റാഖയിൽ സമയം വൈകിട്ട് നാലുമണി. ഇന്ന് യൂസഫ് ഗമാലിന്റെ വിവാഹമാണ്. ഈ വീട് നോക്കൂ, ഇവിടെ ഇന്നൊരു വിവാഹമുണ്ടെന്ന് പറയില്ല. മണ്ണിന്റെ നിറമുള്ള വീടിനു മുൻപിൽ കസേരകളും ഒരു പഴയ സോഫയും നിരത്തിയിരിക്കുന്നു. ഏതോ ആക്രമണത്തില്‍ വെടിച്ച ചുമരിലെ വിള്ളലുകൾ സിമന്റ് തേച്ച് അടച്ചിട്ടുണ്ട്. ഡെക്കറേഷൻ ലൈറ്റ് തൂക്കിയിട്ടുണ്ടെങ്കിലും കത്തിച്ചിട്ടില്ല. വീടിനു മുന്നിൽ കുറച്ച് ആണുങ്ങള്‍ കൂടി നിൽക്കുന്നുണ്ട്. യൂസഫിന്റെ മുത്തച്ഛന്‍, അച്ഛൻ, സഹോദരന്മാർ, കുറച്ച് കൂട്ടുകാർ. അത്രമാത്രം. ഐസിസിന്റെ ഭരണത്തിൽ സാധാരണക്കാരുടെ വിവാഹങ്ങൾ ഇങ്ങനെയൊക്കെയാണു.
ഇപ്പോൾ വധു മിർയം അബ്ദല്ല അവളുടെ അച്ഛനും അനിയനും അമ്മയുമൊത്ത് യൂസഫിന്റെ വീട്ടിലെത്തുന്നു. മിർയം ഒരു കഴുതപ്പുറത്ത് ഇരുന്നും ബാക്കിയുള്ളവർ നടന്നുമാണു വരുന്നത്. മിർയവും അമ്മയും അയഞ്ഞ കറുത്ത വസ്ത്രം കൊണ്ട് മുഖവും ശരീരവും മൂടിയിരിക്കുന്നു. സ്ത്രീകൾ വീട്ടിനകത്തേക്ക് കയറി കതകടയ്ക്കുന്നു. ആണുങ്ങൾ പുറത്തുനിൽക്കുന്നു. മിർയത്തിന്റെ കൂട്ടുകാരികളും അവരുടെ ഭർത്താക്കന്മാരും വരുന്നു. കൂട്ടുകാരികൾ അകത്തേയ്ക്ക് കയറിപ്പോവുന്നു, പുരുഷന്മാർ പുറത്തുനിൽക്കുന്നു. അകത്ത് സ്ത്രീകളുടെ ഉൽസവമാണു. അതിഥികൾക്ക് ഒരു നീളൻ ഫ്ലാസ്കിൽ നിന്ന് മധുരമുള്ള കട്ടൻചായ കൊടുക്കുന്ന മെലിഞ്ഞ് കവിളൊട്ടിയ മനുഷ്യനാണു യൂസഫിന്റെ പിതാവ്. കുറച്ചുവർഷം മുൻപായിരുന്നെങ്കിൽ പുരുഷന്മാർ കൂടിയിരുന്ന് ശീഷ (ഹുക്ക) വലിച്ചേനെ. ഇപ്പോൾ പുകവലി നിയമവിരുദ്ധമാണു.
തന്റെ വധു സുന്ദരിയായിരിക്കുമോ എന്ന് യൂസഫ് ആശങ്കപ്പെട്ടു. അകത്ത് മിർയവും മറ്റ് സ്ത്രീകളും ഇപ്പോൾ കറുത്ത മേൽവസ്ത്രം ഊരുന്നുണ്ടാവണം, അവളുടെ മൈലാഞ്ചിയിട്ട മുടിയും വെളുത്ത വിവാഹ വസ്ത്രവും ചായം പുരട്ടി ചുവപ്പിച്ച ചുണ്ടുകളും കൂട്ടുകാരികളുടെ പൊട്ടിച്ചിരികളും യൂസഫ് സങ്കല്പിച്ചു. അയാൾക്ക് ഒരു സിഗരറ്റ് വലിക്കണമെന്നും പാട്ട് കേൾക്കണമെന്നും തോന്നി. ചെവിയിൽ ഇയർഫോൺ കുത്തി അതിനു മീതേ ഒരു തുണികൊണ്ട് തലമറച്ച് ഫോണിൽ നിന്ന് യൂസഫ് നിർവാണയുടെ ഗ്രഞ്ച് റോക്ക് കേട്ടുകൊണ്ടിരുന്നു. പാട്ടുകേൾക്കുന്നത് നിയമവിരുദ്ധമാണു. അലസമായി കസാരകളിലിരിക്കുന്ന മിർയത്തിന്റെ കൂട്ടുകാരികളുടെ ഭർത്താക്കന്മാരിൽ ആരുവേണമെങ്കിലും ഐസിസ് ചാരന്മാരാകാം. അവർ ഒറ്റിക്കൊടുത്താൽ യൂസഫിനെ പിടിച്ചുകൊണ്ടുപോവും, നഗരമദ്ധ്യത്തിലിട്ട് ചാട്ടയ്ക്കടിക്കും. ഈ സാദ്ധ്യതകളൊക്കെ അറിയാമെങ്കിലും അയാൾക്ക് പാട്ട് നിർത്താൻ തോന്നിയില്ല. ഇങ്ങനെയൊന്നുമല്ല അയാൾ തന്റെ വിവാഹം സങ്കല്പിച്ചിരുന്നത്. പുതിയ സ്യൂട്ടും റ്റൈയും ഇട്ട്, തുറന്ന കാഡിലാക് കാറിൽ, സുന്ദരിയായ തന്റെ ഭാര്യയുമൊത്ത് നഗരം ചുറ്റുക, പിന്നാലെ നിരയായി കൂട്ടുകാരുടെ കാറുകൾ. നിർത്താതെ ഹോണടിക്കുന്ന ഘോഷയാത്ര. നഗരമദ്ധ്യത്തിലെ ചത്വരത്തിൽനിന്ന് ഭാര്യയുമൊത്ത് ഫോട്ടോ എടുക്കുക. അതൊക്കെ ഇനി അസാദ്ധ്യമാണു. ഒരു പാട്ടുപോലുമില്ലാതെ വിവാഹം കഴിക്കാൻ അയാൾക്ക് മനസ്സുവന്നില്ല. "here we are now entertain us" - കർട്ട് കോബയ്ൻ ഇയർഫോണിലൂടെ പാടിക്കൊണ്ടിരുന്നു. അയാൾ ഫോണിന്റെ വോള്യം കൂട്ടി. ആണുങ്ങൾ വരിയായി വന്ന് യൂസഫിന്റെ കൈ കുലുക്കി, യൂസഫ് ചിരിച്ചു.
വിവാഹത്തിനുള്ള സമയമായി. യൂസഫും മറ്റുള്ളവരും എഴുന്നേറ്റുനിന്നു. മിർയത്തിന്റെ അച്ഛൻ യൂസഫിന്റെ കൈപിടിച്ചു, നീണ്ടു വെളുത്ത താടിയുള്ള ഒരു ബന്ധു ഇരുവരുടെയും കൈകൾ കൂട്ടിപ്പിടിച്ച് പ്രാർത്ഥന ചൊല്ലി. ഇതാ, ഇപ്പോൾ മുതൽ മിർയം യൂസഫിന്റെ ഭാര്യയായിരിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു നിമിഷം ഇത്ര വിരസമായി, സാധാരണമായി കടന്നുപോയതിൽ യൂസഫിനു നീരസം തോന്നി. അതിഥികളായി വന്ന പുരുഷന്മാർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അവരുടെ ഭാര്യമാർ ഓരോരുത്തരായി പുറത്തിറങ്ങിയപ്പോൾ പുരുഷന്മാർ അഭിവാദനം പറഞ്ഞ് പിരിഞ്ഞു. കുടുംബത്തിലുള്ളവർ മാത്രം ബാക്കിയായി. അവർ വീടിനകത്തുകയറി വാതിലടച്ച് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. വാതിലിൽ ഐസിസ് ഭടന്മാർ വന്ന് തട്ടുന്നുണ്ടോ എന്ന് ഓരോരുത്തരും സ്വയമറിയാതെ ഇടക്കിടെ തിരിഞ്ഞ് നോക്കി. വീട്ടുകാർ കുശലം ചോദിച്ചപ്പോൾ മിർയം വിളറിയ ചിരി ചിരിച്ചു. ഒടുവിൽ മിർയത്തിന്റെ വീട്ടുകാരും പോയി. യൂസഫും മിർയവും അവരുടെ മുറിയിലേക്ക് കയറി.
മുറിയിൽ ഒറ്റയ്ക്കായപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം യൂസഫ് അന്ധാളിച്ചു. ഇതിനു മുൻപ് യൂസഫ് സ്ത്രീയെ അറിഞ്ഞിരുന്നില്ല. അയാൾക്ക് ഒരു കാമുകിയോ കൂട്ടുകാരിയോ ഉണ്ടായിട്ടില്ല. അതിനുള്ള അവസരമില്ലായിരുന്നു - ഐസിസ് വരുന്നതിനു മുൻപും സിറിയൻ സമൂഹം യാഥാസ്ഥിതികമായിരുന്നു. “മിർയം..” - അയാൾ പതുക്കെ വിളിച്ചു. നരച്ചുവെളുത്ത വിരിപ്പ് വിരിച്ച കട്ടിലിലിരുന്ന് അവൾ അയാളുടെ നേർക്ക് തലതിരിച്ചു.
യൂസഫ് അവളുടെ മൂടുപടമുയർത്തി. ചുറ്റും കറുപ്പെഴുതിയ നീലക്കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കൂർത്ത മൂക്കും ചുവപ്പുനിറം പുരട്ടിയ ചുണ്ടുകളും വിറയ്ക്കുന്നു. അയാൾ അവളുടെ മുടിയിലും കഴുത്തിലും തലോടി, ചെവിയിൽ തൊട്ടുനോക്കി, നെറുകയിലും രണ്ട് കണ്ണുകളിലും ഉമ്മവെച്ചു,കണ്ണുനീരിന്റെ ഉപ്പുരസം നുകർന്നു. അവളുടെ വസ്ത്രം ഉരിയാൻ തുടങ്ങിയപ്പോൾ അവൾ അയാളുടെ കൈ പിടിച്ചു, തലകുലുക്കിക്കൊണ്ട് അരുത് എന്ന് ആംഗ്യം കാണിച്ചു.
എന്തെങ്കിലും പറയണം എന്ന് അയാൾ ആഗ്രഹിച്ചെങ്കിലും പറയാൻ വാക്കുകളൊന്നും വന്നില്ല. ഒടുവിൽ, "മിർയം, ഇതു ഞാനാണു" എന്ന് മാത്രം പറഞ്ഞ് അയാൾ വീണ്ടും അവളുടെ വാരിയെല്ലിന്റെ കുഴികളിൽ തലോടി. കട്ടിലിന്റെ അരികുചേർന്നിരിക്കുന്ന അവളുടെചാരേ നിലത്ത് മുട്ടുകുത്തിനിന്ന് വിരലുകളിൽ മുത്തം വെച്ചു, എന്നിട്ട് വയറിനു ചുറ്റും കൈകളിട്ട് കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. പാമ്പുകടിയേറ്റതുപോലെ യൂസഫ് തെറിച്ച് പിന്നോട്ടുമാറി. എന്നിട്ട് വിശ്വാസം വരാതെ അവളെ നോക്കി.
ഇപ്പോൾ മിർയം കരയുന്നില്ല. അവളുടെ ചുണ്ടും മൂക്കും വിറയ്ക്കുന്നില്ല. അവളുടെ കണ്ണുകളിൽ യാചനയില്ല. അവളുടെ ഒഴിഞ്ഞ നോട്ടം യൂസഫിനെ തുളച്ചുകടന്ന് മുറിയുടെ ചുമരുകളും കടന്ന് ദൂരേക്കു പോകുന്നു. മിർയം എഴുന്നേറ്റു നിൽക്കുന്നു. തലയ്ക്കുമീതേ വലിച്ച് കറുത്ത മേൽവസ്ത്രമൂരുന്നു. മനോഹരമായി പൂക്കൾ തയ്ച്ചുപിടിപ്പിച്ച വെളുത്ത വിവാഹഗൗണിൽ ഉന്തിനിൽക്കുന്ന വയർ വ്യക്തമായി കാണാം. മർയം പൂർണ്ണഗർഭിണിയാണ് - അവളുടെ ശരീരം അയാളോടു വിളിച്ചുപറഞ്ഞു. കുറച്ചുനേരം അതേ നിൽപ്പുനിന്നശേഷം അവൾ കട്ടിലിലിരുന്നു. ഊരിയ മേൽവസ്ത്രമെടുത്ത് തന്റെ ശരീരം പുതച്ചുകൊണ്ട് അതിനുള്ളിൽ ചുരുണ്ടുകൂടി മുഖം പൂഴ്ത്തിയിരുന്നു.
യൂസഫ് തലയ്ക്ക് കൈയും കൊടുത്ത് നിലത്തിരുന്നു. എവിടെയോ എന്തോ ചതി പറ്റിയിട്ടുണ്ട്. താനിതുവരെ ജീവിതത്തിൽ ആരെയും ചതിച്ചിട്ടില്ല. പകൽ മുഴുവൻ കാർ വർക്ഷോപ്പിൽ വിയർപ്പിലും പൊടിയിലും കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബത്തെ നോക്കുന്നു. കൂട്ടുകാർ പലരും ഐസിസിൽ ചേർന്ന് ഭരിക്കാൻ പോയപ്പൊഴും വൃദ്ധരായ മാതാപിതാക്കളെ നോക്കി താൻ വീട്ടിലിരിക്കുന്നു, സഹോദരങ്ങളെ പഠിക്കാനയക്കുന്നു. വണ്ടിയുടെ കരിയോയിൽ വീണുവീണ് തന്റെ കൈവെള്ളകൾ ഇനി വെളുക്കാനാവാത്തവിധം കറുത്തുപോയിരിക്കുന്നു. എന്നിട്ടും മിർയം തന്നെ ചതിച്ചു. അവളുടെ വീട്ടുകാരും അറിഞ്ഞ് നടത്തിയ ചതിയാണോ ഇത്? യൂസഫിനു ആദ്യം തോന്നിയത് തെരുവിലൂടെ അവളെയും വലിച്ചുകൊണ്ട് അവളുടെ വീട്ടിലേക്ക് പോകാനാണു. താൻ മണ്ടനല്ല. ഇങ്ങനെ ഒരു ചതിവിനു നിന്നു കൊടുക്കേണ്ട ഒരു കാര്യവുമില്ല. അയാൾ മുഖമുയർത്തി നോക്കിയപ്പോൾ അവൾ അത്തരം ഒരു പ്രവർത്തി പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. എന്ത് ശിക്ഷയ്ക്കും തയ്യാറായിരിക്കുന്നതുപോലെ, എല്ലാ കച്ചിത്തുരുമ്പുകളിൽ നിന്നും പിടിവിട്ട്, അനന്തതയിലേക്ക് വീണുപോയ ട്രപ്പീസുകളിക്കാരിയെപ്പോലെ മിർയം ഇരുന്നു.
യൂസഫ് നിലത്തുനിന്ന് എഴുന്നേറ്റു, കട്ടിലിനരികിലെ മേശയിലിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച്ചു. ഇനി എന്തു ചെയ്യും? വിവാഹമൊഴിയാം, മിർയത്തിനെ അവളുടെ വീട്ടിലേക്കയക്കാം. ഒരുപക്ഷേ മിർയം ആരും അറിയാതെ അവളുടെ വീട്ടിൽ പ്രസവിക്കും. പക്ഷേ വിവാഹമോചനം വാർത്തയാകും. ആദ്യരാത്രിയിലെ വിവാഹമോചനത്തിനു അധികം ഒഴിവുകഴിവുകളില്ല. ഐസിസിന്റെ അൽ ഖസ്ന ബ്രിഗേഡ് എന്ന സ്ത്രീ പോലീസുകാർ മിർയത്തിനെ വിളിപ്പിക്കും. അവൾ വിവാഹത്തിൽ നിന്നല്ലാതെ പ്രസവിച്ചെന്നോ ഗർഭിണിയാണെന്നോ അവരറിയും, വഴിയിലിട്ട് കല്ലെറിഞ്ഞുകൊല്ലും.
അവൾ ഇവിടെക്കിടന്ന് പ്രസവിച്ചോട്ടെ എന്നു വിചാരിക്കാം. മാതാപിതാക്കളോട് ഉള്ള കാര്യം പറയാം. കുറെ കരഞ്ഞും ശപിച്ചും ഒച്ചവെച്ചും കഴിയുമ്പോൾ അവർ അവളെ നോക്കും, അവർ കരുണയുള്ളവരാണു. മിർയത്തിനു ആളുകളെ കാണാതെ, പുറത്തറിയാതെ ജീവിക്കാം. പക്ഷേ പ്രസവത്തിനു എന്തെങ്കിലും സങ്കീർണ്ണതകളുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോവേണ്ടി വരും. ഒരു സിസേറിയനാണെങ്കിലോ? ആശുപത്രിയിൽ കൊണ്ടുപോയാൽ പേറെടുത്തുകഴിഞ്ഞ് എഴുന്നേറ്റ് നിൽക്കാനാവുമ്പോൾ ആശുപത്രി അധികൃതർ അവളെ ഐസിസിനു കൈമാറും, അവർ അവളെ കല്ലെറിഞ്ഞുകൊല്ലും.
മിർയത്തിനു പറയാമായിരുന്നു. വിവാഹനിശ്ചയത്തിനു ശേഷം അവർ പരസ്പരം സംസാരിച്ചിട്ടുണ്ട്. എങ്കിലും അവളുടെ മുഖം കാണുന്നത് ആദ്യമായാണു. ഐസിസിന്റെ നിയന്ത്രണങ്ങൾ കൊണ്ട് അടക്കിപ്പിടിച്ച ചില ഫോൺ സംഭാഷണങ്ങൾക്ക് അപ്പുറം പരസ്പരം കാണാൻ പോലും പറ്റിയിട്ടില്ല.
അവൾക്ക് ഗർഭിണിയാണെന്ന് പറയാമായിരുന്നു. പറഞ്ഞെങ്കിലോ? വിവാഹം നടക്കില്ല. അവിവാഹിതയായ മിർയം പ്രസവിക്കും. ഐസിസ് അവളെ കൊല്ലും. ഈ വിവാഹം അവളുടെ ജീവിക്കാനുള്ള പിടച്ചിലായിരുന്നോ? അപ്പോൾ താനോ - തന്നെപ്പറ്റി അവൾ ആലോചിക്കാത്തതെന്ത്? ചതിവു പറ്റിയ ഒരു പുരുഷന്റെ കരുണയിലേക്കോ പ്രതികാരത്തിലേക്കോ അവൾ സ്വന്തം ജീവനെയും വയറിൽ വളരുന്ന കുഞ്ഞിന്റെ ജീവിതത്തെയും. എറിഞ്ഞുകൊടുത്തിരിക്കുന്നു.
അവളെ ഗർഭിണിയാക്കിയ ആൾക്ക് അവളെ വിവാഹം ചെയ്യാമായിരുന്നു. അയാൾ ഇപ്പൊ യാതൊന്നും കൂസാതെ പകൽ മാന്യനായി നടക്കുന്നുണ്ടാവും. നട്ടെല്ലില്ലാത്ത പുരുഷൻ. ആ നട്ടെല്ലിലായ്മയെപ്രതി ഒരു നിരപരാധിയെ ചതിക്കുന്ന സ്ത്രീ. അങ്ങനെയൊന്നും ആവണമെന്നില്ല, ഏതെങ്കിലും പട്ടാളക്കാരോ അക്രമികളോ അവളെ ബലാൽസംഗം ചെയ്തതാവാം. തനിക്കു കുറ്റപ്പെടുത്താനും ശിക്ഷിക്കാനും മിർയം മാത്രമേ ഉള്ളൂ എന്നോർത്ത് യൂസഫിനു ഒരുപോലെ ദേഷ്യവും സഹതാപവും തോന്നി.
അവൾക്ക് ഗർഭം അലസിപ്പിക്കാമായിരുന്നു. പക്ഷേ എങ്ങനെ? ആശുപത്രികളിൽ ചെന്ന് അലസിപ്പിക്കാൻ പറ്റില്ല. നാടൻ പൊടിക്കൈകൾ അവൾ ശ്രമിച്ചുകാണും. അവളുടെ വയർ കണ്ടിട്ട് അവൾ എപ്പോൾ വേണമെങ്കിലും പ്രസവിക്കും എന്ന് യൂസഫിനു തോന്നി.
മിർയം പ്രസവിച്ചുകഴിഞ്ഞാൽ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തിയാലോ എന്ന് യൂസഫ് ചിന്തിച്ചു. പക്ഷേ മിർയത്തെ എങ്ങനെ ഭാര്യയായി സ്വീകരിക്കും? ഓരോ ലൈംഗികബന്ധത്തിലും തന്നെക്കാൾ മികച്ച ഒരാളെ അവൾ സ്വീകരിച്ചിരുന്നോ, അവന്റെ ഓർമ്മകൾ അവളെ പുളകിതയാക്കുന്നോ എന്ന് ചിന്തിച്ചുപോവും. തലച്ചോറിൽ സംശയത്തിന്റെ ഒരു പുഴു നുരയ്ക്കും. എപ്പൊഴാണു അറിയാത്ത ആ ആളെക്കാളധികം അവൾ തന്നെയാണു സ്നേഹിക്കുന്നതെന്ന്, അയാളുടെ രൂപത്തെക്കാൾ തന്നെയാണു കാമിക്കുന്നതെന്ന് മനസ്സിലാവുക - നിരന്തരം സംശയങ്ങളുടെയും കുത്തുവാക്കുകളുടെയും കലഹങ്ങളുടെയും നശിച്ച ഒരു ദാമ്പത്യത്തിന്റെയും ഭാവി അയാൾ മുന്നിൽക്കണ്ടു. തലച്ചോറിലെ പുഴു ചാവില്ല, അത് എഴുന്നുനിന്നാടും. ഇല്ല, ഇത് പറ്റില്ല. മിർയത്തിന്റെ വഴി വേറെ, തന്റെ വഴി വേറെ.
യൂസഫ് നിലത്തുകിടന്നു. കുട്ടിയുടെ തന്ത ആരാണെന്ന് അയാൾ ചോദിച്ചില്ല. ഒന്നും ചോദിച്ചില്ല. ചോദ്യങ്ങളൊന്നുമില്ലാതെ യൂസഫ് കണ്ണടച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങളും അതിഥികളെ സൽക്കരിക്കലും കൊണ്ടുള്ള ക്ഷീണമായിരിക്കാം, വളരെ പ്രതീക്ഷയുണ്ടായിരുന്ന ഒരു കാര്യം തകർന്നതിലുള്ള നിരാശകൊണ്ടാവാം, മോഹഭംഗത്തിന്റെ ഭാരം കൊണ്ടാവാം, യൂസഫ് ഉറങ്ങിപ്പോയി. ഉറക്കത്തിൽ അയാൾ വെള്ളക്കുതിരകളെപ്പൂട്ടിയ അലങ്കരിച്ച കുതിരവണ്ടി കണ്ടു, അതിൽ നിന്ന് സുന്ദരിയായ മിർയം ഇറങ്ങിവരുന്നതുകണ്ടു. നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ച അവളുടെ കിരീടം തിളങ്ങുന്നു. ചന്ദ്രനെപ്പോലെ വെളുത്ത് മിനുസമായ ഒരു പാറപ്പുറത്ത് യൂസഫ് കിടക്കുന്നു, കാലുകൾ നിലത്തുതൊടാതെ മിർയം ഒഴുകിവരുന്നു. അവൾ അരികത്തുകിടക്കുന്നു, മുടിയിഴകൾ അയാളുടെ മുഖത്തെ മൂടുന്നു. വെണ്ണപോലെ മിർയം അലിഞ്ഞു പരക്കുന്നു. യൂസഫ് അവളിൽ മുങ്ങിപ്പോവുന്നു, മിർയത്തിനുള്ളിൽ സ്വർണ്ണമൽസ്യങ്ങൾ നീന്തുന്നു. മിർയം മറയുന്നു, വരണ്ട പാറപ്പുറത്ത് യൂസഫ് ഒറ്റപ്പെടുന്നു. ചുറ്റും അവളുടെ സുഗന്ധം മാത്രം. ആ മണത്തിൽ അയാൾ പൊങ്ങിപ്പോവുന്നു, പക്ഷികളെക്കടന്ന്, മേഖങ്ങളെ തഴുകി, ആകാശക്കറുപ്പിൽ അയാൾ പറന്നുനടക്കുന്നു. പട്ടം പോലെ ഒരു കയർ അയാളിൽ നിന്നും താഴേയ്ക്കു പോകുന്നു, അതയാളുടെ പൊക്കിൾക്കൊടിയാണു, മിർയം നിലത്തുനിന്ന് അതിൽപ്പിടിച്ചിരിക്കുന്നു, ചന്ദ്രനെപ്പോലെ അയാളവളെ ഭ്രമണം ചെയ്യുന്നു. സൂര്യനും മറ്റ് നക്ഷത്രങ്ങളും മിർയത്തെ വലയം ചെയ്യുന്നു. മിർയം ചിരിക്കുന്നു. അവളുടെ ചിരി ഭൂമിയെയും ആകാശത്തെയും വെളുപ്പിക്കുന്നു.
യൂസഫ് കണ്ണുതുറന്നു. അയാൾ വാച്ചിൽ നോക്കി. സമയം രാത്രി രണ്ടുമണി. മിർയം ഇപ്പോഴും കട്ടിലിൽ ഇരിക്കുകയാണു. മിഴിച്ച കണ്ണുകൾ കൊണ്ട് അവൾ അയാളെ നോക്കുന്നു.
“എനിക്ക് ഈ വിവാഹം പറ്റില്ല. പക്ഷേ ഈ അവസ്ഥയിൽ നിന്നെ റാഖയിൽ ഉപേക്ഷിക്കാനും പറ്റില്ല. സമ്മതമാണെങ്കിൽ നിന്നെ റാഖയിൽ നിന്നും പുറത്തെത്തിക്കാം. പിന്നെ നീയായി, നിന്റെ ജീവിതമായി. എന്തുപറയുന്നു”?
മിർയം തലകുനിച്ചു.
‘യാത്രയ്ക്കൊരുങ്ങൂ, അധികം സമയമില്ല'. അയാൾ പറഞ്ഞു. അവളുടെ മറുപടി കാത്തുനിൽക്കാതെ അയാൾ മുറിക്കു പുറത്തിറങ്ങി, മാതാപിതാക്കളെ ഉറക്കത്തിൽ നിന്നും തട്ടിയുയർത്തി, ഞങ്ങൾ ഈ നഗരത്തിൽ നിന്നും രക്ഷപെടുകയാണെന്ന് പറഞ്ഞു. യൂസഫിന്റെ അമ്മ കരച്ചിൽ തുടങ്ങി. എന്തിനാണു രക്ഷപെടുന്നത്? എവിടെപ്പോയാലും യുദ്ധമാണു. അവർ പിടിച്ചാലോ? രണ്ടുപേരെയും വെടിവെച്ചുകൊല്ലും, അല്ലെങ്കിൽ യൂസഫിനെ കൊന്നിട്ട് മിർയത്തിനെ വിൽക്കും. ഇത്ര അപകടം പിടിച്ച യാത്രയുടെ കാര്യമെന്താണു? അമ്മയ്ക്കും അനിയനും നൂറായിരം ചോദ്യങ്ങളുണ്ടായിരുന്നു. യൂസഫിന്റെ അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല.
മറുപടി പറയാതെ യൂസഫ് ഒരുക്കങ്ങൾ തുടങ്ങി. സാംസണൈറ്റിന്റെ ചെറിയപെട്ടിയിൽ തന്റെ ഷേവിങ്ങ് സാമഗ്രികൾ, വസ്ത്രങ്ങൾ, കമ്പിളിപ്പുതപ്പ്, കുറച്ച് ഡോളർ നോട്ടുകൾ, പാസ്പോർട്ട്, ഇങ്ങനെ ഒരുക്കിവെക്കാൻ തുടങ്ങി. മിർയം അപ്പൊഴേയ്ക്കും മുഖം കഴുകി വസ്ത്രം കൊണ്ട് കണ്ണും മുഖവും മറച്ച് ഒരു ചുവന്ന തുകൽ ബാഗിൽ വസ്ത്രങ്ങൾ നിറച്ച് തയ്യാറായിക്കഴിഞ്ഞിരുന്നു. യൂസഫിന്റെ പിതാവ് വീട്ടിൽ ബാക്കിയുണ്ടായിരുന്ന സമ്പാദ്യവും അയാളുടെ പഴയ ഒമേഗ വാച്ചും യൂസഫിനു കൊടുത്തു. യൂസഫിന്റെ അമ്മ മിർയത്തെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു, അവൾ സമ്മതിച്ചില്ല. കറുത്ത വലിയ ഉടുപ്പ് അവളുടെ വയറിനെ സമർത്ഥമായി മറച്ചിരുന്നു. അമ്മ അവളോട് 'മകളേ ഈ യുദ്ധം സ്ത്രീകളോടാണ്. നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും, അത് നീ അതിജീവിക്കണം' എന്ന് മാത്രം പറഞ്ഞു. വിടപറയലുകൾക്ക് കാത്തുനിൽക്കാതെ യൂസഫും മിർയവും ഇരുട്ടിലേക്കിറങ്ങി. മോട്ടോർബൈക്ക് എടുക്കാമായിരുന്നു, പക്ഷേ അതിന്റെ ശബ്ദം ആളുകളെ ഉണർത്തും. അയാൾ വീടിനടുത്ത് കെട്ടിയ കഴുതയെ അഴിച്ചു, ബാഗുകൾ കഴുതപ്പുറത്തുവെച്ച് നടന്നുതുടങ്ങി.
റോഡിലൂടെ നടക്കാതെ വീടുകൾക്ക് ഇടയിലെ ചെറിയ ഇടവഴികളിലൂടെ അയാൾ മിർയത്തെയും കഴുതയെയും നടത്തിച്ചു. ഇടയ്ക്ക് വഴിയിലൂടെ തോക്കും പിടിച്ച് ഐസിസ് പട്ടാളക്കാർ മോട്ടോർ ബൈക്കുകളിൽ പോകും. ബൈക്കിന്റെ ശബ്ദവും വെളിച്ചവും കേട്ടപ്പോൾ ഇരുവരും ഇരുട്ടിന്റെ മറപറ്റി അനങ്ങാതെ നിന്നു. ഇനി നഗരചത്വരത്തിനു അല്പം ദൂരെയുള്ള ഒരു ചെറിയ റോഡ് മുറിച്ചുകടക്കണം. സ്വർഗ്ഗചതുരം എന്നായിരുന്നു റാഖയുടെ നടുക്കുള്ള ചത്വരത്തിന്റെ പേര്. ഇപ്പോൾ അവിടെ ഐസിസ് തൂക്കിക്കൊന്ന മനുഷ്യരുടെ കബന്ധങ്ങൾ കിടക്കുന്നു. ഇതേ ചത്വരത്തിലാണു കൂടുതൽപ്പേരെ വെടിവെച്ചുകൊല്ലുന്നതും ചാട്ടയ്ക്കടിക്കുന്നതും ശരീരഭാഗങ്ങൾ മുറിച്ചുകളയുന്നതും. ശവശരീരങ്ങൾ കഴുമരത്തിൽ നിന്ന് അഴിച്ചുമാറ്റാത്തത് ഇനി ഒരെതിർപ്പും വരാതിരിക്കാനാണു. ഇരുളിന്റെ മറപറ്റി തുറന്ന റോഡ് മുറിച്ച് കടന്നപ്പോൾ ചീഞ്ഞ മനുഷ്യരുടെ നാറ്റം യൂസഫിന്റെ മൂക്കിലേക്കടിച്ചു. വീണ്ടും കുറെ ചെല്ലുവോളം ഈ മണം ഇവരെ പിന്തുടർന്നു.
'ആരാണു മരിച്ചത്?'
മിർയം ആദ്യമായി ചോദിക്കുകയാണു. ഇതുവരെ അവളുടെ ശരീരമാണു സംസാരിച്ചത്, അവൾ മിണ്ടുന്നത് ആദ്യമായാണു. അവളുടെ ശബ്ദം കേട്ട് യൂസഫിനു എന്തെന്നില്ലാത്ത വിഷാദം തോന്നി. 'അറിയില്ല', അയാൾ മറുപടി പറഞ്ഞു. മരിച്ചവരെയും കൊന്നവരെയും യൂസഫ് ഓർക്കാൻ ശ്രമിച്ചു. ഇതുവരെ കൊല്ലപ്പെട്ടവരിൽ അയാൾക്ക് അറിയാവുന്ന പലരും ഉണ്ടായിരുന്നു. കൊന്നവരിലും അയാൾക്ക് അറിയുന്നവരുണ്ടായിരുന്നു. സ്കൂളിലെ അയാളുടെ സഹപാഠികൾ പലരും ഐസിസിൽ ചേർന്നു. അടുത്ത കൂട്ടുകാരനായ വഖാർ ഒരു യൂണിറ്റിന്റെ തലവനാണു. ഐസിസിൽ ചേർന്ന പലരും യുദ്ധത്തിലും ബോംബിങ്ങിലും മരിച്ചു. പലതവണ യൂസഫിനെ കൂട്ടുകാർ ഐസിസിലേക്ക് ക്ഷണിച്ചു. പ്രലോഭനങ്ങളും ഭീഷണിയുമുണ്ടായി. അയാൾ വഴങ്ങിയില്ല. ഐസിസിൽ ചേരാൻ പലർക്കും പല കാരണങ്ങളുണ്ടായിരുന്നു. ദൈവവിശ്വാസത്തെപ്രതി ഇതിലെത്തിയവരുണ്ടായിരുന്നു - ഇതൊരു മതഭരണകൂടമാണെന്നും അജയ്യമാണെന്നും ലോകം മുഴുവൻ പരക്കുമെന്നും അവർ വിശ്വസിച്ചു. പണത്തിനു വേണ്ടി എത്തിയവരുണ്ടായിരുന്നു - ഇത്തരക്കാർ കൂടുതലും തൊഴിലൊന്നുമില്ലാത്ത തദ്ദേശീയരായിരുന്നു. അധികാരത്തിനു വേണ്ടി എത്തിയവരുണ്ടായിരുന്നു - അവർ തെരുവിലൂടെ സഞ്ചരിക്കുമ്പോൾ നഗരം ഭയന്നു. ആളുകൾ അവർക്ക് വഴിമാറിക്കൊടുത്തു. വൃദ്ധന്മാരെപ്പോലും അവർ ശാസിച്ചു, എതിർത്തവരെ ക്രൂരമായി നേരിട്ടു. ഇതൊന്നുമല്ലാതെ ക്രൂരതയ്ക്ക് വേണ്ടി, മനുഷ്യനെ പീഢിപ്പിക്കാനും കൊല്ലാനുമുള്ള രസത്തിനുവേണ്ടി ഐസിസിൽ ചേർന്നവരുണ്ടായിരുന്നു. ക്രൂരത അവർക്കൊരു ആനന്ദാനുഭവമായിരുന്നു. എത്ര പ്രതാപിയായ മനുഷ്യനും മരണവേദനയ്ക്കു മുന്നിൽ എല്ലാ നാട്യങ്ങളും ആദർശങ്ങളുമഴിഞ്ഞ് വെറുമൊരു മൃഗമായി ജീവനുവേണ്ടി അലറിവിളിക്കുന്ന കാഴ്ച്ച, കൊല്ലപ്പെടാൻ പോകുന്ന ഇരയുടെ നിസ്സഹായതയും പ്രാണഭയവും,ആ ഇരയുടെ ജീവനുമേലുള്ള അന്തിമമായ അധികാരം, ഇരയുടെ വേദനയും പിടച്ചിലും കാണുമ്പോൾ ഉണ്ടാവുന്ന ഒരുതരം തലതിരിഞ്ഞ ആനന്ദം, ഇതൊക്കെയാവും അവരെ ഏറ്റവും ക്രൂരമായ പീഢനങ്ങൾ പോലും നടത്താൻ പ്രാപ്തരാക്കിയത്. തന്റെ സുഹൃത്ത് വഖാർ മറ്റ് മനുഷ്യരെ പീഢിപ്പിക്കുന്നതിലും കൊല്ലുന്നതിലും ആനന്ദിക്കുന്ന ഒരാളായി മാറിയിരിക്കുന്നു. എപ്പോഴും ചിരിക്കുന്ന, നിറയെ സന്തോഷമുള്ള, കണ്ണുകളിൽ നിഷ്കളങ്കതയുടെ നക്ഷത്രത്തിളക്കമുള്ള വഖാറിനു എങ്ങനെ മനുഷ്യരുടെ കഴുത്തറുക്കാനും ചിലരെ തീയിലിട്ട് കൊല്ലാനും പറ്റി എന്നത് ആദ്യമൊന്നും യൂസഫിനു ഉൾക്കൊള്ളാൻ പറ്റിയില്ല. പിന്നീട് എത്ര സൗമ്യനായ മനുഷ്യന്റെ ഉള്ളിലും ക്രൂരനായ ഒരു മൃഗം ഉറങ്ങിക്കിടക്കുന്നുണ്ടാവും എന്ന് അയാൾ സമാധാനിച്ചു. താൻ ഐസിസിൽ ചേർന്നെങ്കിലോ? എന്തുതരം പീഢനങ്ങളാവും താൻ മറ്റ് മനുഷ്യർക്കു മേൽ നടത്തുക? ഒരുതരത്തിലും തിരിച്ച് എതിർക്കാൻ പറ്റാത്ത പുരുഷനും സ്ത്രീയ്ക്കും നേരെ എന്ത് ചെയ്താലും ആരും ചോദിക്കാനില്ലെങ്കിൽ താനെന്തൊക്കെ ചെയ്യും? കൊല്ലാനും ഉപയോഗിക്കാനും പാകത്തിനു അടിമസ്ത്രീകളെ താൻ ചന്തയിൽ നിന്നും വാങ്ങുമോ? അവരെ ബലാൽസംഗം ചെയ്യുമോ? ഏത് മൃഗമാണ് തന്റെയുള്ളിൽ ഒളിച്ചിരിക്കുന്നത്? യൂസഫ് ഓർത്തുനടുങ്ങി.
എന്നിട്ടും ഇതിനൊക്കെ നടുവിൽ ജീവിതം മുന്നോട്ടു പോകുന്നു. കുട്ടികൾ കളിച്ച് ഉല്ലസിക്കുന്നു, മനുഷ്യർ കൊച്ചുകൊച്ച് സന്തോഷങ്ങളിൽ ചിരിക്കുന്നു, ദിവസവും ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീ അടിമകൾ പോലും ചെറിയ സന്തോഷങ്ങളിൽ മന്ദഹസിക്കുന്നുണ്ടാവുമോ? എത്ര യുദ്ധത്തിനും നിയന്ത്രണങ്ങൾക്കും നടുവിലായാലും ജീവിതം മുന്നോട്ടൊഴുകുന്നത് യൂസഫിനു വലിയൊരു അൽഭുതമായിരുന്നു.
സമയം രാത്രി മൂന്നര. അവർ നഗരവാതിലിനടുത്തെത്തി. അവിടെ ഒരു പഴയ ട്രക്ക് കിടക്കുന്നു. അമേരിക്കൻ വിമാനങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ അതിന്റെ ഹെഡ് ലൈറ്റ് ഓണാക്കിയിട്ടില്ല. ട്രക്കിന്റെ ചാരിയ വാതിലിനിടയിൽ നിന്ന് ഒരു തോക്കിൻമുന കാണാം. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് നടന്ന് വീടുകളുടെ ഇടയിലൂടെ അയാൾ ഒരു പാടത്തേക്കിറങ്ങി. പാടം കഴിഞ്ഞാൽ ചതുപ്പാണു, അതിനപ്പുറം ആർക്കും അധികാരമില്ലാത്ത പ്രദേശമാണു.
മിർയത്തിനു ഒട്ടും നടക്കാൻ വയ്യെന്ന് തോന്നി. അയാൾ അവളെ എടുത്ത് കഴുതപ്പുറത്തിരുത്തി. തന്റെ സ്വപ്നത്തിൽ വെണ്ണപോലെ അലിഞ്ഞ സ്ത്രീയ്ക്ക് ഇത്രയും ഭാരമുണ്ട് എന്ന് അയാൾ അറിഞ്ഞു.മുട്ടോളം പൂണ്ടുപോവുന്ന ചെളിയിൽ വളർന്നുനിൽക്കുന്ന വലിയ പുല്ലുകൾ. മുന്നോട്ടൊന്നും കാണാൻ വയ്യ. ഇരുട്ടിൽ മുന്നിലുള്ളത് കുഴിയോ കുളമോ എന്നറിയാതെ മിർയത്തെ ഇരുത്തിയ കഴുതയെയും വലിച്ച് യൂസഫ് നടന്നു. നഗരത്തിൽ നിന്നും കുറെ അകന്നു എന്ന് തോന്നിയപ്പോൾ തന്റെ മൊബൈൽ ഫോൺ ടോർച്ച് പോലെ തെളിച്ചു. അപ്പോൾ ഇരുട്ടിൽ എന്തോ ഓടിവരുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ഒരാൾ എതിരെ നിന്ന് റ്റോർച്ചടിച്ചു. കുത്തുന്ന വെളിച്ചത്തിൽ യൂസഫിന്റെ കണ്ണ് മഞ്ഞളിച്ചു. അയാളുടെ കിതയ്ക്കുന്ന ശ്വാസം യൂസഫിന്റെ മുഖത്തടിക്കുന്നത്ര അടുത്ത് നിന്നുകൊണ്ട് യൂസഫിന്റെ നേരെ അയാൾ തോക്ക് ചൂണ്ടി. യൂസഫ് കൈകളുയർത്തി. അയാൾക്ക് ഭയമോ വിഷാദമോ തോന്നിയില്ല. വരാൻ പോകുന്ന പീഢനങ്ങളും അനിവാര്യമായ മരണവും ഓർത്ത് മടുപ്പ് മാത്രം തോന്നി. തോക്ക് ചൂണ്ടിയ ആൾ യൂസഫിനെ നോക്കിക്കൊണ്ട് അനങ്ങാതെ നിൽക്കുന്നു. അയാളെ യൂസഫ് തിരിച്ചറിഞ്ഞു. പഴയ ഉറ്റ സുഹൃത്ത് വഖാർ. 'വഖാർ, ഇത് ഞാനാ, യൂസഫ്' - അയാൾ ഒന്നും മറുത്തു പറഞ്ഞില്ല. പരിചയം കാണിക്കാതെ തോക്കുചൂണ്ടി അനങ്ങാതെ നിന്നു. എത്രനേരമെന്ന് അറിയാത്ത ആ നിൽപ്പിനു ശേഷം പെട്ടെന്ന് വഖാർ ഇരുളിലേക്ക് മറഞ്ഞു. യൂസഫും മിർയവും ഒറ്റയ്ക്കായി.
യൂസഫ് നടത്തത്തിന്റെ വേഗതകൂട്ടി. കഴുത കിതയ്ക്കുന്നുണ്ടായിരുന്നു. മിർയത്തിനു ഒട്ടും വയ്യെന്ന് തോന്നി. ഒരു മലകടന്ന് വേണം അടുത്ത ഗ്രാമത്തിലെത്താൻ. യൂസഫ് കഴുതയെയും വലിച്ച് മലമ്പാതയിലൂടെ നടന്നു. മലകടന്നാൽ പിന്നെ ഐസിസിനെ പേടിക്കാനില്ല. ഭരണകൂടത്തിന്റെ കയ്യിലുള്ള പ്രദേശമാണു, അവരുടെ പട്ടാളക്കാരെ പേടിച്ചാൽ മതി. പക്ഷേ മലകയറിയിറങ്ങുന്നത് കഠിനമായ യാത്രയാണു. ഒറ്റയ്ക്ക് യാത്രചെയ്താൽപ്പോലും ഒരു പകൽ മുഴുവനെടുക്കും മലകയറിയിറങ്ങാൻ.
‘യൂസഫ്, നിങ്ങൾ പൊയ്ക്കോളൂ, ഞാനിനിയില്ല' - മിർയം പറഞ്ഞു.
‘മിർയം, ഞാനില്ലാതെ നീയെങ്ങനെ മലകടക്കും? നിങ്ങളെ അവർ പിടികൂടും, കൊന്നുകളയും. എന്റെ കൂടെ വരൂ, നിന്നെ ഞാനേതെങ്കിലും അഭയാർത്ഥി കാമ്പിലാക്കിത്തരാം.’
'വേണ്ട, എന്നെയോർത്ത് വിഷമിക്കണ്ട. നിങ്ങൾ പൊയ്ക്കോളൂ, ഞാനിനിയില്ല'.
അയാൾക്ക് തർക്കിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അവളുടെ അവസ്ഥ കണ്ടപ്പോൾ അവൾ മലകയറിയിറങ്ങില്ല എന്നു തോന്നി. മിർയത്തിന്റെ മുഖം വിളറിവെളുത്തിരുന്നു. തണുപ്പും യാത്രാക്ലേശവും കൊണ്ട് അവൾ മരിച്ചുപോവുമെന്ന് തോന്നി. അയാൾ എന്തുചെയ്യണമെന്നറിയാതെ നിന്നു.
മലയിറങ്ങി ഒരു വാഹനത്തിന്റെ വെളിച്ചം വരുന്നു. അത് മുകളിൽ നിന്ന് ചെങ്കുത്തായ വളവുകളിൽ വീശിയടിക്കുന്നു. അയാൾ കഴുതയെയും വലിച്ച് പാതവിട്ട് കാട്ടിലേക്ക് കയറി.കുറ്റിക്കാടുകളും കല്ലും മുള്ളും ചവിട്ടിക്കയറി. ഒരു വലിയ പാറ ചരിഞ്ഞ് മേൽക്കൂരപോലെ നിൽക്കുന്നു. അതിനടിയിൽ രണ്ട് കാട്ടാടുകൾ നിന്നുറങ്ങുന്നു. അയാൾ മിർയത്തിനെ അവിടെ ഇറക്കിക്കിടത്തി.
‘വെള്ളം' - മിർയം കരയുന്നു. ഇരുട്ടിലും വേദനയുടെ തരംഗങ്ങൾ അവളുടെ ദേഹത്തിൽ ഓടിനടക്കുന്നതും അവയുടെ ആവൃത്തി കൂടിവരുന്നതും അയാളറിഞ്ഞു. അപ്പോൾ മേഖം മാറി, ഗുഹയിലേക്ക് നിലാവ് ചൊരിഞ്ഞുവന്നു. വേദനകൊണ്ട് മിർയം പുളഞ്ഞു. തണുപ്പിലും മിർയം വിയർത്തു. എന്നിട്ട് നിശ്ചലമായി. പെട്ടെന്ന് മിർയത്തിന്റെ വിതുമ്പലുകളും പിടച്ചിലും ഒഴിഞ്ഞപ്പോൾ ഗുഹയിൽ പേടിപ്പിക്കുന്ന നിശബ്ദത നിറഞ്ഞു. യൂസഫ് അവളുടെ വസ്ത്രം പൊക്കി. ചോരയിൽ കുളിച്ച് ഒരു കുഞ്ഞ് കിടക്കുന്നു. മരണത്തിന്റെ ഇടനാഴിയിലൂടെ ഊർന്നിറങ്ങിവന്ന കുഞ്ഞ്, ഒരു പെൺകുഞ്ഞ്. അവൾ അനക്കമില്ലാതെ കണ്ണുകളടച്ച് കിടക്കുന്നു. അതിന്റെ കവിളുകൾ നീലിക്കുന്നു. അയാൾ അവളെ കാലിൽ പിടിച്ച് തലകീഴായി പൊക്കിയെടുത്തു. കുഞ്ഞ് നിശബ്ദതയെ നെടുകേ കീറിക്കൊണ്ട് കരഞ്ഞു. ആശ്വാസത്തോടെ അയാൾ കത്തിയെടുത്ത് അവളുടെ പൊക്കിൾക്കൊടി മുറിച്ചു. മിർയം കണ്ണുതുറന്നു. വേദനനിറഞ്ഞ പുഞ്ചിരി. അയാൾ കുഞ്ഞിനെ അവളുടെ അരികിലേക്ക് കിടത്തി.
‘യൂസഫ് പൊയ്ക്കോളൂ’, അവൾ വീണ്ടും പറഞ്ഞു.
ഈ കുഞ്ഞ് തന്റെ ആരാണു? ആരുടെയാണു? ഇന്നലെ വരെ തന്നെ അറിയാത്ത ഒരു സ്ത്രീ. അവളുടെ കുഞ്ഞ്. അവരിരുവരും ഒന്നുപോലെ ഒട്ടിക്കിടക്കുന്നു. ദൂരെയേതോ ദ്വീപിൽ ജീവിക്കുന്ന രണ്ട് അപരിചിതരെപ്പോലെ അവർ. കാഴ്ച്ചക്കാരനെപ്പോലെ താൻ. തനിക്കും അവർക്കും ഇടയിൽ ഒരു മലയുണ്ടെന്ന് അയാൾക്കു തോന്നി. മുറിച്ചുകടക്കാൻ പറ്റാത്ത വലിയ പർവ്വതം.
എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കണം. എങ്ങനെയും സിറിയ വിടണം, തുർക്കിയിലേക്ക്, പിന്നെ യൂറോപ്പിലേക്ക്. അവിടെ ഒരു പെണ്ണിനെ കണ്ടെത്തണം, തന്റെ രക്തത്തിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കണം.
മിർയത്തിന്റെ വസ്ത്രങ്ങൾ അയാൾ അവളുടെ അടുത്ത് അടുക്കിവെച്ചു. കഴുതയെ ഒരു കമ്പിൽ കെട്ടി. അവൾക്ക് കുടിക്കാനുള്ള വെള്ളവും അല്പം ഭക്ഷണവും അരികത്തുവെച്ചു. 'നിങ്ങളെ ദൈവം കാക്കും' - താൻ തന്നെയാണോ ഇങ്ങനെ പറഞ്ഞത് എന്ന് അയാൾ അൽഭുതപ്പെട്ടു, എന്നിട്ട് തിരിഞ്ഞുനടന്നു.
അയാൾ പോക്കറ്റിൽ കൈയിട്ടു. തന്റെ പിതാവ് തന്ന ഒമേഗ വാച്ച് മിടിക്കുന്നു. അത് വിറ്റാൽ യൂറോപ്പിലേക്ക് കടക്കാനുള്ള ബോട്ടിനു കൊടുക്കാൻ പണം കിട്ടും. താനെങ്ങനെയും രക്ഷപെടും. അത് അവൾക്കു കൊടുക്കണം. അയാൾ തിരിച്ചുനടന്നു. അയാൾക്ക് കുഞ്ഞിനെ ഒന്നുകൂടി എടുക്കണം എന്ന് തോന്നി. കുഞ്ഞിനു തണുക്കുന്നുണ്ടാവുമോ? മിർയം ഒരു കല്ലിൽ ചാരിയിരുന്ന് കുഞ്ഞിനു മുലകൊടുക്കുന്നു. അയാളെ മിർയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. പരുക്കൻ ലോകത്തിൽ ഒരു അമ്മയും കുഞ്ഞും യാത്രതുടങ്ങുന്നു. ഒരുപക്ഷേ അവർ ഏതെങ്കിലും അഭയാർത്ഥി കാമ്പിലെത്തും, ചിലപ്പോൾ എവിടെയെങ്കിലും അഭയം കണ്ടെത്തും. ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത്, ഒരുപക്ഷേ അമേരിക്കയിൽ, കുഞ്ഞ് വളരും. ഈ രണ്ട് ജീവിതങ്ങളിൽ വരാൻ പോകുന്ന യുദ്ധവും രോഗവും പട്ടിണിയും ദുരിതവും രക്ഷയുമെല്ലാം മിർയത്തിന്റെ കണ്ണുകളെ പ്രകാശിപ്പിക്കുന്നതുപോലെ യൂസഫിനു തോന്നി. പാൽ ചുരക്കുന്ന മുലയിൽ നിന്ന് വിടുവിച്ച് അവൾ കുഞ്ഞിനെ അയാളുടെ കയ്യിലേക്ക് കൊടുത്തു.
അയാൾ എടുത്തപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി, ചിരിച്ചു, തന്റെ ചെറിയ വിരലുകൾ കൊണ്ട് അയാളുടെ മീശരോമങ്ങളിൽ തടവിക്കൊണ്ട് കുഞ്ഞ് വിളിച്ചു, "യൂസഫ്.."
No comments:
Post a Comment