സിമിയുടെ ബ്ലോഗ്

11/28/2007

Happiness is an elusive lover

Happiness is an elusive lover. It somehow manages to stay away no matter how hard you try.

Its like - you love a girl. You love her so much, you wait everyday to talk to her, but she doesnt want to talk to you. You want to make her happy but she doesnt want your company. You want to call her but she's disinterested. You want to spend time with her, be with her, make her smile, make her laugh, But your efforts are met with a cold heart. She ignores all your attempts at getting her attention, and turns her attention to others, ignoring you completely. And slowly, sadly, you give up. One day, when you are dejected, when there is no more hope left, she comes from behind, puts her arms around your shoulders and kisses you on your cheek and smiles the fullest smile. Happiness is like that - its a pleasant surprise. You find it when you expect it the least.

11/24/2007

രാജകുമാരനും രാക്ഷസിയും

“രാജകുമാരിയുടെരും രാജകുമാരന്റെയും കഥ തീര്‍ന്നു. ഇനി നാളെ അച്ഛന്‍ ചുവന്ന കണ്ണുള്ള മന്ത്രവാദിയുടെ കഥ പറഞ്ഞുതരാം. എല്ലാരും കിടന്നുറങ്ങ്. എടീ, നീ വന്ന് ആലീസിനെ പിടിച്ചോണ്ടുപോ“. എന്നും പറഞ്ഞ് ഞാന്‍ ലൈറ്റ് അണച്ചു.

പതിനെട്ടു വയസ്സുള്ള മനുവും പന്ത്രണ്ടു വയസ്സുള്ള സുനിലും ഒരുമിച്ചായിരുന്നു കിടക്കുന്നത്. ആറുവയസ്സുകാരി ആലീസ് അമ്മയുടെ കൂടെ വേറെ ഒരു മുറിയിലും.ഞാനാണെങ്കില്‍ രാത്രിമുഴുവന്‍ കമ്പ്യൂട്ടറുമായി ഇരുന്ന് വരാന്തയില്‍ തന്നെ സോഫയില്‍ കിടന്ന് ഉറങ്ങിപ്പോവുമായിരുന്നു. എന്തൊക്കെ ജോലിത്തിരക്കുണ്ടെങ്കിലും മക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാതെ ഉറങ്ങുന്ന ശീലമില്ലായിരുന്നു.

പറഞ്ഞുവന്നപ്പോള്‍ ഈ കഥകള്‍ പറഞ്ഞുകൊടുക്കുന്ന ശീലം പുതിയതാണ്. ആലീസിനെ ഉറക്കാന്‍ കഥകള്‍ പറഞ്ഞുകൊടുത്തു തുടങ്ങിയതായിരുന്നു. പതുക്കെപ്പതുക്കെ സുനിലും കഥകള്‍ കേള്‍ക്കാന്‍ കൂടിത്തുടങ്ങി. പക്ഷേ കോളെജില്‍ പഠിക്കാന്‍ പോവുന്ന മൂത്തമകന്‍ കുട്ടിക്കഥകളും അല്‍ഭുത കഥകളുമൊക്കെ കേട്ട് കണ്ണും വിടര്‍ത്തി ഇരിക്കുന്നത് ഞങ്ങള്‍ക്ക് അല്‍ഭുതമായിരുന്നു. “അവനാ എന്റെ ഏറ്റവും ചെറിയ കുട്ടി” എന്ന് പിള്ളേരുടെ അമ്മ വാത്സല്യത്തോടെ പറയുമായിരുന്നു.

എപ്പൊഴോ കിടന്ന് ഉറങ്ങിയിട്ട് രാത്രി മൂന്നരമണിയ്ക്ക് തൊണ്ടവരണ്ട് വെള്ളം കുടിയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ എല്ലാ മുറിയിലും ലൈറ്റ് കത്തിക്കിടന്നിരുന്നു. രാത്രി ഇവര്‍ എന്തെടുക്കുവാ എന്ന് നോക്കാനായി ആണ്മക്കളുടെ മുറിയില്‍ ചെന്നപ്പോള്‍ മക്കള്‍ മെത്തയില്‍ ഇല്ല!. ഓടിച്ചെന്ന് ഭാര്യയുടെ കട്ടിലില്‍ നോക്കിയപ്പോള്‍ മകളും അവിടെ ഇല്ലായിരുന്നു. ഭാര്യ മാത്രം കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു.

ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തി. കുട്ടികളുടെ ചെരുപ്പ് നോക്കിയപ്പോള്‍ ചെരുപ്പില്ല. ജനാലകള്‍ ഒന്നും പൊട്ടിയിട്ടില്ല. വാതില്‍ താക്കോല്‍ കൊണ്ടുതന്നെ തുറന്നതാണ്. മൂത്തമകന്റെ ബൈക്ക് മുറ്റത്തില്ല. മക്കളുടെ സ്കൂള്‍ ബാഗും വീട്ടിലില്ല. ആരും തട്ടിക്കൊണ്ടുപോയതാവാന്‍ വഴിയില്ല. കുട്ടികള്‍ പക്ഷേ ഈ രാത്രി തനിയേ എവിടെ ഇറങ്ങിപ്പോവാനാണ്? മൂത്തവന്‍ വല്ലപ്പൊഴും താമസിച്ച് വീട്ടില്‍ വരാറുണ്ട്. പക്ഷേ ഇളയവര്‍? ഈ രാത്രിയില്‍ പോലീസിനെ വിളിച്ചു പറയണോ? ഭാര്യ കിടന്നു കരച്ചില്‍ തുടങ്ങി. അയല്‍ക്കാരനായ പോളിനെ ഫോണ്‍ വിളിച്ചു. ഉറക്കച്ചടവോടെ പോള്‍ വന്നു. വാതില്‍ പതിയെ തുറന്നിരിക്കുകയാണ്. മക്കള്‍ തനിയേ പോയതാണ്. രാവിലെ വരെ കാക്കാം, എന്നിട്ടും കണ്ടില്ലെങ്കില്‍ പോലീസിനെ വിളിക്കാം, വേണമെങ്കില്‍ കവല വരെ ഒന്നു പോയിനോക്കാം.

പോളിന്റെ കാര്‍ സ്റ്റാര്‍ട്ടാക്കുമ്പൊഴേയ്ക്കും മുറ്റത്ത് ബൈക്ക് വന്നുനിന്നു. ബൈക്കിന്റെ മുന്‍പില്‍ നിന്നും പൊന്നുമോള്‍ ചിരിച്ചുകൊണ്ട് ചാടിയിറങ്ങിവന്നു. ആണ്മക്കള്‍ രണ്ടുപേരും കള്ളിവെളിച്ചത്തായ പരുങ്ങലില്‍ ഒതുങ്ങി അകത്തുകയറിപ്പോവാന്‍ പോവുന്നു.

“നില്‍ക്കെടാ അവിടെ”.
“അച്ഛാ അച്ഛാ ഞങ്ങള്‍ രാക്ഷസനെ കണ്ടു”.

അടി പൊട്ടിക്കാനുള്ളത് പോളിനെ പറഞ്ഞുവിട്ടിട്ടാവാം എന്നുവിചാരിച്ച് പോളിനെ യാത്രയാക്കി. ഭാര്യ കരഞ്ഞുകൊണ്ടു നിന്നു കുരിശുവരയ്ക്കുന്നു. അമ്മയെ കെട്ടിപ്പിടിച്ചോണ്ട് മകള്‍ പറയുന്നു - “ഭയങ്കര രാക്ഷസനായിരുന്നു അമ്മേ”.

മൂത്തമകന്‍ പരുങ്ങിനിന്നു പറഞ്ഞുതുടങ്ങി. “ഈ സുനിലാ നിര്‍ബന്ധിച്ചത്. അവനു രാക്ഷസനെയും രാജകുമാരിയെയും കാണണമെന്ന്. ആര്യങ്കാവില്‍ രാക്ഷസന്‍ കാണും എന്നുവിചാരിച്ച് ഞങ്ങള്‍ ബൈക്ക് ഓടിച്ചുപോയി“.

രണ്ടാമത്തവന്‍ തുടങ്ങി. “നല്ല രസമായിരുന്നു അച്ഛാ. ഇത്തിരി ഓടിച്ചപ്പൊഴേ ഒരു റോഡിന്റെ അറ്റത്തെത്തി. അവിടെ ചുറ്റിലും മരങ്ങള്‍ ഒന്നുമില്ല. തെരുവു വിളക്കുകളും ഇല്ല. വഴിയുടെ അറ്റത്ത് ഒരു ലൈറ്റു മാത്രം കത്തുന്ന ഒരു വീട്. ഈ ചേട്ടന്‍ ബൈക്ക് നിറുത്താതെ വീട്ടിന്റെ അകത്തേയ്ക്കു വണ്ടി ഓടിച്ചു കയറ്റി. വീട്ടിന്റെ അകത്തെ മുറിയില്‍ എത്തിയപ്പോള്‍ മുറിയുടെ അകത്തൂടെ ദൂരേയ്ക്ക് ഒരു വഴി. അതിലേ വണ്ടിയോടിച്ചപ്പോള്‍ രണ്ടു വശത്തും ഭയങ്കര വല്യ മരങ്ങള്‍. മരങ്ങളില്‍ നിറയെ കടവാതിലുകള്‍. ചരലിട്ട വഴി. ആ വഴിയുടെ അറ്റത്ത് മാനം മുട്ടെ പൊക്കമുള്ള ഒരു കോട്ട. കോട്ടയ്ക്കു ചുറ്റും ഒരു കിടങ്ങ്. കോട്ടയുടെ ഒരു ജനലില്‍ മാത്രം ചന്ദ്രന്‍ കത്തിനില്‍ക്കുന്നു. ബാക്കി എല്ലായിടത്തും അരണ്ട വെളിച്ചം“.

മകള്‍ പൂരിപ്പിച്ചു. “അച്ഛാ, ഈ ചേട്ടന്‍ കിടങ്ങിന്റെ മുകളിലെ തടിപ്പാലത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റി. കിടങ്ങില്‍നിന്നും വലിയ ഒരു മുതല ഞങ്ങളെ കടിക്കാന്‍ ചാടിവന്നു. കഷ്ടിച്ചാ ഞങ്ങള്‍ രക്ഷപെട്ടത്. കോട്ടയ്ക്ക് അകത്തെത്തിയപ്പോള്‍ നിറയെ വളഞ്ഞുപുളഞ്ഞ വഴികള്‍. വഴി എല്ലാം അറിയാവുന്നതുപോലെ ഈ ചേട്ടന്‍ ബൈക്ക് ഓടിച്ച് കോണിപ്പടികള്‍ക്കു മുന്‍പില്‍ വരെ പോയി. എന്നിട്ട് മിണ്ടരുത് എന്ന് ചുണ്ടത്തു വിരല്‍ വെച്ചുകാണിച്ചു. എനിക്കു പേടിയായി. എന്നിട്ടും ഞങ്ങളെയും വലിച്ചോണ്ട് ചേട്ടന്‍ പടികള്‍ കയറി. കുറേ പടിയുണ്ടായിരുന്നു. കേറിയിട്ടും കേറിയിട്ടും തീരുന്നില്ല.

മൂത്തവന്‍ അപ്പൊഴും മിണ്ടാതെ നില്‍ക്കുവാണ്. ഇളയവന്‍ വീണ്ടും പറഞ്ഞു: “അച്ഛാ, ഒരായിരം പടി എങ്കിലും കേറിക്കാണും. ആകെ കിതച്ചുപോയി. കേറി എത്തിയപ്പൊഴതാ, ഒരു വലിയ വാതില്‍. ഇത്രയും വലിയ വാതില്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. വാതിലിനു മുകളില്‍ തീ തുപ്പിക്കൊണ്ട് ഒരു വലിയ വ്യാളി ഇങ്ങനെ കിടക്കുന്നു. കണ്ടാല്‍ത്തന്നെ പേടിയാവും. ഈ ആലീസ് പേടിച്ചു കരഞ്ഞു. പക്ഷേ ഞാന്‍ കരഞ്ഞില്ല. ചേട്ടന്‍ ഞങ്ങളെ രണ്ടുപേരെയും പിടിച്ച് ചേട്ടന്റെ പിറകില്‍ ഒളിപ്പിച്ചു. എന്നിട്ടു പറയുവാ, നമുക്ക് വ്യാളിയെ കൊല്ലാം എന്ന്. പക്ഷേ അപ്പൊഴേയ്ക്കും വ്യാളി നീളത്തില്‍ വാലുചുഴറ്റി. കഷ്ടിച്ചാ ചേട്ടന്‍ വാലുകൊള്ളാതെ ചാടി രക്ഷപെട്ടത്“.

അപ്പൊ ദേ ഇവള്‍ കരഞ്ഞോണ്ട് കയ്യിലിരുന്ന ചോക്ലേറ്റ് താഴെയിട്ടു. വ്യാളി ഇഴഞ്ഞുവന്ന് നീണ്ട നാക്കു നീട്ടി ചോക്ലേറ്റ് നക്കിയെടുത്തു. വ്യാളി ഇവളെ കടിക്കുമോ എന്നു വിചാരിച്ച് ഞാന്‍ പേടിച്ചുപോയി. പക്ഷേ ചോക്ലേറ്റ് വ്യാളിക്ക് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അടുക്കളയില്‍ ഇരുന്ന ചോക്ലേറ്റ് എല്ലാം എടുത്തോണ്ട് പോയിരുന്നു. കുറെ ചോക്ലേറ്റ് കൊടുത്തപ്പൊ വ്യാളി ഞങ്ങളുടെ അടുത്തു കൂട്ടായി. എന്നിട്ട് മുറിയില്‍ കയറി രാജകുമാരിയെയും രാക്ഷസനെയും കാണാന്‍ സമ്മതിച്ചു.

രാത്രി മക്കള്‍ ഇറങ്ങിപ്പോയ ദേഷ്യം മറന്ന് ഞാന്‍ അറിയാതെ ചോദിച്ചുപോയി. “എന്നിട്ട്“?

“പക്ഷേ വ്യാളി പറയുവാ, മുറിയില്‍ ഒരു സമയം ഒരാള്‍ക്കേ കയറാന്‍ പറ്റൂ എന്ന്. ഈ ചേട്ടനു പേടിയായി. എന്നിട്ടും ആദ്യം ചേട്ടന്‍ തന്നെ കയറി”.

ഇതുവരെ മിണ്ടാതെ നിന്ന മൂത്തമകന്‍ വാ‍യതുറന്നു. “അച്ഛാ, ഞങ്ങള്‍ കള്ളം പറഞ്ഞതല്ല. എല്ലാം അച്ഛന്‍ പറഞ്ഞുതന്ന കഥയിലെപ്പോലെ തന്നെ. വലിയ കോട്ട. ആ മുറിയ്ക്കകത്ത് ഒരു വലിയ കസേരയും ഇട്ട് ഒരു ഭീമാകാരനായ രാക്ഷസന്‍ ഇരിക്കുന്നു. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയുള്ള രാക്ഷസനെ കണ്ടാല്‍ തന്നെ പേടിതോന്നും. ഒരു നാലാളുടെ വലിപ്പം. കട്ടിലില്‍ പതുപതുത്ത മെത്തയ്ക്കു നടുവില്‍ രാജകുമാരി ഇരുന്ന് കരയുന്നു. പാവം. ഇതുപോലൊരു സുന്ദരിപ്പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. നല്ല മന്ദാരപ്പൂവിന്റെ നിറം. നീലക്കണ്ണുകള്‍. മെലിഞ്ഞ കൈകള്‍. എന്തു ഭംഗിയുള്ള ഉടുപ്പാണെന്നോ രാജകുമാരിയുടേത്. രാക്ഷസനാണെങ്കില്‍ ഒന്നും മിണ്ടാതെ താഴോട്ടു നോക്കി ഇരിക്കുന്നു. രാക്ഷസനെ ഓടിച്ച് രാജകുമാരിയെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ ഇവര്‍ പുറത്തു നില്‍ക്കുവല്ലേ. ഇവരെ വ്യാളി പിടിച്ചു തിന്നാലോ എന്നുവിചാരിച്ച് ഞാന്‍ മിണ്ടാതെ പുറത്തിറങ്ങി“.

രണ്ടാമത്തെ മകന്‍ ശ്വാസം പിടിച്ച് ആവേശത്തോടെ പറഞ്ഞുതുടങ്ങി. “പക്ഷെ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ കണ്ടത് കട്ടിലില്‍ ഒരു രാക്ഷസി ഇരിക്കുന്നതാ. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയായി അലറിക്കൊണ്ട് ഒരു രാക്ഷസി. കണ്ടാല്‍ത്തന്നെ പേടിയാവും. കസേരയില്‍ ആകെ ക്ഷീണിച്ച് ഒന്നും മിണ്ടാതെ ഒരു പാവം രാ‍ജകുമാരന്‍ ഇരിക്കുന്നു. ഒരു വെളുത്ത ഫുള്‍ക്കൈ ടീഷര്‍ട്ടും ഒരു തൊപ്പിയും ഒക്കെ വെച്ച് നല്ല ഒരു രാജകുമാരന്‍. രാജകുമാരന്‍ ഈ രാക്ഷസിയുടെ അലറല്‍ ഒക്കെ കേട്ട് ആകെ തളര്‍ന്നെന്നു തോന്നുന്നു. രാക്ഷസിയെ ഓടിച്ച് രാജകുമാരനെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ രാജകുമാരനോ രാക്ഷസിയോ എന്നെ കണ്ടാലോ എന്ന് എനിക്കു പേടിയായി. ഞാനും ഒരു ശബ്ദവും ഉണ്ടാക്കാതെ പുറത്തേയ്ക്ക് ഇറങ്ങിപ്പോന്നു.

അവന്‍ പറഞ്ഞു നിറുത്തുന്നതിനു മുന്‍പേ ഇളയമകള്‍ പറഞ്ഞുതുടങ്ങി. “അച്ഛാ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ അതാ, പതുപതുത്ത കട്ടിലിനു നടുവില്‍ ഒരു ഭയങ്കര രാക്ഷസി. അതിനപ്പുറത്ത് വലിയ കസേരയില്‍ ഒരു ഭയങ്കര രാക്ഷസന്‍. രാക്ഷസനെയും രാക്ഷസിയെയും കണ്ടപ്പോള്‍ എനിക്കു പേടിയായി. ഞാന്‍ അമ്മേന്നു വിളിച്ചോണ്ട് ഉടനെ പുറത്തേയ്ക്കോടി.

“അച്ഛാ, എന്നിട്ടു ഞങ്ങള്‍ ഓടി എങ്ങനെ എങ്കിലും ബൈക്ക് ഓടിച്ച് കിടങ്ങും കടന്ന് വീട്ടിലെത്തി. ബൈക്ക് സ്റ്റാര്‍ട്ട് ആക്കുമ്പൊ തന്നെ കോട്ടയിലെ ലൈറ്റ് എല്ലാം തെളിഞ്ഞിരുന്നു. ചേട്ടന്‍ നല്ല സ്പീഡില്‍ ബൈക്ക് ഓടിച്ചു. വ്യാളി കോട്ടയുടെ മുകളില്‍ കയറിനിന്ന് തീതുപ്പുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ രക്ഷപെട്ടല്ലോ. എന്നാലും അച്ഛാ, ഞാന്‍ കണ്ടതല്ലേ ശരി?”.

രാജകുമാരിയും രാക്ഷസനുമാ, അല്ല രാക്ഷസിയും രാജകുമാരനുമാ, എന്നൊക്കെ പറഞ്ഞ് മക്കള്‍ വഴക്കുകൂടിത്തുടങ്ങി. മോള്‍ നിന്നു ചിണുങ്ങിക്കരഞ്ഞുതുടങ്ങി. ഭാര്യ ചൂടായി അടിയും കൊടുത്ത് എല്ലാത്തിനെയും കിടപ്പുമുറിയിലേയ്ക്ക് ഓടിച്ചു. എന്നിട്ട് എന്റെ നേരെ കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു. “ഇനി മേലാല്‍ കുട്ടികള്‍ക്ക് ഇങ്ങനത്തെ കഥകള്‍ പറഞ്ഞുകൊടുക്കരുത്“.

------

ഇതിനു മുന്‍പത്തെ രാത്രികളില്‍ മക്കള്‍ക്കു പറഞ്ഞുകൊടുത്ത കഥകള്‍:

രാക്ഷസന്‍ നമ്പര്‍ ഒന്ന്
രാക്ഷസന്‍ നമ്പര്‍ രണ്ട്
രാക്ഷസന്‍ നമ്പര്‍ മൂന്ന്
രാക്ഷസന്‍ നമ്പര്‍ നാല്

ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്മാര്‍ഗ്

സെപ്റ്റംബരില്‍ രണ്ടാഴ്ച്ച അവധിക്ക് നാട്ടില്‍ പോയിരുന്നതുകൊണ്ടാണ് കുറച്ചുനാള്‍ കഥയെഴുത്തു മുടങ്ങിയത്. നാട്ടില്‍ എന്നാല്‍ എറണാകുളം, ബാംഗ്ലൂര്‍, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്മാര്‍ഗ്, ഡെല്‍ഹി, കൊല്ലം, അങ്ങനെ ഒരു യാത്ര. ദുബൈലെ ചൂടടിച്ച് കത്തിനിന്ന തല ഒന്നു തണുക്കട്ടെ എന്നുവിചാരിച്ചാണ് മൂന്നുദിവസത്തേക്ക് ശ്രീനഗറില്‍ പോയത്. മൂന്നു മുറികളും ഒരു ഹാളും ഡൈനിങ്ങ് റൂമും എല്ലാം ഉള്ള ഒരു ഹൌസ്ബോട്ടില്‍ രണ്ടാഴ്ച്ചയായി ആകെ വന്ന റ്റൂറിസ്റ്റ് ഞാനായിരുന്നു. ഈ ഭീകരന്മാരുടെ ഒരു കാര്യമേ. അതുപോലെ ഹൌസ്ബോട്ടിനു ദിവസ വാടക 950 രൂപ മാത്രം. കേരളത്തില്‍ ആണെങ്കില്‍ 3000 മുതല്‍ 15,000 വരെ ആണ്.

ശ്രീനഗറില്‍ ആദ്യത്തെ ദിവസം ചഷ്മാഷാഹി, മുഗള്‍ ഗാര്‍ഡന്‍ (ഷാലിമാര്‍ ഗാര്‍ഡന്‍), നിഷാത് ഗാര്‍ഡന്‍, പിന്നെ കുറെ നേരം ദാല്‍ തടാകത്തില്‍ ഷികാര യാത്ര, ഇങ്ങനെ പോയി. രണ്ടാമത്തെ ദിവസം ഗുല്‍മാര്‍ഗ്ഗ് എന്ന മനോഹരമായ സ്ഥലത്തേയ്ക്കുപോയി. ഇവിടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള റോപ്പ്‌വേ ഉണ്ട് (ഗൊണ്ടോല). സമുദ്രനിരത്തില്‍ നിന്നും ഏകദേശം 8500 അടി ഉയരത്തില്‍ ഉള്ള ഗുല്‍മാര്‍ഗ്ഗില്‍ നിന്നും രണ്ട് റോപ്പ്‌വേയില്‍ കേറി 13,500 അടി ഉയരെ വരെ പോവാം. ഇന്തോ പാക് അതിര്‍ത്തിയാണ് അങ്ങനെ കേറി എത്തുന്ന മല (ആരവത്ത് പര്‍വ്വതം ആണെനു തോന്നുന്നു). അസീസ് എന്ന ഗൈഡ് ഇനി വരുമ്പൊ എന്നെ സ്കീയിങ്ങ് പഠിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്. പുള്ളിയുടെ വീട്ടില്‍ ഇനി വരുമ്പൊ ഒരു ദിവസം താമസിക്കണമെന്നും. പണ്ട് (ഭീകരന്മാരൊക്കെ വരുന്നതിനു പണ്ട്) ഗുല്‍മാര്‍ഗ്ഗില്‍ റ്റൂറിസ്റ്റുകള്‍ ഗൈഡുകളുടെയും കുതിരക്കാരുടെയും പിറകേ നടന്നിരുന്നുപോലും. അത്ര ടൂറിസ്റ്റുകളായിരുന്നു പണ്ട്. വോ ദിന്‍ സരൂര്‍ വാപസ് ആയേഗാ എന്ന് ഞാന്‍ മുറി ഹിന്ദിയില്‍ കാച്ചി. ഇന്‍ഷഅല്ലാ.

ഹൌസ്‌ബോട്ടില്‍ കണ്ട ഒരു നല്ല കഥാപാത്രം ഹൌസ്‌ബോട്ടിന്റെ മാലിക്ക് ആയ യൂസഫ് പാലാ ആണ്. ജീവിതകാലം മുഴുവന്‍ നദിയില്‍ താമസിച്ച ഒരാളുടെ സ്വഭാവത്തില്‍ നദിയുടെ ശാന്തതയും ഇരുത്തവും ഇഴുകിച്ചേര്‍ന്നിരിക്കുന്നത് കൌതുകകരമായിരുന്നു. എഴുപതോളം വയസ്സ് പ്രായം വരുന്ന പുള്ളിയുടെ മക്കളും ചെറുമക്കളും ഒക്കെയായി തൊട്ടടുത്ത ഹൌസ്ബോട്ടില്‍ അവര്‍ താമസിക്കുന്നു. ഇര്‍ഫാന്‍ പാലാ എന്ന പുള്ളിയുടെ ചെറുമോന്‍ ശ്രീനഗറില്‍ ബി.എ. കൊമേഴ്സ് പഠിക്കുന്നു. കൂടെ സൈഡ് ബിസിനസ് ആയി ഷികാരയില്‍ യാത്രചെയ്യുന്ന സഞ്ചാരികള്‍ക്ക് മറ്റൊരു ചെറുവള്ളത്തില്‍ പോയി മാലയും വളയും ഒക്കെ വില്‍ക്കുന്നു. കാശ്മീരില്‍ സര്‍ക്കാരുദ്യോഗം അല്ലാതെ മറ്റൊരു ഉദ്യോഗവും ഇല്ലാത്തതിനാല്‍ ചെറുപ്പക്കാര്‍ ഒക്കെ നാടുവിട്ട് ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും പോയി ജോലിചെയ്യുവാണ് എന്നും എന്തെങ്കിലും ബിസിനസ് തുടങ്ങി ഇവിടെ വിജയിപ്പിക്കാന്‍ പാടാണെന്നും പുള്ളി പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് ഹൌസ്ബോട്ടില്‍ ഇരുന്ന് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് കളികണ്ടു. അവസാന ഓവര്‍ വരെ പിടിച്ചുനിന്ന് തകര്‍ത്തടിച്ച് ഊത്തപ്പ കളിജയിപ്പിച്ചു.

പിറ്റേ ദിവസം സോന്മാര്‍ഗ്ഗില്‍ പോയി. നാലുപാടും സുന്ദരമായ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലം. ടൂറിസ്റ്റ് ഗൈഡും കുതിരക്കാരനും ഫയാസ് എന്ന 22 വയസ്സുള്ള പയ്യനായിരുന്നു. പുള്ളി നല്ല സ്കീയിങ്ങ്, ട്രക്കിങ്ങ് സ്പെഷ്യലിസ്റ്റ് ആണ്. ഞങ്ങള്‍ കുറെ ദൂരം കുതിരയില്‍ കയറിപ്പോയിട്ട് ഒടുവില്‍ കുറേ ദൂരം ഒരു മല കയറി മഞ്ഞിന്റെ ഒരു വലിയ കട്ട വരെ പോയി. ഇടയ്ക്ക് കിതച്ച് അയ്യോ വയ്യേ എന്നുവിളിച്ച് ഞാന്‍ നിലത്തിരുന്നു. പുള്ളി അവസാനം കൈ പിടിച്ചുവലിച്ച് എന്നെ എങ്ങനെയോ ഐസ് വരെ എത്തിച്ചു. പിന്നീട് തിരിച്ചുള്ള യാത്ര മുഴുവന്‍ ഞാന്‍ കുതിരപ്പുറത്തായിരുന്നു. അതിന്റെ കൂടെ ഫയസ് കുറെ നേരം കുതിരയെ പിടിച്ച് ഓടുന്നുണ്ടായിരുന്നു. ഇത്ര സ്റ്റാമിന എങ്ങനെ എന്ന് എനിക്ക് അല്‍ഭുതം. ഫയസ് അതിനു മുന്‍പത്തെ ആഴ്ച്ച ഒരു ഇസ്രയേലി കൂട്ടുകാരനുമായി ലഡാക്കില്‍ മലകയറാന്‍ പോയി വന്നതേ ഉള്ളൂ. സ്കീ 100-നു മുകളില്‍ കിലോമീറ്ററില്‍ ഓടിക്കാന്‍ വിരുതന്‍. അത്രയും സ്പീഡില്‍ പായുന്ന സ്കീ വെറും അഞ്ചുമീറ്റര്‍ ദൂരത്തില്‍ നിറുത്താന്‍ പറ്റുമത്രേ!. ഞാന്‍ ഫയസ് എന്ന പേരുകേട്ട് പാക്കിസ്ഥാന്റെ ദേശീയകവിയായ ഫൈസ് അഹ്മെദ് ഫൈസിന്റെ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. വിക്കിപീഡിയയുടെ കൃപ. പുള്ളിക്കും ഈ കവിയുടെ കവിതകള്‍ അറിയാമായിരുന്നു.

തിരിച്ചുവരുമ്പോള്‍ മഴതുടങ്ങി. കേരളത്തില്‍ അഞ്ചുമാസം മണ്‍സൂണ്‍ ആണെന്നും ഞാനെത്ര മഴകണ്ടെതാണെന്നും ഞാന്‍ വീമ്പടിച്ചു. ഇത് പര്‍വ്വതങ്ങളിലെ മഴയാണെന്നും നല്ല മനസ്സുള്ളവര്‍ക്ക് മഴനനഞ്ഞാലും പനിക്കില്ലെന്നും ഫയസ് പറഞ്ഞു. തലയില്‍ വെക്കാന്‍ പുള്ളിയുടെ തൊപ്പി ഊരി തരികയും ചെയ്തു. ഇതു കേട്ടപ്പോള്‍ രഘു വരാത്തത് നന്നായി എന്നും മഴ നനഞ്ഞാല്‍ അവനു തുള്ളപ്പനി ആയേനെ എന്നും വിചാരിച്ച് ഞാന്‍ ചിരിച്ചു. പിറ്റേ ദിവസം കറക്കം മതിയാക്കി ഫ്ലൈറ്റില്‍ കയറിയപ്പോള്‍ എനിക്ക് ദേഹമാകെ വേദനയും അതിഭയങ്കരമായ തലവേദനയും നല്ല പനിയും! എയര്‍ഹോസ്റ്റസ് സ്നേഹത്തോടെ തന്ന ക്രോസിന്‍ കഴിച്ച് പനി എന്തായാലും ഒരു ദിവസം കൊണ്ട് മാറി.

--------------- ഓടോ.

മടക്കയാത്രയില്‍ ദില്ലിയില്‍ നിന്ന് ബാംഗ്ലൂരേയ്ക്ക് ഫ്ലൈറ്റ് കേറാന്‍ പോകവേ എയര്‍പോര്‍ട്ടിലെ ബസ്സില്‍ നാലഞ്ച് സുന്ദരിമാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. ടെലിപ്പതി അറിയാവുന്നതുകൊണ്ട് ഞാന്‍ മനസ്സുകൊണ്ട് “വെറുതേ നോക്കണ്ടാ, ചത്താലും ഞാന്‍ നിന്നെ കെട്ടൂല്ലാ“ എന്നുപറഞ്ഞു. അവള്‍ തലയും കുമ്പിട്ട് ഇരിപ്പായി. കുറച്ചുനേരം കൊണ്ട് ബസ്സിനകത്തെ നാലഞ്ചുസുന്ദരിമാരും തലയും കുമ്പിട്ട് ഇരിപ്പായി എന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഒരു സായിപ്പ് കണ്ണുരുട്ടി എന്നെ ഒരു നോട്ടം. അവന്റെ കൂട്ടുകാരിയും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തുറിച്ചുനോക്കി ബസ്സ് ചൂടായി. പനിയുടെ കൂടെ ചൂട് താങ്ങാന്‍ വയ്യാതെ ഞാന്‍ നോട്ടം മാറ്റി. പനി ഇല്ലായിരുന്നേല്‍ ഞാന്‍ അവനെ ദഹിപ്പിച്ചേനെ.

എന്തായാലും ഫ്ലൈറ്റില്‍ ഞാന്‍ പനിയടിച്ച് തലയും കുമ്പിട്ടിരിക്കുമ്പോള്‍ സായിപ്പ് എന്റെ അപ്പുറത്തെ സീറ്റിലായിരുന്നു. അവന്‍ സ്നേഹത്തോടെ അവന്റെ ബാഗ് തുറന്ന് എന്തോ മരുന്നെടുത്ത് എനിക്കുനീട്ടി. ഞാന്‍ വാങ്ങിയില്ല. എനിക്ക് സള്‍ഫാ അലര്‍ജി ആണ്, എല്ലാ മരുന്നും തിന്നാന്‍ പറ്റൂല്ലാ. സായിപ്പ് കൂട്ടാവാന്‍ ശ്രമിച്ചതാണെന്നു തോന്നുന്നു. ഞാന്‍ ഫ്ലൈറ്റിലെ മാഗസിന്‍ എടുത്ത് മറിച്ചുനോക്കി.

അതില്‍ “എവെരിത്തിങ്ങ് ഇറ്റാലിയന്‍ ഇസ് ബ്യൂട്ടിഫുള്‍” എന്ന് പറഞ്ഞ് കുറെ ബാത്ത്രൂം ഫിറ്റിങ്സിന്റെ കൂടെ ചിരിച്ച് ആത്മവിശ്വാസത്തോടെ കാണികളെ നോക്കുന്ന ഒരു ഇറ്റാലിയന്‍ സുന്ദരിയുടെ പടം. സാനിവെയര്‍ ആണെന്നു തോന്നുന്നു. ഞാന്‍ കുറച്ചുനേരം ആ പടത്തില്‍ ശ്രദ്ധിച്ചുനോക്കിയപ്പോള്‍ ആ പടത്തിലെ സുന്ദരി തലയും കുമ്പിട്ട് ഇരിക്കുന്നു. ഭാഗ്യം, സായിപ്പ് കണ്ടില്ല. ഞാന്‍ ഒന്നും അറിയാത്തതുപോലെ മാഗസിന്‍ അടച്ചുവെച്ച് കിടന്നുറങ്ങി.


സോന്മാര്‍ഗ്ഗിലേയ്ക്കുള്ള വഴി. താഴ്വാരത്തില്‍ പഞ്ഞിക്കൂട്ടങ്ങള്‍ പോലെ ചെമ്മരിയാടുകള്‍.


സോന്മാര്‍ഗ്


സോന്മാര്‍ഗ്


ഗുല്‍മാര്‍ഗ്ഗിലെ ഗൊണ്ടോല


ഗുല്‍മാര്‍ഗ്ഗ്


ദാല്‍ തടാ‍കം. വൈകുന്നേരത്തെ ഷിക്കാര യാത്ര


ദാല്‍ തടാ‍കം.

11/23/2007

ജിമ്മി

ഒരിടത്തൊരിടത്ത് അതിമനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഒരു വലിയ മൈതാനത്തിന്റെ അറ്റത്തായിരുന്നു നീളത്തിലുള്ള ഈ പൂന്തോട്ടം. സാമാന്യം നല്ല വലിപ്പമുള്ള ഒരു തോട്ടമായിരുന്നു അത്. പല നിറങ്ങളിലും വലിപ്പത്തിലുമുള്ള പൂക്കളും തണല്‍ മരങ്ങളും നിറഞ്ഞതായിരുന്നു ഈ പൂന്തോട്ടം. പതിനാലു നിറങ്ങളിലെ റോസാപ്പൂക്കളും നാല്‍പ്പതോളം ഓര്‍ക്കിഡുകളും ജമന്തിയും മന്ദാരവും പാരിജാതവും ഒക്കെ നിറഞ്ഞ് സുന്ദരമായ ഒരു തോട്ടമായിരുന്നു അത്. തോട്ടത്തിനു നടുവില്‍ സുന്ദരമായ ഒരു കുളവും കുളത്തില്‍ അരയന്നങ്ങളും ഉണ്ടായിരുന്നു. അധികൃതര്‍ എല്ലാ പൂച്ചെടികള്‍ക്കും മുന്‍പില്‍ പൂക്കള്‍ പറിക്കരുത് എന്ന ഒരു ബോര്‍ഡും സ്ഥാപിച്ചിരുന്നു. എങ്കിലും പൂക്കള്‍ പറിക്കുന്നോ ഇല്ലയോ എന്ന് പരിശോധിക്കുവാന്‍ തോട്ടത്തില്‍ കാവല്‍ക്കാരെ ആരെയും അധികൃതര്‍ നിയമിച്ചിരുന്നില്ല.

സത്യത്തില്‍ അങ്ങനെ ഒരു ഔദ്യോഗിക കാവല്‍ക്കാ‍രന്റെ ആവശ്യമില്ലായിരുന്നു. പൂന്തോട്ടത്തില്‍ അതിഭയങ്കരനായ ഒരു പട്ടി ജീവിച്ചിരുന്നു. പ്രഭാത സവാരിക്കാരും വഴിയാത്രക്കാരുമൊക്കെ തോട്ടത്തിലെ വഴികളിലൂടെ നടക്കുമ്പോള്‍ പട്ടി അവരെ നോക്കി വാലാട്ടിക്കൊണ്ടു നില്‍ക്കാറേ ഉള്ളൂ. വഴിയാത്രക്കാര്‍ അവനെ സ്നേഹത്തോടെ ജിമ്മി എന്നുവിളിച്ചു. സാമാന്യം തടിയും കുറുകിയ കഴുത്തും വലിയ താടിയെല്ലും കൂര്‍ത്ത പല്ലുകളുമുള്ള ഒരു ബുള്‍ഡോഗ് ആയിരുന്നു ജിമ്മി. എഴുതിവെച്ചിരിക്കുന്ന മുന്നറിയിപ്പ് അവഗണിച്ച് കമിതാക്കളോ കുസൃതിക്കുട്ടികളോ സായാഹ്നസവാരിക്കാരോ ഒരു പൂ പറിച്ചാല്‍ ജിമ്മി ഓടിവന്ന് അവരെ കടിക്കും. കൊച്ചുകുട്ടികള്‍ പൂ പറിക്കാന്‍ പോകുന്നു എന്നുതോന്നിയാല്‍ അവന്‍ അതിഭയങ്കരമായി കുരയ്ക്കും. എന്തുകൊണ്ടോ, ഇതില്‍ ആരും പരാതി പറഞ്ഞില്ല. ഇങ്ങനെ തോട്ടത്തിലെ പൂക്കളും ചെടികളുമെല്ലാം ജിമ്മിയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നു. തോട്ടത്തിലെ പൂത്തടങ്ങളില്‍ കുഴികുത്തുന്ന പെരുച്ചാഴികളെത്തിന്ന് അവന്‍ പ്രതാപിയായി ജീവിച്ചു. തോട്ടത്തില്‍ രാത്രികാലങ്ങളില്‍ ആരും കടക്കാന്‍ ജിമ്മി സമ്മതിച്ചില്ല. അവന്റെ കുര ആ നാട്ടിലെങ്ങും പ്രശസ്തമായി.

ഒരു ദിവസം ജിമ്മി തോട്ടത്തില്‍ റോന്തുചുറ്റുകയായിരുന്നു. ഏതാനും മാസങ്ങളായി തോട്ടത്തില്‍ നിന്നും ആരും പൂക്കള്‍ പറിച്ചിരുന്നില്ല. പൂച്ചെടികളെല്ലാം തഴച്ചുവളര്‍ന്ന് തോട്ടം വളരെ സുന്ദരമായിരുന്ന വസന്തകാലമായിരുന്നു അത്. അതിലേ വട്ടത്തില്‍ നടന്നുകൊണ്ടിരുന്ന വെളുത്ത വസ്ത്രവും ചുവന്ന തൊപ്പിയുമണിഞ്ഞ ഒരു സായാഹ്നസവാരിക്കാരന്‍ ജിമ്മിയെ അടുത്തുവിളിച്ചു. ആ പാര്‍ക്കില്‍ നടക്കാന്‍ വരുന്ന പതിവുകാരനായിരുന്നു അയാള്‍. ജിമ്മി വിളി ഗൌനിക്കാതെ അയാളെ നോക്കി കുരച്ചതേയുള്ളൂ. ജിമ്മിയെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ ഒരു പൊതി തുറന്ന് ജിമ്മിയുടെ മുന്‍പില്‍ വെച്ചിട്ട് ചിരിച്ചുകൊണ്ട് നടന്നുപോയി. ആവി പറക്കുന്ന ചിക്കന്‍ ബിരിയാണിയായിരുന്നു ആ പൊതിയില്‍. അയാള്‍ കണ്‍‌വെട്ടത്തുനിന്നും മറയുന്നതു വരെ ജിമ്മി ആഹാരം ഗൌനിക്കാതെ അയാളെ നോക്കി കുരച്ചുകൊണ്ടിരുന്നു. അയാള്‍ പാര്‍ക്കിന്റെ വാതില്‍ കടന്നയുടനെ ജിമ്മി ഓടിപ്പോയി ആ ബിരിയാണി തിന്നുതുടങ്ങി. ജിമ്മിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും രുചികരമായ ആഹാരമായിരുന്നു അത്. പിന്നീട് എല്ലാ ദിവസവും ജിമ്മിയ്ക്ക് ചിക്കന്‍ ബിരിയാണി പതിവായി. ആദ്യം മടിച്ചെങ്കിലും പിന്നീട് അയാളുടെ മുന്‍പില്‍ വെച്ചുതന്നെ ബിരിയാണി തിന്നാനും പിന്നീട് അയാളുടെ കാലുനക്കാനും അയാളോടൊത്ത് പാര്‍ക്കിനു ചുറ്റും നടക്കാനും ജിമ്മി ശീലിച്ചു. തണുപ്പത്ത് ജിമ്മിയ്ക്കു താമസിക്കാന്‍ ഒരു കൂടും അയാള്‍ പാര്‍ക്കില്‍ കെട്ടിക്കൊടുത്തു. തണുപ്പുകടക്കാത്ത പലകകളും ചണം കൊണ്ടുള്ള മെത്തയുമുള്ള ഒരു നല്ല പട്ടിക്കൂടായിരുന്നു അത്.

ഒരു ദിവസം ജിമ്മിയ്ക്ക് ആഹാരം കൊടുത്തുകഴിഞ്ഞ് പോകുന്ന വഴി അയാള്‍ ഒരു സുന്ദരമായ റോസാപ്പുഷ്പം തോട്ടത്തില്‍ നിന്നും പിച്ചിയെടുത്തു. ജിമ്മിയെ നോക്കി ചിരിച്ചുകൊണ്ട് ആ റോസാപ്പൂവ് അയാള്‍ തന്റെ വെള്ളക്കുപ്പായത്തിന്റെ കീശയില്‍ വെച്ചു. ഈ ഹൃദയഭേദകമായ കാഴ്ച്ചകണ്ട് ഉറക്കെ കുരയ്ക്കുവാന്‍ ഒരു കുര ജിമ്മിയുടെ നെഞ്ചില്‍ നിന്നും ഉയര്‍ന്നുവന്നെങ്കിലും എന്തോ അത് തൊണ്ടയില്‍ തടഞ്ഞു നിന്നുപോയി. അയാളെ കണ്ണുതുറിച്ച് ഒന്നുനോക്കുവാന്‍ മാത്രമേ ജിമ്മിയ്ക്കു കഴിഞ്ഞുള്ളൂ. രാത്രി പാര്‍ക്കില്‍ ആളൊഴിഞ്ഞപ്പോള്‍ ജിമ്മി തന്റെ പുതിയ കൂട്ടില്‍ കിടന്ന് ചന്ദ്രനെനോക്കി ഒരുപാടുനേരം ഓരിയിട്ടു. ഓരിയിട്ടു തളര്‍ന്നപ്പോള്‍ എപ്പൊഴോ ജിമ്മി ഉറങ്ങിപ്പോയി. പാര്‍ക്കിലെ പൂ പറിക്കുവാന്‍ ഒരുപാടുപേര്‍ വരുന്നതും താന്‍ അവരെയൊക്കെ കടിക്കുന്നതും ആളുകള്‍ പൂക്കളെ തോടാതെ പേടിച്ചോടുന്നതും ജിമ്മി സ്വപ്നം കണ്ടു. ഒടുവില്‍ തന്റെ ബലഹീനതകള്‍ക്കു മുമ്പില്‍ ഒരു പൊതി ചിക്കന്‍ ബിരിയാണിയും വെച്ച് അയാള്‍ ഒരു ചെറിയ മുല്ലമൊട്ടൊടിക്കുമ്പോള്‍ താന്‍ അയാളെ ഭയങ്കരമായി കടിക്കുന്നതായി ജിമ്മി സ്വപ്നം കണ്ടു. ഈ നല്ല സ്വപ്നത്തില്‍ നിന്നും ജിമ്മി ഉണര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നു. ആളുകള്‍ പാര്‍ക്കിനു ചുറ്റും നടന്നു തുടങ്ങിയിരുന്നു. പാര്‍ക്കിന്റെ നടുവില്‍ പത്തുവയസ്സോളം വരുന്ന ഒരു സ്കൂള്‍ പയ്യന്‍ നിന്ന് പൂക്കള്‍ പറിച്ച് ഒരു നാണം കുണുങ്ങിയായ പെണ്‍കുട്ടിയ്ക്ക് ഓരോന്നായി നീട്ടുന്നുണ്ടായിരുന്നു. മടിച്ചുമടിച്ച് അവന്റെ മുഖത്തുനോക്കാതെ വെറുതേ ചിരിച്ചുകൊണ്ട് പൂക്കള്‍ വാങ്ങിച്ച് കുറച്ചുനേരം കയ്യില്‍ പിടിച്ച് അവള്‍ തറയില്‍ കളയുന്നുണ്ടായിരുന്നു. അരിശം വന്ന് ജിമ്മി ഓടിച്ചെന്ന് അവന്റെ കണങ്കാലില്‍ കടിച്ചു. കരഞ്ഞുകൊണ്ട് പയ്യനും പെണ്‍കുട്ടിയും പാര്‍ക്കിനു പുറത്തേയ്ക്കോടി. പാര്‍ക്കിന്റെ വാതില്‍ വരെ ജിമ്മി അവരെ കുരച്ചുകൊണ്ട് ഓടിച്ചു.

വൈകിട്ട് വീണ്ടും അയാള്‍ നടക്കാന്‍ വന്നു. തലേ ദിവസത്തെ സ്വപ്നം ജിമ്മിയ്ക്ക് ഓര്‍മ്മവന്നു. പതിവുപോലെ അയാളെ കാണുമ്പോള്‍ ഓടിയടുക്കാനോ വാലാട്ടാനോ ജിമ്മി പോയില്ല. എന്നാല്‍ ചിക്കന്‍ ബിരിയാണിയുടെ മണം അതീവ ഹൃദ്യമായിരുന്നു. ജിമ്മി ചിക്കന്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അയാള്‍ തോട്ടത്തില്‍ നിന്നും മൂന്നുപൂക്കള്‍ പിച്ചിയത്. കാലുകളും നാവും മരവിച്ചതുപോലെ ജിമ്മി നിന്നുപോയി. ഒന്ന് ഓരിയിടാനെങ്കിലും കഴിഞ്ഞെങ്കില്‍ എന്ന് ജിമ്മി അതിയായി ആഗ്രഹിച്ചു. എന്നാല്‍ തൊണ്ടയില്‍ ഒരു കോഴിക്കാലു കുടുങ്ങിനിന്നു. ജിമ്മിയുടെ തലയില്‍ തലോടി ചിരിച്ചുകൊണ്ട് അയാള്‍ പതിയെ നടന്നുപോയി.

ഇത് ഒരു പതിവായി. അയാള്‍ പൂക്കള്‍ പറിക്കുന്നതിനു ജിമ്മി സ്വയം ന്യായീകരണങ്ങള്‍ കണ്ടെത്തി. ഒരാള്‍ മാത്രം പൂക്കള്‍ പറിച്ചതുകൊണ്ട് തോട്ടത്തിലെ പൂക്കള്‍ തീരില്ല എന്നും ചിലപ്പോള്‍ പഴയ പൂക്കള്‍ പറിച്ചാലേ പുതിയ പൂക്കള്‍ക്കു വളരാന്‍ കഴിയൂ എന്നും ജിമ്മിയ്ക്കു തോന്നി. അയാള്‍ പൂക്കള്‍ പറിക്കുന്നത് ജിമ്മി കാണാതെയായി. എന്നും നടക്കുന്ന ഒരു സാധാരണ കാര്യം എന്നേ ജിമ്മിയ്ക്കു തോന്നിയുള്ളൂ.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം അയാളും നാലു കൂട്ടുകാരും വന്നു. നാലുപേരും ജിമ്മിയെ തലോടി. ഒരാള്‍ ജിമ്മിയുടെ രോമങ്ങള്‍ ചീവിക്കൊടുത്തു. പിന്നെ കുറെ പൂക്കളും പറിച്ച് ജിമ്മിയെ ഗൌനിക്കാതെ അവര്‍ പോയി. തോട്ടത്തില്‍ പൂപറിക്കാന്‍ വന്ന ബാക്കിയുള്ളവരെ ഓടിച്ചിട്ടു കടിച്ച് ജിമ്മി തന്റെ അരിശം തീര്‍ത്തു.

ജിമ്മി കടി നിറുത്തിയ സാഹചര്യം വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞാണു വന്നത്. മുന്‍പ് തോട്ടത്തില്‍ നിന്നു പൂക്കള്‍ പറിച്ച് പെണ്‍കുട്ടിയ്ക്കു കൊടുത്ത പയ്യന്‍ അയാളുടെ ഒരു കൂട്ടുകാരന്റെ മകനായിരുന്നു. ഒരു ദിവസം ഈ കൂട്ടുകാരനും മകനുമൊത്തായിരുന്നു അയാള്‍ വന്നത്. ചിക്കന്‍ ബിരിയാണിയിലുള്ള താല്പര്യം നശിച്ചു കഴിഞ്ഞെങ്കിലും ജിമ്മി ഒന്നും മിണ്ടാതെ ബിരിയാണി തിന്നു. ജിമ്മിയുടെ കഴുത്തില്‍ അയാള്‍ സ്നേഹത്തോടെ പിടിച്ചിരുന്നു. പയ്യന്‍ തോട്ടത്തില്‍ ഓടിനടന്ന് പൂക്കള്‍ പറിച്ചു. ജിമ്മി ഒന്നു അനങ്ങിയതുപോലുമില്ല. ജിമ്മിയെ നോക്കി കൊഞ്ഞനം കാണിച്ചു. എന്നിട്ടും മതിവരാതെ ഒരു ചെറിയ കല്ലെടുത്ത് ജിമ്മിയുടെ പള്ളനോക്കി എറിഞ്ഞു. നന്നായി വേദനിച്ചെങ്കിലും ചിരിച്ചുകൊണ്ട് അയാള്‍ നോക്കിനില്‍ക്കുമ്പോള്‍ ജിമ്മിയ്ക്കു കുരയ്ക്കാന്‍ പറ്റിയില്ല. ഒന്നു മുരളുകപോലും ചെയ്യാതെ ആ പയ്യനെ ദയനീയമായി നോക്കാനേ ജിമ്മിയ്ക്കു പറ്റിയുള്ളൂ. പൊട്ടിച്ചിരിച്ചുകൊണ്ട് അവന്‍ ജിമ്മിയെ എറിയാന്‍ വീണ്ടും കല്ലുകള്‍ എടുത്തെങ്കിലും അയാള്‍ ചിരിച്ചുകൊണ്ട് അവനെത്തടഞ്ഞു. ജിമ്മിയ്ക്കു കഴിക്കാന്‍ ഒരു പൊതി ബിരിയാണികൂടി തുറന്നുവെച്ചുകൊടുത്തു. വേദന മറച്ചുവെച്ചുകൊണ്ട് ജിമ്മി അയാളുടെ കാല്‍ക്കല്‍ തന്റെ മുഖമുരുമ്മി.

അതില്‍പ്പിന്നെ ജിമ്മി ആരെയും കടിക്കാതെയായി. രാത്രികളില്‍ ജിമ്മിയ്ക്ക് ഉറക്കം വന്നില്ല. പൂക്കള്‍ പറിക്കാന്‍ വരുന്നവരെ നോക്കി ജിമ്മി ഉറക്കെ കുരച്ചുതുടങ്ങി. ആദ്യമാദ്യം തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കാരികളും കാമുകീ കാമുകന്മാരും ജിമ്മിയുടെ ശക്തമായ കുരകണ്ട് വിരണ്ട് പൂക്കള്‍ പറിക്കുന്നതു നിറുത്തിയെങ്കിലും പിന്നീട് ഈ പട്ടി കുരയ്ക്കാറേയുള്ളൂ, കടിക്കാറില്ല എന്ന് ആള്‍ക്കാര്‍ക്കു മനസിലായി. ജിമ്മിയുടെ കുര ഗൌനിക്കാതെ അവര്‍ തോട്ടത്തില്‍ നിന്നും ഇഷ്ടം പോലെ പൂക്കള്‍ പറിച്ചുതുടങ്ങി. ഒരുകാലത്ത് മനോഹരമായിരുന്ന ആ തോട്ടം പൂക്കളില്ലാതെ പുല്‍ച്ചെടികളെക്കൊണ്ടു നിറഞ്ഞു. പല സായാഹ്നസവാരിക്കാരും മറ്റു പൂന്തോട്ടങ്ങള്‍ തിരക്കി പോയിത്തുടങ്ങി. കാമുകീ കാമുകന്മാര്‍ കൂട്ടത്തോടെ തോട്ടം വിട്ടുപോയി. ഒട്ടിയ വയറുമായി വേശ്യകള്‍ തോട്ടത്തിലെ ബെഞ്ചുകളില്‍ ഇരിപ്പായി. അവരും തോട്ടത്തിലെ അവശേഷിക്കുന്ന പൂക്കള്‍ പറിച്ച് തങ്ങളുടെ ചെവിയില്‍ വെച്ചു. സ്കൂള്‍കുട്ടികള്‍ പാര്‍ക്കില്‍ വരാതെയായി. ആകെ അങ്ങുമിങ്ങും ഏതാനും പൂച്ചെടികള്‍ മാത്രം മുളച്ചുനിന്നു. ചിക്കന്‍ ബിരിയാണിയുടെ രുചി എന്നും കുറഞ്ഞുകുറഞ്ഞുവന്നു. ആഹാരം ഒരുപാട് അകത്തുചെന്ന് ജിമ്മിയ്ക്കു തടികൂടി നേരേ നടക്കാന്‍ വയ്യാതെയായി. വീട്ടിനകത്തു പൂട്ടിയിട്ട് ചലനസ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്ന നായ്ക്കള്‍ക്കുമാത്രം വരുന്ന അസുഖങ്ങള്‍ ജിമ്മിയ്ക്കും വന്നുതുടങ്ങി.

നന്നേ തണുത്ത ഒരു രാത്രിയായിരുന്നു അത്. ചന്ദ്രന്‍ ആകാശത്തു പൂര്‍ണ്ണവൃത്തത്തില്‍ തിളങ്ങിനിന്നു. പഴകിയ പട്ടിക്കൂടിന്റെ പൊട്ടിയ തടിപ്പലകകളിലൂടെ മഞ്ഞ് അരിച്ചരിച്ചുവന്നു. ചന്ദ്രനിലിരുന്ന് ഒരു പട്ടി ജിമ്മിയെ നോക്കി ഓരിയിട്ടു. തിരിച്ച് ഒരു നീണ്ട ഓരിയിടണം എന്ന് ജിമ്മി അതിയായി ആശിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. ഒരുപാടുനേരം ശ്രമിച്ചെങ്കിലും ഒന്നു മൂളാന്‍ പോലും കഴിഞ്ഞില്ല. തൊണ്ടയില്‍ നിന്നും ശ്വാസം മാത്രമേ പുറത്തുവന്നുള്ളൂ. അവന്റെ പച്ചക്കണ്ണുകള്‍ നിറഞ്ഞുവന്നു. ചന്ദ്രനിലെ പട്ടി രാത്രിമുഴുവന്‍ നിറുത്താതെ ഓരിയിട്ടുകൊണ്ടിരുന്നു.

ആരെയും കടിക്കാത്ത, ഒന്നു കുരയ്ക്കുക പോലും ചെയ്യാത്ത പട്ടി ഒരു കാഴ്ച്ചവസ്തുവായി. സ്കൂള്‍ കുട്ടികള്‍ ഈ പട്ടിയെ എറിഞ്ഞ് ഉന്നം പരീക്ഷിക്കാന്‍ വേണ്ടി മാത്രം തോട്ടത്തില്‍ വന്നുതുടങ്ങി. പത്രത്തില്‍ ജിമ്മിയെക്കുറിച്ചുള്ള വാര്‍ത്തവന്നു. ചിക്കന്‍ ബിരിയാണിയുമായി അയാള്‍ ജിമ്മിയെ കാണാന്‍ വരുന്നത് ആഴ്ച്ചകള്‍ കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമായി. അങ്ങനെയിരിക്കുമ്പൊഴായിരുന്നു പാര്‍ക്കിന്റെ നടുക്ക് അയാളും കൂട്ടുകാരും ഒരു സമ്മേളനം സംഘടിപ്പിച്ചത്.

പാര്‍ക്കിലെ പൂച്ചെടികളെല്ലാം അവര്‍ പിഴുതെറിഞ്ഞു. പുല്‍ത്തകിടികളിലൂടെ അവര്‍ ചവിട്ടിമെതിച്ചുനടന്നു. സമ്മേളനത്തിന്റെ തോരണങ്ങള്‍ പൂച്ചെടികള്‍ക്കു മുകളില്‍ കൂനകൂട്ടിയിട്ടു. പാര്‍ക്കിനു ഏറ്റവും നടുക്ക് ജിമ്മിയ്ക്കു പ്രിയപ്പെട്ട ഒരു റോസാച്ചെടിയുണ്ടായിരുന്നു. വളരെനാള്‍ പൂക്കാതിരുന്ന ആ ചെടി പൂത്ത് ഒരു ചുവന്ന ഒറ്ററോസാപ്പൂവുമാത്രം വിടര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അത്. മറ്റെല്ലാ ചെടികളും പറിച്ചു ദൂ‍രെയെറിയുന്നതു കണ്ടിട്ടും ഒന്നു കുരയ്ക്കാനാവാതെ നിസ്സഹായനായി നോക്കിനിന്ന ജിമ്മി അയാളുടെ ഒരു കൂട്ടുകാരന്‍ ഈ ചെടിയുടെ അടുത്തെത്തിയപ്പോള്‍ പതുക്കെ ഒന്നു മുരണ്ടു. ശബ്ദം പുറത്തുവന്നു. കൂട്ടുകാരന്‍ അമ്പരന്നു തിരിഞ്ഞുനോക്കി. കുരയ്ക്കാനുള്ള ശക്തി തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ ജിമ്മി ഉറക്കെ ഉറക്കെ കുരച്ചു. റോസാച്ചെടിയുടെ ചുറ്റും നിറുത്താതെ കുരച്ചുകൊണ്ട് ജിമ്മി വട്ടത്തില്‍ ഓടി. ഇടത്തേ പിന്‍കാലു പൊന്തിച്ച് റോസാച്ചുവട്ടില്‍ മൂത്രമൊഴിച്ചു. ജിമ്മിയുടെ കുര അത്യുച്ചത്തിലായപ്പോള്‍ അയാള്‍ വന്നു. ജിമ്മിയെ രൂക്ഷമായി നോക്കിക്കൊണ്ട് അയാള്‍ ഒരു കൈകൊണ്ട് ജിമ്മിയുടെ നെറ്റിയില്‍ തലോടി. മറുകൈകൊണ്ട് റോസാച്ചെടിയുടെ കടയില്‍ പിടിച്ചു. അയാള്‍ റോസാച്ചെടിയുടെ മൂടില്‍ ശക്തിയായി വലിച്ചതും ജിമ്മി അയാളുടെ കൈത്തണ്ടയില്‍ കടിച്ചതും ഒരേ നിമിഷമായിരുന്നു.

ആരൊക്കെയോ പേപ്പട്ടി എന്നു വിളിച്ചുപറയുന്നത് ഒരു സ്വപ്നം പോലെ ജിമ്മിയ്ക്കു കേള്‍ക്കാമായിരുന്നു. പോലീസിനെ വിളിക്കൂ‍, ഓടിക്കോ, കല്ലെടുക്കൂ, എന്നൊക്കെയുള്ള ശബ്ദങ്ങള്‍ക്കു നടുവില്‍ ആര്‍ക്കൊക്കെയോ കടികിട്ടി. എല്ലാവരെയും ഓടിനടന്നു കടിക്കുമ്പൊഴും ജിമ്മി സ്വപ്നം കണ്ടുകൊണ്ടിരുന്നു. തോട്ടത്തില്‍ ചിക്കന്‍ ബിരിയാണികൊണ്ടുവരുന്ന കൈനോക്കി കടിക്കുന്നത്. പൂപറിക്കുന്ന കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും കാമുകരെയും ഓട്ടക്കാരെയും എല്ലാരെയും ഓടിച്ചിട്ടു കടിക്കുന്നത്. തോട്ടം നിറയെ ചുവന്ന റോസാപ്പൂക്കളും വെളുത്ത മന്ദാരപ്പൂക്കളും പൂക്കുന്നത്. പച്ച ഇലകള്‍ കാണാനാവാതെ ചുവപ്പിലും വെളുപ്പിലും കുളിച്ചുനില്‍ക്കുന്ന തോട്ടം. ആരുടെയോ വെളുത്ത മുണ്ടില്‍ കടികൊണ്ട ചുവന്ന ചോര. നാലുപാടും ഓടുന്ന സംഘാടകരെ ഓടിച്ചിട്ടു കടിക്കുന്നത്. തന്റെ പാര്‍ക്ക്. തന്റെ തോട്ടം. തോട്ടത്തില്‍ പൂക്കളൊന്നും പൊഴിയാതിരുന്നെങ്കില്‍. തോട്ടം ഇതുവരെ സൂക്ഷിക്കാ‍ത്തതിനു സ്വന്തമായി കടിക്കാന്‍ കഴിഞ്ഞെങ്കില്‍. വട്ടത്തിലോടാതെ വാലിന്റെ അറ്റത്തു കടിക്കാന്‍ കഴിഞ്ഞെങ്കില്‍. ആ കാവിനിറമിട്ടു ഓടിവരുന്നവരെ ചാടിക്കടിക്കാന്‍ കഴിഞ്ഞെങ്കില്‍. തോക്കു ചൂണ്ടി നിലത്തുകിടക്കുന്ന, കാതടപ്പിക്കുന്ന ഒച്ചയുണ്ടാക്കിയ ആ കണ്ണടക്കാരനെ കടിക്കാന്‍ - കഴുത്തില്‍ ആയിരം തേനീച്ചകള്‍ കുത്തുന്ന വേദനയ്ക്ക് ചുവന്ന റോസാപ്പൂവിന്റെ നിറം, കാലുകള്‍ക്കടിയില്‍നിന്നു നാലുദിക്കിലേയ്ക്കും ഓടിമറയുന്ന ഭൂമി. പൂപറിക്കുന്ന എല്ലാവരെയും ഒന്നുകൂടി.. ബൌവൌ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ‍ൗ.....

11/21/2007

കാറോടിക്കുമ്പോള്‍ പാട്ട് ഇടരുത്.

രഘുവിന്റെ ഒരു ദുശ്ശീലമായിരുന്നു കാറില്‍ സംഗീതം വളരെ ഉച്ചത്തില്‍ വെയ്ക്കുക എന്നത്. കാറില്‍ ബാലമുരളീകൃഷ്ണയുടെ ശാസ്ത്രീയ സംഗീതവും ഉച്ചത്തിലിട്ട് രഘു ദുബൈയിലെ തിരക്കുനിറഞ്ഞ സത്‌വ റോഡിലൂടെ ഓടിച്ചുപോവുകയായിരുന്നു. വഴിവക്കിലൂടെ ഒരുപാട് സുന്ദരികളായ ഫിലിപ്പീനികളും കുര്‍ത്തയിട്ട പാക്കിസ്ഥാനികളും ജോലിചെയ്തുതളര്‍ന്ന ഇന്ത്യക്കാരും നടക്കുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ക്കു മുറിച്ചു കടക്കാനുള്ള ഒരു ട്രാഫിക്ക് ലൈറ്റ് രഘു അറിയാതെ ചാടി. ഇതു കണ്ട രണ്ട് പോലീസുകാര്‍ രഘുവിന്റെ കാര്‍ കൈകാണിച്ചുനിറുത്തി ജനാലയില്‍ തട്ടി. രഘു കാറിന്റെ ജനാല താഴ്ത്തി. അറബിപ്പോലീസുകാര്‍ പിടിച്ചാല്‍ ഫൈന്‍ ഉറപ്പാണ്. വെപ്രാളം കൊണ്ട് എങ്ങനെയോ, രഘു പാട്ട് ഓഫ് ചെയ്യാന്‍ മറന്നുപോയി. ജനലില്‍ കൂടി പുറത്തേയ്ക്കൊഴുകിയ സംഗീതത്തില്‍ പോലീസുകാരും സുന്ദരികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാം നിലയില്ലാതെ ഒഴുകിപ്പോയി. റോഡുകളിലെല്ലാം സംഗീതം നദിപോലെ ഒഴുകി. സത്‌വയിലെ ചേരികളുടെ വാതില്‍പ്പടികള്‍ വരെ സംഗീതം പൊങ്ങി നിറഞ്ഞു. കടകളില്‍ വില്‍ക്കാന്‍ വെച്ചിരുന്ന പലചരക്കു സാധനങ്ങളും അത്തറും കാര്‍ ടയറുകളുമെല്ലാം സംഗീതത്തില്‍ നനഞ്ഞുകുതിര്‍ന്നു. അബദ്ധം മനസ്സിലാക്കി രഘു പാട്ട് ഓഫ് ചെയ്തെങ്കിലും സംഗീതം വാര്‍ന്ന് പലചരക്കു സാധനങ്ങളും റോഡും പൊങ്ങിനടന്ന ബസ്സുകളും ഒക്കെ ഉണങ്ങി പഴയ നിലയിലാവാന്‍ മണിക്കൂറുകള്‍ എടുത്തു. എന്നിട്ടും ഫിലിപ്പീനി പെണ്‍കുട്ടികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും അറബിപ്പോലീസുകാരും ഒക്കെ താളത്തില്‍ തലയുമാട്ടി റോഡിലിരുന്നും പരസ്പരം ചാരിനിന്നും നൃത്തം ചവിട്ടിയും അവരവരുടെ ഗാനങ്ങള്‍ ഉറക്കെപ്പാടുന്നുണ്ടായിരുന്നു.

-----

*ആശയത്തിന്റെ കോപ്പിയടി - ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്വേസ് എഴുതിയ വെളിച്ചം വെള്ളം പോലെ എന്ന കഥ. പുസ്തകം: അപരിചിത തീര്‍ത്ഥാടകര്‍ (Strange Pilgrims). പുസ്തകത്തില്‍ രണ്ട് കുട്ടികള്‍ മുറിയിലെ ബള്‍ബ് തല്ലിപ്പൊട്ടിച്ച് അതില്‍നിന്ന് ഒഴുകുന്ന വെളിച്ചം മുറിയില്‍ നിറച്ച് അതില്‍ തോണിയോടിക്കുന്നു :-)

11/20/2007

കൊതുക്

ഞാനിന്നലെ ഉറങ്ങിയപ്പോള്‍ ഒരു കൊതുകു കടിച്ച് എന്റെ സ്വപ്നങ്ങളെല്ലാം വലിച്ചെടുത്തു.

11/19/2007

പൂ‍തന

പൂതനയ്ക്ക് ഒരു കുഞ്ഞുവേണം.

പതിനേഴാം വയസ്സില്‍ വിവാഹം കഴിച്ചിട്ടും പൂതനയ്ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. ഭര്‍ത്താവിനോടൊത്ത് പത്തുവര്‍ഷം ശയിച്ചിട്ടും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ നൊയമ്പുകള്‍ നോറ്റിട്ടും നനുത്ത കുഞ്ഞിക്കൈകള്‍ കൊണ്ട് പൂതനയുടെ മനസ്സിന്റെ ചുമരുകളില്‍ പിടിച്ചുകൊണ്ട് അവളുടെ മോഹങ്ങളില്‍ മാത്രം ഒരു കുഞ്ഞ് പിച്ചവെച്ചുനടന്നു. ഒടുവില്‍ കൊട്ടാരവളപ്പില്‍ യുദ്ധത്തിനുപോവുന്ന തന്റെ ഭര്‍ത്താവിനെ യാത്രയയ്ക്കാന്‍ പോയദിവസം ഭര്‍ത്താവ് പടക്കളത്തിലേയ്ക്ക് ആശ്ലേഷിച്ചു പിരിയുമ്പൊഴും പെറാത്ത കുഞ്ഞിനെയോര്‍ത്ത് വിതുമ്പിപ്പോയപ്പോള്‍ രാജരാജന്‍ കംസന്‍ തിരിഞ്ഞുനിന്നു. ചിരിക്കുന്ന കംസന്റെ കണ്ണുകള്‍ പൂതനയോടു പറഞ്ഞു - "നിനക്കു ഞാനൊരു കുഞ്ഞിനെത്തരാം".

രാജ്യാതിര്‍ത്തികളില്‍ യുദ്ധം വെള്ളിടിനാദം മുഴക്കുമ്പോള്‍ ധനുമാസക്കുളിരില്‍ മൂടിപ്പുതച്ച് പൂതന കംസന്റെ വിരിമാറില്‍ തലചായ്ച്ചുകിടന്നു. കംസന്‍ ചിരിച്ചുകൊണ്ട് പൂതനയുടെ അടിവയറ്റിലൂടെ കയ്യോടിച്ചു. തളരാത്ത കറുത്ത പടക്കുതിരയെപ്പോലെ കംസന്‍ പൂതനയുടെ മേല്‍ ഉയര്‍ന്നുതാഴുമ്പോഴും യുദ്ധോത്സുകരായി കംസന്റെ ശക്തബീജങ്ങള്‍ അലറിവിളിച്ച് പൂതനയുടെ ഗര്‍ഭപാത്രത്തിന്റെ അറകളിലോരോന്നും കയറിയിറങ്ങി ആരെയോ തിരക്കുമ്പൊഴും അവളുടെ അടിവയര്‍ താണുതന്നെ കിടന്നു. അവിടെ ഒരു കുഞ്ഞിക്കാല്‍ ചവിട്ടുന്ന നോവിനായി പനിനീര്‍പ്പൂക്കളുടെ മദഗന്ധം നിറഞ്ഞ ആ പട്ടുമെത്തയിലും പൂതന പിടഞ്ഞു. കംസന്റെ നഗ്നശരീരം അവളുടെ മനസ്സു വായിച്ചതുപോലെ ഒരു നിമിഷം ശാന്തമായി. വീര്യമടങ്ങിയ രാജാവ് പതിയെപ്പറഞ്ഞു. 'എന്റെ പ്രതിയോഗിയെ നീ കൊല്ലണം, പകരമായി നിന്നെ ഞാനെന്റെ പട്ടമഹിഷിയാക്കാം. രാജ്യവും സമ്പത്തുമെല്ലാം നമുക്ക് ഒരുമിച്ചനുഭവിക്കാം. നറും പാലില്‍ നിന്റെ സൌന്ദര്യത്തെ ഞാന്‍ കുളിപ്പിക്കാം. രാജകൊട്ടാരത്തിലെ മഹര്‍ഷിമാരുടെയും മന്ത്രവാദികളുടെയും യോഗവിദ്യയിലൂടെ, എന്റെ പുരുഷത്വം മുഴുവന്‍ ആവാഹിച്ച്, നിനക്കു ഞാനൊരു കുഞ്ഞിനെത്തരാം. പതിനാലു ലോകങ്ങളും കീഴടക്കാന്‍ ജനിച്ച ഒരു പ്രതാപിയായ മകന്‍. തേജസ്വിയായ നമ്മുടെ മകന്‍. അവനെ ഞാന്‍ നിനക്കു തരാം'. ഇതും പറഞ്ഞ് രാജാവു മുലക്കണ്ണുകളില്‍ ചും‌ബിച്ചൂറിയപ്പോള്‍ പക്ഷേ പാലിനുപകരം ഒരു തുള്ളി ചോരയേ പൊടിഞ്ഞുള്ളൂ.

എങ്കിലും രാജ്യം വിട്ട് കൃഷ്ണനെത്തിരഞ്ഞു നടക്കുമ്പോള്‍ മുലകളില്‍ ഒരു കടച്ചില്‍. ആര്‍ക്കോ വേണ്ടി മുലകള്‍ നിറയുന്നു. ഒരിറ്റു പാല് പൊടിഞ്ഞ് മുലക്കച്ച നനയ്ക്കുന്നു.

--------
രൈവാതകമല കയറിയിറങ്ങുമ്പോള്‍ സൂര്യന്‍ പൂതനയുടെ നെറ്റിയില്‍ നിന്നു ചിരിക്കുന്നുണ്ടായിരുന്നു. വെണ്ണപോലെ വസ്ത്രത്തിനുള്ളില്‍ തുളുമ്പിനിന്ന അടിവയറിനോടു ചേര്‍ന്ന് അരയില്‍ ഒരു സ്ഫടികക്കുപ്പി വെയിലടിച്ചു തിളങ്ങി. ഇടയ്ക്കെപ്പൊഴോ കുസൃതികാണിച്ച് ആ കുപ്പിയില്‍ കുരുങ്ങിപ്പോയ സൂര്യരശ്മികള്‍ നീലനിറത്തില്‍ വിഷാദിച്ച് കുപ്പിയില്‍ നിന്നും കുളിച്ചിറങ്ങി. കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ കാട്ടുപാതയുടെ അവസാനം തന്റെ സുന്ദരമായ കണങ്കാലുകളില്‍ പൊടിഞ്ഞ ചോര കാളിന്ദിയില്‍ കഴുകിക്കളയുമ്പോള്‍ പൂതനയുടെ മുഖം അവളറിയാതെ സന്തോഷം കൊണ്ടു വിങ്ങിയിരുന്നു. വിയര്‍പ്പുകൊണ്ട് നെറ്റിയും മുലപ്പാലുകൊണ്ട് മുലക്കച്ചകളും നനഞ്ഞിരുന്നു.

പൂതന കണ്ണാടിപോലെ തെളിഞ്ഞ കാളിന്ദിയിലേയ്ക്കു നോക്കി. ഒട്ടിയ വയറില്‍ നിന്നും ഒരു ശില്പം പോലെ മാറിടം ഉയര്‍ന്നുനിന്നിരുന്നു. നനുത്ത വസ്ത്രത്തില്‍നിന്നും വാഴത്തണ്ടുകള്‍ പോലെ വടിവൊത്ത തുടകള്‍ തെളിഞ്ഞുനിന്നു. വെള്ളത്തില്‍ ചാടിയുയര്‍ന്ന് നീന്തിപ്പോയ പരല്‍മീനുകളോടൊത്തു നീന്താതെ അവളുടെ വിടര്‍ന്നകണ്ണുകള്‍ ജലത്തില്‍ നിശ്ചലമായി നിന്നു പിടച്ചു. മുറുക്കിച്ചുവപ്പിച്ച ചെഞ്ചുണ്ട് പതുക്കെ അകറ്റി പൂതന തന്റെ അരിപ്പല്ലുകളെക്കാട്ടി. സ്വന്തം സൌന്ദര്യത്തില്‍ മയങ്ങി പൂതന ഇറ്റുനേരം നിന്നു. നദിക്കരയില്‍ ഒരു മരത്തിനു പിന്നില്‍ രണ്ടു ഗോപകുമാരന്മാര്‍ അല്‍ഭുതത്തോടെ തന്നെ ഒളിച്ചുനോക്കുന്നതുകണ്ട് അവള്‍ അവരെനോക്കി പുഞ്ചിരിച്ചു. ചുണ്ടുകള്‍ പകുതിവിടര്‍ത്തി ചിരിച്ചപ്പോള്‍ പൂതനയുടെ തുടുത്ത കവിളുകള്‍ ചുവന്നു. നാണിച്ചുകൊണ്ട് ഇടയന്‍‌മാര്‍ മരത്തിനു പിന്നിലേയ്ക്കു മറഞ്ഞു. അമ്പാടിയിലെ ആട്ടിന്‍‌കുട്ടികള്‍. മരത്തിനു പിന്നില്‍ നിന്ന് വിരഹാര്‍ദ്രമായ മുരളീനാദം നദിയിലേയ്ക്കൊഴുകിവീണു. നിറച്ചുവെച്ച മധുചഷകങ്ങള്‍ കാളവണ്ടിയിലിരുന്ന് ഇളകുന്നതുപോലെ നിതംബം പതിയെച്ചലിപ്പിച്ച് പൂതന അമ്പാടിയിലേയ്ക്കു നടന്നു. അസ്തമയത്തിന്റെ ശോണിമ അവളുടെ ഇരുണ്ടനിറമാര്‍ന്ന കവിളുകളില്‍ വീണ് ചിത്രങ്ങള്‍ വരച്ചു. നടവഴിയില്‍ പല ഗോപസ്ത്രീകളും തങ്ങളുടെ പൈതങ്ങളെയും ഏറ്റി ഒരേ ലക്ഷ്യത്തിലേയ്ക്കു നടക്കുന്നുണ്ടായിരുന്നു. വലിയ ഒരു വീട്ടിനു മുന്‍പില്‍ പശുക്കളും മനുഷ്യരും കൂടിനിന്നിരുന്നു. പൂതന ആള്‍ക്കൂട്ടത്തെ വകഞ്ഞ് ചിരിച്ചുകൊണ്ട് വീട്ടിനകത്തേയ്ക്കു കയറി.

പടികടക്കവേ യശോദ കുഞ്ഞിനെയുമെടുത്ത് പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നു. മുറ്റത്തുകൂടിനിന്ന അമ്മമാരുടെ കൈകളില്‍ അതുവരെ തളര്‍ന്നുറങ്ങിയിരുന്ന പെണ്‍കുട്ടികള്‍ പെട്ടെന്നു കണ്മിഴിച്ചതുപോലെ അവള്‍ക്കു തോന്നി. യശോദയുടെ ഒക്കത്തിരുന്ന് പൂര്‍ണ്ണചന്ദ്രന്റെ ഒരു കഷണം വരുന്നു. മുലകുടിമാറാത്ത കണ്ണുകള്‍ അമ്മമാരുടെ കൈകളിലിരുന്ന് ആ മുഖത്തേയ്ക്കു തിരിയുന്നു. എന്തൊരാലസ്യം. മുലകളുടെ കടച്ചില്‍ ഒരു വിങ്ങലാവുന്നു. പിറക്കാത്ത മകന്‍ അവിടെ യശോദയുടെ കൈകളില്‍. ദാഹം മാറാതെ യശോദയുടെ മാറില്‍ കൈകള്‍ കൊണ്ടു പരതുന്ന പൈതല്‍. പൂതന മുന്‍പോട്ടുചെന്ന് യശോദയുടെ കയ്യില്‍ പിടിച്ചു. താനാരെന്നു പറയുന്നതിനു മുന്‍പേ, മനസില്‍ പലവുരു പറഞ്ഞുപഠിച്ച കള്ളങ്ങള്‍ നിരത്തുന്നതിനു മുന്‍പേ, അറിയാതെ പറഞ്ഞുപോയി. 'ഞാനവനു മുലകൊടുക്കട്ടേ'? അതുവരെ തന്റെ മുഖത്തേയ്ക്ക് അലസമായി നോക്കിക്കൊണ്ടുനിന്ന ഗോപസ്ത്രീകള്‍ ചിരിക്കുന്നതെന്തെന്നു പൂതനയ്ക്കു മനസിലായില്ല. പരിചയമില്ലാത്ത തനിക്ക് യശോദ സന്തോഷത്തോടെ കുഞ്ഞിനെ തന്നതെന്തെന്നും പൂതനയ്ക്കു മനസ്സിലായില്ല.

വീട്ടുമുറ്റത്ത് തൊടിയോടു ചേര്‍ന്ന് ഒരൊഴിഞ്ഞ മൂലയിലിരുന്ന് പൂതന കണ്ണനെ ഇളംചൂടുള്ള മടിയില്‍ കിടത്തി. വീട്ടുമുറ്റത്തുനിന്നും ഒരു ചാവാലിപ്പട്ടി എഴുന്നേറ്റ് പൂതനയുടെയും കണ്ണന്റെയും അടുത്ത് വാലും ആട്ടിയാട്ടി നിന്നു. അവളുടെ കാല്‍ക്കല്‍ നായ ചുരുണ്ടുകൂടി കാവല്‍കിടപ്പായി. പൂതന കുതിര്‍ന്ന മുലക്കച്ച മാറ്റുമ്പൊഴേ, വിങ്ങിയ മുലക്കണ്ണ് കണ്ണന്റെ വായിലേയ്ക്ക് അടുപ്പിക്കുന്നതിനു മുന്നേ തന്നെ, മുലയില്‍ നിന്നും പാല്‍ത്തുള്ളികള്‍ കണ്ണന്റെ ഇളം ചുണ്ടിലേയ്ക്ക് തെറിച്ചുവീണു. പതിയെ നാക്കുനീട്ടി മേല്‍ച്ചുണ്ടിന്റെ പുറത്തുവീണ പാല്‍ത്തുള്ളി നക്കിയെടുത്ത്, പാലുറുഞ്ചി ഒരു നൊട്ടയിട്ട് കണ്ണന്‍ കുഞ്ഞുങ്ങളുടെ ഭാഷയില്‍ കുറുകി. എന്നിട്ട് നീലക്കാണ്ണുകള്‍ വിടര്‍ത്തി പൂതനയെ നോക്കി വിടര്‍ന്നു ചിരിച്ചു. ഇടതുകൈ നീട്ടി പൂതനയുടെ നീണ്ട മുടിയില്‍പ്പിടിച്ചു വലിച്ചു. പൂതന കണ്ണനെ താലൊലിച്ച് കാലുകള്‍ താളത്തിലാട്ടിയപ്പോള്‍ മടിയില്‍ക്കിടന്ന് അവന്‍ മൂത്രമൊഴിച്ചു. എന്നിട്ട് വീണ്ടും കുറുകി. പൂതന തിരിച്ച് കുഞ്ഞുങ്ങളുടെ ഭാഷയില്‍ കുറുകിക്കൊണ്ടു വിളിച്ചു - 'എന്റെ കണ്ണാ'. മടിയില്‍ കിടന്ന് പൂതനയുടെ വയറിലും മാറിലും തന്റെ ഇളം കൈകള്‍കൊണ്ടു തൊട്ടുനോക്കി കണ്ണന്‍ നാലു പല്ലുകള്‍ മാത്രം മുളച്ച വായകാട്ടി വിടര്‍ന്നുചിരിച്ചു. മുത്തേ എന്നുവിളിച്ച് പൂതന ഉണ്ണിയെ പൊക്കിയെടുത്ത് തന്റെ തോളില്‍ കിടത്തി. തലയില്‍ ഏതോ ശപ്തനിമിഷത്തില്‍ കടന്നുവന്ന കംസനും ദ്വാരകയും രാജകൊട്ടാരവുമെല്ലാം നെറ്റിയില്‍ വിയര്‍പ്പുകണങ്ങളായി തിളങ്ങിനിന്നു. പൂതന ഇടതുകൈകൊണ്ട് അവ വടിച്ചുകളഞ്ഞു. വീണ്ടും കുഞ്ഞുങ്ങളുടെ ഭാഷയില്‍ കൃഷ്ണനെ കൊഞ്ചിപ്പിച്ചപ്പോള്‍ അവളെ ഒട്ടല്‍ഭുതപ്പെടുത്തിക്കൊണ്ട് കണ്ണന്‍ പതുക്കെ പറഞ്ഞു. 'പൂതന'.

ആര്‍ദ്രമായി ഉണ്ണീ എന്നുവിളിച്ചുകൊണ്ട് പൂതന വലതുകൈകൊണ്ട് അവന്റെ മുടിയില്‍ കോതി. മുലക്കണ്ണുകള്‍ ആരെയോ തേടുന്നതുപോലെ കണ്ണന്റെ തേന്‍ചുണ്ടുകളിലേയ്ക്കു കൂമ്പി.

'ഇതെന്റെ അമ്മയല്ലല്ലോ. എനിക്കീ പാലു വേണ്ട', തുടുത്തുനില്‍ക്കുന്ന മുലകള്‍ കുഞ്ഞിക്കൈകൊണ്ട് കണ്ണന്‍ ഒരു വശത്തേയ്ക്കു തള്ളിമാറ്റി.

'പാലാഴികടഞ്ഞു വന്ന അമൃതിന്റെ കഥ അറിയാമോ കണ്ണാ? ആ അമൃത് അമ്മയുടെ മുലകളില്‍ ചുരത്തിത്തരാം'. എന്റെ മോനിതു കുടിച്ചാല്‍ ദേവന്മാരെപ്പോലെയാവും.

'അമൃതു ഞാന്‍ കുടിച്ചതാണല്ലോ. എനിക്കെല്ലാം ഓര്‍മ്മയുണ്ടല്ലോ. മത്സ്യമായി അന്നു മഹാനദികളില്‍ നീന്തിനടന്നത്. ആമയായി വലിയൊരു തോടും അതിലും വലിയ ഭാരവും ചുമലേറ്റിയത്. ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്നപ്പോള്‍ ആ രാജാവിന്റെ കണ്ണുകളടഞ്ഞിട്ടും ശ്വാസം നിലച്ചിട്ടും കൈകാലുകള്‍ തണുത്തിട്ടും ഹൃദയം മാത്രം തുടിച്ചുകൊണ്ടിരുന്നത്. എന്റെ സീതയെ കാട്ടില്‍ക്കളഞ്ഞത്. കലപ്പയേന്തി പൊന്നുവിളയിച്ചത്. കുരുക്ഷേത്രത്തില്‍ തേരുപറപ്പിച്ച് അര്‍ജ്ജുനന്റെ വിഷാദം ശമിപ്പിച്ചത്. മറ്റൊരുരാജാവില്‍ നിന്നും മൂന്നുചുവടുകൊണ്ട് മൂന്നുലോകങ്ങള്‍ അളന്നെടുത്തത്. കല്‍പ്പാന്തത്തില്‍ വന്നെല്ലാം മുടിച്ചത്. എന്നിട്ടും എന്റെയുള്ളില്‍ എന്തോ വരളുന്നു. വല്ലാത്ത ദാഹം. തൊണ്ട വറ്റിപ്പോവുന്നു. പക്ഷേ ഇതെന്റെ അമ്മയല്ലല്ലോ.'

'ഉണ്ണീ, ഒരമ്മയാവാന്‍ നീയെന്റെ വയറ്റില്‍ പിറക്കണമെന്നില്ല. പ്രാണവേദനകൊണ്ട് നിന്നെ പെറണമെന്നില്ല. നിന്നെ കാണുന്നതിനു മുന്‍പേ ഞാന്‍ നിന്റെ അമ്മയായിരുന്നല്ലോ. മാതൃത്വം കൊണ്ട് എന്റെ വയറു കടഞ്ഞപ്പൊഴും ഞാന്‍ തേടിയതു നിന്നെയായിരുന്നല്ലോ. മോനീ പാലുകുടിക്കൂ. ആരും പറഞ്ഞുതരാത്ത കഥകള്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം'.

കണ്ണന്‍ ചിരിച്ചുകൊണ്ട് ഇടത്തേ മുല രണ്ട് കുഞ്ഞിക്കൈകള്‍കൊണ്ടും പിടിച്ചു. ചുണ്ടുനുണഞ്ഞ് മുല വലിച്ചുകുടിച്ചു. അരിപ്പല്ലുകള്‍കൊണ്ടു കടിക്കുമ്പോഴുണ്ടാകുന്ന നനുത്ത വേദനയിലും ചിരിച്ച് പൂതന കണ്ണന്റെ മുഖത്തേയ്ക്കു നോക്കിയിരുന്നു. പതിയെ ഒരു താരാട്ടു പാടിത്തുടങ്ങി. പൂതനയുടെ സ്നേഹം മുലപ്പാലായി കണ്ണന്റെ ചുണ്ടിലേയ്ക്കു ചുരന്നു. ഏറെനേരം കഴിഞ്ഞിട്ടും നദിപോലെ പാലൊഴുകിയിട്ടും കണ്ണന്റെ ദാഹം മാറിയില്ല. 'മകനേ ഈ മുല വറ്റുന്നല്ലോ. അമ്മയുടെ സ്നേഹം വലത്തേ മുലയില്‍ ചുരത്തട്ടെ'.

മുലപ്പാല്‍ വറ്റിയെങ്കിലും പൂതന കൃഷ്ണന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ നെഞ്ചില്‍ മാതൃത്വം കടഞ്ഞു. വീണ്ടും മുല നിറഞ്ഞൊഴുകി. കൃഷ്ണന്‍ മതിവരാതെ തന്റെ ഇളംചുണ്ടുകള്‍ കൊണ്ട് മുലവലിച്ചുകുടിച്ചു. 'കണ്ണാ, ആ ഗോപസ്ത്രീയുടെ ഒക്കത്തിരുന്ന് നിന്നെ നുണക്കുഴികളുള്ള ഒരു പെണ്‍കുട്ടി നോക്കുന്നതുകണ്ടോ? ഞാന്‍ നോക്കുമ്പോള്‍ അവള്‍ മുഖം മാറ്റുന്നതുകണ്ടോ? അതു രാധയാണ്. ആയിരം ഗോപസ്ത്രീകളുമൊത്ത് നീ കളിച്ചുനടക്കുമ്പോള്‍ നിന്നെക്കാണാതെ അലഞ്ഞുനടക്കുന്ന നിന്റെ കാമുകി. അവളില്‍ നിന്റെ ദാഹം തീരില്ല. രുഗ്മിണിയിലും സത്യഭാമയിലും ജാംബവതിയിലും നിന്റെ ദാഹം തീരില്ല. നിലയ്ക്കാത്ത നിന്റെ ദാഹം പതിനാറായിരത്തെട്ടു ഭാര്യമാരിലും തീരില്ല. കരള്‍ പിളര്‍ന്നുനല്‍കുന്ന സ്നേഹം കൊണ്ട് നിന്റെ ദാഹം ശമിപ്പിക്കാനാവാതെ ഗോപികമാരും രാജകുമാരിമാരും നിനക്കായി കാത്തിരിക്കും. എങ്കിലും സ്ത്രീകളില്‍ നിന്റെ ദാഹം തീരില്ലല്ലോ ഉണ്ണീ'.

കണ്ണന്‍ നിറുത്താതെ മുലകുടിച്ചുകൊണ്ടേയിരുന്നു. പൂതനയുടെ മുലകള്‍ വറ്റിവരണ്ടു. ശരീരത്തിലെ ജലാംശം വാര്‍ന്നുപോയി. വിഷത്തിന്റെ കുപ്പി അയഞ്ഞ അരക്കെട്ടിലിരുന്നു പിടച്ചു. പൂതന കണ്ണനെ വീണ്ടും തന്റെ ഇടതേ മുലയിലേയ്ക്കു മാറ്റി.

'മുലക്കണ്ണില്‍ കടിക്കാതെ കണ്ണാ, വരുന്നതു ചോരയാണല്ലോ'.

'അമ്മേ ദാഹം മാറുന്നില്ലല്ലോ'.

'സാരമില്ല. എന്റെ കണ്ണന്‍ വലിച്ചു കുടിച്ചോളൂ. നാളെ പടപാളയങ്ങളില്‍ രക്തം കൊണ്ടുനീ ആറാടുമ്പൊഴും നിന്റെ ദാഹം മാറില്ല. ചില ദാഹങ്ങള്‍ അങ്ങനെയാണ്. നിലയ്ക്കാദാഹങ്ങള്‍. പതിനെട്ട് അക്ഷൌഹിണികള്‍ നിന്റെ കണ്മുന്‍പില്‍ എരിഞ്ഞുതീരുമ്പൊഴും വീരന്മാരുടെ ചോരകൊണ്ട് ഗംഗചുവക്കുമ്പൊഴും ദാഹമൊടുങ്ങില്ല. അലയാഴിയില്‍ ഉണ്ണിയുടെ നാവു വരളും. ദാഹം അങ്ങനെയാണ്. തൊണ്ടയില്‍ കത്തുന്ന ദാഹം എത്രയെരിഞ്ഞിട്ടും വിശപ്പുതീരാത്ത തീപോലെയാണ്. എന്നിരുന്നാലും ഒരു മുട്ടുശാന്തിക്കെങ്കിലും എന്റെ ഉണ്ണി അമ്മയുടെ ചോര വലിച്ചു കുടിച്ചുകൊള്ളൂ. അമ്മയുടെ ശരീരത്തില്‍ ചോര ധാരാളമുണ്ടല്ലോ. കടിച്ച് ഈമ്പിക്കുടിച്ചുകൊള്ളൂ'

കൃഷ്ണന്റെ മണിച്ചുണ്ടുകള്‍ ചുവന്നു. വേനല്‍ക്കാലത്തെ നിളപോലെ പൂതനയുടെ ഞരമ്പുകള്‍ ചുരുങ്ങി. പൂതനയുടെ ചോര വറ്റി. സുന്ദരമായ മുഖവും തുടുത്ത കൈകളും വിളറി. കൃഷ്ണന്‍ മുലകുടി നിറുത്തി പൂതനയുടെ മുഖത്തേയ്ക്കു നോക്കി. 'അമ്മേ അമ്മ മരിച്ചുപോകുമല്ലോ'.

'സാരമില്ല, നീ കുടിച്ചുകൊള്ളൂ. മോന്റെ ദാഹം മാറട്ടെ'. അമ്മയ്ക്ക് ഇനി പറഞ്ഞുതരാന്‍ അധികമില്ലല്ലോ. എങ്കിലും ഓര്‍ക്കുക. കണ്ണാ നിന്റെ ജീവിതമാണു വലുത്. ഈ അമ്മയുടെ ജീവിതവും ശത്രുക്കളുടെയും മിത്രങ്ങളുടെയും ജീവിതവും രാധമാരും അന്ത:പുരവാസികളും ലോകാലോകങ്ങളൊക്കെയും അതുകഴിഞ്ഞേയുള്ളൂ. നിന്റെ ദാഹമാണു വലുത്. അതിലും വലുതായി ഒന്നുമില്ല'.

'അമ്മേ, അമ്മയുടെ ജീവിതം എന്റെ ചുണ്ടിലെരിക്കുന്നതെന്തിന്? കംസന്‍ കൊടുത്തുവിട്ട വിഷം മുലക്കണ്ണുകളില്‍ പുരട്ടാത്തതെന്തിന്?'

'ഉണ്ണീ അതാണു മാതൃത്വം. നീയൊരാണ്‍‌തരിയാണ്. അതുനിനക്കു മനസിലാവില്ല'. പൂതന കണ്ണന്റെ വായ തന്റെ വലത്തേ മുലയോടു ചേര്‍ത്തു.

'അമ്മേ ഈ പാലിനെന്താണു പച്ചനിറം'?
'അതെന്റെ ജീവനാണു കണ്ണാ‍. ഞരമ്പുകളില്‍ ചോര വറ്റിക്കഴിഞ്ഞു, മുലകളില്‍ പാല്‍ വറ്റിക്കഴിഞ്ഞു. ഇനി നിന്റെ ചുണ്ടില്‍ ചുരത്താന്‍ പച്ചനിറത്തിലൂറുന്ന അമ്മയുടെ പ്രാണനേ ബാക്കിയുള്ളല്ലോ'.

'അമ്മേ ഞാനീ കാളിന്ദി കുടിച്ചുവറ്റിക്കട്ടെ. സമുദ്രങ്ങളായ സമുദ്രങ്ങളൊക്കെയും ഞാന്‍ കുടിച്ചുവറ്റിക്കാം. അങ്ങനെ എന്റെ ദാഹമടങ്ങട്ടെ. അമ്മയുടെ പ്രാണനിലൂടെ എന്റെ ദാഹമടക്കുന്നതെന്തിന്?'.

'പോകരുതു മകനേ. നദിയുടെ ജലപാളികളില്‍ നീ ഊളിയിട്ടിറങ്ങുമ്പോള്‍ അമ്മയുടെ പേടി നിന്റെ ശ്വാസം വറ്റുമോ എന്നല്ല കണ്ണാ. ജലകന്യകമാരുടെ മായാലോകം കാണുമ്പോള്‍ തിരിച്ചുവരാതെ നീയീ ലോകം മറന്ന് ഒരു ജലകുമാരനായി ഭൂമിയെക്കാള്‍ നാലിരട്ടിയുള്ള സമുദ്രത്തില്‍ ചിരകാലം വാഴുമെന്നാണ്. അവിടെ മത്സ്യകന്യകമാരുടെ കൃഷ്ണനായി നീ‍ കടലിന്നുള്ളിലെ ദ്വാരകയില്‍ ശയിക്കുമ്പോള്‍, തിമിംഗലത്തെക്കാള്‍ വലിയ ജലകംസനെ വധിക്കുമ്പോള്‍, ഇവിടെ കണ്ണീരു വറ്റാതെ ഒരു രാധയും പൂക്കാതെ ഒരു വൃന്ദാവനവും കണ്ണടയ്ക്കാതെ ഒരു യശോദയും ബാക്കിയാവില്ലേ. സാരമില്ല, എന്റെ ഉണ്ണി പോവണ്ട. പച്ചദ്രവത്തിന്റെ ഉറവ വറ്റിയിട്ടില്ല. ഉണ്ണി വലിച്ചുകുടിച്ചുകൊള്ളൂ'.

കാവല്‍നിന്ന പട്ടി ഓരിയിട്ടുകൊണ്ട് ഓടിപ്പോയി. മരങ്ങളുടെ മറവില്‍ നിന്ന് ശരീരമില്ലാത്ത ഒരു കറുത്ത നിഴല്‍ നടന്നുവന്ന് പൂതനയുടെ തലയ്ക്കല്‍ നിന്നു. പൂതന ആ നിഴലിനെ നോക്കി ഒന്നുമന്ദഹസിച്ചു. ആര്‍ദ്രമായി ഉണ്ണിയുടെ മുഖത്തേയ്ക്കു നോക്കി. പിന്നീട് പൂതനയുടെ കണ്ണു ചിമ്മിയില്ല.

കണ്ണനെ തിരക്കി യശോദയും ഗോപസ്ത്രീകളും വന്നപ്പോള്‍ പ്രാണവേദന കൊണ്ട് പൂതനയുടെ കവിളുകള്‍ രാക്ഷസീയമായെങ്കിലും കണ്ണുകള്‍ വിടര്‍ന്നിരുന്നു. ചുണ്ടുകള്‍ കോടിയെങ്കിലും അവയില്‍ മാതൃത്വത്തിന്റെ പുഞ്ചിരി നിറഞ്ഞിരുന്നു. വീട്ടുമുറ്റത്ത് നറും മുലപ്പാലിന്റെ സുഗന്ധം പരന്നിരുന്നു. അപ്പൊഴും പൂതനയുടെ ശരീരത്തില്‍ ഇഴയുന്ന കണ്ണനെ വാരിയെടുത്ത് യശോദ കിണറ്റിന്‍ കരയിലേയ്ക്കു നടന്നു. കണ്ണന്‍ യശോദയുടെ കൈകളിലിരുന്നു കുറുകി. വസുദേവനും മറ്റു ഗോപന്മാരും പൂതനയുടെ ചുറ്റും കൂടി. പൂതനയുടെ അരയില്‍ തിരുകിയിരുന്ന തുറക്കാത്ത വിഷക്കുപ്പികണ്ട് രാക്ഷസി എന്ന് അലറിവിളിച്ചുകൊണ്ട് ജനക്കൂട്ടം ശവം ദഹിപ്പിക്കാന്‍ ചിതകൂട്ടി. കണ്ണന്‍ ഭാഗ്യത്തിനു കൊടിയ വിഷത്തില്‍ നിന്നും രക്ഷപെട്ടു എന്ന് ആഹ്ലാദിച്ച് ഗോപസ്ത്രീകള്‍ ആള്‍ക്കൂട്ടത്തില്‍ മധുരം വിളമ്പി. ചുറ്റും കൂടിനിന്ന സ്ത്രീകള്‍ക്കു യാത്രപറഞ്ഞ് ആരും കാണുന്നില്ല എന്നുതോന്നിയപ്പോള്‍ കിണറ്റില്‍ നിന്നും വെള്ളംകോരി മുലകളില്‍ പുരട്ടിയിരുന്ന കൈപ്പുനിറഞ്ഞ കാഞ്ഞിരച്ചാറ് യശോദ കഴുകിക്കളഞ്ഞു. മടിയില്‍ നിന്നും പൊതിതുറന്ന് വെണ്ണയെടുത്ത് മുലകളില്‍ പുരട്ടി. മരിച്ചുകിടക്കുന്ന പൂതനയുടെ നേര്‍ക്ക് അസൂയയോടെയും ഈര്‍ഷ്യയോടെയും നോക്കിക്കൊണ്ട് യശോദ കണ്ണനെയെടുത്ത് തന്റെ മുലക്കണ്ണുകളിലേയ്ക്ക് അടുപ്പിച്ചു. കൈകൊണ്ട് യശോദയുടെ മുലകളെ തള്ളിമാറ്റിക്കൊണ്ട് കണ്ണന്‍ പറഞ്ഞു. 'അമ്മേ എന്റെ ദാഹം മാറിയല്ലോ'.

11/17/2007

കൂയ്

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

11/16/2007

വിഷ്ണുമാഷിന്റെ കവിത, എന്റെ കഥ

വിഷ്ണുമാഷ് ഒരു കവിത അയച്ചുതന്ന് അതിനെ കഥയായി എഴുതാമോ എന്നു ചോദിച്ചു. അത്രയും ശ്രമിക്കാനുള്ള മനസ്ഥിതി ഇല്ലാത്തതുകൊണ്ട് കവിത അതേപടി ചേര്‍ക്കുന്നു. കവിതയുടെ ബാക്കിയായി എന്തൊക്കെ സംഭവിക്കാമെന്നു മാത്രം ഞാന്‍ കഥയായി എഴുതുന്നു.
- സ്നേഹത്തോടെ, സിമി.

വറുഗീസ്
======

വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.

സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും

സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.

എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല,

അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.

എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.

രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?

എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല

പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.

ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.

അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?

വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...

ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....
(രചന: വിഷ്ണുപ്രസാദ്)

--------
ഭാഗം 2
--------

വറുഗീസിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലായിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലമുണ്ടായ സാധാരണ മരണം. പുകവലിയോ മദ്യപാനമോ ഇല്ലെങ്കിലും ഹൃദയസ്തംഭനം ഉണ്ടാവാമെന്നും കൊളസ്ട്രോള്‍ കൂടുതലുണ്ടായിരുന്ന വറുഗീസ് യഥാസമയം വ്യായാമം ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ ജീവിതം കൂടുതല്‍ നീണ്ടേനെ എന്നും കുടുംബ സുഹൃത്തായ ഡോക്ടര്‍ ജോസഫ് മരണവീട്ടിനു മുന്‍പില്‍ കൂടിനിന്ന പരിചയക്കാരോട് പറഞ്ഞു. ആകെ അസ്വാഭാവികമായി ഉണ്ടായിരുന്നത് വറുഗീസിന്റെ കട്ടിലിനു കീഴെ കിടന്ന ക്രൂശിതനായ ഈശോയുടെ ചിത്രമായിരുന്നു. ചിത്രം രൂക്ഷഗന്ധമുള്ള, മഞ്ഞനിറമുള്ള മൂത്രത്തില്‍ മുങ്ങിക്കിടന്നതായിരുന്നു ജനങ്ങളെ അസ്വസ്ഥരാക്കിയത്. സത്യക്രിസ്ത്യാനിയായ വറുഗീസ് വിചാരിച്ചുകൊണ്ട് ദൈവത്തിന്റെ ചിത്രത്തില്‍ ഒരിക്കലും മൂത്രം ഒഴിക്കില്ല എന്നും ഹൃദയസ്തംഭനത്തിന്റെ നിമിഷങ്ങളില്‍ അങ്ങനെ സംഭവിച്ചുപോയതാവാം എന്നും പള്ളിവികാരി പറഞ്ഞപ്പോള്‍ ജനക്കൂട്ടത്തിന്റെ കുശുകുശുപ്പ് അല്പം അടങ്ങി. എന്നിരുന്നാലും വെള്ളപ്പൂക്കളുള്ള നീല കിടക്കവിരിയും ആറിഞ്ചു കട്ടിയുള്ള ഡണ്‍ലപ്പ് മെത്തയും കടന്ന് കട്ടിലിന്റെ തടിപ്പലകയും കടന്ന് മഞ്ഞ മൂത്രം എങ്ങനെ കട്ടിലിനു താഴെക്കിടന്ന ചിത്രത്തില്‍ വീണു എന്ന് പള്ളിയില്‍ കയറാത്ത ചില ചെറുപ്പക്കാര്‍ കൂടിനിന്ന് കുശുകുശുത്തു. അയലത്തെ വീട്ടില്‍ നിന്നും വറുഗീസിന്റെ തലയ്ക്കല്‍ വെയ്ക്കാന്‍ മറ്റൊരു ദൈവത്തിന്റെ പടം കൊണ്ടുവന്നു. വറുഗീസിന്റെ മരണവീട് മറ്റെല്ലാ മരണവീടുകളെയും പോലെയായിരുന്നു. വഴിതെറ്റിപ്പോയെങ്കിലും മക്കള്‍ മൂന്നുപേരും വഴിതെറ്റാതെ വന്ന് വറുഗീസിന്റെ ശവശരീരത്തിനു മുന്‍പില്‍ അപ്പാ എന്നുവിളിച്ച് ഉച്ചത്തില്‍ കരഞ്ഞു. ഡോക്ടര്‍ ജോസഫ് പരേതന്റെ അടുത്തേയ്ക്കു വരുമ്പോള്‍ മാത്രം അല്പം കലങ്ങി കുറ്റബോധത്തോടെ കരച്ചില്‍ ഒതുക്കിയെങ്കിലും മറിയാമ്മയും നെഞ്ചത്തടിച്ച് അലമുറയിട്ടു കരഞ്ഞു. പള്ളി സിമിത്തേരിയില്‍ പ്രമാണിമാരുടെ കൂടെയായിരുന്നു വറുഗീസിനെ അടക്കം ചെയ്തത്. നല്ലവനായ വറുഗീസിനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞുകൊണ്ട് നാട്ടുകാര്‍ പതിയെ കുഴിമാടത്തില്‍ നിന്നും പൊഴിഞ്ഞുപോയി.

--------
ഭാഗം 3
--------

സ്വര്‍ഗ്ഗത്തെപ്പറ്റി വര്‍ഗ്ഗീസിനുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ കുറെയൊക്കെ ശരിവെയ്ക്കുന്നതായിരുന്നു മരണശേഷം നടന്ന കാര്യങ്ങള്‍. സ്വര്‍ഗ്ഗകവാടത്തില്‍ നിന്ന വിശുദ്ധ പത്രോസ് വര്‍ഗീസിനെ കൈപിടിച്ച് സ്വര്‍ഗ്ഗത്തിന്റെ വഴിത്താരകളിലൂടെ നടത്തി. മനോഹരമായ ഏദന്‍ തോട്ടത്തില്‍ അപ്പോള്‍ ശിശിരമായിരുന്നു. മരങ്ങളും പൂച്ചെടികളുമെല്ലാം ഇലകളും പൂക്കളും അഴിച്ച് നഗ്നരായി നാണം മറയ്ക്കാനാവാതെ കൈകള്‍ വിരിച്ചു നിന്നു. മരങ്ങള്‍ക്കു കീഴെ അങ്ങിങ്ങായി പല വിശുദ്ധരും തപസ്സുചെയ്യുന്നുണ്ടായിരുന്നു. കുന്തിരിക്കത്തിന്റെയും ഉരുകിയ മെഴുകുതിരികളുടെയും ഗന്ധം ഏദന്‍ തോട്ടത്തില്‍ നിറഞ്ഞുനിന്നു. ശോകസുന്ദരമായ വാദ്യോപകരണസംഗീതം എവിടെനിന്നൊക്കെയോ പതിയെ ഒഴുകിവരുന്നുണ്ടായിരുന്നു. അപ്പൂപ്പന്‍ താടിപോലെ ഒരു മാലാഖ വറുഗീസിന്റെ മുന്‍പില്‍ക്കൂടെ പറന്നുപോയി.

ഒരു വലിയ വെളുത്ത മതില്‍ തോട്ടത്തിന്റെ വശത്തായി കണ്ടപ്പോള്‍ വറുഗീസിനു മതിലിനു അപ്പുറത്ത് എന്താണെന്ന് സംശയം തോന്നി. അതിനപ്പുറം നരകമാണെന്ന് വിശുദ്ധ പത്രോസ് മറുപടി പറഞ്ഞു. ഇഹലോകത്ത് ദുഷ്ടജീവിതം നയിച്ചവര്‍ നരകത്തില്‍ കിടന്നു നരകിക്കുന്നത് ഒരു നോക്കു കാണുമ്പോഴെങ്കിലും തന്റെ ജീവിതത്തിനു അര്‍ത്ഥം ഉണ്ടാവുമെന്ന് വറുഗീസ് ചിന്തിച്ചു. മതിലിനപ്പുറം കാണണമെന്ന് വറുഗീസ് വാശിപിടിച്ചു. നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ പത്രോസ് വറുഗീസിനെ മതിലിന്റെ കുറ്റിച്ചെടികള്‍ തിങ്ങി മറഞ്ഞ ഒരു ഭാഗത്തേയ്ക്കു കൊണ്ടുപോയി. അവിടെ പൊന്തക്കാടുകള്‍ക്കു നടുവില്‍ മതിലില്‍ കട്ടിക്കണ്ണാ‍ടിയിട്ട ഒരു വലിയ ജാലകം ഉണ്ടായിരുന്നു. ജാലകത്തില്‍ കൂടി നോക്കിയാല്‍ നരകത്തിന്റെ ഒരു വലിയ ഭാഗം കാണാമായിരുന്നു. വറുഗീസും പത്രോസും എത്തിവലിഞ്ഞ് നരകത്തിലേയ്ക്കു നോക്കി.

വറുഗീസിന്റെ അയല്‍ക്കാരനും ദുഷ്ടനുമായ ജൂഡ് നരകത്തില്‍ നാലു സുന്ദരിമാരുടെ നടുവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അല്‍‌പ്പവസ്ത്രധാരിയായ ഒരു സുന്ദരി മദ്യപിച്ച് ആടിയാടി ജൂഡിന്റെ മേലേയ്ക്കു വീഴുന്നുണ്ടായിരുന്നു. മറ്റു സുന്ദരിമാര്‍ പൊട്ടിച്ചിരിച്ച് അവളെ പിടിച്ചു നേരേ നിറുത്തി. അവരുടെ മുന്‍പില്‍ക്കൂടി രണ്ടു കമിതാക്കള്‍ ഒരു നാ‍ണവുമില്ലാതെ കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് കടന്നുപോയി. സാത്താന്‍ അതുവഴി ആറു കറുത്ത കുതിരകളെപ്പൂട്ടിയ ഒരു കറുത്ത കുതിരവണ്ടിയില്‍ പാഞ്ഞുവന്നു. സാത്താനെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് നരകത്തില്‍ മദ്യപിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഒരു ചീമുട്ട വലിച്ചെറിഞ്ഞു. ചീമുട്ട കുതിരവണ്ടിയുടെ ജനാലയില്‍ പതിച്ച് പറ്റിപ്പിടിച്ച് താഴേയ്ക്ക് പതിയെ ഒലിച്ചിറങ്ങി. കുതിരവണ്ടി ഒന്നു വേഗതകുറച്ച് വീണ്ടും വേഗത്തില്‍ ഓടിച്ചുപോയി. നരകത്തിലെ തെരുമദ്ധ്യത്തില്‍ ഒരാള്‍ക്കൂട്ടം മദ്യക്കുപ്പികളുമായി തിങ്ങിനിന്നിരുന്നു. വലിയ രണ്ടു റൌഡിമാര്‍ തമ്മില്‍ ദ്വന്ദയുദ്ധം നടക്കുകയായിരുന്നു അവിടെ. ആളുകള്‍ ചേരിതിരിഞ്ഞ് റൌഡിമാരില്‍ ഓരോരുത്തരെ കയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു. അതിനിടയില്‍ പെട്ടെന്നു തട്ടിക്കൂട്ടിയ ഒരു വേദിയില്‍ മയക്കുമരുന്നിനടിമകളായ കുറെ ഗായകര്‍ ഗാനമേള തുടങ്ങി. കറുത്ത പല്ലുകള്‍ കൊണ്ട് അലങ്കരിച്ച ഗിറ്റാറുകള്‍ അതീന്ദ്രിയങ്ങളായ ഇമ്പത്തില്‍ മുഴക്കിക്കൊണ്ട് അവര്‍ ആവേശപൂര്‍വ്വം പാടി. പാട്ടിനൊത്ത് സ്ത്രീകളും പുരുഷന്മാരും കെട്ടിമറിഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ജനക്കൂട്ടം അലറിവിളിച്ചു. ആരൊക്കെയോ യന്ത്രത്തോക്കുമായി ഓടിവന്ന് ആകാശത്തേയ്ക്കു വെടിവെച്ചെങ്കിലും സാത്താന്റെ കിങ്കരന്മാര്‍ അവരുടെ തോക്കുകള്‍ പിടിച്ചുവാങ്ങി പകരം മറ്റേതോ തോക്കുകള്‍ കൊടുത്തു. അതില്‍നിന്നും വെടിവെച്ചപ്പോള്‍ ആകാശത്ത് പല നിറങ്ങളില്‍ അമിട്ടുകള്‍ പൊട്ടി. ആള്‍ക്കൂട്ടത്തില്‍ നിന്നും വറുഗീസിന്റെ വീട്ടിനടുത്ത് താമസിച്ചിരുന്ന പണിക്കാരി മുന്നോട്ടുവന്ന് സ്വര്‍ഗ്ഗത്തെയും നരകത്തെയും വേര്‍തിരിക്കുന്ന കണ്ണാടി ജനാലയോടു ചേര്‍ന്നുനിന്നു. നാട്ടില്‍ തന്നെ കുപ്രസിദ്ധയായിരുന്ന അവളുടെ കല്ലന്‍ മുലകള്‍ എഴുന്ന് കണ്ണാടിയില്‍ അമര്‍ന്നുനിന്നു. കൈയുയര്‍ത്തി ആ മുലകളില്‍ തലോടണം എന്ന് വറുഗീസിനു തോന്നി എങ്കിലും കണ്ണാടിയും വിശുദ്ധ പത്രോസിന്റെ നോട്ടവും തടസ്സം നിന്നു. പെട്ടെന്ന് സാത്താന്റെ ഒരു കിങ്കരന്‍ ജനലിനു മുന്‍പില്‍ വന്ന് വിരല്‍ പതിയെ വീശിക്കൊണ്ട് വിശുദ്ധ പത്രോസിനോട് അരുത് എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് ഒരു കറുത്ത കര്‍ട്ടന്‍ വലിച്ചിട്ട് നരകത്തിലേയ്ക്കുള്ള കാഴ്ച്ച അടച്ചു.

മരിച്ച ഏതോ നല്ല കുടുംബിനി അപ്പോള്‍ തോട്ടത്തിന്റെ ഇടവഴികളിലൂടെ ഓടി വര്‍ഗീസിന്റെ മുന്‍പില്‍ വന്നു കിതച്ചുനിന്നു. തോമസ് അല്ലേ എന്നുചോദിച്ച് അവര്‍ ഒരുനിമിഷം പ്രതീക്ഷയോടെ വറുഗീസിന്റെ മുഖത്തേയ്ക്കു നോക്കി. എന്നിട്ട് കരഞ്ഞുകൊണ്ട് മറ്റൊരിടവഴിയിലൂടെ ഓടിപ്പോയി. അവരുടെ ഭര്‍ത്താവ് നരകത്തിലാണ് എന്ന് വിശുദ്ധ പത്രോസ് വറുഗീസിനു വിശദീകരിച്ചുകൊടുത്തു. പിന്നാലെ ഇടവഴികളില്‍ എവിടെനിന്നൊക്കെയോ ആര്‍ത്തനാദങ്ങള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രശാന്തതയെ ഭേദിച്ചുകൊണ്ട് ഉയര്‍ന്നുതാണു. ഒരേ കരച്ചില്‍ പല വഴികളിലും പല മുഖങ്ങളിലും പ്രതിഫലിച്ചതുകൊണ്ടാവാം, ഒരേ സമയം തന്നെ അവയെല്ലാം അടങ്ങി താണ് വീണ്ടും നിശബ്ദമായി.

തോട്ടത്തിനു നടുവില്‍ ഒരു ജലാശയത്തിനു മുന്‍പില്‍ അരയന്നങ്ങള്‍ക്കു തീറ്റകൊടുത്തുകൊണ്ട് നരച്ചതാടിയുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ടായിരുന്നു. “ദൈവമേ, വര്‍ഗ്ഗീസ്“ എന്ന് വിശുദ്ധ പത്രോസ് പതിയെ പറഞ്ഞു. ദൈവം പതുക്കെ വടികുത്തി എഴുന്നേറ്റു. ഇണയറ്റ മാലാഖമാര്‍ കിന്നരിത്തലപ്പാവുകളും വെച്ച് വികാരമറ്റ മുഖങ്ങളോടെ ദൈവത്തിന്റെ തലയ്ക്കുമുകളില്‍ പൂമ്പാറ്റകളെപ്പോലെ പറന്നുനടന്നു. വറുഗീസിനു കടുത്ത നിരാശതോന്നി. “ദൈവമേ, നരകം..“ - വര്‍ഗീസ് ചോദ്യഭാവത്തില്‍ ദൈവത്തിന്റെ മുഖത്തേയ്ക്കു നോക്കി. ദൈവം വിഷാദത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ വര്‍ഗ്ഗീസിനെയും വിശുദ്ധ പത്രോസിനെയും കൈവീശി യാത്രയാക്കി. എന്നിട്ട് അരയന്നങ്ങള്‍ക്കു തീറ്റകൊടുക്കാന്‍ തിരിഞ്ഞു. നിരാശയോടെ തിരിഞ്ഞുനടക്കുമ്പോഴും ദൈവത്തിന്റെ വസ്ത്രത്തില്‍ നിന്നും വന്ന കടുത്ത മൂത്രനാറ്റം വറുഗീസിന്റെ മൂക്കുതുളയ്ക്കുന്നുണ്ടായിരുന്നു.

11/14/2007

കഥകളുടെ പി.ഡി.എഫ്.

ഈ ബ്ലോഗിലെ കഥ എല്ലാം ഒരു പി.ഡി.എഫ്. ഫയല്‍ ആക്കി ഇവിടെ ചേര്‍ക്കുന്നു. ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യൂ. 39 കഥകള്‍ - രണ്ടര MB ഉണ്ട്. ചിലപ്പൊ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാനും പ്രിന്റ് എടുത്തു വായിക്കാനും പഴയ കഥകള്‍ വായിക്കാനുമൊക്കെ ഇതായിരിക്കും എളുപ്പം. കഥകള്‍ ഇഷ്ടപ്പെട്ടെങ്കില്‍ കൂട്ടുകാര്‍ക്കും അയച്ചു കൊടുക്കൂ. ആരും മറ്റാരുടെയും പേരില്‍ പ്രസിദ്ധീകരിക്കാത്തിടത്തോളം കാലം കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല.

സ്നേഹത്തോടെ, സിമി.

11/12/2007

അണഞ്ഞുപോയ ഒരു മെഴുകുതിരി

ജൂലി കണ്ണും തിരുമ്മി എണീറ്റ് കോട്ടുവാ ഇടുമ്പോള്‍ ജലജ എഴുന്നേറ്റ് പല്ലുതേച്ച് ഉടുപ്പിന്റെ ഭംഗി നോക്കുകയായിരുന്നു. ഉറക്കം ഉണരാന്‍ മടിച്ച് ജൂലി പുതപ്പ് തലയുടെമീതേ വലിച്ചിട്ടു. എന്നത്തെയും പോലെ ചിരിച്ചുകൊണ്ട് ജലജ ചോദ്യം ആവര്‍ത്തിച്ചു. “നീ പിന്നെയും സ്വപ്നം കണ്ടോ?”

“കണ്ടു. അതേ സ്വപ്നം. ഇരുട്ട്, കുറ്റാക്കുറ്റിരുട്ട്. ഒരു ചീവീടുപോലും കരയുന്നില്ല, ഒരു ഇലപോലും അനങ്ങുന്നില്ല, ചുറ്റും ഒന്നുമില്ല. നല്ല കട്ടിയുള്ള ഇരുട്ട്. ഇരുട്ടില്‍ മുനിഞ്ഞുമുനിഞ്ഞ് ഒരു തിരിമാത്രം മുന്‍പോട്ടുപോവുന്നു. മങ്ങിയും തെളിഞ്ഞും, ഇടയ്ക്കൊക്കെ കെടാന്‍ പോയി വീണ്ടും ആളിയും, പതുക്കെ ഇളകി ഇളകി ഒരു തീനാളം മാത്രം. തീവെളിച്ചം വീഴുന്ന സ്ഥലങ്ങളില്‍ പക്ഷേ ഒന്നും കാണാന്‍ കഴിയുന്നില്ല. തീനാളം പതുക്കെ അകന്നകന്നുപോയി. തീനാളം കുറെയേറെ ദൂരം മുന്നോട്ടുപോയി. അതിന്റെ പിന്നാലെ ഞാന്‍ മാത്രം, പതുങ്ങിപ്പതുങ്ങി, വിടാതെ പിറകേ നടന്നു. തീനാളം തിരിയുന്ന വളവുകള്‍ തിരിഞ്ഞ് ഞാനും നടന്നു. അങ്ങനെ അങ്ങനെ കുറെയേറെ ദൂരം തീവെളിച്ചത്തിന്റെ പിന്നാലെ നടന്ന് ഞാന്‍ എവിടെയാ എത്തി. എവിടെ എത്തിയതെന്നറിയില്ല. സ്വപ്നത്തിന്റെ ബാക്കി ഓര്‍മ്മയില്ല.“

“നിനക്കു വട്ടാടീ. ഞാന്‍ സ്വപ്നം കണ്ടിട്ട് എത്ര നാളായി. ഇന്നെങ്കിലും ഒരു സ്വപ്നം കാണണം എന്നുവിചാരിച്ചു കിടന്നാലും ഒരു സ്വപ്നം പോലും കേറി വരുന്നില്ല. എന്തു ചെയ്യാനാ.



ജലജയും ജൂലിയും കുളിച്ച് തയ്യാറായി വരാന്തയിലേയ്ക്കു ചെന്നപ്പോള്‍ കസേരയില്‍ മൂന്നുനാല് പുരുഷന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. ചേച്ചി അവിടെ വന്നിരിക്കുന്നവരോട് കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും ഇടയ്ക്കൊക്കെ ആരെയോ കളിയാക്കിയും മുന്‍പില്‍ തന്നെ ടി.വി.യോടു ചേര്‍ന്ന് ഇരുന്നു. ബാബുവേട്ടന്‍ കതകിന്റെ വിടവില്‍ കൂടെ പോലീസ് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കിക്കൊണ്ടു നിന്നു. എന്നും കാണുന്ന പേടി ബാബുവേട്ടന്റെ മുഖത്ത് അന്നും തെളിഞ്ഞുനിന്നു. വരാന്തയില്‍ ഇരിക്കുന്നവരില്‍ ഒരാള്‍ പതിവുകാരനായിരുന്നു. അയാള്‍ ഒരു ബിയര്‍ കുടിച്ച് സിഗരറ്റും പുകച്ച് തടിയന്‍ കാലും ആട്ടിയാട്ടി ഇരു‍ന്നു. കൂട്ടത്തില്‍ രണ്ടു പയ്യന്മാര്‍ - ആദ്യമായി ഇതിനു വരുന്നതാണെന്നു തോന്നുന്നു - അങ്ങോട്ടും ഇങ്ങോട്ടും ധൈര്യപ്പെടുത്തിക്കൊണ്ടും പെണ്‍കുട്ടികളെ നോക്കി ചിരിച്ചുകൊണ്ടും ഇടയ്ക്കൊക്കെ താഴേയ്ക്കു നോക്കിക്കൊണ്ടും സോഫയില്‍ ഇരുന്നു. അതേ ഫ്ലാറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടി അതില്‍ ആരുടെയോ കൂടെ മുട്ടിയും ഉരുമ്മിയും ഇരിക്കുന്നുണ്ടായിരുന്നു. പയ്യന്മാരില്‍ ഒരാള്‍ ധൈര്യം സംഭരിച്ച് ജലജയുടെ മുഖത്തേയ്ക്കു നോക്കി. പിന്നീട് ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കി എനിക്കിവളെ മതി എന്നുപറഞ്ഞു. അവന്‍ അതു പറയുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ജലജയുടെ മുഖത്ത് ഭാവഭേദങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ചേച്ചി ചിരിച്ചുകൊണ്ട് കാശുവാങ്ങി. ജലജ അകത്തെ ഒരു മുറിയിലേയ്ക്കു നടന്നു. പിന്നാലെ നടക്കുമ്പോള്‍ പയ്യന്റെ ധൈര്യം ഒന്നുകൂടെ കൂടിയതുപോലെ തോന്നി. ജൂലി വരാന്തയില്‍ ബാക്കി പുരുഷന്മാരെ അഭിമുഖീകരിച്ച് ഒരു സിനിമാ മാസികയും തുറന്ന് താളുകള്‍ മറിച്ചുകൊണ്ട് ഇരിപ്പായി. ഇരിക്കുന്നവര്‍ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബിയര്‍ കുടിച്ചുകഴിഞ്ഞ് പതിവുകാരന്‍ രണ്ടുപെണ്‍കുട്ടികളില്‍ നിന്നും ഒരാളെ വിളിച്ച് അകത്തേയ്ക്കുപോയി. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അകത്തെയ്ക്കു കയറിപ്പോയ പയ്യന്‍ ചിരിച്ചുകൊണ്ട് പുറത്തേയ്ക്കു വന്നു. മുഖത്ത് ഒരു വികാരവും തന്നെ ഇല്ലാതെ ജലജയും അവന്റെ പിന്നാലെ പുറത്തേയ്ക്കു വന്ന് ബാത്‌റൂമില്‍ പോയി കഴുകിയിട്ട് വരാന്തയില്‍ ഇരിപ്പായി. അവന്‍ ചിരിച്ചുകൊണ്ട് താണ ശബ്ദത്തില്‍ കൂട്ടുകാരന്റെ ചെവിയില്‍ എന്തോ പറഞ്ഞു. പിന്നാലെ കൂട്ടുകാരനും ജലജയെ വിളിച്ച് അകത്തേയ്ക്കു കയറിപ്പോയി. ബാബുവേട്ടന്‍ ഇടയ്ക്കൊക്കെ ആരുടെയോ ഫോണ്‍ അറ്റെന്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആരൊക്കെയോ വന്നപ്പോള്‍ ശബ്ദമുണ്ടാക്കാതെ കതകുതുറന്ന് ബാബുവേട്ടന്‍ വന്നവരെ അകത്തേയ്ക്കു കയറ്റി പെട്ടെന്ന് കതകടച്ചു. മിണ്ടരുതെന്ന് ചുണ്ടില്‍ വിരല്‍ വെച്ച് ആംഗ്യം കാണിച്ചു. അവരില്‍ ഒരാള്‍ വന്നപാടേ ജൂലിയെയും വിളിച്ച് ഒരു മുറിയിലേക്കു പോയി.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു രാം വന്നത്. അപ്പൊഴേയ്ക്കും തളര്‍ന്നെങ്കിലും ജൂലിയുടെ മുഖത്ത് രാമിനെ കണ്ടപ്പോള്‍ ഒരു പുഞ്ചിരി പടര്‍ന്നു. രാം ചേച്ചിയെയും ജലജയെയും ഗൌനിക്കാതെ ജൂലിയെയും വിളിച്ച് മുറിക്കുള്ളിലേയ്ക്കു പോയി.

മുറിക്കകത്തു കടന്ന് കതകടച്ച് രാം ജൂലിയെ കെട്ടിപ്പിടിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു. പതുക്കെ കൈകള്‍ പിറകോട്ടിട്ട് അവളുടെ ഉടുപ്പ് ഊരാന്‍ തുടങ്ങി. ജൂലി തടുത്തു. അവന്‍ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തോട്ടു നോക്കി.

“ഇന്നുവേണ്ട രാം, പ്ലീസ്”
“ഉടുപ്പൂരെടീ”
“രാം, പ്ലീസ്, നമുക്കെന്തെങ്കിലും സംസാരിച്ചിരുന്നുകൂടേ?”

വീണ്ടും അവളെ കടന്നുപിടിക്കാന്‍ ആഞ്ഞ അവന്റെ കയ്യില്‍ പിടിച്ച് ജൂലി നിലത്തുവിരിച്ച മെത്തയില്‍ ഇരുന്നു. അവനെ കയ്യില്‍ പിടിച്ച് തന്റെ മടിയില്‍ കിടത്തി. നെറ്റിയില്‍ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു - “രാം, നീയെങ്കിലും”. മടിയില്‍ കിടന്നുകൊണ്ടുതന്നെ അവന്റെ കൈകള്‍ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു. വയറിലൂടെ അരിച്ച് മുകളിലേയ്ക്കു കയറിയ അവന്റെ കൈവിരലുകളെ തന്റെ കൈകള്‍ക്കുള്ളിലെടുത്ത് അവള്‍ ഒന്ന് അമര്‍ത്തി ശ്വാസം വലിച്ചു. എന്നിട്ട് മങ്ങിയ ചുമരിലേയ്ക്കു നോക്കിക്കൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ ഒരു സിനിമാപ്പാട്ട് മൂളിത്തുടങ്ങി.

അപ്പുറത്തെ മുറിയില്‍ നിന്നും ജലജയുടെ ശബ്ദവും പുതിയ പയ്യന്റെ ശബ്ദവും കേള്‍ക്കാമായിരുന്നു. ആദ്യമായി ഒരാള്‍ ഇവിടെ വരുമ്പോള്‍ കേള്‍ക്കുന്ന പതിവു ചോദ്യങ്ങള്‍.

ജലജ എങ്ങനെ ഇവിടെ എത്തി?

ജലജ അവളുടെ ഗോവയിലെ ജീവിതവും ഒരു ചതിയില്‍ പെട്ട് ഈ സ്ഥലത്ത് എത്തിപ്പെട്ടതും ഇവര്‍ ഒരുപാട് പീഢിപ്പിച്ച് അവളുടെ ഒരു നഖം വലിച്ച് ഊരിയെടുത്തതും ഒടുവില്‍ പീഢനം സഹിക്കാന്‍ വയ്യാതെ വഴങ്ങിക്കൊടുത്തതും എല്ലാം ചിരിച്ചുകൊണ്ട് അവനു പറഞ്ഞുകൊടുക്കുന്നതു കേട്ടു.

“ജലജയ്ക്കു വേണ്ടെങ്കില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല. പൈസ തരാം“.
“സാരമില്ല. പത്തുമുന്നൂറു പേര്‍ എന്റെ ശരീരത്തിലൂടെ കയറിയിറങ്ങിപ്പോയി. ഇനി നീയും കൂടിയായാലും ഒരു വ്യത്യാസവുമില്ല. ഉടുപ്പൂരിക്കൊള്ളൂ“.

അല്പനേരത്തെ നിശബ്ദതയ്ക്കും പിന്നെ സീല്‍ക്കാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ശേഷം വീണ്ടും ശബ്ദം - “നിന്നെ ഞാന്‍ രക്ഷിക്കാം. എന്റെ ഫോണ്‍ നമ്പര്‍ ഇതാ. എന്നെ വിളിക്കൂ“.

പതിവു സംഭാഷണങ്ങള്‍. മറ്റു പലരുടെയും കയ്യില്‍ നിന്നെന്നപോലെ ആ ഫോണ്‍ നമ്പരും അവള്‍ എഴുതിയെടുത്തു കാണണം. ജലജ വീണ്ടും ചിരിച്ചു കാണണം. ശബ്ദം ഒന്നും കേട്ടില്ല. കുറച്ചുകഴിഞ്ഞ് അപ്പുറത്തെ മുറിയിലെ കതകുതുറന്ന് അടയുന്ന ശബ്ദം കേട്ടു.

ജൂലി പാട്ടു മുഴുമിക്കുന്നതിനു മുന്‍പേ രാം തന്റെ കൈ അവളുടെ കൈകള്‍ക്കുള്ളില്‍ നിന്നും വലിച്ചെടുത്തു. അവളെ തള്ളി നിലത്തിട്ട് അവന്‍ മുരണ്ടു. “ഉടുപ്പൂരെടീ”.

“രാം, പ്ലീസ്, ഒരു ദിവസമെങ്കിലും.. ഞാന്‍ ഒരു കഥപറയട്ടെ, കുട്ടിക്കാലത്ത് അച്ഛന്‍ എനിക്കു വാങ്ങിച്ചു തന്ന തത്തമ്മയുടെ കാര്യം പറഞ്ഞിട്ടുണ്ടോ?”

“എനിക്കു പോണം. നീ ഉടുപ്പൂരുന്നുണ്ടോ?”

“ഇന്നലെ ഒരു രസമുള്ള കാര്യം നടന്നു. ജലജയ്ക്ക് ഒരബദ്ധം പറ്റി. ഇരിക്ക്, പോവല്ലേ. ഒരു ദിവസമെങ്കിലും..”.

രാം കിടക്കയില്‍ നിന്നും എണീറ്റ് ഷര്‍ട്ട് ഇട്ടുതുടങ്ങി. പോവല്ലേ എന്നുപറഞ്ഞ് അവള്‍ അവനെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു. അവളെ ഗൌനിക്കാതെ അവന്‍ ഷൂസിന്റെ ചരടുകള്‍ കെട്ടാന്‍ തുടങ്ങി. നിറഞ്ഞുവന്ന കണ്ണുകള്‍ അവന്‍ കാണാതിരിക്കാന്‍ അവള്‍ തിരിഞ്ഞുനിന്നു. കൈത്തണ്ടകൊണ്ട് കണ്ണുകള്‍ തുടച്ചു. എന്നിട്ട് അവന്റെ മുഖത്തു നോക്കിക്കൊണ്ട് ചുരിദാറിന്റെ കുടുക്കുകള്‍ അഴിച്ചു.

അരമണിക്കൂറിനു ശേഷം വീണ്ടും ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇടുമ്പോള്‍ രാം തെല്ലൊരസ്വസ്ഥതയോടെ അവളെനോക്കി ചിരിച്ചു. അവള്‍ തിരിച്ച് ഒരു വിളറിയ ചിരി ചിരിച്ചു. ചിരിക്കുമ്പോള്‍ മനസ്സില്‍ കരയരുതേ, കരയരുതേ, കരയരുതേ എന്ന് ജൂലി പറഞ്ഞുകൊണ്ടിരുന്നു. സാധാരണ കൊടുക്കുന്നതിലും മുപ്പതുരൂപ കൂടുതല്‍ രാം അവളുടെ കയ്യില്‍ മടക്കി വെച്ചുകൊടുത്തു. “ഇവള്‍ സെന്റിമെന്റല്‍ ആവുന്നു, ഇതു ശരിയാവില്ല, ഇനി ഇവളെ കാണാന്‍ വരരുത്" എന്ന് അവന്‍ ഉറപ്പിച്ചു. ബാത്ത്‌റൂമില്‍ കയറി കതകടച്ച് ഒന്ന് ഉറക്കെ കരയണം എന്ന് ജൂലി വിചാരിച്ചെങ്കിലും ചേച്ചി കതകില്‍ തട്ടിയതുകൊണ്ട് ഉടനെ പുറത്തിറങ്ങേണ്ടി വന്നു. ജൂലി വരാന്തയിലേയ്ക്കു പോയി. അവിടെ ഒരു സിഗരറ്റും വലിച്ചുകൊണ്ടിരുന്ന കൊമ്പന്‍മീ‍ശക്കാരന്‍ ജൂലിയെ ചൂണ്ടിക്കാണിച്ച് തലയാട്ടി. രാം തിരിഞ്ഞുനോക്കാതെ കതകു തുറന്ന് പുറത്തിറങ്ങി. ജൂലി കൊമ്പന്‍‌മീശക്കാരനു മുന്നേ മുറിയിലേയ്ക്കു നടന്നു. ബാബുവേട്ടന്‍ കതകടച്ച് വാതില്‍പ്പഴുതിലൂടെ പോലീസുകാര്‍ വരുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.

രാവിലെ ഉറക്കമെണീറ്റപ്പോള്‍ ജലജ പതിവുപോലെ ചോദിച്ചു.
“എന്തെങ്കിലും സ്വപ്നം കണ്ടോ?”

ജൂലി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു. “ഇരുട്ട്, ഇരുട്ടുമാത്രം”.

11/02/2007

ഞാന്‍

ഇന്നലെ രാത്രി (നവംബര്‍ 1, 2007) ദുബൈ കരാമയിലെ കാലിക്കട്ട് പാരഗണ്‍ എന്ന റെസ്റ്റാറന്റില്‍ ഞങ്ങള്‍ മൂന്നുപേര്‍ ആഹാരം കഴിക്കാന്‍ പോയി. ഇവിടെയുള്ള മലയാളി റെസ്റ്റാറന്റുകളില്‍ ഏറ്റവും രുചിയുള്ള ഒരു റെസ്റ്റാറന്റാണ് കാലിക്കട്ട് പാരഗണ്‍. അതുകൊണ്ടുതന്നെ അവധി ദിവസങ്ങളില്‍ ക്യൂ നിന്നേ കയറാന്‍ പറ്റൂ. അങ്ങനെ ഞങ്ങളും ക്രമത്തില്‍ വിളിക്കാന്‍ എന്റെ പേരുംകൊടുത്ത് വാതിലിനടുത്തു തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു. ഏകദേശം പത്തുമിനിട്ടോളം ആയിക്കാണണം.

കുറച്ചു പ്രായമുള്ള ഒരാള്‍ വന്ന് വാതില്‍ക്കല്‍ നില്‍ക്കുന്ന റെസ്റ്റാറന്റ് ജോലിക്കാരനോട് ജോര്‍ജ്ജ് നൈനാന്‍ കോശി എന്ന് പേരും കൊടുത്തിട്ട് എന്തോ ചോദിച്ചു. അയാള്‍ക്കുപിന്നില്‍ റെസ്റ്റാറന്റിലേയ്ക്കു നോക്കിക്കൊണ്ട് എന്റത്രയും പൊക്കമുള്ള ഒരു പയ്യന്‍. അയാളുടെ മകനാവണം. നല്ല പരിചയമുള്ള മുഖം, തലമുടി. സൂക്ഷിച്ചുനോക്കി. ഞാന്‍! ശരിക്കും എന്നെപ്പോലെ. ഒരു വ്യത്യാസവുമില്ല. ഞാന്‍ തന്നെ. അതേ മുഖം. അതേ നിറം, അതേ പുഞ്ചിരി, അതേ പൊക്കം - എല്ലാം അതുപോലെ. ഞെട്ടിത്തരിച്ച് ഞാന്‍ അവന്റെ മുഖത്തുനിന്നും മുഖം മാറ്റി. കുറച്ചുകഴിഞ്ഞ് ധൈര്യം വീണ്ടെടുത്ത് വീണ്ടും നോക്കി. പ്രശാന്തഭാവം. സ്വപ്നം കണ്ടുകൊണ്ട് നില്‍ക്കുന്നു. എന്നെ നോക്കുന്നതുപോലുമില്ല.

അവര്‍ പേരും കൊടുത്തിട്ട് പിന്നിലേയ്ക്കു പോയി. ഏതോ കസേര ഒഴിഞ്ഞപ്പോള്‍ ഞങ്ങളെ റെസ്റ്റാറന്റ് കാവല്‍ക്കാരന്‍ വിളിച്ച് അകത്തിരുത്തി. അവനെ പിന്നെ കണ്ടില്ല. എങ്കിലും എന്റെ മുഖത്ത് അത്തരം ഒരു ശാന്തഭാവമോ പ്രസാദമോ വന്നിട്ട് വര്‍ഷങ്ങളായി. അതോര്‍ത്തപ്പോള്‍ ഉറപ്പിച്ചു, അത് എന്തായാലും ഞാനല്ല, വെറുതേ തോന്നിയതാവാം എന്ന്.

-----
ഇത് കഥയല്ല. നടന്ന സംഭവമാണ്. ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടില്ല. - സിമി

Google