സിമിയുടെ ബ്ലോഗ്

10/19/2008

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്?

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്? സമയം ഇതാ, കാലത്തേ 5.17 ആയിരിക്കുന്നു. ഞാന്‍ ഇതുവരെ ഉറങ്ങിയിട്ടില്ല. ഇന്നലെവരെ നന്നായി ഉറങ്ങിക്കൊണ്ടിരുന്നതാണ്. സന്തോഷത്തോടെ ഇരുന്നതാണ്. ഇന്ന് രാവിലെ എനിക്കൊരു കസ്റ്റമറിന്റെ അടുത്ത് പോവേണ്ടതാണ്. 10 മണിക്ക്. ഓഫീസില്‍ പോവാന്‍ 28 കിലോമീറ്റര്‍ കാറോടിക്കണം. കസ്റ്റമറിന്റെ അടുത്തേയ്ക്ക് പിന്നെയും ഓടിക്കണം. വൈകിട്ട് 5 മണിവരെ ഓഫീസില്‍ ഇരുന്ന് വീണ്ടും തിരിച്ച് കാറോടിക്കണം. കാര്‍ എവിടെയെങ്കിലും ഇടിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷേ പുതിയ കാറാണ്, 8 മാസമേ ആയുള്ളൂ. ഞാന്‍ ഇതുവരെ ഈ കാര്‍ ഒരിടത്തും കൊണ്ടിടിച്ചില്ല. അങ്ങനെ ഒരു വിഷമമേ ഉള്ളൂ. ആരെങ്കിലും ആഭിചാരം ചെയ്യാതെ ഉറക്കം പോവില്ല. ആരാണ്?

ഞാന്‍ ബ്ലോഗില്‍ അധികം ആരെയും ദ്രോഹിച്ചിട്ടില്ല. ഒരു യുവ കവിയെ കുറെയൊക്കെ ദ്രോഹിച്ചിട്ടും കളിയാക്കിയിട്ടും ഉണ്ട്. അദ്ദേഹം അല്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല. രാജീവ് ചേലനാട്ടിനെയും മാരീചനെയും നമതിനെയും ഒക്കെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ദേഷ്യമുണ്ടാവാന്‍ വഴിയില്ല. പിന്നെ ആരാണ്. എന്തിനാണ്. പുസ്തകം ഇറക്കുന്നതിലുള്ള കണ്ണുകടിയാണോ? അതില്‍ വല്യ കാര്യമില്ല. ഞാന്‍ അഹങ്കാരിയും കൂട്ടുകൂടാത്തവനും ആയതാണോ? അഹങ്കാരം ഒട്ടൊക്കെ ഉണ്ട്, അത് സത്യമാണ്, പക്ഷേ എനിക്കു പുതിയ കൂട്ടുകാരെ പേടിയാണ്. സ്ഥിരം സംസാരിക്കുന്ന നാലോ അഞ്ചോ കൂട്ടുകാരുണ്ട്. പിന്നെ ബി.ടെക്കിനു കൂടെപ്പഠിച്ച കുറച്ച് കൂട്ടുകാരും ഉണ്ട്. അവരെ മാത്രമേ വിശ്വാസമുള്ളൂ. എന്റെ സ്വഭാവം കാരണമാണ്. ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. തോന്നുന്നതൊക്കെ വിളിച്ചു പറയും. അതിലും നല്ലത് അധികം കൂട്ടുകൂടാത്തതാണ്. ഏകാന്തത സാരമില്ല. ഞാന്‍ അതുമായി യൂസ്ഡ് ആയി. സ്വന്തം കൂട്ട് ആസ്വദിക്കാന്‍ പഠിച്ചു.

സ്ഥിരം കിടക്കുന്ന കട്ടിലില്‍ മൂന്നു വരികള്‍ക്കു മീതേ ഒരു പ്ലൈവുഡ് പലക വെച്ചിട്ടാണ്. അതില്‍ ഒരു വരി ഇളകി. ഇന്നലെ മെത്തവിരിച്ച് തറയില്‍ കിടന്നതാണ്. ഉറക്കം വന്നില്ല. കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ തനിയെ സ്ലീപ്പ് മോഡിലേക്ക് പോയും വീണ്ടും എഴുന്നേറ്റ് ബഹളമുണ്ടാക്കിയും ഇരുന്നു. ഞാന്‍ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു കഥ തുടക്കം മുതല്‍ അവസാനം വരെ സ്വപ്നം കണ്ടു - quite depressing one. 4 മണി ആ‍യപ്പോള്‍ സോഫയില്‍ വന്നു കിടന്നു. എന്നിട്ടും ഉറങ്ങിയില്ല. അകത്തെ മുറിയില്‍ ഒരു വലിയ കട്ടിലുണ്ട്. അവിടെയും കിടന്നുനോക്കി. അതല്ല - എനിക്കറിയാം.

ആരോ എന്റെ ഒരു നൂല്‍പ്പാവ ഉണ്ടാക്കിയിട്ട് അത് തിരിച്ചും മറിച്ചും കളിക്കുവാണ്. ഞാന്‍ ഉറങ്ങിത്തുടങ്ങുമ്പോള്‍ ഒന്നു കുടയും, തിരിച്ചിടും, മറിച്ചിടും, കാലില്‍ നിന്നും പുതപ്പുവലിക്കും. നീളമുള്ള കമ്പിളിപ്പുതപ്പാണ്. ഇന്നലെമാത്രമെന്താ നീളമെത്താത്തത്?

നോക്കിക്കോ, നിങ്ങള്‍ എവിടെയായാലും ഞാന്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കും. എനിക്ക് നിങ്ങളെ ദ്രോഹിക്കണമെന്നില്ല. പക്ഷേ പോലീസ് ഈ നൂല്‍പ്പാവ നിങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിക്കും. അതിനെ ഒരു കണ്ണാടിക്കൂട്ടില്‍ കിടത്തി തലവഴിയേ പുതപ്പിക്കും. അനക്കാന്‍ സമ്മതിക്കില്ല. ഞാന്‍ സുഖമായി ഉറങ്ങും.

ആരായാലും എന്നെ എന്തിനാണിങ്ങനെ ദ്രോഹിക്കുന്നത്? എനിക്ക് ഉറങ്ങണം.

22 comments:

മയൂര said...

ഒടിമന്ത്രവാദം ചെയ്താൽ ഇങ്ങിനെ ചെയ്യണം. :)

ആഷ | Asha said...

ആഹാ അപ്പോ അത് ഏറ്റു.
എന്തോരം പാടുപെട്ടാ ആ നൂല്‍പ്പാവയുണ്ടാക്കിതു തന്നെ. എന്തായാലും ഫലം കിട്ടിയല്ലോ ആശ്വാസമായി.

ബ്ലോഗിൽ ഷൈനിങ്ങ് കുറച്ചു കൂടണുണ്ടാരുന്നു ചെക്കന്. അങ്ങനെ കുശുമ്പ് കൊണ്ട് ചെയ്തതാ.

ഗുപ്തന്‍ said...

പെണ്ണുകെട്ടണ്ടാ...വേണ്ടാ എന്നു പറഞ്ഞാല്‍ കേള്‍ക്കില്ല ; ഇനി കെട്ടിക്കഴിഞ്ഞ് അവളെ വീട്ടില്‍ നിറുത്തീട്ട് ഗള്‍ഫില്‍ ഒറ്റക്ക് താമസിക്കരുത് എന്നുപറഞ്ഞാല്‍ അതും കേള്‍്ക്കില്ല..

അനുഭവീര്..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഞാന്‍ അങ്ങിനെ ഒന്നു ചെയ്യണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇനി അതിന്‍റെ ആവശ്യമില്ല, അല്ലേ?
"നന്ദി ഞാന്‍ ആരോട്‌ ചൊല്ലേണ്ടു.. സിമിയോടോ.. അതോ
വെളിച്ചം കാണാന്‍ പോകുന്ന കഥാപുസ്തകത്തോടോ.. "

vadavosky said...

ഞാനാണ്‌ അത്‌ ചെയ്തത്‌. കാരണം അറിയാമല്ലോ.
(കുടുംബപരമായി ദുര്‍മന്ത്രവാദികളാണ്‌. സൂക്ഷിച്ചോ).

ധ്വനി | Dhwani said...

''....അതിനെ ഒരു കണ്ണാടിക്കൂട്ടില്‍ കിടത്തി തലവഴിയേ പുതപ്പിക്കും. അനക്കാന്‍ സമ്മതിക്കില്ല. ഞാന്‍ സുഖമായി ഉറങ്ങും.''

'ചാണകം ചാണകം, എന്നാ ചെയ്തിട്ടായാലും ഇത്തിരിനാള്‍ മോര്‍ച്ചറിയില്‍ കിടക്കണം '! എന്നല്ലേ ഈ പറഞ്ഞതിന്റെ അര്‍ത്ഥം?

കണ്ടോ കണ്ടോ നിനയാത്ത കാര്യങ്ങള്‍ വരെ എഴുതിപ്പോയെ!

ആരു ചെയ്തതായാലും ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി!

ഒടിവിദ്യയ്ക്കു മറുവിദ്യയറിയാവുന്ന ആരേലുമൊക്കെ ബ്ളോഗില്‍ ഉണ്ടാവുമെന്നേ.... പോലീസില്‍ പോവണോ?

Jayasree Lakshmy Kumar said...

ഈശ്വരാ. ഒരു പുസ്തകപ്രകാശനം ഇങ്ങിനേം കുഴപ്പങ്ങളുണ്ടാക്കുമോ?!!

Unknown said...

പോലീസിനു് കൊടുക്കുന്ന കാശു് തന്നാല്‍ ആളെ ഞാന്‍ കണ്ടുപിടിച്ചു് തരാം. ഋഷിശ്രേഷ്ഠര്‍ വേദകാലത്തു് ജ്ഞാനയോഗത്താല്‍ സ്വായത്തമാക്കിയിരുന്ന ആറാം ഇന്ദ്രിയം വഴിയുള്ള ത്രികാലജ്ഞാനദൃഷ്ടിയാല്‍ എനിക്കെന്റെ ആത്മാവിനെ സ്വശരീരത്തില്‍ നിന്നും വേര്‍പെടുത്തി സൂക്ഷ്മശരീരത്താല്‍ മറ്റു് തലങ്ങളില്‍ വിഹരിച്ചു് മനുഷ്യനു് ദൃഷ്ടിഗോചരമല്ലാത്ത പ്രേതദോഷങ്ങള്‍, പ്രേമരോഗങ്ങള്‍, രോഗനിമിത്തങ്ങള്‍, ശത്രുദോഷങ്ങള്‍, ഒടിമന്ത്രവാദങ്ങള്‍ എല്ലാം കണ്ടെത്താന്‍ കഴിയും. ഇതുകൊണ്ടു് ഏറ്റില്ലെങ്കില്‍ മഷിനോട്ടത്തിലൂടെ എങ്കിലും കാര്യം സാധിച്ചുതരും. സംശയമുണ്ടെങ്കില്‍ മഹാന്മാരായ ആളുകള്‍ വിരലടയാളം പതിച്ചു് നല്‍കിയ എന്റെ ഒരുപാടു് സര്‍ട്ടിപിക്കോത്തുകള്‍ കാണുക! തൊണ്ണൂറു് ശതമാനം അഡ്വാന്‍സ്. ബാക്കി വെറും പത്തുശതമാനം കാര്യം സാധിച്ചാല്‍ മാത്രം!

ദേവന്‍ said...

ബന്ധു കൂടോത്രേയ: അനിയ കൂടോത്രേയ: അനിയ ഭാര്യ കൂടോത്രേയ:
കല്യാണമഹമസ്തു കൂടോത്രേയ:
കൂടോത്രേ കുക്കുടോത്രേ പ്രതിഗണം സ്തൂലേയ:
ചക്രപാണി തന്‍ വാക്യം
(കൂടോത്രമെന്നു കേട്ടാല്‍ മാള അരവിന്ദനെയാണ്‌ ഓര്‍മ്മ വരുന്നത്)

ദേവന്‍ said...

ബാബു മാഷും പോത്തിന്‍‌കാല്‍ അപ്പന്റെ ഉപാസകനാണോ?
ശ്രീമഹിഷപാദ പിതാമഹദാസ യമഹായ നമ:

ഉപാസന || Upasana said...

Mr. Krooman aavan vazhiyunte
pulli eeyideyaayi athoilokke bhayankara expert aaNe.
:-)

Unknown said...

ദേവന്‍,
കണ്ടറിവും കേട്ടറിവുമുള്ള സകലമാന പോത്തിന്‍ കാല്‍ അപ്പന്റേയും ചാത്തന്‍ ‍കൈ അമ്മയുടെയും പൊരിഞ്ഞ ആരാധകനാണു്‌ അടിയന്‍. അങ്ങനെയൊക്കെയാണു് ഒരുവിധം തടി കഴിച്ചിലാക്കി പോകുന്നതുതന്നെ. മന്ത്രോച്ചാരണത്തില്‍ അടിയന്റെ തൈവങ്ങളേയും വിളിച്ചതിനു് പെരുത്തു് ഉപകാരസ്മരണ! :)

ഞാങ്കളും ഒന്നു് പാര്‍ത്തിച്ചോട്ടെ:

ശ്രീമഹിഷപാദ കഠോരഘോര ചാത്തമാതൃഹസ്ത പിതാമഹദാസദാസി പട്ടമഹിഷി യമഹായ കാവസാക്കിസംഹാരിയായമായ മായയോടുമായ നമ:

കരീം മാഷ്‌ said...

ഹൌലു ഹൌലു ഹാദില്‍ഖൂ...
ബൌലു ബൌലു ബാദില്‍ബൂ...
യാ ശൈഖ് മാമുക്കോയ..!

എന്ന മന്തിരം (മന്ത്രം എന്നു പഠിച്ചു നാശായവര്‍ തെറ്റായി ഉച്ചരിക്കും) നൂറു വട്ടം ഉരുവിടുക.
പിന്നെ ആ പുസ്തകത്തിനു ഏറ്റവും കീഴെ എന്‍റെ പേരു വെക്കുക.
എന്നാല്‍ പോയ ഉറക്കം തിരിച്ചു കിട്ടും.

പാമരന്‍ said...

സത്യമായിട്ടും ഞാനല്ല! ഇച്ചിരി അസൂയ ഉണ്ടെന്നുള്ളതു നേരു തന്നെ. എന്തായാലും ഇതു ചെയ്തവനു ഞാനൊരു ഫുള്ളു മേടിച്ചു കൊടുക്കുന്നുണ്ട്‌..

ഓ.ടോ. മുഴുവന്‍ സ്വപ്നം കണ്ട ആ കഥയെവിടെ?

ബാജി ഓടംവേലി said...

തുടങ്ങീട്ടേയുള്ളൂ.......

വികടശിരോമണി said...

ബ്ലോഗുപരമ്പരദൈവങ്ങളേയും ഗൂഗുൾഭഗവതിയേയും യാഹൂമുത്തപ്പനേയും പ്രാർത്ഥിച്ച് കിടക്കെടോ...ഒരു മന്ത്രവാദവുമേൽക്കില്ല.

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

കോഴുമുട്ടയിൽ കൂടോത്രം എന്ന വിദ്യ ഫലിച്ചല്ലോ... ഇനി ഇപ്പം ആ ഡോ. സൂരജ് ഇതൊക്കെ തട്ടിപ്പാണെന്ന് പറഞ്ഞ് വരും

Santhosh said...

അയ്യട... മന്ത്രവാദം ഫലിച്ചപ്പോള്‍ സ്വന്തമാക്കാന്‍ വന്നിരിക്കുകയാണല്ലേ എല്ലാരും...

അപ്പോള്‍ 1 down, 87 to go :)

പാഞ്ചാലി said...
This comment has been removed by the author.
പാഞ്ചാലി said...

"ചിലന്തി"കള്‍ക്ക് പേറ്റുനോവ് വന്നാല്‍ അവ ഉറങ്ങാറില്ല!
അതുമല്ലെങ്കില്‍ മറുമന്ത്രം 1001 തവണ ചൊല്ലുക.
"മമ നിദ്രാംബുരങ്ങള്‍ വാഴ്ക
മമ ശത്രു നാശയ: നാശയ:"
ഫലം സുനിശ്ചയം!
:)

Unknown said...

അയ്യോ ഒരിക്കലും അങ്ങിനെ ആയിരുന്നില്ല എന്ടെ പ്രാത്ഥന... പുതിയ കാര്‍ വങ്ങാന്‍ 20 % വില മൂന്‍ കൂര്‍ കൊടുക്കാന്‍ വേണം എന്നു പറഞ്ഞപ്പോള്‍ ... ഇല്ലാ എന്നു പറഞ്ഞു ഒത്തിരി ഒഴിഞ്ഞു മാറാന്‍ ഞാന്‍ ശ്രമിച്ചതാണു ...പിന്നെ ഒരു പാട് മോഹനവഗ്ദാനങള്‍ നല്കി നീ എന്ടെ മനസ്സ് മാറ്റി 10,000. ദര്ഹ്മ്സ്.കൈക്കിലാക്കി...എന്നിട്ടോ തന്നോ നീ എതുവരെ...? എന്നെ ഒരിക്കലെങ്കിലും ആ വന്ടിയിലിരിക്കാന്‍ അനുവദിച്ചൊ..?
എന്ടെ ചങ്ങാതി നിനക്കു മുഴു ഭ്രാന്ദ്ന്ദ് വരാനാ ഞാന്‍ അതു ചെയ്തേ.. ഇല്ല ഞാന്‍ തളരില്ല..ഞാന്‍ തളരില്ല...

Google