സിമിയുടെ ബ്ലോഗ്

10/22/2008

മരണത്തിന്റെ വക്കില്‍ നിന്നും ഒരു യുവതി രക്ഷപെടുന്നു

കഴിഞ്ഞ ഈദ് അവധിയ്ക്ക് ഞങ്ങള്‍ രണ്ടുപേര്‍ ഒമാനില്‍ പോയി. മസ്കറ്റില്‍ താമസിക്കുന്ന കൂട്ടുകാരനുമൊത്ത് ഒമാനിലെ ഒരു വലിയ പ്രദേശമാകെ മൂന്നു ദിവസം ഞങ്ങള്‍ ഡ്രൈവ് ചെയ്തു. തിവി എന്ന കടലോര ഗ്രാമം, സൂര്‍ എന്ന പുരാതന തുറമുഖനഗരം, വലിയ കടലാമകള്‍ മുട്ടയിടാന്‍ വരുന്ന റാസ് അല്‍-ജിന്‍സ് എന്ന സംരക്ഷിത തീരം, വാദി അല്‍-കബീര്‍ എന്ന സുന്ദരമാ‍യ കാട്ടുറവ, വാദി ബനി-ഖാലിദ്, നിസ്വ എന്ന പഴയ നഗരവും കോട്ടയും, ഇതെല്ലാം ആസ്വദിച്ച് ഒടുവില്‍ ജബല്‍-ഷംസ് എന്ന മലയുടെ അടിവാരത്തിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 2900 മീറ്റര്‍ ഉയരമുള്ള ഈ മല ഒമാനിലെ ഏറ്റവും ഉയരം കൂടിയ ഭൂ‍പ്രദേശമാണ്. 4-വീല്‍ ഡ്രൈവ് വാഹനങ്ങളെ മാത്രമേ മുകളിലേയ്ക്ക് കടത്തിവിടുകയുള്ളൂ. അത്രയും ചരിവു കൂടിയ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. ഞങ്ങള്‍ മലമുടിയിലേയ്ക്ക് വണ്ടിയോടിച്ചു. മുകളില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തിട്ട് നടന്നുതുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടുകാരെക്കാള്‍ പിറകിലായി. മലയിടുക്കുകളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍, ചെങ്കല്‍ വീടുകള്‍, കാട്ടാടുകള്‍, ഇവയ്ക്കിടയിലൂടെ നടന്ന് ഒരു കൊക്കയുടെ അടുത്തെത്തി. ഒരു ചെറിയ കരച്ചില്‍ കേള്‍ക്കുന്നതുപോലെ.

ഞാന്‍ ശബ്ദം കേട്ട ദിക്കിലേയ്ക്ക് നടന്നു. ഒരു യുവതി കൊക്കയുടെ വക്കില്‍ നിന്ന് കരയുകയാണ്. ആത്മഹത്യ ചെയ്യാന്‍ വന്നതാവണം. ധൈര്യമില്ലാതെ ചാടാനും വയ്യ, തിരിയാനും വയ്യ എന്ന അവസ്ഥയിലാണ്. എനിക്കു വിചിത്രമായി തോന്നിയത് അല്പം വട്ടമുഖമുള്ള ഈ പെണ്‍കുട്ടി ഒരു കസവുസാരി ഉടുത്തിരിക്കുന്നു എന്നതാണ്. കയ്യിലും കാതിലും അലങ്കാരങ്ങള്‍ അണിഞ്ഞിട്ടുണ്ട്, സുന്ദരിയാണ് - ഈ പ്രവാസഭൂമിയില്‍, വരണ്ട ലോകത്തിന്റെ ഒരു കോണില്‍, ഓണം കേറാമൂലയില്‍ ഒരു മലയാളി യുവതി - ഈശ്വരാ, ആരെങ്കിലും ചതിച്ചിട്ടുപോയതാവണം. പല ക്രൂരകഥകളും എന്റെ മനസിലെത്തി. ഇവള്‍ ഈ കൊക്കയില്‍ നിന്ന് - നിമിഷങ്ങള്‍ മാത്രം അകലമുള്ള ദുരന്തം മനസില്‍ കണ്ട് ഞാന്‍ നടുങ്ങി.

“എന്താ ഈ കാണിക്കുന്നത്? അബദ്ധം കാണിക്കാതെ, തിരിച്ചുവരൂ”.
കരച്ചില്‍ കൂടിയതേ ഉള്ളൂ.

ഞാന്‍ കുറെ നേരം എന്തൊക്കെയോ പറഞ്ഞു. പെണ്‍കുട്ടികളെ പറഞ്ഞുമയക്കുന്നതിന് ഒരു മര്‍മ്മം ഉണ്ട്. അതെനിക്കറിയാം. എന്നിട്ടും അവള്‍ മനസു തുറക്കുന്നില്ല; ഞാന്‍ പറയുന്നതെല്ലാം നിശബ്ദം കേട്ടുകൊണ്ട് നില്‍ക്കുന്നതേയുള്ളൂ. കുറെ നേരത്തിനു ശേഷം ഇമ്പമുള്ള സ്വരത്തില്‍ ഇത്രമാത്രം ചോദിച്ചു. “നിങ്ങള്‍ ആരാണ്?”

“ഞാനോ? ഞാനാരുമല്ല - അല്ല, ഞാനൊരു കഥാകൃത്താണ്”.

ഇതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ക്ക് കഥകള്‍ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളിലെവിടെയോ പൊള്ളി. തോള്‍സഞ്ചിയില്‍ നിന്നും ഞാനെന്റെ പുസ്തകം പുറത്തെടുത്തു. “താഴെ വരൂ, ഞാനെഴുതിയ കഥകള്‍ വായിച്ചുതരാം”.

അവള്‍ മടിച്ചുനിന്നു. ഒടുവില്‍ നീട്ടിക്കൊടുത്ത വിരല്‍ത്തുമ്പുപിടിച്ച് താഴെയിറങ്ങി. മലഞ്ചരുവിലിരുന്ന് ഞാനവള്‍ക്കു കഥകള്‍ വായിച്ചുകൊടുത്തു.

സുഹൃത്തുക്കളേ, ഞാന്‍ പുസ്തകം ഇറക്കിയതുകൊണ്ടു മാത്രം രക്ഷപെട്ട ആ പെണ്‍കുട്ടി മറ്റാരുമല്ല, മലയാള സാഹിത്യമായിരുന്നു.

14 comments:

പാമരന്‍ said...

ഓ അതു ശെരി. അപ്പോ നിങ്ങളാണല്ലേ അവളെ രക്ഷിച്ചത്‌..

ഞാന്‍ ഒരു മാസം ബ്ളോഗിംഗിനു അവധി കൊടുത്തതില്‍ പ്രതിഷേധിച്ചാണ്‌ ആത്മഹത്യ ചെയ്യാനൊരുങ്ങിയതെന്ന കാര്യം അവള്‍ പറഞ്ഞോ?

ബാജി ഓടംവേലി said...

എന്തായാലും അവള്‍ രക്ഷപെട്ടല്ലോ ...
ആശ്വാസമായി..
നിങ്ങളെ ദൈവം അനുഗ്രഹിക്കും....

lakshmy said...

ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.

തേങ്ങാ പൊട്ടിച്ചതല്ല. ഒരു പടക്കം പൊട്ടിയ ഒച്ചയാ അത്:)

Arun Jose Francis said...

ഇവിടെങ്ങും ആത്മഹത്യ ചെയ്യാന്‍ സ്ഥലം ഇല്ലാത്തതു കൊണ്ടാണോ മലയാള സാഹിത്യം അങ്ങ് ദൂരെ ഒമാനില്‍ പോയി ചാവാന്‍ നോക്കിയത്? :-)

സുനീഷ് said...

അമ്പട കള്ളാ.... ഇപ്പോളവള്‍ ആത്മഹത്യയൊക്കെ വിട്ട് ഒരു കൊലപാതകത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിക്കാണും അല്ലേ? ;)
അവള്‍ ഒരു മാദകസുന്ദരിയാണോ? മലയാളഭാഷ തന്‍ മാദകഭംഗീ... എന്നു പാടിയാണോ ഇപ്പോള്‍ അവളെ പ്രേമിക്കുന്നത്?
ആശംസകള്‍ പുതിയ പുസ്തകത്തിനും സിമിക്കും അവള്‍ക്കും...

കുമാരന്‍ said...

kalakki maashe..
njaan aa marmmathe pati chodikkan thutanguvarunnu.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു കൊലപാതകത്തിനും ആത്മഹത്യക്കും ചാന്‍സ് ഉണ്ട് ( ചുമ്മാതാ ട്ടോ)

ഓ.ടോ: പാലക്കാട് എവിടെയാ ഇയാടെ പുസ്തകം കിട്ടാന്നു പറയോ?ഡിസംബറില്‍ നാട്ടിലുണ്ടാകും, വാങ്ങാനാ )

സുല്‍ |Sul said...

സിമി ബെര്‍ളിക്കു പഠിക്കുവാണോ അതൊ മോകന്‍ലാലിനൊ?

-സുല്‍

ജിവി/JiVi said...

ഓ, ആത്മഹത്യയില്‍നിന്നും രക്ഷിച്ചെടുത്തത് പീഡിപ്പിക്കാനായിരുന്നോ?

ഒരു വളിപ്പടിച്ചതാ!

ആശംസകള്‍

ആചാര്യന്‍... said...

ഞമ്മളോര്‍ത്ത് ഓളൊരു പ്രേതാരിക്കൂന്ന്..

ഒരു പ്രേത കതേം കൂടെയീ ഫൂ ലോഗത്തു തൂങ്ങുവല്ലോന്നോര്‍ത്തിരിക്ക്യാരുന്നു. ഓള് മല്യാള സാഹിത്യെന്തിനാപ്പാ ഇ ഒമാനിലോട്ട് പ്ലേന്‍ കേറീത്, അതുമിപ്പ മുടിഞ്ഞ കൂലി കൊട്ത്ത്..ബല്ല റിയാലിറ്റി ഷ്വാവിലും ജഡ്ജിയാകാനാ? കുട്ട്യേളു ഫയറു ചെയ്തു കാണും

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ഇനി അവള്‍ റെയില്‍ പാളത്തിലേക്കൊ കയറിന്‍ തുമ്പിലേക്കോ പോകാതെനോക്കേണ്ടതും നിങ്ങളുടെ കടമ ആയിരിക്കുന്നു.

(ഒ.ടോ. കോട്ടയം ടൌണില്‍ എവിടെ പുസ്തകം കിട്ടുമെന്നു പറയാമോ. എണ്റ്റെ ഒരു കോട്ടയം സുഹൃത്ത്‌ നാട്ടില്‍ പോയിട്ടുണ്ട്‌. പഹയനോടൊന്നുവാങ്ങിച്ചു കൊണ്ടുവരാന്‍ പറയാനാണ്‌. ബെസ്റ്റ്‌ വിഷസ്‌)

ഹരിത് said...

അപ്പോ അതാണു കാര്യം. മസ്കറ്റില്‍ പോയ ഇഫെക്റ്റില്‍ ഞാന്‍ കടലാമയെക്കുറിച്ചൊരു കഥയെഴുതി. അതവളു വായിച്ചു കാണും. അതാ അത്മഹത്യയ്ക്കിരുങ്ങിയത്!!!
ഥാങ്ക്യൂ സിമി.പ്രേരണക്കുറ്റത്തില്‍ നിന്നും രക്ഷപ്പെട്ടു.

arun said...

alpam munpe pusthakam erakiyirunnengil avala mala kayarumayirunnilla....pakshe sookshikkanam...padmanapan sarinte oru pusthakam eppolengum eranganjathu nannayi...ellengil aval ethengilum kayalil chadiya marikkumayirunnolloo....simiyudeyum...malayalikaludeyum bhagyam

Ifthikhar said...

എല്ലാം കഴിഞ്ഞോ? ഞാന്‍ അല്പം വൈകിപ്പോയി...

Google