സിമിയുടെ ബ്ലോഗ്

10/08/2008

രാഗ ബൈരാഗി

1908, ആഗസ്റ്റ് 10, ഹോട്ടല്‍ ഫെയര്‍ലാണ്‍, കല്‍ക്കട്ട. ഇവിടെ തണുപ്പാണ്. പുറംലോകം നനഞ്ഞുകിടക്കുന്നു. തെരുവുകളില്‍ ഇപ്പോള്‍ ചെളിനിറഞ്ഞുകാണണം. മണ്ണിന്റെ നനഞ്ഞ മണം ഹോട്ടലിനകത്തേയ്ക്കും കയറിവരുന്നുണ്ട്. ആകാശം ഇരുണ്ടുമൂടിയിരിക്കുന്നു. ചുമരില്‍ കത്തിച്ച പന്തങ്ങളുടെ മഞ്ഞ വെളിച്ചത്തില്‍ വിശാലമായ സ്വീകരണമുറിയിലെ ഭീമാകാരമായ തൂണുകളും അവയില്‍ തൂക്കിയിരിക്കുന്ന സുന്ദരിമാരെയും കാണാം. ലോബിയില്‍ നില്‍ക്കുന്ന മദ്ധ്യവയസ്കന്റെ മുഖം കര്‍ക്കശമാണ്. കൊമ്പന്‍ മീശയും കുഴിഞ്ഞ കുറുക്കന്‍ കണ്ണുകളുമുള്ള ആ മെലിഞ്ഞ മനുഷ്യന്‍ - ലഖന്‍ സിങ്ങ് - കൈകള്‍ പിണച്ച് കെട്ടിയിരിക്കുന്നു. ലഖന്‍ സിങ്ങിന്റെ തലയ്ക്കു മുകളില്‍ വായ തുറന്ന് കൂര്‍ത്ത കോമ്പല്ലുകള്‍ കാട്ടി മീശരോമങ്ങള്‍ തെറിച്ചുനില്‍ക്കുന്ന ഒരു വലിയ കടുവാത്തല സ്റ്റഫ് ചെയ്ത് തൂക്കിയിരിക്കുന്നു. അതേ കടുവയുടെ തോലാവണം ഹാളിന്റെ മദ്ധ്യത്തില്‍ വിരിച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും വരകള്‍ വീണ മങ്ങിയ കടുവത്തോലില്‍ ഞാന്‍ കാലമര്‍ത്തിനോക്കി. പതുപതുപ്പ്. ലഖന്‍ ചിരിച്ചു. അപ്പോള്‍ ഇറുക്കിയടച്ച ചുണ്ടിന്റെ നേര്‍‌രേഖ ചെറുതായി വശത്തേയ്ക്കു വളഞ്ഞു. അയാള്‍ പതുക്കെ തല മുന്‍പോട്ടു കുനിച്ചു. ലഖന്‍ സിങ്ങ് ബാറിലെ ഹെഡ് വെയ്റ്ററാണ്.

ബാറില്‍ വെളിച്ചം വിശേഷമാണ്. മദ്യം എടുത്തുതരുന്ന മേശയ്ക്കു പിന്നിലാണ് പന്തങ്ങള്‍ മുഴുവന്‍. മഹാഗണിയില്‍ തീര്‍ത്ത കൂറ്റന്‍ മേശ വെളിച്ചത്തില്‍ കുളിച്ചുകിടക്കുന്നു. ഞാന്‍ എന്റെ മേശപ്പുറത്ത് ശബ്ദാലേഖന യന്ത്രം കറക്കിവച്ചു. അതില്‍ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ എന്ന് ആലേഖനം ചെയ്ത, പട്ടിയുടെ പടമുള്ള റെക്കാഡ് എടുത്തുവച്ചു. മെഴുകു പുരട്ടിയ റെക്കോഡില്‍ സൂചി ശരിപ്പെടുത്തി. ഇന്ത്യയില്‍ ഗ്രാമഫോണ്‍ റെക്കോഡിങ്ങ് തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയുടെ തനതു ശബ്ദങ്ങളും വാദ്യങ്ങളും സംഗീതവും പാശ്ചാത്യലോകം ഇതുവരെ കേട്ടിട്ടില്ല. അവിടെ പാമ്പാട്ടി മകുടിയൂതുന്നില്ല, വെള്ളിച്ചിലങ്കകള്‍ കിലുങ്ങുന്നില്ല, സിതാര്‍ വായുവില്‍ പരന്നൊഴുകുന്നില്ല. ഞാന്‍ ജോലിചെയ്യുന്ന സ്ഥാ‍പനം - ഗ്രാമഫോണ്‍ കമ്പനി - ബ്രിട്ടനും മറ്റ് വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ തനതു ശബ്ദങ്ങളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ തേങ്ങയും പുതിനയിലയും കലര്‍ത്തിയ കോക്ക്ടെയ്ല്‍ ചോദിച്ചു. വലിയ തലപ്പാവുവച്ച ലഖന്‍ സിങ്ങ് പരിചയം പുതുക്കി. മധുശാലയ്ക്കു മുന്‍പിലെ വേദിയില്‍, ഒരു വശത്തായി തബലയും സിതാറും വാദകര്‍ നാദം ശരിപ്പെടുത്തുന്നു. സംഗീതം നീചസ്ഥായിയില്‍ തുടങ്ങി പതുക്കെ മുറുകിവരുന്നു, വീണ്ടും അയയുന്നു. ഗ്രാമഫോണ്‍ റെക്കോഡ് മെല്ലെ കറങ്ങി സംഗീതം ഒപ്പിയെടുത്തു.

ലഖന്‍ സിങ്ങ് നിശബ്ദമായി ഹിത്സയും ചോറും വിളമ്പി. മൂന്നാമതും മദ്യം നിറയ്ക്കുമ്പോള്‍ സംഗീതം പെട്ടെന്ന് ഉയര്‍ന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ എല്ലാ തലകളും ആകാംഷയോടെ ഇടതുവശത്തെ തിളങ്ങുന്ന പടുതയിട്ട് മറച്ചിരിക്കുന്ന വാതിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. മറ്റ് വാദ്യങ്ങള്‍ നിലച്ചു. തബലയിലെ കൊട്ട് മാത്രം മുറുകി മുറുകി ശബ്ദം ഉയര്‍ന്നുവരുന്നു. പെട്ടെന്ന് വാതില്‍ തുറന്ന് അഭൌമമായ ഒരു നദി ഒഴുകിവരുന്നതുപോലെ, മഴ പോലെ, പ്രകാശം പോലെ, വസന്തം പോലെ, പരാഗം പോലെ, മുറിയിലേയ്ക്ക് അവള്‍ തെന്നിവന്നു. അവളോടൊപ്പം വാദ്യഘോഷകരുടെയും നര്‍ത്തകരുടെയും ഒരു സംഘവും മുറിയില്‍ നിറഞ്ഞു. എന്തൊരു സൌന്ദര്യം! കണ്ണുകള്‍ - ആദ്യം നിങ്ങള്‍ ശ്രദ്ധിക്കുക പിടയ്ക്കുന്ന കണ്ണുകളാണ്. കൈകള്‍ വിടര്‍ത്തി മുഖം മറച്ച് ഇടയ്ക്ക് വിരലുകള്‍ മാറ്റുമ്പോള്‍ ഇന്ദ്രനീലം ജ്വലിക്കുന്ന കണ്ണുകള്‍. അവളുടെ തിളക്കം പിടിപ്പിച്ച പാവാട വായുവില്‍ ഉയര്‍ന്ന് വൃത്തത്തില്‍ കറങ്ങുന്നു. പാദങ്ങള്‍ ദ്രുതഗതിയില്‍ ചലിക്കുന്നു. ഇടയ്ക്ക് അവള്‍ എന്റെ നേര്‍ക്ക് ഒരു പ്രതിമപോലെ നില്‍ക്കുന്നു. വീണ്ടും നൃത്തം തുടരുന്നു. വാദ്യ സംഗീതം പരക്കുന്നു. കുയിലിലും മധുരമായ ശബ്ദത്തില്‍ അവള്‍ പാടുന്നു.

‘കൃഷ്ണാ നിന്റെ ചിരിയില്‍ മയങ്ങുവാന്‍
കൃഷ്ണാ നിന്റെ മാറില്‍ പടരുവാന്‍
രാധയെവിടെ?‘

രാഗ ബൈരാഗി. ഹിന്ദുസ്ഥാനി രാഗം. സംഗീതം ആഴങ്ങളില്‍ നിന്ന് ഒഴുകി, ചുമരുകളില്‍ നിന്നു കത്തി, തോര്‍ന്നുപെയ്തു, ഗ്രാമഫോണ്‍ റെക്കോഡിലേയ്ക്ക് വീണുകൊണ്ടിരുന്നു. പക്ഷേ കണ്ണുകള്‍! ഹാ, കണ്ണുകള്‍. അവ എന്റെ നേര്‍ക്കു തിളങ്ങി. ഞാന്‍ നശിച്ചവനാണ്. മധുപാത്രം ചരിഞ്ഞതെപ്പോഴാണ് - ഞാന്‍ ഒരുപാട് കുടിച്ചുകാണണം. എപ്പൊഴോ സംഗീതം നിലച്ചു. അവള്‍ നിശ്ചലയായി. വടിവൊത്ത സൌന്ദര്യം സദസ്സിനെ വണങ്ങിക്കൊണ്ട് മൊഴിഞ്ഞു. “നമസ്കാരം, ഞാന്‍ ഗൌഹര്‍ ജാന്‍”.

അരങ്ങൊഴിഞ്ഞു. കാണികളൊഴിഞ്ഞു. ഞാന്‍ സ്വനലേഖി യന്ത്രവും റെക്കോഡുകളും പെട്ടിക്കകത്താക്കി. മദ്യം എന്നെ നടത്തി. ഹോട്ടലിനു പുറത്ത് വിരിച്ചുകെട്ടിയിരിക്കുന്ന റ്റെന്റുകള്‍. അതിനു കാവല്‍ നില്‍ക്കുന്ന ആജാനബാഹു. “ഗൌഹര്‍ ജാന്‍ എവിടെ?” “ഹുസൂര്‍, നിങ്ങള്‍ ആരാണ്?” “എനിക്ക് ഗൌഹര്‍ ജാനിനെ കാണണം. എനിക്കവളെ അത്രയ്ക്കിഷ്ടപ്പെട്ടു”. അയാളുടെ മൌനത്തിനു നേര്‍ക്ക് ഞാന്‍ ഒരുരൂപാ നോട്ട് നിവര്‍ത്തിപ്പിടിച്ചു. അയാളെ കവച്ചു നടന്ന് ഏതൊക്കെയോ റ്റെന്റുകള്‍ക്കു മുന്നില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു. “ഗൌഹര്‍ ജാന്‍, എനിക്കു നിന്നെ അത്രയ്ക്കിഷ്ടപ്പെട്ടു”. ഒരിടത്ത് വിളക്കുകള്‍ തെളിഞ്ഞു. റ്റെന്റിന്റെ വിരിപ്പുകള്‍ മാറി. കിണറുകളുടെ ആഴമുള്ള ശബ്ദം പ്രതിവചിച്ചു. “ഞാന്‍ നിങ്ങളെ അറിയില്ലല്ലോ”. “കള്ളം. നീ എന്നെ സ്നേഹിക്കുന്നു. നാം പരസ്പരം സ്നേഹിക്കുന്നു”. ഉള്ളില്‍ നിന്നും ഇമ്പമുള്ള ചിരി. വിരിപ്പുകള്‍ക്കിടയില്‍ നിന്നും മൈലാഞ്ചിയെഴുതിയ കൈകള്‍ പുറത്തുവന്നു. സൌന്ദര്യധാമം പുറത്തുവന്നു. “ഹുസൂര്‍, സ്നേഹമോ? നമ്മള്‍ ആദ്യമായി കണ്ടത് ഇന്നാണല്ലോ”. അവള്‍ വീണ്ടും ചിരിച്ചു. “ഗൌഹര്‍, നീ എന്നെ സ്നേഹിക്കുന്നില്ലേ? ഇത്രയും ഗാഢമായി ഞാനാരെയും സ്നേഹിച്ചിട്ടില്ല. ഒരാളെയും സ്നേഹിച്ചിട്ടില്ല. സ്നേഹത്തെ ഞാന്‍ അറിഞ്ഞിട്ടില്ല”. അവള്‍ വീണ്ടും പുഞ്ചിരിച്ചു. എന്റെ മുഖത്തുനോക്കിക്കൊണ്ട് നദികളുടെ ശബ്ദത്തില്‍ കുലുങ്ങിച്ചിരിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ഗൌഹര്‍, നിന്നെ ഞാനൊന്നു തൊട്ടോട്ടെ? നിന്റെ കവിളില്‍, കണ്ണില്‍, ചുണ്ടില്‍‍, കഴുത്തില്‍ - ഹാ, ഞാനൊന്നു തൊട്ടോട്ടെ?”

എന്റെ നീണ്ടുവന്ന കൈത്തണ്ടയില്‍ കയറിപ്പിടിച്ച് അവള്‍ പറഞ്ഞു. “ഹുസൂര്‍, നിങ്ങള്‍ വല്ലാതെ മദ്യപിച്ചിരിക്കുന്നു. ഇതാണോ പ്രണയം? ആദ്യമായി കാണുന്ന ഗൌഹറിനോട് പ്രണയം. ഇല്ല ഹുസൂര്‍, ഞാനാരെയും പ്രേമിച്ചിട്ടില്ല”. എന്റെ മുഖം മങ്ങിയതു കണ്ട് അവള്‍ തുടര്‍ന്നു. “കാരണമെന്തെന്നോ? എന്റെ സംഗീതം കേള്‍ക്കൂ - രാഗ ബൈരാഗി. അതു നിറയെ സന്തോഷമാണ്. സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ് അത് തുളുമ്പുകയാണ്. പ്രണയം വിരഹമാണ്. വിരഹത്തിന്റെ ഗാനങ്ങള്‍ എനിക്കുവേണ്ടാ, ഈ ഗൌഹറിന് സന്തോഷത്തിന്റെ ഗാനങ്ങള്‍ മതി”. ഇതു പറയുമ്പോള്‍ അവള്‍ എന്റെ വിരല്‍ത്തുമ്പില്‍ മുറുകെപ്പിടിച്ചു. പ്രണയത്തിന്റെ ലഹരിയിലും എന്റെ ചെറുവിരല്‍ത്തുമ്പ് വേദനിച്ചു. “ഗൌഹര്‍, ഞാന്‍ നിന്നെ പ്രണയിക്കുന്നു, ഹാ, പ്രണയിക്കുന്നു”. “ഹുസൂര്‍, പ്രണയം മഴപോലെയാണ്, പെയ്തു തീരും. വിഷമിക്കരുത്. നിങ്ങളുടെ മുറിയിലേയ്ക്കു പോകൂ, സുഖമായി ഉറങ്ങൂ”. ഞാന്‍ നടന്നു. അവള്‍ പിന്നില്‍ നിന്നും പതുക്കെപ്പറഞ്ഞു. “ഹുസൂര്‍, നാളെയും വരില്ലേ?, ആരും കേള്‍ക്കാത്ത രാഗങ്ങളാണ് നാളെ, ആരും കാണാത്ത നൃത്തങ്ങളാണു നാളെ.”

കോണിപ്പടികള്‍ കയറി ഞാന്‍ എങ്ങനെ മുറിയിലെത്തി എന്നറിയില്ല. പുറത്ത് മഴ. ചെവിയില്‍ സംഗീതം. കണ്ണുകളില്‍ ഗൌഹര്‍. ഘടികാരം ഒറ്റമണിനാദം മുഴക്കുന്നു. ഗൌഹര്‍. തെറിച്ചുപോവുന്ന ചുവടുകള്‍. പറക്കുന്ന വസ്ത്രങ്ങള്‍, മണിനാഗശരീരം. ഗൌഹര്‍. ഘടികാരം രണ്ടുമണി മുഴക്കുന്നു. ലാസ്യമായി ഒഴുകുന്ന വിരല്‍ത്തുമ്പുകള്‍, മെലിഞ്ഞ വെണ്ണക്കല്‍ കൈകള്‍. വിയര്‍പ്പ് വേര്‍പെടാന്‍ മടിക്കുന്ന കഴുത്ത്, വിവരിക്കാന്‍ പറ്റാത്ത കണ്ണുകള്‍, നാലുമണി. സംഗീതം, ഹാ, ഒഴുകിപ്പരക്കുന്ന സംഗീതം. തലയ്ക്കുള്ളില്‍ സംഗീതം മുഴങ്ങുന്നു. ഇല്ല ഗൌഹര്‍, ഞാന്‍ ഉറങ്ങില്ല.

1908, ആഗസ്റ്റ് 11: ഗൌഹര്‍ ജാന്‍ ഒരു സ്വപ്നമായിരുന്നോ? വിരല്‍ത്തുമ്പ് നീലിച്ചുകിടക്കുന്നു. എനിക്ക് പനിക്കുന്നു. ഹോട്ടലിലെ പരിചാരകര്‍ എന്നെ കമ്പിളികൊണ്ടു പുതപ്പിച്ചു. എപ്പൊഴോ അവര്‍ കൊണ്ടുവന്ന പ്രാതല്‍ കാത്തിരുന്നു തണുത്തുപോയി. രാത്രിയാവാന്‍ ഇനി പത്തുമണിക്കൂര്‍.

ഉച്ച കഴിഞ്ഞു. ഏതോ ചവര്‍പ്പുള്ള മരുന്നു കഴിച്ചു. പനി കൂടുന്നതേയുള്ളൂ. കിടുങ്ങുന്നു. കമ്പിളിപ്പുതപ്പിന് അകത്തും തണുപ്പ്. ഞാന്‍ എന്റെ വസ്ത്രസഞ്ചിയുടെ രഹസ്യ അറ തുറന്ന് പണമെടുത്തു. മൂടിപ്പുതച്ച് മുറിക്കു പുറത്തിറങ്ങി. കോണിപ്പടികള്‍ പിടിച്ചുപിടിച്ച് ഇറങ്ങേണ്ടിവന്നു. ലഖന്‍ സിങ്ങ് വാതില്‍ക്കല്‍ നില്‍ക്കുന്നു. “സര്‍ക്കാര്‍, എവിടേയ്ക്കാണു പോവുന്നത്? പുറത്ത് ഇപ്പോഴും മഴയാണ്. ഈ പനിയും കൊണ്ട് പുറത്തിറങ്ങിയാല്‍ താങ്കള്‍ ചത്തുപോവും”. പാവം ലഖന്‍ സിങ്ങ്. എന്റെ മനസ്സില്‍ എന്തെന്ന് അയാള്‍ക്കറിയില്ല. “എനിക്കു പോണമല്ലോ”. “സര്‍ക്കാര്‍ നില്‍ക്കൂ, ഒരു നിമിഷം.” - അയാള്‍ മഴയിലേയ്ക്ക് ഓടിപ്പോയി. നനഞ്ഞ തലപ്പാവും ചൂടി ഒരു ജഢ്കയില്‍ കയറിവന്നു. “ക്ഷമിക്കണം സര്‍ക്കാര്‍, ഇതേ കിട്ടിയുള്ളൂ”. ഞാന്‍ ചിരിച്ച് ലഖന്‍ സിങ്ങിനെ താണുവണങ്ങി. അയാള്‍ നാണിച്ച് ചിരിച്ചു, തിരികെ വണങ്ങി. ജഢ്ക വലിക്കുന്നത് പ്രായമായ ഒരു മനുഷ്യനാണ്. ജഢ്ക വലിക്കുന്ന എല്ലാവരെയും പോലെ മെലിഞ്ഞ കാലുകളും എല്ലുന്തിയ നെഞ്ചിന്‍ കൂടും വളഞ്ഞ മുതുകുമുള്ള മനുഷ്യന്‍. “ഹുസൂര്‍, എങ്ങോട്ടാണ് പോവേണ്ടത്?” “കാളി ബസാര്‍, വണ്ടി വലിക്കൂ, ഞാന്‍ പറയാം“. ജഢ്കയുടെ മേല്‍ക്കൂര ടാര്‍പ്പാളിന്‍ വലിച്ചുകെട്ടിയതാണ്. മഴ അതിന്റെ വിള്ളലുകളിലൂടെ ഊര്‍ന്ന് അകത്തെത്തി. മഴവെള്ളം ധാരയായി തലമുടിയില്‍ വീണപ്പോള്‍ ഐസ് പോലെ തണുത്ത് ഞാന്‍ വിറച്ചു. പുതച്ചിരുന്ന കമ്പിളിയൂരി തലതുവര്‍ത്തി. കമ്പിളിയും തണുക്കുന്നു. “നശിച്ച മഴ അല്ലേ സര്‍ക്കാര്‍” . അയാള്‍ തലയില്‍ ഒരു പാള വെച്ചു കെട്ടിയിട്ടുണ്ട്. ഷര്‍ട്ടിടാത്ത മുതുകത്ത് മഴത്തുള്ളികള്‍ ചിത്രം വരയ്ക്കുന്നു. കല്‍ക്കത്തയിലെ ചെളിയിലൂടെ അയാള്‍ വേഗത്തിലോടി. വഴിക്കു കുറുക്കുചാടിയ പശുക്കളെയും കഴുതകളെയും മനുഷ്യരെയും അയാള്‍ നാക്കുവളച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ആട്ടിയകറ്റി. എല്ലുമാത്രമായ ഈ മനുഷ്യനെക്കണ്ടാല്‍ ഒരിക്കലും ഇത്ര വേഗത്തില്‍ വണ്ടിവലിക്കും എന്നു പറയില്ല.

പാതയുടെ ഇരുവശങ്ങളിലും കല്‍ക്കട്ട നനഞ്ഞുനിന്നു. പുകയില വില്‍ക്കുന്ന കടകളും വെടിക്കോപ്പുകള്‍ വില്‍ക്കുന്ന കടകളും സുഗന്ധദ്രവ്യ ശാലകളും മൂടിക്കിടന്നു. തെരുവുകള്‍ മഴയില്‍ കുതിര്‍ന്നു. വഴിവക്കില്‍ നിരത്തിവച്ചിരുന്ന തക്കാളിയും പഴവര്‍ഗ്ഗങ്ങളും മഴയില്‍ നനഞ്ഞുകിടന്നു. കൂട്ടിയിട്ടിരുന്ന നദീമത്സ്യങ്ങളില്‍ ചിലത് പിടച്ചുപിടച്ച് ചെളിവെള്ളത്തിലേയ്ക്കു ചാടിപ്പോയി. വില്‍പ്പനക്കാര്‍ വിഷാദത്തോടെ ജഢ്കയിലേയ്ക്കു നോക്കി. കാളി ബസാറില്‍ ഞങ്ങള്‍ വലതുവശത്തായി ഒരു ചെറിയ ഇടവഴിയിലേയ്ക്കു തിരിഞ്ഞു. ഞാന്‍ പറഞ്ഞുകൊടുത്തത് അനുസരിച്ച് അയാള്‍ വണ്ടി പലവഴികളിലും തിരിച്ചു. ഒടുവില്‍ ഒരു ചെറിയ ഒറ്റമുറിക്കടയുടെ മുന്‍പിലെത്തി. അതിനകത്തിരുന്ന വൃദ്ധ എന്നെനോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അവരുടെ കാതില്‍ നിന്നും വലിയ കടുക്കനുകള്‍ തുങ്ങിക്കിടന്നു. വിധവയുടെ വെളുത്ത വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. വണ്ടിവലിച്ചയാള്‍ക്ക് നാലണ കൊടുത്ത് ഞാനയാളെ പറഞ്ഞുവിട്ടു. വൃദ്ധയുടെ കടയ്ക്കകത്ത് ചില്ലലമാരകളില്‍ല്‍ പലതരം മോതിരങ്ങള്‍ നിരത്തിവെച്ചിരുന്നു. രത്നമോതിരങ്ങളാ‍ണ് അവയെന്ന് ഒറ്റനോട്ടത്തില്‍ പറയില്ല. അവരെന്നെ ഒരു പഴകിയ പീഠത്തില്‍ ഇരുത്തി. “എന്റെ മോതിരം വിരലില്‍ ഇറുകിപ്പോയി. നിങ്ങള്‍ ഇതൊന്ന് ഊരി പകരം ഒരു നല്ല മോതിരം തരണം”. വൃദ്ധ വീണ്ടും മോണകാട്ടി ചിരിച്ചു.

“ഇതത്ര ഇറുകിയിട്ടില്ലല്ലോ ഹുസൂര്‍, വേണമെങ്കില്‍ വലുതാക്കിത്തരാം.” ആവശ്യക്കാര്‍ക്ക് എന്താണു വേണ്ടതെന്ന് വൃദ്ധയ്ക്ക് പെട്ടെന്നു മനസിലാവും. “ഇല്ല, ഇതു പഴയതായി. എനിക്ക് ഇതിനു പകരം വേറൊരു മോതിരം തരൂ”. “നോക്കട്ടെ”. വൃദ്ധ ഒരു പഴയ പഞ്ഞിക്കഷണം രാസലായനിയില്‍ കുതിര്‍ത്ത് വിരലില്‍ തടവി. ഒരു കൈകൊണ്ട് തൊലിയില്‍ അമര്‍ത്തിപ്പിടിച്ച് വിദഗ്ധമായി മോതിരം വലിച്ചൂരി. മഴനൂലില്‍ ഒലിച്ചുവന്ന സൂര്യകിരണങ്ങള്‍ തട്ടി അതിലെ നീലക്കല്ല് തിലങ്ങി. അവര്‍ മോതിരം തിരിച്ചും മറിച്ചും നോക്കി. “ആഹാ, ഇതാരുടെ പേരാ ഇതില്‍ കൊത്തിവെച്ചിരിക്കുന്നത്? വിവാഹമോതിരമാണല്ലേ.” ഞാന്‍ ഒന്നും മിണ്ടാതെ ചില്ലലമാരയിലിരുന്ന ഒരു മോതിരത്തിലെയ്ക്ക് ചൂണ്ടിക്കാട്ടി. ചുവന്ന രത്നം പതിച്ച ഒരു മോതിരം. ഞാന്‍ ഊരിക്കൊടുത്തതിനോളം മാറ്റ് വരില്ല, പക്ഷേ സുന്ദരം. “എനിക്ക് ആ മോതിരം തരൂ. അതിന്റെ ലോഹത്തില്‍ ഗൌഹര്‍ എന്ന് കൊത്തിത്തരൂ”. “അതിനു വിലക്കുടുതലാണ് ഹുസൂര്‍. നിങ്ങള്‍ തരുന്നത് പഴയ മോതിരമാണ്. പണവും തരേണ്ടിവരും” - വൃദ്ധ ചില‍മ്പിച്ച ശബ്ദത്തില്‍ പറഞ്ഞു. “എന്റെ മോതിരത്തിന് അധികം പഴക്കമില്ല, മൂന്നു വര്‍ഷം പോലും പഴക്കമില്ല”. “ഹുസൂര്‍, എനിക്കു പ്രായമായി, അധികം തര്‍ക്കിക്കാന്‍ വയ്യ. അന്‍പതു രൂപാ അധികം തരേണ്ടിവരും”. “അന്‍പതോ? അത് വളരെ കൂടുതലാണ്”. അവര്‍ മുറുക്കിക്കൊണ്ടിരുന്ന വെറ്റില നീലച്ചായം പുരട്ടിയ കോളാമ്പിയിലേയ്ക്കു തുപ്പി. ചുണ്ടില്‍ നിന്നും ചുവപ്പു നിറം പുറംകൈകൊണ്ടു തുടച്ച് പരിഹാസവും വിഷാദവും കലര്‍ന്ന ഒരു ചിരി ചിരിച്ചു. തെല്ലുനേരം മിണ്ടാതെയിരുന്നിട്ട് അവര്‍ പറഞ്ഞു. “പ്രണയത്തിനു വിലപേശുന്നോ?”.

തിരിച്ച് ജഢ്കയിലിരുന്നു കിടുങ്ങുന്നവഴി കയ്യില്‍ ബാക്കിയുള്ള കാശ് കഷ്ടിയാണെന്നു കണക്കുകൂട്ടി. ഏറിയാല്‍ ഒരാഴ്ച്ചകൂടി ഹോട്ടലില്‍ തങ്ങാനാവും. തിരിച്ചുപോണം. ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് മോതിരം ഞെരിച്ചു. ഹോട്ടലിന്റെ വാതില്‍ക്കല്‍ തന്നെ ലഖന്‍ സിങ്ങ് നില്‍ക്കുന്നുണ്ടാ‍യിരുന്നു.

മഴതോര്‍ന്നു. നേരം ഇരുണ്ടു. ഞാന്‍ നേരത്തേ തന്നെ ബാറിലേയ്ക്കു നടന്നു. വേദിക്കു മുന്നിലെ ഒരു കസാരയില്‍ ഇരിപ്പുറപ്പിച്ചു. കുരുമുളകും ഇഞ്ചിയും ഇട്ട് തണുപ്പില്ലാതെ ബ്രാന്‍ഡി കഴിച്ചു. തബല വായിക്കുന്നവരുടെ സംഗീതം മുറുകുന്നില്ല - മഴ നനഞ്ഞ സംഗീതം പോലെ. മേശകള്‍ക്കു ചുറ്റും കാണികള്‍ നിറഞ്ഞു.

സമയം ഇഴയുന്നു. മറ്റു മേശകള്‍ക്കു ചുറ്റും ഇരിക്കുന്നവരും അക്ഷമരാവുന്നു. എല്ലാവരും ഗൌഹറിനെ കാത്തിരിക്കുകയാണ്. പക്ഷേ അവള്‍ വരുന്നത് എനിക്കുവേണ്ടി മാത്രമാണ്. മൂന്നാമത്തെ ഗ്ലാസ് മദ്യം പതിയെ കുടിച്ചു. കുറെ പേര്‍ എഴുന്നേറ്റു പോയി.

എത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കുന്നില്ല. നേരം എത്രയായെന്ന് ഒരൂഹവുമില്ല. പന്തങ്ങള്‍ മുനിഞ്ഞുകത്തുന്നു. അവസാനത്തെ കാഴ്ച്ചക്കാരനും എഴുന്നേറ്റു. ഗൌഹര്‍ വന്നില്ല. ഞാന്‍ ഒറ്റയ്ക്കായി.

ലഖന്‍ സിങ്ങ് വന്നു. “ഹുസൂര്‍, അവളെ കാണുന്നില്ല. അവള്‍ വിട്ടുപോയി”.

ഞാന്‍ ഒന്നും പറഞ്ഞില്ല.

“ഹുസൂര്‍, ആട്ടക്കാരികള്‍ അങ്ങനെയാണ്. വിശ്വസിക്കാന്‍ പറ്റാത്ത വര്‍ഗ്ഗം. വാക്കിനു വിലയില്ലാത്തവര്‍. വരൂ, ഞാന്‍ താങ്കളെ മുറിയിലേയ്ക്ക് നടത്തിക്കാം”.

എന്തു പറയാനാണ്. പ്രണയം വേദനയാണ്. വേദനയില്‍ അവള്‍ക്കു പാടാനാവില്ല. ഞാനവളെ പ്രണയിക്കുന്നതുപോലെ - അതിലും ആഴത്തില്‍ - ഗൌഹര്‍ എന്നെ സ്നേഹിക്കുന്നു. അവള്‍ വരില്ല. പാവം ലഖന്‍ സിങ്ങ്. അയാള്‍ക്കെന്തറിയാം. ഞാന്‍ നീലിച്ച വിരലുകള്‍ കൊണ്ട് മോതിരം തിരുമ്മി. എനിക്കവളെ കാണണം. ഞാന്‍ കസേരയില്‍ ഇടതുകൈകുത്തി എഴുന്നേറ്റു. അവള്‍ വേദനിക്കുന്നുണ്ടാവും. “ലഖന്‍, നിങ്ങള്‍ എന്റെ കൂടെ വരുന്നോ? നമുക്ക് അവളെ കണ്ടുപിടിക്കാം”.

മെലിഞ്ഞതെങ്കിലും ശക്തമായ കൈകള്‍ കൊണ്ട് തോളില്‍പ്പിടിച്ച് ലഖന്‍സിങ്ങ് എന്നെ കസാരയില്‍ ഇരുത്തി. കുപ്പി തുറന്ന് ബ്രാന്‍ഡി ഒഴിച്ചുതന്നു. ഹുസൂര്‍, കുടിക്കൂ. അവള്‍ പോട്ടെ. ഷബാബ് ഓര്‍ ഷരാബ് തോ ഏക് ഹീ ജൈസേ ഹേ (കാമുകിയും മദ്യവും ഒരേപോലെയാണ്). പോയവര്‍ പോകട്ടെ, കുപ്പി ഒഴിഞ്ഞിട്ടില്ല. നിങ്ങള്‍ കുടിക്കൂ.

ഞാന്‍ കസാരയുടെ പിന്നിലേയ്ക്കു ചാഞ്ഞു.

-----

കല്‍ക്കത്തയുടെ ‘ഡാന്‍സിങ്ങ് ഗേള്‍’ എന്ന് അറിയപ്പെട്ട ഗൌഹര്‍ ജാന്റെ സ്വനലേഖി ഇന്ത്യയിലെ ആദ്യ ഗ്രാമഫോണ്‍ റെക്കോഡിങ്ങുകളില്‍ ഒന്നാണ്. ഈ കഥ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നില്ല.

*ആ പാട്ട് റെക്കോഡിങ്ങ് ഇവിടെ കേള്‍ക്കാം.

11 comments:

sree said...

:(

Sanal Kumar Sasidharan said...

“ആഹാ, ഇതാരുടെ പേരാ ഇതില്‍ കൊത്തിവെച്ചിരിക്കുന്നത്? വിവാഹമോതിരമാണല്ലേ.” ഞാന്‍ ഒന്നും മിണ്ടാതെ ചില്ലലമാരയിലിരുന്ന ഒരു മോതിരത്തിലെയ്ക്ക് ചൂണ്ടിക്കാട്ടി. ചുവന്ന രത്നം പതിച്ച ഒരു മോതിരം. ഞാന്‍ ഊരിക്കൊടുത്തതിനോളം മാറ്റ് വരില്ല, പക്ഷേ സുന്ദരം. “എനിക്ക് ആ മോതിരം തരൂ. അതിന്റെ ലോഹത്തില്‍ ഗൌഹര്‍ എന്ന് കൊത്തിത്തരൂ”. “അതിനു വിലക്കുടുതലാണ് ഹുസൂര്‍. നിങ്ങള്‍ തരുന്നത് പഴയ മോതിരമാണ്. പണവും തരേണ്ടിവരും” - വൃദ്ധ ചില‍മ്പിച്ച ശബ്ദത്തില്‍ പറഞ്ഞു. “എന്റെ മോതിരത്തിന് അധികം പഴക്കമില്ല, മൂന്നു വര്‍ഷം പോലും പഴക്കമില്ല”. “ഹുസൂര്‍, എനിക്കു പ്രായമായി, അധികം തര്‍ക്കിക്കാന്‍ വയ്യ. അന്‍പതു രൂപാ അധികം തരേണ്ടിവരും”. “അന്‍പതോ? അത് വളരെ കൂടുതലാണ്”. അവര്‍ മുറുക്കിക്കൊണ്ടിരുന്ന വെറ്റില നീലച്ചായം പുരട്ടിയ കോളാമ്പിയിലേയ്ക്കു തുപ്പി. ചുണ്ടില്‍ നിന്നും ചുവപ്പു നിറം പുറംകൈകൊണ്ടു തുടച്ച് പരിഹാസവും വിഷാദവും കലര്‍ന്ന ഒരു ചിരി ചിരിച്ചു. തെല്ലുനേരം മിണ്ടാതെയിരുന്നിട്ട് അവര്‍ പറഞ്ഞു. “പ്രണയത്തിനു വിലപേശുന്നോ?”.

മനോഹരമായി കൊത്തിയെടുത്ത ശിൽ‌പ്പം

ഞാനിത് മുഴുവൻ പരതി..ആരുടെ കഥയുടെ അല്ലെങ്കിൽ ചരിത്രത്തിന്റെ തർജ്ജമയാണെന്ന് കണ്ട് പിടിക്കാൻ :)

Jayasree Lakshmy Kumar said...

“ഹുസൂര്‍, പ്രണയം മഴപോലെയാണ്, പെയ്തു തീരും.
അണിഞ്ഞു പഴകിയിറുകിയിട്ട് ഉപേക്ഷിക്കപ്പെടുന്ന മോതിരം പോലെ

രാഗബൈരാഗി മനോഹരം

സുനീഷ് said...

സിമീ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.

ദിലീപ് വിശ്വനാഥ് said...

ഞാന്‍ വായിച്ച സിമിയുടെ കഥകളില്‍ ഏറ്റവും നല്ലത്.

നവരുചിയന്‍ said...

മനോഹരം ................

Anonymous said...

പ്രണയത്തിന്റെ ഭ്രാന്തും സൌന്ദര്യവും മോഹനീയതയും ലഹരിയും വേദനയും ഒക്കെ... ഒരുപാട് എഴുതപ്പെട്ടതാണെങ്കിലും ഇനിയും ഒരുപാട് എഴുതപ്പെടാനുള്ള പ്രമേയം. പ്രമേയത്തിലെ സാധാരണതയെ സനല്‍ എടുത്തെഴുതിയതുപോലെയുള്ള ഭാഗങ്ങള്‍കൊണ്ട് കുറെയൊക്കെ മറികടന്നിട്ടുണ്ട്. നന്നായി സിമി.

ലേഖാവിജയ് said...

പണ്ടെന്നോ വായിക്കാന്‍ വന്ന് പാതിയില്‍ നിര്‍ത്തി , ഒന്നും മനസ്സിലാകുന്നില്ലല്ലൊ എന്നു സങ്കടപ്പെട്ട് തിരികെപ്പോയിട്ടുണ്ട്.ഇപ്പോള്‍ എത്ര വായിച്ചിട്ടും മതിയാവുന്നില്ല ഈ കഥ.മേരാ പ്രണാം ഹുസൂര്‍!

smitha adharsh said...

മനോഹരമായ കഥ..."രാഗ ബൈരാഗി" പോലെത്തന്നെ.

പാമരന്‍ said...

എനിക്കു വയ്യ!

നിങ്ങള്‍ക്കു ദന്ദ്വവ്യക്തിത്വമാണോ എന്നാണെനിക്കു ഭയം. ചില കഥകള്‍ അല്‍ഭുതപ്പെടുത്തുമ്പോള്‍ ചിലത്‌ നിരാശപ്പെടുത്തുന്നു.. എന്താണിങ്ങനെ?

Mahi said...

ഇതിനു കമന്റിടാതിരിക്കുന്നതെങ്ങിനെ ഇത്രയും തീവ്രമായി ഞാന്‍ പ്രണയത്തിലൂടെ പോയിട്ടില്ല സിമി.അനശ്വരമായ ഭാവന കൊണ്ടാണ്‌ താങ്കള്‍ ഇതെഴുതിയത്‌.great

Google