1. ഫുട്ട്പാത്തിലെ പുഴു
-----------------------
ചില കഥകൾ എവിടെപ്പറഞ്ഞു തുടങ്ങണമെന്നറിയില്ല. എന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ഞാനീ റോഡുപണിക്കാരുടെയൊന്നും മുഖം കാണില്ല എന്നതാണു - ടാറുരുക്കിയും ചരലുപാകിയും അവർ റോഡിലൊക്കെ പണിയുന്നതും റോഡരികത്ത് കൂട്ടംകൂടി നിൽക്കുന്നതും കാണും. അവരെ നോക്കിയാലും നോട്ടം അവരെയും കടന്നുപോകും. അവരുടെ മുഖമോ കണ്ണുകളോ ചിരിയോ മുഖത്തെ വികാരങ്ങളോ ഒന്നും കാണില്ല. എന്നാലവർക്കു പിന്നിലുള്ള ചുവരെഴുത്തും വീടുകളുടെ നിറവും മരങ്ങളും ഒക്കെക്കാണും. കടകളുടെ മുന്നിലുള്ള ചില്ലുപാളിയിലൂടെ ഉള്ളിലെ പ്രദർശനവസ്തുക്കളിലേക്കു നോക്കുന്നതുപോലെ സുതാര്യമായ നോട്ടമാണു. ഒരു തൊഴിലാളി. അത്രമാത്രം.
അതുപോലെ സുതാര്യനായിരിക്കണം മ്യൂസിയം പോലീസ് സ്റ്റേഷനു മുൻപിലെ ഫുട്ട്പാത്തിലിരിക്കുന്ന മനുഷ്യനും. ടൊവീനോയുടെ പുതിയ പടത്തിൻ്റെ പരസ്യത്തിനു കീഴെ, ഫുട്ട്പാത്തിലെ രണ്ട് സ്ലാബുകൾ ഇളകിക്കിടക്കുന്നിടതിനു തൊട്ടപ്പുറമാണു അയാൾ ഇരിക്കുന്നത്. അയാളെ സൂക്ഷിച്ച് നോക്കിയാൽ ചുണ്ട് രണ്ടും ക്രിക്കറ്റ് ബാൾ പോലെ വീർത്തിരിക്കുന്നതും കവിൾ വീങ്ങിയതുകൊണ്ട് ഇടത്തേക്കണ്ണ് തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോയതും പുരികം പൊട്ടിയിരിക്കുന്നതും കാണാം. ഒരു കീറിയ ഷർട്ടും ചോര പടർന്ന വെളുത്ത മുണ്ടും ധരിച്ച് അയാളിങ്ങനെ ഇരിക്കുന്നു. ചിലപ്പോൾ കരയുന്നു, ചിലപ്പോൾ തലയിൽ കൈവെച്ച് ഇരിക്കുന്നു, ചിലപ്പോൾ നിലത്ത് കിടക്കുന്നു. രാവിലെ മുതൽ വൈകുന്നേരം ഏഴുമണിവരെ അയാൾ ഈ കിടപ്പുകിടന്നു. തിരുവനന്തപുരം മ്യൂസിയം റോഡിലെ തിരക്കുവെച്ച് നോക്കിയാൽ ഒരു മിനിട്ടിൽ ശരാശരി നൂറുപേരെങ്കിലും കടന്നുപോയിക്കാണണം. അതായത് രാവിലെ എട്ടുമണി മുതൽ വൈകിട്ട് ഏഴുമണിവരെ അറുപത്താറായിരം മനുഷ്യർ അയാളെക്കടന്ന് നടന്നുപോയി. അരികിലെ റോഡിലൂടെപ്പോകുന്ന ഓട്ടോ, സ്കൂട്ടർ, ബൈക്ക്, കാർ, ബസ്സ് യാത്രക്കാർ വേറെ. ഞാൻ നേരത്തേ പറഞ്ഞതുപോലെ അവർ അയാളെ കണ്ടില്ലെന്നതാണു സത്യം.
ഉദാഹരണത്തിനു ഫിലിം ഫെസ്റ്റിവലിനു വന്ന് അതിലേ നടന്ന രണ്ട് യുവാക്കളുടെ സംഭാഷണം നോക്കാം. ഒന്നാമൻ ജുബ്ബ/ജീൻസ് വേഷത്തിലാണു, രണ്ടാമൻ ജീൻസും ടി-ഷർട്ടും. രണ്ടുപേരുടെയും കഴുത്തിൽ ഫിലിം ഫെസ്റ്റിവലിൻ്റെ ബാഡ്ജ് തൂക്കിയിട്ടുണ്ട്.
ഒന്നാമൻ: “ഒന്നോർത്താൽ നമ്മുടെ പോലീസ് എന്നത് സ്റ്റേറ്റ് ഏർപ്പാക്കിയ ഒരു ഗുണ്ടാ സംവിധാനമല്ലേ? തോന്നുന്നതുപോലെ ആളുകളെ അടിക്കാനും തൊഴിക്കാനും അവകാശമുള്ള, സർക്കാർ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന വളരെ ഓർഗനൈസ്ഡ് ആയൊരു ഗുണ്ടാപ്പട”.
രണ്ടാമൻ: “സ്റ്റേറ്റ് എന്നതേ വയലൻസാണു. സ്റ്റേറ്റിനോളം ഹിംസാത്മകമായ മറ്റൊരു സംവിധാനമില്ല. അതല്ലേ അളിയാ ഞാനൊരനാർക്കിസ്റ്റായത്”.
ഒന്നാമൻ: “എന്ത് ഇസ്റ്റായാലെന്താ ഇഷ്ടാ, ഹിംസാരഹിതമായ സ്റ്റേറ്റിനെ സ്വപ്നം കാണാൻ പറ്റണ്ടേ?”
(ഇപ്പോൾ ഇവർ ഇരുവരും റോഡിൽ മുറിവേറ്റുകിടക്കുന്ന മനുഷ്യനെ കടന്നുപോവാറായി).
രണ്ടാമൻ: “സ്റ്റേറ്റ് എന്നത് ഒരു അധികാരരൂപമാണു. ഹിംസാരഹിതമായ അധികാരം എന്നത് വിരുദ്ധോക്തിയാണു. ഒന്നോർത്താൽ നമ്മളെല്ലാം പ്രാകൃതരായ മൃഗങ്ങളാണു. അടിച്ചും മെരുക്കിയുമല്ലാതെ നമ്മളെ ഒരുമിപ്പിച്ച് ജീവിപ്പിക്കാനാവില്ല. അതായത് തല്ല് ജനാധിപത്യത്തിൻ്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണു. ജനാധിപത്യത്തിൻ്റെ ഉപകരണമാണു പോലീസ്. ”
ഒന്നാമൻ: “എടാ, പോലീസ് സ്റ്റേഷൻ്റെ മുന്നിൽ കിടക്കുന്ന ആളെ ശ്രദ്ധിച്ചോ, അടികൊണ്ട് പൊട്ടിക്കിടക്കുവല്ലേ”?
രണ്ടാമൻ: “വല്ലൊ ഭിക്ഷക്കാരുമായിരിക്കും. അവരുടെ തമ്മിൽത്തല്ലിനു നമ്മൾ ഇടപെടണോ. വിട്ടുകള”.
ഒന്നാമൻ: ”ശ്രീകുമാറിൽ റ്റിക്കറ്റുകിട്ടിയില്ലെങ്കിൽ പിന്നെ ഏതുപടത്തിനു കേറാനാണു. ഗാസ്പെർ നോയുടെ പടത്തിനു എന്തായാലും നോക്കണ്ട.”
ഞാൻ പറഞ്ഞുവന്നത് അവരുടെ കണ്ണുകളിൽ യുവത്വത്തിൻ്റെ തിളക്കവും ബുദ്ധിജീവിതത്തിൻ്റെ തീക്ഷ്ണതയും ഉള്ളതുകൊണ്ട് അവർ മുറിവേറ്റ മനുഷ്യനെ ശ്രദ്ധിച്ചു, പക്ഷേ മറ്റാരും തന്നെ അയാളെ ശ്രദ്ധിച്ചില്ല എന്നാണു. അതായത് പണ്ടുകാലത്ത് നല്ല ശമരിയാക്കാരനൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ആ കഥകളൊക്കെ പഴഞ്ചനായി. അയാൾ വേദനകൊണ്ട് കിടന്ന കിടപ്പിൽത്തന്നെ മൂത്രമൊഴിച്ചുപോയി. മുഖത്തുനിന്ന് ചോരവാർന്ന് അയാൾക്ക് വലുതായി ദാഹിച്ചു. വെയിലേറ്റ് അയാൾ തളർന്നു. ഇപ്പോൾ കേരളത്തിലെ വെയിലറിയാമല്ലൊ, ഗൾഫിനെക്കാൾ വെയിലാണു. ഇങ്ങനെ രണ്ടോ മൂന്നോ ദിവസം കിടന്നാൽ അയാൾ മരിച്ചുപോയേക്കാം. നമ്മുടെ നാട്ടിൽ ഒരു മരണം എന്താവാനാണു - പുഴുക്കളെപ്പോലെ എത്രമാത്രം മനുഷ്യരാണു. ആളുകൂടിയതിൻ്റെ കുഴപ്പമാണോ അതോ അസ്വഭാവിക മരണം അത്രയേറെ സ്വാഭാവികവും നിരന്തരവുമായതിൻ്റെ മടുപ്പാണോ എന്നറിയില്ല,
ഒന്നോ രണ്ടോ പേർ വെട്ടിയോ കൊന്നോ ഇടികൊണ്ടോ മരിച്ചാൽ ഇപ്പോൾ പത്രങ്ങൾ പോലും വാർത്തയാക്കാറില്ല.
2.നല്ല സമരിയാക്കാരൻ
------------------------------
ഏഴുമണിയായപ്പോൾ ഒരുവരിയിലെ ഗതാഗതം തടഞ്ഞുകൊണ്ട് ഒരു ജീപ്പ് ബ്രേക്കിട്ടുനിന്നു. അതിൽ നിന്ന് സർക്കിളിൻസ്പെക്ടർ വർഗീസ് എബ്രഹാം ഇറങ്ങിവന്ന് “ചെല്ലപ്പാ എഴുന്നേൽക്ക്” എന്നുപറഞ്ഞു. എന്നിട്ടും എണീക്കാതെ താഴെ ചുരുണ്ടുകിടന്ന ആ മനുഷ്യനെ വലിച്ചുപൊക്കി അയാളെ താങ്ങിനടത്തിച്ച് തൻ്റെ വണ്ടിയുടെ മുൻസീറ്റിലിരുത്തി. “വീട് മണ്ണറക്കോണത്തല്ലേ, ഞാൻ കൊണ്ടാക്കാം” എന്നു പറഞ്ഞു. ചെല്ലപ്പനാശാരി മറുത്തൊന്നും പറയാതെ മുന്നിലേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. വണ്ടി നീങ്ങിത്തുടങ്ങി.
“ചെല്ലപ്പാ, നിങ്ങളെപ്പോലുള്ളവർ ഞങ്ങൾ പോലീസുകാരുടെ തല്ല് ചോദിച്ചുവേടിച്ചാൽ എന്തോ ചെയ്യും”
ചെല്ലപ്പനാശാരി മറുപടി പറയാത്തതുകൊണ്ട് സിഐ വർഗ്ഗീസ് തുടർന്നു: “നിങ്ങൾ വെറുതേ പോലീസുകാരുടെ കൈത്താങ്ങിനു വന്ന് കേറിയതാണു. ആരെങ്കിലും പോലീസുകാർക്കെതിരെ സമരത്തിനു പോകുമോ? അതും പോലീസ് സ്റ്റേഷൻ്റെ വളപ്പിൽ കൊടിയും പിടിച്ച് സത്യാഗ്രഹമിരിക്കാൻ സമ്മതിക്കാൻ പറ്റുവോ? ദിവസവും നൂറുകണക്കിനു ആളുകൾ കയറിയിറങ്ങുന്ന സ്ഥലമാ പോലീസ് സ്റ്റേഷൻ. ഓരോരുത്തരും നീതി കിട്ടാൻ വരുന്ന, നീതി കൊടുക്കുന്ന കട. അതിനുമുന്നിൽ പോലീസുകാർക്കെതിരെ കൊടിയും പിടിച്ചിരുന്നാലൊക്കുമോ. ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്ന പരിപാടിയല്ലേ?”
അതിനും ചെല്ലപ്പനാശാരി മറുപടിയൊന്നും പറഞ്ഞില്ല.
“എടോ, നിങ്ങൾക്ക് വയസ്സായി. ഞാൻ പറയുന്നതു കേൾക്കു, വെറുതേ പോലീസിനെതിരെ സമരത്തിനൊന്നും പോകണ്ട. നിങ്ങടെ മോനോ പോയി. ഇനി നിങ്ങളെങ്കിലും വീട്ടിലുള്ളോർക്ക് കഞ്ഞിക്കു വകയുണ്ടാക്കിക്കൊടുക്കാൻ നോക്ക്. ഇനിയും ഈ പ്രായത്തിൽ തല്ലുകൊണ്ട് ചാവണ്ട”.
വഴിയിൽ വാഹനങ്ങളൊഴുകുന്നതും ഇരുട്ടിലേക്ക് മറയുന്നതും ചെല്ലപ്പനാശാരി കണ്ടു. മകൻ്റെ കുട്ടിക്കാലത്തെ ഒരു ഓർമ്മ അയാളെ വന്നു തലോടി. തൻ്റെ അമ്മയും തൻ്റെ മകനും തമ്മിലുള്ള സംഭാഷണം. രണ്ട് തലമുറകൾക്കപ്പുറത്തുനിന്ന് അമ്മൂമ്മ അവൻ്റെ അച്ഛനെപ്പറ്റി പറഞ്ഞുകൊടുക്കുന്നു.
‘മോൻ വലുതാകുമ്പൊ നിൻ്റെ അച്ഛൻ വെറുമൊരു ആശാരിയായിരുന്നെന്ന് വിചാരിക്കരുത്. മഹാ മാന്ത്രികനാ. മന്ത്രവാദത്തിൻ്റെ അറ്റം ഒടിമന്ത്രവാദമാ, അതിൻ്റെ അറ്റം വെള്ളൊടി. നിൻ്റെ അച്ഛന് അവൻ്റെ അപ്പൂപ്പൻ പഠിപ്പിച്ചു കൊടുത്തതാ വെള്ളൊടിവിദ്യ. വേണമെന്നുവെച്ചാൽ എത്ര കാശുണ്ടാക്കാമായിരുന്ന കുട്ടിയാ. പക്ഷേ ചെയ്യൂല്ല. അവനീ ആശാരിപ്പണിയും അരപ്പട്ടിണിയും മതി. മോൻ വലുതാവുമ്പൊ അച്ഛനോടു ചോദിച്ച് ഒടിവിദ്യ പഠിക്കണം. അച്ഛനെപ്പോലെ മരത്തിൽക്കൊത്തി ജീവിതം കളയരുത്. മോൻ വലിയ കാശുകാരനാകണം'.
അന്ന് അവനു ഒൻപതുവയസ്സേയുള്ളൂ. 'അച്ഛനു മന്ത്രവാദം അറിയുമോ' എന്ന് ചോദിച്ചു. 'അറിയില്ല മകനേ' എന്നു പറഞ്ഞു.
'അച്ഛമ്മ പറഞ്ഞല്ലോ'
'അച്ഛമ്മ വെറുതേ ഓരൊന്ന് ഉണ്ടാക്കിപ്പറയുന്നതല്ലേ. ഇന്നത്തെക്കാലത്ത് ആരാ മന്ത്രവാദവുമായിട്ട് നടക്കുന്നെ. ആൾക്കാർ തട്ടിപ്പുകാരാന്നു പറയും'
'അച്ഛനു മന്ത്രവാദം അറിയാമായിരുന്നെങ്കിൽ വായുവിൽ നിന്ന് ജപിച്ച് കുറെ കാശുണ്ടാക്കിക്കൂടേ, പിന്നെ നമുക്കും നല്ല വീട്ടിൽ താമസിക്കാമല്ലോ'
താൻ വെളുക്കെ ചിരിച്ചു..
മുൻസീറ്റിലിരുന്ന് മയങ്ങിപ്പോയ ചെല്ലപ്പനാശാരിയെ പോലീസുകാരൻ കുലുക്കിയുണർത്തി. 'ഇവിടെ വട്ടിയൂർക്കാവ് ജങ്ഷനിൽ ഒരു ക്ളിനിക്ക് ഉണ്ട്. എനിക്കു പരിചയമുള്ള സ്ഥലമാണു. കയറി മുഖത്തെ പരിക്കെല്ലാം ശരിയാക്കിയിട്ട് പോകുന്നോ?'
ചെല്ലപ്പനാശാരി വേണ്ട എന്ന് തലയാട്ടി.
'ഇതാ, ഇതിരിക്കട്ടെ. ഏതെങ്കിലും ആശുപത്രിയിൽച്ചെന്ന് മുറിവുവെച്ചു കെട്ട്' - വർഗ്ഗീസ് ആയിരം രൂപ ചെല്ലപ്പനാശാരിയുടെ പോക്കറ്റിൽ തിരുകിക്കൊടുത്തു.
'എടോ തൻ്റെ മകൻ്റെ കാര്യത്തിൽ ഞങ്ങൾക്കും വിഷമമുണ്ട്. സത്യമായിട്ടും പോലീസുകാർ ഒന്നും ചെയ്തില്ല. അവനു വേറെന്തെങ്കിലും വിഷമമുണ്ടായിരുന്നുകാണും. എല്ലാം കൂടി വന്നപ്പൊ അങ്ങനെ പറ്റിയെന്നേയുള്ളൂ.'
ചെല്ലപ്പനാശാരിയുടെ കണ്ണുകൾ വീണ്ടും വേറേതോ ലോകം തിരഞ്ഞുപോയി. തിമിരത്തിൻ്റെ പാടകളിൽ അന്തിസൂര്യനെപ്പോലെ കണ്മണികൾ മുങ്ങുന്നതുകണ്ട് സി.ഐ. വീണ്ടും തുടർന്നു.
'ആശുപത്രിയിൽ കൂടുതൽ കാശാകുന്നെങ്കിൽ എന്നെ അറിയിക്കു, ഞാൻ വേണ്ടത് ചെയ്യാം. ദയവുചെയ്ത് ഇനിയും സമരത്തിനൊന്നും വരരുത്, വീട്ടിൽ ബാക്കിയുള്ളോരെ നോക്കി ജീവിക്കു'. വർഗ്ഗീസ് ചെല്ലപ്പനാശാരിയുടെ വീട്ടിലേക്കുള്ള വളവിൽ ജീപ്പ് നിർത്തി.
'സാറേ' - ചെല്ലപ്പനാശാരി ആദ്യമായി വിളിച്ചു.
'എന്തെങ്കിലും വേണോ?'
'മുഖം തുടയ്ക്കാൻ ഒരു തുണി.. ഇങ്ങനെ ചോരയുമൊലിപ്പിച്ച് വീട്ടിൽ കേറിച്ചെന്നാൽ അവരു പേടിക്കും'
വർഗ്ഗീസ് കാക്കിഷർട്ടിൻ്റെ പോക്കറ്റിൽ മടക്കിവെച്ചിരുന്ന കൈലേസ് എടുത്തുകൊടുത്തു. അതും പിടിച്ച് ചെല്ലപ്പനാശാരി വേച്ചുനടക്കുന്നത് നോക്കിയിരുന്നു, എന്നിട്ട് വണ്ടി തിരിച്ചു.
3. നേതാവ്
--------------
ഇതിനു രണ്ടുദിവസം മുൻപ് ആത്മഹത്യ നടന്ന വീട്ടിൽ സ്ഥലത്തെ രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് വന്നിരുന്നു. ആളൊഴിഞ്ഞ വീട്ടിലെ അമ്മ - ലളിത - അകത്തെ മുറിയിൽ കിടപ്പാണു. ചെല്ലപ്പനാശാരി മുൻവശത്തെ സോഫയിലിരുന്ന് ചുമരിലെ ക്ളോക്കിൽ നിമിഷസൂചി മിടിക്കുന്നത് നോക്കുകയായിരുന്നു. പുറത്ത് മകൻ്റെ ബൈക്ക്, അവൻ ഊരിയിട്ട ചെരുപ്പ്, അകത്തെ അയയിൽ അവൻ്റെ അടിവസ്ത്രങ്ങൾ, ചുമരിൽ തെണ്ടുൽക്കറിൻ്റെ പടം. അവൻ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് എവിടെയോ പോയി, ഇപ്പോൾ തിരിച്ചുവരും എന്ന ഭാവമാണു വീടിനു. ചെല്ലപ്പനാശാരി ഒരുപാട് നേരമായുള്ള ഇരിപ്പിൽ നിന്ന് നേതാവിനെ കണ്ടപ്പോൾ എഴുന്നേറ്റു.
'നേരത്തേ വരണമെന്ന് വിചാരിച്ചതാ, പറ്റിയില്ല'
ചെല്ലപ്പനാശാരി ഒന്നും പറഞ്ഞില്ല. സഹായിക്കാൻ വന്ന അയലത്തെ പെൺകുട്ടി 'ചായ എടുക്കട്ടേ' എന്നു ചോദിച്ചു.
'വേണ്ട, ഞാൻ ചായ കുടിച്ചിട്ടിറങ്ങിയതാ'.
'വെള്ളം എടുക്കണോ' എന്ന് അവൾ ചോദിച്ചപ്പോൾ ചെല്ലപ്പനാശാരി തന്നെ മുഖം കൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു.
'ലളിതാമ്മയെവിടെ?'
'കിടക്കുന്നു'.
'ഇത് കൃത്യമായും പോലീസിൻ്റെ കടുംകൈയാണു. വെറുതേ പോകുന്നവരെ പിടിച്ച് തല്ലുക. പോലീസുകാരെ വെറുതേ വിടരുത്. നമുക്ക് നാളെത്തന്നെ പത്രത്തിലും ചാനലിലും ഒക്കെ ഇത് അറിയിക്കാം'.
ചെല്ലപ്പനാശാരി വീണ്ടും ക്ളോക്കിലെ സൂചി ഇഴയുന്നത് നോക്കി.
'ഞാനും കൂടെ വരാം. രാവിലെ എനിക്ക് പാറശ്ശാലയിൽ ഒരു പരിപാടിയുണ്ട്, അത് കഴിഞ്ഞ് ഞാൻ വൈകുന്നേരമിങ്ങെത്താം. നമുക്ക് ആ സ്റ്റേഷനു മുന്നിൽത്തന്നെ പ്രതിഷേധം സംഘടിപ്പിക്കാം. ഇവിടെ പരിചയമുള്ള ആൾക്കാരെയൊക്കെ വിളിക്കൂ, ചാനലുകളെയും പത്രക്കാരെയുമൊക്കെ ഞാൻ വിളിച്ചുപറഞ്ഞോളാം.'
ചെല്ലപ്പനാശാരി ഒന്നും പറയാത്തതുകൊണ്ട് അയാൾ ആശാരിയുടെ കൈ തൻ്റെ രണ്ടുകൈകളിലുമെടുത്തു. ഉളി തെന്നിമുറിഞ്ഞ് വടുക്കൾ വീണ കൈത്തലം തലോടി, 'ഒന്നുകൊണ്ടും വിഷമിക്കണ്ട, ഞാൻ പോയിട്ട് നാളെവരാം' എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി. മരശ്ശാരി ദിവസം മുഴുവൻ കാത്തിരുന്നെങ്കിലും അയാൾക്ക് ചില തിരക്കുകൾ കൊണ്ട് വരാൻ പറ്റിയില്ല. അതുകൊണ്ടാവണം അതിനു പിറ്റേദിവസം ചെല്ലപ്പനാശാരിയ്ക്ക് ഒറ്റയ്ക്ക് പ്രതിഷേധിക്കാൻ തോന്നിയത്. തിരക്കുകളൊഴിഞ്ഞ് നേതാവ് പിറ്റേന്നു വന്നപ്പോൾ വീട് തുറന്നുകിടക്കുകയായിരുന്നു.
4. കലിപ്പ് പയ്യൻ
--------------------
തിരുവനന്തപുരം സിറ്റി ഒരു പെശക് സ്ഥലമാണ്. കെ.എൽ.ഒന്ന് 1456 ഫ്ളൈയിങ്ങ് സ്ക്വാഡു വണ്ടി ഗവണ്മെൻ്റ് വിമൻസ് കോളെജിനു മുൻപിലൂടെ പതിവ് പാറാവിനു പോവുകയായിരുന്നു. മെതിയടി ബസ് സ്റ്റോപ്പ് കഴിഞ്ഞ് വളവിലുള്ള അമ്മൂസ് ജ്യൂസ് ഷോപ്പിനുമുൻപിൽ ഒരു പയ്യൻ ബൈക്കും ചാരിനിന്ന് ജ്യൂസുകുടിക്കുക്കുന്നു. സബ് ഇൻസ്പെക്ടർ റോഷന് ഒറ്റനോട്ടത്തിലേ എന്തോ കലിപ്പു തോന്നി. വണ്ടി നിർത്തണോ എന്ന് കൂടെ ഫ്രണ്ട് സീറ്റിലിരുന്ന ഇൻസ്പെക്ടർ മജീദിനോടു ചോദിച്ചു. മജീദ് തലയാട്ടി. റോഷൻ ജീപ്പ് നിർത്തി പിന്നോട്ടെടുത്തു. ചെവല നിറമുള്ള ഡ്യൂക്ക് 200-സിസി ബൈക്കിൽ ചാരിനിൽക്കുന്ന, നീലക്കളറടിച്ച മുടി നീളത്തിൽ വളർത്തിയ പയല്. എസിഡിസി എന്നെഴുതിയ കറുത്ത റ്റീഷർട്ട്, അണ്ടർവെയറിൻ്റെ വള്ളി പുറത്തുകാണിക്കുന്ന തരം ജീൻസ്. കറുത്തുമെലിഞ്ഞ് പൊക്കമുള്ള പയ്യൻ.
'ഇങ്ങോട്ട് വാടാ'
'എന്നെയാണോ സാറേ?'
'നിന്നെത്തന്നെ. എന്താടാ നിനക്കിവിടെ പരിപാടി?'
'ഒരു കൂട്ടുകാരനെ കാത്തുനിക്കുവാ സാറേ'.
‘ഉം, വണ്ടിയിലോട്ട് കേറ്’.
‘എന്തിനാ സാറേ?’
‘അതൊക്കെ ഇപ്പൊത്തന്നെ അറിയണോ? കേറഡാ വണ്ടിയിലോട്ട്’.
അപ്പൊഴേയ്ക്കും ഒരു പയ്യൻ ഓടിവന്നു, ചീകിവെച്ച മുടിയൊഴിച്ചാൽ വേഷം ഇതുപോലൊക്കെത്തന്നെ. ‘എന്താസാറേ പ്രശ്നം?'
‘അതുചോദിക്കാൻ നീയേതാടാ?
‘സന്തോഷ് എന്നെക്കാണാൻ കാത്തുനിന്നതാ. കാര്യമെന്താ?’
'ഓഹോ, എന്നാ നീയും കേറ് വണ്ടിയിൽ'
‘ഞാനിവിടെ വിമൻസിൽ പഠിപ്പിക്കുന്ന മേനോൻ സാറിൻ്റെ മോനാ, എന്നെക്കാണാനാ സന്തോഷ് വന്നത്’
‘അധികം സംസാരിക്കാതെ വീട്ടിൽപ്പോടാ’.
അവൻ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് എസ്.ഐ. റോഷൻ വണ്ടിയിൽ നിന്നിറങ്ങി. സന്തോഷിൻ്റെ തലയ്ക്കുപിന്നിൽ പിടിച്ച് തള്ളി വണ്ടിയുടെ പിറകിലേയ്ക്കു കയറ്റി. കൂട്ടുകാരൻ പയ്യനെ ലാത്തിയെടുത്ത് ഓങ്ങി 'വീട്ടിൽപ്പോടാ' എന്ന് വീണ്ടും പറഞ്ഞു. അവൻ കുറച്ചുദൂരെ ബസ് സ്റ്റോപ്പ് വരെ നടന്നു, ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ജീപ്പിലേക്കു തിരിഞ്ഞ് നോക്കി. എസ്.ഐ റോഷൻ ജീപ്പ് സ്റ്റേഷനിലേയ്ക്കു വിട്ടു.
സ്റ്റേഷനിലെത്തിയിട്ടും അവൻ്റെ മൊട തുടർന്നു. പോലീസ് എന്തിനാ അവനെ കസ്റ്റഡിയിലെടുത്തത് എന്ന് അവനറിയണം. മജീദ് അവനെ ഒരു ലോക്കപ്പ് സെല്ലിനകത്തേയ്ക്ക് വിളിച്ചോണ്ടുപോയി, കാല്മുട്ടുകൊണ്ട് അവൻ്റെ വയറ്റിൽ ഇടിച്ചു. പയ്യൻ ചൂളിപ്പോയി. വയറും പൊത്തി നിലത്തുവീണു. റോഷൻ അകത്തേയ്ക്കു വന്നു. നിലത്തുകിടന്നു ഞരങ്ങുന്ന അവനെ എഴുന്നേൽപ്പിച്ചു നിർത്തി.
‘നിനക്ക് ഇനിയും അറിയണോ എന്തിനാ അറസ്റ്റ് ചെയ്തതെന്ന്?’
അവൻ വേണം എന്ന് തലയാട്ടി.
റോഷൻ അവനു ചെള്ള പിളർക്കെ ഒരു അടിയും കൂടെക്കൊടുത്തു. പയ്യൻ്റെ വായിൽ നിന്ന് ചോരയൊലിച്ചു തുടങ്ങി
‘നീയെന്താടാ സ്റ്റൈലുകാണിക്കുന്നോ? എവിടെന്നാടാ മുടിയിൽ കളറടിച്ചത്?’
അവൻ ഒന്നും പറഞ്ഞില്ല.
‘എന്തേലും പഠിക്കുന്നുണ്ടോടാ?’
‘ബി.എ. മലയാളത്തിനു’
‘എവിടെയാടാ വീട്?’
അവൻ ഒരു കോളനിയുടെ വീടുപറഞ്ഞു.
'ആഹാ, പെലേ പ്പയ്യനാ. എന്നിട്ടാണോ നിനക്കിത്ര ജാഡ?’
അവൻ തലതാഴ്ത്തി. ‘ഞങ്ങള് പാണരാ സാറേ’ എന്നു പറഞ്ഞു.
‘എന്താടാ തിരിച്ചു പറയുന്നെ?’ മജീദ് ഇടിക്കാൻ വന്നു. റോഷൻ മതി എന്നു ആംഗ്യം കാണിച്ചു.
‘എന്തിനാടാ നീ വിമൻസ് കോളെജിനു മുന്നിൽ സ്റ്റൈലുകാണിച്ചെ?’
‘ഞാനെൻ്റെ കൂട്ടുകാരനെ കാത്തുനിന്നതാ സാറേ.’
‘ബൈക്ക് എവിടെന്ന് മോഷ്ടിച്ചതാടാ?’
‘മോഷ്ടിച്ചതല്ല, എൻ്റെയാ’ - റോഷൻ അവൻ്റെ കുത്തിനു പിടിച്ചു.
‘നിനക്കെവിടന്നാടാ ബൈക്ക് വാങ്ങാൻ കാശ്?’
‘ലോണെടുത്തതാ’
‘സീസിയടക്കാനും കാശ് വേണ്ടേ. നീ കഞ്ചാവ് വിറ്റിട്ടാണോടാ കാശുണ്ടാക്കുന്നത്?’
‘അല്ല സാറേ ഞാൻ ഡാൻസ് കളിക്കാൻ പോകും. ടിവി പരിപാടിക്കും സിനിമയ്ക്കും ഡാൻസ് കളിച്ച് കിട്ടുന്ന കാശാ.’
‘പിന്നേ, ഡാൻസുകളിക്കാൻ പറ്റിയ മൊതല്. നീയല്ലേടാ കോളെജ് പിള്ളേർക്ക് ഡ്രഗ്സ് വിൽക്കുന്നത്?’
‘അല്ല സാറേ’
‘ഒരു കാര്യം ചെയ്യ്, നിൻ്റെ സ്റ്റൈലൊക്കെ അഴിച്ചുവെക്ക്. അതൊന്നും സ്റ്റേഷനിൽ വേണ്ട. നിന്നെ നല്ലനട പഠിപ്പിക്കാമോന്ന് ഞങ്ങളൊന്നു നോക്കട്ടെ. ഇവിടെന്ന് മുടി ചെരച്ചിട്ട് പോയാ മതി.’
...
ചെല്ലപ്പനാശാരി വിവരമറിഞ്ഞ് വരുമ്പോൾ സന്തോഷ് ജട്ടി മാത്രമിട്ട് ലോക്കപ്പിൽ കൂനിയിരിക്കുവായിരുന്നു. അവൻ്റെ മുടി ഷേവിങ്ങ് ബ്ളേഡുകൊണ്ട് വടിച്ചുമാറ്റിയിരുന്നു. മൊട്ടത്തലയിൽ ബ്ളേഡുകൊണ്ട് മുറിഞ്ഞ മുറിവുകളിൽ ചോരപൊടിഞ്ഞിരുന്നു.
സി.ഐ. വർഗ്ഗീസ് എബ്രഹാം ചെല്ലപ്പനോട് ഇരിക്കാൻ പറഞ്ഞു. ഒരു പോലീസുകാരനെ വിളിച്ച് സന്തോഷിനെ കൊണ്ടുവരാൻ പറഞ്ഞു. അയാൾ ചെന്ന് സന്തോഷിനെ ഉടുപ്പിടീച്ച് ലോക്കപ്പിൽ നിന്നിറക്കി കൊണ്ടുവന്നു, സി.ഐ.യുടെ മുന്നിൽ അവൻ തല കുമ്പിട്ട് നിന്നു.
'പിള്ളേര് വഴിതെറ്റിപ്പോവാതെ നോക്കണ്ടേ? മക്കൾ ഡ്രഗ്സും ഗാങ്ങും ആയിട്ട് നടക്കാതെ നിങ്ങൾ നോക്കണം.'
ചെല്ലപ്പനാശാരി ഒന്നും പറഞ്ഞില്ല.
'സ്റ്റേഷനിൽ കേറ്റുന്നത് ആദ്യത്തെത്തവണയായോണ്ട് കേസൊന്നും ചാർജ്ജ് ചെയ്യുന്നില്ല.’ അയാൾ സന്തോഷിനെ നോക്കി ചോദിച്ചു - ‘നിനക്ക് അച്ഛനെ പണിയിൽ സഹായിച്ചൂടേടാ?'
സന്തോഷ് തല കുമ്പിട്ടുനിന്നു.
മറ്റൊരു പോലീസുകാരൻ്റെ നോട്ട്ബുക്കിൽ പേരും അഡ്രസും എഴുതിക്കൊടുത്തിട്ട് പൊയ്ക്കോളാൻ സി.ഐ. പറഞ്ഞു. അഡ്രസ് എഴുതിയെടുത്ത പോലീസുകാരൻ ‘ഇനി വിമൻസ് കോളെജിൻ്റെ പരിസരത്തു കണ്ടാൽ ഗുണ്ടാലിസ്റ്റിൽ പേരുവരും’ എന്നു പറഞ്ഞു. ചെല്ലപ്പൻ സ്റ്റേഷനുപുറത്തുനിന്ന് ഒരു ഓട്ടോ പിടിച്ച് മകനെ വീട്ടിലെത്തിച്ചു. പെട്ടെന്ന് ആൾക്കൂട്ടത്തിനു നടുവിൽ നഗ്നനായിപ്പോയതുപോലെ സന്തോഷ് രണ്ടുകൈകൊണ്ടും തൻ്റെ കഷണ്ടിത്തല പൊത്താൻ ശ്രമിച്ചു. എന്താ സംഭവിച്ചത് എന്ന് മനസിലാക്കാൻ വീണ്ടും വീണ്ടും ശ്രമിച്ച് പരാജയപ്പെട്ട അന്ധാളിപ്പായിരുന്നു അവൻ്റെ മുഖത്ത്. ഗർഭപാത്രത്തിൻ്റെ സുഷുപ്തിയിൽ നിന്ന് പുറന്തള്ളപ്പെട്ട കുഞ്ഞ് പൊക്കിൾക്കൊടി മുറിഞ്ഞെന്ന് തിരിച്ചറിയുന്നതുപോലെ പൊടുന്നനെ ഈ നഗരവും അതിലെ വഴികളും ജനങ്ങളും കടകളും മഞ്ഞവെളിച്ചവുമെല്ലാം അവനു അപരിചിതമായിത്തോന്നി.
മകൻ്റെ മെലിഞ്ഞ കയ്യിൽപ്പിടിച്ച് 'സാരമില്ല' എന്നു പറയണമെന്ന് ചെല്ലപ്പൻ ഒരുപാട് ആഗ്രഹിച്ചു, പക്ഷേ പറ്റിയില്ല. പരസ്പരം ഒന്നും മിണ്ടാതെ അവർ വീട്ടിലെത്തി. അവൻ്റെ അമ്മ അവനെ കണ്ടപ്പൊഴേ കരഞ്ഞു. അവൻ മുറിക്കകത്തേയ്ക്ക് കയറിപ്പോയി കതകടച്ചു.
ചെല്ലപ്പൻ പുറത്തേയ്ക്കിറങ്ങി. വഴിയിൽ കണ്ട് ചെല്ലപ്പാ എന്ന് വിളിച്ചവരെ ഗൗനിച്ചില്ല. ബാറിലെ ഇരുട്ടിൽ ചെന്നിരുന്ന് ഒരു ലാർജ്ജ് എം.സി.യടിച്ചു. അവിടെന്നു തന്നെ പറോട്ടയും ബീഫ് ഫ്രൈയും പൊതിഞ്ഞുവാങ്ങിച്ചു. 'സാരമില്ല' എന്ന വാക്ക് അയാളുടെ തലച്ചോറിൽ ഇടയ്ക്കിടെ മിന്നൽ പോലെ പാഞ്ഞുകൊണ്ടിരുന്നു. അയാൾ നടന്ന് വീട്ടിലെത്തി, പറോട്ടയും ബീഫ് ഫ്രൈയും മേശപ്പുറത്തുവെച്ചു. ഭാര്യയോട് അവനെ വിളിച്ചോണ്ടു വരാൻ പറഞ്ഞു. വാതിലിൽ പലതവണ മുട്ടിയിട്ടും കതകുതുറക്കാത്തതു കണ്ട് അയാളുടെ ഭാര്യ വലിയവായയിൽ കരച്ചിൽ തുടങ്ങി. ചെല്ലപ്പൻ കതക് ചവിട്ടിപ്പൊളിക്കാൻ തുടങ്ങി.
5 - യാത്ര
-----------
സർക്കിളിൻസ്പെക്ടറിൻ്റെ ജീപ്പിൽ നിന്ന് വീട്ടുമുറ്റത്തേയ്ക്കിറങ്ങിയ ചെല്ലപ്പനാശാരി തൂവാല മുറുക്കിപ്പിടിച്ചു. വീടിനുള്ളിൽ കടന്ന് മുറിയുടെ കതകിൽ മുട്ടിയപ്പോൾ ഭാര്യ വാതിൽ തുറന്നു. ചെല്ലപ്പനാശാരിയുടെ കണ്ണ് വീർത്തിരിക്കുന്നതെന്തെന്നോ ചുണ്ട് എങ്ങനെ പൊട്ടിയെന്നോ ആ സ്ത്രീ ചോദിച്ചില്ല. അവരോട് 'നമുക്ക് ഇവിടം വിട്ടുപോകാം' എന്നു മാത്രം ചെല്ലപ്പനാശ്ശാരി പറഞ്ഞപ്പോൾ അവർ എങ്ങോട്ടെന്നോ എന്തിനെന്നോ ചോദിച്ചില്ല. അലമാരിയുടെ മുകളിൽ നിന്ന് പഴയ ഒരു ബാഗെടുത്ത് അതിൽ ഒന്നുരണ്ടു സാരിയും ചെല്ലപ്പനാശാരിയുടെ വെളുത്ത കരമുണ്ടും ഷർട്ടും കൈലിയും നിറച്ചുതുടങ്ങി. ഒരു സഞ്ചിയിൽ കുറച്ച് തടിക്കഷണങ്ങളും പണിയായുധങ്ങളുമെടുത്ത് ചെല്ലപ്പനാശാരിയും തോളിൽ ഒരു ബാഗും ഞാത്തി അയാളുടെ ഭാര്യ ലളിതയും വീടുവിട്ടിറങ്ങി.
എങ്ങോട്ടാ എന്ന് തെരുവിൽ നിന്ന പരിചയക്കാരിൽ ഒരാൾ ചോദിച്ചെങ്കിലും ഇരുവരും ഒന്നും പറഞ്ഞില്ല. ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടം കിട്ടിയത് കോളനിയിലെ ഒരു പയ്യൻ്റെ വണ്ടിയിലാണു. തമ്പാനൂർ സ്റ്റേഷൻ വരെ കുറെ ദൂരമുണ്ടെങ്കിലും അവൻ കാശൊന്നും വാങ്ങിയില്ല. റെയിൽവേ സ്റ്റേഷനിൽ ആദ്യം കണ്ട ട്രെയിനിൽ കയറി. വണ്ടി നീങ്ങിത്തുടങ്ങി. ചെല്ലപ്പനാശാരി മയങ്ങാൻ ശ്രമിച്ചു. ചിങ്ങവനം കഴിഞ്ഞപ്പോൾ ചെല്ലപ്പൻ എഴുന്നേറ്റ് തീവണ്ടിമുറിയുടെ വാതിലിലേയ്ക്കു നടന്നു. മഴ ചാറിത്തുടങ്ങി, യാത്രക്കാർ ജനാലകളിൽ ഷട്ടർ താഴ്ത്തി. ഏറെനേരമായിട്ടും ചെല്ലപ്പനാശാരിയെ കാണാതെ ലളിത വാതിൽക്കലേക്കു നടന്നു. ഷർട്ട് അഴിച്ചുകളഞ്ഞ് മഴനനഞ്ഞുകൊണ്ട് അയാൾ വാതിലിലിരിക്കുന്നു. എല്ലുന്തിയ ശരീരത്തിൽ മഴവെള്ളം ചാലുകളായി പിരിഞ്ഞൊഴുകുന്നു. ‘അകത്തേയ്ക്കു കേറിവാ’ എന്നു പറഞ്ഞുകൊണ്ട് അവർ അടുത്തെത്തിയപ്പോൾ അയാൾ നനഞ്ഞ തൂവാലയിൽപ്പൊതിഞ്ഞ മരപ്പാവയും കയ്യിൽപ്പിടിച്ച് കണ്ണുകളടച്ച് പിറുപിറുത്തുകൊണ്ടിരിക്കുന്നതു
മകളുടെ മകൾ അമ്മുവിനെ എടുത്ത് കൊഞ്ചിച്ചുകൊണ്ടിരിക്കുകയായിരു
പെട്ടെന്നുള്ള അറ്റാക്കിലായിരുന്നു സി.ഐ. വർഗ്ഗീസ് എബ്രഹാം മരിച്ചത്. സ്വാഭാവിക മരണമായതുകൊണ്ട് മക്കൾ പോസ്റ്റുമോർട്ടത്തിനു സമ്മതിച്ചില്ല. അമേരിക്കയിലുള്ള മകൻ വന്നതിനു പിന്നാലെ പൂജപ്പുരയിലെ പള്ളിശ്മശാനത്ത് അയാളെ അടക്കി.
തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷനടുത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പാളത്തിനടുത്തുനിന്ന് നിറയെ മൊട്ടുസൂചികൾ തറച്ച തുണിയിൽപ്പൊതിഞ്ഞ ഒരു മരപ്പാവയെക്കിട്ടി.
- വിനായകൻ്റെ ഓർമ്മയ്ക്ക്.
No comments:
Post a Comment