കോഴിക്കോട് നഗരത്തില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. ഡാമിലേയ്ക്ക് പോകുന്ന വഴി കാടാണ്. ഇടതുവശത്തായി ആകാശം മറച്ചുനില്‍ക്കുന്ന വന്മരങ്ങളുടെ ഇടയില്‍ അല്പം അകത്തേയ്ക്കു ചെന്നാല്‍ ഒരു ചെറിയ കെട്ടിടം കാണാം. അതാണ് കക്കയം കാമ്പ്. ആളനക്കം കുറഞ്ഞ ഒരു പഴയ കെട്ടിടം. അത്രയേ ഉള്ളൂ.
തുരുമ്പുപിടിച്ച ഗേറ്റ് കടക്കുമ്പോള്‍ ചീഞ്ഞ ഇലകളുടെ പതുപതുപ്പും മണവുമുള്ള ഇടവഴി കെട്ടിടത്തിലേയ്ക്കു നീളുന്നു. വലിയ വളപ്പില്‍ ഉയര്‍നുനിന്ന മഹോഗണിമരങ്ങളുടെ പുറമ്പട്ടകളില്‍ മുറിവടയാളങ്ങളില്ല. പാതയില്‍ പൊട്ടിയ ചെരുപ്പുകളോ തുരുമ്പിച്ച വാക്കത്തികളോ കിടക്കുന്നില്ല. കെട്ടിടത്തിന്റെ വിളറിയ മഞ്ഞച്ചായമടിച്ച ചുമരില്‍ ചുമരില്‍ ചോര പുരണ്ടിട്ടില്ല. ചുറ്റും സൌന്ദര്യമാണ്. സ്റ്റേഷനു മുന്‍പിലെ പൂന്തോട്ടത്തില്‍ മനോഹരമായ റോസാപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു. അല്പം ദൂരെയായി ചക്രങ്ങളില്ലാതെ തുരുമ്പിച്ചുകിടക്കുന്ന പോലീസ് വാഹനത്തിന്റെ അസ്ഥികൂടത്തില്‍ പടര്‍ന്നുകയറിയ മുല്ലവള്ളികള്‍ പൂത്തുനില്‍ക്കുന്നു. മഞ്ഞ് മേഘം പോലെ കെട്ടിടത്തെ ചൂഴ്ന്നുനില്‍ക്കുന്നു. ഇന്‍സ്പെക്ടറുടെ മുറി പുറത്തുനിന്നും താഴിട്ട് പൂട്ടിയിരിക്കുന്നു. അതിനു മുന്‍പില്‍ ഒരു പീഠത്തില്‍ പാറാവുകാരന്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നു.
ക്രമമായ ശ്വാസോച്ഛ്വാസത്തില്‍ പാറാവുകാരന്റെ കൊമ്പന്മീശ വിറയ്ക്കുന്നുണ്ടായിരുന്നു. സുനില്‍ ചുമച്ചു. ഞങ്ങളെ നോക്കാന്‍ തുറന്ന പാറാവുകാരന്റെ കണ്ണുകള്‍ അകത്തേയ്ക്ക് കുഴിഞ്ഞ് പീളകെട്ടിയിരുന്നു. തുരുമ്പുപിടിച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ഏമാന്‍ സ്ഥലത്തില്ല. നാളെ വാ”.
“സര്‍, ഞങ്ങള്‍ പത്രത്തില്‍ നിന്നാണ്. ക്യാമ്പ് ഒന്നു ചുറ്റി കണ്ടോട്ടേ?”.
“നാളേ വരൂ, ഇന്ന് പറ്റില്ല”.
സുനില്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ നിന്നും വിത്സ് പാക്കറ്റ് പുറത്തെടുത്തു. പോലീസുകാരന് നേരേ നീട്ടിയ സിഗരറ്റ് അയാള്‍ വാങ്ങിയെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചതേയുള്ളൂ. സിഗരറ്റ് കത്തിക്കാന്‍ ലൈറ്ററില്ല. “സര്‍, തീപ്പട്ടി കാണുമോ?”
പോലീസുകാരന്‍ അലോസരത്തോടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. പാന്‍സിന്റെ മുന്‍പോക്കറ്റില്‍ നിന്നും മഞ്ഞ ലേബലൊട്ടിച്ച തീപ്പട്ടി പുറത്തെടുത്തു. അത് തുറന്ന് കത്തിക്കാനായി കൊള്ളിയെടുത്ത നിമിഷത്തില്‍ എല്ലുദ്രവിപ്പിക്കുന്ന നീണ്ട നിലവിളി കെട്ടിടത്തിനുള്ളില്‍ നിന്നുയര്‍ന്നു. അതിന്റെ ആവൃത്തിയില്‍ കെട്ടിടത്തിന്റെ ചുമരില്‍ തൂങ്ങിനിന്ന പഴയ കലണ്ടര്‍ വിറച്ചു. തുടങ്ങിയതുപോലെതന്നെ നിലവിളി പൊടുന്നനെ നിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പോലീസുകാരന്‍ സിഗരറ്റിനു തീ കൊളുത്തി, കത്തുന്ന കൊള്ളി സുനിലിന് നേര്‍ക്കുനീട്ടി. മരവിച്ചുനിന്ന സുനില്‍ ഞെട്ടിയതുപോലെ പെട്ടെന്ന് സിഗരറ്റ് കത്തിച്ചു. “അതാരുടെ ശബ്ദമാണ്?”. “ആ, ചത്തുപോയ ഏതോ ഒരു - നിങ്ങള്‍ പോണം”. സുനിലിന്റെ കണ്ണുകള്‍ ശൂന്യമായി. പോലീസുകാരന്‍ സിഗരറ്റ് ചുണ്ടുകൊണ്ട് കടിച്ചുപിടിച്ച് സാവധാനത്തില്‍ അകത്തേയ്ക്കു വലിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഒഴുകി തണുത്ത അന്തരീക്ഷത്തില്‍ കെട്ടിനിന്നു. “ആരാണ് സര്‍?”. “ആ, ഏതോ ഒരുത്തന്‍. അവനൊന്നും തന്തയുമില്ല, തള്ളയുമില്ല, പേരുമില്ല. പോണം മിസ്റ്റര്‍”.
ഗേറ്റു കടന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പാറാവുകാരന്‍ ചുമരില്‍ ചാഞ്ഞിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. മഞ്ഞും മരങ്ങളും കെട്ടിടവും ഉറങ്ങുന്നുണ്ടായിരുന്നു.
10/26/2008
കക്കയം
എഴുതിയത് simy nazareth സമയം Sunday, October 26, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
15 comments:
എഴുത്തിനൊരു പക്വത വന്നിട്ടുണ്ട് !!!
രാജന്റെയും ഈച്ചരവാര്യരുടേയുമൊക്കെ പേരുകൾ വഴിയിൽ കിടക്കുന്ന ആളില്ലാത്ത കത്തിപോലെ എടുത്ത് ചുഴറ്റേണ്ടിയിരുന്നില്ല എന്ന് തോന്നി ..
സനാതനന്‍ജിയുടെ കമന്‍റു് എന്നേയും അങ്ങനെത്തന്നെ ചിന്തിപ്പിച്ചു.
തന്തയും തള്ളയുമില്ലാത്ത, അറിയപ്പെടാതൊടുങ്ങിയ ഒരുപാട് കരച്ചിലുകളുടെ പ്രതിധ്വനി ഇപ്പോഴുമുണ്ടല്ലെ കക്കയം ക്യാമ്പിൽ?
സനല്‍, പാമരന്‍, തിരുത്തി.
ഒരു ഹൊറര്‍ സിനിമ പോലെ!
ഒന്നു കൂടെ വായിക്കൂ. അക്ഷരപ്പിശാചുക്കള്‍ കേറിക്കൂടിയിട്ടുണ്ട്. തീപ്പെട്ടി പോലും "തീപ്പട്ടി" ആയിരിക്കുന്നു.
ഈച്ചരവാര്യരുടെ കണ്ണുനീര്‍ കൊണ്ട് നമ്മുടെ കാഴ്ചകള്‍ മങ്ങിപ്പോകുന്നു വല്ലാതെ. രാജനെയല്ലാതെ കക്കയത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ മറ്റാരെ ഓര്‍മിക്കാന്‍.
പേടിപ്പിക്കുന്ന ഒരു നിശബ്ദത എന്നെ വന്നു മൂടുന്നു നന്നായിട്ടുണ്ട്
നന്നായി. പേരുകള്‍ എടുത്തു പറയാതെയിരിയ്ക്കുമ്പോള്‍ മൂര്‍ച്ചകൂടും
എഴുപതുകളിലൂടെ കടന്നുവന്നവരും പോലീസിന്റെ പിടിയില്‍പ്പെടാതെ പലയിടത്തും ഒളിച്ചവരുമായ ഞങ്ങള്‍ ചെയ്ത തെറ്റ് സത്യം അന്വേഷിച്ചു എന്നതുമാത്രമാണ്. എല്ലാം എല്ലാവരും മറന്നുപോയിരിയ്ക്കുന്നു.ഓര്‍മിയ്ക്കുന്നതിനു നന്ദി.പോലീസിനാല്‍ പിടിയ്ക്കപ്പെട്ടുപോയവര്‍ ഹതഭാഗ്യര്‍...ജീവിതംകൊണ്ട് നാടിനുവേണ്ടി പൊരുതിയവര്‍...
പേരെഴുതരുത്.അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.
കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍....ശുനകനോ.?
കൊള്ളാം സിമി...
എഴുത്തിന്റെ ശൈലി ഉഗ്രനായിട്ടുണ്ട്...!
പക്ഷേ,ഒരു സാഹിത്യ സ്ര്ഷ്ടി എന്ന നിലയിൽ എന്തോ ഒരു അപൂറ്ണത അനുഭവപ്പെടുന്നുണ്ട്..
എഴുത്ത് ഇഷ്ടപ്പെട്ടു :)
കരച്ചിലുകളുടെ പ്രതിധ്വനി :(
a different one!
simii...
അത്രക്കങ്ങട് ബോധിച്ചില്ല.
Post a Comment