സിമിയുടെ ബ്ലോഗ്

10/18/2008

100-ആം പോസ്റ്റ് - ശില്പി

കൊല്ലം ജവഹര്‍ ബാലഭവനും പബ്ലിക് ലൈബ്രറിയും വീട്ടിന് അടുത്താണ്. അഞ്ഞൂറു മീറ്റര്‍ നടന്ന് കര്‍ബല ജങ്ങ്ഷന്‍ കഴിഞ്ഞ് റെയില്‍‌വേ നടപ്പാലം കടന്നാല്‍ ബാലഭവന്‍ എത്തും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ അവിടെ കുറച്ചുനാള്‍ വരപ്പും പിന്നീട് രണ്ടു വര്‍ഷത്തോളം ക്ലേ മോഡലിങ്ങും പഠിക്കാന്‍ പോയിരുന്നു.

തിരക്കുപിടിച്ച സ്ഥലത്താണെങ്കിലും ബാലഭവന്‍ വളരെ ശാന്തമാണ്. ഓടിട്ട കെട്ടിടം. അതിന്റെ വശത്തായി ബേക്കര്‍ മാതൃകയില്‍ നിര്‍മ്മിച്ച ഒരു വലിയ ആഡിറ്റോറിയം ഉണ്ട്. കെട്ടിടത്തിനു മുന്‍പില്‍ ഒരു പഴയ റ്റൂ-സീറ്റര്‍ പ്ലെയിന്‍. (അതിലൊക്കെ കയറിയിരുന്ന് സീറ്റിനു മുകളിലെ കണ്ണാടിക്കൂടു വലിച്ചിട്ട് വിമാനം പറപ്പിക്കുന്നതുപോലെ അഭിനയിക്കാം). ബാലഭവനില്‍ ശാസ്ത്രീയസംഗീതം, ഗിറ്റാര്‍, വയലിന്‍, തബല, വര, യോഗാഭ്യാസം, ക്ലേ മോഡലിങ്ങ്, തുടങ്ങിയ കോഴ്സുകളും മുതിര്‍ന്നവര്‍ക്കായി കമ്പ്യൂട്ടര്‍ ക്ലാസുകളും നടത്തിയിരുന്നു‍. (ഇപ്പൊഴും മിക്ക കോഴ്സുകളും കാണണം).

എന്നെ ക്ലേ മോഡലിങ്ങ് പഠിപ്പിച്ചിരുന്നത് മോഹന്‍‌രാജ് എന്ന സര്‍ ആയിരുന്നു. മദ്രാസ് ഫൈന്‍ ആട്ട്സ് കോളെജില്‍ നിന്നും പഠിച്ചിറങ്ങിയ ആള്‍. മറ്റ് കുട്ടികള്‍ കുറവാണ്. മിക്കപ്പൊഴും ക്ലാസിന് ഞാനും സാറുമേ കാണൂ. ചിലപ്പോള്‍ എന്റെ അനിയത്തിയും കാണും. മറ്റ് മൂന്നുനാല് പേര്‍ തോന്നുമ്പോള്‍ വരും, തോന്നുമ്പോള്‍ പോവും. അന്ന് ബാലഭവനിലെ ശമ്പളം വളരെ കുറവായിരുന്നു. (ഇന്നെങ്ങനെയാണെന്ന് അറിയില്ല). ശില്പികള്‍ എന്നു കേള്‍ക്കുമ്പോള്‍ എം.വി. ദേവനെയും കാനായി കുഞ്ഞിരാമനെയുമൊക്കെയേ നമുക്ക് സാധാരണ ഓര്‍മ്മവരാറുള്ളൂ. പക്ഷേ ഇങ്ങനെ ശില്പകല പഠിച്ചിറങ്ങി വളരെ കഷ്ടപ്പെട്ടു ജീവിക്കുന്ന പലരും ഉണ്ടെന്ന് സാറിനെ പരിചയപ്പെട്ടപ്പൊഴാണ് അറിഞ്ഞത്. (രണ്ട് വര്‍ഷത്തിനു ശേഷം സാറും കുടുംബവും ബോംബെയിലേയ്ക്കു പോയി - സാറിന് ഏതോ ഒരു പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയില്‍ ജോലികിട്ടി). സര്‍ ഒരിക്കല്‍ മനോഹരമാ‍യ ശില്പം ഉണ്ടാക്കിയതും, അതുകണ്ട് ബാലഭവന്‍ അധികൃതര്‍ “നിങ്ങള്‍ ശില്പം ഉണ്ടാക്കുകയല്ല, കുട്ടികളെക്കൊണ്ട് ഉണ്ടാക്കിക്കുയാണ് വേണ്ടത്” എന്നു പരാതിപ്പെട്ടതും, സര്‍ പിന്നീട് സ്വന്തമായി ഒന്നും ഉണ്ടാക്കാത്തതും ഓര്‍മ്മവരുന്നു. ഒരു ബാലഭവന്‍ കാമ്പിന് കാനായി കുഞ്ഞിരാമന്‍ ക്ലാസെടുക്കാന്‍ വന്നിരുന്നു. കാമ്പുകള്‍ കലാപരിപാടികളുടെ മേളമായിരുന്നു.

ഒരിക്കല്‍ റോട്ടറി ക്ലബ്ബുകാര്‍ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ക്ലേ മോഡലിങ്ങ് മത്സരം നടത്തി. ഒരുപാട് സ്കൂളുകളിലെ കുട്ടികള്‍ മത്സരത്തിന് വന്നു. ബാലഭവനു മുന്‍പിലെ ആഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം നറത്തിയത്. ‘അമ്മയും കുഞ്ഞും’ ആയിരുന്നു വിഷയം. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രണ്ടു മണിക്കൂര്‍ മത്സര സമയം.

ഞാന്‍ സാമാന്യം നന്നായി ചെയ്തു എന്നാണ് ഓര്‍മ്മ. പിയാത്തയുടെ മോഡലില്‍, കൊച്ചു കുഞ്ഞിനെ മടിയില്‍ കിടത്തി അവന്റെ മുഖത്തേയ്ക്ക് നോക്കുന്ന അമ്മ. കളിമണ്ണ്‍ ഉരുട്ടിവെയ്ച്ച് ഹാക്സോ ബ്ലേഡ് കൊണ്ടും ഈര്‍ക്കിലികൊണ്ടും രാകി രൂപവടിവ് ഒപ്പിക്കണം. അഞ്ചുമണിയോടെ ഭലം പ്രഖ്യാപിച്ചു. എനിക്ക് രണ്ടാം സമ്മാനം കിട്ടി.

സമ്മാനം കിട്ടാത്ത ശില്പങ്ങളുടെ കൂട്ടത്തില്‍ അല്പം വലിയ ഒരു ശില്പവുമുണ്ടായിരുന്നു. അമ്മ കുഞ്ഞിനെ രണ്ടുകൈകള്‍ കൊണ്ടും ആകാശത്ത് ഉയര്‍ത്തിനില്‍ക്കുന്ന അര്‍ദ്ധകായ പ്രതിമ. ഒരടിയോളം വലിപ്പമുണ്ടായിരുന്നു അതിന്. ഒരു ഫിനിഷും ഇല്ലാത്തതുകൊണ്ടാവാം, അതിന് സമ്മാനമൊന്നും കിട്ടിയില്ല. അമ്മയുടെയോ കുഞ്ഞിന്റെയോ മുഖം കൊത്തിയുണ്ടാക്കിയിട്ടില്ല. വെറുതേ നീണ്ട ഗോളങ്ങള്‍ മാത്രം. ശരീരത്തിനു പോലും നേരേ രൂപം കൊടുത്തിട്ടില്ല. സത്യത്തില്‍, മത്സരം തീരേണ്ട സമയം ആയപ്പൊഴും അതുണ്ടാക്കിയ പയ്യന്‍ - പ്രത്യേകിച്ച് ഒന്നും എടുത്തുപറയാനില്ലാത്ത, മുടി ചീവാത്ത ഒരു പൊക്കമില്ലാത്ത കറുത്ത പയ്യന്‍ - പണിതു തീര്‍ന്നിട്ടുണ്ടായിരുന്നില്ല. മത്സരം തീര്‍ന്നു എന്നു പറഞ്ഞിട്ടും അവന്‍ ശില്പം മിനുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ മാര്‍ക്കിടാന്‍ വന്ന സാറന്മാര്‍ വന്ന് ‘മോനേ, മത്സരം തീര്‍ന്നു, മതി, വീട്ടില്‍ പോവൂ’ എന്നു പറയേണ്ടി വന്നു, അവനെ എഴുന്നേല്‍പ്പിച്ചു വിടാന്‍.

സമ്മാനദാനം പിന്നെയും ഒരാഴ്ച്ച കഴിഞ്ഞാണ്. മത്സരത്തിനുണ്ടാക്കിയ ശില്പങ്ങളെല്ലാം ഉടച്ച് വീണ്ടും ചെളിയാക്കി മാറ്റുമായിരുന്നു. ബാലഭവനില്‍ ഉണ്ടാക്കുന്ന ശില്പങ്ങളുടെയും ഗതി അതുതന്നെയാണ്. ശില്പങ്ങള്‍ വീട്ടില്‍ കൊണ്ടുപോവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പിറ്റേ ദിവസം ക്ലേ മോഡലിങ്ങ് ക്ലാസിന് ഞാനും സാറും ഇരിക്കുമ്പൊഴാണ്, ആഡിറ്റോറിയം വൃത്തിയാക്കാന്‍ വന്ന രാജമ്മ വന്ന് “സാറേ‍, നല്ലൊരു ശില്പം, തൂത്തുവാരാന്‍ തോന്നുന്നില്ല, ഒന്നു വന്ന് നോക്കണം” എന്നു പറഞ്ഞത്.

സാര്‍ പോയി, പിന്നാലെ ഞാനും. ആഡിറ്റോറിയത്തിലതാ, അതുവരെ കണ്ടിട്ടില്ലാത്തത്ര മനോഹരമായ ശില്പം. ജീവനുണ്ടെന്നു തോന്നുന്ന കുഞ്ഞിനെ വായുവില്‍ രണ്ടു കൈകൊണ്ടും ഉയര്‍ത്തിപ്പിടിച്ച് അവന്റെ മുഖത്തേയ്ക്കു നോക്കിനില്‍ക്കുന്ന അമ്മ. അമ്മയുടെ കൈകളിലെ വളകള്‍ പോലും യഥാര്‍ത്ഥം പോലെ. അവരുടെ മുഖത്ത് കരുണ. മന്ദഹസിക്കുന്ന ചുണ്ടുകള്‍. ഒരു കണ്ണിലെ കൃഷ്ണമണി നേര്‍ത്ത വൃത്തംപോലെ കാണാം. ഒരു കണ്ണുമാത്രം പണിതീരാതെ മൂടിക്കിടക്കുന്നു. മറ്റെന്തുകൊണ്ടും പരിപൂര്‍ണ്ണം, ഉജ്വലം, മനോഹരം.

ഇന്നലെ ഇങ്ങനെ ഒരു ശില്പമില്ലായിരുന്നു. അത് ഉറപ്പാണ്. സാര്‍ പോയി ബാലഭവന്റെ ഡയറക്ടറെ വിളിച്ചുകൊണ്ടു വന്നു. മൂക്കിലും ചെവിയിലും വെള്ളിരോമങ്ങളുള്ള കണ്ണടവെച്ച മനുഷ്യനാണ് ഡയറക്ടര്‍. ചിത്രരചനയും സംഗീതവും മൃദംഗവും പഠിപ്പിക്കുന്ന അദ്ധ്യാപകരും എത്തി. ആര്‍ക്കും ഈ ശില്പം ആര് ചെയ്തു എന്ന് അറിയില്ല. ആഡിറ്റോറിയം രാത്രി അടച്ചിടുന്നതാണ്.

ആഡിറ്റോറിയത്തിന്റെ വാച്ചറായ തോമാച്ചേട്ടനെ ഒരു കുട്ടിയെ പറഞ്ഞുവിട്ട് വിളിപ്പിച്ചു. തോമാച്ചേട്ടന് ഒരു കണ്ണില്ല. പണ്ട് പാമ്പുകടിച്ചതാണ്. കൃഷ്ണമണിയുടെ സ്ഥാനത്ത് മഞ്ഞനിറം പരന്നുകിടക്കും. തോമാച്ചേട്ടന്‍ എപ്പൊഴും ഷര്‍ട്ട് ഇല്ലാതെ ഒരു തോര്‍ത്തും ഉടുത്ത് നടക്കും. രാത്രി വാച്ച്മാനായി കിടക്കുന്നതു കൂടാതെ തോമാച്ചേട്ടന്‍ രണ്ട് എരുമകളെയും വളര്‍ത്തുന്നുണ്ട്. കൂലിപ്പണിയും ചെയ്യും. കുട്ടികള്‍ക്ക് തോമാച്ചേട്ടനെ പേടിയാണ്.

“സാറെ, എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ ഏഴരമണിക്കാണ് ഞാന്‍ വന്നത്. ഇത്തിരി താമസിച്ചുപോയി. ബാലഭവന്‍ പൂട്ടിക്കഴിഞ്ഞ് ആഡിറ്റോറിയത്തിലെ കതകടയ്ക്കാന്‍ വന്നപ്പോള്‍ ഒരു പയ്യന്‍ ഇരുന്ന് കൊത്തുന്നു. പൊക്കമില്ലാത്ത കറുത്ത പയ്യന്‍. ഞാന്‍ അവനെ എണീപ്പിച്ചു വിടാന്‍ ചെന്നു. “ഇവിടെ പൂട്ടണം, വീട്ടീപ്പോടാ”, എന്നു പറഞ്ഞിട്ടും അവന്‍ കേട്ടതുകൂടിയില്ല. അത്രയും ശ്രദ്ധയോടെ തലയും കുനിച്ച് ഇരുന്നു കൊത്തുന്നു. ഞാന്‍ തട്ടിവിളിച്ചപ്പൊഴാണ് അവന്‍ എണീറ്റത്”.

“ചേട്ടാ, അല്പനേരം കൂടി, ഇത് ഇപ്പൊ തീരും, എന്ന് അവന്‍ കെഞ്ചിയപ്പോള്‍ ഞാന്‍ സമ്മതിച്ചു. എനിക്ക് കുറച്ചുനേരമെങ്കിലും കൂട്ടായല്ലോ. പിന്നെ ഒന്നു ചുറ്റിയടിച്ച് ഞാന്‍ എട്ടരയ്ക്കു വന്നപ്പൊഴും ഇവന്‍ കൊത്തിത്തീര്‍ന്നിട്ടില്ല. പക്ഷേ ഉണ്ടാക്കുന്ന ശില്പത്തിന് വല്ലാത്ത ഭംഗി. എന്നാലും കൊച്ചു പയ്യനല്ലേ. അവനു വീട്ടില്‍ പോവണ്ടേ? അവന്റെ വീട്ടുകാര് വിഷമിക്കില്ലേ? എന്റെ നെഞ്ച് ആളി. ഞാന്‍ അവനെ വീണ്ടും വിളിച്ചു. വിളി കേട്ടില്ല. തട്ടിവിളിച്ചു. കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി. വലിച്ചുപൊക്കിയപ്പോള്‍ അവന്റെ കയ്യിലെ ബ്ലേഡ് കൊണ്ട് ശില്പത്തില്‍ അല്പം വര വീണു. അവനു വേദനിച്ചു. അതുകണ്ട് എനിക്കും വിഷമമായി. സാറേ, ഇതേ പ്രായത്തിലുള്ള ഒരു മോന്‍ എനിക്കും ഒള്ളതാ”.

“രാത്രി പത്തുമണിക്ക് ഒരു കാലിച്ചായയും മൂന്നു ചപ്പാത്തിയുമാ സാറേ എന്റെ അത്താഴം. പ്രമേഹം കൂടിയതില്‍പ്പിന്നെ ചോറു തിന്നാറില്ല. ഞാന്‍ ഒരു ചപ്പാത്തിയും അര ഗ്ലാസ് ചായവും അവന്റെ മേശയ്ക്കടുത്തു കൊണ്ടുവെച്ചു. തട്ടിവിളിച്ച് മോന്‍ ഇതും തിന്ന് വീട്ടീപ്പോ എന്നു പറഞ്ഞു. അവന്‍ ദൈന്യം പിടിച്ച ഒരു നോട്ടം നോക്കിയിട്ട് വീണ്ടും കൊത്തു തുടര്‍ന്നു. ഞാന്‍ എന്തു ചെയ്യാനാ സാറേ. ബാക്കി ചപ്പാത്തിയും ചായയും കഴിച്ച് ഞാന്‍ അവനു കൂട്ടിരുന്നു. പന്ത്രണ്ടു മണിയായിട്ടും അവന്‍ തലയുയര്‍ത്തി നോക്കിയില്ല, കഴിക്കാന്‍ കൊടുത്ത ഭക്ഷണം തൊട്ടുപോലുമില്ല. രാവിലെ തൊട്ട് പണിചെയ്തതുകൊണ്ട് എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ രണ്ട് ബെഞ്ച് പിടിച്ചിട്ട് കിടക്കാന്‍ പുതപ്പുവിരിച്ചു. ലൈറ്റ് അണച്ചിട്ട് കിടന്നോണം എന്നും പറഞ്ഞ് ഞാന്‍ കിടന്നു”.

“രാവിലെ ഒരു ബഹളം കേട്ടാ സാറേ ഞാന്‍ എണീറ്റത്. ഒരു സ്ത്രീ നിന്ന് എന്റെ മോനേ എന്നുവിളിച്ച് കരയുന്നു. കൂടെ വന്ന രണ്ട് പുരുഷന്മാരില്‍ ഒരാള്‍ അവനെ ഇരുന്ന ബെഞ്ചില്‍ നിന്നും വലിച്ചുമാറ്റി ഒരു വടിയെടുത്ത് അടിക്കുന്നു. അവന്റെ കണ്ണ് അപ്പോഴും ശില്‍പ്പത്തിലാണ്. അവര് എന്നെ നോക്കി ചീറുന്നു, “നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? ഇവനെ വീട്ടില്‍ പറഞ്ഞുവിടേണ്ടതിനു പകരം കിടന്നുറങ്ങുന്നു” എന്നുപറഞ്ഞ്. അടികൊണ്ടിട്ടും അവന് പോവാന്‍ മനസ്സില്ലായിരുന്നു. തുടയും തടവിക്കൊണ്ട് അവന്‍ ശില്‍പ്പത്തില്‍ നോക്കി നില്‍ക്കുവാണ്. രാത്രി മുഴുവന്‍ അവന്‍ ഇരുന്ന് പണിതുകാണണം.കയ്യില്‍ പിടിച്ചുവലിച്ച് അവര്‍ അവനെ കൊണ്ടുപോയി”.

തോമാച്ചേട്ടനും ശില്‍പ്പത്തെ നോക്കിനിന്നു. ആരു കണ്ടാലും കണ്ണെടുക്കാത്തത്ര സുന്ദരമായിരുന്നു അത്. അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം “ഈ കുട്ടി ഏതു സ്കൂളില്‍ നിന്ന്‍?” എന്ന് ഡയറക്ടര്‍ ചോദിച്ചു. കണ്ടുപിടിക്കുക എളുപ്പമല്ലായിരുന്നു. “അവനെ കണ്ടെത്തിയാല്‍ അവന് ഒരു പ്രത്യേക സമ്മാനം കൊടുക്കണം. ഇങ്ങനെയുള്ള പ്രതിഭകള്‍ വിരളമാണ്. അവരെ പാഴായിപ്പോകാന്‍ അനുവദിക്കരുത്” - ഡയറക്ടര്‍ പറഞ്ഞു.

ഞങ്ങള്‍ അവിടെ കൂടിനിന്ന് സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു പയ്യന്‍ - അതേ പയ്യന്‍ - സ്കൂള്‍ ബാഗും പിടിച്ച് ഓടിവരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ആരെയും ഗൌനിക്കാതെ ശില്‍പ്പത്തിനു മുന്നില്‍ ചെന്നിരുന്നു. ബാഗില്‍ നിന്നും രണ്ട് ഈര്‍ക്കിലിക്കമ്പുകളും ഒടിഞ്ഞ ഒരു ബ്ലേഡും ഒരു കുപ്പി വെള്ളവുമെടുത്ത് പണിതുടങ്ങി. വെള്ളം തൊട്ട് ശില്‍പത്തിന്റെ പണിതീരാത്ത കണ്ണ് നനച്ചപ്പൊഴേയ്ക്കും അവന്റെ അമ്മ ഓടിവന്നു.

“എന്റെ സാറന്മാരേ, ഇവന്‍ ഇവിടത്തന്നെ കാണുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ മോന് എന്തു പറ്റിയോ ദൈവമേ”. കരഞ്ഞുകൊണ്ട് അവനെ വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ച അമ്മയെ ഡയറക്ടര്‍ സമാധാനിപ്പിച്ചു. ഒരു കസാര നീക്കിയിട്ട് അല്പനേരം കൂടി കാത്തുനില്‍ക്കാന്‍ പറഞ്ഞു. അരമണിക്കൂര്‍ കൊണ്ട് അവന്‍ ജീവനുള്ള ഒരു കണ്ണും ശില്‍പ്പത്തില്‍ മറ്റാരും ശ്രദ്ധിക്കാത്ത ചില കുറവുകളും തീര്‍ത്തു. ശില്‍പ്പത്തിന്റെ കണ്ണുകള്‍ വായുവില്‍ ഉയര്‍ത്തിപ്പിടിച്ച കുഞ്ഞിനെനോക്കി നിറഞ്ഞുനില്‍ക്കുന്നു. പണിനിറുത്തി വല്ലാത്തൊരു മുഖഭാവത്തോടെ അല്പം മാറിനിന്ന് ശില്പത്തെ നോക്കിക്കൊണ്ടു നിന്ന അവന്റെ തോളത്ത് ഡയറക്ടര്‍ ഇടംകൈ ചുറ്റി.

“മിടുക്കന്‍, മോന്‍ വലുതായി വരും. മോന്റെ സ്കൂളിലും ഞങ്ങള്‍ ഇത് അറിയിക്കുന്നുണ്ട്. ഇപ്പോള്‍ ഈ ശില്പമെടുത്ത് ഞങ്ങള്‍ അനക്കാതെ അകത്തുകൊണ്ടു വയ്ക്കട്ടെ. ഇതിനെ ഒരു കണ്ണാടിക്കൂട്ടില്‍ സ്ഥാപിച്ച് ഒരു മുറിയില്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും! മിടുമിടുക്കന്‍”.

മറ്റ് സാറന്മാരും വന്ന് അവനെ അഭിനന്ദിച്ചു. പക്ഷേ പ്രോത്സാഹനമോ സമ്മാനങ്ങളോ അവനെ സ്പര്‍ശിച്ചെന്നു തോന്നിയില്ല. അവന്‍ അതു കേട്ടെന്നു പോലും തോന്നിയില്ല. ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “സാറേ, ഞാന്‍ കുറച്ചുനേരം കൂടി ശില്പം നോക്കിക്കോട്ടെ”.

അനങ്ങാതെ നിന്ന അവന്റെ അമ്മയോടും ഡയറക്ടര്‍ മോനെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. ആ സ്ത്രീയുടെ കണ്ണുനിറഞ്ഞു. നേരം ഇരുട്ടിത്തുടങ്ങി. എല്ലാവരോടും നന്ദിപറഞ്ഞ് ചിരിച്ച് ഭവ്യമായ മുഖത്തോടെ അവര്‍ മകനെ വിളിച്ചു. അപ്പൊഴും ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “അമ്മേ, ഞാന്‍ കുറച്ചു നേരം കൂടി ഇതു നോക്കിക്കോട്ടെ”.

ഇടയ്ക്കിടെ ശില്പത്തെ തിരിഞ്ഞുനോക്കിക്കൊണ്ട് നടക്കുന്ന അവനെ കയ്യില്‍ പിടിച്ചു നടത്തിക്കൊണ്ട് ആ അമ്മ നടന്നുപോയി.

10 comments:

ഹാരിസ് said...

കണ്ണു നിറഞ്ഞു.

kichu / കിച്ചു said...

പിന്നീടവനെപ്പറ്റി ഒന്നും അറിഞ്ഞില്ലേ...

നൂറാമത്തെ പോസ്റ്റ് ഒരു നൊമ്പരമായി.. ചെറിയ പ്രതീക്ഷയും..

വര്‍ക്കേഴ്സ് ഫോറം said...

വളരെ മനോഹരം
ഗുഡ് ക്രാഫ്റ്റ്‌മാന്‍ഷിപ്പ്
നൂറാം പോസ്റ്റിന് ആയിരം അഭിനന്ദനങ്ങള്‍

simy nazareth said...

തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനായിട്ട് പറയട്ടെ - നടന്ന സംഭവമല്ല, കഥയാണ്. ശില്പകലാമത്സരം തൊട്ട് അങ്ങോട്ട് കഥ മാത്രം.

Aim of art is Art itself - എന്നു പറയാന്‍ ശ്രമിച്ചതാണ്.

Jayasree Lakshmy Kumar said...

നല്ല കഥ. ചെയ്യുന്ന ജോലിയിൽ ആ കുഞ്ഞിനെ പോലെ മനസ്സർപ്പിച്ചാൽ ഇന്ദ്രജാലങ്ങൾ തീർക്കാം അല്ലെ?

തറവാടി said...

കഥ അനുഭവമായെഴുതുമ്പോളും , തിരിച്ചും ഭംഗി കൂടും :)
നന്നായി വളരെ നന്നായി.

ജിവി/JiVi said...

"Aim of art is Art itself - എന്നു പറയാന്‍ ശ്രമിച്ചതാണ്"

പക്ഷെ, സിമിയുടെ കഥകളില്‍ കഥയും കലയും മാത്രമല്ലല്ലോ ഉള്ളത്.(ഈ കഥയില്‍ പോലും!!!) എന്നിട്ടും എല്ലാം നല്ല കഥകള്‍.

മയൂര said...

ഇനിയുമൊരായിരം പോസ്റ്റുകൾ എഴുതാൻ കഴിയട്ടെയെന്നാശംസിക്കുന്നു...:)

ആഗ്നേയ said...

കഥ നന്നായി സിമീ..
ഓ..ടോ.നൂറാം പോസ്റ്റിനു ആശംസിക്കാന്‍ വന്നപ്പോളേക്കും നീയതിനു മുകളില്‍ പിന്നേം അഞ്ചെണ്ണം കൂടെ ഇട്ടേക്കുന്നു....
മയൂരേടെ ആശംസ ഫലിക്കാന്‍ വല്യ താമസൊന്നും കാണൂല്ലാല്ലേ?....:-)

Unknown said...

ഒരു നടന്ന സംഭവം പോലെ

Google