സിമിയുടെ ബ്ലോഗ്

10/20/2007

അട്ട

അവന്റെ ഫ്ലാറ്റില്‍ അവള്‍ ആദ്യമായി വരികയായിരുന്നു. വാതില്‍ തുറക്കുവാന്‍ അവന്‍ ഒന്ന് മടിച്ചു. മുറിയില്‍ നിറയെ ഒഴിഞ്ഞ പെപ്സി ടിന്നുകളും സിഗരറ്റുകുറ്റികളും പഴയ തുണിയും പത്രത്താളുകളും പഴയ മാസികകളും മറ്റ് ചപ്പുചവറുകളും നിറഞ്ഞുകിടന്നിരുന്നു. മതിലില്‍ മാറാല തൂങ്ങിയിരുന്നു. മുറിയില്‍ സാമാന്യം ദുര്‍ഗന്ധവുമുണ്ടായിരുന്നു. അവന്‍ ചിരിച്ചു, എന്നിട്ടുപറഞ്ഞു. ഇത് എന്റെ ഭൂതകാലമാണ്.

അവള്‍ വിടര്‍ന്ന കണ്ണുകള്‍ അല്പം കൂടി വിടര്‍ത്തി മന്ദഹസിച്ചു. ഒന്നും മിണ്ടാതെ ഒരു ചൂലെടുത്ത് എല്ലാം അടിച്ചുവാരി പ്ലാസ്റ്റിക്ക് കൂടകളിലാക്കി മുറിയുടെ ഒരു മൂലയ്ക്കുവെച്ചു. ഒടുവില്‍ ചിരിച്ചുകൊണ്ട് നെറ്റിയിലെ വിയര്‍പ്പുതുടച്ച് നിലത്തുവിരിച്ച മെത്തയില്‍ ചടഞ്ഞിരുന്നു. അവന്‍ അവളുടെ അടുത്തെത്തി തോളില്‍ കൈയ്യിട്ടു. പുഞ്ചിരിച്ചുകൊണ്ട് അല്പം നാണത്തോടെ അവള്‍ പതിയെപ്പറഞ്ഞു. ഇനിമുതല്‍ നിന്റെ വര്‍ത്തമാനവും ഭാവിയുമെല്ലാം ഇങ്ങനെയാണ്. വൃത്തിയും വെടിപ്പുമുള്ളത്.

ഒന്നും മിണ്ടാതെ അവന്‍ അവളെ തള്ളി മുറിക്കുപുറത്താക്കി കതകടച്ചു. പ്ലാസ്റ്റിക്ക് കൂടകളില്‍ നിന്ന് ചപ്പുചവറുകള്‍ വാരി മുറിയില്‍ വിതറി. അഴുക്കുപുരണ്ട മെത്തയില്‍ ചുരുണ്ടുകിടന്ന് സുഖമായുറങ്ങി.

ചില മാനസികരോഗങ്ങളെക്കുറിച്ച്

ഞാന്‍ എന്റെ കൂട്ടുകാരനെ ബാംഗ്ലൂരിലെ പ്രശസ്ത മനോരോഗ വിദഗ്ധയായ ഡോ. നിര്‍മ്മലയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവന്‍ കിടന്നു കഷ്ടപ്പെടുന്നത് മുഖത്തു തെളിഞ്ഞുകാണാമായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ഞാന്‍ ഡോക്ടറോടു ചോദിച്ചു,

“ഡോക്ടര്‍, ഇവനു മാനസിക രോഗങ്ങളെന്തെങ്കിലുമുണ്ടോ, അതോ ഇത് പ്രണയം മാത്രമാണോ?”

കലാപം

ബിഹാറിലെ വംശീയ കലാപം കഴിഞ്ഞ പ്രദേശങ്ങളിലെ ദുരിതാശ്വാസ കാര്യാലയത്തില്‍ ഡോക്ടറായി ജോലികിട്ടിയപ്പോള്‍ സ്ഥിതി ഇത്ര ദാരുണമായിരിക്കും എന്ന് രഘു കരുതിയില്ല. നാട്ടിലെ സര്‍ക്കാരാശുപത്രികളില്‍ നിന്ന് ഒരു ചേഞ്ച്, അത്രമാത്രമേ കരുതിയുള്ളൂ. വംശീയലഹളയുടെ മുറിവുകള്‍ പാറ്റ്നയിലെ മുഖങ്ങളില്‍ ചിതറിക്കിടന്നിരുന്നു. സര്‍ക്കാരിന് എല്ലാവര്‍ക്കും ദുരിതാശ്വാസം എത്തിക്കുന്നത് പ്രയാസമായിരുന്നു. മിക്ക അഭയാര്‍ത്ഥികളും മുഴുപ്പട്ടിണിയില്‍. കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെയും ബലാത്സംഗത്തിന് ഇരയായവരുടെയും നീണ്ട നിരയില്‍ നിന്ന് ആരെ സഹായിക്കണം, ആരെ സഹായിക്കരുത് എന്ന് നിശ്ചയിക്കുന്നത് ദുഷ്കരമായിരുന്നു. ഭര്‍ത്താവിനോടൊത്ത് വരുന്ന പല സ്ത്രീകളും സഹായധനത്തിനു പകരമായി രഘുവിനോടൊത്ത് ശയിക്കാന്‍ വരെ തയ്യാറായിരുന്നു. പുരുഷന്മാര്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് രഘുവിന്റെ കാല്‍ക്കല്‍ വീഴുന്നുണ്ടായിരുന്നു. മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടുപോവുന്ന നാളുകളായിരുന്നു അത്. അതിനിടയില്‍ പുറമേ അധികം പരുക്കുകളില്ലാത്ത ഒരു സ്ത്രീ ഒറ്റയ്ക്ക് കടന്നുവന്നു.

യുദ്ധത്തിലെ ഒരു ഗോത്രത്തലവന്റെ ഭാര്യയായിരുന്നു അവര്‍. ഗോത്രത്തലവന്റെ അനുജന്‍ വിവാഹം കഴിച്ചുകൊണ്ടുവന്ന അവള്‍ക്ക് ഗോത്രത്തലവനുമായും അയാളുടെ നാലു സഹോദരന്മാരുമായും കിടക്ക പങ്കിടേണ്ടി വന്നു. ബീഹാറിലെ ഗോത്രനിയമം അനുസരിച്ച് എല്ലാ സഹോദരരുടെടെയും ഭാര്യ. നിയമപരമായി ഭാര്യയാണെങ്കില്‍ ബലാത്സംഗമോ ഉപദ്രവമോ ഇതില്‍ എവിടെയാണ് എന്നുചോദിച്ച രഘുവിനോട് തന്റെ മനസ്സില്‍ സ്നേഹമില്ലാത്ത ഏതു പുരുഷന്‍ തന്റെ ശരീരത്തില്‍ തൊടുന്നതും ബലാത്സംഗം ആണെന്നായിരുന്നു അവരുടെ മറുപടി. ഇരുത്തം വന്ന വാക്കുകള്‍. വേട്ടുകൊണ്ടുവന്നവനോട് ആദ്യം സ്നേഹമുണ്ടായിരുന്നു. എന്നാല്‍ സഹോദരന്മാരോടൊത്ത് ശയിക്കാന്‍ തന്നെ തള്ളിവിട്ട നാളില്‍ സ്നേഹമെല്ലാം വാര്‍ന്നുപോയി. ആകെ ഉണ്ടായിരുന്ന മകന്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെ അവസാനത്തില്‍ ഭര്‍ത്താക്കന്മാര്‍ കാടുകയറി. ഇപ്പോള്‍ തുണയായി‍ ആരുമില്ല. കുലീനത്വമെല്ലാം വാര്‍ന്ന് ദൈന്യതയാര്‍ന്ന മുഖം. കണ്ണുകള്‍ കരിവാളിച്ചിരുന്നു. സഹായധനം നല്‍കുവാന്‍ പറ്റില്ല എന്നുപറഞ്ഞ രഘുവിനോട് അങ്ങനെ പറയരുതേ എന്ന് കരഞ്ഞ് അവര്‍ ‍ചോളി ഉയര്‍ത്തി മുറിവുകള്‍ കാണിച്ചു. തുടകളില്‍ വര്‍ഷങ്ങളായി ഇടതടവില്ലാതെ തുടര്‍ന്ന ക്രൂരരതിയുടെ മുറിവുകള്‍. എന്നാല്‍ ഇതിലും അത്യാവശ്യക്കാര്‍ ഏറെയുണ്ടെന്ന് ഓര്‍ത്ത് സഹായിക്കാന്‍ പറ്റില്ല എന്ന് അറുത്തുമുറിച്ച് പറയുവാനാഞ്ഞ രഘു പെട്ടെന്ന് എന്തോ കൌതുകത്താല്‍ “പേരെന്താ“ എന്നു അവരോട് ചോദിച്ചു.

“ദ്രൌപദി“.

ഭര്‍ത്താവിന്റെ പേര്, അച്ഛന്റെ പേര് എന്നിങ്ങനെ ഉള്ള പതിവുചോദ്യങ്ങളൊക്കെ രഘുവിന്റെ തൊണ്ടയില്‍ തന്നെ കുടുങ്ങി. ആളെ അറിയാം എന്നുപറഞ്ഞ് സഹായധനം നല്‍കുവാന്‍ രഘു ശുപാര്‍ശ എഴുതി ഒപ്പിട്ട് അടുത്ത മേശയിലേക്ക് ഫയല്‍ അയച്ചു. അഭയാര്‍ത്ഥികളുടെ നിര തുടര്‍ന്നു. വ്

പരമേശ്വരന്റെ ജീവിതവും മരണവും

ഭാഗം 1
-------

പരമേശ്വരന്‍ തീവണ്ടിയില്‍ നിന്ന് ദില്ലി ഓള്‍ഡ് റെയില്‍‌വേ സ്റ്റേഷനില്‍ ഇറങ്ങി, പഹാര്‍ഗഞ്ചിലെ ദിവസം 240 രൂപാ വാടകയുള്ള ഹോട്ടലിലേക്ക് നടന്നുതുടങ്ങി. സൈക്കിള്‍ റിക്ഷാക്കാരും ഓട്ടോറിക്ഷാക്കാരും സാര്‍ സാര്‍ എന്നുവിളിച്ച് പരമേശ്വരനെ തടഞ്ഞുനിറുത്താന്‍ നോക്കി. വെറുതേ എന്തിനു 25 രൂപാ കളയുന്നു, നടന്നുപോകാവുന്ന ദൂരമേയുള്ളൂ എന്ന് വിചാരിച്ച് പരമേശ്വരന്‍ ഊടുവഴികളിലൂടെ നടന്നു. വഴിവക്കില്‍ ആളുകള്‍ ചൂടപ്പായ ഇട്ട് ചൂടില്‍ നിന്നു രക്ഷപെടാന്‍ കിടന്നിരുന്നു. കുറെ റ്റൂറിസ്റ്റുകള്‍ തെണ്ടിത്തിരിഞ്ഞ് വഴിവക്കിലെ കടകളില്‍ കയറി നടക്കുന്നുണ്ടായിരുന്നു. വെറുതേ നടക്കവേ പഴയ ഓരോരോ കാര്യങ്ങള്‍ പരമേശ്വരന്‍ ചിന്തിച്ചുതുടങ്ങി. പഴയ പ്രതാപവും നല്ല നാളുകളും ഓര്‍ക്കുന്നത് ചിത്രകാരനായ പരമേശ്വരന്റെ ഒരു ദു:ശ്ശീലം ആയിരുന്നു. പണ്ടുകാലത്ത് അഹങ്കാരിയായി, പ്രതാപിയായി ചിത്രം വരച്ചിരുന്നത് പരമേശ്വരന്‍ ഓര്‍ത്തു.

നല്ല ജീവനുള്ള ചിത്രങ്ങളായിരുന്നു പരമേശ്വരന്റേത്. പരമേശ്വരന്റെ തുടക്കത്തില്‍ ഒന്നും ഇല്ലായിരുന്നു, പേരും പെരുമയും ചിത്രങ്ങളും ഒന്നും തന്നെ. ജീവിതം നല്ല വെള്ള കാന്‍‌വാസുപോലെ ആയിരുന്നു. ആദ്യമൊക്കെ പ്രകൃതി ദൃശ്യങ്ങളെ വരക്കാനായിരുന്നു പരമേശ്വരനു ഇഷ്ടം. കുറെ നാള്‍ നക്ഷത്രങ്ങളെയും ചന്ദ്രനെയും സൂര്യനെയും കാറ്റിനെയും കടലിനെയും ഒക്കെ വരച്ച് ബോറടിച്ചപ്പോള്‍ പരമേശ്വരന്‍ മൃഗങ്ങളെയും പക്ഷികളെയും വരച്ചുതുടങ്ങി. വരച്ചുവരച്ച് മൃഗങ്ങളെയും ബോറടിച്ചു. മൃഗങ്ങള്‍ക്ക് വലിയ ഭാവങ്ങള്‍ ഒന്നും ഇല്ലാന്ന് പരമേശ്വരനു തോന്നി. ഉദാഹരണത്തിനു പരമേശ്വരന്‍ വരയ്ക്കുന്ന പട്ടിവന്ന് എപ്പോഴും കാലില്‍ നക്കും. ഇടക്ക് കടിക്കും. അല്ലാതെ വേറെ ഒന്നും ചെയ്യില്ല. പൂച്ച ആണെങ്കില്‍ പരമേശ്വരനെ മൈന്‍ഡ് ചെയ്യാറേ ഇല്ല. മത്സ്യങ്ങള്‍ ഒക്കെ ചിത്രത്തില്‍ നിന്ന് ഇറങ്ങി എങ്ങോ നീന്തിപ്പോയി.

ബോറടി മൂത്തപ്പോള്‍ പരമേശ്വരന്‍ ഒരു കണ്ണാടി എടുത്ത് മുന്‍പില്‍ വെച്ച് തന്നെ നോക്കി വരച്ചുതുടങ്ങി. നീണ്ട താടിയും ആകെ വൃത്തികേടായ മുഖവും ആയി ഒരുത്തനെ വരച്ചുവെച്ചു. പരമേശ്വരന്റെ ഛായയില്‍ വരച്ചതല്ലേ, അങ്ങനെയേ വരൂ. അവന് ആദം എന്ന പേരുമിട്ടു. ചിത്രകാരന്‍ എത്ര ശ്രമിച്ചിട്ടും ആദത്തിന്റെ മുഖം തെളിയുന്നില്ല. ആകെ ഏകാന്തനും ശോകമൂകനുമായി ആദം ഓരോ ദിക്കിലും പോയി ഇരിപ്പായി. ആദ്യമൊക്കെ പരമേശ്വരന്‍ ചോദിച്ചിട്ട് ആദത്തിനു മിണ്ടാട്ടമില്ല. പിന്നെപ്പിന്നെ ആദത്തിനു ആകെ പരാതി - ബോറടിപോലും. പരമേശ്വരന്റെ ബോറടി മാറ്റാനായിരുന്നു പരമേശ്വരന്‍ ആദത്തെ വരച്ചത്. എന്നാല്‍ ആദത്തിനു അതിലും ബോറ്. അവനു പെണ്ണുവേണം പോലും.

ആദത്തിന്റെ കരച്ചിലും ബഹളവും സഹിക്കാന്‍ വയ്യാതെ പരമേശ്വരന്‍ ഒരു പെണ്ണിനെ വരച്ചുകൊടുക്കാം എന്നു സമ്മതിച്ചു. എന്നാല്‍ ഒരു നിബന്ധന വെച്ചു - കൊച്ചുങ്ങളെ ഉണ്ടാക്കരുത്. കാര്യം കൊച്ചുങ്ങളെ ഉണ്ടാക്കിയാല്‍ ഇവന്മാരു ചിത്രകാരനെ വിട്ട് പോവും എന്നും പിന്നെ തിരിഞ്ഞുനോക്കില്ല എന്നും എന്തെങ്കിലും ആവശ്യം വന്നാല്‍ മാത്രം കരഞ്ഞു കാറി വലിഞ്ഞുകയറി വരും എന്നും ചിത്രകാരനു അറിയാമായിരുന്നു. ആദം എന്തു സന്തോഷത്തോടെയാ അതു സമ്മതിച്ചത്. ബോറടി മാറ്റാന്‍ ഒരു
കൂട്ടുമാത്രം മതി എന്ന്.

ഹവ്വയെ നല്ല സുന്ദരിയായി തന്നെ പരമേശ്വരന്‍ വരച്ചു. നീണ്ട മുടിയും മയില്‍പ്പീലിപോലത്തെ കണ്‍പീലികളും ഓറഞ്ച് അല്ലികള്‍ പോലത്തെ ചുണ്ടുകളുമായി ഒരു തുടുത്ത സുന്ദരി. ആദത്തിന്റെ സന്തോഷം പറയാനുണ്ടോ? എന്നാല്‍ പരമേശ്വരനു പേടിയായി. ഇവന്‍ പറ്റിക്കുമോ? സൃഷ്ടി സൃഷ്ടാവിനെ മറന്ന് അഴിഞ്ഞാടുന്നത് പരമേശ്വരനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആദത്തെയും ഹവ്വയെയും അരുതാത്തത് എന്തെങ്കിലും ചെയ്യുന്നതില്‍ നിന്നും തടയാന്‍ ഒരു പാമ്പിനെയും വരച്ചുവെച്ചു.
എന്തിനേറെ പറയുന്നു. പാമ്പ് ഒറ്റി. ഹവ്വ ശര്‍ദ്ദിച്ചു. ക്രുദ്ധനായ പരമേശ്വരന്‍ മൂന്നിനെയും തന്റെ ചിത്രത്തിലെ മനോഹരമായ തോട്ടത്തില്‍ നിന്നും ഇറക്കിവിട്ടു. കുറെ നാള്‍ ഇവന്മാരെങ്ങനെയോ ജീവിക്കട്ടെ എന്ന് പരമേശ്വരന്‍ വിചാരിച്ചു. എന്നാല്‍ പിന്നീട് സ്നേഹം തോന്നി തിരിഞ്ഞുനോക്കിയപ്പോഴതാ, ആദവും കുഞ്ഞുകുട്ടി പരാധീനങ്ങളുമൊക്കെയായി ഒരു വലിയ പട!

ആദ്യമാദ്യം പരമേശ്വരന്‍ ആദത്തിന്റെ മക്കളെ നോക്കി വളര്‍ത്തിയിരുന്നു. പരമേശ്വരന്‍ പറയുന്നിടത്ത് അപ്പൂപ്പന്‍ എന്തോ പറയുന്നു എന്നു വിചാരിച്ച് മക്കള്‍ നില്‍ക്കും. വരച്ച വരകള്‍ പരമേശ്വരന്‍ ഇവര്‍ക്കായി തിരുത്തിവരച്ചു. എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ പരമേശ്വരന്റെ വരകള്‍ പരമേശ്വരന്‍ വരയ്ക്കുന്നിടത്ത് നില്‍ക്കാതായി. നല്ലതു വിചാരിച്ച് വരയ്ക്കുന്നത് ചീത്ത ആവും. കുത്തി വരയ്ക്കുന്നവ നന്നാവും. ഒടുവില്‍ ഒടുവില്‍ പരമേശ്വരന്‍ വരയേ നിറുത്തി. എന്നാല്‍ വരച്ചവയെല്ലാം കൊന്നും തിന്നും കൊഴുത്തും വളരുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ പരമേശ്വരാ എന്നുവിളിച്ച് അവര്‍ കരഞ്ഞു. ആദ്യമൊക്കെ ഒരു കടലിനെയും മലയെയും ഒക്കെ മാറ്റി വരയ്ക്കാന്‍ ശക്തി ഉണ്ടായിരുന്ന പരമേശ്വരന് പിന്നെപ്പിന്നെ ഒരു പൂവിനെ കിടന്ന ഇടത്തുനിന്നും മാറ്റി മറ്റൊരിടത്തേക്ക് വരക്കുവാനുള്ള ശക്തിപോലും നഷ്ടപ്പെട്ടു. ചിലരുടെ കറുത്ത മുടി വെളുപ്പിക്കല്‍, ചിലരുടെ കാലിലെ ചിരങ്ങുമാറ്റല്‍ തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളേ പരമേശ്വരനു ചെയ്യാന്‍ കഴിഞ്ഞുള്ളൂ. തന്റെ വരകള്‍ മങ്ങുന്നതും മായുന്നതും അറിഞ്ഞ് പരമേശ്വരന്‍ പഹാട്ഗഞ്ചിലെ ഒരു ഹോട്ടലില്‍ താമസം തുടങ്ങി. ആളുകള്‍ പണ്ട് നല്ല വരകള്‍ക്ക് കാണിക്കയായി നല്‍കിയിരുന്ന കാശില്‍ അല്പം സമ്പാദ്യം പരമേശ്വരനു ഉണ്ടായിരുന്നു. അതുകൊണ്ട് ദിവസവാടക കൊടുത്ത് ഇങ്ങനെ കഴിഞ്ഞുപോന്നു. വരക്കാനുള്ള കാന്‍‌വാസ് ഒക്കെ ചിതലരിച്ചു. പെയിന്റ് കട്ടപിടിച്ചു. പെയിന്റ് ബ്രഷുകള്‍ക്കു കുറുകേ ചിലന്തി വലകെട്ടി. പരമേശ്വരന്‍ വര പാടേ മറന്നു.

ഭാഗം 2
--------
താജ്മഹല്‍ ഈശ്വര്‍ വരച്ച ചിത്രങ്ങളില്‍ നല്ല ഒരെണ്ണമായിരുന്നു. പ്രേമം എന്ന ഭയങ്കര വികാരം വരക്കുവാന്‍ ശ്രമിച്ച് ഒടുവില്‍ ഉണ്ടായത് താജ്മഹല്‍ ആയിരുന്നു. അത് ഒന്നുകൂടെ കണ്ടുകളയാം എന്നുവെച്ച് ഈശ്വര്‍ ആഗ്രയ്ക്കുപോവാന്‍ ട്രെയിനില്‍ കയറി. മനസ്സ് ഒന്നു ശാന്തമാവട്ടെ എന്നായിരുന്നു ഈശ്വറിന്റെ വിചാരം.

ട്രെയിനിന്റെ വാതിലില്‍ തന്നെ ഒരു ഭ്രാന്തിയായ സ്ത്രീയും അവരുടെ നാലൊ അഞ്ചോ വയസ്സ് പ്രായമായ മകനും ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ മകന് എന്തോ താരാട്ടുപാടിക്കൊണ്ട് നിലത്തിരിക്കുന്നു. ഈശ്വര്‍ സീറ്റുകിട്ടാതെ വാതിലില്‍ തന്നെ നിന്നു. ട്രെയിന്‍ വിടാന്‍ ഇനിയും അഞ്ചു മിനിട്ട് ഉണ്ട്. അപ്പോള്‍ സാധാരണ ഷര്‍ട്ടും പാന്റും ധരിച്ച ഒരാള്‍ ആ ട്രെയിനിലേക്ക് കയറി. ഈശ്വറിന്റെ ബാഗ് വഴിമുടക്കി നില്‍ക്കുവായിരുന്നു. ആരുടെ ബാഗാണ് ഇതെന്ന് കേറിവന്നയാള്‍ അല്പം കയര്‍ത്തു ചോദിച്ചു. ഈശ്വര്‍ ബാഗ് ഒതുക്കിവെച്ചു. അപ്പോള്‍ അയാള്‍ ഒരു പ്രകോപനവുമില്ലാതെ ആ സ്ത്രീയുടെ മുടിക്കുകുത്തിപ്പിടിച്ച് പഠേ പഠേ എന്ന് അവരുടെ ഇരു കവിളുകളിലും മാറി മാറി നാലഞ്ച് അടി!. അടി വീഴുന്ന ഖോര ശബ്ദം. അവരാണെങ്കില്‍ അലമുറയിട്ട് കരയുന്നു. അടിയും കൊടുത്ത് അവരെ കുറെ ചീത്തയും വിളിച്ച് അയാള്‍ ഇറങ്ങിപ്പോയി. എന്തിനു അടിച്ചു എന്ന് ഈശ്വറിനു ഒട്ടും മനസ്സിലായില്ല. ഒന്നും തടുക്കുവാനോ അരുത് എന്നു പറയുവാനോ അടിക്കുന്ന ആളുടെ മനസ്സില്‍ അല്പം കരുണ ഇറ്റുവാനോ ഒന്നിനും ഈശ്വറിനു കഴിഞ്ഞില്ല. ഈശ്വര്‍ അല്പം നേരം സ്തബ്ധനായി നിന്നു. ആ കുഞ്ഞും അമ്മയെ തല്ലിയതുകണ്ട് വാവിട്ടുകരയുന്നു. ട്രെയിനില്‍ ഇരുന്ന യാത്രക്കാര്‍ കുശുകുശുത്തു തുടങ്ങി. ആരും ഒന്നും ചെയ്യുന്നില്ല. ഒരാള്‍ ഇരുന്ന് മറ്റുളള നാലുപേരോട് ഇവരുടെ കയ്യില്‍ റ്റിക്കറ്റില്ലാത്തതിനാ അടി കൊടുത്തതെന്നും ആ ആള്‍ മഫ്തിയില്‍ ഉള്ള പോലീസുകാരന്‍ ആണെന്നും വിശദീകരിക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നത് ഇവരുടെ സ്ഥിരം പരിപാടി ആണുപോലും. ഒടുവില്‍ പാഗല്‍ ഹേ എന്ന് പറഞ്ഞ് വിശദീകരിച്ച ആള്‍ ചിരിക്കുന്നു. ഈശ്വറിന് എന്തെങ്കിലും ചെയ്യണം എന്നുണ്ട്, ക്രൂരത കാണിക്കരുതേ എന്ന് പറയണമെന്നുണ്ട്, പക്ഷേ ഈശ്വരനു പേടിയായി. ഈശ്വര്‍ ഒന്നും മിണ്ടാതെ വിറച്ചുനിന്നു. ട്രെയിന്‍ വിട്ടു.

അല്പം കഴിഞ്ഞ് ആ സ്ത്രീ കരഞ്ഞുകൊണ്ട് ഒരു താരാട്ടുപാട്ട് പാടുവാന്‍ തുടങ്ങി. ഉറക്കെ, കരച്ചില്‍ ഇടകലര്‍ന്ന ഏതോ നാടോടി ഗാനം. കുഞ്ഞ് വിതുമ്പിക്കൊണ്ടിരുന്നു. ആള്‍ക്കാര്‍ ഒന്നും അറിയാത്തതുപോലെ കളിയും ചിരിയും. ഒരു പഞ്ജാബി മാത്രം തന്റെ ബാഗ് തുറന്ന് മൂന്നുനാല് ചപ്പാത്തിയും കുറച്ച് ഉരുളക്കിഴങ്ങുകറിയും ഒരു പത്രക്കടലാസില്‍ വെച്ച് അവരോട് ഖാ ലേ എന്നുപറഞ്ഞ് തിന്നാന്‍ കൊടുത്തു. അവര്‍ കരഞ്ഞുകൊണ്ട് അതു തിന്നുതുടങ്ങി. കുഞ്ഞും പിച്ചി തിന്നുന്നു. കുറെ ഒക്കെ
നിലത്തുപോവുന്നു. ഈശ്വരന്‍ ആരും കാണാതെ 80 രൂപാ മടക്കി അവരുടെ കയ്യില്‍ വെച്ചുകൊടുത്തു. ഇത് കണ്ടാല്‍ ആളുകള്‍ എന്തുവിചാരിക്കും എന്ന പേടിയായിരുന്നു ഈശ്വരന്. ഭാഗ്യത്തിന് ആരും കണ്ടില്ല.
ട്രെയിന്‍ എവിടെയോ നിര്‍ത്തി. ആ സ്ത്രീയും കുഞ്ഞും ഇറങ്ങിപ്പോയി. ഈശ്വരനു ഏതോ സുന്ദരിയുടെ അടുത്ത് സീറ്റുകിട്ടി. വടക്കേ ഇന്ത്യന്‍ സുന്ദരിയും അവളുടെ അമ്മയും. അവര്‍ ഇരുന്ന് ഉറക്കം തുടങ്ങി. സുന്ദരിയുടെ അമ്മ ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്ന് എണീറ്റ് ഇടകണ്ണിട്ട് ഈശ്വരനെ നോക്കുന്നുണ്ടായിരുന്നു. എങ്ങനെയോ ആഗ്ര എത്തി. ഈശ്വര്‍ ഇറങ്ങി. താജ്മഹാള്‍ ഒന്നും കാണുവാന്‍ നിന്നില്ല. ആദ്യം കണ്ട ബാറില്‍ കയറി.

ഭാഗം 3
-------
ബാറില്‍ അരണ്ട വെളിച്ചം. ദൈവം എവിടെയോ ഇരുന്നു. ആകെ പുകച്ചുരുളുകള്‍. തന്റെ സൃഷ്ടികള്‍ ദു:ഖങ്ങള്‍ പുകച്ചുതള്ളുകയാണ്. മുന്‍പിലെ വേദിയില്‍ മൂന്നുനാല് പെണ്‍കുട്ടികള്‍ അല്പം മാത്രം വസ്ത്രം ധരിച്ച് നൃത്തം കളിക്കുന്നു. ഏതോ വീട്ടിലെ ആരുടെയോ സഹോദരിയും മകളും അമ്മയും. ഒരു സുന്ദരി ചിരിച്ച് ദൈവത്തെ അടുത്തോട്ടുവിളിച്ചു. അതു കാണാത്ത മട്ടില്‍ ദൈവം ഒരു ഡബിള്‍ ലാര്‍ജ്ജ് എം.സി. പറഞ്ഞു. ബാറുകാരന്‍ കുറച്ച് കപ്പലണ്ടിയും സോഡയും എം.സി.യും കൊണ്ടുവന്നു. ദൈവത്തിനു പേടി അപ്പോഴും മാറിയിരുന്നില്ല. എന്തു വിചാരിച്ച് ഇവന്മാരെ ഒക്കെ ഉണ്ടാക്കി, എന്നിട്ട് എന്തായിത്തീരുന്നു എല്ലാം. വീണ്ടും ഒരു ഡബിള്‍ ലാര്‍ജ്ജ്, ദൈവത്തിനു പതിയെ ധൈര്യം വന്നുതുടങ്ങി. മൂന്നാമതൊരു ഡബിള്‍ ലാര്‍ജ്ജും കൂടെ അകത്തുചെല്ലുമ്പോള്‍ ദൈവത്തിനു തന്റെ സൃഷ്ടികളെ പേടി ഇല്ലാതായി. മേശപ്പുറത്ത് വലിഞ്ഞുകയറി ദൈവം പ്രസംഗം തുടങ്ങി.

മക്കളേ, ദു:ഖിക്കരുത്. (ബാറിലെ മറ്റ് കുടിയന്മാര്‍: പൂ‍യ്) സന്തോഷമായി ജീവിക്കൂ. (കുടിയന്മാര്‍: പൂയ് പൂയ്) അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കൂ. (കുടിയന്മാര്‍: പൂ‍ൂ‍ൂയ്, ഛി, താഴെ ഇറങ്ങടാ‍).
തന്റെ ഗിരിപ്രഭാഷണത്തിനു ഒരു പട്ടിയും ചെവികൊടുക്കാത്തതുകണ്ട് ദൈവത്തിന്റെ കണ്ണില്‍ ഇരുട്ടുകയറി. സുന്ദരിമാര്‍ നൃത്തം തുടര്‍ന്നു. ദൈവം ഉറക്കെ അലറി.

“ഞാനാടാ പട്ടീ, നിന്നെയൊക്കെ ഉണ്ടാക്കിയത്! എനിക്ക് ഇതുതന്നെ വരണം“.

“ഭാ, തന്തയ്ക്കുവിളിക്കുന്നോ“? ഠേ! ദൈവത്തിന്റെ മുഖത്ത് ഒരടിവീണു. മുഖം പൊട്ടി ചോര പൊടിഞ്ഞു. ഠേ, ഠേ എന്ന് വീണ്ടും അടിവീഴുന്നുണ്ടായിരുന്നു. ആരുടെ ഒക്കെയോ കയ്യില്‍ കിടന്ന് ദൈവം അടികൊണ്ടു പൊരിഞ്ഞു. ക്ഷീണിച്ചപ്പോള്‍ ആള്‍ക്കാര്‍ അടിനിറുത്തി തെറിയും വിളിച്ച് എണീറ്റ് വീട്ടില്‍ പൊയി. ദൈവം കസാരയില്‍ കുഴഞ്ഞിരുന്നു. ദൈവത്തിന്റെ കടവായില്‍ നിന്ന് ചോരവാര്‍ന്നൊലിച്ച് ഇരുന്ന മേശ ഒക്കെ വൃത്തികേടായി. ഒരുത്തന്‍ ആടി ആടി വന്ന് ദൈവത്തിനെ ഒരു കമ്പുകൊണ്ട് കുത്തി നോക്കി. ചത്തിട്ടില്ലാ എന്ന് കണ്ട് അവന്‍ പതുക്കെ തിരിച്ചുപോയി.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബാറുകാരന്‍ വന്ന് ദൈവത്തെ തപ്പിനോക്കി. കീശയില്‍ കാശില്ലായിരുന്നെങ്കിലും കയ്യില്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി കിട്ടിയ ഒരു നല്ല സ്വര്‍ണ്ണവാച്ചുണ്ടായിരുന്നു. ബാറുകാരന്‍ വാച്ച് അഴിച്ചെടുത്തു. രണ്ടുപേരെ വിളിച്ച് ദൈവത്തെ താങ്ങി റോഡില്‍ കൊണ്ടുകിടത്തി.

റോഡില്‍ കൂടെ കമിതാക്കള്‍ കെട്ടിപ്പിടിച്ച് കുത്തിമറിഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ട് റൌഡികള്‍ രാഷ്ട്രീയം പറഞ്ഞ് ദൈവത്തെ ചവിട്ടി കടന്നുപോയി. ഒരു പള്ളീലച്ചന്‍ അതിലേ നടന്നുപോയി, ഒരുത്തന്‍ വെള്ളമടിച്ച് ചോരവാര്‍ന്നൊലിച്ച് റോഡില്‍ കിടക്കുന്നതുകണ്ട് പോലീസില്‍ വിളിച്ചുപറയണം എന്ന് പള്ളീലച്ചനു ഉള്‍വിളി ഉണ്ടായി. എങ്കിലും മൊബൈലില്‍ അധികം ക്രെഡിറ്റ് ഇല്ലാത്തതിനാല്‍ അച്ചന്‍ ആ കാര്യം മറന്ന് സ്കൂളിലെ കുട്ടികളുടെ ഫീസ് കൂട്ടുന്നതിനെക്കുറിച്ചും മേടയിലെ അച്ചന്മാരുടെ
രാഷ്ട്രീയക്കളികളെക്കുറിച്ചും ആലോചിച്ച് നടന്നുപോയി. അച്ചന് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കാണുമ്പോള്‍ ആദ്യമൊക്കെ വലിയ മനസ്സാക്ഷിക്കുത്ത് വരുമായിരുന്നു. എന്നാല്‍ കണ്ടുകണ്ട് മടുത്ത് അച്ചന്‍ കണ്ടുപിടിച്ച ഉപായമായിരുന്നു വേറെ എന്തെങ്കിലും വിഷയങ്ങള്‍ ആലോചിക്കുക എന്നത്. ഒരു നല്ല സമരിയാക്കാരന്‍ തലേദിവസം കണ്ട സിനിമയിലെ പ്രേമരംഗം ആലോചിച്ച് നടന്നുവരികയായിരുന്നു. ദൈവത്തെ ചോര ഒലിപ്പിച്ച് കിടക്കുന്നതുകണ്ട് നാശം, മൂഡ് കളഞ്ഞു എന്ന് പ്രാകി സമരിയാക്കാരന്‍ നടന്നുപോയി.
ദൈവം ഇടക്കിടക്ക് ഞാനാടാ‍ പട്ടികളെ, നിങ്ങളെ എല്ലാം ഉണ്ടാക്കിയത് എന്ന് പുലമ്പുന്നുണ്ടായിരുന്നു. ദൈവം കുറെയേറെ നേരം അങ്ങനെ കിടന്നു. കുറെ ഏറെ ആളുകള്‍ ദൈവത്തെ ചവിട്ടാതെ, ശ്രദ്ധിച്ച്, വഴിമാറി നടന്നുപോയി. ഒടുവില്‍ ചോരവാര്‍ന്ന് ദൈവം ചത്തുപോയി.

ആകാശം ഇരുണ്ടു, ഇടിവെട്ടി നല്ല ഒരു മഴ പെയ്തു. ദൈവത്തിന്റെ മുഖത്തുനിന്ന് ചോര ഒക്കെ മഴയില്‍ ഒലിച്ചുപോയി. രാവിലെ ഓടാന്‍ പോയ ആരോ വഴിവക്കില്‍ മഴനനഞ്ഞ് ഒരു ജഢം കിടക്കുന്നു എന്ന് പോലീസില്‍ വിളിച്ചുപറഞ്ഞു. രാവിലെ തന്നെ മരണക്കേസ് എന്നാലോചിച്ച് പോലീസുകാരനു മനം മടുത്തു. ഒരു ഗുമസ്തന്‍ ആകുവാന്‍ ആയിരുന്നു പോലീസുകാരന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വിധിവൈപരിത്യം കൊണ്ട് പോലീസുകാരനായി. പോലീസുകാ‍രന്‍ വന്ന് ചോക്കു കൊണ്ട് ദൈവത്തിന്റെ ചുറ്റും വര ഇട്ടു. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മടികൊണ്ട് പ്രായാധിക്യവും പട്ടിണിയും കൊണ്ടുള്ള സാധാരണ മരണം എന്ന് മഹസ്സര്‍ എഴുതി ദൈവത്തിന്റെ ജഢം ഒരു ചാക്കില്‍ പൊതിഞ്ഞു. ജഢം ചുമന്നുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുച്ചെന്നിട്ടു. കുറെ ദിവസം മോര്‍ച്ചറിയില്‍ വെച്ചിരുന്നു. കുറെ നാള്‍ കഴിഞ്ഞിട്ടും അവകാശികള്‍ ആരും വരാത്തതുകൊണ്ട് സര്‍ക്കാരാശുപത്രിയില്‍ നിന്ന് ജഢം എടുത്ത് പൊതുശ്മശാനത്തിലേക്കു കൊണ്ടുപോയി. കുഴിവെട്ടുകാരന്‍ ഇന്ന് ആരെയാണോ കണികണ്ടത് എന്ന് പിറുപിറുത്ത് ജഢം കുഴിച്ചിട്ടു.

ആദ്യം കുറെ നാള്‍ രാത്രി വഴിനടക്കുന്നവര്‍ നാല്പതോ അന്‍പതോ രൂപാകൊടുത്ത് കൊടുത്ത് വേശ്യകളെ വിളിച്ചുകൊണ്ടുവന്ന് ആ കുഴിമാടത്തിനുമുകളില്‍ രമിക്കാറുണ്ടായിരുന്നു. പിന്നെ കാടുപിടിച്ച് അവിടെ പാമ്പുകളും പെരുച്ചാഴികളും മാത്രമായി വാസം. ആരും അങ്ങോട്ട് തിരിഞ്ഞുനൊക്കിയില്ല. ആ സ്ഥലത്ത് സര്‍പ്പക്കാവോ അമ്പലമോ പള്ളിയോ ഒന്നും ആരും സ്ഥാപിക്കാന്‍ പോയില്ല. ദൈവത്തിന്റെ ജഢം അഴുകി നല്ല വളമായി പിന്നെ ഉരുളക്കിഴങ്ങായോ ചിക്കന്‍ ഫ്രൈ ആയോ ചോറായോ ഒക്കെ ആരുടെ എങ്കിലും ഒക്കെ മേശയില്‍ എത്തിക്കാണണം.

പാതിമയക്കത്തില്‍

ഓര്‍മ്മകള്‍ പട്ടികളെപ്പോലെ അവളെ കടിക്കാനിട്ടോടിച്ചു. ചുവന്ന കണ്ണുകളും എണ്ണത്തിളക്കമുള്ള കറുത്ത ഉടലുകളും കോമ്പല്ലുകളും പുറത്തേക്കുനീട്ടിയ തുപ്പല്‍ തെറിക്കുന്ന നാവുകളും ഉള്ള ഓര്‍മ്മകള്‍. കിതച്ചുകൊണ്ട്, മുരണ്ടുകൊണ്ട്, ഉറക്കെ കുരച്ചുകൊണ്ട്, അവ കൂട്ടമായി അവളെ കടിക്കാനോടി. ഭയന്നോടവേ വേലിമുള്ളുകളിലുടക്കി അവളുടെ കാല്‍ത്തണ്ട മുറിഞ്ഞു. ഉയര്‍ന്നുചാടിയ ഓര്‍മ്മകളുടെ കടിയേറ്റ് കൈമുറിഞ്ഞ് ചോരവാര്‍ന്നു. വഴിയുടെ അവസാനത്തില്‍ കൈകള്‍ വിരിച്ച് അവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ മാറിലേക്ക് അവള്‍ കൂപ്പുകുത്തി. അവന്‍ കല്ലുപെറുക്കി എറിഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ മുരണ്ടുകൊണ്ട് ഓടിപ്പോയി. മുറുമുറുത്തുകൊണ്ട് ചില ഓര്‍മ്മകള്‍ ചുറ്റിനിന്നു. പിന്നെ അവയും തിരിഞ്ഞ് എങ്ങോട്ടോ നടന്നുപോയി. ഓര്‍മ്മകളൊന്നുമില്ലാതെ അവന്റെ മാറില്‍ ചാഞ്ഞ് അവള്‍ സുഖമായി ഉറങ്ങി.

ചിലന്തി

മുറിയിലെ ലൈറ്റ് അണഞ്ഞിരുന്നെങ്കിലും പ്രകാശം മറയുവാന്‍ മടിച്ച് അങ്ങിങ്ങായി തങ്ങി നിന്നിരുന്നു. വെളിച്ചത്തിന്റെ തരികളില്‍ തട്ടി ചിലന്തിവലയുടെ നൂലുകള്‍ പളുങ്കുപോലെ തിളങ്ങി.

അവന്‍ തലങ്ങും വിലങ്ങും വല നെയ്തു. മുറിയുടെ നാലു ചുമരുകളെ പിടിച്ച് ചിലന്തിവല ഒരാല്‍മരം പോലെ പടര്‍ന്നുനിന്നു. ആ ഭഗീരഥ പ്രയത്നത്തിനുശേഷം അവന്‍ വലയുടെ ഒത്തനടുവിലിരുന്ന് ധ്യാനിച്ചു. ഇളം കാറ്റിലുലയുന്ന ചിലന്തിവലയെ നോക്കി അവന്‍ സായൂജ്യം കൊണ്ടു. അവന്റെ എട്ടുകാലുകളും വലയുടെ അഷ്ടകോണുകളില്‍ വിശ്രമിച്ചു. ശരീരം തളര്‍ന്ന് മയങ്ങിയെങ്കിലും അവന്റെ വിഹ്വലമായ കണ്ണുകള്‍ അഞ്ചു ദിക്കിലും എന്തിനെയോ തിരഞ്ഞുകൊണ്ടിരുന്നു. അവന്റെ കാലിലെ രോമങ്ങള്‍ വായുവിന്റെ ഓരോ ഹൃദയസ്പന്ദനത്തിലും എന്തിനെയോ തേടി.

ദൂരെയെവിടെയോ അന്തരീക്ഷത്തില്‍ ഒരു ചെറിയ വ്യതിയാനം, ഒരു ചിറകടി. അത് അവന്റെ എട്ടുകാലുകളിലും കൂടി അരിച്ച്, മൂര്‍ദ്ധാവിലെത്തി, അവന്റെ തലയിലെ ഓരോ രോമങ്ങളെയും പ്രകമ്പനം കൊള്ളിച്ച്, തലച്ചോറില്‍ ആയിരം സ്വപ്നങ്ങള്‍ നെയ്തു. ചിറകടി അടുത്തടുത്ത് വന്നു. ഒരു മാലാഖയെപ്പോലെ രണ്ടു നേര്‍ത്ത ചിറകുകള്‍. ഏതോ പൂക്കളിലെ തേനൂറുന്ന ചെറിയ ചുണ്ടുകള്‍. കിരീടം പോലെ ശോഭിക്കുന്ന രണ്ടു കൊമ്പുകള്‍. ഒരു റോസാപ്പൂവിന്റെ സൌരഭം, പ്രകാശം പരത്തുന്ന ഒരു പൂമ്പാറ്റ,അതിസുന്ദരിയായ ഒരു ദേവത.

അവള്‍ മുറിയില്‍ നൃത്തം വെച്ചു. ധ്യാനത്തിലെന്ന പോലെ ഒരു തടിച്ച പുസ്തകത്തിനു മുകളില്‍ ഇരുന്നു. പിന്നീട് ആ പുസ്തകത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയതുപോലെ, പതിയെ, ഗാഢമായി തന്റെ നിറപ്പകിട്ടാര്‍ന്ന ചിറകുകള്‍ വിടര്‍ത്തി, പിന്നെയെല്ലാം മറന്ന്, തേനൂറുന്ന ഒരു പൂവിനെയോര്‍ത്ത് വായുവില്‍ ആനന്ദ നൃത്തം ചവിട്ടി. അവന്റെ കണ്ണുകള്‍ക്കുമുന്‍പില്‍ വര്‍ണ്ണങ്ങളുടെ ഒരു പെരുമഴ. അവന്റെ മനസ്സില്‍ നിറമാര്‍ന്ന ആയിരം വലക്കണ്ണികള്‍.

അവന്‍ പതിയെ തന്റെ കാലുകള്‍ ചലിപ്പിച്ചു. ഏതോ അജ്ഞാതമായ ആവൃത്തിയില്‍ ചിലന്തിവലകള്‍ ഒരീണത്തില്‍ സ്പന്ദിച്ചു. അവള്‍ പെട്ടെന്ന് തന്റെ നൃത്തം നിറുത്തി, വലയിലേക്ക് സാകൂതം നോക്കി. വലയുടെ നടുവില്‍, എട്ടുകാലുകള്‍ക്കു നടുവില്‍, രണ്ട് നീലക്കണ്ണുകള്‍ അജ്ഞാതമായ ഏതോ വികാരത്തില്‍ തിളങ്ങി.

അവന്‍ തന്റെ സുദൃഢമായ കാലുകള്‍ ചലിപ്പിച്ചു. അവന്റെ കാലിലെ രോമങ്ങള്‍ എഴുന്നുനിന്നു. അവന്റെ കാലിലെ രണ്ടു മടക്കുകള്‍ സുന്ദരമാ‍യ ഏതോ ഒരു യവന പ്രതിമയെ ഓര്‍മ്മിപ്പിച്ചു. മുറിയിലെ തറയ്ക്കു മുകളില്‍, ചുമരിനു കീഴെ, അവന്റെ ചെറിയ ശരീരം പ്രശാന്ത നിശ്ചലമായി നിന്നു. അവന്‍ തന്റെ സുന്ദരമായ തിളങ്ങുന്ന പല്ലുകള്‍ ചലിപ്പിച്ച് സംസാരിച്ചു തുടങ്ങി.

“എനിക്ക് അധികമൊന്നും അറിയില്ല. ചിലന്തിവലകള്‍ നെയ്യുവാന്‍ മാത്രമേ എനിക്ക് അറിയാവൂ. വര്‍ഷങ്ങള്‍ക്കു മുന്‍പ്, സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പ്,പ്രതാപിയായ എന്റെ പിതാമഹന്‍, മഹാനായ ആദിമ ചിലന്തി, ഒരു ചിലന്തിവല നെയ്തു. വന്മരങ്ങളെ ബന്ധിപ്പിച്ച് ആ ചിലന്തിവല വിരിഞ്ഞു നിന്നു. പ്രാചീന മൃഗങ്ങള്‍ ആ വലയില്‍ നോക്കി അതിശയിച്ച് അതിന്റെ വലക്കണ്ണികള്‍ എണ്ണി. അനേകായിരം കൊടുങ്കാറ്റുകളെ ആ ചിലന്തിവല തടഞ്ഞു നിറുത്തി“

അവള്‍ വീണ്ടും നൃത്തം ചെയ്തു. പക്ഷേ വായുവിലെ ഓരോ വളവിലും തിരിവിലും അവളുടെ കണ്ണുകള്‍ ഗാഢമായ രണ്ടു കണ്ണുകളെ തിരഞ്ഞു. പതിയെ, വിശ്വാസത്തോടെ, അവളുടെ കണ്ണുകളിലേക്കു നോക്കി അവന്‍ വീണ്ടും സംസാരിച്ചു.

“ചിലന്തിവലകള്‍ പലതരത്തിലുണ്ട്. ഏറ്റവും ചെറിയ കാറ്റില്‍ വീണുപോകുന്നവ, പ്രഛണ്ഡമായ കൊടുംകാറ്റുകളില്‍ ഇളകാത്തവ. ഞാന്‍ എന്റെ ധ്യാനത്തിന്റെ നിര്‍വൃതിയില്‍ എന്റെ വലകള്‍ നെയ്യുന്നു. എന്റെ അറിവും മനസ്സും ഹൃദയവും ഈ വലയില്‍ വിരിഞ്ഞുനില്‍ക്കുന്നു. ആ ഉള്ളറിവില്‍ ഈ വല തീപോലെ വെട്ടിത്തിളങ്ങുന്നു.“

അവന്‍ പറയുന്നതെല്ലാം അവള്‍ക്ക് മനസ്സിലായോ എന്ന് അവന് ഉറപ്പില്ലായിരുന്നു. അവള്‍ ഒന്നും തന്നെ മിണ്ടിയില്ലെങ്കിലും തന്റെ നൃത്തം തുടര്‍ന്നു. പക്ഷേ അവളുടെ ആനന്ദ നൃത്തത്തില്‍ ഒരു ശോകഭാവം കലരുന്നത് അവന്‍ അറിഞ്ഞു. അവന്റെ കാലുകളിലെ രോമങ്ങള്‍ ആ അറിവില്‍ വിറച്ചു. അവന്‍ തുടര്‍ന്നു.

എനിക്ക് ഒരു സ്വപ്നമുണ്ട്. ഈ മുറികളെ മുഴുവന്‍ വലകള്‍ കൊണ്ട് നിറയ്ക്കുന്ന സ്വപ്നം. ഈ മുറിയില്‍ തലങ്ങും വിലങ്ങും ഞാന്‍ വലനെയ്യും. ആ വലകളുടെ നടുവില്‍, അവയുടെ ഉള്‍വലകളുടെയും നടുവില്‍, നിശബ്ദമായി, സാന്ദ്രമായി, ഞാന്‍ എന്റെ സ്വത്വത്തെ കണ്ടെത്തും.”.

“പിന്നീട് ഈ മുറി വലകള്‍ കൊണ്ടു നിറയുമ്പോള്‍, ഈ വീടിന്റെ ഓരോ മുക്കും മൂലയും ഇടനാഴികളും വലകള്‍ കൊണ്ട് നിറയുമ്പോള്‍, എല്ലാ വീടുകളും വഴിത്താരകളും പൂക്കളും പുല്ലുകളും ഓരോ മണല്‍ത്തരിയും വലകള്‍ കൊണ്ട് നിറയുമ്പോള്‍, സമത്വസുന്ദരമായ ഒരു പുതുലോകം വിരിയും. ലോകം ഒരു നൂലുണ്ടപോലെ ആ വലയില്‍ കുടുങ്ങിക്കിടക്കും. അപ്പോള്‍ ഞാനെന്റെ വലനാരുകള്‍ സൂര്യനിലേയ്ക്ക് എറിയും. അതാണെന്റെ സ്വപ്നം.”

ഒരു പുരാതന സ്വപ്നത്തിന്റെ ഓര്‍മ്മയിലെന്ന പോലെ അവന്റെ സ്വരത്തിന്റെ ഇമ്പം ഉയര്‍ന്നുയര്‍ന്ന് വന്നു. അവളുടെ നൃത്തത്തിന്റെ വേഗതയും കൂടിക്കൂടിവന്നു. അവള്‍ അവന്റെ അടുത്തേയ്ക്ക് വന്ന്,തന്റെ നൃത്തം തുടര്‍ന്നു.

“ക്ഷീരപഥങ്ങള്‍ വലകളെക്കൊണ്ടു നിറയുമ്പോള്‍, ഒരുപക്ഷേ എല്ലാ വലകളും ഒരു പൊട്ടിത്തെറിയില്‍ അവസാനിച്ചേക്കാം. എന്റെ വംശം നിന്നുപോയേക്കാം. വീണ്ടും പ്രകമ്പനം, ചലനം, സൃഷ്ടി, പരിണാമം. കാര്‍ത്തവീര്യാര്‍ജ്ജുനനെപ്പോലെ അഗാധമായ നദികളിലൂടെ തന്റെ ആയിരം കൈകള്‍ വീശി തുഴഞ്ഞ്, ആകാശങ്ങളിലേക്ക് വെള്ളം തെറിപ്പിക്കുന്ന, മരങ്ങളെയെടുത്ത് അമ്മാനമാടുന്ന, നദികളെയും കൊടുങ്കാറ്റുകളെയും തടഞ്ഞു നിറുത്തുന്ന, ഭീമാകാരനായ മറ്റൊരു ചിലന്തി. വീണ്ടും തലമുറകള്‍, വലകള്‍, പ്രകൃതിയുടെ നിലയ്ക്കാത്ത ആന്തോളനം.. ഈ ആന്തോളനങ്ങള്‍ക്കു നടുവില്‍, കാലത്തിനും സമയത്തിനും നടുവില്‍, എന്റെ വലയുടെ നടുവില്‍, ഞാന്‍...”.

“ഞാന്‍ എന്നും ഏകനായിരുന്നു. ഏകാന്തത എന്റെ ആശയങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കി. പക്ഷേ, ഞാന്‍ തളര്‍ന്നുപോവുന്നു. ഇന്ന് ഞാന്‍ ഏകാന്തതയുടെ വേദന അറിയുന്നു”.

ഇന്നലെ, ഈ ഏകാന്തത എന്റെ ഹൃദയത്തെ പിളര്‍ന്നപ്പോള്‍, ഞാന്‍ എന്റെ ഓരൊ കാലുകളും ഈ വലയില്‍നിന്ന് വിടുവിച്ചു. ഒറ്റക്കാലില്‍ ഞാന്‍ അന്തരീക്ഷത്തില്‍ തൂങ്ങിയാടി. നൈരാശ്യത്തിന്റെ ശാന്തതയില്‍, വേദനയില്‍, സമയത്തിന്റെ ദോളനങ്ങളില്‍, ഞാന്‍ എന്റെ ഏട്ടാമത്തെ കാലും വലയില്‍ നിന്ന് വിടുവിച്ചു. കാറ്റ് അതിന്റെ കൈകളിലിട്ട് എന്നെ ഊഞ്ഞാലാട്ടി. ഞാന്‍ എന്റെ മരണത്തെ കണ്ടു. അതിന്റെ നഖങ്ങള്‍ ഇരുട്ടില്‍നിന്ന് എന്നെ ഗാഢാലിംഗനം ചെയ്യുവാനായി കുതിച്ചുവന്നു. പക്ഷേ മരണത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ എന്റെ ഭാവിയെക്കണ്ടു. നീയാണ് എന്റെ ഇന്ന്, നീയാണ് എന്റെ നാളെ. നീയാണ് എന്റെ ആദിയും അന്തവും. നീയാണ് എന്റെ സായൂജ്യം.”

അവള്‍ വീണ്ടും അടുത്തടുത്തുവന്നു. അവന്റെ കാല്‍ നീട്ടി തോടാവുന്ന അത്ര അടുത്ത് അവള്‍ എത്തി. വികാരങ്ങളുടെ പാരമ്യത്തില്‍, ആഹ്ലാദത്തിന്റെ അനന്തമായ ഉയരത്തില്‍, അവളുടെ തേനൂറുന്ന ചുണ്ടുകള്‍ അവന്റെ ചുണ്ടുകളില്‍ തോട്ടു. അവളുടെ ശരീരത്തിലൂടെ ഒരു പ്രകമ്പനം മിന്നല്‍പ്പിണര്‍ പോലെ കടന്നുപോയി. അവളുടെ ചിറകുകളുലഞ്ഞു. പെട്ടെന്ന്, തലമുറകളായി ഊട്ടിയുറക്കിയ ഒരു സ്വപ്നം അവളുടെ ഉള്ളില്‍ ഉണര്‍ന്ന് അവളുടെ തലച്ചോറിലേയ്ക്ക് ഇരച്ചെത്തി, മനസ്സിന്റെ അജ്ഞാതമായ ഏതോ കോണുകളെ തൊട്ടു. ആ സ്വപ്നത്തിന്റെ ഞെട്ടലില്‍, ആ ചുംബനത്തിന്റെ പൂര്‍ണ്ണതയില്‍, അവള്‍ തുറന്നിട്ട ജാലകത്തിലൂടെ തന്റെ നനവാര്‍ന്ന തേന്‍ ചുണ്ടുകളുമായി പറന്നുപോയി.

വിരഹം. വേദനയുടെ അനന്തമായ ഉയരങ്ങള്‍. അവന്റെ ഓരോ കാലുകളും പല കഷണങ്ങളായി പൊട്ടിത്തെറിച്ച്, ശരീരത്തില്‍നിന്നു വേര്‍പെടുന്നതുപോലെ. തന്റെ കണ്മുന്നില്‍ നിന്ന് നൃത്തം ചവിട്ടിയ സ്വപ്നത്തിന്റെ സ്വര്‍ഗ്ഗം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലായതുപോലെ. ആ ചാരവും കനലുകളും അനന്തതയില്‍ നിന്ന് അവന്റെ മനസ്സിലേയ്ക്ക് പാറിവീഴുന്നതുപോലെ. അവന്‍ അഗാധമായ വേദനയില്‍ അലറിക്കരഞ്ഞു. “സ്വപ്നമേ, എന്റെ സ്വപ്നമേ, നീയില്ലാതെ എനിക്കെന്തു വാഴ്വ്?”.

കാറ്റില്‍ വീണ്ടും ഒരു ചിറകടി. മാഞ്ഞുപോയ ഒരു സ്വപ്നത്തിന്റെ അലയൊലികളായിരുന്നുവോ അത്? പക്ഷേ ചിറകടി വീണ്ടും അടുത്തടുത്ത് വന്നു. പൂക്കളുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം. കണ്ണുകള്‍ക്കുമുന്‍പില്‍ ഒരു വര്‍ണ്ണപ്രപഞ്ചം. സ്വപ്നമേ, എന്റെ സ്വപ്നമേ.

പെട്ടെന്ന്, ഒരു ഭൂകമ്പം പോലെ, ചിലന്തിവല കുലുങ്ങി. അവളുടെ നനുത്ത ചിറകുകള്‍ വലയില്‍ കുടുങ്ങി. അവള്‍ വലയില്‍ കിടന്നു പിടച്ചു.

മഞ്ഞുമൂടിയ കണ്ണുകളും മത്തുപിടിച്ച ഹൃദയവുമായി അവന്‍ വലനാരുകളിലൂടെ തെന്നിനീങ്ങി. അവന്‍ അവളെ തോടാവുന്ന അത്ര അകലത്തിലെത്തി. സ്വപ്നമേ, എന്റെ സ്വപ്നമേ.

അവന്‍ അവളുടെ തേന്‍ ചുണ്ടുകളെ ചുംബിച്ചു. നീ എത്ര സുന്ദരിയാണ്. നിന്റെ സൌന്ദര്യം എന്റെ മനസ്സിനെ മത്തുപിടിപ്പിക്കുന്നു. അവന്‍ പതിയെ ആ ഗാഢമായ നീണ്ട ചുംബനത്തില്‍ നിന്ന് തന്റെ ചുണ്ടുകള്‍ വിടര്‍ത്തി. അവന്റെ ചുണ്ടുകളില്‍ ചോര പുരണ്ടിരുന്നു. അവളുടെ മാറിടം ഒരു ചുടുനിശ്വാസത്തിലുലഞ്ഞു. അവള്‍ ഒരു ഗാഢാലിംഗനത്തിനായി തന്റെ കൈകള്‍ ഉയര്‍ത്തി.

“നീ എത്ര സുന്ദരിയാണ്. നിന്റെ സൌന്ദര്യത്തിന് ഈ ചിറകുകള്‍ വേണ്ട.“ ഒരു നിമിഷാര്‍ധത്തില്‍ അവന്റെ കാലുകള്‍ ഒരു വാളുപോലെ ചലിച്ച് അവളുടെ ചിറകുകള്‍ ശരീരത്തില്‍ നിന്ന് അരിഞ്ഞുമാറ്റി. പക്ഷേ ആ വേദനയുടെ പാരമ്യത്തിലും അവളുടെ കൈകള്‍ അവനെ ആലിംഗനം ചെയ്തിരുന്നു.

അവന്‍ ആ ആലിംഗനത്തിന്റെ ഗാഢതയില്‍ അവളുടെ കഴുത്തില്‍ ചുംബിച്ചു. സ്വപ്നമേ, എന്റെ സ്വപ്നമേ.. അവന്റെ പല്ലുകളില്‍ രക്തം നിറഞ്ഞു. രക്തം അവന്റെ തലച്ചോറിലേയ്ക്കും എട്ടുകാലുകളിലേയ്ക്കും അരിച്ചിറങ്ങി. അവളുടെ ശരീരം ഒന്ന് ഗാഢമായി ഉലഞ്ഞ് വലയുടെ ഉന്നതങ്ങളില്‍ നിന്ന് താഴേയ്ക്കുവീണു.

അവന്‍ അനന്തമായ വേദനയില്‍ ഉറക്കെ കരഞ്ഞു. അവന്റെ ആര്‍ത്തനാദം ദിക്കുകളെ കുലുക്കി. സ്വപ്നമേ, എന്റെ സ്വപ്നമേ. നഷ്ടബോധം സ്പന്ദനങ്ങളായി, അലകളായി, ഒരു കൊടുങ്കാറ്റായി, ഒരു പേമാരിയായി അവന്റെ മനസ്സില്‍ പെയ്തു. പക്ഷേ ഒരു യന്ത്രമെന്ന പോലെ അവന്റെ കാലുകള്‍ വലയിലെ പൊട്ടിയ കണ്ണുകള്‍ നേരെയാക്കിക്കൊണ്ടിരുന്നു. വെളിച്ചം വെള്ളി വലകളെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.

വേദന സാന്ദ്രമായി മൌനമായി ഉറഞ്ഞു.വലയുടെ നടുവില്‍ അവന്‍ എട്ടുകാലുകളും വിരിച്ച് ധ്യാനിച്ചു.

കാറ്റിനു നടുവില്‍, വീണ്ടും ഒരു ചിറകടി. ജനാലയിലൂടെ മറ്റൊരു പൂമ്പാറ്റ. അവന്റെ മനസ്സില്‍ ഒരായിരം വര്‍ണ്ണമഴ.

ഉള്ളിലേയ്ക്ക് ചൂഴ്ന്നുനോക്കുമ്പോള്‍

അവര്‍ നൃത്തം ചെയ്തു. ഒരു വിദഗ്ധനെപ്പോലെ അവന്‍ നൃത്തത്തളത്തില്‍ ഒഴുകിനടന്നു. ഒരു റോസാപ്പൂത്തണ്ട് തന്റെ അരിപ്പല്ലുകള്‍ക്കിടയില്‍ കടിച്ചുപിടിച്ച് മുഖത്തോടു മുഖം ചേര്‍ത്ത് അവന്‍ ആ പൂവ് അവളുടെ മുഖത്തിനു കുറുകേ ഉരുമ്മി. അവള്‍ക്ക് അവനെന്നാല്‍ ആത്മവിശ്വാസത്തിന്റെയും പൌരുഷത്തിന്റെയും പ്രതിരൂപമായിരുന്നു. ഒരു യഥാര്‍ത്ഥ മനുഷ്യന്‍.

അവന്‍ അവളെ ചേര്‍ത്തുപിടിച്ച് പതിയെ ചുരുങ്ങിവരുന്ന വൃത്തങ്ങളില്‍ നൃത്തം ചെയ്തു. അവള്‍ അവന്റെ ചെവിയില്‍ മന്ത്രിച്ചു. “രഘൂ, എനിക്കു നിന്റെ കോട്ടിന്റെ അകത്തുകയറണം. എന്നിട്ട് എനിക്കു നിന്റെ അടിയുടുപ്പുകള്‍ക്കും ഉള്ളില്‍ എത്തണം”. അവന്‍ ചിരിച്ചു, എന്നിട്ട് നൃത്തം ചെയ്ത് അവളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ അവള്‍ അവനെ നൃത്തത്തില്‍ തന്നെ വലിച്ച് നൃത്താങ്കണത്തിന്റെ ഒരു ഇരുണ്ട കോണിലേയ്ക്കു കൊണ്ടുപോയി.

സംഗീതം ഒഴുകി. നദിയില്‍ പതിയെ നൃത്തംവയ്ക്കുന്ന പുഷ്പദലങ്ങളെപ്പോലെ സംഗീതം വായുവില്‍ തളംകെട്ടിനിന്നു. അവന്‍ അവളുടെ കണ്ണുകളിലേക്കുനോക്കി. അവള്‍ക്കുചുറ്റുമുള്ള ലോകമെല്ലാം ഉരുകിപ്പോയി. അവള്‍ അവന്റെ കോട്ട് വലിച്ചൂരി നിലത്തെറിഞ്ഞു.


ഷര്‍ട്ടില്‍ പിടിച്ച് അവനെ വലിച്ചടുപ്പിച്ച് അവള്‍ വീണ്ടും മന്ത്രിച്ചു. “എനിക്ക് ഈ ഉടുപ്പുകള്‍ക്കുള്ളില്‍ എന്താണെന്ന് അറിയണം”. അവളവന്റെ ഷര്‍ട്ട് വലിച്ചുകീറി. പക്ഷേ അവളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ തിളങ്ങുന്ന ഷര്‍ട്ടിനുള്ളില്‍ മറ്റൊരു തിളങ്ങുന്ന ഷര്‍ട്ട് തെളിഞ്ഞു. അവള്‍ അതും വലിച്ചുകീറി. ഷര്‍ട്ടുകള്‍ക്കുള്ളില്‍ ഷര്‍ട്ടുകളുടെയും ആഭരണങ്ങളുടെയും ഒരു നിര. ഓരോന്നും പുറത്തുള്ളതില്‍ നിന്നും വ്യത്യസ്ഥം, എല്ലാം തിളങ്ങുന്നവ, പക്ഷേ അകത്തേയ്ക്കു ചെല്ലുംതോറും തിളക്കം കുറഞ്ഞുകുറഞ്ഞുവന്നു.


ഇപ്പോള്‍, അവള്‍ കുപ്പായങ്ങളുടെ പാളികള്‍ വലിച്ചുകീറുംതോറും നേരത്തെ സുമുഖനും ആത്മവിശ്വാസം നിറഞ്ഞവനുമായ യുവാവ് ചുരുങ്ങിക്കൊണ്ടിരുന്നു. മുഖം മാറി, രൂപം മാറി, എങ്കിലും അവന്റെ തന്നെ വളരെ ചുരുങ്ങിയ ഒരു രൂപം. അവളുടെ ശരീരത്തിന്റെ ചോദനകള്‍ ജിജ്ഞാസയിലേയ്ക്ക് വഴിമാറി. അവള്‍ ഉള്‍ക്കുപ്പായങ്ങള്‍ വലിച്ചുകീറിക്കൊണ്ടേയിരുന്നു.

ഇപ്പോള്‍ അവള്‍ 20-ആ‍മത്തെയോ 30-ആമത്തെയോ പാളിയിലെത്തി. തിളങ്ങുന്ന കുപ്പായങ്ങള്‍ക്കു പകരം ഏതോ വിദൂര ഭൂതകാലത്തിലെ ദുഷിച്ച, കറപിടിച്ച കുപ്പായങ്ങള്‍ മാത്രമായിരുന്നു ബാക്കി. അവന്റെ പരിവേദനങ്ങള്‍ക്കും പരാതികള്‍ക്കും ചെവി കൊടുക്കാതെ അവള്‍ ഏറ്റവും ഒടുവിലെ തുണിയുടെ പാളിയും വലിച്ചുകീറി. അതിനുള്ളില്‍ അവള്‍ അറിയുന്ന അവനല്ലായിരുന്നു, മറിച്ച്, എല്ലുകള്‍ ഉന്തി, ഭയന്നുവിറയ്ക്കുന്ന, വേദനകൊണ്ട് മോങ്ങുന്ന, ഒരു ചെറിയ പട്ടിയായിരുന്നു. സംഗീതം നിലച്ചുകഴിഞ്ഞിരുന്നു. മധുശാല വിജനമായിക്കിടന്നു. “നാശം” - അവള്‍ ദേഷ്യം കൊണ്ടുവിറച്ചു. അടക്കാനാവാത്ത നൈരാശ്യം കൊണ്ടും കോപം കൊണ്ടും അവള്‍ ആ പട്ടിയെ ശക്തിയായി തൊഴിച്ചു. വേദനകൊണ്ട് പുളഞ്ഞ് ഒന്നുറക്കെ ഓരിയിട്ട് പട്ടി ദൂരേയ്ക്കു ഞൊണ്ടി ഞൊണ്ടിപ്പോയി. തിളങ്ങുന്ന വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഇടയ്ക്ക് ആശ്വാസത്തിന്റെ ഒരു ദീര്‍ഘനിശ്വാസം വിട്ട്, ചതഞ്ഞരഞ്ഞ റോസാപ്പൂവ് നിലത്തുനിന്ന് എടുത്ത് അവള്‍ നടന്നുമറഞ്ഞു.

പ്രണയം, പരിണാമം

കൈപിടിച്ചു നടന്നപ്പോള്‍ വിടര്‍ന്ന കണ്ണുകളുയര്‍ത്തി കണ്ണിലേക്കു നോക്കിയ അവളോട് പതുക്കെ പറഞ്ഞു. കൈപിടിക്കുന്നതും പ്രണയിക്കുന്നതും പരിണാമത്തിന്റെ ഓരോ തന്ത്രങ്ങളാണ്. ഇണചേരാനുള്ള തന്ത്രങ്ങള്‍. വംശം നിന്നുപോവാതെയിരിക്കാൻ പ്രകൃതി ഒളിപ്പിച്ച തന്ത്രങ്ങളല്ലേ ഇതൊക്കെ. ഒടുവില്‍ കിടപ്പറയിലെത്തി വിയര്‍പ്പൊഴുക്കി ജനിമൃതികളുടെ ചങ്ങല നീട്ടിക്കൊണ്ടു പോവാനുള്ള ഗൂഢതന്ത്രങ്ങള്‍.

അപ്പോള്‍ പ്രണയമോ? അതും ഒരു പരിണാമത്തിന്റെ തന്ത്രം. സ്നേഹവും വിഷാദവുമൊക്കെ തലച്ചോറിലുണ്ടാവുന്ന ഓരോ രാസ മാറ്റങ്ങളല്ലേ. ഇപ്പൊ തന്നെ ചിരിക്കുവാനും വിഷാദമകറ്റുവാനും ദു:ഖിക്കാനും കരയുവാനുമൊക്കെ മരുന്നുകള്‍ കടയില്‍ കിട്ടുമല്ലോ. നാളെ പ്രണയത്തിനുമുള്ള മരുന്നുമുണ്ടാവും.

ഈ രസതന്ത്രമല്ലാതെ ഒന്നുമില്ലേ? ഇല്ല, മറ്റൊന്നുമില്ല. നമ്മള്‍ വിഷമിക്കുന്നതും ചിന്തിക്കുന്നതും ചലിക്കുന്നതും എല്ലാം തന്നെ പ്രകൃതി എന്ന ഭീമാകാര ജീവിയുടെ നിലനില്‍പ്പിനുള്ള തന്ത്രങ്ങള്‍ മാത്രം.

ഓരോ മരണം കാണുമ്പൊഴും ദു:ഖിക്കുന്നത് നമ്മുടെ മരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ടല്ലേ. വഴിയോരത്തെ ഓരോ അപകടങ്ങള്‍ കണ്ട് ഞെട്ടുന്നതും അവിടെ നിലത്തു കിടക്കുന്നത് നമ്മളായാലോ എന്നുള്ള ഓര്‍മ്മകളല്ലേ. ഓരോ ജനനത്തിലും സന്തോഷിക്കുന്നതും പ്രകൃതിയുടെ പരിപാലനത്തിനുള്ള, നിലനില്‍പ്പിനുള്ള ഓരോ തന്ത്രങ്ങളല്ലേ. കൂട്ടുകൂടുന്നതും ചിലരെ മഞ്ചലിലേറ്റുന്നതും മറ്റു ചിലരെ കൊലയാളിയെന്നു വിളിച്ച് തൂക്കിലേറ്റുന്നതും ഒക്കെ പ്രകൃതിയുടെ നിലനില്‍പ്പു തന്ത്രങ്ങള്‍ മാത്രം. മരണമില്ലാത്തത് അവനുമാത്രമല്ലേ.

അവള്‍: ഈ ഡാര്‍വിനും രസതന്ത്രവുമല്ലാതെ മറ്റൊന്നുമില്ലേ? എന്റെ ഓര്‍മ്മകളില്‍ നീ നിറയുന്നതും ഉടുപ്പിനുള്ളില്‍ നിന്റെ വിരലുകള്‍ പായുമ്പോള്‍ ഞാന്‍ പുളയുന്നതും ഒക്കെ രസതന്ത്രമെന്നോ? നിന്റെ നിശ്വാസം എന്റെ കഴുത്തില്‍ വീഴാന്‍ കൊതിച്ച് രാത്രികളില്‍ ഞാന്‍ കരഞ്ഞതോ? ഒക്കെ ക്രൂരനായ പ്രകൃതിയുടെ ഫലിതങ്ങളാണോ?

അല്പനേരത്തെ മൌനത്തിനു ശേഷം അവൾ തുടർന്നു. “നമുക്ക് ഒന്ന് അമ്പലത്തില്‍ പോവാം“.

അവന്‍ ഒന്നും മിണ്ടിയില്ല. ക്ഷേത്രത്തിനുള്ളില്‍ കയറാതെ പരിണാമവാദിയായ അവന്‍ പുറത്തുനിന്നു. എന്തു ദൈവം. അബലനായ മനുഷ്യന്റെ പ്രയാണത്തില്‍ മനുഷ്യന്‍ കണ്ടുപിടിച്ച ഒരു വഴിത്താങ്ങ്. അവനു പുച്ഛം തോന്നി.

അമ്പലത്തിലെ അരയാലിലകള്‍ ഒരു കുളിര്‍കാറ്റിലിളകി. അമ്പലത്തിനുള്ളില്‍ നിന്ന് മധുരമായ മുരളീനാദമുണര്‍ന്നു. സൃഷ്ടിയുടെ ആദിമശബ്ദം അവന്റെ കാതുകളില്‍ അലതല്ലി. കുളിച്ച് ഈറനുടുത്ത് അമ്പലത്തെ ഒന്ന് വലംവെച്ചുവന്ന അവള്‍ അവനെ നിമിഷാര്‍ദ്ധത്തില്‍ ഒന്നു നോക്കി. വലിയ കണ്മിഴികള്‍ പകുതി തുറന്ന്, മന്ദഹാസത്തിന്റെയും വിഷാദത്തിന്റെയും ഇടയ്ക്കുള്ള ഒരു വികാരം മുഖത്തോളിപ്പിച്ച്, പ്രണയാതുരമായ ഒരു നോട്ടം. എന്തൊക്കെയോ ഓര്‍മ്മകളുടെ പുഞ്ചിരി ആ മുഖത്തു തിളങ്ങി. തലതാഴ്ത്തി അവള്‍ ക്ഷേത്രത്തെ വീണ്ടും വലംവെച്ചു. അനിര്‍വചനീയമായ ഒരാ‍നന്ദം. ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരായിരം വികാരങ്ങളുടെ തായമ്പക. നമ്രശിരസ്കനായി അവള്‍ക്കു പിന്നാലെ അവന്‍ ക്ഷേത്രത്തിനുള്ളിലേക്കു നടന്നു.

പ്രണയം, ബസ് സ്റ്റോപ്പില്‍

ചില ആള്‍കാര്‍ സന്തോഷത്തോടെ ജീവിച്ച്, സന്തോഷത്തോടെ മരിക്കും. വേറെ ചില ആള്‍ക്കാര്‍ ഒരുപാട് കഷ്ടപ്പെട്ട്, നരകിച്ച്, ഒന്നു വിങ്ങി മരിക്കും. അത് ഓരോ ആള്‍ക്കാരുടെയും സ്വഭാവം നോക്കിയാല്‍ വളരെ നേരത്തേതന്നെ അറിയാം. ജന്മസ്വഭാവത്തിന്റെ കാമ്പ് പട്ടീടെ വാലുപോലെയാണ്. ചത്താലും മാറൂല്ല.
ഉദാഹരണത്തിന് എന്റെ കാര്യം തന്നെ എടുക്കാം. കടുപ്പിച്ച് ഒരു തീരുമാനം എടുക്കാന്‍ അറിഞ്ഞുകൂടാ. മനസ്സ് മെഴുകുപോലെ ആണ്. എങ്ങോട്ടുവേണമെങ്കിലും വളയും. ഉറപ്പിച്ച് സിഗരറ്റുവലിക്കൂല്ലാ എന്നെടുക്കുന്ന തീരുമാനത്തിന്റെ ആയുസ്സ് അടുത്ത ബീഡിക്കട വരെയേ ഉള്ളൂ. എന്റെ അടുത്ത അഞ്ചുവര്‍ഷം (ഞാന്‍ ദാ ആ മരച്ചുവട്ടില്‍ വെറുതേ ഇരിക്കുന്നു) പത്തുവര്‍ഷം (ഭാര്യ വീട്ടിലിരുന്നു കരയുന്നു, നെടുവീര്‍പ്പിടുന്നു, ഞാന്‍ അതേ മരച്ചുവട്ടില്‍ വെറുതേ ഇരിക്കുന്നു), ഇരുപതു വര്‍ഷം (ഭാര്യയും മക്കളും കരച്ചില്‍, ഞാന്‍ മരച്ചുവട്ടില്‍), എല്ലാം വളരെ പ്രവചനീയമാണ്. ഭൂതക്കണ്ണാടിയിലൂടെ സൂക്ഷിച്ചു നോക്കിയാല്‍ മതി, ഭാവി മുഴുവനും കാണാം. ഒന്നും മാറൂല്ല. ജന്മസ്വഭാവത്തില്‍ ഒരു കള്ളമോ കള്ളക്കളിയോ ഇല്ല. ചുരുക്കത്തില്‍ ഇവന്‍ നന്നാവൂല്ലാ എന്ന് ദൈവം എന്റെ നെറ്റിയില്‍ എഴുതി ഒപ്പിട്ടു എന്നര്‍ത്ഥം.

അങ്ങനെയുള്ള ഞാന്‍ ഒരു പെണ്കുട്ടിയെ പ്രേമിച്ചാല്‍ എങ്ങനെ ഇരിക്കും?

ചിരിക്കരുത്, ഒന്നും ഊഹിക്കരുത്. പുച്ഛം അരുതേ അരുത്. ഇത് എന്റെ ഹൃദയത്തിനു വളരെ അടുത്ത കാര്യം ആണേ, അതുകൊണ്ടാണ്. പ്രണയം എനിക്ക് എന്നും സ്വര്‍ഗ്ഗത്തിലെ ഊഞ്ഞാ‍ലാട്ടം ഓലെ ആയിരുന്നു. മേഖങ്ങളില്‍ മുങ്ങിപ്പൊങ്ങി, അപ്പൂപ്പന്‍ താടിപോലെ, കാറ്റില്‍ ഉലഞ്ഞ്, അങ്ങനെ. ചുരുക്കത്തില്‍ ഞാന്‍ ആരെയും പ്രേമിച്ചിട്ടില്ലെന്നു പറയാം. എങ്കിലും ഈ മരച്ചോട്ടില്‍, ബെഞ്ചില്‍, ബസ്സുകാത്തിരിക്കുമ്പോള്‍, പ്രേമം വരുമല്ലോ.

പ്രണയത്തിന്റെ ചുറ്റുപാട് വളരെ കാല്‍പ്പനികമാണ്. ബസ്സ് സ്റ്റോപ്പില്‍ അധികം ആരുമില്ല. രണ്ടു മീങ്കാരികള്‍. ഒരപ്പൂപ്പന്‍. പിറകിലെ ചായക്കടയില്‍ “നീരാടുവാന്‍, നിളയില്‍ നീരാടുവാന്‍” എന്ന് റേഡിയോ പാടുന്നു. ബസ്സാണെങ്കില്‍ വരുന്നേയില്ല. സന്ധ്യ ആവാറായില്‍. ഞാനാണെങ്കില്‍ വീട്ടില്‍ തിരിച്ചെത്തി നോവല്‍ വായിക്കുന്നതും, ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും തിന്നുന്നതും ഒക്കെ വിചാരിച്ച് ഇങ്ങനെ മരവും ചാരിനില്‍ക്കുന്നു.

വെറുതേ വീണ്ടും ബസ്സ് സ്റ്റോപ്പിലേക്കു നോക്കിയപ്പോള്‍ അവള്‍. എവിടെനിന്നു പ്രത്യക്ഷപ്പെട്ടു എന്ന് അറിയില്ല. എവിടെയോ മുന്‍പ് കണ്ടപോലെ, നല്ല പരിചയം. ഒരുപാട് സ്വപ്നങ്ങളില്‍ ഈ മുഖം കണ്ടതാവാം. ജീവിത സഖിയെ പലവെട്ടം സ്വപ്നത്തില്‍ മെനഞ്ഞ്, മുഖവും ശരീരവും ആ ചിരിയുമൊക്കെ ഞാന്‍ തനിയേ മനസ്സില്‍ വരച്ചതാവാം. എന്തായാലും ഇപ്പോഴവള്‍ സ്വപ്നവും സങ്കല്പവുമൊന്നും അല്ലാതെ, രക്തവും മാംസവും സാരിയുമായി, എന്നാലും ഒരു സ്വപ്നം പോലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നു. ചക്രവാളം പോലെ വളഞ്ഞ വഴിയിലോട്ട് ആരെയോ തിരക്കുന്ന പോലെ ഇടക്കിടയ്ക്ക് നോക്കുന്നു. എന്റെ മനസ്സില്‍ പ്രണയത്തിന്റെ പൂമ്പൊടി ഒരു മഴപോലെ ചാറിത്തുടങ്ങുന്നു.

നിങ്ങള്‍ക്കു തോന്നുന്നുണ്ടാവും ഞാന്‍ ഒരു സ്ത്രീലമ്പടനാണെന്ന്. കാണുന്ന പെണ്ണുങ്ങളെയൊക്കെ കേറി പ്രേമിക്കന്‍. തെറ്റി. അങ്ങനെയല്ല. ഞാന്‍ ഒരു സിനിമാനടിയെപ്പോലും പ്രേമിച്ചിട്ടില്ല. അലമാരയില്‍ പൂട്ടിവെച്ചിരിക്കുന്ന കളിപ്പാട്ടങ്ങളോട് എനിക്ക് ഒരു കൊതിയും തോന്നിയിട്ടില്ല. പക്ഷേ കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു പാവക്കുട്ടി - അതെന്നും എന്റെ സ്വപ്നമായിരുന്നല്ലോ.

ബസ്സ് സ്റ്റോപ്പിലെ പെണ്‍കുട്ടി. ആദ്യനോട്ടത്തിലെ അനുരാഗം. നാളെയൊരുപക്ഷേ അവള്‍ എന്നെനോക്കി മന്ദഹസിക്കുകയും, എന്റ്റെ മക്കളുടെ അമ്മയാവുകയും, ആ മെലിഞ്ഞുനീണ്ട വിരലുകള്‍ എന്റെ തലമുടിയിലൂടെ ഓടിക്കുകയും, എന്റെ ചെവിയില്‍ ഒരു രഹസ്യം പറയുകയും, അപ്പോഴവളുടെ ചുടുനിശ്വാസം കവിളില്‍ തട്ടി എന്റെ എല്ലാ രോമങ്ങളും എഴുന്നേറ്റു നില്‍ക്കുകയും ചെയ്തേക്കാം.

എനിക്കവളോടു മിണ്ടണം. എന്തു മിണ്ടും? അവളുടെ ചിരിയുടെ വശ്യതയില്‍ ഞാനുരുകി എന്നു പറഞ്ഞാലോ? ഛെ, ഛെ, ബോറന്‍ ഡയലോഗ്. അവളുടെ സാരി മനോഹരമായിരിക്കുന്നു എന്നു പറഞ്ഞാലോ? എനിക്കവളെ ആദ്യനോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും, അവളെ വിവാഹം കഴിക്കണമെന്നും, അവളോടൊത്ത് വീട്ടിന്റെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ചൂരല്‍ കസാ‍രയിലിരുന്ന് കപ്പലണ്ടി തിന്നണമെന്നും പറഞ്ഞാലോ? ഞാന്‍ ഇങ്ങനത്തെ ഡയലോഗുകള്‍ ഒക്കെ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമയില്‍ കോമളനായ നായകന്‍ ഇതു പറയുമ്പോള്‍ പല നായികമാരും ചിരിച്ച്, നാണിച്ച്, കാല്‍നഖം കൊണ്ടു ചിത്രം വരക്കുകയും മുഖം പൊത്തുകയും, പൊട്ടിച്ചിരിച്ച് വിദൂരതയിലേക്ക് ഓടിപ്പോവുകയും ചെയ്യാറുണ്ട്. പക്ഷേ മറ്റുപല നായികമാരും ഇംഗ്ലീഷില്‍ ചീത്തവിളിക്കുകയും, കരയുകയും, നായകന്റെ മുഖത്തടിക്കുകയും ചെയ്യാറുണ്ടല്ലോ. അവള്‍ കോപിച്ചാലോ? ഞാന്‍ ഉരുകിപ്പോവില്ലേ? എന്റെ നെറ്റിയും കൈപ്പത്തിയും വിയര്‍ക്കുന്നു. സമയം എത്രയായി എന്നു ചോദിച്ചാലോ? ബസ്സ് എപ്പൊ വരും എന്നു ചോദിച്ചാലോ? കുട്ടീ, കുട്ടീടെ പേരെന്താ എന്നു ചോദിച്ചാലോ? രണ്ട് അപരിചിതര്‍ ആദ്യമായി തമ്മില്‍ കാണുമ്പോള്‍ എന്തൊക്കെയാണ് ചോദിക്കുക. എനിക്ക് ഒരു പിടിയും ഇല്ല. ഒരു പുസ്തകവും എന്നെ പഠിപ്പിച്ചിട്ടുമില്ല. അവളെ നൊക്കി ഒന്നു വശ്യമായി ചിരിച്ച് അവള്‍ ചിരിക്കുമോ എന്നു നോക്കിയാലോ? ദൈവമേ എന്തൊരു വീര്‍പ്പുമുട്ടല്‍. അവള്‍ ചിരിച്ചില്ലെങ്കിലോ? ഒന്ന് ചുമച്ച് ശബ്ദമുണ്ടാക്കി അവള്‍ തിരിഞ്ഞുനോക്കുമോ എന്നു നോക്കിയാലോ? പിന്നെ എന്തൊക്കെ സംസാരിക്കും. ഞാനാരാണെന്നും എന്റെ പേര് എന്താണെന്നും പറഞ്ഞാലോ? എന്റെ പേര് ഒരു നല്ല പേരല്ലെങ്കിലോ? മറ്റൊരു പൂവാലന്‍ എന്നു കരുതി അവള്‍ മുഖം തിരിക്കൂല്ലേ.

ഇതെന്തേ ഞാന്‍ ഇങ്ങനെ? ഇതുവരെ ഞാന്‍ സ്ത്രീകളെ കണ്ടിട്ടില്ലേ? ആദ്യമായാണോ ബസ് സ്റ്റോപ്പും ഒരു പെണ്‍കുട്ടിയുമൊക്കെ. ഇതാ ഒരു ബസ്സ് വന്ന് രണ്ടു ബെല്ലടിച്ച് പോവുന്നു. വീട്ടില്‍ പോവണ്ടേ? ചപലന്‍. പക്ഷേ ഏകാന്തതയില്‍ പ്രണയത്തിന്റെ ഒരു തൂവല്‍ എന്നെ തലോടാന്‍ ഞാന്‍ ഒരുപാട് ആശിച്ചുവല്ലോ. വീണ്ടും ബസ്സുകള്‍ വരുന്നു, പോവുന്നു. എന്റെ ജീവിതത്തിലെന്താ ആരും വരാത്തതും പോവാത്തതും? എനിക്കുചുറ്റും പെയ്ത മഴയിലും ഞാന്‍ മാത്രം എന്തേ നനയാതെ, വരണ്ടുപോവുന്നത്?

അവള്‍. ഒതുങ്ങിയ ഉടല്‍. സര്‍പ്പസൌന്ദര്യം പത്തിവിടര്‍ത്തിയാടുന്നു. തലയില്‍ ഇന്ദ്രനീലം ജ്വലിക്കുന്നു. എന്റെ ശരീരമാകെ വിയര്‍ക്കുകയും ശ്വാസം വേഗത്തിലാവുകയും ചെയ്യുന്നു. അവളുടെ സൌന്ദര്യം നിലാവുപോലെ എന്നെ ചൂഴ്ന്ന് നെഞ്ചില്‍ ഒരു പിടച്ചിലാവുന്നു. മുടിയഴിച്ചിട്ട ഒരു യക്ഷിയായി നീ എന്നെ വാരിയെടുക്കുകയും പനമുകളിലിരുന്ന് എന്നെ ലാളിക്കുകയും, എന്റെ അസ്ഥികള്‍ വാരി താഴേക്കെറിയുകയും ചെയ്തെങ്കില്‍. ദേഹമില്ലാതെ എന്റെ പ്രാണന്‍ ഒരു ചിത്രശലഭമായ് പാറി നിന്റെ മുടിയിലിരുന്നെങ്കില്‍..

അവസാനത്തെ ബസ്സ്. വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും കൂടാരം. എന്റെ വീട് വേറെയേതോ ഒരു ലോകത്താണെന്നു തോന്നുന്നു. അവസാനത്തെ യാത്രക്കാരനും കയറുന്നു. അവള്‍ അനങ്ങുന്നില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശിലാപ്രതിമ പോലെ അനങ്ങാതെ ദൂരേക്കു നോക്കുന്നു. കണ്ടക്ടര്‍ ഏതോ സ്ഥലത്തിന്റെ പേരു വിളിക്കുന്നു. ഓര്‍മ്മയിലെവിടെയോ ആരോ അവിടെയല്ലേ നിന്റെ വീട്? എന്നു ചോദിക്കുന്നു. തിനാളത്തിനു ചുറ്റും പറക്കുന്ന പ്രാണി, സൂര്യനുചുറ്റും കറങ്ങുന്ന ഭൂമി, ഇവര്‍ക്കൊക്കെ എന്തു വീട്, എന്തു കൂട്? ഈ നദീതീരത്തെ കറ്റില്‍ നിന്ന് ഞാനേതുമരുഭൂമി തേടിപ്പോവണം? നിന്റെ ഒരു പുഞ്ചിരിയിലുരുകി, അലിഞ്ഞലിഞ്ഞ് ഞാന്‍ ഇവിടെ ലയിക്കട്ടെ. കണ്ടക്ടര്‍ എന്നെ ഒരു വിചിത്ര വസ്തുവിനെപ്പോലെ സാകൂതം നോക്കുന്നു, ഇരട്ടമണിയടിക്കുന്നു. കാലപാശം പോലെ ലക്ഷ്യം എന്നെ കൊളുത്തിവലിക്കുന്നു. വിദൂരതയില്‍ ഏതോ വീടും പുസ്തകങ്ങളും സ്ഥലങ്ങളും എല്ലാം മങ്ങുകയും തെളിയുകയും ചെയ്യുന്നു. സൂര്യനെനോക്കുന്ന സൂര്യകാന്തിയെപ്പോലെ

അനങ്ങാതെ, മുഖം മാറ്റാതെ, കണ്ണിമചിമ്മാതെ, ഞാന്‍ നില്‍ക്കുന്നു. ബസ്സിന്റെ ശബ്ദം പയ്യെ മറയുന്നു. ശബ്ദത്തിനുശേഷം വീണ്ടും ശാന്തത.

വീണ്ടും മെല്ലെ വെളിച്ചം. സായംസന്ധ്യയില്‍ വെളിച്ചം വിതറിക്കൊണ്ട്, ചക്രവാളത്തിലൂടെ, മെല്ലെ പുഷ്പകവിമാ‍നം താഴേക്ക് ഇറങ്ങിവന്നു. സ്വര്‍ണ്ണചക്രങ്ങളും മനം മയക്കുന്ന മധുരസംഗീതവും. സര്‍വ്വാഭരണവിഭൂഷിതനായി, പ്രൌഢനായി, തന്റെ പത്തു തലകളിലും മന്ദഹാസം തൂകി രാവണന്‍ പുഷ്പകവിമാനത്തിന്റെ ചില്ല താഴ്ത്തുന്നു. പിളര്‍ന്നുപോകുന്ന ഭൂമിയില്‍ പതിയെ കാലുകളമര്‍ത്തി അവള്‍ തെന്നിനീങ്ങുന്നു. രാവണനെ നോക്കി എന്തേ ഇത്ര വൈകിയതെന്നു പരിഭവിക്കുന്നു. പുഷ്പകവിമാനത്തിന്റെ വാതില്‍ തുറക്കുന്നു. ആയിരം അസുരന്മാര്‍ ആകാശത്തുനിന്ന് ശംഖധ്വനികള്‍ മുഴക്കുന്നു. ദേവന്മാര്‍ പുഷ്പവര്‍ഷം നടത്തുന്നു. ഭൂമി ചുറ്റും നിന്ന് കത്തുന്നു. ലക്ഷ്മണനും ഹനുമാനുമില്ലാതെ, വനവും രാമരാജ്യവുമില്ലാതെ, ആരോരുമില്ലാതെ, രാമന്റെ ദേഹം വിറയ്ക്കുന്നു. മരുഭൂമിയുടെ നടുവില്‍, കണ്ണെത്താത്ത മണല്‍പ്പരപ്പില്‍, രാത്രിയില്‍, കൂട്ടിന് ചന്ദ്രനോ നക്ഷത്രങ്ങളോ പോലുമില്ലാതെ, ഒറ്റയ്ക്ക് സഞ്ചാരിയുടെ കാലുകള്‍ തളരുന്നു. ദേഹം പതിയെ ബസ്സ് സ്റ്റോപ്പിലെ ബെഞ്ചിലേക്ക് ചരിയുന്നു. എല്ലാമറിയുന്ന ആല്‍മരം മെല്ലെ ഇലകള്‍കുലുക്കി കലമ്പല്‍ കൂട്ടുന്നു. മെല്ലെ, ഒരാലില, കാറ്റിലൂടെ ഉതിര്‍ന്ന് താഴേയ്ക്കു വീഴുന്നു.

കണ്ണന്‍

കൂട്ടുകാരന്റെ വീട്ടിന്റെ മുറ്റം കടക്കുമ്പൊ അവന്റെ മകന്‍ മുറ്റത്തിരുന്ന് മണ്ണുവാരി തിന്നുന്നു. കുട്ടിയുടെ കൈ കടന്നുപിടിച്ച് മോന്റെ പേരെന്താ എന്നു ചോദിച്ചപ്പോ അവന്‍ ചിരിച്ചുകൊണ്ട് കണ്ണന്‍ എന്നു പറഞ്ഞു. മണ്ണു തിന്നാതെ, വായ കാട്ട് എന്നു പറഞ്ഞപ്പൊ അവന്‍ വീണ്ടും ചിരിച്ചു. ഉണ്ണിക്കണ്ണന്റെ വായ തുറന്ന് ഈരേഴു പതിനാലു ലോകവും അതില്‍ കിടന്ന് കറങ്ങുന്നതു കാണാനുള്ള ശക്തിയില്ലാതെ പാപാത്മാവായ ഞാന്‍ പടികടക്കാതെ തിരിഞ്ഞു നടന്നു.

Google