി. തോട്ടത്തില്‍ പൂപറിക്കാന്‍ വന്ന ബാക്കിയുള്ളവരെ ഓടിച്ചിട്ടു കടിച്ച് ജിമ്മി തന്റെ അരിശം തീര്‍ത്തു.

ജിമ്മി കടി നിറുത്തിയ സാഹചര്യം വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞാണു വന്നത്. മുന്‍പ് തോട്ടത്തില്‍ നിന്നു പൂക്കള്‍ പറിച്ച് പെണ്‍കുട്ടിയ്ക്കു കൊടുത്ത പയ്യന്‍ അയാളുടെ ഒരു കൂട്ടുകാരന്റെ മകനായിരുന്നു. ഒരു ദിവസം ഈ കൂട്ടുകാരനും മകനുമൊത്തായിരുന്നു അയാള്‍ വന്നത്. ചിക്കന്‍ ബിരിയാണിയിലുള്ള താല്പര്യം നശിച്ചു കഴിഞ്ഞെങ്കിലും ജിമ്മി ഒന്നും മിണ്ടാതെ ബിരിയാണി തിന്നു. ജിമ്മിയുടെ കഴുത്തില്‍ അയാള്‍ സ്നേഹത്തോടെ പിടിച്ചിരുന്നു. പയ്യന്‍ തോട്ടത്തില്‍ ഓടിനടന്ന് പൂക്കള്‍ പറിച്ചു. ജിമ്മി ഒന്നു അനങ്ങിയതുപോലുമില്ല. ജിമ്മിയെ നോക്കി കൊഞ്ഞനം കാണിച്ചു. എന്നിട്ടും മതിവരാതെ ഒരു ചെറിയ കല്ലെടുത്ത് ജിമ്മിയുടെ പള്ളനോക്കി എറിഞ്ഞു. നന്നായി വേദനിച്ചെങ്കിലും ചിരിച്ചുകൊണ്ട് അയാള്‍ നോക്കിനില്‍ക്കുമ്പോള്‍ ജിമ്മിയ്ക്കു കുരയ്ക്കാന്‍ പറ്റിയില്ല. ഒന്നു മുരളുകപോലും ചെയ്യാതെ ആ പയ്യനെ ദയനീയമായി നോക്കാനേ ജിമ്മിയ്ക്കു പറ്റിയുള്ളൂ. പൊട്ടിച്ചിരിച്ചുകൊണ്ട് അവന്‍ ജിമ്മിയെ എറിയാന്‍ വീണ്ടും കല്ലുകള്‍ എടുത്തെങ്കിലും അയാള്‍ ചിരിച്ചുകൊണ്ട് അവനെത്തടഞ്ഞു. ജിമ്മിയ്ക്കു കഴിക്കാന്‍ ഒരു പൊതി ബിരിയാണികൂടി തുറന്നുവെച്ചുകൊടുത്തു. വേദന മറച്ചുവെച്ചുകൊണ്ട് ജിമ്മി അയാളുടെ കാല്‍ക്കല്‍ തന്റെ മുഖമുരുമ്മി.

അതില്‍പ്പിന്നെ ജിമ്മി ആരെയും കടിക്കാതെയായി. രാത്രികളില്‍ ജിമ്മിയ്ക്ക് ഉറക്കം വന്നില്ല. പൂക്കള്‍ പറിക്കാന്‍ വരുന്നവരെ നോക്കി ജിമ്മി ഉറക്കെ കുരച്ചുതുടങ്ങി. ആദ്യമാദ്യം തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കാരികളും കാമുകീ കാമുകന്മാരും ജിമ്മിയുടെ ശക്തമായ കുരകണ്ട് വിരണ്ട് പൂക്കള്‍ പറിക്കുന്നതു നിറുത്തിയെങ്കിലും പിന്നീട് ഈ പട്ടി കുരയ്ക്കാറേയുള്ളൂ, കടിക്കാറില്ല എന്ന് ആള്‍ക്കാര്‍ക്കു മനസിലായി. ജിമ്മിയുടെ കുര ഗൌനിക്കാതെ അവര്‍ തോട്ടത്തില്‍ നിന്നും ഇഷ്ടം പോലെ പൂക്കള്‍ പറിച്ചുതുടങ്ങി. ഒരുകാലത്ത് മനോഹരമായിരുന്ന ആ തോട്ടം പൂക്കളില്ലാതെ പുല്‍ച്ചെടികളെക്കൊണ്ടു നിറഞ്ഞു. പല സായാഹ്നസവാരിക്കാരും മറ്റു പൂന്തോട്ടങ്ങള്‍ തിരക്കി പോയിത്തുടങ്ങി. കാമുകീ കാമുകന്മാര്‍ കൂട്ടത്തോടെ തോട്ടം വിട്ടുപോയി. ഒട്ടിയ വയറുമായി വേശ്യകള്‍ തോട്ടത്തിലെ ബെഞ്ചുകളില്‍ ഇരിപ്പായി. അവരും തോട്ടത്തിലെ അവശേഷിക്കുന്ന പൂക്കള്‍ പറിച്ച് തങ്ങളുടെ ചെവിയില്‍ വെച്ചു. സ്കൂള്‍കുട്ടികള്‍ പാര്‍ക്കില്‍ വരാതെയായി. ആകെ അങ്ങുമിങ്ങും ഏതാനും പൂച്ചെടികള്‍ മാത്രം മുളച്ചുനിന്നു. ചിക്കന്‍ ബിരിയാണിയുടെ രുചി എന്നും കുറഞ്ഞുകുറഞ്ഞുവന്നു. ആഹാരം ഒരുപാട് അകത്തുചെന്ന് ജിമ്മിയ്ക്കു തടികൂടി നേരേ നടക്കാന്‍ വയ്യാതെയായി. വീട്ടിനകത്തു പൂട്ടിയിട്ട് ചലനസ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്ന നായ്ക്കള്‍ക്കുമാത്രം വരുന്ന അസുഖങ്ങള്‍ ജിമ്മിയ്ക്കും വന്നുതുടങ്ങി.

നന്നേ തണുത്ത ഒരു രാത്രിയായിരുന്നു അത്. ചന്ദ്രന്‍ ആകാശത്തു പൂര്‍ണ്ണവൃത്തത്തില്‍ തിളങ്ങിനിന്നു. പഴകിയ പട്ടിക്കൂടിന്റെ പൊട്ടിയ തടിപ്പലകകളിലൂടെ മഞ്ഞ് അരിച്ചരിച്ചുവന്നു. ചന്ദ്രനിലിരുന്ന് ഒരു പട്ടി ജിമ്മിയെ നോക്കി ഓരിയിട്ടു. തിരിച്ച് ഒരു നീണ്ട ഓരിയിടണം എന്ന് ജിമ്മി അതിയായി ആശിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരുപാടുനേരം ശ്രമിച്ചെങ്കിലും ഒന്നു മൂളാന്‍ പോലും കഴിഞ്ഞില്ല. തൊണ്ടയില്‍ നിന്നും ശ്വാസം മാത്രമേ പുറത്തുവന്നുള്ളൂ. അവന്റെ പച്ചക്കണ്ണുകള്‍ നിറഞ്ഞുവന്നു. ചന്ദ്രനിലെ പട്ടി രാത്രിമുഴുവന്‍ നിറുത്താതെ ഓരിയിട്ടുകൊണ്ടിരുന്നു.

ആരെയും കടിക്കാത്ത, ഒന്നു കുരയ്ക്കുക പോലും ചെയ്യാത്ത പട്ടി ഒരു കാഴ്ച്ചവസ്തുവായി. സ്കൂള്‍ കുട്ടികള്‍ ഈ പട്ടിയെ എറിഞ്ഞ് ഉന്നം പരീക്ഷിക്കാന്‍ വേണ്ടി മാത്രം തോട്ടത്തില്‍ വന്നുതുടങ്ങി. പത്രത്തില്‍ ജിമ്മിയെക്കുറിച്ചുള്ള വാര്‍ത്തവന്നു. ചിക്കന്‍ ബിരിയാണിയുമായി അയാള്‍ ജിമ്മിയെ കാണാന്‍ വരുന്നത് ആഴ്ച്ചകള്‍ കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമായി. അങ്ങനെയിരിക്കുമ്പൊഴായിരുന്നു പാര്‍ക്കിന്റെ നടുക്ക് അയാളും കൂട്ടുകാരും ഒരു സമ്മേളനം സംഘടിപ്പിച്ചത്.

പാര്‍ക്കിലെ പൂച്ചെടികളെല്ലാം അവര്‍ പിഴുതെറിഞ്ഞു. പുല്‍ത്തകിടികളിലൂടെ അവര്‍ ചവിട്ടിമെതിച്ചുനടന്നു. സമ്മേളനത്തിന്റെ തോരണങ്ങള്‍ പൂച്ചെടികള്‍ക്കു മുകളില്‍ കൂനകൂട്ടിയിട്ടു. പാര്‍ക്കിനു ഏറ്റവും നടുക്ക് ജിമ്മിയ്ക്കു പ്രിയപ്പെട്ട ഒരു റോസാച്ചെടിയുണ്ടായിരുന്നു. വളരെനാള്‍ പൂക്കാതിരുന്ന ആ ചെടി പൂത്ത് ഒരു ചുവന്ന ഒറ്ററോസാപ്പൂവുമാത്രം വിടര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അത്. മറ്റെല്ലാ ചെടികളും പറിച്ചു ദൂ‍രെയെറിയുന്നതു കണ്ടിട്ടും ഒന്നു കുരയ്ക്കാനാവാതെ നിസ്സഹായനായി നോക്കിനിന്ന ജിമ്മി അയാളുടെ ഒരു കൂട്ടുകാരന്‍ ഈ ചെടിയുടെ അടുത്തെത്തിയപ്പോള്‍ പതുക്കെ ഒന്നു മുരണ്ടു. ശബ്ദം പുറത്തുവന്നു. കൂട്ടുകാരന്‍ അമ്പരന്നു തിരിഞ്ഞുനോക്കി. കുരയ്ക്കാനുള്ള ശക്തി തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ ജിമ്മി ഉറക്കെ ഉറക്കെ കുരച്ചു. റോസാച്ചെടിയുടെ ചുറ്റും നിറുത്താതെ കുരച്ചുകൊണ്ട് ജിമ്മി വട്ടത്തില്‍ ഓടി. ഇടത്തേ പിന്‍കാലു പൊന്തിച്ച് റോസാച്ചുവട്ടില്‍ മൂത്രമൊഴിച്ചു. ജിമ്മിയുടെ കുര അത്യുച്ചത്തിലായപ്പോള്‍ അയാള്‍ വന്നു. ജിമ്മിയെ രൂക്ഷമായി നോക്കിക്കൊണ്ട് അയാള്‍ ഒരു കൈകൊണ്ട് ജിമ്മിയുടെ നെറ്റിയില്‍ തലോടി. മറുകൈകൊണ്ട് റോസാച്ചെടിയുടെ കടയില്‍ പിടിച്ചു. അയാള്‍ റോസാച്ചെടിയുടെ മൂടില്‍ ശക്തിയായി വലിച്ചതും ജിമ്മി അയാളുടെ കൈത്തണ്ടയില്‍ കടിച്ചതും ഒരേ നിമിഷമായിരുന്നു.

ആരൊക്കെയോ പേപ്പട്ടി എന്നു വിളിച്ചുപറയുന്നത് ഒരു സ്വപ്നം പോലെ ജിമ്മിയ്ക്കു കേള്‍ക്കാമായിരുന്നു. പോലീസിനെ വിളിക്കൂ‍, ഓടിക്കോ, കല്ലെടുക്കൂ, എന്നൊക്കെയുള്ള ശബ്ദങ്ങള്‍ക്കു നടുവില്‍ ആര്‍ക്കൊക്കെയോ കടികിട്ടി. എല്ലാവരെയും ഓടിനടന്നു കടിക്കുമ്പൊഴും ജിമ്മി സ്വപ്നം കണ്ടുകൊണ്ടിരുന്നു. തോട്ടത്തില്‍ ചിക്കന്‍ ബിരിയാണികൊണ്ടുവരുന്ന കൈനോക്കി കടിക്കുന്നത്. പൂപറിക്കുന്ന കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും കാമുകരെയും ഓട്ടക്കാരെയും എല്ലാരെയും ഓടിച്ചിട്ടു കടിക്കുന്നത്. തോട്ടം നിറയെ ചുവന്ന റോസാപ്പൂക്കളും വെളുത്ത മന്ദാരപ്പൂക്കളും പൂക്കുന്നത്. പച്ച ഇലകള്‍ കാണാനാവാതെ ചുവപ്പിലും വെളുപ്പിലും കുളിച്ചുനില്‍ക്കുന്ന തോട്ടം. ആരുടെയോ വെളുത്ത മുണ്ടില്‍ കടികൊണ്ട ചുവന്ന ചോര. നാലുപാടും ഓടുന്ന സംഘാടകരെ ഓടിച്ചിട്ടു കടിക്കുന്നത്. തന്റെ പാര്‍ക്ക്. തന്റെ തോട്ടം. തോട്ടത്തില്‍ പൂക്കളൊന്നും പൊഴിയാതിരുന്നെങ്കില്‍. തോട്ടം ഇതുവരെ സൂക്ഷിക്കാ‍ത്തതിനു സ്വന്തമായി കടിക്കാന്‍ കഴിഞ്ഞെങ്കില്‍. വട്ടത്തിലോടാതെ വാലിന്റെ അറ്റത്തു കടിക്കാന്‍ കഴിഞ്ഞെങ്കില്‍. ആ കാവിനിറമിട്ടു ഓടിവരുന്നവരെ ചാടിക്കടിക്കാന്‍ കഴിഞ്ഞെങ്കില്‍. തോക്കു ചൂണ്ടി നിലത്തുകിടക്കുന്ന, കാതടപ്പിക്കുന്ന ഒച്ചയുണ്ടാക്കിയ ആ കണ്ണടക്കാരനെ കടിക്കാന്‍ - കഴുത്തില്‍ ആയിരം തേനീച്ചകള്‍ കുത്തുന്ന വേദനയ്ക്ക് ചുവന്ന റോസാപ്പൂവിന്റെ നിറം, കാലുകള്‍ക്കടിയില്‍നിന്നു നാലുദിക്കിലേയ്ക്കും ഓടിമറയുന്ന ഭൂമി. പൂപറിക്കുന്ന എല്ലാവരെയും ഒന്നുകൂടി.. ബൌവൌ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ.....

7 comments:

അനംഗാരി said...

ആശയം നന്ന്.പക്ഷെ, കഥയുടെ പശ്ചാത്തലം കുറച്ച് മാറ്റി പരീക്ഷിക്കരുതോ?

സിമി said...

അനംഗാരി: കേരള രാഷ്ട്രീയമായിരുന്നു ഞാന്‍ പശ്ചാത്തലമാക്കാന്‍ ശ്രമിച്ചത്. പശ്ചാത്തലം കഥയിലൂടെ പ്രകടമാക്കാന്‍ മാത്രം രചനാവിരുത് വന്നിട്ടില്ല എന്നു തോന്നിയതുകൊണ്ട് കഥാപശ്ചാത്തലം ഒരു ഖണ്ഡികയായി കഥയുടെ മുകളില്‍ ചേര്‍ക്കുന്നു. പശ്ചാത്തലം കഥയിലൂടെ വായനക്കാരന്റെ മനസ്സില്‍ വരണം എന്നാണ് ആഗ്രഹം. ആനിമല്‍ ഫാം, 1984, മാജിക്ക് മൌണ്ടന്‍ തുടങ്ങിയ നോവലുകള്‍ പോലെ കഥയെഴുതണം എന്നും :-)

സ്നേഹത്തോടെ,
സിമി.

നന്ദന്‍ said...

സിമീ, വളരെ നന്നായിരിക്കുന്നു.. എന്തു കൊണ്ടോ കഥയോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു..

ബ്ലോഗ് ഡീസൈന്‍ ഒക്കെ മാറ്റിയല്ലോ.. :)

കിനാവ് said...

ഈ കഥ വായിക്കാന്‍ തോന്നുന്നില്ല. തുറന്നുപറഞ്ഞതില്‍ ക്ഷമിക്കുക.

ശ്രീഹരി::Sreehari said...

once up on a time...
അത് കൊള്ളാം. പക്ഷേ കുറച്ച് കൂടുതല്‍ തുറന്നെഴുതിപ്പോയി. ആര്‍ക്കു മനസിലാവൈല്ല എന്ന് കരുതി explanations കൊടുക്കേണ്ട ആവശ്യം ഇല്ല. അപ്പോള്‍ കഥയുടെ സൗന്ദര്യം നഷ്ടപ്പെടും. symbolism decipher ചെയ്യെണ്ടത് വായനക്കാര്‍ ആണ്

നിഷ്ക്കളങ്കന്‍ said...

സിമീ,
ഇവിടെ സിംബോളിസം മുഴച്ചുനില്‍ക്കുന്നു എല്ലായിടത്തും. ജിമ്മിയും പൂന്തോട്ടവും അയാളും.... അതാണിതിന്റെ പോരായ്മയും. ഉള്ളില്‍ നിന്ന് ഒഴുകാതെ ദേഷ്യപ്പെട്ട് വലിച്ചു പുറത്തിട്ട പോലെ.

ഉപാസന said...

സിമി ശ്രമം നല്ലതു തന്നെ...
പക്ഷെ...
:)
ഉപാസന

Google