സിമിയുടെ ബ്ലോഗ്

3/18/2008

പാമ്പ്

തെങ്കാശിയില്‍ നിന്ന് ആര്യങ്കാവിലേയ്ക്ക് കാട്ടിനുനടുവിലൂടെ ഒറ്റയടിപ്പാതയാണ്. വെള്ളികീറിയതുമുതല്‍ രാവേറുവോളം നിറുത്താതെ നടന്ന്‍ പാമ്പാട്ടിയുടെ പാദങ്ങള്‍ തളര്‍ന്നുകാണണം. നടന്നുതീര്‍ത്ത പാതയുടെ ദൈര്‍ഘ്യമോര്‍മ്മിപ്പിച്ചുകൊണ്ട് കാല്‍മുട്ടിനു മീതേ കയറ്റിക്കെട്ടിയ മുഷിഞ്ഞ മുണ്ടില്‍ ചെമ്മണ്ണു കട്ടപിടിച്ചിരുന്നു. കറുത്തുതിളങ്ങിയ ഒട്ടിയ വയറിനു മീതെ എല്ലുന്തിയ നെഞ്ചിന്‍‌‌കൂടിനെ മറച്ചുകിടന്ന കൂറത്തോര്‍ത്തില്‍നിന്ന് വിയര്‍പ്പുകണങ്ങള്‍ ആവിയായ്ക്കൊണ്ടിരുന്നു. നീണ്ട വടുവീണ മുഖത്ത് ഒട്ടിയ കവിളുകള്‍ക്കു കുറുകെ നരച്ച കൊമ്പന്മീശ ചിറകുവിടര്‍ത്തിയ പ്രാവിനെപ്പോലെ വിരിഞ്ഞുനിന്നു. കട്ടിയായി വളര്‍ന്ന്‍ പരസ്പരം കൂട്ടിമുട്ടിയ വെളുത്ത പുരികത്തിനു കീഴേ തളര്‍ന്ന് താഴേയ്ക്കുമാത്രം കൂമ്പിനിന്ന കണ്ണുകള്‍ വല്ലപ്പോഴും എതിരേ വരുന്നയാളുടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍ ഒരു മൂങ്ങയുടെ കണ്ണുകളായി കൂര്‍ത്തുതിളങ്ങി. വരണ്ടൊട്ടിയ ചുണ്ടുകള്‍ക്കുള്ളില്‍നിന്നും വിരളമായ് മാത്രം പുറത്തുകാണുന്ന ഇടവീണ പല്ലുകളില്‍ ബീഡിക്കറ കട്ടിപിടിച്ചിരുന്നു. പാമ്പാട്ടിയുടെ ചെവിയില്‍ നിന്നും വെള്ളിരോമങ്ങള്‍ വളര്‍ന്നുനിന്നു. വീതിയില്‍ വിരിഞ്ഞ നെറ്റിയില്‍ ഇനിനിവരാത്ത ചുളിവുകള്‍ വീണിരുന്നു. പാമ്പാട്ടിയ്ക്ക് പ്രായമായിരുന്നു. പാമ്പാട്ടിയുടെ തലയുടെ മീതെ വീതിയുള്ള തൊപ്പിപോലെ ചൂടിയിരുന്ന വള്ളിക്കൂടയില്‍ ചുരുണ്ടുകിടന്ന കറുത്ത പാമ്പിനും പ്രായമേറെയായിരുന്നു. അവരില്‍ ആര്‍ക്കാണു പ്രായം കൂടുതല്‍ എന്ന് ആര്‍ക്കുമറിയില്ലായിരുന്നു.

പാമ്പാട്ടി ഇപ്പോള്‍ നടക്കുന്ന പാത ഒരുകാലത്ത് പാമ്പാട്ടിയുടെ കാലുകള്‍ക്ക് ചിരപരിചിതമായിരുന്നു. അന്ന് ഈ പാതയുടെ അറ്റത്ത് ഒരിലുമ്പി മരമുണ്ടായിരുന്നു. താണ ചില്ലകള്‍ നിറയെ പുളിയിലുമ്പികള്‍ വളര്‍ന്ന മരത്തില്‍ നിന്നും വലത്തോട്ടു നടക്കുമ്പോള്‍ കുഞ്ഞിനെയും ഒക്കത്തേന്തി മേനിവടിവൊത്ത അമ്മമാര്‍ വെള്ളംകോരുന്ന വലിയ വാവട്ടമുള്ള കിണറുണ്ടായിരുന്നു. കിണറിന്റെ ഒരു വശം പൊളിഞ്ഞുകിടന്നിരുന്നു. കിണറും കഴിഞ്ഞ് മുന്‍പോട്ടുനടക്കുമ്പോള്‍ ഇടത്തേയ്ക്ക് ഒരു കാവുണ്ടായിരുന്നു. പാമ്പുകളും കീരികളും തേരട്ടകളും പന്നിയെലികളും ആ സര്‍പ്പക്കാവില്‍ സ്വൈരം താമസിച്ചിരുന്നു. കാവും കടന്ന് മുന്‍പോട്ടുനടക്കുമ്പോള്‍ നടവഴിയുടെ അരികിലായി വേലന്റെ ചായക്കടയുണ്ടായിരുന്നു. ചായക്കടയില്‍ വെറുതേയിരുന്ന് പകലന്തിയോളം രാഷ്ട്രീയം പറയുന്ന പതിവുകാരുണ്ടായിരുന്നു. വേലന്‍ പാമ്പാട്ടിയെ മറന്നുകാണില്ല. അവിടെനിന്നും ഒരു കാലിച്ചായയും വാങ്ങിക്കുടിച്ച് മുന്‍പോട്ടുനടന്നാല്‍ ഇരുവശത്തും വേലിപ്പത്തലുകള്‍ വളര്‍ന്നുനില്‍ക്കുന്ന ഇടവഴിയിലെത്തും. ഒരാള്‍ക്കു നടക്കാന്‍ മാത്രം വീതിയുള്ള ചരലിടവഴിയുടെ അറ്റത്ത് നൂറുപറ കൃഷിയിറക്കാന്‍ വിസ്താരമുള്ള വലിയ മൈതാനമുണ്ടായിരുന്നു. അവിടെ എല്ലാ വെള്ളിയാഴ്ച്ചയും ചന്തയുണ്ടായിരുന്നു. ചന്തയിലേയ്ക്ക് ഇടവഴി വീഴുന്നിടത്ത് പാമ്പാട്ടിയിരിക്കുന്ന പരന്ന പാറക്കല്ലുണ്ടായിരുന്നു. അവിടിരുന്ന് മകുടിയൂതുമ്പോള്‍ പാമ്പ് കൊട്ടയില്‍ നിന്നിഴഞ്ഞ് ആടിയാടി പത്തിവിടര്‍ത്തുന്നതിനു മുന്‍പേ ഓടിക്കൂടുന്ന സ്ഥിരം കാണികളുണ്ടായിരുന്നു. ഇന്ന്‍ ഗ്രാമത്തിനു പാമ്പാട്ടിയെ മറന്നുപോയിക്കാണണം. പക്ഷേ പാമ്പും പാമ്പാട്ടിയും ഗ്രാമത്തെ ഒട്ടും മറന്നില്ല,

പാതയുടെ അറ്റത്ത് ഇലുമ്പിമരം പൂത്തുനിന്നു. കാലത്തെ കവച്ചുനിന്ന ഇലുമ്പിമരത്തില്‍ നിന്നും പാമ്പാട്ടി ഒരു ഇലുമ്പിക്കായ പൊട്ടിച്ച് കടിച്ചു. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അതേ പുളിരസം നാക്കിലൂടെ ഊര്‍ന്നിറങ്ങി, മരത്തിന് അതേ യൌവനം. പാമ്പാട്ടി കുറച്ച് ഇലുമ്പിക്കായകള്‍ മടിയില്‍ പൊതിഞ്ഞു. ഇലുമ്പിമരവും കിണറും കടന്ന് ഇരുണ്ട കാവിനു മുന്‍പിലൂടെ നടക്കവേ ചിലരെമാത്രം പ്രായം തൊടാറില്ല എന്ന് പാമ്പാട്ടി വെറുതേ ഓര്‍ത്തു. ചന്തയിലേയ്ക്കുള്ള വഴിയിലേയ്ക്കു തിരിയാതെ പാമ്പാട്ടി ഒരു ചെറിയ ഊടുവഴിയിലേയ്ക്കു കടന്നു. വെളിച്ചം വീഴാത്ത ഇടവഴിയില്‍ അല്പം ദൂരെയായി അകത്തേയ്ക്കു മാറിനിന്ന ഓലക്കുടിലിലെ മറയ്ക്കു പിന്നില്‍ നിന്നും മണ്ണെണ്ണവിളക്കിന്റെ വെളിച്ചം പുറത്തേയ്ക്കു ചിതറുന്നുണ്ടായിരുന്നു. തന്റെ കൂമന്‍ കണ്ണുകള്‍ ഇരുവശത്തേയ്ക്കും വെട്ടിച്ച് വഴിയില്‍ ആരും വരുന്നില്ല എന്നുറപ്പുവരുത്തി പാമ്പാട്ടി കുടിലിന്റെ വാതില്‍ക്കലെത്തി, പതുക്കെ മുരടനക്കി.
“നാരായണീ”.

പതിനാറു വര്‍ഷങ്ങള്‍ക്കും മനസ്സില്‍ നിന്നും തരിമ്പുപോലും മായ്ക്കാനാവാത്ത ഒരു ശബ്ദം മുറിയ്ക്കുള്ളില്‍ നിന്നും പതിയെ വിളികേട്ടു. “എന്തോ”.

ഇലുമ്പിയെപ്പോലെ നാരായണിയെയും കാലം തൊട്ടിട്ടില്ലായിരുന്നു. പാമ്പാട്ടി തലയില്‍ നിന്നും കൊട്ടയെടുത്ത് വാതിലിനു മുന്‍പില്‍ ഇറക്കിവെച്ചു. മുറിയ്ക്കുള്ളിലേയ്ക്കു ശബ്ദമുണ്ടാക്കാതെ കടന്ന് പനമ്പട്ട ചാരി വാതിലടച്ചു. കുട്ട നിലത്തുവെച്ചപ്പോള്‍ അതിന്റെ മൂടി തുറന്നുപോയത് ധൃതിയിലും പരിഭ്രമത്തിലും പാമ്പാട്ടി ശ്രദ്ധിച്ചില്ല.

നാരായണിയുടെ തൊടിയിലെ പച്ചക്കറിത്തോട്ടത്തില്‍ ഒരു വാരവീതം അകലത്തില്‍ നാരായണി മരച്ചീനി നട്ടിരുന്നു. മരച്ചീനിത്തണ്ടിനു കീഴെ ഒരു മണ്‍പൊറ്റയില്‍ നിന്നും കോമ്പല്ലുകള്‍ കൊണ്ടു കിഴങ്ങുകാര്‍ന്ന് വയറുനിറച്ച് ഒരു പെരുച്ചാഴി പുറത്തേയ്ക്കിറങ്ങി. മുറ്റത്തിനു കുറുകെ ഓടിയ പെരുച്ചാഴി വാതില്‍ക്കല്‍ വിലങ്ങനെകിടക്കുന്ന ചൂരല്‍ക്കുട്ടകണ്ട് ഒന്നറച്ചുനിന്നു. എന്നിട്ട് വീണ്ടും കുട്ടയുടെ നേര്‍ക്കോടി വിടവിലൂടെ തല അകത്തേയ്ക്കിട്ടു. കുട്ടയിലെ ഇരുട്ടില്‍ നിന്ന് രണ്ടു പവിഴങ്ങള്‍ പ്രകാശം ചീറ്റി തിളങ്ങുന്നതുകണ്ട് പെരുച്ചാഴി പെട്ടെന്ന് പിന്നോട്ടുചാടി. ദൂരേയ്ക്കോടിയ പെരുച്ചാഴി വീണ്ടും എന്തോ കാന്തികപ്രേരണയാല്‍ കുട്ടയ്ക്കടുത്തേയ്ക്ക് മെല്ലെ ഓടിയും ഇരുന്നും പതുങ്ങിയും നീങ്ങിത്തുടങ്ങി. ചില ഇരകള്‍ അങ്ങനെയാണ്, വേട്ടയാടപ്പെടാനുള്ള കൊതി അവയുടെ ജനിതകഘടനയിലെവിടെയോ മറഞ്ഞിരിക്കും. വേട്ടക്കാരനെക്കാണുമ്പോള്‍ കാമം പോലെ അവ സ്വന്തം മരണാത്തെ തെടിയെത്തും. ഈ പെരുച്ചാഴി അത്തരത്തിലുള്ള ഒന്നായിരുന്നു.

എന്നാല്‍ പെരുച്ചാഴിയെക്കണ്ടിട്ടും മൂര്‍ഖന്റെ കറുത്തുതണുത്ത ഉടലിന്റെ ചുരുളുകളഴിഞ്ഞില്ല. പത്തിയില്‍ ‘ഋ‘ എന്ന അക്ഷരം പോലെ കറുത്തുകിടന്ന ഫണം വിടര്‍ന്നില്ല. പെരുച്ചാഴിയെക്കണ്ട് മൂര്‍ഖന്റെ വെട്ടുവീണ നാവിലും കൂര്‍ത്തിറുകിയ വായയിലും ഉമിനീര്‍ നിറഞ്ഞില്ല. കുട്ടയില്‍നിന്ന് ഉണര്‍ന്നുയര്‍ന്നു കുതിച്ചുചാടുന്നതിനു പകരം കരിമൂര്‍ഖന്‍ ഒരു സ്വപ്നം കാണുകയായിരുന്നു.

നിബിഢവനങ്ങളില്‍ പുളഞ്ഞ തന്റെ ബാല്യത്തെ കരിമൂര്‍ഖന്‍ സ്വപ്നം കണ്ടു. അന്ന് ഓരോ കാല്‍‌വെയ്പ്പിലും തന്നെഭയന്ന് പതുങ്ങിവരുന്ന ഇരയുടെ പേടിച്ചരണ്ട കണ്ണുകളെയും മിനുസമായ തൊലിവീണ ഒതുങ്ങിയ ശരീരത്തെയും അതിനു മീതേയ്ക്ക് വന്‍ മരച്ചില്ലകളില്‍ നിന്നും ഒരു ചാട്ടുളിപോലെ വായുവിലൂടെ നീന്തി വളഞ്ഞുവീഴുന്ന തന്റെ ശരീരത്തെയും മൂര്‍ഖന്‍ സ്വപ്നം കണ്ടു. ശക്തമായ മാംസപേശികള്‍ വരിഞ്ഞിറുക്കി ഇരയുടെ കഴുത്തില്‍ മുറുകുന്നതും‍, തന്നെക്കാള്‍ വലിപ്പമുള്ള ഇരയുടെ പ്രാണവെപ്രാളത്തില്‍ തന്റെ ഒടുങ്ങാത്ത വിശപ്പിന്റെ മോഹാവേശങ്ങള്‍ കെട്ടിമറിയുന്നതും‍, ഒടുവില്‍ ഇരയുടെ കുതര്‍ച്ചകള്‍ ഒതുങ്ങി ശ്വാസം അടങ്ങി ഇമ്പമുള്ള ഒരു മൂളലാവുന്നതും‍, പതിയെ വാലും കാലുകളും ഉടലും തന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുന്‍‌കാലുകളും ഒടുവില്‍ തലയും മാത്രം പുറത്തേയ്ക്കിട്ട് ഇര അവസാനത്തെ കുതറല്‍ കുതറുന്നതും, തന്റെ കഴുത്തിറുക്കി ഇരയുടെ അന്ത്യശ്വാസവും വിഴുങ്ങുന്നതും കരിമൂര്‍ഖന്‍ സ്വപ്നം കണ്ടു. അന്നായിരുന്നു യൌവനത്തിന്റെ മദോന്മത്തദിനങ്ങള്‍. ഒരിക്കല്‍ പിടിയില്‍ വീണ മാന്‍പേടയ്ക്കുവേണ്ടി കുതിച്ചുവന്ന മറ്റൊരു മൂര്‍ഖനുനേരെ ഇരയെവിട്ട് ആറടി പൊക്കത്തില്‍ വാലിലെഴുന്നുനിന്ന് ഫണമുയര്‍ത്തിയതും മൂര്‍ഖന് ഓര്‍മ്മവന്നു. പരസ്പരം കൊത്തിയും തെന്നിമാറിയും കെട്ടുപിണഞ്ഞും ഉഗ്രവിഷം ചീറ്റിയും കെട്ടിമറിഞ്ഞും നൃത്തം പോലെ യുദ്ധമാടിയതും ഓര്‍മ്മവന്നു. പൊത്തില്‍നിന്നിറങ്ങിവന്ന കൂറ്റന്‍ ചെങ്കീരിയോട് പോരാടിനിന്നത് ഓര്‍മ്മവന്നു. കഴുത്തിലും ഉടലിലിലും മുറിവേറ്റിട്ടും തളരാതെ നിന്നു പോരാടിയ നാള്‍ അനേകം സര്‍പ്പദംശങ്ങളേറ്റ് ചെങ്കീരി നിലത്തുവീണു ചുരുണ്ടുപോയത് ഓര്‍മ്മവന്നു. കുത്തൊഴുക്കുള്ള പുഴയില്‍ തടിച്ച മത്സ്യങ്ങളെവിഴുങ്ങി കുറുകേ നീന്തിനടന്നതോര്‍മ്മവന്നു. ഒരിക്കല്‍ ഒരു പൊത്തില്‍ക്കടന്ന് പെരുച്ചാഴികളുടെ ഒരു കുടുംബത്തെ വിഴുങ്ങിയത്. തന്റെ നേര്‍ക്കു ചീര്‍ത്തുവന്ന കടുവയുടെ കണങ്കാലില്‍ കടിച്ചത്. കാടുകുലുക്കി ചിന്നം വിളിച്ചുവന്ന ഒറ്റയാന്‍ വഴിമുടക്കിക്കിടന്ന തന്നെക്കണ്ട് വഴിമാറിപ്പോയത്. വന്യമായ ആവേശത്തില്‍ പെണ്മൂര്‍ഖനുമായി പത്തിവിടര്‍ത്തി ഇരുമെയ്കളും ഒരു കയര്‍പോലെ പിരിഞ്ഞ് പിണഞ്ഞാടിയത്. പൌര്‍ണ്ണമിരാവില്‍ ഒരു രാവുമുഴുവന്‍ വാലിലുയര്‍ന്നുനിന്ന് ഫണം ചീറ്റിയത്. ഉയരമുള്ള മരങ്ങളുടെ ശിഖിരങ്ങളില്‍ തൂങ്ങിയാടിയത്. തണുത്ത ഇലകള്‍ക്കടിയില്‍ ചുരുണ്ടുകിടന്ന് പടം പൊഴിച്ചത്. ഒടുവില്‍ പുതിയ ശരീരവുമായി തിളങ്ങിനിന്ന് സൂര്യനെനോക്കി പത്തിവിടര്‍ത്തിയത്. ഓര്‍മ്മകള്‍ക്ക് എന്നും വസന്തമാണ്.

കരിമൂര്‍ഖന്‍ സ്വപ്നങ്ങളുടെ ഘോഷയാത്രയില്‍ തളര്‍ന്ന് കണ്ണുകള്‍ മൂടിക്കിടക്കുമ്പോള്‍ ധൈര്യം പൂണ്ട പെരുച്ചാഴി വള്ളിക്കൂടിന്റെ ഉള്ളില്‍ക്കടന്നു. പെരുച്ചാഴിയുടെ മൂഷികരോമങ്ങള്‍ പാമ്പിന്റെ വാലില്‍ തൂവല്‍‌പോലെ തലോടി. എന്നിട്ടും പാമ്പ് തെല്ലും അനങ്ങിയില്ല്. പെരുച്ചാഴി കൂടിനുള്ളില്‍ പാമ്പിന്റെ തണുത്തുറഞ്ഞ ശരീരത്തിനു മീതേ ഓടിയിറങ്ങി. കൂടിന്റെ അറ്റത്ത് തെറിച്ചുനിന്ന ചൂരല്‍മുനമ്പില്‍ കരണ്ടു. പാമ്പിന്റെ വാല്‍ത്തുമ്പില്‍ പിന്‍‌കാലിലെ നഖങ്ങള്‍ കൊണ്ടു ചുരണ്ടു. പാമ്പിന്റെ വയറില്‍ പതുക്കെ തന്റെ തലകൊണ്ട് തള്ളിനീക്കി. പാമ്പിന്റെ നിശ്ചലതയില്‍ ചാഴിയുടെ ചലനങ്ങള്‍ക്ക് വേഗവും ധാര്‍ഷ്ട്യവും കൂടുകയായിരുന്നു. അപ്പോള്‍ പാമ്പ് എത്രവിഴുങ്ങിയാലും വിശപ്പുമാറാത്ത തന്റെ യൌവനത്തെ ഓര്‍ക്കുകയായിരുന്നു. ഒരിരയെക്കിട്ടാതെ വിശപ്പില്‍ തൊണ്ടവരണ്ട നാളുകളെ ഓര്‍ക്കുകയായിരുന്നു. വല്ലപ്പോഴും വീണുകിട്ടുന്ന ഇരയുടെ മേല്‍ ഉത്സവമായി പടന്നുകയറിയത് ഓര്‍ക്കുകയായിരുന്നു. ഇന്ന് സ്വാദേറിയ ഭക്ഷണം മുന്നില്‍ വന്നു നിറഞ്ഞിട്ടും വിശപ്പില്ലാതാവുന്നു. മനസ്സ് ഭക്ഷണത്തെ ആശിച്ചിട്ടും ശരീരത്തിനു വയ്യാതാവുന്നു. വാര്‍ദ്ധക്യം ഒരു വല്ലാത്ത അവസ്ഥയാണ്. ചില ജീവികള്‍ക്ക് എത്രവേഗമാണ് വയസ്സാവുന്നതെന്ന് പാമ്പ് വെറുതേ ചിന്തിച്ചു.

വാലുവളച്ച് പെരുച്ചാഴിയെ ഒരു ഞെക്കിനു കീഴ്പ്പെടുത്താമായിരുന്നിട്ടും പാമ്പ് അനങ്ങിയില്ല. പാമ്പിന്റെ മഞ്ഞുമൂടിയ പവിഴക്കണ്ണുകളില്‍ പ്രൌഢഗതകാലം നൃത്തം ചെയ്തു. അല്പനേരം കൂടി അവിടെ കരണ്ടുനിന്നിട്ട് പെരുച്ചാഴി കുട്ടയ്ക്കു പുറത്തിറങ്ങി വേഗത്തിലോടി മരച്ചീനിയുടെ പൊത്തില്‍ മറഞ്ഞു. പാമ്പ് അല്പം പോലുമനങ്ങിയില്ല. കീഴ്പ്പെടുത്താനാവാത്ത ഇരയ്ക്ക് വേട്ടക്കാരനോടു പുച്ഛമേ കാണൂ എന്ന് പാമ്പ് ചിന്തിച്ചു. എങ്കിലും കീഴ്പ്പെടലിന്റെയും കീഴ്പ്പെടുത്തലിന്റെയും കാലം കഴിഞ്ഞിരുന്നു.

“എടീ കൂത്തിച്ചീ“. പാമ്പാട്ടി നാരായണിയെ നിലത്തിട്ടുചവിട്ടി. ചവിട്ടുകൊണ്ട അടിവയര്‍ പൊത്തിപ്പിടിച്ച് മോണപൊട്ടിയ കവിളില്‍ നിന്നും ഉമിനീരും രക്തവും പുറത്തേയ്ക്കു ചീറ്റിക്കൊണ്ട് നാരായണിപറഞ്ഞു. നിങ്ങള്‍ക്കുണര്‍ച്ചയില്ലാത്തതിന് എന്നോടേര്‍ക്കുന്നോ. പ്രായം മുറ്റിയാലും കടി മാറാത്ത വര്‍ഗ്ഗം. ആണെന്നും പറഞ്ഞുനടക്കുന്നു. ഥൂ!.

പാമ്പാട്ടി മടിയില്‍ നിന്നും അഞ്ചുരൂപാ നോട്ടെടുത്ത് നിലത്തുവീണുകിടക്കുന്ന നാരായണിയുടെ മുഖത്തേയ്ക്കെറിഞ്ഞു. എന്നിട്ട് മുണ്ടുമുറുക്കിയുടുത്ത് പാമ്പിന്‍ കൂടും തലയിലേറ്റി നടന്നുമറഞ്ഞു.

14 comments:

annie said...

enikku blog il itharam aashayangal vaayichu maduthu.

sree said...

യ്യൊ...ആനി..ഇപ്പൊഴേ മടുത്തോ? ആശയത്തിലല്ലാ ആനി ഒരു കഥയുടെ ജീവന്‍. പറഞ്ഞൂപറഞ്ഞ് അതൊരു കടലായി പരക്കണം. സിമിയുടെ പാമ്പിന്റെ തൂങ്ങിയ കണ്ണില്‍ ഞാന്‍ പലതും ഉറങ്ങുന്നതു കണ്ടു. ആനി കണ്ടത് ഒന്നു മാത്രമാ‍വാം.
ആ കൂട്ടയില്‍ നിന്ന് ഒന്നു പുറത്തേക്കിഴഞ്ഞു വാ സിമി..

ഗുപ്തന്‍ said...

സിമി നിന്റെ നരേഷന്റെ ശൈലി നന്നാവുന്നുണ്ട്. അവസാനം ഹറി ചെയ്തതായി തോന്നി. എന്തോ.


***********

ഒരുപാട് വ്യത്യസ്തത ഉള്ള വിഷയങ്ങള്‍ എല്ലാ പോസ്റ്റിലും കണ്ടുപിടിക്കാനാവില്ല ആനീ. പ്രത്യേകിച്ചും സിമിയെപ്പോലെ തുടര്‍ച്ചയായി എഴുതുന്ന ഒരാളില്‍ നിന്ന് ആരും അത് പ്രതീക്ഷിക്കുന്നില്ല. കുറേയൊക്കെ പരീക്ഷണങ്ങളായും കാണണം.

ആനി തന്നെയൂം ബ്ലോഗെഴുത്തിനെ ഒരുപാട് ഗൌരവത്തോടെ കാണാതിരിക്കണം എന്നാണ് എന്റെ അഭിപ്രായം. എല്ലാ കഥയും ബെസ്റ്റാകണം എന്ന വാശി വേണ്ട. മനസ്സിന് സന്തോഷം തരുന്നത് എഴുതുക. അത് വെറുതെ പങ്കുവയ്ക്കുക അത്രതന്നെ. എഴുത്ത് നന്നാക്കാനുള ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാവണം തീര്‍ച്ചയായും.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

Kathha super!!
nooril nooru mark!
Sreeyute comment
athilum ghambheeram.
nooril nootipatthu mark

കിനാവ് said...

മനു പറഞ്ഞപോലെ നരേഷന്‍ ശൈലി നന്നാവുന്നതായി എനിക്കൊട്ടും തോന്നീല. പഴയ പല കഥകളേയും അപേക്ഷിച്ച് കീഴോട്ടാണെന്നും തോന്നി. അതോ ഇഴഞ്ഞിഴഞ്ഞുപോകുന്നത് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണോ എന്തോ? ചെറുകഥയൊന്ന് കുറുകുന്നതാണ് രസമെന്നു തോന്നു. ആനയുണ്ടായിരുന്നു, ആ ആനയ്ക്ക് ഒരു പാപ്പാനുണ്ടായിരുന്നു. പാപ്പാന് തോട്ടിയുണ്ടായിരുന്നു....രുന്നു,...രുന്നു.

ഞാന്‍ മുങ്ങുന്നു. ഇവിടെ ഇല്ലേഇല്ല.

annie said...

ഹ ഹ കിനാവിന്റെ കമന്റ്‌ .. ആരൊക്കെയോ ചേര്‍ന്നു സിമിയോടു കഥ ഇങ്ങനെഴുതണം അങ്ങനെഴുതണം എന്നോക്കെ പറഞ്ഞു കുളമാക്കിയെന്നാ തോന്നുന്നേ.. ആ പഴയ രഘു സീരീസിലെ കഥാന്ത്യവും നല്ല മാലാഖയും ഒക്കെ എനിക്കു ഇപ്പൊഴും ഒന്നൂടെ ഇടയ്ക്കു വായിക്കാന്‍ ഇഷ്ടമാണു.. നല്ല മാലാഖയില്‍ ഒക്കെ സിമിയുടെ ഒറിജിനാലിറ്റിയുടെ കളിയാണു..
കുറ്റസമ്മതം: ആരൊക്കെയോ എന്നതില്‍ ഞാനും ഉള്‍പ്പെടുന്നു.. ചവറുപോലെ തുരുതുരാ കഥയെഴുതുന്നതിനു ഞാനും കുറ്റം പറഞ്ഞിട്ടുണ്ട്‌..

സുല്‍ |Sul said...

സിമി വീണ്ടും പാമ്പിനെ പിടിച്ചൊ?
-സുല്‍

ഗുപ്തന്‍ said...

കിനാവേ

1.ആ ഇരുന്നു ഇരുന്നു എന്ന് തീരുന്ന വാചകങ്ങള്‍ മനഃപൂര്‍വമായിരുന്നെങ്കിലോ?

2. നരേഷനിലെ ശൈലി എന്ന് പറഞ്ഞാല്‍ ഭാഷാശൈലി ആവണം എന്നില്ല എന്ന് കിനാവിനോട് ഞാന്‍ പറഞ്ഞുതരണോ?

ആനിയേ... ആ ചെക്കനെ വെറുതേവിട്..

annie said...

വെറുതേ വിടാന്‍ തന്നെയാണേ ഉദ്ദേശം.. ഇനി കുറച്ചു കാലത്തേക്കു കമന്റേ ഇടാതെ വഴിമാറി പൊയ്ക്കോളാം.

കിനാവ് said...

ഇരുന്നു, ഇരുന്നു എന്ന ശൈലി മനപൂര്‍വ്വമായിരുന്നെന്ന് മനസിലായി. പക്ഷേ ആ ഭാഷാ ശൈലി വായനയെ പൂ‍മ്പാറ്റയിലേക്കുകൊണ്ടു പോകുന്നതായി തോന്നി. നരേഷന്റെ ശൈലിക്കുവേണ്ടിയല്ലേ ഭാഷയെ ശൈലീകരിച്ചത്?

തേഡ് പേഴ്സണ്‍ നരേഷന്‍ ഉപയോഗിച്ച് തന്നെ, വാചകങ്ങളുടെ വിശദീകരണത ഒന്ന് കുറച്ച്, ചെറിയ പാരഗ്രാഫുകളാക്കി ഈ കഥയെ ഒന്നുകൂടി ഒതുക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതാണ് വായനക്കു സുഖമെന്ന് എന്റെ പക്ഷം. എന്നാ പിന്നെ നീ വന്ന് എഴുതെടാ എന്നല്ലേ, അതങ്ങ് പള്ളീ ചെന്ന് പറഞ്ഞാ മതി...

കിനാവ് said...

ഞാന്‍ വഴിമാറി പോവൂലല്ല്...

വേണു venu said...

സിമിയുടെ രചനാ രീതി ഇഷ്ടമായി. കഥ പറച്ചിലില്‍ ഒരു പുതുമ. അവസാന ‍ പാരഗ്രാഫിനു മുന്നിലെ പാരഗ്രാഫില്‍ ആ വിശദീകരണം അധികമായതു പോലെ തോന്നി.
ഒരു പക്ഷേ എനിക്കു തോന്നിയതാകാം.:)

വെള്ളെഴുത്ത് said...

അന്യാപദേശങ്ങള്‍ക്ക് ചില തകരാറുകളുണ്ട്. ആശയത്തെക്കുറിച്ച് വല്ലാതെ വാചാലമാകും. വിശദാംശങ്ങളില്‍ ശ്രദ്ധിച്ചതു കൊണ്ടാണ് എനിക്കീ കഥ ഇഷ്ടമായത്.

Jayarajan said...

"ചില ഇരകള്‍ അങ്ങനെയാണ്, വേട്ടയാടപ്പെടാനുള്ള കൊതി അവയുടെ ജനിതകഘടനയിലെവിടെയോ മറഞ്ഞിരിക്കും. വേട്ടക്കാരനെക്കാണുമ്പോള്‍ കാമം പോലെ അവ സ്വന്തം മരണത്തെ തെടിയെത്തും." vow!

Google